2019, നവംബർ 10, ഞായറാഴ്‌ച

8.24 മത്സ്യാവതാരം.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 24
(മത്സ്യാവതാരം.)




പരീക്ഷിത്തുമഹാരാജാവു് പറഞ്ഞു: ഭഗവൻ!, അത്ഭുതകർമ്മണനായ ശ്രീഹരിയുടെ മത്സ്യരൂപമായ ആദ്യാവതാരത്തെക്കുറിച്ചറിയുവാൻ അടിയനാഗ്രഹിക്കുകയാണു. പരമാത്മാവു് എന്തിനായിരുന്നു കർമ്മഗ്രസ്ഥനെപ്പോലെ ജുഗുപ്സാവഹമായ മത്സ്യരൂപത്തെപൂണ്ടവതരിച്ചതു?. ബ്രഹ്മർഷേ!, എല്ലാം ഉള്ളതുപോലെ ഞങ്ങളെ പറഞ്ഞുകേൾപ്പിച്ചാലും!. എന്തെന്നാൽ, ആ ഉത്തമശ്ലോകന്റെ ചരിതം സർവ്വർക്കും ആനന്ദം പ്രദാനം ചെയ്യുന്ന ഒന്നാണു.

സൂതൻ ശൌനകാദികളോടു് പറഞ്ഞു: മഹാത്മാക്കളേ!, ഇങ്ങനെ പരീക്ഷിത്തുമഹാരാജാവു് ചോദിച്ചപ്പോൾ ഭഗവാൻ ശുകബ്രഹ്മമഹർഷി ശ്രീഹരിയുടെ മത്സ്യാവതാരചരിതം അവരെ പറഞ്ഞുകേൾപ്പിച്ചു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, വിഷ്ണുഭഗവാൻ ബ്രാഹ്മണരുടേയും പശുക്കളുടേയും ദേവന്മാരുടേയും ഭക്തന്മാരുടേയും ക്ഷേമത്തിനായി വിവിധ അവതാരങ്ങളെ സ്വീകരിക്കുന്നതുപോലെതന്നെ, വേദങ്ങളുടേയും ധർമ്മാർത്ഥങ്ങളുടേയും രക്ഷയ്ക്കുവേണ്ടിമാത്രമായും നാനാവിധരൂപങ്ങളോടെ അവതരിക്കാറുണ്ടു. വിവിധാകൃതികളിലുള്ള ഭൂതങ്ങളിൽ വർത്തിക്കുന്നുവെങ്കിലും ഭഗവാൻ വായുവിനെപ്പോലെ സർവ്വത്രഗതനും ഗുണാതീതനുമാണു. ആയതിനാൽ ചെറുപ്പവലിപ്പങ്ങൾ അവനെ ഒരുതരത്തിലും ബാധിക്കുന്നില്ല. രാജൻ!, കഴിഞ്ഞ കല്പത്തിനൊടുവിൽ ബ്രഹ്മദേവൻ നിദ്രയിലാണ്ടുപോയപ്പോൾ ഇവിടെ അവാന്തരപ്രളയം സംഭവിച്ചു. ആ സമയം ഭൂമി മുതലായ ലോകങ്ങൾ സമുദ്രത്തിലാണ്ടുപോയി. ബ്രഹ്മദേവൻ നിദ്രയിലാണ്ടതോടെ വേദങ്ങൾ അദ്ദേഹത്തിന്റെ മുഖത്തുനിന്നും ബഹിർഗമിക്കുകയും അതിനെ ഹയഗ്രീവൻ എന്ന ഒരസുരൻ മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്തു. ആ സമയത്താണു് ഭഗവാൻ മഹാവിഷ്ണു മത്സ്യരൂപത്തെ ധരിച്ചതു. രാജൻ!, അക്കാലത്തു് സത്യവ്രതൻ എന്ന ഒരു രാജർഷി ജീവിച്ചിരുന്നു. ഭഗവദ്ഭക്തനായ അദ്ദേഹം ജലപാനം മാത്രം ചെയ്തുകൊണ്ടു് ആ സമയം തപസ്സനുഷ്ഠിക്കുകയായിരുന്നു. ഇപ്പോഴുള്ള കല്പത്തിൽ സത്യവ്രതന്നെന്ന ഈ രാജർഷി വിവസ്വാന്റെ പുത്രനായ ശ്രാദ്ധദേവൻ എന്ന നാമത്തിൽ വിഖ്യാതനാണു. ഭഗവദ്കാരുണ്യത്താൽ അദ്ദേഹം മനുവായി പ്രതിഷ്ഠിക്കപ്പെട്ടു.

രാജാവേ!, ഒരിക്കൽ സത്യവ്രതൻ കൃതമാല എന്ന നദിയിൽ ജലതർപ്പണം ചെയ്തുകൊണ്ടിരിക്കെ അദ്ദേഹം തന്റെ കൈക്കുമ്പിളിൽ കോരിയെടുത്ത ജലത്തിൽ ഒരു ചെറുമത്സ്യം വന്നകപ്പെട്ടു. കാരുണ്യവാനായ സത്യവ്രതൻ അതിനെ ആ ജലത്തോടൊപ്പംതന്നെ നദിയിലേക്കു് വിട്ടയച്ചു. എന്നാൽ, ആ മത്സ്യം അദ്ദേഹത്തോടു് ചോദിച്ചു: അല്ലയോ ദീനാനുകമ്പനായ രാജാവേ!, സ്വവർഗ്ഗത്തിൽപ്പെട്ട ജന്തുക്കളെ കൊന്നുതിന്നുന്ന ജലജീവികളുള്ള നദിയാണിതു. അവയെ ഭയന്നുള്ള മരണപാച്ചിലിനിടയിലാണു് ഞാൻ അങ്ങയുടെ കൈക്കുടന്നയിൽ വന്നുപെട്ടതു. എന്നെ എന്തിനാണു് അങ്ങു് വീണ്ടും ഇതിലേലേക്കുതന്നെ നിഷ്കരുണം തള്ളിവിടുന്നതു?.

ശ്രീശുകൻ തുടർന്നു: രാജാവേ!, മത്സ്യരൂപത്തിൽ വന്നിരിക്കുന്ന ശ്രീഹരിയെ തിരിച്ചറിയാൻ കഴിയാതെ സത്യവ്രതൻ ആ ചെറുമീനിനെ രക്ഷിക്കാൻ തീരുമാനിച്ചു. കാരുണ്യത്തോടെ അദ്ദേഹം ആ മത്സ്യത്തെ ഒരു കമണ്ഡലുവിൽ പിടിച്ചിട്ടു് തന്റെ ആശ്രമത്തിലേക്കു് കൊണ്ടുവന്നു. രാജാവേ!, ഒരു രാത്രികൊണ്ടു് ആ മത്സ്യം വളർന്നുവലുതാകുകയും, അതിനു് ആ കമണ്ഡലുവിൽ കിടക്കാൻ സാധിക്കാതെയും വന്നപ്പോൾ അതു് രാജാവിനോടു് പറഞ്ഞു: രാജൻ!, എനിക്കീ കമണ്ഡലുവിൽ കിടക്കുവാൻ സാധിക്കുന്നില്ല. ആയതുകൊണ്ടു് സ്വൈര്യമായി വസിക്കുവാനുള്ള ഒരിടം തന്നാലും. അദ്ദേഹം പെട്ടെന്നു് അതിനെയെടുത്തു് ജലം നിറഞ്ഞ ഒരു സ്ഫടികതൊട്ടിയിലിട്ടു. മുഹൂർത്തനേരത്തിൽ അതിനു് വീണ്ടും മൂന്നുമുഴം നീളം കൂടി. അവൾ പറഞ്ഞു: രാജൻ!, ഞാൻ അങ്ങയെ ശരണം പ്രാപിച്ചവളാണു. എനിക്കിവിടെയും സുഖമായി കിടക്കുവാൻ സാധിക്കുന്നില്ല. ദയവായി അല്പംകൂടി വലിപ്പമുള്ള ഒരിടം കണ്ടെത്തിത്തന്നാലും.

അല്ലയോ പരീക്ഷിത്തുരാജൻ!, അപ്പോൾ സത്യവ്രതരാജാവു് ആ മത്സ്യത്തെയെടുത്തു് ഒരു തടാകത്തിലിട്ടു. അവിടെയും അതിനു് കഴിയാൻ പറ്റാതെ ശരീരം വളർന്നുവികസിച്ചുകൊണ്ടിരിന്നു. അവൾ പറഞ്ഞു: രാജാവേ!, ജലജന്തുവായ എനിക്കിവിടെയും സുഖമായി ജീവിക്കുവാൻ കഴിയുന്നില്ല. ആയതിനാൽ ഒരിക്കലും ജലം വാർന്നുപോകാത്തതായ ഒരു കയത്തിൽ എന്നെ രക്ഷയോടെ കൊണ്ടുവിട്ടാലും. പരീക്ഷിത്തുരാജൻ!, ഒട്ടേറെ ജലാശയത്തിലിട്ടുനോക്കിയെങ്കിലും അവയിലൊക്കെ ഇരുകരയും തട്ടി ചലിക്കാൻ സാധിക്കാതെ കിടക്കുന്ന ആ മഹാമത്സ്യത്തെ സത്യവ്രതരാജാവു് ഒടുവിൽ സമുദ്രത്തിൽത്തന്നെ കൊണ്ടുചെന്നാക്കി. ആ സമയം, മത്സ്യം രാജാവിനോടു് പറഞ്ഞു: ഹേ രാജൻ!, ഇതിൽ കരുത്തുറ്റ മുതലകളും മറ്റുമുണ്ടു. അവയെന്നെ ഇപ്പോൾത്തന്നെ തിന്നുകളയും. അതുകൊണ്ടു് ദയവായി അങ്ങെന്നെ ഇതിൽ ഉപേക്ഷിച്ചുപോകരുതു.

ശ്രീശുകൻ തുടർന്നു: ഹേ രാജൻ!, ഇങ്ങനെ ആ മായാമത്സ്യത്താൽ മോഹിതനായ സത്യവ്രതൻ ഒടുവിൽ അതിനോടു് ചോദിച്ചു: മത്സ്യാകൃതിപൂണ്ടു് നമ്മെ ഈവിധം മോഹിപ്പിക്കുന്ന അങ്ങാരാണു?. ഒരുദിവസംകൊണ്ടു് ഇത്രയധികം വളർന്നിട്ടുള്ള ഒരു ജലജീവിയെക്കുറിച്ചു് നാളിതുവരേയ്ക്കും ഞങ്ങൾ കേട്ടിട്ടില്ല. അങ്ങനെയൊന്നിനെ കണ്ടിട്ടുമില്ല. തീർച്ചയായും അങ്ങുന്നു് സാക്ഷാത് നാരായണൻ തന്നായാകണം. ഭഗവാൻ ശ്രീഹരി ഭൂതങ്ങൾക്കു് അനുഗ്രഹമേകുവാനായി മത്സ്യരൂപത്തെ ധരിച്ചുവന്നിരിക്കുന്നതാവാം. സൃഷ്ടിസ്ഥിത്യന്തങ്ങളുടെ നിയന്താവായ അല്ലയോ പുരുഷോത്തമാ!, അങ്ങേയ്ക്കു് നമസ്ക്കാരം. ശരാണാഗതരായ ഞങ്ങൾക്കു് അവിടുന്നു് മാത്രമാണു് ഏകാശ്രയം. ഭഗവാനേ!, അങ്ങു് കൈക്കൊള്ളുന്ന സകല അവതാരങ്ങളും ഭൂതങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണു. പ്രഭോ!, മത്സ്യരൂപത്തിൽ അങ്ങിപ്പോൾ വന്നിരിക്കുന്നതു് എന്തിനാണെന്നറിയുവാൻ അടിയനാഗ്രഹിക്കുന്നു. അല്ലയോ ശ്രീഹരേ!, അവിടുത്തെ തൃപ്പാദകമലങ്ങളെ ആശ്രയിക്കുന്നതു്, സംസാരികളെ ആശ്രയിക്കുന്നതുപോലെ ഒരിക്കലും വിഫലമാകുകയില്ല. അങ്ങനെയുള്ള അവിടുത്തെ ഈ ശരീരം കണ്ടതിൽ ഞാനാന്ദിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇങ്ങനെ ഭഗവാനെ സ്തുതിച്ചുകൊണ്ടുനിൽക്കുന്ന സത്യവ്രതനോടു് മത്സ്യശരീരിയായ ജഗത്പതി പ്രളയസമുദ്രത്തിൽ വിഹരിക്കുവാനുള്ള ഇച്ഛയോടും ഭക്തവാത്സല്യത്തോടും കൂടി ഇപ്രകാരം പറഞ്ഞു: അല്ലയോ അരിന്ദമാ!, ഇന്നേയ്ക്കു് ഏഴാം ദിവസം മൂലോകങ്ങളും പ്രളയജലത്തിൽ മുങ്ങിപ്പോകും. സർവ്വം ആ പ്രളയസമുദ്രത്തിൽ ലയിച്ചുകൊണ്ടിരിക്കെ, എന്നാൽ അയയ്ക്കപ്പെടുന്ന വിശാലമായ ഒരു വഞ്ചി അങ്ങയെ സമീപിക്കുന്നതാണു. ആ സമയം, സകല ഔഷധികളേയും വിത്തുകളേയും ആ വഞ്ചിയിലേറ്റിയിട്ടു്, സപ്തർഷികളോടും മറ്റു് സകലജീവാത്മാക്കളോടുമൊപ്പം അങ്ങു് അതിൽ കയറുക. പ്രളസമുദ്രമാകുന്ന ആ പെരുംകടലിൽ കൂരിരിട്ടത്തു് ഋഷിമാരുടെ ദിവ്യപ്രകാശത്തിന്റെ സഹായത്താൽ അങ്ങു് സന്തോഷത്തോടെ അതിൽ യാത്രചെയ്യുക. ആ വഞ്ചി കൊടുംകാറ്റിൽ ആടിയുലയാൻ തുടങ്ങുന്ന സമയം ഇതേരൂപത്തിൽ ഞാൻ അങ്ങയെ സമീപിക്കുന്നതാണു. പെട്ടെന്നു് അങ്ങു് ആ തോണിയെ വാസുകിയെക്കൊണ്ടു് എന്റെ കൊമ്പിന്മേൽ മുറുകെ കെട്ടുക. ബ്രഹ്മദേവന്റെ രാത്രിയവസാനിക്കുന്നതുവരെ ഞാൻ നിങ്ങളേയും വഹിച്ചുകൊണ്ടു് ആ പ്രളയസമുദ്രത്തിലൂടെ യാത്രചെയ്യും. ആ സമയം, പരബ്രഹ്മം എന്നു പറയപ്പെടുന്ന എന്റെ മാഹാത്മ്യത്തെക്കുറിച്ചു് അങ്ങു് ചോദിക്കുന്നതിനെല്ലാം വേണ്ടവിധം ഉത്തരം പറഞ്ഞു് അങ്ങയുടെ സംശയത്തെ പൂർണ്ണമായും നിവാരണം ചെയ്യുന്നതുവഴി ആ സത്യത്തെ അങ്ങു് സ്വഹൃദത്തിൽ ദൃഢമായി അനുഭവിച്ചറിയുകയും ചെയ്യും.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇത്രയും പറഞ്ഞുകൊണ്ടു് ഭഗവാൻ അവിടെനിന്നും മറഞ്ഞരുളി. സത്യവ്രതനാകട്ടെ, ഭഗവാൻ കല്പിച്ചരുളിയിരുന്ന ആ സമയവും കാത്തുകഴിയുകയും ചെയ്തു. അദ്ദേഹം കിഴക്കുദിക്കിലേക്കു് ശീർഷഭാഗം വിരിച്ച ദർഭപ്പുല്ലിൽ കിഴക്കുവടക്കുദിശയിലേക്കു് മുഖംതിരിച്ചിരുന്നുകൊണ്ടു്, മത്സ്യരൂപിയായ ഹരിയെ ധ്യാനിക്കുവാൻ തുടങ്ങി.

