2019, സെപ്റ്റംബർ 14, ശനിയാഴ്‌ച

7.14 ഗൃഹസ്ഥാശ്രമധർമ്മം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 14
(ഗൃഹസ്ഥാശ്രമധർമ്മം.)


ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്തുരാജാവേ!, ബ്രഹ്മചര്യാശ്രമത്തെക്കുറിച്ചു് സംസാരിച്ചതിനുശേഷം നാരദർ യുധിഷ്ഠിരരോടു് വാനപ്രസ്ഥാശ്രമത്തെക്കുറിച്ചായിരുന്നല്ലോ പറഞ്ഞിരുന്നതു. അതുകേട്ടപ്പോൾ, യുധിഷ്ഠിരരിൽ ഗൃഹസ്ഥാശ്രമികൾക്കു് മോക്ഷം സിദ്ധിക്കില്ലയോ എന്ന സംശയമുദിച്ചു. അതറിയുവാനുള്ള ഇച്ഛയോടുകൂടി അദ്ദേഹം നാരദരോടു് ചോദിച്ചു: ഹേ ദേവർഷേ!, കുടുംബത്തിൽ ആസക്തരായിക്കഴിയുന്ന എന്നെപ്പോലുള്ള ഗൃഹസ്ഥാശ്രമികൾക്കു് സനാതനധർമ്മാനുഷ്ഠാനത്തിലൂടെ മുക്തിയെ പ്രാപിക്കുവാൻ എങ്ങനെയാണു് സാധിക്കുക?.

നാരദർ പറഞ്ഞു: ഹേ ധർമ്മപുത്രമഹാരാജൻ!, ഗൃഹസ്ഥന്മാർ ഗൃഹസ്ഥവൃത്തികളെ വിധിയാംവണ്ണം അനുഷ്ഠിച്ചു് അവയെ വാസുദേവനിൽ അർപ്പിച്ചു് ജീവിക്കണം. മാഹാത്മാക്കളോടു് സംഗം ചേർന്നുകൊണ്ടു്, അവസരം കിട്ടുമ്പോഴൊക്കെ അവരിൽനിന്നും ശ്രീഹരിയുടെ കഥാമൃതങ്ങളെ ഭക്തിയോടെ കേട്ടുകൊണ്ടു് അവരോടൊപ്പം വർത്തിച്ചുകൊള്ളണം. സത്തുക്കളോടുള്ള സംഗത്താൽ, പുത്രകളത്രങ്ങളോടുള്ള ആസക്തി, ഉണർന്നുകഴിഞ്ഞാൽ സ്വപ്നത്തെയെന്നവണ്ണം, ഗൃഹസ്ഥാശ്രമി ഉപേക്ഷിക്കണം. ആവശ്യത്തിനുമാത്രമായി വിഷയങ്ങളെ അനുഭവിച്ചുകൊണ്ടു് ശരീരത്തിലും ഗൃഹത്തിലുമുള്ള ആസക്തി ഉള്ളുകൊണ്ടില്ലാതാക്കിയും, പുറമേ പ്രദർശിപ്പിച്ചും ജനമധ്യത്തിൽ അവർ വിഹരിക്കണം. ബന്ധുക്കളും, മാതാപിതാക്കന്മാരും, മക്കളും, സഹോദരന്മാരും, മറ്റുള്ള സുഹൃത്തുക്കളും എന്തൊക്കെ പറഞ്ഞാലും ആഗ്രഹിച്ചാലും അതിനെയൊക്കെ ആവുംവണ്ണം സാധിച്ചുകൊടുക്കുക. വൃഷ്ടിയാൽ ഭൂതലത്തിലുണ്ടാകുന്ന ധാന്യാദികളും, ഭൂമിയിൽനിന്നും ഖനനം ചെയ്തുകിട്ടുന്ന സ്വർണ്ണം മുതലായ സമ്പത്തുകളും മറ്റും സർവ്വേശ്വരന്റെ അനുഗ്രഹമായിക്കണ്ടു് അതിനെ സ്വയം അനുഭവിക്കുന്നതിലുപരി പൊതുനന്മയ്ക്കായി ഉപയോഗിക്കണം. മനുഷ്യർക്കു് സ്വന്തം നിലനിൽപ്പിനു് വേണ്ട ധനത്തിൽ മാത്രമേ അധികാരമുള്ളൂ. അധികമായി സിദ്ധിക്കുന്ന ധനത്തെ സ്വന്തമെന്നു് കരുതുന്നവൻ കള്ളനത്രേ!. മാത്രമല്ല, അവൻ ദണ്ഡനം അർഹിക്കുന്നവനുമാണു. സകലജീവഭൂതങ്ങളേയും സ്വന്തം മക്കളെപ്പോലെ കാണുവാനും ഒരു ഗൃഹസ്ഥാശ്രമിക്കു് കഴിയണം. അദ്ധ്യാത്മദൃഷ്ടിയിൽ അവയ്ക്കിടയിൽ യാതൊരു ഭേദവുമില്ലെന്നറിയണം.

ഗൃഹസ്ഥജീവിതം നയിക്കുന്നവനാണെന്നിരിക്കിലും ധർമ്മാർത്ഥകാമങ്ങളിൽ തീവ്രമായ ആസക്തിയെ വയ്ക്കുവാൻ പാടില്ല. അവർ സ്ഥലകാലങ്ങൾക്കനുസരിച്ചു് ദൈവദത്തമായി കിട്ടുന്നതെന്തിലും സംതൃപ്തരാകണം. ശരീരാത്മാക്കളെ ചേർത്തുനിർത്തുവാനായി മാത്രമേ അർത്ഥകാമങ്ങൾക്കായി യത്നിക്കാവൂ. കേവലം ധനസമ്പാദനാർത്ഥമായി ഒരിക്കലും ഉഗ്രകർമ്മങ്ങളിലേർപ്പെടരുതു. നായ്ക്കളേയും അതുപോലെ, തങ്ങൾക്കു് താഴെയുള്ളവരേയുമൊക്കെ യഥാവിധി അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു് സഹായിക്കണം. വീട്ടിൽ വരുന്ന അഥിതികളെ ഭാര്യയോടൊപ്പം ചേർന്നു് യഥാവിധി സ്വീകരിക്കണം. മനുഷ്യൻ സ്വന്തം ഭാര്യയ്ക്കുവേണ്ടി സ്വയത്തേയോ, മാതാപിതാക്കളേയോ, ഗുരുക്കന്മാരേയോ വധിക്കുന്നു. അതുകൊണ്ടു്, ഗൃഹസ്ഥാശ്രമി ഭാര്യയിൽ അത്യാസക്തനാകാൻ പാടില്ല. മലമൂത്രപാത്രങ്ങളായ ശരീരങ്ങളിൽ അമിതമായ ആസക്തിയുണ്ടാകാതെ ശ്രദ്ധിക്കണം. കാരണം, ഈവക കാര്യങ്ങളെല്ലാംത്തന്നെ ഒരു ഗൃഹസ്ഥാശ്രമിയെ ധർമ്മപദത്തിൽനിന്നും വ്യതിചലിപ്പിക്കുവാൻ പോന്ന ശക്തിമത്തായ മായാജാലങ്ങളാണു.

ഈശ്വരദത്തമായി ലഭിച്ചതിനെ ഭഗവദ്പ്രസാദമായി കണ്ടനുഭവിക്കുന്നവനും, അതിൽ കൂടുതലായി വന്നുചേരുന്നതിൽ തന്റേതെന്ന അധികാരബോധത്തെ ത്യജിക്കുന്നവനും മഹാത്മാക്കളുടെ പദവിയിലേക്കെത്തിച്ചേരുന്നു. ദേവന്മാരിലും, ഋഷികളിലും, മനുഷ്യരിലും മറ്റു് ഭൂതങ്ങളിലും, പിതൃക്കളിലും, തന്നിലും നിറഞ്ഞിരിക്കുന്നതു് ഒരേ ഈശ്വരനാണെന്ന ബോധത്തോടെ, അവരെയെല്ലാം ഈശ്വരദത്തമായ വിഹിതങ്ങളാൽ പ്രത്യേകം പ്രത്യേകമായി ആരാധിക്കണം. യാഗം ചെയ്യുവാനുള്ള അധികാരവും സമ്പത്തുമുള്ളവനാണെങ്കിൽ നിർദ്ദിഷ്ടമായ വിധികളോടുകൂടിയ അഗ്നിഹോത്രാദി യജ്ഞങ്ങൾ അനുഷ്ഠിക്കാവുന്നതാണു. രാജാവേ!, സകലയജ്ഞങ്ങളുടേയും ഭോക്താവായ ഭഗവാൻ ശ്രീനാരായണനു് അഗ്നിമുഖത്തുനിന്നും ലഭിക്കുന്ന യജ്ഞവിഹിതങ്ങളേക്കാൾ പ്രിയമായതു് ബ്രാഹ്മണമുഖത്തുനിന്നും ഭക്ത്യാ ലഭിക്കുന്ന ഹവിസ്സുകളാണു. അതുകൊണ്ടു് സകലഭൂതങ്ങളുടേയും ഹൃദയകമലത്തിൽ കുടികൊള്ളുന്ന ആ ശ്രീഹരിയെ യഥാശക്തി ഉപാസിക്കുക. വിത്തവാനായവൻ അന്തരിച്ച മാതാപിതാക്കൾക്കും മറ്റു് ബന്ധുജനങ്ങൾക്കുംവേണ്ടി ഭാദ്രപദത്തിലെ കൃഷ്ണപക്ഷത്തിൽ നിർവ്വഹിക്കേണ്ടതായ ശ്രാദ്ധത്തെ ചെയ്തുകൊള്ളണം. ഉത്തരദക്ഷിണങ്ങളായ അയനങ്ങളിലും, വിഷു ദിവസത്തിലും, വെളുത്തവാവും തിങ്കളാഴ്ചയും ഒന്നുചേരുന്ന വ്യതീപാദങ്ങളിലും, പഞ്ചദശിയുടെ അവസാനമായ ദിനക്ഷയത്തിലും, ചന്ദ്രസൂര്യന്മാരുടെ ഗ്രഹണസമയങ്ങളിലും, ദ്വാദശിയോടൊപ്പം തിരുവോണം മുതലുള്ള മൂന്നു് ദിവസങ്ങൾ ഒത്തുചേരുന്ന സമയങ്ങളിലും തർപ്പണാദികൾ ചെയ്യേണ്ടതാണു. കൂടാതെ, അക്ഷയത്രിതിയയിലും, കാർത്തികമാസത്തിലെ വെളുത്ത നവമിയിലും, ഹേമന്തത്തിലും ശിശിരത്തിലുമുള്ള അഷ്ടകാലദിവസങ്ങളിലും ശ്രാദ്ധം മുതലായവയെ അനുഷ്ഠിക്കണം. രാജൻ!, മകം നക്ഷത്രമൊത്തുചേരുന്ന സമ്പൂർണ്ണപൌർണ്ണമിനാളിലും, സമ്പൂർണ്ണപൌർണ്ണമിയുടേയോ ന്യൂനപൌർണ്ണമിയുടേയോ മാസനക്ഷത്രങ്ങൾ ഒത്തുവരുന്ന ദിവസങ്ങളിലും ശ്രാദ്ധം ചെയ്യാവുന്നതാണു. അനിഴം, തിരുവോണം, ഉത്രം, ഉത്രാടം, ഉത്രട്ടാതി, എന്നീ നക്ഷത്രങ്ങൾ ദ്വാദശിയോടോ ഏകാദശിയോടോ ചേർന്നുവരുമ്പോഴും ശ്രാദ്ധം, തർപ്പണം മുതലായവയെ ചെയ്യണം. ശ്രാദ്ധാദി പിതൃകർമ്മങ്ങൾക്കുപുറമേ, ഈ കാലങ്ങൾ മറ്റുള്ള പുണ്യകർമ്മങ്ങൾക്കും ഉചിതമായ സമയങ്ങളാണു. ഇക്കാലങ്ങളിൽ സത്ക്കർമ്മങ്ങൾ ചെയ്യുന്നതിലൂടെ മനുഷ്യനു് ഐശ്വര്യസിദ്ധിയുണ്ടാകുന്നു. പ്രത്യേകിച്ചു്, തീർത്ഥാടനം, നാമജപം, മറ്റു് വ്രതാനുഷ്ഠാനങ്ങൾ, ദേവപ്രീതി എന്നിവ ചെയ്യുകയും, പിതൃക്കൾക്കും മറ്റുള്ള ജീവഭൂതങ്ങൾക്കുമായി ദാനങ്ങൾ കൊടുക്കുകയും വഴി ശാശ്വതമായ ഫലങ്ങൾ സിദ്ധിക്കുന്നു. രാജാവേ!, ഗൃഹസ്ഥനായ മനുഷ്യൻ, തന്റേയും, ഭാര്യയുടേയും, മക്കളുടേയും വൈദികപരമായ ചടങ്ങുകൾ നടത്തുമ്പോഴും, കുടുംബത്തിൽ അന്തരിച്ചവരുടെ ശവദാഹകർമ്മങ്ങൾ, വാർഷികശ്രാദ്ധം മുതലായവ നടത്തുമ്പോഴും മറ്റും ദാനദർമ്മാധികൾ മുതലായ ശ്രേയസ്ക്കരങ്ങളായ കർമ്മങ്ങളെ ചെയ്യാൻ മറക്കരുതു.

