2019, സെപ്റ്റംബർ 8, ഞായറാഴ്‌ച

7.9 പ്രഹ്‌ളാദസ്തുതി.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 9
(പ്രഹ്ലാദസ്തുതി.)


നാരദർ തുടർന്നു: ഹേ യുധിഷ്ഠിരരാജാവേ!, ഹിരണ്യകശിപുവിനേയും അനുയായികളേയും വധിച്ചതിനുശേഷം സിംഹാസനത്തിൽ ഉഗ്രരൂപിയായി വർദ്ധിച്ച കോപത്തോടെ ഇരുന്നരുളുന്ന ശ്രീനരസിംഹമൂർത്തിയെ ബ്രഹ്മദേവനോ, ഇന്ദ്രനോ മറ്റാരുമോതന്നെ സമീപിക്കാൻ തയ്യാറായില്ല. ദേവന്മാരുടെ പ്രേരണയാൽ ശ്രീമഹാലക്ഷ്മി ഭഗവാന്റെയടുത്തു് ചെല്ലുവാനുള്ള ശ്രമം നടത്തിയെങ്കിലും അടുക്കുംതോറും അമ്പരപ്പുണ്ടാക്കുന്നതും മുമ്പൊരിക്കലും താൻ കണ്ടിട്ടില്ലാത്തതുമായ ആ ഭീഷണരൂപത്തെ സമീപിക്കുവാനുള്ള ധൈര്യം ദേവിക്കുമുണ്ടായില്ല. തുടർന്നു്, അരികെ നിന്ന പ്രഹ്ലാദനെ വിളിച്ചു് ബ്രഹ്മദേവൻ ഇപ്രകാരം പറഞ്ഞു: കുഞ്ഞേ!, അടുക്കലേക്കു് ചെല്ലൂ!. നിന്റെ പിതാവു് കാരണം കോപം പൂണ്ടിരിക്കുന്ന പ്രഭുവിനെ സമാധാനിപ്പിക്കൂ!.

നാരദൻ തുടർന്നു: ഹേ രാജൻ!, അങ്ങനെയാകട്ടെ!, എന്നു് പറഞ്ഞുകൊണ്ടു് ഭക്തോത്തമനായ പ്രഹ്ലാദൻ പതുക്കെപതുക്കെ തൊഴുകൈകളോടെ ഭഗവാന്റെയടുക്കലേക്കു് നടന്നടുത്തു. ഭഗവദ്സമീപത്തെത്തിയശേഷം, ഭൂമിയിൽ വീണു് ദണ്ഡനമസ്ക്കാരം ചെയ്തു. തന്റെ തൃപ്പദങ്ങളിൽ വീണുവണങ്ങിയ ആ ബാലനെ കരുണാദ്രനായ ഭഗവാൻ പിടിച്ചെഴുന്നേൽപ്പിച്ചതിനുശേഷം, കാലസർപ്പത്തെ ഭയന്നുജീവിക്കുന്ന ജീവഭൂതങ്ങളുടെ ഭയം തീർക്കുന്ന തന്റെ കരകമലത്തെ അവന്റെ മൂർദ്ധനിയിൽ വച്ചനുഗ്രഹിച്ചു. ആ സ്പർശനത്തോടുകൂടി അവശേഷിക്കപ്പെട്ട സകല അശുഭങ്ങളുകന്നു് അവൻ ജീവാത്മപരമാതമൈക്യം ചേർന്നവനായി. ആത്മാനന്ദത്താൽ അവന്റെ ശരീരത്തിൽ രോമഞ്ചമുതിർന്നു. പ്രേമാദ്രചിത്തനായ അവന്റെ കണ്ണുകൾ ആനന്ദാശ്രുക്കളാൽ നിറഞ്ഞൊഴുകി. അവൻ ഭഗവദ്പാദങ്ങളെ ഹൃദയത്തിൽ വച്ചു് നിർവൃതിയടഞ്ഞു. അവന്റെ ദൃഷ്ടിയും ഹൃദയവും ഭഗവാനിലുറച്ചു. ഭാവസമാധിയിലിരുന്നുകൊണ്ടു് ഇടറിയ കണ്ഠത്തോടെ പ്രഹ്ലാദൻ നരസിംഹമൂർത്തിയെ സ്തുതിച്ചു.

