2018, ഡിസംബർ 23, ഞായറാഴ്‌ച

4.9 ധ്രുവചരിത്രം - 2


ഓം

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 9
(ധ്രുവചരിത്രം - 2)

ബന്ധപ്പെട്ട ചിത്രം മൈത്രേയൻ പറഞ്ഞു: ഹേ വിദുരരേ!, ധ്രുവതപസ്സിന്റെ കാഠിന്യംകൊണ്ട് ലോകത്തിനുണ്ടായ സങ്കടം തീരുന്നതിനുവേണ്ടി ശ്രീഹരിയെ കാണാനെത്തിയ ദേവന്മാർ ആ പരമപുരുഷന്റെ ആശ്വാസവചനങ്ങളാൽ ഭീതിയകന്ന് സംതൃപ്തരായി നമസ്കാരമർപ്പിച്ചതിനുശേഷം തങ്ങൾതങ്ങൾക്കുള്ള ലോകങ്ങളിലേക്ക് തിരിച്ചുപോയി.

ഉടൻതന്നെ ഭഗവാൻ ഗരുഢന്മേലേറി ധ്രുവനെ ദർശിക്കുവാനായി മധുവനത്തിലേക്കും യാത്രയായി. സമയം ധ്രുവൻ തന്റെ ഹൃദയത്തിൽ ഇടതടവില്ലാതെ ഭഗവദ്ദർശനമുൾക്കൊണ്ടിരിക്കുകയായിരുന്നുപെട്ടന്ന് രൂപം അവന്റെയുള്ളിനിന്നും അപ്രത്യക്ഷമായി. ധ്യാനഭംഗം സംഭവിച്ചതോടെ ധ്രുവൻ ഞെട്ടിയുണർന്നു. കണ്ണുതുറന്ന നിമിഷം ധ്രുവൻ കണ്ടത്, താൻ ധ്യാനിച്ചുകൊണ്ടിരുന്ന ഭഗവദ്രൂപം തന്റെ മുന്നിൽ തിളങ്ങിക്കുന്നതായിരുന്നു. അവന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കണ്ടമാത്രയിൽതന്നെ ധ്രുവൻ ദിവ്യതേജസ്സിനുമുന്നിൽ ദണ്ഡനമസ്ക്കാരം ചെയ്തു. ഭഗവദ്ദർശനംകൊണ്ടുണ്ടായ ആനന്ദനിർവൃതിയിൽ ധ്രുവൻ തിരുമുഖകമലത്തെ നോക്കിക്കാണുന്ന കാഴ്ച കണ്ടാൽ, അവൻ കണ്ണുകൾകൊണ്ട് ആനന്ദമൂർത്തിയെ പാനം ചെയ്യുകയാണെന്നു തോന്നും. ചുണ്ടുകൾകൊണ്ട് തൃപ്പാദങ്ങളിൽ ചുംബിക്കുകയാണെന്നു തോന്നും. കൈകൾകൊണ്ട് നിർമ്മലഗാത്രത്തെ ആലിംഗനം ചെയ്യുകയാണെന്നു തോന്നും.

ധ്രുവന് തന്നാലാവും‌വിധം നിർമ്മലമൂർത്തിയെ പ്രകീർത്തിക്കണമെന്നുതോന്നി. എന്നാൽ, ഇത്തിരിപ്പോന്ന അവന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. പക്ഷേ, സർവ്വഭൂതാശസ്ഥിതനായ ഭഗവാന് അവനെ മനസ്സിലാക്കാൻ എന്ത് ബുദ്ധിമുട്ട്!. കാരുണ്യവാനായ ശ്രീഹരി, തൊഴുകൈയ്യോടെ മുന്നിൽ നിൽക്കുന്ന ധ്രുവന്റെ നെറ്റിത്തടത്തിൽ തന്റെ ശംഖാഗ്രംകൊണ്ട് ഒന്ന് സ്പർശിച്ചു. പെട്ടെന്ന് ധ്രുവന് സകലവേദങ്ങളുടേയും അറിവുണ്ടാകുകയും, അതിലൂടെ തന്റെ മുന്നിൽ നിൽക്കുന്ന പരമാത്മാവിനെ ഉള്ളവണ്ണം അറിയുവാനും, ജീവാത്മപരമാത്മാക്കൾ തമ്മിലുള്ള ബന്ധത്തേയും കുറിച്ച് അറിയുവാനും കഴിഞ്ഞു. അവന്റെ ഭക്തിയിൽ സമ്പ്രീതനായ ഭഗവാൻ അവനുവേണ്ടി ഭാവിയിൽ പ്രപഞ്ചത്തിൽ ഒരു ലോകംതന്നെ പ്രദാനം ചെയ്തു.