രാജാവേ!, ഇനി ഞാൻ വൈദികകർമ്മങ്ങളാചരിക്കുവാൻ ശ്രേഷ്ഠമായ സ്ഥലങ്ങളെക്കുറിച്ചു് പറയാം. വൈഷ്ണവബ്രാഹ്മണരുള്ള പ്രദേശങ്ങളാണു് പ്രസ്തുതകർമ്മങ്ങൾക്കു് യോജിച്ചതു. സർവ്വചരാചരങ്ങളുമടങ്ങിയ ഈ പ്രപഞ്ചത്തിന്റെ ഏക ആശ്രയം ഭഗവാൻ ശ്രീഹരിതന്നെയാണു. അവനെ വച്ചാരാധിക്കുന്ന ക്ഷേത്രങ്ങൾ മേൽ‌പ്പറഞ്ഞ കർമ്മങ്ങൾക്കുത്തമമാണു. കൂടാതെ, ബ്രഹ്മചര്യം, വേദാധ്യയനം മുതലാവയെ ചെയ്യുന്ന പണ്ഡിതബ്രാഹ്മണരുള്ള സ്ഥലവും ശ്രേഷ്ഠകർമ്മങ്ങളുടെ ആചരണത്തിനു് അത്യുചിതമായി കരുതപ്പെടുന്നു. ഭഗവാൻ നാരായണൻ വാണരുളുന്ന ക്ഷേത്രങ്ങളും, അതുപോലെ പുരാണോക്തങ്ങളായ പുണ്യനദികളുമുള്ളിടവുമായ യാതൊരു ദേശം ധർമ്മാനുഷ്ഠാനങ്ങൾക്കു് യോഗ്യമായ സ്ഥലങ്ങളാണു. പുഷ്കരാദിസരോവരങ്ങൾ, മഹാത്മാക്കൾ അധിവസിക്കുന്ന പ്രദേശങ്ങൾ, ഗയ, പ്രയാഗ, പുലഹാശ്രമം, നൈമിഷാരണ്യം, ഫാൽഗുനക്ഷേത്രം, രാമേശ്വരം, പ്രഭാസതീർത്ഥം, ദ്വാരക, കാശി, മധുര പമ്പ, ബിന്ദുസരസ്സ്, ബദരികാശ്രമം, അളകാനദീതടം, സീതാരാമാശ്രമങ്ങൾ, മഹേന്ദ്രം, മലയം മുതലായ പർവ്വതങ്ങൾ, മഹാവിഷ്ണുവിന്റെ സാന്നിധ്യമുള്ള ക്ഷേത്രങ്ങളും ശ്രാദ്ധാദി പുണ്യകർമ്മങ്ങൾക്കു് പാവനമായുള്ള സ്ഥാനങ്ങളാണു. അതുകൊണ്ടു്, ശ്രേയസ്സിനെ ആഗ്രഹിക്കുന്നവൻ ഈ സ്ഥലങ്ങളിൽ മുറയ്ക്കും പോയി പുണ്യകർമ്മങ്ങളനുഷ്ഠിക്കണം. അതു് മറ്റുള്ളവയെ അപേക്ഷിച്ചു് ആയിരം മടങ്ങിലേറെ ഫലസിദ്ധിയുണ്ടാക്കുന്നു.

ഹേ രാജാവേ!, പണ്ഡിതമതമനുസരിച്ചു്, ഭഗവാൻ ശ്രീഹരി മാത്രാണു് ഈ കർമ്മങ്ങൾക്കു് യോജ്യമായ സത്പാത്രമെന്നതു. കാരണം, സ്ഥാവരജംഗമങ്ങളടങ്ങിയ ഈ ജഗത്തു് അവന്റെ സ്വരൂപംതന്നെയാണല്ലോ!. അതുകൊണ്ടാണു്, ദേവന്മാരും ഋഷികളും സിദ്ധന്മാരും സനകാദികളുമൊക്കെ ഉണ്ടായിരുന്നിട്ടും, രാജസൂയത്തിൽ അഗ്രപൂജയ്ക്കായി ശ്രീകൃഷ്ണനെത്തന്നെ പാത്രമാക്കിയതു. അവൻ ജീവരാശികളാൽ വ്യാപ്തമായ ബ്രഹ്മാണ്ഡവൃക്ഷത്തിന്റെ നാരായവേരാണു. അതിനാൽ അവനെ പൂജിക്കുകയെന്നതു് സകലജീവഭൂതങ്ങൾക്കും സുസമ്മതമായ കാര്യമത്രേ!. അവനാൽ മാത്രമാണിവിടെ ഋഷികൾ, ദേവന്മാർ, മനുഷ്യർ, പക്ഷിമൃഗാദികൾ മുതലായ സകലചരാചങ്ങളുടേയും പുരമാകുന്ന ശരീരങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു. പരമാത്മരൂപത്തിൽ ഈ പുരങ്ങളിൽ ശയിക്കുന്നതിനാൽ അവനെ പുരുഷൻ എന്ന അഭിധാനത്തോടുകൂടിയും അറിയപ്പെടുന്നു. സകലചരാചരങ്ങളിലും കുടിയരുളുന്ന പരമാത്മാവു് അവയ്ക്കെല്ലാം അവയുടെ പക്വതയ്ക്കനുസരിച്ചു് ജ്ഞാനത്തെ പ്രദാനം ചെയ്യുന്നു. അതിൽ മനുഷ്യനിൽ ആ പക്വത കൂടുതലുള്ളതിനാൽ അവനെ ശ്രേഷ്ഠനായി കണക്കാക്കപ്പെടുന്നു.

രാജാവേ!, എന്നാൽ, ത്രേതാദി യുഗങ്ങളിൽ മനുഷ്യർക്കിടയിൽ തിരസ്ക്കാരമനോഭാവങ്ങൾ കാണുകയും, അതിൽനിന്നു് മനുഷ്യരാശിയെ രക്ഷിക്കുവാനായി ക്രാന്തദർശികളായ ഋഷികൾ ഈശ്വരാരാധനത്തിനായി സാളഗ്രാമാദി പ്രതിമകൾ ഏർപ്പെടുത്തുകയും ചെയ്തു. ചിലർ അതിലൂടെ ഈശരനെ ആരാധിച്ചുതുടങ്ങി. എന്നാൽ പരസ്പരം ദ്വേഷിക്കുന്ന മനുഷ്യർക്കു് അതുകൊണ്ടും യാതൊരു പ്രയോജനവുമുണ്ടാകുന്നില്ല.

രാജൻ!, മനുഷ്യരുടെയിടയിലാകട്ടെ, ബ്രാഹ്മണരെ സത്പാത്രമായി അറിയുന്നു. കാരണം, അവർ വിദ്യകൊണ്ടും മനസം‌യമനം കൊണ്ടും ഈശ്വരസ്വരൂപമായ വേദത്തെ ധരിക്കുന്നവരാണു. ഹേ യുധിഷ്ഠിരാ!, മൂന്നുലോകങ്ങളേയും ഭഗവദ്മഹിമാകഥനത്താൽ ശുദ്ധീകരിക്കുന്ന ഭാഗവതോത്തമന്മാരായ ബ്രാഹ്മണർ ജഗദാത്മാവായ ഭഗവാൻ ശ്രീകൃഷ്ണനാലും ആരാധിക്കപ്പെടുന്നവരാണു.



ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം പതിനാലാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






The duties and responsibilities of a Grihasthashrami

2019, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

7.13 പരമഹംസഋഷികളുടെ ധർമ്മം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 13
(പരമഹംസഋഷികളുടെ ധർമ്മം.)


നാരദർ പറഞ്ഞു: ഹേ ധർമ്മപുത്രരേ!, ഇങ്ങനെ സ്ഥൂലസൂക്ഷ്മശരീരങ്ങളുടെ ലയക്രമത്തെ ധ്യാനിച്ചുറപ്പിച്ചതിനുശേഷം, ആത്മാവിനെ മാത്രം വീണ്ടെടുത്ത വാനപ്രസ്ഥൻ തുടർന്നു് സന്യാസം സ്വീകരിക്കണം. ഒരു ഗ്രാമത്തിൽ ഒരു രാത്രി മാത്രം ചിലവഴിച്ചുകൊണ്ടു് ഭൂമിയിലാകമാനം ചുറ്റിനടക്കണം. വസ്ത്രം കൌപീനം മാത്രമായിരിക്കണം. ആവശ്യമില്ലാത്തപ്പോൾ, കമണ്ഡലു, ദണ്ഡു് എന്നിവയൊഴിച്ചു് മറ്റൊന്നും കൈവശം വച്ചുകൂടാ. ഭിക്ഷുവായി, ആത്മാനന്ദിയായി, യാതൊരാശ്രയവും കൂടാതെ, സകലഭൂതങ്ങളുടേയും ഹിതകാരിയായി, ശാന്തനായി, ഭഗവാനിൽ മനസ്സർപ്പിച്ചു് തികച്ചും തനിയേ സഞ്ചരിച്ചുകൊള്ളുക. കാര്യകാരണങ്ങൾക്കതീതനായ പരമാത്മാവിനെ സകലചരാചരങ്ങളിലും, കാര്യകാരണമയമായ സകലചരാചങ്ങളെ പരമാത്മാവിലും ദർശിക്കണം. ഉറക്കത്തിനും ഉണർവിനുമിടയ്ക്കുള്ള ആത്മാനുഭൂതിയെ കണ്ടറിഞ്ഞു്, ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന കേവലസത്യത്തെ മനസ്സിലാക്കി, ബന്ധവും മോക്ഷവും വെറും മിഥ്യയായ സങ്കല്പങ്ങൾ മാത്രമാണെന്നറിഞ്ഞുകൊള്ളണം. ശരീരം അനിത്യമാണെന്നും, ഇതിനു് മരണം സംഭവിക്കുമെന്നും ഉറപ്പിച്ചുകൊണ്ടു്, ജീവിതത്തിൽ ആസക്തികൂട്ടാതെ, കാലത്തിനെ കാത്തിരിക്കുക. അദ്ധ്യാത്മമല്ലാത്ത യാതൊരു് വിദ്യയേയും സ്വീകരിക്കരുതു. ഗുരുത്വം ഉപജീവനമാർഗ്ഗമായി സ്വീകരിക്കുകയുമരുതു. തർക്കശാസ്ത്രങ്ങളെ തള്ളിക്കളയുക. യാതൊന്നിനോടും പക്ഷം ചേരാതിരിക്കുക. നിർബന്ധബുദ്ധ്യാ ശിഷ്യന്മാരെ നിർമ്മിക്കരുതു. വ്യത്യസ്ഥങ്ങളായ അനേകം ഗ്രന്ഥങ്ങളെ അഭ്യസിക്കുകയും ചെയ്യരുതു. ധനശേഖരണാർത്ഥം പ്രഭാഷണങ്ങൾ നടത്തുകയോ മറ്റു് സംരംഭങ്ങൾക്കു് വഴിയൊരുക്കുകയോ ചെയ്യരുതു. ജീവന്മുക്തനായ ഒരു സന്യാസി ആശ്രമനിയമങ്ങളേയും ആചാരങ്ങളേയും അവസരോചിതമായി അനുഷ്ഠിക്കുകയോ അനുഷ്ഠിക്കാതിരിക്കുകയോ ചെയ്യാം. ആശ്രമധർമ്മങ്ങളനുഷ്ഠിക്കുന്നവനായാലും അവയെ ത്യജിച്ചവനായാലും, യതി ഉന്മത്തനെപ്പോലെയും ബുദ്ധിയുറയ്ക്കാത്ത കുട്ടികയെപ്പോലെയും, ഊമയെപ്പോലെയും സ്വയത്തെ ജനങ്ങൾക്കിടയിൽ പ്രദർശിപ്പിക്കണം.

രാജാവേ!, ഈ വിഷയത്തിനുദാഹരണമായി അസുരരാജാവായ പ്രഹ്ലാദനും ഒരു മുനിയുമായി നടന്ന സംഭാഷണം ഞാനോർക്കുന്നു. ഭക്തനായ പ്രഹ്ലാദൻ തന്റെ മന്ത്രിമാരുമൊത്തു് പ്രജകളെ നേരിട്ടുകാണുവാനായി ചുറ്റിത്തിരിയുന്ന സമയം, സഹ്യപർവ്വതത്തിന്റെ താഴ്വരയിലുള്ള കാവേരീനദിയുടെ തീരത്തു് വെറും നിലത്തു് പൊടിപുരണ്ടു് മലിനമായ ശരീരത്തോടുകൂടി കിടന്നിരുന്ന ആ മുനിയെ കാണുകയുണ്ടായി. പ്രവൃത്തികൊണ്ടോ, വാക്കുകൾകൊണ്ടോ, രൂപം കൊണ്ടോ അദ്ദേഹം ഇന്ന വിധത്തിലുള്ളവനാണെന്നറിയാൻ ആർക്കുംതന്നെ കഴിയുമായിരുന്നില്ല. എന്നാൽ, പ്രഹ്ലദനാകട്ടെ, ആ പാദങ്ങളിൽ ശിരസ്സാ നമസ്ക്കരിച്ചതിനുശേഷം, ജിജ്ഞാസുവായിക്കൊണ്ടു് അദ്ദേഹത്തോടിങ്ങനെ ചോദിച്ചു: ഹേ മഹാത്മാവേ!, അങ്ങയുടെ തടിച്ചുകൊഴുത്ത ഈ ശരീരം കണ്ടാൽ അങ്ങൊരു പരിശ്രമിയും സുഖഭോഗങ്ങളനുഭവിക്കുന്നവനുമാണെന്നു് തോന്നും. ഇവിടെ യത്നിക്കുന്നവനുമാത്രമേ ധനം സമ്പാദിക്കുവാൻ കഴിയുകയുള്ളൂ. ധനമുള്ളവർക്കേ സുഖവുമുണ്ടാകൂ. അതുപോലെ, സുഖാനുഭവങ്ങളിലൂടെ മാത്രമേ ഈവിധം ദൃഢമായ ഒരു ശരീരത്തെ നിലനിർത്തുവാൻ സാധിക്കുകയുള്ളൂ. ഹേ ബ്രഹ്മൻ!, യാതൊരു പ്രവൃത്തിയും ചെയ്യാതെ, വെറും നിലത്തുകിടക്കുന്ന അങ്ങയുടെ പക്കൽ സുഖാനുഭവത്തിനാധാരമായ ധനമുണ്ടാകാനുള്ള യാതൊരു വഴിയും നാം കാണുന്നില്ല. ഹേ ബ്രാഹ്മണാ!, പിന്നെങ്ങനെയാണു് അങ്ങേയ്ക്കീവിധം സ്ഥൂലമായ ഒരു ശരീരം ലഭിച്ചിരിക്കുന്നതു?. ജനങ്ങൾ പലവിധം കർമ്മങ്ങളിലേർപ്പെട്ടു് ജീവിക്കുന്നതും നോക്കിക്കൊണ്ടു് ജ്ഞാനനിപുണനായ അങ്ങു് ഉദാസീനനായി ഇങ്ങനെ കിടക്കുന്നതെന്തുകൊണ്ടാണു?.

