2019, ഓഗസ്റ്റ് 11, ഞായറാഴ്‌ച

6.8 വിശ്വരൂപൻ ഇന്ദ്രനു് നാരായണകവചമന്ത്രം ഉപദേശിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 8
(വിശ്വരൂപൻ ഇന്ദ്രനു് നാരായണകവചമന്ത്രം ഉപദേശിക്കുന്നു.)



പരീക്ഷിത്തു് മഹാരാജാവു് ശ്രീശുകനോടു് ചോദിച്ചു: ഹേ ഋഷേ!, ഗുരു വിശ്വരൂപനാൽ ഉപദേശിക്കപ്പെട്ട നാരായണകവചം എന്ന മന്ത്രത്താൽ സുരക്ഷിതനായി ദേവന്ദ്രൻ അസുരന്മാരെ ജയിച്ചുവെന്നു് പറഞ്ഞുവല്ലോ!. ആയുധധാരികളായ അസുരന്മാരെ എപ്രകാരമായിരുന്നു ഇന്ദ്രൻ തോൽ‌പ്പിച്ചതു?. നാരായണകവചമെന്ന ആ മഹാമന്ത്രത്തെ എനിക്കുപദേശിച്ചുതന്നാലും!.

ശ്രീശുകൻ പറഞ്ഞു: ഹേ രാജാവേ!, വിനീതനായി ദേവേന്ദ്രൻ പ്രാർത്ഥിച്ചതനുസരിച്ചു് വിശ്വരൂപൻ അദ്ദേഹത്തിനു് നാരായണകവചമന്ത്രം ഉപദേശിച്ചുകൊടുത്തു. അതു് എന്നിൽനിന്നും അങ്ങു് ശ്രദ്ധയോടെ കേട്ടുധരിച്ചാലും!.

വിശ്വരൂപൻ പറഞ്ഞു: ഹേ ഇന്ദ്ര!, ഭയം അകപ്പെടുമ്പോൾ പദമുഖക്ഷാളനം ചെയ്തു്, ആചമനം പൂർത്തിയാക്കിയതിനുശേഷം, വടക്കേദിശയിലേക്കഭിമുഖനായിരുന്നു്, മന്ത്രങ്ങളാൽ അംഗന്യാസവും കരന്യാസവും യഥാക്രം ചെയ്തുകഴിഞ്ഞു്, വാക്കിനേയും നിയന്ത്രിച്ചു്, ബാഹ്യാന്തരശുദ്ധിവരുത്തി, ശ്രീനാരായണകവചത്തെ ധരിക്കുക. ഓം നമോ നാരായണായ എന്നിങ്ങനെ ജപിച്ചുകൊണ്ടു് പാദം മുതൽ ശിരസ്സുവരേയും, അഥവാ ശിരസ്സുമുതൽ പാദം വരേയും അംഗന്യാസം ചെയ്യണം. അനന്തരം, ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരമന്തത്താൽ, ഓം എന്നു് തുടങ്ങി വരെയുള്ള ഓരോ അക്ഷരത്തേയും വിരലുകളിലും അതിലെ മടക്കുകളിലുമായി കരന്യാസം ചെയ്യണം. തുടർന്നു്, ഓം വിഷ്ണവേ നമഃ എന്ന മന്ത്രം കൊണ്ടു് ന്യസിക്കുക. അതിൽ, ഓം കാരത്തെ ഹൃദയത്തിലും, വികാരത്തെ ശിരസ്സിലും, കാരത്തെ ഭ്രൂമധ്യത്തിലും, ശിഖയിൽ കാരത്തെയും, നേത്രങ്ങളിൽ വേ എന്ന അക്ഷരത്തേയും, സന്ധികളിൽ എന്ന അക്ഷരത്തേയും, കാരത്തെ അസ്ത്രമായി സങ്കല്പിച്ചു് വിസർഗ്ഗത്തോടും ഫട് എന്ന വിരാമത്തോടും കൂടിയും എല്ലാ ദിശകളിലേക്കും മഃ അസ്ത്രായ ഫട് എന്നിങ്ങനെ ന്യസിക്കണം  . അങ്ങനെയെങ്കിൽ ഉപാസകൻ മന്ത്രമൂർത്തിയായി ഭവിക്കുന്നതാണു. വിദ്യ, തേജസ്സ്, തപസ്സ് എന്നിവയുടെ മൂർത്തിമദ്രൂപമായ ഈ നാരായണകവചമന്ത്രത്താൽ ഷട്ശക്തികളോടുകൂടിയ ധ്യാനയോഗ്യനായ പരമാത്മാവിനെ ധ്യാനിക്കുക.

നാരായണകവചമഹാമന്ത്രം

ഓം ഹരിർവിദധ്യാന്മമ സർവ്വരക്ഷാം
ന്യസ്താംങ്ഘ്രിപത്മഃ പതഗേന്ദ്രപൃഷ്ഠേ
ദരാരിചർമ്മാസിഗദേഷുചാപ-
പാ‍ശാൻ ദധാനോഷ്ടഗുണോഷ്ടബാഹുഃ

പക്ഷിരാജാവായ ഗരുഡന്റെ ചുമലിൽ തൃപ്പാദകമലങ്ങൾ വച്ചവനും, ശംഖം, ചക്രം, ഗദ, പരിച, വാൾ, ശരം, ചാപം, പാശം തുടങ്ങിയ ആയുധങ്ങൾ എട്ടു് തൃക്കൈകളിൽ ധരിച്ചവനും, അഷ്ടൈശ്വര്യവാനും, ഓംകാരവുമാകുന്ന ശ്രീഹരി എന്നെ എല്ലാവിധത്തിലും എന്നെ രക്ഷിക്കുമാറാകണം.

ജലേഷു മാം രക്ഷതു മത്സ്യമൂർത്തി-
ര്യാദോ ഗണേഭ്യോ വരുണസ്യ പാശാത്
സ്ഥലേഷു മായാവടുവാമനോവ്യാത്
ത്രിവിക്രമഃ ഖേവതു വിശ്വരൂപഃ

ജലത്തിൽ ജലജന്തുക്കളുടെ വരുണപാശത്തിൽനിന്നും മത്സ്യമൂർത്തിയും, കരയിൽ മായാവടുവായവതരിച്ച വാമനമൂർത്തിയും, ആകാശത്തിൽ വിശ്വാകാരനായ ത്രിവിക്രമമൂർത്തിയും എന്നെ രക്ഷിക്കുമാറാകണം.

ദുർഗേഷ്വടവ്യാജിമുഖാദിഷു പ്രഭുഃ
പായാന്നൃസിംഹോസുരയൂഥപാരിഃ
വിമുഞ്ചതോ യസ്യ മഹാട്ടഹാസം
ദിശോ വിനേദുർന്യപതംശ്ച ഗർഭാഃ

ഘോരമായ അട്ടഹാസത്താൽ ദിക്കുകളിൽ മറ്റൊലികൊള്ളിക്കുകയും, അതുവഴി അസുരസ്ത്രീകളുടെ ഗർഭങ്ങളെ സ്രവിപ്പിക്കുയയും ചെയ്ത അസുരസേനകളുടെ ശത്രുവായ പ്രഭു നരസിംഹമൂർത്തി വനത്തിനും യുദ്ധഘട്ടങ്ങളിലും എന്നെ രക്ഷിക്കുമാറാകട്ടെ!.

രക്ഷത്വസൌ മാധ്വനി യജ്ഞകല്പഃ
സ്വദ്രംഷ്ട്രയോന്നീതധരോ വരാഹഃ
രാമോദ്രികൂടേഷ്വഥ വിപ്രവാസേ
സലക്ഷ്മണോവ്യാദ്ഭരതാഗ്രജോസ്മാൻ

യജ്ഞങ്ങളെ കല്പിച്ചവനും, സ്വന്തം ദംഷ്ട്രയാൽ ഭൂമീദേവിയെ ഉയർത്തിയെടുത്തവനുമായ ആ വരാഹമൂർത്തി എനിക്കു് വഴികളിൽ രക്ഷയരുളട്ടെ!. ഞാൻ പർവ്വതങ്ങളിലായിരിക്കുമ്പോൾ എന്നെ പരശുരാമൻ രക്ഷിക്കട്ടെ!. ലക്ഷ്മണനോടുകൂടി ഭഗവാൻ ശ്രീരാമചന്ദ്രൻ എന്നെ പ്രവാസത്തിൽ രക്ഷിക്കുമാറാകട്ടെ!.