ഒടുവിൽ ഏഴാം ദിവസം വന്നുചേർന്നു. സമുദ്രം കരകവിഞ്ഞൊഴുകാൻ തുടങ്ങി. മേഘം ക്ഷോഭത്തോടെ പെരുമഴയെ കോരിച്ചൊരിഞ്ഞു. ഭൂമി മുഴുവനായും വെള്ളത്തിലാണ്ടുപോകാൻ തുടങ്ങി. ഭഗവാന്റെ ആദേശത്തെ സ്മരിച്ചുകൊണ്ടിരുന്ന സത്യവ്രതൻ പെട്ടെന്നവിടെ ആ തോണി വന്നണയുന്നതു് കണ്ടു. ഒട്ടും സമയം കളയാതെ അദ്ദേഹം സർവ്വൌഷധികളും വിത്തുകളും മറ്റുമെടുത്തു് സപ്തർഷികളോടൊപ്പം ഭഗവാൻ പറഞ്ഞ പ്രകാരം വല്ലവിധേനയും ആ തോണിയിലേറി. പ്രീതരായ സപ്തർഷികൾ രാജാവിനോടു് പറഞ്ഞു: രാജൻ!, കേശവനെ ധ്യാനിച്ചുകൊള്ളുക. അവിടുന്നു് എത്രയും പെട്ടെന്നു് നമ്മെ ഈ സങ്കടത്തിൽനിന്നും രക്ഷിച്ചു് സുഖത്തെ പ്രദാനം ചെയ്തുകൊള്ളും. അല്ലയോ പരീക്ഷിത്തുരാജൻ!, പെട്ടെന്നുതന്നെ ശ്രീഹരി നൂറായിരം യോജന വലിപ്പമുള്ളതും, ഒറ്റക്കൊമ്പുള്ളതും, സ്വർണ്ണവർണ്ണമായതുമായ ഒരു മത്സ്യമായിട്ടു് ആ മഹാസമുദ്രത്തിൽ പ്രത്യക്ഷപ്പെട്ടു. ഭഗവാൻ അരുളിച്ചെയ്തതനുസരിച്ചു് സത്യവ്രതൻ ആ തോണിയെ വാസുകിയെക്കൊണ്ടു് ഭഗവാന്റെ കൊമ്പിൽ മുറുകെ കെട്ടിയുറപ്പിച്ചു. തുടർന്നു്, സന്തുഷ്ടനായ രാജാവു് ഭഗവാനെ ഇപ്രകരം സ്തുതിച്ചു.

സത്യവ്രതന്റെ സ്തുതി: ഭഗവാനേ!, ജീവഭൂതങ്ങളുടെ ആത്മജ്ഞാനം അനാദിയായ അജ്ഞാനത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുകയാണു. അതുമൂലം അവർ പ്രാപഞ്ചികദുഃഖത്തിൽ നിത്യനിരന്തരമായി കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അങ്ങനെയുള്ളവർക്കു് അനുഗ്രഹമേകി അവരെ ഈ സംസാരത്തിൽനിന്നും കൈപിടിച്ചുയർത്തുന്ന നിന്തിരുവടി ഞങ്ങളുടെയെല്ലാം പരമഗുരുവാകുന്നു. അജ്ഞാനികളായ ഈ ജീവന്മാർ തങ്ങളുടെ കർമ്മബന്ധങ്ങളാൽ ഈ സംസാരത്തിൽ കുടുങ്ങിക്കിടന്നുകൊണ്ടു് സുഖത്തെ അഭിലഷിച്ചു് വീണ്ടും കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. എങ്കിലും, ഫലം ദുഃഖം മാത്രമാണുതാനും. എന്നാൽ, യാതൊരുവൻ നിന്തിരുവടിയെ സേവിച്ചുകൊണ്ടു് ആ മിഥ്യാഭിലാഷത്തെ പരിത്യജിക്കുന്നുവോ, അവന്റെ അജ്ഞാനമാകുന്ന ആ ഹൃദയഗ്രന്ഥിയെ നിമിഷാർദ്ധത്തിൽ അവിടുന്നു് അറുത്തെറിയുന്നു. ആയതിനാൽ അവിടുന്നുതന്നെയാണു് ഞങ്ങൾക്കെല്ലാം ഗുരുവായതു. അഗ്നിയുടെ സ്പർശനത്താൽ സ്വർണ്ണത്തിന്റേയും വെള്ളിയുടേയും മറ്റും അഴുക്കുകൾ ഇല്ലാതാകുന്നതുപോലെ, നിന്തിരുവടിയുടെ പാദസേവയാൽ ജീവന്റെ അജ്ഞാനം ഇല്ലാതാകുന്നു. അവ്യയനും ഗുരുക്കന്മാക്കു് ഗുരുവുമായ അങ്ങു് ഞങ്ങൾക്കും ഗുരുവായി ഭവിക്കേണമേ!. ഈ ലോകത്തിലെ ദേവന്മാരും, ഗുരുക്കന്മാരും, മറ്റുള്ള ജനങ്ങളും ഒന്നിച്ചുചേർന്നാൽ‌പോലും, അങ്ങു് നൽകുന്ന അനുഗ്രത്തിന്റെ അംശാംശത്തിന്റെ ഒരംശംപോലും അവർക്കു് സ്വയം നൽകാൻ സാധിക്കുകയില്ല. അങ്ങനെയുള്ള പരമഗുരുവിനെ ഞാനിതാ പ്രണമിക്കുന്നു. അന്ധനു് അന്ധൻ വശികാട്ടിയാകുന്നതുപോലെയാണു് അറിവില്ലാത്തവർ അജ്ഞാനികൾക്കു് ഗുരുവായി ഭവിക്കുന്നതു. എന്നാൽ, അങ്ങാകട്ടെ, അർക്കനെപ്പോലെ സ്വയം പ്രകാശിതനും സർവ്വേന്ദ്രിയങ്ങൾക്കും സമീക്ഷണനുമായി വർത്തിക്കുന്നു. ആയതിനാൽ അങ്ങയെ ഞങ്ങൾ ഗുരുവായി സ്വീകരിച്ചിരിക്കുന്നു. അജ്ഞാനികൾക്കു് ഒരിക്കലും മറ്റുള്ളവരെ സത്യം പറഞ്ഞറിയിക്കാൻ കഴിയുകയില്ല. അവർ എപ്പോഴും ജനങ്ങളെ ഘോരമായ അന്ധകാരത്തിലേക്കുതന്നെ കൊണ്ടെത്തിക്കുന്നു. എന്നാൽ, അവ്യയനായ അങ്ങയെ ആശ്രയിക്കുന്നതുവഴി ജനങ്ങൾ തീർച്ചയായും സ്വസ്വരൂപത്തെ മനസ്സിലാക്കുകതന്നെ ചെയ്യുന്നു. സർവ്വലോകങ്ങളുടേയും സുഹൃത്തായും നിയന്താവായും ഗുരുവായും അഭീഷ്ടസിദ്ധിയായും സ്വഹൃദയങ്ങളിൽ കുടിയരുളുന്ന അങ്ങയെ വിഷയകാമനകളിൽ സക്തരായ അന്ധമതികൾ അറിയുന്നില്ല. എന്നാൽ, ഞാനാകട്ടെ, ആത്മജ്ഞാ‍നത്തിനായി അഖിലേശ്വരനായ അങ്ങയെ മാത്രം ശരണം വരിച്ചിരിക്കുന്നു. അല്ലയോ സർവ്വജ്ഞനായ ഭഗവാനേ!, അവിടുത്തെ തിരുവായ്മൊഴികളാൽ അടിയന്റെയുള്ളിലെ അജ്ഞാനക്കുരുക്കകളെ അഴിച്ചരുളേണമേ!. എന്റെ സ്വരൂപത്തെ എനിക്കു് കാട്ടിത്തരേണമേ!.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ഇങ്ങനെ സ്തുതിച്ചുകൊണ്ടിരുന്ന സത്യവ്രതനായിക്കൊണ്ടു് പ്രളയസമുദ്രത്തിൽ നീന്തിക്കളിക്കുന്ന ആദിപുരുഷനും മത്സ്യരൂപിയുമായ ഭഗവാൻ ആത്മതത്വത്തെ ഉപദേശിച്ചു. ദേഹാത്മഭേദത്തെ വെളിവാക്കുന്ന സാംഖ്യയോഗത്തേയും, അതുപോലെ മറ്റു് പുരാണസംഹിതകളേയും മുൻ‌നിർത്തിയുള്ള ആദ്ധ്യാത്മരഹസ്യത്തെ ആ രാജർഷിയ്ക്കു് ഭഗവാൻ ഉപേദേശിച്ചരുളി. സത്യവ്രതൻ സപ്തർഷികൾക്കൊപ്പം തോണിയിലിരുന്നുകൊണ്ടുതന്നെ ഭഗവദ്പ്രോക്തമായ ആ തത്വസംഹിതകളെ സംശയം തീരുംവരെ കേട്ടുഗ്രഹിച്ചു. രാജൻ!, പിന്നീടു്, ഭഗവാൻ ശ്രീഹരി ഹയഗ്രീവനെ വധിച്ചു് വേദങ്ങളെ വീണ്ടെടുത്തു് പ്രളയാവസാനത്തിൽ നിദ്രയിൽനിന്നുണർന്ന ബ്രഹ്മദേവനു് കൊടുത്തു. സത്യവ്രതൻ ഭഗവാനിൽനിന്നും ജ്ഞാനവിജ്ഞാനങ്ങൾ നേടി ജ്ഞാനിയായി ഭഗവദനുഗ്രഹത്താൽ ഈ കല്പത്തിൽ വൈവസ്വതമനുവായി അവരോധിക്കപ്പെടുകയും ചെയ്തു.

അല്ലയോ പരീക്ഷിത്തുരാജൻ!, സത്യവ്രതനെന്ന രാജർഷിയും മത്സ്യാവതാരം പൂണ്ട ശ്രീമഹാവിഷ്ണുവും തമ്മിലുള്ള ഈ സംവാദത്തെ കേൾക്കുന്നവൻ സർവ്വപാപങ്ങളിൽനിന്നും മുക്തനാകുന്നു. ഇതിനെ യാതൊരുവനാണോ ദിനംതോറും കീർത്തിക്കുന്നതു്, അവന്റെ സകലസങ്കൽ‌പ്പങ്ങളും നിറവേറി മഹോന്നതമായ നിലയിലേക്കു് എത്തിച്ചേരുകയും ചെയ്യുന്നു. പ്രലയത്തിൽ നിദ്രയിലാണ്ടുപോയ ബ്രഹ്മദേവന്റെ മുഖത്തുനിന്നും ബഹിർഗമിച്ചവേദസഞ്ചയത്തെ കട്ടുകൊണ്ടുപോയ ഹയഗ്രീവനെന്ന ദൈത്യനെ നിഗ്രഹിച്ചു് അവയെ വീണ്ടെടുത്തു് ബ്രഹ്മദേവനു് നൽകിയവനും, അതുപോലെ, സപ്തർഷിമാർക്കും സത്യവ്രതരാജർഷിക്കും ആത്മതത്വത്തെ പ്രദാനം ചെയ്തവനുമായ പരമകാരണൻ, കപടമത്സ്യമൂർത്തിയ്ക്കു് എന്റെ നമസ്ക്കാരം!.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഇരുപത്തിനാലാമദ്ധ്യായം സമാപിച്ചു.
അഷ്ടമസ്കന്ധം സമാപിച്ചു.


ഓം തത് സത്.


Previous    Next






Lord Hari incarnates as Matsya, Retain Vedas from Hayagreeva after killing him

2019, നവംബർ 9, ശനിയാഴ്‌ച

8.23 മഹാബലി സുതലത്തിലേക്കു് പോകുന്നതും, ഇന്ദ്രനു് സ്വർഗ്ഗലോകം വീണ്ടുകിട്ടുന്നതും.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 23
(മഹാബലി സുതലത്തിലേക്കു് പോകുന്നതും, ഇന്ദ്രനു് സ്വർഗ്ഗലോകം വീണ്ടുകിട്ടുന്നതും.)


ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: രാജൻ!, ഭഗവാൻ വാമനമൂർത്തി ഇങ്ങനെ അരുളിച്ചെയ്തനേരം മഹാനുഭാവനായ മഹാബലി തൊഴുകൈയ്യോടെ, കണ്ണീർ നിറഞ്ഞുകലങ്ങിയ കണ്ണുകളോടെ, നിറഞ്ഞ ഭക്തിയോടെ, ഗദ്ഗദത്തോടെ ഇപ്രകാരം പറഞ്ഞു: ഭഗവാനേ!, അവിടുത്തെ പാദത്തിൽ നമസ്ക്കരിക്കുവാനുള്ള ഇച്ഛപോലും ഭക്തന്മാരുടെ സർവ്വാഭീഷ്ടവും സാധൂകരിക്കുന്നു. ഞാൻ ആ തൃപ്പാദത്തിൽ വീണുനമസക്കരിക്കുവാൻ തുടങ്ങിയപ്പോഴേക്കും ഇന്ദ്രാദി ദേവന്മാർക്കുപോലും നാളിതുവരെ ലഭിച്ചിട്ടില്ലാത്ത മഹൈശ്വര്യത്തെത്തന്നു് അങ്ങു് അധമനായ ഈയുള്ളവനെ അനുഗ്രഹിച്ചുകഴിഞ്ഞു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ടു് മഹാബലി ബന്ധനത്തിൽനിന്നും മുക്തനായി ഭഗവാനേയും മഹാദേവനോടൊപ്പം നിന്നരുളുന്ന ബ്രഹ്മദേവനേയും നമസ്ക്കരിച്ചതിനുശേഷം, പ്രീതനായി അസുരന്മാരോടൊപ്പം സുതലലോകത്തിലേക്കു് യാത്രയായി. അതോടൊപ്പം ദേവേന്ദ്രനു് സ്വർഗ്ഗത്തെ വീണ്ടുനൽകി ഭഗവാൻ അദിതിയുടെ ദുഃഖത്തേയും തീർത്തരുളി. കൂടെ സർവ്വലോകങ്ങളേയും കാത്തുരക്ഷിച്ചു. തന്റെ പൌത്രനായ മഹാബലിയെ മുക്തനാക്കിയതും വരപ്രസാദം നൽകിയനുഗ്രഹിച്ചതും കണ്ടു് സന്തോഷവാനായ പ്രഹ്ലാദൻ ഭക്തിയോടെ ഇങ്ങനെ പറഞ്ഞു: ഭഗവാനേ!, നിന്തിരുവടിയുടെ ഈ അനുഗ്രഹം ബ്രഹ്മദേവനോ ലക്ഷ്മീഭഗവതിക്കോ രുദ്രനോ പോലും സിദ്ധിച്ചിട്ടില്ല. സകലലോകവന്ദിതന്മാരാൽ‌പോലും വന്ദിക്കപ്പെടുന്ന അങ്ങു് അസുരന്മാരായ ഞങ്ങളുടെ രക്ഷകനായി ഭവിച്ചിരിക്കുന്നു. അല്ലയോ ഭഗവാനേ!, ബ്രഹ്മാദിദേവന്മാർക്കുപോലും ഐശ്വര്യസിദ്ധിയുണ്ടാകുന്നതു് അവർ സദാ അവിടുത്തെ പദകമലത്തെ ആശ്രയിക്കുന്നതുകൊണ്ടാണു. എന്നാൽ, എങ്ങനെയാണു് ദുർവൃത്തജാതികളായ ഞങ്ങൾ അസുരന്മാരിൽ അങ്ങയുടെ ഔദാര്യയുക്തമായ വീക്ഷണമുണ്ടായിരിക്കുന്നതു? ഭഗവാനേ!, ഈ പ്രപഞ്ചം അനിർവചനീയമായ അവിടുത്തെ മായയാൽ നിർമ്മിതമാണു. സർവ്വജ്ഞനും സർവ്വാന്തര്യാമിയും സമദർശിയുമായ അവിടുത്തെ ലീലകൾ അത്ഭുതകരമായിരിക്കുന്നു. ഒരു കല്പവൃക്ഷത്തെപ്പോലെ അങ്ങു് ഭക്തന്മാരിൽ പ്രീതിയോടുകൂടി വർത്തിക്കുന്നു.

ശ്രീഭഗവാൻ പറഞ്ഞു: കുഞ്ഞേ!, നിനക്കു് മംഗളം ഭവിക്കട്ടെ!. നീ‍ സുതലത്തിലേക്കു് പോകുക!. അവിടെ സ്വന്തം പൌത്രനോടൊത്തു് സന്തോഷത്തോടെ സർവ്വർക്കും സൌഖ്യമരുളുക. അവിടെ നീ എന്നും ഗദാപാണിയായ എന്നെ ദർശിക്കുകയും, ആ ദർശനത്താൽ കർമ്മബന്ധങ്ങളറ്റവനായി ഭവിക്കുകയും ചെയ്യും.

ശ്രീശുകൻ തുടർന്നു: രാജാവേ!, അസുരന്മാരുടെ അധിപതിയായ പ്രഹ്ലാദൻ ഭഗവാന്റെ ആജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ടു് തൊഴുകൈയ്യോടെ നാരായണസ്വാമിയെ പ്രദക്ഷിണം ചെയ്തുനമസ്ക്കരിച്ചു് മഹാബലിയോടൊപ്പം സുതലത്തിലെത്തിച്ചേർന്നു. അനന്തരം, സദസ്സിൽ ഋത്വിക്കുകൾക്കൊപ്പമിരിക്കുന്ന ശുക്രാചാര്യരോടു് ഭഗവാൻ പറഞ്ഞു: അല്ലയോ ബ്രാഹ്മണാ!, അങ്ങയുടെ ശിഷ്യൻ ബലിക്കു് യജ്ഞത്തിലുണ്ടായ കുറവുകളെ അങ്ങു് പരിഹരിച്ചാലും. ഗുരുക്കന്മാരുടെ ദർശനത്താൽത്തന്നെ ശിഷ്യന്മാരുടെ കർമ്മന്യൂനതകൾ അകന്നുപോകുന്നു.

ശുക്രാചാര്യർ പറഞ്ഞു: കർമ്മേശ്വരനും യജ്ഞേശ്വരനും യജ്ഞപുരുഷനുമായ നിന്തിരുവടി പൂജിതനായ ഈ യജ്ഞത്തിൽ ബലിയാലുണ്ടായ ഏതു് കുറവിനാണു് പ്രസക്തിയുള്ളതു?. മന്ത്രത്തിലോ തന്ത്രത്തിലോ ദേശകാലങ്ങളിലോ ഉണ്ടായേക്കാവുന്ന യാതൊരു കുറവുകളും അവിടുത്തെ നാമോച്ചാരണത്താൽ സാധൂകരിക്കപ്പെടുന്നു. ഭ്രൂമൻ!, എങ്കിലും അവിടുത്തെ കല്പനെ ചെയ്തുകൊള്ളാം. നിന്തിരുവടിയുടെ കല്പനകളെ നിറവേറ്റുക എന്നുള്ളതുമാത്രാണു് ജനങ്ങൾക്കിവിടെ ശ്രേയസ്ക്കരമായിട്ടുള്ളതു.

ശ്രീശുകൻ തുടർന്നു: രാജൻ!, വാമനദേവന്റെ ആദേശത്തെ അനുസരിച്ചു് ശുക്രാചാര്യൻ ബ്രാഹ്മണരോടും ഋഷികളോടുമൊത്തു് ബലിയുടെ യാഗത്തിലുണ്ടായ ന്യൂനതകളെ പരിഹരിച്ചു. ഇപ്രകാരം ഭഗവാൻ ശ്രീഹരി വാമനവേഷം ധരിച്ചു് മൂവടി ഭൂമി യാചിക്കുവാനെന്ന വ്യാജേന ബലിയുടെയടുക്കൽ ചെന്നു് ശത്രുക്കൾ തട്ടിയെടുത്ത സ്വർഗ്ഗലോകത്തെ ദേവേന്ദ്രനു് വീണ്ടുനൽകി. ബ്രഹ്മദേവനാകട്ടെ, ദേവന്മാർ, പിതൃക്കൾ, മനുക്കൾ, ദക്ഷൻ, ഭൃഗു, അംഗിരസ്സു്, സനകാദികൾ, മഹാദേവൻ എന്നിവരോടുകൂടി, കശ്യപാദിതിദമ്പതികളുടെ പ്രീതിക്കായും, സർവ്വഭൂതങ്ങളുടേയും ക്ഷേമത്തിനായും, സർവ്വലോകങ്ങളുടേയും അവയുടെ പാലകന്മാരുടേയും പാലകനായിട്ടു് വാമനദേവനെ വാഴിച്ചു. വേദങ്ങളുടേയും, ദേവന്മാരുടേയും, ധർമ്മത്തിന്റേയും, യശസ്സിന്റേയും, സമ്പത്തിന്റേയും, മംഗളങ്ങളുടേയും, വ്രതങ്ങളുടേയും, സ്വർഗ്ഗത്തിന്റേയും, മോക്ഷത്തിന്റേയും രക്ഷയ്ക്കായി വാമനമൂർത്തിയെ അവർ ഉപേന്ദ്രനായി വാഴിച്ചു. ആ സമയത്തു് സകലലോകർക്കും അത്യന്തം ആനന്ദമുളവായി. തുടർന്നു്, ബ്രഹ്മദേവനാൽ വാഴ്ത്തപ്പെട്ടു് ദേവേന്ദ്രൻ വാമനമൂർത്തിയെ ലോകപാലകന്മാർക്കൊപ്പം ദേവലോകത്തിലേക്കു് കൊണ്ടുപോയി. സ്വർഗ്ഗം കൈവന്നതിനുശേഷം, ഇന്ദ്രൻ ഉപേന്ദ്രനായ വാമനമൂർത്തിയുടെ ബലത്താൽ സർവ്വൈശ്വര്യങ്ങളേയും അനുഭവിച്ചുകൊണ്ടു് അവിടെ നിർഭയം വാണു.

അല്ലയോ പരീക്ഷിത്തുരാജാവേ!, ബ്രഹ്മദേവനും രുദ്രനും സനത്കുമാരന്മാരും ഭൃഗു തുടങ്ങിയ മുനിമാരും പിതൃക്കളും സിദ്ധന്മാരും സർവ്വഭൂതങ്ങളും വിഷ്ണുഭഗവാന്റെ മഹിമയെ വാഴ്ത്തിസ്തുതിച്ചു. തുടർന്നു്, അദിതിയേയും ആശീർവദിച്ചുകൊണ്ടു് അവരെല്ലാം സ്വസ്ഥാനങ്ങളിലേക്കു് മടങ്ങി. അല്ലയോ രാജൻ!, ശ്രവണമാത്രയിൽ ശ്രോതാക്കളുടെ സർവ്വപാപവും തീർക്കുന്ന വാമനമൂർത്തിയുടെ അവതാരകഥയെ ഇങ്ങനെ അങ്ങേയ്ക്കുവേണ്ടി ഞാൻ പറഞ്ഞുകഴിഞ്ഞു. ഭഗവദ്‌ലീലകളുടെ അറ്റമറിഞ്ഞിരിക്കുന്നവൻ തീർച്ചയായും ഭൂമിയിലെ മൺ‌തരികളെ എണ്ണിത്തിട്ടപ്പെടുത്തിയവനായിരിക്കും. പിറന്നവനോ, അഥവാ ഇനി പിറക്കാനിരിക്കുന്നവനോ ആയ യാതൊരുവനും നിസ്സീമമായ ഭഗവദ്മഹികളുടെ അറ്റം കണ്ടുപിടിക്കാനാകുമോ? എന്നിങ്ങനെ വസിഷ്ഠമഹർഷി ഒരിക്കൽ അത്യാശ്ചര്യത്തോടെ ചോദിക്കുകയുണ്ടായി. ദേവദേവനായ ശ്രീമഹാവിഷ്ണുവിന്റെ ഈ പറഞ്ഞ വാമനാവതാരകഥയെ കേൾക്കുന്നവൻ സത്ഗതിയെ പ്രാപിക്കുന്നതാണു. ദേവപ്രീത്യർത്ഥമോ, പിതൃപ്രീത്യർത്ഥമോ, മനുഷ്യപ്രീത്യർത്ഥമോ, കർമ്മം ഏതുമാകട്ടെ, അതിൽ വാമനചരിതത്തിന്റെ അനുകീർത്തനം ആ കർമ്മങ്ങളെ സുകൃതമാക്കിത്തീർക്കുന്നുവെന്നു് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഇരുപത്തിമൂന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.


Previous    Next






Mahabali goes to Suthala and Indra goes to Heaven

8.22 മഹാബലിയ്ക്കു് ഭഗവാൻ വരം പ്രദാനം ചെയ്യുന്നു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 22
(മഹാബലിയ്ക്കു് ഭഗവാൻ വരം പ്രദാനം ചെയ്യുന്നു.)


ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: അല്ലയോ രാജാവേ!, ഭഗവദ്ലീലയാൽ വഞ്ചിതനായെന്നുതോന്നിയെങ്കിലും മഹാബലിചക്രവർത്തി തന്റെ മനസ്സിനെ നിയന്ത്രണത്തിൽത്തന്നെ വച്ചു. ഭഗവാന്റെ മുന്നിൽ വാക്കിനെ പാലിക്കാൻ കഴിഞ്ഞില്ലെന്ന വ്യാകുലതയോടെയെങ്കിലും, അത്യന്തം ധീരതയോടെതന്നെ അദ്ദേഹം പറഞ്ഞു: ഹേ ഉത്തമശ്ലോകനായ ഭഗവാനേ!, എന്റെ വാക്കു് അസത്യമായിത്തീർന്നുവെന്നാണു് അങ്ങു് കരുതുന്നതെങ്കിൽ, ആയതിനെ ഞാൻ സത്യമാക്കിത്തന്നെ തീർക്കുന്നുണ്ടു. അതിനായി അവിടുത്തെ പാദം എന്റെ ശിരസ്സിൽ വച്ചുകൊണ്ടാലും!. കാരണം, ഞാൻ അപകീർത്തിയെ ഭയക്കുന്നതുപോലെ, നരകത്തെപ്പോലും ഭയക്കുന്നില്ല. സ്ഥാനഭ്രഷ്ടനായതിലോ, വരുണപാശത്താൽ ബന്ധിക്കപ്പെട്ടതിലോ, ധനം നഷ്ടമായതിലോ, അങ്ങയാൽ തടങ്ങലിലാക്കപ്പെടുന്നതിലോ, ഇനി ഇതിലധികമാമറ്റുവിപത്തുകളിലോ ഒന്നും ഒരുവിധത്തിലും ഞാൻ ഭയക്കുന്നില്ല. ഞാൻ എന്തിനെയെങ്കിലും ഭയക്കുന്നുണ്ടെങ്കിൽ, അതു് അസത്യവചനത്താലുണ്ടാകുന്ന ദുഷ്കീർത്തിയെ മാത്രമാണു.

മാതാപിതാക്കളും സഹോദരങ്ങളുമൊക്കെ ഉടയവരെ പലവിധത്തിലും ശിക്ഷിക്കാറുണ്ടെങ്കിലും, അവർക്കൊരിക്കലും ഹിതൈഷികളെപ്പോലെ ഇങ്ങനെ ദണ്ഡിയ്ക്കുവാൻ കഴിയുകയില്ല. എന്നാൽ, ഇങ്ങനെയുള്ള ഈ ദണ്ഡനം ജീവരാശികൾക്കെല്ലാം ശ്ലാഘനീയമാണന്നേ ഞാൻ കരുതുന്നുള്ളൂ. പലതരം അഹങ്കാരങ്ങൾക്കധീനരായ ഞങ്ങൾക്കു് വിവേകപരമായി ചിന്തിക്കുവാനുള്ള ഉൾക്കണ്ണിനെ പ്രദാനം ചെയ്ത അങ്ങു് സത്യത്തിൽ ശത്രുഭാവത്തിൽ ഞങ്ങളെ രക്ഷിക്കുവന്നനെത്തിയ ഉപദേഷ്ടാവുതന്നെയാണു. അത്ഭുതം തന്നെ!. എത്രയോ അസുരന്മാർ അങ്ങയിൽ ശത്രുത്വം കൊണ്ടു് പരമമായ സിദ്ധിയെ പ്രാപിച്ചിരിക്കുന്നു?. അത്ഭുതകർമ്മിയായും മഹിമാശാലിയുമായ അങ്ങയാൽ പിടിച്ചടയ്ക്കപ്പെട്ടവനും ബന്ധിക്കപ്പെട്ടവനുമായതിൽ എനിക്കൊരുവിധത്തിലും ലജ്ജിക്കേണ്ട ആവശ്യമില്ല. ഞാനിതിൽ പരിതപിക്കുന്നുമില്ല. എന്റെ മുത്തച്ഛനായ പ്രഹ്ലാദൻ അങ്ങയുടെ ഭക്തന്മാർക്കിടയിൽ ഏറ്റവും ആദരിക്കപ്പെടുന്നവനാണു. അദ്ദേഹത്തിന്റെ ഖ്യാതി വിശ്വം മുഴുവൻ വ്യാപിച്ചിട്ടുള്ളതുമാണു. അങ്ങയെ പരമാശ്രയമാക്കിയ അദ്ദേഹത്തെ സ്വന്തം പിതാവും അങ്ങയുടെ ശത്രുവുമായിരുന്ന ഹിരണ്യകശിപു പലതരത്തിൽ ചിത്രവധം ചെയ്തിട്ടുള്ളതാണു.