പ്രഹ്ലാദസ്തുതി: സത്വഗുണികളായ ബ്രഹ്മാദിദേവന്മാർക്കും ഋഷികൾക്കും സിദ്ധന്മാർക്കും പ്രസാദിപ്പിക്കുവാൻ കഴിയത്ത ശ്രീഹരിയെ തമോഗുണം നിറഞ്ഞ അസുരവംശത്തിൽ പിറന്ന എനിക്കു് എങ്ങനെ പ്രസാദിപ്പിക്കാൻ കഴിയും? ധനമോ, ആഭിജാത്യമോ, സൌന്ദര്യമോ, പാണ്ഡിത്യമോ, ഇന്ദ്രിയശക്തിയോ, തേജസ്സോ, പ്രഭാവമോ കൊണ്ടു് ആ പരമപുരുഷന്റെ പ്രീണനം സാധ്യമല്ലെന്നു് ഞാനറിയുന്നു. കാരണം, ഗജേന്ദ്രനിൽ അവൻ കേവലഭക്തികൊണ്ടുമാത്രമായിരുന്നല്ലോ പ്രസാദിച്ചതു!. ധനം, ആഭിജാത്യം മുതലായ സകലഗുണങ്ങളുമുണ്ടായിരുന്നാലും, ഭക്തിഹീനനായ ഒരു ബ്രാഹ്മൻ ഭക്തനായ ഒരു ചണ്ഡാളനേക്കാൾ നീചൻതന്നെയാണു. ഭക്തനായ ചണ്ഡാളൻ തന്റെ വംശം മുഴുവൻ ശുദ്ധീകരിക്കുമ്പോൾ, ഭക്തിഹീനനായ ആ ബ്രാഹ്മണനാകട്ടെ, സ്വയത്തെപ്പോലും ശുദ്ധീകരിക്കുവാനാകുന്നില്ല. സ്വയം സമ്പൂർണ്ണനായ ഭഗവാൻ അല്പന്മാരുടെ പൂജയെ സ്വീകരിക്കുന്നില്ല. എന്നാൽ ഭക്തന്മാരർപ്പിക്കുന്നതുമുഴുവൻ സ്വീകരിച്ചുകൊണ്ടു്, ശോഭയാർന്ന മുഖം കണ്ണാടിയിൽ പതിഞ്ഞാൽ കണ്ണടിയിൽ പ്രതിബിംബിതമായ മുഖവും ശോഭയാർന്നുകാണുന്നതുപോലെ, ഭഗവദർപ്പിതമായ വസ്തുക്കൾ ഭക്തന്മാരിലേക്കുതന്നെ എത്തിച്ചേരുന്നു. അതുകൊണ്ടു്, അധമനാണെങ്കിലും ശക്തിക്കൊത്തവിധം എല്ലാപ്രകാരത്തിലും ഞാൻ ആ പരമപുരുഷന്റെ മഹിമകളെ കീർത്തിക്കുവാൻ പോകുന്നു. കാരണം, ആ മഹിമകൾ അവിദ്യയാൽ സംസാരത്തിലകപ്പെട്ട ജീവന്റെ മുക്തിനൌകയാകുന്നു. പ്രഭോ!, അവിടുത്തെ ഈ ഭീഷണമായ രൂപം കണ്ടു് ഭയന്നുനിൽക്കുകയാണെങ്കിലും ബ്രഹ്മാദികളായ ഈ ദേവന്മാരെല്ലാം അവിടുത്തെ സത്വഗുണത്തിൽ അധിഷ്ഠിതരായവരും അതുപോലെതന്നെ അങ്ങയുടെ ആജ്ഞാനുവർത്തികളുമാണു. അല്ലാതെ, ഞങ്ങളെപ്പോലെ തമോഗുണികളല്ല.