ഭഗവദനുഗ്രഹത്തിലൂടെ ലഭിച്ച ജ്ഞാനത്താൽ ധ്രുവൻ ഹരിയെ സ്തുതിച്ചു. ഭഗവാനേ!, അങ്ങ് സർവ്വശക്തനാണ്. എന്നിൽ പ്രവേശിച്ചുകൊണ്ട് അങ്ങെന്റെ നിദ്രാവശഗതമായ സകല ഇന്ദ്രിയങ്ങളേയും തൊട്ടുണർത്തി. എന്റെ കൈകൾ, കാലുകൾ, ചെവികൾ, പ്രാണൻ എന്നിവയെ മുന്നേക്കാൾ ഊർജ്ജിതമാക്കി. അജ്ഞാനിയായ എനിക്ക് അങ്ങയെ സ്തുതിക്കാനുള്ള ജ്ഞാനംവരെ അങ്ങ് തന്നെ തന്നു. ഞാനിതാ അവിടുത്തെ തിരുമുമ്പിൽ നമസ്ക്കരിക്കുന്നു. ഭഗവാനേ!, അവിടുന്ന് മാത്രമാണ് ഇവിടെ ത്യം. അവിടുത്തെതന്നെ വ്യത്യസ്ഥ മായാശക്തികളാൽ അങ്ങ് വ്യത്യസ്ഥ ഭാവങ്ങളോടെ ഇവിടെ പ്രത്യക്ഷമാകുന്നു. അങ്ങ് തന്നെ ഇവിടെ സർവ്വവും ചമച്ച് അങ്ങുതന്നെ അതിനുള്ളിൽ പരമാത്മഭാവത്തിൽ കുടികൊള്ളുന്നു. വിവിധ തരങ്ങളിലുള്ള വിറകുകളിൽ അഗ്നി വിവിധ തരങ്ങളിൽ ആളിപ്പടരുന്നതുപോലെ, അവിടുത്തെ മായാശക്തി പ്രപഞ്ചത്തിൽ വിവിധ തരങ്ങളിൽ പ്രവർത്തിക്കുന്നു. ഹേ നാഥാ!, ബ്രഹ്മദേവൻ അങ്ങയിൽ ശരണം പ്രാപിച്ചവനാണ്. ഉറക്കത്തിൽ നിന്നുണർന്ന് മനുഷ്യൻ തന്റെ കർത്തവ്യങ്ങൾ നിറവേറ്റാൻ തുടങ്ങുന്നതുപോലെ, കല്പാദിയിൽ അങ്ങയിൽ നിന്ന് ജ്ഞാനം നേടി അദ്ദേഹം പ്രപഞ്ചത്തെ കണ്ടു. അങ്ങ് മുമുക്ഷുക്കൾക്ക് ഏകാശ്രയവും ആർത്തന്മാരുടെ സുഹൃത്തുമാണ്. അങ്ങനെയിരിക്കെ ജ്ഞാനിയായ ഒരുവൻ അങ്ങയെ എങ്ങനെ മറക്കാനാണ്?. പ്രാപഞ്ചിക സുഖത്തിനുവേണ്ടിമാത്രം അങ്ങയെ ആരാധിക്കുന്നവൻ അവിടുത്തെ മായയുടെ അധീനതയിലാണ്. ഒരു കല്പകവൃക്ഷം പോലെ മോക്ഷപ്രദായകാനായി അങ്ങ് മുന്നിൽ വന്നുനിൽക്കുമ്പോൾ എന്നെപ്പോലെയുള്ള അജ്ഞാനികൾ അവിടുത്തോട് ഭൌതികലാഭങ്ങൾക്കുവേണ്ടി യാചിക്കുന്നു. ഭൌതികലാഭങ്ങൾ നരകത്തിൽ പോലും സുലഭമാണെന്നവരറിയുന്നില്ല. ഭഗവാനേ!, യോഗികൾ കൊതിക്കുന്ന ബ്രഹ്മാനന്ദത്തേക്കാൾ പോലും എത്രമടങ്ങ് അധികമാണ് അവിടുത്തെ പദതാരിണകളെ ധ്യാനിക്കുമ്പോഴോ, അഥവാ അവിടുത്തെ മഹിമകളെപറ്റി കേൾക്കുമ്പോഴോ ഭക്തർക്കുണ്ടാകുന്ന പരമമായ ആത്മാനന്ദം. ങ്ങയുടെ ഹൃദത്തിൽ മുങ്ങി സ്വയം അങ്ങായിത്തന്നെ മാറുന്ന അനുഭൂതിയാണ് അതിലൂടെ അവർ അനുഭവിക്കുന്നത്. ബ്രഹ്മാനന്ദം പോലും അവിത്തെ ഭക്തിയിലൂടെ ഉണ്ടാകുന്ന അനുഗ്രഹത്തിനുമുന്നിൽ അപ്രസക്തമാകുമ്പോൾ, കാലത്തിന്റെ ഒഴുക്കിൽ ഒലിച്ചുപോകുന്ന അത്യല്പമായ സ്വർഗ്ഗീയസുഖത്തെക്കുറിച്ച് എന്ത് പറയാനാണ്!

