2020, സെപ്റ്റംബർ 13, ഞായറാഴ്‌ച

9.20 പുരുവംശവർണ്ണനം

 

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 20

(പുരുവംശവർണ്ണനം)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, ഇനി അങ്ങയും, അതുപോലെ ധാരാളം ബ്രഹ്മർഷിമാരും രാജർഷിമാരും ജനിച്ച ആ പുരുവംശത്തെക്കുറിച്ച് പറയാം. പുരുവിന്റെ മകനായിരുന്നു ജനമേജയൻ. അവന്റെ പുത്രൻ പ്രചിന്വാനും, തത്സുതൻ പ്രവീരനും, തത്സുതൻ നമസ്യുവും, തത്സുതൻ ചാരുപദനും, തത്സുതൻ സുദ്യുവും, തത്സുതൻ ബഹുഗവനും, തത്സുതൻ സംയാതിയും, തത്സുതൻ അഹംയാതിയും, തത്സുതൻ രൌദ്രാശ്വനും ആയിരുന്നു. ജഗത്തിന്റെ ആത്മാവായി വർത്തിക്കുന്ന പ്രാണന് ഇന്ദ്രിയങ്ങൾ എന്നതുപോലെ, ആ രൌദ്രാശ്വന് ഘൃതാചി എന്ന ഒരു അപ്സരസ്ത്രീയിൽ പത്ത് പുത്രന്മാർ സംജാതരായി. അവരുടെ നാമങ്ങൾ ഋതേയു, കുക്ഷേയു, സ്ഥണ്ഡിലേയു, കൃതേയു, ജലേയു, സന്തതേയു, ധർമ്മേയു, സത്യേയു, വ്രതേയു, വനേയു എന്നിങ്ങനെയായിരുന്നു. ഋതേയുവിന്റെ പുത്രൻ രന്തിഭാരൻ. രന്തിഭാരപുത്രന്മാരായി സുമതി, ധ്രുവൻ, അപ്രതിരഥൻ എന്നിവർ ജനിച്ചു. അവരിൽ അപ്രതിരഥന്റെ പുത്രനായിരുന്നു കണ്വൻ. അവന്റെ പുത്രൻ മേധാതിഥി ആയിരുന്നു. മേധാതിഥിയിൽ പ്രസ്കണ്വൻ മുതലായ ബ്രാഹ്മണരുണ്ടായി. അതുപോലെ, സുമതിക്ക് രൈഭ്യൻ പുത്രനായി. അവന്റെ പുത്രൻ സർവ്വസമ്മതനായ ദുഷ്യന്തനായിരുന്നു.

രാജൻ!, ഒരിക്കൽ, ഈ ദുഷ്യന്തൻ കുറെ ഭടന്മാരോടൊപ്പം നായാട്ടിനായി കൊട്ടാരത്തിൽ നിന്നുമിറങ്ങി. വനത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ കണ്വാശ്രമത്തിലെത്തി. അവിടെ ലക്ഷ്മീദേവിയേപ്പോലെ സുന്ദരിയായ ഒരു യുവതിയെ അദ്ദേഹം കണ്ടു. പെട്ടെന്ന് അവളെ കണ്ടുമോഹിച്ച ദുഷ്യന്തൻ അവളോട് സംസാരിക്കുവാൻ തുടങ്ങി. അവളെ കണ്ടതോടുകൂടി അദ്ദേഹത്തിന്റെ ക്ഷീണം ശമിച്ചു. കാമാർത്തനായ ദുഷ്യന്തൻ പുഞ്ചിരിയോടെ മധുരതരം അവളോട് പറഞ്ഞു: അല്ലയോ താമരാക്ഷി!, ഭവതി ആരാണ്?. ആരുടെ പുത്രിയാണ് നീ?. എന്തുദ്ദേശിച്ചുകൊണ്ടാണ് വിജനമായ കാട്ടുപ്രദേശത്തിൽ വന്നിരിക്കുന്നത്?. ഹേ മോഹനാംഗി!, ഭവതിയൊരു ക്ഷത്രിയപുത്രിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കാരണം, പുരുവംശജനായ എന്റെ മനസ്സ് ഒരിക്കലും അധർമ്മത്തിൽ രമിക്കുന്നതല്ല.

രാജൻ അതുകേട്ട് യുവതി പറഞ്ഞു: രാജൻ!, ഞാൻ വിശ്വാമിത്രന്റെ പുത്രി ശകുന്തളയാണു. എന്റെ മാതാവ് മേനക എന്നെ ഈ കാട്ടിലുപേക്ഷിച്ചതാണു. ഹേ വീരാ!, സർവ്വജ്ഞനായ കണ്വമഹർഷി ഇക്കാര്യമെല്ലാമറിയുന്നവനാണു. ഞാൻ എന്താണ് അങ്ങേയ്ക്കുവേണ്ടി ചെയ്യേണ്ടതു?. അല്ലയോ സുന്ദരപുരുഷ!, വരിക!. ഇരിക്കുക!. ഞങ്ങളാലാകുംവിധമുള്ള ഈ ആഥിത്യപൂജകളെ കൈക്കൊള്ളുക. വരിനെല്ലുകുത്തി വച്ചുണ്ടാക്കിയ ചോറുണ്ടു. അതുണ്ട് വേണമെങ്കിൽ ഇന്നിവിടെ തങ്ങുകയുമാവാം.

ദുഷ്യന്തൻ പറഞ്ഞു: സുഭ്രുവായ അല്ലയോ ശകുന്തളേ!, വിശ്വാമിതന്റെ കുടുംബത്തിൽ പിറന്ന ഭവതിയുടെ ഈ ആഥിത്യമര്യാദകൾ തീർത്തും യുക്തം തന്നെ. ക്ഷത്രിയവംശത്തിൽ ജനിച്ചുവീഴുന്ന യുവതികൾ തങ്ങൾക്കനുയോജ്യരായ ഭർത്താക്കന്മാരെ സ്വയം വരിക്കുക എന്നത് സർവ്വസമ്മതമാണു.

രാജൻ!, ശകുന്തള അതുകേട്ട് തലകുനിച്ചു. അവളുടെ മൌനം സമ്മതമായി കണ്ടറിഞ്ഞ ദുഷ്യന്തമഹാരാജാവ് ഗാന്ധർവ്വവിധിപ്രകാരം ഓങ്കാരമന്ത്രോച്ചാരണത്തോടുകൂടി അവളെ വിവാഹം കഴിച്ചു. അന്ന് രാത്രിയിൽ ദുഷ്യന്തൻ തന്റെ രേതസ്സിനെ ശകുന്തളയിൽ പ്രവേശിപ്പിക്കുകയും, പിറ്റേന്നാൾ പുലർച്ചയിൽ അദ്ദേഹം ആശ്രമത്തിൽനിന്നും പുറപ്പെടുകയും ചെയ്തു. സമയമായപ്പോൾ ആശ്രത്തിൽവച്ച് അവൾക്ക് ഒരു പുത്രൻ ജനിച്ചു. കണ്വമഹർഷി കുട്ടിയുടെ ജാതകർമ്മാദി സംസ്കാരങ്ങൾ നിർവഹിച്ചു. അവൻ വളർന്ന് ആ കാട്ടിൽ സിംഹങ്ങളെപോലും ബദ്ധമാക്കി കളിക്കാൻ തുടങ്ങി. ഒരിക്കൽ ശകുന്തള വീരനും ഭഗവദംശത്താൽ ജാതനായവനുമായ തന്റെ മകനേയും കൂട്ടി ഭർത്താവായ ദുഷ്യന്തമഹാരാജാവിനെ സമീപിച്ചു. എന്നാൽ രാജാവാകട്ടെ, നിർദ്ദോഷികളായ അവരെ സ്വീകരിക്കുവാൻ തയ്യാറായില്ല. ആ സമയം എല്ലാവരും കേൾക്കുമാറ് ആകാശത്തിൽനിന്നും ഒരശരീരിയുണർന്നു. ആ അശരീരി ഇങ്ങനെയായിരുന്നു: പെറ്റമ്മമാർ കേവലം തോലുറകൾ മാത്രമാണു. യഥാർത്ഥത്തിൽ പുത്രൻ പിതാവിന്റേതാകുന്നു. ഈ പുത്രന് പിതാവായയത് ദുഷ്യന്തരാജാവാണ്. ആയതിനാൽ ശകുന്തളയെ മാനം കെടുത്താതെ കുട്ടിയെ സ്വീകരിച്ചുപോറ്റികൊള്ളുക. വംശത്തെ മുന്നോട്ടുകൊണ്ടുപോകുന്ന പുത്രൻ പിതാവിനെ പുത്ത് എന്ന നരകത്തിൽനിന്നും ത്രാണനം ചെയ്യുന്നു. ഹേ രാജൻ!, ഈ പുത്രൻ അങ്ങയുടേതുതന്നെ. ശകുന്തള സത്യമാണ് പറയുന്നതു.

ഹേ പരീക്ഷിത്തേ!, ഭരസ്വ പുത്രം എന്ന അശരീരിയുണ്ടായതിനാൽ അവന് ഭരതൻ എന്ന് നാമം വന്നുചേർന്നു.

പിതാവിന്റെ മരണത്തിനുശേഷം ഭരതൻ ചക്രവർത്തിയായി. ഭഗവാൻ ശ്രീഹരിയുടെ അംശമായ ആ രാജാവിന്റെ ചരിതം ഭൂമിയിൽ വാഴ്ത്തപ്പെടുന്നു. ആ രാജാവിന്റെ വലതുകരത്തിൽ ചക്രത്തിന്റേയും കാലടികളിൽ താമരമൊട്ടിന്റേയും അടയാളങ്ങളുണ്ടായിരുന്നു. രാജാധിരാജനായി പട്ടാഭിഷിക്തനായ അദ്ദേഹം മമതേയമഹർഷിയെ പുരോഹിതനായി നിയമിച്ചു. അമ്പത്തിയഞ്ച് ശുദ്ധാശ്വങ്ങളെക്കൊണ്ട് ഗംഗയിൽ യാഗം ചെയ്തു. യമുനയിലും അദ്ദേഹം എഴുപത്തിയെട്ട് കുതിരകളെക്കൊണ്ട് യാഗങ്ങളനുഷ്ഠിച്ചു. ധാരാളം ധനം ദക്ഷിണയായി നൽകി. യാഗാഗ്നികൾ ഉത്കൃഷ്ടമായ ദിക്കുകളിൽ ചയനം ചെയ്യപ്പെട്ടു. ആ സമയം ആയിരക്കണക്കിന് ബ്രാഹ്മണർ തങ്ങൾക്ക് ദാനമായി ലഭിക്കപ്പെട്ട പശുക്കളെ ബദ്വം ബദ്വമായി വീതിച്ചെടുത്തു. മൂവായിരത്തി മുന്നൂറ് കുതിരകളെ കെട്ടിയിട്ട് മറ്റുള്ള രാജാക്കന്മാരെ അതിശയിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന് ദേവന്മാരുടെ മായാവൈഭവത്തെ അതിലംഘിക്കുവാനായി. കാരണം, അദ്ദേഹം ശ്രീഹരിയിൽ അഭയം പ്രാപിച്ചവനായിരുന്നു. പൊന്നുകൊണ്ട് മൂടിയ കറുത്തനിറമുള്ള വെള്ളകൊമ്പുള്ള പതിനാലുലക്ഷം ആനകളെ മഷ്ണാരം എന്ന ഒരു യാഗകർമ്മത്തിൽവച്ച് അദ്ദേഹം ദാനം ചെയ്തു. കൈകളുയർത്തി ആകാശത്തെ സ്പർശിക്കുവാനാകാത്തതുപോലെ, ഭരതരാജാവിന്റെ ഇത്തരം കർമ്മപദ്ധതികളെ മുമ്പൊരു രാജാക്കന്മാർക്കും നിർവ്വഹിക്കാൻ സാധിച്ചിട്ടില്ല. ഇനിയൊട്ടാർക്കും സാധിക്കുകയുമില്ല എന്ന് ഉറപ്പിച്ചുതന്നെ പറയാവുന്നതാണു.

ദിഗ്വിജയം നടത്തുന്നതിനിടയിൽ അദ്ദേഹം കിരാതന്മാർ, ഹൂണന്മാർ, യവനന്മാർ, അന്ധ്രന്മാർ, കങ്കന്മാർ, ഖശന്മാർ, ശകന്മാർ, മ്ലേച്ഛന്മാർ തുടങ്ങിയ വർഗ്ഗങ്ങളേയും, അതുപോലെ ബ്രഹ്മദ്വേഷികളായ എല്ലാ രാജാക്കന്മാരേയും നിഗ്രഹിക്കുകയുണ്ടായി. പണ്ട്, ചില അസുരന്മാർ ദേവന്മാരെ ജയിച്ച് അവിടെനിന്നും കുറെ ദേവസ്ത്രീകളുമായി രസാതലത്തിലെത്തുകയുണ്ടായി. ഭരതൻ അവരെ ജയിച്ച് ആ സ്ത്രീകളെ രക്ഷിച്ചെടുത്ത് ദേവന്മാർക്ക് കൈമാറി. ഭരതമഹാരാജാവിന്റെ പ്രജകൾക്ക് വേണ്ടതെല്ലാം ആകാശവും ഭൂമിയും സദാ ചൊരിഞ്ഞുകൊണ്ടേയിരിന്നു. ഇങ്ങനെ ഇരുപത്തിയേഴായിരം സംവത്സരക്കാലം അദ്ദേഹം ഈ ഭൂമണ്ഡലത്തെ ഭരിക്കുകയുണ്ടായി. അല്ലയോ രാജൻ!, എന്നാൽ, ഹരിയുടെ അംശമായ അദ്ദേഹം തന്റെ സർവ്വൈശ്വര്യങ്ങളും സാർവ്വഭൌമൻ എന്ന സമുന്നതപദവിയും തന്റെ അതുല്യശക്തിയും ഇന്ദ്രിയശക്തികളുമെല്ലാം മിഥ്യയാണെന്ന് മനസ്സിലാക്കി സ്വയം ദുസ്തരമായ ഈ സംസൃതിയിൽനിന്നും വിരക്തി പ്രാപിച്ചുവെന്നുള്ളതാണ് ആശ്ചര്യം.