മാമുഗ്രധർമ്മാദഖിലാദ് പ്രമാദാ-
ന്നാരായണഃ പാതു നരശ്ച ഹാസാത്
ദത്തസ്ത്വയോഗാദഥ യോഗനാഥഃ
പായാദ്ഗുണേശഃ കപിലഃ കർമ്മബന്ധാത്

നാരായണമുനി എന്നെ ഉഗ്രകർമ്മങ്ങളിൽനിന്നും പ്രമാദത്തിൽനിന്നും കാക്കട്ടെ!. അഹങ്കാരത്തിൽനിന്നും നരനും രക്ഷിക്കട്ടെ!. യോഗഭ്രംശത്തിൽനിന്നുമെന്നെ യോഗാധിപനായ ദത്താത്രേയനും, കർമ്മബന്ധനത്തിൽനിന്നും സർവ്വഗുണാധീശനായ കപിലമുനിയും രക്ഷിക്കുമാറാകട്ടെ.

സനത്കുമാരോവതു കാമദേവാ-
ദ്ധയശീർഷാ മാം പഥി ദേവഹേളനാത്
ദേവർഷിവര്യഃ പുരുഷാർച്ചനാന്തരാത്
കൂർമ്മോ ഹരിർമാ നിരയാദശേഷാത്

കാമദേവനിൽനിന്നു സനത്കുമാരന്മാരും, ജീവിതത്തിൽ ഈശ്വരാരാധനയിൽനിന്നും വഴി പിഴയാതെ ഹയഗ്രീവനും, ഭക്തിയ്ക്കു് മുടക്കം വരാതെ ദേവർഷി നാരദരും, മറ്റെല്ലാ ദുഃഖങ്ങളിൽനിന്നും കൂർമ്മരൂപിയയ ഭഗവാൻ ശ്രീഹരിയും എന്നെ കാത്തരുളട്ടെ!.

ധന്വന്തരിർഭഗവാൻ പാത്വപത്ഥ്യാദ്
ദ്വന്ദ്വാദ്ഭയാദൃഷഭോ നിർജിതാത്മാ
യജ്ഞശ്ച ലോകാദവതാജ്ജനാന്താദ്
ബലോ ഗണാത് ക്രോധവശാദഹീന്ദ്രഃ

ഭഗവാൻ ധന്വന്തരീമൂർത്തി ഭക്ഷണദോഷത്തിൽനിന്നും, ജിതേന്ദ്രിയനായ ഋഷഭദേവൻ എന്നെ സുഖദുഃഖാദി ദ്വന്ദ്വങ്ങളിൽനിന്നും ഭയഭീതികളിൽനിന്നും രക്ഷയരുളട്ടെ!. അതുപോലെ ലോകാപവാദത്തിൽനിന്നും യജ്ഞദേവനും, ജനസംസദിയിൽനിന്നും ബലഭദ്രനും, ഉഗ്രനാഗങ്ങളിൽനിന്നും അഹീന്ദ്രനും എന്നെ രക്ഷിക്കുമാറകട്ടെ!

ദ്വൈപായനോ ഭഗവാനപ്രബോധാദ്
ബുദ്ധസ്തു പാഷണ്ഡഗണാത് പ്രമാദാത്
കൽകിഃ കലേഃ കാലമലാത് പ്രപാതു
ധർമ്മാവനായോരുകൃതാവതാരഃ

വേദവ്യാസഭഗവാൻ അജ്ഞാനത്തിൽനിന്നും, ബുദ്ധദേവൻ ഈശ്വരദ്വേഷികളിൽനിന്നും കൂടാതെ പ്രമാദത്തിൽനിന്നും എന്നെ രക്ഷിക്കട്ടെ!. അതുപോലെ, ധർമ്മസംരക്ഷണത്തിനായി കൽകിവേഷം ധരിച്ചുവരുന്ന കൽകിഭഗവാൻ കലികാലത്തെ കെടുതിയിൽ എനിക്കു് രക്ഷകനായി ഭവിക്കട്ടെ!.

മാം കേശവോ ഗദയാ പ്രാതരവ്യാദ്
ഗോവിന്ദ ആസംഗവമാത്ത വേണുഃ
നാരായണഃ പ്രാഹ്ന ഉദാത്തശക്തി-
ർമധ്യംദിനേ വിഷ്ണുരരീന്ദ്രപാണിഃ

ദിനത്തിന്റെ ആദ്യഭാഗത്തിൽ എന്നെ ഗദയേന്തിയ കേശവനും, രണ്ടാം ഭാഗത്തിൽ ഓടക്കുഴലൂതുന്ന ഗോവിന്ദനും, മൂന്നാം ഭാഗത്തിൽ അതിശക്തനായ നാരായണനും, നാലാം പാദത്തിൽ എന്നെ ചക്രപാണിയായ വിഷ്ണുഭഗവാനും കാത്തരുളട്ടെ!.

ദേവോപരാഹ്നേ മധുഹോഗ്രധന്വാ
സായം ത്രിധാമാവതു മാധവോ മാം
ദോഷേ ഹൃഷീകേശ ഉതാർദ്ധരാത്രേ
നിശീഥ ഏകോവതു പദ്മനാഭഃ

അപരാഹ്നത്തിൽ ഉഗ്രധനുസ്സേന്തിയ മധുസൂദനനും, സായംകാലത്തിൽ മൂർത്തിത്രയാത്മകനായ മാധവനും, പ്രദോഷസമയത്തു് ഹൃഷീകേശനും, രാത്രിയിലും അർദ്ധരാത്രിയിലും എന്നെ ശ്രീപദ്മനാഭനുംതന്നെ കാക്കുമാറാകട്ടെ!.

ശ്രീവത്സധാമാപരരാത്ര ഈഷഃ
പ്രത്യൂഷ ഈശോസിധരോ ജനാർദ്ദനഃ
ദാമോദരോവ്യാദനുസന്ധ്യം പ്രഭാതേ
വിശ്വേശ്വരോ ഭഗവാൻ കാലമൂർത്തിഃ

അർദ്ധരാത്രിയ്ക്കുശേഷം ശ്രീവത്സധാരിയായ ഈശ്വരനും, ഓരോ ഉഷസ്സിലും അസിധരനായ ഭഗവാൻ ജനാർദ്ദനനും, പ്രഭാതത്തിൽ ദാമോദരനും, സന്ധ്യകളിൽ എനിയ്ക്കു് വിശ്വേശ്വരഭഗവാനും രക്ഷയരുളട്ടെ!.

ചക്രം യുഗാന്താനലതിഗ്മനേമി
ഭ്രമത് സമന്താദ്ഭഗവത്പ്രയുക്തം
ദന്ദഗ്ധി ദന്ദഗ്ധ്യരിസൈന്യമാശു
കക്ഷം യഥാ വാതസഖോ ഹുതാശഃ

ഹേ വിഷ്ണുഭഗവാനാൽ പ്രയുക്തമായ സുദർശനചക്രമേ!, കല്പാന്തത്തിലെ അഗ്നിയുടെ തീഷ്ണതയോടുകൂടി ചുഴന്നുകൊണ്ടു്, വായുവോടുചേർന്നു് അഗ്നി ഉണക്കപ്പുല്ലിനെ എന്നപോലെ, നീ എന്റെ ശത്രുക്കളെ പെട്ടെന്നുതന്നെ ചുട്ടുകളയേണമേ! ചുട്ടുകളയേണമേ!.

ഗദേശനിസ്പർശനവിസ്ഫുലിംഗേ
നിഷ്പിണ്ഡി നിഷ്പിണ്ഡ്യജിതപ്രിയാസി
കൂഷ്മാണ്ഡവൈനായകയക്ഷരക്ഷോ-
ഭൂതഗ്രഹാശ്ചൂർണയ ചൂർണയാരീൻ.

ഇടിത്തീയുടേതുപോലുള്ള തീഷ്ണമായ സ്ഫുലിംഗങ്ങളുണ്ടാക്കുന്ന ഹേ ഭഗവദ്ഗദേ!, നീ ഭഗവാനു് പ്രീയപ്പെട്ടവളും, ഞാൻ തന്തിരുവടിയുടെ ദാസനുമാണു. അതുകൊണ്ടു്, കൂഷ്മാണ്ഡന്മാർ, വൈനായകന്മാർ, യക്ഷരക്ഷസ്സുകൾ, ഭൂതങ്ങൾ, മറ്റു ദുർദേവതകൾ തുടങ്ങിയ എന്റെ ശത്രുക്കളെ തച്ചുതകർത്തുപൊടിച്ചുകളയുക!. തച്ചുതകർത്തുപൊടിച്ചുകളയുക!.

