ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം അദ്ധ്യായം 16
(പൃഥുമഹാരാജാവിനെ പണ്ഡിതന്മാർ പ്രകീർത്തിക്കുന്നു)
മൈത്രേയൻ തുടർന്നു: “വിദുരരേ!, ലാളിത്യവും മാധുര്യവും വിജ്ഞാനവും
കലർന്ന പൃഥുമഹാരാജാവിന്റെ വാക്കുകളിൽ സന്തുഷ്ടരായ സൂതൻ മുതലായ പണ്ഡിതന്മാർ
വീണ്ടും അദ്ദേഹത്തെ പ്രകീർത്തിക്കുവാൻ തുടങ്ങി.”
അവർ പറഞ്ഞു: “ഹേ രാജൻ!, അങ്ങ് ഭഗവാൻ ഹരിയുടെ അവതാരമാണു. അവന് ഞങ്ങളോടുള്ള കാരുണ്യത്താലാണ് അങ്ങ് ഇവിടെ വന്നവതരിച്ചതും. അതുകൊണ്ട്
അങ്ങയുടെ മഹിമകളെ കണ്ടില്ലെന്നുനടിക്കാൻ ഞങ്ങൾക്ക് നിർവ്വാഹമില്ല.
ബ്രഹ്മാദിദേവതകൾക്കുപോലും അവിടുത്തെ മഹിമകളെ വർണ്ണിക്കുവാൻ കഴിഞ്ഞിട്ടില്ല.
എങ്കിലും അങ്ങയെ സ്തുതിക്കുന്നതിലൂടെ ഞങ്ങളനുഭവിക്കുന്ന ആനന്ദം അനന്തമാണു. ഗുരുക്കന്മാർ ഉപദേശിച്ചരുളിയ
അറിവുകളിലൂടെ മാത്രമേ ഞങ്ങൾക്ക് അങ്ങയെ സ്തുതിക്കുവാനാകൂ.
എത്ര പറഞ്ഞാലും അവിടുത്തെ മഹിമകൾ നിസ്സീമമായിത്തന്നെയിരിക്കുന്നു.
രാജാവേ!, ഭഗവദവതാരമായതിനാൽ അങ്ങയുടെ മഹിമകൾ ഉദാരവും
ശ്ലാകനീയവുമാണു.”
മൈത്രേയൻ തുടർന്നു: “വിദുരരേ!, പണ്ഡിതന്മാർ മറ്റു ബ്രാഹ്മണശ്രേഷ്ഠന്മാരോട് പറഞ്ഞു: “ഹേ ബ്രഹ്മബന്ധുക്കളേ!, ഈ നൃപൻ
ധർമ്മാനുചാരികളിൽ മുമ്പനാണു. മാത്രമല്ല, ഇദ്ദേഹം തന്റെ പ്രജകളെ ധർമ്മം പഠിപ്പിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യും. അതോടൊപ്പം, ധർമ്മത്തിനെതിരായി പ്രവർത്തിക്കുന്നവരെ യഥാവിധി ശിക്ഷിക്കുകയും ചെയ്യുമെന്നറിയുക.
ഈ രാജാവ് സകല ഭൂതങ്ങളേയും തന്നിൽതന്നെ കണ്ടുകൊണ്ട് അവയെ വേണ്ടവണ്ണം പരിപാലിക്കും.
ഇദ്ദേഹം വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമായി ഭൂമിയൽ അനേകം മേഖലകളിൽ പ്രവർത്തിച്ചുകൊണ്ട് ലേകത്തിന്റെ ക്ഷേമം അങ്ങേയറ്റം ഉറപ്പുവരുത്തും. വേദങ്ങളെ ഉദ്ധരിപ്പിച്ചും ബ്രാഹ്മണശ്രേഷ്ഠന്മാരെക്കൊണ്ട്
യജ്ഞങ്ങൾ ചെയ്യിപ്പിച്ചും ഊർദ്ദ്വലോകത്തെ ഇദ്ദേഹം പരിപാലിക്കുകയും,
ഭൂമിയിലേക്ക് വേണ്ടത്ര മഴ പെയ്യിച്ചുകൊണ്ട് ഇഹലോകത്തെ സമൃദ്ധമാക്കുകയും ചെയ്യും. പൃഥുരാജൻ സൂര്യനെപോലെ കരുത്തുറ്റവനാണു.
