2019, സെപ്റ്റംബർ 15, ഞായറാഴ്‌ച

7.15 മോക്ഷധർമ്മം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 15
(മോക്ഷധർമ്മം.)


നാരദർ പറഞ്ഞു: ഹേ നൃപാ!, ബ്രാഹ്മണർ പലവിധ കർമ്മങ്ങളിലേർപ്പെട്ടു് ജീവിതം നയിക്കുന്നു. ചിലർ കർമ്മത്തിൽ നിഷ്ഠയുള്ളവരാണെങ്കിൽ, മറ്റുചിലർ തപസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ മറ്റുചിലരാകട്ടെ, വേദാധ്യയനത്തിലും, പിന്നെ ചിലർ അവയുടെ വ്യാഖ്യാനത്തിലും മനസ്സൂന്നുന്നു.

തങ്ങൾക്കായോ, തങ്ങളുടെ പിതൃക്കൾക്കായോ മോക്ഷമാഗ്രഹിക്കുന്നവൻ ആദ്യം ദാനത്തെ ജ്ഞാനനിഷ്ഠനായ ബ്രാഹ്മണർക്കു് സമർപ്പിക്കണം. അവരുടെ അഭാവത്തിൽ അതു് കർമ്മികൾക്കു് നൽകാവുന്നതാണു. ശ്രാദ്ധമൂട്ടുമ്പോൾ, ദേവന്മാരുടെ കാര്യത്തിൽ ഒന്നോ രണ്ടോ ബ്രാഹ്മണരേയും, പിതൃക്കളുടെ കാര്യത്തിൽ ഒന്നോ മൂന്നോ ബ്രാഹ്മണരേയും സ്വീകരിക്കുക. ദ്രവ്യസ്ഥാനാണെങ്കിലും അമിതമായ ആഢംബരച്ചടങ്ങുകൾ ഒഴിവാക്കണം. ധാരാളം ബന്ധുക്കളേയും മറ്റും കൂട്ടി ചെയ്യപ്പെടുന്ന ആ ചടങ്ങിൽ, കാലം, ദേശം, ദ്രവ്യം, ആരാധ്യർ, അനുഷ്ഠാനം മുതലായവകൾക്കുള്ള പ്രാമുഖ്യം നഷ്ടപ്പെടുകയും, കർത്താക്കളുടെ ശ്രദ്ധ വേർതിരിയുകയും ചെയ്യുന്നു. കാലവും സമയവുമൊത്തുവരുമ്പോൾ ഭക്ത്യാദരവുകളോടെ നിർമ്മിച്ചിട്ടുള്ള നൈവേദ്യങ്ങളെ ഭഗവാൻ ശ്രീഹരിക്കായി സമർപ്പിച്ചതിനുശേഷം, പ്രസാദത്തെ യോഗ്യരായ ബ്രാഹ്മണർക്കായി ദാനം ചെയ്യുക. അതുവഴി സാധകനു് സകലൈശ്വര്യങ്ങളും സിദ്ധിക്കുന്നു. ആ പ്രസാദത്തെ വിതരണം ചെയ്യുന്ന സമയം ദാനം സ്വീകരിക്കുന്ന സകലരേയും വിഷ്ണുസ്വരൂപികളായി ദർശിക്കണം. ധർമ്മത്തെക്കുറിച്ചു് ബോധമുള്ളവൻ ഒരിക്കലും ശ്രാദ്ധത്തിൽ മത്സ്യമാംസാദി ആഹാരങ്ങൾ വിളമ്പരുതു. ബ്രാഹ്മണനല്ലെങ്കിൽകൂടി താനും കഴിക്കാൻ പാടില്ല. പകരം സാത്വികമായ ആഹാരം വിളമ്പുമ്പോൾ, അവയെ സ്വീകരിക്കുന്നവർ തൃപ്തരാകുന്നു. കാരണം, അഹിംസാവാദികളായ അവർ മാംസാഹാരങ്ങളെ സ്വീകരിക്കുകയോ അതിൽ തൃപ്തരാകുകയോ ചെയ്യുന്നവരല്ല.

പാവനമായ ധർമ്മാനുഷ്ഠാനങ്ങളെ ചെയ്യുവാനിച്ഛിക്കുന്നവർ മനസ്സാവാചാശരീരാ സഹജീവികളോടുമുള്ള വൈരം ഇല്ലാതാക്കണം. അവരെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ധമ്മം വേറെ ഇല്ലേയില്ല. യജ്ഞത്തിന്റെ പൊരുളറിയുന്ന നിഷ്കാമികളായ വിവേകികൾ കർമ്മമയമായ ഈ യജ്ഞങ്ങളെ ആത്മജ്ഞാനത്തിൽനിന്നുണ്ടായ മനസംയമനമാകുന്ന അഗ്നിയിൽ ഹോമിക്കുന്നു. മൃഗബലിയിലൂടെ യജ്ഞങ്ങളാചരിക്കുന്നവനെ കണ്ടു് പ്രാണികൾ ഭയന്നുവിറയ്ക്കുന്നു. ആത്മതത്വത്തെയും യജ്ഞതത്വത്തേയുമറിയാത്ത സ്വാർത്ഥനും നിർദ്ദയനുമായ ഇവൻ നമ്മളെ കൊന്നേയ്ക്കുമല്ലോ! എന്നവർ പരിതപിക്കുന്നു. അതുകൊണ്ടു്, ധർമ്മജ്ഞനായവൻ ദൈവദത്തമായതും മുനിജനങ്ങൾക്കു് സ്വീകാര്യമായതുമായ ദ്രവ്യങ്ങൾ കൊണ്ടുവേണം നിത്യനൈമിത്തികങ്ങളായ കർമ്മളെ ചെയ്യുവാൻ.