ത്വം യാതുധാനപ്രമഥപ്രേതമാതൃ-
പിശാചവിപ്രഗ്രഹഘോരദൃഷ്ടീൻ
ദരേന്ദ്ര വിദ്രാവയ കൃഷ്ണപൂരിതോ
ഭീമസ്വനോരേർഹൃദയാനി കം‌പയൻ.

ഭഗവാനാൽ മുഴക്കപ്പെടുന്ന ഹേ പാഞ്ചജന്യമേ!, നിന്റെ ഭീകരശബ്ദത്തോടുകൂടി, യാതുധാനന്മാർ, പ്രമഥങ്ങൾ, പ്രേതങ്ങൾ, മാതൃക്കൾ, പിശാചുക്കൾ, രക്ഷസ്സുകൾ, ഘോരദൃഷ്ടികളുള്ള ദുർദേവതകൾ തുടങ്ങിയവയായ എന്റെ ശത്രുക്കളുടെ ഹൃദയങ്ങളെ വിറപ്പിച്ചുകൊണ്ടു് അവരെ ദൂരത്താക്കുക!.

ത്വം തിഗ്മധാരാസിവരാരിസൈന്യ-
മീശപ്രയുക്തോ മമ ഛിന്ധി ഛിന്ധി
ചക്ഷൂംഷി ചർമ്മൻ ശതചന്ദ്ര ഛാദയ
ദ്വിഷാമഘോനാം ഹര പാപചക്ഷുഷാം.

അതിമൂർച്ചയുള്ള ഖഡ്ഗശ്രേഷ്ഠാ!, നീയും ഭഗവാൻ ഹരിയാൽ പ്രയോഗിതനായി എന്റെ ശത്രുസേനയെ അരിഞ്ഞരിഞ്ഞുതള്ളുക. നൂറോളം ചന്ദ്രാകൃതിപൂണ്ട വട്ടപറ്റുകളുള്ള പരിചേ!, നിന്റെ പ്രഭാകിരണങ്ങളാൽ പാപികളായ എന്റെ ശത്രുക്കളുടെ കണ്ണുകളെ നീ മറയ്ക്കുക. അവരുടെ ആ പാപനേത്രങ്ങളെ ഇല്ലാതെയാക്കുക!.

യന്നോ ഭയം ഗ്രഹേഭോഭൂത് കേതുഭോ നൃഭ്യ ഏവ ച
സരീസൃപേഭ്യോ ദംഷ്ട്രിഭ്യോ ഭൂതേഭ്യോംഹോഭ്യ ഏവ വാ
സർവാണ്യേതാനി ഭഗവന്നാമരൂപാസ്ത്രകീർത്തനാത്
പ്രയാന്തു സംക്ഷയം സദ്യോ യേ നഃ ശ്രേയഃ പ്രതീപകാഃ

ഗ്രഹങ്ങളിൽനിന്നും, കേതുക്കളിൽനിന്നും, മനുഷ്യരിൽനിന്നും, സർപ്പങ്ങളിൽനിന്നും, ദംഷ്ട്രികളിൽനിന്നും, ഭൂതങ്ങളിൽനിന്നും, പാപങ്ങളിൽനിന്നും അഥവാ യാതൊരു ദുഷ്ടശക്തികളിൽനിന്നും ഞങ്ങൾക്കു് ഭയം സംഭവിച്ചിരിക്കുന്നുവോ, അവയ്ക്കെല്ലാം ഭഗവാന്റെ നാമം, രൂപം, ആയുധം മുതലായവയുടെ കീർത്തനത്താൽ ഉടൻതന്നെ സർവ്വനാശം സംഭവിക്കട്ടെ!. കൂടാതെ, ഞങ്ങളുടെ ശ്രേയസ്സിനു് തടസ്സമായി നിൽക്കുന്ന സകലതും നശിക്കുമാറകട്ടെ!.

ഗരുഡോ ഭഗവാൻ സ്തോത്രസ്തോഭശ്ഛന്ദോമയഃ പ്രഭുഃ
രക്ഷത്വശേഷകൃച്ഛ്രേഭ്യോ വിഷ്വക്സേനഃ സ്വനാമഭിഃ


സ്തോത്രസ്തോഭങ്ങളാൽ സ്തുതിക്കപ്പെട്ടവനും വേദസ്വരൂപനുമായ ഗരുഡനാകുന്ന ഭഗവാൻ വിഷ്വക്സേനമൂർത്തി സ്വകീയമായ നാമച്ചാരണത്തിന്മേൽ സകലവിപത്തുകളിൽനിന്നും എന്നെ രക്ഷിക്കുമാറകണം!.

സർവാപദ്ഭ്യോ ഹരേർന്നാമരൂപയാനായുധാനി നഃ
ബുദ്ധീന്ദ്രിയമനഃപ്രാണാൻ പാന്തു പാർഷദഭൂഷണാഃ

ഭഗവാൻ ശ്രീഹരിയുടെ നാമങ്ങളും രൂപങ്ങളും വാഹനങ്ങളും ആയുധങ്ങളും അവന്റെ പാർഷദന്മാരും ഒത്തുചേർന്നു് ഞങ്ങളുടെ ബുദ്ധി, ഇന്ദ്രിയങ്ങൾ, മനസ്സ്, പ്രാണങ്ങൾ എന്നിവകളെ സകല ആപത്തുകളിൽനിന്നും കാത്തരുളുമാറാകട്ടെ!.

യഥാ ഹി ഭഗവാനേവ വസ്തുതഃ സദസച്ച യത്
സത്യേനാനേന നഃ സർവേ യാന്തു നാശമുപദ്രവാഃ

സത്തായും അസത്തായുമിരിക്കുന്ന ഈ ലോകം യഥാർത്ഥത്തിൽ ഭഗവാൻതന്നെയാകുന്നുവെന്നതിൽ സംശയമില്ല. രണ്ടെന്നില്ലാത്ത ഈ സത്യത്താൽതന്നെ ഞങ്ങളുടെ സകല ദോഷങ്ങൾക്കും നാശം ഭവിക്കട്ടെ!.

യഥൈകാത്മ്യാനുഭാവാനാം വികല്പരഹിതഃ സ്വയം
ഭൂഷണായുധലിംഗാഖ്യാ ധത്തേ ശക്തീഃ സ്വമായയാ
തേനൈവ സത്യമാനേന സർവ്വജ്ഞോ ഭഗവാൻ ഹരീഃ
പാതു സർവ്വൈഃ സ്വരൂപൈർന്നഃ സദാ സർവത്ര സർവഗഃ

സർവ്വം ഒന്നാണെന്നു് മനനം ചെയ്യുന്നവർക്കു് വികല്പരഹിതനായി പ്രകാശിച്ചുകൊണ്ടു്, സ്വയം തന്റെ മായാബലത്താൽ അലങ്കാരം, ആയുധം, മൂർത്തിഭേദങ്ങൾ, നാമഭേദങ്ങൾ എന്നീ നാനാ വിഭൂതികളെ യഥാർത്ഥമായി ഭഗവാൻ ലോകാനുഗ്രഹത്തിനായി ധരിക്കുന്നു; എന്നുള്ള സത്യപ്രമാണത്താൽ, സർവ്വജ്ഞനും സർവ്വഗനുമായ ഭഗവാൻ ശ്രീഹരി സദാ സർവ്വത്ര തന്റെ സകല രൂപഭേദങ്ങളോടുംകൂടി വന്നു് ഞങ്ങളെ കാക്കുമാറാകട്ടെ!.

വിദിക്ഷു ദിക്ഷൂർധ്വമധഃ സമന്താ-
ദന്തർബഹിർ ഭഗവാൻ നാരസിംഹഃ
പ്രഹാപയൻ ലോകഭയം സ്വനേന
സ്വതേജസാ ഗ്രസ്തസമസ്തതേജാഃ

സ്വന്തം തേജസ്സിനാ‍ൽ മറ്റുള്ള സമസ്തതേജസ്സുകളേയും മറച്ച നരസിംഹമൂർത്തിയായ ശ്രീനാരായണൻ തന്റെ അട്ടഹാസത്താൽ ലോകഭയം നീക്കിക്കൊണ്ടു് ദിക്കുകളിലും മൂലകളിലും മുകളിലും താഴെയും അകത്തും പുറത്തും എല്ലായിടത്തും ഞങ്ങൾക്കു് രക്ഷയരുളട്ടെ!.