ധ്രുവൻ തുടർന്നു: ഹേ ദേവാ!, നദികൾ നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്നതുപോലെ, നിത്യവും അങ്ങയിൽ ഭക്തി ചെയ്യുന്ന സാധുക്കളോട് സംഗമുണ്ടാകുവാൻ അടിയനെ അനുഗ്രഹിച്ചാലും!. ജീവിതത്തിൽ വളരെ അത്യുന്നതമായ തലത്തിലാണ് അങ്ങനെയുള്ള യോഗികളുള്ളത്. അങ്ങനെയുള്ള ഭക്തിയിലൂടെ അത്യപകടാവഹമായ ഭവസാഗത്തെ എനിക്ക് മറികടക്കാൻ സാധിക്കും. ഭഗവാനേ!, അവിടുത്തെ കാഥാമൃതരസം പാനം ചെയ്ത് ഉന്മത്തനാകുവാനാഗ്രഹിക്കുന്ന എനിക്ക് കാരുണ്യം തീർത്തും ഉപയോഗപ്രദമായിരിക്കും. ഹേ പത്മനാഭാ!, ങ്ങയുടെ പാദപത്മങ്ങളുടെ മണമേറ്റ് അതിൽ മനസ്സർപ്പിച്ചിട്ടുള്ള ഭക്തന്മാരോട് സംഗമുണ്ടായാൽ പിന്നെ ഒരുവൻ തന്റെ ശരീരത്തിൽ മനസ്സ് വയ്ക്കുന്നില്ല. ശാരീരികമായ ഒരു ബന്ധം പീന്നീടവർക്കാരുമായുമുണ്ടാകുന്നില്ല. അവർ അതിൽ തികച്ചും നിസ്സംഗത പാലിച്ചുകൊണ്ട് അങ്ങയിൽ മാത്രം ആശ്രയം കൊള്ളുന്നു. ഹേ അജനായ ദൈവമേ!, മൃഗങ്ങൾ, മരങ്ങൾ, പക്ഷികൾ, ഉരഗങ്ങൾ, ദേവന്മാർ, മനുഷ്യർ എന്നുവേണ്ടാ സകല ചരാചരങ്ങളും അവിടുത്തെ മഹത്ബ്രഹ്മത്തിൽ നിന്നുണ്ടായതാണെന്ന് ഞാൻ അറിയുന്നു. പക്ഷേ, ഇപ്പോൾ ഞാൻ കാണുന്ന പരമാത്മദർശനം ഇതിനുമുമ്പ് ഒരിക്കലും ഞാൻ അനുഭവിച്ചറിഞ്ഞിട്ടുള്ളതല്ല. ഇപ്പോഴിതാ ലോകത്തിലെ അങ്ങയെക്കുറിച്ചുള്ള സകലവാദപ്രതിവാദങ്ങൾക്കും വിരാമം വന്നിരിക്കുന്നു. ഓരോ കല്പാന്തത്തിലും പ്രപഞ്ചം മുഴുവൻ ഗർഭോദകശായിവിഷ്ണുവിൽ വിലയം പ്രാപിക്കുന്നു. അനന്തന്മേൽ ശയിക്കുന്ന അവന്റെ തിരുനാഭിയിൽ നിന്നും വീണ്ടും അതാ ഒരു സ്വർണ്ണത്താമര ഉയർന്നുവരുന്നു. അതിൽ ബ്രഹ്മദേവൻ ജനിക്കുന്നു. പരമപുരുഷൻ അങ്ങണെന്ന സത്യം ഞാനറിയുന്നു. ആയതുകൊണ്ട് അവിടുത്തെ തൃപ്പാദങ്ങളിൽ ഞാനിതാ വീണ്ടും വീണ്ടും നമിക്കുകയാണ്. അഖണ്ഢമായ ദൃഷ്ടികൊണ്ട് അങ്ങ് സകലതിനും സാക്ഷിയായി വർത്തിക്കുന്നു. അങ്ങ് നിത്യമുക്തനാണ്. അങ്ങ് സത്വാധിഷ്ഠിതനായി നിലകൊള്ളുന്നു. അങ്ങ് സർവ്വദാ കൂടസ്ഥബ്രഹ്മമായി വർത്തിക്കുന്നു. അങ്ങ് ത്രിഗുണങ്ങൾക്കും അധിപനായ ഭഗവാനാണ്. അങ്ങ് സകലചരാചരങ്ങൾക്കും ഈശ്വരനുമാണ്. അങ്ങ് ലോകത്തെ പരിപാലിക്കുന്നു.  സകലയജ്ഞങ്ങഭോക്താവായി അങ്ങ് സകലത്തിലും നിസംഗനായി നിലകൊള്ളൂന്നു. സകലതും അങ്ങാകുന്ന നിർഗ്ഗുണബ്രഹ്മത്തിൽ ലയിച്ചുചേരുന്നു. പിന്നീട് അവിടുത്തെ മായാശക്തിയാൽ എല്ലാം പ്രപഞ്ചരൂപത്തിൽ വ്യക്തമാകുകയും ചെയ്യുന്നു. എന്നാൽ സർവ്വത്തിനും കരണമായ അങ്ങാകട്ടെ, ഒന്നായി, ആദ്യനായി, അവികാരനായി, അനന്തനായി, ആനന്ദമാത്രസ്വരൂപനായി നിലകൊള്ളുന്നു. അങ്ങനെയുള്ള അവിടുത്തേയ്ക്ക് എന്റെ നമസ്ക്കാരം. ഹേ ദേവാദിദേവാ!, അങ്ങ് സകലവരങ്ങളും പ്രദാനം ചെയ്യുന്നവനാണ്. നിരാഗ്രഹിയായി അങ്ങയിൽ ഭക്തി കൈക്കൊണ്ടിരിക്കുന്നവന് അവിടുത്തെ പാദപൂജ ചെയ്യുകയെന്നത് ഒരു രാജ്യത്തിന്റെ രാജാവായി വർത്തിക്കുന്നതിനും മേലേയാണ്. പക്ഷേ, എന്നെപ്പോലുള്ള അജ്ഞാനിജനങ്ങൾക്ക്, പെറ്റുവീണ പശുക്കിടാവിനെ പാലൂട്ടുകയും സംരക്ഷിക്കുകയും ചെയ്യുന്ന തള്ളപശുവിനെ പോലെ, അങ്ങ് അപാരകാരുണ്യം ചൊരിഞ്ഞ് രിപാലിക്കുന്ന ഞങ്ങളുടെ രക്ഷകനാണ്.