വിധർമ്മം, പരധർമ്മം, ആഭാസധർമ്മം, ഉപമാധർമ്മം, ഛലധർമ്മം, എന്നീ അഞ്ചിനേയും അധർമ്മത്തിന്റെ വിവിധ രൂപങ്ങളായി അറിയുക. ആയതിനാൽ ഇവയെ അധർമ്മങ്ങളെന്നു് കരുതി ഉപേക്ഷിക്കണം. സ്വധർമ്മത്തെ ബാധിക്കുന്ന ധർമ്മാചരണത്തെ വിധർമ്മമെന്നും, മറ്റൊരുത്തന്റെ ധർമ്മത്തെ അനുഷ്ഠിക്കുന്നതിനെ പരധർമ്മമെന്നും, വേദവിരുദ്ധങ്ങളായതും ദംഭിനുവേണ്ടി ആചരിക്കപ്പെടുന്നതുമായ ധർമ്മത്തെ ഉപമാധർമ്മമെന്നും, ശാസ്ത്രവചനങ്ങളെ ദുർവ്യാഖ്യാനം ചെയ്തു് തങ്ങളുടെ സൌകര്യാർത്ഥം അനുഷ്ഠിക്കുന്നതിനെ ഛലധർമ്മമെന്നും, സ്വധർമ്മത്തിൽനിന്നും വ്യത്യസ്ഥമായ ധർമ്മങ്ങൾ തന്നിഷ്ടപ്രകാരം അനുഷ്ഠിക്കുന്നതിനെ ആഭാസധർമ്മമെന്നും പറയുന്നു. എന്നാൽ, പ്രകൃതിഗുണങ്ങൾക്കനുസരിച്ചുള്ള വർണ്ണാശ്രമധർമ്മങ്ങളെ കളങ്കമില്ലാതെ അനുഷ്ഠിക്കുന്നവനു് നിത്യശാന്തിയുണ്ടാകുന്നു.

ധർമ്മാചരണത്തിനായാലും നിത്യജീവനത്തിനായാലും ധനമില്ലാത്തവൻ ഒരിക്കലും ധനം സമ്പാദിക്കുവാനാഗ്രഹിക്കതു. പെരുമ്പാമ്പിനെപ്പോലെ നിഷ്കർമ്മിയായവന്റെ ജീവനോപായം ആ നിഷ്ക്രിയത്വത്തിലൂടെത്തന്നെ സംഭവ്യമാകുന്നു. ഉള്ളതിൽ തൃപ്തനും, നിഷ്ക്രിയനും, ആത്മാരാമനുമായ ഒരുവനു് ലഭ്യമാകുന്ന യാ‍തൊരു സുഖമാകട്ടെ, കാമം കൊണ്ടും, ലോഭം കൊണ്ടും ധനാഭിലാഷം കൊണ്ടും നാലുപാടും പരക്കം പായുന്നവനുണ്ടാകുകയില്ല. പാദരക്ഷകൾ ധരിച്ചുകൊണ്ടു് നടക്കുന്നവനെ വഴിയിലെ കല്ലുകളും മുള്ളുകളും എപ്രകാരം ബാധിക്കുന്നില്ലയോ, അപ്രകാരംതന്നെ ഉള്ളിൽ സന്തോഷമുള്ളവൻ ഒരിക്കലും ജീവിതയാത്രയിൽ ക്ലേശങ്ങളനുഭവിക്കുന്നില്ല. ഉള്ളം സന്തോഷത്താൽ നിറഞ്ഞവൻ കേവലം ജലപാനം കൊണ്ടും ജീവിക്കുന്നു. എന്നാൽ, ഇന്ദ്രിയസുഖങ്ങൾക്കുപിന്നാലെ പായുന്നവൻ ഗൃഹം കാക്കുന്ന നായയെപ്പോലെ ചേഷ്ടകളോടെ ജീവിതം നയിക്കുന്നു. ഹൃദയത്തിൽ സന്തുഷ്ടിയില്ലാത്ത ബ്രാഹ്മണന്റെ തേജസ്സും, വിദ്യയും, തപസ്സും, കീർത്തിയുമെല്ലാം ക്ഷയിച്ചുപോകുന്നു. ജ്ഞാനവും ഇല്ല്ലാതെയാകുന്നു. മനുഷ്യന്റെ പൈദാഹങ്ങൾ അന്നപാനാദിയിലൂടെ നിവർത്തിക്കപ്പെടുന്നു. അവന്റെ ക്രോധത്തിനു് ദണ്ഡനത്തിലൂടെയും അതിന്റെ പരിണിതഫലത്തിലൂടെയും ശമനമുണ്ടാകുന്നു. എന്നാൽ, ഒരുവൻ സകലദിക്കുകളേയും ജയിച്ചുവന്നാലും, ഭൂമിയിലെ സകലഭോഗങ്ങളേയും അനുഭവിച്ചാലും അവയിലുള്ള ആസക്തി അപ്പോഴും അല്പംപോലും നിവർത്തിക്കപ്പെടാതെ തുടരുകതന്നെചെയ്യും. ഹേ രാജൻ!, സകല സംശയങ്ങളേയും നിവർത്തിച്ച വിദ്വൽസഭാപതികളും പ്രമുഖന്മാരും മറ്റു പണ്ഡിതന്മാരും ഈ ലോഭത്താൽ അധഃപതിച്ചിരിക്കുന്നു.

