Sanatana Dharmam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Sanatana Dharmam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, സെപ്റ്റംബർ 11, ബുധനാഴ്‌ച

7.11 സനാതനധർമ്മം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 11
(സനാതനധർമ്മം)


ശ്രീശുകൻ പറഞ്ഞു: ഹേ പരീക്ഷിത്തു് രാജാവേ!, മഹാത്മാവും ഭഗവദ്ഭക്തനുമായ പ്രഹ്ലാദന്റെ മഹിമകളെ കേട്ടു് സന്തോഷവാനായ ധർമ്മപുത്രർ വീണ്ടും നാരദമഹർഷിയോടു ചോദിച്ചു: ഹേ മഹർഷേ!, മനുഷ്യർക്കു് നിത്യഗതിയെ പ്രാപിക്കുവാനുള്ള ഉപാധിയാണല്ലോ സനാതനധർമ്മം. വർണ്ണാശ്രമങ്ങളുടെ ആചാരക്രമത്തോടുകൂടിയ ആ സനാതനധർമ്മത്തെക്കുറിച്ചറിയുവാൻ അടിയനാഗ്രഹിക്കുകയാണു. ഹേ ബ്രഹ്മൻ!, അങ്ങു് ബ്രഹ്മദേവന്റെ പുത്രനാണു. അദ്ദേഹത്തിന്റെ മറ്റുള്ള പുത്രന്മാരെ അപേക്ഷിച്ചു്, തപസ്സ്, യോഗം, സമാധി മുതലായവയിൽ അഗ്രഗണ്യനും, പൊതുവേ കാരുണികനും സാധുവുമായ അങ്ങു് ആ ധർമ്മത്തെ ഉള്ളവണ്ണം ധരിച്ചുകഴിഞ്ഞവനുമാകുന്നു.

ധർമ്മപുത്രരുടെ ജിജ്ഞാസയിൽ പ്രീതനായ നാരദർ പറഞ്ഞു: ഹേ രാജാവേ!, ജനങ്ങളുടെ ധാർമ്മികബോധത്തെ ഉദ്ധരിച്ച മഹാത്മാവായ നാരായണമുനിയിൽനിന്നും കേട്ടറിഞ്ഞ ആ സനാതനധർമ്മത്തെ ഞാൻ അങ്ങേയ്ക്കുവേണ്ടി പറയാം. ധർമ്മരാജനു് ദക്ഷപുത്രിയായ മൂർത്തീദേവിയിൽ പിറന്ന ഭഗവദവതാരമായിരുന്നു നാരായണമുനി. സ്വാംശമായ നരനോടുകൂടി അവതാരം കൊണ്ട അദ്ദേഹം ഇന്നും ബദരികാശ്രമത്തിൽ തപസ്സനുഷ്ഠിക്കുന്നു. ഹേ രാജൻ!, ഭഗവദ്സ്വരൂപമായ സാക്താത് വേദങ്ങളും, ആ വേദങ്ങളെ ഉള്ളവണ്ണം അറിയുന്ന ഋഷീശ്വരന്മാരുടെ ഗ്രന്ഥങ്ങളുമാണു് സനാതധർമ്മത്തിന്റെ മുഖ്യമായ പ്രമാണം. അതിന്റെ ആചരണത്താൽ ഉള്ളം ശുദ്ധമാകുന്നു. സത്യം, ദയ, തപസ്സ്, ശൌചം, സഹനശീലം, വിവേകം, മനസംയമനം, ഇന്ദ്രിയസംയമനം, അഹിംസ, ബ്രഹ്മചര്യം, ത്യാഗം, സ്വാധ്യായം, ആർജ്ജവം, സംതൃപ്തി, മഹാത്മാക്കളെ പരിചരിക്കൽ, സംസാരനിവൃത്തി, കർമ്മങ്ങളുടെ നിരീക്ഷണം, മൌനം, അദ്ധ്യാത്മചിന്ത, ഭൂതങ്ങൾ അർഹിക്കുന്നവിധം അന്നങ്ങളുടെ വിതരണം, മനുഷ്യർ മുഖ്യമായുള്ള പ്രാണികളിൽ ഈശ്വരാംശത്തെ കാണുക, ഭഗവദ്ലീലാശ്രവണം, അവയുടെ കീർത്തനം, സ്മരണം, സേവനം, പൂജനം, ഭഗവാനെ നമസ്ക്കരിക്കുക, അവന്റെ ദാസനായിരിക്കുക, അവനുമായുള്ള സൌഹൃദം, സ്വയത്തെ ഭഗവാനായിക്കൊണ്ടു് സമർപ്പിക്കുക എന്നിങ്ങനെ മുപ്പതു് കാര്യങ്ങൾ മനുഷ്യൻ പൊതുവേ ആചരിക്കേണ്ട ധർമ്മങ്ങളാണു. അവയുടെ ആചരണത്തിലൂടെ ഭഗവദ്പ്രീതി ലഭിക്കുന്നു.

