2018, ഡിസംബർ 9, ഞായറാഴ്‌ച

4.7 ദക്ഷയാഗം‌


ഓം

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 7
(ദക്ഷയാഗം‌)

മൈത്രേയൻ പറഞ്ഞു: അല്ലയോ മഹാബാഹുവായ വിദുരരേ!, അങ്ങനെ ബ്രഹ്മദേവൻ പ്രാർത്ഥനയോടെ മഹാദേവനെ അനുനയിപ്പിച്ചു. ശാന്തനായ മഹാദേവൻ വിരിഞ്ചനോട് പറഞ്ഞു. ഹേ വിധാതാവേ! ദേവന്മാർ കാട്ടിയ അപരാധം ഞാൻ കാര്യമായി കരുതുന്നില്ല. അവരുടെ ബാലചാപല്യമായി മാത്രമേ ഞാൻ അതിനെ മനസ്സിലാക്കുന്നുള്ളൂ. മാത്രമല്ല, ഞാൻ അവരെ ശിക്ഷിച്ചിതും അവരുടെ തെറ്റുകൾ തിരുത്തുവാൻ വേണ്ടി മാത്രമാണ്. എന്തായാലും ദക്ഷന്റെ ശിരസ്സ് ഭസ്മമായ സ്ഥിതിക്ക് അവൻ ഒരു ആടിന്റെ തല സ്വീകരിക്കട്ടെ!. ഭാഗൻ തന്റെ യജ്ഞഭാഗം മിത്രന്റെ കണ്ണുകളിൽകൂടി അനുഭവിക്കും. പൂഷാവ് ഭക്ഷിക്കുവാൻ തന്റെ ശിഷ്യഗണങ്ങളുടെ സഹായം തേടട്ടെ!. അല്ലാത്തപക്ഷം പല്ലിന്റെ ഉപയോഗമില്ലാത്തെ ഭക്ഷണം കഴിക്കട്ടെ. എനിക്ക് യജ്ഞഭാഗം നല്കാൻ തയാറായിരുന്ന സകലരും തങ്ങളുടെ ദുഃഖങ്ങളിൽനിന്ന് ക്രമേണ മുക്തരാകും. ബാഹുക്കൾ നഷ്ടപ്പെട്ടവർ അശ്വിനികുമാരന്മാരുടെ കൈകൾ ഉപയോഗിക്കട്ടെ. ഹസ്തംതന്നെ പോയവർ പൂഷാവിന്റേതും. പൂജാരികളും അപ്രകാരംതന്നെ അനുസരിക്കുക. ഭൃഗു ആടിന്റെ തലയിലെ രോമംകൊണ്ട് താടി നിർമ്മിച്ചുവയ്ക്കട്ടെ.

മൈത്രേയൻ വീണ്ടും പറഞ്ഞു.: വിദുരരേ!, അവിടെ കൂടിയവർക്കെല്ലാം ഭഗവാന്റെ വാക്കുകൾ അത്യന്തം ആനന്ദം പ്രദാനം ചെയ്തു. അവരെല്ലാം ആത്മാവിനാൽ പരിതുഷ്ടരായി. തുടർന്ന് ഭൃഗുമുനി മഹാദേവനെ യാഗശാലയിലേക്ക് സ്വാഗതം ചെയ്തു.  ബ്രഹ്മാവിനാലും മറ്റുള്ള ദേവഗണങ്ങളാലും അകമ്പടിസേവിച്ചുകൊണ്ട് മഹാദേവൻ അവിടേയ്ക്കെഴുന്നള്ളി. ഭഗവദുപദേശത്താൽതന്നെ ദക്ഷന്റെ ശരീരം ഒരു മൃഗത്തിന്റെ തലയോട് ബന്ധിപ്പിച്ചു. ക്ഷണത്തിൽ ദക്ഷപ്രജാപതിക്ക് ബോധം വരുകയും അദ്ദേഹം ഉറക്കത്തിൽനിന്നുണർന്ന് തന്റെ മുന്നിൽ നിൽക്കുന്ന ശിവനെ ദർശിച്ചു. കണ്ടമാത്രയിൽതന്നെ ശിവദ്വേഷിയായ അദ്ദേഹത്തിന്റെ ഹൃദയം, ശരത്കാലത്തിലെ മഴയിൽ നദികൾ പവിത്രമാകുന്നതുപോലെ, ഭഗവദ്ഭക്തിയാൽ പാവനമായി. ഭവനോട് പ്രാർത്ഥിക്കണമെന്നുണ്ടായിരുന്നു. പക്ഷേ തന്റെ മകളുടെ ദാരുണമായ മരണം ഓർത്തപ്പോൾ ഒരു വാക്കുപോലും കണ്ഠത്തിൽനിന്നു പുറത്തേക്കുവന്നില്ല. സ്നേഹവും വാത്സല്യം ദക്ഷന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചപ്പോൾ അദ്ദേഹം വിവേകം വീണ്ടെടുത്തു. അയാൾ ബുദ്ധികൊണ്ട്  തന്റെ മനസ്സിനെ അനുനയിപ്പിച്ചു. ശുദ്ധമായ ഹൃദയത്തോടുകൂടി അദ്ദേഹം മഹാദേവനോട് പ്രാർത്ഥിച്ചുതുടങ്ങി.

