2019, സെപ്റ്റംബർ 3, ചൊവ്വാഴ്ച

7.8 നരസിംഹാവതാരം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 8
(നരസിംഹാവതാരം.)


നാരദർ പറഞ്ഞു: രാജാവേ!, പ്രഹ്ലാദൻ അസുരകുമാരന്മാർക്കു് അദ്ധ്യാത്മതത്വം ഉപദേശിക്കുകയും, അവർ അതിനെ ഭക്തിയോടെ സ്വീകരിക്കുകയും, തുടർന്നു, ശണ്ഡാമർക്കന്മാരുടെ ശിക്ഷണത്തെ തിരസ്കരിക്കുകയും ചെയ്തു. എന്നാൽ, കുട്ടികളുടെ ബുദ്ധി വഴിമാറിയതിൽ പരിഭ്രാന്തരായ ശണ്ഡാമർക്കന്മാർ എത്രയുംവേഗം രാജാവായ ഹിരണ്യകശിപുവിനെ വിവരമറിയിച്ചു. സ്വപുത്രന്റെ ഈ പ്രവൃത്തിയെക്കുറിച്ചുകേട്ടു് ഹിരണ്യകശിപു ക്രോധത്താൽ വിറച്ചു. എങ്ങനെയും പ്രഹ്ലാദനെ വധിക്കുവാൻ തീരുമാനിച്ചു. പെട്ടെന്നു്, ചവിട്ടേറ്റ പാമ്പിനെപ്പോലെ ചീറ്റിക്കൊണ്ടു് ഹിരണ്യകശിപു നമ്രശിരസ്ക്കനായി തൊഴുകൈയ്യോടെ നിൽക്കുന്ന സ്വന്തം പുത്രനെ നോക്കി അധിക്ഷേപിച്ചുകൊണ്ടു്, പരുഷമായ വാക്കുകളാൽ ഇപ്രകാരം ഗർജ്ജിച്ചു. ഹേ അച്ചടക്കമില്ലാത്ത മന്ദബുദ്ധിയായ കുലദ്രോഹീ!, ഹേ നീചാ!, എന്റെ ഉത്തരവിനെ വകവയ്ക്കാതെ ഈവിധം പ്രവർത്തിച്ച നിന്നെ ഇന്നുതന്നെ യമപുരിയിലേയ്ക്കയയ്ക്കുന്നുണ്ടു. ഞാനൊന്നു് കോപിച്ചാൽ മൂന്നുലോകങ്ങളും അവയുടെ പാലകന്മാരും കിടുകിടാ വിറയ്ക്കും. എടാ മൂഢാ!, അങ്ങനെയുള്ള എന്റെ ആജ്ഞയെ പേടികൂടാതെ ലംഘിക്കുവാൻപോന്ന എന്തു് ബലമാണു് നിന്നിലുള്ളതു?.

പ്രഹ്ലാദൻ പറഞ്ഞു: ഹേ രാജാവേ!, ബ്രഹ്മാവു് മുതൽ സ്ഥാവരജംഗമങ്ങൾ വരെയുള്ള സകല ചരാചരങ്ങളും ആരുടെ വശം ചേർന്നുനിൽക്കുന്നുവോ, ആ അവൻ‌തന്നെയാണു് എന്റെയും അങ്ങയുടേയും അതുപോലെ സകല മഹാബലന്മാരുടേയും ബലമായിട്ടിരിക്കുന്നതു. ഉരുക്രമനായ ആ ഈശ്വരൻ കാലമായി വർത്തിക്കുന്നു. അവൻ സകലഭൂതങ്ങളുടേയും ഇന്ദ്രിയശക്തിയും മനശക്തിയുമാകുന്നു. ത്രിഗുണങ്ങളുടെ ഈശ്വരനാണവൻ. അവൻ തന്റെ ശക്തിയാൽ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുരക്ഷിച്ചുസംഹരിച്ചരുളുന്നു. അങ്ങീ ആസുരഭാവത്തെ വിട്ടു് സ്വന്തം മനസ്സിനെ നിയന്ത്രിക്കുക. അങ്ങേയ്ക്കു് വശംവദമാകാത്ത ഈ മനസ്സുതന്നെയാണു് അവിടുത്തെ ശത്രു. സമഭാവനയോടെ സകലഭൂതങ്ങളേയും കാണുക എന്നതുതന്നെയാണു് ഈശ്വരഭക്തിയെന്നതു. ഉള്ളിലുള്ള ആറു് ഇന്ദ്രിയങ്ങളാകുന്ന ശത്രുക്കളെ ജയിക്കാതെ, പുറത്തു് പത്തുദിക്കുകളും ജയിച്ചിട്ടു് സ്വയം വിജയിയായി പ്രഖ്യാപിക്കുന്നതുകൊണ്ടെന്തുകാര്യം?. പകരം, ജീവന്റെ യഥാർത്ഥ ശത്രുവായ മനസ്സിനെ നിഗ്രഹിച്ചവനും ജീവഭൂതങ്ങളെ സമദൃഷ്ടിയോടെ കാണുന്നവനുമായവനു് അജ്ഞാനജമായ യാതൊരു ശത്രുക്കളുമുണ്ടാകില്ല.