രാജൻ!, വിദർഭരാജാവിന്റെ മൂന്ന് പെണ്മക്കൾ ഭരതന്റെ പത്നിമാരായിരുന്നു. അവർക്കുണ്ടായ പുത്രന്മാർ ഭരതനെപ്പോലെ ശ്രേഷ്ഠന്മാരല്ലെന്ന് കേട്ടപ്പോൾ, തങ്ങൾ ഭരതരാജാവാൽ ഉപേക്ഷിക്കപ്പെട്ടേക്കുമോ എന്ന ദുഃശ്ശങ്കയിൽ സ്വപുത്രന്മാരെ സ്വയം വധിച്ചുകളഞ്ഞിരുന്നു. ആ സമയം തന്റെ വംശം നിലച്ചുപോകുമെന്ന് കരുതിയ ഭരതരാജൻ മരുത്സോമം എന്ന ഒരു യാഗം നടത്തി. അതിൽ സന്തുഷ്ടരായ മരുദ്ദേവതകൾ ഭരദ്വാജൻ എന്ന ഒരുവനെ അദ്ദേഹത്തിന് പുത്രനായി നൽകി. രാജൻ!, ഈ ഭരദ്വാജനെപ്പറ്റി അല്പം പറയാം കേട്ടുകൊള്ളുക. ഒരിക്കൽ ദേവഗുരുവായ ബൃഹസ്പതി മുന്നമേ ഗർഭിണിയായിരുന്ന സഹോദരഭാര്യയിൽ സംഭോഗത്തിനുദ്യമിക്കുകയും, അതിനെ തടഞ്ഞ ഗർഭസ്ഥശിശുവിനെ ശപിക്കുകയും തന്റെ രേതസ്സിനെ വിസർജ്ജിക്കുകയും ചെയ്തു. അങ്ങനെയുണ്ടായ ബാലനായിരുന്നു ഭരദ്വാജൻ. ഭർത്താവറിഞ്ഞലുണ്ടാകാവുന്ന ഭവിഷ്യത്തിനെ ഭയന്ന് മമത ന്ന ആ മാതാവ് തന്റെ ഈ ബാലനെ ഉപേക്ഷിക്കുവാൻ തുനിഞ്ഞു. പക്ഷേ, ദേവന്മാർ ആ പ്രശ്നത്തെ പരിഹരിക്കുവാനായി കുട്ടിക്ക് ഒരു പ്രത്യേകതരത്തിൽ നാമകരണം ചെയ്തു. മമതയുടെ ഭർത്താവിനും ബൃഹസ്പതിക്കും കുട്ടിയിൽ തുല്യാവകാശമാണെന്നും, ഇരുവർക്കും അധർമ്മത്തിലൂടെയുണ്ടായ ആ സന്താനം (രണ്ടുപേർക്കും കൂടി ജനിച്ചതിനാൽ) - ദ്വാജൻ എന്ന് വിളിക്കപ്പെട്ടു. ദേവന്മാരുടെ അഭിപ്രായത്തെ മാനിക്കാതെ മമതാദേവി ആ കുഞ്ഞിനെ ഉപേക്ഷിക്കുകതന്നെ ചെയ്തു. അവനെ മരുദ്ദേവതകളേറ്റെടുത്തു. ഒടുവിൽ, ഭരതന്റെ വംശം നിന്നുപോകുന്ന ഘട്ടം വന്നപ്പോൾ അവൻ അദ്ദേഹത്തിന് ദാനം ചെയ്യപ്പെട്ടവനുമായി.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം ഇരുപതാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

2020, സെപ്റ്റംബർ 12, ശനിയാഴ്‌ച

9.19 യയാതിയുടെ ലൌകികവിരക്തിയും സംസാരവിമുക്തിയും

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 19

(യയാതിയുടെ ലൌകികവിരക്തിയും സംസാരവിമുക്തിയും)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, എത്രകണ്ട് ലൌകികതയിൽ ജീവിച്ചിട്ടും യയാതി സുഖഭോഗങ്ങളിൽ തൃപ്തനായിരുന്നില്ല എന്ന് പറഞ്ഞുവല്ലോ!. അങ്ങനെയുള്ള നിസ്സീമമായ ലൌകികാസക്തിയിൽ മുഴുകി ജീവിച്ച അദ്ദേഹത്തിന് ഒടുവിൽ അതിന്റെ നിസ്സാരത മനസ്സിലാകുകയും തുടർന്ന് അതിൽനിന്നും വിരക്തനാകുകയും ചെയ്തു. അദ്ദേഹം തന്റെ ജീവിതത്തെ ഒരു കഥയിലൂടെ ദേവയാനിയെ പറഞ്ഞുകേൾപ്പിച്ചു. അദ്ദേഹം പറഞ്ഞു: അല്ലയോ ദേവീ!, ലൌകികസുഖത്തിൽ ആസക്തരായി എന്നെപ്പോലെ ജീവിക്കുന്നവരെയോർത്ത് വിവേകികൾ ദുഃഖിക്കുന്നു. അങ്ങനെയുള്ളവരെക്കുറിച്ചുള്ള ഒരു കഥ ഞാൻ ഭവതിക്ക് പറഞ്ഞുതരാം. ഒരിക്കൽ ഒരു കൊറ്റനാട് വനത്തിലൂടെ തനിക്ക് പ്രിയമായതെന്തിനേയോ തിരഞ്ഞുള്ള യാത്രയ്ക്കിടയിൽ പ്രാരബ്ദവശാൽ കിണറ്റിൽ വീണുകിടക്കുന്നതായ ഒരു പെണ്ണാടിനെ കാണാനിടയായി. അവളെ കരയ്ക്ക് കയറ്റുവാനായി ആ കൊറ്റനാട് തന്റെ കൊമ്പുകൾകൊണ്ട് തിട്ടയിലുള്ള മണ്ണിടിച്ച് കിണറ്റിലേക്കിറക്കി. പെണ്ണാടുകളിൽ സുന്ദരിയായിരുന്ന അവൾ കരയ്ക്കണഞ്ഞമാത്രയിൽത്തന്നെ ദേഹം മുഴുവൻ രോമംകൊണ്ട് പൊതിഞ്ഞ് തടിച്ചുകൊഴുത്ത ആ കൊറ്റനാടിനെ സ്വന്താമാക്കാനാശിച്ചു. രാജൻ!, അവനെ സ്വന്തമാക്കാൻ ധാരാളം പെണ്ണാടുകൾ വേറെയും കൊതിച്ചിരുന്നു. കാമാതുരനായ അവൻ തന്നെത്താൻ മറന്നുകൊണ്ട് അവളോടൊപ്പവും, അതുപോലെ അവിടെയുള്ള ഒട്ടനേകം മറ്റ് പെണ്ണാടുകൾക്കൊപ്പവും രമിച്ചു. അങ്ങനെയിരിക്കെ ഒരുകാലം, ആ കൊറ്റനാട്, മറ്റൊരു പെണ്ണാടുമായി രമിച്ചുകൊണ്ടിരിക്കുന്നത്, അവനാൽ കിണറ്റിൽനിന്നും രക്ഷിക്കപ്പെട്ടതായ ആ പെണ്ണാട് കാണാനിടയാകുകയും, അവന്റെ ആ പ്രവൃത്തി അവളെ നന്നേ ചൊടിപ്പിക്കുകയും ചെയ്തു. ഹൃദയം ദുഷിച്ചവനും അതുപോലെ സുഹൃത്തിനെപ്പോലെ ഭാവിക്കുകയും സ്വന്തം കാര്യം കഴിയുമ്പോൾ വിട്ടകലുകയും ചെയ്യുന്നവനും, വെറും ഇന്ദ്രിയസുഖങ്ങളിൽ മാത്രം മനസ്സുവച്ചവനുമായ ആ കൊറ്റനാടിനെ ഉപേക്ഷിച്ച് സങ്കടപ്പെട്ടുകൊണ്ട് അവൾ തന്റെ ഉടമസ്ഥന്റെയടുക്കലേക്ക് പോയി. പെണ്ണാടുകൾക്കടിപ്പെട്ടവനും കൃപണനുമായ ആ കൊറ്റനാട് അവളെ അനുനയിപ്പിക്കുവാനായി പിന്നാലെ കൂടി. വഴിയിൽ‌വച്ച് ഇഡവിഡ എന്ന ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അവൻ അവളെ ഇണക്കുവാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. പെണ്ണാടിന്റെ ഉടമസ്ഥൻ ഒരു ബ്രാഹ്മണൻ ആയിരുന്നു. തനിക്ക് പ്രിയപ്പെട്ടതായിരുന്ന ആ പെണ്ണാടിന്റെ ദുഃഖം കണ്ട് കോപാകുലനായ അദ്ദേഹം ആ കൊറ്റനാടിന്റെ വൃഷണം ഛേദിക്കുകയും, പിന്നീട് തന്റെ സ്വാർത്ഥത്തിനായി അതിനെ സന്ധിപ്പിക്കുകയും ചെയ്തു. അങ്ങനെ വീണ്ടും ആ കൊറ്റനാട് അതേ പെണ്ണാടിനോടൊപ്പംതന്നെ ദീർഘകാലം സുഖമനുഭവിച്ചുകൊണ്ട് ജീവിച്ചു. എന്നാൽ കാലമെത്രയേറിയിട്ടും, അല്ലയോ ഭദ്രേ!, അവൻ കാമഭോഗത്തിൽ സംതൃപ്തനായില്ല.

സുന്ദരീ!, ഈ കഥയിലെന്നതുപോലെ ഞാനും ഭവതിയുടെ പ്രേമത്തിനടിപ്പെട്ടവനായി ആ മായയിൽ‌പെട്ട് മോഹിച്ച് ആത്മാവിനെയറിയാതെ കാലം കഴിക്കുകയാണു. ദേവീ!, ഈ ഭൂമിയിൽ മണ്ണും പെണ്ണുമടങ്ങുന്ന സുഖഭോഗങ്ങൾ എത്രകണ്ടനുഭവിച്ചാലും മനുഷ്യന് തൃപ്തി വരികയില്ല. അവയുടെ നിത്യനിരന്തരമായ അനുഭവം മനുഷ്യനിൽ വിഷയേച്ഛ ശമിപ്പിക്കാതെ പകരം, ഹവിസ്സുകൊണ്ട് അഗ്നി എന്നതുപോലെ, അതിനെ വർദ്ധിപ്പിക്കുകതന്നെ ചെയ്യുന്നു. എന്നാൽ, സർവ്വഭൂതങ്ങളിലും രാഗദ്വേഷങ്ങളൊഴിഞ്ഞ് സമഭാവന വന്ന ഒരുവന് സർവ്വദിശകളിലും സുഖംതന്നെ പ്രാപ്തമാകുന്നു. ദുർബുദ്ധികളായവർക്ക് പരിത്യജിക്കുവാൻ സാധിക്കാത്തതും, ശരീരം ജീർണ്ണിക്കുന്ന അവസ്ഥയിലും ജീർണ്ണിക്കാത്തതുമായ ഒന്നാണ് ആശാപാശം. ദുഃഖത്തെ വളർത്തുന്ന അതിനെ നിത്യസുഖം ആഗ്രഹിക്കുന്നവൻ ത്യജിക്കുകതന്നെവേണം. മാതാവായാലും സഹോദരിയായാലും പുത്രിയായാലും അവരോടൊപ്പം ഒരേ ആസനത്തിൽ ഇരിക്കരുതു. കാരണം, ശക്തിയേറിയ ഇന്ദ്രിയസമൂഹം അറിവുള്ളവനെപ്പോലും അടിപ്പെടുത്തുന്നു. നോക്കൂ!... ഞാൻ ലൌകികതയിൽ ജീവിക്കുവാൻ തുടങ്ങിയിട്ട് ഇപ്പോൾ ആയിരം സംവത്സരങ്ങൾ പൂർത്തിയായിരിക്കുന്നു. എന്നാൽ ഇപ്പോഴും എന്റെയുള്ളിൽ അവയിലുള്ള ആസക്തി വളർന്നുകൊണ്ടേയിരിക്കുന്നു. ആയതിനാൽ, അല്ലയോ ദേവീ!, ഞാനിതാ ഈ തൃഷ്ണയെ ഉപേക്ഷിച്ചുകൊണ്ട് ഭഗവാനിൽ മനസ്സുറപ്പിച്ച് നിർദ്വന്ദനായും നിരഹങ്കാരിയായും മൃഗങ്ങളോടൊത്ത് സഞ്ചരിക്കുവാൻ പോകുകയാണു. കാണുന്നതും കേൾക്കുന്നതുമെല്ലാം മിഥ്യാഭാവങ്ങളാണ്. അവയിൽ മനസ്സുവയ്ക്കരുതു. അവയെ അനുഭവിക്കുകയുമരുതു. അത് സംസാരബന്ധത്തേയും ആത്മനാശത്തേയും വരുത്തുമെന്ന് ആത്മദ്ദർശികൾ കണ്ടറിയുന്നു.

അല്ലയോ പരീക്ഷിത്ത് രാജൻ!, യയാതിരാജാവ് ദേവയാനിയൊട് ഇങ്ങനെ പറഞ്ഞതിനുശേഷം തന്റെ യൌവ്വനത്തെ പുരുവിന് തിരിച്ചുനൽകുകയും, സ്വന്തം ജരാനരയെ തിരിച്ചെടുക്കുകയും ചെയ്തു. തുടർന്ന്, ദ്രഹ്യു, യദു, തുർവസ്സു, അനു എന്നിവരെ യഥാക്രമം തെക്കുകിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കുകളുടെ അധിപന്മാരാക്കി നിയമിച്ചു. ശ്രേഷ്ഠനായ പുരുവിനെ ഭൂമണ്ഡലത്തിന്റെ മുഴുവൻ അധിപതിയായി അഭിഷേകം ചെയ്തു. പിന്നീട്, അഗ്രജന്മാരെ പുരുവിന്റെ അധീനതയിലാക്കി യയാതി വനത്തിലേക്ക് പുറപ്പെട്ടു. ചിറക് മുളയ്ക്കുമ്പോൾ പക്ഷികൾ കൂടുപേക്ഷിക്കുന്നതുപോലെ യയാതിരാജാവ് അതുവരെ അനുഭവിച്ചുകൊണ്ടിരുന്ന വിഷസുഖങ്ങൾ ക്ഷണനേരം കൊണ്ട് ഉപേക്ഷിച്ചു. ആത്മാനുഭൂതിയിൽ അദ്ദേഹം എല്ലാ ഭൌതികതയിൽനിന്നും മുക്തനാകുകയും ത്രിഗുണങ്ങളെ സംബന്ധിച്ചതായ സർവ്വസ്വവും പാടെ ഉപേക്ഷിക്കുകയും ചെയ്തു. ഭഗവത് ഭക്തിയാൽ മാത്രം സാധ്യമാകുന്ന വാസുദേവനാകുന്ന പരബ്രഹ്മനിത്യഗതിയിൽ വിലയം പ്രാപിച്ചു. യയാതി പറഞ്ഞ ഈ കഥയെ കേട്ടപ്പോൾ, തമാശരൂപത്തിൽ അദ്ദേഹം കെട്ടിച്ചമച്ചുണ്ടാക്കിയ ഈ കഥ ഉള്ളിൽ ആത്മബോധമുണർത്തുന്ന അദ്ധ്യാത്മജ്ഞാനമാണെന്ന് ദേവയാനിക്കും മനസ്സിലായി. ജീവാത്മാക്കളുടെ ഭൂമിയിലുണ്ടാകുന്ന ഈ കൂടിച്ചേരൽ യഥാർത്ഥത്തിൽ തണ്ണീർപന്തലിൽ വച്ചുണ്ടാകുന്ന ബന്ധം പോലെയാണെന്ന് അവൾ മനസ്സിൽ തിരിച്ചറിഞ്ഞു. അത് ഭഗവാന്റെ മായായാൽ വിരചിതമായതും സ്വപ്നതുല്യവുമാണു. ദേവയാനി ശ്രീകൃഷ്ണഭഗവാനിൽ അഭയം പ്രാപിച്ചു. അവനിൽ അകമുറപ്പിച്ചുകൊണ്ട് അവൾ തന്റെ സ്ഥൂലസൂക്ഷ്മശരീരങ്ങളെ ഉപേക്ഷിച്ച് നിത്യഗതിയെ പ്രാപിച്ചു.

ശ്രീശുകൻ ഭഗവദ്സ്മരണയിൽ പറഞ്ഞു: “സർവ്വചരാചരങ്ങളുടെ അധിഷ്ഠാതാവും സൃഷ്ടാവും, ശാന്തസ്വരൂപനും, വിരാട്രൂപനും, ശ്രീവാസുദേവനുമായ അല്ലയോ ഭഗവാനേ!, നിന്തിരുവടിയ്ക്ക് അനന്തകോടി നമസ്ക്കാരം!