ഭഗവാനേ!, ഞാൻ അങ്ങയോട് മഹാ അപരാധമാണ് ചെയ്തതു. എന്നാൽ കാരുണ്യവാനായ അങ്ങ് ശിക്ഷിച്ചുകൊണ്ട് അടിയനെ ബോധവാനാക്കി. അങ്ങാകട്ടെ, അഥവാ ഭഗവാൻ ഹരിയാകട്ടെ, ഒരിക്കലും മൂഢന്മാരായ ബ്രാഹ്മണരെപ്പോലും അവഗണിക്കാറില്ല. പിന്നെയാണോ യാജ്ഞികനായ അടിയനെ ഉപേക്ഷിക്കുന്നത്!. ഹേ ഹരനേ!, ബ്രാഹ്മണർക്ക് വിദ്യ ജ്ഞാനം തപസ്സ് വ്രതം തുടങ്ങിയവ നൽകുവാനും അവരെ മോക്ഷം എന്ന പരമഗതിയിലേക്ക് നയിക്കുവാനും വേണ്ടി അങ്ങ് ആദ്യംതന്നെ ബ്രഹ്മാവിന്റെ തിരുമുഖത്തുനിന്നും പ്രത്യക്ഷനായി. എങ്ങനെയാണോ ഒരു പശുപാലൻ തന്റെ കൈയ്യിൽ ഒരു വടിയുമായി പശുക്കളെ മേയ്ക്കുന്നത്, അപ്രകാരം അങ്ങ് ഞങ്ങൾ ബ്രാഹ്മണർക്ക് ധർമ്മം പ്രദാനം ചെയ്ത് ഞങ്ങളുടെ രക്ഷകനായി. ഭഗവാനേ! അവിടുത്തെ മഹിമയെ അടിയന് മനസ്സിലാക്കാൻ സാധിച്ചില്ല. അതുകാരണം നിറഞ്ഞ സദസ്സിൽ കഠോരമായ വാക്കുക്കൾകൊണ്ട്, അങ്ങത് കാര്യമായി എടുത്തില്ലെങ്കിൽകൂടി, ഞാൻ അങ്ങയെ അപമാനിച്ചു. ലോകത്തിൽ അങ്ങേയറ്റം മാനിക്കപ്പെടേണ്ട അങ്ങയെ അവഹേളിച്ചുകൊണ്ട് അടിയൻ അതിന്റെ പാപഭാരവും പേറി നരകത്തിലേക്ക് പതിക്കാൻ പോകുകയായിരുന്നു. ആവിടുന്ന് ഇതാ ശിക്ഷിച്ചുകൊണ്ട് കാരുണ്യത്തോടുകൂടി വീണ്ടും അടിയനെ രക്ഷിച്ചിരിക്കുന്നു. ഭഗവാനേ!, അങ്ങയെ സ്തുതിക്കുവാനുള്ള വാക്കുകൾ അടിയനറിയുന്നില്ല. അവിടുത്തെ കാരുണ്യംകൊണ്ടുതന്നെ അങ്ങ് ഈയുള്ളവനിൽ പ്രസാദിക്കേണമേ!.

മൈത്രേയ മഹാമുനി വീണ്ടും പറഞ്ഞു: വിദുരരേ!, അങ്ങനെ മഹാദേവന്റെ അനുഗ്രഹത്താലും, ബ്രഹ്മദേവന്റെ അനുവാദത്താലും ദക്ഷൻ പണ്ഢിതരേയും ബ്രാഹ്മണരേയും ദേവഗണങ്ങളേയും കൂട്ടി ഭംഗിക്കപ്പെട്ട തന്റെ യാഗം പുനരാരംഭിച്ചു. വീരഭദ്രനാലും മറ്റുള്ള ഭൂതഗണങ്ങളാലും യാഗശാലയിൽ ഉണ്ടായ അശുദ്ധി മാറുവാനായി യാഗം തുടരുന്നതിനു മുമ്പ് ബ്രാഹ്മണർ അവിടം വീണ്ടും ശുദ്ധിവരുത്തി. തുടർന്ന് യാഗാഗ്നിയിൽ പുരോദശാർപ്പണം ചെയ്തു. വിദുരരേ!, ദക്ഷൻ യജുർവേദമന്ത്രങ്ങൾ ഉച്ഛരിച്ചുകൊണ്ട് യാഗാഗ്നിയിലേക്ക് ഹവിസ്സ് അർപ്പിച്ചതോടെ ഭഗവാൻ ഹരിനാരായണൻ അവിടെ പ്രത്യക്ഷനായി. അവിടുന്ന് വലിയ ചിറകുകളുള്ള ഗരുഢോപരി സംസ്ഥിതനായിരുന്നു. ഭഗവാന്റെ അത്യുജ്ജ്വലമായ തിളക്കത്തിൽ അവിടമാകെ പ്രകാശപൂരിതമായി.

