2019, ജനുവരി 26, ശനിയാഴ്‌ച

4.11 സ്വായംഭുവമനു ധ്രുവമഹാരാജാവിനെ യക്ഷന്മാരുമായുള്ള യുദ്ധത്തിൽനിന്നും പിന്തിരിപ്പിക്കുന്നു.

ഓം

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 11

(സ്വായംഭുവമനു ധ്രുവമഹാരാജാവിനെ യക്ഷന്മാരുമായുള്ള യുദ്ധത്തിൽനിന്നും പിന്തിരിപ്പിക്കുന്നു.)

lord krishna എന്നതിനുള്ള ചിത്രം മൈത്രേയൻ പറഞ്ഞു: പ്രിയ വിദുരരേ!, ഋഷികളുടെ വാക്കുകൾ കേട്ട് പ്രചോദിതനായ ധ്രുവമഹാരാജൻ ജലംകൊണ്ട് ആചമനം നടത്തിയതിനുശേഷം നാരായണാസ്ത്രമെടുത്ത് പ്രയോഗിക്കുവാൻ തുടങ്ങി. അത്ഭുതമെന്നു പറയട്ടെ, അദ്ദേഹം അസ്ത്രം തന്റെ വില്ലിനോടു ചേർത്തുവച്ചതും, ജ്ഞാനം ഉദിക്കുമ്പോൾ സകല ദുഃഖങ്ങളും മറയുന്നതുപോലെ, ക്ഷണത്തിൽ യക്ഷനിർമ്മിതമായ മായാജാലങ്ങൾ അപ്പാടെ ഇല്ലാതായി. നാരായണാസ്ത്രം വില്ലിൽനിന്ന് വിട്ട്, മയിൽ കൂകിവിളിച്ചുകൊണ്ട് കാട്ടിലേക്കിറങ്ങുന്നതുപോലെ, ഘോരമായ  സീൽക്കാരത്തോടുകൂടി ശത്രുവിന്റെ ശരീരത്തെ കീറിമുറിച്ചു. ശബ്ദം അവരുടെ ആത്മധൈര്യത്തെ ഇല്ലാതാക്കി. പലരും ബോധംകെട്ടുവീണു. എങ്കിലും ചിലരൊക്കെ അപ്പോഴും ആവേശത്തോടുകൂടി തങ്ങളുടെ ആയുധങ്ങൾ വീണ്ടെടുത്ത് ധ്രുവരാജാവിനോടു പൊരുതിത്തുടങ്ങി. ഗരുഢനാൽ ആക്രമിക്കപ്പെട്ട സർപ്പങ്ങൾ പത്തി വിടർത്തി അതിനുനേരേ ചീറിയടുക്കുന്നതുപോലെ, അവർ ധ്രുവമഹാരാജാവിനുനേരേ ആയുധങ്ങളുയർത്തിപ്പിടിച്ചുകൊണ്ട് യുദ്ധത്തിനായി അലറികുതിച്ചു. തനിക്കുനേരേ പാഞ്ഞടുക്കുന്ന യക്ഷന്മാരെ ധ്രുവൻ തന്റെ ബാണത്താൽ തുണ്ടംതുണ്ടമായി നുറുക്കിയെറിഞ്ഞു. ശരീരത്തിൽനിന്നും കൈയ്യും കാലും തലയും വയറുമൊക്കെ വേർപെടുത്തിക്കൊണ്ട് ധ്രുവൻ അവരെ അർക്കമണ്ഢലത്തിനപ്പുറമുള്ള ബ്രഹ്മചാരിജനങ്ങൾക്കുമാത്രം പ്രാപ്യമായ പരലോകത്തിലേക്കയച്ചു.

ഹേ അനഘനായ വിദുരരേ!, ആ സമയം, തെറ്റുകാരല്ലാത്ത കുറെയധികം യക്ഷന്മാർ തന്റെ കൊച്ചുമകനായ ധ്രുവനാൽ കൊല്ലപ്പെട്ടതറിഞ്ഞ് നീതിമാനായ സ്വയഭുവമനു ഉടൻതന്നെ ധ്രുവനെ ഉപദേശിക്കുവാനായി അവിടെയെത്തി.