ഒരിക്കൽ മരണപ്പെട്ടുപോകുന്ന ഈ ശരീരം കൊണ്ടോ, പരമ്പരാഗതസ്വത്തിനുവേണ്ടി അടിപിടികൂടി ധനം അപരഹരിച്ചുകൊണ്ടുപോകുന്ന മക്കളേയും ബന്ധുക്കളേയും കൊണ്ടോ, മമതയെ ഉണ്ടാക്കി ജീവനെ സംസാരത്തിൽ പെട്ടുപോകുവാൻ കാരണമാകുന്ന ഭാര്യയെക്കൊണ്ടോ, മരണത്തിൽ ഉപേക്ഷിക്കേണ്ടിവരുന്ന ഈ ഗൃഹാദികളെക്കൊണ്ടോ എന്താണു് പ്രയോജനമുള്ളതു?. ഇവയോടുള്ള സംബന്ധമെന്നതു് സത്യത്തിൽ ആയുസ്സിന്റെ ദുർവ്യയം മാത്രമാകുന്നു. ഇങ്ങനെയുള്ള ആത്മവിചാരത്താൽ എന്റെ മുത്തച്ഛൻ ജനങ്ങളുമായുള്ള സമ്പർക്കത്തിൽനിന്നും ഒഴിഞ്ഞുനിന്നു. മാത്രമല്ല, സ്വന്തം കുലത്തെ ഇല്ലാതാക്കുന്നവനാണെന്നറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹം ഭയാന്തകവും അനശ്വരവുമായ അങ്ങയുടെ പദമലരിണയെ ശരണം പ്രാപിച്ചിരുന്നുവല്ലോ!. ഇപ്പോഴിതാ ഞാനും, ബലാത്കാരേണയാണെങ്കിൽ‌പോലും, സകല ഐശ്വര്യങ്ങളും അടിയറവച്ചു് അങ്ങേയ്ക്കുമുന്നിൽ കീഴടങ്ങിയിരിക്കുന്നു. ഐശ്വര്യങ്ങളിൽ മതിമറന്ന ഞാൻ ഈ ജീവിതത്തിന്റെ അനിത്യതയെക്കുറിച്ചു് ബോധവാനായിരുന്നില്ല.

ശ്രീശുകൻ പറഞ്ഞു: അല്ലയോ കുരുശ്രേഷ്ഠാ!, മഹാബലി ഇപ്രകാരം പറഞ്ഞുകൊണ്ടിരിക്കുന്ന ആ സമയം, ഭഗവദ്വാത്സല്യം ഏറെയനുഭവിക്കുന്ന പ്രഹ്ലാദൻ ഒരു പൂർണ്ണചന്ദ്രന്റെ പ്രകാശമഹിമയോടുകൂടി അവിടേയ്ക്കു് കടന്നുവന്നു. മഹാബലി സർവ്വൈശ്വര്യവാനായ തന്റെ മുത്തച്ഛനെ കൺകുളിർക്കെ കണ്ടു. വരുണപാശത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്ന മഹാബലിയ്ക്കു് പതിവുപോലെ അർഘ്യപാദ്യാദികളാൽ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ കഴിയാഞ്ഞതുകൊണ്ടു് നിറകണ്ണുകളോടെ ശിരസ്സുനമിച്ചുകൊണ്ടുമാത്രം മുത്തച്ഛനെ പ്രണാമം ചെയ്തു. തുടർന്നു്, സ്വപരാധത്താലുണ്ടായ ലജ്ജയാൽ അദ്ദേഹം മുഖം കുനിച്ചുനിന്നു. പ്രഹ്ലാദൻ ആനന്ദപരവശനായി, രോമാഞ്ചഭരിതനായി, നിറഞ്ഞ കണ്ണുകളോടെ, സുനന്ദൻ, നന്ദൻ മുതലായവരാൽ സേവിതനായിരിക്കുന്ന വാമനമൂർത്തിയെക്കണ്ടു് അടുത്തുചെന്നതിനുശേഷം, നിലത്തുവീണു് ദണ്ഡനമസ്ക്കാരം ചെയ്തു. അദ്ദേഹം പറഞ്ഞു: ഭഗവാനേ!, ഇവനു് സർവ്വൈശ്വര്യങ്ങളും അങ്ങുതന്നെ ഒരിക്കൽ നൽകുകയും, ഇപ്പോൾ അങ്ങുതന്നെ അതെല്ലാം തിരിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. നല്ലതുതന്നെ. ആയതിലൂടെ ഈ മഹാബലിയെ അങ്ങു് അനുഗ്രഹിക്കുകമാത്രമാണു് ചെയ്തിരിക്കുന്നതു. രാജ്യൈശ്വര്യങ്ങളുടെ ഫലമായി നഷ്ടമായ ആത്മസ്മരണയെ വീണ്ടും അവിടുത്തെ കാരുണ്യത്താൽ ഇവനു് പുനർലബ്ധമായിരിക്കുന്നു. ഇങ്ങനെയുള്ള മഹൈശ്വര്യത്താൽ പണ്ഡിതന്മാർപോലും മയങ്ങിപ്പോകുന്നു. അവ കൂടെയുള്ളപ്പോൾ ആരിലാണു് ആത്മബോധം പ്രകാശിക്കുന്നതു?. ഈ മഹാ‍ബലിയുടെ ശ്രീമദം തീർത്തരുളിയ ജഗദീശ്വരനും സകലലോകസാക്ഷിയുമായി വർത്തിക്കുന്ന ശ്രീനാരായണനായ അങ്ങയുടെ തിരുവടിയിൽ നമസ്ക്കാരം!.

ശ്രീശുകൻ തുടർന്നു: രാജൻ!, ആ സമയം തൊഴുകൈയ്യോടെ നിൽക്കുന്ന പ്രഹ്ലാദൻ കേൾക്കെ, ബ്രഹ്മദേവൻ എന്തോ പറയുവാൻ തുടങ്ങവേ, മഹാബലിയുടെ ധർമ്മപത്നി വിന്ധ്യാവലി ബന്ധനസ്ഥനായിരിക്കുന്ന തന്റെ ഭർത്താവിനെ കണ്ട ഭയവിഹ്വലതയോടുകൂടി നമസ്ക്കരിച്ചുകൊണ്ടു് മുഖം കുനിച്ചുനിന്നുകൊണ്ടു് വാമനമൂർത്തിയോടു് പറഞ്ഞു: പ്രഭോ!, മൂലോകങ്ങളും അവിടുത്തെ ക്രീഢയ്ക്കായിക്കൊണ്ടു് അങ്ങുതന്നെ സൃഷ്ടിച്ചുരക്ഷിച്ചുസംഹരിച്ചുപോരുന്നു. എന്നാൽ, അവയിൽ മന്ദമതികളായ ചിലർ സാമിത്വം കാണുന്നു. അവിടുത്തെ മായയിൽ മുങ്ങി സ്വയം കർത്തൃത്വാദി ഭാവങ്ങളെ ഏറ്റെടുക്കുന്ന നിർല്ലജ്ജന്മാരായ ഇക്കൂട്ടർക്കു് എന്താണു് അങ്ങേയ്ക്കുമുന്നിൽ അടിയറ വയ്ക്കുവാനുള്ളതു?

ശ്രീശുകൻ പറഞ്ഞു: രാജൻ!, വിന്ധ്യാവലി പറഞ്ഞൊഴിഞ്ഞതിനുശേഷം, ബ്രഹ്മദേവൻ താൻ പറയാനുദ്ദേശിച്ചതിനെ പറഞ്ഞുതുടങ്ങി: ഹേ ചരാചരനായകാ!, ദേവാദിദേവാ!, ജഗന്മയനായ അങ്ങു് ഇവനിൽനിന്നു് സർവ്വവും പിടിച്ചെടുത്തുകഴിഞ്ഞു. ആയതിനാൽ ഇനി ഇവൻ ബന്ധനത്തെ അർഹിക്കുന്നില്ല. ഇവനെ വിട്ടയച്ചാലും!. വച്ചനുഭവിച്ചിരുന്ന ഈ ഭൂമിയും, സ്വന്തം കർമ്മത്താൽ നേടിയ മറ്റെല്ലാ ഐശ്വര്യങ്ങളും, അതുപോലെ, സ്വയത്തെത്തന്നെയും പൂർണ്ണമനസ്സോടെ ഇവൻ അങ്ങേയ്ക്കു് സമർപ്പിച്ചിരിക്കുകയാണു. ശുദ്ധബുദ്ധിയോടുകൂടി ഒരുവൻ വെറും പാദ്യോദകത്തെ അർപ്പിച്ചുകൊണ്ടു് അങ്ങയെ ആരാധിച്ചു് പരമമായ സിദ്ധിയെ പ്രാപിക്കുന്നു. അങ്ങനെയുള്ളപ്പോൾ തുറന്ന മനസ്സോടെ അങ്ങയിൽ സർവ്വവും അർപ്പിച്ചു് കുമ്പിട്ടുനിൽക്കുന്ന ഇവൻ ഇനി കൂടുതൽ പീഡയെ അനുഭവിക്കുവാൻ പാടില്ല.

ശ്രീശുകൻ വീണ്ടും തുടർന്നു: രാജൻ! ബ്രഹ്മദേവന്റെ വാക്കുകൾകൂടി ഉപസംഹരിക്കപ്പെട്ടപ്പോൾ സാക്ഷാത് ശ്രീവാമനമൂർത്തി അരുളിച്ചെയ്തു: അല്ലയോ ബ്രഹ്മദേവാ!, ഞാൻ യാതൊരാളെയാണോ അനുഗ്രഹിക്കുവാൻ ഇച്ഛിക്കുന്നതു്, അവന്റെ സമ്പത്തിനെ ആദ്യം‌തന്നെ തകിടം മറിക്കുന്നു. കാരണം, സമ്പത്തിനാൽ മത്തനായവൻ അഹങ്കാരിയായിമാറി ഈ ലോകത്തേയും എന്നേയും അപമാനിക്കുന്നു. ബ്രഹ്മാവേ!, ജീവാത്മാക്കൾ സ്വന്തം പ്രാരബ്ദകർമ്മങ്ങളിൽ‌പ്പെട്ടു് ജനിച്ചും മരിച്ചും വിവിധയോനികളിൽ കാലാകാലങ്ങളായി കറങ്ങിക്കൊണ്ടിരിക്കുന്നു. അങ്ങനെയിരിക്കെ, ഒരിക്കൽ മനുഷ്യയോനിയിൽ പിറക്കാനിടവന്നേക്കാം. ഇങ്ങനെ കൈവരുന്ന മനുഷ്യജന്മത്തിലാകട്ടെ, ഉന്നതകുലത്തിൽ ജനനം, മികവുറ്റ കർമ്മചാതുര്യം, യൌവ്വനത്തിൽ ദേഹസൌന്ദര്യം, വിദ്യാഭ്യാസം, പ്രഭുത്വം, ധനം മുതലായവ ചിലപ്പോൾ സ്വന്തമായേക്കാം. എന്നാൽ, അവയിൽ അഹങ്കാരം വന്നുചേരുന്നില്ലെങ്കിൽ, ആയതു് എന്റെ അനുഗ്രഹമാണു. അഹങ്കാരത്തിനു് വഴിയൊരുക്കുന്നവയും സർവ്വവിധത്തിലും ശ്രേയസ്സിനെ ഇല്ലാതാക്കുന്നവയുമായ ഇങ്ങനെയുള്ള ധന്യജന്മങ്ങൾ സ്വീകരിച്ചതിനുശേഷവും, എന്നിൽ മനസ്സൂന്നിയവൻ ഒരിക്കലും അവയിൽ ഭ്രമിച്ചുപോകുകയില്ല. ദൈത്യദാനവാദികളുടെയെല്ലാം അഗ്രണിയായ ഇവൻ കീർത്തിമാനും, ജയിക്കാൻ കഴിയാത്ത എന്റെ മായയെ ജയിച്ചവനും, യാതൊരവസരങ്ങളിലും തളരാത്തവനുമാണു. ധനം നഷ്ടപ്പെട്ടിട്ടും, സ്ഥാനഭ്രഷ്ടനായിട്ടും, ശത്രുക്കൾ ആക്ഷേപിച്ചിട്ടും, ബന്ധനസ്ഥനായിട്ടും, സ്വജനങ്ങളാൽ ഉപേക്ഷിക്കപ്പെട്ടിട്ടും, ആചാര്യനാൽ ശകാരിക്കപ്പെട്ടിട്ടും ശപിക്കപ്പെട്ടിട്ടും ഇവൻ സത്യത്തെ കൈവെടിഞ്ഞവനല്ല. ഞാ‍ൻ കപടമാർഗ്ഗത്തിലൂടെയാണിവനു് ധർമ്മത്തെ ഉപദേശിച്ചതെങ്കിലും ഇവൻ ധർമ്മത്തെ അപ്പോഴും മുറുകെ പിടിക്കുകതന്നെ ചെയ്തു. ആയതിനാൽ, സത്യവാദിയായ ഇവനെ ദേവന്മാരാൽ‌പോലും അപ്രാപ്യമായ സ്ഥാനത്തിലേക്കു് ഞാൻ എത്തിക്കുന്നതാണു. എന്നിൽ ആശ്രയംകൊണ്ട ഇവൻ സാ‍വർണ്ണിമന്വന്തരത്തിൽ ഇന്ദ്രനായി ഭവിക്കും. അതുവരെ വിശ്വകർമ്മാവിനാൽ നിർമ്മിതമായ സുതലലോകത്തിൽ പോയി അധിവസിക്കട്ടെ. അവിടെ എന്റെ കാരുണ്യത്താൽ വ്യാധികളോ ആധികളോ യാതൊരുവിധ ശല്യങ്ങളെ ആർക്കും ഉണ്ടാകില്ല. അല്ലയോ ഇന്ദ്രസേനാ!, ഹേ രാജൻ!, അങ്ങേയ്ക്കു് നന്മ ഭവിക്കട്ടെ!. സ്വർഗ്ഗവാസികൾപോലും കാമിക്കുന്ന ആ സുതലത്തിലേക്കു് അങ്ങു് പരിവാരസമേതം യാത്രയായാലും!. ഇന്ദ്രാദിദേവന്മാർപോലും ഇനി അങ്ങയെ അനാദരിക്കുകയില്ല. പിന്നെയാണോ മറ്റുള്ളവർ?. അങ്ങയുടെ ആജ്ഞയെ ലംഘിക്കുന്ന ദൈത്യന്മാരെ എന്റെ ചക്രായുധം അരിഞ്ഞുതള്ളുന്നതാണു. അനുഗാമികൾക്കൊപ്പം സകല അകമ്പടിയോടും കൂടി അങ്ങു് യാത്രയാകുക!. അങ്ങയെ സകല ആപത്തുകളിൽനിന്നും ഞാൻ രക്ഷിച്ചുകൊള്ളാം. മാത്രമല്ല, അവിടെ, സുതലത്തിൽ, തൊട്ടടുത്തുതന്നെ എപ്പോഴും താങ്കൾക്കെന്നെ കാണാൻ സാധിക്കുന്നതാണു. അങ്ങനെ, ദൈത്യദാനവാദികളുടെ സമ്പർക്കം മൂലം അങ്ങേയുക്കുണ്ടായ ഈ ആസുരഭാവവും നിത്യനിരന്തരമായ എന്റെ പ്രഭാവത്താൽ പെട്ടെന്നുതന്നെ ഇല്ലാതായിക്കൊള്ളും.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഇരുപത്തിരണ്ടാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.


