Mahabali goes to Suthala and Indra goes to Heaven എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Mahabali goes to Suthala and Indra goes to Heaven എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, നവംബർ 9, ശനിയാഴ്‌ച

8.23 മഹാബലി സുതലത്തിലേക്കു് പോകുന്നതും, ഇന്ദ്രനു് സ്വർഗ്ഗലോകം വീണ്ടുകിട്ടുന്നതും.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 23
(മഹാബലി സുതലത്തിലേക്കു് പോകുന്നതും, ഇന്ദ്രനു് സ്വർഗ്ഗലോകം വീണ്ടുകിട്ടുന്നതും.)


ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: രാജൻ!, ഭഗവാൻ വാമനമൂർത്തി ഇങ്ങനെ അരുളിച്ചെയ്തനേരം മഹാനുഭാവനായ മഹാബലി തൊഴുകൈയ്യോടെ, കണ്ണീർ നിറഞ്ഞുകലങ്ങിയ കണ്ണുകളോടെ, നിറഞ്ഞ ഭക്തിയോടെ, ഗദ്ഗദത്തോടെ ഇപ്രകാരം പറഞ്ഞു: ഭഗവാനേ!, അവിടുത്തെ പാദത്തിൽ നമസ്ക്കരിക്കുവാനുള്ള ഇച്ഛപോലും ഭക്തന്മാരുടെ സർവ്വാഭീഷ്ടവും സാധൂകരിക്കുന്നു. ഞാൻ ആ തൃപ്പാദത്തിൽ വീണുനമസക്കരിക്കുവാൻ തുടങ്ങിയപ്പോഴേക്കും ഇന്ദ്രാദി ദേവന്മാർക്കുപോലും നാളിതുവരെ ലഭിച്ചിട്ടില്ലാത്ത മഹൈശ്വര്യത്തെത്തന്നു് അങ്ങു് അധമനായ ഈയുള്ളവനെ അനുഗ്രഹിച്ചുകഴിഞ്ഞു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ടു് മഹാബലി ബന്ധനത്തിൽനിന്നും മുക്തനായി ഭഗവാനേയും മഹാദേവനോടൊപ്പം നിന്നരുളുന്ന ബ്രഹ്മദേവനേയും നമസ്ക്കരിച്ചതിനുശേഷം, പ്രീതനായി അസുരന്മാരോടൊപ്പം സുതലലോകത്തിലേക്കു് യാത്രയായി. അതോടൊപ്പം ദേവേന്ദ്രനു് സ്വർഗ്ഗത്തെ വീണ്ടുനൽകി ഭഗവാൻ അദിതിയുടെ ദുഃഖത്തേയും തീർത്തരുളി. കൂടെ സർവ്വലോകങ്ങളേയും കാത്തുരക്ഷിച്ചു. തന്റെ പൌത്രനായ മഹാബലിയെ മുക്തനാക്കിയതും വരപ്രസാദം നൽകിയനുഗ്രഹിച്ചതും കണ്ടു് സന്തോഷവാനായ പ്രഹ്ലാദൻ ഭക്തിയോടെ ഇങ്ങനെ പറഞ്ഞു: ഭഗവാനേ!, നിന്തിരുവടിയുടെ ഈ അനുഗ്രഹം ബ്രഹ്മദേവനോ ലക്ഷ്മീഭഗവതിക്കോ രുദ്രനോ പോലും സിദ്ധിച്ചിട്ടില്ല. സകലലോകവന്ദിതന്മാരാൽ‌പോലും വന്ദിക്കപ്പെടുന്ന അങ്ങു് അസുരന്മാരായ ഞങ്ങളുടെ രക്ഷകനായി ഭവിച്ചിരിക്കുന്നു. അല്ലയോ ഭഗവാനേ!, ബ്രഹ്മാദിദേവന്മാർക്കുപോലും ഐശ്വര്യസിദ്ധിയുണ്ടാകുന്നതു് അവർ സദാ അവിടുത്തെ പദകമലത്തെ ആശ്രയിക്കുന്നതുകൊണ്ടാണു. എന്നാൽ, എങ്ങനെയാണു് ദുർവൃത്തജാതികളായ ഞങ്ങൾ അസുരന്മാരിൽ അങ്ങയുടെ ഔദാര്യയുക്തമായ വീക്ഷണമുണ്ടായിരിക്കുന്നതു? ഭഗവാനേ!, ഈ പ്രപഞ്ചം അനിർവചനീയമായ അവിടുത്തെ മായയാൽ നിർമ്മിതമാണു. സർവ്വജ്ഞനും സർവ്വാന്തര്യാമിയും സമദർശിയുമായ അവിടുത്തെ ലീലകൾ അത്ഭുതകരമായിരിക്കുന്നു. ഒരു കല്പവൃക്ഷത്തെപ്പോലെ അങ്ങു് ഭക്തന്മാരിൽ പ്രീതിയോടുകൂടി വർത്തിക്കുന്നു.