രാജാവേ!, യാതൊരു ജനവിഭാഗം, ഗർഭാധാനം മുതലായ ക്രിയകൾ വേദോക്തങ്ങളായ മന്ത്രങ്ങളുടെ ഉച്ചാരണത്തോടെ ബ്രഹ്മദേവനാൽ നിർണ്ണയിക്കപ്പെട്ടവരാൽ ചെയ്യപ്പെട്ടു് ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നുവോ, അവരെ ദ്വിജർ എന്നുവിളിക്കുന്നു. അങ്ങനെയുള്ള ബ്രാഹമണക്ഷത്രിയവൈശ്യന്മാർ ഈശ്വരനെ ആരാധിക്കുകയും, വേദങ്ങളെ പഠിക്കുകയും, ദാനങ്ങൾ ചെയ്യുകയും വേണം. ഈ വ്യവസ്ഥിതിയിൽ, അവർ ബ്രഹ്മചര്യാദി ആശ്രമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യണം. ബ്രാഹമണർക്കു് വേദാധ്യായനം മുതലായ ആറു് കർമ്മങ്ങൾ വിധിക്കപ്പെട്ടിരിക്കുന്നു. ക്ഷത്രിയൻ ദാനം സ്വീകരിക്കുന്നതൊഴിച്ചു് ബ്രാഹ്മണരുടെ മറ്റു് കർമ്മങ്ങൾ അനുഷ്ഠിക്കാവുന്നതാണു. മാത്രമല്ല, അവർ ബ്രാഹ്മണരൊഴികെ മറ്റുള്ള ജനവിഭാഗങ്ങളിൽനിന്നും കരം, ചുങ്കം, പിഴ മുതലായവകൾ ഈടാക്കാവുന്നതാകുന്നു. വൈശ്യർ എപ്പോഴും ബ്രാഹ്മണരുടെ ഉപദേശങ്ങൾ പിന്തുടർന്നിരിക്കണം. അവർ വ്യപാരം, കൃഷി, ഗോസംരക്ഷണം മുതലായ തൊഴിലുകൾ ചെയ്തു് ജീവിക്കണം. ശൂദ്രൻ ബ്രാഹ്മണാദി മറ്റുവർണ്ണങ്ങളെ സേവിച്ചുകൊണ്ടു് അവർ വഴി ഉപജീവനം നയിക്കേണ്ടതാകുന്നു.

