2019, ഫെബ്രുവരി 5, ചൊവ്വാഴ്ച

4.17 ഭൂമീദേവിയോട് പൃഥുമഹാരാജാവ് കോപിക്കുന്നു.


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 17
(ഭൂമീദേവിയോട് പൃഥുമഹാരാജാവ് കോപിക്കുന്നു.)



Image result for prithuമൈത്രേയൻ പറഞ്ഞു: വിദുരരേ!, പണ്ഢിതന്മാരാൽ പ്രശംസിക്കപ്പെട്ട പൃഥുരാജൻ അവരിൽ സമ്പ്രീതനായിക്കൊണ്ട് ദക്ഷിണയും മറ്റു സമ്മാനങ്ങളും നൽകി അവരെ യഥാവിധി ആദരിക്കുകയുണ്ടായി. സകലരും അദ്ദേഹത്തിന്റെ ഉദാരതയിൽ അത്യന്തം സന്തോഷിക്കപ്പെട്ടു.

വിദുരർ വീണ്ടും മൈത്രേയനോട് ചോദിച്ചു: ഹേ ബ്രാഹ്മണശ്രേഷ്ഠാ!, പലവിധരൂപഭാവങ്ങൾ സ്വീകരിക്കുവാൻ കഴിവുള്ളവളാണല്ലോ ഭൂമീദേവി. അങ്ങനെയിരിക്കെ എന്ത് പ്രത്യേകതകൊണ്ടാണ് അവൾ പശുവിന്റെ രൂപം സ്വീകരിച്ച് പൃഥുവിന്റെ മുന്നിലെത്തിയതു?. പൃഥുരാജാവ് ഭൂമീദേവിയെ ദോഹനം ചെയ്തപ്പോൾ ആരായിരുന്നു കിടാവായിരുന്നതു? ഏതു പാത്രത്തിലായിരുന്നു അവൾ പാൽ ചുരന്നതു?. ഭൂമിയുടെ ഉപരിതലം ഉയർച്ചയും താഴ്ചയുമുള്ളതാണെന്നിരിക്കെ എങ്ങനെയായിരുന്നു അദ്ദേഹം അതിനെ സമനിലമാക്കിത്തീർത്തതു? എന്തിനായിരുന്നു ഇന്ദ്രൻ പൃഥുമഹാരാജന്റെ യാഗാശ്വത്തെ കട്ടുകൊണ്ടുപോയതു? അദ്ദേഹം സനത് കുമാരനിൽനിന്നും ആത്മജ്ഞാനം നേടിയെന്ന് അങ്ങ് പറഞ്ഞുവല്ലോ!, എങ്ങനെയായിരുന്നു അദ്ദേഹം ആ ജ്ഞാനത്തെ തന്റെ ജീവിതത്തിൽ പകർത്തി നിത്യഗതിയെ പ്രാപിച്ചതു?. ഭഗവദവതാരമായതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മഹിമകളെ കേൾക്കുക എന്നത് അത്യന്തം ആനന്ദകരമായ കാര്യമാണു. മാത്രമല്ല, അത് സകല സൌഭാഗ്യങ്ങളും പ്രദാനം ചെയ്യുന്നു. ഈയുള്ളവനാകട്ടെ അങ്ങയുടേയും അധോക്ഷജനായ ആ പരമപുരുഷന്റേയും ഭക്തനാണു. അതുകൊണ്ട് വേനപുത്രനായ പൃഥുവിന്റെ കഥകൾ മുഴുവനായി പറഞ്ഞുതന്ന് അടിയനെ അനുഗ്രഹിച്ചാലും!.

സൂതൻ പറഞ്ഞു: ഹേ ബ്രാഹ്മണരേ!, വിദുരരുടെ ജിജ്ഞാസയെ കണ്ടു സന്തുഷ്ടനായ മൈത്രേയൻ വീണ്ടും ഇപ്രകാരം പറഞ്ഞുതുടങ്ങി: വിദുരരേ!, അന്ന്, ഋഷിമാർ പൃഥുവിനെ രാജാവാക്കിയതിനുശേഷം, രാജ്യത്താകമാനം വല്ലാത്ത അന്നക്ഷാമമുണ്ടായി. പ്രജകൾ പട്ടിണിയിൽ എല്ലുംതോലുമായി. അവർ രാജസന്നിധിയിലെത്തി കാര്യങ്ങളറിയിച്ചു. അവർ പറഞ്ഞു: രാജൻ!, മരത്തിനുള്ളിൽ അഗ്നി ബാധിച്ച് അത് കരിഞ്ഞുണങ്ങുന്നതുപോലെ ഞങ്ങൾ വിശപ്പാൽ വെന്തുരുകുകയാണു. അങ്ങ് ഞങ്ങളുടെ രക്ഷകനാണു. ഞങ്ങൾക്ക് തൊഴിൽ നൽകേണ്ടവനാണു. ഇന്ന് ഞങ്ങളിവിടെ വന്നിരിക്കുന്നത് ഞങ്ങളെ സംരക്ഷിക്കണമെന്ന് അപേക്ഷിക്കുവാനാണു. അങ്ങ് ഒരു സാധാരണ രാജാവിൽ കവിഞ്ഞ് ഭഗവാൻ ശ്രീഹരിയുടെ അവതാരംകൂടിയാണു. യഥാർത്ഥത്തിൽ രാജാധിരാജനാണു. അന്നധാതാവായ അവിടുന്ന് ഞങ്ങൾക്ക് തൊഴിലുകൾ നൽകി രക്ഷിക്കേണ്ടവനാണു. അതുകൊണ്ട് അന്നത്തിനുള്ള ദ്രവ്യം നൽകി ഞങ്ങളെ സഹായിച്ചാലും. അല്ലാത്തപക്ഷം ഞങ്ങൾ പട്ടിണിയിൽ മരിച്ചുപോകും.