സൂര്യൻ തന്റെ പ്രകാശം പ്രപഞ്ചത്തിലെല്ലായിടവും എത്തിക്കുന്നതുപോലെ,
അദ്ദേഹവും തന്റെ കാരുണ്യം പ്രജകളിലാകമാനം തുല്യതയോടെ പ്രദാനം ചെയ്യും. സൂര്യൻ ഭൂമിയിലെ ജലത്തെ എവ്വിധമാണോ
നീരാവിയാക്കിയതിനുശേഷം കാലാന്തരത്തിൽ അവ മഴയായി തിരികെ നൽകുന്നത്,
ഇദ്ദേഹവും ഔവ്വിധം പ്രജകളിൽനിന്ന് കരം ഈടാക്കുകയും
പിന്നീടതവർക്കാവശ്യമാകുമ്പോൾ തിരികെ നൽകുകയും ചെയ്യും. പൃഥുരാജാവാവ് തന്റെ പ്രജകളിൽ കാരുണ്യമുള്ളവനായിരിക്കും. അജ്ഞാനത്താൽ
നിയമങ്ങളെ മറികടന്നുകൊണ്ട് ആർക്കും ഒരു രാജാവിനെ എപ്പോൾ വേണമെങ്കിലും പ്രതിസന്ധിയിലാക്കാൻ സാധിക്കും. പക്ഷേ, കാരുണ്യവാനായ ഒരു രാജാവ് അവരെ നേർവഴിക്ക് തിരിച്ചുകൊണ്ട് അവർക്ക് മാപ്പുനൽന്നു.
ഭൂമിപാലകനായ ഈ രാജാവ് അവളെപ്പോലെതന്നെ ക്ഷമാശീലനായിരിക്കും. മഴയില്ലാതെ ജനങ്ങൾ ജലത്തിനായി ബുദ്ധിമുട്ടുമ്പോൾ ഇന്ദ്രനെപ്പോലെ ഇദ്ദേഹം
മഴ പ്രദാനം ചെയ്തുകൊണ്ട് അവരെ വരൾച്ചയിൽനിന്നും രക്ഷിച്ചരുളും.
പൃഥുരാജൻ തന്റെ കർത്തവ്യകർമ്മങ്ങളിലൂടെ പ്രജകൾക്ക് സകലവിധ സൌകര്യങ്ങളും
നൽകിക്കൊണ്ട് അവരിൽ സദാ ശാന്തിയും സമാധാവും നിലനിർത്തും. ആ തിരുമുഖത്ത് നിറപുഞ്ചിരി
വിടർത്തിക്കൊണ്ട് അദ്ദേഹം എപ്പോഴും അവരുടെ ഹൃദയത്തിൽ വസിക്കുകയും ചെയ്യും.
പൃഥുവിന്റെ പദ്ധതികൾ
ആർക്കുംതന്നെ മനസ്സിലാകുന്നവയായിരിക്കില്ല. മാത്രമല്ല,
അദ്ദേഹത്തിന്റെ കർമ്മങ്ങൾ എപ്പോഴും നിഗൂഢമായവയായിരിക്കും. ആ കർമ്മങ്ങളുടെ പിന്നിലെ രഹസ്യങ്ങൾ ആരുംതന്നെ അറിയുന്നുണ്ടാകില്ല. ഖജനാവിനെക്കുറിച്ചും ആർക്കും ഒന്നുംതന്നെ അറിയാൻ സാധിക്കില്ല. അദ്ദേഹം അനന്തമായ ഗുണങ്ങളുടെ ഉറവിടമായിരിക്കും. സമുദ്രത്തിൽ
വരുണനെന്നപോലെ അദ്ദേഹത്തിൽ സകലഗുണങ്ങളും സദാ പാലിക്കപ്പെടുകയും ചെയ്യും.
ഹേ മഹാത്മാക്കളേ!, അരണിയിൽനിന്നും അഗ്നിയുണ്ടാകുന്നതുപോലെയാണ് വേനരാജാവിൽനിന്നും
പൃഥുമഹാരാജൻ ജനിച്ചതു. അതുകൊണ്ടുതന്നെ അദ്ദേഹം അഗ്നിയെപ്പോലെ
സദാ ഉജ്ജ്വലനായിരിക്കും. ശത്രുക്കൾ ഒരിക്കലും അദ്ദേഹത്തെ സമീപിക്കുവാൻ
ശ്രമിക്കുകയില്ല. പകരം, അടുത്തുനിൽക്കുമ്പോഴും
അവർ അദ്ദേഹത്തിൽനിന്നും സർവ്വദാ അകന്നുനിൽക്കുന്നതായിരിക്കും. അദ്ദേഹത്തിന്റെ ശക്തിയെ വെല്ലാൻ മറ്റൊരു ശക്തിക്കും സാധ്യമല്ലെന്നറിയുക.