ശ്രീഭഗവാൻ പറഞ്ഞു: കുഞ്ഞേ!, നിനക്കു് മംഗളം ഭവിക്കട്ടെ!. നീ‍ സുതലത്തിലേക്കു് പോകുക!. അവിടെ സ്വന്തം പൌത്രനോടൊത്തു് സന്തോഷത്തോടെ സർവ്വർക്കും സൌഖ്യമരുളുക. അവിടെ നീ എന്നും ഗദാപാണിയായ എന്നെ ദർശിക്കുകയും, ആ ദർശനത്താൽ കർമ്മബന്ധങ്ങളറ്റവനായി ഭവിക്കുകയും ചെയ്യും.

ശ്രീശുകൻ തുടർന്നു: രാജാവേ!, അസുരന്മാരുടെ അധിപതിയായ പ്രഹ്ലാദൻ ഭഗവാന്റെ ആജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ടു് തൊഴുകൈയ്യോടെ നാരായണസ്വാമിയെ പ്രദക്ഷിണം ചെയ്തുനമസ്ക്കരിച്ചു് മഹാബലിയോടൊപ്പം സുതലത്തിലെത്തിച്ചേർന്നു. അനന്തരം, സദസ്സിൽ ഋത്വിക്കുകൾക്കൊപ്പമിരിക്കുന്ന ശുക്രാചാര്യരോടു് ഭഗവാൻ പറഞ്ഞു: അല്ലയോ ബ്രാഹ്മണാ!, അങ്ങയുടെ ശിഷ്യൻ ബലിക്കു് യജ്ഞത്തിലുണ്ടായ കുറവുകളെ അങ്ങു് പരിഹരിച്ചാലും. ഗുരുക്കന്മാരുടെ ദർശനത്താൽത്തന്നെ ശിഷ്യന്മാരുടെ കർമ്മന്യൂനതകൾ അകന്നുപോകുന്നു.

ശുക്രാചാര്യർ പറഞ്ഞു: കർമ്മേശ്വരനും യജ്ഞേശ്വരനും യജ്ഞപുരുഷനുമായ നിന്തിരുവടി പൂജിതനായ ഈ യജ്ഞത്തിൽ ബലിയാലുണ്ടായ ഏതു് കുറവിനാണു് പ്രസക്തിയുള്ളതു?. മന്ത്രത്തിലോ തന്ത്രത്തിലോ ദേശകാലങ്ങളിലോ ഉണ്ടായേക്കാവുന്ന യാതൊരു കുറവുകളും അവിടുത്തെ നാമോച്ചാരണത്താൽ സാധൂകരിക്കപ്പെടുന്നു. ഭ്രൂമൻ!, എങ്കിലും അവിടുത്തെ കല്പനെ ചെയ്തുകൊള്ളാം. നിന്തിരുവടിയുടെ കല്പനകളെ നിറവേറ്റുക എന്നുള്ളതുമാത്രാണു് ജനങ്ങൾക്കിവിടെ ശ്രേയസ്ക്കരമായിട്ടുള്ളതു.