കാലാകാലങ്ങളിലുണ്ടാകുന്ന മനോമോഹനങ്ങളായ അവിടുത്തെ അവതാരങ്ങളും വിനോദങ്ങളും ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയാണു. അതിൽ ഭയം തോന്നേണ്ട യാതൊരു ആവശ്യവുമില്ല. ഭഗവാനേ! അങ്ങയുടെ കോപത്തെ അടക്കിയാലും!. ഈ കോപം ആ എന്റെ അച്ഛനെ വധിക്കുവാനായിരുന്നല്ലോ! അദ്ദേഹം എന്തായാലും അങ്ങയാൽ വധിക്കപ്പെട്ടു. വിഷജന്തുക്കളായ തേളോ സർപ്പമോ കൊല്ലപ്പെടുമ്പോഴുണ്ടാകുന്ന ആനന്ദമാണിപ്പോൾ ജനങ്ങൾക്കുണ്ടായിരിക്കുന്നതു. കാരണം, അവരുടെയെല്ലാം ഭയം ഇപ്പോൾ നിശ്ശേഷം നശിച്ചിരിക്കുന്നു. ഇനി അങ്ങയുടെ സുന്ദരരൂപത്തെ കാണുവാനുള്ള കൊതിയോടെയാണവർ ചുറ്റും കൂടിനിൽക്കുന്നതു. മേലിൽ ഇവർക്കു് നിർഭയരായും ധാർമ്മികരായും ജീവിക്കുവാൻ അവിടുത്തെ ഈ രൂപത്തിന്റെ ഓർമ്മ മാത്രം ധാരളമാണു. അതുകൊണ്ടു് ഹേ നരസിംഹമൂർത്തേ! അങ്ങു് കോപം മതിയാക്കുക. ഹേ അജയ്യനായ പ്രഭോ!, ഭീകരമായി തുറന്നിരിക്കുന്ന അങ്ങയുടെ വൿത്രവും, അതിനുള്ളിൽ ഇളകുന്ന നാവും, സൂര്യനെപ്പോലെ കത്തിജ്ജ്വലിക്കുന്ന നേത്രങ്ങളും, വളഞ്ഞ പുരികക്കൊടികളും, കൂർത്ത തേറ്റകളും, കുടൽമാല ധരിച്ച തിരുമാറും, ചോര പുരണ്ട കേസരങ്ങളും, നിശ്ചലമായി മേൽപ്പോട്ടുയർന്നുനിൽക്കുന്ന കാതുകളും, ദിഗ്ഗജങ്ങളെപ്പോലും വിറപ്പിക്കുന്ന ഗർജ്ജനങ്ങളും, കൂർത്ത നഖരങ്ങളുമൊന്നും എന്നെ തെല്ലുപോലും ഭയപ്പെടുത്തുന്നില്ല. എന്നാൽ, ഞാൻ ഭയക്കുന്നതായ ഒന്നുണ്ടു. അതു് അസഹ്യമായ ഈ സംസാരമാണു. കാരണം, പിടിച്ചു് വിഴുങ്ങാനണയുന്ന ഹിംസ്രജന്തുക്കളാണതിൽ മുഴുവനും. അതിനിടയിൽ സ്വന്തം കർമ്മപാശത്താൽ ബന്ധിക്കപ്പെട്ടുകിടക്കുന്ന എന്നെ എപ്പോഴാണു് അങ്ങു് അവിടുത്തെ തൃപ്പദങ്ങളിൽ ചേർക്കുക?. ദുസ്സഹമായ ഈ സംസാരത്തിൽ പതിച്ചതിൽ പിന്നെ, സംഭവിച്ച ജന്മങ്ങളിലെല്ലാം, ദുഃഖത്തിന്റെ തീചൂളയിൽ വെന്തുരുകിക്കൊണ്ടു്, ആത്മാവല്ലാത്തതിനെ ആത്മാവെന്നു് കരുതി ഞാൻ ഉഴലുകയാണു. ഈ ദുഃഖശമനത്തിനായി സേവിക്കുന്ന എല്ലാ മരുന്നുകളും വീണ്ടും ദുഃഖം മാത്രമാണു് സമ്മാനിക്കുന്നതു. എന്നാൽ, ഈ ദുഃഖത്തിനുള്ള ഏക മറുമരുന്നു, അവിടുത്തെ ദാസനായിത്തീരുകയെന്നതാണു. അതുകൊണ്ടു്, ആ ഉപായത്തെ അടിയനുപദേശിച്ചുതന്നാലും!.                            

അല്ലയോ നരസിംഹമൂർത്തേ!, അങ്ങു് സകലജീവഭൂതങ്ങളുടേയും പ്രിയനും സുഹൃത്തുമാണു. അങ്ങനെയുള്ള അവിടുത്തെ ഗുണഗാനങ്ങൾ ബ്രഹ്മദേവനാൽ പ്രകീർത്തിതമായതിനെ അനുകീർത്തിച്ചുകൊണ്ടു് അവിടുത്തെ ചരണങ്ങളിൽ ആശ്രയം കൊണ്ടിട്ടുള്ള ഭക്തന്മാരുടെ ദാസനായി വാണുകൊണ്ടു്, ത്രിഗുണങ്ങളിൽനിന്നകന്നു് ഞാൻ ഘോരമായ ഈ സംസാരത്തെ തരണം ചെയ്യുവാനാഗ്രഹിക്കുന്നു. ഭഗവാനേ!, അങ്ങയാൽ ഉപേക്ഷിക്കപ്പെട്ടാൽ, ശിശുക്കൾക്കു് മാതാപിതാക്കളോ, ആർത്തനു് ഔഷധമോ, കടലിൽ പെട്ടു് മുങ്ങുന്നവനു് കപ്പലോ ആശ്രയമാകുകയില്ല. ബ്രഹ്മാവിൽ തുടങ്ങി ഈച്ചയെറുമ്പോളമുള്ള സകലജീവഭൂതങ്ങളും ഇവിടെ ത്രിഗുണങ്ങൾക്കടിപ്പെട്ടവരാണു. സർവ്വരും അങ്ങയുടെ മായയ്ക്കധീനരായി ഉഴറുന്നു. അവരുടെ കർമ്മങ്ങളുടെ കാരണവും, അവർ കർമ്മങ്ങളനുഷ്ഠിക്കുന്ന സ്ഥലവും, അവർ കർമ്മങ്ങൾക്കുപയോഗിക്കുന്ന പദാർത്ഥങ്ങളും, അവരുടെ കർമ്മങ്ങളുടെ ഉദ്ദേശവും, അവരുടെ കർമ്മങ്ങൾതന്നെയും അവിടുത്തെ മായയുടെ വ്യക്തരൂപങ്ങളാണു. അതുകൊണ്ടു്, കർമ്മവും, യത്നവും, കാരണവും, കർത്താക്കളുമെല്ലാം അവിടുത്തെ മായാശക്തിയായതിനാൽ, എല്ലാം അങ്ങുതന്നെയെന്നനുമാനിക്കാം. ഭഗവാനേ!, നിന്തിരുവടിയുടെ അംശകലയുടെ അനുഗ്രഹാലും കാലത്താലും പരിണമിക്കപ്പെട്ട പ്രകൃതി, കർമ്മമയമായതും ബലമുറ്റതുമായ മനസ്സിനെ നിർമ്മിച്ചിരിക്കുന്നു. ആ മനസ്സാകട്ടെ, വേദോക്തങ്ങളായതും പതിനാറു് ആരക്കാലുകളുള്ളതുമായ ഈ സംസാരചക്രത്തിൽ ജീവനെ തളച്ചിടുകയും ചെയ്യുന്നു. അവിടുത്തെ പദമലരിൽ ആശ്രയം കൊള്ളാതെ ആർക്കാണതിൽനിന്നും കരകയറുവാൻ കഴിയുക?. ഈ മനസ്സുൾപ്പെടെ പതിനൊന്നിന്ദ്രിയങ്ങളും പഞ്ചമഹാഭൂതങ്ങളും ചേർന്ന ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുകൊണ്ടും അതിനെ നിയന്ത്രിച്ചുകൊണ്ടും അങ്ങു് അതിനു് പരനായി നിലകൊള്ളുന്നു. അതുകൊണ്ടു്, അങ്ങു് കാലസ്വരൂപനാണു. ഭഗവാനേ! നിന്തിരുവടിയെ ആർക്കാണിവിടെ ജയിക്കാൻ കഴിയുക?. ഈയുള്ളവൻ അങ്ങയുടെ കാലചക്രത്തിൽ പെട്ടുഴലുകയാണു. ഇന്നിതാ അങ്ങയിൽ ശരണം പ്രാപിച്ചിരിക്കുന്ന എന്നെ അവിടുത്തെ അടിമലരിൽ ചേർത്താലും!.