തന്റെ പ്രജകളായ സകലരുടെയും കർമ്മങ്ങളേയും ചിന്തകളേയും വീക്ഷിക്കുവാനുള്ള
കഴിവ് അദ്ദേഹത്തിനുണ്ടായിരിക്കും. എന്നാൽ ആർക്കും അദ്ദേഹത്തിന്റെ
ഈ ഗൂഢാവേക്ഷണത്തിന്റെ രഹസ്യം അറിയാൻ സാധിക്കുകയില്ല. അദ്ദേഹം തന്റെ നിന്ദയേയും സ്തുതിയേയും സമചിത്തതയോടെ സ്വീകരിക്കുന്നവനായിരിക്കും.
വായുവും ആത്മാവും സദാ ശരീരത്തിൽ തങ്ങളുടെ കർമ്മങ്ങൾ നിറവേറ്റിക്കൊണ്ട്
നിസ്പൃഹമായി വർത്തിക്കുന്നതുപോലെ, അദ്ദേഹം
തന്റെ പ്രവൃത്തികളിൽ സദാ നിസ്സംഗനായി നിലകൊള്ളും. ധർമ്മപദത്തിൽനിന്നും
വ്യതിചലിക്കാതെ സ്വപുത്രനേയും ശത്രുവിന്റെ പുത്രനേയും തുല്യമായി കാണും. കുറ്റം ചെയ്താൽ സ്വന്തം മകനായിരുന്നാലും ശിക്ഷിക്കുകയും, നിരപരാധിയാണെന്നറിഞ്ഞാൽ ശത്രുവിന്റെ മകനെപ്പോലും വെറുതേ
വിട്ടയയ്ക്കുകയും ചെയ്യും. സൂര്യരശ്മികൾ യാതൊരു തടസ്സവും കൂടാതെ
പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നതുപോലെ, പൃഥുരാജൻ തന്റെ ആധിപത്യം
ലോകം മുഴുവൻ നിഷ്‌പ്രയാസം സ്ഥാപിക്കുകയും ചെയ്യും. അങ്ങനെ തന്റെ കർമ്മങ്ങളിലൂടെ അദ്ദേഹം ജനങ്ങളുടെ സ്നേഹത്തിനും
വിശ്വാസത്തിനും അങ്ങേയറ്റം പാത്രമാകുകയും ചെയ്യും. ഇദ്ദേഹം സത്യസന്ധനും
ദൃഢവ്രതനുമായിരിക്കും. ബ്രാഹ്മണപ്രിയനും വൃദ്ധസേവകനുമായ ഇദ്ദേഹം
തന്നിൽ ആശ്രയംകൊള്ളുന്നവരെ ഒരിക്കലും കൈവെടിയുകയില്ല. ദീനവത്സലനായിക്കൊണ്ട്
പൃഥുരാജൻ എല്ലാവരേയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യും. സ്തീകളെ
അദ്ദേഹം അമ്മയെപ്പോലെ ആദരിക്കും. പത്നിയെ തന്റെ അർദ്ധാംഗിനിയായി
സ്നേഹിക്കുയും ചെയ്യും. പിതൃഭക്തനായ പൃഥുരാജാവ് ബ്രഹ്മവാദികളുടെ
കിങ്കരനെപ്പോലെ അവർക്ക് സേവ ചെയ്യും. സകലഭൂതങ്ങളേയും
അദ്ദേഹം തന്നിൽ കണ്ടു സ്നേഹിക്കും. നിസ്സംഗനായ അദ്ദേഹം സകല ഭൂതങ്ങളുടേയും
സുഹൃത്തുമായിരിക്കും. എന്നാൽ അധർമ്മികളെ
ശിക്ഷിക്കുന്നതിലും മുമ്പനായിരിക്കുമെന്നറിഞ്ഞുകൊള്ളുക.
സാക്ഷാത് ഭഗവദവതാരമായ
ഇദ്ദേഹം മൂന്നുലോകങ്ങൾക്കും അധിപനായി വാഴും. കൂടസ്ഥനായി
നാനാത്വത്തിൽ ഏകത്വം ദർശിക്കുന്നവനായിരിക്കും ഈ രാജാവ്. വീരനായ ഇദ്ദേഹത്തോട് മത്സരിക്കുവാൻ മൂലോകങ്ങളിലും ആരുംതന്നെ ഉണ്ടാവുകയില്ലെന്നറിയുക.
