2019, ജനുവരി 27, ഞായറാഴ്‌ച

4.12 ധ്രുവമഹാരജൻ ഭഗവദ്ധാമത്തിലേക്ക് പുറപ്പെടുന്നു.


ഓം

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 12

(ധ്രുവമഹാരജൻ ഭഗവദ്ധാമത്തിലേക്ക് പുറപ്പെടുന്നു)

Back to Godhead - Volume 11, Number 01 - 1976 മൈത്രേയൻ പറഞ്ഞു: പ്രിയവിദുരരേ!, സ്വായംഭുവമനുവിന്റെ ഉപദേശം സ്വീകരിച്ച് ധ്രുവമഹാരാജൻ തന്റെ കോപത്തെയടക്കി. അദ്ദേഹം യക്ഷവധം പൂർണ്ണമായും അവസാനിപ്പിച്ചു. ഈ വാർത്തയറിഞ്ഞ ധനപതി ധ്രുവന്റെ സന്നിധിയിലെത്തി. യക്ഷകിന്നരചാരണാദികളാൽ സ്തുതിക്കപ്പെട്ട കുബേരൻ തൊഴുകൈയ്യുമായി നിൽക്കുന്ന ധ്രുവനോട് പറഞ്ഞു.

കുബേരൻ പറഞ്ഞു: ഹേ അനഘനായ ക്ഷത്രിയപുത്രാ!, അങ്ങയുടെ മുത്തച്ഛന്റെ വാക്കുകളെ മാനിച്ചുകൊണ്ട് അങ്ങ് ഞങ്ങളോടുള്ള ദുസ്ത്യജമായ വൈരാഗ്യം അവസാനിപ്പിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. യഥർത്ഥത്തിൽ അങ്ങ് യക്ഷന്മാരെയോ യക്ഷന്മാർ അങ്ങയുടെ സഹോദരനെയോ വധിച്ചിട്ടില്ല. ഇവിടെ ജനനമരണങ്ങൾ സംഭവിക്കുന്നത് ഭഗവാൻ ശ്രീഹരിയുടെ കാലത്തിന്റെ ശക്തിയാലാണ്. ജീവികൾ തങ്ങളുടെ സ്വരൂപത്തെ മറന്ന് ശരീരത്തെ താനെന്നും പരനെന്നും കരുതി, ഞാൻ, നീ, എന്ന് വേർതിരിച്ചുകാണുന്നത് അജ്ഞാനം നിമിത്തമാണ്. ഈ തെറ്റിദ്ധാരണയിലൂടെയാണ് ഇവിടെ ജനനമരണങ്ങൾ സംഭവിക്കുന്നതും. അതാകട്ടെ നമ്മളെ തുടരെതുടരെ സംസാരമാകുന്ന ആഴക്കടലിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നു. പ്രിയ ധ്രുവാ!, ഭഗവാൻ അങ്ങേയ്ക് സർവ്വമംഗളങ്ങളും അരുളുമാറകട്ടെ. അധോക്ഷജനായ അവൻ സർവ്വഭൂതങ്ങളിലും പരമാത്മാവായി ഇരിക്കുന്നു. അതുകൊണ്ടുതന്നെ നാമെല്ലാം ഒന്നാണ്. ആയതിനാൽ സർവ്വാശ്രമായ അവനെ ആരാധിക്കുക. സർവ്വാത്മനാ അവനെ ഭജിച്ചുകൊണ്ടിരിക്കുക. കാരണം, അവനുമാത്രമേ നമ്മളെ ഈ ഭവസാഗരത്തിൽനിന്നും മുക്തമാക്കാൻ കഴിയൂ. അവൻ തന്റെ മായാശക്തിയുമായി ഇഴുകിച്ചേർന്നിരിക്കുന്നുവെങ്കിലും, അവളുടെ സകലകർമ്മങ്ങളിൽനിന്നുമകന്നു നിൽക്കുന്നു. ഈ പ്രപഞ്ചത്തിൽ എന്തെല്ലാം സംഭവിക്കുന്നുവോ, അതെല്ലാം അവന്റെ അവ്യക്തമായ മായാശക്തിയാൽ മാത്രമാണ്. ഹേ ഔത്താനപാദാ!, അങ്ങ് ആ പത്മനാഭപരമപുരുഷന്റെ ഭക്തിയിൽ നിരതനായി ജീവിക്കുന്നവനാണെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ട് ഞങ്ങളിൽനിന്ന് എന്ത് വരവും സ്വീകരിക്കുവാൻ അങ്ങ് അർഹനാണ്. വൈമനസ്യം കൂടാതെ ചോദിച്ചുകൊള്ളുക എന്ത് വരമാണ് അങ്ങേയ്ക്ക് എന്നിൽനിന്നും വേണ്ടത്?

