2019, ജനുവരി 28, തിങ്കളാഴ്‌ച

4.13 ധ്രുവപരമ്പരയുടെ വിവരണം.


ഓം

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 13
(ധ്രുവപരമ്പരയുടെ വിവരണം.)


srimad bhagavatham 4.13 എന്നതിനുള്ള ചിത്രംസൂതമുനി ശൌനകാദികളോടു പറഞ്ഞു: മൈത്രേയമഹാഋഷിയിൽനിന്നും ധ്രുവന്റെ വൈകുണ്ഠപ്രാപ്തിയെക്കുറിച്ചുകേട്ട് മനസ്സുണർന്ന വിദുരർ വീണ്ടും ആദേഹത്തോടു ചോദിച്ചു: ഹേ മഹർഷേ!, ആരായിരുന്നു പ്രചേതസ്സുകൾ? അവർ ഏത് പരമ്പരയിൽ പെട്ടവരാണ്? ആരുടെ മക്കളായിരുന്നു അവർ? മാത്രമല്ല, എവിടെവച്ചായിരുന്നു അവർ മഹായജ്ഞങ്ങളൊക്കെ അനുഷ്ഠിച്ചിരുന്നതു? മഹാത്മാവേ!, ഭഗവദ്ഭക്തന്മാരിൽ മുമ്പ നാരദമഹർഷിയാണെന്നാണ് ഞാൻ കേട്ടിട്ടുള്ളതു. അദ്ദേഹം ഭക്തിയുടെ പാഞ്ചരാത്രികാവിധി ചെയ്തിട്ടുള്ളവനും ഭഗവാൻ ഹരിയെ നേരിട്ട് കണ്ടിട്ടുള്ള മഹാഭാഗനുമാണല്ലോ! പ്രചേതസ്സുകൾ യജ്ഞങ്ങൾ ചെയ്തുകൊണ്ട് ഹരിയെ പ്രസാദിപ്പിക്കുമ്പോൾ നാരദർ ധ്രുവന്റെ മഹിമകളെ വർണ്ണിക്കുകയായിരുന്നു. ഹേ ബ്രാഹ്മണശ്രേഷ്ഠാ! എങ്ങനെയാണ് നാരദമഹർഷി ഭഗവാനെ വാഴ്ത്തിയതു? പരമപുരുഷന്റെ എന്തെല്ലാം മഹിമകളായിരുന്നു അദ്ദേഹം അവിടെ വർണ്ണിച്ചതു?

