2019, ഫെബ്രുവരി 10, ഞായറാഴ്‌ച

4.19 പൃഥുമഹാരാജാവിന്റെ അശ്വമേധയാഗം.


ഓം

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 19
(പൃഥുമഹാരാജാവിന്റെ അശ്വമേധയാഗം)


മൈത്രേയൻ പറഞ്ഞു: വിദുരരേ! ഭൂമിയിൽനിന്നും തന്റെ പ്രജകൾക്കുവേണ്ട സർവ്വൈശ്വര്യങ്ങളും വീണ്ടെടുത്തതിനുശേഷം, പൃഥുമഹാരാജൻ സ്വായംഭുവമനുവിന്റെ അധീനതയിലുള്ള ബ്രഹ്മാവർത്തം എന്നറിയപ്പെടുന്ന സരസ്വതീനദിയുടെ തീരത്ത് നൂറ് അശ്വമേധയാഗങ്ങൾ നടത്തുവാൻ തുടങ്ങി. താമസ്സിയാതെ ആ വിവരം ദേവേന്ദ്രന്റെ കാതുകളിലെത്തുകയും, പൃഥുവിന്റെ കർമ്മതലത്തിലുള്ള ഈ ഉയർച്ച തനിക്ക് അപകടമാണെന്ന് അദ്ദേഹം ശങ്കിക്കുകയും ചെയ്തു. അന്നുമുതൽ ദേവേന്ദ്രൻ അത് മുടക്കുവാനുള്ള പദ്ധതികളെക്കുറിച്ച് ചിന്തിച്ചുതുടങ്ങി.

സർവ്വാത്മാവും സർവ്വേശ്വരനും സർവ്വയജ്ഞഭോക്താവുമായ ഭഗവാൻ സാക്ഷാത് ഹരി അവിടെ പ്രത്യക്ഷനായി എന്നുള്ളത് പൃഥുവിന്റെ ആ യാഗത്തിന്റെ ഏറ്റവും മഹത്തായ പ്രത്യേകയായിരുന്നു. ബ്രഹ്മദേവനും മഹാദേവനും മറ്റു സകല ലോകപാലകന്മാരും ഭഗവാനോടൊപ്പം അവിടെ വന്നു. ആ പരമപുരുഷന്റെ ദർശനമാത്രയിൽ ഗന്ധർവ്വന്മാരും ഋഷികളും അപ്സരസ്സുകളും ഭഗവദ്മഹിമൾ പാടാൻ തുടങ്ങി. ഭഗവാനോടൊപ്പം സിദ്ധവിദ്യാധരദൈത്യഗുഹ്യകന്മാരും തന്റെ പാർഷദന്മാരായ നന്ദസുനന്ദന്മാരും അവിടെ ആഗതരായിരുന്നു. കപിലനും നാരദരും യോഗേശ്വരനായ ദത്താത്രേയനും സനകാദി കുമാരന്മാരും ഭഗവദ്സേവകന്മാരായി ഭഗവാനോടൊപ്പം പൃഥുവിന്റെ യാഗത്തിൽ പങ്കുചേർന്നു.

വിദുരരേ!, ആ സമയം, ഭൂമീദേവി സർവ്വാഭീഷ്ടപ്രദായകമായ ഒരു കാമധേനുവിനെപ്പോലെ പ്രശോഭിച്ചുകൊണ്ട് യാജ്ഞികർക്ക് വേണ്ടുന്നതെല്ലാം അവിടെ സാധ്യമാക്കി. നദികൾ സകല രസങ്ങളും, വൃക്ഷങ്ങൾ ധാരാളം പഴവർഗ്ഗങ്ങളും തേനും, അതുപോലെ പശുക്കൾ സകല ഗോരസങ്ങളും നൽകി യജ്ഞത്തിൽ പങ്കുചേർന്നു. ലോകം മുഴുവൻ പൃഥുവിന്റെ യജ്ഞത്തിനാവശ്യമായ സാധനസാമഗ്രികൾ കൊണ്ടുവന്ന് സമ്മാനിച്ചു. സമുദ്രം തന്റെ അടിത്തട്ടിൽനിന്നും അനേകം മുത്തുകളും രത്നങ്ങളും കൊണ്ടുവന്നു കാഴ്ചവച്ചു. ഗിരികളാകട്ടെ, നാലുവിധം അന്നങ്ങൾ പ്രദാനം ചെയ്തു. എല്ലാത്തിനുമുപരിയായി ഭഗവാന്റെ അകമഴിഞ്ഞ കാരുണ്യം രാജാവിനോടൊപ്പം എപ്പോഴുമുണ്ടായിരുന്നു. സകലരുടേയും ഹൃദയംഗമമായ സഹകരണസഹായത്തോടെയും ഭഗവാന്റെ അനുഗ്രഹത്തോടെയും പൃഥുരാജൻ തന്റെ യജ്ഞത്തിന് തുടക്കം കുറിച്ചു. വിവരമറിഞ്ഞ ഇന്ദ്രൻ അതിന് ഭംഗം വരുത്തുവാനും ശ്രമിച്ചു. നൂറാം യജഞത്തിനിടയിൽ പൃഥുവിൽ അസൂയാലുവായ ഇന്ദ്രൻ ഒരു സന്യാസിയുടെ രൂപത്തിൽ വന്ന് യാഗാശ്വത്തെ കട്ടുകൊണ്ടുപോയി. ആ സമയം, ഒരു സാധുവിന്റെ വേഷവിധാനങ്ങളോടുകൂടി യാഗാശ്വവുമായി വിഹായസ്സിലൂടെ പറന്നുപോകുന്ന ഇന്ദ്രനെ അത്രിമുനി കാണുകയും, അദ്ദേഹം ഉടൻതന്നെ ആ വിവരം പൃഥുവിന്റെ പുത്രനെ അറിയിക്കുകയും ചെയ്തു. പെട്ടെന്ന്, പൃഥുപുത്രൻ നിൽക്കൂ! നിൽക്കൂ! എന്ന് ആക്രോശിച്ചുകൊണ്ട് ഇന്ദ്രനെ വധിക്കുവാനായി അവന് പിന്നാലെ പാഞ്ഞു. പക്ഷേ, അടുത്തെത്തിയപ്പോൾ കാഷായവസ്ത്രം ധരിച്ച് മേലാകെ ഭസ്മം പൂശിയ സന്യാസിയെ കണ്ട് ധർമ്മിയെന്ന് തെറ്റിദ്ധരിച്ച പൃഥുവിന്റെ പുത്രൻ ഇന്ദ്രനുനേരേ തൊടുക്കുവാനെടുത്ത ബാണം ഉപസംഹരിച്ചു. അതുകണ്ട് അത്രിമുനി വീണ്ടും യജ്ഞഹന്താവായ ഇന്ദ്രനെ വധിക്കുവാൻ പൃഥുപുത്രനോട് അഭ്യർത്ഥിച്ചു. രാവണനെ പിന്തുടർന്ന ഗൃധ്രരാതനെപ്പോലെ, ആകാശമാർഗ്ഗത്തിൽ അതിവേഗം പായുന്ന ഇന്ദ്രനെ വീണ്ടും പൃഥുപുത്രൻ പിന്തുടർന്നു. പൃഥുവിന്റെ മകൻ തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇന്ദ്രൻ സന്യാസവേഷത്തേയും യാഗാശ്വത്തേയും ഉപേക്ഷിച്ച് ക്ഷണത്തിൽ അവിടെ നിന്നും അന്തർധാനം ചെയ്തു. അനന്തരം, പൃഥുവന്റെ പുത്രൻ അശ്വവുമായി തിരികെ പോരുകയും ചെയ്തു. വിദുരരേ!, അങ്ങനെ യാഗാശ്വത്തെ രക്ഷിച്ചെടുത്തുകൊണ്ട് യജ്ഞഭംഗമൊഴിവാക്കിയ പൃഥുപുത്രനെ ഋഷികൾ വിജിതാശ്വൻ എന്ന് നാമധേയം ചെയ്തഭിനന്ദിച്ചു.

എന്നാൽ അത് ആ കുഴപ്പത്തിനൊരവസാനമായിരുന്നില്ല. അല്പസമയത്തിനകംതന്നെ ഇന്ദ്രൻ അവിടെമാകെ തീവ്രമായ ഇരുട്ട് പരത്തുകയും, ആ ഇരുട്ടിന്റെ മറവിൽ സ്വർണ്ണത്തുടലിൽ ബന്ധിക്കപ്പെട്ടിരുന്ന യാഗമൃഗത്തെ വീണ്ടും മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്തു. അത്രിമുനി വീണ്ടും പൃഥുപുത്രനോട് വിവരം ധരിപ്പിക്കുകയും, അതുകേട്ട് പൃഥുപുത്രൻ ഉടൻ‌തന്നെ ഇന്ദ്രന് പിറകേ പായുകയും ചെയ്തു. എന്നാൽ മുന്നേപോലെതന്നെ കൈയ്യിൽ കപാലഖഡ്വാംഗം ധരിച്ചിരുന്ന ഇന്ദ്രനെ അവന് വധിക്കുവാൻ കഴിഞ്ഞില്ല. വീണ്ടും അത്രിമുനി പൃഥുപുത്രനെ ഉപദേശിച്ചുതിരികെയയച്ചു. തന്റെ പിറകേ അമ്പും വില്ലുമായി പാഞ്ഞടുക്കുന്ന പൃഥുപുത്രനെ കണ്ട് ഇന്ദ്രൻ യാഗാശ്വത്തെ വീണ്ടും ഉപേക്ഷിച്ച് അപ്രത്യക്ഷനായി. ശേഷം, കുതിരയെ വീണ്ടെടുത്ത് വീണ്ടും പൃഥുപുത്രൻ യാഗശാലയിലെത്തിച്ചു. അങ്ങനെ ജ്ഞാനദുർബലനായ ഇന്ദ്രനാൽ കാഷായവേഷം ഭൌതികലാഭത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ടു. സന്യാസവേഷത്തിൽ ഇന്ദ്രൻ കാട്ടിയ സകലകർമ്മങ്ങളും പാപകർമ്മത്തിനുദാഹരണങ്ങളായിരുന്നു. ഒരു യാഗാശ്വത്തെ മോഷ്ടിക്കുവാൻ വേണ്ടി ഇന്ദ്രൻ സന്യാസത്തിന്റെ പല രീതികളേയും ദുർവിനിയോഗം ചെയ്തു. അങ്ങനെയുള്ളവർ ഭൂമിയിൽ കുറവല്ലെന്നറിയുക. ചിപ്പോൾ അവർ വിവസ്ത്രരായും ചിലപ്പോൾ ചുവന്ന പട്ടുചുറ്റിയും കാണപ്പെടുന്നു. ഇതെല്ലാംതന്നെ അവരുടെ പാപകർമ്മങ്ങളുടെ അടയാളങ്ങളാണു. പക്ഷേ, ഇങ്ങയുള്ളവരെ അധർമ്മികളായുള്ളവർക്ക് വളരെ പ്രിയമാണു. നിരീശ്വരവാദികളായ അവർ എപ്പോഴും അവരെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. കാണുമ്പോൾ ധർമ്മികളാണെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ അവർ അധർമ്മികളാണെന്ന് നാം മനസ്സിലാക്കിക്കൊള്ളണം. ദൌർഭാഗ്യമെന്ന് പറയട്ടെ, ചിലർ അവരുടെ പിടിയിലകപ്പെട്ട് സ്വയം ജീവിതം നശിപ്പിക്കുന്നതായും കാണാം.

വിദുരരേ!, ഇന്ദ്രൻ തന്റെ യാഗാശ്വത്തെ മോഷ്ടിച്ച കഥകേട്ട് പൃഥുമഹാരാജാവ് കോപംകൊണ്ടു ജ്വലിച്ചു. അദ്ദേഹം അമ്പും വില്ലുമായി ഇന്ദ്രനെ വധിക്കുവാനൊരുമ്പെട്ടു. പെട്ടെന്ന് യാജ്ഞികർ അദ്ദേഹത്തെ തടയുകയും, യാഗത്തോടനുബന്ധിച്ച് മറ്റൊരു വധം ശാസ്ത്രവിധികൾക്കനുസരിച്ച് വർജ്യമാണെന്നറിയിക്കുകയും ചെയ്തു. മാത്രമല്ല, യാഗം മുടക്കാൻ ശ്രമിച്ചതിലൂടെത്തന്നെ ഇന്ദ്രന്റെ ശക്തി ഇപ്പോൾ ക്ഷയിച്ചിരിക്കുകയാണെന്നും, മുമ്പെങ്ങും പ്രയോഗിക്കപ്പെടാത്ത മന്ത്രങ്ങളാൽ ആവാഹനം ചെയ്ത് ശത്രുവായ ഇന്ദ്രനെ വിടെ വരുത്തുവാനും ഇല്ലാതാക്കുവാനും സാധിക്കുമെന്നും അവർ പൃഥുവിനെ അറിയിച്ചു. തുടർന്ന്, യാജ്ഞികൾ ക്രോധത്തോടെ ഇന്ദ്രനെ അവിടേയ്ക്കാവാഹിക്കുവാനായി ഹോമദ്രവ്യം അഗ്നികുണ്ഡത്തിലേക്ക് സമർപ്പിക്കുവാൻ തുടങ്ങിയപ്പോൾ ബ്രഹ്മാവ് ഇടപെട്ട് ആ ഉദ്യമത്തിൽനിന്നും അവരെ തടഞ്ഞു. ബ്രഹ്മദേവൻ യാജ്ഞികരോട് പറഞ്ഞു: ഹേ ബ്രാഹ്മണശ്രേഷ്ഠന്മാരേ!, ഇന്ദ്രനെ നിങ്ങൾ വധിക്കുവാൻ പാടില്ല. അദ്ദേഹം ഭഗവദംശമാണു. നിങ്ങൾ പ്രീതിപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന ദേവന്മാരുടെയെല്ലാം രാജാവായി ഇന്ദ്രൻ നിലകൊള്ളുന്നതും അതുകൊണ്ടുതന്നെയാണു. അവരെല്ലാംതന്നെ ഇന്ദ്രന്റെ അംശകലകളാണെന്നറിയുക. ഇവിടെ പൃഥുമഹാരാജാവിന്റെ യജ്ഞത്തിന് ഭംഗം വരുത്തുവാൻ ഇന്ദ്രൻ ചില അധാർമ്മിക വൃത്തികൾ ചെയ്യുതുവെന്നുള്ളത് സത്യം തന്നെ. പക്ഷേ അതിനെതിരായി നിങ്ങൾ ഇന്ദ്രനെ വധിക്കുവാൻ ശ്രമിച്ചതും ഘോരമായ അധർമ്മം തന്നെയാണു.