നാരദർ തുടർന്നു: രാജാവേ!, പ്രഹ്ലാദന്റെ ഈ വാക്കുകൾ കേട്ടു് പുഞ്ചിരിച്ചുകൊണ്ടു് ആ മഹാമുനി ഇപ്രകാരം പറഞ്ഞു: ഹേ അസുരശ്രേഷ്ഠാ!, അങ്ങു് ജ്ഞാനികളാൽ സമ്മതനാണു. മനുഷ്യരുടെ പ്രവൃത്തിനിവൃത്തികളുടെ ഫലങ്ങളെ അങ്ങു് ആദ്ധ്യാത്മദൃഷ്ടിയിലൂടെ കണ്ടറിഞ്ഞവനാണല്ലോ. അങ്ങയുടെ ഭക്തിയിൽ സമ്പ്രീതനായ ഭഗവാൻ നാരായണൻ സദാ അങ്ങയുടെ ഹൃദയത്തിൽ വസിക്കുച്ചുകൊണ്ടു്, സൂര്യൻ ഇരുട്ടിനെയെന്നതുപോലെ, അങ്ങിലെ അജ്ഞാനത്തെയകറ്റിക്കൊണ്ടിരിക്കുന്നു. എങ്കിലും, യഥാശക്തി ഞാൻ അങ്ങയുടെ ചോദ്യത്തിനുത്തരം പറയാം. എന്തെന്നാൽ, ആത്മശുദ്ധി ആഗ്രഹിക്കുന്നവർക്കു് അങ്ങു് ബഹുമാന്യനാണു.

രജാവേ!, പലതരം യോനിയിൽ പിറന്നു്, ജനനമരണമായ സംസാരത്തിൽ എത്രകണ്ടനുഭവിച്ചിട്ടും പൂർത്തിയാകാത്ത ആശാപാശത്താൽ ബന്ധിതനായി കർമ്മങ്ങളനുഷ്ഠിച്ചുകൊണ്ടിരുന്ന ഒരു സാധാരണ മനുഷ്യനായിരുന്നു ഞാൻ. കർമ്മബന്ധത്താൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്ന ഞാൻ യഥൃശ്ചയാ ഭൂമിയിൽ മനുഷ്യനായി പിറന്നു. ഈ ലോകം, സത്ക്കർമ്മത്താൽ സ്വർഗ്ഗത്തേയും, ദുഷ്കർമ്മത്താൽ നീചയോനീജന്മത്തേയും, മിശ്രകർമ്മത്താൽ മനുഷ്യജന്മത്തേയും, സർവ്വകർമ്മപരിത്യാഗത്താലാകട്ടെ, മുക്തിയേയും പ്രദാനം ചെയ്യുന്നു. എന്നാൽ, ഇവിടെ സുഖത്തിനും ദുഃഖനിവാരണത്തിനുമായി വിവിധകർമ്മങ്ങളിലേർപ്പെട്ടുകഴിയുന്ന മനുഷ്യർ തങ്ങളുടെ പ്രതീക്ഷയ്ക്കു നേർവിപരീതമായ ഫലത്തെ നേടുന്നതുകണ്ടിട്ടാണു് ഞാൻ കർമ്മങ്ങളെ ത്യജിച്ചുകൊണ്ടു് ഇങ്ങനെ ജീവിക്കുന്നതു. ജീവന്റെ സ്വരൂപംതന്നെ സുഖമാണു. കർമ്മങ്ങളിൽനിന്നു് വിട്ടുനിൽക്കുമ്പോൾ അതു് പ്രകാശിക്കുന്നു. അതുകൊണ്ടു്, വിഷയസുഖങ്ങളെ ക്ഷണികങ്ങളായി കണ്ടറിഞ്ഞു് പ്രാരബ്ദഫലങ്ങളെ അനുഭവിച്ചുകൊണ്ടു് ഞാൻ കാലം കഴിക്കുകയാണു

ആത്മാവിന്റെ സ്വരൂപംതന്നെയായ ഈ സുഖത്തെ അറിയാതെ മിഥ്യയും അല്പവുമായ വിഷയസുഖങ്ങൾക്കുപിറകേ പോയി മനുഷ്യൻ നാനായോനിയിൽ ജന്മങ്ങൾ സ്വീകരിച്ചുകൊണ്ടു് ഈ സംസാരത്തിൽ ചുറ്റിത്തിരിയുന്നു. ജലത്തിലെ പായലുകളാൽതന്നെ മറയപ്പെട്ട ജലത്തെ കാണാതെ അങ്ങു് ദൂരെ ജലം പോലെ തോന്നിക്കുന്ന മരീചികയെ കണ്ടു് ജലദാഹിയായി പാഞ്ഞുപോകുന്നതുപോലെ, അജ്ഞാനത്താൽ മനുഷ്യൻ സാങ്കല്പികമായ മായയിൽ പുരുഷാർത്ഥത്തെ തേടുന്നു. ഇങ്ങനെ, പ്രാരബ്ദങ്ങളായി കിട്ടിയിരിക്കുന്ന ഈ ശരീരത്തിലൂടെ സുഖത്തേയും ദുഃഖശമനത്തേയും ആഗ്രഹിച്ചുകൊണ്ടു് മനുഷ്യർ ചെയ്യുന്ന സകല പ്രവൃത്തികളും നിഷ്ഫലമായിപ്പോകുന്നു. ഇനി, താപത്രയങ്ങളാൽ ദുഃഖമനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ മനുഷ്യർ കഷ്ടപ്പെട്ടു് നേടുന്ന അല്പവും മിഥ്യയുമായ ഈ അർത്ഥകാമങ്ങളെക്കൊണ്ടു് അല്ലെങ്കിൽത്തന്നെ എന്തുനേടാൻ?. ഭയം കൊണ്ടും, ഉറക്കമില്ലാതെയും, എല്ലാവരിലും സംശയദൃഷ്ടി പതിപ്പിച്ചുകൊണ്ടും ഈ അജിതേന്ദ്രിയന്മാർ നേരിടുന്ന ക്ലേശം ഞാൻ കാണാറുണ്ടു. ധനവും ജീവനുമുള്ളവർക്കു് രാജാവിൽനിന്നും, കള്ളന്മാരിൽനിന്നും, ശത്രുക്കളിൽനിന്നും, ബന്ധുക്കളിൽനിന്നും, പക്ഷിമൃഗാദികളിൽനിന്നും, യാചകന്മാരിൽനിന്നും, കാലത്താലും, മാത്രമല്ലാ, തന്നിൽനിന്നും ഭയം എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. അവ മനുഷ്യരിൽ ദുഃഖം, മോഹം, ഭീതി, കോപം, ആസക്തി, പേടി എന്നിവയുണ്ടാക്കുന്നു. അതുകൊണ്ടു് അവയിലുള്ള ആസക്തിയെ മനുഷ്യൻ ത്യജിക്കുകതന്നെവേണം.

ഹേ രാജൻ!, ഇവിടുത്തെ ഗുരുക്കന്മാർ തേനീച്ചയേയും പെരുമ്പാമ്പിനേയും പോലെയാണു. അവർ തങ്ങളുടെ ശിക്ഷണത്തിലൂടെ ജീവനു് വിരക്തിയും സംതൃപ്തിയും പ്രദാനം ചെയ്യുന്നു. വിഷയങ്ങളിലുള്ള വിരക്തി ഞാൻ തേനീച്ചകളിൽനിന്നുമാണു് പഠിച്ചതു. തേനീച്ച തേനിനെയെന്നതുപോലെ, മനുഷ്യൻ അല്പാല്പമായി ശേഖരിച്ചുവയ്ക്കുന്ന ധനം അവനെ കൊന്നിട്ടുപോലും മറ്റുള്ളവർ കരസ്ഥമാക്കുന്നു. രാജൻ!, ഒരു പെരുമ്പാമ്പിനെപ്പോലെ, യാതൊരു പരിശ്രമവും ചെയ്യാതെ യദൃശ്ചയാ ലഭിക്കുന്ന എന്തിനാലും തൃപ്തനായിക്കൊണ്ടു് ഞാനൊരിടത്തുതന്നെ കിടക്കുന്നു. ഇനി ഏറെ നാളുകളേയ്ക്കായി ഒന്നുംതന്നെ കിട്ടിയില്ലെങ്കിലും ഞാൻ സന്തുഷ്ടനായി ജീവിക്കുന്നു. എനിക്കു് ലഭിക്കുന്ന അന്നം ചിലപ്പോൾ കുറച്ചാകാം, മറ്റുചിലപ്പോൾ അധികമായേക്കാം. ചിലപ്പോൾ അവയ്ക്കു് രുചിയുണ്ടാകാം, എന്നാൽ മറ്റുചിലപ്പോൾ അവ രുചിയോ ഗുണമോ ഉള്ളതാകുകയില്ല. എന്നാൽ, അവ എന്തുതന്നെയായാലും ഞാൻ തൃപ്തിയോടെ അതിനെ ഭക്ഷിക്കുന്നു. ഹേ പ്രഹ്ലാദാ!, എനിക്കു് ലഭിക്കുന്ന അന്നം ചിലപ്പോൾ ആദരവോടെ കിട്ടിയതാകും, ചിലപ്പോൾ അനാദരവോടെ കിട്ടിയതാകും. ഞാൻ ഒരിക്കലും ഇത്തരം കാര്യങ്ങളെ ശ്രദ്ധിക്കാതെ ലഭിച്ചതെന്തും തൃപ്തിയോടെ ഭക്ഷിക്കുന്നു. ചിലപ്പോൾ, വയർ നിറയെ ആഹരിച്ചതിനുശേഷവും, ആരെങ്കിലും എന്തെങ്കിലും തന്നാൽ, രാത്രിയിലായാലും പകലായാലും ഞാൻ അതും ഭക്ഷിക്കുന്നു. ചുരുക്കത്തിൽ, എന്റെ പ്രാരബ്ദത്തെ അനുഭവിച്ചുകൊണ്ടു് സന്തുഷ്ടനായിക്കഴിയുന്നവനാണു ഞാൻ. പട്ടുവസ്ത്രമായാലും, സാധാരണവസ്ത്രമായാലും, കീറത്തുണിയായാലും, മരവുരിയായാലും, അതല്ല, ഇനി മറ്റുവല്ലതുമാണെങ്കിൽത്തന്നെയും ഞാനവയെ സന്തോഷത്തോടെ ധരിക്കുന്നു. ചിലപ്പോൾ വെറും നിലത്തായിരിക്കും ഉറങ്ങുക. എന്നാൽ മറ്റുചിലപ്പോൾ പുല്ലിലും ഇലയിലും കല്ലിന്റെ പുറത്തും ചാമ്പലിലുമൊക്കെ കിടന്നുറങ്ങാറുണ്ടു. എന്നാൽ, ചിലപ്പോഴാകട്ടെ, ചിലർ വന്നെന്നെന്നെ കൂട്ടിക്കൊണ്ടുപോയി പട്ടുമെത്തയിൽ കിടത്തിയുറക്കാറുമുണ്ടു. ചിലപ്പോൾ കുളിച്ചു് ശുദ്ധനായി അനുലേപനം ചെയ്തു് നല്ല വസ്ത്രങ്ങൾ ധരിച്ചു് പൂമാലയും മറ്റും ചാർത്തി ആനപ്പുറത്തോ കുതിരപ്പുറത്തോ തേരിലോ ഒക്കെ യാത്രചെയ്യാറുണ്ടു. എന്നാൽ ചിലപ്പോൾ വെറും നഗ്നനായി ഒരു പ്രേതത്തെപ്പോലെയും സഞ്ചരിക്കാറുമുണ്ടു. പലതരത്തിലുള്ള ഈ ജനസമൂഹത്തെ ഞാൻ വന്ദിക്കാറുമില്ല, നിന്ദിക്കാറുമില്ല. ഇവർക്കു് ശ്രേയസ്സിനേയും മോക്ഷത്തേയും ആശംസിച്ചുകൊണ്ടു് ഞാനവർക്കിടയിൽ ചുറ്റിത്തിരിയുന്നു.

അസുരശ്രേഷ്ഠാ!, മുനി ഭേദഭാവത്തെ തന്റെ ചിത്തത്തിൽ ഹോമിക്കണം. പിന്നീടതിനെ അഹങ്കാരതത്ത്വത്തിലും ഹോമിക്കുക. അഹങ്കാരത്തെ മഹത്തത്ത്വത്തിലും ഹോമിക്കണം. ഇങ്ങനെ, ഭേദഭാവം ഇല്ലാതാകുന്നു. മുനി എപ്പോഴും തന്റെ ഭൌതികമായ അസ്ഥിത്വത്തെ മായയുടെ പ്രതിഭാസമായി കണ്ടറിയണം. അതു് ആത്മജ്ഞാനത്തിലൂടെ മാത്രമേ സംഭവിക്കുകയുള്ളൂ. സത്യത്തെ കണ്ടറിഞ്ഞവനും ആത്മജ്ഞാനിയുമായവൻ സർവ്വകർമ്മങ്ങളിൽനിന്നും വിരക്തി പ്രാപിക്കേണ്ടതാണു.  ഹേ പ്രഹ്ലാദമഹാരാജാവേ!, അങ്ങു് ജീവന്മുക്തനും ഭഗവദ്ഭക്തനുമാണു. അങ്ങേയ്ക്കു് പൊതുജനങ്ങളുടെ അഭിപ്രായമോ ഇക്കണ്ട വേദങ്ങളുടെ ആവശ്യമോ ഇല്ല. എന്നാലും, അങ്ങു് ചോദിച്ചതുകൊണ്ടു് ഞാനെന്റെ അനുഭവങ്ങളെ വർണ്ണിച്ചുവെന്നേയുള്ളൂ.