മഹാനായ മൈത്രേയമഹർഷി വിദുരരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു: പ്രിയ വിദുരരേ!, ധ്രുവമഹാരാജാവ് രാജ്യഭാരം മകനായ ഉത്കലനെ ഏല്പിച്ച് കാട്ടിലേക്ക് പോകാനൊരുങ്ങിയപ്പോൾ ഉത്കലൻ സ്ഥാനം സ്വീകരിക്കാൻ വിസമ്മതിച്ചു. ജനനം മുതൽ ഉത്കലൻ തന്നിൽ തന്നെ സംതൃപ്തനും വിഷയങ്ങളിൽ വിരക്തനുമായിരുന്നു. അദ്ദേഹം സകലഭൂതങ്ങളെ പരമാത്മാവിലും തിരിച്ച് പരമാത്മാവിനെ സകലഭൂതങ്ങളിലും ദർശിച്ച സമചിത്തനായിരുന്നു. അദ്ധ്യാത്മജ്ഞാനത്തെ മുറുകെപ്പിടിച്ചുകൊണ്ട് അദ്ദേഹം സദാ നിർവ്വാണാവസ്ഥയിലായിരുന്നു ജീവിച്ചിരുന്നതു. തന്നിൽ തന്നെ രമിച്ചുകൊണ്ട് അദ്ദേഹം എപ്പോഴും അത്മാനന്ദം അനുഭവിച്ചുകൊണ്ടേയിരുന്നു. മാത്രമല്ല, അത് ദിനം പ്രതി വളർന്നുകൊണ്ടുമിരുന്നു. അഗ്നി സകല അശുദ്ധികളേയും നശിപ്പിച്ച് സ്വയം ശുദ്ധമായി നിലകൊള്ളുന്നതുപോലെ, ഉത്കലന്റെ ഉള്ളിലെ ഭഗവദ്ഭക്തി തന്നിലെ സകല അശുദ്ധിയേയും നശിപ്പിച്ചുകൊണ്ട് അദ്ദേഹത്തെ സദാ പരിശുദ്ധനാക്കിക്കൊണ്ടിരുന്നു. അദ്ദേഹം ർവ്വദാ ഭഗവദ്ഭക്തിയിൽ രമിച്ചുകൊണ്ട് ഭഗവാൻ ഹരിയെ മാത്രം സേവിച്ചുകഴിഞ്ഞു.  പുറം ലോകത്തിനുമുന്നിൽ ഉത്കലൻ മടയനും അന്ധനും ബധിരനും മൂകനും ഉന്മത്തനുമായി കാണപ്പെട്ടു. ചാരത്താൽ മൂടപ്പെട്ട അഗ്നിയെപ്പോലെ അദ്ദേഹം ലോകത്തിന്റെ മുന്നിൽ ജ്വലിക്കാതെ ജ്വലിച്ചുകൊണ്ടിരുന്നു. ഇതുകാരണം കൊട്ടാരത്തിലെ മന്ത്രിമാരും കുടുംബത്തിലെ മറ്റ് മുതിർന്ന അംഗങ്ങളും ഉത്കലനെ മന്ദബുദ്ധിയും ഭ്രാന്തനുമെന്നോണം മുദ്രകുത്തുകയും, പകരം ഭ്രാമിയുടെ പുത്രനായ വത്സരനെ യുവരാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. വത്സരന് തന്റെ വധുവായ സ്വർവീതിയിൽ പുഷ്പാർണ്ണൻ, തിഗ്മകേതു, ഇഷ, ഊർജ്ജൻ, വസു, ജയൻ എന്നീ നാമങ്ങളോടുകൂടി ആറു പുത്രന്മാർ ജനിചു. പുഷ്പാർണ്ണന് പ്രഭ, ദോഷാ എന്നിങ്ങനെ രണ്ട് പത്നിമാരുണ്ടായിരുന്നു. പ്രഭയിൽ അദ്ദേഹത്തിന് പ്രാതരൻ, മധ്യന്ദിനൻ, സായൻ എന്നിങ്ങനെ മൂന്ന് പുത്രന്മാരുമുണ്ടായി. അപ്രകാരംതന്നെ ദോഷയും പ്രദോഷൻ, നിശിതൻ, വ്യുഷ്ടൻ എന്ന നാമങ്ങളോടെ മൂന്ന് പുത്രന്മാർക്ക് ജന്മം നൽകി. അതിൽ വ്യുഷ്ടന്റെ പത്നി പുഷ്കരിണി സർവ്വതേജൻ എന്ന ശക്തിമാനായ ഒരു പുത്രനെ പ്രസവിച്ചു. സർവ്വതേജന്റെ പത്നി ആകൂതിയിൽ ചക്ഷുസൻ എന്ന ഒരു പുത്രൻ ജനിച്ചു. അദ്ദേഹമായിരുന്നു മന്വന്തരാവസാനത്തിലെ റാം മനുവായി സ്ഥാനമേറ്റതു. ചക്ഷുസമനു തന്റെ പത്നിയായ നഡ്വലയിൽ പുരു, കുത്സൻ, ത്രിതൻ, ദ്യുംനൻ, സത്യവാൻ, ഋതൻ, വ്രതൻ, അഗ്നിസ്തോമൻ, അതിരാത്രൻ, പ്രദ്യുംനൻ, ശിബി, ഉൽമുകൻ എന്നിവർക്ക് ജന്മം നൽകി. പന്ത്രണ്ട് പുത്രന്മാരിൽ ഉൽമുകന് തന്റെ പത്നിയായ പുഷ്കരിണിയിൽ അംഗൻ, സുമനൻ, ഖ്യാതി, ക്രതു, അംഗിരൻ, ഗയൻ എന്നീ ആറ് സുപുത്രന്മാർ ജനിച്ചു. അതിൽ അംഗന് തന്റെ പത്നി സുനീതയിൽ വേനൻ എന്ന ഒരു ഉത്ബണനായ പുത്രനുണ്ടായി. ദുർവൃത്തനായ തന്റെ പുത്രന്റെ ശല്യം സഹിക്കവയ്യാതെ അംഗനെന്ന രാജർഷി തന്റെ വീടും രാജ്യവും ഉപേക്ഷിച്ച് വനത്തിലേക്ക് പുറപ്പെട്ടു.