മൈത്രേയൻ തുടർന്നു: വിദുരരേ!, യക്ഷരാജാവിന്റെ ഉദാരമായ ആ വാക്കുകൾക്ക് മറുപടിയായി മഹാഭാഗവതനും മഹാമതിയുമായ ധ്രുവൻ പറഞ്ഞത്, തനിക്ക് ഭഗവാൻ നാരായണനിൽ അചഞ്ചലമായ ശ്രദ്ധാഭക്തിസ്മരണകളുണ്ടാവണമെന്നായിരുന്നു. കാരണം, അദ്ദേഹത്തിനറിയാമായിരുന്നു, അതൊന്നുകൊണ്ട് മാത്രമേ ഇവിടെ ഈ ദുഃഷ്കരമായ ഭവസാഗരത്തിൽനിന്നും ജീവന് മുകതമാകാൻ കഴിയുകയുള്ളുവെന്നു. ധ്രുവമഹാരാജവിൽ സമ്പ്രീതനായ ഇഢാവിതപുത്രൻ, കുബേരൻ അങ്ങനെയാകട്ടെ എന്നന്നുഗ്രഹിച്ചുകൊണ്ട് അവിടെനിന്നും മറഞ്ഞു. ശേഷം, ധ്രുവരാജനും തന്റെ പട്ടണത്തിലേക്ക് തിരിച്ചുപോയി.