മൈത്രേയമഹാമുനി തുടർന്നു: വിദുരരേ!, ധ്രുവന്റെ പ്രാർത്ഥനയിലൂടെ അവന്റെ ഇംഗിതം മനസ്സിലാക്കിയ ഭക്തവത്സലനും സേവകജനപാലനുമായ ഭഗവാൻ അവനെ അഭിനന്ദിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ഹേ ധ്രുവാ!, നിന്റെ ഹൃദായാഭിലാഷം ഞാനറിയുന്നു. അതിദുരാപമായ ആഗ്രഹമാണ് നിന്റേതെങ്കിലും സുവ്രതനായ നിന്റെ മനോരഥം ഞാൻ നിറവേറ്റാൻ പോകുകയാണ്. നിനക്ക് നന്മ ഭവിക്കട്ടെ!. നിനക്ക് ഞാൻ ഒരു ലോകം തന്നെ തരുവാൻ പോകുകയാണ്. കല്പാന്തത്തിൽ പോലും നശിക്കാത്ത ലോകം പ്രപഞ്ചത്തിൽ ധ്രുവക്ഷിതി എന്നറിയപ്പെടട്ടെ!. നിനക്കുമുൻപ് ആരുംതന്നെ ലോകത്തിന്റെ അധിപനായിട്ടില്ല. സകല ഗ്രഹങ്ങളും നക്ഷത്രങ്ങളും അതിനെ ചുറ്റിനിൽക്കുന്നു. ആകാശത്തിലെ എല്ലാ ജ്യോതിർഗ്ഗോളങ്ങളും ആ ഗ്രഹത്തിനെ, ഒരു ഗോചക്രത്തെപോലെ, സദാ വലം വച്ചുകൊണ്ടിരിക്കും. നിന്റെ ലോകത്തെ അതിന്റെ യഥാസ്ഥനത്ത് നിലനിർത്തുവാനായി ധർമ്മൻ, അഗ്നി, കശ്യപൻ, ശുക്രൻ മുതലായ ഋഷിമാർ അധിവസിക്കുന്ന നക്ഷത്രങ്ങൾ അതിനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കും. ഈ നക്ഷത്രങ്ങൾ കല്പാന്തത്തിൽ‌പോലും നശിക്കാത്തവയാണ്. നിന്നെ രാജ്യമേൽപ്പിച്ച് നിന്റെ പിതാവ് വനത്തിൽ പോയതിനുശേഷം നീ ആ രാജ്യത്തെ മുപ്പത്തിയാറായിരം വർഷക്കാലം പരിപാലിച്ച് രക്ഷിക്കും. ആയതിനായി നിന്റെ എല്ലാ ഇന്ദ്രിയങ്ങളും ഇന്നത്തേതുപോലെ എക്കാലവും കരുത്തുറ്റതായിത്തന്നെയിരിക്കും. ഭാവിയിൽ ഒരുകാലത്ത് നിന്റെ സഹോദരനായ ഉത്തമൻ വനത്തിലേക്ക് പോകുകയും അവിടെ നായാട്ടിനിടയിൽ കൊല്ലപ്പെടുകയും ചെയ്യും. ആ വാർത്തകേട്ട് ഒരു ഭ്രാന്തിയെപ്പോലെ നിന്റെ ചിറ്റമ്മ സുരുചി ആ വനത്തിനുള്ളിലേക്ക് ഓടിപ്പോകുകയും, അവിടെവച്ച് ഒരു കാട്ടുതീയിൽ പെട്ട് അവൾ വെന്ത് മരിക്കുകയും ചെയ്യും. യജ്ഞഹൃദയനായ എന്നെ നീ അനേകം യജ്ഞങ്ങൾ കൊണ്ട് പൂജിക്കുകയും ദക്ഷിണാദാനധർമ്മങ്ങൾ നടത്തുകയും ചെയ്യും. അതിലൂടെ എന്റെ അനുഗ്രഹാശ്ശിസ്സുകൾക്ക് പാത്രീഭൂതനായി അനേകം ഭൌതികലാഭങ്ങൾ നേടുകയും, ഒടുവിൽ മരണാസന്നനാകുമ്പോൾ എന്നെ സ്മരിക്കാനും നിനക്ക് സാധിക്കും. ഹേ ധ്രുവാ!, ഈ ശരീരത്തിലൂടെയുള്ള നിന്റെ ഭൌതികജീവിതം കഴിഞ്ഞ്, സർവ്വലോകനിവാസികളും നമസ്കാരമർപ്പിക്കുന്ന എന്റെ ധാമത്തിലേക്ക് നീ എത്തപ്പെടും. അത് സപ്തഋഷികളുടേയും ലോകങ്ങൾക്ക് മുകളിലാണ്. അവിടെയെത്തിയാൽ പിന്നെയൊരിക്കലും ഈ ഭൌതികലോകത്തിലേക്ക് തിരിച്ചുവരേണ്ടതില്ല.

മൈത്രേയൻ പറഞ്ഞു: ഇങ്ങനെ ഭഗവാൻ ധ്രുവന് സകലൈശ്വര്യങ്ങളും പ്രധാനംചെയ്ത് തന്റെ വാഹനമായ ഗരുഢന്റെ തോളിലേറി വൈകുണ്ഠത്തിലേക്ക് തിരിച്ചുപോയി. ഭഗവാൻ ഹരിയെയുംകൊണ്ട് ഗരുഢരാജൻ പറന്നുയരുന്നത് ധ്രുവൻ നിശ്ചലനായി നോക്കിനിന്നു. ഭഗവദ്പൂജയിലൂടെ നേടാനാഗ്രഹിച്ചത് നേടിയെങ്കിലും ധ്രുവൻ അസംതൃപ്തനായാണ് തന്റെ വീട്ടിലേക്ക് തിരിച്ചുപോയത്.

