ഓം
ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം 13
(പരമഹംസഋഷികളുടെ ധർമ്മം.)
നാരദർ പറഞ്ഞു: “ഹേ ധർമ്മപുത്രരേ!, ഇങ്ങനെ സ്ഥൂലസൂക്ഷ്മശരീരങ്ങളുടെ
ലയക്രമത്തെ ധ്യാനിച്ചുറപ്പിച്ചതിനുശേഷം, ആത്മാവിനെ മാത്രം വീണ്ടെടുത്ത
വാനപ്രസ്ഥൻ തുടർന്നു് സന്യാസം സ്വീകരിക്കണം. ഒരു ഗ്രാമത്തിൽ ഒരു
രാത്രി മാത്രം ചിലവഴിച്ചുകൊണ്ടു് ഭൂമിയിലാകമാനം ചുറ്റിനടക്കണം. വസ്ത്രം കൌപീനം മാത്രമായിരിക്കണം. ആവശ്യമില്ലാത്തപ്പോൾ,
കമണ്ഡലു, ദണ്ഡു് എന്നിവയൊഴിച്ചു് മറ്റൊന്നും കൈവശം
വച്ചുകൂടാ. ഭിക്ഷുവായി, ആത്മാനന്ദിയായി,
യാതൊരാശ്രയവും കൂടാതെ, സകലഭൂതങ്ങളുടേയും ഹിതകാരിയായി,
ശാന്തനായി, ഭഗവാനിൽ മനസ്സർപ്പിച്ചു് തികച്ചും തനിയേ
സഞ്ചരിച്ചുകൊള്ളുക. കാര്യകാരണങ്ങൾക്കതീതനായ പരമാത്മാവിനെ സകലചരാചരങ്ങളിലും,
കാര്യകാരണമയമായ സകലചരാചങ്ങളെ പരമാത്മാവിലും ദർശിക്കണം. ഉറക്കത്തിനും ഉണർവിനുമിടയ്ക്കുള്ള ആത്മാനുഭൂതിയെ കണ്ടറിഞ്ഞു്, ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന കേവലസത്യത്തെ മനസ്സിലാക്കി, ബന്ധവും മോക്ഷവും വെറും മിഥ്യയായ സങ്കല്പങ്ങൾ മാത്രമാണെന്നറിഞ്ഞുകൊള്ളണം.
ശരീരം അനിത്യമാണെന്നും, ഇതിനു് മരണം സംഭവിക്കുമെന്നും
ഉറപ്പിച്ചുകൊണ്ടു്, ജീവിതത്തിൽ ആസക്തികൂട്ടാതെ, കാലത്തിനെ കാത്തിരിക്കുക. അദ്ധ്യാത്മമല്ലാത്ത യാതൊരു്
വിദ്യയേയും സ്വീകരിക്കരുതു. ഗുരുത്വം ഉപജീവനമാർഗ്ഗമായി സ്വീകരിക്കുകയുമരുതു.
തർക്കശാസ്ത്രങ്ങളെ തള്ളിക്കളയുക. യാതൊന്നിനോടും
പക്ഷം ചേരാതിരിക്കുക. നിർബന്ധബുദ്ധ്യാ ശിഷ്യന്മാരെ നിർമ്മിക്കരുതു.
വ്യത്യസ്ഥങ്ങളായ അനേകം ഗ്രന്ഥങ്ങളെ അഭ്യസിക്കുകയും ചെയ്യരുതു.