തുടർന്ന് ബ്രഹ്മദേവൻ പൃഥുവിനോടായിക്കൊണ്ട് പറഞ്ഞു: ഹേ രാജൻ!, സകലവിധ സാധനകളുടേയും അവസാനലക്ഷ്യം ഭഗവദ്പ്രാപ്തിയാണു. മാത്രമല്ല, അങ്ങ് മുന്നേതന്നെ മോക്ഷത്തിന്റെ വഴികൾ അറിയുന്നവനുമാണു. അതിൽ കവിഞ്ഞ് ഭൂമിൽ മറ്റെന്ത് നേട്ടമാണുണ്ടാകേണ്ടത്?. അതുകൊണ്ട് നമുക്കീ യജ്ഞം തൊണ്ണൂറ്റൊമ്പതിൽ അവസാനിപ്പിക്കാം. നിങ്ങൾ രണ്ടുപേരും വെവ്വേറെയല്ല, മറിച്ച്, ഭഗവദംശങ്ങൾതന്നെയാണു. അതുകൊണ്ട് ഇന്ദ്രനിൽ അങ്ങേയ്ക്കുള്ള രോഷം അവസാനിപ്പിക്കുക, അതുവഴി നിങ്ങൾ രണ്ടുപേർക്കും സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. അങ്ങയുടെ മനസ്സിനെ ശാന്തമാക്കിവയ്ക്കുക. എന്റെ വാക്കുകൾ ആദ്രമനസ്സാ കേൾക്കുക. ദൈവഹിതമായി സംഭവിക്കുന്ന കാര്യങ്ങളിൽ നാം അധികം ദുഃഖിക്കുവാൻ പാടില്ല. അതിനെ ഈശ്വരനിശ്ചമായിക്കണ്ട് മുന്നോട്ട് പോകുകയാണ് വേണ്ടതു. മറിച്ച്, അതിനെതിരെ പ്രവർത്തിക്കുന്ന പക്ഷം വീണ്ടും വീണ്ടും നാം തീരാദുഃഖത്തിലേക്ക് എത്തപ്പെടുക മാത്രമേ സംഭവിക്കുകയുള്ളൂ. ദേവന്മാരിൽ‌പോലും ചില വേണ്ടാത്ത ആഗ്രഹങ്ങളെ വച്ചുപുലർത്തുന്നവരുണ്ടു. നാം ഈ യജ്ഞങ്ങൾക്ക് ഇവിടെ വിരാമമിടാത്തപക്ഷം ഇന്ദ്രൻ വീണ്ടും അധാർമ്മികപ്രവൃത്തികൾകൊണ്ട് അതിന് തടസ്സങ്ങൾ സൃഷ്ടിക്കുകയും, അത് വീണ്ടും കൂടതൽ വിഷയങ്ങളിലേക്ക് വ്യാപരിക്കുകയും ചെയ്യും. യാഗത്തിനിടയിൽ അശ്വത്തെ മോഷ്ടിക്കുവാൻവേണ്ടി ഇപ്പോൾതന്നെ എന്തെല്ലാം പാപകർമ്മങ്ങളാണ് ഇന്ദ്രൻ ചെയ്തതെന്ന് നോക്കുക. അതെല്ലാം മനുഷ്യൻ ഭൂമിയിൽ പിന്തുടരുന്ന അവസ്ഥകൾ ഉണ്ടാകും. അധർമ്മിയായ വേനനിൽ നിന്നുമാണ് അങ്ങയുടെ ജനനം. അദ്ദേഹത്തിന്റെ അധാർമ്മിക പ്രവൃത്തികളാൽ ഭൂമിയിൽ അധർമ്മം പെരുകിയപ്പോഴാണ് ഭഗദംശമായി അവന്റെ ശരീരത്തിൽനിന്നും അങ്ങ് ഇവിടെ അവതാരം ചെയ്തതു. പ്രജാപതേ!, അങ്ങയുടെ അവതാരലക്ഷ്യത്തിനായി പ്രവർത്തിക്കുക. ഇന്ദ്രൻ ചെയ്ത കർമ്മങ്ങൾ ഭൂമിയിൽ പല അധാർമ്മികവൃത്തികളുടേയും മാതാവാണു. അതുകൊണ്ട് ഈ അപകടം നമുക്ക് ഇവിടെവച്ച് ഒഴിവാക്കാൻ ശ്രമിക്കാം.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, അങ്ങനെ ലോകഗുരുവായ ബ്രഹ്മദേവന്റെ ഉപദേശം ശിരസ്സാവഹിച്ചുകൊണ്ട് പൃഥുമഹാരാജൻ തന്റെ നൂറാം അശ്വമേധയാഗവും, അതോടൊപ്പംതന്നെ തനിക്ക് ഇന്ദ്രനോട് തോന്നിയ നീരസവും അവസാനിപ്പിച്ചു. തുടർന്ന് അവഭൃതസ്നാനം ചെയ്ത് ദേവന്മാരുടെ വരദാനങ്ങൾക്കും അനുഗ്രഹാശിസ്സുകൾക്കും അദ്ദേഹം പാത്രമാകുകയും ചെയ്തു. ആദിരാജാവായ പൃഥു യാജ്ഞികരായ വിപ്രജനങ്ങൾക്ക് യഥാവിധി ദക്ഷിണകൾ നൽകി അവരിൽനിന്നും സർവ്വാനുഗ്രഹങ്ങളും സ്വീകരിച്ചു.

സമ്പ്രീതരായ യാജ്ഞികർ ഇങ്ങനെ പറഞ്ഞു: ഹേ രാജൻ!, അങ്ങയുടെ ക്ഷണം സ്വീകരിച്ചിവിടെയെത്തിയ ഋഷികൾക്കും പിതൃക്കൾക്കും ദേവഗങ്ങൾക്കും മാനവന്മാർക്കും അങ്ങ് നൽകിയ ദാനധർമ്മാദികളിൽ അവർ അത്യന്തം സന്തുഷ്ടരാണ് അവരുടെ ആത്മാർത്ഥമായ ആശീർവാദങ്ങൾ സദാസമയവും അങ്ങേയോടൊപ്പം ഉണ്ടാകുമെന്നറിയുക.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  പത്തൊമ്പതാമധ്യായം സമാപിച്ചു.
ഓം തത് സത്.





King Prithu's hundred Ashwamedha yaga

2019, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

4.18 പൃഥുമഹാരാജാവ് ഭൂമീദേവിയെ സ‌മൃദ്ധയാക്കുന്നു


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 18
(പൃഥുമഹാരാജാവ് ഭൂമീദേവിയെ സ‌മൃദ്ധയാക്കുന്നു.)

മൈത്രേയൻ പറഞ്ഞു: വിദുരരേ! ഭൂമീദേവി വളരെയേറെ പ്രാർത്ഥിച്ചിട്ടും പൃഥുമഹാരാവിന്റെ ക്രോധം ശമിക്കുന്നുണ്ടായിരുന്നില്ല. അപ്പോഴും അദ്ദേഹത്തിന്റെ ചുണ്ടുകൾ കോപംകൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. പേടിച്ചുവിറച്ചുകൊണ്ടായിരുന്നുവെങ്കിലും ഭൂമി തന്റെ മനോധൈര്യം വീണ്ടെടുത്തുകൊണ്ട് അദ്ദേഹത്തോട് വീണ്ടും പ്രാർത്ഥിച്ചു: ഹേ രാജൻ!, അങ്ങ് കോപം വെടിഞ്ഞ് ശാന്തനായി ഈയുള്ളവളുടെ വക്കുക്കളെ കേട്ടാലും!. അടിയൻ അജ്ഞാനിയാണു. എന്നാൽ, മധുപൻ സകലപുഷ്പങ്ങളിൽനിന്നും തനിക്കാവശ്യമായ മധു സ്വീകരിക്കുന്നതുപോലെ, അങ്ങയെപ്പോലുള്ള പണ്ഢിതന്മാർ സകലഭൂതങ്ങളിൽനിന്നും അറിവ് നേടിക്കൊണ്ടേയിരിക്കുന്നു. ഇഹത്തിലും പരത്തിലും മനുഷ്യന് ശ്രേയസ്ക്കരമായ പലതും നമ്മുടെ പൂർവ്വികരായ ഋഷീശ്വരന്മാരും പണ്ഢിതന്മാരും ഇവിടെ ഉണ്ടാക്കിവച്ചിട്ടുണ്ടു. അതെല്ലാംതന്നെ അങ്ങേയ്ക്ക് ജനനന്മയ്ക്കായി ഉപയോഗിക്കാവുന്നതാണു. അതിലൂടെ മനുഷ്യൻ ഇഹത്തിലും പരത്തിലും ആനനമനുഭവിക്കുന്നു. യാതൊരുവനാണോ അതിനെ നിരാകരിച്ചുകൊണ്ട് സ്വന്തം പദ്ധതികൾ നെയ്തുകൊണ്ടുമാത്രം ജീവിതലാഭം കൊതിക്കുന്നത്, അവിദ്വാനായ അവൻ ജീവിതത്തിൽ എന്നും പരാജിതനാകുകയേയുള്ളൂ. അങ്ങ് മുമ്പ് പറഞ്ഞതുപോലെ ബ്രഹ്മദേവൻ അനുഗ്രഹിച്ചുതന്ന സകല ഔഷധങ്ങളും ബീജങ്ങളും ധാന്യങ്ങളും ഞാൻ എന്നിൽ മറച്ചുവച്ചിരിക്കുകയല്ല, മറിച്ചു അവയൊക്കെ ഇപ്പോൾ അധർമ്മികളും അസത്തുക്കളുമായ മനുഷ്യർ അനുഭവിച്ചുകൊണ്ടിരിക്കുകയാണു. മാത്രമല്ല, അവർ എന്നെപ്പോലും ഉപദ്രവിച്ചുകൊണ്ടാണ് ഇവിടെ കൂത്താടുന്നതു. ആ അധർമ്മികളിൽനിന്നും കള്ളന്മാരിൽനിന്നും എന്നെ രക്ഷിക്കാൻ ഇവിടെയുള്ള രാജാക്കന്മാരാരുംതന്നെ മനസ്സുവയ്ക്കുന്നില്ല. അതുകൊണ്ട് ജ്ഞത്തിനുവേണ്ടിയുള്ള സാധനസാമഗ്രികൾ മാത്രമാണ് ഞാൻ എന്റെയുള്ളിൽ തടഞ്ഞുവച്ചിരിക്കുന്നതു. അവയ്ക്കെല്ലാം ഇപ്പോൾ നാശം സംഭവിക്ക്ചുകൊണ്ടിരിക്കുകയാണു. എത്രയും വേഗം അവയെല്ലാം അങ്ങ് പുറത്തെടുത്ത് ശാസ്ത്രോക്തമായ മാർഗ്ഗങ്ങളിലൂടെ ഉപയോഗയോഗ്യമാക്കുക.

ഹേ വീരാ!, എന്നെ ദോഹനം ചെയ്ത് അങ്ങയുടെ പ്രജകളെ രക്ഷിക്കുവാനാണ് അങ്ങ് ശ്രമിക്കുന്നതെങ്കിൽ എത്രയും പെട്ടെന്ന് പാൽ കറന്നുസൂക്ഷിക്കുവാൻ ഒരു പാത്രവും അതിനായി ഒരു ദോഗ്ദ്ധാവിനേയും കൊണ്ടുവരിക. കൂടാതെ ഒരു വത്സത്തിനേയും കണ്ടെത്തുക. കാരണം, കിടാങ്ങളോടുള്ള എന്റെ വാത്സല്യം കൊണ്ടുമാത്രമേ അങ്ങേയ്ക്ക് എന്നിൽനിന്നും വേണ്ടത് ശേഖരിക്കുവാൻ കഴിയൂ. മാത്രമല്ല, ഉടനടി എന്നിലുള്ള മലകളേയും മറ്റും ഇടിച്ചുനിരത്തി ഉപരിതലം സമമാക്കുക. ഇന്ദ്രന്റെ കാരുണ്യത്താൽ ഒരിക്കൽ മഴ ലഭിക്കുമ്പോൾ മണ്ണിനെ എന്നെന്നും നനവുള്ളതാക്കിവച്ചുകൊണ്ട് വേനൽക്കാലങ്ങളിലും അത് ഭൂയിഷ്ഠമായിത്തന്നെയിരിക്കുവാൻ അങ്ങയുടെ ഈ പ്രവൃത്തി ഒരു കാരണമാകും.