വിഷയങ്ങളോടുള്ള സങ്കല്പത്തെ ത്യജിക്കുന്നതിലൂടെ കാമത്തേയും, കാമങ്ങളെ വർജ്ജിക്കുന്നതിലൂടെ ക്രോധത്തേയും, അർത്ഥം അനർത്ഥമാണെന്ന കാഴപ്പാടിലൂടെ ലോഭത്തേയും, തത്വജ്ഞാനത്താൽ ഭയത്തേയും, ആത്മജ്ഞാനത്താൽ ശോകമോഹങ്ങളേയും, സത്തുക്കളെ സേവിക്കുകവഴി ദംഭത്തേയും, മൌനസാധനയിലൂടെ യോഗതടസ്സങ്ങളേയും, ശരീരം മുതലായവകളോടുള്ള താല്പര്യമില്ലായ്മയിലൂടെ ശത്രുത്വവും ഇല്ലാതാക്കണം. ഭൂതങ്ങളിൽനിന്നുമുണ്ടാകുന്ന ദുഃഖം അവരിൽ കാരുണ്യം തോന്നുകവഴി ഇല്ലാതാകുന്നു. ദൈവതമായ ദുഃഖം മനഃസംയമനം കൊണ്ടില്ലാതാകുന്നു. ശാരീരികമായ ദുഃഖം യോഗബലത്താൽ ഇല്ലാതാകുന്നു. നിദ്ര സത്വികാഹാരങ്ങളിലൂടെ പരിഹരിക്കപ്പെടുന്നു. സത്വഗുണത്തെ വളർത്തുന്നതുവഴി രജസ്തമസ്സുകൾ അകന്നുപോകുന്നു. ഒടുവിൽ സത്വഗുണവും ഉപശമത്താൽ ഒഴിഞ്ഞുപോകുന്നു. ഈവക നിർവൃത്തികളെല്ലാം ഗുരുവിൽ ഭക്തിയുണ്ടാകുന്നതോടെ അനായാസേന സാധ്യമാകുന്നവയാണു.

ഗുരുവിനെ സാക്ഷാത് ഈശ്വരാനായി കാണണം. മറിച്ചു്, അദ്ദേഹത്തെ വെറും മനുഷ്യനായി കരുതുന്നവന്റെ സകല അധ്യയനങ്ങളും, ആനയുടെ കുളി പോലെ, വ്യർത്ഥമത്രേ!. ഉദാഹരണത്തിനു്, ഗൃഹസ്ഥനായിരുന്ന ഭഗവാൻ ശ്രീകൃഷ്ണൻ സകലചരാചരങ്ങളുടെ നിയന്താവും, സമസ്തജഗത്തിന്റെ ഗുരുവുമായിരുന്നു. ആ തൃച്ചേവടികളെ യോഗേശ്വരന്മാർ തങ്ങളുടെ ഏകാശ്രയമായിക്കണ്ടാരാധിച്ചിരുന്നു. എന്നാൽ, മൂഢന്മാരാകട്ടെ, ആ പരമപുരുഷനെ മാനുഷനായി മാത്രമേ അറിഞ്ഞിരുന്നുള്ളൂ. വേദോക്തങ്ങളായ സകല അനുഷ്ഠാനവിധികളും മനസ്സുൾപ്പെടെയുള്ള ഇന്ദ്രിയങ്ങളുടെ ശോഷണത്തിനുവേണ്ടിയുള്ളതാണു. എന്നാൽ ഈ അനുഷ്ഠാനങ്ങളൊന്നും ജീവന്റെ യോഗസാധയ്ക്കുതകുന്നില്ലെങ്കിൽ സർവ്വം പാഴ്ശ്രമങ്ങളായിമാത്രമേ കാണാൻ സാധിക്കുകയുള്ളൂ. കച്ചവടവും മറ്റു് തൊഴിൽപരമായ യാതൊരു കർമ്മങ്ങളും അവയുടെ ഫലങ്ങളും യോഗഫലമായ പുരുഷാർത്ഥത്തെ സാധിപ്പിക്കാതെ പകരം, ജീവനെ സംസാരത്തിൽ തളയ്ക്കുന്നതുപോലെ, ഭഗവദർപ്പണശീലമില്ലാത്ത മനുഷ്യന്റെ സകല ധർമ്മാനുഷ്ഠാനങ്ങളും വിഫലമാകുകതന്നെ ചെയ്യുന്നു.                          

