King Prithu extracts things from the earth. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
King Prithu extracts things from the earth. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

4.18 പൃഥുമഹാരാജാവ് ഭൂമീദേവിയെ സ‌മൃദ്ധയാക്കുന്നു


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 18
(പൃഥുമഹാരാജാവ് ഭൂമീദേവിയെ സ‌മൃദ്ധയാക്കുന്നു.)

മൈത്രേയൻ പറഞ്ഞു: വിദുരരേ! ഭൂമീദേവി വളരെയേറെ പ്രാർത്ഥിച്ചിട്ടും പൃഥുമഹാരാവിന്റെ ക്രോധം ശമിക്കുന്നുണ്ടായിരുന്നില്ല. അപ്പോഴും അദ്ദേഹത്തിന്റെ ചുണ്ടുകൾ കോപംകൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. പേടിച്ചുവിറച്ചുകൊണ്ടായിരുന്നുവെങ്കിലും ഭൂമി തന്റെ മനോധൈര്യം വീണ്ടെടുത്തുകൊണ്ട് അദ്ദേഹത്തോട് വീണ്ടും പ്രാർത്ഥിച്ചു: ഹേ രാജൻ!, അങ്ങ് കോപം വെടിഞ്ഞ് ശാന്തനായി ഈയുള്ളവളുടെ വക്കുക്കളെ കേട്ടാലും!. അടിയൻ അജ്ഞാനിയാണു. എന്നാൽ, മധുപൻ സകലപുഷ്പങ്ങളിൽനിന്നും തനിക്കാവശ്യമായ മധു സ്വീകരിക്കുന്നതുപോലെ, അങ്ങയെപ്പോലുള്ള പണ്ഢിതന്മാർ സകലഭൂതങ്ങളിൽനിന്നും അറിവ് നേടിക്കൊണ്ടേയിരിക്കുന്നു. ഇഹത്തിലും പരത്തിലും മനുഷ്യന് ശ്രേയസ്ക്കരമായ പലതും നമ്മുടെ പൂർവ്വികരായ ഋഷീശ്വരന്മാരും പണ്ഢിതന്മാരും ഇവിടെ ഉണ്ടാക്കിവച്ചിട്ടുണ്ടു. അതെല്ലാംതന്നെ അങ്ങേയ്ക്ക് ജനനന്മയ്ക്കായി ഉപയോഗിക്കാവുന്നതാണു. അതിലൂടെ മനുഷ്യൻ ഇഹത്തിലും പരത്തിലും ആനനമനുഭവിക്കുന്നു. യാതൊരുവനാണോ അതിനെ നിരാകരിച്ചുകൊണ്ട് സ്വന്തം പദ്ധതികൾ നെയ്തുകൊണ്ടുമാത്രം ജീവിതലാഭം കൊതിക്കുന്നത്, അവിദ്വാനായ അവൻ ജീവിതത്തിൽ എന്നും പരാജിതനാകുകയേയുള്ളൂ. അങ്ങ് മുമ്പ് പറഞ്ഞതുപോലെ ബ്രഹ്മദേവൻ അനുഗ്രഹിച്ചുതന്ന സകല ഔഷധങ്ങളും ബീജങ്ങളും ധാന്യങ്ങളും ഞാൻ എന്നിൽ മറച്ചുവച്ചിരിക്കുകയല്ല, മറിച്ചു അവയൊക്കെ ഇപ്പോൾ അധർമ്മികളും അസത്തുക്കളുമായ മനുഷ്യർ അനുഭവിച്ചുകൊണ്ടിരിക്കുകയാണു. മാത്രമല്ല, അവർ എന്നെപ്പോലും ഉപദ്രവിച്ചുകൊണ്ടാണ് ഇവിടെ കൂത്താടുന്നതു. ആ അധർമ്മികളിൽനിന്നും കള്ളന്മാരിൽനിന്നും എന്നെ രക്ഷിക്കാൻ ഇവിടെയുള്ള രാജാക്കന്മാരാരുംതന്നെ മനസ്സുവയ്ക്കുന്നില്ല. അതുകൊണ്ട് ജ്ഞത്തിനുവേണ്ടിയുള്ള സാധനസാമഗ്രികൾ മാത്രമാണ് ഞാൻ എന്റെയുള്ളിൽ തടഞ്ഞുവച്ചിരിക്കുന്നതു. അവയ്ക്കെല്ലാം ഇപ്പോൾ നാശം സംഭവിക്ക്ചുകൊണ്ടിരിക്കുകയാണു. എത്രയും വേഗം അവയെല്ലാം അങ്ങ് പുറത്തെടുത്ത് ശാസ്ത്രോക്തമായ മാർഗ്ഗങ്ങളിലൂടെ ഉപയോഗയോഗ്യമാക്കുക.