മേൽപ്പറഞ്ഞവ സാധ്യമല്ലാതെവരുമ്പോൾ, ബ്രാഹ്മണർക്കു് വൈശ്യന്റെ ധർമ്മങ്ങളാകുന്ന പശുപരിപാലനം, കച്ചവടം മുതലായവയെ ചെയ്യുക, സംഭാവന വാങ്ങുക, അന്നന്നേയ്ക്കുള്ളതു് യാജനയിലൂടെ സ്വീകരിക്കുക, വയലുകളിലോ തെരുവുകളിലോ അവശേഷിക്കുന്ന ധാന്യം പെറുക്കിയെടുക്കുക ഇങ്ങനെ നാലുവൃത്തികൾ ചെയ്യാവുന്നതാണു. ഇതിൽ ആദ്യമാദ്യം പറഞ്ഞതിനെ പിന്നെപിന്നെ പറഞ്ഞതിനേക്കാൾ ശ്രേഷ്ഠമായി കണക്കാക്കുക. തങ്ങളിലെ ഗുണങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ, ഒരിക്കലും താഴ്ന്ന വർണ്ണങ്ങളിലുള്ളവർ ഉയർന്ന വർണ്ണങ്ങളിലെ കർമ്മങ്ങളെ സ്വീകരിക്കുവാൻ പാടില്ല. എന്നാൽ, ആപദ്ഘട്ടങ്ങളിൽ ക്ഷത്രിയനൊഴികെ മറ്റെല്ലാ വർണ്ണങ്ങളിലുള്ളവർക്കും എല്ലാവിധ കർമ്മങ്ങളേയും അനുഷ്ഠിക്കാവുന്നതാണു. അങ്ങനെ അനുഷ്ഠിക്കപ്പെടേണ്ട കർമ്മങ്ങളെ ഋതം, അമൃതം, മൃതം, പ്രമൃതം, സത്യാനൃതം എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. എന്നാൽ ശ്വാവൃത്തിയെ ഒരിക്കലും സ്വീകരിക്കരുതു. പാടത്തു് കൊഴിഞ്ഞുകിടക്കുന്ന ധാന്യത്തെ സ്വന്തമാക്കുന്നതാണു് ഉഞ്ചശിലം എന്നറിയപ്പെടുന്നതു. അതിനെ ഋതം എന്നും വിളിക്കുന്നു. യാചന കൂടാതെ ധനധാന്യാദികൾ സ്വീകരിക്കുന്നതിനെ അമൃതം എന്നും പറയുന്നു. ഭിക്ഷയിലൂടെ നേടുന്നതിനെ മൃതമെന്നും, കൃഷിപ്പണിയെ പ്രമൃതമെന്നും പറയുന്നു. കച്ചവടമാണു് സത്യാനൃതം. നീചന്മാരെ ആശ്രയിച്ചു് ജീവിക്കുന്നതിനെ ശ്വാവൃത്തി എന്നു് പറയുന്നു. ഒരിക്കലും, പ്രത്യേകിച്ചും, ബ്രാഹ്മണക്ഷത്രിയവർഗ്ഗം നിന്ദ്യവൃത്തിയെ അനുഷ്ഠിക്കുവാൻ പാടുള്ളതല്ല. ബ്രാഹ്മണർ വേദമയരും, ക്ഷത്രിയർ ദേവമയരുമാണു.

ശമം, ദമം, തപം, ശൌചം, തൃപ്തി, ക്ഷമ, ആർജ്ജവം, ജ്ഞാനം, ദയ, ഭഗവാനിൽ തല്പരത, സത്യം എന്നിവ ബ്രാഹ്മണന്റെ ലക്ഷണങ്ങളാകുന്നു. ശൌര്യം, വീര്യം, ധൈര്യം, തേജസ്സ്, ത്യാഗം, മനോജയം, ക്ഷമ, ബ്രാഹ്മണരിൽ ബഹുമാനം, കാരുണ്യം, പ്രജാപരിപാലനം എന്നിവ ക്ഷത്രിയന്റെ ലക്ഷണങ്ങളായി അറിയുക. ഭഗവാനിലും ഗുരുക്കന്മാരിലും ദേവന്മാരിലും ഭക്തിയുണ്ടാവുക, ധർമ്മാർത്ഥകാമങ്ങളുടെ പോഷണം, ഈശ്വരവിശ്വാസം, കർമ്മശീലം, വ്യവഹാരങ്ങളിലുള്ള നിപുണത എന്നിവ വൈശ്യന്റെ ലക്ഷണങ്ങളാകുന്നു. വിനയം, ശൌചം, സത്യസന്ധമായി തന്റെ യജമാനനെ സേവിക്കുക, മന്ത്രം കൂടാതെയുള്ള ഈശ്വരപൂജ, സത്യസന്ധത, സത്യഭാഷണം, ഗോക്കളേയും ബ്രാഹ്മണരേയും രക്ഷിക്കൽ എന്നിങ്ങനെയുള്ളതു് ശൂദ്രന്റെ ലക്ഷണമാകുന്നു.