+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+


ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ഇങ്ങനെ ശ്രീമദ്ന്നാരായണകവചമഹാമന്ത്രം ഉപദേശിച്ചുകൊടുത്തതിനുശേഷം, മഹാതപസ്വിയായ വിശ്വരൂപൻ ഇന്ദ്രോടു് പറഞ്ഞു: ഹേ ഇന്ദ്ര!, ഞാനിപ്പോൾ ഉപദേശിച്ചുതന്ന നാരായണാത്മകമായ ഈ രക്ഷാകവചത്തെ ധരിച്ചുകൊണ്ടു് അസുരസേനകളാകുന്ന അങ്ങയുടെ ശത്രുക്കളെ അനായാസേന അങ്ങു് ജയിക്കുന്നതാണു. ഇതിനെ ധരിച്ച ഒരുവൻ തന്റെ കണ്ണുകൾകൊണ്ടു് മറ്റൊരുത്തനെ നോക്കുകയോ പാ‍ദങ്ങൾകൊണ്ടു് സ്പർശിക്കുകയോ ചെയ്താൽ അവനും കൂടി മേൽ പറഞ്ഞ സർവ്വഭയത്തിൽനിന്നും ഉടനടി മുക്തനാകുന്നു. ഈ രക്ഷാകവചത്തെ ധരിക്കുന്നവനു് രാജാക്കന്മർ, കൊള്ളക്കാർ, ദുർഗ്രഹദേവതകൾ, വ്യാഘ്രാദിഹിംസ്രജന്തുക്കൾ മുതലായവകളിൽനിന്നും ഒരിക്കലും ഒരിടത്തുവച്ചും ഭയം സംഭവിക്കുകയില്ല.

പണ്ടൊരിക്കൽ കൌശികഗോത്രത്തിൽ പിറന്ന ഒരു ബ്രാഹ്മണൻ ഈ വിദ്യയെ ധരിക്കുകയുണ്ടായി. അദ്ദേഹം ഒരു മരുഭൂമിയിൽ തന്റെ യോഗബലത്താൽ സ്വശരീരത്തെ ത്യജിച്ചു. പിന്നീടൊരിക്കൽ ആ പ്രദേശത്തിനുമുകളിലൂടെ ചിത്രരഥനെന്ന ഒരു ഗന്ധർവ്വരാജാവു് സ്ത്രീജനങ്ങളോടൊപ്പം വിമാനത്തിൽ യാത്രചെയ്യുന്ന സമയം, ആ ബ്രാഹ്മണൻ ശരീരമുപേക്ഷിച്ചിടത്തുവന്നപ്പോൾ വിമാനം തലകീഴായി നിലത്തേയ്ക്കുപതിച്ചു. പിന്നീടു്, വാലിഖില്യമുനിമാരുടെ ഉപദേശപ്രകാരം ആ ബ്രാഹ്മണന്റെ അസ്ഥികൾ പെറുക്കിയെടുത്തു് സരസ്വതീനദിയിൽ നിക്ഷേപിച്ചു് സ്നാനം ചെയ്തശേഷം അത്ഭുതത്തോടുകൂടി അവർ അവിടെനിന്നും യാത്രയായി.

ശ്രീശുകൻ പറഞ്ഞു: രാജൻ!, യാതൊരുവൻ ഈ മഹാമന്ത്രത്തെ കേൾക്കുന്നുവോ അഥവാ ആദരാന്വിതനായി ധരിക്കുകയും ചെയ്യുന്നുവോ, അവനെ സകലചരാചരങ്ങളും നമിക്കുന്നു. മാത്രമല്ല, സർവ്വവിധ ഭയത്തിൽനിന്നും അവർ ഉടനടി മുക്തനാകുകയും ചെയ്യുന്നു. അങ്ങനെ, വിശ്വരൂപനിൽനിന്നും നാരായണമഹാമന്ത്രകവചത്തെ കേട്ടുധരിച്ചു് സകലഭയവും നീങ്ങി അസുരന്മാരെ ജയിച്ചു് ദേവേന്ദ്രൻ മൂലോകങ്ങളുടേയും ഐശ്വര്യത്തെ അനുഭവിച്ചു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം എട്ടാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next






Rishi Vishwaroopa advises Srimad Naaraayanakavacham to Indra

6.7 വിശ്വരൂപനെ ദേവതകൾ ഗുരുവായി സ്വീകരിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 7
(വിശ്വരൂപനെ ദേവതകൾ ഗുരുവായി സ്വീകരിക്കുന്നു.)



പരീക്ഷിത്തു് മഹാരാജാവു് ശ്രീശുകനോടു് ചോദിച്ചു: ഹേ സർവ്വജ്ഞനായ ഗുരോ!, എന്തു് കാരണത്താലായിരുന്നു ദേവഗുരുവായ ബൃഹസ്പതി ദേവകളെ ഉപേക്ഷിച്ചുപോയതു?. എന്തായിരുന്നു ദേവന്മാർ അദ്ദേഹത്തോടു് കാട്ടിയ അപരാധം?.

ശ്രീശുകൻ പറഞ്ഞു: ഹേ ഭാരത!, ഒരിക്കൽ, മൂലോകങ്ങളുടേയും ആധിപത്യമദത്താൽ സദാചാരത്തെ മറന്ന ദേവേന്ദ്രൻ മരുത്തുക്കൾ, വസുക്കൾ, രുദ്രന്മാർ, ആദിത്യന്മാർ, ഋഭുദേവന്മാർ, വിശ്വദേവന്മാർ, അശ്വിനിദേവന്മാർ, സാധ്യന്മാർ, സിദ്ധചാരണഗന്ധർവ്വന്മാർ, വേദമന്ത്രങ്ങളുരുവിടുന്ന മുനിമാർ, വിദ്യാധരന്മാർ, അപ്സരസ്സുകൾ, കിന്നരന്മാർ, പക്ഷീന്ദ്രന്മാർ, നാഗേന്ദ്രന്മാർ എന്നിവരാൽ ചുറ്റപ്പെട്ടു് സേവിതനും കീർത്തിതനുമായി ഇരിക്കുകയായിരുന്നു. ഇന്ദ്രാണിയോടൊപ്പം സിംഹാസനത്തിലിരിക്കുന്ന അദ്ദേഹത്തെ അവർ ആലവട്ടം, വെഞ്ചാമരം മുതലായവകൊണ്ടു് സന്തോഷിപ്പിച്ചു. ആ സമയം ദേവഗുരുവായ ബൃഹസ്പതി അവിടേയ്ക്കു് ആഗതനായി. കഷ്ടമെന്നുപറയട്ടെ, ഇന്ദ്രൻ തന്റെ ഗുരുവിനെ ആദരിക്കുകയോ ശിഷ്ടാചാരങ്ങളാൽ സ്വീകരിച്ചിരുത്തുകയോ ചെയ്തില്ല. ദേവന്മാർക്കും അസുരന്മാർക്കുമെല്ലാം സുസമ്മതനും മുനിമാരിൽ വച്ചു് ശ്രേഷ്ഠനുമായ ബൃഹസ്പതിയെ കണ്ടിട്ടുകൂടി ഇന്ദ്രൻ തന്റെ ആസനത്തിൽനിന്നുമെഴുന്നേറ്റതുമില്ല. പണ്ഡിതനായ അദ്ദേഹം ഇന്ദ്രനു് സംഭവിച്ചിരിക്കുന്ന ശ്രീമദത്തെ കണ്ടുമനസിലാക്കിയതിനുശേഷം, ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി സ്വവസതിയിലേക്കു് യാത്രയായി. ദേവേന്ദ്രനു് സദസ്സിൽ വച്ചുതന്നെ തന്റെ തെറ്റു് മനസ്സിലാകുകയും, സ്വയം പശ്ചാത്താപം തോന്നുകയും ചെയ്തു. അദ്ദേഹം ഇങ്ങനെ ആലോചിച്ചു: അഹോ കഷ്ടം!. അല്പബുദ്ധികൊണ്ടു് എന്നിൽനിന്നുണ്ടായ ഈ പ്രവൃത്തി ഒട്ടും നന്നായില്ല. ഐശ്വര്യമദത്താൽ ഞാൻ ആചാര്യനെ നിറഞ്ഞ സദസ്സിൽ വച്ചു് അപമാനിച്ചിരിക്കുന്നു. സത്വഗുണികളായ ദേവന്മാരുടെ രാജാവായിരുന്നിട്ടും ഞാൻ ആസുരഭാവത്തെ പൂണ്ടവനായിപ്പോയിരിക്കുന്നു. അറിവുള്ളവർ ഒരിക്കലും, സ്വർല്ലോകപതിയുടേതാണെങ്കിൽ പോലും, ഐശ്വര്യത്തെ ആഗ്രഹിക്കുകയില്ല. ചിലരുടെ ന്യായത്തിൽ സിംഹാസനാരൂഢനായ ഒരു രാജാവു് ആരെയും ആദരിക്കുവാനായി എഴുന്നേൽക്കേണ്ട ആവശ്യമില്ല. എന്നാൽ അങ്ങനെ അഭിപ്രായപ്പെടുന്നവർ ധർമ്മത്തെ അറിയുന്നവരല്ല. ദുർവഴി കാട്ടിത്തരുന്ന അജ്ഞാനികളായ അവരുടെ വാക്കിനെ കേൾക്കുന്നവർ, കൽത്തോണിയിലിരുന്നു നദി കടക്കുന്നവനെപ്പോലെ, ഒരുനാൾ മുങ്ങിപ്പോകുകതന്നെ ചെയ്യുന്നു. ആയതിനാൽ, ഞാൻ, ബ്രാഹ്മണനും പണ്ഡിതനുമായ ഗുരുവിന്റെ തൃപാദത്തിൽ ശിരസ്സ് സ്പർശിച്ചുകൊണ്ടു് മാപ്പപേക്ഷിച്ചു് അദ്ദേഹത്തെ പ്രസാദിപ്പിക്കുവാൻ പോകുകയാണു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, എന്നാൽ, ദേവേന്ദ്രൻ ഇങ്ങനെ ചിന്തിച്ചിരിക്കെ, ജ്ഞാനിയായ ബൃഹസ്പതി അദ്ധ്യാത്മവിദ്യയാൽ ഉടൻ തന്നെ സ്വഗൃഹത്തിൽനിന്നും അപ്രത്യക്ഷനായി. ദേവന്മാരോടൊപ്പം ഗുരുവിനെ കണ്ടെത്തുവാനുള്ള പല ശ്രമങ്ങൾ നടത്തിയിട്ടും പരാജിതനായ ദേവന്ദ്രൻ ഏറെ പരിതപിച്ചു. അദ്ദേഹത്തിന്റെ മനഃസ്വസ്ഥത നഷ്ടപ്പെട്ടു. ഈ തക്കം നോക്കി, അസുരന്മാർ തങ്ങളുടെ ഗുരുവായ ശുക്രാചാര്യരുടെ അഭിപ്രായപ്രകാരം ദേവന്മാരോടു് യുദ്ധത്തിനൊരുങ്ങി. യുദ്ധത്തിൽ അസുരന്മാരുടെ കൂരമ്പുകൾ കൊണ്ടു് തലയ്ക്കും ഉടലിനും കൈകൾക്കും മുറിവേറ്റ ദേവന്മാർ ലജ്ജിച്ചുകൊണ്ടു് ദേവേന്ദ്രനോടൊപ്പം ബ്രഹ്മദേവന്റെ സന്നിധിയിലെത്തി.