ധനശേഖരണാർത്ഥം പ്രഭാഷണങ്ങൾ നടത്തുകയോ മറ്റു് സംരംഭങ്ങൾക്കു് വഴിയൊരുക്കുകയോ
ചെയ്യരുതു. ജീവന്മുക്തനായ ഒരു സന്യാസി ആശ്രമനിയമങ്ങളേയും ആചാരങ്ങളേയും
അവസരോചിതമായി അനുഷ്ഠിക്കുകയോ അനുഷ്ഠിക്കാതിരിക്കുകയോ ചെയ്യാം. ആശ്രമധർമ്മങ്ങളനുഷ്ഠിക്കുന്നവനായാലും അവയെ ത്യജിച്ചവനായാലും, യതി ഉന്മത്തനെപ്പോലെയും ബുദ്ധിയുറയ്ക്കാത്ത കുട്ടികയെപ്പോലെയും, ഊമയെപ്പോലെയും സ്വയത്തെ ജനങ്ങൾക്കിടയിൽ പ്രദർശിപ്പിക്കണം.
രാജാവേ!, ഈ വിഷയത്തിനുദാഹരണമായി അസുരരാജാവായ
പ്രഹ്ലാദനും ഒരു മുനിയുമായി നടന്ന സംഭാഷണം ഞാനോർക്കുന്നു. ഭക്തനായ പ്രഹ്ലാദൻ തന്റെ മന്ത്രിമാരുമൊത്തു് പ്രജകളെ നേരിട്ടുകാണുവാനായി ചുറ്റിത്തിരിയുന്ന
സമയം, സഹ്യപർവ്വതത്തിന്റെ താഴ്വരയിലുള്ള കാവേരീനദിയുടെ തീരത്തു്
വെറും നിലത്തു് പൊടിപുരണ്ടു് മലിനമായ ശരീരത്തോടുകൂടി കിടന്നിരുന്ന ആ മുനിയെ കാണുകയുണ്ടായി.
പ്രവൃത്തികൊണ്ടോ, വാക്കുകൾകൊണ്ടോ, രൂപം കൊണ്ടോ അദ്ദേഹം ഇന്ന വിധത്തിലുള്ളവനാണെന്നറിയാൻ ആർക്കുംതന്നെ കഴിയുമായിരുന്നില്ല.
എന്നാൽ, പ്രഹ്ലദനാകട്ടെ, ആ പാദങ്ങളിൽ ശിരസ്സാ നമസ്ക്കരിച്ചതിനുശേഷം, ജിജ്ഞാസുവായിക്കൊണ്ടു് അദ്ദേഹത്തോടിങ്ങനെ ചോദിച്ചു:
“ഹേ മഹാത്മാവേ!, അങ്ങയുടെ തടിച്ചുകൊഴുത്ത ഈ ശരീരം കണ്ടാൽ അങ്ങൊരു പരിശ്രമിയും സുഖഭോഗങ്ങളനുഭവിക്കുന്നവനുമാണെന്നു്
തോന്നും. ഇവിടെ യത്നിക്കുന്നവനുമാത്രമേ ധനം സമ്പാദിക്കുവാൻ
കഴിയുകയുള്ളൂ. ധനമുള്ളവർക്കേ സുഖവുമുണ്ടാകൂ. അതുപോലെ, സുഖാനുഭവങ്ങളിലൂടെ മാത്രമേ ഈവിധം ദൃഢമായ ഒരു
ശരീരത്തെ നിലനിർത്തുവാൻ സാധിക്കുകയുള്ളൂ. ഹേ ബ്രഹ്മൻ!,
യാതൊരു പ്രവൃത്തിയും ചെയ്യാതെ, വെറും നിലത്തുകിടക്കുന്ന
അങ്ങയുടെ പക്കൽ സുഖാനുഭവത്തിനാധാരമായ ധനമുണ്ടാകാനുള്ള യാതൊരു വഴിയും നാം കാണുന്നില്ല. ഹേ ബ്രാഹ്മണാ!, പിന്നെങ്ങനെയാണു് അങ്ങേയ്ക്കീവിധം സ്ഥൂലമായ ഒരു ശരീരം
ലഭിച്ചിരിക്കുന്നതു?. ജനങ്ങൾ പലവിധം കർമ്മങ്ങളിലേർപ്പെട്ടു് ജീവിക്കുന്നതും
നോക്കിക്കൊണ്ടു് ജ്ഞാനനിപുണനായ അങ്ങു് ഉദാസീനനായി ഇങ്ങനെ കിടക്കുന്നതെന്തുകൊണ്ടാണു?.”