മനു പറഞ്ഞു: കുഞ്ഞേ!, നിർത്തൂ! നീ യുദ്ധം.. കാര്യമില്ലാതെ നാം ആരോടും കോപിക്കരുതു. അത് നരകത്തിലേക്കുള്ള വഴിയാണ്. നിരപരാധികളായ വളരെയധികം യക്ഷന്മാരെ വധിച്ചുകൊണ്ട് നീ ഒരുപാട് അതിരുകടന്നിരിക്കുകയാണ്. മകനേ!, കുറ്റം ചെയാത്ത ഇവരെ ശിക്ഷിക്കുവാനായി നീ തുടങ്ങിയ ഈ ഉദ്യമം സത്തുക്കളാൽ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്. മാത്രമല്ലാ, കർമ്മം നമ്മുടെ കുലത്തിനുതന്നെ ഒട്ടും ചേർന്നതല്ലെന്നോർക്കുക. നിനക്ക് നിന്റെ സഹോദരനിൽ ആങ്ങേയറ്റം സ്നേഹമുണ്ടെന്നു നമുക്കറിയാം. അവന്റെ കൊലപാതകമാണ് നിന്നെ ഇത്രകണ്ട് കോപാകുലനാക്കിയതെന്നുമറിയാം. പക്ഷേ, ഏതോ ഒരു യക്ഷൻ ചെയ്ത പാതകത്തിന് പ്രതികാരമായിട്ടാണ് നീ ഇന്ന് ഇത്രയധികം യക്ഷന്മാരെ ഒന്നടങ്കം കൊന്നൊടുക്കിയതു. മനുഷ്യൻ ശരീരാത്മഭേദത്തെ തിരിച്ചറിയാതെ മൃഗതുല്യരായിക്കൊണ്ട് പകരത്തിനുപകരം ഇങ്ങനെ ഹിംസ ചെയ്യുവാൻ പാടുള്ളതല്ല. അത് ഭഗവദ്ഭക്തന്മാരാ സാധുക്കളിൽ തികച്ചും വർജ്യമാണ്. കുഞ്ഞേ!, ഭഗവാൻ ഹരിയുടെ അനുഗ്രഹത്തിന് പാത്രമാകുക എന്നത് ഒരുകണക്കിന് വളരെ ദുഃഷ്കരമായ കാര്യമാണെങ്കിലും, അവനെ സകലഭൂതങ്ങളുടേയും ആശ്രയസ്ഥാനമായിക്കണ്ടാരാധിച്ച നിനക്ക് അവിടേക്കുള്ള വഴി നേരത്തെതന്നെ കാരുണ്യവാൻ തുറന്നുനൽകിയിട്ടുള്ളതാണ്. നീ അവന്റെ ഉത്തമഭക്തനാണ്. അവൻ എപ്പോഴും നിന്നെക്കുറിച്ച് വിചാരമുള്ളവനാണ്. മാത്രമല്ലാ, അവിടുത്തെ ഭക്തന്മാർക്ക് നിന്നെക്കുറിച്ച് വലിയ മതിപ്പുമാണ്. അതുകൊണ്ട് നിന്റെ ജീവിതം മറ്റുള്ളവർക്ക് അനുകരണീയമാകേണ്ടതാണ്. പക്ഷേ, ഇപ്പോൾ നീ ചെയ്യുന്ന നിന്ദ്യമായ പ്രവൃത്തിയെ കാണുമ്പോൾ എനിക്ക് അത്യന്തം ആശ്ചര്യം തോന്നുന്നു.