പിന്നീട് തന്റെ രാജ്യാധികാരവുമായി ഇവിടെ കഴിഞ്ഞിരുന്ന കാലമത്രയും ധ്രുവരാജൻ പലപല യജ്ഞങ്ങൾകൊണ്ട് സകലയജ്ഞഭോക്താവായ ഹരിയെ സദാ പ്രസാദിപ്പിച്ചുകൊണ്ടിരുന്നു. വിദുരരേ!, ഇങ്ങനെയുള്ള സകല യജഞങ്ങളും ഭഗവാൻ വിഷുണുവിന്റെ പ്രസാദത്തിനും വരദാനത്തിനും വേണ്ടിയുള്ളതാണെന്നറിയുക. അങ്ങനെ ധ്രുവൻ അച്യുതനിൽ അചഞ്ചലമായി ഭക്തി ഉൾക്കൊണ്ടുകൊണ്ടു ജീവിച്ചുപോന്നു. അപ്പോൾ അദ്ദേഹം സർവ്വചരാചങ്ങളെ തന്നിലുള്ളിലും, അതുപോലെ സ്വയം സകല ചരാചരങ്ങൾതന്നിലും ഇരിക്കുന്നതായിക്കണ്ടു. ധ്രുവൻ സർവ്വഗുണസമ്പന്നനായിരുന്നു. ഭഗവദ്ഭക്തന്മാർക്ക് ധ്രുവൻ എന്നും വളരെ ബഹുമാന്യനായിരുന്നു. അതുപോലെ അദ്ദേഹത്തിനും അവരോട് അത്യന്തം ദയയും വാത്സല്യവുമുണ്ടായിരുന്നു. അദ്ദേഹം ധർമ്മത്തെ സകലവിധത്തിലും പരിപാലിച്ചു. ഈ ഗുണങ്ങളെല്ലാമടങ്ങിയതുകൊണ്ട് അദ്ദേഹം പ്രജകളുടെ പിതാവായി അംഗീകരിക്കപ്പെട്ടു. അങ്ങനെ ഈ ഭൂമിയെ ഭരിച്ചുകൊണ്ട് മുപ്പത്താറായിരം വർഷക്കാലം ധ്രുവൻ ഇവിടെ ജീവിച്ചു. ഭോഗത്തിലൂടെ തന്റെ പുണ്യത്തേയും അഭോഗത്തിലൂടെ പാപത്തേയും അദ്ദേഹം ഭൂമിയിൽത്തന്നെ അനുഭവിച്ചുതീർത്തു. അങ്ങനെ മഹാത്മാവായ ധ്രുവമഹാരാജൻ ധർമ്മാർത്ഥകാമചര്യായാ ഇവിടെ വളരെക്കാലം ജീവിക്കുകയും, ഒടുവിൽ രാജ്യഭാരവും നൃപാസനം പുത്രനിലേല്പിക്കുകയും ചെയ്തു. ഈ പ്രപഞ്ചത്തെ വെറുമൊരു സ്വപനമായും ഭഗവാൻ ഹരിയുടെ മായാവിരചിതാമയ ഒരു ഗന്ധർവ്വനഗരമായും അദ്ദേഹം ഇതിനകം തിരിച്ചറിഞ്ഞു. ഒടുവിൽ, ധ്രുവമഹാരാജാവ് തന്റെ രാജ്യത്തെ ഉപേക്ഷിച്ചു. പത്നിമാർ,  കുട്ടികൾ, സുഹൃത്തുക്കൾ, സൈന്യങ്ങൾ, ധനം,  കൊട്ടാരം, എന്നുവേണ്ട സകലസുഖസൌഭാഗ്യങ്ങളും മായാവിരചിതമായ വെറും നാടകമാണെന്ന് അദ്ദേഹം മനസ്സിലാക്കി. പിന്നീട് ബദരീകാശ്രമത്തിലേക്ക് പോകുകയും ചെയ്തു.

ബദരീകാശ്രമത്തിലെത്തിയ ധ്രുവൻ നിത്യവും ശുദ്ധജലത്തിൽ സ്നാനം ചെയ്തു തന്റെ ഇന്ദ്രിയങ്ങൾ ശുദ്ധമാക്കിക്കൊണ്ടിരുന്നു. യോഗാസനത്തിലിരുന്നുകൊണ്ട് അദ്ദേഹം ധ്യാനത്തിലൂടെ തന്റെ പ്രാണഗതിയെ നിയന്ത്രിച്ചു. ക്രമേണ അദ്ദേഹത്തിന്റെ ഇന്ദ്രിയങ്ങൾ തീർത്തും വിഷയങ്ങളിൽനിന്ന് പിന്തിരിക്കപ്പെട്ടു. തുടർന്നു തന്റെ മനസ്സിനെ ഭഗവദ്രൂപത്തിലുറപ്പിച്ചു. അങ്ങനെ ധ്രുവൻ ധ്യാനസമാധിയിൽ മുഴുകി. സമാധിസ്ഥനായിരിക്കുന്ന അദ്ദേഹത്തിന്റെ കണ്ണുകളിൽനിന്ന് ആനന്ദാശ്രുക്കൾ കവിൾത്തടങ്ങളിലൂടെ പ്രവഹിച്ചുകൊണ്ടിരുന്നു. ഹൃദയമുരുകുകയും ശരീരമാകെ പുളകം കൊണ്ടുവിറയ്ക്കുകയും ചെയ്തു. ഭക്തിയുടെ പാര‌മ്യതയിൽ അദ്ദേഹം തന്റെ ശരീരത്തെ മറന്ന് ഭൌതികതയിൽ നിന്നും അപ്പാടെ മുക്തനായി. ഇങ്ങെനെ അദ്ധ്യാത്മസാധനയിൽ നിർമ്മഗ്നനായിരുന്ന തന്റെ സമീപത്തേക്ക് ഒരു വിമാനം വന്നിറങ്ങുന്നതായി ധ്രുവൻ കണ്ടു. അത് ഒരു പൂർണ്ണചന്ദ്രനെപ്പോലെ പത്തുദിക്കുകളും പ്രശോഭിതമാക്കി. അതിസുന്ദരന്മാരായ രണ്ട് വിഷ്ണുപാർഷദന്മാരെ ധ്രുവൻ ആ വിമാനത്തിൽ കണ്ടു. അവർ കറുത്തിരുണ്ട് യുവത്വം നിറഞ്ഞ ചതുഭുജധാരികളായിരുന്നു. അവരുടെ കണ്ണുകൾ ചെന്താമരപ്പൂക്കളെന്നപ്പോലെ വിടർന്നവയായിരുന്നു. മനം മയക്കുന്ന പൂമ്പട്ടുടുത്ത്, കൈയ്യിൽ ഗദയും പിടിച്ചു, ശിരസ്സിൽ കിരീടവും, കഴുത്തിൽ മാലകളും കരങ്ങളിൽ വളകളും കാതിൽ കുണ്ഢലങ്ങളും അവർ അണിഞ്ഞിരുന്നു.