രാജാവേ!, ഇനി സ്ത്രീകളുടെ ധർമ്മത്തെക്കുറിച്ചു് പറയാം. ഭർത്താവിനെ ഈശ്വരനായിക്കാണുകയും, അവനെ ശുശ്രൂഷിക്കുകയും അനുസരിക്കുകയും, അവന്റെ ബന്ധുക്കളിൽ സ്നേഹത്തോടെ വർത്തിക്കുകയും, അവന്റെ നിഷ്ഠകളിൽ കൂട്ടുചേരുകയുമാണു് പതിവ്രതകളായ സ്ത്രീകളുടെ ധർമ്മം. ഗൃഹത്തെ വൃത്തിയാക്കി വയ്ക്കുക, സ്വയം അണിഞ്ഞുചമയുക, ഗൃഹോപകരണങ്ങൾ വൃത്തിയായി സൂക്ഷിക്കുക, ഭർത്താവിന്റെ ആഗ്രഹങ്ങളെ കണ്ടറിയുക, അച്ചടക്കത്തോടെ വാഴുക, സത്യവും പ്രിയവുമായ വാക്യങ്ങളെ പറയുക എന്നിങ്ങനെയുള്ള വൃത്തികളോടെ അവൾ എന്നും ഭർത്താവിനെ ശുശ്രൂഷിക്കേണ്ടതാണു. കിട്ടുന്നതിൽ തൃപ്തിയോടും, കിട്ടാത്തതിൽ അതൃപ്തി കാട്ടാതെയും ജീവിക്കുക, അലസത കൈവെടിയുക, കാര്യാകാര്യബോധമുള്ളവളായിരിക്കുക, ഇങ്ങനെ, മേൽപ്പറഞ്ഞ ധർമ്മങ്ങളാൽ പതിതനാകാത്ത ഭർത്താവിനെ അവന്റെ ഭാര്യയായ സ്ത്രീ ശുശ്രൂഷിക്കേണ്ടതുണ്ടു. ലക്ഷ്മീദേവി ശ്രീഹരിയെ എന്നതുപോലെ, ഭർത്താവിനെ ശുശ്രൂഷിക്കുന്ന ഭാര്യ വിഷ്ണുസ്വരൂപനായ ഭർത്താവോടുചേർന്നു് ലക്ഷ്മീസമം സന്തോഷത്തോടുകൂടി ജീവിതം ആസ്വദിക്കുന്നതാണു.

