The story of Vena എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
The story of Vena എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ജനുവരി 31, വ്യാഴാഴ്‌ച

4.14 വേനന്റെ ചരിത്രം


ഓം

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 14
വേനന്റെ ചരിത്രം

lord krishna എന്നതിനുള്ള ചിത്രം മൈത്രേയൻ തുടർന്നു: വിദുരരേ!, ഭൃഗു ആദിയായിട്ടുള്ള മഹർഷിമാർ ജനങ്ങളുടെ നന്മയ്ക്കായി വർത്തിക്കുന്നവരാണെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ!. അംഗന്റെ തിരോധാനത്തിനുശേഷം രാജ്യത്ത് അരാജകത്വമുണ്ടായപ്പോൾ ജനങ്ങൾ സർവ്വസ്വതന്ത്രരാകുന്നതായും അതിലൂടെ ധർമ്മച്യുതിയുണ്ടാകുന്നതായും ഋഷിമാർ മനസ്സിലാക്കി. അവർ രാജ്ഞിയെ ക്ഷണിച്ചുവരുത്തി അവരുടെ അനുവാദത്തോടുകൂടി വേനനെ രാജാവായി അഭിഷേകം ചെയ്തു. എന്നാൽ, മന്ത്രിമാർക്കാർക്കും അത് സ്വീകാര്യമായിരുന്നില്ല. കാരണം, വേനന്റെ സ്വഭാവം എല്ലാവർക്കുമറിയാമായിരുന്നു. വേനൻ രാജാവായതറിഞ്ഞ്, പാമ്പിനെ ഭയന്ന് എലികൾ പുറത്തുവരാതെ മാളത്തിൽത്തന്നെ ഒളിച്ചിരിക്കുന്നതുപോലെ, കള്ളന്മാരും തെമ്മാടിക്കൂട്ടങ്ങളും, തങ്ങളുടെ താവളങ്ങളിൽതന്നെ ഒളിച്ചിരുന്നു. രാജ്യാധികാരം കിട്ടിയതോടെ വേനൻ സകല ഐശ്വര്യങ്ങൾക്കും പാത്രമാകുകയും, അതോടുകൂടി അവൻ അഹങ്കാരിയായി മാറുകയും ചെയ്തു. ഇവിടെ തന്നെക്കാൾ വലിയവരാരുമില്ലെന്ന ചിന്തയിൽ അവൻ മഹത്തുക്കളെപോലും അപമാനിക്കാൻ തുടങ്ങി. ഭൌതിക സമ്പത്താൽ മദാന്ധനായ വേനൻ ഒരിക്കൽ തന്റെ രഥത്തിലേറി, മദമിളകിയ ഒരാനയെപ്പോലെ ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചു. അവന്റെ രഥചക്രങ്ങളോടിയിടത്തൊക്കെ ഭൂമിയും ആകാശം കുലുങ്ങിവിറച്ചു. യജ്ഞമനുഷ്ഠിക്കുന്നതിൽനിന്നും ദാനധർമ്മങ്ങൾ ചെയ്യുന്നതിൽനിന്നും ബ്രാഹ്മണരെ അവൻ വിലക്കി. ഇനി മേൽ ആരുംതന്നെ ധർമ്മമാചരിക്കാൻ പാടില്ലെന്ന് അവൻ ലോകത്തിനുമുന്നിൽ പെരുമ്പറകൊട്ടി വിളംബരം ചെയ്തു

