2019, ഫെബ്രുവരി 24, ഞായറാഴ്‌ച

4.23 പൃഥുമഹാരാജാവിന്റെ സ്വധാമഗമനം


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 23
(പൃഥുമഹാരാജാവിന്റെ സ്വധാമഗമനം)


മൈത്രേയൻ പറഞ്ഞു: വിദുരരേ! പൃഥുമഹാരാജൻ തന്റെ ജീവിതത്തിന്റെ സന്ധ്യാവേളയായപ്പോൾ തനിക്കുണ്ടായിരുന്ന സർവ്വതും സകലചരാചരങ്ങൾക്കായി ദാനം ചെയ്തു. പ്രജകളുടെ ഭാവിക്ഷേമം വിധിയാംവണ്ണം ഉറപ്പുവരുത്തിയതിനുശേഷം രാജ്യം തന്റെ പുത്രന്മാരിലേൽപ്പിച്ച്, ഭഗവദാദേശത്തെ പൂർണ്ണമായും നടപ്പിലാക്കി, ഒടുവിൽ ഭാര്യാസമേതം തപസ്സിനായി വനത്തിലേക്ക് പുറപ്പെട്ടു. ജനങ്ങളിൽ അദ്ദേഹത്തിന്റെ അഭാവം ഒരു തീരാദുഃഖമായി അവശേഷിച്ചു. വനത്തിൽ പൃഥുമഹാരാ‍ജൻ അതികഠിനമായ തപസ്സുകളിലേർപ്പെട്ടു. ഗൃഹസ്ഥാശ്രമജീവിതത്തിലെ രാജ്യപരിപാലനത്തിൽ കാട്ടിയ അതേ കർമ്മകുശലത വാനപ്രസ്ഥാശ്രമത്തിലെ തപസ്ശ്ചര്യകളിലും അദ്ദേഹം മുറുകെപ്പിടിച്ചു. തപസ്സിന്റെ ആദ്യനാളുകളിൽ വൃക്ഷകാണ്ടങ്ങളും അവയുടെ മൂലങ്ങളും ഭക്ഷിച്ചു. പിന്നീട് പഴങ്ങളും ഉണങ്ങിയ ഇലകളുമായി മാസങ്ങൾ ചിലത് കടന്നുപോയി. അതുകഴിഞ്ഞുള്ള ദിവസങ്ങളിൽ പൃഥുരാജൻ ജലപാനം മാത്രം ചെയ്ത് ജീവിച്ചു. അതിനുശേഷം അദ്ദേഹം വായു മാത്രം ഭക്ഷണമാക്കി. പൂർവ്വീകമുനിമാരുടെ പാദകളെ പിന്തുടർന്നുകൊണ്ട് അദ്ദേഹം ഗ്രീഷ്മകാലങ്ങളിൽ പഞ്ചതപസ്സുകളനുഷ്ഠിച്ചു. മഴക്കാലത്തിൽ മഴയുടെ ശകാരവർഷത്തെ നേരിട്ടു. ശരത്ക്കാലസമയം അദ്ദേഹം കഴുത്തറ്റം വെള്ളത്തിൽ നിന്ന് തപം ചെയ്തു. രാത്രികാലങ്ങളിൽ അദ്ദേഹം വെറുംനിലത്ത് കിടന്നുറങ്ങി. ഇങ്ങനെ അതിതീവ്രമായ തപസ്സുകളിലൂടെ അദ്ദേഹം തന്റെ വാക്കിനേയും ഇന്ദ്രിയങ്ങളേയും വീര്യത്തേയും അതുപോലെതന്നെ പ്രാണായാമത്തിലൂടെ ശരീരത്തിനുള്ളിൽ തന്റെ പ്രാണനേയും നിയന്ത്രിച്ചു. തദ്വാരാ മനസ്സിനേയും സംയമിച്ചൊതുക്കി, ആഗ്രഹങ്ങളിൽനിന്നും സകാമകർമ്മങ്ങളിൽനിന്നും പൂർണ്ണമായി നിവൃത്തിപ്രാപിച്ചു. അങ്ങനെ, സനകാദി കുമാരന്മാരുടെ ഉപദേശപ്രകാരമുള്ള സകലകർമ്മങ്ങളുമനുഷ്ഠിച്ചുകൊണ്ട് അന്യമായ സകലവിഷയങ്ങളിൽനിന്നുമകന്ന് ഭഗവാൻ ഹരിയെ മാത്രം സേവിച്ച് പൃഥുരാജൻ തന്റെ സാധയിൽ പൂർണ്ണമായും ഉറച്ചനിലയിലായി. ധ്യാനപഥത്തിൽ അദ്ദേഹം ഭഗവദ്പാദാരവിന്ദങ്ങൾ മാത്രം ദർശിച്ചു. അതിലൂടെ ജ്ഞാനവും വിരക്തിയും സമ്പാദിച്ച് തന്റെ സകല സന്ദേഹങ്ങളും നീക്കി. തത്ഫലമായി തന്റെ സ്വരൂപത്തെ അറിയുകയും ഭൌതികതയിൽനിന്നും പൂർണ്ണമായി അകലുകയും ചെയ്തു. ഭഗവാനിൽ മാത്രം മനസ്സൂന്നപ്പെട്ടപ്പോൾ സർവ്വഭൂതങ്ങളിലും അദ്ദേഹത്തിന് ആ പരമാത്മദർശനം ലഭിച്ചു.