സങ്കരവർഗ്ഗങ്ങളിൽപെട്ടവരും അതേസമയം, തസ്ക്കരന്മാരല്ലാത്തവരുമായ ചണ്ഡാളന്മാരും അന്തേവാസികളും, തങ്ങളുടെ കുലത്തൊഴിലുകൾ ആചരിച്ചുജീവിക്കുക. ഹേ രാജാവേ!, വേദപണ്ഡിതന്മാരുടെ മതമനുസരിച്ചു്, ഓരോ യുഗത്തിലും ഗുണകർമ്മവിഭാഗികളായ വിവിധവർണ്ണങ്ങളിലുള്ള മനുഷ്യർക്കു് ഇപ്രകാരം വിധിച്ചിട്ടുള്ള ഈ കർമ്മപദ്ധതി ഇഹത്തിലും പരത്തിലും ശ്രേയസ്ക്കരമായി കണക്കാക്കപ്പെടുന്നു. എന്തെന്നാൽ, ഇങ്ങനെ ഗുണങ്ങൾക്കനുസരിച്ചുള്ള കർമ്മപദ്ധതിയുമായി ജീവിതം നയിക്കുന്നവർ പതുക്കെപ്പതുക്കെ തങ്ങളുടെ സ്വഭാവജമായ കർമ്മത്തെ വെടിഞ്ഞുകൊണ്ടു് ഗുണാതീതമായ ഭാവത്തിലേക്കെത്തിച്ചേരുന്നു. വീണ്ടും വീണ്ടും വിത്തിറക്കുന്ന നിലം പതുക്കെപ്പതുക്കെ നിർവീര്യമാകുന്നു. പിന്നീടതിലിറക്കുന്ന വിത്തുകൂടി നശിച്ചുപോകുകയും ചെയ്യുന്നു. ഈവിധം കാമനകൾ ക്ഷയിച്ചുകൊണ്ടിരിക്കുന്ന മനസ്സ് അമിതമായ കാമഭോഗത്താൽ വിരക്തി പ്രാപിക്കുന്നു. എന്നാൽ, അതുപോലെ, അല്പകാമങ്ങളുടെ അനുഭവത്താൽ ആ വിരക്തി സാധ്യമാകുന്നില്ല. തുടരെത്തുടരെ ഇറ്റിറ്റുവീഴുന്ന നെയ്ത്തുള്ളികളാൽ അഗ്നി ജ്വലിക്കുന്നു. എന്നാൽ, കത്തുന്ന അഗ്നിയിലേക്കു് അമിതിമായി നെയ്യു് പകർന്നാൽ അതു് അണഞ്ഞുപോകുകയും ചെയ്യുന്നു.

ഹേ രാജൻ!, മേൽപ്പറഞ്ഞതായ ഓരോ വർണ്ണങ്ങളുടേയും യാതൊരു ലക്ഷണങ്ങൾ യാതൊരുവനിൽ കാണപ്പെടുന്നുവോ, അവനെ, ജന്മത്തിന്റെ അടിസ്ഥാനത്തിലല്ലാതെ, അവനിലെ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിങ്ങനെ മനസ്സിലാക്കേണ്ടതാണു. വർണ്ണങ്ങൾക്കാധാരം ജന്മമല്ല, മറിച്ചു് ഗുണകർമ്മങ്ങളാണെന്നു് സാരം."

* * * * * * * *

[ശ്രീമദ്ഭഗവദ്ഗീതയിലെ ചാതുർവർണ്യം മയാസൃഷ്ടം എന്ന ശ്ലോകത്തെപ്പോലെ, പലവിധം ദുർവ്യാഖ്യാനങ്ങൾക്കു് വിധേയമാകാവുന്ന ഒരദ്ധ്യായമാണിതു. ഗുണകർമ്മവിഭാഗശഃ എന്ന പ്രയോഗത്തെ അപ്പാടെ ഉപേക്ഷിച്ചുകൊണ്ടു്, ചാതുർവർണ്യം മയാസൃഷ്ടം എന്ന ഒന്നാമത്തെ വരിയെ മാത്രം വിലയിരുത്തുന്നതാണു് ഇത്തരം വ്യാഖ്യാനങ്ങൾക്കു് വഴിയൊരുക്കുന്നതു. വൈദ്യുതദീപമാലയിൽ പലനിറങ്ങളിൽ ബൾബുകൾ പ്രകാശിക്കുന്നതു് നാം കണ്ടിട്ടുണ്ടു. വ്യത്യസ്ഥവർണ്ണകടലാസുകൾ ചുറ്റിയിട്ടുള്ള ആ ബൾബുകൾക്കുള്ളിൽ ജ്വലിക്കുന്ന വിദ്യുത്പ്രകാശത്തിനു് യാതൊരു ഭേദവുമില്ലത്തതുപോലെ, ഓരോ ജീവനേയും ചുറ്റപ്പെട്ടിരിക്കുന്ന ഗുണങ്ങൾക്കധിഷ്ഠിതമായി മാത്രമേ അവരിൽനിന്നും കർമ്മങ്ങൾ വ്യക്തമാകുകയുള്ളൂ. ശ്രീമദ്ഭഗവദ്ഗീതയിലോ, ശ്രീമദ്ഭാഗവതത്തിലോ, സനാതനധർമ്മത്തിലെ മറ്റേതൊരു ഗ്രന്ഥത്തിലുമോ, ജന്മത്തെ ആധാരമാക്കിയിട്ടുള്ള ജാതിവ്യവസ്ഥകൾ കാണാൻ കഴിയുകയില്ല. ഈ സത്യത്തെ സാധൂകരിക്കുകയെന്നതാണു് ഈ അദ്ധ്യായത്തിലെ യസ്യ യല്ലക്ഷണം എന്നുതുടങ്ങി, തത് തേനൈവ വിനിർദിശേത് എന്നവസാനിക്കുന്ന അവസാനശ്ലോകം കൊണ്ടുദ്ദേശിക്കുന്നതു. ഏതേതു് ഗുണങ്ങൾ ഏതൊരുവനിൽ കാണപ്പെടുന്നുവോ, അതാതു് ഗുണങ്ങൾ ലക്ഷണങ്ങളായി പറഞ്ഞിട്ടുള്ള വർണ്ണത്തിലുള്ളവനായി അവനെ കണക്കാക്കുയെന്നാണിതിനർത്ഥം. ഗുണകർമ്മങ്ങളാൽ വർണ്ണങ്ങൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നുവെന്നു് സാരം.