രാജാവേ!, മനസ്സിനെ നിയന്ത്രിക്കുവാനാഗ്രഹിക്കുന്നവൻ കുടുംബസംബന്ധമൊഴിഞ്ഞു് വിജനദേശത്തെത്തി പാർപ്പുറച്ചിതിനുശേഷം, ഭിക്ഷയിലൂടെ ശരീരത്തെ ആത്മാവുമായി ചേർത്തുനിർത്തുവാനുള്ളതുമാത്രം സ്വീകരിക്കുന്ന ഒരു സന്യാസിയാകണം. പരിശുദ്ധമായതും അധികം ഉയരമില്ലാത്തതും, എന്നാൽ അധികം താഴ്ന്നതല്ലാത്തതുമായ ഒരു സ്ഥലത്തു് ആസനസ്ഥനായി ശരീരത്തെ നീണ്ടുനിവർത്തി സുഖമായി ഇരുന്നുകൊണ്ടു് ഓം എന്ന പ്രണവമന്ത്രത്തെ ജപിക്കണം. മനസ്സിൽനിന്നും വിഷയങ്ങളെ അകറ്റണം. സ്വന്തം നാസികാഗ്രത്തിൽ കണ്ണുംനട്ടു് പൂരകം, കുംഭകം, രേചകം തുടങ്ങിയ പ്രാണായാമവിധികളോടുകൂടി ശരീരത്തിനുള്ളിലെ പ്രാണൻ, അപാനൻ എന്നീ വായുക്കളെ നിരോധിച്ചുനിർത്തണം. വിഷയങ്ങളെക്കൊണ്ടു് നിറഞ്ഞതും ചുറ്റിത്തിരിയുന്നതുമായ മനസ്സ് എങ്ങോട്ടൊക്കെ വഴുതിപ്പോയാലും, അവിടെനിന്നൊക്കെ അതിനെ വീണ്ടെടുത്തു് സാധകൻ പതുക്കെ പതുക്കെ തന്റെ ഹൃദയത്തിൽ തടഞ്ഞുവയ്ക്കണം. ഈവിധം തുടരെത്തുടരെ യോഗം അഭ്യസിക്കുന്ന ഒരു സാധകന്റെ മനസ്സ് ചുരുക്കം സമയത്തിനുള്ളിൽ, വിറകെരിഞ്ഞുതീർന്ന അഗ്നിപോലെ, ശമനത്തെ പ്രാപിക്കുന്നു. ഇങ്ങനെ കാമങ്ങളകന്നതും ശാന്തിയെ പ്രാപിച്ചതുമായ മനസ്സ് ബ്രഹ്മാനന്ദം കൊണ്ടു് നിറഞ്ഞു് പിന്നീടൊരിക്കലും ഇളകാതെയിരിക്കുന്നു. ഹേ രാജൻ!, ധർമ്മാർത്ഥകാമങ്ങളിൽനിന്നും ഉപശമം വന്ന സന്യാസി പിന്നീടു് വീണ്ടും അവയ്ക്കടിപ്പെടുകയാണെങ്കിൽ അവൻ ചർദ്ദിച്ചതിനെ വീണ്ടും ഭക്ഷിക്കുന്ന നാണം കെട്ടവനാണു. ജീവൻ വെടിഞ്ഞാൽ മലമായും പുഴുവായും ചാമ്പലായും മാറുന്ന ഈ ശരീരത്തെ ആദ്യം ആത്മാവിൽനിന്നും വേറിട്ടറിഞ്ഞതിനുശേഷം, പിന്നീടു് വീണ്ടും അതിനെ താനെന്നഭിമാനിക്കുന്നവൻ അതിനിന്ദ്യനാണെന്നറിയുക.

രജാവേ!, ആശ്രമികൾ സ്വധർമ്മാനുഷ്ഠാനങ്ങളെ ത്യജിക്കുന്നതു് തികച്ചും അപലപനീയമാണു. അതുകൊണ്ടു്, ആശ്രമധർമ്മങ്ങളിൽനിന്നും വഴിപിഴച്ചു് വേഷം കെട്ടിനടക്കുന്ന അവരെ അനുകമ്പയോടെ ഉപേക്ഷിക്കുക മാത്രമേ നിർവ്വാഹമുള്ളൂ. താനാകുന്ന ആത്മാവിനെ പരമാത്മസ്വരൂപമായി അറിഞ്ഞിട്ടുള്ളവനു് ആ ജ്ഞാനത്താൽത്തന്നെ കർമ്മാസക്തി നശിച്ചുപോകുന്നു. അങ്ങനെയുള്ളവൻ പിന്നെന്തിനുവേണ്ടിയാണു് വിഷയങ്ങളിൽ ആകൃഷ്ടനായി നശ്വരമായ ഈ ശരീരത്തെ പോഷിപ്പിക്കുന്നതു?. ശരീരം രഥമായും, ഇന്ദ്രിയങ്ങൾ കുതിരകളായും, മനസ്സ് കടഞ്ഞാണായും, വിഷയങ്ങൾ പാദകളായും, ബുദ്ധി സാരഥിയായും, ചിത്തം കെട്ടുകയറായും ഈശ്വരസൃഷ്ടമായി വേദാന്തങ്ങൾ ഉദ്ഘോഷിക്കുന്നു. പ്രാണൻ, അപാനൻ, വ്യാനൻ, ഉദാനൻ, സമാനൻ എന്നീ അഞ്ചും, കൂടാതെ നാഗൻ, കൂർമ്മൻ, കൃകലൻ, ദേവദത്തൻ, ധനംജയൻ എന്ന അഞ്ചും ചേർന്ന ദശപ്രാണനെ അച്ചുതണ്ടായും, അധർമ്മധർമ്മങ്ങളെ ആ രഥത്തിന്റെ ചക്രങ്ങളായും, യാത്രികനായ ജീവാത്മാവിന്റെ അഹങ്കാരബോധത്തെ രഥത്തിനുള്ളിലിരിക്കുന്നവനായും, ഓംകാരമെന്നതു് അവന്റെ കൈയ്യിലെ ധനുസ്സായും, ജീവനെ ശരമായും, പരമാത്മാവിനെ ലക്ഷ്യമായും ഈ രഥകല്പനയിലൂടെ വർണ്ണിക്കപ്പെട്ടിരിക്കുന്നു. രാഗദ്വേഷങ്ങൾ, ശോകമോഹഭയമദമാനാവമാനാദികൾ, അസൂയ, മായ, ഹിംസ, മാത്സര്യം, രജസ്സ്, അശ്രദ്ധ, വിശപ്പു്, ഉറക്കം, രാജസതാമസഭാവങ്ങൾ തുടങ്ങിയവയെ യാത്രികനു് നേരിടേണ്ട ശത്രുക്കളായി അറിയുക. രാജസതാമസഭാവങ്ങളെപ്പോലെ ദോഷഹേതുക്കളല്ലെങ്കിൽ പോലും, സമാധിസ്ഥനായിരിക്കുന്ന യതിയ്ക്കു് ബന്ധനഹേതുവാകാവുന്ന സ്വത്വഭാവത്തെക്കൂടി ത്യജിക്കേണ്ടതാകുന്നു.

ഭൌതികശരീരമാകുന്ന ഈ രഥത്തെ ഏതുകാലം വരെ ധരിച്ചിരിക്കുന്നുവോ അക്കാലമത്രയും ഇന്ദ്രിയങ്ങളെ തന്റെ വശഗതമാക്കി വയ്ക്കണം. ഗുരുവിന്റെ പാദസേവയാൽ മൂർച്ചയുള്ളതായി മാറിയ ജ്ഞാനമാകുന്ന വാൾകൊണ്ടു് അച്യുതനാകുന്ന ബലത്തോടുകൂടി രാഗദ്വേഷങ്ങളാകുന്ന ശത്രുക്കളെ ഇല്ലാതെയാക്കുക. അങ്ങനെ പ്രശാന്തനായ ജീവൻ ഒടുവിൽ ആ രഥത്തേയും ഉപേക്ഷിക്കണം. അല്ലാത്തപക്ഷം, ഇന്ദ്രിയങ്ങളാകുന്ന കുതിരകൾ ജീവനാകുന്ന രഥികനെ വഴിപിഴപ്പിക്കുകയും, വിഷയങ്ങളാകുന്ന കൊള്ളക്കാർക്കിടയിൽ കുടുക്കുകയും ചെയ്യും. അവരാകട്ടെ, സാരഥിയോടും കുതിരകളോടുമൊപ്പം ജീവനാകുന്ന രഥികനെ അതിഭയാനകമായ മരണഭീതിയോടുകൂടിയ സംസാരമാകുന്ന പൊട്ടക്കിണറ്റിൽ തള്ളിയിടുന്നു.

രാജാവേ!, വേദവിഹിതങ്ങളായ കർമ്മങ്ങൾ രണ്ടുവിധിമാണു. ഒന്നിനെ പ്രവൃത്തമെന്നും മറ്റേതിനെ നിവൃത്തമെന്നും പറയുന്നു. പ്രവൃത്തമെന്നതു് ജീവനെ സംസാരത്തിൽ തളച്ചിടുന്നതും, നിവൃത്തമെന്ന ജീവനു് മോക്ഷത്തെ പ്രദാനം ചെയുന്നതുമായ കർമ്മങ്ങളാണു. ബലിയുൾപ്പെടുന്ന യാഗവും, അഗ്നിഹോത്രം മുതലായവയും, ദർശം, പൂർണ്ണമാസ്യം, ചാതുർമാസ്യം, പശുയാഗം, സോമയാഗം, വൈശ്യദേവയാഗം, ബലിഹരണം, ദ്രവ്യങ്ങളാൽ യജിക്കുന്ന യാഗം, എന്നിങ്ങനെയുള്ള കർമ്മങ്ങളെ ഇഷ്ടം എന്നറിയപ്പെടുന്നു. അതുപോലെ, ദേവാലയങ്ങൾ, പൂന്തോട്ടങ്ങൾ, പൊതുകിണറുകൾ, തണ്ണീർപന്തലുകൾ മുതലായവകളുടെ നിർമ്മാണകർമ്മങ്ങളെ പൂർത്തം എന്ന പേരിലറിയപ്പെടുന്നു. രണ്ടും ചേർന്നറിയപ്പെടുന്ന പ്രവൃത്തം എന്ന ഇത്തരം കർമ്മങ്ങൾ സകാമകർമ്മങ്ങളായിരിക്കെ അവ ജീവനിൽ വിഷയാ‍സക്തിയെ ഉണ്ടാക്കുന്നു. ഈ കർമ്മങ്ങളാൽ ബന്ധിതനായ ജീവന്റെ ഗതി പിന്നീടു് ധൂമഗതിയാണു. അതുകൊണ്ടു്, ആ ജീവൻ രാത്രിയും കൃഷ്ണപക്ഷവും ദക്ഷിണായനവും ചേർന്ന സഞ്ചാരപദത്തിലൂടെ ചന്ദ്രലോകത്തെ പ്രാപിക്കുന്നു. അവിടെനിന്നും പിന്നീടു് സസ്യലതാദികളായി ഭവിച്ചു്, ജീവികളുടെ ആഹാരമായും അതിലൂടെ രേതസ്സായും ഭവിച്ചു്, അല്ലയോ യുധിഷ്ഠിരാ!, അവർ വീണ്ടും ഭൂമിയിൽ പിറക്കുന്നു. ഇതിനെ പിതൃയാനം എന്നുവിളിക്കുന്നു. ഗർഭാധാനം മുതൽ ശ്മശാനയാത്രവരെയുള്ള വൈദികകർമ്മങ്ങളാൽ സംശുദ്ധനാകുന്ന ജീവൻ ഇതിനധികാരിയായിരിക്കുന്നു.