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പത്തൊമ്പതാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next


2020, സെപ്റ്റംബർ 2, ബുധനാഴ്‌ച

9.18 യയാതിയുടെ ചരിതം

 

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 18

(യയാതിയുടെ ചരിതം)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: രാജാവേ!, ജീവന്ന് ഇന്ദ്രിയങ്ങൾ എന്നതുപോലെ നഹുഷൻ എന്ന രാജാവിന് യതി, യയാതി, സംയാതി, ആയതി, വിയതി, കൃതി എന്നീ നാമങ്ങളിൽ ആറ് പുത്രന്മാരുണ്ടായിരുന്നു. ആത്മജ്ഞാനിയായിരുന്നതിനാൽ അദ്ദേഹത്തിന്റെ മൂത്ത പുത്രൻ യതി പിതാവ് ആവശ്യപ്പെട്ടിട്ടും രാജ്യഭാരം ഏറ്റെടുത്തിരുന്നില്ല. ഒരിക്കൽ ഇന്ദ്രാണിയിൽ ആകൃഷ്ടനാകകൊണ്ട് അഗസ്ത്യൻ മുതലായ മഹർഷിവര്യന്മാരാൽ സ്വർഗ്ഗത്തിൽ നിന്നും സ്ഥാനഭ്രഷ്ടനാകപ്പെട്ട നഹുഷൻ അവിടെ നിന്നും നിപതിക്കുകയും, പിന്നീട് ഒരു പെരുമ്പാമ്പിന്റെ രൂപത്തെ പ്രാപിക്കുകയും ചെയ്തു. തതദവസരത്തിൽ നഹുഷന്റെ രണ്ടാമത്തെ പുത്രനായ യയാതി രാജ്യത്തെ ഏറ്റെടുത്ത് ഭരണം ആരംഭിച്ചു. യയാതി തന്റെ നാല് ഇളയ സഹോദരന്മാരെ ദിക്പാലകരാക്കി നിയമിച്ചു. തുടർന്ന്, ശുക്രാചാര്യരുടെ പുത്രി ദേവയാനിയേയും, വൃഷപർവ്വാവിന്റെ മകൾ ശർമിഷ്ഠയേയും അദ്ദേഹം വിവാഹം കഴിച്ച് രാജ്യപാലനവും ചെയ്തുപോന്നു.

രാജൻ!, ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ പരീക്ഷിത്ത് ചോദിച്ചു: ഗുരോ!, ശുക്രാചാര്യൻ ബ്രഹ്മർഷിയും യയാതി ക്ഷത്രിയവംശജനുമായിരുന്നല്ലോ!. പിന്നെങ്ങനെയായിരുന്നു ജാത്യാചാരങ്ങൾക്ക് വിരുദ്ധമായി ഈ മംഗല്യങ്ങൾ സംഭവിച്ചതു?.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഒരിക്കൽ ശർമ്മിഷ്ഠയും ദേവയാനിയും മറ്റനേകം തോഴിമാരോടൊപ്പം ഉപവനത്തിൽ ഉലാത്തുകയായിരുന്നു. ആ സുന്ദരിമാർ തങ്ങളുടെ പട്ടുവസ്ത്രങ്ങൾ തടാകക്കരയിൽ അഴിച്ചുവച്ചതിനുശേഷം അതിലിറങ്ങി പരസ്പരം വെള്ളം തേവിയൊഴിച്ചുകൊണ്ട് രസിക്കുവാൻ തുടങ്ങി. ആ സമയത്ത്, ശ്രീപാർവ്വതീദേവിയോടൊപ്പം കാളപ്പുറത്ത് സഞ്ചരിക്കുകയായിരുന്ന മഹാദേവനെ കാണുകയും, നാണത്താൽ പെട്ടെന്ന് അവർ തടാകത്തിൽനിന്ന് കരയ്ക്കുകയറി വസ്ത്രങ്ങൾ എടുത്തുടുക്കുകയും ചെയ്തു. പക്ഷേ, ശർമ്മിഷ്ഠ വെപ്രാളത്തിനിടയിൽ തന്റേതെന്ന തെറ്റിദ്ധാരണയിൽ ദേവയാനിയുടെ വസ്ത്രമായിരുന്ന് ധരിച്ചതു. അതിൽ നീരസപ്പെട്ട ദേവയാനി ഇപ്രകാരം പറഞ്ഞു: കഷ്ടം!, ദാസിയായ ഇവളുടെ പ്രവൃത്തി നോക്കൂ!. യാഗത്തിലെ ഹവിസ്സിനെ നായ്ക്കൾ കട്ടെടുക്കുന്നതുപോലെ, ഞാനുടുക്കേണ്ട വസ്ത്രം ഇവൾ എടുത്തണിഞ്ഞിരിക്കുന്നു. ഈ വിശ്വത്തെ തങ്ങളുടെ തപഃശക്തികളാൽ സൃഷ്ടിച്ചവരും, പരമപുരുഷന്റെ തിരുമുഖത്തുനിന്നും ഉത്ഭവിച്ചവരും, ഈ ലോകത്തിൽ ബ്രഹ്മതേജസ്സിനെ ധരിക്കുന്നവരും, മംഗളവൃത്തികളെ ഈ ലോകത്തിന് കാട്ടിക്കൊടുക്കുന്നവരും, ഇന്ദ്രാദിദേവതകളാലും ഭഗവാൻ ശ്രീനാരായണനാൽ‌പോലും നമിക്കപ്പെട്ടരുമാണ് ഞങ്ങൾ ബ്രാഹ്മണർ. മാത്രമല്ല, ഞങ്ങൾ ഭൃഗുവംശജരുമാണ്. എന്നാൽ, ഇവളുടെ പിതാവായവൻ ഒരഅസുരനും ഞങ്ങൾ ബ്രാഹ്മണരുടെ ശിഷ്യനുമാണ്. ശൂദ്രൻ വേദമന്ത്രത്തെ ഗ്രഹിക്കുന്നതുപോലെ, ഞാൻ ധരിക്കേണ്ടതായ വസ്ത്രത്തെ എടുത്ത് ധരിച്ചിരിക്കുന്നു.

രാജൻ!, ഈവിധം തന്നെ നിന്ദിച്ചുകൊണ്ടിരുന്ന ദേവയാനിയോട് ദേഷ്യത്താൽ ചുണ്ടുകൾ കടിച്ചമർത്തിപ്പിടിക്കുകൊണ്ട് ഒരു പെരുമ്പാമ്പിനെപ്പോലെ ചീറിക്കൊണ്ട് ശർമ്മിഷ്ഠ പറഞ്ഞു: ഹേ പിച്ചക്കാരീ!, സ്വന്തം സ്ഥിതിയെ വേണ്ടവിധം മനസ്സിലാക്കാതെ, നീ എന്തൊക്കെയോ പുലമ്പുന്നല്ലോ!. ബലി കൊത്തിത്തിന്നാൽ കാത്തിരിക്കുന്ന കാക്കയെപ്പോലെ ഞങ്ങളുടെ വീട്ടുപടിക്കൽ കാത്തിരിക്കുന്നവളല്ലേ യഥാർത്ഥത്തിൽ നീ?. അല്ലെന്ന് നിനക്ക് തോന്നുന്നുണ്ടോ?.

അല്ലയോ പരീക്ഷിത്തേ!, ഇങ്ങനെ കോപത്താൽ അവഹേളിച്ചുകൊണ്ട് ശർമ്മിഷ്ഠ ഗുരുപുത്രിയായ ദേവയാനിയുടെ വസ്ത്രങ്ങൾ പിടിച്ചുവാങ്ങുകയും, അവളെ അടുത്തുള്ള ഒരു കിണറ്റിൽ തള്ളിയിടുകയും ചെയ്തു. തുടർന്ന് ശർമ്മിഷ്ഠ സ്വവസതിയിലേക്ക് മടങ്ങി. ആ സമയം, അത്ഭുതമെന്നോണം, നായാടിത്തളർന്ന് ദാഹജലം തേടി യയാതി രാജാവ് ആ കിണറ്റിനരികിലെത്തി അതിൽ പെട്ടുകിടന്ന ദേവയാനിയെ കാണാനിടവന്നു. വിവസ്ത്രയായ അവൾക്ക് നാണം മറയ്ക്കാൻ രാജാവ് തന്റെ ഉത്തരീയം ഉടുക്കാൻ കൊടുക്കുകയും, അവളെ കൈക്കുപിടിച്ച് കരയ്ക്കണയ്ക്കുകയും ചെയ്തു. പ്രേമനിർഭരമായ വാക്കുകളിൽ അവൾ രാജാവിനോട് പറഞ്ഞു: അല്ലയോ വീരനായ രാജാവേ!, അങ്ങെന്റെ കരം പിടിച്ച സ്ഥിതിക്ക്, ഇനി മറ്റൊരാൾ തദർത്ഥം ഉണ്ടാകാൻ പാടില്ല. ഹേ വീരപുരുഷ!, ഇത് ദൈവഹിതമാണ്. കാരണം, കിണറ്റിൽ വീണുകിടന്ന എന്റെ മുന്നിലേക്ക് അങ്ങെത്തിയത് ഈശ്വരനിശ്ചയമായിട്ടാണു.

അല്ലയോ പരീക്ഷിത്ത് രാജൻ!, യയാതിയുടെ മടക്കത്തിനുശേഷം, ദേവയാനി വീട്ടിലെത്തി സംഭവിച്ചതെല്ലാം കരഞ്ഞുകൊണ്ട് സ്വപിതാവിനോടറിയിച്ചു. മനം നൊന്ത് ശുക്രാചാര്യർ പൌരോഹിത്യവൃത്തിയെ വെറുത്തുകൊണ്ടും, പകരം, ഉഞ്ഛവൃത്തിയെ നന്നെന്ന് നിനച്ചുകൊണ്ടും മകളോടൊപ്പം ആ അസുരരാജധാനിയിൽനിന്നും ഇറങ്ങിനടന്നു. ശുക്രാചാര്യൻ കൊട്ടാരം വിട്ടിറിങ്ങിയത് ദേവന്മാരോടൊപ്പം കൂടാനുള്ള നിശ്ചയത്തോടെയാണെന്ന് കണ്ടറിഞ്ഞ അസുരരാജാവായ വൃഷപർവ്വാവ് ആ സമയം വഴിമധ്യേ ശിരോനമസ്ക്കാരം ചെയ്തുകൊണ്ട് അദ്ദേഹത്തെ പ്രീതിപ്പെടുത്തുവാൻ ശ്രമിച്ചു. അല്പസമയത്തിനുള്ളിൽ കോപം കെട്ടടങ്ങിയപ്പോൾ ശുക്രമഹർഷി പറഞ്ഞു: രാജൻ!, എന്റെ മകൾക്കൊരാഗ്രമുള്ളത് അങ്ങ് നിറവേറ്റിയാലും. എനിക്കിവളെ കൈവിടാൻ കഴിയുകയില്ല.

പരീക്ഷിത്തേ!, ശരി എന്ന് സമ്മതിച്ചുനിൽക്കുന്ന വൃഷപർവ്വാവ് കേൾക്കുവാനായി ആ സമയം, ദേവയാനി തന്റെ ആഗ്രഹം തുറന്നുപറഞ്ഞു: പിതാവ് എന്നെ മാംഗല്യം കഴിച്ചയയ്ക്കുന്നത് എവിടേയ്ക്കാണെങ്കിലും, അവിടേയ്ക്ക് ശർമ്മിഷ്ഠ അവളുടെ തോഴിമാരോടൊപ്പം വന്ന് എനിക്ക് ദാസിയായി കഴിയണം.

രാജാവേ!, ശുക്രാചാര്യരുടെ സാന്നിധ്യത്തിന്റേയും അസാന്നിധ്യത്തിന്റേയും പ്രാധാന്യം മനസ്സിലാക്കിയ ശർമ്മിഷ്ഠ തന്റെ ആയിരം തോഴിമാരോടൊപ്പം ചേർന്ന് ദേവയാനിയെ പരിചരിക്കുവാൻ തുടങ്ങി. ശുക്രാചാര്യർ മകളെ യയാതിരാജാവിന് വിവാഹം കഴിച്ചുനൽകി. ഒപ്പം ദാസിയായി ശർമ്മിഷ്ഠയേയും അദ്ദേഹത്തോടൊപ്പം അയച്ചു. എന്നാൽ അവളെ ഒരിക്കലും സ്വശയ്യയിൽ കയറാൻ അനുവദിക്കരുതെന്നും മഹർഷി യയാതിയ്ക്ക് ഉപദേശം നൽകി. ദേവയാനി അമ്മയായതോടെ ശർമ്മിഷ്ഠയും തനിക്കൊരു കുഞ്ഞ് വേണമെന്നാഗ്രഹിച്ചു. അവൾ അതിനുവേണ്ടി യയാതിയെ സമീപിക്കുവാൻ തീരുമാനിച്ചു. ഒരിക്കൽ സന്ദർഭമൊത്തുകിട്ടിയപ്പോൾ അവൾ രാജാവിനെ കണ്ട് തനിക്കും ഒരു കുട്ടി വേണമെന്ന് അഭ്യർത്ഥിച്ചു. ശുക്രാചാര്യരുടെ ഉപദേശം ഓർമ്മയിലുണ്ടായിരുന്നിട്ടുകൂടി ധർമ്മജ്ഞനായ യയാതി അതിനെ ഈശ്വരേച്ഛയായി കണ്ടുകൊണ്ട് ശർമ്മിഷ്ഠയുടെ അഭിലാഷത്തെ ഏറ്റെടുത്തു. അങ്ങനെ ദേവയാനി യദു, തുർവസു എന്നീ രണ്ടു പുത്രന്മാരേയും, ശർമ്മിഷ്ഠ ദ്രുഹ്യു, അനു, പുരു എന്നിവരേയും പ്രസവിച്ചു. സ്വാഭവികമെന്നോണം, സ്വന്തം ഭർത്താവിൽ ശർമ്മിഷ്ഠയ്ക്ക് പുത്രന്മാർ ജനിച്ചതറിഞ്ഞ് അഭിമാനിയായ ദേവയാനിക്ക് കോപം വരികയും അവൾ കൊട്ടാരം വിട്ട് പിതാവിന്റെ ഗൃഹത്തിലേക്ക് പോകുകയും ചെയ്തു. ഭാര്യയെ തിരികെ വിളിക്കുവാൻ പിന്തുടർന്നെത്തിയ യയാതിരാജാവ് പലവിധത്തിലും അവളെ പ്രസാദിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് അക്കാര്യത്തിൽ വിജയിക്കുവാനായില്ല. മാത്രമല്ല, വിവരമറിഞ്ഞെത്തിയ ശുക്രമഹർഷി കോപം കൊണ്ടുറഞ്ഞുതുള്ളി. അദ്ദേഹം പറഞ്ഞു: നുണ പറഞ്ഞും സ്ത്രീകൾക്ക് പിന്നാലെയും നടക്കുന്ന മന്ദനായ നിന്നെ മനുഷ്യർക്ക് വിരൂപമുണ്ടാക്കിവയ്ക്കുന്ന വാർദ്ധക്യം ബാധിക്കാനിടവരട്ടെ!.

ശാപതപ്തനായ യയാതി പറഞ്ഞു: അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ!, അങ്ങയുടെ പുത്രിയുമായുള്ള എന്റെ ജീവിതത്തിൽ എന്നെ ബാധിച്ചിരിക്കുന്ന ഈ വാർദ്ധക്യം എനിക്കും ഇവൾക്കും ഒരുപോലെ ദുഷ്കരമാണ്. ആയതിനാൽ ശാപമോക്ഷം തന്നനുഗ്രഹിക്കുക.

പരീക്ഷിത്ത് രാജാവേ!, അതുകേട്ട ശുക്രാചാര്യർ പറഞ്ഞു: രാജൻ!, ആരെങ്കിലും അങ്ങയുടെ ഈ വാർദ്ധക്യത്തെ സ്വീകരിച്ചുകൊണ്ട് തന്റെ യൌവ്വനം വിട്ടുനൽകാൻ തയ്യാറായാൽ അത് സ്വീകരിച്ചുകൊണ്ട് അങ്ങ് ജീവിതത്തെ ആസ്വദിച്ചുകൊള്ളുക.