വിദുരരേ!, ഭൂമീദേവിയുടെ വാക്കുകൾ കേട്ട് ശാന്തനും സന്തോഷവാനുമായിമാറിയ പൃഥുമഹാരാജൻ ഉടൻതന്നെ സ്വായംഭുവമനുവിനെ കിടാവായി ഉപയോഗിക്കുകയും ഭൂഗർഭസ്ഥിതങ്ങളായ സകല സമൃദ്ധികളേയും തന്റെ കൈകുമ്പിളിലേക്ക് കറന്നെടുക്കുകയും ചെയ്തു. പെട്ടെന്ന് മറ്റുള്ള ബുധജനങ്ങളും രാജാവിനെപ്പോലെ തങ്ങളാഗ്രഹിക്കുന്ന സകലതും സ്വയം ഭൂമിയിൽനിന്നും ദോഹനം ചെയ്തെടുക്കുവാൻ തുടങ്ങി. ബൃഹസ്പതിയെ കുട്ടിക്കിടാവാക്കിക്കൊണ്ടും ഇന്ദ്രിയങ്ങളെ ഭാജനമാക്കിക്കൊണ്ടും മനസ്സിനേയും വാക്കുകളേയും ശ്രവണത്തേയും ശുദ്ധമാക്കുന്നതിനായി തങ്ങൾക്കുവേണ്ടുന്നതായ വേദസാരങ്ങൾ മുഴുവനും ഋഷികൾ ഭൂമിയിൽനിന്നും ആ സമയം ശേഖരിച്ചെടുത്തു. ദേവന്മാരും തങ്ങളുടെ രാജാവായ ഇന്ദ്രനെ വത്സമാക്കിക്കൊണ്ട് ഒരു സ്വർണ്ണപാത്രത്തിൽ ഭൂമിയുടെ അകിടിൽനിന്നും സോമരം കറന്നെടുത്തു സേവിച്ചു. അതിനുശേഷം അവരുടെ ശക്തിയും ഓജസ്സും വീര്യവും പൂർവ്വാധികം വർദ്ധിച്ചു. അതുപോലെ ദൈത്യന്മാർ പ്രഹ്ലാദനെ കിടാവാക്കിമാറ്റി ഒരു ഇരുമ്പുപാത്രത്തിൽ പാലും മദിരയും പിഴിഞ്ഞെടുത്തു. ഗന്ധർവ്വന്മാരും അപ്സരസ്സുകളും വിശ്വാവസുവിനെ വത്സമാക്കി ഒരു താമരപാത്രത്തിൽ ഭൂമിയിൽനിന്നും സംഗീതവമാധുര്യസൌന്ദര്യാദികളെപ്പോലെ അവർക്ക്  ഏറെ ഇഷ്ടമായ പയസ്സ് ശേഖരിച്ചു. ശ്രാദ്ധദേവതകളായ പിതൃക്കളാകട്ടെ, ആര്യമനെ കിടാവാക്കി ഒരു മൺപാത്രത്തിൽ കവ്യാദിവസ്തുക്കൾ ഭൂമിയിൽനിന്നും നേടിയെടുത്തു. സിദ്ധവിദ്യാധരലോകങ്ങളിലുള്ളവർ കപിലഭഗവാനെ വത്സമാക്കി മാറ്റിക്കൊണ്ട് അണിമ മുതലായ സകല വിദ്യകളും ആകാശമാകുന്ന ബൃഹത്പാത്രത്തിൽ ശേഖരിച്ചെടുത്തു. അതുപോലെതന്നെ മായാവികളായ കിം‌പുരുഷലോകവാസികൾ മയനെ കുട്ടിക്കിടാവാക്കിക്കൊണ്ട് സ്വേച്ഛാനുസരണം അന്തർധാനം ചെയ്യാനുള്ള അത്ഭുതകരമാ‍യ സിദ്ധിയെ അവളിൽനിന്നും നേടിയെടുത്തു. യക്ഷരാക്ഷസഭൂതപിശാചാദി മാംസഭോജികൾ ഭൂതേശനെ വത്സമാക്കിത്തീർത്തുകൊണ്ട് രക്തമയമായ ക്ഷീരം ഒരു തലയോട്ടിയിൽ ശേഖരിച്ചു. അഹികളും തേളുകളും സർപ്പങ്ങളും നാഗങ്ങളും ചേർന്ന് തക്ഷകനെ കിടാവാക്കി ഭൂമിയിൽനിന്നും വിഷമാകുന്ന ദുഗ്ദ്ധത്തെ തങ്ങളുടെ മാളങ്ങളിലേക്ക് ശേഖരിച്ചുവച്ചു. പശുക്കൾ ഋഷഭത്തെ ഉപയോഗിച്ചു ആരണ്യപാത്രത്തിൽ ഭൂമിയിൽനിന്നും പച്ചപ്പുല്ലുകൾ നേടി. ദംഷ്ട്രങ്ങളോടുകൂടിയ ക്രൂരമൃഗങ്ങൾ സിംഹത്തെ വത്സമാക്കി സ്വശരീരത്തിൽതന്നെ മാംസങ്ങൾ നേടിയെടുത്തു. പക്ഷികളാകട്ടെ, ഗരുഢന്റെ സഹായത്താൽ ചരാചരകീടങ്ങളെ ഭൂമിയിൽനിന്നും ദോഹനം ചെയ്തെടുത്തു. വടവൃക്ഷവത്സത്താൽ വൃക്ഷങ്ങൾ സ്വാദിഷ്ടമായ രസങ്ങൾ കറന്നെടുത്തപ്പോൾ, പർവ്വതങ്ങളാകട്ടെ, ഹിമവാനെ കിടാവാക്കി തങ്ങളുടെ സാനുക്കളിൽ വേണ്ട ധാതുക്കളെല്ലാംതന്നെ ശേഖരിച്ചുവച്ചു.

അങ്ങനെ പൃഥുമഹാരാജാവിന്റെ സാന്നിധ്യത്തിൽ സകലരും തങ്ങളുടെ മുഖ്യന്മാരെ വത്സങ്ങളാക്കി ഉപയോഗിച്ചുകൊണ്ട് ഭൂമിയിൽനിന്നും അവരവരുടെ പ്രത്യേകപാത്രങ്ങളിൽ തങ്ങൾക്ക് വേണ്ടുന്നതായ സർവ്വവും കറന്നെടുത്തു.

ഹേ കുരൂദ്വഹാ!, അങ്ങനെ സകലരും ആഹാരവിഹാരാദികളിൽ സന്തുഷ്ടരായി ജീവിച്ചു. അതോടെ പൃഥുരാജനും ആ ഗോരൂപിണിയിൽ സമ്പ്രീതനായി അവളെ തന്റെ മകളെപ്പോലെ കണ്ടുസ്നേഹിച്ചു. തുടർന്ന്, തന്റെ അമ്പിന്റെ കൂർത്ത അഗ്രംകൊണ്ട് അനവശ്യമായി നിലകൊണ്ട ഗിരികളെ പൊടിച്ചുനിരത്തികൊണ്ട് ഭൂമിയെ സമതലപ്രദേശമാക്കിമാറ്റി. അങ്ങനെ തന്റെ പ്രജകൾക്ക് തൊഴിലും മറ്റ് സൌകര്യങ്ങളും നൽകിക്കൊണ്ട് ഏവരേയും ഒരു പിതാവെന്നപോലെ വാത്സല്ലിക്കുകയും സ്നേഹിക്കുകയും ചെയ്തു. ഭൂമിയിൽ വാസയോഗ്യമായ സ്ഥലങ്ങൾ അതിനായിത്തന്നെ ഉപയോഗപ്പെടുത്തുകയും, ഇവിടെ ഗ്രാമങ്ങളും പട്ടണങ്ങളും പുരങ്ങളും കോട്ടകളും പശുപാലകന്മാർക്ക് പ്രത്യേക വാ‍സസ്ഥലങ്ങളും കന്നുകാലികൾക്ക് വ്രജങ്ങളും ഖനനയോഗ്യമായ സ്ഥലങ്ങളും കൃഷിക്കനുയോജ്യമായ സ്ഥലങ്ങളും എല്ലാം പ്രത്യേകം പ്രത്യേകമായി നിർമ്മിക്കപെട്ടു. പൃഥുരാജാവിന്റെ കാലത്തിനുമുമ്പ് ഭൂമിയിൽ ഇത്യാദി പരിഷ്കാരങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ജനങ്ങൾ തങ്ങളുടെ ഇച്ഛാനുസരണം വ്യവസ്ഥാപിതമല്ലാത്തവിധത്തിൽ അവിടിവിടെ ജീവിക്കുകയായിരുന്നു.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  പതിനെട്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.




Prithu extracting things from the earthh

2019, ഫെബ്രുവരി 5, ചൊവ്വാഴ്ച

4.17 ഭൂമീദേവിയോട് പൃഥുമഹാരാജാവ് കോപിക്കുന്നു.


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 17
(ഭൂമീദേവിയോട് പൃഥുമഹാരാജാവ് കോപിക്കുന്നു.)



Image result for prithuമൈത്രേയൻ പറഞ്ഞു: വിദുരരേ!, പണ്ഢിതന്മാരാൽ പ്രശംസിക്കപ്പെട്ട പൃഥുരാജൻ അവരിൽ സമ്പ്രീതനായിക്കൊണ്ട് ദക്ഷിണയും മറ്റു സമ്മാനങ്ങളും നൽകി അവരെ യഥാവിധി ആദരിക്കുകയുണ്ടായി. സകലരും അദ്ദേഹത്തിന്റെ ഉദാരതയിൽ അത്യന്തം സന്തോഷിക്കപ്പെട്ടു.

വിദുരർ വീണ്ടും മൈത്രേയനോട് ചോദിച്ചു: ഹേ ബ്രാഹ്മണശ്രേഷ്ഠാ!, പലവിധരൂപഭാവങ്ങൾ സ്വീകരിക്കുവാൻ കഴിവുള്ളവളാണല്ലോ ഭൂമീദേവി. അങ്ങനെയിരിക്കെ എന്ത് പ്രത്യേകതകൊണ്ടാണ് അവൾ പശുവിന്റെ രൂപം സ്വീകരിച്ച് പൃഥുവിന്റെ മുന്നിലെത്തിയതു?. പൃഥുരാജാവ് ഭൂമീദേവിയെ ദോഹനം ചെയ്തപ്പോൾ ആരായിരുന്നു കിടാവായിരുന്നതു? ഏതു പാത്രത്തിലായിരുന്നു അവൾ പാൽ ചുരന്നതു?. ഭൂമിയുടെ ഉപരിതലം ഉയർച്ചയും താഴ്ചയുമുള്ളതാണെന്നിരിക്കെ എങ്ങനെയായിരുന്നു അദ്ദേഹം അതിനെ സമനിലമാക്കിത്തീർത്തതു? എന്തിനായിരുന്നു ഇന്ദ്രൻ പൃഥുമഹാരാജന്റെ യാഗാശ്വത്തെ കട്ടുകൊണ്ടുപോയതു? അദ്ദേഹം സനത് കുമാരനിൽനിന്നും ആത്മജ്ഞാനം നേടിയെന്ന് അങ്ങ് പറഞ്ഞുവല്ലോ!, എങ്ങനെയായിരുന്നു അദ്ദേഹം ആ ജ്ഞാനത്തെ തന്റെ ജീവിതത്തിൽ പകർത്തി നിത്യഗതിയെ പ്രാപിച്ചതു?. ഭഗവദവതാരമായതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മഹിമകളെ കേൾക്കുക എന്നത് അത്യന്തം ആനന്ദകരമായ കാര്യമാണു. മാത്രമല്ല, അത് സകല സൌഭാഗ്യങ്ങളും പ്രദാനം ചെയ്യുന്നു. ഈയുള്ളവനാകട്ടെ അങ്ങയുടേയും അധോക്ഷജനായ ആ പരമപുരുഷന്റേയും ഭക്തനാണു. അതുകൊണ്ട് വേനപുത്രനായ പൃഥുവിന്റെ കഥകൾ മുഴുവനായി പറഞ്ഞുതന്ന് അടിയനെ അനുഗ്രഹിച്ചാലും!.

സൂതൻ പറഞ്ഞു: ഹേ ബ്രാഹ്മണരേ!, വിദുരരുടെ ജിജ്ഞാസയെ കണ്ടു സന്തുഷ്ടനായ മൈത്രേയൻ വീണ്ടും ഇപ്രകാരം പറഞ്ഞുതുടങ്ങി: വിദുരരേ!, അന്ന്, ഋഷിമാർ പൃഥുവിനെ രാജാവാക്കിയതിനുശേഷം, രാജ്യത്താകമാനം വല്ലാത്ത അന്നക്ഷാമമുണ്ടായി. പ്രജകൾ പട്ടിണിയിൽ എല്ലുംതോലുമായി. അവർ രാജസന്നിധിയിലെത്തി കാര്യങ്ങളറിയിച്ചു. അവർ പറഞ്ഞു: രാജൻ!, മരത്തിനുള്ളിൽ അഗ്നി ബാധിച്ച് അത് കരിഞ്ഞുണങ്ങുന്നതുപോലെ ഞങ്ങൾ വിശപ്പാൽ വെന്തുരുകുകയാണു. അങ്ങ് ഞങ്ങളുടെ രക്ഷകനാണു. ഞങ്ങൾക്ക് തൊഴിൽ നൽകേണ്ടവനാണു. ഇന്ന് ഞങ്ങളിവിടെ വന്നിരിക്കുന്നത് ഞങ്ങളെ സംരക്ഷിക്കണമെന്ന് അപേക്ഷിക്കുവാനാണു. അങ്ങ് ഒരു സാധാരണ രാജാവിൽ കവിഞ്ഞ് ഭഗവാൻ ശ്രീഹരിയുടെ അവതാരംകൂടിയാണു. യഥാർത്ഥത്തിൽ രാജാധിരാജനാണു. അന്നധാതാവായ അവിടുന്ന് ഞങ്ങൾക്ക് തൊഴിലുകൾ നൽകി രക്ഷിക്കേണ്ടവനാണു. അതുകൊണ്ട് അന്നത്തിനുള്ള ദ്രവ്യം നൽകി ഞങ്ങളെ സഹായിച്ചാലും. അല്ലാത്തപക്ഷം ഞങ്ങൾ പട്ടിണിയിൽ മരിച്ചുപോകും.