സാധകൻ കർമ്മരൂപേണയുള്ള യജ്ഞങ്ങളെ ജ്ഞാനത്താൽ പ്രകാശിതമായ ഇന്ദ്രിയങ്ങളിലും, ഇന്ദ്രിയങ്ങളെ മനസ്സിലും, മനസ്സിനെ വാക്കിലും, വാക്കിനെ വർണ്ണങ്ങളിലും, വർണ്ണങ്ങളെ ഓംകാരത്തിലും, ഓംകാരത്തെ കേന്ദ്രബിന്ദുവിലും, കേന്ദ്രബിന്ദുവിനെ നാദത്തിലും, നാദത്തെ പ്രാണനിലും, പ്രാണനെ ബ്രഹ്മത്തിലും ന്യസിപ്പിക്കണം.

രാജൻ!, ഇനി ഞാൻ നിവൃത്തമാർഗ്ഗത്തെക്കുറിച്ചു് പറയാം. അഗ്നി, സൂര്യൻ, പകൽ, വെളുത്തപക്ഷം, പൌർണ്ണമാസി എന്നിവ വഴിക്കു് ശരീരത്യാഗാനന്തരം ജീവൻ ബ്രഹ്മലോകത്തെ പൂകുന്നു. അവിടെ ദീർഘകാലം അധിവസിച്ചതിനുശേഷം, സ്ഥൂലോപാധികനായിരുന്ന ആ ജീവൻ സൂക്ഷ്മോപാധികനായും, തുടർന്നു് കാരണോപാധികനായും ഭവിക്കുന്നു. അനന്തരം ഈ മാറ്റങ്ങൾക്കെല്ലാം സാക്ഷിയായിരിക്കുന്ന ആ ജീവൻ കേവലാത്മാവിന്റെ ഭാവത്തെ പൂണ്ടു് മുക്തിയടയുന്നു. ഈ ലയനത്തെ ദേവയാനം എന്നാണു് വിശേഷിപ്പിക്കുന്നതു. ആത്മജ്ഞാനത്തിനുവേണ്ടി യത്നിക്കുന്നവൻ, ഇങ്ങനെ, മനസ്സിനെ നിയന്ത്രിച്ചു്, സ്ഥൂലങ്ങളിൽനിന്നും സൂക്ഷ്മങ്ങളായ ഓരോ ഭാവങ്ങളെ സ്വീകരിച്ചുകൊണ്ടു്, തന്റെ സ്വരൂപത്തെ കണ്ടറിയുന്നു. അവർ ഒരിക്കലും പിന്നീടു് സംസാരത്തിലേക്കു് നിവർത്തിക്കുന്നതല്ല. ഈ രണ്ടുഗതികളെ ജ്ഞാനദൃഷ്ടിയാൽ അറിഞ്ഞിരിക്കുന്നവൻ ദേഹസ്ഥനായിരുന്നാൽ പോലും മോഹിക്കുന്നില്ല. കാരണം, ശരീരങ്ങൾ സ്വീകരിക്കുന്നതിനുമുമ്പു് കാരണരൂപനായിരിക്കുന്നതും. ശരീരം വിട്ടുകഴിഞ്ഞാൽ നിവർത്തിക്കപ്പെടുന്നതും, സർവ്വതിനും അകമ്പുറം കൊണ്ടവനും, അറിവും, അറിയപ്പെടേണ്ടതും, വാക്കും, വാച്യവും, ഇരുളും, വെളിച്ചവും എല്ലാം ജ്ഞാനനിഷ്ഠനായ താൻതന്നെയാകുന്നുവെന്നു് ആ ജീവനു് ബോധ്യപ്പെടുന്നു.