Previous    Next






Lord Hari gives benediction to Mahabali 

2019, നവംബർ 4, തിങ്കളാഴ്‌ച

8.21 ബലിബന്ധനം


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 21
(ബലിബന്ധനം)



ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: പരീക്ഷിത്തുരാജാവേ!, ഭഗവദ്പാദം മേലേക്കുയർന്നു സത്യലോകത്തിൽ വരെയെത്തിയതായി മുമ്പു് പറഞ്ഞുവല്ലോ. ചന്ദ്രബിംബസമാനമായ ആ തൃപ്പാദനഖങ്ങളുടെ പ്രകാശം ബ്രഹ്മദേവന്റെ സത്യലോകകാന്തിയെ ഇല്ലാതാക്കി. നിഷ്പ്രഭരായി ബ്രഹ്മദേവനും മരീചി മുതലായ മുനിമാരും, ഒപ്പം യോഗേശ്വരന്മാരായ സനന്ദാദികളും ഭഗവാനെ സമീപിച്ചു. വേദങ്ങളുടേയും, ഉപവേദങ്ങളുടേയും, യമനിയമങ്ങളുടേയും, തർക്കാദിമഹാശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ എന്നിവകളുടേയും അധിദേവതകളും, യോഗാഭ്യാസവായുവിനാൽ ഊതിജ്വലിപ്പിക്കപ്പെട്ട ജ്ഞാനാഗ്നികൊണ്ടു് പാപങ്ങളെ എരിച്ചുകളഞ്ഞിട്ടുള്ളവരും, ഭഗവദ്പാദാരവിന്ദഭക്തികൊണ്ടും, ഫലത്യക്തകർമ്മമാർഗ്ഗങ്ങളിലൂടെയും ബ്രഹ്മലോകത്തിലേക്കെത്തപ്പെട്ട സകലരും അവരോടൊപ്പം ഭഗവദ്ദർശനത്തിനായെത്തി ആ തൃപ്പാദത്തെ വണങ്ങിനിന്നു. ബ്രഹ്മദേവൻ തന്റെ സത്യലോകത്തിലേക്കുയർന്നുവന്നിരിക്കുന്ന പാദത്തെ അർഘ്യപാദ്യാദികളാൽ പൂജിച്ചതിനുശേഷം ശ്രീമഹാവിഷ്ണുവിനെ ഭക്തിയോടെ സ്തുതിച്ചുതുടങ്ങി. അല്ലയോ നരേന്ദ്രാ‍!, ബ്രഹ്മദേവന്റെ കമണ്ഡലുവിൽനിന്നും ഭഗവദ്പാദത്തിലേക്കൊഴിച്ച ആ തീർത്ഥജലം ആ പാദസ്പർശനത്താൽ പവിത്രമായി സ്വർല്ലോകഗംഗയായിത്തീർന്നു. ഭഗവദ്കീർത്തിപോലെതന്നെ മഹത്വമേറിയ ആ അകാശഗംഗയാകട്ടെ, അവിടെനിന്നും താഴേക്കുപതിച്ചുകൊണ്ട് മൂലോകങ്ങളേയും പരിശുദ്ധമാക്കുന്നു.

രാജൻ!, പിന്നീടു്, ഭഗവാൻ വിരാട്രൂപത്തെ ഉപസംഹരിച്ചുകൊണ്ടു് വാമനമൂർത്തിയുടെ പൂർവ്വഭാവത്തിൽ അവർക്കുമുന്നിൽ നിന്നരുളി. ബ്രഹ്മാദിദേവതകൾ തങ്ങളുടെ സ്വാമിയ്ക്കായി അർഘ്യപാദ്യാദി ഉപചാരങ്ങൾ ചെയ്തു. തുടർന്നു്, ഭഗന്മഹിമകളെ സ്തുതിച്ചുകൊണ്ടുള്ള സ്തോത്രങ്ങളാലും, ജയശബ്ദങ്ങളാലും, നൃത്യം, വാദ്യം, ഗീതം മുതലായവകളാലും, ശംഖം, പെരുമ്പറ എന്നിവയുടെ ആരവങ്ങളാലും അവർ ഭഗവാനെ ആരാധിച്ചു. മനസ്സിന്റെ വേഗതയുള്ള ഋക്ഷരാജാവായ ജാംബവാൻ പെരുമ്പറ മുഴക്കിക്കൊണ്ടു് വാമനവിജയോത്സവത്തെ നാനാദിക്കുകളിലും കൊട്ടിയറിയിച്ചു.

രാജൻ!, എന്നാൽ, മറുവശത്തു്, തങ്ങളുടെ യജമാനന്റെ സമ്പത്തിനെ മുഴുവൻ കപടവടുവിന്റെ വേഷത്തിൽ വന്ന വിഷ്ണുഭഗവാൻ മൂന്നടി മണ്ണെന്ന വ്യാജേന തട്ടിയെടുത്തിലുണ്ടായ അമർഷത്താലും കോപത്താലും അസുരന്മാർ അന്യോന്യം ഇപ്രകാരം പറഞ്ഞു: ഇവൻ ഒരിക്കലും ഒരു ബ്രാഹ്മണനാകാൻ വഴിയില്ല. തീർച്ചയായും ഇവൻ മഹാമായാവിയായ വിഷ്ണുവാണു. ബ്രാഹ്മണന്റെ വേഷത്തിൽ ദേവന്മാരുടെ ഉദ്ദിഷ്ടകാര്യത്തെ നിറവേറ്റാൻ വന്നിരിക്കുകയാണു. ബ്രഹ്മചാരിയുടെ രൂപത്തിൽ വന്ന ഈ ശത്രു യജ്ഞത്തിൽ ദീക്ഷിതനായിരിക്കുന്ന നമ്മുടെ യജമാനൻ ദണ്ഡോപായം പരിത്യജിച്ചിരിക്കുന്നതറിഞ്ഞുകൊണ്ടു് അദ്ദേഹത്തിന്റെ സർവ്വസ്വവും അപഹരിച്ചുകഴിഞ്ഞു. എന്തുചെയ്യാം!, നമ്മുടെ സ്വാമി സദാ സത്യനിഷ്ഠയുള്ളവനാണു. വിശേഷിച്ചു്, ഇപ്പോൾ യജ്ഞദീക്ഷകൊണ്ടിരിക്കുന്നതുകൊണ്ടും, ബ്രാഹ്മണരിൽ അകമഴിഞ്ഞ ഭക്തിയുള്ളവനായതുകൊണ്ടും, പ്രാണികളിൽ കാരുണ്യമുള്ളതുകൊണ്ടും അദ്ദേഹത്തിനു് അസത്യം പറയുവാൻ കഴിയില്ലല്ലോ!. ആയതിനാൽ, ഇവനെ കൊന്നു് നമ്മുടെ യജമാനനെ രക്ഷിക്കുക എന്നുള്ളതു് ഇപ്പോൾ നമ്മുടെ കടമയാണു.

ശ്രീശുകൻ തുടർന്നു: രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ടു് മഹാബലിയുടെ അനുചരന്മാർ ഭഗവാനെ വധിക്കുവാനായി ആയുധങ്ങൾ കൈയ്യിലെടുത്തു. തുടർന്നു്, മഹാബലിയുടെ ഇച്ഛകൂടാതെതന്നെ അവർ ശൂലം, പട്ടിശം എന്നിങ്ങനെയുള്ള ആയുധങ്ങളുമായി വാമനമൂർത്തിയെ വധിക്കുവാനായി പാഞ്ഞുചെന്നു. രാജാവേ!, അതുകണ്ട വിഷ്ണുവിന്റെ അനുചരന്മാർ പൊട്ടിച്ചിരിച്ചുകൊണ്ടു് അവരെ തടഞ്ഞു. നന്ദനൻ, സുനന്ദൻ, ജയൻ, വിജയൻ, പ്രബലൻ, ബലൻ, കുമുദൻ, കുമുദാക്ഷൻ, വിഷ്വൿസേനൻ, ഗരുഡൻ, ജയന്തൻ, ശ്രുതദേവൻ, പുഷ്പദന്തൻ, സാത്വതൻ മുതലായവരായ പതിനായിരക്കണക്കിനാനകളുടെ കരുത്തുള്ള വിഷ്ണുപാർഷദന്മാർ ആ അസുരസൈന്യത്തെ വകവരുത്തി. തന്റെ സൈന്യങ്ങൾ ഒന്നൊന്നായി നശിക്കുന്നതുകണ്ട മഹാബലി ശുക്രാചാര്യരുടെ ശാപവചനങ്ങളെയോർത്തുകൊണ്ട് അവരെ യുദ്ധത്തിൽനിന്നും പിന്തിരിപ്പിച്ചു.

മഹാബലി പറഞ്ഞു: അല്ലയോ വിപ്രചിത്തി!, ഹേ രാഹു!, അല്ലയോ നേമി!, യുദ്ധം ചെയ്യരുതു. നിങ്ങൾ ഞാൻ പറയുന്നതനുസരിച്ചു് യുദ്ധത്തിൽനിന്നും പിന്മാറുക. ഇപ്പോഴുള്ള കാലം നമുക്കുചിതല്ല. അസുരന്മാരേ!, സകലഭൂതങ്ങൾക്കും സുഖത്തേയും ദുഃഖത്തേയും പ്രദാനം ചെയ്യാൻ കഴിവുള്ള ആ കാലത്തിനെ പ്രയത്നങ്ങൾകൊണ്ടു് ജയിക്കുവാൻ പുരുഷർക്കു് കഴിയുകയില്ല. പണ്ടു് നമ്മുടെ ഉയർച്ചയ്ക്കും ദേവന്മാരുടെ തളർച്ചയ്ക്കും കാരണക്കാരനായതും, ഇന്നു് അതിനു് വിപരീതമായി പ്രവർത്തിക്കുന്നതും കാലസ്വരൂപനായ ആ ഭഗവാൻതന്നെയാണു. സൈന്യങ്ങൾക്കോ, മന്ത്രിമാർക്കോ, ബുദ്ധിശക്തിക്കോ, ഉറപ്പുള്ള കോട്ടമതിലുകൾക്കോ, മന്ത്രങ്ങൾക്കോ, മരുന്നുകൾക്കോ, മറ്റു് യാതൊരുപായങ്ങൾക്കുമോ അവന്റെ കാലശക്തിയെ അതിലംഘിക്കുവാൻ സാധ്യമല്ലെന്നുള്ളതിൽ സംശയമില്ല. ഒരിക്കൽ, കാലപുരുഷൻ നമ്മുടെകൂടെയായിരുന്നപ്പോൾ നമ്മൾ ഈ വിഷ്ണുവിന്റെ കിങ്കരന്മാരെ പലവട്ടം തോൽപ്പിച്ചാതാണല്ലോ!. എന്നാൽ, ഇന്നാകട്ടെ, അവർ നമ്മളെ യുദ്ധത്തിൽ തോൽപ്പിച്ചുകൊണ്ടു് അട്ടഹസിക്കുന്നതു നോക്കൂ!. കാലം പിന്നീടൊരിക്കൽ നമുക്കനുകൂലമാകുമ്പോൾ നമ്മൾ വീണ്ടും അവരെ തോൽപ്പിക്കുന്നതാണു. അതുകൊണ്ടു്, ഉചിതമായ കാലത്തിനുവേണ്ടി നമുക്കു് കാത്തിരിക്കാം.