നാരദർ തുടർന്നു: “രാജാവേ!, പ്രഹ്ലാദന്റെ ഈ വാക്കുകൾ കേട്ടു് പുഞ്ചിരിച്ചുകൊണ്ടു്
ആ മഹാമുനി ഇപ്രകാരം പറഞ്ഞു: “ഹേ അസുരശ്രേഷ്ഠാ!, അങ്ങു് ജ്ഞാനികളാൽ സമ്മതനാണു.
മനുഷ്യരുടെ പ്രവൃത്തിനിവൃത്തികളുടെ ഫലങ്ങളെ അങ്ങു് ആദ്ധ്യാത്മദൃഷ്ടിയിലൂടെ
കണ്ടറിഞ്ഞവനാണല്ലോ. അങ്ങയുടെ ഭക്തിയിൽ സമ്പ്രീതനായ ഭഗവാൻ നാരായണൻ
സദാ അങ്ങയുടെ ഹൃദയത്തിൽ വസിക്കുച്ചുകൊണ്ടു്, സൂര്യൻ ഇരുട്ടിനെയെന്നതുപോലെ,
അങ്ങിലെ അജ്ഞാനത്തെയകറ്റിക്കൊണ്ടിരിക്കുന്നു.
എങ്കിലും, യഥാശക്തി ഞാൻ അങ്ങയുടെ ചോദ്യത്തിനുത്തരം
പറയാം. എന്തെന്നാൽ, ആത്മശുദ്ധി ആഗ്രഹിക്കുന്നവർക്കു്
അങ്ങു് ബഹുമാന്യനാണു.
രജാവേ!, പലതരം യോനിയിൽ പിറന്നു്, ജനനമരണമായ
സംസാരത്തിൽ എത്രകണ്ടനുഭവിച്ചിട്ടും പൂർത്തിയാകാത്ത ആശാപാശത്താൽ ബന്ധിതനായി കർമ്മങ്ങളനുഷ്ഠിച്ചുകൊണ്ടിരുന്ന
ഒരു സാധാരണ മനുഷ്യനായിരുന്നു ഞാൻ. കർമ്മബന്ധത്താൽ
ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്ന ഞാൻ യഥൃശ്ചയാ ഭൂമിയിൽ മനുഷ്യനായി പിറന്നു. ഈ ലോകം, സത്ക്കർമ്മത്താൽ സ്വർഗ്ഗത്തേയും, ദുഷ്കർമ്മത്താൽ നീചയോനീജന്മത്തേയും, മിശ്രകർമ്മത്താൽ
മനുഷ്യജന്മത്തേയും, സർവ്വകർമ്മപരിത്യാഗത്താലാകട്ടെ, മുക്തിയേയും പ്രദാനം ചെയ്യുന്നു. എന്നാൽ, ഇവിടെ സുഖത്തിനും ദുഃഖനിവാരണത്തിനുമായി വിവിധകർമ്മങ്ങളിലേർപ്പെട്ടുകഴിയുന്ന
മനുഷ്യർ തങ്ങളുടെ പ്രതീക്ഷയ്ക്കു നേർവിപരീതമായ ഫലത്തെ നേടുന്നതുകണ്ടിട്ടാണു്
ഞാൻ കർമ്മങ്ങളെ ത്യജിച്ചുകൊണ്ടു് ഇങ്ങനെ ജീവിക്കുന്നതു.