രാജാവേ!, ഇന്ദ്രിയഗോചരമായ സകലവസ്തുക്കളുടേയും പ്രതിബിംബം അയഥാർത്ഥമാണെങ്കിലും അവ വസ്തുനിഷ്ഠമായിത്തന്നെ അനുഭവപ്പെടുന്നു. ഇതിനെ ശാസ്ത്രീയമായി സ്ഥിതീകരിക്കുകയെന്നതു് വളരെ ദുർഘടമായ അവസ്ഥാവിശേഷമാണു. പഞ്ചഭൂതങ്ങൾ ചേർന്നുണ്ടായവയാണെങ്കിലും ഈ ശരീരം അവയുടെ പ്രതിബിംബമോ, വികാരമോ, പരിണാമമോ ആണെന്നു് പറയുവാൻ നിർവ്വാഹമില്ല. കാരണം, ഈ ശരീരത്തെ അവയുടെ സംയോഗമായോ വിയോഗമായോ നിരൂപിക്കുവാൻ സാധ്യമല്ല. അതുകൊണ്ടു് ഈ ദേഹം വെറുമൊരു മിഥ്യാസങ്കൽ‌പം മാത്രമാണു. ശരീരം പഞ്ചഭൂതാത്മകമായതിനാൽ അതിനു് തന്മാത്രകളോടുചേർന്നല്ലാതെ അസ്ഥിത്വമുണ്ടാകുകയില്ല. അങ്ങനെ നോക്കുമ്പോൾ, തന്മാത്രകളും മിഥ്യയാണെന്നേ പറയാനാകൂ. പരമാത്മതത്വത്തിനു് ഭേദഭാവങ്ങളില്ലെങ്കിലും ജീവനിലെ അവിദ്യ നീങ്ങിക്കിട്ടുന്നതുവരെ ആ തെറ്റിദ്ധാരണ നിലനിൽക്കുകതന്നെ ചെയ്യും. ജാഗ്രത്തും സുഷുപ്തിയും സ്വപ്നത്തിലില്ല എന്നതുപോലെ ഇതിനേയും മനസ്സിലാക്കിക്കൊള്ളുക. അതുകൊണ്ടു്, ആത്മജ്ഞാനി സ്വന്തം ആത്മാനുഭൂതിയിലൂടെ ഭാവാദ്വൈതം, ക്രിയാദ്വൈതം, ദ്രവ്യാദ്വൈതം എന്നീ മുന്നു് ഭേദഭാവങ്ങളേയും ഉള്ളവണ്ണം അനുസന്ധാനം ചെയ്തുകൊണ്ടു് തന്നെ സംബന്ധിക്കുന്നതായ ജാഗ്രത്, സ്വപ്നം, സുക്ഷുപ്തി എന്നീ അവസ്ഥാത്രയങ്ങളെ സന്ത്യജിക്കുന്നു.

ഇങ്ങനെ ഭേദഭാവങ്ങൾക്കസ്ഥിത്വമില്ലാത്തതിനാൽ, വസ്ത്രവും അതിലെ നൂലും പോലെ, കാര്യകാരണങ്ങൾ കേവലം ഒന്നുതന്നെയാണെന്നറിയുന്ന അവസ്ഥയെ ഭാവാദ്വൈതം എന്നു് വിളിക്കപ്പെടുന്നു. അല്ലയോ കുന്തീപുത്രാ!, മനസ്സ്, വാക്കു്, ശരീരം മുതലായവയാൽ ചെയ്യപ്പെടുന്ന സകല കർമ്മങ്ങളും പരബ്രഹ്മത്തിൽ അർപ്പിക്കപ്പെടുന്നതിനെയാണു് ക്രിയാദ്വൈതം എന്നുപറയുന്നതു. അതുപോലെ, സകലദ്രവ്യങ്ങളും അവയുടെ ഭോഗവും, ഭോക്താവുമെല്ലാം തമ്മിൽ വേറെല്ലെന്നറിയുന്ന ജീവന്റെ അവസ്ഥയ്ക്കു് ദ്രവ്യാദ്വൈതമെന്നും പറയപ്പെടുന്നു. അല്ലയോ മഹാരാജാവേ!, അതുകൊണ്ടു് മനുഷ്യൻ വർണ്ണാശ്രമധർമ്മങ്ങളുടെ അനുഷ്ഠാനത്തെ, ആപദ്ഘട്ടങ്ങളിലല്ലാതെ മറ്റു് യാതൊരവസരത്തിലും നിറവേറ്റാതിരിക്കരുതു. രാജൻ!, ഗൃഹസ്ഥനായി ജീവിച്ചുകൊണ്ടും വേദോക്തങ്ങളായ അവയുടെ അനുഷ്ഠാനത്താൽ ഭക്തിയുക്തനായ ഒരു  ജീവനു് ഭഗവദ്സന്നിധിയെ പ്രാപിക്കാവുന്നതാണു. ഹേ രാജാവേ!, അതിദുസ്തരമായ പല ആപത്തുകളിൽനിന്നും ശ്രീകൃഷ്ണപരമാത്മാവിന്റെ കാരുണ്യത്താൽ കരകയറിയവരാണു് നിങ്ങൾ. മാത്രമല്ല, ആ പാദങ്ങളിൽ ആശ്രയം കൊണ്ടതുവഴി നിങ്ങൾ സർവ്വദിക്കുകളേയും ജയിച്ചു് ഒടുവിൽ രാജസൂയമഹായജ്ഞം വരെ ചെയ്യുകയുണ്ടായി.

ഹേ യുധിഷ്ഠിരരാജൻ!, ഞാൻ കഴിഞ്ഞ മഹാകല്പത്തിൽ സർവ്വസമ്മതനായ ഉപബർഹണൻ എന്ന പേരോടുകൂടിയ ഒരു ഗന്ധർവ്വനായിരുന്നു. രൂപസുന്ദരതയാലും വാക്ചാതുര്യത്താലും ശരീരസൌരഭ്യത്താലും കാഴ്ചയിൽ സ്ത്രീകൾക്കു് പ്രിയങ്കരനും, പതിവായി മദ്യം സേവിക്കുന്നവനുമായ ഞാൻ വിഷയങ്ങളിൽ അത്യന്തം ആസക്തനായിരുന്നു. അന്നൊരിക്കൽ, ദേവന്മാരുടെ ഒരു യജ്ഞസദസ്സിൽ പ്രജാപതിമാർ ഹരികഥാലാപനത്തിനായി ഗന്ധർവ്വന്മാരേയും അപ്സരസ്സുകളേയും വിളിച്ചുകൂട്ടി. അതറിഞ്ഞ ഞാൻ കുറെ സ്ത്രീകളോടൊപ്പം പാടിക്കൊണ്ടു് അവിടെയെത്തുകയും, എന്റെ ആ ആദരവില്ലായ്മയെക്കണ്ടു് പ്രജാപതിമാർ കോപാകുലരാകുകയും, ഈ അനാദരവിനാൽ ശ്രീത്വം നഷ്ടമായ നീ ഉടനടി ശൂദ്രഭാവത്തെ പ്രാപിക്കുക എന്നുപറഞ്ഞു് എന്നെ ശപിക്കുകയും ചെയ്തു. ശാപകാരണമായി ഞാൻ ഒരു ശൂദ്രദാസിയിൽ ജന്മം കൊണ്ടു. എന്നാൽ ആ ജന്മത്തിലും ബ്രഹ്മജ്ഞന്മാരെ പരിചരിച്ചും അവരോടു് സഹവർത്തിച്ചും എനിക്കു് പിന്നീടു് ബ്രഹ്മപുത്രത്വം പ്രാപ്തമായി.