മാസങ്ങൾ കുറെ പിന്നിട്ടു. ഹൃദയത്തിൽ കുടികൊള്ളുന്ന ഭഗവാന്റെ ആജ്ഞകളെ ശിരസ്സാവഹിച്ചുകൊണ്ട് ഒരുദിവസം അദ്ദേഹം തന്റെ സകല സാധനകളും അവസാനിപ്പിച്ചു. സകല യോഗങ്ങളും ശ്രദ്ധാഭക്തികളെന്ന്യേ നിഷ്ഫലമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം അന്നുമുതൽ ഭഗവദ്ഭക്തിയിൽ മാത്രം രമിച്ചുതുടങ്ങി. ദിവസങ്ങൾ കുറച്ചുകൂടി കൊഴിഞ്ഞുവീണു. ഒരുദിവസം തന്റെ മനസ്സ് പൂർണ്ണമായും ഭഗവദ്പാദങ്ങളിൽ മുഴുകിയിരിക്കുന്ന സമയം അദ്ദേഹം ബ്രഹ്മഭൂതാവസ്ഥയിലെത്തുകയും തന്റെ ഭൌതികശരീരം ഉപേക്ഷിക്കുകയും ചെയ്തു. മുക്താസനത്തിലിരുന്നുകൊണ്ട് പൃഥുമഹാരാജൻ തന്റെ കണങ്കാൽ കൊണ്ട് പായുവിനെ അടച്ചുപിടിച്ചു. കാല്വണ്ണ അമർത്തിക്കൊണ്ട് പ്രാണനെ മുകളിലേക്കുയർത്തി. നാഭിയിലൂടെ ഹൃദയം വഴി കണ്ഠസ്ഥലത്തിലെത്തിച്ചു. അവിടെനിന്നും വീണ്ടുമുയർത്തി ശീർഷസ്ഥാനത്തുറപ്പിച്ചു. ഒടുവിൽ മൂർദ്ധനിയെത്തിയപ്പോഴേക്കും അദ്ദേഹം തന്റെ ഭൌതികാസ്ഥിത്വംതന്നെ മറന്നുകഴിഞ്ഞിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ശരീരത്തിനുള്ളിലെ വായു വായൂമണ്ഡലത്തിലും ശരീരം ഭൂമണ്ഡലത്തിലും തേജസ്സ് തേജോമണ്ഡലത്തിലും ലയിച്ചു. ക്രമേണ ശരീരത്തിന്റെ ഓരോ തത്വാംശങ്ങളും, ഉണ്ടായതുപോലെതന്നെ, പ്രകൃതിയുടെ അതാത് തത്വങ്ങളിലേക്ക് അലിഞ്ഞുചേർന്നു. അദ്ദേഹം തന്റെ മനസ്സിനെ ഇന്ദ്രിയങ്ങളോടും, ഇന്ദ്രിയങ്ങളെ തത്തത്വിഷയങ്ങളിലേക്കും കൂട്ടിച്ചേർത്തു. അഹങ്കാരതത്വത്തെ അദ്ദേഹം പ്രകൃതിയിലെ മഹത്തത്വത്തോട് ലയിപ്പിച്ചു. അങ്ങനെ പൃഥുമഹാരാജാവ് തന്റെ ജീവന്റെ ഉപാദിയുടെ സകല അംശങ്ങളും അതാത് തത്വങ്ങളിലേക്ക് മടക്കിച്ചേർത്തു. അജ്ഞാനത്തിലൂടെ കൂടിച്ചേർന്ന് ജീവനെ സംസാരത്തിൽ തളച്ചിടുന്ന മായയുടെ ഈ അംശങ്ങളുടെ പിടിയിൽനിന്നും പൃഥുമഹാരജൻ ജ്ഞാനം കൊണ്ടും സന്യാസംകൊണ്ടും അതുപോലെ ഭക്തിയുടെ തീവ്രബലംകൊണ്ടും എന്നെന്നേക്കുമായി മുക്തനായി തന്റെ ശരീരത്തെ ഉപേക്ഷിച്ചു.