ബ്രഹ്മദേവൻ പീഡിതരായ ദേവഗണങ്ങളെക്കണ്ടു് കാരുണ്യവാനായി അവരെ ആശ്വസിപ്പിച്ചുകൊണ്ടു് ഇപ്രകാരം പറഞ്ഞു: അഹോ കഷ്ടം!, ഹേ ദേവശ്രേഷ്ഠന്മാരേ!, നിങ്ങളുടെ പ്രവൃത്തി വല്ലാതെ മോശമായിപ്പോയി. ശ്രീമദത്താൽ ബ്രാഹ്മണനും ബ്രഹ്മജ്ഞനും ജിതേന്ദ്രിയനുമായ സ്വന്തം ഗുരുവിനെ നിങ്ങൾ അപമാനിച്ചതു് അത്യന്തം കഷ്ടമായിപ്പോയി. ശത്രുക്കളിൽനിന്നും നിങ്ങൾക്കുണ്ടായ ഈ പരാജയം ആ തെറ്റിന്റെ ഫലം തന്നെയാണു. അല്ലെങ്കിൽ ദുർബലരായ ഈ അസുരന്മാരാൽ അതിശക്തരായ നിങ്ങൾ ഒരിക്കലും പരാജയപ്പെടുകയില്ലായിരുന്നു. ഹേ ഇന്ദ്ര!, ഗുരുതിരസ്കാരം കൊണ്ടു് ക്ഷീണിതരായിരുന്ന അസുരന്മാർ വീണ്ടും ശുക്രാചാര്യരെ പ്രസാദിപ്പിച്ചു് ശക്തരായിരിക്കുകയാണു. അദ്ദേഹത്തെ ദൈവമായി കരുതുന്ന അവർ എന്റെയും കൂടി നിലയനത്തെ കരസ്ഥമാക്കുമോ എന്നു് ഞാൻ ശങ്കിക്കുന്നു. അതിശക്തനായ ശുക്രാചാര്യരുടെ ശിഷ്യന്മാർ ഇന്നു് ലോകത്തെ എന്തിനു് വകവയ്ക്കണം?. ബ്രാഹ്മണർ, വിഷ്ണു, പശുക്കൾ എന്നിവരുടെ അനുഗ്രഹത്തിനു് പാത്രീഭൂതരാകുന്നവർക്കു് ഒരിക്കലും അമംഗളം സിദ്ധിക്കുകയില്ല. അതുകൊണ്ടു്, പെട്ടെന്നുതന്നെ, ആത്മജ്ഞാനിയും തപോനിഷ്ഠനും ബ്രാഹ്മണനും ത്വഷ്ടാവിന്റെ പുത്രനുമായ വിശ്വരൂപനെ നിങ്ങൾ അഭയം പ്രാപിക്കുവിൻ. അവന്റെ ചില കർമ്മങ്ങളെക്കൂടി നിങ്ങൾ സഹിച്ചാൽ, അവൻ നിങ്ങളുടെ കാര്യങ്ങൾ സഫലമാക്കുന്നതാണു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, വിധാതാവിന്റെ ഉപദേശമനുസരിച്ചു് ദുഃഖമകന്ന ദേവഗണങ്ങൾ ത്വഷ്ടാവിന്റെ പുത്രനായ വിശ്വരൂപനെന്ന ഋഷിയെ സമീപിച്ചു. അദ്ദേഹത്തെ ആലിംഗനം ചെയ്തുകൊണ്ടു്, ഇങ്ങനെ പറഞ്ഞു: അല്ലയോ വിശ്വരൂപ!, ഞങ്ങളിതാ നിന്റെ ആശ്രമത്തിലേക്കു് അതിഥികളായി വന്നിരിക്കുകയാണു. നിനക്കു് സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. മകനേ!, കാലോചിതമായി ഭവിച്ചിരിക്കുന്ന ഞങ്ങളുടെ ഒരാഗ്രഹം നീ കാരണവന്മാരുടെ സ്ഥാനത്തു് കണ്ടു് അതു് നിറവേറ്റിത്തരണം. പിതൃശുശ്രൂഷണമെന്നതു് സത്പുത്രന്മാരുടെ സുപ്രധാനമായ ധർമ്മമാണു. ഹേ ബ്രഹ്മജ്ഞ!, ആയതു് കുടുംബസ്ഥരായവരുടെകൂടി ധർമ്മമായിരിക്കെ, നിന്നെപ്പോലെ ബ്രഹ്മചാരികളുടേതിനെക്കുറിച്ചു് പറയാനുണ്ടോ?. ആചാര്യന്മാർ വേദത്തിന്റേയും, പിതാവു് ബ്രഹ്മദേവന്റേയും, സഹോദരൻ ദേവേന്ദ്രന്റേയും, മാതാവു് ഭൂമീദേവിയുടേയും, സഹോദരി ദയയുടേയും, അതിഥി ധർമ്മദേവന്റേയും, വീട്ടിൽ കയറിവരുന്ന അപരിചിതർ അഗ്നിദേവന്റേയും സ്വരൂപങ്ങളാകുന്നു. ചുരുക്കത്തിൽ, ഈ പ്രപഞ്ചത്തിലെ സകലഭൂതങ്ങലും പരമാത്മാവിന്റെ സ്വരൂപങ്ങളാണു. അതുകൊണ്ടു്, വത്സ!, പിതൃസ്ഥാനീയരായ ഞങ്ങളുടെ ഈ അഭ്യർത്ഥനയെ മാനിച്ചു് ഞങ്ങൾക്കു് ശത്രുക്കളിൽനിന്നും നേരിട്ട ഈ ദുഃഖത്തെ നീ തപോബലത്താൽ അകറ്റിത്തരുക. ബ്രഹ്മജ്ഞാനിയും ഗുരുവും ബ്രാഹ്മണനുമായ നിന്നെ ഞങ്ങൾ ഞങ്ങളുടെ ആചാര്യനായി സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നു. നിന്റെ തേജസ്സുകൊണ്ടു് ഞങ്ങൾക്കു് ശത്രുക്കളെ ജയിക്കാൻ സാധിക്കും. ആവശ്യമായി വരുമ്പോൾ പ്രായത്തിനിളയവരുടേയും കാലു് പിടിക്കുന്നതും അറിവുള്ളവരാൽ സുസമ്മതമാകുന്നു. വേദശാസ്ത്രാദി ജ്ഞാനമൊഴിച്ചു് മറ്റുള്ള സന്ദർഭങ്ങളിലാണു് ജ്യേഷ്ഠത്വത്തിനു് പ്രാധാന്യം നൽകേണ്ടതു.

