srimad bhagavatham 4.19 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
srimad bhagavatham 4.19 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഫെബ്രുവരി 10, ഞായറാഴ്‌ച

4.19 പൃഥുമഹാരാജാവിന്റെ അശ്വമേധയാഗം.


ഓം

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 19
(പൃഥുമഹാരാജാവിന്റെ അശ്വമേധയാഗം)


മൈത്രേയൻ പറഞ്ഞു: വിദുരരേ! ഭൂമിയിൽനിന്നും തന്റെ പ്രജകൾക്കുവേണ്ട സർവ്വൈശ്വര്യങ്ങളും വീണ്ടെടുത്തതിനുശേഷം, പൃഥുമഹാരാജൻ സ്വായംഭുവമനുവിന്റെ അധീനതയിലുള്ള ബ്രഹ്മാവർത്തം എന്നറിയപ്പെടുന്ന സരസ്വതീനദിയുടെ തീരത്ത് നൂറ് അശ്വമേധയാഗങ്ങൾ നടത്തുവാൻ തുടങ്ങി. താമസ്സിയാതെ ആ വിവരം ദേവേന്ദ്രന്റെ കാതുകളിലെത്തുകയും, പൃഥുവിന്റെ കർമ്മതലത്തിലുള്ള ഈ ഉയർച്ച തനിക്ക് അപകടമാണെന്ന് അദ്ദേഹം ശങ്കിക്കുകയും ചെയ്തു. അന്നുമുതൽ ദേവേന്ദ്രൻ അത് മുടക്കുവാനുള്ള പദ്ധതികളെക്കുറിച്ച് ചിന്തിച്ചുതുടങ്ങി.

സർവ്വാത്മാവും സർവ്വേശ്വരനും സർവ്വയജ്ഞഭോക്താവുമായ ഭഗവാൻ സാക്ഷാത് ഹരി അവിടെ പ്രത്യക്ഷനായി എന്നുള്ളത് പൃഥുവിന്റെ ആ യാഗത്തിന്റെ ഏറ്റവും മഹത്തായ പ്രത്യേകയായിരുന്നു. ബ്രഹ്മദേവനും മഹാദേവനും മറ്റു സകല ലോകപാലകന്മാരും ഭഗവാനോടൊപ്പം അവിടെ വന്നു. ആ പരമപുരുഷന്റെ ദർശനമാത്രയിൽ ഗന്ധർവ്വന്മാരും ഋഷികളും അപ്സരസ്സുകളും ഭഗവദ്മഹിമൾ പാടാൻ തുടങ്ങി. ഭഗവാനോടൊപ്പം സിദ്ധവിദ്യാധരദൈത്യഗുഹ്യകന്മാരും തന്റെ പാർഷദന്മാരായ നന്ദസുനന്ദന്മാരും അവിടെ ആഗതരായിരുന്നു. കപിലനും നാരദരും യോഗേശ്വരനായ ദത്താത്രേയനും സനകാദി കുമാരന്മാരും ഭഗവദ്സേവകന്മാരായി ഭഗവാനോടൊപ്പം പൃഥുവിന്റെ യാഗത്തിൽ പങ്കുചേർന്നു.