ഇങ്ങനെ വീണ്ടും അനുഗ്രഹീതനായ യയാതി തന്റെ മൂത്ത മകനായ യദുവിനെ വിളിച്ചുപറഞ്ഞു: അല്ലയോ കുമാരാ!, മനുഷ്യർക്ക് വൈരൂപ്യം നൽകുന്നതായ എന്റെ ഈ വാർദ്ധക്യത്തെ സ്വീകരിക്കാൻ നിനക്ക് സമ്മതമാണോ? നിന്റെ അപ്പുപ്പൻ വരുത്തിവച്ച ഈ ജരയെ നീ കൈക്കൊള്ളുക. പകരം നിന്റെ യൌവ്വനത്തെ എനിക്ക് തരിക. ഉണ്ണീ!, ലൌകികസുഖങ്ങളിൽ ഞാൻ ഇപ്പോഴും അതൃപ്തനാണു. നിന്റെ താരുണ്യം എനിക്ക് ലഭിക്കുന്നപക്ഷം ഇനിയും കുറെ വർഷങ്ങൾ എനിക്ക് സുഖലോലുപനായി ജീവിക്കാൻ കഴിയും.

യദു പറഞ്ഞു: പിതാവേ!, യൌവ്വനത്തിനിടയിൽ അങ്ങേയ്ക്ക് സംഭവിച്ച ഈ വാർദ്ധക്യത്തെ ഏറ്റെടുക്കുവാൻ ഞാൻ സന്നദ്ധനല്ല. കാരണം, ഒരുവൻ ഭൌതികസുഖങ്ങളെ ബാക്കിവച്ചൊഴിയുന്നതുകൊണ്ട് അവന് മോക്ഷം സിദ്ധിക്കുകയില്ല.

ശ്രീശുകൻ തുടർന്നു: അല്ലയോ പരീക്ഷിത്ത് രാജൻ!, യയാതിയുടെ ഈ ആഗ്രഹത്തെ യദുവിനെപ്പോലെതന്നെ അദ്ദേഹത്തിന്റെ മറ്റ് പുത്രന്മാരായ തുർവസുവും ദ്രുഹ്യുവും അനുവും നിഷേധിക്കുകതന്നെ ചെയ്തു. കാരണം, അവർ ധർമ്മത്തെ അറിയാത്തവരും നശ്വരമായ ശരീരത്തെ അനശ്വരമെന്ന് കരുതിയവരുമായിരുന്നു. പിന്നീട്‌ യയാതി ഏറ്റവും ഇളയപുത്രനും എന്നാൽ ഗുണഗണങ്ങൾ ഏറിയവനുമായ പുരുവിനെ കണ്ട് തന്റെ ആഗ്രഹം അറിയിച്ചു. അദ്ദേഹം പറഞ്ഞു: മകനേ!, നിന്റെ ജ്യേഷ്ഠന്മാരെപ്പോലെ നീയും ഈ അച്ഛനെ കൈയ്യൊഴിയാതെ അകാലത്തിൽ എനിക്ക് സംഭവിച്ച ഈ വാർദ്ധക്യത്തെ സ്വീകരിക്കുക.

രാജൻ!, അതുകേട്ട് പുരു പറഞ്ഞു: ഹേ രാജൻ!, ആർക്കാണ് ഈ ലോകത്തിൽ ഒരു പിതാവിന്റെ കടം വീട്ടുവാൻ സാധിക്കുന്നതു?. പിതാവിനാൽ പുത്രന് ഒരു ശരീരം പ്രാപ്തമാകുന്നു. അതിലൂടെ അവന് പുരുഷാർത്ഥം സാധ്യമാകുന്നു. പിതാവിന്റെ മനോഗതത്തെ അറിഞ്ഞുകണ്ടുപ്രവർത്തിക്കുന്നവൻ ഉത്തമനും, പറഞ്ഞുമാത്രം ചെയ്യുന്നവൻ മധ്യമനും, അനിഷ്ടത്തോടെ ചെയ്യുന്നവൻ അധമനും, എന്നാൽ ചെയ്യാതിരിക്കുന്നവൻ പിതാവിന്റെ മലം മാത്രവുമാകുന്നു. രാജാവേ!, ഇത്രയും പറഞ്ഞുകൊണ്ട് പുരു തന്റെ യൌ‍വ്വനത്തെ യയാതിയ്ക്ക് കൈമാറുകയും അദ്ദേഹത്തിന്റെ ജരയെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. യയാതി മകനിൽനിന്നും ലഭ്യമാ‍യ യൌവ്വനത്തെ സ്വീകരിച്ചുകൊണ്ട് ലൌകികജീവിതം വേണ്ടുംവണ്ണം അനുഭവിച്ചു. ഏഴു ദ്വീപുകൾക്കും അധിപനായ യയാതി പ്രജകളെ യഥാവിധി പരിപാലിച്ചു. യാതൊരു തടസ്സങ്ങളുമില്ലാതെ അദ്ദേഹം തന്റെ ഇഷ്ടങ്ങൾക്കൊത്ത് വിഷയസുഖം അനുഭവിച്ചുകൊണ്ടിരുന്നു. ദേവയാനിയും അദ്ദേഹത്തിന് സർവ്വവിധത്തിലും തുണയായി പ്രവർത്തിച്ചു. അങ്ങനെ, സമസ്തദേവതാമയനും സർവ്വവേദസ്വരൂപനും യജ്ഞപുരുഷനുമായ ഭഗവാൻ ശ്രീഹരിയെ യയാതി വിവിധതരം യജ്ഞങ്ങൾകൊണ്ട് ദാനദക്ഷിണാദികളോടൊപ്പം ആരാധിച്ചു. പ്രപഞ്ചകർത്താവായ ശ്രീവാസുദേവൻ, മേഘങ്ങൾ നിറഞ്ഞുനിൽക്കുന്ന സർവ്വഗതമായ ആകാശം പോലെ, എങ്ങും നിറഞ്ഞുനിൽക്കുന്നു. എന്നാൽ, ഈ പ്രപഞ്ചം വിലയിക്കുമ്പോഴാകട്ടെ വൈവിധ്യമാർന്ന ഈ സർവ്വവും അവനിൽതന്നെ അലിഞ്ഞുചേരുകയും ചെയ്യുന്നു. നാരായണനായി സർവ്വഭൂതഹൃദയങ്ങളിലും വസിക്കുന്നവനും നഗ്നനേത്രങ്ങൾക്കഗോചരനായവും എന്നാൽ സർവ്വത്രവ്യാപ്തനായവനുമായ ശ്രീഹരിയെ യയാതി നിഷ്കാമനായി സമാരാധിച്ചു. ഈ ഭൂമണ്ഡലത്തിന് മുഴുവനും അധിപനായിരുന്നുവെങ്കിലും അതുപോലെ ഭൌതികസുഖാനുഭവങ്ങളാകുന്ന ആഴക്കടലിൽ ആയിരക്കണക്കിന് വർഷങ്ങൾ മുങ്ങിക്കിടന്നിരുന്നവനായിരുന്നുവെങ്കിലും യയാതിക്ക് സർവ്വകാമങ്ങളിലുമുള്ള തൃപ്തി അടങ്ങാതെതന്നെ അവശേഷിച്ചു.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനെട്ടാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

2020, ഓഗസ്റ്റ് 30, ഞായറാഴ്‌ച

9.17 ആയുർവംശവർണ്ണനം

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 17

(ആയുർവംശവർണ്ണനം )

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, ഇനി പുരൂരവസ്സിന്റെ മൂത്ത പുത്രനായ ആയുവിന്റെ വംശത്തെക്കുറിച്ച് കേട്ടുകൊള്ളുക. അദ്ദേഹത്തിന് നഹുഷൻ, ക്ഷത്രവൃദ്ധൻ, രജി, രംഭൻ, അനേനസ്സ് എന്നിങ്ങനെ അഞ്ചു പുത്രന്മാരുണ്ടായി. അതിൽ ക്ഷത്രവൃദ്ധന്റെ പുത്രനായി സുഹോത്രനും, അവന് പുത്രന്മാരായി കാശ്യൻ, കുശൻ, ഗൃത്സമൻ എന്നിങ്ങനെ മൂന്ന് പേർ ജനിച്ചു. ഗൃത്സമന്റെ മകനായിരുന്നു ശുനകൻ. അദ്ദേഹത്തിന്റെ പുത്രൻ ഋഗ്വേദപണ്ഡിതനായ ശൌനകമുനിയായിരുന്നു. കാശ്യന്റെ പുത്രകാശിയും, കാശിക്ക് പുത്രനായി രാഷ്ട്രനും, രാഷ്ട്രന്റെ പുത്രൻ ദീർഘതമസ്സുമായിരുന്നു. ആ ദീർഘതമസ്സിന്റെ പുത്രനായിരുന്നു ആയുർവേദത്തിന്റെ പ്രചാരകനായ ധന്വന്തരി. ഭഗവാൻ ശ്രീവാസുദേവന്റെ അംശാവതാരമായ ഈ ധന്വന്തരിയുടെ സ്മരണമാത്രയിൽത്തന്നെ ഇവിടെ സർവ്വരോഗശമനം സാധ്യമാകുന്നു. ധന്വന്തരിയുടെ പുത്രനത്രേ കേതുമാൻ. കേതുമാന് ഭീമരഥൻ എന്നവൻ പുത്രനായി പിറന്നു. അവന്റെ പുത്രൻ ദിവോദാസനാണ്. ദിവോദാസനിൽനിന്ന് പ്രതർദ്ധനൻ എന്നറിയപ്പെടുന്ന ദ്യുമാൻ ജനിച്ചു. അവൻ ശത്രുജിത്ത്, വത്സൻ, ഋതധ്വജൻ, കുവലയാശ്വൻ എന്നീ നാമങ്ങളാലും അറിയപ്പെടുന്നവനാണു. ദ്യുമാന്റെ പുത്രന്മാരായി അലർക്കൻ മുതാലായവർ ജനിച്ചു. രാജാവേ!, ഈ അലർക്കൻ ഭൂമിയെ അറുപത്താറായിരം വർഷക്കാലം ഭരിക്കുകയുണ്ടായി. ഈ ഭൂമിയിൽ മറ്റാരും ഇത്രത്തോളം കാലം രാജാവായി വാണിട്ടില്ല.  അലർക്കന്റെ പുത്രനായി സന്തതിയും, അവനിൽനിന്ന് സുനീതനും, അവന്റെ പുത്രനായി സുകേതനും, അവന്റെ പുത്രനായി ധർമ്മകേതുവും, അവന്റെ പുത്രനായി സത്യകേതുവും ജനിക്കുകയുണ്ടായി. സത്യകേതുവിന്റെ പുത്രനായിരുന്നു ധൃഷ്ടകേതു. അവന്റെ പുത്രനായി സുകുമാരൻ എന്ന രാജാവ് ജനിച്ചു. ആ രാജാവിന്റെ മകനായി വീതിഹോത്രനും, അവന്ന് മകനായി ഭർഗ്ഗനും, അവന്ന് മകനായി ഭർഗ്ഗഭൂമി എന്ന രാജാവും ജനിച്ചു. രാജാവേ!, കാശിവംശത്തിലെ ഈ രാജാക്കന്മാരെല്ലാം ക്ഷത്രവൃദ്ധന്റെ പരമ്പരയായിരുന്നു.

ഇനി രംഭന്റെ വംശത്തെക്കുറിച്ച് പറയാം. രംഭന്റെ പുത്രൻ രഭസൻ, രഭസപുത്രൻ ഗംഭീരൻ, ഗംഭീരപുത്രൻ അക്രിയൻ, അക്രിയപുത്രൻ ബ്രഹ്മവിത്ത്.

ഇനി അനേനസ്സിന്റെ വംശം. അനേനസ്സിന് പുത്രനായി ശുദ്ധനെന്നവനും, അവന് പുത്രനായി ശുചിയും, അവനിൽനിന്ന് ധർമ്മസാരഥി എന്ന് വിഖ്യാതനായ ചിത്രകൃത്തും ജനിച്ചു. ചിത്രകൃത്തിന് ശാന്തരയൻ പുത്രനായി. അവൻ കൃതകൃത്യനും ആത്മനിഷ്ഠനുമായിരുന്നു. ആയതിനാൽ പുത്രന്മാരുണ്ടായിരുന്നില്ല. എന്നാൽ, രജിയ്ക്കാകട്ടെ, അളവറ്റ ശക്തിയാർന്ന അഞ്ഞൂറ് മക്കൾ ജനിച്ചു. ദേവന്മാരുടെ അഭ്യർത്ഥനയെ മാനിച്ച് രജി യുദ്ധത്തിൽ അസുരന്മാരെ വധിച്ച് ഇന്ദ്രന് സ്വർഗ്ഗലോകത്തെ തിരികെ നേടിക്കൊടുത്തു. എന്നാൽ, ഇന്ദ്രനാകട്ടെ, പ്രഹ്ലാദാദികളെ ഭയന്ന് തൽക്കാലത്തേക്ക് സ്വർഗ്ഗം രജിക്കുതന്നെ തിരികെ നല്കി സ്വയത്തെ ആ കാൽക്കൽ സമർപ്പിച്ചു. പിന്നീട്, രജിയുടെ മരണശേഷം, സ്വർഗ്ഗത്തെ തിരിച്ചുനൽകാൻ ഇന്ദ്രൻ രജീപുത്രന്മാരോടപേക്ഷിച്ചു. എന്നാൽ, എത്രകണ്ട് യാചിച്ചിട്ടും സ്വർഗ്ഗത്തെ ഇന്ദ്രന് തിരികെ നല്കാൻ അവർ ഒട്ടുംതന്നെ കൂട്ടാക്കിയില്ല. മാത്രമല്ല, യജ്ഞങ്ങളിൽനിന്നും ദേവന്മാർക്ക് വിധിക്കപ്പെട്ട യജ്ഞവിഹിതവും അവഅവർക്ക് നൽകാൻ തയ്യാറായില്ല. തന്നിമിത്തം, ദേവഗുരു ആഭിചാരകർമ്മത്തിലൂടെ രജിയുടെ പുത്രന്മാരെ വഴിപിഴപ്പിക്കുകയും, ങ്ങനെ പതിതരായ അവരെ ഒന്നൊഴിയാതെ ഇന്ദ്രൻ വധിക്കുകയും ചെയ്തു.

ക്ഷത്രവൃദ്ധന്റെ മറ്റൊരു പുത്രനായിരുന്നല്ലോ കുശൻ. അവന്റെ മകനായി പ്രതിയും, ആ പ്രതിയുടെ മകനായി സഞ്ജയനും, അവന്റെ പുത്രനായി ജയനും, ജയന്റെ പുത്രനായി കൃതനും, കൃതൻ എന്ന ആ രാജാവിന്റെ മകനായി ഹര്യവനനും, ആ രാജാവിൽനിന്ന് സഹദേവനും, ആ സഹദേവന്റെ പുത്രനായി ഹീനനും, അവന്റെ പുത്രനായി ജയസേനനും, ജയസേനപുത്രനായി സംകൃതിയും, അവന്റെ പുത്രനായി മഹാരഥിയായ ജയനും ജനിച്ചു. ഇവരെല്ലാമാണ് ക്ഷത്രവൃദ്ധന്റെ പരമ്പരയിലുള്ള രാജാക്കന്മാർ. ഇനി നഹുഷന്റെ പുത്രൻ മുതലായവരെപ്പറ്റി കേട്ടുകൊള്ളുക.   