തന്റെടുത്തേക്ക് വന്നടുക്കുന്ന ആ സുന്ദരരൂപികൾ വിഷ്ണുകിങ്കരന്മാരാണെന്ന് മനസ്സിലാക്കിയ ധ്രുവൻ പെട്ടെന്നെഴുന്നേറ്റു. തിടുക്കത്തിലുണ്ടായ പരിഭാന്തിയിൽ ധ്രുവന് അവരെ എങ്ങനെ സ്വീകരിക്കണെമെന്ന് മനസ്സിലായില്ല. പകരം ഹസ്താജ്ഞലിയോടെ അവർക്കുമുന്നിൽ നമസ്ക്കാരമർപ്പിച്ചുകൊണ്ട് ഭഗവദ്നാമങ്ങളുച്ഛരിക്കുവാൻ തുടങ്ങി. വിദുരരേ!, ധ്രുവന്റെ ചിന്തയിൽ സദാ ഭഗവദ്പാദങ്ങൾ മാത്രമാണുണ്ടായിരുന്നതു. ആ ഹൃദത്തിൽ നിറയെ ഭഗവദ്സ്മരണകളും. നന്ദസുനന്ദാദികളായ ഭഗവദ്പാർഷദന്മാർ അവിടെയെത്തിയപ്പോൾ ധ്രുവൻ തൊഴുകൈകളോടെ അവരെ നമിച്ചുനിന്നു.