മനുഷ്യജന്മത്തിന്റെ ആത്യന്തികമായ ഉദ്ദേശം ജനനമരണസംസാരമുക്തിയാകുന്നു. കർമ്മങ്ങൾ കാരണം ജന്മങ്ങളും, ജന്മങ്ങൾ കാരണം കർമ്മങ്ങളും പരസ്പരപൂരകങ്ങളായി സംഭവിക്കുന്നു. കർമ്മത്തിലുള്ള ആസക്തിയൊഴിയാതെ കർമ്മങ്ങളെ ത്യജിക്കുവാൻ സാധ്യമല്ല. കർമ്മാചരണത്തിലൂടെ ഒരു ജന്മത്തിലല്ലെങ്കിൽ മറ്റേതെങ്കിലും ജന്മങ്ങളിൽ കർമ്മത്തിന്റെ വിരക്തി സംഭവിക്കുകതെന്നെ ചെയ്യും. തുടർച്ചയായി വിത്തിറക്കുന്നതുകൊണ്ടു് ഭൂമി നിർവീര്യമാകുന്നതുപോലെയും, ആളിപ്പടരുന്ന അഗ്നിയിൽ അമിതമായി നെയ്യ് പകർന്നാൽ അഗ്നി കെട്ടുപോകുന്നതുപോലെയും, തുടർച്ചയായുള്ള കർമ്മങ്ങളുടെ ആചരണം വഴി കർമ്മത്തിലുള്ള വിരക്തി സംഭവിക്കുകതന്നെ ചെയ്യുന്നു. ഏതൊരു വർണ്ണത്തിലുള്ളവനായാലും, തനിക്കു് വിഹിതങ്ങളായ കർമ്മങ്ങളെ നിസ്പൃഹനായി അനുഷ്ഠിക്കുന്നതുവഴി കാമനകളൊഴിഞ്ഞു് ഹൃദയം ശുദ്ധമാകുകയും അതിൽ ജ്ഞാനം തെളിയുകയും തത്ഫലമായി പ്രസ്തുതജന്മത്തിൽത്തന്നെ ആ ജീവനു് സംസൃതിയിൽനിന്നും നിവൃത്തി സംഭവിക്കുകയും ചെയ്യുന്നു. ഇവിടെ ബ്രാഹ്മണർക്കുമാത്രമേ മുക്തി സംഭവിക്കുകയുള്ളൂ എന്നെവിടേയും പറഞ്ഞിട്ടില്ല. സകലജന്മങ്ങളും ഉണ്ടാകുന്നതു് മുക്തിക്കുവേണ്ടിമാത്രമാണു. ജന്മങ്ങളുടെ ഉദ്ദേശം വിവിധ ലോകങ്ങളിലലഞ്ഞുതിരിഞ്ഞു് കർമ്മങ്ങൾ ചെയ്യുകയോ, തത്ഫലമായുണ്ടാകുന്ന സുഖദുഃഖങ്ങളെ മാറിമാറിയനുഭവിക്കുകയോ അല്ല, മറിച്ചു് ജന്മജന്മാന്തരങ്ങളായി അജ്ഞാനത്തിലൂടെ ജീവനെ ബാധിച്ചിരിക്കുന്ന ആഗ്രഹങ്ങളൊഴിഞ്ഞു് പുനരാവൃത്തിയെ പ്രാപിക്കാത്ത മോക്ഷത്തെ നേടുകയെന്നതാണു. കാരണം, മോക്ഷത്തെ പ്രാപിക്കുന്നതുവരെ ജീവൻ സുഖദുഃഖങ്ങളനുഭവിച്ചുകൊണ്ടു് സംസാരമാകുന്ന മഹാസമുദ്രത്തിൽ വിവിധ യോനികളെ ആശ്രയിച്ചുകൊണ്ടു് ജന്മവും കർമ്മവുമായി ഉഴലുകതന്നെയാണു ചെയ്യുന്നതു.