പൃഥുമഹാരാജാവിന്റെ പ്രിയപത്നി അർച്ചിസ്സും അദ്ദേഹത്തോടൊപ്പം വനത്തിലേക്ക് പുറപ്പെട്ടിരുന്നു. കൊട്ടാരത്തിൽ സകലൈശ്വര്യങ്ങളുടെയും നടുവിൽ ജീവിച്ച രാജ്ഞി തന്റെ മൃദുലപാദങ്ങൾ വച്ച് ആ വനഭൂമിയിലൂടെ നടന്നു. തനിക്ക് ശീലമില്ലാത്ത ചര്യകളൊന്നുംതന്നെ അവളിൽ യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാക്കിയില്ലെങ്കിൽ‌പോലും, വനജീവിതത്തിലൂടെ അവളുടെ ശരീരം നന്നേ മെലിഞ്ഞുണങ്ങിയിരുന്നു. അപ്പോഴും അർച്ചിസ്സ് ലക്ഷ്മീഭഗവതിയെപ്പോലെ, ഭർതൃസേവയുടെ അതിരറ്റ ആനന്ദമനുഭവിക്കുകയായിരുന്നു. ഒരുദിവസം, തന്റെ ഭർത്താവിന്റെ ശരീരം ചേതനയറ്റ നിലയിൽ അവൾ കണ്ടു. ഇരു കവിൾത്തടങ്ങളിലൂടെയും കണ്ണീരൊഴുക്കി അർച്ചിസ്സ് ദീനദീനം വിലപിച്ചു. പിന്നീട് മലമുകളിൽ ഒരു ചിത നിർമ്മിച്ച് തന്റെ ഭർത്താവിന്റെ മൃതശരീരം അതിന്മേൽ വച്ചു അഗ്നികൊളുത്തി. തുടർന്ന്, ഉദകക്രിയകൾ കഴിക്കുകയും, ശേഷം കുളിച്ചുവന്ന്, മുപ്പത്തിമുക്കോടി ദേവതകളേയും നമസ്ക്കരിച്ച്, തന്റെ പതിയുടെ പാദങ്ങൾ മനസ്സിൽ ധ്യാനിച്ച് അഗ്നിക്കുചുറ്റും മൂന്നുവലം വച്ച് പതിവ്രതയായ അർച്ചിസ്സ് തന്റെ ഭർത്താവിന്റെ ചിതയിലേക്ക് പ്രവേശിക്കുകയും ചെയ്തു.