ഹേ വീരാ!, എന്നെ ദോഹനം ചെയ്ത് അങ്ങയുടെ പ്രജകളെ രക്ഷിക്കുവാനാണ് അങ്ങ് ശ്രമിക്കുന്നതെങ്കിൽ എത്രയും പെട്ടെന്ന് പാൽ കറന്നുസൂക്ഷിക്കുവാൻ ഒരു പാത്രവും അതിനായി ഒരു ദോഗ്ദ്ധാവിനേയും കൊണ്ടുവരിക. കൂടാതെ ഒരു വത്സത്തിനേയും കണ്ടെത്തുക. കാരണം, കിടാങ്ങളോടുള്ള എന്റെ വാത്സല്യം കൊണ്ടുമാത്രമേ അങ്ങേയ്ക്ക് എന്നിൽനിന്നും വേണ്ടത് ശേഖരിക്കുവാൻ കഴിയൂ. മാത്രമല്ല, ഉടനടി എന്നിലുള്ള മലകളേയും മറ്റും ഇടിച്ചുനിരത്തി ഉപരിതലം സമമാക്കുക. ഇന്ദ്രന്റെ കാരുണ്യത്താൽ ഒരിക്കൽ മഴ ലഭിക്കുമ്പോൾ മണ്ണിനെ എന്നെന്നും നനവുള്ളതാക്കിവച്ചുകൊണ്ട് വേനൽക്കാലങ്ങളിലും അത് ഭൂയിഷ്ഠമായിത്തന്നെയിരിക്കുവാൻ അങ്ങയുടെ ഈ പ്രവൃത്തി ഒരു കാരണമാകും.

വിദുരരേ!, ഭൂമീദേവിയുടെ വാക്കുകൾ കേട്ട് ശാന്തനും സന്തോഷവാനുമായിമാറിയ പൃഥുമഹാരാജൻ ഉടൻതന്നെ സ്വായംഭുവമനുവിനെ കിടാവായി ഉപയോഗിക്കുകയും ഭൂഗർഭസ്ഥിതങ്ങളായ സകല സമൃദ്ധികളേയും തന്റെ കൈകുമ്പിളിലേക്ക് കറന്നെടുക്കുകയും ചെയ്തു. പെട്ടെന്ന് മറ്റുള്ള ബുധജനങ്ങളും രാജാവിനെപ്പോലെ തങ്ങളാഗ്രഹിക്കുന്ന സകലതും സ്വയം ഭൂമിയിൽനിന്നും ദോഹനം ചെയ്തെടുക്കുവാൻ തുടങ്ങി. ബൃഹസ്പതിയെ കുട്ടിക്കിടാവാക്കിക്കൊണ്ടും ഇന്ദ്രിയങ്ങളെ ഭാജനമാക്കിക്കൊണ്ടും മനസ്സിനേയും വാക്കുകളേയും ശ്രവണത്തേയും ശുദ്ധമാക്കുന്നതിനായി തങ്ങൾക്കുവേണ്ടുന്നതായ വേദസാരങ്ങൾ മുഴുവനും ഋഷികൾ ഭൂമിയിൽനിന്നും ആ സമയം ശേഖരിച്ചെടുത്തു. ദേവന്മാരും തങ്ങളുടെ രാജാവായ ഇന്ദ്രനെ വത്സമാക്കിക്കൊണ്ട് ഒരു സ്വർണ്ണപാത്രത്തിൽ ഭൂമിയുടെ അകിടിൽനിന്നും സോമരം കറന്നെടുത്തു സേവിച്ചു. അതിനുശേഷം അവരുടെ ശക്തിയും ഓജസ്സും വീര്യവും പൂർവ്വാധികം വർദ്ധിച്ചു. അതുപോലെ ദൈത്യന്മാർ പ്രഹ്ലാദനെ കിടാവാക്കിമാറ്റി ഒരു ഇരുമ്പുപാത്രത്തിൽ പാലും മദിരയും പിഴിഞ്ഞെടുത്തു. ഗന്ധർവ്വന്മാരും അപ്സരസ്സുകളും വിശ്വാവസുവിനെ വത്സമാക്കി ഒരു താമരപാത്രത്തിൽ ഭൂമിയിൽനിന്നും സംഗീതവമാധുര്യസൌന്ദര്യാദികളെപ്പോലെ അവർക്ക്  ഏറെ ഇഷ്ടമായ പയസ്സ് ശേഖരിച്ചു. ശ്രാദ്ധദേവതകളായ പിതൃക്കളാകട്ടെ, ആര്യമനെ കിടാവാക്കി ഒരു മൺപാത്രത്തിൽ കവ്യാദിവസ്തുക്കൾ ഭൂമിയിൽനിന്നും നേടിയെടുത്തു. സിദ്ധവിദ്യാധരലോകങ്ങളിലുള്ളവർ കപിലഭഗവാനെ വത്സമാക്കി മാറ്റിക്കൊണ്ട് അണിമ മുതലായ സകല വിദ്യകളും ആകാശമാകുന്ന ബൃഹത്പാത്രത്തിൽ ശേഖരിച്ചെടുത്തു. അതുപോലെതന്നെ മായാവികളായ കിം‌പുരുഷലോകവാസികൾ മയനെ കുട്ടിക്കിടാവാക്കിക്കൊണ്ട് സ്വേച്ഛാനുസരണം അന്തർധാനം ചെയ്യാനുള്ള അത്ഭുതകരമാ‍യ സിദ്ധിയെ അവളിൽനിന്നും നേടിയെടുത്തു. യക്ഷരാക്ഷസഭൂതപിശാചാദി മാംസഭോജികൾ ഭൂതേശനെ വത്സമാക്കിത്തീർത്തുകൊണ്ട് രക്തമയമായ ക്ഷീരം ഒരു തലയോട്ടിയിൽ ശേഖരിച്ചു. അഹികളും തേളുകളും സർപ്പങ്ങളും നാഗങ്ങളും ചേർന്ന് തക്ഷകനെ കിടാവാക്കി ഭൂമിയിൽനിന്നും വിഷമാകുന്ന ദുഗ്ദ്ധത്തെ തങ്ങളുടെ മാളങ്ങളിലേക്ക് ശേഖരിച്ചുവച്ചു. പശുക്കൾ ഋഷഭത്തെ ഉപയോഗിച്ചു ആരണ്യപാത്രത്തിൽ ഭൂമിയിൽനിന്നും പച്ചപ്പുല്ലുകൾ നേടി. ദംഷ്ട്രങ്ങളോടുകൂടിയ ക്രൂരമൃഗങ്ങൾ സിംഹത്തെ വത്സമാക്കി സ്വശരീരത്തിൽതന്നെ മാംസങ്ങൾ നേടിയെടുത്തു. പക്ഷികളാകട്ടെ, ഗരുഢന്റെ സഹായത്താൽ ചരാചരകീടങ്ങളെ ഭൂമിയിൽനിന്നും ദോഹനം ചെയ്തെടുത്തു. വടവൃക്ഷവത്സത്താൽ വൃക്ഷങ്ങൾ സ്വാദിഷ്ടമായ രസങ്ങൾ കറന്നെടുത്തപ്പോൾ, പർവ്വതങ്ങളാകട്ടെ, ഹിമവാനെ കിടാവാക്കി തങ്ങളുടെ സാനുക്കളിൽ വേണ്ട ധാതുക്കളെല്ലാംതന്നെ ശേഖരിച്ചുവച്ചു.