വേനന്റെ ഈ ക്രൂരതയിൽ പ്രകോപിതരായ ഋഷികൾ ഒത്തുകൂടി ലോകത്തിനു സംഭവിച്ചിരിക്കുന്ന വിപത്തിന് സാമാധാനമാരാഞ്ഞു. ഈ പ്രപഞ്ചത്തിനുതന്നെ കൊടിയ ദുരന്തം സംഭവിക്കാൻ പോകുകയാണെന്ന് അവർക്ക് മനസ്സിലായി. യാജ്ഞികരായ അവർ ലോകത്തോടുള്ള അനുകമ്പയിൽ വേണ്ടതു ചെയ്യാൻ തീരുമാനിച്ചു. പ്രജകൾ ഒന്നടങ്കം തീരാവിപത്തിനടിമയാകാൻ പോകുകയാണെന്ന് അവർ മനസ്സിലാക്കി. ഒരു മരക്കഷണത്തിന്റെ രണ്ടറ്റത്തുനിന്നും അഗ്നി പടർന്നാൽ അതിന്റെ മധ്യഭാഗത്തിരിക്കുന്ന ഉറുമ്പൾക്ക് മരണമല്ലാതെ മറ്റൊന്നും സംഭവിക്കുവാനില്ല. അതുപോലെ, ഒരു ഭാഗത്തുനിന്നും ദുഃഷ്ടനായ ഒരു രാജാവും മറുഭാഗത്തുനിന്നും കള്ളന്മാരും തെമ്മാടിക്കൂട്ടങ്ങളും തങ്ങൾക്ക് ദുരന്തം വിതച്ചുകൊണ്ടിരിക്കുന്നതുകണ്ട് ജനങ്ങൾ പരിഭ്രാന്തരായി. രാജ്യത്തെ അരാജകത്വത്തിൽനിന്നു രക്ഷിക്കുവാനായി ഒരു രാജാവുണ്ടാകേണ്ടത് അനിവാര്യമാണെന്ന ചിന്തയോടുകൂടി, അയോഗ്യനെന്നറിഞ്ഞുകൊണ്ടുതന്നെ, വേനനെ ഋഷിമാർ രാജാവായി വാഴിക്കാൻ തീരുമാനിച്ചു. അങ്ങനെ വേനൻ ആ രാജ്യത്തെ രാജാവയി അഭിഷേകം ചെയ്യപ്പെട്ടു. പക്ഷേ, പ്രതീക്ഷിച്ചതുപോലെതന്നെ അവൻ ജനങ്ങളെ പലതരത്തിലും ഉപദ്രവിക്കാൻ തുടങ്ങി. സുനീതയുടെ ഗർഭത്തിൽ ജനിച്ചതിലൂടെത്തന്നെ വേനൻ അനർത്ഥകാരിയായിരിക്കുമെന്ന വസ്തുത സ്വാഭാവികമായിരുന്നു. അങ്ങനെയൊരുവനെ കൂടെ കൂട്ടിയത് പാമ്പിന് പാലുകൊടുത്തു വളർത്തുന്നതുപോലെയായി എന്ന് ഋഷികൾക്ക് ബോധ്യമായി. അപ്പോഴേക്കും അവൻ സർവ്വോപദ്രവകാരിയായി മാറിക്കഴിഞ്ഞിരുന്നു. പ്രജകളെ സംരക്ഷിക്കേണ്ട രാജാവായ വേനൻ അവരുടെ ശത്രുവായിമാറി.

ഇത്രയൊക്കെയായിട്ടും അവനെ നേർവഴിക്കുകൊണ്ടുവാരാൻ ഋഷികൾ വീണ്ടും ശ്രമം നടത്തി. കുറഞ്ഞപക്ഷം അവൻ ചെയ്യുന്ന പാപകർമ്മങ്ങളുടെ ഫലം അവർകൂടി പങ്കിട്ടനുഭവിക്കേണ്ടി വരില്ലല്ലോ! എന്നവരോർത്തു. അവർ പരസ്പരം പറഞ്ഞു: ശരിയാണ്. നമുക്കറിയാമായിരുന്നു വേനന്റെ സ്വഭാവം. എന്നിട്ടും നമ്മൾ അവനെ സിംഹാസനത്തിലിരുത്തി. ഇനിയും അവൻ നമ്മുടെ ഉപദേശങ്ങളനുസരിക്കാത്തപക്ഷം പ്രജകളോടൊപ്പം ചേർന്ന് അവനെ സ്ഥാനഭ്രഷ്ടനാക്കാം. ശേഷം തപഃശക്തിയാൽ നമുക്കവനെ ഭസ്മമമാക്കുകയും ചെയ്യാം.