അതുകണ്ട് അവർ ധ്രുവനോടു ഇങ്ങനെ പറഞ്ഞു: ഹേ രാജൻ!, അങ്ങേയ് സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. ഞങ്ങൾ പറയുന്നത് ശ്രദ്ധയോടെ കേട്ടാലും!. പണ്ട് അഞ്ചുവയസ്സുള്ളപ്പോൾ അങ്ങ് തീവ്രമായ തപസ്സനുഷ്ഠിക്കുകയുണ്ടായി. അതിലൂടെ ഭഗവാൻ ശ്രീഹരിയെ പ്രസാദിപ്പിച്ചിരുന്നു. ജഗദ്സൃഷ്ടാവായ അവന്റെ പാർഷദന്മാരായ ഞങ്ങൾ അങ്ങയെ അവന്റടുക്കലേക്ക് കൊണ്ടുപോകാൻ വന്നവരാണ്. പ്രാപിക്കുവാൻ അതീവദുഃഷ്കരമായ ആ വിഷ്ണുലോകത്തെ അങ്ങ് തീവ്രതപസ്സാൽ നേടിക്കഴിഞ്ഞിരിക്കുന്നു. മഹാഋഷികൾക്കും ദേവന്മാർക്കുപോലും അസാധ്യമായ കാര്യമാണ് അങ്ങ് ആ ചെറുപ്രായത്തിൽ ചെയ്തതു. ആ ധാമത്തെ ദൂരെ നിന്നെങ്കിലും ഒരുനോക്കു കാണുവാനാണ് സൂര്യചന്ദ്രന്മാരടക്കമുള്ള സകല ഗ്രഹങ്ങളും പ്രപഞ്ചത്തിൽ സദാ വലം വച്ചുകൊണ്ടിരിക്കുന്നതു. ദയവായി അങ്ങ് വന്നാലും നമുക്കുടനെ അവിടേയ്ക്കു പോകാം. ഹേ ധ്രുവമാഹാരാജാവേ!, അങ്ങയുടെ പൂർവ്വപിതാക്കന്മാരോ മറ്റാരുംതന്നെ ഇതുവരെ ആ ലോകത്തെ പ്രാപിച്ചിട്ടില്ല. ഭഗവാൻ വിഷ്ണു ഇരുന്നരുളുന്ന ആ ധാമം ഈ പ്രപഞ്ചത്തിലെ സർവ്വോത്കൃഷ്ടമായ സ്ഥാനമാണ്. സകല ചരാചരങ്ങളും ആ ലോകത്തെ സദാ ആരാധിച്ചുകൊണ്ടിരിക്കുന്നു. ആ പരംധാമത്തിലേക്ക് അങ്ങ് ഞങ്ങളോടൊപ്പം വന്നാലും. ഹേ ആയുഷ്മൻ!, ആ ഉത്തമശ്ലോകനയച്ച വിമാനമാണിത്. ഇതിലേറാൻ അങ്ങ് എന്തുകൊണ്ടും യോഗ്യൻ തന്നെ.

മൈത്രയൻ തുടർന്നു: വിദുരരേ!, ഭഗവദുദ്ദേശം ധ്രുവന് നന്നേയറിയാമായിരുന്നു. വിഷ്ണുപാർഷദന്മാരുടെ വാക്കുകളെ കേട്ട് അകമഴിഞ്ഞ സന്തോഷത്തെ ധ്രുവൻ പെട്ടെന്ന് സ്നാനം ചെയ്ത് സർവ്വഭരണവിഭൂഷിതനായി, തന്റെ നിത്യപൂജകളെ ചെയ്തു തീർത്തു. അവിടെയുണ്ടായിരുന്ന ഋഷികൾക്ക് നമസ്കാരമർപ്പിച്ചുകൊണ്ട് അവരുടെ വിലപ്പെട്ട അനുഗ്രഹാശ്ശിസ്സുകൾ നേടി അദ്ദേഹം പുറപ്പെടാനൊരുങ്ങി. വിമാനത്തിൽ കയറുന്നതിനുമുമ്പ് ധ്രുവൻ അതിനെ വലംവച്ചുനമസ്ക്കരിചു. കൂടാതെ അദ്ദേഹം നന്ദസുനന്ദന്മാരേയും വണങ്ങി. അപ്പോഴേക്കും ധ്രുവൻ ഉരുകിയ സ്വർണ്ണം പോലെ തിളങ്ങിനിന്നു. അപ്പോഴേക്കും ധ്രുവൻ ആ ദിവ്യവിമാനത്തിലേറാൻ തീർത്തും തയ്യാറായിക്കഴിഞ്ഞിരുന്നു.

വിദുരരേ!, ധ്രുവമഹാരാജൻ ആ ദിവ്യവിമാനത്തിലേക്ക് കാലെടുത്തുവയ്ക്കാൻ തുടങ്ങിയതും, അന്തകൻ തനിക്കുനേരേ അടുക്കുന്നതായി അദ്ദേഹം കണ്ടു. എന്നാൽ ഭയക്കാതെ, വിറയ്ക്കാതെ മൃത്യുവിന്റെ മൂർദ്ധാവിൽ ചവുട്ടി ധ്രുവൻ ആ വിമാനത്തിലേറി അതിനുള്ളിലേക്ക് നോക്കി. ഒരു പൂർണ്ണഗൃഹം പോലെയുള്ള ആ ദേവയാനം കണ്ട് അദ്ദേഹം അത്ഭുതം കൂറി. ആ സമയം ആകാശത്തിൽ മൃദംഗദുന്ദുഭിവാദ്യങ്ങൾ മുഴങ്ങി. ഗന്ധർവ്വമുഖ്യൻ ഗാനാലാപനം ചെയ്തു. മറ്റു ദേവതകൾ ധ്രുവനുമേൽ പൂമഴ പൊഴിച്ചു.