ജീവന്റെ സ്വരൂപംതന്നെ സുഖമാണു. കർമ്മങ്ങളിൽനിന്നു്
വിട്ടുനിൽക്കുമ്പോൾ അതു് പ്രകാശിക്കുന്നു. അതുകൊണ്ടു്,
വിഷയസുഖങ്ങളെ ക്ഷണികങ്ങളായി കണ്ടറിഞ്ഞു് പ്രാരബ്ദഫലങ്ങളെ അനുഭവിച്ചുകൊണ്ടു്
ഞാൻ കാലം കഴിക്കുകയാണു.
ആത്മാവിന്റെ സ്വരൂപംതന്നെയായ ഈ സുഖത്തെ
അറിയാതെ മിഥ്യയും അല്പവുമായ വിഷയസുഖങ്ങൾക്കുപിറകേ പോയി മനുഷ്യൻ നാനായോനിയിൽ ജന്മങ്ങൾ
സ്വീകരിച്ചുകൊണ്ടു് ഈ സംസാരത്തിൽ ചുറ്റിത്തിരിയുന്നു. ജലത്തിലെ
പായലുകളാൽതന്നെ മറയപ്പെട്ട ജലത്തെ കാണാതെ അങ്ങു് ദൂരെ ജലം പോലെ തോന്നിക്കുന്ന മരീചികയെ
കണ്ടു് ജലദാഹിയായി പാഞ്ഞുപോകുന്നതുപോലെ, അജ്ഞാനത്താൽ മനുഷ്യൻ
സാങ്കല്പികമായ മായയിൽ പുരുഷാർത്ഥത്തെ തേടുന്നു. ഇങ്ങനെ,
പ്രാരബ്ദങ്ങളായി കിട്ടിയിരിക്കുന്ന ഈ ശരീരത്തിലൂടെ സുഖത്തേയും ദുഃഖശമനത്തേയും
ആഗ്രഹിച്ചുകൊണ്ടു് മനുഷ്യർ ചെയ്യുന്ന സകല പ്രവൃത്തികളും നിഷ്ഫലമായിപ്പോകുന്നു.
ഇനി, താപത്രയങ്ങളാൽ ദുഃഖമനുഭവിച്ചുകൊണ്ടിരിക്കുന്ന
ഈ മനുഷ്യർ കഷ്ടപ്പെട്ടു് നേടുന്ന അല്പവും മിഥ്യയുമായ ഈ അർത്ഥകാമങ്ങളെക്കൊണ്ടു് അല്ലെങ്കിൽത്തന്നെ
എന്തുനേടാൻ?. ഭയം കൊണ്ടും, ഉറക്കമില്ലാതെയും,
എല്ലാവരിലും സംശയദൃഷ്ടി പതിപ്പിച്ചുകൊണ്ടും ഈ അജിതേന്ദ്രിയന്മാർ നേരിടുന്ന
ക്ലേശം ഞാൻ കാണാറുണ്ടു. ധനവും ജീവനുമുള്ളവർക്കു് രാജാവിൽനിന്നും,
കള്ളന്മാരിൽനിന്നും, ശത്രുക്കളിൽനിന്നും,
ബന്ധുക്കളിൽനിന്നും, പക്ഷിമൃഗാദികളിൽനിന്നും,
യാചകന്മാരിൽനിന്നും, കാലത്താലും, മാത്രമല്ലാ, തന്നിൽനിന്നും ഭയം എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും.
അവ മനുഷ്യരിൽ ദുഃഖം, മോഹം, ഭീതി, കോപം, ആസക്തി, പേടി എന്നിവയുണ്ടാക്കുന്നു. അതുകൊണ്ടു് അവയിലുള്ള ആസക്തിയെ
മനുഷ്യൻ ത്യജിക്കുകതന്നെവേണം.