ഹിരണ്യകശിപു പറഞ്ഞു: ഹേ മൂഢാ! നീ ചാകാനാഗ്രഹിക്കുന്നവനാണെന്നു് വ്യക്തമായിക്കഴിഞ്ഞു. അതുകൊണ്ടാണു് നീ ഇത്രയും വീമ്പു് പറയുന്നതു. കാരണം, മരിക്കാൻ പോകുന്നവന്റെ വാക്കുകൾ എല്ലായ്പ്പോഴും മേലും കീഴുമില്ലാത്തവയായിരിക്കുമല്ലോ!. ഹേ ഭാഗ്യം കെട്ടവനേ!, എന്നിൽനിന്നും അന്യനായ ഒരു ജഗദീശ്വരനുണ്ടെന്നു് നീ പറയുന്നുവല്ലോ. എന്നാൽ അവൻ എവിടെ?
പ്രഹ്ലാദൻ: അവൻ എല്ലായിടവും നിറഞ്ഞുവസിക്കുന്നവനാണു
ഹിരണ്യകശിപു: അങ്ങനെയെങ്കിൽ എന്തുകൊണ്ടു് ഈ തൂണിൽ കാണുന്നില്ല?
പ്രഹ്ലാദൻ: അതാ ഞാൻ കാണുന്നുവല്ലോ!.
ഹിരണ്യകശിപു: ഓഹോ! എല്ലാത്തിനും തർക്കുത്തരം പറയുന്ന നിന്റെ ഉടലിൽനിന്നും ഈ ശിരസ്സു് ഞാൻ വേർപെടുത്തുവാൻ പോകുന്നു. നിനക്കു് രക്ഷയായ ഹരിയെന്നു് പറയുന്നവൻ ആരായാലും അവനിപ്പോൾ വന്നു് നിന്നെ രക്ഷിക്കുന്നതു് ഞാനൊന്നു് കാണട്ടെ!.

നാരദർ പറഞ്ഞു: ഹേ യുധിഷ്ഠിരരാജാവേ!, ആ അസുരപുംഗവൻ വീണ്ടും വീണ്ടും ദുർഭാഷണങ്ങളാൽ പ്രഹ്ലാദനെ ദ്രോഹിച്ചുകൊണ്ടു് സിംഹാസനത്തിൽനിന്നും ചാടിയെഴുന്നേറ്റു് ഒരുകൈയ്യിൽ വാളോങ്ങിപ്പിടിച്ചുകൊണ്ടു് മറുകൈയ്യാൽ മുഷ്ടിചുരുട്ടി അടുത്തുണ്ടായിരുന്ന ഒരു തൂണിൽ ആഞ്ഞിടിച്ചു. ഹേ രാജാവേ!, പെട്ടെന്നു് ആ തൂണിൽനിനും അതിഘോരമായ ഒരു ഗർജ്ജനമുണ്ടായി. ആ ശബ്ദം ബ്രഹ്മാണ്ഡകടാഹത്തെ മുഴുവൻ തകർക്കുമോ എന്നുതോന്നി. ദേവലോകങ്ങളിൽവരെ എത്തപ്പെട്ട ആ ഭീകരശബ്ദം കേട്ടു് ബ്രഹ്മാവാദിയായ ദേവന്മാർ തങ്ങളുടെ ലോകങ്ങൾ നശിക്കാൻ പോകുകയാണെന്നു് ശങ്കിച്ചു. അസുരന്മാർ കിടുകിടെ വിറച്ചു. പുത്രവധത്തിനായി അടുത്തുകൊണ്ടിരിക്കുന്ന ഹിരണ്യകശിപു ആ ഘോരനാദം എവിടെനിന്നുണ്ടായെന്നറിയുവാനായി സംഭ്രമത്തോടെ നാലുപാടും നോക്കി. എന്നാൽ അതിന്റെ ഉത്ഭവസ്ഥാനത്ത കണ്ടറിയുവാൻ ആർക്കും തന്നെ സാധിച്ചില്ല.