ഹേ വിദുരാ!, മഹർഷിമാരുടെ ശാപം എപ്പോഴും ഇടിമിന്നലുകൾ പോലെ അജ്ജയ്യമായി നിലകൊള്ളുന്നു. ശല്യം സഹിക്കാതെയായപ്പോൾ ഋഷികൾ കോപത്താൽ വേനനെ ശപിക്കുകയും വേനൻ തത്ക്ഷണം മരിച്ചുവീഴുകയും ചെയ്തു. വിദുരരേ!, വേനന്റെ മരണത്തിനുശേഷം രാജ്യം നാഥനില്ലാതെ അരക്ഷിതാവസ്ഥയി. അവിടെ അധർമ്മികളും കള്ളന്മാരും പെരുകുകയും അതുകാരണം പ്രജകൾ വിഷമത്തിലാകുകയും ചെയ്തു. ദുഃർഘടാ‍വസ്ഥയിൽ ഋഷികൾ കൂടിയാലോചിച്ച് വേനന്റെ വലതുകൈ മുറിച്ചെടുത്തു ഒരു കടച്ചിൽ ദണ്ഢായി ഉപയോഗിച്ചു. അതിലൂടെ ഭഗവാൻ വിഷ്ണു പൃഥുരാജാവായി അവതരിച്ചു ഭൂമിയിൽ ധർമ്മം വീണ്ടെടുത്തു.

അതുകേട്ടപ്പോൾ വിദുരൻ ചോദിച്ചു: ഹേ മഹാമുനേ!, ഋഷിതുല്യനായ ഒരു രാജാവായിരുന്നല്ലോ അംഗൻ. അങ്ങനെയെങ്കിൽ അദ്ദേഹത്തിനെങ്ങനെയാണ് വേനനെപ്പോലെ ഉത്ബണനായ ഒരു പുത്രൻ ജനിച്ചതും അവന്റെ ശല്യം സഹിക്കവയ്യാതെ സകലതും ഉപേക്ഷിച്ച് പോകേണ്ടിവന്നതും? മാത്രമല്ല, മഹാജ്ഞാനികളും സഹിഷ്ണുക്കളുമായ ഋഷികൾക്ക് എങ്ങനെയാണ് വേനനെ ശപിക്കുവാനും ശിക്ഷിക്കുവാനും കഴിഞ്ഞതു? ഒരു രാജ്യത്തെ രാജാവിനെ അവിടുത്തെ പ്രജകൾക്കെങ്ങനെയാണ് അപമാനിക്കാനാവുക? ഒരുപക്ഷേ, അദ്ദേഹം ഒരു പാപകർമ്മിയാണെങ്കിൽകൂടി അത് എങ്ങെനെയാണ് അംഗീകരിക്കാൻ കഴിയുക? എന്ത് പറഞ്ഞാലും രാജാവ് രാജാവുതന്നെയല്ലേ? ഹേ ബ്രാഹ്മണശ്രേഷ്ഠാ!, അങ്ങ് സർവ്വജ്ഞനാണ്. ഭൂതവും ഭാവിയുമറിയുന്നവനാണ്. അവിടുത്തെ ഭക്തനായ എനിക്ക് വേനന്റെ ജന്മത്തെക്കുറിച്ചും കർമ്മത്തെക്കുറിച്ചും കൂടുതൽ അറിയുവാൻ താത്പര്യമുണ്ട്. സകലതും പറയുവാൻ അങ്ങയിൽ കൃപയുണ്ടാകണം.

