2018, സെപ്റ്റംബർ 9, ഞായറാഴ്‌ച

4.6 ദക്ഷയാഗപരിപൂർത്യർത്ഥം വിധാതാവിന്റെ ഇടപെടൽ


ഓം

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 6
(ദക്ഷയാഗപരിപൂർ‌ത്യർത്ഥം‌ വിധാതാവിന്റെ ഇടപെടൽ‌)


Image result for lord brahma speaks to lord shiva  മൈത്രേയൻ പറഞ്ഞു: വിദുരരേ!, ശൈവാനുചാരികൾ‌ യാഗം മുടക്കി ദക്ഷനെ വധിച്ച് കൈലാസത്തിലേക്ക് മടങ്ങിയതിനുശേഷം, യാഗകർ‌ത്താക്കളായ ബ്രാഹ്മണന്മാർ‌ ബ്രഹ്മദേവനെ കണ്ട് സങ്കടമുണർത്തിക്കുവാനായി ബ്രഹ്മലോകത്തേക്കും‌ യാത്രയായി. യാഗശാലയിൽ‌ നടക്കാനിരുന്ന സംഭവങ്ങളെ മുൻ‌കൂട്ടികണ്ട വിരിഞ്ചനും വിഷ്ണുവും യാഗത്തിൽ‌ പങ്കെടുത്തിരുന്നില്ല.

കാര്യങ്ങൾ‌ കേട്ടറിഞ്ഞ ബ്രഹ്മദേവൻ അവരോട് പറഞ്ഞു: ഹേ! ദേവന്മാരേ!, നിങ്ങൾ‌ക്ക് അബദ്ധം‌ സം‌ഭവിച്ചിരിക്കുന്നു. വന്ദിക്കേണ്ടവരെ വന്ദിക്കാതെയും‌, ആദരിക്കേണ്ടവരെ ആദരിക്കാതെയും‌, ക്ഷണിക്കേണ്ടവരെ ക്ഷണിക്കാതെയും‌ യാഗം‌ നടത്തിയാൽ‌ നിങ്ങൾ‌ക്ക് ക്ഷേമമുണ്ടാകുന്നത് അസം‌ഭവ്യമാണ്. ശിവനില്ലാതെ യാഗം‌ നടത്താമെന്ന് ധരിച്ച നിങ്ങളൊക്കെ അദ്ദേഹത്തോട് പാപം‌ ചെയ്തിരിക്കുകയാണ്. പക്ഷേ, ഇപ്പോഴും‌ എല്ലാം‌ മറന്ന് ആ തൃപ്പാദങ്ങളിൽ‌ ശരണം‌ പ്രാപിച്ചാൽ‌, അവിടുന്ന് നിങ്ങളെ കൈവിടില്ല. വീണ്ടും‌ ഞാൻ‌ നിങ്ങളെ ഓർ‌മ്മിപ്പിക്കുകയാണ്, സകലലോകങ്ങളേയും‌ തത്പാലകന്മാരേയും നിമിഷത്തിൽ‌ ഇല്ലാതാക്കുവാൻ‌ കഴിവുള്ളവനാണ് ശിവൻ‌. ഭഗവാന് തന്റെ പ്രിയതമയെ നഷ്ടമായിയിരിക്കുന്ന സമയമാണ്. മാത്രമല്ലാ, ദക്ഷന്റെ കഠോരവചനങ്ങൾ ഇപ്പോഴും ആ തൃക്കാതുകളിൽ‌ മുഴങ്ങിക്കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ‌ ഞാൻ‌ പറയുന്നു, നിങ്ങൾ‌ പോകുക, ആ തിരുവടിയെ നമസ്ക്കരിച്ച് മാപ്പപേക്ഷിക്കുക. ഇന്ദ്രനോ, ഋഷികളോ, യജ്ഞശാലയിലുണ്ടായിരുന്ന ദേവന്മാരോ, ഈ ഞാൻ‌ പോലും‌ മനസ്സിലാക്കുന്നതാണ് അവിടുത്തെ ശക്തി. അങ്ങനെയിരിക്കെ ആരാണ് ആ മഹാ‍ശക്തിയോട് ഒരപരാധം‌ കാണിക്കുവാൻ‌ ധൈര്യം കാട്ടുക? ഈ അവസരത്തിൽ മഹാദേവനിൽ‌ത്തന്നെ അഭയം‌ പ്രാപിക്കുകയല്ലാതെ മറ്റൊരുവഴി ഞാൻ‌‌ കാണുന്നില്ല.


