ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം അദ്ധ്യായം 15
(പൃഥുവിന്റെ
അവതാരവും രാജ്യാഭിഷേകവും)
മൈത്രേയൻ പറഞ്ഞു: “വിദുരരേ!, ഇങ്ങനെ പറഞ്ഞതിനുശേഷം, ഋഷികൾ പൃഥുവിനെ സ്തുതിച്ചു. ഗന്ധർവ്വന്മാർ അവനെ പ്രകീർത്തിച്ചുപാടി. സിദ്ധലോകങ്ങളൊന്നാകെ അവനുമേൽ പുഷ്പവൃഷ്ടി ചൊരിഞ്ഞു.
അപ്സരസ്സുകൾ നൃത്തം വച്ചു. സ്വർഗ്ഗത്തിൽ ശംഖതൂര്യമൃദംഗവാദ്യങ്ങൾ
മുഴങ്ങി. സകല മുനികളും പിതൃക്കളും ബ്രഹ്മദേവനടക്കമുള്ള
ദേവതകളും ഉടൻതന്നെ അവിടെയെത്തി. പൃഥുവിന്റെ വലതുകൈയ്യിൽ വിഷ്ണുചിഹ്നവും പാദതലത്തിൽ താമരയും കണ്ടപ്പോൾ,
അവൻ ഭഗവദവതാരമാണെന്ന് ബ്രഹ്മാവിന് മനസ്സിലായി.
വിദുരരേ!, ആരുടെ കൈവെള്ളയിലാണോ ഭഗവദ്ചക്രത്തിന്റെ
അടയാളമുള്ളത്, അവൻ ആ പരമപുരുഷന്റെ അവതാരമാണെന്നറിഞ്ഞുകൊള്ളുക.
വേദവാദികളായ ആ ബ്രാഹ്മണന്മാർ ഉടൻ തന്നെ നാലുദിക്കുകളിൽനിന്നും വേണ്ട
സാധനസാമഗ്രികൾ കൊണ്ടുവന്ന് പൃഥുവിന്റെ പട്ടാഭിഷേകം മംഗളമായി കൊണ്ടാടി. നദികളും സമുദ്രങ്ങളും മലകളും നാഗങ്ങളും പശുക്കളും പക്ഷികളും ആകാശവും ഭൂമിയും
എന്നുവേണ്ടാ സകല ജീവജാലങ്ങളും അവരുടെ യഥാശക്തി ഉപഹാരങ്ങളുമായി തങ്ങളുടെ രാജാവിനെ കാണാനെത്തി. സർവ്വരുടേയും സാന്നിധ്യത്തിൽ സർവ്വാഭരണവിഭൂഷിതനായ
പൃഥുവിനെ അവർ രാജ്യാഭിഷിക്തനാക്കി. വാമഭാഗത്ത് അർച്ചിയും
സർവ്വാലങ്കാരങ്ങളോടെ അഗ്നിയെപ്പോലെ തിളങ്ങിക്കണ്ടു.
വിദുരരേ!, സമ്മാനമായി ആരൊക്കെ എന്തൊക്കെയാണ് കൊണ്ടുവന്നതെന്നറിയേണ്ടേ!.
കുബേരൻ ഒരു സ്വർണ്ണസിംഹാസനം സമ്മാനിച്ചു.
വരുണൻ പൂർണ്ണചന്ദ്രനെപ്പോലെ തോന്നിക്കുന്നതും സദാ ജലസ്രവം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നതുമായ
ഒരു കുടയായിരുന്നു കൊണ്ടുവന്നതു. വായുദേവൻ രണ്ട്
ചാമരങ്ങൾ സമ്മാനിച്ചു. ധർമ്മദേവൻ യശ്ശസ്സിനെ വർദ്ധിപ്പിക്കുന്ന
ഒരു പൂമാല പൃഥുവിനെ അണിയിച്ചു. ഇന്ദ്രൻ കിരീടവും, യമരാജൻ ദണ്ഢവും നൽകി. ബ്രഹ്മദേവൻ പൃഥുവിന് ജ്ഞാനത്താൽ
തീർത്ത കവചമണിയിച്ചു. ദേവി സരസ്വതി ഒരു ഹാരം നൽകി. ഭഗവാൻ വിഷ്ണു സുദർശനചക്രം നൽകി പൃഥുവിനെ അനുഗ്രഹിച്ചു.
ലക്ഷ്മീഭഗവതിയാകട്ടെ അവന് സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്തു.
മഹാദേവൻ പത്തുചന്ദ്രന്മാരാലങ്കരിക്കപ്പെട്ട ഒരു
വാൾ സമ്മാനിച്ചപ്പോൾ, അംബിക അതിനായി നൂറു ചന്ദ്രന്മാരാലലംകൃതമായ ഒരു വാളുറയും നൽകി.
ചന്ദ്രൻ അമൃതജന്യമായ ഒരു കുതിരയേയും വിശ്വകർമ്മാവ് ഒരു തേരും പൃഥുമഹാരാവിന്
കാഴ്ച്ചവച്ചു. അഗ്നി ആടുമാടുകളുടെ കൊമ്പുകൾകൊണ്ട് നിർമ്മിച്ച
ഒരു വില്ലും, സൂര്യൻ തന്റെ കിരണങ്ങൾക്കു സമാനമായ അമ്പുകളും ദാനം
ചെയ്തു. ഭൂമിദേവി യോഗമായാവൃതമായ പാദുകങ്ങളും, സ്വർല്ലോകവാസികൾ വിവിധയിനം പൂച്ചെണ്ടുകളും പ്രദാനം ചെയ്തു. ആകാശസഞ്ചാരികളായ മറ്റു ദേവതകൾ പൃഥുരാജന് പാടാനും വാദ്യോപകരണങ്ങളുപയോഗിക്കുവാനുമുള്ള
കലകൾ കൊണ്ടനുഗ്രഹിച്ചു. അതുകൂടാതെ സ്വേഛയാൽ
അപ്രത്യക്ഷനാകാനുള്ള സിദ്ധിയും അവർ അദ്ദേഹത്തിന് നൽകി.