പൃഥുമഹാരാജൻ തന്റെ രാജ്യത്തിന് സംഭവിച്ചിരിക്കുന്ന വിപത്തിന്റെ മൂലകാരണത്തെക്കുറിച്ച് വളരെയധികം ചിന്തിച്ചു. ഉടൻ‌തന്നെ അദ്ദേഹം അമ്പും വില്ലുമായി ഭൂമിക്കുനേരേയടുത്തു. തന്നെ കൊല്ലാനായി പാഞ്ഞടുക്കുന്ന ഭൂപതിയെ കണ്ട് ഭൂമീദേവി പേടിച്ചുവിറച്ചു. വേട്ടക്കാരനെ ഭയന്നോടുന്ന മാനിനെപ്പോലെ, പൃഥുരാജനെ കണ്ട് അവൾ ഒരു പശുവിന്റെ രൂപംകൈക്കൊണ്ട് ഓടിയകന്നു. ഇത് കണ്ട രാജാവിന്റെ കണ്ണുകൾ കോപത്താൽ ചുവന്നു.  അദ്ദേഹം വില്ലിൽ തൊടുത്ത അമ്പുമായി ഭൂമിക്ക് പിന്നാലെ പാഞ്ഞു. അവൾ ഇഹത്തിലും പരത്തിലുമായി ഏറെനേരം ഓടിയലഞ്ഞു. പിന്നാലെ പൃഥുമഹാരാജനും. ക്രൂരമായ കാലത്തിന്റെ പിടിയിൽനിന്നും ഭൂതങ്ങൾ രക്ഷപ്പെടാത്തതുപോലെ, എത്ര ഓടിയിട്ടും ഭൂമിക്ക് വേനപുത്രനിൽനിന്നും രക്ഷനേടാൻ കഴിഞ്ഞില്ല. ഓടിത്തളർന്ന അവൾ ഒടുവിപിൻവാങ്ങുകതന്നെ ചെയ്തു. തുടർന്ന്, ആപന്നവത്സലനായ പൃഥുരാജനിൽ അഭയം പ്രാപിച്ചുകൊണ്ട് ഗോരൂപിണിയായ ഭൂമീദേവി പറഞ്ഞു: ഹേ സർവ്വപാലകനായ ഭൂപതേ! എന്നെ രക്ഷിച്ചാലും!. അടിയൻ യാതൊരു തെറ്റും ചെയ്യാത്ത പാവമാണു. എനിക്കറിയില്ല അങ്ങെന്തിനാണെന്നെ വധിക്കാൻ ശ്രമിക്കുന്നതെന്നു. സർവ്വധർമ്മങ്ങളുമറിയേണ്ട അങ്ങ് എന്തിനാണ് എന്നിൽ ക്രോധാകുലനായിരിക്കുന്നതു? ഒരു സ്ത്രീയെ വധിക്കുവാൻ അങ്ങെന്തിനാണിത്ര ഉത്സുകനായി ഇറങ്ങിത്തിരിച്ചിരിക്കുന്നതു?. ഒരു സ്ത്രീ ഇനി എന്തെങ്കിലും അപരാധം കാട്ടിയാൽകൂടി അവളുടെമേൽ ആരും കൈവയ്ക്കുകയില്ല. അങ്ങനെയെങ്കിൽ കാരുണ്യവാനും രക്ഷകനും ദീനവത്സലനുമായ അങ്ങയെക്കുറിച്ചെന്ത് പറയാൻ? ഞാൻ സകലഭൂതങ്ങളേയും വഹിക്കുന്ന ഒരു നൌകയാണു. അങ്ങെന്നെ വധിക്കുന്നപക്ഷം, അങ്ങും അങ്ങയുടെ പ്രജകളും എങ്ങനെയാണ് ഈ ഗർഭോദകത്തിൽനിന്നും രക്ഷപ്പെടുന്നതു?.