അതുകേട്ടപ്പോൾ വിദുരർക്ക് കൌതുകം തോന്നി. അദ്ദേഹം ചോദിച്ചു: ഹേ ബ്രാഹ്മണശ്രേഷ്ഠാ!, വൈകുണ്ഠപ്രാപ്തിയെ ലഭിക്കുക എന്നത് വളരെയധികം വിരളമായ സൌഭാഗ്യമാണ്. ആ കരുണാമയന്റെ ഭക്തവാത്സല്യം ഒന്നുകൊണ്ടുമാത്രമേ അത് നേടിയെടുക്കുവാൻ സാധിക്കുകയുമുള്ളൂ. ജ്ഞാനിയും ബുദ്ധിമാനുമായ ധ്രുവൻ അത് ഒരൊറ്റ ജന്മംകൊണ്ടുതന്നെ സാധ്യമാക്കുകയും ചെയ്തു. എന്നിട്ടും എന്തുകൊണ്ടാണ് അവന് ആത്മസംതൃപ്തിയില്ലാതെ വീട്ടിലേക്ക് തിരിച്ചുപോകേണ്ടിവന്നത്?
മൈത്രേയൻ പറഞ്ഞു: വിദുരരേ!, ഭഗവദ്ദർശനത്തിനുശേഷവും തന്റെ ചിറ്റമ്മയുടെ പരുഷമായ വാക്കുകൾ ധ്രുവന്റെ കാതുകളിലും ഹൃദത്തിലും അലയടിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അവൻ സംസാരത്തിൽനിന്നും ആത്യന്തികമായ മോക്ഷം ഭഗവനോട് ചോദിച്ചതുമില്ല. ഒടുവിൽ ഭഗവാൻ പ്രത്യക്ഷനായ നിമിഷം ഭക്തിയുടെ നിറവിലായിരുന്നുവെങ്കിൽ പോലും തന്റെയുള്ളിലെ ഭൌതികാഗ്രഹങ്ങളിൽനിന്നും പൂർണ്ണമായി വിരക്തനാകാത്തതിന്റെ ജാ‌ള്യ‌താഭാവമായിരുന്നു ആ മനസ്സിൽ.

ധ്രുവൻ ചിന്തിച്ചു: ഭഗവദ്പാദങ്ങളുടെ ഛായയിൽ അവസ്ഥിതനാകാനുള്ള പ്രയത്നം വളരെയധികം കഠിനമാണ്. അഷ്ടാംഗയോഗനിപുണന്മാരായ സനന്ദനൻ മുതലായ ബ്രഹ്മചാരികൾ പോലും ആ പദം നേടിയെടുത്തത് അനേക ജന്മങ്ങളിലെ സാധനയിലൂടെയാണ്. പക്ഷേ ഞാനാകട്ടെ അത് മാസങ്ങൾക്കകം സാധ്യമാക്കി. എങ്കിലും എന്റെ ചിന്ത പിഴച്ചതുവഴി എനിക്ക് പതനമുണ്ടായി. അഹോ! കഷ്ടം! ഞാനെത്ര നിർഭാഗ്യവാനാണെന്നു നോക്കൂ!. നിമിഷാർദ്ധംകൊണ്ടുമാത്രം ജീവന്മാരെ ഈ ഭവസാഗരത്തിന്റെ മറുകരയെത്തിക്കാൻ പ്രാപ്തനായ ഹരിയെ എനിക്ക് ഭക്തികൊണ്ട് പ്രസാദിപ്പിക്കാൻ കഴിഞ്ഞുവെങ്കിലും ഭോഷനായ ഞാൻ അവനോട് ചോദിച്ചതോ, അനിത്യമായ ഏതാനും കാര്യങ്ങൾ. ഊർദ്ദ്വലോകങ്ങളിലുള്ള സകല ദേവന്മാർക്കും തങ്ങളുടെ പുണ്യം ക്ഷയിക്കുമ്പോൾ ഇവിടേയ്ക്ക് തിരിച്ചുവരേണ്ടതുണ്ട്. ഇന്ന് ഭക്തികൊണ്ട് ഞാൻ ആ പരമപുരുഷനെ പ്രസാദിപ്പിച്ച് അവന്റെ വൈകുണ്ഠപ്രാപ്തി നേടിയതിൽ അവർ അസൂയാലുക്കളാണ്. അത് സഹിക്കാനാവാതെ അവരെന്റെ ബുദ്ധിയെ നശിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് മാത്രമാണ് ഭഗവാൻ പ്രത്യക്ഷനായപ്പോൾ എനിക്ക് നാരദമുനിയുടെ ഉപദേശാനുസരണമുള്ള ഉചിതമായ വരം ആവശ്യപ്പെടാൻ കഴിയാതെപോയത്.

ധ്രുവൻ വിലപിച്ചു: ഞാൻ മായയുടെ പിടിയിലർമർന്നുപോയി. സത്യമറിയാതെ ഞാൻ അവളുടെ മടിയിൽ തലചായ്ച്ചുറങ്ങുകയായിരുന്നു. ദ്വൈതം കൊണ്ട് എന്റെ സഹോദരനെ ഞാൻ ശത്രുവായി കണ്ടു. അവരെല്ലാമെന്റെ ശത്രുക്കളാണെന്ന മിഥ്യാധാരണയിൽ ഞാൻ ഉള്ളുകൊണ്ട് കരയുകയായിരുന്നു. ഭഗവദ്പ്രീതി നേടുകയെന്നുള്ളത് അത്യന്തം ദുഃഷ്കരമായ കാര്യമാണ്. പക്ഷേ ഞാൻ അവനെ വളരെ എളുപ്പത്തിൽ പ്രസാദിപ്പിച്ചുവെങ്കിലും അവൻ മുന്നിൽ വന്നപ്പോൾ ചോദിച്ചത് തീർത്തും ആവശ്യമില്ലാത്ത സംഗതികളായിരുന്നു. മൃതശരീരത്തെ ചികിത്സിക്കുന്നതുപോലെയായി എന്റെ ചേഷ്ടകൾ. നിർഭാഗ്യവാനായ ഞാൻ മോക്ഷപ്രദായകനായ ആ ഭഗവാനോട് ബന്ധനത്തെ ഇരന്നുവാങ്ങിക്കുകയായിരുന്നു. അഹോ! പുണ്യം ക്ഷയിച്ചതുകൊണ്ടാവാം, മൌഢ്യം കൊണ്ട് ഞാൻ പേരും യശസ്സും ഐശ്വര്യവും മാത്രം ആ മുക്തിദനോടാവശ്യപ്പെട്ടത്. പണ്ടേതോ അജ്ഞാനിയിൽ സമ്പ്രീതനായ തന്റെ യജമാനൻ അയാളോട് വേണ്ടതെന്തും ആവശ്യപ്പെട്ടോളൂ എന്നു പറഞ്ഞപ്പോൾ, ഉമി കളഞ്ഞ അരിയുണ്ടെങ്കിൽ ഇത്തിരി കിട്ടിയാൽ കൊള്ളമായിരുന്നു എന്ന് മറുപടി പറഞ്ഞതുപോലെയായി എന്റെ കഥ.