മൈത്രേയൻ‌ തുടർന്നു: വിദുരരേ!, ഇങ്ങനെ ഉപദേശിച്ചുകൊണ്ട് വിധാതാവ് അവരെ കൈലാസത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. കൈലാസപർ‌വ്വ‌തം‌ പലേതരം‌ ഔഷധസസ്യങ്ങളെക്കൊണ്ട് നിറഞ്ഞതായിരുന്നു. അവിടെയുണ്ടായിരുന്നവരെല്ലാം മന്ത്രശീലരും‌ യോഗശീലരുമായിരുന്നതിനാൽ‌ അവിടം‌ ഏപ്പോഴും‌ മന്ത്രത്താൽ മുഖരിതവും യോഗത്താൽ ശ്രേഷ്ഠവുമായിരുന്നു. അതുപോലെതന്നെ കിന്നരഗന്ധർ‌വ്വാ‌പ്സരസ്സുകളും‌ അവിടുത്തെ അന്തേവാസികളായിരുന്നു. നാനാതരങ്ങളിലുള്ള മുത്തുകളെക്കൊണ്ടും‌, മണികളെക്കൊണ്ടും, ശൃം‌ഗങ്ങളെക്കൊണ്ടും, ധാതുക്കളെക്കൊണ്ടും, മൃഗങ്ങളെക്കൊണ്ടും‌, വെള്ളച്ചാട്ടങ്ങളെക്കൊണ്ടും‌, ഗുഹകളെക്കൊണ്ടും‌ അലം‌കൃതമായിരുന്നു അവിടം‌. കുയിലുകളുടെ കൂജനങ്ങൾക്കും‌ വണ്ടുകളുടെ മൂളലുകൾ‌ക്കുമൊപ്പം മയിലുകൾ‌‌ സദാസമയവും‌ അവിടെ നൃത്തമാടിക്കൊണ്ടിരുന്നു. അം‌ബരചും‌ബികളായ വൃക്ഷങ്ങൾ‌ പക്ഷികളെ മാടിവിളിച്ചുകൊണ്ടിരുന്നു. ആനക്കൂട്ടങ്ങൾ‌ അതുവഴി നടന്നകലുമ്പോൾ‌ കൈലാസവും അവയ്ക്കൊപ്പം ചലിക്കുന്നതായിത്തോന്നി. വെള്ളച്ചാട്ടത്തോടൊപ്പം‌ കൈലാസവും ശബ്ദിക്കുന്നതുപോലെ അവർ‌ക്കനുഭവപ്പെട്ടു. 

മന്ദാരം‌, പാരിജാതം‌, തമാലം‌, അർ‌ജ്ജുനം‌, കദം‌ബം‌, ധൂളീകദം‌ബം‌, നാഗം‌, പുന്നാഗം‌, ചമ്പകം‌, അശോകം‌ തുടങ്ങിയ പുഷ്പവൃക്ഷങ്ങളെക്കൊണ്ടും‌, അവയുടെ പൂക്കളെക്കൊണ്ടും‌ സുഗന്ധങ്ങളെക്കൊണ്ടും‌ ശോഭിതമായിരുന്നു കൈലാസപർ‌വ്വതം. കൂടാതെ, സ്വർ‌ണ്ണത്താമര, മല്ലിക, മാധവി തുടങ്ങിയ മഹാപുഷ്പങ്ങളാൽ അവിടം സുശോഭിതമായിക്കാണപ്പെട്ടു. ഇങ്ങനെ മനോഹരമായ സസ്യങ്ങളാലും, പുഷ്പങ്ങളാലും, മരങ്ങളാലും, മലകളാലും, നദികളാലും, മൃഗങ്ങളാലും പ്രകൃത്യാ അനുഗ്രഹീതമായ കൈലാസാചലത്തെ കണ്ടുകൊണ്ട് ദേവന്മാർ‌ ഭഗവദ്‌ദർശനത്തിനായി ബ്രഹ്മദേവനോടൊപ്പം യാത്രതുടർന്നു. വഴിയിൽ അളകാപുരി അവർ‌ കണ്ടു. അവിടുത്തെ സൌഗന്ധികപുഷ്പങ്ങളുടെ സുഗന്ധം‌ അവരെ വല്ലാതെ ഭ്രമിപ്പിച്ചു. അല്പം‌ കഴിഞ്ഞ് ഗോവിന്ദപാദധൂളികളാൽ‌ പവിത്രമായ നന്ദ, അളകനന്ദ മുതലായ നദികളും അവർ‌ കണ്ടു. അപ്സരസ്സുകൾ‌ ഈ നദികളിലാണത്രേ തങ്ങളുടെ ഭർ‌ത്താക്കന്മാരുമായി വന്ന് സ്നാനം ചെയ്യാറുള്ളത്. കുളികഴിഞ്ഞാൽ അവരുടെ ശരീരത്തിലെ കുങ്കുമം‌ കലർ‌ന്ന് ഈ നദികളിലെ ജലം മഞ്ഞനിറത്തിലാകുന്നു. ദാഹമില്ലെങ്കിൽ‌കൂടി ആനകൾ‌ മിഥുനങ്ങളോടൊത്ത് ഈ ജലം തുമ്പിക്കൈകളിൽ കോരിക്കുടിച്ച് രസിക്കുന്നു. 