വിദുരരേ!, ആ സമയം, ഭൂമീദേവി സർവ്വാഭീഷ്ടപ്രദായകമായ ഒരു കാമധേനുവിനെപ്പോലെ പ്രശോഭിച്ചുകൊണ്ട് യാജ്ഞികർക്ക് വേണ്ടുന്നതെല്ലാം അവിടെ സാധ്യമാക്കി. നദികൾ സകല രസങ്ങളും, വൃക്ഷങ്ങൾ ധാരാളം പഴവർഗ്ഗങ്ങളും തേനും, അതുപോലെ പശുക്കൾ സകല ഗോരസങ്ങളും നൽകി യജ്ഞത്തിൽ പങ്കുചേർന്നു. ലോകം മുഴുവൻ പൃഥുവിന്റെ യജ്ഞത്തിനാവശ്യമായ സാധനസാമഗ്രികൾ കൊണ്ടുവന്ന് സമ്മാനിച്ചു. സമുദ്രം തന്റെ അടിത്തട്ടിൽനിന്നും അനേകം മുത്തുകളും രത്നങ്ങളും കൊണ്ടുവന്നു കാഴ്ചവച്ചു. ഗിരികളാകട്ടെ, നാലുവിധം അന്നങ്ങൾ പ്രദാനം ചെയ്തു. എല്ലാത്തിനുമുപരിയായി ഭഗവാന്റെ അകമഴിഞ്ഞ കാരുണ്യം രാജാവിനോടൊപ്പം എപ്പോഴുമുണ്ടായിരുന്നു. സകലരുടേയും ഹൃദയംഗമമായ സഹകരണസഹായത്തോടെയും ഭഗവാന്റെ അനുഗ്രഹത്തോടെയും പൃഥുരാജൻ തന്റെ യജ്ഞത്തിന് തുടക്കം കുറിച്ചു. വിവരമറിഞ്ഞ ഇന്ദ്രൻ അതിന് ഭംഗം വരുത്തുവാനും ശ്രമിച്ചു. നൂറാം യജഞത്തിനിടയിൽ പൃഥുവിൽ അസൂയാലുവായ ഇന്ദ്രൻ ഒരു സന്യാസിയുടെ രൂപത്തിൽ വന്ന് യാഗാശ്വത്തെ കട്ടുകൊണ്ടുപോയി. ആ സമയം, ഒരു സാധുവിന്റെ വേഷവിധാനങ്ങളോടുകൂടി യാഗാശ്വവുമായി വിഹായസ്സിലൂടെ പറന്നുപോകുന്ന ഇന്ദ്രനെ അത്രിമുനി കാണുകയും, അദ്ദേഹം ഉടൻതന്നെ ആ വിവരം പൃഥുവിന്റെ പുത്രനെ അറിയിക്കുകയും ചെയ്തു. പെട്ടെന്ന്, പൃഥുപുത്രൻ നിൽക്കൂ! നിൽക്കൂ! എന്ന് ആക്രോശിച്ചുകൊണ്ട് ഇന്ദ്രനെ വധിക്കുവാനായി അവന് പിന്നാലെ പാഞ്ഞു. പക്ഷേ, അടുത്തെത്തിയപ്പോൾ കാഷായവസ്ത്രം ധരിച്ച് മേലാകെ ഭസ്മം പൂശിയ സന്യാസിയെ കണ്ട് ധർമ്മിയെന്ന് തെറ്റിദ്ധരിച്ച പൃഥുവിന്റെ പുത്രൻ ഇന്ദ്രനുനേരേ തൊടുക്കുവാനെടുത്ത ബാണം ഉപസംഹരിച്ചു. അതുകണ്ട് അത്രിമുനി വീണ്ടും യജ്ഞഹന്താവായ ഇന്ദ്രനെ വധിക്കുവാൻ പൃഥുപുത്രനോട് അഭ്യർത്ഥിച്ചു. രാവണനെ പിന്തുടർന്ന ഗൃധ്രരാതനെപ്പോലെ, ആകാശമാർഗ്ഗത്തിൽ അതിവേഗം പായുന്ന ഇന്ദ്രനെ വീണ്ടും പൃഥുപുത്രൻ പിന്തുടർന്നു. പൃഥുവിന്റെ മകൻ തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇന്ദ്രൻ സന്യാസവേഷത്തേയും യാഗാശ്വത്തേയും ഉപേക്ഷിച്ച് ക്ഷണത്തിൽ അവിടെ നിന്നും അന്തർധാനം ചെയ്തു. അനന്തരം, പൃഥുവന്റെ പുത്രൻ അശ്വവുമായി തിരികെ പോരുകയും ചെയ്തു. വിദുരരേ!, അങ്ങനെ യാഗാശ്വത്തെ രക്ഷിച്ചെടുത്തുകൊണ്ട് യജ്ഞഭംഗമൊഴിവാക്കിയ പൃഥുപുത്രനെ ഋഷികൾ വിജിതാശ്വൻ എന്ന് നാമധേയം ചെയ്തഭിനന്ദിച്ചു.