മഞ്ഞപ്പട്ട് ചുറ്റിയ കറുത്ത ഉടൽ, കിരീടം സൂര്യനെപ്പോലെ ജ്വലിക്കുന്നു. നീല കുറുനിരകൾ, കുണ്ഡലങ്ങൾ കാതുകളിൽ ഇളകിയാടുന്നു. എട്ട് തൃക്കൈകളിൽ ശംഖം ചക്രം ഗദ പത്മം ശരം വില്ല് വാൾ പരിച തുടങ്ങിയ ധരിച്ചിരിക്കുന്നു. അവ കങ്കണങ്ങളാലും തോൾവളകളാലും അസാധ്യമാംവിധം അലങ്കരിക്കപ്പെട്ടിരിക്കുന്നു. പലതരത്തിലുള്ള പുഷ്പങ്ങളാൽ സുശോഭിതമായ ഒരു വൃക്ഷം പോലെ വാൻ ഹോമകുണ്ഡത്തിനു മുന്നിൽ തിളങ്ങിനിന്നു. വക്ഷസ്സിൽ വനമാലയോടൊപ്പം ലക്ഷ്മീഭഗവതിയും സ്ഥാനം പിടിച്ച് അവിടുത്തെ അഴക് കൂട്ടി. ഭക്തരുടെ മനം മയക്കുന്ന നറുപുഞ്ചിരി മുഖത്തിലെ ശോഭയെ വർദ്ധിപ്പിച്ചു. വെളുത്ത ചാമരം അരയന്നങ്ങളെപ്പോലെ ഇരുവശങ്ങളിലും ഇളകിയാടി. ശിരസ്സിനുമുകളിൽ ശ്വേതാതപത്രം ചന്ദ്രനെപ്പോലെ ശോഭിച്ചു. ഭഗവാനെ കണ്ടതോടെ ബ്രഹ്മാവും ഹരനും ഗന്ധർവഗണങ്ങളും മറ്റു ദേവന്മാരും പണ്ഢിതന്മാരും യാജ്ഞികന്മാരും ദിവ്യതേജസ്സിനുമുന്നിൽ ദണ്ഢനമസ്ക്കാരമർപ്പിച്ചു. ഭഗവത്തേജസ്സിൽ മറ്റുള്ളവരുടെ തിളക്കം മങ്ങിപ്പോയിഎല്ലാവരും തങ്ങളുടെ ശിരസ്സിനു മുകളിൽ കൈകൂപ്പിക്കൊണ്ട് മൌനം ഭജിച്ചുനിന്നു. ഭഗവാന്റെ മഹിമയെ മനസ്സിലാക്കുവാൻ ബ്രഹ്മാദികൾക്കുപോലുമാകില്ലെന്നിരിക്കിലും അവിടുത്തെ കരുണകൊണ്ട് ദിവ്യരൂപം അവർക്കെല്ലാം കാണാൻ കഴിഞ്ഞു. അനുഗ്രഹം കൊണ്ടുമാത്രം അവർക്ക് തങ്ങളാലൊക്കുംവിധം അവിടുത്തെ മഹിമയെ അറിയുവാനും അതിനനുസരിച്ചു പ്രകീർത്തിക്കുവാനും കഴിഞ്ഞു. ഭഗവാൻ സന്തുഷ്ടനായതോടുകൂടി ദക്ഷൻ അത്യാഹ്ലാദത്തോടുകൂടി പ്രാർത്ഥിക്കുവാൻ തുടങ്ങി. നന്ദസുനന്ദാദികളാൽ പോലും സേവിക്കപ്പെട്ട ഭഗവാൻ സകല യജ്ഞങ്ങളുടേയും ഈശ്വരനും സകല പ്രജാപതിമാരുടേയും ആചാര്യനുമാണ്.

ദക്ഷൻ പറഞ്ഞു. : ഭഗവാനേ!, അങ്ങ് സർവ്വത്തിനും അധീതനാണ്. അങ്ങ് ഈശ്വരനാണ്, അങ്ങ് ഭയമില്ലാത്തവനാണ്. അങ്ങ് നിരന്തരം പ്രാപഞ്ചിക ശക്തിയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. മായാമയനായി ഇരിക്കുന്നുവെങ്കിലും, ത്രിഗുണാധീതനായ ഭഗവാനേ!,  അങ്ങ് പരമാത്മസത്യമാണെന്ന് ഞങ്ങളറിയുന്നു.

യാജ്ഞികർ പറഞ്ഞു. : അല്ലയോ ഗുണാധീതനായ ഭഗവാനേ!, ശൈവഭൂതങ്ങളുടെ ശാപകാരണം ഞങ്ങൾ ഫലേച്ഛുക്കളായിരിക്കുന്നു. അങ്ങനെ അധഃപതിച്ചിരിക്കുന്ന ഞങ്ങൾ അങ്ങയെക്കുറിച്ചു യാതൊന്നുംതന്നെ അറിയുന്നില്ല. മറിച്ച്, ഹരാദികളുടെ ഉപദേശപ്രകാരം യജ്ഞാചരണത്തിൽ മുഴുകിയിരിക്കുകയാണ്. യഥാവിധി ദേവന്മാർക്കുള്ള യജ്ഞവിഹിതവിതരണത്തിന് അവിടുന്നു വിധിയുണ്ടാക്കുകയും ചെയ്തുകഴിഞ്ഞു.