വീണ്ടും ഹിരണ്യകശിപു ഉൾകിടിലത്താൽ നാലുപാടും നോക്കുന്നതിനിടയിൽ, സ്വന്തം ഭൃത്യനായ പ്രഹ്ലാദന്റെ വാക്കിനെ സത്യമാക്കുന്നതിനായി; സമസ്തചരാചരത്തിലും താൻ കുടികൊള്ളുന്നുവെന്ന സത്യം പ്രഹ്ലാദൻ അസുരബാലകന്മാർക്കു് പറഞ്ഞുകൊടുത്തതു് തെളിയിക്കുവാനായി; തൂണിൽ എവിടെ? എന്നു് ഹിരണ്യകശിപു ചോദിച്ചപ്പോൾ, ഇതാ ഞാൻ കാണുന്നുവല്ലോ! എന്ന പ്രഹ്ലാദന്റെ വാക്കിനെ സത്യമാക്കുന്നതിനായി; മൂന്നു് പ്രാവശ്യം അസുരയോനിയിൽ ജനിച്ചു് തന്നാൽ വധിക്കപ്പെട്ടു് വീണ്ടും തന്റെ പാർഷദസ്ഥാനമലങ്കരിക്കാമെന്നു് സനകാദികൾ ജയവിജയന്മാർക്കു് കൊടുത്ത വാക്കിനെ സത്യമാക്കാൻ വേണ്ടി; അകത്തുവച്ചോ പുറത്തുവച്ചോ, മനുഷ്യരാലോ മൃഗങ്ങളാലോ, ബ്രഹ്മാവിന്റെ സൃഷ്ടിയിൽ‌പെട്ട യാതൊരു ഭൂതങ്ങളാലുമോ ഹിരണ്യകശിപുവിനു് മരണമുണ്ടാകില്ല എന്ന ബ്രഹ്മാവിന്റെ വരത്തെ സാധൂകരിക്കുവാനായി; ശ്രീഹരിയോടുള്ള ശത്രുതകൊണ്ടുമാത്രമേ എനിക്കു് മരണമുള്ളൂ എന്നു് ഹിരണ്യകശിപു സ്വയം മകനോടു് പറഞ്ഞ ആ വാക്കിനേയും സത്യമാക്കുവാൻ വേണ്ടി; പ്രഹ്ലാദൻ മാതൃഗർഭത്തിലായിരുന്നപ്പോൾ നാരദർ ഇന്ദ്രനോടു് പറഞ്ഞിരുന്നു, ഈ പ്രഹ്ലാദൻ തന്റെ ഭക്തനാനെന്നും അനുചരനാണെന്നും, ആയതിനാൽ ഇവനാൻ ഇന്ദ്രനു് മരണമില്ലെന്നും. ഭക്തോത്തമനായ നാരദരുടെ ആ വാക്കിനേയും നിജവത്ക്കരിക്കുവാ‍നായി; മാത്രമല്ലാ, എന്റെ ഭക്തന്മാർ നശിക്കില്ല എന്നു് അർജ്ജുനനു് താൻ സ്വയം കൊടുത്ത വാക്കും പാലിക്കപ്പെടുവാനായി; പൂർണ്ണമായും മൃഗമോ മനുഷ്യനോ അല്ലാത്ത അത്ഭുതകരമായ നരസിംഹരൂപത്തെ ധരിച്ചുകൊണ്ടു് ആ തൂണു് പിളർന്നു് സഭാമധ്യത്തിൽ ഭഗവാൻ ശ്രീഹരി പ്രത്യക്ഷനായി.

ശബ്ദം കേട്ടു് നാലുപാടും ആരായുന്നതിനിടയിൽ പിളർന്ന തൂണിന്റെ മധ്യഭാഗത്തുനിന്നും പുറത്തേക്കു് ചാടിവരുന്ന മനുഷ്യന്റേയും മൃഗത്തിന്റേയും സമ്മിശ്രമായ ഭഗവാന്റെ ആ ഉഗ്രരൂപം കണ്ടു് ഹിരണ്യകശിപു ചിന്തിച്ചു: അഹോ! ഇതു് മൃഗവുമല്ല, മനുഷ്യനുമല്ല, അത്ഭുതമായിരിക്കുന്നു. എന്താണു് ഞാനീ കാണുന്ന രൂപം?. ഇങ്ങനെ ചിന്തിച്ചുകൊണ്ടിരുന്ന ഹിരണ്യകശിപുവിന്റെ നേർക്കുനേരായി അത്യധികം ഭീതിജനകമായ ആ നരസിംഹരൂപം ധരിച്ച ശ്രീഹരി നിന്നരുളി.

[പഴുപ്പിച്ച സ്വർണ്ണം പോലെ പിംഗളനിറമുള്ള അത്യുഗ്രമായ കണ്ണുകൾ. ചിതറിത്തിളങ്ങുന്ന ജടകളാലും കണ്ഠരോമങ്ങളാലും വീർത്തിരിക്കുന്ന മുഖം. ഭീകരമായ തേറ്റകൾ. വാൾപോലെയും കത്തിയുടെ മുനപോലെയും തീഷ്ണമായ നോട്ടം. വളഞ്ഞ പുരികക്കൊടികൾ. നിശ്ചലമാക്കി ഉയർത്തിപ്പിടിച്ചിരിക്കുന്ന കാതുകൾ. വായും നാസാസുഷിരങ്ങളും ഗുഹകൾപ്പോലെ വിസ്തൃതമായി തുറന്നിരിക്കുന്നു. അതിഭീകരമായി വായ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. ആകാശം മുട്ടെയുള്ള ശരീരം. കഴുത്തു് കുറുകിത്തടിച്ചിരിക്കുന്നു. വിരിഞ്ഞ മാറിടം. ഒതുങ്ങിയ അരക്കെട്ടു്. ചന്ദ്രന്റെ രശ്മികൾ പോലെ വെളുത്ത രോമങ്ങൾ. കൂർത്ത നഖങ്ങളുള്ളതും വിവിധ ആയുധങ്ങളേന്തിയതുമായ നീണ്ട കൈകൾ. അതിഭയാനകമായ ആ രൂപത്തേയും, ചക്രം, വജ്രം മുതലായ ആയുധങ്ങളേയും കണ്ടു് അസുരസംഘങ്ങൾ പേടിച്ചോടുന്നു.]