നാരദർ പറഞ്ഞു: ഹേ യുധിഷ്ഠിരരാജാവേ!, ആ മഹാത്മാവിൽനിന്നും അദ്ദേഹത്തിന്റെ അനുഭവത്തെക്കുറിച്ചു് കേട്ടറിഞ്ഞ പ്രഹ്ലാദൻ ഒരു പരമഹംസഋഷിയുടെ ധർമ്മമെന്തെന്നുള്ളതു് സ്വയം മനസ്സിലാക്കി. അനന്തരം, ആ പാദങ്ങളിൽ നമസ്ക്കാരമർപ്പിച്ചു്, അദ്ദേഹത്തിന്റെ അനുവാദാനുഗ്രഹാശ്ശിസ്സുകളോടെ തന്റെ ഗൃഹത്തിലേക്കു് മടങ്ങി.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം പതിമൂന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next







The way of existence of Paramahamsa Rshis

2019, സെപ്റ്റംബർ 12, വ്യാഴാഴ്‌ച

7.12 സനാതനധർമ്മം – ബ്രഹ്മചര്യാദി നാലു് ആശ്രമങ്ങൾ


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 12
(സനാതനധർമ്മം ബ്രഹ്മചര്യാദി നാലു് ആശ്രമങ്ങൾ)



ശ്രീനാരദർ പറഞ്ഞു: അല്ലയോ! യുധിഷ്ഠിരരാജാവേ!, സനാതനധർമ്മത്തിന്റെ സുപ്രധാനമായ നിയമങ്ങളിൽ ചിലതാണു് ബ്രഹ്മചര്യാദി നാലാശ്രമങ്ങൾ.  ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവൻ ഗുരുകുലത്തിൽ താമസിച്ചുകൊണ്ടു് ഗുരുവിന്റെ ദാസനായി അദ്ദേഹത്തിൽ ദൃഢമായ ഭക്ത്യാദരവുകളുൾക്കൊണ്ടു് വർത്തിക്കണം. ഉള്ളിൽ അല്പം പോലും അഹങ്കാരമില്ലാതെ ഗുരുവിന്റെ ഹിതത്തെ കണ്ടറിഞ്ഞുപെരുമാറണം. കാലത്തും വൈകിട്ടുമായിട്ടുള്ള സന്ധ്യകളിഗുരു, അഗ്നി, ആദിത്യൻ, ദേവന്മാർ എന്നിവരെ ധ്യാനിക്കുകയും, ഗായത്രിമന്ത്രത്തെ ജപിക്കുകയും വേണം. കൂടാതെ, മനസ്സിനെ ഏകാഗ്രമാക്കിവയ്ക്കുകയും മൌനം ശീലിക്കുകയും ചെയ്യണം. ഗുരു ക്ഷണിക്കുമ്പോൾ ഭക്തിയോടെ അദ്ദേഹത്തിൽനിന്നും വേദങ്ങളെ അധ്യയനം ചെയ്യുക. തമ്മിൽ കാണുമ്പോഴും പിരിയുമ്പോഴും ഗുരുപാദം ശിരസ്സാ പ്രണമിക്കുകയും വേണം. ദർഭ, കമണ്ഡലു, ദണ്ഡു് എന്നിവ എപ്പോഴും കൈവശം വയ്ക്കുക. മാന്തോലുടുക്കുക. യജ്ഞോപവീതത്തേയും, ദർഭകൊണ്ടുള്ള പവിത്രവുത്തെയും ധരിക്കുക. പ്രഭാതത്തിലും സായംകാലത്തിലും ഭിക്ഷാടനം നടത്തുക. ഭിക്ഷയെടുത്തുകിട്ടുന്ന വസ്തുക്കൾ ഗുരുവിനു് സമർപ്പിക്കുക. ഗുരുവിന്റെ അനുവാദത്തോടുകൂടിമാത്രം ആഹരം കഴിക്കുക, അല്ലാത്തപക്ഷം, ഉപവസിക്കുക.

സത്ഗുണങ്ങളും, മിതഭക്ഷണവും ശീലിക്കുക. കർമ്മത്തിൽ കുശലതയും ശ്രദ്ധയും ഉണ്ടാക്കു. സ്ത്രീകളിലും സ്ത്രീജിതന്മാരിലും ആവശ്യത്തിനായിമാത്രം ഇടപഴകുക. ഇന്ദ്രിയങ്ങൾ സംയമികളുടെ മനസ്സിനെപോലും ആകർഷിക്കുന്നതിനാൽ ബ്രഹ്മചാരി സ്ത്രീകളുമായുള്ള സല്ലാപത്തെ തീർത്തും ഒഴിവാക്കേണ്ടതാകുന്നു. ബ്രഹ്മചാരി ഒരിക്കലും ഗുരുകുലത്തിലെ സ്തീകളെക്കൊണ്ടു് മുടികെട്ടിക്കുകയോ ശരീരം തിരുമ്മിക്കുകയോ, എണ്ണതേപ്പിക്കുകയോ, കുളിപ്പിപ്പിക്കുകയോ ചെയ്യരുതു. കാരണം, സ്ത്രീ അഗ്നിയെപ്പോലെയും, പുരുഷൻ നെയ്ക്കുടം പോലെയുമാണു. അതുകൊണ്ടു്, ബ്രഹ്മചാരി മാത്രല്ല, സ്ത്രീസംഗം, അതിനി മകളായിരുന്നാൽ പോലും, ഗൃഹസ്ഥനും സന്യാസിയുംകൂടി വർജ്ജിക്കേണ്ടതാണു. ആത്മജ്ഞാനത്താൽ ദേഹേന്ദ്രിയാദികളെ വെറും മായാസങ്കപങ്ങളായി അറിയാത്തിടത്തോളം കാലം ജീവനു് സ്തീപുരുഷഭേദം വിട്ടുപോകുകയില്ല. ഈ ഭേദം മനസ്സിൽനിന്നു് അകലുന്നതുവരെ പുരുഷൻ സ്ത്രീകളോടും, സ്ത്രീകൾ പുരുന്മാരോടും ആകർഷിതരാകുന്നു. ഈ നിയമം ബ്രഹ്മചാരിക്കൊപ്പം, ഗൃഹസ്ഥന്മാർക്കും സന്യാസിമാർക്കും കൂടിയുള്ളതാണു. എന്നാൽ, ഗൃഹസ്ഥാശ്രമികൾക്കു് ഗുരുവിനെ ദൈനംദിനമായി ശ്രുശ്രൂഷിക്കേണ്ട ആവശ്യമില്ല.

രാജൻ!, ബ്രഹ്മചാരീവ്രതം ദീക്ഷിച്ചിരിക്കുന്നവൻ കണ്ണെഴുതാനോ, തേച്ചുകുളിക്കാനോ, ശരീരം തിരുമ്മിയുഴിയാനോ, സ്ത്രീകളുടെ ചിത്രം വരയ്ക്കാനോ, മാംസം ഭക്ഷിക്കുവാനോ, മദ്യം സേവിക്കുവാനോ, പൂമാല ചൂടുവാനോ, അണിഞ്ഞൊരുങ്ങുവാനോ പാടുള്ളതല്ല. ബ്രാഹ്മണക്ഷത്രിയവൈശ്യന്മാർ ഗുരുകുലത്തിൽത്തന്നെ താമസിക്കണം. അവിടെ അവർ യഥാശക്തി വേദാധ്യയം ചെയ്യണം. കഴിയുമെങ്കിൽ ഗുരു ആവശ്യപ്പെടുന്ന ദക്ഷിണ സമർപ്പിക്കുകയും ചെയ്യണം. തുടർന്നു്, ഗുരുവിന്റെ അനുവാദത്തോടെ ഗുരുകുലത്തിൽനിന്നും വിരമിക്കാവുന്നതാണു. ശേഷം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യാസം എന്നിവയിൽനിന്നും ഏതാശ്രമവും സ്വീകരിക്കാം. രാജാവേ!, അഗ്നിയിലും, ഗുരുവിലും, തന്നിലും, സകലജീവഭൂതങ്ങളിലും, എന്നുവേണ്ടാ, ർവ്വചരാചരങ്ങളിലും അകംപുറം കൊണ്ടുവാഴുന്ന സർവ്വത്രവ്യാപ്തമായ ഈശ്വരനെ കണ്ടറിയുക. ഇങ്ങനെ ആശ്രമികൾ, അറിയേണ്ടുന്നതിനെ അറിഞ്ഞവനായി, പരബ്രഹ്മത്തെ അധിഗമിക്കുന്നു.

രാജാവേ!, യാതൊരു നിയമങ്ങളെ ആചരിച്ചുകൊണ്ടു് ഒരു വാനപ്രസ്ഥൻ ഋഷിലോകത്തെ പ്രാപിക്കുമോ, ഇനി ഞാൻ അതിനെക്കുറിച്ചു് അങ്ങയോടു് പറയാം. വാനപ്രസ്ഥൻ ഒരിക്കലും കൃഷി ചെയ്തുണ്ടാക്കിയ ധാന്യത്തെ ഭക്ഷിക്കരുതു. ഇനി, കൃഷി ചെയ്യാതെ താനേ ഉണ്ടായതാണെങ്കിലും, തു് പക്വമാകാത്തതാണെങ്കിൽ, അങ്ങനെയുള്ള ധാന്യവും ഭക്ഷിക്കരുതു. അഗ്നിയിൽ പാകം ചെയ്തതോ, അപക്വമായതോ ആയ ഫലങ്ങൾ ഭക്ഷിക്കുവാൻ പാടില്ല. എന്നാൽ സൂര്യപ്രകാശത്താൽ പക്വമായതിനെ ഭക്ഷിക്കാവുന്നതാണു. നിത്യകർമ്മങ്ങൾക്കായുള്ള ഹവിസ്സും മറ്റു് ദ്രവ്യങ്ങളും കാട്ടിലെ ധാന്യങ്ങളിൽനിന്നു് മാത്രം നിർമ്മിച്ചെടുക്കുക. കൂടാതെ, പുതിയവ കിട്ടിയാലുടൻ പഴയ ദ്രവ്യങ്ങളെ ഉപേക്ഷിക്കുകയും ചെയ്യുക. അഗ്നിയെ കെടാതെ സൂക്ഷിക്കുന്നതിനായിമാത്രം കുടീരത്തിലേക്കോ, പർവ്വതഗുഹാന്തരങ്ങളിലേക്കോ പോകാവുന്നതാണു. അല്ലാത്തപക്ഷം, മഞ്ഞും കാറ്റും അഗ്നിയും മാരിയും വെയിലും സഹിച്ചുകൊണ്ടു് കാട്ടിൽത്തന്നെ ജീവിക്കണം. തലമുടി, ശരീരരോമം, നഖം, താടി, മീശ, എന്നിവയെ അറുക്കുവാൻ പാടില്ല. ശരീരം ശുദ്ധമാക്കാൻ പാടില്ല. കമണ്ഡലു, ദണ്ഡു്, മരവുരി, ഹോമങ്ങൾക്കുള്ള സാധനസാമഗ്രികൾ, എന്നിവ എപ്പോഴും കൈവശമുണ്ടായിരിക്കണം. മാന്തോലുടുത്തും ജടാധാരിയായും ജീവിക്കണം. വാനപ്രസ്ഥൻ വനത്തിൽ തപസ്സിന്റെ ക്ലേശം സഹിക്കുവാനുതകുന്നവിധത്തിൽ, ഒന്നോ, രണ്ടോ, നാലോ, എട്ടോ, പന്ത്രണ്ടോ വർഷം യഥാശക്തി തപസ്സനുഷ്ഠിക്കുക.

അസുഖങ്ങൾ മൂലമോ, വാർദ്ധക്യത്താലോ വാനപ്രസ്ഥാശ്രമം തുടർന്നുകൊണ്ടുപോകുവാൻ പറ്റാതെ വന്നാൽ, നിരാഹാരവ്രതം സ്വീകരിക്കാവുന്നതാണു. ഉള്ളിൽ ത്രേതാഗ്നികളെ ജ്വലിപ്പിക്കുകയും, മനസ്സിൽനിന്നും ഞാനെന്നും എന്റേതെന്നുമുള്ള ചിന്തയെ അകറ്റുകയും വേണം. തുടർന്നു, ശരീരത്തെ അതിന്റെ കാരണങ്ങളായ പഞ്ചമഹാഭൂതങ്ങളിൽ ലയിപ്പിക്കണം. ആത്മസാക്ഷാത്ക്കാരം നേടിയവൻ, ശരീരസുഷിരങ്ങളെ ആകാശത്തിലും, പ്രാണാദികളെ വായുവിലും, ശരീരതാപത്തെ അഗ്നിയിലും, രക്തം, കഫം മുതലായവയെ ജലത്തിലും, അവശേഷിച്ചതിനെ ഭൂമിയിലും ലയിപ്പിക്കണം.

വാഗിന്ദ്രിയത്തെ അഗ്നിയിലും, കൈകളെ ഇന്ദ്രനിലും, കാലുകളെ വിഷ്ണുവിലും, ഉപസ്ഥത്തെ പ്രജാപതിയിലും, ഗുദത്തെ മൃത്യുദേവനിലും, ലയിപ്പിക്കണം. ശബ്ദത്തോടുകൂടിയ ശ്രോത്രത്തെ ദിഗ്ദേവതകളിലും, സ്പർശത്തോടൊപ്പം ത്വക്കിനെ വായുവിലും, രൂപങ്ങളോടൊപ്പം കണ്ണുകളെ ആദിത്യനിലും, രസത്തോടൊപ്പം നാക്കിനെ ജലത്തിലും, ഗന്ധത്തോടൊപ്പം മൂക്കിനെ ഭൂമിയിലും സമർപ്പിക്കുക.

മനസ്സിനെ ചിന്തകളോടൊപ്പം ചന്ദ്രനിലും, ബുദ്ധിയെ ബോധത്തോടൊപ്പം ബ്രഹ്മാവിലും, കർമ്മങ്ങളെ അഹങ്കാരതത്ത്വത്തോടൊപ്പം രുദ്രനിലും, ചിത്തത്തെ ചേതനയ്ക്കൊപ്പം ജീവാത്മാവിലും, വികാരിയായ ജീവാത്മാവിനെ ഗുണത്തോടൊപ്പം നിർവ്വികാരിയായ പരമാത്മാവിലും ലയിപ്പിക്കണം. ഭൂമിയെ ജലത്തിലും, ജലത്തെ അഗ്നിയിലും, അഗ്നിയെ വായുവിലും, വായുവിനെ ആകാശത്തിലും, ആകാശത്തെ അഹങ്കാരതത്ത്വത്തിലും, അഹങ്കാരതത്ത്വത്തെ മഹത്തത്ത്വത്തിലും, മഹത്തത്ത്വത്തെ മൂലപ്രകൃതിയിലും, മൂലപ്രകൃതിയെ പരമാത്മാവിലും ന്യസിക്കണംഇപ്രകാരം, സ്ഥൂലസൂക്ഷ്മശരീരങ്ങൾ പൂർണ്ണമായും അതിന്റെ മൂലകാരണങ്ങളിൽ ലയിപ്പിച്ചതിനുശേഷം, അവശേഷിക്കുന്ന ആത്മാവിനെ പരമാത്മാവയിക്കണ്ടു്, ദ്വൈതമകന്ന ജീവാത്മാവു് വിറകു് പൂർണ്ണമായും ദഹിച്ചുകഴിയുമ്പോഴുള്ള അഗ്നിയുടെ ഭാവത്തെപ്പോലെ ശാന്തനായി വിരമിക്കണം.



ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം പന്ത്രണ്ടാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next





Sanatanadharmam, Brahmacharyam, Vanaprastham

2019, സെപ്റ്റംബർ 11, ബുധനാഴ്‌ച

7.11 സനാതനധർമ്മം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 11
(സനാതനധർമ്മം)


ശ്രീശുകൻ പറഞ്ഞു: ഹേ പരീക്ഷിത്തു് രാജാവേ!, മഹാത്മാവും ഭഗവദ്ഭക്തനുമായ പ്രഹ്ലാദന്റെ മഹിമകളെ കേട്ടു് സന്തോഷവാനായ ധർമ്മപുത്രർ വീണ്ടും നാരദമഹർഷിയോടു ചോദിച്ചു: ഹേ മഹർഷേ!, മനുഷ്യർക്കു് നിത്യഗതിയെ പ്രാപിക്കുവാനുള്ള ഉപാധിയാണല്ലോ സനാതനധർമ്മം. വർണ്ണാശ്രമങ്ങളുടെ ആചാരക്രമത്തോടുകൂടിയ ആ സനാതനധർമ്മത്തെക്കുറിച്ചറിയുവാൻ അടിയനാഗ്രഹിക്കുകയാണു. ഹേ ബ്രഹ്മൻ!, അങ്ങു് ബ്രഹ്മദേവന്റെ പുത്രനാണു. അദ്ദേഹത്തിന്റെ മറ്റുള്ള പുത്രന്മാരെ അപേക്ഷിച്ചു്, തപസ്സ്, യോഗം, സമാധി മുതലായവയിൽ അഗ്രഗണ്യനും, പൊതുവേ കാരുണികനും സാധുവുമായ അങ്ങു് ആ ധർമ്മത്തെ ഉള്ളവണ്ണം ധരിച്ചുകഴിഞ്ഞവനുമാകുന്നു.

ധർമ്മപുത്രരുടെ ജിജ്ഞാസയിൽ പ്രീതനായ നാരദർ പറഞ്ഞു: ഹേ രാജാവേ!, ജനങ്ങളുടെ ധാർമ്മികബോധത്തെ ഉദ്ധരിച്ച മഹാത്മാവായ നാരായണമുനിയിൽനിന്നും കേട്ടറിഞ്ഞ ആ സനാതനധർമ്മത്തെ ഞാൻ അങ്ങേയ്ക്കുവേണ്ടി പറയാം. ധർമ്മരാജനു് ദക്ഷപുത്രിയായ മൂർത്തീദേവിയിൽ പിറന്ന ഭഗവദവതാരമായിരുന്നു നാരായണമുനി. സ്വാംശമായ നരനോടുകൂടി അവതാരം കൊണ്ട അദ്ദേഹം ഇന്നും ബദരികാശ്രമത്തിൽ തപസ്സനുഷ്ഠിക്കുന്നു. ഹേ രാജൻ!, ഭഗവദ്സ്വരൂപമായ സാക്താത് വേദങ്ങളും, ആ വേദങ്ങളെ ഉള്ളവണ്ണം അറിയുന്ന ഋഷീശ്വരന്മാരുടെ ഗ്രന്ഥങ്ങളുമാണു് സനാതധർമ്മത്തിന്റെ മുഖ്യമായ പ്രമാണം. അതിന്റെ ആചരണത്താൽ ഉള്ളം ശുദ്ധമാകുന്നു. സത്യം, ദയ, തപസ്സ്, ശൌചം, സഹനശീലം, വിവേകം, മനസംയമനം, ഇന്ദ്രിയസംയമനം, അഹിംസ, ബ്രഹ്മചര്യം, ത്യാഗം, സ്വാധ്യായം, ആർജ്ജവം, സംതൃപ്തി, മഹാത്മാക്കളെ പരിചരിക്കൽ, സംസാരനിവൃത്തി, കർമ്മങ്ങളുടെ നിരീക്ഷണം, മൌനം, അദ്ധ്യാത്മചിന്ത, ഭൂതങ്ങൾ അർഹിക്കുന്നവിധം അന്നങ്ങളുടെ വിതരണം, മനുഷ്യർ മുഖ്യമായുള്ള പ്രാണികളിൽ ഈശ്വരാംശത്തെ കാണുക, ഭഗവദ്ലീലാശ്രവണം, അവയുടെ കീർത്തനം, സ്മരണം, സേവനം, പൂജനം, ഭഗവാനെ നമസ്ക്കരിക്കുക, അവന്റെ ദാസനായിരിക്കുക, അവനുമായുള്ള സൌഹൃദം, സ്വയത്തെ ഭഗവാനായിക്കൊണ്ടു് സമർപ്പിക്കുക എന്നിങ്ങനെ മുപ്പതു് കാര്യങ്ങൾ മനുഷ്യൻ പൊതുവേ ആചരിക്കേണ്ട ധർമ്മങ്ങളാണു. അവയുടെ ആചരണത്തിലൂടെ ഭഗവദ്പ്രീതി ലഭിക്കുന്നു.

രാജാവേ!, യാതൊരു ജനവിഭാഗം, ഗർഭാധാനം മുതലായ ക്രിയകൾ വേദോക്തങ്ങളായ മന്ത്രങ്ങളുടെ ഉച്ചാരണത്തോടെ ബ്രഹ്മദേവനാൽ നിർണ്ണയിക്കപ്പെട്ടവരാൽ ചെയ്യപ്പെട്ടു് ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നുവോ, അവരെ ദ്വിജർ എന്നുവിളിക്കുന്നു. അങ്ങനെയുള്ള ബ്രാഹമണക്ഷത്രിയവൈശ്യന്മാർ ഈശ്വരനെ ആരാധിക്കുകയും, വേദങ്ങളെ പഠിക്കുകയും, ദാനങ്ങൾ ചെയ്യുകയും വേണം. ഈ വ്യവസ്ഥിതിയിൽ, അവർ ബ്രഹ്മചര്യാദി ആശ്രമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യണം. ബ്രാഹമണർക്കു് വേദാധ്യായനം മുതലായ ആറു് കർമ്മങ്ങൾ വിധിക്കപ്പെട്ടിരിക്കുന്നു. ക്ഷത്രിയൻ ദാനം സ്വീകരിക്കുന്നതൊഴിച്ചു് ബ്രാഹ്മണരുടെ മറ്റു് കർമ്മങ്ങൾ അനുഷ്ഠിക്കാവുന്നതാണു. മാത്രമല്ല, അവർ ബ്രാഹ്മണരൊഴികെ മറ്റുള്ള ജനവിഭാഗങ്ങളിൽനിന്നും കരം, ചുങ്കം, പിഴ മുതലായവകൾ ഈടാക്കാവുന്നതാകുന്നു. വൈശ്യർ എപ്പോഴും ബ്രാഹ്മണരുടെ ഉപദേശങ്ങൾ പിന്തുടർന്നിരിക്കണം. അവർ വ്യപാരം, കൃഷി, ഗോസംരക്ഷണം മുതലായ തൊഴിലുകൾ ചെയ്തു് ജീവിക്കണം. ശൂദ്രൻ ബ്രാഹ്മണാദി മറ്റുവർണ്ണങ്ങളെ സേവിച്ചുകൊണ്ടു് അവർ വഴി ഉപജീവനം നയിക്കേണ്ടതാകുന്നു.

മേൽപ്പറഞ്ഞവ സാധ്യമല്ലാതെവരുമ്പോൾ, ബ്രാഹ്മണർക്കു് വൈശ്യന്റെ ധർമ്മങ്ങളാകുന്ന പശുപരിപാലനം, കച്ചവടം മുതലായവയെ ചെയ്യുക, സംഭാവന വാങ്ങുക, അന്നന്നേയ്ക്കുള്ളതു് യാജനയിലൂടെ സ്വീകരിക്കുക, വയലുകളിലോ തെരുവുകളിലോ അവശേഷിക്കുന്ന ധാന്യം പെറുക്കിയെടുക്കുക ഇങ്ങനെ നാലുവൃത്തികൾ ചെയ്യാവുന്നതാണു. ഇതിൽ ആദ്യമാദ്യം പറഞ്ഞതിനെ പിന്നെപിന്നെ പറഞ്ഞതിനേക്കാൾ ശ്രേഷ്ഠമായി കണക്കാക്കുക. തങ്ങളിലെ ഗുണങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ, ഒരിക്കലും താഴ്ന്ന വർണ്ണങ്ങളിലുള്ളവർ ഉയർന്ന വർണ്ണങ്ങളിലെ കർമ്മങ്ങളെ സ്വീകരിക്കുവാൻ പാടില്ല. എന്നാൽ, ആപദ്ഘട്ടങ്ങളിൽ ക്ഷത്രിയനൊഴികെ മറ്റെല്ലാ വർണ്ണങ്ങളിലുള്ളവർക്കും എല്ലാവിധ കർമ്മങ്ങളേയും അനുഷ്ഠിക്കാവുന്നതാണു. അങ്ങനെ അനുഷ്ഠിക്കപ്പെടേണ്ട കർമ്മങ്ങളെ ഋതം, അമൃതം, മൃതം, പ്രമൃതം, സത്യാനൃതം എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. എന്നാൽ ശ്വാവൃത്തിയെ ഒരിക്കലും സ്വീകരിക്കരുതു. പാടത്തു് കൊഴിഞ്ഞുകിടക്കുന്ന ധാന്യത്തെ സ്വന്തമാക്കുന്നതാണു് ഉഞ്ചശിലം എന്നറിയപ്പെടുന്നതു. അതിനെ ഋതം എന്നും വിളിക്കുന്നു. യാചന കൂടാതെ ധനധാന്യാദികൾ സ്വീകരിക്കുന്നതിനെ അമൃതം എന്നും പറയുന്നു. ഭിക്ഷയിലൂടെ നേടുന്നതിനെ മൃതമെന്നും, കൃഷിപ്പണിയെ പ്രമൃതമെന്നും പറയുന്നു. കച്ചവടമാണു് സത്യാനൃതം. നീചന്മാരെ ആശ്രയിച്ചു് ജീവിക്കുന്നതിനെ ശ്വാവൃത്തി എന്നു് പറയുന്നു. ഒരിക്കലും, പ്രത്യേകിച്ചും, ബ്രാഹ്മണക്ഷത്രിയവർഗ്ഗം നിന്ദ്യവൃത്തിയെ അനുഷ്ഠിക്കുവാൻ പാടുള്ളതല്ല. ബ്രാഹ്മണർ വേദമയരും, ക്ഷത്രിയർ ദേവമയരുമാണു.

ശമം, ദമം, തപം, ശൌചം, തൃപ്തി, ക്ഷമ, ആർജ്ജവം, ജ്ഞാനം, ദയ, ഭഗവാനിൽ തല്പരത, സത്യം എന്നിവ ബ്രാഹ്മണന്റെ ലക്ഷണങ്ങളാകുന്നു. ശൌര്യം, വീര്യം, ധൈര്യം, തേജസ്സ്, ത്യാഗം, മനോജയം, ക്ഷമ, ബ്രാഹ്മണരിൽ ബഹുമാനം, കാരുണ്യം, പ്രജാപരിപാലനം എന്നിവ ക്ഷത്രിയന്റെ ലക്ഷണങ്ങളായി അറിയുക. ഭഗവാനിലും ഗുരുക്കന്മാരിലും ദേവന്മാരിലും ഭക്തിയുണ്ടാവുക, ധർമ്മാർത്ഥകാമങ്ങളുടെ പോഷണം, ഈശ്വരവിശ്വാസം, കർമ്മശീലം, വ്യവഹാരങ്ങളിലുള്ള നിപുണത എന്നിവ വൈശ്യന്റെ ലക്ഷണങ്ങളാകുന്നു. വിനയം, ശൌചം, സത്യസന്ധമായി തന്റെ യജമാനനെ സേവിക്കുക, മന്ത്രം കൂടാതെയുള്ള ഈശ്വരപൂജ, സത്യസന്ധത, സത്യഭാഷണം, ഗോക്കളേയും ബ്രാഹ്മണരേയും രക്ഷിക്കൽ എന്നിങ്ങനെയുള്ളതു് ശൂദ്രന്റെ ലക്ഷണമാകുന്നു.

രാജാവേ!, ഇനി സ്ത്രീകളുടെ ധർമ്മത്തെക്കുറിച്ചു് പറയാം. ഭർത്താവിനെ ഈശ്വരനായിക്കാണുകയും, അവനെ ശുശ്രൂഷിക്കുകയും അനുസരിക്കുകയും, അവന്റെ ബന്ധുക്കളിൽ സ്നേഹത്തോടെ വർത്തിക്കുകയും, അവന്റെ നിഷ്ഠകളിൽ കൂട്ടുചേരുകയുമാണു് പതിവ്രതകളായ സ്ത്രീകളുടെ ധർമ്മം. ഗൃഹത്തെ വൃത്തിയാക്കി വയ്ക്കുക, സ്വയം അണിഞ്ഞുചമയുക, ഗൃഹോപകരണങ്ങൾ വൃത്തിയായി സൂക്ഷിക്കുക, ഭർത്താവിന്റെ ആഗ്രഹങ്ങളെ കണ്ടറിയുക, അച്ചടക്കത്തോടെ വാഴുക, സത്യവും പ്രിയവുമായ വാക്യങ്ങളെ പറയുക എന്നിങ്ങനെയുള്ള വൃത്തികളോടെ അവൾ എന്നും ഭർത്താവിനെ ശുശ്രൂഷിക്കേണ്ടതാണു. കിട്ടുന്നതിൽ തൃപ്തിയോടും, കിട്ടാത്തതിൽ അതൃപ്തി കാട്ടാതെയും ജീവിക്കുക, അലസത കൈവെടിയുക, കാര്യാകാര്യബോധമുള്ളവളായിരിക്കുക, ഇങ്ങനെ, മേൽപ്പറഞ്ഞ ധർമ്മങ്ങളാൽ പതിതനാകാത്ത ഭർത്താവിനെ അവന്റെ ഭാര്യയായ സ്ത്രീ ശുശ്രൂഷിക്കേണ്ടതുണ്ടു. ലക്ഷ്മീദേവി ശ്രീഹരിയെ എന്നതുപോലെ, ഭർത്താവിനെ ശുശ്രൂഷിക്കുന്ന ഭാര്യ വിഷ്ണുസ്വരൂപനായ ഭർത്താവോടുചേർന്നു് ലക്ഷ്മീസമം സന്തോഷത്തോടുകൂടി ജീവിതം ആസ്വദിക്കുന്നതാണു.