യാഗശാലയിലുണ്ടായിരുന്ന മറ്റുള്ളവർ ഒരുമിച്ച് ഭഗവാനോടു പറഞ്ഞു: അനാഥരും ആശ്രിതരുമായവരുടെ പരമാശ്രയമായ ഭഗവാനേ!, ഭയാവഹമായ ജീവിതത്തിൽ കാലം വാ തുറന്ന സർപ്പത്തെപ്പോലെ തക്കം കിട്ടുമ്പോൾ കടന്നാക്രമിക്കാനിരിക്കുകയാണ്. ലോകം മുഴുവൻ സുഖദുഃഖങ്ങളാകുന്ന കുണ്ടുകളും കുഴികളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ക്രൂരമൃഗങ്ങൾ സദാനേരവും ആക്രമിക്കാൻ തയ്യാറായി ചുറ്റും നിൽക്കുന്നു. ദുഃഖാഗ്നിയുടെ ചൂടാണെങ്കിൽ സഹിക്കുവാനാകുന്നില്ല. അല്പമായ സുഖത്തിന്റെ ആകർഷണം നിരന്തരം ലോകത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. പക്ഷേ അല്പമായ ആ സുഖത്തെ ആർക്കുംതന്നെ ഇവിടെ ആശ്രയിക്കുവാ കഴിയുന്നില്ല. മന്ദബുദ്ധികളായ മനുഷ്യർ മേൽപ്പറഞ്ഞ കർമ്മങ്ങളിൽ ബുദ്ധിയുറപ്പിച്ച് നിരന്തരം ജനനമരണമാകുന്ന സംസാരത്തിൽ പെട്ടുഴലുന്നു. ഇനി എന്നാണവർ അതൊക്കെ വിട്ട് അങ്ങയുടെ തൃപ്പാദങ്ങളിൽ അഭയം പ്രാപിക്കുന്നതെന്നറിയില്ല.

മഹാദേവൻ പറഞ്ഞു: ഭഗവാനേ!, എന്റെ മനസ്സും ബുദ്ധിയും അവിടുത്തെ പാദാരവിന്ദങ്ങളിൽ അർപ്പിക്കപ്പെട്ടിരിക്കുകയാണ്. അത് മാത്രമാണിവിടെ സർവ്വവരങ്ങളും പ്രദാനം ചെയ്യുന്നതും സർവ്വ ആഗ്രഹങ്ങളെ നിവർത്തീകരിക്കുവാൻ ഉതകുന്നതുമായ ഏക സ്ഥാനം. മുക്തരായ ഋഷീശ്വരന്മാരാൽ പൂജിക്കപ്പെട്ട തൃപ്പാദങ്ങൾ മാത്രമാണ് ഇവിടെ ആശ്രയിക്കുവാൻ യോഗ്യമായ ഏക വസ്തു. എന്റെ ബുദ്ധി അവിടുത്തെ പാദപത്മങ്ങളിൽ അർപ്പിക്കപ്പെട്ട കാരണം, എന്റെ കർമ്മങ്ങൾക്ക് ശുദ്ധിയില്ലാ എന്ന് പറഞ്ഞ്, എന്നെ അവഹേളിക്കുന്നവരാൽ ഞാൻ വ്യഥ അനുഭവിക്കുന്നില്ല. അപരാധം ഞാൻ കാര്യമാക്കുന്നില്ല. മാത്രമല്ലാ, അങ്ങ് എങ്ങനെയാണോ സകലപ്രാണികളോടും ക്ഷമിച്ചരുളുന്നത്, അതുപോലെ ഞാനും അവരോടെ കാരുണ്യത്തോടെ പൊറുക്കുന്നു.

ഭൃഗുമുനി പറഞ്ഞു.: ഭഗവൻ!, ബ്രഹ്മാവ് തുടങ്ങി ഉറുമ്പോളം വരുന്ന സകല പ്രാണികളും അവിടുത്തെ മായയിൽ അകപ്പെട്ടവരായകാരണം അവർക്ക് തങ്ങളുടെ സ്വരൂപത്തെ അറിയുവാൻ സാധിക്കുന്നില്ല. എല്ലാവരും താൻ സ്വയം ശരീമാണെന്ന് വിശ്വസിച്ചുകൊണ്ട് മായയുടെ അന്തകാരത്തിൽ മുങ്ങിക്കിടക്കുന്നു. അങ്ങ് സ്വയം പ്രാണികളിലെല്ലാം പരമാത്മരൂപത്തിൽ കുടിയിരിക്കുന്നതോ അഥവാ അവിടുത്തെ യഥാർത്ഥ മഹത്വത്തെതന്നെയോ അവർക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നില്ല. പക്ഷേ അങ്ങയെ ആശ്രയിക്കുന്നവരുടെ ആത്മസുഹൃത്തും രക്ഷകനുമായി അവിടുന്നു സദാ നിലകൊള്ളുന്നു. അതുകൊണ്ട് ഞങ്ങൾ കാട്ടിയ മഹാ അപരാധം പൊറുത്ത് ഞങ്ങൾക്ക് മാപ്പു നൽകുമാറാകണം.

ബ്രഹ്മാവ് പറഞ്ഞു.: ഭഗവാനേ!, ഇവിടെ പലരും പല മാർഗ്ഗങ്ങളിലൂടെയും അങ്ങയെ അറിയുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവിടുത്തെ സ്വരൂപത്തെയറിയുവാൻ ആർക്കുംതന്നെ കഴിയുന്നില്ല. അങ്ങയെ അറിയുവാനുള്ള മാർഗ്ഗങ്ങളും അതിന്റെ ഉദ്ദേശങ്ങളും തികച്ചും ഭൌതിമായിരിക്കെ അങ്ങ് തീർത്തും പ്രാപഞ്ചികശക്തികൾക്ക് അധീതനായി അദ്ധ്യാത്മസ്വരൂപനായി നിലകൊള്ളുന്നു.