അദൃശ്യമായ തന്റെ അമ്പുമായി രഥത്തിലേറി ലോകം മുഴുവൻ സൂര്യതേജസ്സോടെ ഇദ്ദേഹം
തന്റെ ജൈത്യയാത്ര നടത്തും. സഞ്ചാരത്തിനിടയിൽ കണ്ടുമുട്ടുന്ന
സകല രാജാക്കന്മാരും ദേവതകളും അദ്ദേഹത്തിന് യഥാവിധി ബലികൾ അർച്ചിക്കുകയും അവരുടെ പത്നിമാർ
അദ്ദേഹത്തെ ആദിരാജാവായിക്കണ്ട് ബഹുമാനിക്കുകയും ചെയ്യും. ഭഗവദ്ചിഹ്നങ്ങളായ
ഗദയും ചക്രവും കണ്ട് ഭഗവാനെ ആരാധിക്കുന്നതുപോലെ അദ്ദേഹത്തെയും അവർ ആരാധിക്കും. ഇദ്ദേഹം പ്രജാപതിക്ക് തുല്യനായ രാജാവായിരിക്കും.
തന്റെ പ്രജകളുടെ ക്ഷേമത്തിനുവേണ്ടി അദ്ദേഹം ഗോരൂപിണിയായ ഭൂമീദേവിയുടെ
പാൽ കറന്നെടുക്കും. ഇന്ദ്രനെപ്പോലെ പൃഥു തന്റെ വില്ലിന്റെ
കൂർത്ത അഗ്രത്താൽ പർവ്വതങ്ങൾ പൊടിച്ചുനിരത്തിൽ ഭൂമിയെ നിരപ്പാക്കും. വനത്തിൽ സിംഹം തന്റെ വാൽ മേലേക്കുയർത്തി സഞ്ചരിക്കുമ്പോൾ മറ്റുള്ള മൃഗങ്ങൾ
ഗുഹകളിലേക്കും ചില്ലകളിലേക്കും ഓടിയൊളിക്കുന്നതുപോലെ, പൃഥുരാജൻ
തന്റെ രാജ്യത്തിലൂടെ സഞ്ചരിക്കുമ്പോൾ, അദ്ദേഹത്തിന്റെ വില്ലിന്റെ
ഞാണൊലി കേൾക്കുമ്പോൾ, ആസുരസ്വഭാവികളായ സകലരും ആ പരിസരത്തുനിന്നും
നാലു ദിക്കുകളിലായി പാഞ്ഞൊളിക്കും.
പണ്ഢിതരേ!, പിന്നീടൊരിക്കൽ സരസ്വതീതീരത്ത് അദ്ദേഹം അശ്വമേധയാഗം
നടത്തുകയും, നൂറാം യാഗത്തിനിടയിൽ യാഗാശ്വത്തെ ഇന്ദ്രൻ മോഷ്ടിച്ചുകൊണ്ടുപോകുകയും
ചെയ്യും. ഒരിക്കൽ അദ്ദേഹം തന്റെ ഉദ്യാനത്തിൽ സനത് കുമാരനെ കാണാനിടവരുകയും,
തുടർന്ന് കുമാരനെ ഭക്ത്യാദരപൂർവ്വം പൂജിക്കുകയും, അതിൽ സമ്പ്രീതനായ കുമാരനിൽനിന്നും ആത്മജ്ഞാനം നേടുവാനുള്ള മഹാഭഗ്യം ലഭിക്കുകയും
ചെയ്യും. ഇങ്ങനെ സ്വന്തം കർമ്മങ്ങളാൽ വിശ്രുതനാകപ്പെടുന്ന
പൃഥുമഹാരാജൻ ജനങ്ങളിൽനിന്നും തന്റെ മഹിമകളെക്കുറിച്ച് കേൾക്കാനിടവരികയും
ചെയ്യും. പൃഥുമഹാരാജാവിന്റെ ആജ്ഞകളെ നിരസിക്കുവാൻ ആർക്കുംതന്നെ
ഇവിടെ ധൈര്യമുണ്ടാകുകയില്ല. രാജാവായി വർത്തിച്ചുകൊണ്ട് അദ്ദേഹം
ജനങ്ങളുടെ സകലദുഃഖങ്ങൾക്കും അറുതിവരുത്തും. അങ്ങനെ തന്റെ
സൽക്കർമ്മങ്ങളാൽ മൂലോകങ്ങളിലും പ്രസിദ്ധനാകുന്ന പൃഥുമഹാരാജാവിന്റെ
മഹിമകളെ ദേവന്മാരും അസുരന്മാരും ഒരുപോലെ പുകഴ്ത്തുകയും ചെയ്യും.
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം പതിനാറാമധ്യായം സമാപിച്ചു.
ഓം തത് സത്
Scholars praise king prithu