സൌഗന്ധികക്കാടുകൾക്കുമുകളിലൂടെ പോകുമ്പോൾ‌ യക്ഷേശ്വരന്റെ ആസ്ഥാനം അവർ‌ കണ്ടു. അല്പം‌ കഴിഞ്ഞ് അവർ‌ ഒരു കുളക്കടവും‌ അതിന്റെ രത്നങ്ങൾ‌ പതിപ്പിച്ച സോപാനവും കണ്ടു. ആ തടാകം താമരപ്പൂക്കളെക്കൊണ്ടു നിറഞ്ഞതായിരുന്നു. ശേഷം‌ അവർ‌ ഒരു വലിയ ആൽ‌മരം‌ കാണാനിടയായി. എണ്ണൂറ് മൈൽ‌ നീളവും, അറുനൂറ് മൈൽ‌ ശിഖരങ്ങളുടെ വ്യാപ്തിയുമുള്ള ആ ആൽ‌മരം‌ ആ പ്രദേശത്തിന് നിത്യമായ തണൽ‌ നൽകി. പക്ഷേ, കിളികളുടെ ശബ്ദം അല്പം‌പോലും‌ അവിടെയുണ്ടായിരുന്നില്ല. അവിടെ, ആ ആൽ‌മരചുവട്ടിൽ, അനന്തകോടി മുമുക്ഷുക്കൾ‌ക്ക് മോക്ഷദാതാവായ ഭഗവാൻ‌ മഹാദേവൻ‌ ഇരിക്കുന്നത് അവർ‌ കണ്ടു. ഭഗവാൻ‌ സർ‌വ്വതും മറന്ന് ശാന്തനായി ഇരിക്കുന്നതായി അവർ‌ക്ക് തോന്നി. ശാന്താനായിരിക്കുന്ന മഹാദേവനുമുന്നിൽ കുവേരരും, സനത്ബാലകന്മാരും‌ ഉപവിഷ്ടരായിരുന്നു. സർ‌വ്വ‌ലോകസുഹൃത്തും, സർ‌വ്വമം‌ഗളപ്രദായകനും‌, തപസ്സിനും, ജ്ഞാനത്തിനും, യോഗത്തിനും അധിപതിയുമായ മഹാദേവനെ അവർ‌ അവിടെ കണ്ടു. തപോനിഷ്ഠനായ ഭഗവാൻ‌ ഒരു മാൻ‌തുകലിന്മേലിരിക്കുകയാണ്. ശരീരം‌ മുഴുവൻ‌ ഭസ്മം‌ പൂശിയിരിക്കുന്നു. കണ്ടാൽ‌ സന്ധ്യാമേഘത്തെപ്പോലെ തോന്നും. ചന്ദ്രക്കല തിരുനെറ്റിയിൽ തിളങ്ങുന്നു. ദർ‌ഭപ്പുല്ലിന്റെ പായയിലിരുന്നു ഭഗവാൻ‌ നാരദാദികളോട് ആത്മതത്വത്തെക്കുറിച്ചു സം‌സാരിക്കുന്നു. ഇടതുകാൽ‌ വലതുതുടയിന്മേലും, ഇടതുകരം ഇടതുതുടയിന്മേലും‌ സുസ്ഥാപിതം‌. വലതുകൈയ്യിൽ‌ രുദ്രാക്ഷജപമാല്യം‌ പിടിച്ച് തർ‌ക്കമുദ്രാധരനായി വീരാസനത്തിലിരിക്കുന്നു. ഇന്ദ്രാദിദേവതകൾ‌ കൂപ്പുകൈകളോടെ ആ താമരപ്പാദങ്ങളിൽ തങ്ങളുടെ നമസ്കാരമർ‌പ്പിച്ചു. കാഷായവസ്ത്രം ധരിച്ച് സമാധിസ്ഥനായ മഹാദേവൻ‌ മുനിമുഖ്യനായി കാണപ്പെട്ടു. ദേവാസുരപൂജിതപാദനായ മഹാദേവൻ‌ ബ്രഹ്മദേവനെ കണ്ടതും‌, പെട്ടെന്നെഴുന്നേറ്റ് അദ്ദേഹത്തിന് നമസ്കാരമർ‌പ്പിച്ചുകൊണ്ട്, വാമനമൂർ‌ത്തി കശ്യപമുനിയുടെ പാദങ്ങളെ വന്ദിച്ചതുപോലെ, ആ കാ‍ലടികൾ‌ തൊട്ടുവണങ്ങി. അതുകണ്ട് നാരദാദികളും വിധാതാവിനെ വന്ദിച്ചു. ബ്രഹ്മദേവൻ പുഞ്ചിരിയോടുകൂടി മഹാദേവനോട് പറഞ്ഞുതുടങ്ങി.