ഇന്ദ്രൻ പറഞ്ഞു.: നാരായണാ!, ആയുധങ്ങളേന്തിയ എട്ടു തൃക്കൈകളോടെയുള്ള അവിടുത്തെ രൂപം ലോകത്തിന്റെ നന്മയ്ക്കായി നിലകൊള്ളുന്നതാണ്. അത് കണ്ണിനും മനസ്സിലും കുളിർമയേകുകയും ചെയ്യുന്നു. അവിടുത്തെ രൂപം ഭക്തദ്വേഷികളായ അസുരന്മാരുടെ നിഗ്രഹത്തിനായി നിരന്തരം വർത്തിച്ചുകൊണ്ടേയിരിക്കുന്നു.

യാജ്ഞികരുടെ പത്നിമാർ പറഞ്ഞു.: ഭഗവാനേ!, യജ്ഞം ബ്രഹ്മദേവന്റെ ആദേശപ്രകാരം തുടങ്ങിയതാണെങ്കിലും നിർഭാഗ്യവശാൽ ശൈവകോപംകൊണ്ട് എല്ലാം നശിക്കപ്പെട്ടിരിക്കുന്നു. ബലിമൃഗങ്ങളെല്ലാം ചത്തുകിടക്കുകയാണ്. ശ്രീഹരേ!, അവിടുത്തെ കൃപയാൽ എല്ലാം മംഗളകരമാക്കിത്തരേണമേ!.

മുനിമാർ പറഞ്ഞു: ഭഗവാനേ!, അവിടുത്തെ ലീലകൾ വിചേഷ്ടിതം തന്നെ. എല്ലാം അവിടുത്തെ പ്രത്യേകം പ്രത്യേകം ശക്തികളാൽ സംഭവിക്കപ്പെടുമ്പോൾ അവിടുന്ന് ഒന്നിലും പറ്റാതെ നിലകൊള്ളുന്നു. എന്തിനു പറയാൻ അങ്ങ് ലക്ഷ്മീഭഗവതിയോടുപോലും ബദ്ധനാകാതെയണ് നിലകൊള്ളുന്നത്. എന്നാൽ സൃഷ്ടികർത്താവായ ബ്രഹ്മദേവൻപോലും അവളുടെ കരുണയ്ക്കായ് തൃപ്പാദങ്ങളിൽ നമസ്കാരമർപ്പിക്കുന്നു.

സിദ്ധഗണങ്ങൾ പ്രാർത്ഥിച്ചു: ഹേ നാഥാ!, കാട്ടുതീയിൽ അകപ്പെട്ടു നീറ്റലനുഭവിക്കുന്ന ആനകൾ ഒരു നദിയിലിറങ്ങിമുങ്ങുമ്പോൾ അവയുടെ ബുദ്ധിമുട്ടുകൾ മറക്കുന്നതുപോലെ, ഭഗവാനേ!, ഞങ്ങളുടെ മനസ്സും അവിടുത്തെ ലീലകളുടെ അമൃതസരസ്സിൽ മുങ്ങി, ഒരിക്കൽ പോലും മോക്ഷതുല്യമായ അനന്ദത്തിൽനിന്നു കരകയറാൻ ആഗ്രഹിക്കുന്നില്ല.

ദക്ഷപത്നി പറഞ്ഞു: ഭഗവാനേ!, അങ്ങ് ഇവിടെ വന്നത് ഞങ്ങളുടെ മഹാഭാഗ്യമാണ്. അങ്ങേയ്ക്കെന്റെ നമസ്ക്കാരം. അവസരത്തിൽ അവിടുത്തെ പ്രസാദത്തിനുവേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുകയാണ്. ശിരസ്സില്ലാത്ത കബന്ധം പോലെയാണ് അങ്ങില്ലാത്ത യാഗഭൂമി.

ലോകപാലകന്മാർ പറഞ്ഞു: ഹേ ദേവാ!, കണ്ണിൽ കാണുന്നതു മാത്രം വിശ്വസിക്കുന്നവരാണ് ഞങ്ങൾ. ഞങ്ങൾക്കറിയില്ല ഒരിക്കലെങ്കിലും ഈ ഭൌതികനേത്രങ്ങൾകൊണ്ട് ഞങ്ങൾ അങ്ങയെ കണ്ടിട്ടുണ്ടോ എന്ന്. പഞ്ചേന്ദ്രിയങ്ങൾകൊണ്ട് ഞങ്ങൾക്കീ പ്രപഞ്ചം മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ങ്ങാണെങ്കിൽ പഞ്ചഭൂതങ്ങൾക്കധീതനും. അജ്ഞാനംകൊണ്ടാണ് ഞങ്ങൾ അങ്ങയെ ഭൌതികതലത്തിൽ നിന്ന് നോക്കിക്കാണുന്നതു.