ശ്രീശുകൻ പറഞ്ഞു: ഹേ മാഹാരാജാവേ!, ഇങ്ങനെ, തപസ്വിയായ വിശ്വരൂപനോടു് ദേവകൾ അദ്ദേഹം തങ്ങളുടെ ഗുരുവായി സ്ഥാനമലങ്കരിക്കണമെന്നു് അഭ്യർത്ഥിച്ചപ്പോൾ, സന്തുഷ്ടനായ വിശ്വരൂപൻ അവരോടു് വളരെ സൌ‌മ്യമായി ഇപ്രകാരം പറഞ്ഞു: ഹേ നാഥന്മാരേ!, ധർമ്മശീലരായ സുജനങ്ങളാൽ തികച്ചും നിന്ദനാർഹമായ ഒരു സ്ഥാനമാണു് പുരോഹിതസ്ഥാനമെന്നതു. കാരണം, അതു് ബ്രഹ്മതേജസ്സിനു് ഉപവ്യയം ഉണ്ടാക്കിത്തീർക്കുന്നു. എന്നാലും ലോകപാലകരായ നിങ്ങൾ നേരിട്ടാവശ്യപ്പെട്ട ഒരു കാര്യം അവരുടെ ശിഷ്യസ്ഥാനത്തുള്ള എന്നാൽ എങ്ങനെയാണു് തള്ളിക്കളയപ്പെടുക?. അതു് എന്റെ സ്വാർത്ഥതയെന്നേ ലോകം വ്യാഖ്യാനിക്കുകയുള്ളൂ. ഹേ ദേവന്മാരേ!, അകിഞ്ചനനും ഗൃഹസ്ഥബ്രഹ്മണനുമായ ഞാൻ കർഷകരുപേക്ഷിക്കുന്ന ശിലവും, തെരുവിൽ ചിതറിക്കിടക്കുന്ന ഉഞ്ചനവുംകൊണ്ടു് ജീവിതം നയിക്കുന്നവനാണു. അങ്ങനെയിരിക്കെ, ദുർമ്മതികൾ മാത്രം കൊതിക്കുന്ന ഈ പൌരോഹിത്യസ്ഥാനത്തെ ഞനെങ്ങനെയാണു് എറ്റെടുക്കുക?. എന്തായാലും ഗുരുസ്ഥാനീയരായ നിങ്ങളുടെ ഈ അഭ്യർത്ഥനയെ ഞാൻ നിരാകരിക്കുന്നില്ല. എന്റെ പ്രാണനും എനിക്കുള്ള മറ്റെന്തുംകൊണ്ടും ഞാൻ അതിനെ നിറവേറ്റുന്നതാണു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, അങ്ങനെ, ദേവന്മാർക്കു് കൊടുത്ത വാക്കിൻപ്രകാരം, വിശ്വരൂപനെന്ന ആ തപസ്വി അവരുടെ ഗുരുസ്ഥാനത്തെ അന്നുമുതൽ അംഗീകരിച്ചു. തുടർന്നു്, ശുക്രാചാര്യരാൽ സംരക്ഷിക്കപ്പെട്ട അസുരന്മാരുടെ ഐശ്വര്യത്തെ വൈഷ്ണവവിദ്യയാൽ കൈക്കലാക്കി അദ്ദേഹം ദേവന്മാർക്കു് നൽകി. വിശ്വരൂപന്റെ ഉപദേശപ്രകാരം ആ വിദ്യയാൽ ദേവേന്ദ്രൻ അസുരന്മാരെ വകവരുത്തുകയും ചെയ്തു

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം ഏഴാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next




Demigods accepts Vishwaroopa as their Guru

2019, ഓഗസ്റ്റ് 10, ശനിയാഴ്‌ച

6.6 ദക്ഷപുത്രിമാരുടെ വംശപരമ്പര.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 6
(ദക്ഷപുത്രിമാരുടെ വംശപരമ്പര.)


ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, വീണ്ടും വിരിഞ്ചൻ ദക്ഷനെ സമാധാനിപ്പിച്ചു. അനന്തരം, അദ്ദേഹം തന്റെ ഭാര്യയായ അസിക്നിയിൽ പിന്നീടു് അറുപതു് പുത്രിമാർക്കു് ജന്മം നൽകി. അവർ തങ്ങളുടെ പിതാവിനോടു് അത്യന്തം ഭക്തിയും വാത്സല്യവുമുള്ളവരായിരുന്നു. ആതിൽ പത്തു് പെൺകുട്ടികളെ ധർമ്മദേവനും, പതിമൂന്നുപേരെ കശ്യപപ്രജാപതിക്കും, ഇരുപത്തിയേഴു് മക്കളെ ചന്ദ്രനും, ഈരണ്ടുപേരെ യഥാക്രമം ഭൂതൻ, അംഗിരസ്സ്, കൃശാശ്വൻ എന്നിവർക്കും, മറ്റുള്ള നാലുപേരെ താർക്ഷ്യനും വിവാഹം കഴിച്ചുകൊടുത്തു. ഇവരുടെ പുത്രപൌത്രാദികളാൽ മൂലോകവും നിറയപ്പെട്ടു. അവരുടെ നാമവിവരങ്ങൾ ഞാൻ അങ്ങേയ്ക്കായി പറയാം.

അവരിൽ ധർമ്മദേവന്റെ പത്നിമാരായതു്, ഭാനു, ലംബാ, കുകുപ്, ജാമി, വിശ്വാ, സാധ്യാ, മരുത്വതീ, വസു, മുഹൂർത്താ, സങ്കല്പാ എന്നിവരാണു. ഇവരുടെ പുത്രന്മാരെക്കുറിച്ചു് കേട്ടുകൊളുക. ഹേ രാജൻ!, ഭാനുവിൽ നിന്നു് ദേവഋഷഭനും, അവനിൽനിന്നു് ഇന്ദ്രസേനനുമുണ്ടായി. ലംബയിൽനിന്നു് വിദ്യോതനനും, അവനിൽനിന്നു് സ്തനയിത്നുക്കളും ജനിച്ചു. കുകുപ്പിന്റെ പുത്രനിൽനിന്നു് സങ്കടനും, അവന്റെ പുത്രനായി കീകടനും, അവനിൽനിന്നും ദുഗ്ഗാഭിമാനിദേവന്മാരുമുണ്ടായി. ജാമിക്കു് പുത്രനായി സ്വർഗ്ഗനും, അവനിൽനിന്നു് നന്ദിയും ജനിച്ചു. വിശ്വയുടെ പുത്രന്മാരായി വിശ്വദേവന്മാർ ജനിച്ചു. അവർക്കു് പുത്രന്മാരില്ലായിരുന്നു. സാധ്യയുടെ മക്കളായി സാധ്യദേവഗണമുണ്ടായി. സാധ്യന്മാരുടെ പുത്രനായി അർത്ഥസിദ്ധിയും ജനിച്ചു. മരുത്വതിയിൽ        മരുത്വാനും ജയന്തനും ജനിച്ചു. ജയന്തൻ വിഷ്ണുവിന്റെ അംശമാണെന്നറിയുക. അവനെ ഉപേന്ദ്രൻ എന്നും വിളിക്കപ്പെടുന്നു.