ഭഗവാൻ ഹരിക്ക് തന്റെ ഭക്തന്മാരെ ഏറെ ഇഷ്ടമാകുന്നത് അവർ മറ്റുള്ളവരോട് തിതിക്ഷയും കാരുണ്യവും മൈത്രിയും സമത്വവുമൊക്കെ കാട്ടുമ്പോഴാണ്. ജീവിതത്തിൽ സദാസമയവും ഹരിയെ സമ്പ്രീതനാക്കുന്നവൻ ത്രിഗുണങ്ങളുടെ പിടിയിൽനിന്നും രക്ഷപ്പെട്ട് ജീവന്മുക്തനായി ഒടുവിൽ ബ്രഹ്മനിർവ്വാണം പ്രാപിക്കുന്നു. കുഞ്ഞേ!, പ്രപഞ്ചമുണ്ടായത് പഞ്ചഭൂതങ്ങളിൽനിന്നുമാണ്. അന്ന് സ്ത്രീപുരുഷന്മാരുടെ ശരീരവും പഞ്ചഭൂതങ്ങളാൽതന്നെ നിർമ്മിതമായതാണ്. പിന്നീട് അവരുടെ സംയോഗംകൊണ്ട് സകലതും എണ്ണത്തിൽ പെരുകിയെന്നുമാത്രം. ഹേ രാജൻ!, ഭഗവാൻ ഹരിയുടെ മായയാലും അവളിൽനിന്നുണ്ടായ പ്രകൃതിയുടെ ഗുണങ്ങൾ പരിണമിച്ചുമാണ് ഇവിടെ സൃഷ്ടിസ്ഥിതിസംഹാരങ്ങൾ നടക്കുന്നതു. എന്നാൽ അവനാകട്ടെ, ത്രിഗുണങ്ങളിൽനിന്നകന്ന് പ്രപഞ്ചത്തിന്റെ സർവ്വോല്പത്തിക്കും നിമിത്തകാരണമായി നിലകൊള്ളുന്നു. അവൻ വിചാരിക്കുമ്പോൾതന്നെ ഇവിടെ അനേകം കാര്യകാരണങ്ങളുണ്ടാകുന്നു. കാന്തികശക്തിയാൽ ലോഹം ചലിക്കുന്നതുപോലെ, ഈരേഴുപതിനാലുലോകങ്ങളും അവന്റെ മായാശക്തിയാൽ സർവ്വദാ ചലിച്ചുകൊണ്ടിരിക്കുന്നു. അവന്റെ കാലമാകുന്ന നിഗൂഢശക്തിയാൽ ത്രിഗുണങ്ങൾ പരിണമിക്കുന്നു. അങ്ങനെ പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നു. കണ്ടാൽ അവൻ സൃഷ്ടിക്കുന്നതായും സംഹരിക്കുന്നതായുമൊക്കെ തോന്നുമെങ്കിലും, യഥാർത്ഥത്തിൽ നിഷ്കർമ്മിയായ അവനിൽ എല്ലാം ആരോപിക്കപ്പെടുകായാണുണ്ടാകുന്നതു. അങ്ങനെ അവന്റെ കാലശക്ത്യാ സർവ്വവും സംഭവിക്കുന്നു. ധ്രുവാ!, ഹരി അനന്തനാണ്. പക്ഷേ കാലസ്വരൂപനായ അവൻ സർവ്വം ഇല്ലാതാക്കുന്നു. അവൻ സകലതിന്റേയും തുടക്കമാണ് എന്നാൽ അവനാകട്ടെ അനാദ്യനും. എല്ലാം കാലസ്വരൂപനായ അവനിൽ ഇല്ലാതാകുമ്പോൾ, അവൻ അവ്യയനായി നിലകൊള്ളുന്നു. പ്രപഞ്ചത്തിലെ സകല ഭൂതങ്ങളും നിരന്തരം പൂർവ്വഭൂതങ്ങളാലുണ്ടാവുകയും അതുപോലെ മൃത്യുവിനാൽ ഇല്ലാതാകുകയും ചെയ്യുന്നു.