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനേഴാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next


2020, ഓഗസ്റ്റ് 16, ഞായറാഴ്‌ച

9.16 പരശുരാമൻ ക്ഷത്രിയവംശത്തെ ഒടുക്കുന്നത്

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 16

(പരശുരാമൻ ക്ഷത്രിയവംശത്തെ ഒടുക്കുന്നത്)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: രാജാവേ!, അങ്ങനെ പിതാവായ ജമദഗ്നിയുടെ ഉപദേശപ്രകാരം പരശുരാമൻ ഒരുവർഷക്കാലം തീർത്ഥയാത്രകൾ ചെയ്ത് സംശുദ്ധനായി ഒടുവിൽ ആശ്രമത്തിൽ തിരിച്ചെത്തി. ഒരിക്കൽ, ജമദഗ്നിമഹർഷിയുടെ പത്നിയായ രേണുകാദേവി ഗംഗയിൽ ജലമെടുക്കാൻ പോയപ്പോൾ അവിടെ താമരപ്പൂമാലകളണിഞ്ഞ് അപ്സരസ്ത്രീകളോടൊപ്പം ക്രീഡിച്ചുകൊണ്ടിരിക്കുന്ന ഒരു ഗന്ധർവ്വരാജാവിനെ കാണാനിടയായി. ആ കാഴ്ച കണ്ട അവളിൽ ആ ഗന്ധർവ്വനെ പ്രാപിക്കുവാനുള്ള ആഗ്രഹമുണർന്നു. അവനെ നോക്കിക്കൊണ്ട് ഏറെ സമയം അവൾ അവിടെത്തന്നെ നിന്നു. ആയതിനാൽ ആശ്രമത്തിൽ അഗ്നിഹോത്രത്തിനുള്ള സമയം അതിക്രമിച്ചതും അവൾക്കറിയാൻ കഴിഞ്ഞില്ല. പൊടുന്നനെ അവൾ ചിന്തയിൽനിന്നുണർന്നു. അഗ്നിഹോത്രത്തിനുള്ള ജലമെത്തിക്കുവാൻ താമസിച്ചതിൽ തനിക്ക് ശാപമുണ്ടാകുമെന്ന് ശങ്കിച്ച രേണുക ജലകുംഭത്തെ ഭർത്താവായ ജമദഗ്നിയുടെ മുന്നിൽ വച്ച് തൊഴുകൈയ്യോടെ തലകുനിച്ചുനിന്നു. മാനസികമായി അവൾ ചെയ്ത വ്യഭിചാരത്തെ കണ്ടറിഞ്ഞ മുനി കോപത്താൽ വിറച്ചുകൊണ്ട് തന്റെ പുത്രന്മാരോട് പറഞ്ഞു: ഉണ്ണികളേ!, പാപിയായ ഇവളെ കൊന്നുകളയുക. സ്വാഭാവികമെന്നോണം മക്കൾക്കാർക്കും പിതാവിന്റെ ആ ആജ്ഞയെ നിറവേറ്റുവാൻ കഴിഞ്ഞില്ല. എന്നാൽ പിതാവിന്റെ തപസ്സിന്റേയും സമാധിയുടേയും നിജസ്ഥിതിയറിയാമായിരുന്ന ഭാർഗ്ഗവരാമൻ അദ്ദേഹത്തിന്റെ ആജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ട് മാതാവിനേയും സഹോദരങ്ങളേയും ക്ഷണത്തിൽ വധിച്ചു. അതിൽ സന്തുഷ്ടനായി ഭവിച്ച ജമദഗ്നി മകന് വേണ്ടുന്ന വരങ്ങളെ വരിക്കുവാൻ ആവശ്യപ്പെട്ടു. താൻ വധിച്ച മാതാവിനേയും സഹോദരങ്ങളേയും പുനർജീവിപ്പിക്കണമെന്നും, താൻ അവരെ ഒരിക്കൽ വധിച്ചുവെന്നുള്ള ഓർമ്മപോലും അവരിലുണ്ടാകരുതെന്നുമുള്ള വരത്തെ പിതാവിൽനിന്ന് പരശുരാമൻ ആ അവസരത്തിൽ വരിച്ചു. പെട്ടെന്നുതന്നെ അവരെല്ലാം ഉറക്കത്തിൽനിന്നുണരുന്നതുപോലെ പുനർജ്ജീവിച്ചു. പിതാവിന്റെ തപഃശക്തിയെക്കുറിച്ചും, നിഗ്രഹാനുഗ്രഹസാമർത്ഥ്യതയെക്കുറിച്ചും വേണ്ടവണ്ണം ബോധവാനായിക്കൊണ്ടുമാത്രമായിരുന്നു പരശുരാമൻ അദ്ദേഹത്തിന്റെ ആജ്ഞയെ ശിരസ്സാവഹിച്ചതും, കേട്ടപാടെ അതിനെ നിറവേറ്റിയതും.

അല്ലയോ രാജൻ!, പരശുരാമന്റെ ശക്തിയ്ക്കുമുന്നിൽ ഭയന്നോടിയ കാർത്തവീര്യാർജ്ജുനന്റെ മക്കളിൽ ചിലർ പിതാവിന്റെ മരണത്തെ ഓർത്ത് ദുഃഖിതരായി കഴിയുകയായിരുന്നു. ഒരിക്കൽ പരശുരാമൻ സഹോദരന്മാരോടൊത്ത് കാട്ടിൽ പോയിരുന്ന സമയം, തക്കം പാർത്തിരുന്ന കാർത്തവീര്യാർജ്ജുനന്റെ പുത്രന്മാർ പ്രതികാരദാഹികളായി ജമദഗ്നിയുടെ ആശ്രമത്തിൽ പ്രവേശിച്ചു. അവർ ആ പാപകർമ്മത്തിന് നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള പുറപ്പാടായിരുന്നു അത്. ഭഗവാൻ ശ്രീനാരായണനിൽ മനസ്സുറപ്പിച്ച് ഹോമപ്പുരയിലിരിക്കുകയായിരുന്ന ജമദഗ്നിയെ അവർ വധിക്കുവാനൊരുങ്ങി. കരഞ്ഞുകൊണ്ട് രേണുക തന്റെ പതിയെ കൊല്ലരുതെന്ന് അവരുടെ കാലുപിടിച്ചപേക്ഷിച്ചു. എന്നാൽ, ക്ഷത്രിയധർമ്മം തൊട്ടുതീണ്ടിയിട്ടില്ലാത്തവരും ക്രൂരന്മാരുമായിരുന്ന കാർത്തവീര്യാർജ്ജുനപുത്രന്മാർ ജമദഗ്നിമഹർഷിയുടെ തല കൊയ്തെടുത്ത് കടന്നുകളഞ്ഞു. ഭർത്താവിന്റെ വധം കണ്ട് മനോവ്യഥയിലാണ്ടുപോയ രേണുകാദേവി ആർത്തയായി നെഞ്ചത്തടിച്ചുകൊണ്ട്, രാമാ!, രാമാ! ഉണ്ണീ! വരൂ! വരൂ! എന്നിങ്ങനെ നിലവിളിച്ചു. ആ നിലവിളികേട്ട് ആശ്രമത്തിലേക്ക് ഓടിവന്ന പരശുരാമൻ കണ്ടത് കൊല്ലപ്പെട്ടിരിക്കുന്ന തന്റെ പിതാവിനെയായിരുന്നു. ദുഃഖംകൊണ്ടും കോപം കൊണ്ടും വ്യാകുലനായ പരശുരാമൻ പിതാവിന്റെ മൃതശരീരം കണ്ട് അയോ അച്ഛാ!, സാധുവും ധർമ്മിഷ്ടനുമായ അങ്ങ് ഞങ്ങളെവിട്ട് സ്വർഗ്ഗത്തെ പൂകിയല്ലോ! എന്ന് പറഞ്ഞുകൊണ്ട് ദീനദീനം വിലപിച്ചു. തുടർന്ന് പിതാവിന്റെ ശരീരം സഹോദരങ്ങളെ ഏല്പിച്ച് തന്റെ ആയുധമായ വെണ്മഴുവും കൈയ്യിലേന്തി ക്ഷത്രിയവംശത്തെ ഈ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുമെന്നുള്ള ദൃഢനിശ്ചയത്തോടുകൂടി ആശ്രമത്തിൽനിന്നും ഇറങ്ങിപ്പുറപ്പെട്ടു.

ബ്രഹ്മഹത്യാമഹാപാപത്താൽ നഷ്ടമായ ഐശ്വര്യത്തോടുകൂടി മാഹിഷ്മതീനഗരിയിലെത്തി പരശുരാമൻ ക്ഷത്രിയന്മാരുടെ തലമണ്ടകളെക്കൊണ്ട് ആ നഗരമധ്യത്തിൽ ഒരു കൂറ്റൻ പർവ്വതംതന്നെ സൃഷ്ടിച്ചു. ഇങ്ങനെ ക്ഷത്രിയവംശങ്ങൾ അധർമ്മങ്ങൾ കാട്ടുംതോറും കരുത്തനായ പരശുരാമൻ തന്റെ പിതാവിന്റെ വധത്തെ നിമിത്തമാക്കിക്കൊണ്ട് ഇരുപത്തിയൊന്നു പ്രാവശ്യം ഭൂമിയെ ക്ഷത്രിയശൂന്യമാക്കിച്ചമച്ചു. അവരുടെ രക്തത്താൽ ബ്രഹ്മദ്വേഷികൾക്ക് ഭീതിവളരുമാറുള്ള ഒരു ഭീഷണനദിയേയും സൃഷ്ടിച്ചു. അതുപോലെ, സ്യമന്തപഞ്ചകമെന്ന ഒരു സ്ഥലത്ത് രക്തം കെട്ടിനിൽക്കുന്ന ഒൻപത് കയങ്ങളും രാമൻ തതർത്ഥം നിർമ്മിക്കുകയുണ്ടായി.

ശേഷം, പിതാവിന്റെ ശിരസ്സിനെ കണ്ടെടുത്ത് അത് ആ ഉടലിൽ ഉറപ്പിച്ച് പരശുരാമൻ ആ മൃതശരീരത്തെ കുശപുല്ലിൽ കിടത്തി. പിന്നീട് സകലാത്മാവും സർവ്വേശ്വരനുമായ ഭഗവാൻ ശ്രീഹരിയെ അഗ്നിയിൽ യജ്ഞത്തിലൂടെ ആരാധിച്ചു. യജ്ഞശേഷം, ഹോതാവിന് കിഴക്കൻ‌ദിക്കും, യജ്ഞകർത്താവായ ബ്രഹ്മന്ന് തെക്കൻ‌ദിക്കും, അധ്വര്യുവിന് പടിഞ്ഞാറൻ‌ദിക്കും, ഉദ്ഗാതാവിന് വടക്കുദിക്കും, മറ്റുള്ളവർക്ക് ഇടയ്ക്കുള്ള പ്രദേശങ്ങളും, കശ്യപമുനിക്ക് മധ്യപ്രദേശവും, ഉപദ്രഷ്ടാവിന് ആര്യാവർത്തഭൂമിയും, സദസ്യർക്ക് അവശേഷിച്ച ഭാഗങ്ങളും ദാനം ചെയ്തു. ശേഷം, പുണ്യനദിയായ സരസ്വതിയിൽ മുങ്ങി അവഭൃതസ്നാനത്തെ ചെയ്ത് സ്വയം പരിശുദ്ധനായ പരശുരാമൻ സൂര്യനെപ്പോലെ തിളങ്ങി. ജമദഗ്നിമഹർഷിയാകട്ടെ, ജീവൻ വീണ്ടെടുത്ത് പരശുരാമനാൽ സംപൂജിതനായി സപ്തർഷികളിലൊരുവനായിത്തീർന്നു. ഹേ പരിക്ഷിത്ത് രാജൻ!, സർവ്വജ്ഞാനനിധിയായ ഭഗവാൻ പരശുരാമൻ വരാൻ പോകുന്ന മന്വന്തരത്തിൽ വേദപ്രവർത്തകരായ സപ്തർഷികളിൽ ഒരുവനായിത്തീർന്നു. ആ ഭഗവാൻ ഹിംസാവൃത്തിയെ വെടിഞ്ഞ് ശാന്തസ്വരൂപനായി സിദ്ധഗന്ധർവ്വചാരണാദികളാൽ സ്തുത്യനായി ഇപ്പോഴും മഹേന്ദ്രാചലത്തിൽ വാണരുളുന്നു. അങ്ങനെ വിശ്വാത്മാവായ ഭഗവാൻ ശ്രീനാരായണൻ ഭൃഗുവംശത്തിൽ പിറന്ന് ഭൂമിയ്ക്ക് ഭാരമായിത്തീർന്ന ക്ഷത്രിയരാജാക്കന്മാരെ പലവട്ടം കൊന്നൊടുക്കി തന്റെ ലീലകളാടി.

രാജൻ!, ആളിപ്പടരുന്ന അഗ്നിയെപ്പോലെ അതിതേജസ്സുറ്റ മറ്റൊരു പുത്രൻ ഗാധിയ്ക്കുണ്ടായിരുന്നു. വിശ്വാമിത്രനെന്ന അദ്ദേഹം തപസ്സിനാൽ ക്ഷത്രിയധമ്മമുപേക്ഷിച്ച് ബ്രഹ്മതേജസ്സിനെ നേടി. അദ്ദേഹത്തിന് നൂറ് പുത്രന്മാരുണ്ടായിരുന്നു. അവരിൽ മധ്യമനായിരുന്നു മധുച്ഛന്ദസ്സ്. അവനെ പിന്തുടർന്ന് മറ്റുള്ളവരും മധുച്ഛന്ദസ്സുകൾതന്നെയായിമാറി. ഭൃഗുവംശത്തിൽ ജനിച്ചവനും അജീഗർത്തനെന്ന ബ്രാഹ്മണന്റെ പുത്രനുമായ ദേവരാതനെന്ന ശുനഃശേപനെ പുത്രനായി സ്വീകരിച്ചുകൊണ്ട് വിശ്വാമിത്രൻ സ്വന്തം പുത്രന്മാരോട്, ഇവൻ നിങ്ങളുടെയെല്ലാം ജ്യേഷ്ഠനാണെന്ന് സങ്കൽ‌പ്പിച്ചുകൊള്ളുക, എന്ന് പറഞ്ഞു.

രാജൻ!, ഒരിക്കൽ ഈ ശുനഃശേപന്റെ പിതാവ് അവനെ ഹരിശ്ചന്ദ്രന്റെ ഒരു യാഗത്തിൽ നരപശുവായി വിൽക്കുകയും, യാഗശാലയിൽ ബലികൊടുക്കുവാനായി കൊണ്ടുവരപ്പെട്ട അവൻ ദേവന്മാരെ സ്തുതിചെയ്ത് പ്രീതരാക്കിയതിന്റെ ഫലമായി അവരുടെ കാരുണ്യത്താൽ അവിടെനിന്നും മോചിതനാകുകയും ചെയ്തു. അങ്ങനെ ദേവന്മാരാൽ രക്ഷിക്കപ്പെട്ട അവൻ ഗാധിവംശത്തിൽ ദേവരാതൻ എന്ന ഋഷിയായി അറിയപ്പെട്ടു. രാജൻ!, ജ്യേഷ്ഠന്മാരായ അമ്പതോളം മധുച്ഛന്ദസ്സുകൾ ശുനഃശേപനെ ജ്യേഷ്ഠനായി കരുതുവാൻ തയ്യാറായില്ല. അക്കാരണത്താൽ വിശ്വാമിത്രൻ അവർക്ക്, ദുർജ്ജനങ്ങളായ നിങ്ങൾ മ്ലേച്ഛന്മാരായി ഭവിക്കുക, എന്ന ശാപം കൊടുത്തു.  എന്നാൽ ബാക്കിയുള്ള അമ്പത് മധുച്ഛന്ദസ്സുകൾ ശുനഃശേപനെ ജ്യേഷ്ഠനായി സ്വീകരിച്ചുകൊണ്ട് അവിടുത്തെ ഇംഗിതം അനുസരിച്ചുകൊള്ളമെന്ന് പിതാവായ വിശ്വാമിത്രനോട് പറഞ്ഞു. അവർ ദേവരാതനോട്, തങ്ങൾ അദ്ദേഹത്തിന്റെ ആജ്ഞയെ അനുസരിച്ചുകൊള്ളമെന്ന് വാക്ക് കൊടുത്തു. വിശ്വാമിത്രൻ പറഞ്ഞു: മക്കളേ!, നിങ്ങളുടെ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനാണ്. എന്റെ ആജ്ഞയെ അനുസർച്ചുകൊണ്ട് നിങ്ങൾ എന്നെ സത്പുത്രന്മാരുടെ പിതാവാക്കിച്ചമച്ചിരിക്കുന്നു. ആയതിനാൽ നിങ്ങളും സത്സന്തതികളുടെ പിതാക്കന്മാരായി ഭവിച്ചുകൊള്ളുക. ഈ ദേവരാതൻ എന്റെ മകനാണ്. നിങ്ങളിലൊരുവനും. അവന്റെ ആജ്ഞയെ ഉൾക്കൊണ്ട് ജീവിക്കുക.