ഋഷികൾ സർവ്വമംഗളങ്ങളും നൽകിയനുഗ്രഹിച്ചു. സമുദ്രം
തന്റെ അടിത്തട്ടിൽനിന്നും ഒരു ശംഖ് സമ്മാനിച്ചു. കടലും പർവ്വതങ്ങളും
നദികളും അദ്ദേഹത്തിന് തന്റെ രഥവുമായി യഥേഷ്ടം സഞ്ചരിക്കുവാനുള്ള അനുമതി നൽകി.
സൂതൻ, മാഗധൻ, വന്ദി എന്നീ
പണ്ഢിതശ്രേഷ്ഠന്മാർ തങ്ങളുടെ രാജാവിന്റെ പുകൾ പാടി സ്തുതിച്ചു.
എല്ലാവരും തങ്ങളുടെ കർത്തവ്യനിർവ്വഹണം വളരെ ഭംഗിയായിത്തന്നെ അനുഷ്ഠിച്ചു.
വിർദുരരേ!, വിവിധതരം സമ്മാനങ്ങൾ കാശ്ചവച്ചുകൊണ്ട് തന്നെ നമസ്കരിച്ചുനിൽക്കുന്ന നരദേവതിര്യക്ജാതികളെ
കണ്ട് അവരോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട്
പൃഥുമഹാരാജൻ ഇപ്രകാരം പറഞ്ഞു. “ബ്രഹ്മാദിദേവതകൾക്കും സൂതമഗധാദി പണ്ഢിതജനങ്ങൾക്കും
അവരോടൊപ്പം ഇവിടെ കൂടിയിരിക്കുന്ന സകല ഭൂതങ്ങൾക്കും എന്റെ പ്രണാമം!.
നിങ്ങൾ നമുക്കായി കാഴ്ചവച്ച സമ്മാനങ്ങൾ നാം സന്തോഷപൂർവ്വം സ്വീകരിക്കുന്നു.
എന്നാൽ നിങ്ങൾ പാടിയ ഗുണഗണങ്ങളൊന്നുംതന്നെ നമ്മിൽ ഇല്ലാത്തവയാണെന്നറിഞ്ഞാലും.
നമ്മിലില്ലാത്തെ ഗുണങ്ങളെ നമ്മോടുചേർത്തുവയ്ക്കുന്നതെന്തിനാണ്?. എപ്പോഴും അർഹിക്കുന്നവരെ മാത്രമേ പ്രശംസിക്കാൻ പാടുള്ളൂ. ഹേ വാഗ്മികളേ!, അല്ലാത്തപക്ഷം, ആ ഗുണങ്ങൾ നമ്മിൽ വന്നുചേരുമ്പോൾ മാത്രം നമ്മെ
അഭിനന്ദിക്കുക. ഭഗവദ്മഹിമകളെ വാഴ്ത്തിസ്തുതിക്കുന്നവർ
ആരെയും ഇങ്ങനെ ഇല്ലാത്ത ഗുണങ്ങളെക്കൊണ്ട് പ്രശംസിക്കാറില്ല. തന്നിലില്ലാത്ത
ഗുണങ്ങളെ ഉണ്ടെന്നുവരുത്തി ഒരാൾ മുന്നിൽ നിന്ന് പ്രകീർത്തിമ്പോൾ ബുദ്ധിമാനായ ഒരുവൻ
എങ്ങനെയാണ് അതിൽ സന്തുഷ്ടനാകുന്നതു?. ‘വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ നീ ഒരു പണ്ഢിതനാകുമായിരുന്നു‘വെന്ന് ഒരാളോട് മറ്റൊരാൾ പറയുന്നത് വെറുമൊരു
പ്രഹസനം മാത്രമാണു. അത്തരം വ്യാജമായ പ്രശംസയിൽ തലയുയുർത്തുന്ന മൂഢനറിയുന്നില്ല, അവർ
തന്നെ പരിഹസിക്കുകയാണെന്നു. അഭിമാനമുള്ളവനും ഉദാരനുമായ ഒരാൾ ഇങ്ങനെ അധാർമ്മികമായ പ്രശംസകളെ
ഏറ്റുവാങ്ങാറില്ല. അതുപോലെ വിശ്രുതനായ ഒരാൾക്ക് തന്നെ പ്രശംസിക്കുന്നത് കേട്ടുനിൽക്കുവാനുമാകില്ല.
സൂതൻ മുതാലായ പ്രിയ ഭക്തന്മാരേ!, ഈ സമയം നാം പ്രശംസക്ക് പാത്രമല്ല. കാരണം, നിങ്ങൾ പ്രശംസിക്കുന്ന
തരത്തിൽ ഒന്നുംതന്നെ നാമിവിടെ ചെയ്തിട്ടില്ല. അങ്ങനെയിരിക്കെ എങ്ങനെയാണ് നാം കുട്ടികളെപ്പോലെ
നിങ്ങളുടെ പ്രശംസയെ ആഗ്രഹിക്കുന്നതു?.
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം പതിനഞ്ചാമധ്യായം സമാപിച്ചു.