യോഗേശ്വരന്മാർ പറഞ്ഞു: ഭഗവാനേ!, അങ്ങ് സർവ്വഭൂതങ്ങളിലും കുടിയരുളുന്നതുകണ്ടുകൊണ്ട് അങ്ങയെ തങ്ങളിൽനിന്ന് വ്യത്യസ്ഥനായി കാണാത്ത ഉത്തമഭക്തന്മാർ അങ്ങേയ്ക്ക് ഏറെ പ്രിയങ്കരരാണ്. ഭക്തികൊണ്ട് അങ്ങയിൽ ആശ്രയം തേടുന്നവർക്ക് അവിടുന്നു ഉറ്റ സുഹൃത്തായി നിലകൊള്ളുന്നു. അവർ അങ്ങയെ അവരുടെ സ്വാമിയായും, സ്വയം അവിടുത്തെ ദാസന്മാരായും കണ്ടുകൊണ്ട് അങ്ങയിൽ ഭക്തി ചെയ്യുന്നു. അവിടുന്നാകട്ടെ അകമഴിഞ്ഞ കാരുണ്യത്തോടെ അവർക്ക് സദാ ആശ്രയമായും നിലകൊള്ളുന്നു. പ്രപഞ്ചത്തെ രചിച്ച്, നാനാ ഭൂതങ്ങളുടെ സൃഷ്ടിസ്ഥിതിസംഹാരാദി കർമ്മങ്ങൾ സാധ്യമാക്കുന്നതിനായി അവയെ പ്രകൃതിയുടെ ത്രിഗുണങ്ങൾക്കധീനമാക്കി, സ്വയം അവയ്ക്കധീതനായി നിലകൊള്ളുന്ന മായാധീതനനായ ഭഗവാനേ! അങ്ങേയ്ക്ക് ഞങ്ങളുടെ നമസ്കാരം.

ബ്രഹ്മദേവൻ പറഞ്ഞു: ഹേ ത്രിഗുണാധീതനായ ഭഗവാനേ! അവിടുത്തെ മഹത്വം ആരറിയാനാണ്. അങ്ങ് സത്വത്തിനും ആശ്രയമായവനാണ്. അതുകൊണ്ടുതന്നെ സകല ധർമ്മങ്ങളുടേയും തപസ്സിന്റേയും സന്യാസത്തിന്റേയും ശക്തികേന്ദ്രം അങ്ങുതന്നെ. അങ്ങനെയുള്ള അങ്ങേയ്ക്ക് പ്രണാമം.

അഗ്നിദേവൻ പറഞ്ഞു: ഭഗവാനേ!, എന്റെ പ്രകാശത്തിനും തേജസ്സിനും ഹേ നാഥാ!, അങ്ങുതന്നെയാണ് ഉറവിടം. അവിടുത്തെ ശക്തിയാൽതന്നെയാണ് ഹവിസ്സുകൾ എന്നിലെരിഞ്ഞടങ്ങുന്നതും ഞാൻ അവയെ സ്വീകരിക്കുന്നതും. യജുർവേദപ്രകാരമുള്ള അഞ്ചുതരം ഹവിസ്സുകളും അവിടുത്തെ അഞ്ചു വ്യത്യസ്ഥ ശക്തികൾ തന്നെയാണ്. അങ്ങ് അഞ്ചുവിധം വേദമന്ത്രങ്ങളാൽ പൂജിക്കപ്പെടുന്നു. യജ്ഞ എന്നു വിളിക്കുന്നതും അങ്ങയെ മാത്രം. അങ്ങേയ്ക്ക് മുന്നിൽ ഞാനിതാ എന്റെ പ്രണാമമർപ്പിക്കുന്നു.

ദേവഗണങ്ങൾ പറഞ്ഞു: ഭഗവാനേ!, പണ്ട് ഇവിടൊരു പ്രളയമുണ്ടായപ്പോൾ അങ്ങ് ഈ പ്രപഞ്ചശക്തികളെ മുഴുവനും അങ്ങയുടെ ഉദരത്തിനുള്ളിലേക്ക് ലയിപ്പിച്ചു. അന്ന് ഊർദ്ദ്വലോകങ്ങളിലുള്ള സനകാദികൾ തുടങ്ങി സകല സിദ്ധന്മാരും അങ്ങയെ അദ്ധ്യാത്മബുദ്ധ്യാ ധ്യാനിക്കുകയുണ്ടായി. അങ്ങാണെങ്കിൽ ആ പ്രളയജലത്തിൽ അനന്തതല്പത്തിന്മേൽ ശയിക്കുകയുമായിരുന്നു. അതിനർത്ഥം അങ്ങാണ് ഈ പ്രപഞ്ചത്തിനെല്ലാം ആധാരമായ മഹാപുരുഷൻ. ഇന്നിതാ അങ്ങ് അവിടുത്തെ ഭൃത്യന്മാർക്കുമുന്നിൽ പ്രത്യക്ഷനായിരിക്കുന്നു. ഹേ ഭഗവൻ!, അവിടുന്ന് ഞങ്ങൾക്ക് രക്ഷയരുളിയാലും.

ഗന്ധർവ്വഗണങ്ങൾ പറഞ്ഞു: ഭഗവാനേ!, ഈ നിൽക്കുന്ന ബ്രഹ്മദേവനും, ഇന്ദ്രനും, മരീചി മുതലായ മഹാഋഷികളും, മഹാദേവനും എല്ലാം അവിടുത്തെ കലയുടെ ഒരംശം മാത്രമാണ്. അങ്ങ് അടിയങ്ങൾക്കെല്ലാം വിഭുവും. ഈ കാണുന്ന പ്രപഞ്ചം മുഴുവൻ അങ്ങേയ്ക്ക് വെറും ഒരു ക്രീഢാഭാണ്ഢം മാത്രം. ആയതിനാൽ അങ്ങയെ പരമപുരുഷനായി ഞങ്ങൾ സ്വീകരിക്കുന്നു. അങ്ങേയ്ക്ക് ഞങ്ങളുടെ നമസ്കാരം. ഞങ്ങളെ അനുഗ്രഹിച്ചാലും.

വിദ്യാധരന്മാർ പറഞ്ഞു: നാഥാ!, ഈ ശരീരം യഥാർത്ഥത്തിൽ ഞങ്ങളെ അങ്ങയിലേക്കെത്തിക്കാനുള്ള ഒരുപാധിയാണ്. എന്നാൽ അവിടുത്തെ മായയിൽ ഭ്രമിച്ച് ജീവാത്മാക്കൾ തങ്ങൾ സ്വയം ഈ ശരീരമാണെന്ന് വിചാരിക്കുന്നു. ഭൌതികലാഭങ്ങളിലൂടെ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നു. അവർ ഈ അല്പവും മിഥ്യയുമായ ആനന്ദത്തിന്റെ പിടിയിലകപ്പെട്ട് നട്ടം തിരിയുന്നു. പക്ഷേ, ഇവിടെ ഒന്നുള്ളതവരറിയുന്നില്ലാ; അവിടുത്തെ കഥാമൃതം, ഹാ! അതിന്റെ ശക്തി ഒന്നു വേറേതന്നെ. അതിന്റെ ശ്രവണത്തിലും കീർത്തനത്തിലും ആസക്തനാകുന്നവൻ ആ മായാജാലത്തിൽ പെടാതെ മുക്തനാകുകയും ചെയ്യുന്നു.

ബ്രാഹ്മണർ പറഞ്ഞു: ഹേ ഭഗവൻ!, അങ്ങ് യജ്ഞത്തിന്റെ മൂർത്തിമദ്രൂപമാണ്. ഹവിസ്സും അഗ്നിയും വേദമന്ത്രങ്ങളും ദർഭയും പൂജാപാ‍ത്രങ്ങളും ഋത്വിക്കുകളും ഇന്ദ്രാദിദേവതകളും യജ്ഞമൃഗവും എല്ലാം അങ്ങുതന്നെ. യാഗങ്ങൾക്കുപയോഗിക്കുന്ന സകല സാധനസാമഗ്രികളും, ഹേ നാഥാ!, അവിടുന്നും അവിടുത്തെ ശക്തിയും ചേർന്നുള്ളവയാകുന്നു. ഭഗവാനേ!, പണ്ട് ഭൂമി പാതാളജലത്തിലേക്ക് താഴ്ന്നുപോയപ്പോൾ, വാരണേന്ദ്രൻ ജലാശയത്തിൽനിന്നും താമര പറിച്ചെടുത്തുയർത്തുന്നതുപോലെ, അങ്ങ് മഹാസൂകരവേഷം പൂണ്ട് അവിടുത്തെ തേറ്റമേലിരുത്തി ഭൂമീദേവിയെ ആ ജലത്തിൽനിന്നും ഉയർത്തി അവളുടെ യഥാസ്ഥാനത്തിരുത്തുകയുണ്ടായി. അന്ന് അവിടുന്ന് അലറിവിളിച്ച ആ ഓംകാര നാദം ഇന്ന് യാഗമന്ത്രമായിത്തീർന്നിരിക്കുന്നു. ആ നാദത്തെ ധ്യാനിച്ചുകൊണ്ട് സനകാദി മഹാമുനികൾ അവിടുത്തെ മഹിമയെ വാഴ്ത്തി. ഭഗവാനേ!, ഈ യജ്ഞം വേദോക്തമായ ആചാരവിധിപ്രകാരം അനുഷ്ഠിക്കുവാൻ കഴിയാതെ ഞങ്ങൾ അവിടുത്തെ ദർശനത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. അങ്ങയുടെ പ്രസാദത്തിനുവേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുകയാണ്. അവിടുത്തെ നാമം ഉച്ഛരിക്കുന്ന മാത്രയിൽ‌തന്നെ സകല തടസ്സങ്ങളും നീങ്ങിക്കിട്ടുന്നു. അങ്ങയുടെ തിരുമുമ്പിൽ ഇതാ ഞങ്ങൾ ആയതിനായി നമസ്കാരമർക്കുന്നു.

മൈത്രേയൻ തുടർന്നു: വിദുരരേ!, അങ്ങനെ ഭഗവാൻ ഹരിയെ പ്രകീർത്തിച്ചു പ്രസാദിപ്പിച്ചതിനുശേഷം, ശൈവാനുചാരികളാൽ അലങ്കോലമാക്കപ്പെട്ട യജ്ഞം ദക്ഷൻ പൂർത്തിയാകാനാരംഭിച്ചു. അല്ലയോ പാപരഹിതനായ വിദുരരേ!, ഭഗവാൻ വിഷ്ണു സകല യജ്ഞങ്ങളുടേയും ഭോക്താവാണ്. സർവ്വാത്മാവായ ഭഗവാൻ തന്റെ ഹവിർഭാഗം സ്വീകരിച്ചുകൊണ്ട് ദക്ഷനോട് വാത്സല്യപൂർവ്വം അരുളിച്ചെയ്തു.