അല്ലയോ പരീക്ഷിത്ത് രാജാവേ!, വിശ്വാമിത്രന് അഷ്ടകൻ, ഹാരീതൻ, ജയൻ, ക്രതുമാൻ എന്നിങ്ങനെ നാമത്തിൽ വേറെയും പുത്രന്മാരുണ്ടായിരുന്നു. അദ്ദേഹം തന്റെ കുറെ പുത്രന്മാരെ ശപിക്കുകയും, മറ്റുചിലരെ അനുഗ്രഹിക്കുകയും, ഒരാളെ ദത്തെടുക്കുകയും ചെയ്തു. അങ്ങനെ കൌശികവംശത്തിൽ പല ഗോത്രക്കാരുമുണ്ടായിരുന്നു. എന്നാൽ അതിൽ ദേവരാതനായിരുന്നു ശ്രേഷ്ഠൻ.  

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനാറാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next




Lord Paraśurāma Destroys the World’s Ruling Class

9.15 പരശുരാമാവതാരം – കാർത്തവീര്യാർജ്ജുനവധം

 ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 15

(പരശുരാമാവതാരം കാർത്തവീര്യാർജ്ജുനവധം)

  

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ രാജൻ!, പുരൂരവസ്സിന് ഉർവശിയിൽ ആറ് പുത്രന്മാരുണ്ടായി. അവർ ആയുസ്സ്, ശ്രുതായുസ്സ്, സത്യായുസ്സ്, രയൻ, ജയൻ, വിജയൻ എന്നിവരായിരുന്നു. പിന്നീട്, വസുമാൻ ശ്രുതായുസ്സിനും, ശ്രുതഞ്ജയൻ സത്യായുസ്സിനും, ഏകൻ രയനും, അമിതൻ ജയനും, ഭീമൻ വിജയനും പുത്രന്മാരായി. ഭീമന്റെ പുത്രൻ കാഞ്ചനനായിരുന്നു. അവനിൽനിന്നും ഹോത്രകനും, ഹോത്രകനിൽനിന്നു ജഹ്നുവും ജനിച്ചു. ഈ ജഹ്നുവായിരുന്നു ഒറ്റക്കവിളിൽ ഗംഗാനദിയെ മുഴുവൻ കുടിച്ചുവറ്റിച്ചതു. ജഹ്നുവിന്റെ പുത്രൻ പൂരുവും, അവന്റെ പുത്രൻ വലാകനും, വലാകപുത്രൻ അജകനുമായിരുന്നു. അജകനിൽനിന്ന് കുശൻ ജാതനായി. കുശന്റെ പുത്രന്മാരായി കുശാംബു, മൂർത്തയൻ, വസു, കുശനാഭൻ എന്നീനാമങ്ങളിൽ നാല് പുത്രന്മാരുണ്ടായി. അതിൽ കുശാംബുവിന്റെ പുത്രനായി ഗാധി പിറന്നു. അവന്റെ പുത്രിയായി ജനിച്ച സത്യവതിയെ ഋചീകൻ എന്ന ഒരു ബ്രാഹ്മണൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. എന്നാൽ, ഋചീകൻ തന്റെ മകൾക്കനുയോജ്യനല്ലെന്നറിഞ്ഞ ഗാധി ഭൃഗുവംശജാതനായ ആ ബ്രാഹ്മണനോട് പറഞ്ഞു: ഹേ ബ്രാഹ്മണാ!, ഞങ്ങൾ കുശവംശജരായ ക്ഷത്രിയന്മാരാണ്. എന്റെ മകളെ അങ്ങേയ്ക്ക് വിവാഹം കഴിക്കണമെങ്കിൽ അങ്ങ് ഞങ്ങളാവശ്യപ്പെടുന്ന സ്ത്രീധനം നൽകേണ്ടതുണ്ടു. ആയതിനാൽ, ഏറ്റവും കുറഞ്ഞത്, വെൺചന്ദ്രനെപ്പോലെ തിളക്കമാർന്നതും, ഏതെങ്കിലും ഒരുവശത്ത് കറുത്ത കാതുള്ളവയുമായ ഒരായിരം കുതിരകളെയെങ്കിലും കന്യകയുടെ ശുൽകമായി കൊണ്ടുവരിക.

രാജൻ!, ഋചീകൻ വരുണന്റെ പക്കൽനിന്നും ഗാധിരാജാവ് ആവശ്യപ്പെട്ട പ്രകാരമുള്ള ആയിരം കുതിരകളെ കൊണ്ടുവന്ന് നൽകി സത്യവതിയെ വിവാഹം കഴിച്ചു.  സന്താനങ്ങളുണ്ടാകണമെന്ന ആഗ്രഹത്തോടെ സത്യവതിയും അവളുടെ മാതാവും ചെയ്ത അപേക്ഷയെ മാനിച്ച് ഋചീകമഹർഷി രണ്ടുതരം മന്ത്രങ്ങൾകൊണ്ട് രണ്ടുതരം ഹവിസ്സുകൾ പാകം ചെയ്തുവച്ചതിനുശേഷം യജ്ഞത്തിനുമുമ്പ് സ്നാനത്തിനായി പോയി. ആ സമയം, മഹർഷിയുണ്ടാക്കിയ ചരുക്കളിൽ കൂടുതൽ ശ്രേഷ്ഠമായത് സത്യവതിയ്ക്കുവേണ്ടിയുള്ളതാകുമെന്ന് ചിന്തിച്ച മാതാവ്, തനിക്കുവേണ്ടിയുള്ള ചരുവിനെ മകൾക്ക് ഭക്ഷിയ്ക്കുവാൻ നൽകുകയും, മറ്റേതിനെ സ്വയം ഭക്ഷിയ്ക്കുകയും ചെയ്തു. സ്നാനം കഴിഞ്ഞെത്തിയ മുനിയ്ക്ക് ഈ കാര്യം മനസ്സിലായി. അദ്ദേഹം സത്യവതിയോട് പറഞ്ഞു: അഹോ കഷ്ടം!. മഹാപരാധമാണ് നീ ചെയ്തത്. തത്ക്കാരണത്താൽ നിനക്ക് ജനിക്കാൻ പോകുന്ന പുത്രൻ അതിഘോരനും ആയുധധാരിയായും, എന്നാൽ, നിന്റെ സഹോദരനായി ജനിക്കാൻ പോന്നവൻ ബ്രഹ്മജ്ഞാനികളിൽ അഗ്രണ്യനായും ഭവിയ്ക്കും.

അങ്ങനെയാകാതിരിക്കുവാൻ സത്യവതി ഋചീകനോട് പ്രാർത്ഥിച്ചു. ആയതിനാൽ അവളുടെ പൌത്രൻ ഒരു ക്ഷത്രിയവീരനായിരിക്കുമെന്ന് പറഞ്ഞ് മുനി അവളെ സമാധാനിപ്പിക്കുകയും ചെയ്തു. അങ്ങനെ ജമദഗ്നി സത്യവതിയുടെ പുത്രനായി ജനിച്ചു. ശേഷം, സത്യവതി ലോകത്തെ മുഴുവൻ ശുദ്ധീകരിക്കുന്ന പാവനനദിയായ കൌശികിയായിത്തീർന്നു. അവളുടെ പുത്രൻ ജമദഗ്നി രേണുവിന്റെ പുത്രിയായ രേണുകയെ വിവാ‍ഹം കഴിച്ചു. അവളിൽ അദ്ദേഹത്തിന് വസുമാൻ മുതലായ പുത്രന്മാരുണ്ടായി. അതിൽ ഏറ്റവും ഇളയ പുത്രൻ വിശ്വവിഖ്യാതനായ പരശുരാമനാണ്. ഹേഹയവശത്തെ മുച്ചൂടും നശിപ്പിച്ച ശ്രീമഹാവിഷ്ണുവിന്റെ അംശാവതാരമായി ഈ പരശുരാമൻ അറിയപ്പെടുന്നു. ഈ പരശുരാമൻ മൂവേഴ് ഇരുപത്തിയൊന്ന് പ്രാവശ്യം ഈ ഭൂതലത്തെ ക്ഷത്രിയശൂന്യമാക്കി. ഇവിടെ രാജാക്കന്മാർ രജോഗുണത്താലും തമോഗുണത്താ‍ലും ആവൃതരായി അധർമ്മികളും ബ്രഹ്മദ്വേഷികളുമായി ഭൂമിയിൽ വെറും ഭാരമായി ഭവിച്ചപ്പോൾ പരശുരാമൻ അവരെ കൊന്നൊടുക്കി. നിസ്സാരമായ അപരാധം പോലും പെറുത്തുനൽകാതെ രാമൻ അവരെ നശിപ്പിച്ചു.

പരീക്ഷിത്ത് ചോദിച്ചു: മഹർഷേ!, ഭഗവാനോട് അവർ ആ വിധത്തിൽ എന്തപരാധമായിരുന്നു കാട്ടിയത്? എന്തുകൊണ്ടായിരുന്നു ഭഗവാൻ പരശുരാമൻ ആ രാജാക്കന്മാരെ ഉമൂലനാശം വരുത്തി ഇങ്ങനെ തുടരെത്തുടരെ കൊന്നൊടുക്കിയതു?

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഒരിക്കൽ, ഹേഹയരാജാവായിരുന്ന കാർത്തവീര്യാർജ്ജുനൻ ഭഗവദവതാരമായിരുന്ന ദത്താത്രേയമഹർഷിയെ പ്രസാദിപ്പിച്ച് ആയിരം കരങ്ങൾ നേടിയിരുന്നു. അദ്ദേഹത്തെ ആർക്കുംതന്നെ ജയിക്കുവാൻ സാധിക്കുമായിരുന്നില്ല. തികഞ്ഞ ബുദ്ധിവൈഭവം, സൌന്ദര്യം, സ്വാധീനം, കരുത്ത്, യശസ്സ്, മായാജാലവിദ്യകൾ, അണിമാദിസിദ്ധികൾ മുതലായവകൾ അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതകളായിരുന്നു. ഇങ്ങനെ സർവ്വൈശ്വര്യയുക്തനായ കാർത്തവീര്യാർജ്ജുനൻ യാതൊരു തടസ്സങ്ങളും കൂടാതെ ലോകം മുഴുവൻ കാറ്റിനെപ്പോലെ ചുറ്റികറങ്ങി. ഒരിക്കൽ, വൈജയന്തിമാലയണിഞ്ഞുകൊണ്ട് അദ്ദേഹം തരുണീമണികളോടൊത്ത് നർമ്മദാനദിയിൽ ക്രീഡിച്ചുകൊണ്ടിരിക്കെ അഹങ്കാരോന്മത്തനായി തന്റെ കൈകൾകൊണ്ട് ആ നദിയുടെ പ്രവാഹത്തെ തടഞ്ഞുനിർത്തി. അപ്പോഴാണ് വീരനെന്ന് സ്വയം അഭിമാനിക്കുന്ന രാവണന്റെ സൈന്യത്താവളം ആ കുത്തൊഴുക്കിൽ‌പ്പെട്ട് നശിച്ചുപോയതു. അങ്ങനെ സംഭവിക്കുവാൻ കാരണം കാർത്തവീര്യാർജ്ജുന്റെ ശക്തിയാണെന്നറിഞ്ഞ രാവണന് ആ നാണക്കേട് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. രാവണൻ സ്ത്രീകളുടെ മുന്നിൽ‌വച്ച് കാർത്തവീര്യാർജ്ജുനനെ അപമാനിക്കുവാൻ ശ്രമിച്ചു. എന്നാൽ, അയാൾ വളരെ നിഷ്പ്‌പ്രയാസം കാർത്തവീര്യാർജ്ജുനന്റെ പിടിയിലാകുകയും മാഹിഷ്മതിയിൽ കൊണ്ടുവന്ന് തടവിലാക്കപ്പെടുകയും, ഒടുവിൽ, ഒരു കുരങ്ങനെ എന്നപോലെ, കളിയാക്കുന്ന രീതിയിൽ വിട്ടയയ്ക്കുപ്പെടുകയും ചെയ്തു.

ഒരിക്കൽ, കാർത്തവീര്യാർജ്ജുനൻ വിജനമായ ഒരു വനപ്രദേശത്ത് നായാടിനടക്കുന്നതിനിടയിൽ യാദൃശ്ചികമായി ജമദഗ്നിമഹർഷിയുടെ ആശ്രമത്തിലെത്തപ്പെട്ടു. തപോധനനായ മുനി സൈന്യത്തോടും ഗജതുരഗാദി വാഹനങ്ങളോടുമൊപ്പം വന്ന് രാജാവിനെ എതിരേറ്റു. കാമധേനുവിന്റെ സഹായത്തോടെ മുനി രാജാവിനെ യഥോചിതം സത്കരിച്ചു. ഇത്തരത്തിൽ ഒരു കാമധേനു സ്വന്തമായുള്ള മുനി തന്നേക്കൾ ധനികനാണെന്ന വിചാരത്താൽ കാർത്തവീര്യാർജ്ജുനനും അദ്ദേഹത്തോടൊപ്പമുള്ള ഹേഹയന്മാർക്കും അഗ്നിഹോത്രാദിമഹായജ്ഞങ്ങൾക്കുപകരിക്കുന്ന ആ കാമധേനുവിൽ ആശ വരികയും, മുനി നൽകിയ ആ സത്കാരത്തെ വേണ്ടവിധം സ്വീകരിക്കുകയും ചെയ്തില്ല. അഹങ്കാരോന്മത്തനായ കാർത്തവീര്യാർജ്ജുനൻ ജമദഗ്നിയുടെ കാമധേനുവിനെ തട്ടിക്കൊണ്ടുപോകുവാൻ തന്റെ ആൾക്കാർക്ക് നിയോഗം നൽകി. അതനുസരിച്ച് അവർ നിലവിളി കൂട്ടുന്ന കാമധേനുവിനെ അതിന്റെ കിടങ്ങൾക്കൊപ്പം മാഹിഷ്മതിയിലേക്ക് അപഹരിച്ചുകൊണ്ടുപോയി.