ശ്രീശുകൻ തുടർന്നു: രാജൻ!, വാമനദേവന്റെ ആദേശത്തെ അനുസരിച്ചു് ശുക്രാചാര്യൻ ബ്രാഹ്മണരോടും ഋഷികളോടുമൊത്തു് ബലിയുടെ യാഗത്തിലുണ്ടായ ന്യൂനതകളെ പരിഹരിച്ചു. ഇപ്രകാരം ഭഗവാൻ ശ്രീഹരി വാമനവേഷം ധരിച്ചു് മൂവടി ഭൂമി യാചിക്കുവാനെന്ന വ്യാജേന ബലിയുടെയടുക്കൽ ചെന്നു് ശത്രുക്കൾ തട്ടിയെടുത്ത സ്വർഗ്ഗലോകത്തെ ദേവേന്ദ്രനു് വീണ്ടുനൽകി. ബ്രഹ്മദേവനാകട്ടെ, ദേവന്മാർ, പിതൃക്കൾ, മനുക്കൾ, ദക്ഷൻ, ഭൃഗു, അംഗിരസ്സു്, സനകാദികൾ, മഹാദേവൻ എന്നിവരോടുകൂടി, കശ്യപാദിതിദമ്പതികളുടെ പ്രീതിക്കായും, സർവ്വഭൂതങ്ങളുടേയും ക്ഷേമത്തിനായും, സർവ്വലോകങ്ങളുടേയും അവയുടെ പാലകന്മാരുടേയും പാലകനായിട്ടു് വാമനദേവനെ വാഴിച്ചു. വേദങ്ങളുടേയും, ദേവന്മാരുടേയും, ധർമ്മത്തിന്റേയും, യശസ്സിന്റേയും, സമ്പത്തിന്റേയും, മംഗളങ്ങളുടേയും, വ്രതങ്ങളുടേയും, സ്വർഗ്ഗത്തിന്റേയും, മോക്ഷത്തിന്റേയും രക്ഷയ്ക്കായി വാമനമൂർത്തിയെ അവർ ഉപേന്ദ്രനായി വാഴിച്ചു. ആ സമയത്തു് സകലലോകർക്കും അത്യന്തം ആനന്ദമുളവായി. തുടർന്നു്, ബ്രഹ്മദേവനാൽ വാഴ്ത്തപ്പെട്ടു് ദേവേന്ദ്രൻ വാമനമൂർത്തിയെ ലോകപാലകന്മാർക്കൊപ്പം ദേവലോകത്തിലേക്കു് കൊണ്ടുപോയി. സ്വർഗ്ഗം കൈവന്നതിനുശേഷം, ഇന്ദ്രൻ ഉപേന്ദ്രനായ വാമനമൂർത്തിയുടെ ബലത്താൽ സർവ്വൈശ്വര്യങ്ങളേയും അനുഭവിച്ചുകൊണ്ടു് അവിടെ നിർഭയം വാണു.

അല്ലയോ പരീക്ഷിത്തുരാജാവേ!, ബ്രഹ്മദേവനും രുദ്രനും സനത്കുമാരന്മാരും ഭൃഗു തുടങ്ങിയ മുനിമാരും പിതൃക്കളും സിദ്ധന്മാരും സർവ്വഭൂതങ്ങളും വിഷ്ണുഭഗവാന്റെ മഹിമയെ വാഴ്ത്തിസ്തുതിച്ചു. തുടർന്നു്, അദിതിയേയും ആശീർവദിച്ചുകൊണ്ടു് അവരെല്ലാം സ്വസ്ഥാനങ്ങളിലേക്കു് മടങ്ങി. അല്ലയോ രാജൻ!, ശ്രവണമാത്രയിൽ ശ്രോതാക്കളുടെ സർവ്വപാപവും തീർക്കുന്ന വാമനമൂർത്തിയുടെ അവതാരകഥയെ ഇങ്ങനെ അങ്ങേയ്ക്കുവേണ്ടി ഞാൻ പറഞ്ഞുകഴിഞ്ഞു. ഭഗവദ്‌ലീലകളുടെ അറ്റമറിഞ്ഞിരിക്കുന്നവൻ തീർച്ചയായും ഭൂമിയിലെ മൺ‌തരികളെ എണ്ണിത്തിട്ടപ്പെടുത്തിയവനായിരിക്കും. പിറന്നവനോ, അഥവാ ഇനി പിറക്കാനിരിക്കുന്നവനോ ആയ യാതൊരുവനും നിസ്സീമമായ ഭഗവദ്മഹികളുടെ അറ്റം കണ്ടുപിടിക്കാനാകുമോ? എന്നിങ്ങനെ വസിഷ്ഠമഹർഷി ഒരിക്കൽ അത്യാശ്ചര്യത്തോടെ ചോദിക്കുകയുണ്ടായി. ദേവദേവനായ ശ്രീമഹാവിഷ്ണുവിന്റെ ഈ പറഞ്ഞ വാമനാവതാരകഥയെ കേൾക്കുന്നവൻ സത്ഗതിയെ പ്രാപിക്കുന്നതാണു. ദേവപ്രീത്യർത്ഥമോ, പിതൃപ്രീത്യർത്ഥമോ, മനുഷ്യപ്രീത്യർത്ഥമോ, കർമ്മം ഏതുമാകട്ടെ, അതിൽ വാമനചരിതത്തിന്റെ അനുകീർത്തനം ആ കർമ്മങ്ങളെ സുകൃതമാക്കിത്തീർക്കുന്നുവെന്നു് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഇരുപത്തിമൂന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.


Previous    Next






Mahabali goes to Suthala and Indra goes to Heaven