സാധാരണജനം ദീർഘായുസ്സിനും ഐശ്വര്യത്തിനും വേണ്ടി സ്വർഗ്ഗത്തെ കാമിക്കുന്നു. എന്നാൽ അവയുടെ സകലമഹത്വങ്ങളേയും എന്റെ പിതാവിലൂടെ ഞാൻ കണ്ടറിഞ്ഞതാണു. അദ്ദേഹത്തിന്റെ പുരികക്കൊടിയുടെ ചലനമാത്രത്താൽ അഖില ലോകപാലകന്മാരും പേടിച്ചുവിറച്ചില്ലാതാകുമായിരുന്നു. അങ്ങനെ പ്രഭാവശാലിയായ എന്റെ അച്ഛനെയാണങ്ങു് നിമിഷനേരംകൊണ്ടു് വധിച്ചുകളഞ്ഞതു. ആയതുകൊണ്ടു്, ബ്രഹ്മാവുമുതലിങ്ങോട്ടുള്ള സകലഭൂതങ്ങളും അനുഭവിക്കുന്ന സുഖഭോഗങ്ങളേയോ, ആയുസ്സിനേയോ, സമ്പത്തിനേയോ, അവയുടെ നിസ്സാരതെ മനസ്സിലാക്കുന്ന ഞാൻ ആഗ്രഹിക്കുന്നില്ല. അവിടുത്തെ കാലത്താൽ തകർക്കപ്പെടുന്ന ഒന്നിലും അടിയനാഗ്രഹമില്ല. എനിക്കു് വേണ്ടതു് അങ്ങയുടെ ഭക്തന്മാരുടെ സംഗം മാത്രമാണു. ഹേ പ്രഭോ!, എന്നെ അവരുടെയടുത്തേക്കെത്തിച്ചാലും!. ഈ പ്രപഞ്ചത്തിലെ സകലവിഷയഭോഗങ്ങളും മരീചികാജലം പോലെയാണു. എവിടെയാണതിൽ ജലമുള്ളതു? അഥവാ എവിടെയാണു് സംസാരത്തിൽ സുഖമുള്ളതു?. ഈ ശരീരം കൊണ്ടും എന്തു് പ്രയോജനം?. ഇതു് രോഗങ്ങൾക്കു് വന്നുപെടുവാനുള്ള ഉപാധി മാത്രമാണു. എന്നാൽ, ഈ സത്യമറിയുന്ന ജ്ഞാനികൾ പോലും അല്പസുഖങ്ങൾക്കു് പിന്നാലെ പായുന്നു. മനസ്സിനെ അടക്കാൻ കഴിയാതെ അവർ ജീവിതകാലം മുഴുവനും അവയുടെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നു. രാജസ്സഗുണത്തിൽനിന്നുമുത്ഭവിച്ചവരും തമോഗുണികളുമായ ഈ അസുരന്മാരുടെയിടയിൽ പിറന്നുവീണ ഞാനെവിടെ?, നിന്തിരുവടിയുടെ കാരുണ്യമെവിടെ?. എന്തായാലും, ബ്രഹ്മാവിനോ, രുദ്രനോ, ലക്ഷ്മീഭഗവതിക്കോ സിദ്ധിക്കാത്ത അനുഗ്രഹമാണു് അവിടുത്തെ കാരുണ്യത്താൽ എനിക്കിന്നു് കൈവന്നതു. എന്തെന്നാൽ, പ്രസാദ‍രൂപമായ നിന്തിരുവടിയുടെ കരകമലം എന്റെ ശിരസ്സിൽ തൊട്ടനുഗ്രഹിച്ചുവല്ലോ!.