പൃഥു ഭൂമിയുടെ വാക്കുകൾക്ക് മറുപടി പറഞ്ഞു: ഹേ ഭൂമീ!, നീ എന്റെ ആജ്ഞകളെ ലംഘിച്ചവളാണു. ഞങ്ങൾ അനുഷ്ഠിക്കുന്ന യജ്ഞവിഹിതം സ്വീകരിച്ചതിനുശേഷം, വേണ്ടത്ര അന്നത്തെ തിരിച്ചുനൽകേണ്ട ധാർമ്മികമായ ഉത്തരവാദിത്വം നീ കാട്ടിയില്ല. അതുകൊണ്ട് നമുക്ക് നിന്നെ വധിക്കാതെ നിർവ്വാഹമില്ല. ഇവിടുത്തെ പുല്ലുകൾ തിന്ന് വയറുനിറച്ചിട്ടും നീ നിന്റെ അകിടിൽ പാൽ ചുരത്തുന്നില്ല. അറിഞ്ഞുകൊണ്ട് അധർമ്മം കാട്ടിയെ നിന്നെ, ഒരു ഗോവെന്ന കാരണത്താൽ ശിക്ഷിക്കാതിരിക്കാൻ നമുക്ക് സാധ്യമല്ല. ബ്രഹ്മദേവന്റെ അനുഗ്രഹത്താലുണ്ടായ ധാന്യങ്ങളും വിത്തുകളും ഔഷധങ്ങളും നീ നിന്നിൽ ഒളിപ്പിച്ചുവച്ചിരിക്കുകയാണു. നമ്മുടെ ആജ്ഞയെ വകവയ്ക്കാതെ അവ വിട്ടുതരുവാൻ സന്നദ്ധയാകാത്ത നിന്റെ ബുദ്ധി ഭ്രമിച്ചുപോയിരിക്കുന്നു. അതുകൊണ്ട്, നിന്നെ തുണ്ടം തുണ്ടമായി വെട്ടിയരിഞ്ഞ് ആ മാംസം കൊണ്ട് എന്റെ പ്രജകൾ അവരുടെ വിശപ്പടക്കട്ടെ. അങ്ങനെ ഞാൻ അവരുടെ കരച്ചിൽ അടക്കാൻ പോകുന്നു. ആണായാലും പെണ്ണായാലും ഇനി ഷണ്ഡനായാൽകൂടി, സഹജീവികളിൽ കാരുണ്യമില്ലാതെ സ്വാർത്ഥനും ക്രൂരനുമായവനെ ഒരു രാജാവ് വധിക്കുകയാണെങ്കിൽ, അത് പാപകർമ്മമല്ല. നീ അഹങ്കാരം കൊണ്ട് സ്തബ്ദയും ഭാന്തിയുമായിരിക്കുകയാണു. മായാവിയായ നീ ഗോരൂപം പൂണ്ടുവെങ്കിലും നിന്നെ ഞാൻ ധാന്യത്തെപോലെ പൊടിക്കാൻ പോകുന്നു.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, ആ സമയം പൃഥുരാജൻ യമനെപ്പോലെ ക്രോധാകുലനായിരുന്നു. അദ്ദേഹം ക്രോധത്തിന്റെ മൂർത്തരൂപമായിമാറി. ആ വാക്കുകൾകേട്ട് ഭൂമി പേടിച്ചുവിറച്ചു. അവൾ തൊഴുകൈയ്യോടെ കീഴടങ്ങിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ഹേ ഭഗവൻ!, അദ്ധ്യാത്മസ്വരൂപനായ അങ്ങുതന്നെ അവിടുത്തെ മായാശക്തിയാൽ ത്രിഗുണങ്ങളുടെ പരിണാമഫലമായി ഈ പ്രപഞ്ചത്തിൽ പലേതരം ജീവഭൂതങ്ങളായി ഉടലെടുക്കുന്നു. എന്നാൽ ഒന്നിലും ബദ്ധനാകാതെ അങ്ങ് എപ്പോഴും അദ്ധ്യാത്മരൂപനായിത്തന്നെ നിലകൊള്ളുകയും ചെയ്യുന്നു. അങ്ങയെ ഒരുവിധത്തിലും ആ കർമ്മങ്ങൾ ബാധിക്കുന്നില്ല. സർവ്വതിനും അധിപതിയായ അങ്ങുതന്നെയാണ് ഈ പ്രപഞ്ചത്തേയും ത്രിഗുണങ്ങളേയും ഈ എന്നെത്തന്നെയും നിർമ്മിച്ചിരിക്കുന്നതു. ഞാൻ എന്നിലെ സർവ്വഭൂതങ്ങളേയും വഹിച്ചുകൊണ്ടുനിൽക്കുന്നു. എന്നിരുന്നാലും അങ്ങ് സർവ്വസ്വതന്ത്രനാണു. ഇന്നിതാ അങ്ങുതന്നെ എന്നെ അവിടുത്തെ ആയുധവുമായി വധിക്കാനൊരുങ്ങി എന്റെ മുന്നിൽ വന്നുനിൽക്കുന്നു. ഞാൻ ആരിൽ അഭയം പ്രാപിക്കണമെന്ന് പറഞ്ഞാലും!. ആദിയിൽ അവിടുത്തെ നിഗൂഡശക്തിയാൽ അങ്ങുതന്നെ സകല ചരാചരങ്ങളേയും സൃഷ്ടിച്ചു. അതേ മായാശക്തിയാൽത്തന്നെ അങ്ങ് അവയെ പരിപാലിക്കുകയും ചെയ്യുന്നു. ഇപ്പോൾ എന്തിനാണ് ധർമ്മപരിപാലകനായ അങ്ങുതന്നെ ഗോരൂപിണിയായ എന്നെ ഇത്രയധികം ഉത്സാഹത്തോടെ കൊല്ലാൻ തീരുമാനിച്ചിരിക്കുന്നതു?. ഒന്നായ അങ്ങ് അവിടുത്തെ മായയാൽ പലതായിവന്നിരിക്കുന്നു. ബ്രഹ്മദേവനായി അവതരിച്ചുകൊണ്ട് അങ്ങ് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി രചിച്ചു. അങ്ങ് ആ പരമപുരുഷനാണു. അജ്ഞാനികൾക്ക് അവിടുത്തെ മഹികളെ അയറിയാൻ സാധിക്കില്ല. കാരണം, അവർ അങ്ങയുടെതന്നെ മായാശക്തിയാൽ മോഹിച്ചവരാണു. അവിടുത്തെ ശക്തിയാൽ അങ്ങ് ഈ പ്രപഞ്ചത്തിന്റെ പരമകാരണമായി നിലകൊള്ളുന്നു. അങ്ങുതന്നെ അതിന്റെ ക്രിയയായും കാരകമായും ബുദ്ധിയായും നിലകൊള്ളുന്നു. അവിടുത്തെ ശക്തിയാൽ അങ്ങ് ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും സംഹരിക്കുകയും ചെയ്യുന്നു. സകലതും ഇവിടെ അങ്ങയുടെ ശക്തിയാൽ ചിലപ്പോൾ വ്യക്തമാകുകയും മറ്റുചിലപ്പോൾ അവ്യക്തമാകുകയും ചെയ്യുന്നു. അതുകൊണ്ട് സർവ്വകാരണകാരണനായ അങ്ങയിൽ ഞാനിതാ നമസ്ക്കാരമർപ്പിക്കുന്നു.