അതിഭീകരമായ ആ രൂപത്തെ കണ്ടു് ഹിരണ്യകശിപു ഉള്ളിലോർത്തു: ഒരുപക്ഷേ മായാവിയായ വിഷ്ണു എന്നെ വധിക്കാനുള്ള പദ്ധതിയുമായി വന്നതാകാം. പക്ഷേ അവന്റെ ഈ ശ്രമം വിഫലമാകുകയേയുള്ളൂ. എന്നെ ആർക്കാണു് മൂലോകങ്ങളിലും വധിക്കാനാകുക?.

നാരദർ തുടർന്നു: രാജാവേ!, ഇങ്ങനെ ചിന്തിച്ചുകൊണ്ടു് ഹിരണ്യകശിപു തന്റെ ഗദയുമായി ഭഗവാന്റെ നേർക്കു് അലർച്ചയോടെ കുതിച്ചുചാടി. പക്ഷേ, ഭഗവാന്റെ അത്യുജ്ജ്വലമായ തേജസ്സിനുമുന്നിൽ, അഗ്നിയിൽ പറന്നുവീണ പതംഗത്തെപ്പോലെ, ആ അസുരനെ കാണാൻ‌പോലും കഴിയാതെയായി. സൃഷ്ടിയ്ക്കുമുമ്പു് പ്രളയത്തിന്റെ ഇരുട്ടിനെ തന്റെ സത്വതേജസ്സാൽ കുടിച്ചുതീർത്തവാനാണു് ശ്രീഹരി. അവന്റെ മുന്നിൽ തമോഗുണിയായ ഹിരണ്യകശിപുവിനെ കാണാൻ കഴിയാത്തതിൽ അത്ഭുതമൊന്നുംതന്നെയില്ല. പെട്ടെന്നു്, ഹിരണ്യകശിപു തന്റെ ഗദ ചുഴറ്റി നരസിംഹമൂർത്തിയെ ആഞ്ഞടിച്ചു. ഭഗവാനാകട്ടെ, ഗദയോടുകൂടെ, ഗരുഡൻ സർപ്പത്തെയെന്നതുപോലെ, അവനെ പിടിച്ചടക്കി. എന്നാൽ, ആ സമയം സർപ്പം ഗരുഡനിൽനിന്നെന്നതുപോലെ, വിക്രീഡിതനായ ഭഗവാനിൽനിന്നും കുതറിമാറി.

അല്ലയോ ഭാരതാ!, അതുകണ്ടു് ഹിരണ്യകശിപുവിനാൽ സ്ഥാനഭ്രഷ്ടരാക്കപ്പെട്ട ലോകപാലകന്മാരും മറ്റു് ദേവന്മാരും കാർമേഘക്കൂട്ടുകൾക്കിടയിൽ ഒളിച്ചിരുന്നുകൊണ്ടു് ആ യുദ്ധം നോക്കിക്കണ്ടു. എന്നാൽ, അസുരനാകട്ടെ, താൻ കാട്ടിയ വീര്യകൃത്യത്തിൽ സന്തോഷിച്ചുകൊണ്ടു് വാളും പരിചയുമായി വീണ്ടും നരസിംഹമൂർത്തിയോടേറ്റുമുട്ടാനാരംഭിച്ചു. അവൻ മേൽ‌പ്പോട്ടു് ചാടിയും, കീഴ്പ്പോട്ടമർന്നും പരുന്തിന്റെ വേഗതയിൽ ചുറ്റും കറങ്ങിയും യുദ്ധം ചെയ്തു. ഭഗവാൻ തന്റെ പരുഷവും മുഴക്കമുള്ളതുമായ ശബ്ദമുതിർത്തുകൊണ്ടു് ആ അട്ടഹാസധ്വനിയിൽ കണ്ണടഞ്ഞുപോയ അവനെ പെട്ടെന്നു് പിടികൂടി. അവൻ കുതറിമാറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നരസിംഹമൂർത്തിയുടെ ബലിഷ്ഠമായ കരങ്ങളിൽ കിടന്നു് അവൻ പരവശനായി പിടഞ്ഞു. ഇന്ദ്രന്റെ വജ്രത്താൽ പോലും പോറലേൽക്കാത്ത ആ അസുരരാജാവിനെ നരസിംഹമൂർത്തി വാതില്പടിയിൽ അകത്തും പുറത്തുമായി ഇരുന്നു് തന്റെ തൃത്തുടയിൽ കിടത്തി, കൂർത്ത നഖങ്ങളാൽ, ഗരുഡൻ വിഷപ്പാമ്പിനെയെന്നതുപോലെ, ലീലയാ കീറിപിളർന്നു.