അങ്ങനെ പൃഥുമഹാരാജാവിന്റെ സാന്നിധ്യത്തിൽ സകലരും തങ്ങളുടെ മുഖ്യന്മാരെ വത്സങ്ങളാക്കി ഉപയോഗിച്ചുകൊണ്ട് ഭൂമിയിൽനിന്നും അവരവരുടെ പ്രത്യേകപാത്രങ്ങളിൽ തങ്ങൾക്ക് വേണ്ടുന്നതായ സർവ്വവും കറന്നെടുത്തു.

ഹേ കുരൂദ്വഹാ!, അങ്ങനെ സകലരും ആഹാരവിഹാരാദികളിൽ സന്തുഷ്ടരായി ജീവിച്ചു. അതോടെ പൃഥുരാജനും ആ ഗോരൂപിണിയിൽ സമ്പ്രീതനായി അവളെ തന്റെ മകളെപ്പോലെ കണ്ടുസ്നേഹിച്ചു. തുടർന്ന്, തന്റെ അമ്പിന്റെ കൂർത്ത അഗ്രംകൊണ്ട് അനവശ്യമായി നിലകൊണ്ട ഗിരികളെ പൊടിച്ചുനിരത്തികൊണ്ട് ഭൂമിയെ സമതലപ്രദേശമാക്കിമാറ്റി. അങ്ങനെ തന്റെ പ്രജകൾക്ക് തൊഴിലും മറ്റ് സൌകര്യങ്ങളും നൽകിക്കൊണ്ട് ഏവരേയും ഒരു പിതാവെന്നപോലെ വാത്സല്ലിക്കുകയും സ്നേഹിക്കുകയും ചെയ്തു. ഭൂമിയിൽ വാസയോഗ്യമായ സ്ഥലങ്ങൾ അതിനായിത്തന്നെ ഉപയോഗപ്പെടുത്തുകയും, ഇവിടെ ഗ്രാമങ്ങളും പട്ടണങ്ങളും പുരങ്ങളും കോട്ടകളും പശുപാലകന്മാർക്ക് പ്രത്യേക വാ‍സസ്ഥലങ്ങളും കന്നുകാലികൾക്ക് വ്രജങ്ങളും ഖനനയോഗ്യമായ സ്ഥലങ്ങളും കൃഷിക്കനുയോജ്യമായ സ്ഥലങ്ങളും എല്ലാം പ്രത്യേകം പ്രത്യേകമായി നിർമ്മിക്കപെട്ടു. പൃഥുരാജാവിന്റെ കാലത്തിനുമുമ്പ് ഭൂമിയിൽ ഇത്യാദി പരിഷ്കാരങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ജനങ്ങൾ തങ്ങളുടെ ഇച്ഛാനുസരണം വ്യവസ്ഥാപിതമല്ലാത്തവിധത്തിൽ അവിടിവിടെ ജീവിക്കുകയായിരുന്നു.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  പതിനെട്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.




Prithu extracting things from the earthh