ശ്രീശുകൻ പറഞ്ഞു: രാജൻ!, മഹാബലിയുടെ ഇപ്രകാരമുള്ള ഉപദേശങ്ങളെ ശിരസ്സാവഹിച്ചുകൊണ്ടു് അസുരന്മാർ പാതാളലോകത്തിലേക്കു് പോയി. ഭഗവാന്റെ ഇംഗിതത്തെ മനസ്സിലാക്കിയ ഗരുഡൻ, യജ്ഞാവാസാനത്തിൽ സോമപാനം ചെയ്യുന്നതായ ആ ദിവസം, മഹാബലിയെ വരുണപാശത്തിൽ ബന്ധനസ്ഥനാക്കി. ആ സമയം, ഭൂമിയിലും ആകാശത്തിലുമെല്ലാം ഹാഹാകാരശബ്ദത്തോടുകൂടിയ കൂട്ടനിലവിളി ഉയർന്നു. അല്ലയോ നൃപാ!, അങ്ങനെ, ബന്ധിക്കപ്പെട്ടു് തന്റെ മുന്നിൽ നിൽക്കുന്ന, ഐശ്വര്യം നഷ്ടപ്പെട്ടവനും ഉദാരശീലന്മാരുടെ ചൂഢാമണിയുമായ മഹാബലിയോടു് ഭഗവാൻ വാമനമൂർത്തി അരുളിച്ചെയ്തു: അല്ലയോ അസുരാ!, ഞാൻ ചോദിച്ച മൂന്നടി പ്രദേശം അങ്ങയുടെ വാക്കിനാൽ എനിക്കു് ലബ്ധമായിരിക്കുന്നു. ഒന്നും രണ്ടും അടിവയ്പ്പിനാൽ ഭൂമിയടക്കം സർവ്വതും ഞാൻ അളന്നെടുത്തിരിക്കുകയാണു. ഇനി അങ്ങു് മൂന്നാമത്തേതിനായുള്ളതു് നിർദ്ദേശിച്ചാലും!. സൂര്യന്റെ കിരണങ്ങളെത്തുന്നതായും, ചന്ദ്രൻ നക്ഷത്രങ്ങളോടൊപ്പം പ്രകാശ പരത്തുന്നതായും, മേഘം മഴ ചൊരിയുന്നതുമായുള്ള യാതൊരിടമുണ്ടായിരുന്നുവോ, അതെല്ലാം അങ്ങയുടേതായിരുന്നു. ഇപ്പോൾ അങ്ങു് നോക്കിനിൽക്കെത്തന്നെ ഞാൻ ഒന്നാമത്തെയടിവയ്പ്പിൽ ഭൂലോകവും, ശരീരവ്യാപ്തിയാൽ സർവ്വദിശകളും, രണ്ടാമത്തെയടിവയ്പ്പാൽ സ്വർഗ്ഗവും സ്വന്തമാക്കിക്കഴിഞ്ഞു. മൂന്നടിയും പൂർണ്ണമായി നൽകാമെന്നു് ഏറ്റുപറഞ്ഞതിനുശേഷം അതിനുകഴിയാതിരിക്കുന്ന അങ്ങു് നരകവാസത്തിനു് യോഗ്യനായിരിക്കുന്നു. അതുകൊണ്ടു്, ഗുരുവിന്റെ ആജ്ഞയെ വരിച്ചുകൊണ്ടു് വിധിപ്രകാരം നരകത്തിലേക്കു് പൊയ്ക്കൊള്ളുക. കൊടുക്കാമെന്നു് പറഞ്ഞതിനെ കൊടുക്കാതെ യാചകനെ കബളിക്കുന്ന അങ്ങയെപ്പോലുള്ളവരുടെ മനോരഥം ഒരിക്കലും സാധ്യമാകുകയില്ല. സ്വർഗ്ഗം അങ്ങനെയുള്ളവർക്കു് അപ്രാപ്യമാകുകയും, പകരം അധോഗതി വന്നുചേരുകയും ചെയ്യുന്നു. ആഢ്യനാണെന്നഹങ്കരിച്ചുകൊണ്ടു് ഞാൻ തന്നുകൊള്ളം എന്നുപറഞ്ഞു് എന്നെപ്പോലും അങ്ങു് പറ്റിച്ചിരിക്കുകയാണു. ആയതുകൊണ്ടു്, വാക്കു് പാലിക്കുവാൻ സാധിക്കാതെ വന്നതിന്റെ ഫലമായി കുറച്ചുകാലം അങ്ങു് പോയി നരകദുഃഖത്തെ അനുഭവിക്കുക.



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഇരുപത്തിയൊന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.


Previous    Next







Bali Mahārāja Surrenders the Universe

2019, നവംബർ 2, ശനിയാഴ്‌ച

8.20 മഹാബലി വാമനനു് മൂന്നടി ഭൂമി ദാനം ചെയ്യുന്നതും, ഭഗവാന്റെ വിശ്വരൂപകാഴ്ചയും.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 20
(മഹാബലി വാമനനു് മൂന്നടി ഭൂമി ദാനം ചെയ്യുന്നതും, ഭഗവാന്റെ വിശ്വരൂപകാഴ്ചയും.)


ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: അല്ലയോ മഹാരാജൻ!, കുലഗുരുവായ ശുക്രാചാര്യരുടെ ഉപദേശത്തിനുശേഷം, മഹാബലി അല്പനേരം മൌനിയായി ഇരുന്നു. പിന്നീട്, എന്തോ മനസ്സിലുദ്ദേശിച്ചുകൊണ്ട് അദ്ദേഹം ഗുരുവിനോടു് പറഞ്ഞു: ഗുരോ!, അങ്ങു് പറഞ്ഞതു് വാസ്തവം തന്നെ. യാതൊന്നു് അർത്ഥത്തേയോ കാമത്തേയോ യശസ്സിനേയോ കർമ്മത്തേയോ ബാധിക്കുന്നില്ലയോ, അതുതന്നെയാണു് യഥാർത്ഥത്തിൽ ഗൃഹസ്ഥാശ്രമികൾ അനുഷ്ഠിക്കേണ്ട ധർമ്മം. പ്രഹ്ലാദന്റെ വംശത്തിൽ പിറന്ന ഞാൻ തന്നുകൊള്ളാം എന്നു് ഒരിക്കൽ വാക്കുകൊടുത്തതിനുശേഷം, ധനാർത്തിപൂണ്ടു്, ഒരു ചതിയനെപ്പോലെ, എങ്ങനെയാണു് ഒരു ബ്രാഹ്മണനോടു് പിന്നീടു് ഇല്ല എന്നു് മറിച്ചുപറയുന്നതു?. അസത്യമാണു് ലോകത്തിൽ പരമമായ അധർമ്മം. അസത്യവാന്മാരായ മനുഷ്യരുടെ ഭാരമൊഴിച്ചു് ഞാൻ മറ്റെന്തും സഹിക്കുവാൻ കഴിവുള്ളവളാണുഎന്നു് ഒരിക്കൽ ഭൂമീദേവി പറയുകയുണ്ടായി. ബ്രാഹ്മണരെ ചതിക്കുന്നതിൽനിന്നും ഭയപ്പെടുന്നതുപോലെ, നരകത്തിൽനിന്നോ, ദാരിദ്ര്യത്തിൽനിന്നോ, ദുഃഖക്കടലിൽനിന്നോ, സ്ഥാനഭ്രഷ്ടനാകുന്നതിൽനിന്നോ, എന്തിനുപറയാൻ മരണത്തിൽനിന്നുമോപോലും ഞാൻ ഭയപ്പെടുന്നില്ല. ധനം ആദിയായ സകല പദാർത്ഥങ്ങളും മരണത്തിൽ അതിന്റെ അവകാശിയെ വിട്ടുപിരിയുന്നു. ജീവിച്ചിരിക്കുമ്പോൾ ആ ധനംകൊണ്ട് ഒരു ബ്രാഹ്മണനെ സന്തോഷിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, എന്നെങ്കിലുമൊരിക്കൽ നഷ്ടമായേക്കാവുന്ന ഈ സമ്പത്തിനാൽ എന്തു് പ്രയോജനമാണു് എനിക്കുള്ളതു?. ദധീചിമഹർഷി, ശിബി മുതലായ മഹാത്മാക്കൾ ആർക്കും ത്യജിക്കുവാൻ സാധിക്കാത്ത ജീവൻവരെ ത്യജിച്ചുകൊണ്ട് പ്രാണികളുടെ ക്ഷേമത്തെ ചെയ്തിരുന്നു. അപ്പോൾ പിന്നെ ഭൂമിയും മറ്റുമായ സമ്പത്തുകളുടെ കാര്യത്തിൽ എന്താണാലോചിക്കുവാനുള്ളതു?. യുദ്ധപ്രേമികളായ ധാരാളം അസുരന്മാർ ഇവിടെ ഈ ഭൂമിയെ വേണ്ടുവോളം അനുഭവിച്ചിരുന്നു. കാലത്താൽ അവരിൽനിന്നും സർവ്വവും ഗ്രസിക്കപ്പെട്ടു. എന്നാൽ, ഇവിടെനിന്നും അവർ നേടിയ കീർത്തിയെമാത്രം കാലത്തിനുപോലും ഗ്രസിക്കുവാൻ കഴിഞ്ഞില്ല.

ഹേ വിപ്രഋഷേ!, യുദ്ധത്തിൽനിന്നും പിന്തിരിയാതെ ഒടുവിൽ പടക്കളത്തിൽ ശരീരത്യാഗം ചെയ്ത ധാരാളം ധീരന്മാർ ഇവിടെയുണ്ടു`. എന്നാൽ, ശ്രദ്ധയോടുകൂടി സ്വാർത്ഥത്തെ ദാനം ചെയ്യാൻ അധികം പേർക്കും സാധിച്ചിട്ടില്ല. യാചകന്മാർക്കു് ദാനം ചെയ്തതുകൊണ്ടുണ്ടാകുന്ന ദുർഗ്ഗതി ഉദാരനും കാരുണ്യവാനുമായ ഒരാളെ സംബന്ധിച്ചിടത്തോളം ശോഭനമാകുന്നു. അതും അങ്ങയെപ്പോലുള്ളവർക്കാകുമ്പോൾ അതിൽനിന്നും എത്രയോ ആനന്ദമാണുണ്ടാകുന്നതു!. അതുകൊണ്ട്, ഈ ബ്രഹ്മചാരിയുടെ വാഞ്ചിതം ഞാൻ നിറവേറ്റാൻ പോകുന്നു. അല്ലയോ മുനേ!, മ്നായകോവിദന്മാരായ അങ്ങയെപ്പോലുള്ളവർ ആദരവോടെ യജ്ഞങ്ങൾകൊണ്ടും ക്രതുക്കൾകൊണ്ടും ആരാദിക്കുന്നവനായ ആ വിഷ്ണുഭഗവാനാണീവന്നിരിക്കുന്നതെങ്കിൽ, ഈ വരവിന്റെ ഉദ്ദേശം എന്നെ അനുഗ്രഹിക്കുവാനാണെങ്കിലും ശിക്ഷിക്കുവാനാണെങ്കിലും, ഒരു ബ്രാഹ്മണവടു ആഗ്രഹിച്ച ഭൂമിയെ ഞാൻ ദാനം ചെയ്യുവാൻ പോകുകയാണു. ഒരുപക്ഷേ, ധർമ്മമല്ലാത്ത ഏതെങ്കിലും മാർഗ്ഗത്തിൽകൂടി ഇവൻ എന്നെ ബന്ധനസ്ഥനാക്കിയാലും, ഭീതനായി ഒരു ബ്രാഹ്മണവേഷം ധരിച്ചുവന്ന ഈ ശത്രുവിനെ ഞാൻ ഒരിക്കലും ഹിംസിക്കുകയില്ല. അഥവാ, കീർത്തിമാനായ വിഷ്ണുവാണു ഈ നിൽക്കുന്നതെങ്കിൽ, ഇവൻ ഒരിക്കലും തന്റെ കീർത്തിയെ നഷ്ടമാക്കുകയില്ല. ഒന്നുകിൽ ഇവൻ എന്നാൽ വധിക്കപ്പെടും, അല്ലാത്തപക്ഷം ഇവൻ എന്നെ യുദ്ധത്തിൽ വധിച്ചേക്കും.

ശ്രീശുകൻ പറഞ്ഞു: രാജൻ!, മഹാബലിയുടെ ഈ വാക്കുകൾ കേട്ടു്, ശുക്രാചാര്യരാകട്ടെ, തന്റെ ഉപദേശത്തെ കേൾക്കാത്തവനും, ആദേശത്തെ മാനിക്കാത്തവനും, എന്നാൽ സത്യസന്ധനും ഉദാരമനസ്ക്കനുമായ തന്റെ ശിഷ്യനെ ദൈവഹിതമെന്നോണം ശപിച്ചു. അദ്ദേഹം പറഞ്ഞു: അജ്ഞാനത്താൽ നമ്മെ അവഗണിച്ച നീ ശരിക്കും അഹങ്കാരിയായി മാറിയിരിക്കുന്നു. എന്റെ ശാസനയെ മറികടന്നതിനാൽ നീ പെട്ടെന്നുതന്നെ ഐശ്വര്യത്തിൽനിന്നും നിലംപൊത്തുന്നതാണു. രജാവേ!, ഇപ്രകാരം ആചാര്യനാൽ ശപിക്കപ്പെട്ടിട്ടുകൂടി മഹാബലി സത്യപാലനത്തിൽനിന്നും പിന്മാറിയില്ല. വാമനമൂർത്തിയെ അർച്ചിച്ചുകൊണ്ടു് ദാനവാരിയെ തളിച്ചു്, അദ്ദേഹം ഭൂമിയെ ദാനം ചെയ്തു. ആ സമയം, വെണ്മുത്തുകോർത്ത മാലയണിഞ്ഞുകൊണ്ട് മഹാബലിയുടെ ധർമ്മപത്നി ഒരു സ്വർണ്ണകലശത്തിൽ ഭഗവദ്പാദങ്ങളെ പ്രക്ഷാളനം ചെയ്യുവാനുള്ള ജലവുമായി വന്നു. ബലിമഹാരാജാവു് സ്വയം വാമനഭഗവാന്റെ ശ്രീമത്തായ കഴലിണയെ കഴുകി സർവ്വലോകങ്ങളേയും ശുദ്ധമാക്കുന്ന ആ തീർത്ഥം തന്റെ മൂർദ്ധാവിൽ ധരിച്ചു. അന്നേരം, അകാശത്തുനിന്നും ഗന്ധർവ്വവിദ്യാധരസിദ്ധചാരണാദികളായ ദേവസമൂഹം സന്തോഷത്തോടെ അസുരേന്ദ്രനായ മഹാബലിയേയും അദ്ദേഹത്തിന്റെ ഉത്കൃഷ്ടമായ ആ കർമ്മത്തേയും പ്രശംസിച്ചുകൊണ്ടു് പുഷ്പവൃഷ്ടി ചൊരിഞ്ഞു. ആയിരക്കണക്കിനു് ദുന്ദുഭികൾ മുഴങ്ങി. ഗന്ധർവ്വന്മാരും കിമ്പുരുഷന്മാരും കിന്നരന്മാരും, ബലിയെ പുകഴ്ത്തിപ്പാടി. അവർ പറഞ്ഞു: അഹോ! ആശ്ചര്യം! അത്യാശ്ചര്യം!. ഇവന്റെ ഈ പ്രവൃത്തി ആചരിക്കുവാൻ അത്യന്തം പ്രയാസമേറിയതത്രേ!.. എന്തെന്നാൽ, അറിഞ്ഞുകൊണ്ടും തന്റെ ശത്രുവിനു് മൂലോകങ്ങളും ഇവൻ പ്രദാനം ചെയ്തിരിക്കുന്നു.