എന്നാൽ അത് ആ കുഴപ്പത്തിനൊരവസാനമായിരുന്നില്ല. അല്പസമയത്തിനകംതന്നെ ഇന്ദ്രൻ അവിടെമാകെ തീവ്രമായ ഇരുട്ട് പരത്തുകയും, ആ ഇരുട്ടിന്റെ മറവിൽ സ്വർണ്ണത്തുടലിൽ ബന്ധിക്കപ്പെട്ടിരുന്ന യാഗമൃഗത്തെ വീണ്ടും മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്തു. അത്രിമുനി വീണ്ടും പൃഥുപുത്രനോട് വിവരം ധരിപ്പിക്കുകയും, അതുകേട്ട് പൃഥുപുത്രൻ ഉടൻ‌തന്നെ ഇന്ദ്രന് പിറകേ പായുകയും ചെയ്തു. എന്നാൽ മുന്നേപോലെതന്നെ കൈയ്യിൽ കപാലഖഡ്വാംഗം ധരിച്ചിരുന്ന ഇന്ദ്രനെ അവന് വധിക്കുവാൻ കഴിഞ്ഞില്ല. വീണ്ടും അത്രിമുനി പൃഥുപുത്രനെ ഉപദേശിച്ചുതിരികെയയച്ചു. തന്റെ പിറകേ അമ്പും വില്ലുമായി പാഞ്ഞടുക്കുന്ന പൃഥുപുത്രനെ കണ്ട് ഇന്ദ്രൻ യാഗാശ്വത്തെ വീണ്ടും ഉപേക്ഷിച്ച് അപ്രത്യക്ഷനായി. ശേഷം, കുതിരയെ വീണ്ടെടുത്ത് വീണ്ടും പൃഥുപുത്രൻ യാഗശാലയിലെത്തിച്ചു. അങ്ങനെ ജ്ഞാനദുർബലനായ ഇന്ദ്രനാൽ കാഷായവേഷം ഭൌതികലാഭത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ടു. സന്യാസവേഷത്തിൽ ഇന്ദ്രൻ കാട്ടിയ സകലകർമ്മങ്ങളും പാപകർമ്മത്തിനുദാഹരണങ്ങളായിരുന്നു. ഒരു യാഗാശ്വത്തെ മോഷ്ടിക്കുവാൻ വേണ്ടി ഇന്ദ്രൻ സന്യാസത്തിന്റെ പല രീതികളേയും ദുർവിനിയോഗം ചെയ്തു. അങ്ങനെയുള്ളവർ ഭൂമിയിൽ കുറവല്ലെന്നറിയുക. ചിപ്പോൾ അവർ വിവസ്ത്രരായും ചിലപ്പോൾ ചുവന്ന പട്ടുചുറ്റിയും കാണപ്പെടുന്നു. ഇതെല്ലാംതന്നെ അവരുടെ പാപകർമ്മങ്ങളുടെ അടയാളങ്ങളാണു. പക്ഷേ, ഇങ്ങയുള്ളവരെ അധർമ്മികളായുള്ളവർക്ക് വളരെ പ്രിയമാണു. നിരീശ്വരവാദികളായ അവർ എപ്പോഴും അവരെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. കാണുമ്പോൾ ധർമ്മികളാണെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ അവർ അധർമ്മികളാണെന്ന് നാം മനസ്സിലാക്കിക്കൊള്ളണം. ദൌർഭാഗ്യമെന്ന് പറയട്ടെ, ചിലർ അവരുടെ പിടിയിലകപ്പെട്ട് സ്വയം ജീവിതം നശിപ്പിക്കുന്നതായും കാണാം.