ഹേ രാജൻ!, ഇവിടുത്തെ ഗുരുക്കന്മാർ തേനീച്ചയേയും പെരുമ്പാമ്പിനേയും
പോലെയാണു. അവർ തങ്ങളുടെ ശിക്ഷണത്തിലൂടെ ജീവനു്
വിരക്തിയും സംതൃപ്തിയും പ്രദാനം ചെയ്യുന്നു. വിഷയങ്ങളിലുള്ള വിരക്തി
ഞാൻ തേനീച്ചകളിൽനിന്നുമാണു് പഠിച്ചതു. തേനീച്ച തേനിനെയെന്നതുപോലെ, മനുഷ്യൻ അല്പാല്പമായി
ശേഖരിച്ചുവയ്ക്കുന്ന ധനം അവനെ കൊന്നിട്ടുപോലും മറ്റുള്ളവർ കരസ്ഥമാക്കുന്നു.
രാജൻ!, ഒരു പെരുമ്പാമ്പിനെപ്പോലെ, യാതൊരു പരിശ്രമവും
ചെയ്യാതെ യദൃശ്ചയാ ലഭിക്കുന്ന എന്തിനാലും തൃപ്തനായിക്കൊണ്ടു് ഞാനൊരിടത്തുതന്നെ കിടക്കുന്നു. ഇനി ഏറെ നാളുകളേയ്ക്കായി ഒന്നുംതന്നെ
കിട്ടിയില്ലെങ്കിലും ഞാൻ സന്തുഷ്ടനായി ജീവിക്കുന്നു. എനിക്കു്
ലഭിക്കുന്ന അന്നം ചിലപ്പോൾ കുറച്ചാകാം, മറ്റുചിലപ്പോൾ അധികമായേക്കാം.
ചിലപ്പോൾ അവയ്ക്കു് രുചിയുണ്ടാകാം, എന്നാൽ മറ്റുചിലപ്പോൾ
അവ രുചിയോ ഗുണമോ ഉള്ളതാകുകയില്ല. എന്നാൽ, അവ എന്തുതന്നെയായാലും ഞാൻ തൃപ്തിയോടെ അതിനെ ഭക്ഷിക്കുന്നു. ഹേ പ്രഹ്ലാദാ!, എനിക്കു് ലഭിക്കുന്ന അന്നം ചിലപ്പോൾ ആദരവോടെ
കിട്ടിയതാകും, ചിലപ്പോൾ അനാദരവോടെ കിട്ടിയതാകും. ഞാൻ ഒരിക്കലും ഇത്തരം കാര്യങ്ങളെ ശ്രദ്ധിക്കാതെ ലഭിച്ചതെന്തും തൃപ്തിയോടെ
ഭക്ഷിക്കുന്നു. ചിലപ്പോൾ, വയർ നിറയെ ആഹരിച്ചതിനുശേഷവും, ആരെങ്കിലും
എന്തെങ്കിലും തന്നാൽ, രാത്രിയിലായാലും പകലായാലും ഞാൻ അതും ഭക്ഷിക്കുന്നു.
ചുരുക്കത്തിൽ, എന്റെ പ്രാരബ്ദത്തെ അനുഭവിച്ചുകൊണ്ടു് സന്തുഷ്ടനായിക്കഴിയുന്നവനാണു
ഞാൻ. പട്ടുവസ്ത്രമായാലും, സാധാരണവസ്ത്രമായാലും,
കീറത്തുണിയായാലും, മരവുരിയായാലും, അതല്ല, ഇനി മറ്റുവല്ലതുമാണെങ്കിൽത്തന്നെയും ഞാനവയെ
സന്തോഷത്തോടെ ധരിക്കുന്നു. ചിലപ്പോൾ വെറും നിലത്തായിരിക്കും
ഉറങ്ങുക. എന്നാൽ മറ്റുചിലപ്പോൾ പുല്ലിലും ഇലയിലും കല്ലിന്റെ പുറത്തും
ചാമ്പലിലുമൊക്കെ കിടന്നുറങ്ങാറുണ്ടു. എന്നാൽ, ചിലപ്പോഴാകട്ടെ, ചിലർ വന്നെന്നെന്നെ കൂട്ടിക്കൊണ്ടുപോയി
പട്ടുമെത്തയിൽ കിടത്തിയുറക്കാറുമുണ്ടു. ചിലപ്പോൾ കുളിച്ചു് ശുദ്ധനായി
അനുലേപനം ചെയ്തു് നല്ല വസ്ത്രങ്ങൾ ധരിച്ചു് പൂമാലയും മറ്റും ചാർത്തി ആനപ്പുറത്തോ കുതിരപ്പുറത്തോ
തേരിലോ ഒക്കെ യാത്രചെയ്യാറുണ്ടു. എന്നാൽ ചിലപ്പോൾ വെറും നഗ്നനായി
ഒരു പ്രേതത്തെപ്പോലെയും സഞ്ചരിക്കാറുമുണ്ടു.
