2019, ജനുവരി 16, ബുധനാഴ്‌ച

ആത്മജ്ഞാനമഞ്ജരി


ആത്മജ്ഞാനമഞ്ജരി

സുരേഷ് സി. കുറുപ്പ്


ആരുഞാനാരുഞാനമ്മേ! പറ-
കാരുഞാനാരുഞാനമ്മേ!
ആരുനീയിന്നെനിക്കമ്മേ! പറ-
കാരുതന്നൂ നിനക്കെന്നെ?

പാലാഴിയാം കടൽതന്നിൽ ഒരു
നീലവർണ്ണാംഗിതനില്ലേ?
ജഗദീശ്വരൻതന്റെ ദിവ്യ-
തേജസ്സിന്നംശമല്ലോ! നീ.

ഇന്ന് നിനക്ക് ഞാൻ മന്നിൽ പിറ
തന്ന മാതാവുതാനുണ്ണീ!
നിന്നെയാ ശ്രീഹരിയല്ലോ! എനി-
ക്കിന്നു വളർത്തുവാൻ തന്നൂ.

എങ്ങായിരുന്ന് ഞാനമ്മേ! പറ-
കിങ്ങു പിറന്നതിൻ മുന്നേ?
ഭാഷയേതായിരുന്നാവോ! അന്ന്
വേഷമെന്തായിരുന്നാവോ!

മറ്റൊരു മാതാവ് നിന്നെ മുദാ
പെറ്റുവളർത്തിയല്ലുണ്ണീ‍!
അത്തനു വിട്ടുനീയെങ്കൽ പുന-
രിത്തനു നേടി പിറന്നു.

കോടി ജന്മം പുരാ മന്നിൽ ഇതി
നേടി കുഴഞ്ഞ് നീ കുഞ്ഞേ!
എന്നുടെയുണ്ണിയായ് വീണ്ടും ഇഹ
മന്നിൽ മനുജനായ് വന്നൂ.

എന്തിനുവേണ്ടി ഞാനമ്മേ! ഇവി-
ടെന്തുചെയ്വാനായി വന്നൂ?
എത്രനാളേയ്ക്കാകുമമ്മേ! എനി-
ക്കിത്രയീ മാനുഷ ജന്മം?

ഉണ്മയെ തേറുവാനല്ലോ! ഭുവി
ജന്മം നിനക്കിതു വന്നൂ.
മന്നിതിൽ മാനുഷജന്മം അതി
ധന്യമാണെന്നറിയുണ്ണീ!

മർത്യന്റെ ആയുസ്സ് ചൊൽവാൻ ഭുവി
ശക്തിയുള്ളോരില്ല കുഞ്ഞേ!
മർത്ത്യനമർത്ത്യനായ് തീർന്നാൽ പിന്നെ
മൃത്യുവെന്നൊന്നില്ല കുഞ്ഞേ!

ആരും തുണയൊഴിഞ്ഞാർക്കും നിജ
നേരറിവാനതിനാമോ?
ആരാരുമില്ലയോ എന്നെ മുദാ
പാരിൽ തുണപ്പതിനമ്മേ!

ഈശ്വരന്താ,നറി,കെല്ലാ ജീവ-
രാശികൾക്കും തുണയുണ്ണീ!
ദേശകാലങ്ങൾക്കതീതൻ ജഗ-
ദ്ദേശികനാണവനുണ്ണീ!

ഏത് സ്വർഗ്ഗത്തിലാണമ്മേ! ഗുരു-
നാഥനിച്ചൊന്നോനിരിപ്പൂ!
മന്നിലെ ഭാഷകളെല്ലാം അവ-
നിന്നു വശമതോ അമ്മേ!

ബ്രഹ്മാവുതന്നിൽ തുടങ്ങി കൃമി-
ജന്മമതിൽവരെയുണ്ണീ!
ഹൃദ്പത്മകർണ്ണികാമധ്യേ നിറ-
ഞ്ഞപ്പരമാത്മാവിരിപ്പൂ!