മരണത്തിൽ ഭർത്താവിനെ അനുഗമിക്കുന്ന അർച്ചിസ്സിനെ കാണാൻ സകല ദേവതകളും തങ്ങളുടെ ഭാര്യമാരോടൊപ്പം നഭസ്ഥലത്തിലെത്തിച്ചേർന്നു. അവർ അവൾക്കുവേണ്ടി പ്രാർത്ഥിച്ചു. മഹേന്ദ്രാചലത്തിനുമുകളിൽ നിന്ന് അവർ ആ ചിതയിലേക്ക് പുഷ്പവൃഷ്ടി ചൊരിഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞു: ഹേ അർച്ചിസ്സ്!,  ഭവതിക്ക് സർവ്വമംഗളങ്ങും ഭവിക്കട്ടെ!. യജ്ഞേശനായ ഭഗവാൻ വിഷ്ണുവിനെ ശ്രീ ലക്ഷ്മീഭഗതി സേവിക്കുന്നതുപോലെ തന്റെ ഭർത്താവായ പൃഥുവിനെ മനസ്സുകൊണ്ടും വാക്കുകൊണ്ടും ശരീരംകൊണ്ടും മരണംവരെയും പരിചരിച്ചവളാണ് സാധ്വിയും പുണ്യവതിയുമായ ഈ റാണി. ദേവപത്നിമാർ പറഞ്ഞു: സതിയായ അർച്ചിസ്സ് ദുർവിഭാവ്യമായ പുണ്യകർമ്മങ്ങൾകൊണ്ട് ഊർദ്ദ്വലോകത്തിലും തന്റെ ഭർത്താവിനെ അനുഗമിക്കുന്നത് നോക്കൂ!. ഭൂമിയിൽ അല്പകാലമായ മനുഷ്യജീവിതത്തിൽ ഭഗവാൻ ഹരിയെ ആരാധിക്കുന്നവർ ആ പാദാരവിന്ദത്തിൽ അലിയുകതന്നെചെയ്യുന്നു. കാരണം, അവർ എപ്പോഴും മോക്ഷപദത്തിലൂടെ മാത്രം സഞ്ചരിക്കുന്നു. അങ്ങനെയുള്ളവർക്ക് അസാധ്യമായി എന്താണിവിടെയുള്ളതു?. ഭൂമിയിൽ മനുഷ്യജന്മം നേടിയതിനുശേഷവും വിഷയാനുഭവങ്ങൾക്കുവേണ്ടി കഷ്ടപ്പെട്ട് പലേതരം സകാമകർമ്മങ്ങളെ ചെയ്തു, മോക്ഷസാധനയ്ക്കുവേണ്ടിമാത്രം ലഭിച്ച, ഈ മഹാജന്മത്തെ വൃഥാവിലാക്കുന്നവൻ സ്വയം തന്നെത്തന്നെ വഞ്ചിക്കുകയാണു ചെയ്യുന്നതു.

മൈത്രേയൻ പറഞ്ഞു: പ്രീയ വിദുരരേ!, ദേവപത്നിമാർ ഇങ്ങനെ തമ്മിൽ തമ്മിൽ ഓരോതരം പറഞ്ഞുകൊണ്ടുനിൽക്കുമ്പോൾ അർച്ചിസ്സ് തന്റെ ഭർത്താവിന്റെ ലോകത്തിൽ പ്രവേശിച്ചു. ഇതാണ് പൃഥുചരിതം. ഇങ്ങനെ മഹാനുഭാവനായ പൃഥുമഹാരാവിന്റെ പുണ്യചരിതത്തെ ഞാൻ എന്നാലാകുംവിധം ഭവാനോടു പറഞ്ഞുകഴിഞ്ഞു. ഹേ ഭാരതാ!, ഈ പുണ്യചരിതത്തെ ശ്രദ്ധയോടും ഭക്തിയോടും പഠിക്കുകയോ കേൾപ്പിക്കുകയോ ചെയ്യുന്നവൻ പൃഥുവിന്റെ ലോകംതന്നെ പ്രാപിക്കുന്നുവെന്നുള്ളതിൽ സംശയിക്കേണ്ടാ. ഒരു ബ്രാഹ്മണൻ ഇതിനെ കേൾക്കുന്നപക്ഷം അവൻ ബ്രാഹ്മണത്ത്വത്തിൽ അഗ്രഗണ്യനാകുന്നു. ക്ഷത്രിയൻ കേൾക്കുകയാണെങ്കിൽ അവൻ രാജാവാകുകയും, വൈശ്യൻ കേട്ടാൽ സർവ്വൈശ്വര്യവാനാകുകയും, എന്നാൽ ശൂദകുലജാതനായ ഒരുവഇതിനെ കേട്ടെന്നാൽ അവഭഗവദ്ഭക്തോത്തമനാകുകയും