സങ്കരവർഗ്ഗങ്ങളിൽപെട്ടവരും അതേസമയം, തസ്ക്കരന്മാരല്ലാത്തവരുമായ ചണ്ഡാളന്മാരും അന്തേവാസികളും, തങ്ങളുടെ കുലത്തൊഴിലുകൾ ആചരിച്ചുജീവിക്കുക. ഹേ രാജാവേ!, വേദപണ്ഡിതന്മാരുടെ മതമനുസരിച്ചു്, ഓരോ യുഗത്തിലും ഗുണകർമ്മവിഭാഗികളായ വിവിധവർണ്ണങ്ങളിലുള്ള മനുഷ്യർക്കു് ഇപ്രകാരം വിധിച്ചിട്ടുള്ള ഈ കർമ്മപദ്ധതി ഇഹത്തിലും പരത്തിലും ശ്രേയസ്ക്കരമായി കണക്കാക്കപ്പെടുന്നു. എന്തെന്നാൽ, ഇങ്ങനെ ഗുണങ്ങൾക്കനുസരിച്ചുള്ള കർമ്മപദ്ധതിയുമായി ജീവിതം നയിക്കുന്നവർ പതുക്കെപ്പതുക്കെ തങ്ങളുടെ സ്വഭാവജമായ കർമ്മത്തെ വെടിഞ്ഞുകൊണ്ടു് ഗുണാതീതമായ ഭാവത്തിലേക്കെത്തിച്ചേരുന്നു. വീണ്ടും വീണ്ടും വിത്തിറക്കുന്ന നിലം പതുക്കെപ്പതുക്കെ നിർവീര്യമാകുന്നു. പിന്നീടതിലിറക്കുന്ന വിത്തുകൂടി നശിച്ചുപോകുകയും ചെയ്യുന്നു. ഈവിധം കാമനകൾ ക്ഷയിച്ചുകൊണ്ടിരിക്കുന്ന മനസ്സ് അമിതമായ കാമഭോഗത്താൽ വിരക്തി പ്രാപിക്കുന്നു. എന്നാൽ, അതുപോലെ, അല്പകാമങ്ങളുടെ അനുഭവത്താൽ ആ വിരക്തി സാധ്യമാകുന്നില്ല. തുടരെത്തുടരെ ഇറ്റിറ്റുവീഴുന്ന നെയ്ത്തുള്ളികളാൽ അഗ്നി ജ്വലിക്കുന്നു. എന്നാൽ, കത്തുന്ന അഗ്നിയിലേക്കു് അമിതിമായി നെയ്യു് പകർന്നാൽ അതു് അണഞ്ഞുപോകുകയും ചെയ്യുന്നു.

ഹേ രാജൻ!, മേൽപ്പറഞ്ഞതായ ഓരോ വർണ്ണങ്ങളുടേയും യാതൊരു ലക്ഷണങ്ങൾ യാതൊരുവനിൽ കാണപ്പെടുന്നുവോ, അവനെ, ജന്മത്തിന്റെ അടിസ്ഥാനത്തിലല്ലാതെ, അവനിലെ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിങ്ങനെ മനസ്സിലാക്കേണ്ടതാണു. വർണ്ണങ്ങൾക്കാധാരം ജന്മമല്ല, മറിച്ചു് ഗുണകർമ്മങ്ങളാണെന്നു് സാരം."

* * * * * * * *

[ശ്രീമദ്ഭഗവദ്ഗീതയിലെ ചാതുർവർണ്യം മയാസൃഷ്ടം എന്ന ശ്ലോകത്തെപ്പോലെ, പലവിധം ദുർവ്യാഖ്യാനങ്ങൾക്കു് വിധേയമാകാവുന്ന ഒരദ്ധ്യായമാണിതു. ഗുണകർമ്മവിഭാഗശഃ എന്ന പ്രയോഗത്തെ അപ്പാടെ ഉപേക്ഷിച്ചുകൊണ്ടു്, ചാതുർവർണ്യം മയാസൃഷ്ടം എന്ന ഒന്നാമത്തെ വരിയെ മാത്രം വിലയിരുത്തുന്നതാണു് ഇത്തരം വ്യാഖ്യാനങ്ങൾക്കു് വഴിയൊരുക്കുന്നതു. വൈദ്യുതദീപമാലയിൽ പലനിറങ്ങളിൽ ബൾബുകൾ പ്രകാശിക്കുന്നതു് നാം കണ്ടിട്ടുണ്ടു. വ്യത്യസ്ഥവർണ്ണകടലാസുകൾ ചുറ്റിയിട്ടുള്ള ആ ബൾബുകൾക്കുള്ളിൽ ജ്വലിക്കുന്ന വിദ്യുത്പ്രകാശത്തിനു് യാതൊരു ഭേദവുമില്ലത്തതുപോലെ, ഓരോ ജീവനേയും ചുറ്റപ്പെട്ടിരിക്കുന്ന ഗുണങ്ങൾക്കധിഷ്ഠിതമായി മാത്രമേ അവരിൽനിന്നും കർമ്മങ്ങൾ വ്യക്തമാകുകയുള്ളൂ. ശ്രീമദ്ഭഗവദ്ഗീതയിലോ, ശ്രീമദ്ഭാഗവതത്തിലോ, സനാതനധർമ്മത്തിലെ മറ്റേതൊരു ഗ്രന്ഥത്തിലുമോ, ജന്മത്തെ ആധാരമാക്കിയിട്ടുള്ള ജാതിവ്യവസ്ഥകൾ കാണാൻ കഴിയുകയില്ല. ഈ സത്യത്തെ സാധൂകരിക്കുകയെന്നതാണു് ഈ അദ്ധ്യായത്തിലെ യസ്യ യല്ലക്ഷണം എന്നുതുടങ്ങി, തത് തേനൈവ വിനിർദിശേത് എന്നവസാനിക്കുന്ന അവസാനശ്ലോകം കൊണ്ടുദ്ദേശിക്കുന്നതു. ഏതേതു് ഗുണങ്ങൾ ഏതൊരുവനിൽ കാണപ്പെടുന്നുവോ, അതാതു് ഗുണങ്ങൾ ലക്ഷണങ്ങളായി പറഞ്ഞിട്ടുള്ള വർണ്ണത്തിലുള്ളവനായി അവനെ കണക്കാക്കുയെന്നാണിതിനർത്ഥം. ഗുണകർമ്മങ്ങളാൽ വർണ്ണങ്ങൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നുവെന്നു് സാരം.

മനുഷ്യജന്മത്തിന്റെ ആത്യന്തികമായ ഉദ്ദേശം ജനനമരണസംസാരമുക്തിയാകുന്നു. കർമ്മങ്ങൾ കാരണം ജന്മങ്ങളും, ജന്മങ്ങൾ കാരണം കർമ്മങ്ങളും പരസ്പരപൂരകങ്ങളായി സംഭവിക്കുന്നു. കർമ്മത്തിലുള്ള ആസക്തിയൊഴിയാതെ കർമ്മങ്ങളെ ത്യജിക്കുവാൻ സാധ്യമല്ല. കർമ്മാചരണത്തിലൂടെ ഒരു ജന്മത്തിലല്ലെങ്കിൽ മറ്റേതെങ്കിലും ജന്മങ്ങളിൽ കർമ്മത്തിന്റെ വിരക്തി സംഭവിക്കുകതെന്നെ ചെയ്യും. തുടർച്ചയായി വിത്തിറക്കുന്നതുകൊണ്ടു് ഭൂമി നിർവീര്യമാകുന്നതുപോലെയും, ആളിപ്പടരുന്ന അഗ്നിയിൽ അമിതമായി നെയ്യ് പകർന്നാൽ അഗ്നി കെട്ടുപോകുന്നതുപോലെയും, തുടർച്ചയായുള്ള കർമ്മങ്ങളുടെ ആചരണം വഴി കർമ്മത്തിലുള്ള വിരക്തി സംഭവിക്കുകതന്നെ ചെയ്യുന്നു. ഏതൊരു വർണ്ണത്തിലുള്ളവനായാലും, തനിക്കു് വിഹിതങ്ങളായ കർമ്മങ്ങളെ നിസ്പൃഹനായി അനുഷ്ഠിക്കുന്നതുവഴി കാമനകളൊഴിഞ്ഞു് ഹൃദയം ശുദ്ധമാകുകയും അതിൽ ജ്ഞാനം തെളിയുകയും തത്ഫലമായി പ്രസ്തുതജന്മത്തിൽത്തന്നെ ആ ജീവനു് സംസൃതിയിൽനിന്നും നിവൃത്തി സംഭവിക്കുകയും ചെയ്യുന്നു. ഇവിടെ ബ്രാഹ്മണർക്കുമാത്രമേ മുക്തി സംഭവിക്കുകയുള്ളൂ എന്നെവിടേയും പറഞ്ഞിട്ടില്ല. സകലജന്മങ്ങളും ഉണ്ടാകുന്നതു് മുക്തിക്കുവേണ്ടിമാത്രമാണു. ജന്മങ്ങളുടെ ഉദ്ദേശം വിവിധ ലോകങ്ങളിലലഞ്ഞുതിരിഞ്ഞു് കർമ്മങ്ങൾ ചെയ്യുകയോ, തത്ഫലമായുണ്ടാകുന്ന സുഖദുഃഖങ്ങളെ മാറിമാറിയനുഭവിക്കുകയോ അല്ല, മറിച്ചു് ജന്മജന്മാന്തരങ്ങളായി അജ്ഞാനത്തിലൂടെ ജീവനെ ബാധിച്ചിരിക്കുന്ന ആഗ്രഹങ്ങളൊഴിഞ്ഞു് പുനരാവൃത്തിയെ പ്രാപിക്കാത്ത മോക്ഷത്തെ നേടുകയെന്നതാണു. കാരണം, മോക്ഷത്തെ പ്രാപിക്കുന്നതുവരെ ജീവൻ സുഖദുഃഖങ്ങളനുഭവിച്ചുകൊണ്ടു് സംസാരമാകുന്ന മഹാസമുദ്രത്തിൽ വിവിധ യോനികളെ ആശ്രയിച്ചുകൊണ്ടു് ജന്മവും കർമ്മവുമായി ഉഴലുകതന്നെയാണു ചെയ്യുന്നതു.

ശൂദ്രനായി ജനിച്ചാലും ബ്രാഹ്മണന്റെ ധർമ്മത്തെ ചെയ്യുവാൻ വിസമ്മതമില്ലെന്നും നാരദർ യുധിഷ്ഠിരനോടു് പറയുന്നുണ്ടു. കൃഷ്ണദ്വൈപായനനും, ശ്രീകൃഷ്ണപരമാത്മാവും, പരശുരാമനുമെല്ലാം ഇക്കാര്യത്തിൽ ദൃഷ്ടാന്തങ്ങളാണു. ചുരുക്കത്തിൽ ജന്മങ്ങളുടെ താത്പര്യം മുക്തിയാണെന്നിരിക്കെ, കർമ്മമേതായാലും വർണ്ണമേതായാലും, വിഹിതങ്ങളായ ധർമ്മങ്ങളുടെ ആചരണത്തിലൂടെ ഗുണങ്ങൾക്കതീതനായി ജനനമരണങ്ങളില്ലാത്ത നിത്യമായ ഗതിയെ പ്രാപിക്കുന്നുവെന്നുള്ളതുകൊണ്ടു്, സത്യത്തിൽ ഈ വർണ്ണങ്ങൾതമ്മിൽ യാതൊരു വ്യത്യാസങ്ങളുമില്ലെന്നറിയുക.

മറ്റൊരു കാര്യം, വർണ്ണങ്ങളിൽ സർവ്വോത്തമമായി ബ്രാഹ്മണനെ കണ്ടിരിക്കുന്നതു്, ആ ജീവന്റെ സംശുദ്ധിയും, മറ്റു് വർണ്ണങ്ങളെ സംസാരക്കടലിൽനിന്നും കരകയറ്റുവാനുള്ള നൈപുണ്യവും കണക്കിലെടുത്തിട്ടാണു. ആത്മജ്ഞാനികളായ ബ്രാഹ്മണർ ഒരിക്കലും മറ്റുള്ള ജീവഭൂതങ്ങളെ തന്നിൽനിന്നും അന്യമായി കാണുകയില്ല. ആയതിനാൽ അങ്ങനെയുള്ള ബ്രാഹ്മണരെ പരിചരിക്കുകയും, അവരിൽനിന്നും അറിവും ഉപദേശങ്ങളും നേടി ജീവിതലക്ഷ്യം സാധൂകരിക്കുകയും ചെയ്യുന്നതു്, സത്യത്തിൽ മഹാഭാഗ്യമായി കരുതേണ്ടതാണു.]


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം പതിനൊന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next




Sanatana Dharmam

2019, സെപ്റ്റംബർ 8, ഞായറാഴ്‌ച

7.10 പ്രഹ്ളാദന്റെ രാജ്യാഭിഷേകവും, മഹാദേവനാൽ ത്രിപുരാദഹനവും.


ഓം
ന്റെ  
ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 10
(പ്രഹ്ലാദന്റെ രാജ്യാഭിഷേകവും, മഹാദേവനാൽ ത്രിപുരാദഹനവും.)