മൈത്രേയൻ തുടർന്നു: വിദുരരേ!, മുകുന്ദന്റെ പാദപൂജയിൽ നിരതരായിരിക്കുന്ന അങ്ങയെപ്പോലുള്ള പരമഭക്തന്മാർ എല്ലാ സാഹചര്യത്തിലും സംതൃപതരാണ്. അവർ ഒരിക്കലും അവനോട് ഭൌതികസുഖങ്ങളും സമ്പത്തും ആവശ്യപ്പെടുകയില്ലധ്രുവൻ വനത്തിൽനിന്നും മടങ്ങിവരുന്നുവെന്ന വാർത്ത കേട്ടപ്പോൾ ഉത്താനപാദമഹാരാജാവിന് തന്റെ ചെവികളെ വിശ്വസിക്കാനായില്ല. തന്റെ മകൻ മരിച്ചതിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവരുന്നതായാണ് അദ്ദേഹത്തിന് തോന്നിയത്. മഹാപാപിയായ തനിക്കിനി അങ്ങനെയൊരു ഭാഗ്യം ഒരിക്കലും സിദ്ധിക്കില്ല എന്ന വിശ്വാസമായിരുന്നു ഉത്തനപാദനുണ്ടായിരുന്നത്. ദൂതന്റെ വാക്കുകളെ വിശ്വസിക്കാനായില്ലെങ്കിലും ഉത്താനപാദമഹാരാജാവിന് നാരദമഹർഷിയുടെ വാക്കുകളിൽ വിശ്വാസമുണ്ടായിരുന്നു. സന്തോഷത്താൽ മതിമറന്ന് വാർത്ത തന്നെ അറിയിച്ച ദൂതന് വളരെയധികം വിലപിടിപ്പുള്ള ഒരു മാല രാജാവ് സമ്മാനമായി നൽകി. തന്റെ പുത്രന്റെ ഓമനമുഖം കാണാൻ വെമ്പൽ കൊണ്ടു രാജാവ് അതിമനോഹരമായ ഒരു രഥത്തിൽ, പല ബ്രാഹ്മണശ്രേഷ്ഠന്മാരേയും കുടുംബത്തിലെ മുതിർന്ന മറ്റ് ഹത് വ്യക്തികളേയും മഹാമന്ത്രിയേയും തന്റെ ഏറ്റവും അടുത്ത കുറെ സുഹൃത്തുക്കളേയും കൂട്ടി, ശംഖദുന്ദുഭിവേണുക്കൾ കൊണ്ടുള്ള വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ, വേദമന്ത്രങ്ങളും ഉരുവിട്ടുകൊണ്ട് അവനെ സ്വീകരിക്കുവാനായി പട്ടണത്തിന് പുറത്തേക്ക് യാത്രയായി. രാജപത്നിമാരിരുവരും ഉത്തമനും ഘോഷയാത്രിയിൽ പങ്കെടുത്തു. സുനീതിയും സുരുചിയും ഒരുമിച്ച് ഒരു പല്ലക്കിലായിരുന്നു യാത്രചെയ്തത്.

അടുത്തുള്ള ഒരു ചെറിയ വനത്തിൽ എത്തിയപ്പോൾ അവർ ധ്രുവനെ കണ്ടു. തിടുക്കത്തോടെ ഉത്താനപാദൻ രഥത്തിൽനിന്നും ചാടിയിറങ്ങി. ഏറെ നാളായി കാണാതിരുന്ന തന്റെ മകനെ കണ്ടപ്പോഴുണ്ടായ സ്നേഹവാത്സല്യത്താൽ അദ്ദേഹം വന്റെ പക്കലേക്കോടിയടുത്തു. അടുത്തുചെന്ന് ദീർഘമായി നിശ്വസിച്ചുകൊണ്ട് രാജാവ് ഇരുകരങ്ങൾകൊണ്ടും ധ്രുവനെ കെട്ടിപുണർന്നു. പക്ഷേ, ധ്രുവൻ ആകെ മാറിയിരുന്നു. ഭഗവദ്ദർശനത്താലും പാദസ്പർശനംകൊണ്ടും ആങ്ങേയറ്റം പരിശുദ്ധനായിട്ടായിരുന്നു ധ്രുവന്റെ മടക്കം. മകനുമായി വീണ്ടും ഒന്നുചേർതോടെ രാജാവ് ഏറെനാളായി അനുഭവിച്ചുകൊണ്ടിരുന്ന മനോവ്യഥയ്ക്ക് ശമനമുണ്ടായി. അദ്ദേഹം അവന്റെ മൂർദ്ധനി പലതവണ ചുംബിച്ചു. സ്വന്തം കണ്ണീരുകൊണ്ട് മകനെ കുളിപ്പിച്ചു.