ശൂദ്രനായി ജനിച്ചാലും ബ്രാഹ്മണന്റെ ധർമ്മത്തെ ചെയ്യുവാൻ വിസമ്മതമില്ലെന്നും നാരദർ യുധിഷ്ഠിരനോടു് പറയുന്നുണ്ടു. കൃഷ്ണദ്വൈപായനനും, ശ്രീകൃഷ്ണപരമാത്മാവും, പരശുരാമനുമെല്ലാം ഇക്കാര്യത്തിൽ ദൃഷ്ടാന്തങ്ങളാണു. ചുരുക്കത്തിൽ ജന്മങ്ങളുടെ താത്പര്യം മുക്തിയാണെന്നിരിക്കെ, കർമ്മമേതായാലും വർണ്ണമേതായാലും, വിഹിതങ്ങളായ ധർമ്മങ്ങളുടെ ആചരണത്തിലൂടെ ഗുണങ്ങൾക്കതീതനായി ജനനമരണങ്ങളില്ലാത്ത നിത്യമായ ഗതിയെ പ്രാപിക്കുന്നുവെന്നുള്ളതുകൊണ്ടു്, സത്യത്തിൽ ഈ വർണ്ണങ്ങൾതമ്മിൽ യാതൊരു വ്യത്യാസങ്ങളുമില്ലെന്നറിയുക.

മറ്റൊരു കാര്യം, വർണ്ണങ്ങളിൽ സർവ്വോത്തമമായി ബ്രാഹ്മണനെ കണ്ടിരിക്കുന്നതു്, ആ ജീവന്റെ സംശുദ്ധിയും, മറ്റു് വർണ്ണങ്ങളെ സംസാരക്കടലിൽനിന്നും കരകയറ്റുവാനുള്ള നൈപുണ്യവും കണക്കിലെടുത്തിട്ടാണു. ആത്മജ്ഞാനികളായ ബ്രാഹ്മണർ ഒരിക്കലും മറ്റുള്ള ജീവഭൂതങ്ങളെ തന്നിൽനിന്നും അന്യമായി കാണുകയില്ല. ആയതിനാൽ അങ്ങനെയുള്ള ബ്രാഹ്മണരെ പരിചരിക്കുകയും, അവരിൽനിന്നും അറിവും ഉപദേശങ്ങളും നേടി ജീവിതലക്ഷ്യം സാധൂകരിക്കുകയും ചെയ്യുന്നതു്, സത്യത്തിൽ മഹാഭാഗ്യമായി കരുതേണ്ടതാണു.]


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം പതിനൊന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next




Sanatana Dharmam