പലതരത്തിലുള്ള ഈ ജനസമൂഹത്തെ ഞാൻ വന്ദിക്കാറുമില്ല, നിന്ദിക്കാറുമില്ല. ഇവർക്കു് ശ്രേയസ്സിനേയും മോക്ഷത്തേയും
ആശംസിച്ചുകൊണ്ടു് ഞാനവർക്കിടയിൽ ചുറ്റിത്തിരിയുന്നു.
അസുരശ്രേഷ്ഠാ!, മുനി ഭേദഭാവത്തെ തന്റെ ചിത്തത്തിൽ
ഹോമിക്കണം. പിന്നീടതിനെ അഹങ്കാരതത്ത്വത്തിലും ഹോമിക്കുക.
അഹങ്കാരത്തെ മഹത്തത്ത്വത്തിലും ഹോമിക്കണം. ഇങ്ങനെ,
ഭേദഭാവം ഇല്ലാതാകുന്നു. മുനി എപ്പോഴും തന്റെ ഭൌതികമായ
അസ്ഥിത്വത്തെ മായയുടെ പ്രതിഭാസമായി കണ്ടറിയണം. അതു് ആത്മജ്ഞാനത്തിലൂടെ
മാത്രമേ സംഭവിക്കുകയുള്ളൂ. സത്യത്തെ കണ്ടറിഞ്ഞവനും ആത്മജ്ഞാനിയുമായവൻ
സർവ്വകർമ്മങ്ങളിൽനിന്നും വിരക്തി പ്രാപിക്കേണ്ടതാണു. ഹേ പ്രഹ്ലാദമഹാരാജാവേ!, അങ്ങു് ജീവന്മുക്തനും ഭഗവദ്ഭക്തനുമാണു. അങ്ങേയ്ക്കു്
പൊതുജനങ്ങളുടെ അഭിപ്രായമോ ഇക്കണ്ട വേദങ്ങളുടെ ആവശ്യമോ ഇല്ല.
എന്നാലും, അങ്ങു് ചോദിച്ചതുകൊണ്ടു് ഞാനെന്റെ അനുഭവങ്ങളെ
വർണ്ണിച്ചുവെന്നേയുള്ളൂ.”
നാരദർ പറഞ്ഞു: “ഹേ യുധിഷ്ഠിരരാജാവേ!, ആ മഹാത്മാവിൽനിന്നും അദ്ദേഹത്തിന്റെ
അനുഭവത്തെക്കുറിച്ചു് കേട്ടറിഞ്ഞ പ്രഹ്ലാദൻ ഒരു പരമഹംസഋഷിയുടെ ധർമ്മമെന്തെന്നുള്ളതു്
സ്വയം മനസ്സിലാക്കി. അനന്തരം, ആ
പാദങ്ങളിൽ നമസ്ക്കാരമർപ്പിച്ചു്, അദ്ദേഹത്തിന്റെ അനുവാദാനുഗ്രഹാശ്ശിസ്സുകളോടെ
തന്റെ ഗൃഹത്തിലേക്കു് മടങ്ങി.”
ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം പതിമൂന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.
The way of existence of Paramahamsa Rshis