പൃഥുമഹാരാജൻ തന്റെ രാജ്യത്തിന് സംഭവിച്ചിരിക്കുന്ന വിപത്തിന്റെ മൂലകാരണത്തെക്കുറിച്ച് വളരെയധികം ചിന്തിച്ചു. ഉടൻ‌തന്നെ അദ്ദേഹം അമ്പും വില്ലുമായി ഭൂമിക്കുനേരേയടുത്തു. തന്നെ കൊല്ലാനായി പാഞ്ഞടുക്കുന്ന ഭൂപതിയെ കണ്ട് ഭൂമീദേവി പേടിച്ചുവിറച്ചു. വേട്ടക്കാരനെ ഭയന്നോടുന്ന മാനിനെപ്പോലെ, പൃഥുരാജനെ കണ്ട് അവൾ ഒരു പശുവിന്റെ രൂപംകൈക്കൊണ്ട് ഓടിയകന്നു. ഇത് കണ്ട രാജാവിന്റെ കണ്ണുകൾ കോപത്താൽ ചുവന്നു.  അദ്ദേഹം വില്ലിൽ തൊടുത്ത അമ്പുമായി ഭൂമിക്ക് പിന്നാലെ പാഞ്ഞു. അവൾ ഇഹത്തിലും പരത്തിലുമായി ഏറെനേരം ഓടിയലഞ്ഞു. പിന്നാലെ പൃഥുമഹാരാജനും. ക്രൂരമായ കാലത്തിന്റെ പിടിയിൽനിന്നും ഭൂതങ്ങൾ രക്ഷപ്പെടാത്തതുപോലെ, എത്ര ഓടിയിട്ടും ഭൂമിക്ക് വേനപുത്രനിൽനിന്നും രക്ഷനേടാൻ കഴിഞ്ഞില്ല. ഓടിത്തളർന്ന അവൾ ഒടുവിപിൻവാങ്ങുകതന്നെ ചെയ്തു. തുടർന്ന്, ആപന്നവത്സലനായ പൃഥുരാജനിൽ അഭയം പ്രാപിച്ചുകൊണ്ട് ഗോരൂപിണിയായ ഭൂമീദേവി പറഞ്ഞു: ഹേ സർവ്വപാലകനായ ഭൂപതേ! എന്നെ രക്ഷിച്ചാലും!. അടിയൻ യാതൊരു തെറ്റും ചെയ്യാത്ത പാവമാണു. എനിക്കറിയില്ല അങ്ങെന്തിനാണെന്നെ വധിക്കാൻ ശ്രമിക്കുന്നതെന്നു. സർവ്വധർമ്മങ്ങളുമറിയേണ്ട അങ്ങ് എന്തിനാണ് എന്നിൽ ക്രോധാകുലനായിരിക്കുന്നതു? ഒരു സ്ത്രീയെ വധിക്കുവാൻ അങ്ങെന്തിനാണിത്ര ഉത്സുകനായി ഇറങ്ങിത്തിരിച്ചിരിക്കുന്നതു?. ഒരു സ്ത്രീ ഇനി എന്തെങ്കിലും അപരാധം കാട്ടിയാൽകൂടി അവളുടെമേൽ ആരും കൈവയ്ക്കുകയില്ല. അങ്ങനെയെങ്കിൽ കാരുണ്യവാനും രക്ഷകനും ദീനവത്സലനുമായ അങ്ങയെക്കുറിച്ചെന്ത് പറയാൻ? ഞാൻ സകലഭൂതങ്ങളേയും വഹിക്കുന്ന ഒരു നൌകയാണു. അങ്ങെന്നെ വധിക്കുന്നപക്ഷം, അങ്ങും അങ്ങയുടെ പ്രജകളും എങ്ങനെയാണ് ഈ ഗർഭോദകത്തിൽനിന്നും രക്ഷപ്പെടുന്നതു?.

പൃഥു ഭൂമിയുടെ വാക്കുകൾക്ക് മറുപടി പറഞ്ഞു: ഹേ ഭൂമീ!, നീ എന്റെ ആജ്ഞകളെ ലംഘിച്ചവളാണു. ഞങ്ങൾ അനുഷ്ഠിക്കുന്ന യജ്ഞവിഹിതം സ്വീകരിച്ചതിനുശേഷം, വേണ്ടത്ര അന്നത്തെ തിരിച്ചുനൽകേണ്ട ധാർമ്മികമായ ഉത്തരവാദിത്വം നീ കാട്ടിയില്ല. അതുകൊണ്ട് നമുക്ക് നിന്നെ വധിക്കാതെ നിർവ്വാഹമില്ല. ഇവിടുത്തെ പുല്ലുകൾ തിന്ന് വയറുനിറച്ചിട്ടും നീ നിന്റെ അകിടിൽ പാൽ ചുരത്തുന്നില്ല. അറിഞ്ഞുകൊണ്ട് അധർമ്മം കാട്ടിയെ നിന്നെ, ഒരു ഗോവെന്ന കാരണത്താൽ ശിക്ഷിക്കാതിരിക്കാൻ നമുക്ക് സാധ്യമല്ല. ബ്രഹ്മദേവന്റെ അനുഗ്രഹത്താലുണ്ടായ ധാന്യങ്ങളും വിത്തുകളും ഔഷധങ്ങളും നീ നിന്നിൽ ഒളിപ്പിച്ചുവച്ചിരിക്കുകയാണു. നമ്മുടെ ആജ്ഞയെ വകവയ്ക്കാതെ അവ വിട്ടുതരുവാൻ സന്നദ്ധയാകാത്ത നിന്റെ ബുദ്ധി ഭ്രമിച്ചുപോയിരിക്കുന്നു. അതുകൊണ്ട്, നിന്നെ തുണ്ടം തുണ്ടമായി വെട്ടിയരിഞ്ഞ് ആ മാംസം കൊണ്ട് എന്റെ പ്രജകൾ അവരുടെ വിശപ്പടക്കട്ടെ. അങ്ങനെ ഞാൻ അവരുടെ കരച്ചിൽ അടക്കാൻ പോകുന്നു. ആണായാലും പെണ്ണായാലും ഇനി ഷണ്ഡനായാൽകൂടി, സഹജീവികളിൽ കാരുണ്യമില്ലാതെ സ്വാർത്ഥനും ക്രൂരനുമായവനെ ഒരു രാജാവ് വധിക്കുകയാണെങ്കിൽ, അത് പാപകർമ്മമല്ല. നീ അഹങ്കാരം കൊണ്ട് സ്തബ്ദയും ഭാന്തിയുമായിരിക്കുകയാണു. മായാവിയായ നീ ഗോരൂപം പൂണ്ടുവെങ്കിലും നിന്നെ ഞാൻ ധാന്യത്തെപോലെ പൊടിക്കാൻ പോകുന്നു.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, ആ സമയം പൃഥുരാജൻ യമനെപ്പോലെ ക്രോധാകുലനായിരുന്നു. അദ്ദേഹം ക്രോധത്തിന്റെ മൂർത്തരൂപമായിമാറി. ആ വാക്കുകൾകേട്ട് ഭൂമി പേടിച്ചുവിറച്ചു. അവൾ തൊഴുകൈയ്യോടെ കീഴടങ്ങിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ഹേ ഭഗവൻ!, അദ്ധ്യാത്മസ്വരൂപനായ അങ്ങുതന്നെ അവിടുത്തെ മായാശക്തിയാൽ ത്രിഗുണങ്ങളുടെ പരിണാമഫലമായി ഈ പ്രപഞ്ചത്തിൽ പലേതരം ജീവഭൂതങ്ങളായി ഉടലെടുക്കുന്നു. എന്നാൽ ഒന്നിലും ബദ്ധനാകാതെ അങ്ങ് എപ്പോഴും അദ്ധ്യാത്മരൂപനായിത്തന്നെ നിലകൊള്ളുകയും ചെയ്യുന്നു. അങ്ങയെ ഒരുവിധത്തിലും ആ കർമ്മങ്ങൾ ബാധിക്കുന്നില്ല. സർവ്വതിനും അധിപതിയായ അങ്ങുതന്നെയാണ് ഈ പ്രപഞ്ചത്തേയും ത്രിഗുണങ്ങളേയും ഈ എന്നെത്തന്നെയും നിർമ്മിച്ചിരിക്കുന്നതു. ഞാൻ എന്നിലെ സർവ്വഭൂതങ്ങളേയും വഹിച്ചുകൊണ്ടുനിൽക്കുന്നു. എന്നിരുന്നാലും അങ്ങ് സർവ്വസ്വതന്ത്രനാണു. ഇന്നിതാ അങ്ങുതന്നെ എന്നെ അവിടുത്തെ ആയുധവുമായി വധിക്കാനൊരുങ്ങി എന്റെ മുന്നിൽ വന്നുനിൽക്കുന്നു. ഞാൻ ആരിൽ അഭയം പ്രാപിക്കണമെന്ന് പറഞ്ഞാലും!. ആദിയിൽ അവിടുത്തെ നിഗൂഡശക്തിയാൽ അങ്ങുതന്നെ സകല ചരാചരങ്ങളേയും സൃഷ്ടിച്ചു. അതേ മായാശക്തിയാൽത്തന്നെ അങ്ങ് അവയെ പരിപാലിക്കുകയും ചെയ്യുന്നു. ഇപ്പോൾ എന്തിനാണ് ധർമ്മപരിപാലകനായ അങ്ങുതന്നെ ഗോരൂപിണിയായ എന്നെ ഇത്രയധികം ഉത്സാഹത്തോടെ കൊല്ലാൻ തീരുമാനിച്ചിരിക്കുന്നതു?. ഒന്നായ അങ്ങ് അവിടുത്തെ മായയാൽ പലതായിവന്നിരിക്കുന്നു. ബ്രഹ്മദേവനായി അവതരിച്ചുകൊണ്ട് അങ്ങ് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി രചിച്ചു. അങ്ങ് ആ പരമപുരുഷനാണു. അജ്ഞാനികൾക്ക് അവിടുത്തെ മഹികളെ അയറിയാൻ സാധിക്കില്ല. കാരണം, അവർ അങ്ങയുടെതന്നെ മായാശക്തിയാൽ മോഹിച്ചവരാണു. അവിടുത്തെ ശക്തിയാൽ അങ്ങ് ഈ പ്രപഞ്ചത്തിന്റെ പരമകാരണമായി നിലകൊള്ളുന്നു. അങ്ങുതന്നെ അതിന്റെ ക്രിയയായും കാരകമായും ബുദ്ധിയായും നിലകൊള്ളുന്നു. അവിടുത്തെ ശക്തിയാൽ അങ്ങ് ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും സംഹരിക്കുകയും ചെയ്യുന്നു. സകലതും ഇവിടെ അങ്ങയുടെ ശക്തിയാൽ ചിലപ്പോൾ വ്യക്തമാകുകയും മറ്റുചിലപ്പോൾ അവ്യക്തമാകുകയും ചെയ്യുന്നു. അതുകൊണ്ട് സർവ്വകാരണകാരണനായ അങ്ങയിൽ ഞാനിതാ നമസ്ക്കാരമർപ്പിക്കുന്നു.

ഭഗവാനേ!, അജനായ അങ്ങ് ഒരിക്കൽ ജലത്തിൽ മുങ്ങിയ എന്നെ സൂകരവേഷം പൂണ്ട് ഉയർത്തി യഥാസ്ഥാനത്തിരുത്തി രക്ഷിച്ചവനാണു. അതിലൂടെ അങ്ങേയ്ക്ക് ധരാധരൻ എന്ന നാമവും സിദ്ധിച്ചു. എന്നാൽ ഇപ്പോഴിതാ അങ്ങുതന്നെ കൂർത്ത അമ്പുകൾകൊണ്ട് എന്നെ വധിക്കാനൊരുങ്ങിവന്നു നിൽക്കുന്നു. ഞാൻ എന്നിലെ സർവ്വവും വഹിച്ചുകൊണ്ട് ഒരു നൌകയെപ്പോലെ നിലകൊള്ളുന്നവളാണു. ഭഗവാനേ!, ഈയുള്ളവും അങ്ങളുടെ ത്രിഗുണങ്ങൾ പരിണമിച്ചുണ്ടായതാണു. ഞാനും അവിടുത്തെ ചേഷ്ടകളിൽ ഭ്രമിച്ചുനിൽക്കുന്നവളാണു. എന്തിനു പറയാൻ, അങ്ങയുടെ ഭക്തന്മാരുടെ കർമ്മങ്ങളെപ്പോലും മനസ്സിലാക്കാനുള്ള ബുദ്ധി ഈയുള്ളവൾക്കില്ല. പിന്നെയാണോ അവിടുത്തെ ലീലകളെ അറിയാൻ കഴിയുന്നതു?. ഞങ്ങൾക്ക് നിന്തിരുവടിയുടെ സകലലീലകളും അത്ഭുതകരമായി മാത്രമേ കാണാൻ കഴിയുന്നുള്ളൂ.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  പതിനേഴാമധ്യായം സമാപിച്ചു.
ഓം തത് സത്.
.


The king Prithu is planning to kill the earth

2019, ഫെബ്രുവരി 4, തിങ്കളാഴ്‌ച

4.16 പൃഥുമഹാരാജാവിനെ പണ്ഡിതന്മാർ പ്രകീർത്തിക്കുന്നു


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 16
(പൃഥുമഹാരാജാവിനെ പണ്ഡിതന്മാർ പ്രകീർത്തിക്കുന്നു)


മൈത്രേയൻ തുടർന്നു: വിദുരരേ!, ലാളിത്യവും മാധുര്യവും വിജ്ഞാനവും കലർന്ന പൃഥുമഹാരാജാവിന്റെ വാക്കുകളിൽ സന്തുഷ്ടരായ സൂതൻ മുതലായ പണ്ഡിതന്മാർ വീണ്ടും അദ്ദേഹത്തെ പ്രകീർത്തിക്കുവാൻ തുടങ്ങി.