നാരദർ പറഞ്ഞു: രാജാവേ!, ഭഗവാന്റേതായിരുന്നുവെങ്കിലും, വരപ്രസാദം ഭക്തിയ്ക്കു് തടസ്സമാകുമെന്ന നിഗമനത്തോടുകൂടി പ്രഹ്ലാദൻ നരസിംഹമൂർത്തിയോടു് പറഞ്ഞു: ഭഗവാനേ!, ജന്മം കൊണ്ടുതന്നെ വിഷയങ്ങളിൽ ആശയോടുകൂടിയവനാ‍യ എന്നെ അവിടുന്നു് വീണ്ടും വരങ്ങളാൽ പ്രലോഭിപ്പിക്കരുതു. അവയിൽ നിസ്സംഗനായി മോക്ഷത്തിനുവേണ്ടി നിന്തിരുവടിയുടെ പദമലരിൽ അഭയം പ്രാപിച്ചവനാണു ഞാൻ. ഭഗവാനേ!, ഒരുപക്ഷേ, അങ്ങെന്നെ പരീക്ഷിക്കുവാനായിരിക്കാം, സംസാരബീജവും ഹൃദയത്തിൽ കാമനകളുടെ ഊരാക്കുടുക്കുകളുണ്ടാക്കുന്നതുമായ വിഷയങ്ങളെ വരിച്ചുകൊള്ളുവാൻ എന്നോടു് പറഞ്ഞതു. അഥവാ, പരീക്ഷണാർത്ഥമല്ലെങ്കിൽ, അങ്ങീക്കാട്ടിയതു് ഒട്ടും ശരിയായില്ല. കാരണം, അവിടുത്തെ തിരുമുന്നിൽ ‌വന്നു് അഭീഷ്ടങ്ങളെ നേടുവാനിച്ഛിക്കുന്നവൻ നിന്തിരുവടിയുടെ യഥാർത്ഥ ഭക്തനായിരിക്കില്ല. അവൻ തീർച്ചയായും കച്ചവടക്കാരനായിരിക്കും. കാരണം, പ്രഭുവിന്റെ അടുക്കൽനിന്നു് അഭീഷ്ടങ്ങളെ ചോദിക്കുന്ന ഭൃത്യൻ യഥാർത്ഥ ഭൃത്യനോ, പ്രഭുത്വത്തെ ആഗ്രഹിച്ചുകൊണ്ടു് അഭീഷ്ടങ്ങളെ കൊടുക്കുന്ന പ്രഭു യഥാർത്ഥ പ്രഭുവോ അല്ല. ഞാൻ നിഷ്കാമിയായ അവിടുത്തെ ദാസനും, അങ്ങു് ദാസനിരപേക്ഷതയുള്ള അടിയന്റെ സ്വാമിയുമാണു. നമ്മൾക്കിടയിൽ മറ്റു് യാതൊരുവിധത്തിലുമുള്ള സംബന്ധവുമില്ല. ഇനി അതല്ല, അങ്ങയുടെ സന്തോഷത്തിനുവേണ്ടി മാത്രം എനിക്കൊരു വരം നൽകാൻ അങ്ങാഗ്രഹിക്കുന്നുവെങ്കിൽ, എന്നിൽ ഇനിയൊരിക്കലും കാമനകളുടെ ഒരു ചെറുനാമ്പുപോലും കിളിർക്കാതിരിക്കുവാനുള്ള വരം നൽകി ഈയുള്ളവനെ അനുഗ്രഹിച്ചാലും!. കാരണം, മനസ്സിൽ നാമ്പിടുന്ന ഓരോ ആഗ്രഹങ്ങളും ഇന്ദ്രിയങ്ങൾ, മനസ്സ്, പ്രാണൻ, ശരീരം, ധർമ്മം, ധൈര്യം, ബുദ്ധി, ലജ്ജ, ഐശ്വര്യം, സ്മൃതി, സത്യം മുതലാവയെ ഇല്ലാതാക്കുന്നവയാണു. എന്നാണോ ഒരുവന്റെ മനസ്സിലെ കാമങ്ങൾ നശിക്കുന്നതു്, അന്നു് അവൻ അങ്ങയുടെ അനുഗ്രഹത്തിനു് പാ‍ത്രീഭൂതനാകുന്നു. ഹേ ഭഗവാനേ!, ഹേ മഹാപുരുഷാ!, ഹേ മഹാത്മനേ!, ഹേ ശ്രീഹരേ!, ഹേ പരബ്രഹ്മമേ!, ഹേ പരമാത്മനേ!, ഹേ നരസിംഹമൂർത്തേ!, നിന്തിരുവടിയ്ക്കായിക്കൊണ്ടു് നമസ്ക്കാരം!.

ഭഗവാൻ പറഞ്ഞു: പ്രഹ്ലാ‍ദാ!, നിന്നെപ്പോലെയുള്ള ഏകാന്തികളായ ഭക്തന്മാർ ഒരിക്കലും ഇഹപരങ്ങളായ സുകൃതങ്ങളെ എന്നിൽനിന്നും ഇച്ഛിച്ചിട്ടില്ല. എന്നിരിക്കിലും, ഈ മന്വന്തരം കഴിവോളം നീ അസുരാധിപനായി സകലൈശ്വര്യങ്ങളും അനുഭവിച്ചുകൊണ്ടു് ജീവിച്ചുകൊള്ളുക!. എന്റെ മഹിമകളെ ആസ്വദിച്ചുകൊണ്ടും, സകലചരാചരങ്ങളിലും ഞാൻ നിറഞ്ഞുവസിക്കുന്നുവെന്ന നിന്നിലുള്ള ബോധം നഷ്ടമാക്കാതെയും, യജ്ഞങ്ങൾക്കധിപനും, ഈ പ്രപഞ്ചത്തിന്റെ ഏക ഈശ്വരനുമായ എന്നിൽ മനസ്സുറപ്പിച്ചുകൊണ്ടും, കർമ്മഫലങ്ങളെ ത്യജിച്ചുകൊണ്ടും, എന്നെ ഉപാസിക്കുക!. പുണ്യപാപങ്ങളെ അനുഭവിച്ചുതീർത്തതിനുശേഷം, ദേവലോകത്തിൽ‌പോലും പ്രകീർത്തിക്കപ്പെടുന്ന പരിശുദ്ധമായ കീർത്തിയെ ഉണ്ടാക്കി, കാലപ്രവാഹത്താൽ ശരീരത്തെ ത്യജിച്ചു്, കർമ്മബന്ധത്തിൽനിന്നും മുക്തനായി നീ എന്നെത്തന്നെ പ്രാപിക്കുന്നതാണു. എന്നെയും നിന്നെയുമോർത്തുകൊണ്ടു്, എന്റെ പ്രസാദത്തിനായി നിന്നാൽ ഉരയ്ക്കപ്പെട്ട ഈ സ്തോത്രത്തെ പ്രകീർത്തിക്കുന്നവനും കാലഗതിൽ കർമ്മബന്ധത്തിൽനിന്നും മുക്തനായി ഭവിക്കുന്നു.

പ്രഹ്ലാദൻ പറഞ്ഞു: മഹാപ്രഭോ!, സർവ്വാഭീഷ്ടപ്രദായകനായ നിന്തിരുവടിയിൽനിന്നും ഒരു വരം ഞാനാഗ്രഹിക്കുന്നു. എന്തെന്നാൽ, നിന്തിരുവടിയുടെ പ്രഭാവത്തെ അറിയാതെ, സകലലോകങ്ങൾക്കും ഗുരുവും പ്രഭുവുമായ അങ്ങയെ എന്റെ അച്ഛൻ അദ്ദേഹത്തിന്റെ ഭ്രാതൃഘാതകൻ എന്നുവിളിച്ചപമാനിക്കുകയുണ്ടായി. മാത്രമല്ല, അവിടുത്തെ ദാസനായ എന്നെ അധിക്ഷേപിക്കുകയും ദ്രോഹിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തു. പൊറുക്കാനാകാത്ത ആ മഹാപരാ‍ധത്തിൽനിന്നും എന്റെ അച്ഛ‌ൻ മുക്തനാകണം. ഹേ കൃപണവത്സലാ!, അങ്ങദ്ദേഹവുമായി യുദ്ധം ചെയ്യുന്നസമയത്തു് അവിടുത്തെ കടക്കണ്ണിന്റെ നോട്ടത്താൽതന്നെ അദ്ദേഹം സംശുദ്ധനായിക്കഴിഞ്ഞിരുന്നു.

ഭഗവാൻ പറഞ്ഞു: ഹേ അനഘാ!, സാധുവും കുലപാവനനുമായ നീ അവന്റെ ഗൃഹത്തിൽ വന്നുജനിച്ചതായ ഒരൊറ്റക്കാരണംകൊണ്ടുതന്നെ നിന്റെ അച്ഛൻ അവന്റെ ഇരുപത്തിയൊന്നു് തലമുറകളിലെ പിതൃക്കളോടൊപ്പം മുക്തനായിരിക്കുകയാ‍ണു. പ്രശാന്തന്മാരും സമദർശികളും ആചാരനിഷ്ഠയുള്ളവരുമായ എന്റെ ഭക്തന്മാർ നിവസിക്കുന്ന സ്ഥലം ധർമ്മാചരണമില്ലാത്ത പ്രദേശങ്ങളായിരുന്നാലും, അവ പാപവിമുക്തമാകുന്നു. ഹേ അസുരശ്രേഷ്ഠാ!, എന്റെ ഭക്തന്മാർ യാതൊരു പ്രാണികളേയും ഉപദ്രിവിക്കാറില്ല. നീ എന്റെ ഭക്തന്മാരുടെ പ്രതിരൂപമായതിനാൽ നിന്നെ അനുവർത്തിക്കുന്ന സകലരും എന്റെ ഭക്തന്മാരായിത്തീരുന്നതാണു. എന്റെ കരസ്പർശനത്താൽ നീ സർവ്വവിധത്തിലും പരിശുദ്ധനായിരിക്കുകയാണു. അങ്ങനെയുള്ള നീ നിന്റെ അച്ഛന്റെ ശേഷക്രിയകളെ ചെയ്യുക. ഉത്തമപുത്രന്മാരുള്ള പിതൃക്കൾ പുണ്യലോകം ഗമിക്കുവാൻ പ്രാപ്തരാകുന്നു. കുഞ്ഞേ!, ഋഷിമാരുടെ ഉപദേശങ്ങളനുസരിച്ചു് പിതാവിന്റെ സ്ഥാനമലങ്കരിക്കുക!. ശേഷം മനസ്സും കർമ്മങ്ങളും സർവ്വാത്മനാ എന്നിലർപ്പിച്ചു് കർമ്മങ്ങളെ ചെയ്യുക.

നാരദൻ പറഞ്ഞു: ഹേ യുധിഷ്ഠരരാജാവേ!, ഭഗവാൻ നരസിംഹമൂർത്തിയരുളിച്ചെയ്തപ്രകാരം, പ്രഹ്ലാദൻ ഹിരണ്യകശിപുവിന്റെ മരണാനന്തരക്രിയകളെച്ചെയ്തു. ശേഷം, ബ്രാഹ്മണരാൽ രാജ്യഭിഷേകം കൊള്ളുകയും ചെയ്തു. ദേവാദികൾക്കിടയിൽ പ്രസന്നവദനനായി നിന്നരുളുന്ന ഭഗവാനെ കണ്ടു് സ്തോത്രം ചെയ്തുകൊണ്ടു് ബ്രഹ്മദേവൻ ഇങ്ങനെ പറഞ്ഞു: ഹേ ദേവദേവാ!, ലോകങ്ങൾക്കെല്ലാം മഹാദുരിതത്തെ പ്രദാനംചെയ്തുകൊണ്ടിരുന്ന പാപിയായ ഹിരണ്യകശിപുനെ അങ്ങു് വധിച്ചതു് ഞങ്ങൾക്കെല്ലാം അനുഗ്രഹമായിത്തീർന്നു. എന്നിൽനിന്നും നേടിയെടുത്തെ വരങ്ങളെക്കൊണ്ടു് അഹങ്കരിയായി മാറിയ അവൻ വേദവിഹിതങ്ങളായ എല്ലാ ധർമ്മങ്ങളേയും നശിപ്പിച്ചിരുന്നു. അവിടുത്തെ ഭക്തനും അങ്ങയിൽ ആശ്രിതനുമായ ഈ ബാലൻ അവനാൽ വധിക്കപ്പെടാതെ അങ്ങു് സംരക്ഷിക്കുകയും ചെയ്തു. ഭക്തിയോടെ അങ്ങയുടെ ഈ നരസിംഹരൂപത്തെ ധ്യാനിക്കുന്നവൻ എല്ലാ ഭയങ്ങളിൽനിന്നും മുക്തനായി, എന്തിനുപറയാൻ, മൃത്യുവിൽനിന്നുപോലും രക്ഷിക്കപ്പെടുന്നു.

ഭഗവാൻ നരസിംഹമൂർത്തിയരുളിച്ചെയ്തു: ഹേ ബ്രഹ്മദേവാ!, ആസുരഭാവം പൂണ്ടവർക്കു് ഒരിക്കലും ഇത്തരത്തിലുള്ള വരങ്ങൾ നൽകാൻ പാടുള്ളതല്ല. പ്രകൃത്യാതന്നെ ക്രൂരശീലരായ അവർക്കു് വരം കൊടുക്കുന്നതു്, പാമ്പിനു് പാലു് കൊടുക്കുന്നതുപോലെയാണു.

നാരദർ തുടർന്നു: രാജാവേ!, ഇങ്ങനെ ബ്രഹ്മദേവനാൽ പൂജിതനായ ഭഗവാൻ നരസിംഹമൂർത്തിയാകട്ടെ, സർവ്വരുടേയും ദൃഷ്ടിയിൽനിന്നും പെട്ടെന്നു് മറഞ്ഞരുളി. അനന്തരം, ബ്രഹ്മദേവൻ ശുക്രാചാര്യരാദിയായ മുനിമാരോടൊപ്പം പ്രഹ്ലാദനെ ദൈത്യദാനവാദികളുടെ രാജാവായി അഭിഷേകം ചെയ്യിച്ചു. തുടർന്നു്, അവനെ ആശീർവദിച്ചുകൊണ്ടു്, അവനാൽ പ്രതിപൂജിതരായി ബ്രഹ്മാവാദിയായ ദേവന്മാർ സ്വസ്ഥാനങ്ങളിലേക്കു് മടങ്ങിപ്പോയി.