രാജാവ് മടങ്ങിയതിനുശേഷം പരശുരാമൻ ആശ്രമത്തിൽ തിരികെയെത്തി. കാർത്തവീര്യാർജ്ജുനന്റെ ആ ദുഷ്പ്‌പ്രവൃത്തി പരശുരാമനെ നന്നേ ചൊടിപ്പിച്ചു. ചിവിട്ടേറ്റ പാമ്പിനെപ്പോലെ അദ്ദേഹം ക്രോധവാനായി. ഘോരമായ പരശുവും, തൂണീരവും പടവില്ലും പരിചയുമെടുത്ത് ആർക്കും നേരിടുവാനാകാത്തവിധം ക്രാന്തിയോടെ, സിഹം ആനയുടെ പിന്നാലെയെന്നതുപോലെ, രാമൻ പുറപ്പെട്ടു. കാർത്തവീര്യാർജ്ജുനൻ തന്റെ നഗരമായ മാഹിഷ്മതിയിലേക്ക് കയറിയതും, അമ്പും വില്ലും വെണ്മഴുവും പടച്ചട്ടയുമണിഞ്ഞ ക്രുദ്ധനായ പരശുരാമനെ കണ്ടു. മാൻ‌തോലുടുത്ത പരശുരാമന്റെ ജടമുടി ഉജ്ജ്വലിക്കുന്ന സൂര്യകിരണങ്ങൾപോലെ ശോഭിച്ചു. ആന, തേർ, കുതിര, കാലാൾ എന്നീ ചതുരംഗങ്ങളും, അതുപോലെ ഗദ, വാൾ, ശരം, ഈട്ടി, മുൾത്തടി, വേൽ തുടങ്ങിയ ആയുധങ്ങളോടും കൂടിയ കാർത്തവീര്യാർജ്ജുനന്റെ പതിനേഴ് അക്ഷൌഹിണിപടകളെ ഭഗവാനായ ശ്രീ പരശുരാമൻ ഏകനായി തകർത്തെറിഞ്ഞു. വെണ്മഴു പ്രഹരിച്ചുകൊണ്ട് വായുവേഗത്തിൽ ഭഗവാൻ ശ്രത്രുക്കളെ കൊന്നൊടുക്കി. ഭഗവാൻ എവിടെയെല്ലാം പോകുന്നുവോ, അവിടെയെല്ലാം ശത്രുക്കളുടെ അറ്റുപോയ കൈകളും തലകളും തുടകളും കഴുത്തുകളും ജീവനറ്റുകിടക്കുന്ന സാരഥികളും തകർന്നുതരിപ്പണമായിക്കിടക്കുന്ന വാഹനങ്ങളും കാണപ്പെട്ടു. പോർക്കളത്തിൽ ചോര ചളിയായി തളം കെട്ടിക്കിടന്നു. സർവ്വയിടവും പൊട്ടിത്തകർന്ന അമ്പുകളും വില്ലുകളും പരിചകളും കൊടിമരങ്ങളും. ഇതെല്ലാം കണ്ട കാർത്തവീര്യാർജ്ജുനൻ കോപത്തോടെ ഭഗവാന്റെ നേർക്ക് ചാടിവീണു. പെട്ടന്ന് അഞ്ഞൂറ് വില്ലുകളിൽ അത്രയുംതന്നെ ശരങ്ങൾ അതിലിരട്ടിയായ കൈകൾകൊണ്ട് പരശുരാമനുനേരേ തൊടുത്തയയ്ച്ചു. ഭഗവാൻ അവയെ ഒരൊറ്റ അമ്പുകൊണ്ട് ഒരേസമയം തകർത്തുകളഞ്ഞു. വീണ്ടും മലകളേയും മരങ്ങളേയുമേന്തി കാർത്തവീര്യാർജ്ജുനൻ യുദ്ധത്തിനായി അതിവേഗം ഭഗവാന്റെ നേർക്കടുത്തു. എന്നാൽ ആ ഭുജങ്ങളെ ഭഗവാൻ കഠോരമായ തന്റെ വെണ്മഴുവാൽ, പാമ്പിന്റെ പത്തികളെ, എന്നതുപോലെ ഛേദിച്ചുവീഴ്ത്തി. കരങ്ങൾ ഛേദിക്കപ്പെട്ട കാർത്തവീര്യാർജ്ജുനന്റെ ശിരസ്സ്, പർവ്വതത്തിൽനിന്നും അതിന്റെ ശിഖരത്തെയെന്നതുപോലെ, പരശുരാമൻ അവന്റെ ഉടലിലിനിന്നും വെട്ടിവീഴ്ത്തി. പിതാവിന്റെ വധം കണ്ട് ഞെട്ടിവിറച്ച കാർത്തവീര്യാർജ്ജുനന്റെ പതിനായിരം പുത്രന്മാർ ഭീതിയോടെ അങ്ങിങ്ങായി ഓടിയൊളിച്ചു. തുടർന്ന്, ക്ഷീണിച്ചുതളർന്ന കാമധേനുവിനെ രാമൻ കിടാങ്ങളോടൊപ്പം പിതാവിന് സമർപ്പിച്ചു.

ഉണ്ടായ സംഭവങ്ങളെല്ലാം പരശുരാമൻ പിതാവിനും സഹോദരങ്ങൾക്കും പറഞ്ഞുകേൾപ്പിച്ചു. അതിനെ കേട്ടയുടൻ ജമദഗ്നിമഹർഷി പറഞ്ഞു: ഹേ രാമാ!, നീ പാപം ചെയ്തിരിക്കുന്നു. ദേവന്മാർക്ക് തുല്യനായ ഒരു മനുഷ്യശ്രേഷ്ഠനെയാണ് നീ വധിച്ചിരിക്കുന്നതു. ഉണ്ണീ!, നാം ബ്രാഹ്മണർ ക്ഷമകൊണ്ട് പൂജിതരായവരാണ്. ക്ഷമ ഒന്നുകൊണ്ടുമാത്രമാണ് ലോകഗുരുവായ വിധാതാവ് പരമേഷ്ഠി എന്ന സർവ്വോന്നതപദവിയെ പ്രാപിച്ചിരിക്കുന്നതു. ക്ഷമ കൊണ്ട് ബ്രാഹ്മണതേജസ്സ് സൂര്യനെന്നതുപോലെ പ്രശോഭിക്കുന്നു. സർവ്വേശ്വരനായ ഭഗവാൻ ശ്രീനാരായണൻ ക്ഷമാശാലികളിൽ അതിവേഗം പ്രസാദിക്കുന്നു. അഭിഷിക്തനായ രാജാവിനെ വധിക്കുന്നത് ബ്രഹ്മഹത്യയെക്കാൾ മഹാപാപമാണ്. കുഞ്ഞേ!, നീ നിന്റെ ബുദ്ധിയെ ഭഗവാൻ നാരായണനിൽ അർപ്പിച്ച്, മഹാതീർത്ഥങ്ങളെ സന്ദർശിച്ചുകൊണ്ട് ഈ മഹാപാതകത്തിന് പരിഹാരം കണ്ടാലും.

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനഞ്ചാമദ്ധ്യായം സമാപിച്ചു.

 ഓം തത് സത്.

  

Previous    Next

2020, ഓഗസ്റ്റ് 15, ശനിയാഴ്‌ച

9.14 ബുധന്റെ ഉത്പത്തി

 

ഓം

 ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 14

(ബുധന്റെ ഉത്പത്തി)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: മഹാരാജൻ!, ഇനി, ചന്ദ്രന്റെ പാവനവംശത്തെക്കുറിച്ച് കേട്ടാലും. അതിൽ പുരൂരവസ്സ് മുതലായ മഹാരാജാക്കന്മാരുടെ ചരിതമാണ് പ്രതിപാദ്യം. ഭഗവാൻ ആദിനാരായണനെ സഹസ്രശീർഷൻ എന്ന് വേദങ്ങൾ വിളിക്കുന്നു. അങ്ങനെയുള്ള ഭഗവാന്റെ നാഭിയിൽനിന്നും വിടർന്ന താമരയിൽ സംഭവനായ ബ്രഹ്മദേവന്റെ പുത്രൻ അത്രി പിതാവിനെപ്പോലെതന്നെ ശ്രേഷ്ഠനായിരുന്നു. അത്രിയുടെ ആനന്ദക്കണ്ണീർക്കണങ്ങളിൽനിന്നും സോമൻ എന്ന ഒരു പുത്രൻ ജനിച്ചു. സോമനെ ബ്രഹ്മദേവൻ ബ്രാഹ്മണരുടേയും ഔഷധികളുടേയും നക്ഷത്രരാശികളുടേയും അധിപനായി നിയമിച്ചു. മൂന്ന് ലോകങ്ങളേയും ജയിച്ച സോമനാകട്ടെ, രാജസൂയയജ്ഞം നടത്തി. ശേഷം ഗുരു ബൃഹസ്പതിയുടെ പത്നിയായ താരയെന്നവളെ അപഹരിച്ചു. പല പ്രാവശ്യം യാജനയോടുകൂടി ദേവഗുരു അഭ്യർത്ഥിച്ചിട്ടും സോമൻ അവളെ തിരികെ നൽകാൻ കൂട്ടാക്കിയില്ല. തുടർന്ന്, ദേവാസുരയുദ്ധം സംഭവിച്ചു. ബൃഹസ്പതിയോടുള്ള വൈരത്താൽ അസുരഗുരുവായ ശുക്രാചാര്യർ അസുരന്മാരോടൊപ്പം ചേർന്ന് സോമന്റെ പക്ഷം കൂടി. എന്നാൽ ശ്രീരുദ്രൻ ഗുരുഭക്തിയാൽ സ്നേഹം കൊണ്ട് സമസ്തഭൂതഗണത്തോടൊപ്പം ബൃഹസ്പതിയുടെ പക്ഷവും ചേർന്നു. ദേവേന്ദ്രനും ദേവസമൂഹങ്ങൾക്കൊപ്പം ദേവഗുരുവിന് തുണയായി. അങ്ങനെ താരയെ ചൊല്ലിയുണ്ടായ യുദ്ധം ദേവാസുരന്മാർക്ക് നാശത്തിന് വഴി വിരിച്ചു. പിന്നീട്, സംഭവത്തെക്കുറിച്ചറിഞ്ഞ ബ്രഹ്മദേവൻ സോമനെ ഭർത്സിച്ചുകൊണ്ട് താരയെ അവളുടെ ഭർത്താവായ ബൃഹസ്പതിയ്ക്ക് കൈമാറി. ദിവസങ്ങൾ കഴിഞ്ഞതോടെ താര ഗർഭിണിയായിരുന്നുവെന്ന് ദേവഗുരുവിന് അറിയാൻ കഴിഞ്ഞു.

തതവസരത്തിൽ ബൃഹസ്പതി പറഞ്ഞു: ഹേ മതികെട്ടവളേ!, അന്യപുരുഷനിൽനിന്നും നീ നേടിയ ഈ ഗർഭത്തെ ഉടൻ പ്രസവിക്കുക!. നിന്റേതല്ലാത്ത ഈ തെറ്റിനുവേണ്ടി നാം നിന്നെ ഭസ്മമാക്കുന്നില്ലെന്നുമാത്രം. സന്താനാർത്ഥിയായതിനാൽ നാം നിന്നെ അക്കാരണത്താൽ ഇപ്പോൾ ശിക്ഷിക്കുന്നുമില്ല.

ശ്രീശുകൻ തുടർന്നു: രാജൻ!, അവൾ പെട്ടെന്നുതന്നെ ആ കുഞ്ഞിനെ പ്രസവിച്ചു. തങ്കത്തിന്റെ നിറത്തിൽ അതിമനോഹരമായ ആ കുഞ്ഞിനെ സോമനും ബൃഹസ്പതിയും ഒരുപോലെ ആഗ്രഹിച്ചു. വീണ്ടും ഇരുവരും തമ്മിൽ തർക്കമായി. അവർ ഓരോരുത്തരും കുഞ്ഞ് തന്റേതാണെന്ന് പ്രസ്താവിച്ചു. ദേവന്മാർ ഇടപെട്ട് തർക്കം തീർക്കുവാൻ ശ്രമിച്ചെങ്കിലും അവൾ നാണത്താൽ തല കുനിയ്ക്കുകയല്ലാതെ കുഞ്ഞ് ആരുടേതാണെന്ന് പറയാൻ കൂട്ടാക്കിയില്ല. താരയുടെ അസ്വഭാവികമായ നാണം കണ്ട കുട്ടി ദേഷ്യത്തോടെ അവളോട് കയർത്തു: ഹേ ദുശ്ചരിതേ!, എന്താണ് നീ ഒന്നും മിണ്ടാതെ നിൽക്കുന്നത്? കള്ളനാണം നടിയ്ക്കാതെ നിന്റെ ദോഷത്തെ നീതന്നെ തുറന്ന് പറയൂ!

ഒടുവിൽ, ബ്രഹ്മദേവൻ താരയെ അവിടെനിന്നും മാറ്റിനിർത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കുഞ്ഞ് സോമന്റേതാണെന്ന് അവൾ സമ്മതിച്ചു. അതോടെ തർക്കം തീരുകയും, സോമൻ കുഞ്ഞിനെ ഏറ്റെടുക്കുകയും ചെയ്തു. ബാലന്റെ ബുദ്ധിവൈഭവത്തെ തിരിച്ചറിഞ്ഞ ബ്രഹ്മദേവൻ കുഞ്ഞിന് ബുധൻ എന്ന് നാമകരണം ചെയ്തു. സോമൻ ബുദ്ധിമാനായ തന്റെ പുത്രനോടൊപ്പം സന്തോഷത്തോടെ വാണു.

രാജാവേ!, സോമനിൽനിന്നും പിന്നീട് ഇളയിൽ പുരൂരവസ്സ് ജനിച്ചു. ഒരിക്കൽ അമരാവതിയിൽവച്ച് നാരദമുനി ഭൂമിയിലെ രാജാവായ ഈ പുരൂരവസ്സിന്റെ ചരിതം പാടിപ്പുകഴ്ത്തുന്നത് സ്വർഗ്ഗസുന്ദരിയായ ഉർവശി കേൾക്കാനിടയായി. ആ രാജാവിൽ അവൾ പെട്ടെന്നുതന്നെ അനുരക്തയായി. മിത്രവരുണന്മാരുടെ ശാപത്താൽ ഒരിക്കൽ മാനുഷവേഷം ധരിക്കേണ്ടിവന്നവളായിരുന്നു ഉർവശി. പുരൂരവസ്സിന്റെ അംഗലാവണ്യത്തിൽ മതിമറന്നുവെങ്കിലും മനോനിയന്ത്രണം വീണ്ടെടുത്ത് അവൾ അദ്ദേഹത്തിന്റെയടുക്കലെത്തി. അവളെ കണ്ടതിലുണ്ടായ ആനന്ദത്തിൽ പരവശനായ പുരൂരവസ്സ് സ്നേഹം തുളുമ്പുന്ന വാക്കുകൾ കൊണ്ട് അവളോടിങ്ങനെ പറഞ്ഞു: ഹേ സുന്ദരീരത്നമേ!, വരൂ! അടുത്തുവന്നിരിക്കൂ‍! എന്താണ് നാം നിനക്കുവേണ്ടി ചെയ്യേണ്ടതു?. എത്രകാലം വേണമെങ്കിലും നിനക്കെന്നോടൊത്ത് രമിക്കാവുന്നതാണ്. ഇനിയുള്ളകാലമത്രയും നമുക്ക് രതിസുഖത്തോടെ വാഴാം.