വിദുരരേ!, ഇന്ദ്രൻ തന്റെ യാഗാശ്വത്തെ മോഷ്ടിച്ച കഥകേട്ട് പൃഥുമഹാരാജാവ് കോപംകൊണ്ടു ജ്വലിച്ചു. അദ്ദേഹം അമ്പും വില്ലുമായി ഇന്ദ്രനെ വധിക്കുവാനൊരുമ്പെട്ടു. പെട്ടെന്ന് യാജ്ഞികർ അദ്ദേഹത്തെ തടയുകയും, യാഗത്തോടനുബന്ധിച്ച് മറ്റൊരു വധം ശാസ്ത്രവിധികൾക്കനുസരിച്ച് വർജ്യമാണെന്നറിയിക്കുകയും ചെയ്തു. മാത്രമല്ല, യാഗം മുടക്കാൻ ശ്രമിച്ചതിലൂടെത്തന്നെ ഇന്ദ്രന്റെ ശക്തി ഇപ്പോൾ ക്ഷയിച്ചിരിക്കുകയാണെന്നും, മുമ്പെങ്ങും പ്രയോഗിക്കപ്പെടാത്ത മന്ത്രങ്ങളാൽ ആവാഹനം ചെയ്ത് ശത്രുവായ ഇന്ദ്രനെ വിടെ വരുത്തുവാനും ഇല്ലാതാക്കുവാനും സാധിക്കുമെന്നും അവർ പൃഥുവിനെ അറിയിച്ചു. തുടർന്ന്, യാജ്ഞികൾ ക്രോധത്തോടെ ഇന്ദ്രനെ അവിടേയ്ക്കാവാഹിക്കുവാനായി ഹോമദ്രവ്യം അഗ്നികുണ്ഡത്തിലേക്ക് സമർപ്പിക്കുവാൻ തുടങ്ങിയപ്പോൾ ബ്രഹ്മാവ് ഇടപെട്ട് ആ ഉദ്യമത്തിൽനിന്നും അവരെ തടഞ്ഞു. ബ്രഹ്മദേവൻ യാജ്ഞികരോട് പറഞ്ഞു: ഹേ ബ്രാഹ്മണശ്രേഷ്ഠന്മാരേ!, ഇന്ദ്രനെ നിങ്ങൾ വധിക്കുവാൻ പാടില്ല. അദ്ദേഹം ഭഗവദംശമാണു. നിങ്ങൾ പ്രീതിപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന ദേവന്മാരുടെയെല്ലാം രാജാവായി ഇന്ദ്രൻ നിലകൊള്ളുന്നതും അതുകൊണ്ടുതന്നെയാണു. അവരെല്ലാംതന്നെ ഇന്ദ്രന്റെ അംശകലകളാണെന്നറിയുക. ഇവിടെ പൃഥുമഹാരാജാവിന്റെ യജ്ഞത്തിന് ഭംഗം വരുത്തുവാൻ ഇന്ദ്രൻ ചില അധാർമ്മിക വൃത്തികൾ ചെയ്യുതുവെന്നുള്ളത് സത്യം തന്നെ. പക്ഷേ അതിനെതിരായി നിങ്ങൾ ഇന്ദ്രനെ വധിക്കുവാൻ ശ്രമിച്ചതും ഘോരമായ അധർമ്മം തന്നെയാണു.