അവർ പറഞ്ഞു: ഹേ രാജൻ!, അങ്ങ് ഭഗവാൻ ഹരിയുടെ അവതാരമാണു. അവന് ഞങ്ങളോടുള്ള കാരുണ്യത്താലാണ് അങ്ങ് ഇവിടെ വന്നവതരിച്ചതും. അതുകൊണ്ട് അങ്ങയുടെ മഹിമകളെ കണ്ടില്ലെന്നുനടിക്കാൻ ഞങ്ങൾക്ക് നിർവ്വാഹമില്ല. ബ്രഹ്മാദിദേവതകൾക്കുപോലും അവിടുത്തെ മഹിമകളെ വർണ്ണിക്കുവാൻ കഴിഞ്ഞിട്ടില്ല. എങ്കിലും അങ്ങയെ സ്തുതിക്കുന്നതിലൂടെ ഞങ്ങളനുഭവിക്കുന്ന ആനന്ദം അനന്തമാണു.  ഗുരുക്കന്മാർ ഉപദേശിച്ചരുളിയ അറിവുകളിലൂടെ മാത്രമേ ഞങ്ങൾക്ക് അങ്ങയെ സ്തുതിക്കുവാനാകൂ. എത്ര പറഞ്ഞാലും അവിടുത്തെ മഹിമകൾ നിസ്സീമമായിത്തന്നെയിരിക്കുന്നു. രാജാവേ!, ഭഗവദവതാരമായതിനാൽ അങ്ങയുടെ മഹിമകൾ ഉദാരവും ശ്ലാകനീയവുമാണു.

മൈത്രേയൻ തുടർന്നു: വിദുരരേ!, പണ്ഡിതന്മാർ മറ്റു ബ്രാഹ്മണശ്രേഷ്ഠന്മാരോട് പറഞ്ഞു: ഹേ ബ്രഹ്മബന്ധുക്കളേ!, ഈ നൃപൻ ധർമ്മാനുചാരികളിൽ മുമ്പനാണു. മാത്രമല്ല, ഇദ്ദേഹം തന്റെ പ്രജകളെ ധർമ്മം പഠിപ്പിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യും. അതോടൊപ്പം, ധർമ്മത്തിനെതിരായി പ്രവർത്തിക്കുന്നവരെ യഥാവിധി ശിക്ഷിക്കുകയും ചെയ്യുമെന്നറിയുക. ഈ രാജാവ് സകല ഭൂതങ്ങളേയും തന്നിൽതന്നെ കണ്ടുകൊണ്ട് അവയെ വേണ്ടവണ്ണം പരിപാലിക്കും. ഇദ്ദേഹം വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമായി ഭൂമിയൽ അനേകം മേഖലകളിൽ പ്രവർത്തിച്ചുകൊണ്ട് ലേകത്തിന്റെ ക്ഷേമം അങ്ങേയറ്റം ഉറപ്പുവരുത്തും. വേദങ്ങളെ ഉദ്ധരിപ്പിച്ചും ബ്രാഹ്മണശ്രേഷ്ഠന്മാരെക്കൊണ്ട് യജ്ഞങ്ങൾ ചെയ്യിപ്പിച്ചും ഊർദ്ദ്വലോകത്തെ ഇദ്ദേഹം പരിപാലിക്കുകയും, ഭൂമിയിലേക്ക് വേണ്ടത്ര മഴ പെയ്യിച്ചുകൊണ്ട് ഇഹലോകത്തെ സമൃദ്ധമാക്കുകയും ചെയ്യും. പൃഥുരാജൻ സൂര്യനെപോലെ കരുത്തുറ്റവനാണു. സൂര്യൻ തന്റെ പ്രകാശം പ്രപഞ്ചത്തിലെല്ലായിടവും എത്തിക്കുന്നതുപോലെ, അദ്ദേഹവും തന്റെ കാരുണ്യം പ്രജകളിലാകമാനം തുല്യതയോടെ പ്രദാനം ചെയ്യും. സൂര്യൻ ഭൂമിയിലെ ജലത്തെ എവ്വിധമാണോ നീരാവിയാക്കിയതിനുശേഷം കാലാന്തരത്തിൽ അവ മഴയായി തിരികെ നൽകുന്നത്, ഇദ്ദേഹവും ഔവ്വിധം പ്രജകളിൽനിന്ന് കരം ഈടാക്കുകയും പിന്നീടതവർക്കാവശ്യമാകുമ്പോൾ തിരികെ നൽകുകയും ചെയ്യും. പൃഥുരാജാവാവ് തന്റെ പ്രജകളിൽ കാരുണ്യമുള്ളവനായിരിക്കും. അജ്ഞാനത്താൽ നിയമങ്ങളെ മറികടന്നുകൊണ്ട് ആർക്കും ഒരു രാജാവിനെ എപ്പോൾ വേണമെങ്കിലും പ്രതിസന്ധിയിലാക്കാൻ സാധിക്കും. പക്ഷേ, കാരുണ്യവാനായ ഒരു രാജാവ് അവരെ നേർവഴിക്ക് തിരിച്ചുകൊണ്ട് അവർക്ക് മാപ്പുനൽന്നു. ഭൂമിപാലകനായ ഈ രാജാവ് അവളെപ്പോലെതന്നെ ക്ഷമാശീലനായിരിക്കും. മഴയില്ലാതെ ജനങ്ങൾ ജലത്തിനായി ബുദ്ധിമുട്ടുമ്പോൾ ഇന്ദ്രനെപ്പോലെ ഇദ്ദേഹം മഴ പ്രദാനം ചെയ്തുകൊണ്ട് അവരെ വരൾച്ചയിൽനിന്നും രക്ഷിച്ചരുളും. പൃഥുരാജൻ തന്റെ കർത്തവ്യകർമ്മങ്ങളിലൂടെ പ്രജകൾക്ക് സകലവിധ സൌകര്യങ്ങളും നൽകിക്കൊണ്ട് അവരിൽ സദാ ശാന്തിയും സമാധാവും നിലനിർത്തും.  ആ തിരുമുഖത്ത് നിറപുഞ്ചിരി വിടർത്തിക്കൊണ്ട് അദ്ദേഹം എപ്പോഴും അവരുടെ ഹൃദയത്തിൽ വസിക്കുകയും ചെയ്യും.

പൃഥുവിന്റെ പദ്ധതികൾ ആർക്കുംതന്നെ മനസ്സിലാകുന്നവയായിരിക്കില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ കർമ്മങ്ങൾ എപ്പോഴും നിഗൂഢമായവയായിരിക്കും. ആ കർമ്മങ്ങളുടെ പിന്നിലെ രഹസ്യങ്ങൾ ആരുംതന്നെ അറിയുന്നുണ്ടാകില്ല. ഖജനാവിനെക്കുറിച്ചും ആർക്കും ഒന്നുംതന്നെ അറിയാൻ സാധിക്കില്ല. അദ്ദേഹം അനന്തമായ ഗുണങ്ങളുടെ ഉറവിടമായിരിക്കും. സമുദ്രത്തിൽ വരുണനെന്നപോലെ അദ്ദേഹത്തിൽ സകലഗുണങ്ങളും സദാ പാലിക്കപ്പെടുകയും ചെയ്യും.

ഹേ മഹാത്മാക്കളേ!, അരണിയിൽനിന്നും അഗ്നിയുണ്ടാകുന്നതുപോലെയാണ് വേനരാജാവിൽനിന്നും പൃഥുമഹാരാജൻ ജനിച്ചതു. അതുകൊണ്ടുതന്നെ അദ്ദേഹം അഗ്നിയെപ്പോലെ സദാ ഉജ്ജ്വലനായിരിക്കും. ശത്രുക്കൾ ഒരിക്കലും അദ്ദേഹത്തെ സമീപിക്കുവാൻ ശ്രമിക്കുകയില്ല. പകരം, അടുത്തുനിൽക്കുമ്പോഴും അവർ അദ്ദേഹത്തിൽനിന്നും സർവ്വദാ അകന്നുനിൽക്കുന്നതായിരിക്കും. അദ്ദേഹത്തിന്റെ ശക്തിയെ വെല്ലാൻ മറ്റൊരു ശക്തിക്കും സാധ്യമല്ലെന്നറിയുക. തന്റെ പ്രജകളായ സകലരുടെയും കർമ്മങ്ങളേയും ചിന്തകളേയും വീക്ഷിക്കുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരിക്കും. എന്നാൽ ആർക്കും അദ്ദേഹത്തിന്റെ ഈ ഗൂഢാവേക്ഷണത്തിന്റെ രഹസ്യം അറിയാൻ സാധിക്കുകയില്ല. അദ്ദേഹം തന്റെ നിന്ദയേയും സ്തുതിയേയും സമചിത്തതയോടെ സ്വീകരിക്കുന്നവനായിരിക്കും. വായുവും ആത്മാവും സദാ ശരീരത്തിൽ തങ്ങളുടെ കർമ്മങ്ങൾ നിറവേറ്റിക്കൊണ്ട് നിസ്പൃഹമായി വർത്തിക്കുന്നതുപോലെ, അദ്ദേഹം തന്റെ പ്രവൃത്തികളിൽ സദാ നിസ്സംഗനായി നിലകൊള്ളും. ധർമ്മപദത്തിൽനിന്നും വ്യതിചലിക്കാതെ സ്വപുത്രനേയും ശത്രുവിന്റെ പുത്രനേയും തുല്യമായി കാണും. കുറ്റം ചെയ്താൽ സ്വന്തം മകനായിരുന്നാലും ശിക്ഷിക്കുകയും, നിരപരാധിയാണെന്നറിഞ്ഞാൽ ശത്രുവിന്റെ മകനെപ്പോലും വെറുതേ വിട്ടയയ്ക്കുകയും ചെയ്യും. സൂര്യരശ്മികൾ യാതൊരു തടസ്സവും കൂടാതെ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നതുപോലെ, പൃഥുരാജൻ തന്റെ ആധിപത്യം ലോകം മുഴുവൻ നിഷ്‌‌പ്രയാസം സ്ഥാപിക്കുകയും ചെയ്യും. അങ്ങനെ തന്റെ കർമ്മങ്ങളിലൂടെ അദ്ദേഹം ജനങ്ങളുടെ സ്നേഹത്തിനും വിശ്വാസത്തിനും അങ്ങേയറ്റം പാത്രമാകുകയും ചെയ്യും. ഇദ്ദേഹം സത്യസന്ധനും ദൃഢവ്രതനുമായിരിക്കും. ബ്രാഹ്മണപ്രിയനും വൃദ്ധസേവകനുമായ ഇദ്ദേഹം തന്നിൽ ആശ്രയംകൊള്ളുന്നവരെ ഒരിക്കലും കൈവെടിയുകയില്ല. ദീനവത്സലനായിക്കൊണ്ട് പൃഥുരാജൻ എല്ലാവരേയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യും. സ്തീകളെ അദ്ദേഹം അമ്മയെപ്പോലെ ആദരിക്കും. പത്നിയെ തന്റെ അർദ്ധാംഗിനിയായി സ്നേഹിക്കുയും ചെയ്യും. പിതൃഭക്തനായ പൃഥുരാജാവ് ബ്രഹ്മവാദികളുടെ കിങ്കരനെപ്പോലെ അവർക്ക് സേവ ചെയ്യും. സകലഭൂതങ്ങളേയും അദ്ദേഹം തന്നിൽ കണ്ടു സ്നേഹിക്കും. നിസ്സംഗനായ അദ്ദേഹം സകല ഭൂതങ്ങളുടേയും സുഹൃത്തുമായിരിക്കും. എന്നാൽ അധർമ്മികളെ ശിക്ഷിക്കുന്നതിലും മുമ്പനായിരിക്കുമെന്നറിഞ്ഞുകൊള്ളുക.

സാക്ഷാത് ഭഗവദവതാരമായ ഇദ്ദേഹം മൂന്നുലോകങ്ങൾക്കും അധിപനായി വാഴും. കൂടസ്ഥനായി നാനാത്വത്തിൽ ഏകത്വം ദർശിക്കുന്നവനായിരിക്കും ഈ രാജാവ്. വീരനായ ഇദ്ദേഹത്തോട് മത്സരിക്കുവാൻ മൂലോകങ്ങളിലും ആരുംതന്നെ ഉണ്ടാവുകയില്ലെന്നറിയുക. അദൃശ്യമായ തന്റെ അമ്പുമായി രഥത്തിലേറി ലോകം മുഴുവൻ സൂര്യതേജസ്സോടെ ഇദ്ദേഹം തന്റെ ജൈത്യയാത്ര നടത്തും. സഞ്ചാരത്തിനിടയിൽ കണ്ടുമുട്ടുന്ന സകല രാജാക്കന്മാരും ദേവതകളും അദ്ദേഹത്തിന് യഥാവിധി ബലികൾ അർച്ചിക്കുകയും അവരുടെ പത്നിമാർ അദ്ദേഹത്തെ ആദിരാജാവായിക്കണ്ട് ബഹുമാനിക്കുകയും ചെയ്യും. ഭഗവദ്ചിഹ്നങ്ങളായ ഗദയും ചക്രവും കണ്ട് ഭഗവാനെ ആരാധിക്കുന്നതുപോലെ അദ്ദേഹത്തെയും അവർ ആരാധിക്കും. ഇദ്ദേഹം പ്രജാപതിക്ക് തുല്യനായ രാജാവായിരിക്കും. തന്റെ പ്രജകളുടെ ക്ഷേമത്തിനുവേണ്ടി അദ്ദേഹം ഗോരൂപിണിയായ ഭൂമീദേവിയുടെ പാൽ കറന്നെടുക്കും. ഇന്ദ്രനെപ്പോലെ പൃഥു തന്റെ വില്ലിന്റെ കൂർത്ത അഗ്രത്താൽ പർവ്വതങ്ങൾ പൊടിച്ചുനിരത്തിൽ ഭൂമിയെ നിരപ്പാക്കും. വനത്തിൽ സിംഹം തന്റെ വാൽ മേലേക്കുയർത്തി സഞ്ചരിക്കുമ്പോൾ മറ്റുള്ള മൃഗങ്ങൾ ഗുഹകളിലേക്കും ചില്ലകളിലേക്കും ഓടിയൊളിക്കുന്നതുപോലെ, പൃഥുരാജൻ തന്റെ രാജ്യത്തിലൂടെ സഞ്ചരിക്കുമ്പോൾ, അദ്ദേഹത്തിന്റെ വില്ലിന്റെ ഞാണൊലി കേൾക്കുമ്പോൾ, ആസുരസ്വഭാവികളായ സകലരും ആ പരിസരത്തുനിന്നും നാലു ദിക്കുകളിലായി പാഞ്ഞൊളിക്കും.