ഭഗവാനേ!, അജനായ അങ്ങ് ഒരിക്കൽ ജലത്തിൽ മുങ്ങിയ എന്നെ സൂകരവേഷം പൂണ്ട് ഉയർത്തി യഥാസ്ഥാനത്തിരുത്തി രക്ഷിച്ചവനാണു. അതിലൂടെ അങ്ങേയ്ക്ക് ധരാധരൻ എന്ന നാമവും സിദ്ധിച്ചു. എന്നാൽ ഇപ്പോഴിതാ അങ്ങുതന്നെ കൂർത്ത അമ്പുകൾകൊണ്ട് എന്നെ വധിക്കാനൊരുങ്ങിവന്നു നിൽക്കുന്നു. ഞാൻ എന്നിലെ സർവ്വവും വഹിച്ചുകൊണ്ട് ഒരു നൌകയെപ്പോലെ നിലകൊള്ളുന്നവളാണു. ഭഗവാനേ!, ഈയുള്ളവും അങ്ങളുടെ ത്രിഗുണങ്ങൾ പരിണമിച്ചുണ്ടായതാണു. ഞാനും അവിടുത്തെ ചേഷ്ടകളിൽ ഭ്രമിച്ചുനിൽക്കുന്നവളാണു. എന്തിനു പറയാൻ, അങ്ങയുടെ ഭക്തന്മാരുടെ കർമ്മങ്ങളെപ്പോലും മനസ്സിലാക്കാനുള്ള ബുദ്ധി ഈയുള്ളവൾക്കില്ല. പിന്നെയാണോ അവിടുത്തെ ലീലകളെ അറിയാൻ കഴിയുന്നതു?. ഞങ്ങൾക്ക് നിന്തിരുവടിയുടെ സകലലീലകളും അത്ഭുതകരമായി മാത്രമേ കാണാൻ കഴിയുന്നുള്ളൂ.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  പതിനേഴാമധ്യായം സമാപിച്ചു.
ഓം തത് സത്.
.


The king Prithu is planning to kill the earth