തുടർന്ന് ബ്രഹ്മദേവൻ പൃഥുവിനോടായിക്കൊണ്ട് പറഞ്ഞു: ഹേ രാജൻ!, സകലവിധ സാധനകളുടേയും അവസാനലക്ഷ്യം ഭഗവദ്പ്രാപ്തിയാണു. മാത്രമല്ല, അങ്ങ് മുന്നേതന്നെ മോക്ഷത്തിന്റെ വഴികൾ അറിയുന്നവനുമാണു. അതിൽ കവിഞ്ഞ് ഭൂമിൽ മറ്റെന്ത് നേട്ടമാണുണ്ടാകേണ്ടത്?. അതുകൊണ്ട് നമുക്കീ യജ്ഞം തൊണ്ണൂറ്റൊമ്പതിൽ അവസാനിപ്പിക്കാം. നിങ്ങൾ രണ്ടുപേരും വെവ്വേറെയല്ല, മറിച്ച്, ഭഗവദംശങ്ങൾതന്നെയാണു. അതുകൊണ്ട് ഇന്ദ്രനിൽ അങ്ങേയ്ക്കുള്ള രോഷം അവസാനിപ്പിക്കുക, അതുവഴി നിങ്ങൾ രണ്ടുപേർക്കും സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. അങ്ങയുടെ മനസ്സിനെ ശാന്തമാക്കിവയ്ക്കുക. എന്റെ വാക്കുകൾ ആദ്രമനസ്സാ കേൾക്കുക. ദൈവഹിതമായി സംഭവിക്കുന്ന കാര്യങ്ങളിൽ നാം അധികം ദുഃഖിക്കുവാൻ പാടില്ല. അതിനെ ഈശ്വരനിശ്ചമായിക്കണ്ട് മുന്നോട്ട് പോകുകയാണ് വേണ്ടതു. മറിച്ച്, അതിനെതിരെ പ്രവർത്തിക്കുന്ന പക്ഷം വീണ്ടും വീണ്ടും നാം തീരാദുഃഖത്തിലേക്ക് എത്തപ്പെടുക മാത്രമേ സംഭവിക്കുകയുള്ളൂ. ദേവന്മാരിൽ‌പോലും ചില വേണ്ടാത്ത ആഗ്രഹങ്ങളെ വച്ചുപുലർത്തുന്നവരുണ്ടു. നാം ഈ യജ്ഞങ്ങൾക്ക് ഇവിടെ വിരാമമിടാത്തപക്ഷം ഇന്ദ്രൻ വീണ്ടും അധാർമ്മികപ്രവൃത്തികൾകൊണ്ട് അതിന് തടസ്സങ്ങൾ സൃഷ്ടിക്കുകയും, അത് വീണ്ടും കൂടതൽ വിഷയങ്ങളിലേക്ക് വ്യാപരിക്കുകയും ചെയ്യും. യാഗത്തിനിടയിൽ അശ്വത്തെ മോഷ്ടിക്കുവാൻവേണ്ടി ഇപ്പോൾതന്നെ എന്തെല്ലാം പാപകർമ്മങ്ങളാണ് ഇന്ദ്രൻ ചെയ്തതെന്ന് നോക്കുക. അതെല്ലാം മനുഷ്യൻ ഭൂമിയിൽ പിന്തുടരുന്ന അവസ്ഥകൾ ഉണ്ടാകും. അധർമ്മിയായ വേനനിൽ നിന്നുമാണ് അങ്ങയുടെ ജനനം. അദ്ദേഹത്തിന്റെ അധാർമ്മിക പ്രവൃത്തികളാൽ ഭൂമിയിൽ അധർമ്മം പെരുകിയപ്പോഴാണ് ഭഗദംശമായി അവന്റെ ശരീരത്തിൽനിന്നും അങ്ങ് ഇവിടെ അവതാരം ചെയ്തതു. പ്രജാപതേ!, അങ്ങയുടെ അവതാരലക്ഷ്യത്തിനായി പ്രവർത്തിക്കുക. ഇന്ദ്രൻ ചെയ്ത കർമ്മങ്ങൾ ഭൂമിയിൽ പല അധാർമ്മികവൃത്തികളുടേയും മാതാവാണു. അതുകൊണ്ട് ഈ അപകടം നമുക്ക് ഇവിടെവച്ച് ഒഴിവാക്കാൻ ശ്രമിക്കാം.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, അങ്ങനെ ലോകഗുരുവായ ബ്രഹ്മദേവന്റെ ഉപദേശം ശിരസ്സാവഹിച്ചുകൊണ്ട് പൃഥുമഹാരാജൻ തന്റെ നൂറാം അശ്വമേധയാഗവും, അതോടൊപ്പംതന്നെ തനിക്ക് ഇന്ദ്രനോട് തോന്നിയ നീരസവും അവസാനിപ്പിച്ചു. തുടർന്ന് അവഭൃതസ്നാനം ചെയ്ത് ദേവന്മാരുടെ വരദാനങ്ങൾക്കും അനുഗ്രഹാശിസ്സുകൾക്കും അദ്ദേഹം പാത്രമാകുകയും ചെയ്തു. ആദിരാജാവായ പൃഥു യാജ്ഞികരായ വിപ്രജനങ്ങൾക്ക് യഥാവിധി ദക്ഷിണകൾ നൽകി അവരിൽനിന്നും സർവ്വാനുഗ്രഹങ്ങളും സ്വീകരിച്ചു.

സമ്പ്രീതരായ യാജ്ഞികർ ഇങ്ങനെ പറഞ്ഞു: ഹേ രാജൻ!, അങ്ങയുടെ ക്ഷണം സ്വീകരിച്ചിവിടെയെത്തിയ ഋഷികൾക്കും പിതൃക്കൾക്കും ദേവഗങ്ങൾക്കും മാനവന്മാർക്കും അങ്ങ് നൽകിയ ദാനധർമ്മാദികളിൽ അവർ അത്യന്തം സന്തുഷ്ടരാണ് അവരുടെ ആത്മാർത്ഥമായ ആശീർവാദങ്ങൾ സദാസമയവും അങ്ങേയോടൊപ്പം ഉണ്ടാകുമെന്നറിയുക.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  പത്തൊമ്പതാമധ്യായം സമാപിച്ചു.
ഓം തത് സത്.





King Prithu's hundred Ashwamedha yaga