പണ്ഢിതരേ!, പിന്നീടൊരിക്കൽ സരസ്വതീതീരത്ത് അദ്ദേഹം അശ്വമേധയാഗം നടത്തുകയും, നൂറാം യാഗത്തിനിടയിൽ യാഗാശ്വത്തെ ഇന്ദ്രൻ മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്യും. ഒരിക്കൽ അദ്ദേഹം തന്റെ ഉദ്യാനത്തിൽ സനത് കുമാരനെ കാണാനിടവരുകയും, തുടർന്ന് കുമാരനെ ഭക്ത്യാദരപൂർവ്വം പൂജിക്കുകയും, അതിൽ സമ്പ്രീതനായ കുമാരനിൽനിന്നും ആത്മജ്ഞാനം നേടുവാനുള്ള മഹാഭഗ്യം ലഭിക്കുകയും ചെയ്യും. ഇങ്ങനെ സ്വന്തം കർമ്മങ്ങളാൽ വിശ്രുതനാകപ്പെടുന്ന പൃഥുമഹാരാജൻ ജനങ്ങളിൽനിന്നും തന്റെ മഹിമകളെക്കുറിച്ച് കേൾക്കാനിടവരികയും ചെയ്യും. പൃഥുമഹാരാജാവിന്റെ ആജ്ഞകളെ നിരസിക്കുവാൻ ആർക്കുംതന്നെ ഇവിടെ ധൈര്യമുണ്ടാകുകയില്ല. രാജാവായി വർത്തിച്ചുകൊണ്ട് അദ്ദേഹം ജനങ്ങളുടെ സകലദുഃഖങ്ങൾക്കും അറുതിവരുത്തും. അങ്ങനെ തന്റെ സൽക്കർമ്മങ്ങളാൽ മൂലോകങ്ങളിലും പ്രസിദ്ധനാകുന്ന പൃഥുമഹാരാജാവിന്റെ മഹിമകളെ ദേവന്മാരും അസുരന്മാരും ഒരുപോലെ പുകഴ്ത്തുകയും ചെയ്യും.      

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  പതിനാറാമധ്യായം സമാപിച്ചു.
ഓം തത് സത്




Scholars praise king prithu

2019, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

4.15 പൃഥുവിന്റെ അവതാരവും രാജ്യാഭിഷേകവും


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 15
(പൃഥുവിന്റെ അവതാരവും രാജ്യാഭിഷേകവും)

മൈത്രേയൻ തുടർന്നു: വിദുരരേ!, ഋഷികൾ വീണ്ടും വേനന്റെ ഇരുകൈകളുംകൂടി മന്ഥനം ചെയ്തു. അതിൽന്നിനും ഒരു കൌമാരമിഥുനം പ്രത്യക്ഷമായി. അവരെ കണ്ട മാത്രയിൽതന്നെ ഭഗവദ്കലകളുടെ അംശമാണവതരിച്ചിരിക്കുന്നതെന്ന് വേദജ്ഞരായ ബ്രാഹ്മണർക്ക് മനസ്സിലാക്കാൻ സാധിച്ചു. അവർ പറഞ്ഞു: ഈ സ്ത്രീപുരുഷന്മാർ ഭഗവാൻ നാരായണന്റേയും അവനോട് സദാ ചേർന്നിരിക്കുന്ന ലക്ഷ്മീഭഗവതിയുടേയും അംശങ്ങളാണ്. ഇതിൽ പുരുഷൻ പൃഥുവെന്ന നാമത്തിൽ മൂലോകങ്ങളിലും പ്രസിദ്ധനാകുകയും രാജാക്കന്മാരിൽ പ്രഥമനാകുകയും ചെയ്യും. അതുപോലെതന്നെ അപാര ദന്തഭംഗിയും അതീവ സൌന്ദര്യവുമൊത്ത ഇവൾ അർച്ചി എന്ന നാമത്തിൽ അറിയപ്പെടുകയും യൌവ്വ‌നയുക്തയാകുമ്പോൾ പൃഥുവിനെ വിവാഹം കഴിക്കുകയും ചെയ്യും. രാജ്യാഭിഷിക്തനാകുന്ന പൃഥു തന്റെ പ്രജകളുടെ ക്ഷേമത്തിൽ തത്പരനായി പ്രവർത്തിക്കും. പൃഥുരൂപത്തിൽ അവതരിച്ച ആ പരമപുരുഷന്  അനുയാത്രികയായി അർച്ചിയുടെ രൂപത്തിൽ ദേവിയും സാന്നിധ്യമരുളും.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, ഇങ്ങനെ പറഞ്ഞതിനുശേഷം, ഋഷികൾ പൃഥുവിനെ സ്തുതിച്ചു. ഗന്ധർവ്വന്മാർ അവനെ പ്രകീർത്തിച്ചുപാടി. സിദ്ധലോകങ്ങളൊന്നാകെ അവനുമേൽ പുഷ്പവൃഷ്ടി ചൊരിഞ്ഞു. അപ്സരസ്സുകൾ നൃത്തം വച്ചു. സ്വർഗ്ഗത്തിൽ ശംഖതൂര്യമൃദംഗവാദ്യങ്ങൾ മുഴങ്ങി. സകല മുനികളും പിതൃക്കളും ബ്രഹ്മദേവനടക്കമുള്ള ദേവതകളും ഉടൻതന്നെ അവിടെയെത്തി. പൃഥുവിന്റെ വലതുകൈയ്യിൽ വിഷ്ണുചിഹ്നവും പാദതലത്തിൽ താമരയും കണ്ടപ്പോൾ, അവൻ ഭഗവദവതാരമാണെന്ന് ബ്രഹ്മാവിന് മനസ്സിലായി. വിദുരരേ!, ആരുടെ കൈവെള്ളയിലാണോ ഭഗവദ്ചക്രത്തിന്റെ അടയാളമുള്ളത്, അവൻ ആ പരമപുരുഷന്റെ അവതാരമാണെന്നറിഞ്ഞുകൊള്ളുക. വേദവാദികളായ ആ ബ്രാഹ്മണന്മാർ ഉടൻ തന്നെ നാലുദിക്കുകളിൽനിന്നും വേണ്ട സാധനസാമഗ്രികൾ കൊണ്ടുവന്ന് പൃഥുവിന്റെ പട്ടാഭിഷേകം മംഗളമായി കൊണ്ടാടി. നദികളും സമുദ്രങ്ങളും മലകളും നാഗങ്ങളും പശുക്കളും പക്ഷികളും ആകാശവും ഭൂമിയും എന്നുവേണ്ടാ സകല ജീവജാലങ്ങളും അവരുടെ യഥാശക്തി ഉപഹാരങ്ങളുമായി തങ്ങളുടെ രാജാവിനെ കാണാനെത്തി. സർവ്വരുടേയും സാന്നിധ്യത്തിൽ സർവ്വാഭരണവിഭൂഷിതനായ പൃഥുവിനെ അവർ രാജ്യാഭിഷിക്തനാക്കി. വാമഭാഗത്ത് അർച്ചിയും സർവ്വാലങ്കാരങ്ങളോടെ അഗ്നിയെപ്പോലെ തിളങ്ങിക്കണ്ടു.

വിദുരരേ!, സമ്മാനമായി ആരൊക്കെ എന്തൊക്കെയാണ് കൊണ്ടുവന്നതെന്നറിയേണ്ടേ!. കുബേരൻ ഒരു സ്വണ്ണസിംഹാസനം സമ്മാനിച്ചു. വരുണൻ പൂർണ്ണചന്ദ്രനെപ്പോലെ തോന്നിക്കുന്നതും സദാ ജലസ്രവം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു കുടയായിരുന്നു കൊണ്ടുവന്നതു. വായുദേവൻ രണ്ട് ചാമരങ്ങൾ സമ്മാനിച്ചു. ധർമ്മദേവൻ യശ്ശസ്സിനെ വർദ്ധിപ്പിക്കുന്ന ഒരു പൂമാല പൃഥുവിനെ അണിയിച്ചു. ഇന്ദ്രൻ കിരീടവും, യമരാജൻ ദണ്ഢവും നൽകി. ബ്രഹ്മദേവൻ പൃഥുവിന് ജ്ഞാനത്താൽ തീർത്ത കവചമണിയിച്ചു. ദേവി സരസ്വതി ഒരു ഹാരം നൽകി. ഭഗവാൻ വിഷ്ണു സുദർശനചക്രം നൽകി പൃഥുവിനെ അനുഗ്രഹിച്ചു. ലക്ഷ്മീഭഗവതിയാകട്ടെ അവന് സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്തു. മഹാദേവൻ പത്തുചന്ദ്രന്മാരാലങ്കരിക്കപ്പെട്ട ഒരു വാൾ സമ്മാനിച്ചപ്പോൾ, അംബിക അതിനായി നൂറു ചന്ദ്രന്മാരാലലംകൃതമായ ഒരു വാളുറയും നൽകി. ചന്ദ്രൻ അമൃതജന്യമായ ഒരു കുതിരയേയും വിശ്വകർമ്മാവ് ഒരു തേരും പൃഥുമഹാരാവിന് കാഴ്ച്ചവച്ചു. അഗ്നി ആടുമാടുകളുടെ കൊമ്പുകൾകൊണ്ട് നിർമ്മിച്ച ഒരു വില്ലും, സൂര്യൻ തന്റെ കിരണങ്ങൾക്കു സമാനമായ അമ്പുകളും ദാനം ചെയ്തു. ഭൂമിദേവി യോഗമായാവൃതമായ പാദുകങ്ങളും, സ്വർല്ലോകവാസികൾ വിവിധയിനം പൂച്ചെണ്ടുകളും പ്രദാനം ചെയ്തു. ആകാശസഞ്ചാരികളായ മറ്റു ദേവതകൾ പൃഥുരാജന് പാടാനും വാദ്യോപകരണങ്ങളുപയോഗിക്കുവാനുമുള്ള കലകൾ കൊണ്ടനുഗ്രഹിച്ചു. അതുകൂടാതെ സ്വേഛയാൽ അപ്രത്യക്ഷനാകാനുള്ള സിദ്ധിയും അവർ അദ്ദേഹത്തിന് നൽകി. ഋഷികൾ സർവ്വമംഗളങ്ങളും നൽകിയനുഗ്രഹിച്ചു. സമുദ്രം തന്റെ അടിത്തട്ടിൽനിന്നും ഒരു ശംഖ് സമ്മാനിച്ചു. കടലും പർവ്വതങ്ങളും നദികളും അദ്ദേഹത്തിന് തന്റെ രഥവുമായി യഥേഷ്ടം സഞ്ചരിക്കുവാനുള്ള അനുമതി നൽകി. സൂതൻ, മാഗധൻ, വന്ദി എന്നീ പണ്ഢിതശ്രേഷ്ഠന്മാർ തങ്ങളുടെ രാജാവിന്റെ പുകൾ പാടി സ്തുതിച്ചു. എല്ലാവരും തങ്ങളുടെ കർത്തവ്യനിർവ്വഹണം വളരെ ഭംഗിയായിത്തന്നെ അനുഷ്ഠിച്ചു.

വിർദുരരേ!, വിവിധതരം സമ്മാനങ്ങൾ കാശ്ചവച്ചുകൊണ്ട് തന്നെ നമസ്കരിച്ചുനിൽക്കുന്ന നരദേവതിര്യക്ജാതികളെ കണ്ട് അവരോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് പൃഥുമഹാരാജൻ ഇപ്രകാരം പറഞ്ഞു. ബ്രഹ്മാദിദേവതകൾക്കും സൂതമഗധാദി പണ്ഢിതജനങ്ങൾക്കും അവരോടൊപ്പം ഇവിടെ കൂടിയിരിക്കുന്ന സകല ഭൂതങ്ങൾക്കും എന്റെ പ്രണാമം!. നിങ്ങൾ നമുക്കായി കാഴ്ചവച്ച സമ്മാനങ്ങൾ നാം സന്തോഷപൂർവ്വം സ്വീകരിക്കുന്നു. എന്നാൽ നിങ്ങൾ പാടിയ ഗുണഗണങ്ങളൊന്നുംതന്നെ നമ്മിൽ ഇല്ലാത്തവയാണെന്നറിഞ്ഞാലും. നമ്മിലില്ലാത്തെ ഗുണങ്ങളെ നമ്മോടുചേർത്തുവയ്ക്കുന്നതെന്തിനാണ്?. എപ്പോഴും അർഹിക്കുന്നവരെ മാത്രമേ പ്രശംസിക്കാൻ പാടുള്ളൂ. ഹേ വാഗ്മികളേ!, ല്ലാത്തപക്ഷം, ആ ഗുണങ്ങൾ നമ്മിൽ വന്നുചേരുമ്പോൾ മാത്രം നമ്മെ അഭിനന്ദിക്കുക. ഭഗവദ്മഹിമകളെ വാഴ്ത്തിസ്തുതിക്കുന്നവർ ആരെയും ഇങ്ങനെ ഇല്ലാത്ത ഗുണങ്ങളെക്കൊണ്ട് പ്രശംസിക്കാറില്ല. തന്നിലില്ലാത്ത ഗുണങ്ങളെ ഉണ്ടെന്നുവരുത്തി ഒരാൾ മുന്നിൽ നിന്ന് പ്രകീർത്തിമ്പോൾ ബുദ്ധിമാനായ ഒരുവൻ എങ്ങനെയാണ് അതിൽ സന്തുഷ്ടനാകുന്നതു?. വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ നീ ഒരു പണ്ഢിതനാകുമായിരുന്നുവെന്ന് ഒരാളോട് മറ്റൊരാൾ പറയുന്നത് വെറുമൊരു പ്രഹസനം മാത്രമാണു. അത്തരം വ്യാജമായ പ്രശംസയിൽ തലയുയുർത്തുന്ന മൂഢനറിയുന്നില്ല, അവർ തന്നെ പരിഹസിക്കുകയാണെന്നു. അഭിമാനമുള്ളവനും ഉദാരനുമായ ഒരാൾ ഇങ്ങനെ അധാർമ്മികമായ പ്രശംസകളെ ഏറ്റുവാങ്ങാറില്ല. അതുപോലെ വിശ്രുതനായ ഒരാൾക്ക് തന്നെ പ്രശംസിക്കുന്നത് കേട്ടുനിൽക്കുവാനുമാകില്ല. സൂതൻ മുതാലായ പ്രിയ ഭക്തന്മാരേ!, ഈ സമയം നാം പ്രശംസക്ക് പാത്രമല്ല. കാരണം, നിങ്ങൾ പ്രശംസിക്കുന്ന തരത്തിൽ ഒന്നുംതന്നെ നാമിവിടെ ചെയ്തിട്ടില്ല. അങ്ങനെയിരിക്കെ എങ്ങനെയാണ് നാം കുട്ടികളെപ്പോലെ നിങ്ങളുടെ പ്രശംസയെ ആഗ്രഹിക്കുന്നതു?.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  പതിനഞ്ചാമധ്യായം സമാപിച്ചു.
ഓം തത് സത്.