ശ്രീശുകൻ തുടർന്നു: അല്ലയോ മഹാരാജാവേ!, അനന്തമൂർത്തിയായ ഭഗവാൻ ഹരിയുടെ ത്രിഗുണാത്മകമായ ആ വാമനരൂപം പെട്ടെന്നു് അത്ഭുതാകരമായി വളർന്നുവന്നു. അതിൽ ഭൂമിയും ആകാശവും സകലദിശകളും സ്വഗ്ഗലോകവും അധോലോകങ്ങളും സമുദ്രങ്ങളും പക്ഷിമൃഗാദികളും മനുഷ്യരും ദേവന്മാരും ഋഷികളും ഉൾക്കൊണ്ടിരുന്നു. രാജൻ!, അവിടെ ആ സമയമുണ്ടായിരുന്ന ഋത്വിക്കുകൾ, ഗുരുക്കന്മാർ, സദസ്യർ എന്നിവർ വിശ്വാകാരമാകുന്ന ആ ഭഗവദ്ശരീരത്തിൽ പഞ്ചഭൂതാദി സകലതത്വങ്ങളുമടങ്ങിയ സർവ്വലോകങ്ങളേയും ദർശിക്കുകയുണ്ടായി. അതിനുശേഷം, മഹാബലി ആ വിശ്വരൂപന്റെ പാദതലത്തിൽ പാതാളത്തേയും, പാദങ്ങളിൽ ഭൂലോകത്തേയും, കണങ്കാലുകളിൽ പർവ്വതങ്ങളേയും, കാൽമുട്ടിൽ പക്ഷികളേയും, തുടകളിൽ വിവിധയിനം വായുക്കൂട്ടങ്ങളേയും, വസ്ത്രത്തിൽ സന്ധ്യയേയും, ഗുഹ്യദേശത്തിൽ പ്രജാപതിമാരേയും, അരക്കെട്ടിന്റെ മുൻഭാഗത്തിൽ സ്വയം തന്നേയും അതുപോലെ മറ്റസുരന്മാരേയും, നാഭിയിൽ ആകാശത്തേയും, ഉദരഭാഗത്തിൽ ഏഴു് സാഗരങ്ങളേയും, മാറിടത്തിൽ ഋക്ഷമാലയേയും, ഹൃദയത്തിൽ ധർമ്മത്തേയും, സ്തനങ്ങളിൽ ഋതസത്യങ്ങൾ രണ്ടിനേയും, മനസ്സിൽ ചന്ദ്രനേയും, വക്ഷസ്സിൽ താമരപ്പൂവേന്തിയ ശ്രീമഹാലക്ഷ്മിയേയും, കണ്ഠത്തിൽ സാമഗാനങ്ങളേയും അതുപോലെ സമസ്തശബ്ദസഞ്ചയങ്ങളേയും, ഭുജങ്ങളിൽ ഇന്ദ്രാദിപ്രമുഖന്മാരേയും, കർണ്ണത്തിൽ ദിക്കുകളേയും, മൂർദ്ധാവിൽ സ്വർഗ്ഗത്തേയും, കേശങ്ങളിൽ മേഘങ്ങളേയും, നാസികയിൽ വായുവിനേയും, കണ്ണുകളിൽ സൂര്യനേയും, വൿത്രത്തിൽ അഗ്നിയേയും, വാണിയിൽ വേദങ്ങളേയും, രസനേന്ദ്രിയത്തിൽ വരുണനേയും, പുരികങ്ങൾ രണ്ടിലുമായി യഥാക്രമം വിധി, നിഷേധം എന്നീ ശാസ്ത്രങ്ങളേയും, ഇമകളിൽ അഹോരാത്രങ്ങളേയും, ലലാടത്തിൽ കോപത്തേയും, അധരത്തിൽ ലോഭത്തേയും, സ്പർശനേന്ദ്രിയത്തിൽ കാമത്തേയും, രേതസ്സിൽ ജലത്തേയും, പൃഷ്ഠഭാഗത്തിൽ അധർമ്മത്തേയും, പദവിന്യാസങ്ങളിൽ യജ്ഞത്തേയും, ഛായയിൽ മൃത്യുവിനേയും, പുഞ്ചിരിയിൽ മായയേയും, രോമങ്ങളിൽ സസ്യവൃക്ഷലതാതികളേയും, നാഡീവ്യൂഹത്തിൽ നദികളേയും, നഖങ്ങളിൽ ശിലകളേയും, ബുദ്ധിയിൽ അജനായ ബ്രഹ്മദേവനേയും, ഇന്ദ്രിയങ്ങളിൽ ദേവന്മാരേയും അതുപോലെ ഋഷിഗണങ്ങളേയും, മറ്റുള്ള ശരീരഭാഗങ്ങളിലായി സ്ഥാവരജംഗമായി സകലഭൂതങ്ങളേയും കണ്ടു.

ഹേ പരീക്ഷിത്തുരാജൻ!, സർവ്വം തന്നുള്ളിൽ വഹിച്ചുനിൽക്കുന്ന ആ വിരാട്രൂപത്തെക്കണ്ടിട്ടു് അസുരന്മാരൊന്നടങ്കം വിവശരായി. അസഹ്യമായ തേജസ്സോടുകൂടിയ സുദർശനചക്രവും, ഇടിമുഴക്കത്തിന്റെ നാദമുതിർക്കുന്ന ശാർങ്ഗമെന്ന വില്ലും, മേഘത്തെപ്പോലെ ഗർജ്ജിക്കുന്ന പാഞ്ചജന്യമെന്ന ശംഖും, വേഗതയേറിയ കൌമോദകീഗദയും, വിദ്യാധരം എന്ന പേരുള്ള വാളും, നൂറു് ചന്ദ്രന്മാരുടെ ആകാരങ്ങളൊത്ത പരിചയും, ഒരിക്കലും ശൂന്യമാകാത്ത രണ്ടാവനാഴികളും, ഇന്ദ്രാദിദേവതകൾക്കൊപ്പം ചേർന്ന സുനന്ദാദികളായ പാർഷ്വദപ്രമുഖന്മാരും ഭഗവാനെ അകമ്പടിസേവിച്ചുകൊണ്ടുനിന്നു. രാജൻ!, ത്രിവിക്രമമൂർത്തിയായ ഭഗവാൻ മിന്നിത്തിളങ്ങുന്ന കിരീടം, തോൾവള, കുണ്ഡലം, ശ്രീവത്സം, കൌസ്തുഭം, ഉദരബന്ധം, പീതാംബരം, വണ്ടുകൾ മൂളിക്കൊണ്ടു് വട്ടമിട്ടു് പറക്കുന്ന വനമാല മുതലായ ആഭൂഷണങ്ങളാൽ പ്രശോഭിച്ചു. രാജാവേ!, ഭഗവാൻ ഒരു കാലടിയാൽ മഹാബലിയുടെ ഭൂമിയേയും, തന്റെ ബൃഹത്തായ ശരീരവ്യാപ്തിയാൽ ആകാശത്തേയും, കൈകൾ വിടർത്തി ദിക്കുകളേയും അളന്നെടുത്തു. രണ്ടാമത്തെ അടിയാൽ ബലിയുടേതായുണ്ടായിരുന്ന സ്വർഗ്ഗവും ഭഗവാൻ അളന്നു. ആ പരമപുരുഷന്റെ മൂന്നാം കാലടിയ്ക്കായി ഇവിടെ ബലിയുടേതായി യാതൊന്നുംതന്നെ അവശേഷിച്ചിരുന്നില്ല. കാരണം, മൂന്നാമത്തേതായ ആ അടിവയ്പ്പിൽ ഭഗവാൻ വീണ്ടും വീണ്ടും മേലോട്ടുയർന്നുകൊണ്ടു് മഹർലോകത്തേയും ജനലോകത്തേയും കടന്നു്, തപോലോകത്തിനും അപ്പുറമുള്ള സത്യലോകത്തിലേക്കു് പ്രവേശിച്ചുകഴിഞ്ഞിരുന്നു.



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഇരുപതാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.


Previous    Next






King Mahabali offers three feet land to Lord Vamanamurthy, and Vamanamurthy shows His Universal Form. 

2019, ഒക്‌ടോബർ 29, ചൊവ്വാഴ്ച

8.19 വാമനൻ മഹാബലിയോടു് മൂന്നടി മണ്ണു് യാചിക്കുന്നതു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 19
(വാമനൻ മഹാബലിയോടു് മൂന്നടി മണ്ണു് യാചിക്കുന്നതു.)


ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: രാജൻ!, മഹാബലിയുടെ ദാനശീലത്തിൽ സന്തുഷ്ടനായ വാമനമൂർത്തി ധർമ്മയുക്തവും സത്യസന്ധവുമായ ആ വാക്കുകൾ കേട്ട് അദ്ദേഹത്തെ പ്രതിനന്ദിച്ചുകൊണ്ട് ഈങ്ങനെ അരുൾചെയ്തു: അല്ലയോ മഹാരാജൻ!, അങ്ങയുടെ വാക്കുകൾ പ്രിയം ഉളവാക്കുന്നതും സത്യവും കുലമഹിയ്ക്കുചേർന്നതും ധർമ്മയുക്തവും യശസ്കരവുമാണു. അതിൽ സംശയിക്കുവാനൊന്നുംതന്നെയില്ല. കാരണം. ആ ധർമ്മാചരണത്തിൽ ശുക്രാദികളും, അങ്ങയുടെ മുത്തച്ഛൻ പ്രഹ്ലാദരും അങ്ങേയ്ക്ക് മാതൃകയാണല്ലോ!. ബ്രാഹ്മണർക്ക് ഭിക്ഷ കൊടുക്കാത്തവരായും, ഒരിക്കൽ കൊടുക്കാമെന്നു് പറഞ്ഞിട്ടു് പിന്നീടൊഴിഞ്ഞുമാറിയവരായും ആരുംതന്നെ അങ്ങയുടെ കുലത്തിൽ പിറന്നിട്ടില്ല. ദാനത്തിനായോ യുദ്ധത്തിനായോ ആഗ്രഹിച്ചെത്തുന്നവരെ മടക്കിയയയ്ക്കുന്ന ഒരു പാരമ്പര്യവും അങ്ങയുടെ കുടുംബത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല. ആകാശത്തിൽ പൂർണ്ണചന്ദ്രനെന്നതുപോലെയല്ലേ, ശുദ്ധനും കീർത്തിമാനുമായ പ്രഹ്ലാദൻ അങ്ങയുടെ വംശത്തിൽ തിലകക്കുറിയായി വർത്തിക്കുന്നതു?.

ഹിരണ്യാക്ഷൻ എന്ന വീരൻ ഗദയുമേന്തി ദിഗ്വിജയത്തിനായി ഈ ലോകമെമ്പാടും ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടും തനിക്കുപോന്ന ഒരെതിരാളിയെ അവനു് കാണാൻ കഴിഞ്ഞില്ല. പണ്ട്, വരാഹരൂപം പൂണ്ട് ഭഗവാൻ ശ്രീഹരി ഭൂമിയെ ഉദ്ധരിച്ചുകൊണ്ടുവരുമ്പോൾ എതിരിട്ടുവന്ന ആ ഹിരണ്യാക്ഷനെ വളരെ പ്രയാസത്തോടെ ജയിച്ചുവെങ്കിലും അവന്റെ പരാക്രമത്തെ കണക്കിലെടുത്തുനോക്കുമ്പോൾ അതൊരു വിജയമായി ഭഗവാൻ കണക്കാക്കിയില്ല. അതിനുശേഷം, അവൻ വധിക്കപ്പെട്ടുവെന്നുകേട്ടപ്പോൾ സഹോദരനായ ഹിരണ്യകശിപു കോപിച്ചുകൊണ്ട് ഹരിയെ കൊല്ലുവാനൊരുമ്പെട്ട് അവന്റെ ധാമത്തിലേക്ക് പോകുകയുണ്ടായി. അന്ന് ശൂലവുമേന്തി കാലനെപ്പോലെ തനിക്കുനേരേ വരുന്ന ആ ഹിരണ്യകശിപുവിനെ കണ്ടിട്ട് കാലജ്ഞനും മായാവികളിൽ ശ്രേഷ്ഠനുമായ ഭഗവാൻ ചിന്തിക്കുകയുണ്ടായി: ജീവഭൂതങ്ങൾക്കുപിറകേ കാലമെന്നോണം, എവിടെയൊക്കെ ഞാൻ പോയാലും ഇവൻ എന്റെ പിന്നാലെയുണ്ടു. അതുകൊണ്ട് പുറത്തേക്കുമാത്രം നോക്കുവാൻ കഴിയുന്ന ഇവന്റെ ഹൃദയത്തിലേക്ക് കടക്കുന്നതാണു് ബുദ്ധി. അല്ലയോ അസുരേന്ദ്രാ!, അങ്ങനെ ചിന്തിച്ചുകൊണ്ട് ഭഗവാൻ അന്ന് അവന്റെ നാസാരന്ധ്രത്തിലൂടെ ശ്വാസവായുവാൽ മറഞ്ഞുകൊണ്ട് അകത്തേയ്ക്ക് കടന്നു. വിഷ്ണുലോകത്തിലെത്തി അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞിട്ടും ഭഗവാനെ കാണാഞ്ഞതിൽ ഹിരണ്യകശിപു ക്രോധം കൊണ്ടലറി. പിന്നെ ഭൂമിയിലും, സ്വർഗ്ഗത്തും, സകലദിക്കുകളിലും, ആകാശത്തിലും, അധോലോകങ്ങളിലും, സമുദ്രങ്ങളിലുമെല്ലാം തിരഞ്ഞിട്ടും വിഷ്ണുവിനെ കണ്ടുപിടിക്കുവാൻ അവനു് കഴിഞ്ഞില്ല. ഒടുവിൽ എങ്ങും കാണാതെയായപ്പോൾ അവൻ ഇങ്ങനെ പറയുകയുണ്ടായി: ഞാൻ ആ വിഷ്ണുവിനെ ഈ ലോകം മുഴുവൻ അന്വേഷിച്ചുകഴിഞ്ഞു. ഒരിക്കൽ എത്തപ്പെട്ടാതിരിച്ചുവരവില്ലാത്ത ആ ദിക്കിലേക്ക് എന്റെ സഹോദരനെ കൊന്നവൻ തീർച്ചയായും പോയിട്ടുണ്ടാകും.

വാമനൻ പറഞ്ഞു: ഹേ രാജൻ!, ഈ ലോകത്തിൽ ശത്രുതയ്ക്കുള്ള കാലദൈർഘ്യം ശത്രുവിന്റെ മരണംവരെ മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ. കോപമെന്നത് അജ്ഞാനത്തിൽനിന്നുണ്ടാകുന്നതും അഹങ്കാരത്താൽ വളർത്തപ്പെടുന്നതുമാണു. രാജൻ!, അങ്ങയുടെ പിതാവു് പ്രഹ്ലാദപുത്രനായ വിരോചനനാണു. അദ്ദേഹം ഒരിക്കൽ ബ്രാഹ്മണവേഷം ധരിച്ചുവന്ന ദേവന്മാർക്ക്, അവർ ദേവന്മാരാണെന്നറിഞ്ഞുകൊണ്ടുതന്നെ, തന്റെ ആയുസ്സിനെ ദാനം ചെയ്തവനായിരുന്നു. ഗൃഹസ്ഥബ്രാഹ്മണരെപ്പോലെ, ശൂരന്മാരായ അങ്ങയുടെ പൂർവ്വികന്മാരെപ്പോലെ, ഉദ്ദാമമായ കീർത്തിയോടുകൂടിയ മറ്റുള്ളവരെപ്പോലെ, അങ്ങും ധർമ്മങ്ങളെ അനുഷ്ഠിച്ചിട്ടുള്ളവനാണു. അതുകൊണ്ട്, അല്ലയോ അസുരാധിപതേ!, ദർഷഭനായ അങ്ങിൽനിന്നും എന്റെ കാലുകൊണ്ടു് ഞാൻതന്നെ അളെന്നുടുക്കുന്ന മൂന്നടി ഭൂമിയെ മാത്രം ഞാൻ വരിച്ചുകൊള്ളാം. ഈ ലോകങ്ങളുടെയെല്ലാം ഈശ്വരനും അത്യുദാരനുമായ അങ്ങയിൽനിന്നും മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. മാത്രമല്ല, വേണ്ടുന്നതുമാത്രം സ്വീകരിക്കുന്ന വിവേകിയായവൻ ഒരിക്കലും പാപം നേടുകയില്ല.