ചെയ്യും. പുരുഷനാകട്ടെ, അഥവാ സ്ത്രീയാകട്ടെ, ശ്രദ്ദയോടുകൂടി പൃഥുചരിതം കേൾക്കുന്ന പുത്രരില്ലാത്തവർക്ക് പുത്രഭാഗ്യവും, നിർദ്ധനർക്ക് സർവ്വ ധനസമ്പത്തുകളും ലഭിക്കുന്നു. ഈ ചരിതത്തെ സമൂഹത്തിൽ യശസ്സാഗ്രഹിക്കുന്നവൻ കേൾക്കുമ്പോൾ യശസ്സ്വിയാകുകയും, ഇതിനെ കേൾക്കുന്ന അജ്ഞാനി പണ്ഢിതനാകുകയും ചെയ്യുന്നു. ചുരുക്കത്തിൽ പൃഥുചരിതശ്രവണംകൊണ്ട് സകല അമംഗളങ്ങളും ദൂരെനീങ്ങുന്നു. പൃഥുവിന്റെ ചരിതം പഠിക്കുകയും കേൾക്കുകയും ചെയ്യുന്നവന് ആയുരാരോഗ്യസൌഖ്യങ്ങൾ വന്നുകൂടുന്നു. കലിയുഗക്കെടുതികളിൽനിന്നും മുക്തനായി ഒടുവിൽ ഊർദ്ദ്വലോകത്തെ പ്രാപിക്കുകയും ചെയ്യുന്നു. ധർമ്മാർത്ഥകാമമോക്ഷങ്ങളുടെ പദത്തിൽനിന്നും വ്യതിചലിക്കാനിടവരുത്താതെ, പൃഥുചരിതം സംസാരികളായ സാധകന്മാർക്ക് സർവ്വവിധത്തിലും സർവ്വമംഗളങ്ങളും പ്രദാനം ചെയ്യുന്നുവെന്നറിയുക. രാജ്യപാലനതല്പരനായ ഒരു രാജാവ് തന്റെ കർമ്മങ്ങളിൽ വിജയിക്കണെമെന്ന് ആഗ്രഹിക്കുന്നപക്ഷം അദ്ദേഹം ഈ പൃഥുചരിതത്തെ ജപിച്ചുകൊണ്ട് തന്റെ ഉദ്യമം തുടരുക. സകല ഉപരാജാക്കന്മാരും അദ്ദേഹത്തിന്റെ ഇംഗിതത്തിനനുസൃതമായി പ്രവർത്തിക്കുകയും അതിലൂടെ അദ്ദേഹം പൃഥുരാജാവിനെപ്പോലെ വിജയം കൈവരിക്കുകയും ചെയ്യും. നിസ്സംഗരായ ഭഗവദ് ഭക്തോത്തമന്മാരാണെങ്കിൽ പോലും തങ്ങളുടെ ഭക്തിസാധനയിൽ പൃഥുചരിതത്തെ കേൾക്കുകയും പഠിക്കുകയും മറ്റുള്ളവരെ കേൾപ്പിക്കുകയും ചെയ്യേണ്ടതുണ്ടത് അത്യാവശ്യമാണു.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, ഇതോടെ വേനപുത്രനായ പൃഥുമഹാരാവിന്റെ പുണ്യചരിത്രം എന്നാൽ കഴിയുന്നവിധത്തിൽ ഏകദേശം പൂർണ്ണമായിത്തന്നെ ഞാൻ കീർത്തിച്ചുകഴിഞ്ഞിരിക്കുന്നു. ഇതിനെ വേണ്ടവണ്ണം ഉൾക്കൊണ്ടുജീവിക്കുന്ന മനുഷ്യർ പൃഥുവിനെപ്പോലെ ജീവിതലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നു. ഈ പുണ്യചരിതത്തിന്റെ ശ്രവണപഠനാദികളിലൂടെ ഭവസാഗരത്തിൽനിന്നും ജീവനെ കരയ്ക്കണയ്ക്കുന്ന ഭഗവദ്പാദങ്ങളിൽ ഭക്തിയുണ്ടാകുകയും ചെയ്യുന്നു.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തമൂന്നാമധ്യായം സമാപിച്ചു.
ഓം തത് സത്.

Prithu Maharaja goes back to His Kingdom