പ്രാകൃതജനങ്ങളെപ്പോലെ, നിന്തിരുവടിയ്ക്കു് ഉച്ചനീചത്വങ്ങളില്ല. അതുകൊണ്ടു് അങ്ങു് ഉചിതമായ വരങ്ങളെ ഏവർക്കും പ്രദാനം ചെയ്യുന്നു. ആ പ്രാകൃതജനങ്ങൾക്കൊപ്പം കൂടി ഞാനും സർപ്പങ്ങളുടെ വാസസ്ഥാനമാകുന്ന സംസാരാന്ധകൂപത്തിൽ വീഴുകയായിരുന്നു. അഹോ! എന്റെ ഭാഗ്യം!, എന്നാൽ, ദേവർഷി നാരദൻ എന്നിൽ കാരുണ്യവാനാകുകയും എന്നെ സ്വീകരിച്ചനുഗ്രഹിക്കുകയും ചെയ്തു. അങ്ങനെയുള്ള അവിടുത്തെ ഭൃത്യന്മാരെ എങ്ങനെയാണു് ഞാൻ ഉപേക്ഷിക്കുക?. ഹേ നാഥാ!, എന്റെ അച്ഛനെ വധിച്ചുകൊണ്ടു് അദ്ദേഹത്തിന്റെ വാളിനിരയാകാതെ അങ്ങന്നെ രക്ഷിച്ചു. വാളോങ്ങിക്കൊണ്ടു് അച്ഛനെന്നോടു് പറഞ്ഞിരുന്നു: എനിക്കന്യനായി ഒരു ഈശ്വരനുണ്ടെങ്കിൽ അവൻ ഇപ്പോൾ വന്നു് നിന്നെ രക്ഷിക്കട്ടെ!, ഞാനിതാ നിന്റെ ഉടലിൽനിന്നും ശിരസ്സിനെ ഛേദിക്കാൻ പോകുന്നു. എന്നു. എന്നാൽ, എന്നെ രക്ഷിച്ചതുവഴി നിന്തിരുവടി അവിടുത്തെ ഭക്തന്മാരുടെ വാക്കിനെ സത്യമാക്കുക മാത്രമായിരുന്നു ചെയ്തതു. ഭഗവാനേ! ഈ പ്രപഞ്ചം അങ്ങയുടെ മൂർത്തരൂപം തന്നെയാണു. ഇതിന്റെ ആദിയിലും അന്ത്യത്തിലും ആകെയുണ്ടായിരുന്നതും, മധ്യത്തിൽ സർവ്വതിലും നിറഞ്ഞുവസിക്കുന്നതും അങ്ങുതന്നെ. അവിടുത്തെ മായയാൽ ത്രിഗുണങ്ങൾ പരിണമിച്ചുണ്ടായിരിക്കുന്നാതാണു് ഇക്കാണുന്ന സകലചരാചരങ്ങളും. അതുകൊണ്ടു്, അങ്ങല്ലാതെ ഇവിടെ മറ്റൊന്നുംതന്നെയില്ല. കാര്യകാരണസ്വരൂപമായ ഈ പ്രപഞ്ചം നിന്തിരുവടിതന്നെ. അതു് നിഷേധിക്കുന്നവനും അവിടുന്നുതന്നെ. അതുകൊണ്ടു്, തന്നെന്നും പരനെന്നുമുള്ള ഭേദബുദ്ധി മായാകല്പിതമാണു. വിത്തും വൃക്ഷവും, വസ്തുവും കാലവുമെന്നതുപോലെ, യതൊന്നിൽനിന്നും യാതൊന്നുണ്ടാകുകയോ, യാതൊന്നിൽ യാതൊന്നു് നിലനിൽക്കുകയോ, യാതൊന്നിൽത്തന്നെ യാതൊന്നു് ലയിക്കുകയും ചെയ്യുന്നുവോ, തുമാത്രമാണു് സത്യത്തിൽ ഉള്ളതു.