ധ്രുവൻ വിമാനത്തിൽ തനിക്കായി ഒരുക്കിയിട്ടുള്ള ഇരിപ്പിടത്തിൽ ഇരുന്നു. പെട്ടെന്ന് അദ്ദേഹത്തിനു തന്റെ മാതാവ് സുനീതിയെക്കുറിച്ചോർത്തു. അദ്ദേഹം ചിന്തിച്ചു,  ഞാനെങ്ങനെയാണ് എന്റെ അമ്മയെ ഇവിടെ തനിച്ചാക്കിയിട്ട് വൈകുണ്ഠത്തിലേക്ക് പോകുക?. ധ്രുവന്റെ മനസ്സിനെ മനസ്സിലാക്കിയ വിഷ്ണുപാർഷദന്മാർ മറ്റൊരു വിമാനത്തിലിരുന്ന് വൈകുണ്ഠത്തിലേക്ക് യാത്രയാകുന്ന സുനീതിയെ അദ്ദേഹത്തിന് കാട്ടിക്കൊടുത്തു. ആകാശമാർഗ്ഗത്തിലൂടെ വൈകുണ്ഠത്തിലേക്ക് പറക്കുന്ന വിമാനത്തിലിരുന്നുകൊണ്ട് ധ്രുവൻ സകലലോകങ്ങളും ദർശിച്ചു. ദേവതകൾ തങ്ങളുടെ വിമാനങ്ങളിലിരുന്നുകൊണ്ട് ധ്രുവനുമേൽ പുഷ്പവൃഷ്ടി ചൊരിഞ്ഞു. മഹാഭാഗനായ ധ്രുവൻ സപ്തഋഷികളുടെ ലോകങ്ങളൊന്നൊന്നായി അതിക്രമിച്ചുകൊണ്ട് ഒടുവിൽ അത്യുന്നതമായ വൈകുണ്ഠമെന്ന വിഷ്ണുധാമത്തെ പ്രാപിച്ചു.

ഏതിന്റെ പ്രകാശം കൊണ്ടാണോ പ്രപഞ്ചത്തിലെ സർവ്വ ലോകങ്ങളും പ്രകാശിക്കുന്നതു, ആ സ്വയം പ്രകാശിതമായ ലോകത്തിലെത്തുവാൻ സഹജീവികളിൽ കാരുണ്യമുള്ളവർക്കുമാത്രമേ സാധിക്കുകയുള്ളൂ. പരന്മാരുടെ ക്ഷേമത്തിൽ വ്യാപൃതാനായി ജീവിക്കുന്നവർ ആ ലോകത്തെ പ്രാപിക്കുന്നു.  ആരാണോ ശാന്താനായിയിരിക്കുന്നത്, സമചിത്തനായിരിക്കുന്നത്, ശുദ്ധനായിയിരിക്കുന്നത്, സർവ്വഭൂതാനുരഞ്ചിതനായിയിരിക്കുന്നത്, ഭഗവദ്ഭക്തന്മാരോടുമാത്രം സംഗം ചേരുന്നത്, അങ്ങനെയുള്ളവൻ ആ ലോകത്തെ നിസ്സാരമായി പ്രാപിക്കുന്നു. വിദുരരേ!, ഇങ്ങനെ ഉത്താനപാദപുത്രൻ ധ്രുവൻ ത്രൈലോക്യചൂഢാമണിയായ വൈകുണ്ഠമെന്ന നിത്യധാമത്തെ പ്രാപിച്ചു. ഹേ കൌരവ്യാ!, മരക്കുറ്റികളിൽ ബന്ധിക്കപ്പെട്ട കന്നുകാലികൂട്ടങ്ങൾ അതിനുചുറ്റും വലം വയ്ക്കുന്നതുപോലെ, പ്രപഞ്ചത്തിലെ സകല തേജോഗോളങ്ങളും ധ്രുവലോകത്തിനുചുറ്റും അതിവേഗത്തിൽ സദാസമയവും ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു.