കോപാകുലനായ നരഹരിയുടെ രൌദ്രഭാവം ആരാലും ദർശിക്കുവാൻ കഴിയാത്തതായിരുന്നു. പിളർന്നിരിക്കുന്ന തന്റെ വായുടെ രണ്ടറ്റത്തും പറ്റിയിരുന്ന ചോര ഭഗവാൻ നാവുകൊണ്ടു് നക്കിത്തുടച്ചു. ആനയെ കൊന്ന സിംഹത്തിനെപ്പോലെ ആ പരമാനന്ദമൂർത്തി കാണപ്പെട്ടു. ചോരത്തുള്ളികളാ‍ൽ കണ്ഠരോമങ്ങൾ നനഞ്ഞു. ആ അസുരശ്രേഷ്ഠന്റെ കുടലെടുത്തു് ഭഗവാൻ തന്റെ വിരിമാറിൽ മാലയായി അണിഞ്ഞു. കീറിപിളർന്നിരിക്കുന്ന ഹൃദയത്തോടുകൂടി ഹിരണ്യകശിപുവിനെ ഭഗവാൻ തന്റെ മടിത്തട്ടിൽനിന്നും വിട്ടുകളഞ്ഞു. പിന്നീടു് ആയുധങ്ങളുമായി തനിക്കുനേരേ പാഞ്ഞടുത്തുകൊണ്ടിരുന്ന ആയിരക്കണക്കിനസുരന്മാരെ ഭഗവാൻ ദണ്ഡങ്ങൾപോലെ ബലിഷ്ഠങ്ങളായ തന്റെ തൃക്കൈകളിലെ നഖരങ്ങളാൽ പിച്ചിച്ചീന്തി കൊന്നൊടുക്കി.

നരസിംഹമൂർത്തിയുടെ ജടകൾകൊണ്ടുള്ള പ്രഹരമേറ്റ കാർമേഘങ്ങൾ നാലുപാടേയ്ക്കും ചിന്നിച്ചിതറി. ഭഗവാന്റെ നേത്രത്തിൽനിന്നുതിർന്ന പ്രകാശജ്വാലയിൽ ഗ്രഹങ്ങളുടെ പ്രഭാവം നഷ്ടപ്പെട്ടു. സർവ്വശക്തനായ ഭഗവാന്റെ നിശ്വാസവായുവേറ്റു് സമുദ്രങ്ങൾ ഇളകിമറിഞ്ഞു. ദിഗ്ഗജങ്ങൾ അവന്റെ ഗർജ്ജനം കേട്ടു് നിലവിളിച്ചു. തന്റെ ജടയിഴകൾ തട്ടിത്തെറിപ്പിച്ച വിമാനങ്ങളെക്കൊണ്ടു് ദേവലോകം നിറഞ്ഞു. അവന്റെ ചുവടുവയ്പ്പിൽ ഭൂമീദേവി പ്രകമ്പനം കൊണ്ടു. നരഹരിയുടെ ചലനവേഗത്താൽ മലകൾ കീഴ്മേൽ മറിഞ്ഞു. ആകാശവും ദിക്കുകളും അവന്റെ തേജസ്സിനാൽ നിഷ്പ്‌പ്രഭങ്ങളായി.

രാജാവേ!, അനന്തരം, ഇനി തന്നോടേറ്റുമുട്ടുവാൻ എതിരാളിയില്ലെന്നു് മനസ്സിലാക്കിയ ഭഗവാൻ അവിടെയുണ്ടായിരുന്ന ഉത്തമമായ സിംഹാസനത്തിൽ വർദ്ധിച്ച അമർഷത്തോടുകൂടി ഉപവിഷ്ടനായി. എന്നാൽ അതിഭീഷണമായ ആ രൂപത്തെ കണ്ടുഭയന്നു് ആരുംതന്നെ ആ സന്നിധിയിൽ ചെല്ലാൻ ധൈര്യം കാട്ടിയില്ല. മൂന്നുലോകങ്ങൾക്കും തീരാദുഃഖമായിരുന്ന ആ അസുരാധമൻ ശ്രീഹരിയാൽ വധിക്കപ്പെട്ടതറിഞ്ഞ ദേവസ്ത്രീകൾ ആകാശത്തുനിന്നും പുഷ്പവൃഷ്ടി ചൊരിഞ്ഞു. ആ സമയം, ഭഗവാനെ കാണാനെത്തിയ ദേവന്മാരുടെ വിമാനങ്ങൾ ആകാശത്തിൽ ചുറ്റും നിരന്നു. ദേവന്മാർ ജയഭേരികൾ മുഴക്കി. ഗന്ധർവ്വന്മാർ പാടുകയും, അപ്സരസ്സുകൾ നൃത്തം ചെയ്യുകയും ചെയ്തു.