മുഹൂർത്തയിൽനിന്നും മൌഹൂർത്തികർ എന്ന ദേവഗണങ്ങളുണ്ടായി. ഈ മൌഹൂർത്തികന്മാർ ജീവരാശികൾക്കു് അവരുടെ കാലഗതിക്കനുസരിച്ചുള്ള ഫലത്തെ പ്രദാനം ചെയ്യുന്നവരാണു. സങ്കല്പയിൽനിന്നും സങ്കല്പൻ ജനിച്ചു. കാമദേവനത്രേ സങ്കല്പന്റെ പുത്രൻ. വസുവിൽനിന്നും അഷ്ടവസുക്കൾ പിറന്നു. അവരുടെ പേരുകൾ ദ്രോണൻ, പ്രാണൻ, ധ്രുവൻ, അർക്കൻ, അഗ്നി, ദോഷൻ, വസു, വിഭാവസു എന്നിങ്ങനെയാകുന്നു. ദ്രോണനു് അഭിമതി എന്ന തന്റെ പത്നിയിൽ ഹർഷം, ശോകം, ഭയം, മുതലായവകൾ ഉത്ഭൂതരായി. പ്രാണന്റെ ഭാര്യയായ ഊർജസ്വതിയിൽ സഹസ്സ്, ആയുസ്സ്, പുരോജവൻ, എന്നീ മക്കൾ ജനിച്ചു. ധരണി എന്ന പത്നിയിൽ ധ്രുവനും അനേകം പുരങ്ങളെ മക്കളായി ലഭിച്ചു. അർക്കന്റെ ഭാര്യ വാസനയിൽ തർഷാദികൾ അദ്ദേഹത്തിനു് പുത്രന്മാരായി ജനിച്ചു. അഗ്നിയുടെ പത്നി വസോർധാരയാണു.         ദ്രവിണകാദികൾ അവർക്കു് പുത്രന്മാരും. കൃത്തികമാരുടെ പുത്രനായി സ്കന്ദൻ ജനിക്കുകയുണ്ടായി. സ്കന്ദനിൽനിന്നു് വിശാഖൻ മുതലായവരുണ്ടായി.

ശർവരിയെന്ന ദോഷന്റെ പത്നിയിൽ അവർക്കു് പുത്രനായി ഭഗവദംശമാകുന്ന ശിശുമാരൻ അവതരിച്ചു. വസുവിന്റെ പത്നി അംഗിരസിയിൽ ശില്പാചാര്യനായ വിശ്വകർമ്മാവു് ജനിച്ചു. അദ്ദേഹത്തിൽനിന്നും ചാക്ഷുഷൻ എന്ന മനുവുണ്ടായി. ചാക്ഷുഷമനുവിന്റെ പുത്രന്മാർ വിശ്വേസാധ്യന്മാരെന്ന ദേവന്മാരത്രേ. ഉഷ എന്ന വിഭാവസുവിന്റെ പത്നിയാകട്ടെ, വ്യുഷ്ടൻ, രോചിസ്സ്, ആതപൻ എന്നിവരെ പ്രസവിച്ചു. ആതപന്റെ പുത്രനായി പഞ്ചയാമൻ ജനിച്ചു. അവനാൽ ജീവഭൂതങ്ങൾ കർമ്മത്തിൽ ജാഗരൂകരായിരിക്കുന്നു. ഭൂതന്റെ ഒരു ഭാര്യയായ സരൂപ അനേകം രുദ്രന്മാരെ പ്രസവിച്ചു. മറ്റൊരു ഭാര്യയിൽ ഭൂതനു് രുദ്രന്റെ പാർഷദന്മാരും ഉഗ്രരൂപികളുമായ ഭൂതങ്ങൾ, വിഘ്നേശ്വരന്മാർ എന്നിവരുണ്ടായി. ആംഗിരസ്സിന്റെ പത്നി സ്വധ പിതൃദേവതകളെ പുത്രരായി സ്വീകരിച്ചു. സതിയാകട്ടെ, അഥർവ്വാങിരസ്സം എന്ന വേദത്തെയും പുത്രനാക്കി. കൃശാശ്വൻ പത്നിയായ അർച്ചിസ്സിൽ ധൂമ്രകേശനേയും, ദിഷണയെന്ന തന്റെ മറ്റൊരു ഭാര്യയിൽ വേദശിരസ്സ്, ദേവലൻ, വയുനൻ, മനു എന്നിവരേയും ജനിപ്പിച്ചു. താർക്ഷ്യനു് ഭാര്യമാരായി വിനത, കദ്രു, പതംഗി, യാമിനി എന്നീ നാലുപേരുണ്ടായിരുന്നു. ഇവരിൽ പതംഗി പറവകളേയും, യാമിനി ശലഭങ്ങളേയും, വിനത ഭഗവാന്റെ വാഹനമായ ഗരുഡനേയും സൂര്യന്റെ സാരഥിയായ അരുണനേയും, അതുപോലെ കദ്രു അനേകം നാഗങ്ങളേയും പ്രസവിച്ചു.

ഹേ ഭരത!, കാർത്തിക മുതലായ നക്ഷത്രങ്ങളാണു് ചന്ദ്രന്റെ പത്നിമാർ. ദക്ഷന്റെ ശാപത്താൽ രോഗപീഡിതനായ ചന്ദ്രൻ പുത്രഭാഗ്യമില്ലാത്തവനായിരുന്നു. പിന്നീടു് ദക്ഷനെ പ്രസാദിപ്പിച്ചു് തന്റെ കലകളെ മാത്രം ചന്ദ്രൻ വീണ്ടുടുക്കുകയുണ്ടായി. ഇനി ഈ ജഗത്തിന്റെ മാതാക്കളായ കശ്യപപത്നിമാരുടെ മംഗളനാമധേയങ്ങൾ കേട്ടുകൊള്ളുക. കശ്യപപത്നിമാരെ അദിതി, ദിതി, ദനു, കാഷ്ഠാ, അരിഷ്ടാ, സുരസാ, ഇളാ, മുനി, ക്രോധവശാ, താമ്രാ, സുരഭി, സരമാ, തിമി എന്നിങ്ങനെയറിയുക. അവരിൽ തിമിയിൽനിന്നും ജലജന്തുക്കൾ ഉത്ഭൂതമായി. സരമയുടെ മക്കളായി വ്യാഘ്രം മുതലായ വനജന്തുക്കളുണ്ടായി. സുരഭിയിൽനിന്നു് മഹിഷവും മാടുകളും മറ്റുചില ഇരട്ടകൊമ്പുള്ള മൃഗങ്ങളും ജനിച്ചു. ഹേ രാജൻ!, താമ്രയിൽനിന്നാകട്ടെ, പരുന്തുകളും കഴുകന്മാരും ജനിച്ചു. മുനി എന്ന കശ്യപപത്നിയിൽനിന്നും അപ്സരവൃന്ദങ്ങൾ പിറന്നു. ക്രോധവശയുടെ മക്കളായി പിറന്നവരാണു് പാമ്പു് മുതലായ സർപ്പഗണങ്ങൾ. ഭൂരുഹങ്ങളായ വൃഷങ്ങളും മറ്റു സസ്യങ്ങളും ഇളയുടെ സന്താനങ്ങളാണു. സുരസയുടെ മക്കളെ യക്ഷരക്ഷസ്സുകളായി അറിയുക. അരിഷ്ടയിൽനിന്നും ഗന്ധർവ്വന്മാരും, കാഷ്ഠയിൽനിന്നും ഇരട്ടക്കുളമ്പില്ലാത്ത മൃഗങ്ങളും ജാതമായി. ദനുവിന്റെ മക്കളായി അറുപത്തിയൊന്നു് ദാനവന്മർ ജനിച്ചു. അവരിൽ മുഖ്യന്മാർ, ദ്വിമൂർദ്ധാവു്, ശംബരൻ, അരിഷ്ടൻ, ഹയഗ്രീവൻ, വിഭാവസു, അധോമുഖൻ, ശംകുശിരസ്സ്, സ്വർഭാനു, കപിലൻ, അരുണൻ, പുലോമാവു്, വൃഷപർവ്വാവു്, ഏകചക്രൻ, അനുതാപനൻ, ധൂമകേശൻ, വിരൂപാക്ഷൻ, വിപ്രചിത്തി, ദുർജ്ജയൻ എന്നിവരാകുന്നു.

സ്വർഭാനുവിന്റെ പുത്രിയായ സുപ്രഭയെ നമുചിയും, വൃഷപർവാവിന്റെ മകളായ ശർമിഷ്ഠയെ നഹുഷപുത്രനും ശക്തിമാനുമായ യയാതിയും വിവാഹം കഴിച്ചു. വൈശ്വാനരനെന്ന ദാനവനു് ചാരുരൂപികളായ ഉപദാനവി, ഹയശിര, പുലോമ, കാലക എന്നിവർ പുത്രിമാരായി ജനിച്ചു. ഹേ നൃപ!, ഉപദാനവിയെ ഹിരണ്യാക്ഷനും, ഹയശിരയെ ക്രതുവും വേളി കഴിച്ചു. പുലോമയേയും കാലകയേയും കശ്യപൻ ബ്രഹ്മാവിന്റെ നിർദ്ദേശമനുസരിച്ചു് പാണിഗ്രഹണം ചെയ്തു. പുലോമയുടേയും കാലകയുടേയും പുത്രന്മാരായി ജനിച്ച ദാനവന്മാർ യുദ്ധശാലികളായിരുന്നു. ഹേ രാജൻ!, അവരുടെ പുത്രന്മാരായ അറുപതിനായിരം യജ്ഞദ്വേഷികളെ അങ്ങയുടെ മുത്തച്ഛൻ സ്വർഗ്ഗത്തിലെത്തി ഇന്ദ്രനു് പ്രിയം ചെയ്യുവാനായി ഏകനായി കൊന്നുതള്ളി. ദനുവിന്റെ പുത്രനായ വിപ്രചിത്തി സിംഹികയിൽ രാഹുവും കേതുക്കളും ചേർന്ന നൂറ്റിയൊന്നു് പുത്രന്മാർക്കു് ജന്മം കൊടുത്തു. അവർ ഗ്രഹങ്ങളെന്ന നിലയെ പ്രാപിച്ചവരാകുന്നു.