അതുകേട്ട് മഹാബലി ചക്രവർത്തി പറഞ്ഞു: അല്ലയോ ബ്രാഹ്മണകുമാരാ!, അതിശയമായിരിക്കുന്നു!. അങ്ങയെ മുതിർന്നവർ പോലും അംഗീകരിച്ചുവെന്നുള്ളതു സത്യമാണു. എങ്കിലും, അങ്ങ് ബുദ്ധി വളർന്നിട്ടില്ലാത്ത ഒരു കുട്ടിയായതിനാൽ തൻകാര്യത്തെക്കുറിച്ച് വേണ്ടവണ്ണം അറിയുന്നവനല്ല. ഇക്കണ്ട ലോകങ്ങൾക്കെല്ലാം ഈശ്വരനും, ഒരു ദ്വീപിനെതന്നെ ദാനം ചെയ്യുവാൻ കഴിവുള്ളവനുമായ എന്നെ വേണ്ടത്ര മനസ്സിലാക്കിക്കഴിഞ്ഞിട്ടും മൂന്നടി ഭൂമി മാത്രം യാചിക്കുന്നവൻ ബുദ്ധിയില്ലാത്തവനാണു. ഹേ കുമാരാ!, എന്നെ സമീപിച്ചതിനുശേഷം യാതൊരുത്തരും മറ്റുള്ളവരോടു് യാചിക്കുവാനുള്ള ഇടയുണ്ടാകാൻ പാടില്ല. ആയതിനാൽ, ജീവിക്കുവാൻ വേണ്ടുന്നത്ര ഭൂമിയെ ഇഷ്ടമനുസരിച്ച് എന്നിൽനിന്നും വരിച്ചുകൊള്ളുക.

ഭഗവാൻ പറഞ്ഞു: അല്ലയോ രാജൻ!, മൂന്നുലോകങ്ങളിലും എന്തെല്ലാംതന്നെ വിഷയങ്ങളുണ്ടായാലും ഇന്ദ്രിയനിഗ്രഹം ചെയ്യാത്തവനെ അവയ്ക്കൊന്നിനും സംതൃപ്തനാക്കുവാൻ കഴിയുകയില്ല. മൂന്നടികൊണ്ടു് തൃപ്തനാകാത്തവൻ ഒമ്പതു് ഭൂഖണ്ഡങ്ങൾ ചേർന്ന ഒരു ദ്വീപു് കിട്ടിയാൽത്തന്നെയും എഴു് ഭൂഖണ്ഡങ്ങളേയും നേടുവാനുള്ള ഇച്ഛയാൽ ഒരിക്കലും തൃപ്തനാകുകയില്ല. സപ്തദ്വീപുകളേയും സ്വന്തമാക്കിയിട്ടും പൃഥു, ഗയൻ തുടങ്ങിയ രാജാക്കന്മാരുടെ അർത്ഥകാമങ്ങൾക്ക് അറുതിവന്നിട്ടില്ലെന്നാണു കേട്ടിട്ടുള്ളതു. യാദൃശ്ചികമായി കിട്ടുന്നതിൽ സന്തോഷിക്കുന്നവൻ എന്നും സുഖമായി ഇരിക്കുന്നു. എന്നാൽ, കിട്ടിയതിലൊന്നിലും സന്തോഷം കണ്ടെത്താത്ത അജിതേന്ദ്രിയനാകട്ടെ, മൂലോകങ്ങളും ലഭിച്ചാലും അതൃപ്തനായിത്തന്നെയിരിക്കുന്നു. അർത്ഥകാമങ്ങളെ അപേക്ഷിച്ചുനിൽക്കുന്ന ഈ അസംതൃപ്തിയാണു് ജീവനെ സംസാരത്തിൽ തളച്ചിടുന്നതു. ദൈവവിധിയാൽ ലഭ്യമാകുന്നതിൽ സന്തുഷ്ടിയടയുന്നവൻ സംസാരത്തിൽനിന്നും മുക്തനാകുന്നുവെന്നാണു് പറയപ്പെടുന്നതു. യദൃശ്ചയാ കിട്ടുന്നതിൽ തൃപ്തനാകുന്ന ബ്രാഹ്മണന്റെ തേജസ്സ് എന്നെന്നും വർദ്ധിക്കുന്നു. എന്നാൽ, അസന്തുഷ്ടിമൂലം അത്, അഗ്നി ജലത്താൽ കെട്ടുപോകുന്നതുപോലെ, നശിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, അല്ലയോ രാജൻ!, ഉദാരനായ അങ്ങയിൽനിന്ന് മൂന്നടി മണ്ണമാത്രം ഞാൻ വരിക്കുന്നു. അത്രമാത്രംകൊണ്ട് ഞാൻ സിദ്ധനാണു. കാരണം, സമ്പത്ത് എപ്പോഴും ആവശ്യത്തിനുമാത്രമാകുന്നതാണു ശ്രേയസ്കരം.

ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്തേ!, ഭഗവദ്വചനം കേട്ട് ചിരിച്ചുകൊണ്ട് ഇച്ഛിച്ചതുപോലെ പ്രതിഗ്രഹിച്ചുകൊണ്ടാലും എന്നുപറഞ്ഞു് വാമനന് മൂന്നടി ഭൂമിയെ ദാനം ചെയ്യുവാനായി മഹാബലി ജലഭാജനത്തെ കൈയ്യിലെടുത്തു. ആ സമയം, ജ്ഞാനികളിൽ അഗ്രഗണ്യനായ ശുക്രാചാര്യർ ഭഗവാന്റെ ഉദ്ദേശത്ത മനസ്സിലാക്കിക്കൊണ്ട് വിഷ്ണുഭഗവാനായി ഭൂമിയെ ദാനം ചെയ്യാനൊരുങ്ങിനിൽക്കുന്ന തന്റെ ശിഷ്യനായ മഹാബലിയോടു് പറഞ്ഞു: ഹേ അസുരരാജാവേ!, ഈ വന്നിരിക്കുന്നതു് അവ്യയനായ സാക്ഷാത് മഹാവിഷ്ണുതന്നെയാണു. ദേവകാര്യത്തെ സാധിപ്പിക്കുവാനായി അദിതിയുടെ ഗർഭത്തിൽ കശ്യപനു് പുത്രനായി അവതാരം കൊണ്ടവനാണിവൻ. സംഭവിക്കാൻ പോകുന്ന വിപത്തിനെക്കുറിച്ച് ബോധവാനാല്ലാത്ത നീ ഈ വിഷ്ണുവിന് മൂന്നടി ഭൂമി ദാനം ചെയ്യാമെന്ന് വാക്കുകൊടുത്തത് ഒട്ടും നന്നായില്ല. അസുരന്മാരെ സംബന്ധിച്ചിടത്തോളം വലിയ അന്യായമാണു് ഇപ്പോൾ സംഭവിച്ചിരിക്കുന്നതു. സ്വമായയാൽ വടുരൂപം പൂണ്ടുവന്നിരിക്കുന്ന ഈ വിഷ്ണു നിന്റെ സ്ഥാനത്തേയും ഐശ്വര്യത്തേയും ശ്രീത്വത്തേയും, തേജസ്സിനേയും, കീർത്തിയേയും പിടിച്ചടക്കി ദേവേന്ദ്രനു് സമ്മാനിക്കുവാൻ പോകുകയാണു. വിശ്വാകാരനായ ഈ വിഷ്ണു മൂന്നടികൊണ്ടുതന്നെ ഈ ലോകങ്ങളെല്ലാം അളന്നെടുക്കും. ഹേ മൂഢാ!, സർവ്വസ്വവും ഈ വിഷ്ണുവിനു് നൽകിയതിനുശേഷം നീയെങ്ങെനെയാണു് ജീവിക്കുവാൻ പോകുന്നതു?. ആദ്യത്തെ ചുവടാൽ ഭൂമിയും, രണ്ടാമത്തേതിൽ സ്വർഗ്ഗവും അന്തരീക്ഷവും അളന്നെടുത്താൽ പിന്നെ മൂന്നാമത്തെ അടി വയ്ക്കാൻ എന്തായിരിക്കും ഇവിടെ ബാക്കിയുള്ളതു?. നിനക്കീ വാഗ്ദാനത്തെ നിറവേറ്റാൻ കഴിയുമെന്ന് എനിക്കുതോന്നുന്നില്ല. അങ്ങനെയെങ്കിൽ, ചെയ്യപ്പെട്ട വാഗ്ദാനത്തെ നിറവേറ്റാൻ കഴിയാത്ത അങ്ങയുടെ ഗതി ഇനി നരകത്തിൽതന്നെയാണെന്നാണു് എനിക്ക് തോന്നുന്നതു.

സ്വന്തം നിലനില്പിനു് അപകടം വരുത്തുന്ന ദാനത്തെ ആരുംതന്നെ പ്രശംസിക്കുകയില്ല. കാരണം, ലോകത്തിൽ സ്വദേഹരക്ഷ ചെയ്യാൻ കഴിവുള്ളവനുമാത്രമാണു് ദാനവും യജ്ഞവും തപസ്സും കർമ്മവുമൊക്കെ സാധ്യമാകുന്നതു. ധർമ്മത്തെ ചെയ്യുവാനും, യശസ്സ് നേടുന്നതിനും, സമ്പാദിക്കുന്നതിനും, സുഖഭോഗങ്ങളെ അനുഭവിക്കുന്നതിനും, സ്വജനങ്ങൾക്കായും സമ്പത്തിനെ അഞ്ചുവിധമായി മറ്റിവയ്ക്കുന്നവൻ ഈ ലോകത്തിലും അടുത്തലോകത്തിലും സുഖിക്കുന്നവനാകുന്നു. ഹേ അസുരശ്രേഷ്ഠാ!, ഇക്കാര്യത്തിൽ ബഹ്വൃചങ്ങൾ എന്ന ശ്രുതിസംഹിതകൾ പറയുന്നതിനെ എന്നിൽനിന്നും കേട്ടറിഞ്ഞാലും. ഓം [ഓ, ശരി] എന്ന വാക്കിനാൽ അംഗീകരിക്കപ്പെടുന്നത് സത്യവും [ഇല്ല] എന്നുച്ചരിച്ച് നിഷേധിക്കപ്പെടുന്നത് അസത്യമായും ഗണിക്കേണ്ടതാണു. ശ്രുതി പറയുന്നത് സത്യമെന്നത് ദേഹമാകുന്ന വൃക്ഷത്തിലുണ്ടാകുന്ന പൂക്കളും ഫലങ്ങളുമാണെന്നാണു. സ്വയമേവ അസത്യത്തിൽ അധിഷ്ഠിതമായിരിക്കുന്ന ഈ ദേഹം നിർജ്ജീവമായിരിക്കുമ്പോൾ ആ പുഷ്പഫലങ്ങൾ ഈ ദേഹവൃക്ഷത്തിൽ ഉണ്ടാകുന്നില്ല.  വേരറ്റുപോകുന്ന വൃക്ഷം ഉണങ്ങിപ്പോകുകയും പെട്ടെന്നുതന്നെ നിലംപൊത്തുകയും ചെയ്യുന്നു. അതുപോലെ, അസത്യത്തിൽ അധിഷ്ഠിമാകുന്ന ഈ ശരീരവും താമസിയാതെ ശോഷിക്കുന്നുവെന്നുള്ളതിൽ ഒട്ടുംതന്നെ സന്ദേഹമില്ല. ഓം [ഓ തരാം] എന്ന അംഗീകാരവാക്ക് ഉച്ചരിക്കുന്നതോടെ അത് പറയുന്നവന്റെ പക്കലുള്ളത് അവനെ വിട്ടുപോകുകയോ, ആ വസ്തുവിൽനിന്നും അവന്റെ ആസക്തി അകലുകയോ ചെയ്യുന്നു. അങ്ങനെ പറയുന്ന നിമിഷംതന്നെ ആ വസ്തു അവന്റേതല്ലാതായിത്തീരുന്നു. ഇങ്ങനെ, സർവ്വസ്വവും ചോദിക്കുന്നവനു് കൊടുക്കാമെന്ന പറയുന്നവന്റെ പക്കൽ തനിക്കുവേണ്ടുന്നതായ വസ്തുക്കൾ പര്യാപ്തഭാവത്തിലുണ്ടാകുകയില്ല. എന്നാൽ, [ഇല്ല] എന്ന അനൃതവചനം ചെയ്യുന്നവനു് ഒരിക്കലും അർത്ഥനാശം സംഭവിക്കുന്നില്ലെന്നുമാത്രമല്ല, പരന്റെ സ്വത്തുക്കൾ കൂടി തന്നിലേക്കു് വന്നുചേരുകയും ചെയ്യുന്നു. എങ്കിലും, എപ്പോഴും ഇല്ല എന്നുമാത്രം പറയുന്നവൻ ദുഷ്കീർത്തിമാനായി ഭവിക്കുകയും, കേവലം ഒരു ജീവച്ഛവമായി ജീവിക്കുകയും ചെയ്യുന്നവനാണെന്നറിയുക. അതുകൊണ്ട്, സ്ത്രീകളെ വശീകരിക്കുവാൻ ശ്രമിക്കുമ്പോഴും, തമാശ പറയുമ്പോഴും, വിവാഹാവസരങ്ങളിലും, ജീവിതവൃത്തിക്കുവേണ്ടിയും, ജീവനു് അപായം സംഭവിക്കുന്ന സമയത്തും, പശുക്കളേയും ബ്രാഹ്മണരേയും രക്ഷിക്കുവാൻ ശ്രമിക്കുന്ന വേളയിലും, മറ്റാർക്കെങ്കിലും പ്രാണഹാനി സംഭവിക്കുമ്പോഴും അസത്യഭാഷണം നിന്ദിക്കപ്പെട്ടതായി കണക്കാക്കുന്നില്ല.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പത്തൊമ്പതാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.


Previous    Next






Vamanamoorthi begs piece of three feet of land from King Mahabali