സന്തതമിപ്രപഞ്ചത്തിൽ ചെറു-
സ്പന്ദനംപോലുമെന്നുണ്ണീ!
അപ്പരംബോധസ്വരൂപൻ ഹരി
ചില്പുരുഷന്താനറിവൂ!

നേരിലാ പൂമുഖം കാണാൻ മന-
താരിൽ കൊതിവളർന്നമ്മേ!
അത്തിരുരൂപവിശേഷം ഒന്ന്
വിസ്തരിച്ചോതുമോ അമ്മേ!

മന്നിതിൽ കാണുവതെല്ലാം അവ-
ന്തന്നുടെ രൂപമാണുണ്ണീ!
അല്ലാതെ വർണ്ണിച്ചുചൊല്ലാൻ ഇവി-
ടില്ലൊരു നാവ് പൊന്നുണ്ണീ!

പണ്ടവൻ മാനുഷവേഷം സ്വയം
കൊണ്ടിഹ മന്നിൽ പിറന്നൂ.
കണ്ടവർ ചൊന്നൊരാ രൂപം മനം
കണ്ടാൽ മയങ്ങുമെന്നുണ്ണീ!

പീലിയും മൌലിയിൽ കുത്തി വന-
മാലയും മാറിലണിഞ്ഞ്
കോലക്കുഴലതുമൂതി നല്ല
ചേലൊത്ത രൂപമാണുണ്ണീ!

കാലിൽ തളയും കിലുക്കി നല്ല
താളത്തിൽ നർത്തനമാടി
കാലികൾമേച്ചുനടക്കും ചെറു-
ബാലകനെന്നങ്ങ് തോന്നും.

ബാലകനല്ലവനുണ്ണീ! ലോക-
പാലനം ചെയ്യുവോനല്ലോ!
നീലയായ് കാണുന്ന കോലം കടൽ
പോലങ്ങനന്തമാം മൂലം.

അഗ്ഗുരുനാഥനെ കാണാൻ ഭൂവി-
ലെഗ്ഗതി ചൊല്ലു നീയമ്മേ!.
എന്ത് ഞാനിന്ന് വിളിപ്പൂ! അവ-
നെന്ത് ഞാനുണ്മാൻ കൊടുപ്പൂ!

ശ്രദ്ധയോടത്തിരുരൂപം ഹൃദി
നിത്യവും ധ്യാനിയ്ക്കയെന്ന്യേ
വൃത്തി വേറില്ല പൊന്നുണ്ണീ! നിന-
ക്കത്തിരുമേനിയെ കാണാൻ.

പത്രമോ പുഷ്പമോ പാലോ ശുദ്ധ-
ഭക്ത്യാ ഫലമോ ജലമോ
നിത്യം സമർപ്പിച്ചുവെന്നാൽ അതിൽ
തൃപ്തനാകുന്നവനുണ്ണീ!

കണ്ണനെന്നങ്ങവൻനാമം മേഘ-
വർണ്ണം ചൊരിയും ശുഭാംഗം
കണ്ണുകൾ മെല്ലെയടച്ചാൽ മന-
ക്കണ്ണിൽ തെളിയുമാ രൂപം.

         നന്ദന് നന്ദനനല്ലോ! അവ-
നിന്ദിരാകാന്തനുമല്ലോ!
ചെന്താമരക്കണ്ണനല്ലോ! ഗോപ-
സുന്ദരിമാർകണിയല്ലോ!

രാധയ്ക്ക് കാമുകനല്ലോ! താ,യെ-
ശോദയ്ക്ക് പൊന്മകനല്ലോ!
ദേവകിക്കോമനയല്ലോ! വസു-
ദേവർക്കുമാത്മജനല്ലോ!

കൃഷ്ണനായ് വന്നവനല്ലോ! ലോക-
തൃഷ്ണയൊഴിച്ചവനല്ലോ!
ജിഷ്ണുവിന്നും സഖനല്ലോ! മഹാ-
വിഷ്ണുവവന്തന്നെയല്ലോ!

ഹരിഃ ഓം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