മൈത്രേയൻ പറഞ്ഞു: പ്രിയ വിദുരരേ!, ഒരിക്കൽ അംഗൻ അശ്വമേധയാഗം നടത്തുവാൻ തീരുമാനിച്ചു. വിധിപ്രകാരമുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതിനുശേഷം യാഗം ആരംഭിച്ചു. പക്ഷേ യാജ്ഞികർ എത്രകണ്ട് പരിശ്രമിച്ചിട്ടും ദേവതകളാരുംതെന്നെ യജഞവിഹിതം സ്വീകരിക്കുവാനായി അവിടെ ന്നിരുന്നില്ല. അപ്പോൾ ബ്രാഹ്മണർ അംഗനോടു പറഞ്ഞു: അല്ലയോ രാജൻ!, ഞങ്ങൾ എന്തുതന്നെ ചെയ്തിട്ടും ദേവതകളാരുംതന്നെ യജ്ഞവിഹിതം കൈക്കൊള്ളാൻ ആഗതരാകുന്നില്ല. രാജാവേ!, അങ്ങ് സമാഹാരിച്ചുകൊണ്ടുവന്നിട്ടുള്ള യജ്ഞസാധനസാമഗ്രികളെല്ലാംതന്നെ ശുദ്ധമാണെന്നും, അങ്ങവയെ ശ്രദ്ധയോടും ഭക്തിയോടുമാണ് ഇവിടെ സമർപ്പിച്ചിരിക്കുന്നതെന്നും ഞങ്ങൾക്കറിയാം. ഞങ്ങൾ ഉരുക്കഴിക്കുന്ന വേദമന്ത്രങ്ങളൊന്നിലും യാതൊരു പിഴയും സംഭവിച്ചിട്ടില്ല. കാരണം, ഇവിടെ കൂടിയിരിക്കുന്ന സകല യാജ്ഞികരും പണ്ഢിതശ്രേഷ്ഠന്മാരാണ്. എന്നിട്ടും ദേവന്മാർ സംതൃപ്തരാകാത്തതിന്റെ കാരണം ഞങ്ങൾക്ക് മനസ്സിലാകുന്നില്ല.