മഹാനായ ധ്രുവൻ തന്റെ പിതാവിന്റെ കാൽക്കൽ ആദ്യം നമസ്കാരമർപ്പിച്ചു. പീന്നിട് കുശലാന്വേഷണംചെയ്തു. തുടർന്ന് അമ്മയേയും ചിറ്റമ്മയേയും വണങ്ങി. സുരുചി തന്റെ കാൽക്കൽ വീണ ധ്രുവനെ പിടിച്ചെഴുന്നേൽപ്പിച്ച് നെഞ്ചോടുചേർത്തണച്ചു. കണ്ണീരോടെ അവൾ അവനെ ദീർഘായുസ്സ് നൽകി അനുഗ്രഹിച്ചു. താഴ്ന്ന പ്രദേശത്തേക്ക് ജലം താനേ പ്രവഹിക്കുന്നതുപോലെ, ഭഗവാൻ ഹരിയുമായുള്ള നിത്യബന്ധംകൊണ്ട് ഹൃദയശുദ്ധി വന്നവരെ കാണുമ്പോൾ ലോകം എപ്പോഴും അവരെ നമസ്കരിക്കുന്നു. ഉത്തമനും ധ്രുവനെ കണ്ടപ്പോൾ തന്റെ സന്തോഷം അടക്കാൻ കഴിഞ്ഞില്ല. അത് കണ്ണീരായി അണപൊട്ടിയൊഴുകി. സ്നേഹവാത്സല്യാതിരേകത്താൽ അവർ പരസ്പരം കെട്ടിപ്പുണർന്നു. സമയം അവരുടെ ശരീരത്തിലെ രോമങ്ങൾ എഴുന്നുനിന്നു. സുനീതിയും തന്റെ പുത്രനെ മറോടുചേർത്തണച്ചു. ജീവനേക്കാൾ വലുതായിരുന്ന മകനെ കണ്ടപ്പോൾ അവൾ സകലദുഃഖങ്ങളും മറന്നു അത്യന്തം സന്തോഷവതിയായി. അവളുടെ സ്തനത്തിൽ ചുരന്ന പാലും ണ്ണീരുംകൊണ്ട് തന്റെ വീരനായ പുത്രന്റെ മെയ്യാസകലം നനച്ചു. വിദുരരേ! അത് തികച്ചും ഒരസുലഭമംഗളമുഹൂർത്തമായിരുന്നു.

കൊട്ടാരവാസികൾ അവളെ സ്തുതിച്ചു.: അല്ലയോ രാജ്ഞീ!, മാസങ്ങൾക്കുമുമ്പ് നഷ്ടപെട്ട നിന്റെ പ്രിയപുത്രൻ ഇതാ മടങ്ങിയെത്തിയിരിക്കുന്നു. ഇത് തികച്ചും നിന്റെ ഭാഗ്യമാണ്. ഇനി നിനക്കെന്ത് സങ്കടം വരാനാണ്! ഇനിയുള്ളകാലം അവൻ നിന്നെ സംരക്ഷിച്ചുകൊള്ളും. ഹേ റാണീ!, നീ തീർച്ചയായും ഭഗവാൻ ഹരിയെ പൂജിച്ചിട്ടുണ്ടാകും. അല്ലാതെ ഇങ്ങനെയൊരു ഭാഗ്യം എങ്ങനെ സംഭവിക്കാനാണ്!. അവനെ നിരന്തരം ധ്യാനിക്കുന്നവരെ അവൻ സംസാരത്തിൽനിന്നുതന്നെ മറികടത്തുന്നു.

മൈത്രേയൻ തുടർന്നു. : വിദുരരേ!, എല്ലാവരും ധ്രുവനെ പ്രകീർത്തിച്ചപ്പോൾ ഉത്താനപാദമഹാരാജാവിന് അതിയായ സന്തോഷം തോന്നി. അദ്ദേഹം ധ്രുവനേയും ഉത്തമനേയും ഒരു പെണ്ണാനപ്പുറത്തിരുത്തി തന്റെ നഗരിയിൽ തിരിച്ചെത്തി. അവിടുയുണ്ടായിരുന്ന സകലരും അദ്ദേഹത്തിന് ജയഘോഷം മുഴക്കി. കുലകളുള്ള വാഴകൾകൊണ്ടും കൊടിതോരണങ്ങൾകൊണ്ടും നഗരമാകെ അലങ്കരിക്കപ്പെട്ടു. മകരാകൃതിലുണ്ടാക്കിയ പ്രവേശനദ്വാരങ്ങളും കൊടികളും പല ദിക്കുകളിലും സ്ഥാപിക്കപ്പെട്ടു. ഓരോ പ്രവേശനദ്വാരത്തിലും വിളക്കുകളും കുടങ്ങളും സ്ഥാപിച്ചു. അവിടെ ഓരോയിടത്തും മുത്തുകളും മാലകളും മാവിലകളും കെട്ടിത്തൂക്കി. തലസ്ഥാനത്തുണ്ടായിരുന്ന പലേ കൊട്ടാരങ്ങളും ഗോപുരങ്ങളും മതിലുകളുമെല്ലാം ആഘോഷത്തിനുവേണ്ടി സ്വർണ്ണംകൊണ്ടലങ്കരിപ്പിച്ചു. കൊട്ടാരങ്ങളുടെ താഴികക്കുടങ്ങൾ വിമാനത്തിന്റേതുപോലെ വെട്ടിത്തിളങ്ങിനിന്നു. നഗരത്തിലുള്ള മുറ്റങ്ങളും ഇടവഴികളൂം വീഥികളും ആൽത്തറകളും എല്ലാം വൃത്തിയാക്കി അവിടം ചന്ദനവെള്ളം തളിക്കുകയും അമൂല്യങ്ങളായ ധാന്യങ്ങളും പഴങ്ങളും പൂവുകളും വിതറുകയും ചെയ്തു.