വിരിഞ്ചൻ‌ പറഞ്ഞു: മഹാദേവാ!, അങ്ങ് വിശ്വേശ്വരനാണ്. അങ്ങുതന്നെയാണ് ഈ ജഗത്തിന്റെ മാതാവും‌, പിതാവും‌. ഇക്കണ്ട ജഗത്തിനധീതനായ പരബ്രഹ്മവും അങ്ങുതന്നെ. ഹേ ദേവാ!, ഊർ‌ണ്ണനാഭി അതിന്റെ വലയെ എന്നതുപോലെ, അങ്ങുതന്നെ ഈ വിശ്വത്തെ സൃഷ്ടിച്ച് പരിപാലിച്ച് സം‌ഹരിച്ചുപോരുന്നു. പ്രജകളുടെ നന്മയ്ക്കുവേണ്ടിയും‌ ക്ഷേമത്തിനുവേണ്ടിയും‌ അങ്ങാണ് യജ്ഞചര്യയെ ദക്ഷപ്രജാപതിയിലൂടെ ഈ ലോകത്തിന് കാണിച്ചുകൊടുത്തത്. അവിടുത്തെ നിയമപ്രകാരം‌തന്നെയാണ് വർ‌ണ്ണാശ്രമധർ‌മ്മങ്ങൾ‌ ഇവിടെ പരിപാലിക്കപ്പെടുന്നതും‌. അതിനുവേണ്ടിത്തന്നെ ബ്രാഹ്മണർ‌ ഈ ധർ‌മ്മത്തെ കർ‌ക്കശമായി ഇവിടെ അത്യാദരപൂർ‌വ്വം‌ അനുഷ്ഠിച്ചുപോരുന്നു. ഹേ! മം‌ഗളമം‌ഗളാ!, അങ്ങുതന്നെയാണല്ലോ കല്യാണകൃത്തുക്കൾ‌ക്ക് ബ്രഹ്മാദിവൈകുണ്ഠലോകങ്ങളും, അല്ലാത്തവർ‌ക്ക് വിവിധതരത്തിലുള്ള ഘോരനരകങ്ങളും‌ വിധിക്കുന്നതു. പക്ഷേ, ചിലസമയങ്ങളിൽ‌ ഇതിനുവിപരീതമായി സം‌ഭവിക്കുകയും‌ ചെയ്യുന്നു. എന്നാൽ‌ അതിന്റെ കാരണമാകട്ടെ ആരാലും‌ അറിയപ്പെടുന്നതുമില്ല. ഭഗവാനേ!, അങ്ങയുടെ തത്വമറിഞ്ഞവരെല്ലാം‌ അങ്ങ് സർ‌വ്വ‌ഭൂതങ്ങളിലും‌ കുടികൊള്ളുന്ന പരബ്രഹ്മമാണെന്ന് മനസ്സിലാക്കുന്നു. ആയതിനാൽ‌തന്നെ അവർ‌ വിവിധ ജീവഭൂതങ്ങളിൽ‌ വ്യത്യാസം‌ കാ‍ണുന്നില്ല. അവർ‌ എല്ലാറ്റിനേയും സമത്വദൃഷ്ടിയാൽ‌ കണ്ടറിയുന്നു. അവർ‌ അതിനാൽ‌ മൃഗാദികളെപ്പോലെ ക്രോധത്തിന്റെ പിടിയിലമർ‌ന്ന് ഭ്രമിക്കുന്നതുമില്ല. ഫലേച്ഛുക്കളും‌, നാനാത്വദർശികളുമായിട്ടുള്ള ദുരാശയന്മാർ‌ അന്യന്റെ ക്ഷേമത്തിൽ‌ ദുഃഖിക്കുന്നവരും, കഠോരവാക്കുകളെക്കൊണ്ട് അവരെ വേദനിപ്പിക്കുന്നവരുമാണ്. അവർ‌ ദൈവത്താൽ‌തന്നെ മരണപ്പെട്ടവരാണ്. അങ്ങനെയുള്ളവർ‌ അങ്ങയെപ്പോലുള്ള മഹാപുരുഷന്മാരാൽ‌ വീണ്ടും വധിക്കപ്പെടേണ്ട ആവശ്യമില്ല. 