ഇങ്ങനെ വിചാരിച്ചുകൊണ്ട് ഋഷികൾ തങ്ങളുടെ കോപം ഉള്ളിലടക്കി ഒരുനാൾ വേനനെ സമീപിച്ചു. സമാധാനപരമായ ഒരു നീക്കത്തിലൂടെ മധുരമായ വാക്കുകളിൽ അവർ പറഞ്ഞു: ഹേ രാജൻ!, ഞങ്ങൾ അങ്ങയുടെ ക്ഷേമത്തിനായിക്കൊണ്ട് ചില കാര്യങ്ങൾ അറിയുക്കുവാൻ വന്നതാണ്. അത് ശ്രദ്ധയോടെ കേൾക്കുക. ഞങ്ങളുടെ ഈ ഉപദേശം സ്വീകരിക്കുന്നപക്ഷം അങ്ങയുടെ ആയുസ്സും സർവ്വൈശ്വര്യങ്ങളും ശക്തിയും യശസ്സും വർദ്ധിക്കുന്നതാണ്. ധർമ്മത്തിന്റെ പാതയിലൂടെ ചരിക്കുന്നവരും അതിനെ വാക്കുകൊണ്ടും മനസ്സുകൊണ്ടും ശരീരംകൊണ്ടും ബുദ്ധികൊണ്ടും ആചരിക്കുന്നവരും സർവ്വദുഃഖങ്ങളുമൊഴിഞ്ഞ ഊർദ്ദ്വലോകങ്ങളിലേക്ക് ഉയർത്തപ്പെടുന്നു. അങ്ങനെ സംഭവിക്കുന്നതിലൂടെ അവർ മായയുടെ പിടിയിൽനിന്നുമകന്ന് അനന്തമായ ആനന്ദമനുഭവിക്കുന്നു. ഹേ വീരാ!, താങ്കളുടെ കർമ്മങ്ങൾകൊണ്ട് സാമാന്യജനങ്ങൾക്ക് അവരുടെ ആത്മീയജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല. അങ്ങനെ സംഭവിക്കുന്നപക്ഷം താങ്കളുടെ ഐശ്വര്യം കുറയുകയും താങ്കൾക്ക് രാജസിംഹാസനത്തിൽനിന്നൊഴിയേണ്ടിവരുകയും ചെയ്യും. ഒരു രാജാവ് തന്റെ പ്രജകളെ സകലവിധത്തിലും പരിപാലിക്കുന്നപക്ഷം മാത്രമേ അദ്ദേഹം അവരിൽനിന്ന് കരംപറ്റുവാൻ അർഹനാകുന്നുള്ളൂ. അങ്ങനെ ഒരു ഭരണാധികാരി ഇഹത്തിലും പരത്തിലും തന്റെ ജീവിതം ആനന്ദപൂർണ്ണമാക്കുന്നു. ഹേ രാജൻ!, ഏത് രാജ്യത്തിലാണോ പ്രജകൾ വർണ്ണാശ്രമധർമ്മങ്ങളാചരിച്ചും സാമൂഹിക മര്യാദകൾ പാലിച്ചും തങ്ങളുടെ കർമ്മങ്ങൾ ഹരിയിൽ അർപ്പിച്ചും ജീവിക്കുന്നത്, ആ രാജ്യത്തെ രാജാവിനെ പുണ്യവാനെന്ന് വിശേഷിപ്പിക്കുന്നു. ആരുടെ രാജ്യത്താണോ പ്രപഞ്ചകാരണനും സകലഭൂതഹൃദയനിവാസിയുമായ ഭഗവാൻ അവിടുത്തെ ജനങ്ങളാൽ ആരാധിക്കപ്പെടുന്നത്, ആ രാജാവിൽ അവസദാ സമ്പ്രീതനാകുന്നു. അവൻ സകലദേവന്മാരാലും ആരാധ്യനാണ്. അവൻ പ്രസാദിച്ചാൽ ഇവിടെ ഒന്നുംതന്നെ സാധിക്കാത്തതായിട്ടില്ല. അതുകൊണ്ട് സകലലോകങ്ങളും അതിലെ ദേവതകളും അത്യന്തം സന്തോഷത്തോടുകൂടിത്തന്നെ അവന് പലവിധ ബലിദാനങ്ങളും ചെയ്തുകൊണ്ടേയിരിക്കുന്നു. രാജാവേ!, ആ ദേവതകളോടൊപ്പം അവൻ സകലയജ്ഞങ്ങളുടേയും ഭോക്താവായി നിലകൊള്ളുന്നു. ആ പരമപുരുഷൻ സർവ്വവേദങ്ങളുടേയും സത്താണ്. അവൻ മാത്രമാണിവിടെ സകലതിനും അധികാരി. സകലവ്രതങ്ങളുടേയും ഉദ്ദേശം അവനെ പ്രാപിക്കുക എന്നതാണ്. അതുകൊണ്ട് ഇവിടുത്തെ ജനങ്ങൾ അങ്ങയുടെ ഉന്നമനത്തിനുവേണ്ടി അവനെ ആരാധിക്കേണ്ടതു അങ്ങയുടെതന്നെ ആവശ്യമാണ്. അങ്ങ് മാതൃകായായിക്കൊണ്ട് അവർക്കതിന് പ്രചോദനമേകുകയും വേണം. അങ്ങയുടെ രാജ്യത്തെ ബ്രാഹ്മണരെല്ലാം ഓരോവിധം യജ്ഞങ്ങളെകൊണ്ട് അവനെ പ്രസാദിപ്പിക്കുമ്പോൾ അവന്റെതന്നെ അംശമായി നിലകൊള്ളുന്ന ദേവന്മാരെല്ലാം കർമ്മത്തിൽ സന്തുഷ്ടരായിക്കൊണ്ട് അങ്ങയുടെ അഭീഷ്ടങ്ങൾ നിറവേറ്റിത്തരുന്നു. അതുകൊണ്ട് ഹേ വീരാ!, യജ്ഞങ്ങളെ ചെയ്യുക. അത് തടയുന്നതിലൂടെ അങ്ങ് ദേവന്മാരെ അപമാനിക്കുകയാണ് ചെയ്യുന്നതു.