ഹേ രാജൻ!, അങ്ങനെ, വിഷ്ണുപാർഷദന്മാരായിരുന്ന ജയവിജയന്മാർ ദിതിയിൽ പുത്രത്വം സ്വീകരിച്ചുകൊണ്ടു് ജനിക്കുകയും, ഹരിയിൽ ശത്രുത്വം സ്വീകരിച്ചുകൊണ്ടു് അവനാൽ വധിക്കപ്പെടുകയും ചെയ്തു. പിന്നീടു്, വിപ്രശാപത്താൽ അവർ രാവണനെന്നും കുംഭകർണ്ണനെന്നും പേരായ രാക്ഷസ്സന്മാരായി ജനിക്കുകയും, ഹരിദ്വേഷികളായ അവരെ ഭഗവാൻ ശ്രീരാമചന്ദ്രനായി അവതരിച്ചു് കൊല്ലുകയും ചെയ്തു. രാമസായകമേറ്റു് യുദ്ധക്കളത്തിൽ ഹൃദയം പിളർന്നുകിടന്ന അവരിരുവരും ഭഗവാനിൽ മനസ്സുറപ്പിച്ചു് തങ്ങളുടെ ഭൌതികശരീരങ്ങളെ ത്യജിച്ചു. മൂന്നാമതു് വീണ്ടും അവർ ശിശുപാലനായും ദന്തവൿത്രനായും ജനിച്ചു് ഭഗവാനിൽ വൈരഭാവത്തെ തുടർന്നതിനാൽ ശ്രീഹരിയുടെ അവതാരമായ ഭഗവാൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ടു് മോക്ഷമടഞ്ഞതു് അങ്ങയുടെ മുന്നിൽ‌വച്ചായിരുന്നുവല്ലോ!. ശ്രീകൃഷ്ണപരമാത്മാവിനോടു് ദ്വേഷം ഭാവിച്ചിരുന്ന അവരുടെ സകല മുജ്ജന്മപാപങ്ങളും അവനാൽ വധിക്കപെട്ടതോടെ ഇല്ലാതായി. വേട്ടാളെനെന്ന വണ്ടിന്റെ കൂട്ടിലകപ്പെട്ട പുഴുക്കൾ അതിനെ നിത്യനിരന്തരം സ്മരിച്ചുകൊണ്ടു് വേട്ടളനെപ്പോലെതന്നെയാകുന്നതുപോലെ, അവർ ഭഗവാനെ ദ്വേഷഭക്തിയാൽ അനുസ്യൂതം സ്മരിച്ചുകൊണ്ടു് അവനിൽത്തന്നെ സായൂജ്യമടഞ്ഞു. ഭേദഭാവമില്ലാത്ത ഭക്തിയാലെന്നതുപോലെ, അവർ നിത്യനിരന്തരമായുള്ള ശത്രുഭാവഭക്തിയാൽ മോക്ഷത്തിനർഹരായി. രാജൻ!, പാപികളായ ശിശുപാലനും മറ്റും എങ്ങനെ ഭഗവദ്സായൂജ്യത്തിനു് പാത്രമായി, എന്ന അങ്ങയുടെ ചോദ്യത്തിനുള്ള ഉത്തരം ഞാൻ പറഞ്ഞുകഴിഞ്ഞു. ശ്രീകൃഷ്ണപരമാത്മാവിന്റെ അവതാരമായ ശ്രീനരസിംഹമൂർത്തിയുടെ ഈ കഥയിൽ, ആദിദൈത്യന്മാരായ ഹിരണ്യാക്ഷന്റേയും ഹിരണ്യകശിവിന്റേയും മറ്റും കഥകൾ ഉൾപ്പെട്ടിരിക്കുന്നു. കൂടാതെ, പ്രഹ്ലാദന്റെ ചരിത്രവും, ഭക്തിജ്ഞാനവൈരാഗ്യാദികളുടെ പ്രസക്തിയും, സർഗ്ഗസ്ഥിതിലയകാരണനായ ശ്രീഹരിയുടെ യാഥാർത്ഥ്യവും, സകാമകർമ്മവർണ്ണനവും, ബ്രഹ്മാദിസകലഭൂതങ്ങൾക്കും കാലഗതിയിലുണ്ടാകുന്ന വ്യതിയാനങ്ങളും, സർവ്വവ്യാപിയായ ഭഗവാനെ ആരാധിക്കുവാനുള്ള ആചരണക്രമങ്ങളും, തുടങ്ങിയ അദ്ധ്യാത്മതത്വങ്ങളെല്ലാം ഈ കഥയിൽ യഥാവിധി വർണ്ണിച്ചിരിക്കുന്നു. ശ്രീഹരിയുടെ മഹിമകളാൽ നിറയപ്പെട്ട ഈ പുണ്യകഥയെ ശ്രദ്ധാഭക്തിസമന്വിതം കേൾക്കുകയും കീർത്തിക്കുകയും ചെയ്യുന്ന സത്പുമാൻ കർമ്മപാശങ്ങളിൽനിന്നും മുക്തനാകുന്നു. നരസിംഹാവതാരലീലകളും, ദൈത്യന്മാരുടെ വധവും, പ്രഹ്ലാദന്റെ മാഹാത്മ്യവും ഏതെരുവൻ ഭക്തിയോടെ ശ്രവിച്ചു് പാരായണം ചെയ്യുന്നുവോ അവൻ ഭയരഹിതമായ ലോകത്തിലെത്തിച്ചേരുന്നു. അല്ലയോ രാജാവേ! മനുഷ്യരാശിയിൽ നിങ്ങൾ പാണ്ഡവന്മർ പുണ്യവാന്മാരാണു. കാരണം, ശ്രീഹരി മനുഷ്യവേഷത്തിൽ നിഗൂഢമായി നിങ്ങളുടെ ഭവനത്തിൽ വാണരുളുന്നു. അതു് കണ്ടറിയുന്ന മാമുനിമാർ അവനോടു് സമ്പർക്കത്തിലിരിക്കുവാനായി നാനാദിക്കുകളിൽനിന്നും ഇവിടെ വന്നുചേരുകയും ചെയ്യുന്നു. മഹാത്മാക്കൾ യാതൊന്നിനുവേണ്ടി നിത്യനിരന്തം യത്നിച്ചുകൊണ്ടിരിക്കുന്നുവോ, ആ പരമാനന്ദത്തിന്റെ മൂർത്തരൂപം ഈ ശ്രീകൃഷ്ണൻ‌തന്നെയാണു. നിങ്ങളുടെ പ്രിയനും സുഹൃത്തും മാതുലേയനും ഗുരുവും ആത്മാവുമായ അവൻ ആ പരമാത്മാവുതന്നെയാണു. യാതൊരുവന്റെ സ്വരൂപത്തെ ബ്രഹ്മാവും രുദ്രനും മുതലായ ദേവന്മാർ‌പോലും ഉള്ളവണ്ണം അറിയുന്നില്ലയോ, അങ്ങനെയുള്ള പരമാത്മാവായ ശ്രീകൃഷ്ണൻ മനസം‌യമനത്തോടെ ഞങ്ങൾ ചെയ്യുന്ന പ്രാർത്ഥനയിൽ പ്രസാദിക്കുമാറാകട്ടെ, എന്നാണു് ഞങ്ങൾ നിത്യവും പ്രാർത്ഥിക്കുന്നതു.

യുധിഷ്ഠിരരാജാവേ!, പണ്ടൊരിക്കൽ മയനെന്ന മഹാബലശാലിയായ ഒരസുരൻ സർവ്വശക്തനായ രുദ്രഭഗവാനെ തടവിലാക്കി അദ്ദേഹത്തിന്റെ കീർത്തിക്കു് കോട്ടം വരുത്തുകയുണ്ടായി. എന്നാൽ, ശ്രീകൃഷ്ണഭഗവാൻ രുദ്രദേവന്റെ കീർത്തിയെ വീണ്ടെടുത്തു.

യുധിഷ്ഠിരൻ ചോദിച്ചു: അല്ലയോ ദേവർഷേ!, എങ്ങനെയായിരുന്നു് മയനാൽ രുദ്രഭഗവാന്റെ കീർത്തി നഷ്ടപ്പെട്ടതെന്നും, ശ്രീകൃഷ്ണപരമാത്മാവു് അതിനെ എവ്വിധം വീണ്ടെടുത്തുവെന്നും അരുളിചെയ്താലും!.

നാരദർ പറഞ്ഞു: ഒരിക്കൽ ശ്രീകൃഷ്ണഭഗവാന്റെ അനുഗ്രഹത്താൽ അസുരന്മാർ ദേവന്മാരാൽ തോല്പിക്കപ്പെട്ടപ്പോൾ, അസുരന്മാരാകട്ടെ, മയാവികളുടെ അധിപനായ മയനെ ശരണം പ്രാപിച്ചു. മയൻ അവർക്കു് സ്വർണ്ണം, വെള്ളി, ഇരുമ്പു് മുതലായ മൂന്നു് ലോഹങ്ങൾകൊണ്ടു് അദൃഷ്ടങ്ങളായ മൂന്നു് വ്യോമയാനനഗരങ്ങൾ സൃഷ്ടിച്ചുനൽകി. അതിൽ അത്ഭുതാവഹമായ പലവിധം ഉപകരണങ്ങളുണ്ടായിരുന്നു. പൂർവ്വവൈരാഗ്യത്താൽ അവർ ആ നഗരങ്ങളുടെ പ്രത്യേകഗുണങ്ങളെ ഉപയോഗിച്ചുകൊണ്ടു് മൂലോകങ്ങളേയും ആക്രമിച്ചുതകർത്തു. തദവസരത്തിൽ ദേവന്മാർ മഹാദേവനെക്കണ്ടു് സങ്കടമുണർത്തിച്ചു. പേടിക്കേണ്ടാ!, എന്നുപറഞ്ഞാശ്വസിപ്പിച്ചുകൊണ്ടു് മഹാദേവൻ തന്റെ വില്ലിൽ ശരംതൊടുത്തു് ആ മൂന്നു് പുരങ്ങൾക്കുനേരേയയയ്ച്ചു. സൂര്യനിൽനിന്നും ചുട്ടുപഴുത്ത ജ്വാലകളുതിരുന്നതുപോലെ, ഭഗവാന്റെ വില്ലിൽനിന്നും തീക്കണങ്ങൾപോലെയുള്ള ശരങ്ങൾ പ്രവഹിക്കുകയും, തത്ഫലമായി മയനിർമ്മിതമായ ആ അത്ഭുതപുരങ്ങൾ മൂന്നും അപ്രത്യക്ഷമാകുകയും ചെയ്തു. മഹാദേവന്റെ തീക്കനൽശരങ്ങളേറ്റു് ആ പുരത്രവാസികൾ ജീവനറ്റു് നിലം‌പതിച്ചു. അതുകണ്ട മയൻ അവരെ തന്റെ മായാനിർമ്മിതമായ ഒരു അമൃതകൂപത്തിൽ നിക്ഷേപിച്ചു.  ആ കിണറ്റിലെ അമൃതരസസ്പർശനത്താൽ ആ അസുരന്മാർ മഹാതേജസ്വികളായി, മേഘങ്ങളെ പിളർന്നുവരുന്ന കൊള്ളിമീനുകളെപ്പോലെ, ഉണർന്നെഴുന്നേറ്റു. അതിൽ മനസ്സ് നൊന്തിരിക്കുന്ന മഹാദേവേകണ്ട ശ്രീകൃഷ്ണഭഗവാൻ ആ സമയം ഒരു ബുദ്ധി പ്രയോഗിച്ചു. ശ്രീകൃഷ്ണൻ സ്വയം പശുവായും ബ്രഹ്മദേവൻ കിടവായും മാറിക്കൊണ്ടു് അവിടേയ്ക്കുചെന്നു് ആ കിണറ്റിലെ അമൃതരസത്തെ മുഴുവനും കുടിച്ചുവറ്റിച്ചു. അസുരന്മാർ നോക്കിക്കൊണ്ടു് നിൽക്കുകയായിരുന്നുവെങ്കിലും മാ‍യാമോഹിതരായ അവർക്കു് ഭഗവാനേയും ബ്രഹ്മദേവനേയും തടയുവാൻ കഴിഞ്ഞില്ല. ഈ വിധിയെ കേട്ടറിഞ്ഞ മയൻ ആ അസുരന്മാരോടിങ്ങനെ പറഞ്ഞു: ലോകത്തിൽ ആർക്കും ദൈവഹിതത്തെ തള്ളിക്കളയുവാൻ സാധ്യമല്ല. ഹേ രാ‍ജൻ!, പിന്നീടു് ഭഗവാൻ ശ്രീകൃഷ്ണൻ ധർമ്മം, ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം, തപസ്സു്, വിദ്യ, ക്രിയ മുതലായ തത്വങ്ങളാൽ യഥാക്രമം, രഥം, സാരഥി, കൊടിമരം, കുതിരകൾ, ധനുസ്സു്, കവചം, ശരം മുതലായവയെ നിമ്മിച്ചു് മഹാദേവനു് നൽകി. അതിന്റെ ഉപയോഗത്തോടുകൂടി മഹാദേവൻ അഭിജിത്തു് എന്ന മുഹൂർത്തത്തിൽ ദുർഭേദ്യങ്ങളായ ആ മുപ്പുരങ്ങളെ ദഹിപ്പിച്ചുകളഞ്ഞു. ആ സമയം, ആകാശത്തിൽ ദുന്ദുഭി മുഴങ്ങുകയും, ദേവന്മാർ, ഋഷികൾ, പിതൃക്കൾ, സിദ്ധന്മാർ മുതലായവൻ ജയഘോഷത്തോടെ പുഷ്പവൃഷ്ടി തൂകുകയും, അപ്സരസ്ത്രീകൾ ആടിപ്പാടുകയും ചെയ്തു. രാജാവേ!, ഇങ്ങനെ മയന്റെ പുരങ്ങൾ മൂന്നും ദഹിപ്പിച്ച മഹാദേവനെ ബ്രഹ്മാദിദേവതകൾ ത്രിപുരാന്തകനെന്നു് കീർത്തിച്ചു. സന്തുഷ്ടനായ മഹാദേവൻ അനന്തരം സ്വധാമത്തിലേക്കു് തിരിച്ചുപോയി. പരമാത്മാവും ലോകഗുരുവുമായ ശ്രീകൃഷ്ണഭഗവാൻ മാനുഷവേഷം ധരിച്ചുവന്നു് ആടിയിട്ടുള്ള ഇത്തരം ലീലകളെ ഋഷികൾ നിരന്തരം ഗാനം ചെയ്തുകൊണ്ടിരിക്കുന്നു. ഹേ രാജാവേ! ഇനി എന്താണു് ഞാനങ്ങേയ്ക്കായി പറഞ്ഞുതരേണ്ടതു?.



ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം പത്താമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next




Prahlada becomes the King of Demons, Lord Shiva destroys the city of Maya