അല്ലയോ യുധിഷ്ഠിരരാജാവേ!, ബ്രഹ്മാവു്, ശിവൻ, ഇന്ദ്രൻ, ഋഷികൾ, പിതൃക്കൾ, സിദ്ധന്മാർ, വിദ്യാധരന്മാർ, നാഗന്മാർ, മനുക്കൾ, പ്രജാപതിമാർ, ഗന്ധർവ്വന്മാർ, അപ്സരസ്സുകൾ, ചാരണന്മാർ, യക്ഷന്മാർ, കിം‌പുരുഷന്മാർ, വേതാളങ്ങൾ, സുനന്ദൻ, കുമുദൻ മുതലായ പാർഷദന്മാർ, എന്നുവേണ്ടാ, എല്ലാവരും മൂർദ്ധനി കൈകൾ കൂപ്പി ഉയർത്തിപ്പിടിച്ചുകൊണ്ടു് അല്പം ദൂരത്തുനിന്നുതന്നെ തങ്ങളുടെ പ്രത്യേകം പ്രത്യേകമായ സ്തുതികളർപ്പിച്ചു.

വിരിഞ്ചസ്തുതി: നിസ്സീമമായ ശക്തികളോടുകൂടിയവനും, വിചിത്രതരമായ വീര്യത്തോടുകൂടിയവനും, പവിത്രമായ കർമ്മത്തെ ചെയ്യുന്നവനും, തന്റെ ലീലയായി സത്വാദിഗുണങ്ങളാൽ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങൾ നടത്തുന്നവനും, നിർവ്വികാരനും, അനന്തനുമായ അവിടുത്തേയ്ക്കു് പ്രണാമം!.

രുദ്രസ്തുതി: ഭഗവാനേ!, അവിടുത്തെ കോപത്തിനുചിതമായ സമയം കല്പാന്തമാണു. ഇന്നിതാ അങ്ങയുടെ കോപത്താൽ അസുരാധമനായ ഹിരണ്യകശിപു കൊല്ലപ്പെട്ടുകഴിഞ്ഞു. ഇനിയീ കോപമടക്കി, അങ്ങയുടെ തിരുമുമ്പിൽ വന്നുനിൽക്കുന്ന അവിടുത്തെ ഭക്തനായ ആ ബാലനെ അനുഗ്രഹിച്ചാ‍ലും!.

ഇന്ദ്രസ്തുതി: ഭഗവാനേ!, ഞങ്ങളുടെ രക്ഷകനായ അങ്ങയാൽ അവിടുത്തെ ഹവിർഭാഗം ഈ അസുരനിൽനിന്നും വീണ്ടെടുക്കപ്പെട്ടു. അങ്ങയുടെ വാസസ്ഥാനമായിരുന്ന ഞങ്ങളുടെ മാനസപത്മം ക്രൂരനായ ഈ അസുരനാൽ ആക്രമിക്കപ്പെട്ടിരുന്നു. എന്നാൽ അവിടുത്തെ കരുണയാൽ അതും അങ്ങു് വീണ്ടെടുത്തിരിക്കുന്നു. അങ്ങയുടെ ഉപാസകർക്കു് കാലഗ്രസ്തമായ ഈ സ്വർഗ്ഗം വെറും തുച്ഛലാഭമാണു. മോക്ഷത്തെപ്പോലും കാമിക്കാത്ത അവർക്കു് ഈവിധഭോഗങ്ങളിൽ എന്തുകാര്യം?.

ഋഷികളുടെ സ്തുതി: ഹേ ആദിപുരുഷാ!, ശരണ്യപാലാ!, യാതൊരു തപസ്സുകൊണ്ടാണോ അവിടുന്നു് ഈ വിശ്വത്തെ സൃഷ്ടിച്ചതു്, യാതൊരു തപസ്സിനെയാണോ നിന്തിരുവടി ഞങ്ങക്കായി ഉപദേശിച്ചുതന്നതു്, ആ തപസ്സു് ഇവൻ കാരണം അലങ്കോലപ്പെട്ടിരുന്നു. ഇന്നിതാ വീണ്ടും അവിടുന്നു് നരസിംഹമൂർത്തിയായി അവതരിച്ചുകൊണ്ടു് ആ തപസ്സിനെ രക്ഷിച്ചെടുത്തു് ഞങ്ങൾക്കു് വീണ്ടും അനുഷ്ഠിക്കുവാനായി തന്നിരിക്കുന്നു.

പിതൃസ്തുതി: ഞങ്ങളുടെ പുത്രന്മാർ ഞങ്ങൾക്കർപ്പിച്ചിരുന്ന ശ്രാദ്ധങ്ങളേയും, തീർത്ഥകാലങ്ങളിൽ അവർ ഞങ്ങൾക്കു് നൽകിയിരുന്ന തിലോദകത്തെയും ഇത്രയും കാലം ഈ ദുഷ്ടൻ ബലപ്രയോഗത്തിലൂടെ തട്ടിപ്പറിച്ചു് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുകയായിരുന്നു. അവിടുത്തെ തൃക്കരങ്ങളിലെ കൂർത്ത നഖങ്ങളാൽ കുത്തിപ്പിളർക്കപ്പെട്ട അവന്റെ ഉദരത്തിൽനിന്നു് അതെല്ലാം വീണ്ടെടുത്തുതന്ന സകലധർമ്മപാലകനായ ഭഗവാൻ നരഹരിയ്ക്കു് നമസ്ക്കാരം!.