ഭഗവാനേ!, അർദ്ധനിമീലിതനേത്രനായി ആത്മാനന്ദഭൂതിയോടും നിഷ്ക്രിയനായും തുരീയാവസ്ഥയിൽ നിദ്രകൊള്ളുന്ന അങ്ങയിൽ കല്പാന്തത്തിൽ സകലഭൂതങ്ങളും ഒതുങ്ങിക്കൂടുന്നു. ആ സമയം, അങ്ങു് കാരണോദകശായിയായി സർവ്വതിനും പരനായി, തമസ്സിനെ ചേർക്കാതെയും, വിഷയങ്ങളെ നിരിക്ഷിക്കാതെയും യോഗനിദ്രയെ പ്രാപിക്കുന്നു. ആവിധമുള്ള അവിടുത്തെ ദേഹം തന്നയാകുന്നു ഈ പ്രപഞ്ചം. തുടർന്നു്, കാലമാകുന്ന തന്റെ ശക്തിയാൽ ത്രിഗുണങ്ങൾ പരിണമിക്കുകയും, ശേഷതല്പത്തിന്മേലുള്ള യോഗനിദ്രയിൽനിന്നുണരുന്ന നിന്തിരുവടിയുടെ തിരുനാഭിയിൽനിന്നു് ആ കാരണസമുദ്രത്തിൽ ബ്രഹ്മാണ്ഡമാകുന്ന മഹാപത്മം, വിത്തിൽനിന്നും അരയാൽ മുളയ്ക്കുന്നതുപോലെ ഉത്ഭവിക്കുകയും ചെയ്യുന്നു. ആ താമരയിൽ ബ്രഹ്മദേവൻ പിറന്നു. എന്നാൽ താനിരിക്കുന്ന താമരയല്ലാതെ മറ്റൊന്നുംതന്നെ അദ്ദേഹത്തിനു് കാണാൻ സാധിച്ചില്ല. തുടർന്നു്, തന്റെയുള്ളിലുള്ള നിന്തിരുവടിയെ അദ്ദേഹം പുറത്തെല്ലായിടവും അന്വേഷിച്ചു. നൂറ്റാണ്ടുകാലം ആ കാരണസമുദ്രത്തിലങ്ങോളമിങ്ങോളം മുങ്ങിത്തപ്പിയിട്ടും ഒരെത്തും പിടിയും കിട്ടാതെ ബ്രഹ്മദേവൻ വലഞ്ഞു. അതിലെന്തത്ഭുതമിരിക്കുന്നു?. ഒരു വിത്തു് മുളച്ചുകഴിഞ്ഞാൽ പിന്നെ, ആ വിത്തിനെ കാണാൻ സാധിക്കുമോ?. ആവോളമലഞ്ഞതിനുശേഷം, ബ്രഹ്മദേവൻ ആശ്ചര്യത്തോടെ തന്റെ ഇരിപ്പിടമായ ആ താമരയിൽ വന്നിരുന്നു് ദീഘകാലം തപസ്സനുഷ്ഠിച്ചു. ആ തീവ്രതപസ്സിന്റെ ഫലമായി ഹൃദയശുദ്ധിവന്നപ്പോൾ, ഭൂമിയിൽ ഗന്ധമെന്നതുപോലെ, ഭൂതാന്തഃകരണങ്ങളുടെ സംഘാതമായ തന്റെ ശരീരത്തിനുള്ളിൽ കുടിയമരുന്ന അതിസൂക്ഷ്മരൂപനായ നിന്തിരുവടിയെ അദ്ദേഹം സാക്ഷാത്കരിച്ചു. ആയിരക്കണക്കിനു് മുഖാദി അവയവങ്ങളോടും, ആയുധങ്ങളോടും, ആഭരണങ്ങളോടും കൂടിയ വിരാട്രൂപനെ വിരിഞ്ചൻ ദർശിച്ചു് സന്തോഷവാനായി. മാത്രമല്ല, ഹയഗ്രീവരൂപം പൂണ്ടു്, ബലവാന്മാരായ മധുകൈടഭാദികളെ വധിച്ചു് വേദത്തെ വീണ്ടെടുത്തു് ബ്രഹ്മദേവനു് നൽകുകയും ചെയ്തു. ഇങ്ങനെ രജസ്സിനെയും തമസ്സിനെയും അകറ്റുന്ന അവിടുത്തെ സത്വഗുണത്തെ അവിടുത്തെ ഏറ്റവും പ്രിയപെട്ട രൂപമായി നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