മൈത്രേയൻ പറഞ്ഞു: യാജ്ഞികരുടെ വാക്കുകൾ കേട്ട് അംഗന് വളരെയധികം വിഷമം തോന്നി. പെട്ടെന്ന് അദ്ദേഹം തന്റെ മൌനം വെടിഞ്ഞുകൊണ്ട് യാഗശാലയിലുണ്ടായിരുന്ന ബ്രാഹ്മണരോട് ചോദിച്ചു. ഹേ പണ്ഢിതന്മാരേ!, നാം എന്ത് തെറ്റാണ് ചെയ്തതെന്നു പറയുക. എത്ര ആവാഹിച്ചിട്ടും എന്തുകൊണ്ടാണ് ദേവന്മാർ യജ്ഞത്തിൽ പങ്കുചേരാത്തതും യജ്ഞവിഹിതം സ്വീകരിക്കാത്തതും? അതുകേട്ടപ്പോൾ പണ്ഢിതന്മാരിൽ മുഖ്യൻ പറഞ്ഞു: ഹേ രാജൻ!, അങ്ങയുടെ ജന്മത്തിൽ അങ്ങ് ഒരു പാപവും ചെയ്തതായി ഞങ്ങൾക്ക് കാണാൻ കഴിയുന്നില്ല. എന്നാൽ കഴിഞ്ഞ ജന്മത്തിൽ അങ്ങ് പാപം ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് ത്രയും യോഗ്യനായിട്ടും അങ്ങേയ്ക്ക് പുത്രന്മാരുണ്ടാകാതിരിക്കുന്നതു. ഞങ്ങൾ അങ്ങേയ്ക്ക് സർവ്വമംഗളങ്ങളും നേരുകയാണ്. ഇനി വിടുന്ന് ചെയ്യേണ്ടതൊന്നുമാത്രമാണ്. ഭഗവാൻ ഹരിയെ പ്രസാദിപ്പിക്കുക. ഒരു പുത്രനുവേണ്ടി അവനോടു പ്രാർത്ഥിക്കുക. ആയതിനുവേണ്ടിയുള്ള യജ്ഞങ്ങളും അനുഷ്ഠിക്കു. സകലയജ്ഞഭോക്താവായ അവൻ അങ്ങയുടെ പ്രാർത്ഥന കേൾക്കാതിരിക്കില്ല. തീർച്ചയായും അങ്ങേയ്ക്ക് പുത്രഭാഗ്യമുണ്ടാകും. ഒരിക്കൽ അവൻ വന്നു അങ്ങയിൽനിന്ന് യജ്ഞവിഹിതം കൈക്കൊണ്ടാൽ പിന്നെ സർവ്വദേവതകളും അവനെ പിന്തുടർന്നുകൊള്ളും.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, അവനെ യജ്ഞംകൊണ്ട് പ്രസാദിപ്പിക്കുന്നവൻ തന്റെ ആഗ്രങ്ങൾ സാധ്യമാക്കുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ പുത്രലാഭാർത്ഥം അംഗരാജാവിനുവേണ്ടി അവർ സർവ്വഭൂതാശയസ്ഥിതനായ ഭഗവാ വിഷ്ണുവിനെ തർപ്പണം ചെയ്ത് പ്രസാദിപ്പിക്കാൻ ശ്രമിച്ചു. അർഘ്യം യാഗാഗ്നിയിലേക്ക് ഹോമിച്ചതും, പെട്ടെന്നുതന്നെ ഒരു പുരുഷൻ അമലവസ്ത്രധാരിയായി, സ്വർണ്ണമാല്യം ധരിച്ച്, കൈയ്യിൽ ഒരു സ്വർണ്ണക്കുടത്തിൽ നിറയെ പായസവുമായി പ്രത്യക്ഷനായി. അംഗൻ യാജ്ഞികരുടെ അനുവാദത്തോടെ അത് കൈകുമ്പിളിൽ വാങ്ങി മണത്തുനോക്കിയതിനുശേഷം അതിൽ കുറച്ചു തന്റെ പത്നിക്ക് പകർന്നുകൊടുത്തു. പുത്രനില്ലാതിരുന്ന രാജ്ഞി അത് സേവിച്ചതിനുശേഷം തന്റെ ഭർത്താവാൽ ഗർഭിണിയാകുകയും മാസങ്ങൾക്കുശേഷം അവർക്ക് ഒരു പുത്രൻ ജനിക്കുകയും ചെയ്തു. അവർ അവന് വേനൻ എന്ന് നാമകരണം ചെയ്തു. അവനാകട്ടെ ഭാഗികമായി അധർമ്മവശാനുവർത്തിയായിട്ടാണ് പിറന്നതു. കാരണം അവന്റെ മുത്തച്ഛൻ മൃത്യുവിന്റെ മൂർത്തരൂപമായിരുന്നു. അതുകാരണത്താൽ വേനൻ സമൂഹത്തിൽ അധർമ്മിയായി വളർന്നുവന്നു. അവൻ ദിവസവും അമ്പും വില്ലുമായി കാട്ടിലേക്ക് പോകുകയും അവിടുയുള്ള പാപം മാനുകളേയും മറ്റു മൃഗങ്ങളേയും നിഷ്കരുണം എയ്തുവീഴ്ത്തുകയും ചെയ്തു. വേനനെ കാണുന്ന മാത്രയിൽ ജനങ്ങൾ കൂകിവിളിച്ചു; ദുഃഷ്ടനായ വേനൻ വരുന്നേ!... ദുഃഷ്ടനായ വേനൻ വരുന്നേ!... പലപ്പോഴും തന്റെകൂടെ കളിച്ചുകൊണ്ടിരിക്കുന്ന മറ്റു കുട്ടികളെ, അറവുശാലയിലേക്ക് കൊണ്ടുവരുന്ന മൃഗങ്ങളെപ്പൊലെ, വേന വളരെ മൃഗീയമായി കൊല്ലാൻ തുടങ്ങി. വിദുരരേ!, മകന്റെ ക്രൂരത ഏറിവന്നപ്പോൾ അംഗൻ അവനെ പലവിധത്തിലും ഉപദേശിക്കുകയും ശിക്ഷിക്കുകയും ചെയ്തു. അവനെ ധർമ്മത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ ആ പിതാവ് കണക്കറ്റു പരിശ്രമിച്ചു. പക്ഷേ, കാര്യമുണ്ടായില്ല. സഹികെട്ട അംഗൻ ക്രൂരനായ തന്റെ മകന്റെ പ്രവൃത്തികളിൽ അതീവ ദുഃഖിതനായി. അദ്ദേഹം ചിന്തിച്ചു. പുത്രരില്ലാത്തവർ എത്രകണ്ട് ഭാഗ്യവാന്മാരാണ്!. അവർ തീർച്ചയായും പോയ ജന്മങ്ങളിൽ ഭഗവാനെ ആരാധിച്ചിട്ടുണ്ടായിരിക്കണം. അങ്ങനെയാണ് അവർ അധമന്മാരായ പുത്രരിൽ നിന്നു ദുഃഖമനുഭവിക്കാതെ രക്ഷപ്പെടുന്നതു. പാപിയായ ഒരു പുത്രൻ തന്റെ പിതാവിന്റെ അഭിമാനത്തെ ഇല്ലാതാക്കുന്നു. വീട്ടിൽ പോലും അവന്റെ അധാർമ്മികമായ പ്രവൃത്തിയിൽനിന്ന് ധാരാളം അധർമ്മങ്ങളും വഴക്കുകളും ജനങ്ങൾക്കിടയിലുണ്ടാകുന്നു. അത് അവസാനമില്ലാത്ത ആകുലതയ്ക്ക് കാരണമാകുന്നു. ബുദ്ധിമാനായ ആരാണ് ഇങ്ങനെ വിലകെട്ട ഒരു പുത്രനെ ആഗ്രഹിക്കുന്നതു! ഇങ്ങനെയൊരു പുത്രൻ ഒരു ജീവനെ മായയുടെ പിടിയിലകപ്പെടുത്തുകയും വീടിനെ ദുരിതപൂർണ്ണമാക്കി മാറ്റുകയും മാത്രമേ ചെയ്യുകയുള്ളൂ. അപ്പോൾതന്നെ അദ്ദേഹം തിരിച്ചും ചിന്തിച്ചു. ഒരുകണക്കിന് താൻ ഭാഗ്യവാനാണ്. സത്യത്തിൽ ഒരു സത്പുത്രനെക്കാൾ നല്ലത് ദുഃഷ്പുത്രൻതന്നെയാണ്. കാരണം, സത്പുത്രൻ തന്റെ പിതാവിനെ ഗൃഹാദികളിൽ തളച്ചിടുമ്പോൾ, ദുഃഷ്പുത്രനാകട്ടെ തന്റെ വീടിനെ നരകതുല്യമാക്കുകയും ബുദ്ധിമാനായ പിതാവ് അതിൽ വിരക്തനാകുകയും ചെയ്യും. ഇങ്ങനെ ചിന്തിച്ചുകൊണ്ട് അന്നുരാത്രി അദ്ദേഹം ഉറങ്ങാതെ നേരം വെളുപ്പിച്ചു. തുടർന്ന് അംഗൻ വീടിനോട് ഉദാസീനഭാവം കൈക്കൊണ്ടു. ഒരുനാൾ രാത്രിയുടെ മധ്യയാമത്തിൽ അംഗൻ കിടക്കയിൽനിന്നെഴുന്നേറ്റ് ഉറങ്ങിക്കിടന്ന തന്റെ ഭാര്യയെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി. അന്നു രാത്രിതന്നെ അദ്ദേഹം തന്റെ രാജ്യവും സകല സൌഭാഗ്യങ്ങളുമുപേക്ഷിച്ച് ആരും കാണാതെ കാട്ടിലേക്ക് പുറപ്പെട്ടു.