സിദ്ധസ്തുതി: ഞങ്ങൾ അനുവർത്തിച്ചുപോന്നിരുന്ന യോഗസിദ്ധമായ ഗതിയെ ഹിരണ്യകശിപുവെന്ന ആ ദുഷ്ടൻ യോഗങ്ങളുടേയും തപസ്സിന്റേയും ബലത്താൽ അപഹരിച്ചിരുന്നു. അഹങ്കാരിയായ അവന്റെ മാറിനെ കൂർത്ത നഖങ്ങളാൽ കീറിപ്പിളർന്ന അല്ലയോ നരസിംഹമൂർത്തേ!, അങ്ങയെ ഞങ്ങളിതാ പ്രണമിക്കുന്നു.

വിദ്യാധരസ്തുതി: തന്റെ ശക്തിയിൽ അഹങ്കരിച്ചിരുന്ന മൂഢനായ ഹിരണ്യകശിപു ഞങ്ങൾ നേടിയെടുത്തിരുന്ന വിദ്യകളെ നിരോധിച്ചിരുന്നു. എന്നാൽ വൈകാതെ അവതരിച്ചുകൊണ്ടു്, ഒരു യജ്ഞപശുവിനെയെന്നതുപോലെ, അവനെ വധിച്ചുകളഞ്ഞ മായാനരസിംഹരൂപിയായ ഭഗവാനു് പ്രണാമം!.

നാഗസ്തുതി: പാപിയായ അവൻ ഞങ്ങളിലെ രത്നങ്ങളും ഞങ്ങളുടെ സ്ത്രീരത്നങ്ങളേയും തട്ടിക്കൊണ്ടുപോയിരുന്നു. എന്നാൽ, ഇന്നവന്റെ മാറിടം വലിച്ചുപിളർന്നുകൊന്നുകൊണ്ടു് ഞങ്ങൾക്കാനന്ദം പകർന്ന നിന്തിരുവടിയ്ക്കു് നമസ്ക്കാരം!.

മനുസ്തുതി: ഹേ ഭഗവൻ!, ഞങ്ങൾ നിറവേറ്റിക്കൊണ്ടിരുന്ന അവിടുത്തെ നിർദ്ദേശാനുഷ്ഠാനങ്ങൾക്കു് ആ ദുഷ്ടൻ ഭംഗം വരുത്തിയിരുന്നു. എന്തായാലും, നിന്തിരുവടിയാൽ അവൻ ഒടുങ്ങപ്പെടുകതന്നെ ചെയ്തു. ഇനി അവിടുത്തെ ആദേശത്തിനായി കാത്തുനിൽക്കുന്ന ഞങ്ങളുടെ ദൌത്യത്തെ വീണ്ടും അവിടുന്നു് കല്പിച്ചരുളിയാലും!.

പ്രജാപതികളുടെ സ്തുതി: ഹേ പരമേശ്വരാ!, അങ്ങു് ഞങ്ങൾക്കു് കല്പിച്ചരുളിയ പ്രജാപതിസ്ഥാനത്തിരുന്നുകൊണ്ടു് പ്രജാവർദ്ധനം ചെയ്തുകൊണ്ടിരുന്ന ഞങ്ങളെ ദുഷ്ടനായ ഹിരണ്യകശിപു തടഞ്ഞതിൽ പിന്നെ, ഞങ്ങൾക്കു് ആ കർമ്മം അനുഷ്ഠിക്കാനായില്ല. ഇന്നിതാ അവിടുന്നാൽ മാറുപിളർക്കപ്പെട്ടു് അവനിതാ ചത്തുമലന്നുകിടക്കുന്നു. ഹേ സത്വഗുണമൂർത്തേ!, നിന്തിരുവടിയുടെ ഈ അവതാരം ജഗത്തിനു് മംഗളമായി ഭവിച്ചിരിക്കുന്നു.

ഗന്ധർവ്വസ്തുതി: ഹേ ഭഗവാനേ!, അവിടുത്തെ തിരുമുമ്പിൽ ആടിയും പാടിയും അങ്ങയെ സേവിച്ചുകൊണ്ടിരുന്ന ഞങ്ങളെ കരുത്താലും ഓജസ്സാലും ഇവൻ തന്റെ അടിമകളാക്കി മാറ്റിയിരുന്നു. തെറ്റായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്നവൻ എങ്ങനെയാണു് നന്മയ്ക്കുതകുന്നതു. എന്തായാലും, ഇന്നിവൻ നിന്തിരുവടിയാൽ ഈ സ്ഥിതി പ്രാപിച്ചിരിക്കുന്നു. അവിടുത്തേയ്ക്കു് നമോവാകം!.