2019, ജനുവരി 31, വ്യാഴാഴ്‌ച

4.14 വേനന്റെ ചരിത്രം


ഓം

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 14
വേനന്റെ ചരിത്രം

lord krishna എന്നതിനുള്ള ചിത്രം മൈത്രേയൻ തുടർന്നു: വിദുരരേ!, ഭൃഗു ആദിയായിട്ടുള്ള മഹർഷിമാർ ജനങ്ങളുടെ നന്മയ്ക്കായി വർത്തിക്കുന്നവരാണെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ!. അംഗന്റെ തിരോധാനത്തിനുശേഷം രാജ്യത്ത് അരാജകത്വമുണ്ടായപ്പോൾ ജനങ്ങൾ സർവ്വസ്വതന്ത്രരാകുന്നതായും അതിലൂടെ ധർമ്മച്യുതിയുണ്ടാകുന്നതായും ഋഷിമാർ മനസ്സിലാക്കി. അവർ രാജ്ഞിയെ ക്ഷണിച്ചുവരുത്തി അവരുടെ അനുവാദത്തോടുകൂടി വേനനെ രാജാവായി അഭിഷേകം ചെയ്തു. എന്നാൽ, മന്ത്രിമാർക്കാർക്കും അത് സ്വീകാര്യമായിരുന്നില്ല. കാരണം, വേനന്റെ സ്വഭാവം എല്ലാവർക്കുമറിയാമായിരുന്നു. വേനൻ രാജാവായതറിഞ്ഞ്, പാമ്പിനെ ഭയന്ന് എലികൾ പുറത്തുവരാതെ മാളത്തിൽത്തന്നെ ഒളിച്ചിരിക്കുന്നതുപോലെ, കള്ളന്മാരും തെമ്മാടിക്കൂട്ടങ്ങളും, തങ്ങളുടെ താവളങ്ങളിൽതന്നെ ഒളിച്ചിരുന്നു. രാജ്യാധികാരം കിട്ടിയതോടെ വേനൻ സകല ഐശ്വര്യങ്ങൾക്കും പാത്രമാകുകയും, അതോടുകൂടി അവൻ അഹങ്കാരിയായി മാറുകയും ചെയ്തു. ഇവിടെ തന്നെക്കാൾ വലിയവരാരുമില്ലെന്ന ചിന്തയിൽ അവൻ മഹത്തുക്കളെപോലും അപമാനിക്കാൻ തുടങ്ങി. ഭൌതിക സമ്പത്താൽ മദാന്ധനായ വേനൻ ഒരിക്കൽ തന്റെ രഥത്തിലേറി, മദമിളകിയ ഒരാനയെപ്പോലെ ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചു. അവന്റെ രഥചക്രങ്ങളോടിയിടത്തൊക്കെ ഭൂമിയും ആകാശം കുലുങ്ങിവിറച്ചു. യജ്ഞമനുഷ്ഠിക്കുന്നതിൽനിന്നും ദാനധർമ്മങ്ങൾ ചെയ്യുന്നതിൽനിന്നും ബ്രാഹ്മണരെ അവൻ വിലക്കി. ഇനി മേൽ ആരുംതന്നെ ധർമ്മമാചരിക്കാൻ പാടില്ലെന്ന് അവൻ ലോകത്തിനുമുന്നിൽ പെരുമ്പറകൊട്ടി വിളംബരം ചെയ്തു

വേനന്റെ ഈ ക്രൂരതയിൽ പ്രകോപിതരായ ഋഷികൾ ഒത്തുകൂടി ലോകത്തിനു സംഭവിച്ചിരിക്കുന്ന വിപത്തിന് സാമാധാനമാരാഞ്ഞു. ഈ പ്രപഞ്ചത്തിനുതന്നെ കൊടിയ ദുരന്തം സംഭവിക്കാൻ പോകുകയാണെന്ന് അവർക്ക് മനസ്സിലായി. യാജ്ഞികരായ അവർ ലോകത്തോടുള്ള അനുകമ്പയിൽ വേണ്ടതു ചെയ്യാൻ തീരുമാനിച്ചു. പ്രജകൾ ഒന്നടങ്കം തീരാവിപത്തിനടിമയാകാൻ പോകുകയാണെന്ന് അവർ മനസ്സിലാക്കി. ഒരു മരക്കഷണത്തിന്റെ രണ്ടറ്റത്തുനിന്നും അഗ്നി പടർന്നാൽ അതിന്റെ മധ്യഭാഗത്തിരിക്കുന്ന ഉറുമ്പൾക്ക് മരണമല്ലാതെ മറ്റൊന്നും സംഭവിക്കുവാനില്ല. അതുപോലെ, ഒരു ഭാഗത്തുനിന്നും ദുഃഷ്ടനായ ഒരു രാജാവും മറുഭാഗത്തുനിന്നും കള്ളന്മാരും തെമ്മാടിക്കൂട്ടങ്ങളും തങ്ങൾക്ക് ദുരന്തം വിതച്ചുകൊണ്ടിരിക്കുന്നതുകണ്ട് ജനങ്ങൾ പരിഭ്രാന്തരായി. രാജ്യത്തെ അരാജകത്വത്തിൽനിന്നു രക്ഷിക്കുവാനായി ഒരു രാജാവുണ്ടാകേണ്ടത് അനിവാര്യമാണെന്ന ചിന്തയോടുകൂടി, അയോഗ്യനെന്നറിഞ്ഞുകൊണ്ടുതന്നെ, വേനനെ ഋഷിമാർ രാജാവായി വാഴിക്കാൻ തീരുമാനിച്ചു. അങ്ങനെ വേനൻ ആ രാജ്യത്തെ രാജാവയി അഭിഷേകം ചെയ്യപ്പെട്ടു. പക്ഷേ, പ്രതീക്ഷിച്ചതുപോലെതന്നെ അവൻ ജനങ്ങളെ പലതരത്തിലും ഉപദ്രവിക്കാൻ തുടങ്ങി. സുനീതയുടെ ഗർഭത്തിൽ ജനിച്ചതിലൂടെത്തന്നെ വേനൻ അനർത്ഥകാരിയായിരിക്കുമെന്ന വസ്തുത സ്വാഭാവികമായിരുന്നു. അങ്ങനെയൊരുവനെ കൂടെ കൂട്ടിയത് പാമ്പിന് പാലുകൊടുത്തു വളർത്തുന്നതുപോലെയായി എന്ന് ഋഷികൾക്ക് ബോധ്യമായി. അപ്പോഴേക്കും അവൻ സർവ്വോപദ്രവകാരിയായി മാറിക്കഴിഞ്ഞിരുന്നു. പ്രജകളെ സംരക്ഷിക്കേണ്ട രാജാവായ വേനൻ അവരുടെ ശത്രുവായിമാറി.

ഇത്രയൊക്കെയായിട്ടും അവനെ നേർവഴിക്കുകൊണ്ടുവാരാൻ ഋഷികൾ വീണ്ടും ശ്രമം നടത്തി. കുറഞ്ഞപക്ഷം അവൻ ചെയ്യുന്ന പാപകർമ്മങ്ങളുടെ ഫലം അവർകൂടി പങ്കിട്ടനുഭവിക്കേണ്ടി വരില്ലല്ലോ! എന്നവരോർത്തു. അവർ പരസ്പരം പറഞ്ഞു: ശരിയാണ്. നമുക്കറിയാമായിരുന്നു വേനന്റെ സ്വഭാവം. എന്നിട്ടും നമ്മൾ അവനെ സിംഹാസനത്തിലിരുത്തി. ഇനിയും അവൻ നമ്മുടെ ഉപദേശങ്ങളനുസരിക്കാത്തപക്ഷം പ്രജകളോടൊപ്പം ചേർന്ന് അവനെ സ്ഥാനഭ്രഷ്ടനാക്കാം. ശേഷം തപഃശക്തിയാൽ നമുക്കവനെ ഭസ്മമമാക്കുകയും ചെയ്യാം.

ഇങ്ങനെ വിചാരിച്ചുകൊണ്ട് ഋഷികൾ തങ്ങളുടെ കോപം ഉള്ളിലടക്കി ഒരുനാൾ വേനനെ സമീപിച്ചു. സമാധാനപരമായ ഒരു നീക്കത്തിലൂടെ മധുരമായ വാക്കുകളിൽ അവർ പറഞ്ഞു: ഹേ രാജൻ!, ഞങ്ങൾ അങ്ങയുടെ ക്ഷേമത്തിനായിക്കൊണ്ട് ചില കാര്യങ്ങൾ അറിയുക്കുവാൻ വന്നതാണ്. അത് ശ്രദ്ധയോടെ കേൾക്കുക. ഞങ്ങളുടെ ഈ ഉപദേശം സ്വീകരിക്കുന്നപക്ഷം അങ്ങയുടെ ആയുസ്സും സർവ്വൈശ്വര്യങ്ങളും ശക്തിയും യശസ്സും വർദ്ധിക്കുന്നതാണ്. ധർമ്മത്തിന്റെ പാതയിലൂടെ ചരിക്കുന്നവരും അതിനെ വാക്കുകൊണ്ടും മനസ്സുകൊണ്ടും ശരീരംകൊണ്ടും ബുദ്ധികൊണ്ടും ആചരിക്കുന്നവരും സർവ്വദുഃഖങ്ങളുമൊഴിഞ്ഞ ഊർദ്ദ്വലോകങ്ങളിലേക്ക് ഉയർത്തപ്പെടുന്നു. അങ്ങനെ സംഭവിക്കുന്നതിലൂടെ അവർ മായയുടെ പിടിയിൽനിന്നുമകന്ന് അനന്തമായ ആനന്ദമനുഭവിക്കുന്നു. ഹേ വീരാ!, താങ്കളുടെ കർമ്മങ്ങൾകൊണ്ട് സാമാന്യജനങ്ങൾക്ക് അവരുടെ ആത്മീയജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല. അങ്ങനെ സംഭവിക്കുന്നപക്ഷം താങ്കളുടെ ഐശ്വര്യം കുറയുകയും താങ്കൾക്ക് രാജസിംഹാസനത്തിൽനിന്നൊഴിയേണ്ടിവരുകയും ചെയ്യും. ഒരു രാജാവ് തന്റെ പ്രജകളെ സകലവിധത്തിലും പരിപാലിക്കുന്നപക്ഷം മാത്രമേ അദ്ദേഹം അവരിൽനിന്ന് കരംപറ്റുവാൻ അർഹനാകുന്നുള്ളൂ. അങ്ങനെ ഒരു ഭരണാധികാരി ഇഹത്തിലും പരത്തിലും തന്റെ ജീവിതം ആനന്ദപൂർണ്ണമാക്കുന്നു. ഹേ രാജൻ!, ഏത് രാജ്യത്തിലാണോ പ്രജകൾ വർണ്ണാശ്രമധർമ്മങ്ങളാചരിച്ചും സാമൂഹിക മര്യാദകൾ പാലിച്ചും തങ്ങളുടെ കർമ്മങ്ങൾ ഹരിയിൽ അർപ്പിച്ചും ജീവിക്കുന്നത്, ആ രാജ്യത്തെ രാജാവിനെ പുണ്യവാനെന്ന് വിശേഷിപ്പിക്കുന്നു. ആരുടെ രാജ്യത്താണോ പ്രപഞ്ചകാരണനും സകലഭൂതഹൃദയനിവാസിയുമായ ഭഗവാൻ അവിടുത്തെ ജനങ്ങളാൽ ആരാധിക്കപ്പെടുന്നത്, ആ രാജാവിൽ അവസദാ സമ്പ്രീതനാകുന്നു. അവൻ സകലദേവന്മാരാലും ആരാധ്യനാണ്. അവൻ പ്രസാദിച്ചാൽ ഇവിടെ ഒന്നുംതന്നെ സാധിക്കാത്തതായിട്ടില്ല. അതുകൊണ്ട് സകലലോകങ്ങളും അതിലെ ദേവതകളും അത്യന്തം സന്തോഷത്തോടുകൂടിത്തന്നെ അവന് പലവിധ ബലിദാനങ്ങളും ചെയ്തുകൊണ്ടേയിരിക്കുന്നു. രാജാവേ!, ആ ദേവതകളോടൊപ്പം അവൻ സകലയജ്ഞങ്ങളുടേയും ഭോക്താവായി നിലകൊള്ളുന്നു. ആ പരമപുരുഷൻ സർവ്വവേദങ്ങളുടേയും സത്താണ്. അവൻ മാത്രമാണിവിടെ സകലതിനും അധികാരി. സകലവ്രതങ്ങളുടേയും ഉദ്ദേശം അവനെ പ്രാപിക്കുക എന്നതാണ്. അതുകൊണ്ട് ഇവിടുത്തെ ജനങ്ങൾ അങ്ങയുടെ ഉന്നമനത്തിനുവേണ്ടി അവനെ ആരാധിക്കേണ്ടതു അങ്ങയുടെതന്നെ ആവശ്യമാണ്. അങ്ങ് മാതൃകായായിക്കൊണ്ട് അവർക്കതിന് പ്രചോദനമേകുകയും വേണം. അങ്ങയുടെ രാജ്യത്തെ ബ്രാഹ്മണരെല്ലാം ഓരോവിധം യജ്ഞങ്ങളെകൊണ്ട് അവനെ പ്രസാദിപ്പിക്കുമ്പോൾ അവന്റെതന്നെ അംശമായി നിലകൊള്ളുന്ന ദേവന്മാരെല്ലാം കർമ്മത്തിൽ സന്തുഷ്ടരായിക്കൊണ്ട് അങ്ങയുടെ അഭീഷ്ടങ്ങൾ നിറവേറ്റിത്തരുന്നു. അതുകൊണ്ട് ഹേ വീരാ!, യജ്ഞങ്ങളെ ചെയ്യുക. അത് തടയുന്നതിലൂടെ അങ്ങ് ദേവന്മാരെ അപമാനിക്കുകയാണ് ചെയ്യുന്നതു.