ഇങ്ങനെ മനുഷ്യൻ, മൃഗം, ഋഷി, ദേവൻ, മത്സ്യം, തുടങ്ങിയ ഭാവങ്ങളിലവതരിച്ചുകൊണ്ടു് നിന്തിരുവടി ലോകത്തെ കാക്കുന്നു. ശത്രുക്കളെ കൊന്നൊടുക്കി ധർമ്മം പരിപാലിക്കുന്നു. എന്നാൽ, കലികാലത്തിലാകട്ടെ, അങ്ങു് പ്രച്ഛന്നവേഷത്തിൽ കുടികൊള്ളുകയും ചെയ്യുന്നു. ആയതിനാൽ നിന്തിരുവടിയെ ത്രിയുഗൻ എന്ന പേരിലറിയപ്പെടുന്നു. ഹേ വൈകുണ്ഠനാഥാ!, പാപവാസനകളാൽ വിഷയങ്ങളിൽ മുങ്ങി കാമനകൾ കൊണ്ടുനിറഞ്ഞ ഈ മനസ്സു് അവിടുത്തെ മഹിമകളിൽ ആസക്തമാകുന്നില്ല. പിന്നെങ്ങനെയാണു് ഞാൻ അവിടുത്തെ തത്വത്തെ മനസ്സിലാക്കുന്നതു?. ഹേ അച്യുതാ!, അനേകം പത്നിമാരുള്ള ഒരു ഗൃഹനാഥന്റെ അവസ്ഥയാണെനിക്കിപ്പോൾ. എന്റെ ഓരോ ഇന്ദ്രിയങ്ങളും എന്നെ ഓരോയിടത്തേക്കു് വലിച്ചുകൊണ്ടുപോകുകയാണു. ഓരോ ജീവന്മാരും തങ്ങളുടെ കർമ്മഫലമായി സംസാരമാകുന്ന ഈ വൈതരണീനദിയിൽ വീണു് ഭീതി മുഴുത്തു് കഴിയുകയാണു. അവർ അന്യോന്യം ഭേദഭാവനയാൽ ശത്രുക്കളെന്നും മിത്രങ്ങളെന്നും സ്വയം കരുതുന്നു. അറിവില്ലാത്തെയീ ജീവഭൂതങ്ങളോടു് കഷ്ടം തോന്നി അവരെ ഈ വൈതരണിയുടെ മറുകരയെത്തിക്കേണമേ!. സൃഷ്ടിസ്ഥിത്യന്തങ്ങൾക്കു് ഹേതുഭൂതനായിരിക്കുന്ന അങ്ങേയ്ക്കു് ഞങ്ങളെ ഈ സംസാരത്തിൽനിന്നും രക്ഷിക്കുവാൻ എന്തു് പ്രയാസമാണുള്ളതു?. മഹാപുരുഷന്മാരുടെ അനുഗ്രഹം മൂഢന്മാരിലാണു് ഉണ്ടാകേണ്ടതു. എന്നാൽ, നിന്തിരുവടിയെ ഇടതടവില്ലാതെ സേവിക്കാൻ മാത്രം ജീവിക്കുന്ന ഞങ്ങൾക്കൊരിക്കലും അതാവശ്യമില്ല. ഭഗവാനേ!, ഈയുള്ളവൻ എപ്പോഴും അവിടുത്തെ സങ്കീർത്തനമാകുന്ന അമൃതത്തിൽ മുങ്ങിക്കഴിയുന്നവനാണു. അതുകൊണ്ടു് കരകയറുവാൻ പ്രയാസമുള്ള ആ വൈതരണിയെയോർത്തു് ഞാൻ അമ്പരക്കുന്നില്ല. എന്നൽ, അടിയൻ ഉത്കണ്ഠപ്പെടുന്നതു്, അതിൽനിന്നും വിട്ടുനിന്നു് ഇന്ദ്രിയസുഖത്തിനുവേണ്ടി ഭാരം ചുമക്കുന്ന മൂഢന്മാരെയോർത്താണു. ഋഷികളിൽ ഏറിയകൂറും അവർ സ്വന്തം മുക്തിയെ മാത്രമാഗ്രഹിച്ചുകൊണ്ടു് ജനമധ്യത്തിൽനിന്നകന്നുനിൽക്കുന്നവരാണു. അവർ മറ്റുള്ളവരെക്കുറിച്ചോർക്കുന്നതേയില്ല. എന്നാൽ അടിയനാകട്ടെ, ഈ ദീനന്മാരെ വിട്ടു് ഒറ്റയ്ക്കു് മോക്ഷം ആഗ്രഹിക്കുന്നില്ല. ദുസ്തരമായ ഈ സംസാരത്തിൽ അങ്ങല്ലാതെ അവർക്കാരിരിക്കുന്നു?. സ്ത്രീസംഗം പോലുള്ള വിഷയഭോഗം ചൊറിച്ചിലിലുണ്ടാകുന്ന ഒരുതരം സുഖംപോലെ നിസ്സാരമാണു. അവ സർവ്വദാ ദുഃഖം മാത്രം പ്രദാനം ചെയ്യുന്നു. ഈ കൃപണന്മാർ ഇത്രയധികം ദുഃഖമനുഭവിച്ചിട്ടും ലൌകികതയിൽനിന്നും വിരക്തരാകുന്നില്ല. എന്നാൽ, യാതൊരുവന്റെ ബുദ്ധി വേണ്ടവിധം ഉറച്ചിരിക്കുന്നുവോ, അവൻ ഈ വിഷയാസക്തിയെ ചെറുക്കാൻ കെല്പുള്ളവനാകുന്നു. ഭഗവാനേ!, മൌനം, വ്രതം മുതലായ മോക്ഷമാർഗ്ഗങ്ങളെല്ലാംതന്നെ ഇന്ദ്രിയജയം നേടിയിട്ടില്ലാത്തവരെ സംബന്ധിച്ചിടത്തോളം കേവലം ഉപജീവനത്തിനായുള്ള കർമ്മങ്ങളാണു. എന്നാൽ, ഡംഭു് കാട്ടാനായി മാത്രം ഈ കർമ്മങ്ങളെ ചെയ്യുന്നവർക്കാകട്ടെ, അതുപോലും സിദ്ധിക്കുന്നില്ല.