ചാരണസ്തുതി: അല്ലയോ ശ്രീഹരേ!, സാധുക്കൾക്കു് ഹൃദയവേദനയെ ഉണ്ടാക്കിക്കൊണ്ടിരുന്ന ഈ അസുരനെ കൊന്നൊടുക്കി അങ്ങു് ഞങ്ങളെ രക്ഷിച്ചരുളിയിരിക്കുന്നു. ആയതിനാൽ, ഭവസാഗരനൌകയായ അങ്ങയുടെ ചരണാരവിന്ദത്തിൽ ഞങ്ങൾ അഭയം പ്രാപിക്കുന്നു.

യക്ഷസ്തുതി: ഹേ നരസിംഹമൂർത്തേ!, അങ്ങയുടെ സേവകന്മാരിൽ പ്രധാനികളായിരുന്ന ഞങ്ങൾക്കു് ദിതിയുടെ പുത്രനായ ഇവന്റെ പല്ലക്കു് ചുമക്കേണ്ട ഗതികേടായിരുന്നു ഉണ്ടായിരുന്നതു. പ്രകൃതിതത്വങ്ങൾക്കെല്ലാം പരമകാരണനായവനേ!, നിന്തിരുവടി ഞങ്ങളുടെ ദുരിതങ്ങളെ കണ്ടറിഞ്ഞു് ആ ദുഷ്ടനെ കൊന്നൊടുക്കി അഞ്ചുഭൂതങ്ങളിലേക്കു് ലയിപ്പിച്ചിരിക്കുന്നു.

കിം‌പുരുഷസ്തുതി: ഹേ ഭഗവൻ!, ഞങ്ങൾ കിം‌പുരുഷന്മാരാണു. അങ്ങാകട്ടെ, മഹാപുരുഷനായ ഈശ്വരനും. സാധുക്കളാൽ വെറുക്കപ്പെട്ട ഇവനെ അവിടുന്നു് ഇല്ലാതാക്കി.

വൈതാളികസ്തുതി: ഭഗവാനേ!, സത്തുക്കളുടെ സംഗങ്ങളിലും സത്രങ്ങളിലുമൊക്കെ അങ്ങയുടെ പാവനമായ യശസ്സിനെ കീർത്തിക്കുകവഴി ഞങ്ങൾക്കു് ധാരാളം ബഹുമതികൾ കിട്ടിക്കൊണ്ടിരുന്നതായിരുന്നു. എന്നാൽ ദുഷ്ടനായ ഈ അസുരാധമൻ അതിനെ മുച്ചൂടും ഇല്ലാതാക്കി ഒരു രോഗം പോലെ ഞങ്ങളെ ബാധിച്ചിരുന്നു. ഇന്നിതാ ആ രോഗത്തെ വേരേടെ നിർമ്മാർജ്ജനം ചെയ്തുകൊണ്ടു് നിന്തിരുവടി ഞങ്ങളെ രക്ഷിച്ചരുളിയിരിക്കുന്നു. അഹോ! ഞങ്ങളുടെ ഭാഗ്യം!.

കിന്നരസ്തുതി: ഈശ്വരാ!, അവിടുത്തെ അനുചരന്മാരായിരുന്ന ഞങ്ങൾ കൂലിയില്ലാതെ ഈ ദുഷ്ടനുവേണ്ടി ഏറെക്കാലമായി നിരന്തരം കഷ്ടപ്പെട്ടുവരികയായിരുന്നു. ഇന്നു് അങ്ങവനെ കൊന്നൊടുക്കി. ഹേ നരസിംഹമൂർത്തേ!, നാഥാ!, അങ്ങു് ഞങ്ങളുടെ ക്ഷേമത്തിനായി ഭവിക്കേണമേ!.

വിഷ്ണുപാർഷദസ്തുതി: ഹേ ശരണദായകനായ ഭഗവാനേ!, സർവ്വലോകങ്ങൾക്കും സർവ്വമംഗളങ്ങളും പ്രദാനം ചെയ്യുന്നവനായ അങ്ങയുടെ ആശ്ചര്യകരമായ ഈ നരസിംഹരൂപം ഞങ്ങൾ ഇന്നാദ്യമായാണു് കാണുന്നതു. ഹേ നാഥാ!, ഇവൻ നിന്തിരുവടിയുടെ ദാസനാണെന്നും, അന്നു് സനകാദികളുടെ ശാപത്തിനു് പാത്രമായിരുന്ന അവിടുത്തെ പാർഷദനാണെന്നും, ഇന്നു് കരുണാസിന്ധുവായ നിന്തിരുവടി ഇവനെ നിഗ്രഹിച്ചിരിക്കുന്നതു് ഇവനെ അനുഗ്രഹിക്കുവാനാണെന്നും ഞങ്ങളറിയുന്നു.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം എട്ടാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.Previous    Next

Narasimhaavatharam

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