അതുകേട്ട ഉർവശി പറഞ്ഞു: അല്ലയോ സുന്ദരാ!, ആരുടെ കണ്ണുകളും മനസ്സുമാണ് അങ്ങയുടെ ഈ ശരീരസൌന്ദര്യത്തിൽ രമിയ്ക്കാത്തത്?. ആർക്കാണ് അങ്ങയുടെ വിരിമാറിൽനിന്നും വിട്ടുപോകാൻ സാധിക്കുന്നത്?. ഹേ രാജാവേ!, എന്നോടൊപ്പം ഭൂമിയിലേക്ക് പതിച്ച ഈ രണ്ട് ആട്ടിൻകുട്ടികളെക്കൂടി അങ്ങ് സംരക്ഷിക്കണം. ഞാൻ ദേവസ്ത്രീയാണെങ്കിലും സുന്ദരനായ അങ്ങയെ ഭർത്താവായി സ്വീകരിക്കുന്നതിലും അങ്ങയോടൊപ്പം രമിക്കുന്നതിലും എനിക്ക് സന്തോമാണ്. ഹേ വീരാ!, ഞാൻ നെയ്യ് മാത്രമേ ആഹരിയ്ക്കുകയുള്ളൂ. പിന്നൊന്ന് സംഭോഗവേളയിലൊഴിച്ച് ഒരിക്കൽപോലും അങ്ങ് വിവസ്ത്രനായി എന്റെ മുന്നിൽ വരരുതു. അങ്ങനെയുണ്ടാകുന്നപക്ഷം ഞാൻ അങ്ങയെ വിട്ടുപോകും

ഹേ പരീക്ഷിത്ത് രാജൻ!, എല്ലാം അങ്ങനെതന്നെയാകട്ടെ! എന്ന് പുരൂരവസ്സ് സമ്മതിച്ചു. അദ്ദേഹം പറഞ്ഞു: ഹേ സുന്ദരീ!, നിന്റെ അംഗലാവണ്യവും ശൃംഗാരാദിഭാവങ്ങളുമെല്ലാം അത്ഭുതകരമായിരിക്കുന്നു. അങ്ങനെയുള്ള നീ സ്വയമേവ മുന്നിൽ വന്നാൽ ആരാണ് സേവിക്കാത്തതു?.

ശ്രീശുകൻ പറഞ്ഞു: രാജൻ!, അദ്ദേഹം അവളോടൊപ്പം ചൈത്രരഥം മുതലായ ദേവോദ്യാനങ്ങളിൽ യഥേഷ്ടം വിഹരിച്ചു. അവളുടെ ശരീരത്തിന് താമരപൂമ്പൊടിയുടെ ഗന്ധമായിരുന്നു. അതിനെ ആസ്വദിച്ചുകൊണ്ട് പുരൂരവസ്സ് ദിനരാത്രങ്ങൾ സന്തോഷത്തോടെ കഴിച്ചുപോന്നു.

എന്നാൽ, രാജൻ!, തന്റെ സഭയിൽ ഉർവശിയുടെ സാന്നിധ്യം ഇല്ലാതായതറിഞ്ഞ് ദേവേന്ദ്രൻ ഗന്ധർവ്വന്മാരോട് അവളെ കൂട്ടിക്കൊണ്ടുവരുവാനായി ആവശ്യപ്പെട്ടു. ഒരുദിവസം പാതിരാനേരത്ത് ഗന്ധർവ്വന്മാർ പുരൂരവസ്സിന്റെ കൊട്ടാരത്തിലെത്തിയതിനുശേഷം, ഉർവശി അദ്ദേഹത്തെ ഏല്പിച്ച ആ രണ്ട് കുഞ്ഞാടുകളെ കട്ടുകൊണ്ടുമറഞ്ഞു. ഉർവശിയ്ക്ക് ആ കുഞ്ഞാടുകൾ സ്വന്തം പുത്രന്മാരെപ്പോലെയായിരുന്നു. അവയുടെ കരച്ചിൽ കേട്ട് ഉർവശി തന്റെ ഭർത്താവായ പുരൂരവസ്സിനെ ഭർത്സിക്കുവാൻ തുടങ്ങി. അവൾ പറഞ്ഞു: അഹോ കഷ്ടം! ഞാൻ ഹനിക്കപ്പെട്ടിരിക്കുന്നു. സ്വയം മഹാനെന്ന് കരുതുന്നവനും, ആണും പെണ്ണും കെട്ടവനുമായ ഒരുവന്റെ ഭാര്യയായതിൽ ഞാൻ നശിക്കപ്പെട്ടിരിക്കുന്നു. ഇയാളിൽ ആശ്രിതയായ എന്റെ പുത്രസമമായ രണ്ട് കുഞ്ഞാടുകളെ ആരോ കട്ടുകൊണ്ടുപോയിരിക്കുന്നു. എന്നാൽ, എന്റെ ഭർത്താവായ ഇയാൾ, പകൽസമയം വീരനായി അഭിനയിച്ചുകൊണ്ട്, രാത്രിയിൽ ഒരു സ്ത്രീയെപ്പോലെ വീട്ടിനുള്ളിൽ പേടിച്ചൊളിച്ചിരിക്കുകയാണ്.

രാജൻ!, അവളുടെ പരുഷമായ ആ വാക്കുകൾ, ഒരാനയ്ക്കേൽക്കേണ്ടിവരുന്ന തോട്ടിയുടെ കുത്തുകൾപോലെ, രാജാവിന് തോന്നുകയും അതിൽ അദ്ദേഹം കോപാകുലനാകുകയും ചെയ്തു. കോപത്താൽ വസ്ത്രമെടുത്തുടുക്കാൻപോലും മറന്ന രാജാവ് കൈയ്യിൽ കിട്ടിയ വാളുമായി ആ രാത്രിയിൽ കൊട്ടാരത്തിൽനിന്നും വെളിയിലിറങ്ങി. ഈ സമയം, ആട്ടിൻ‌കുട്ടികളെ വിട്ടയച്ച് ഗന്ധർവ്വന്മാർ മിന്നൽ‌പിണരുകളെപ്പോലെ പ്രശോഭിച്ചു. ആ പ്രകാശത്തിൽ ഉർവശി പുരൂരവസ്സിനെ നഗ്നനായി കാണുകയും, തത്ക്കാരണത്താൽ അവൾ അദ്ദേഹത്തെ ഉപേക്ഷിച്ചുപോകുകയും ചെയ്തു.

കിടക്കയിൽ ചെന്നുനോക്കിയപ്പോൾ ഉർവശിയെ കാണാതായതിനാൽ രാജാവിനുണ്ടായ സങ്കടം അസഹനീയമായിരുന്നു. അദ്ദേഹം അവളെക്കുറിച്ചുള്ള ചിന്തയിൽ മാനസം തളർന്നിരിക്കുകയായി. തുടർന്ന്, ഒരു ഭ്രാന്തനെപ്പോലെ ഭൂമിയിലുടനീളം ചുറ്റിക്കറങ്ങുവാൻ തുടങ്ങി. അങ്ങനെയിരിക്കെ, ഒരിക്കൽ, കുരുക്ഷേത്രത്തിലെ സരസ്വതീനദിയുടെ തീരത്ത് തന്റെ അഞ്ച് തോഴിമാരോടൊപ്പം സന്തോഷവതിയായി ഉർവശി കാണപ്പെട്ടു. അദ്ദേഹം മധുരതരം അവളോട് പറഞ്ഞു: അല്ലയോ പ്രിയതമേ!, നിൽക്കുക!. എനിക്കറിയാം, നിന്നെ ഇതുവരെയും വേണ്ടവണ്ണം സന്തോഷിപ്പിക്കുവാൻ എനിക്കായിട്ടില്ല. പക്ഷേ, എന്നുകണ്ട് നീ ഈയുള്ളവനെ ഉപേക്ഷിക്കാതിരിക്കുക!. ഈ പ്രവൃത്തി നിനക്ക് ചേർന്നതല്ല. ഒരുപക്ഷേ, ഞാൻ നിനക്ക് ചേർന്നവനല്ലെങ്കിൽകൂടി എന്റെ വാക്കുകൾ കേൾക്കാൻ സന്മനസ്സുണ്ടാകുക!. ദേവീ!, നിനക്കനുയോജ്യനല്ലാത്ത എന്നെ നീ ഉപേക്ഷിക്കുന്നപക്ഷം, സുന്ദരമായ ഈ ശരീരം ഇവിടെ പതിച്ചുപോകും. അത് ചെന്നായ്ക്കളും കഴുകന്മാരും കൊത്തിപ്പറിക്കും.

ഉർവശി പറഞ്ഞു: രാജൻ!, അങ്ങ് ഒരു പുരുഷനാണ്. വീരനുമാണ്. ഇങ്ങനെ വ്യാകുലനായി ശരീരമുപേക്ഷിക്കുവാൻ പാടില്ല. ധീരനായിരിക്കൂ!. ഇന്ദ്രിയങ്ങളാകുന്ന ചെന്നായ്ക്കൂട്ടങ്ങൾക്ക് ജയിക്കാൻ നിങ്ങൾതന്നെ നിങ്ങളെ വിട്ടുകൊടുക്കാതിരിക്കുക. നിങ്ങളുടെ ശരീരം ചെന്നായ്ക്കൾക്ക് തിന്നാൻ കൊടുക്കരുതു. ഇന്ദ്രിയാതീതനാകുക. സ്ത്രീഹൃദയം ചെന്നായ്ക്കളെപ്പോലെയാണ്. ആയതിനാൽ, അവരോട് ചങ്ങാത്തം കൂടിയിട്ട് ഭൂമിയിൽ ആർക്കും ഒന്നുംതന്നെ നേടാൻ സാധിക്കുകയില്ല. സ്ത്രീകൾ സൂത്രശാലികളും ദയയില്ലാത്തവരുമാണ്. ചെറിയ കുറ്റങ്ങൾപോലും അവർ സഹിക്കാറില്ല. കാര്യസാധ്യത്തിനായി അവർ ഏതറ്റം വരെയും പോകുന്നു. അതിനുവേണ്ടി അവർ സ്വന്തം ഭർത്താവിനേയോ സഹോദരനെപ്പോലുമോ കൊല്ലുന്നു. അജ്ഞന്മാർ അവരിൽ നിഷ്‌പ്രയാസം വിശ്വാസത്തെ ആർജ്ജിക്കുന്നു. ആവശ്യാനുസരണം അവർ ഒരുവനെ വിട്ട് മറ്റൊരാളെ പ്രാപിക്കുന്നു. ഒന്നിനുപിറകേ മറ്റൊന്നായി അവർ പുരുഷന്മാരോട് സൌഹൃദം ചേർന്നുകൊണ്ടേയിരിക്കുന്നു. ഹേ രാ‍ജൻ! അങ്ങ് വിഷമിക്കേണ്ടതില്ല. ഓരോ സംവത്സരത്തിനുമൊടുവിൽ അങ്ങ് ഒരു രാത്രിയിൽ മാത്രം എന്നോട് രമിക്കുന്നതാണ്. അതിൽ അങ്ങേയ്ക്ക് മറ്റ് പുത്രന്മാരും ഉണ്ടാകും.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, അങ്ങനെ, ഉർവശി ഗർഭിണിയാണെന്നറിഞ്ഞ പുരൂരവസ്സ് കൊട്ടാരത്തിലേക്ക് മടങ്ങി. വർഷാവസാനത്തിൽ അദ്ദേഹം കുരുക്ഷേത്രത്തിലെത്തി ഒരു വീരപുത്രന്റെ മാതാവായ ഉർവശിയോടൊപ്പം ഒരു രാത്രി മുഴുവൻ സന്തോഷത്തോടെ താമസിച്ചു.  എങ്കിലും, വീണ്ടും വിരഹദുഃഖം ബാധിച്ച കൃപണനായ ആ രാജാവിനോട് അവൾ പറഞ്ഞു: ഹേ രാജൻ!, അങ്ങ് ഈ ഗന്ധർവ്വന്മാരെ പ്രസാദിപ്പിക്കുക. അവരുടെ കാരുണ്യത്താൽ എന്നെ വീണ്ടും അങ്ങേയ്ക്ക് പ്രാപിക്കുവാൻ സാധിക്കുന്നതാണു.

തുടർന്ന്, പുരൂരവസ്സ് ആ ഗന്ധർവ്വന്മാരെ സമ്പ്രീതരാക്കി. തുഷ്ടരായ ഗന്ധർവ്വന്മാർ അദ്ദേഹത്തിന് ഒരു അഗ്നിസ്ഥാലിയെ നല്കി അനുഗ്രഹിച്ചു. അതിനെ ഉർവശിയെന്ന് കരുതി പുരൂരവസ്സ് അതിനോടൊപ്പം കാട്ടിലൂടെ സഞ്ചരിച്ചു. കുറെ കഴിഞ്ഞപ്പോൾ, ആ അഗ്നിസ്ഥാലി ഉർവശിയല്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി. അതിനെ കാട്ടിലുപേക്ഷിച്ച് അദ്ദേഹം കൊട്ടാരത്തിലെത്തി ഉർവശിയെ ഓർത്തുകൊണ്ട് വസിച്ചു. അതിനിടയിൽ ത്രേതായുഗം ആരംഭിക്കുകയും, അദ്ദേഹത്തിന്റെ മനസ്സിൽ വേദത്രയങ്ങളും അതിലൂടെയുള്ള യജ്ഞാദി അനുഷ്ഠാനങ്ങളും ഉടലെടുക്കുകയും ചെയ്തു. ഉടൻ‌തന്നെ അദ്ദേഹം താൻ അഗ്നിസ്ഥാലിയെ ഉപേക്ഷിച്ചിടത്തേക്ക് പുറപ്പെട്ടു. അവിടെ ഒരു ശമീകവൃക്ഷത്തിനകത്തുണ്ടായ അരയാൽമരത്തെ അദ്ദേഹം കണ്ടു. അതിൽനിന്നും രണ്ട് മരകഷണങ്ങളെടുത്ത് അരണിയുണ്ടാക്കാൻ തുടങ്ങി. ഉർവശീലോകം പ്രാപിക്കുവാനുള്ള ത്വരയോടെ അദ്ദേഹം, അരണിയുടെ കീഴ്ഭാഗം ഉർവശിയെന്നും, മേൽഭാഗം സ്വയം താനെന്നും, അതുപോലെ നടുഭാഗം തന്റെ സന്താനമെന്നും ഉള്ളിൽകണ്ട്, മന്ത്രോച്ചാരണത്തോടെ ധ്യാനിച്ച് അഗ്നിയെ കടഞ്ഞുതുടങ്ങി. തുടർച്ചയായുള്ള മഥനത്തിൽനിന്നും അഗ്നിയുണ്ടായി. ആ അഗ്നി വേദത്രയവിഹിതമായ വിദ്യയിലൂടെ മൂന്നായി പിരിഞ്ഞ് പുരൂരവസ്സിനാൽ അദ്ദേഹത്തിന്റെ പുത്രനായി ഭവിക്കപ്പെട്ടു. ഉർവശിയുടെ ലോകത്തിലെത്താൻ കൊതിയ്ക്കുന്ന രാജാവ് ആ അഗ്നിയിലൂടെ അധോക്ഷജനായ ഭഗവാൻ നാരായണനെ ആരാധിച്ചു.

രാജൻ!, സത്യയുഗത്തിൽ സകലമന്ത്രങ്ങളും ഓങ്കാരത്തിൽ അടങ്ങിയിരുന്നു. സകലവേദമന്ത്രങ്ങളുടേയും മൂലം അതായിരുന്നു. അന്ന് സകലവേദവിദ്യകളുടെയും ആധാരം അഥർവ്വവേദമായിരുന്നു. ഭഗവാൻ ശ്രീനാരായണൻ മാത്രമായിരുന്നു പൂജ്യനായ ഒരേ ഒരാൾ. അഗ്നിയും ഒന്നുമാത്രം. ഹംസ എന്ന നാമത്തിൽ വർണ്ണവ്യവസ്ഥയും ഇവിടെ ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലയോ പരീക്ഷിത്ത് രാജൻ!, ത്രേതായുഗത്തിന്റെ തുടക്കത്തിൽ പുരൂരവസ്സായിരുന്നു കർമ്മകാണ്ഡയജ്ഞത്തിന്റെ തുടക്കം ഉണ്ടാക്കിയതു. അങ്ങനെ അഗ്നിയെ സ്വപുത്രനായി കണ്ട പുരൂരവസ്സിന് ഗന്ധർവ്വലോകപ്രാപ്തിയുണ്ടാകുകയും ചെയ്തു.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനാലാമദ്ധ്യായം സമാപിച്ചു

 ഓം തത് സത്.

 

 

Previous    Next