ഭഗവാൻ ശ്രീഹരി കാലസ്വരൂപത്തിൽ പ്രപഞ്ചത്തിൽ എല്ലായിടവും ഒരുപോലെ സ്ഥിതിചെയ്യുന്നവനാണ്. അവനിവിടെ ശത്രുവുമില്ല, മിത്രവുമില്ല. കാലത്തിന്റെ ഗതിയിൽ എല്ലാവരും തങ്ങളുടെ കർമ്മഫലമായി ഇവിടെ സുഖിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു. കാറ്റ് വീശുമ്പോൾ പൊടികളുയരുന്നതുപോലെ, കർമ്മഫലംകൊണ്ട് മനുഷ്യൻ ഇവിടെ സുഖദുഃഖങ്ങൾ അനുഭവിക്കുന്നു. കാലസ്വരൂപനും സർവ്വശക്തനുമായ വിഷ്ണുഭഗവാൻ എല്ലാവർക്കും അവരുടെ കർമ്മഫലങ്ങളെ പ്രദാനം ചെയ്യുന്നു. നാം മനുഷ്യരുടേതുപ്പോലെ അവ്യയനായ അവന്റെ ആയുസ്സിന് തുടക്കവുമൊടുക്കവുമില്ലെന്നറിയുക. വിവിധതരം ജന്മങ്ങളും അതിലെ സുഖദുഃഖങ്ങളും, ചിലർ പറയുന്നു, കർമ്മഫലംകൊണ്ടുണ്ടാകുന്നതാണെന്ന്. മറ്റുചിലർ പറയുന്നു, കാലത്താൽ സംഭവിക്കുന്നതാണെന്ന്, എന്നാൽ ചിലരാകട്ടെ അത് വിധിയുടെ വിളയാട്ടത്തിനുമേൽ വച്ചുകെട്ടുന്നു, പക്ഷേ ചിലർ പറയുന്നു, ആഗ്രഹമാണ് സകല സുഖദുഃഖങ്ങളേയും പ്രദാനം ചെയ്യുന്നതെന്നു.

ഹേ ധ്രുവാ!, അവൻ ഇന്ദ്രിയങ്ങൾക്ക് ഗോചരനല്ല. അവൻ ബുദ്ധിക്കും അതീതനാണ്. അവൻ സകലശക്തികളുടേയും ഉറവിടമാണ്. അവന്റെ ചികീർഷയേയോ കർമ്മങ്ങളേയോ ഇവിടെ ആരുംതന്നെ അറിയുന്നുമില്ല. ആയതിനാൽ സർവ്വകാരണകാരണനായ അവൻ മനസ്സിന് അഗ്രാഹ്യനാണെന്നറിയുക. സത്യത്തിൽ, ഹേ ധ്രുവാ!, കുബേരന്മാരുടെ പരമ്പരയിലെ യക്ഷന്മാരല്ല നിന്റെ സഹോദരനെ വധിച്ചതു. ജനനമരണങ്ങൾ വിധിക്കുന്നത് കാലസ്വരൂപനും സർവ്വകാരണകാരണനുമായ ഭഗവാൻ ഹരിതന്നെയാണ്. അവൻ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു, അതിനെ നിലനിർത്തുന്നു, കാലാന്തരത്തിൽ സംഹരിക്കുകയും ചെയ്യുന്നു. എന്നാൽ കർമ്മങ്ങൾക്കെല്ലാം അധീതനായ അവൻ നിർഗ്ഗുണനും നിരഹങ്കാരനുമായി നിലകൊള്ളുന്നു. അവൻ സർവ്വ ജീവാത്മാക്കളിലും പരമാത്മാവായി കുടികൊള്ളുന്നവനാണ്. അവൻ സകലരുടേയും നാഥനും പാലകനുമാണ്. അവന്റെ മായയാ ഇവിടെ സകലതും സൃഷ്ടിക്കപ്പെടുന്നു, പാലിക്കപ്പെടുന്നു, ഒടുവിൽ സംഹരിക്കപ്പെടുകയും ചെയ്യുന്നു. കുഞ്ഞേ!, നീ ജഗത്പരായണനായ അവനിൽ ശരണം പ്രാപിക്കുക. മൂക്കുകയറിട്ട കാളയെ അതിന്റെ ഉടമസ്ഥൻ നിയന്ത്രിക്കുന്നതുപോലെ, ബ്രഹ്മാവാദിയായുള്ള സകല ദേവഗണങ്ങളും ഭഗവാൻ ഹരിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന്നറിയുക.