ആ സമയം, ധ്രുവന്റെ മഹിമയേയും മഹാഭാഗ്യത്തേയും കൺനിറയെകണ്ട് ആനന്ദിച്ചുകൊണ്ട് നാരദമഹർഷി പ്രചേതസ്സുകൾക്കു മുന്നിൽ പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു: നാരായണ! നാരായണ!, കേവലം തന്റെ ഭക്തികൊണ്ടും തപസ്സുകൊണ്ടും സുനീതിപുത്രനായ ധ്രുവൻ അതാ വേദവാദികൾക്കും അപ്രാപ്യമായ വൈകുണ്ഠലോകം പ്രാപിച്ചിരിക്കുന്നു. വേദാന്തികൾക്കുകൂടി അപ്രാപ്യമാണെങ്കിൽ പിന്നെ സാധാരണജനങ്ങളെക്കുറിച്ചെന്തു പറയാൻ! നാരായണ! നാരായണ!. നോക്കൂ!, ചിറ്റമ്മയുടെ പരുഷമായ വാക്കുകളിൽ എത്രകണ്ട് ഒരു അഞ്ചുവയസ്സുകാരന്റെ ഹൃദയം വേദനിച്ചിരുന്നു!. ആ വ്യഥയുമായി അവൻ നേരേ പോയതു തപസ്സിനായി കാട്ടിലേക്കായിരുന്നു. അങ്ങനെ വഴിയിൽ വച്ച് എന്നെ കാണുകയും എന്റെ ഉപദേശത്താൽ മധുവനത്തിലേക്ക് പോയി തീവ്രമായ തപസ്സനുഷ്ഠിക്കുകയും ചെയ്തു. കീഴടക്കാൻ പറ്റാത്ത പരമാത്മാവിനെ അവൻ തന്റെ ഭക്തികൊണ്ടും തപസ്സുകൊണ്ടും പ്രസാദിപ്പിച്ചു കീഴടക്കി. അങ്ങനെ അഞ്ചോ ആറോ വയസ്സുള്ള ബാലൻ ആറുമാസത്തെ തപസ്സിനുകൊണ്ട് അത്യുന്നതമായ പദവിയെ കൈവരിച്ചു. അഹോ! മഹാത്ഭുതമായിരിക്കുന്നു! അനേകകാലത്തെ തപശ്ചര്യകൾക്കുശേഷവും ഋഷിതുല്യരായ ക്ഷത്രിയർക്കുപോലും സിദ്ധിക്കാത്ത സ്ഥാനമാണതു.