ഹേ നാഥാ!, വിത്തും മുളയുമെന്നതുപോലെ, കാര്യകാരണങ്ങളായിരിക്കുന്ന അങ്ങയുടെ രൂപത്തെ വേദങ്ങൾ വർണ്ണിച്ചുചൊല്ലുന്നു. യോഗികളാകട്ടെ, ഈ കാര്യകാരണങ്ങൾക്കിടയിലുള്ള അവിടുത്തെ സാന്നിധ്യത്തെ, അരണിയിലുള്ള അഗ്നിയെപ്പോലെ, പ്രത്യക്ഷത്തിൽ കണ്ടെത്തുന്നു. ഇതാണു് യഥാർത്ഥജ്ഞാനം. പഞ്ചഭൂതങ്ങളും, തന്മാത്രകളും, പ്രാണേന്ദ്രിയങ്ങളും, മനസ്സും, ചിത്തവും, അഹങ്കാരവുമെല്ലാം അങ്ങുതന്നെയാകുന്നു. സഗുണനായതും നിർഗ്ഗുണനായതും അങ്ങുതന്നെ. മനസ്സാലും വചസ്സാലും നിർവ്വചിക്കപ്പെട്ടിരിക്കുന്ന സകലതും അങ്ങുതന്നെ. യഥാർത്ഥത്തിൽ നിന്തിരുവടിയിൽനിന്നും അന്യമായി ഇവിടെ മറ്റൊന്നുംതന്നെയില്ല. സത്വാദിഗുണങ്ങളും, മഹദാദി തത്വങ്ങളും, മനസ്സും, മനുഷ്യാദി ജീവഭൂതങ്ങളുമെല്ലാം ആദ്യന്തങ്ങളുള്ളവയാണു. ആയതുകൊണ്ടു് അങ്ങയെ അവർക്കാർക്കുംതന്നെ അറിയാൻ കഴിയുന്നില്ല. ആയതിനാൽ, മഹാത്മാക്കളാകട്ടെ, വേദസൂക്തങ്ങളുടെ മന്ത്രണത്തെ ഉപേക്ഷിച്ചു് മനസം‌‌യമനത്തിലൂടെ നിന്തിരുവടിയെ സാക്ഷാത്കരിക്കുവാൻ ശ്രമിക്കുന്നു. ആകയാ, പരമഹംസന്മാരുടെ പ്രാപ്യസ്ഥാനമായ അവിടുത്തെ പദമലരിണയെ ലഭിക്കണമെങ്കിൽ, സമ്പൂജ്യനായ അങ്ങയെ നമസ്ക്കാരം, സ്തോത്രം, കർമ്മാർപ്പണം, പരിചരണം, തൃപ്പാദസ്മരണം, കഥാശ്രവണം, മുതലായ സേവനത്തോടുകൂടിയാരാധിക്കാതെ സാധ്യമാകുകയില്ല.

നാരദർ പറഞ്ഞു: ഹേ യുധിഷ്ഠിരരാജാവേ!, പ്രഹ്ലാദനാൽ ഇപ്രകാരം സ്തുതിക്കപ്പെട്ട നിർഗ്ഗുണനായ ഭഗവാൻ കോപത്തെയടക്കി ശാന്തനായി തന്റെ മുന്നിൽ വീണുവണങ്ങിനിൽക്കുന്ന പ്രഹ്ലാദനോടിപ്രകാരം പറഞ്ഞു: ഹേ പ്രഹ്ലാദാ!, നിനക്കു് സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. നാം നിന്നിൽ പ്രസന്നനായിരിക്കുന്നു. സമസ്ത ജീവരാശികളുടേയും അഭീഷ്ടങ്ങളെ നിറവേറ്റുന്ന നമ്മിൽനിന്നും വേണ്ടുന്ന വരം നീ വരിച്ചുകൊള്ളുക!. ഹേ ആയുഷ്മൻ!, എന്റെ പ്രസാദമില്ലാതെ യാതൊരു പ്രാണിക്കും എന്നെ സാക്ഷാത്ക്കരിക്കുവാൻ സാധ്യമല്ല. അതേസമയം, എന്റെ ദർശനസൌഭാഗ്യമുണ്ടാകുന്ന ഭക്തൻ പിന്നീടൊരിക്കലും ദുഃഖംത്തെ അർഹിക്കുന്നുമില്ല. അതുകൊണ്ടു്, ശ്രേയസ്സിനെ കാംക്ഷിക്കുന്ന ജ്ഞാനികളും ശുദ്ധചരിതന്മാരുമായിട്ടുള്ളവർ സർവ്വാഭീഷ്ടപ്രദായകനായ എന്നെ സർവ്വാത്മനാ പ്രസാദിപ്പിക്കുന്നു.

നാരദർ പറഞ്ഞു: ഹേ രാജാവേ!, ഭഗവാൻ ഏതു് വരത്തേയും വരിച്ചുകൊള്ളാൻ പറഞ്ഞുവെങ്കിലും, അസുരോത്തമനും ഏകാന്തഭക്തനുമായ പ്രഹ്ലാദൻ സാധാരണജനത്തെപ്പോലെ ആ പ്രലോഭനത്തിൽൽ വീഴുകയോ, വരങ്ങള ആഗ്രഹിക്കുകയോ ചെയ്തില്ല.

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം ഒമ്പതാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next





Prahlada praying to Lord Narasimha Murthy

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