പ്രഭോ!, ചില സമയങ്ങളിൽ‌ പരമപുരുഷന്റെ മഹാമായയിൽ മോഹിതരായി ചിലർ‌ ചില അപരാധങ്ങൾ‌ കാട്ടികൂട്ടുന്നു. എന്നാൽ‌ അവയെ അനുകമ്പാപൂർ‌വ്വം‌ മഹാത്മാക്കൾ‌ പൊറുത്തരുളുന്നു. മാ‍യാധീനരായ അവരോട് പ്രതികരിക്കുവാൻ‌ മാഹാത്മാക്കൾ മനഃപൂർ‌വ്വം മടിക്കുന്നു. ഇവിടെ അങ്ങ് മായാധീതനാണ്. അതുകൊണ്ട്, മായയുടെ പിടിയിലമർന്ന് ഭ്രമിച്ച് ഭൌതികകാമികളായ ഇവരെ സർ‌വ്വ‌ജ്ഞനായ അങ്ങ് അനുകമ്പാപൂർ‌വ്വം തെറ്റുകൾ‌ പൊറുത്ത് അനുഗ്രഹിക്കേണ്ടവനാണ്. അങ്ങ് യജ്ഞഭാഗനാണ് അതുപോലെതന്നെ ഫലദായകനും. ദക്ഷന്റെ നിർ‌ദ്ദേശപ്രകാരം‌ ചില ദുഷ്ടബ്രാഹ്മണന്മാർ‌ അങ്ങേയ്ക്ക് യജ്ഞവിഹിതം‌ നൽ‌കാതെ അങ്ങയെ അവഗണിച്ചതിന്റെ ഫലമായി അങ്ങ് ആ യജ്ഞത്തെ നശിപ്പിച്ചു. യജ്ഞം‌ പൂർ‌ണ്ണമാകാതെ അവശേഷിക്കുകയും ചെയ്തു. ഇനി അങ്ങ് വേണ്ടവിധം പ്രവർത്തിച്ച് യജ്ഞഭാഗം കൈക്കൊള്ളുക. ഭഗവാനേ!, അങ്ങയുടെ അനുചാരികളാൽ‌ അംഗഭംഗം സംഭവിച്ചിട്ടുള്ള യാജ്ഞികർ‌ക്ക്  അവിടുത്തെ കരുണായാൽ‌ സുഖപ്രാപ്തി വരുത്തുമാറാകണം‌. ഹേ മഹാദേവാ!, അങ്ങയുടെ ഹവിർ‌ഭാഗം‌ സീകരിച്ചുകൊണ്ട് അവിടുന്നാൽ‌ത്തന്നെ ഭംഗമാക്കപ്പെട്ട യാഗത്തെ അവിടുത്തെ കാരുണ്യത്താൽ‌തന്നെ പൂർണ്ണമാക്കാൻ അനുവദിച്ചാലും.


ഇങ്ങനെ ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ആറാമധ്യായം സമാപിച്ചു.
ഓം തത് സത്.



Lord Brahma interferes and prays to Lord Shiva for completion of Dakshayagam