ഋഷികളുടെ ഉപദേശത്തിന് മറുപടിയായി വേനൻ പറഞ്ഞു: ഹേ ബ്രാഹ്മണന്മാരേ!, നിങ്ങൾ അജ്ഞാനികളെപ്പോലെയാണ് സംസാരിക്കുന്നതു. അഹോ കഷ്ടം! ധർമ്മമല്ലാത്തതിനെയാണ് നിങ്ങൾ ധർമ്മമെന്നു കരുതുന്നതു. സത്യത്തിൽ ഇത്, പത്നിമാർ തങ്ങളുടെ ർത്താവിനെ തഴഞ്ഞുകൊണ്ട് രാത്രിയിൽ ചാരനെ സേവിക്കുന്നതുപോലെയി. ഒരു രാജ്യത്തെ രാജാവാണ് അവിടുത്തെ പ്രജകൾക്ക് ഈശ്വരനെന്നു പറയുന്നതു. ആ രാജാവിനെ ആരാധിക്കാത്തവർ ഇഹത്തിലും പരത്തിലും സുഖമനുഭവിക്കുന്നില്ല. നിങ്ങൾ ദേവന്മാരെ വെറുതേ പൂജിക്കുന്നു. ആരണവർ?. സ്വന്തം ജീവിതത്തെ തൃണവത്ക്കരിച്ചുകൊണ്ട് ചാരന് സേവ ചെയ്യുന്നതുപോലെയുള്ള നീചകർമ്മമാണിതു. വിഷ്ണു, ബ്രഹ്മാവ്, ശിവൻ, ഇന്ദ്രൻ, വായു, യമൻ, സൂര്യൻ, പർജ്ജന്യൻ, കുബേരൻ, ചന്ദ്രൻ, ക്ഷിതി, അഗ്നി, വരുണൻ അങ്ങനെ എല്ലാ ദേവന്മാരും ശപിക്കുവാനും അനുഗ്രഹിക്കുവാനും കഴിവുള്ളവരാണു. എന്നാൽ, അവരെല്ലാം ഒരു രാജാവിൽ നിലകൊള്ളുന്നുവെന്നു മനസ്സിലാക്കുക. രാജാവാണ്സകലദേവന്മാരുടേയും ഉറവിടം. ദേവഗണങ്ങളെല്ലാം ഒരു രാജാവിന്റെ അംശങ്ങൾമാത്രം. അതുകൊണ്ട് ബ്രാഹ്മണരേ!,  നിങ്ങൾ നമ്മോടുള്ള വൈരം മതിയാക്കുക. കർമ്മങ്ങൾകൊണ്ട് നമ്മെ ആരാധിക്കുക. സകല ബലിദാനങ്ങളും നമ്മിലർപ്പിക്കുക. ബുദ്ധിയുള്ളവരാണെങ്കിൽ, നിങ്ങളിത് മനസ്സിലാക്കും. ആദ്യഹവിർഭാഗം സ്വീകരിക്കുവാൻ യോഗ്യനായ ഒരാൾ നമ്മെ കൂടാതെ ഇവിടെ ആരുംതന്നെയില്ല.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, ഇങ്ങനെ വിവരീതബുദ്ധിയായ വേനൻ തന്റെ പാപകർമ്മങ്ങളെക്കൊണ്ട് ധർമ്മപദത്തിൽ നിന്ന് വ്യതിചലിച്ച് സകല സൌഭാഗ്യങ്ങളും വൃഥാവിലാക്കി. ആദരവോടുകൂടി ഋഷികൾ പറഞ്ഞ ഉപദേശങ്ങളൊന്നും അവന് ഉൾക്കൊള്ളാൻ കഴിഞ്ഞതേയില്ല. ആയതിനാൽ അവനെ അവർ സ്ഥാനഭ്രഷ്ടനാക്കി. വിദുരരേ!, താൻ ബുദ്ധിമാനാണെന്ന് സ്വയം കരുതിയ വിഢിയായ വേനൻ ഋഷികളെ അപമാനിച്ചു. അതിൽ മനംനൊന്ത ഋഷിമാർ ക്രോധാകുലരായി. ആക്രോശിച്ചുകൊണ്ട് അവർ പറഞ്ഞു: ഇവനെ ഇപ്പോൾത്തന്നെ വധിക്കുക!. ഇവൻ ഭീകരനും മഹാപാപിയുമാണ്. ഇങ്ങനെയൊരാൾ ജീവിച്ചിരുന്നാൽ ഈ ലോകംതന്നെയില്ലാതാകും. ദുർവൃത്തനായ ഇവൻ ഒരിക്കലും ഈ സിംഹാസനത്തിലിരിക്കുവാൻ യോഗ്യനല്ല. ഭഗവാൻ വിഷ്ണുവിനെപ്പോലും നിന്ദിക്കാൻ മടികാണിക്കാത്ത ഇവൻ വെറും നാണംകെട്ടവനാണു. അശുഭനായ ഇവനല്ലാതെ ആർക്കാണ് കരുണാമയനും സർവ്വൈശ്വര്യപ്രദായകനുമായ ഭഗവാനെ നിന്ദിക്കുവാൻ കഴിയുന്നതു?.