ഹേ രാജാവേ!, ഇതിനാലകം, അങ്ങു് ചോദിച്ച പ്രകാരം ഞാൻ ഗൃഹസ്ഥാശ്രമികൾക്കു് പാപക്ഷയം വരുത്തുന്ന കർമ്മഗതികളെ അങ്ങേയ്ക്കുവേണ്ടി പറഞ്ഞുകഴിഞ്ഞു. ഇപ്രകാരം, ഗൃഹസ്ഥന്മാരും സ്വധർമ്മാനുഷ്ഠാനത്തിലൂടെ ഋഷികളുടെ പദത്തെ പ്രാപിക്കുന്നതാണു. പാണ്ഡവന്മാരായ നിങ്ങൾ മനുഷ്യരിൽ വച്ചു് അങ്ങേയറ്റം ഭാഗ്യശാലികളാണു. കാരണം, മായാമാനുഷനായ ഭഗവാൻ ശ്രീകൃഷ്ണപരമാത്മാവു് നിങ്ങളുടെ ഭവനത്തിലാണല്ലോ ഇപ്പോൾ താമസിക്കുന്നതു. ആയതുകൊണ്ടുതന്നെ തന്തിരുവടിയുടെ ദർശനത്തിനായി മഹാത്മാക്കൾ നാനാദിക്കുകളിൽനിന്നും ഇവിടേയ്ക്കു് പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു. അവർ അന്വേഷിച്ചലയുന്ന ബ്രഹ്മപരമാനന്ദത്തിന്റെ മൂർത്തീഭാവമാണു് ഈ ശ്രീകൃഷ്ണഭഗവാൻ. ആ പരമാനന്ദമൂർത്തിയാകട്ടെ, നിങ്ങളുടെ തോഴനായും, കൂട്ടുകാരനായും, ബന്ധുവായും, ആചാര്യനായും, ആത്മാവായുംതന്നെ കൂട്ടത്തിൽ വസിക്കുന്നുവല്ലോ!. ബ്രഹ്മാവു്, മഹാദേവൻ മുതലായ ദേവന്മാരാൽ പോലും ഉള്ളവണ്ണം അറിയപ്പെടാത്തവനും, മൌനം, ഭക്തി, മനസംയമനം എന്നിവയാൽ ഋഷീശ്വരന്മാർ ആരാധിച്ചുപോരുന്നവനുമായ ആ ഭഗവാൻ നിങ്ങളിൽ പ്രസാദിക്കുമാറാകട്ടെ!.

ശ്രീശുകൻ പറഞ്ഞു: ഹേ പരീക്ഷിത്തുരാജൻ!, ഇങ്ങനെ ദേവർഷി നാരദനിൽനിന്നും വർണ്ണാശ്രമധർമ്മങ്ങളേയും ഭഗവദ്മഹിമകളേയും കേട്ടറിഞ്ഞു് പ്രേമവിഹ്വലനും സന്തുഷ്ടനുമായി ഭവിച്ച യുധിഷ്ഠരൻ നാരദമുനിയേയും ഭഗവാൻ ശ്രീകൃഷ്ണനേയും നമസ്ക്കരിച്ചു. തുടർന്നു്, നാരദർ ഭഗവാനേയും യുധിഷ്ഠിരനേയും നമിച്ചു് അവരിൽനിന്നും അനുജ്ഞയും വാങ്ങി യാത്രയായി. യുധിഷ്ഠിരനാകട്ടെ, ഭഗവാൻ ശ്രീകൃഷ്ണൻ സാക്താത് പരബ്രഹ്മമാണെന്നുള്ള സത്യത്തെ കേട്ടുധരിച്ചു് അത്യന്തം ആശ്ചര്യഭരിതനായി. ഹേ രാജൻ!, ഇങ്ങനെ ദക്ഷപുത്രിമാരുടെ വംശപരമ്പരകളെ പ്രത്യേകം പ്രത്യേകം അങ്ങേയ്ക്കായി വർണ്ണിക്കപ്പെട്ടു. ഈ വംശപരമ്പരയിലായിരുന്നു ദേവന്മാർ, അസുരന്മാർ, മനുഷ്യന്മാർ, കൂടാതെ സ്ഥാവരജംഗമങ്ങൾ സർവ്വതും ഉണ്ടായിവന്നതു.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം പതിനഞ്ചാമദ്ധ്യായം സമാപിച്ചു.

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം സമാപിച്ചു.ഓം തത് സത്.Previous    NextInstructions for Civilized Human Beings

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