മൈത്രേയൻ തുടർന്നു: വിദുരരേ!, ധ്രുവമഹാരാജാവിനെക്കുറിച്ച് അങ്ങറിയാൻ ആഗ്രഹിച്ചതെല്ലാം ഞാൻ ഇതിനകം വിവരിച്ചുകഴിഞ്ഞു. മഹത്തുകൾ ഈ ചരിതം കേൾക്കുവാൻ സദാ കാതോർത്തിരിക്കുന്നു. ആരാണോ ശ്രദ്ധാഭക്തിസമന്വിതം ധ്രുവചരിതത്തെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നത്, അവർക്ക് ധ്രുവന് സിദ്ധിച്ച സമ്പത്തും യശ്ശസ്സും ദീർഘായുസ്സും സിദ്ധിക്കുമെന്നതിൽ സംശയം വേണ്ടാ. ധ്രുവനെക്കുറിച്ചുകേൾക്കുന്നതിലൂടെ ഒരുവൻ ധ്രുവലോകംതന്നെ പ്രാപിക്കുന്നു. ഇതിന്റെ ശ്രവണത്തിലൂടെ ശ്രോതാവിന്റെ കർമ്മഫലങ്ങൾ ഇല്ലാതാകുകയും, അവൻ ഭഗവദ്ഭക്തിക്ക് പാത്രമാവുകയും ചെയ്യുന്നു. അതിലൂടെ താപത്രയങ്ങളകന്ന് ജന്മസാഫല്യമായ മോക്ഷം സിദ്ധിക്കുന്നു. മഹത്വമാഗ്രഹിക്കുന്നവരും ശക്തിയാഗ്രഹിക്കുന്നവരും മാനമാഗ്രഹിക്കുന്നവരും ഇതിനെ ശ്രദ്ധയോടെ കേൾക്കുക. ബ്രാഹ്മണൻ നിത്യവും പ്രാതഃകാലത്തിലും സായംകാലത്തിലും ധ്രുവമഹിമയെ കീർത്തനം ചെയ്യണം. ഭഗവദ്പാദത്തിൽ ആശ്രയം തേടുന്ന സർവ്വരും ഇതിനെ ഫലേച്ഛകൂടാതെ നിത്യവും പ്രകീർത്തിക്കണം. വെളുത്തപക്ഷത്തിലോ കറുത്തപക്ഷത്തിലോ ദ്വദശി ദിവസമോ, ശ്രവണനക്ഷത്രം ഉദിക്കുന്ന ദിവസമോ, ദിനാവസാനത്തിലോ, സംക്രമത്തിലോ, അല്ലെങ്കിൽ ഞായറാഴ്ച ദിവസങ്ങളിലോ ധ്രുവമാഹാത്മ്യം പഠിക്കുന്നതു ഉത്തമമാണ്. അത് ഭക്തജനസമക്ഷമെങ്കിൽ അത്യുത്തമവും. ഇങ്ങനെ ഫലത്തെ ഇച്ഛിക്കാതെ ഇതിനെ പഠിക്കുകയും കേൾക്കുകയും ചെയ്യുന്നതുവഴി ഇരുകൂട്ടരുടേയും സർവ്വാഭീഷ്ടങ്ങളും സാധൂകരിക്കപ്പെടുന്നു. ധ്രുവചരിതം അമൃതത്വത്തിലേക്കു വഴിതുറക്കുന്ന മഹാജ്ഞാനമാണ്. തത്വജ്ഞാനികളല്ലാത്തവരെ ഇത് സത്യപദത്തിലേക്കെത്തിക്കുന്നു. ദയാഹീനരാ‍യവർ ഇത് പഠിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നതിലൂടെ കൃപാലുക്കളും ദീനബന്ധുക്കളുമായി മാറുന്നു. അവർക്ക് ദൈവാനുഗ്രഹം ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുന്നു. ഹേ വിദുരരേ!, ശുദ്ധമായ ഈ ധ്രുവചരിത്രം ലോകത്തിൽ അത്യന്തം പ്രസിദ്ധമാണ്. കൊച്ചുകുട്ടിയായിരുന്ന ധ്രുവൻ തന്റെ കളിക്കോപ്പുകളും വീടും മാതാവിന്റെ സംരക്ഷണംപോലും ഉപേക്ഷിച്ച് ഭഗവദ്പാദങ്ങളിൽ ആശ്രയംകൊണ്ടുവെന്നുള്ളതു മനുഷ്യനെ സംബന്ധിച്ചിടത്തോളം അത്യന്തം അത്ഭുതകരമായ സവിശേഷതയാണ്. പ്രിയവിദുരരേ!, ഇതോടുകൂടി ധ്രുവമാഹാത്മ്യത്തെ ഞാൻ വിസ്തരിച്ചുതന്നെ പറഞ്ഞുകഴിഞ്ഞു.
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ന്ത്രണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.King Dhruva returns to his abode.