കോപിഷ്ടരായ ഋഷികൾ വേനനെ വധിക്കുവാൻ തീരുമാനിച്ചു. ഈശ്വരനിന്ദ ചെയ്ത വേനൻ സത്യത്തിൽ മരിച്ചവനു തുല്യനായിരുന്നു. യാതൊരുവിധ ആയുധവും കൂടാതെ ഹൂങ്കാരശബ്ദത്തോടുകൂടി ഋഷികൾ വേനനെ ഇല്ലാതാക്കി. അതിനുശേഷം അവരെല്ലാം തങ്ങളുടെ ആശ്രമങ്ങളിലേക്ക് പോയി. ആ സമയം, വേനന്റെ മാതാവ് സുനീത മകന്റെ മരണത്തിൽ അതീവ ദുഃഖിതയായി.  അവൾ ചില പ്രത്യേക ദ്രവ്യങ്ങൾകൊണ്ടും മന്ത്രയോഗംകൊണ്ടും വേനന്റെ മൃതശരീരം സൂക്ഷിച്ചുവയ്ക്കാൻ തീരുമാനിച്ചു.

അങ്ങനെയിരിക്കെ, പിന്നീടൊരിക്കൽ ഋഷികൾ സരസ്വതീനദിയിൽ കുളികഴിഞ്ഞ് തങ്ങൾ ദിവസവും ചെയ്യാറുള്ള പൂജകൾ ചെയ്തു. തുടർന്ന്, ആ നദീതീരത്തിരുന്നുകൊണ്ട് അവർ ഭഗവദ്ലീലകളെക്കുറിച്ച് സംസാരിച്ചു. പിന്നീടുണ്ടായ സംസാരത്തിനിടയിൽ വേനന്റെ രാജ്യം നാഥനില്ലാതെ കിടക്കുകയാണെന്നും പ്രജകൾ അരക്ഷിതാവസ്ഥയിലാണെന്നും അവിടെ പലവിധത്തിലുള്ള കുഴപ്പങ്ങസംഭവിക്കുന്നുണ്ടെന്നും അവർ മനസ്സിലാക്കി. രാജാവില്ലാത്തതിനാൽ രാജ്യത്ത് കള്ളന്മാരും കൊള്ളക്കാരും പെരുകിക്കഴിഞ്ഞിരുന്നു. അതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് സകലദിശകളിൽനിന്നും അതിശക്തം പൊടിക്കാറ്റടിക്കാൻ തുടങ്ങി. അത് പ്രജകളെ ആക്രമിക്കാനെത്തിയ കള്ളന്മാരുടേയും കൊള്ളക്കാരുടേയും പടയോട്ടത്തിൽ നിന്നുയർന്നുവന്നതായിരുന്നു. അതുകണ്ടതോടെ രാജ്യത്തിന്റെ അവസ്ഥ തങ്ങൾ കരുതുന്നതിലും ഭയാനകമാണെന്ന് അവർക്ക് മനസ്സിലായി. ഭരണം നിലക്കപ്പെട്ട രാജ്യത്തിൽ നീതിന്യായവ്യവസ്ഥ ഉണ്ടാകുകയില്ല. അതുകാരണം അവിടെ കൊലയാളികളും കള്ളന്മാരും കൊള്ളക്കാരും പെരുകിവരുന്നു. വേനനെ ഇല്ലാതാക്കിയതുപോലെ തപഃശക്തിയുപയോഗിച്ച് അവർക്ക് പലതും ചെയ്യാമായിരുന്നെങ്കിലും തങ്ങളുടെ ഭാഗത്തുനിന്നും ആ വിധത്തിലൊരു നീക്കം ഉചിതമല്ലെന്നു ഋഷിമാർ തീരുമാനിച്ചു. ആയതിനാൽ ആ ബഹളത്തെ അവർ എതിർക്കാൻ തുനിഞ്ഞില്ല. ബ്രാഹ്മണസ്വതവേ ശാന്തനും പക്ഷപാതരഹിതനുമാണെങ്കിലും നിരപരാധികളായ മനുഷ്യരുടെ ദുഃഖം കണ്ടില്ലെന്നു നടിക്കുവാനും അവർക്ക് കഴിയുമായിരുന്നില്ല. അങ്ങനെയുണ്ടായാൽ, ചോരുന്ന പാത്രത്തിലെ ജലം കാലാന്തരത്തിൽ നിശ്ശേഷം വാർന്നൊഴിഞ്ഞുപോകുന്നതുപോലെ, അവരുടെ ആത്മീയശക്തിക്ക് വ്യയം സംഭവിക്കുന്നു. പക്ഷേ എന്തുതന്നെ വന്നാലും അംഗന്റെ പരമ്പര നിന്നുപോകാൻ പാടില്ലെന്ന് അവർക്ക് നിശ്ചയമുണ്ടായിരുന്നു. കാരണം, ആ കുലത്തിൽ ഇനിയും ഭഗവദ്ഭക്തന്മാർ ജനിക്കേണ്ടതായുണ്ടായിരുന്നു. അങ്ങനെ തീരുമാനിച്ചുറച്ച ഋഷികൾ ഉടൻതന്നെ ഒരു പ്രത്യേകവിധത്തിൽ വേനന്റെ മൃതദേഹത്തിൽനിന്നും അവന്റെ തുടകളെ കടയാൻ തുടങ്ങി. നിമിഷങ്ങൾക്കകം അതിൽനിന്നും വടുരൂപത്തിലുള്ള ഒരു സത്വം പ്രത്യക്ഷമായി. വേനന്റെ തുടയിൽനിന്നുണ്ടായ ആ രൂപത്തിന് ബാഹുകൻ എന്ന് ഋഷികൾ പേരിട്ടു. തിന്റെ നിറം കാക്കയുടേതുപോലെ കറുത്തതായിരുന്നു. ശരീരത്തിലെ ഓരോ അംഗങ്ങളും വളരെ ചെറുതായിരുന്നു. പക്ഷേ, താടിയെല്ല് ക്രമാതീതമായി വലുതായും, മൂക്ക് പരന്നതായും, കണ്ണുകൾ ചുവന്നതായും, മുടി ചെമ്പിന്റെ നിറത്തിലും കാണപ്പെട്ടു. വിനയശീലവും ശാന്തസ്വഭാ‍വമുള്ളവവുമുള്ള ആ രൂപം പ്രത്യക്ഷമായ ഉടനെ ഋഷികൾക്കുമുന്നിൽ തല കുമ്പിട്ടുനിന്നുകൊണ്ട് ചോദിച്ചു: ഹേ ഋഷിമാരേ!, അടിയനെന്താണ് നിങ്ങൾക്കായി ചെയ്യേണ്ടതു?. ഋഷികൾ അവനോടിരിക്കുവാനാവശ്യപ്പെട്ടു. അതിനുശേഷം തങ്ങളുടെ ഉദ്ദേശം ഋഷികൾ അവനെ അറിയിച്ചു. അങ്ങനെ നൈഷാദവംശത്തിന്റെ തുടക്കക്കാരനായ നിഷദൻ ജന്മം കൊണ്ടു. ജനനത്തോടുകൂടിത്തന്നെ നിഷദൻ വേനനാൽ ചെയ്യപ്പെട്ട സകല ദുഃഷ്ക്കർമ്മങ്ങളുടേയും പരിണിതവൃത്തി ഏറ്റെടുത്തു.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  പതിനാലാമധ്യായം സമാപിച്ചു.

ഓം തത് സത്.



The story of vena