പിറ്റേദിവസം, രാജാവ് നിസ്സംഗനായി നാടുപേക്ഷിച്ചതറിഞ്ഞ് പ്രജകളും പണ്ഢിതന്മാരും മന്ത്രിമാരും സുഹൃത്തുക്കളും പൊതുജനങ്ങളുമെല്ലാം അതീവ ദുഃഖിതരായി. കുയോഗികൾ തങ്ങളുടെയുള്ളിൽ ഈശ്വരനെ തേടുന്നതുപോലെ, അവർ ലോകം മുഴുവൻ അംഗനെ അന്വേഷിച്ചുനടന്നു. ഒടുവിൽ എങ്ങും കാണാതായപ്പോൾ അവർ ദുഃഖിതരായി തങ്ങളുടെ പട്ടണത്തിലേക്ക് മടങ്ങി. സമയം കൊട്ടാരത്തിൽ ഋഷികളെല്ലാം ഒത്തുകൂടിയിരിക്കുകയായിരുന്നു.  കണ്ണുനീരൊഴിക്കിക്കൊണ്ട് തൊഴുകൈകളോടെ അവർ ഋഷികൾക്കുമുന്നിൽ തങ്ങളുടെ നിസ്സഹായവസ്ഥയെ അറിയിച്ചു.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  പതിമൂന്നാമധ്യായം സമാപിച്ചു.
ഓം തത് സത്.

            
Description of the descendants of Dhruva