ഹേ ധ്രുവാ!, അഞ്ചുവയസ്സുള്ളപ്പോൾ നിന്റെ ചിറ്റമ്മയുടെ പരുഷമായ വാക്കുകളാൽ മനസ്താപം അനുഭവിച്ചവനാണ് നീ. അന്ന് നിന്റെ അമ്മയെപ്പോലും പിരിഞ്ഞ് നീ ഘോരവനത്തിൽ പോയി മോക്ഷാർത്ഥം തപസ്സനുഷ്ഠിച്ചു. അതിന്റെ ഫലമായി അന്നുതന്നെ നീ മൂന്നുലോകങ്ങളിലും നേടാവുന്നതിനപ്പുറമുള്ള അത്യുന്നതമായ പദവി നേടിക്കഴിഞ്ഞു. അതുകൊണ്ട് പ്രീയ ധ്രുവാ!, നീ നിന്റെ ആത്മാവിനാൽ അവനിൽമാത്രം ശ്രദ്ധ പതിപ്പിക്കുക. വീണ്ടും അക്ഷരബ്രഹ്മത്തിനഭിമുഖനായിത്തീരുക. എന്നാൽമാത്രമേ നിന്റെ ഭേദബുദ്ധി അവസാനിക്കുകയുള്ളൂ. കുഞ്ഞേ!, അങ്ങനെ ചെയ്താൽ നിനക്ക് നിന്റെ സ്വരൂപത്തെ അറിയാൻ കഴിയും. സമസ്തഭൂതങ്ങളുടേയും ഹൃദയത്തിൽ വസിക്കുന്ന സർവ്വശക്തനും സർവ്വാനന്ദനിധിയുമായ അവനിൽ ഭക്തിയുറയ്ക്കുന്നതിലൂടെ നിന്നിലെ ഞാനെന്നും എന്റേതെന്നുമുള്ള അവിദ്യ വിട്ടൊഴിയുകയും ചെയ്യും. ഹേ രാജൻ!, ഞാൻ പറഞ്ഞതിനെക്കുറിച്ച് അങ്ങ് മനനം ചെയ്യുക. വ്യാധിക്ക് ഔഷധമെന്നതുപോലെ അത് നിന്റെ അജ്ഞാനത്തെ ഇല്ലാതാക്കും. കോപത്തെ അടക്കുക. അത് മുമുക്ഷുക്കളുടെ ശത്രുവാണ്. ഞാൻ നിനക്ക് സർവ്വമംഗളങ്ങളും നേരുന്നു. പറഞ്ഞതനുസരിക്കുക. മോക്ഷമാഗ്രഹിക്കുന്ന ആരുംതന്നെ ക്രോധത്തിന്റെ പിടിയിലകപ്പെടാൻ പാടില്ല. കാരണം, ക്രോധത്താൽ സ്വബോധം നഷ്ടപ്പെടുത്തുന്നവൻ മറ്റുള്ളവരിൽ ദുഃഖമേൽപ്പിക്കുന്നു. ഒരു തെറ്റിദ്ധാരണയിൽ നീ നിരപരാധികളായ അനേകം യക്ഷന്മാരെ കൊന്നൊടുക്കി. പക്ഷേ, അത് ഗിരീശസോദരനായ കുബേരനിൽ വല്ലാതെ വൈരാഗ്യമുണ്ടാക്കിയിരിക്കുകയാണ്. നീചമായ നിന്റെ കർമ്മം അവരോടു ചെയ്ത മഹാപാതകംതെന്നെയാണ്. അതുകൊണ്ട് നീ കുബേരനെ ചെന്നുകണ്ട് അദ്ദേഹത്തോട് മാപ്പപേക്ഷിക്കുക; പ്രാർത്ഥിക്കുക. അങ്ങനെ ശാപം നമ്മുടെ കുടുംബത്തെ ബാധിക്കാതിരിക്കട്ടെ.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, ഇങ്ങനെ ധ്രുവമഹാരാജനെ ഉപദേശിച്ചനുഗ്രഹിച്ചതിനുശേഷം സ്വായംഭുവമനുവും മറ്റുള്ള ഋഷികളും തങ്ങളുടെ ഭവനങ്ങളിലേക്ക് തിരിച്ചുപോയി.


ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  പതിനൊന്നാം സമാപിച്ചു.

ഓം തത് സത്.
swayambhuvamanu advises dhruva to stop fighting with yaksha