ഭഗവാൻ പറഞ്ഞു: ബ്രഹ്മദേവനും മഹാദേവനും ഞാനും ഈ ജഗത്തിന്റെ പരമകാരണമാ‍ണ്. ഞാൻ സർവ്വത്തിനും സാക്ഷിയായ പരമാത്മാവാണ്. അദ്ധ്യാത്മദൃഷ്ടിയിൽ ഞങ്ങൾക്കിടയിൽ വ്യത്യാസമില്ല. ഹേ ദക്ഷബ്രാഹ്മണാ!, സ്വയം‌ദൃ‌ക്കായ ഞാൻ സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്കായി എന്റെ മായാശക്തിയെ അവലംബിച്ചുകൊണ്ട് പലതായി വർത്തിക്കുന്നു. അതാത് കർമ്മങ്ങൾക്കനുസരിച്ച് ഞാൻ വ്യത്യസ്ഥനാമങ്ങളും സ്വീകരിക്കുന്നു. അജ്ഞാനിജനങ്ങൾ വിരിഞ്ചശങ്കരാദികളെ എന്നിൽനിന്നും വേറിട്ട ശക്തികളായി കരുതുന്നു. അവർ മറ്റുള്ള ജീവഭൂതങ്ങൾ പോലും സ്വതന്ത്രരാണെന്ന് വിശ്വസിക്കുന്നു. അറിവുള്ളവൻ തന്റെ ശരീരത്തിൽ ശിരസ്സ് പാദം കൈകൾ തുടങ്ങിയവയെ വ്യത്യസ്ഥമായി കാണാത്തതുപോലെ, എന്റെ ഭക്തന്മാർ വിഷ്ണുവിനെ ഒന്നിൽനിന്നും ഒരു ജീവജാലങ്ങളിൽനിന്നും വ്യത്യസ്ഥനായി അറിയുന്നില്ല. അങ്ങനെ എന്നെയും ഈ പ്രപഞ്ചത്തേയും ദ്വൈതഭാവത്തോടെ വീക്ഷിക്കാത്തവൻ പരമമായ ശാന്തിയെ നേടുന്നു അല്ലാത്തവൻ അത് നേടുന്നില്ല.

മൈത്രേയൻ പറഞ്ഞു: ഇങ്ങനെ ദക്ഷൻ ഭഗവാൻ ഹരിയാൽ അനുഗ്രഹീതനായി. അദ്ദേഹം വിഷ്ണുവിനെ പൂജിച്ചു തൃപ്തനാക്കിയതിനുശേഷം, യജ്ഞത്തെ ചെയ്തുകൊണ്ട് ബ്രഹ്മദേവനേയും മഹാദേവനേയും യഥാവിധി പ്രത്യേകം പൂജിച്ച് പ്രസാദിപ്പിച്ചു. ദക്ഷൻ മഹാദേവനെ യജ്ഞശിഷ്ടം കൊണ്ട് സർവ്വാത്മനാ സേവിച്ചു തൃപ്തനാക്കി. യജ്ഞശേഷം അദ്ദേഹം സകലരേയും യഥാവിധി സത്ക്കരിച്ചു സംതൃപ്തരാക്കി. തുടർന്ന് സ്നാനം ചെയ്തു സ്വയം സംതൃപതനായി. അങ്ങനെ യജ്ഞത്തെ കൊണ്ട് ഭഗവദ്സേവ ചെയ്ത ദക്ഷൻ ധർമ്മത്തിൽ അധിഷ്ഠിതനായി. പിന്നീട് യജ്ഞത്തിൽ പങ്കുചേർന്ന ദേവഗണങ്ങളെല്ലാം ഒന്നടങ്കം ദക്ഷനെ അനുഗ്രഹിച്ചു. അതിലൂടെ ആത്മവീര്യം വളർന്ന ദക്ഷൻ തികച്ചും ഭഗവദ് ഭക്തോത്തമനായിമാറി. വിദുരരേ!, അന്ന് യോഗാഗ്നിയിൽ തന്റെ ശരീരം ദഹിപ്പിച്ച ദക്ഷപുത്രി സതീദേവി പിന്നീട് ഹിമാലയത്തിൽ മേനയുടെ പുത്രിയായി ജനിച്ചതായി ഞാൻ കേട്ടു. കല്പാദിയിൽ ഹരിയുടെ വിവിധ ശക്തികൾ വീണ്ടും ഒന്നിച്ചു പ്രവർത്തിക്കുന്നതുപോലെ, ദാക്ഷായണി വീണ്ടും അംബികയായി മഹാദേവനോട് ചേർന്നു. വിദുരരേ! ഞാൻ ദക്ഷയാഗത്തിന്റെ ഈ കഥകേട്ടത് ഭഗവദ് ഭക്തനും ബൃഹസ്പതിയുടെ ശിഷ്യനുമായ ഉദ്ധവരിൽനിന്നുമാണ്. ആരാണോ ഭഗവദനുഗ്രഹത്താൽ സംപൂർണ്ണമായ ദക്ഷയാഗത്തിന്റെ ഈ കഥ ശ്രദ്ധാഭക്തിസമന്വിതം ശ്രവിക്കുകയും കഥിക്കുകയും ചെയ്യുന്നത്, അവർ സർവ്വപാപങ്ങളിൽനിന്നും മുക്തനായി സംസാരബന്ധം ഉപേക്ഷിക്കുന്നതാണ്.

ഇങ്ങനെ ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഏഴാമധ്യായം സമാപിച്ചു.

ഓം തത് സത്.


Srimad Bhagavatham, Dakshayagam