ഋഷികളുടെ ഉപദേശത്തിന് മറുപടിയായി വേനൻ പറഞ്ഞു: ഹേ ബ്രാഹ്മണന്മാരേ!, നിങ്ങൾ അജ്ഞാനികളെപ്പോലെയാണ് സംസാരിക്കുന്നതു. അഹോ കഷ്ടം! ധർമ്മമല്ലാത്തതിനെയാണ് നിങ്ങൾ ധർമ്മമെന്നു കരുതുന്നതു. സത്യത്തിൽ ഇത്, പത്നിമാർ തങ്ങളുടെ ർത്താവിനെ തഴഞ്ഞുകൊണ്ട് രാത്രിയിൽ ചാരനെ സേവിക്കുന്നതുപോലെയി. ഒരു രാജ്യത്തെ രാജാവാണ് അവിടുത്തെ പ്രജകൾക്ക് ഈശ്വരനെന്നു പറയുന്നതു. ആ രാജാവിനെ ആരാധിക്കാത്തവർ ഇഹത്തിലും പരത്തിലും സുഖമനുഭവിക്കുന്നില്ല. നിങ്ങൾ ദേവന്മാരെ വെറുതേ പൂജിക്കുന്നു. ആരണവർ?. സ്വന്തം ജീവിതത്തെ തൃണവത്ക്കരിച്ചുകൊണ്ട് ചാരന് സേവ ചെയ്യുന്നതുപോലെയുള്ള നീചകർമ്മമാണിതു. വിഷ്ണു, ബ്രഹ്മാവ്, ശിവൻ, ഇന്ദ്രൻ, വായു, യമൻ, സൂര്യൻ, പർജ്ജന്യൻ, കുബേരൻ, ചന്ദ്രൻ, ക്ഷിതി, അഗ്നി, വരുണൻ അങ്ങനെ എല്ലാ ദേവന്മാരും ശപിക്കുവാനും അനുഗ്രഹിക്കുവാനും കഴിവുള്ളവരാണു. എന്നാൽ, അവരെല്ലാം ഒരു രാജാവിൽ നിലകൊള്ളുന്നുവെന്നു മനസ്സിലാക്കുക. രാജാവാണ്സകലദേവന്മാരുടേയും ഉറവിടം. ദേവഗണങ്ങളെല്ലാം ഒരു രാജാവിന്റെ അംശങ്ങൾമാത്രം. അതുകൊണ്ട് ബ്രാഹ്മണരേ!,  നിങ്ങൾ നമ്മോടുള്ള വൈരം മതിയാക്കുക. കർമ്മങ്ങൾകൊണ്ട് നമ്മെ ആരാധിക്കുക. സകല ബലിദാനങ്ങളും നമ്മിലർപ്പിക്കുക. ബുദ്ധിയുള്ളവരാണെങ്കിൽ, നിങ്ങളിത് മനസ്സിലാക്കും. ആദ്യഹവിർഭാഗം സ്വീകരിക്കുവാൻ യോഗ്യനായ ഒരാൾ നമ്മെ കൂടാതെ ഇവിടെ ആരുംതന്നെയില്ല.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, ഇങ്ങനെ വിവരീതബുദ്ധിയായ വേനൻ തന്റെ പാപകർമ്മങ്ങളെക്കൊണ്ട് ധർമ്മപദത്തിൽ നിന്ന് വ്യതിചലിച്ച് സകല സൌഭാഗ്യങ്ങളും വൃഥാവിലാക്കി. ആദരവോടുകൂടി ഋഷികൾ പറഞ്ഞ ഉപദേശങ്ങളൊന്നും അവന് ഉൾക്കൊള്ളാൻ കഴിഞ്ഞതേയില്ല. ആയതിനാൽ അവനെ അവർ സ്ഥാനഭ്രഷ്ടനാക്കി. വിദുരരേ!, താൻ ബുദ്ധിമാനാണെന്ന് സ്വയം കരുതിയ വിഢിയായ വേനൻ ഋഷികളെ അപമാനിച്ചു. അതിൽ മനംനൊന്ത ഋഷിമാർ ക്രോധാകുലരായി. ആക്രോശിച്ചുകൊണ്ട് അവർ പറഞ്ഞു: ഇവനെ ഇപ്പോൾത്തന്നെ വധിക്കുക!. ഇവൻ ഭീകരനും മഹാപാപിയുമാണ്. ഇങ്ങനെയൊരാൾ ജീവിച്ചിരുന്നാൽ ഈ ലോകംതന്നെയില്ലാതാകും. ദുർവൃത്തനായ ഇവൻ ഒരിക്കലും ഈ സിംഹാസനത്തിലിരിക്കുവാൻ യോഗ്യനല്ല. ഭഗവാൻ വിഷ്ണുവിനെപ്പോലും നിന്ദിക്കാൻ മടികാണിക്കാത്ത ഇവൻ വെറും നാണംകെട്ടവനാണു. അശുഭനായ ഇവനല്ലാതെ ആർക്കാണ് കരുണാമയനും സർവ്വൈശ്വര്യപ്രദായകനുമായ ഭഗവാനെ നിന്ദിക്കുവാൻ കഴിയുന്നതു?.

കോപിഷ്ടരായ ഋഷികൾ വേനനെ വധിക്കുവാൻ തീരുമാനിച്ചു. ഈശ്വരനിന്ദ ചെയ്ത വേനൻ സത്യത്തിൽ മരിച്ചവനു തുല്യനായിരുന്നു. യാതൊരുവിധ ആയുധവും കൂടാതെ ഹൂങ്കാരശബ്ദത്തോടുകൂടി ഋഷികൾ വേനനെ ഇല്ലാതാക്കി. അതിനുശേഷം അവരെല്ലാം തങ്ങളുടെ ആശ്രമങ്ങളിലേക്ക് പോയി. ആ സമയം, വേനന്റെ മാതാവ് സുനീത മകന്റെ മരണത്തിൽ അതീവ ദുഃഖിതയായി.  അവൾ ചില പ്രത്യേക ദ്രവ്യങ്ങൾകൊണ്ടും മന്ത്രയോഗംകൊണ്ടും വേനന്റെ മൃതശരീരം സൂക്ഷിച്ചുവയ്ക്കാൻ തീരുമാനിച്ചു.

അങ്ങനെയിരിക്കെ, പിന്നീടൊരിക്കൽ ഋഷികൾ സരസ്വതീനദിയിൽ കുളികഴിഞ്ഞ് തങ്ങൾ ദിവസവും ചെയ്യാറുള്ള പൂജകൾ ചെയ്തു. തുടർന്ന്, ആ നദീതീരത്തിരുന്നുകൊണ്ട് അവർ ഭഗവദ്ലീലകളെക്കുറിച്ച് സംസാരിച്ചു. പിന്നീടുണ്ടായ സംസാരത്തിനിടയിൽ വേനന്റെ രാജ്യം നാഥനില്ലാതെ കിടക്കുകയാണെന്നും പ്രജകൾ അരക്ഷിതാവസ്ഥയിലാണെന്നും അവിടെ പലവിധത്തിലുള്ള കുഴപ്പങ്ങസംഭവിക്കുന്നുണ്ടെന്നും അവർ മനസ്സിലാക്കി. രാജാവില്ലാത്തതിനാൽ രാജ്യത്ത് കള്ളന്മാരും കൊള്ളക്കാരും പെരുകിക്കഴിഞ്ഞിരുന്നു. അതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് സകലദിശകളിൽനിന്നും അതിശക്തം പൊടിക്കാറ്റടിക്കാൻ തുടങ്ങി. അത് പ്രജകളെ ആക്രമിക്കാനെത്തിയ കള്ളന്മാരുടേയും കൊള്ളക്കാരുടേയും പടയോട്ടത്തിൽ നിന്നുയർന്നുവന്നതായിരുന്നു. അതുകണ്ടതോടെ രാജ്യത്തിന്റെ അവസ്ഥ തങ്ങൾ കരുതുന്നതിലും ഭയാനകമാണെന്ന് അവർക്ക് മനസ്സിലായി. ഭരണം നിലക്കപ്പെട്ട രാജ്യത്തിൽ നീതിന്യായവ്യവസ്ഥ ഉണ്ടാകുകയില്ല. അതുകാരണം അവിടെ കൊലയാളികളും കള്ളന്മാരും കൊള്ളക്കാരും പെരുകിവരുന്നു. വേനനെ ഇല്ലാതാക്കിയതുപോലെ തപഃശക്തിയുപയോഗിച്ച് അവർക്ക് പലതും ചെയ്യാമായിരുന്നെങ്കിലും തങ്ങളുടെ ഭാഗത്തുനിന്നും ആ വിധത്തിലൊരു നീക്കം ഉചിതമല്ലെന്നു ഋഷിമാർ തീരുമാനിച്ചു. ആയതിനാൽ ആ ബഹളത്തെ അവർ എതിർക്കാൻ തുനിഞ്ഞില്ല. ബ്രാഹ്മണസ്വതവേ ശാന്തനും പക്ഷപാതരഹിതനുമാണെങ്കിലും നിരപരാധികളായ മനുഷ്യരുടെ ദുഃഖം കണ്ടില്ലെന്നു നടിക്കുവാനും അവർക്ക് കഴിയുമായിരുന്നില്ല. അങ്ങനെയുണ്ടായാൽ, ചോരുന്ന പാത്രത്തിലെ ജലം കാലാന്തരത്തിൽ നിശ്ശേഷം വാർന്നൊഴിഞ്ഞുപോകുന്നതുപോലെ, അവരുടെ ആത്മീയശക്തിക്ക് വ്യയം സംഭവിക്കുന്നു. പക്ഷേ എന്തുതന്നെ വന്നാലും അംഗന്റെ പരമ്പര നിന്നുപോകാൻ പാടില്ലെന്ന് അവർക്ക് നിശ്ചയമുണ്ടായിരുന്നു. കാരണം, ആ കുലത്തിൽ ഇനിയും ഭഗവദ്ഭക്തന്മാർ ജനിക്കേണ്ടതായുണ്ടായിരുന്നു. അങ്ങനെ തീരുമാനിച്ചുറച്ച ഋഷികൾ ഉടൻതന്നെ ഒരു പ്രത്യേകവിധത്തിൽ വേനന്റെ മൃതദേഹത്തിൽനിന്നും അവന്റെ തുടകളെ കടയാൻ തുടങ്ങി. നിമിഷങ്ങൾക്കകം അതിൽനിന്നും വടുരൂപത്തിലുള്ള ഒരു സത്വം പ്രത്യക്ഷമായി. വേനന്റെ തുടയിൽനിന്നുണ്ടായ ആ രൂപത്തിന് ബാഹുകൻ എന്ന് ഋഷികൾ പേരിട്ടു. തിന്റെ നിറം കാക്കയുടേതുപോലെ കറുത്തതായിരുന്നു. ശരീരത്തിലെ ഓരോ അംഗങ്ങളും വളരെ ചെറുതായിരുന്നു. പക്ഷേ, താടിയെല്ല് ക്രമാതീതമായി വലുതായും, മൂക്ക് പരന്നതായും, കണ്ണുകൾ ചുവന്നതായും, മുടി ചെമ്പിന്റെ നിറത്തിലും കാണപ്പെട്ടു. വിനയശീലവും ശാന്തസ്വഭാ‍വമുള്ളവവുമുള്ള ആ രൂപം പ്രത്യക്ഷമായ ഉടനെ ഋഷികൾക്കുമുന്നിൽ തല കുമ്പിട്ടുനിന്നുകൊണ്ട് ചോദിച്ചു: ഹേ ഋഷിമാരേ!, അടിയനെന്താണ് നിങ്ങൾക്കായി ചെയ്യേണ്ടതു?. ഋഷികൾ അവനോടിരിക്കുവാനാവശ്യപ്പെട്ടു. അതിനുശേഷം തങ്ങളുടെ ഉദ്ദേശം ഋഷികൾ അവനെ അറിയിച്ചു. അങ്ങനെ നൈഷാദവംശത്തിന്റെ തുടക്കക്കാരനായ നിഷദൻ ജന്മം കൊണ്ടു. ജനനത്തോടുകൂടിത്തന്നെ നിഷദൻ വേനനാൽ ചെയ്യപ്പെട്ട സകല ദുഃഷ്ക്കർമ്മങ്ങളുടേയും പരിണിതവൃത്തി ഏറ്റെടുത്തു.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  പതിനാലാമധ്യായം സമാപിച്ചു.

ഓം തത് സത്.



The story of vena