ധ്രുവൻ വഴിയിലൂടെ നടന്നുനീങ്ങി. ഇരുവശങ്ങളിലുമുള്ള വീടുകളിലെ സ്ത്രീകൾ അവനെ കാണാൻ അവിടെ അങ്ങിങ്ങായി തടിച്ചുകൂടിനിന്നു. മാതൃവാത്സല്യത്താൽ അവർ അവനെ മനസ്സുകൊണ്ട് അനുഗ്രഹിച്ചാശീർവദിച്ചു. അവർ അവന്റെ മേൽ വെള്ളെള്ളും അക്ഷതവും തൈരും ജലവും പഴങ്ങളും പുഷ്പങ്ങളൂം കൊണ്ട് ഭിഷേകം ചെയ്തു. അവർ പാടിയ ഗീതങ്ങളെ കേട്ടുകൊണ്ട് അവൻ തന്റെ അച്ഛന്റെ കൊട്ടാരത്തിലേക്ക് പ്രവേശിച്ചു. ശേഷം ധ്രുവൻ കൊട്ടാരത്തിൽ താമസമാക്കി. സ്നേഹനിധിയായ അവന്റെ അച്ഛൻ അവനെ പ്രത്യേകം ശ്രദ്ധിച്ചു. അങ്ങനെ ദേവലോകത്ത് ദേവന്മാർ അധിവസിക്കുന്നതുപോലെ ധ്രുവൻ അവിടെ താമസമാരംഭിച്ചു.

പാലുപോലെയുള്ള മൃദുലമെത്തമേൽ അവൻ കിടന്നുറങ്ങി. കിടക്ക സ്വർണ്ണം വരിഞ്ഞ ആനക്കൊമ്പുകളെകൊണ്ടലങ്കരിച്ചിരുന്നു. അവിടെയുണ്ടായിരുന്ന കസേരകളൂം മറ്റിരിപ്പിടങ്ങളുമെല്ലം സ്വർണ്ണനിർമ്മിതങ്ങളായിരുന്നു.  വെണ്ണക്കല്ലുകൾകൊണ്ടുണ്ടാക്കിയ ഭിത്തികളിൽ പലതരം രത്നങ്ങൾ പതിപ്പിച്ച് അതിൽ സുന്ദരിമാരായ സ്ത്രീകൾ കൈകളിൽ വിളക്കുമേന്തിനിൽക്കുന്ന ചിത്രങ്ങൾ കൊത്തിവയ്ച്ചിട്ടുണ്ടായിരുന്നു. സ്വർല്ലോകത്തിൽനിന്നുകൊണ്ടുവന്ന ചെടികളാലും വൃക്ഷങ്ങളാലും സമൃദ്ധമായ ഉദ്യാനങ്ങൾ കൊട്ടാരത്തെ വർണ്ണശബളമാക്കി. ആ മരക്കൊമ്പുകളിലിരുന്നുകൊണ്ട് കിളിയിണകൾ മധുരമായി പാടി. പൂക്കളിലെ തേനുണ്ട് മത്തരായ വണ്ടുകൾ മൂളിക്കൊണ്ട് അവിടമാകെ വട്ടമിട്ടുപറന്നു. വൈഡൂര്യകല്ലുകളിൽ തീർത്ത അതിമനോഹരമായ സോപാനത്തിലൂടെ താഴേക്കിറങ്ങിയാൽ ഒരു തടാകം. അത് വിവിധതരം താമരകളും ആമ്പലുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. അരയന്നങ്ങളും താറാവുകളും ചക്രവാഗങ്ങളും കൊക്കുകളും മറ്റുഗണങ്ങളിൽ‌പെട്ട വിവിധയിനം പക്ഷികളും അതിൽ നീന്തിത്തുടിക്കുണ്ടായിരുന്നു.

വിദുരരേ!, രാജർഷിയായ ഉത്താനപാദമഹാരജൻ മകന്റെ മഹത്വത്തേയും പ്രഭാവത്തേയും കണ്ടും കേട്ടും അത്യന്തം സംതൃപ്തനായി. അത്രകണ്ട് മഹാത്ഭുതമായിരുന്നു ധ്രുവന്റെ കർമ്മങ്ങൾ. അങ്ങനെ ധ്രുവൻ രാജ്യഭരണമേറ്റെടുക്കാൻ പ്രാപ്തനായെന്ന് മനസ്സിലാക്കിയ ഉത്താനപാദൻ മന്ത്രിമാരോടും മറ്റും ആലോചിച്ചതിനുശേഷം ധ്രുവനെ തന്റെ രാജ്യത്തിന്റെ യുവരാജാവായി അഭിഷേകം ചെയ്തു. അന്നാട്ടിലെ ജനങ്ങൾക്കും ധ്രുവനെ രാജാവായി സ്വീകരിക്കുവാൻ സമ്മതമായിരുന്നു. തനിക്ക് പ്രായമേറിയത് മനസ്സിലാക്കി മകനെ രാജ്യഭാരമേൽ‌പ്പിച്ച ഉത്താനപാദൻ പൂർണ്ണവിരക്തിയോടുകൂടി തന്റെ ആത്മീയപുരോഗതിയെ ലക്ഷ്യമാക്കി വനത്തിലേക്ക് യാത്രതിരിച്ചു.


ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഒൻപതാമധ്യായം സമാപിച്ചു.

ഓം തത് സത്.




Dhruvacharithram, Uttanapadan, suruchi, suneethi, uttaman