ഹേ രാജൻ!, ഇനി ഞാൻ അങ്ങയോടു് പറയാൻ പോകുന്നതു് ദിതിയുടെ വംശത്തെക്കുറിച്ചാണു. ആ വംശത്തിലായിരുന്നു ഭഗവാൻ നാരായണൻ വാമനനായി അവതരിച്ചതു. വിവസ്വാൻ, അര്യമാവു്, പൂഷാവു്, ത്വഷ്ടാവു്, സുവിതാവു്, ഭഗൻ, ധാതാവു്, വിധാതാവു്, വരുണൻ, മിത്രൻ, ശക്രൻ, ഉരുക്രമൻ, എന്നിവരാണു് ദിതിയുടെ പുത്രന്മാരായ പന്ത്രണ്ടു് ആദിത്യന്മാർ. ഇവരിൽ വിവസ്വാൻ തന്റെ ഭാഗ്യവതിയായ സംജ്ഞ എന്ന ദേവിയിൽ ശ്രാദ്ധദേവൻ എന്ന മനുവിനേയും, യമൻ, യമി എന്ന സ്ത്രീപുരുഷമിഥുനത്തേയും ജനിപ്പിച്ചു. അവൾതന്നെ ഭൂമിയിൽ ഒരു പെൺകുതിരയായി ഭവിച്ചിട്ടു് അശ്വിനികുമാരന്മാർക്കു് ജന്മം നൽകുകയും ചെയ്തു. വിവസ്വാനിൽനിന്നും ഛായാദേവി ശനിയേയും സാവരണിമനുവിനേയും തപതി എന്ന ഒരു കന്യകയേയും പ്രസവിച്ചു. തപതി സംവരണനെ ഭർത്താവായി സ്വീകരിച്ചു. മാതൃക എന്ന അര്യമാവിന്റെ ഭാര്യ കുറെ പണ്ഡിതന്മാർക്കു് ജന്മം നൽകി. അവർക്കിടയിലാണു് ബ്രഹ്മദേവൻ വിവേകികളയ മനുഷ്യവർഗ്ഗത്തെ സൃഷ്ടിച്ചിരിക്കുന്നതു.

പൂഷാവു് അനപത്യനാണു. അദ്ദേഹം പണ്ടു് മഹാദേവനെ ദക്ഷൻ പരിഹസിച്ചപ്പോൾ തന്റെ പല്ലു വെളിയിൽ കാട്ടി അപഹസിച്ചതിൽ തുടർന്നു് ശൈവഭൂതങ്ങളാൽ പല്ലു തകർക്കപ്പെട്ടവനും അരച്ച ഭക്ഷണം മാത്രം കഴിക്കുന്നവനുമായി പരണമിച്ചു. ദൈത്യന്മാരുടെ അനുജത്തിയായ രചന എന്ന കന്യകയാണു് ത്വഷ്ടാവിന്റെ വിവാഹം കഴിച്ചതു. ആ ദമ്പതികൾക്കു് പുത്രരായി സന്നിവേശനും വീര്യവാനായ വിശ്വരൂപനും പിറന്നു. പണ്ടൊരിക്കൽ ഇന്ദ്രൻ അപമാനിച്ചതിനെ തുടർന്നു് ദേവഗുരുവായ ബൃഹസ്പതി ദേവന്മാരേയും അവരുടെ ഗുരുസ്ഥാനത്തേയും ഉപേക്ഷിച്ചുപോകുകയും, എന്നാൽ തങ്ങളുടെ ശത്രുക്കളായ ദൈത്യന്മാരുടെ സഹോദരിയുടെ പുത്രനാണെങ്കിൽകൂടി വിശ്വരൂപനെ അവർക്കു് ഗുരുവായി സ്വീകരിക്കേണ്ടിയും വന്നു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം ആറാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next




The progeny of daughters of Daksha

6.5 നാരദമുനിക്കു് ദക്ഷപ്രജാപതിയുടെ ശാപം.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 5
(നാരദമുനിക്കു് ദക്ഷപ്രജാപതിയുടെ ശാപം.)



ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ രാജൻ!, വിഷ്ണുമായയാൽ സൃഷ്ടിയിൽ ആസക്തി വളർന്ന ദക്ഷപ്രജാപതി പഞ്ചജനപുത്രിയിൽ പതിനായിരം പുത്രന്മാരെ ജനിപ്പിച്ചു. ഹേ നൃപ!, ഒരുപോലെതന്നെ ധർമ്മശിലരായ അവർ പ്രജാസൃഷ്ടിക്കായി പിതാവിന്റെ നിർദ്ദേശാനുസരണം പടിഞ്ഞാറേ ദിക്കിലേക്കു് യാത്രയായി. അവിടെ, സിന്ധുനദിയും സമുദ്രവും സംഗമിക്കുന്ന, സിദ്ധമാമുനിമാരാൽ സേവിതവും അതിവിശാലവുമായ നാരായണസരസ്സെന്ന തീർത്ഥസ്ഥാനത്തിൽ അവരെത്തി. ആ തീർത്ഥത്തിലെ സ്നാനം, ആചമനം മുതലായ കർമ്മങ്ങളിലൂടെ മനസ്സിന്റെ മാലിന്യമകന്നു്, അവരിൽ ഭക്തിയും ധർമ്മവും വളർന്നു. അങ്ങനെയിരിക്കെ, പിതാവിന്റെ ആദേശത്താൽ തപസ്സനുഷ്ഠിച്ചു്, സ്വയം നിയന്ത്രിതരായി പ്രജാഭിവൃദ്ധിക്കായി പ്രയത്നിച്ചുകൊണ്ടിരുന്ന അവരെ, അത്ഭുതമെന്നു പറയട്ടെ!, ഒരിക്കൽ ശ്രീനാരദമുനി സന്ദർശിച്ചു.

കാരുണ്യവാനായ ദേവർഷി അവരോടിപ്രകാരം പറഞ്ഞു: ഹേ ഹര്യശ്വന്മാരേ!, പാലകന്മാരായിരുന്നിട്ടും ഭൂമിയുടെ അറ്റം കണ്ടെത്താൻ കഴിയാത്ത ബാലിശരായ നിങ്ങളെങ്ങെനെയാണു് പ്രജാവർദ്ധനം നടത്തുക?. കഷ്ടം തന്നെ!. അവിടെ ഒരേയൊരു പുരുഷനാൽ രക്ഷിതമായ ഒരു രാജ്യമുണ്ടു. അകത്തേയ്ക്കുകടന്നാൽ പിന്നെയൊരിക്കലും പുറത്തേക്കുവരുവാൻ കഴിയാത്തവിധമുള്ള ഒരു ഗുഹയുമുണ്ടു. മാത്രമല്ല, അനേകരൂപം ധരിച്ച ഒരു സ്ത്രീയും പുംശ്ചലിയായ അവളുടെ ഒരു പതിയുമുണ്ടു. രണ്ടുവശത്തേക്കും ഒരുപോലെയൊഴുകുന്ന ഒരു നദിയും, ഇരുപത്തിയഞ്ചുപേർ താമസിക്കുന്ന ഒരു ഗൃഹവും, വിചിത്രമായി ശബ്ദിക്കുന്ന ഒരു ഹംസവും, കത്തികൾകൊണ്ടും വജ്രങ്ങൾകൊണ്ടും നിർമ്മിതമായി സ്വയം കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവുമുണ്ടു. ഇങ്ങനെയുള്ള ഭൂമിയുടെ അന്തവും ബന്ധവുമറിയാതെ പിതാവിന്റെ ആഗ്രഹം നിറവേറ്റുവാനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന അവിദ്വാന്മാരായ നിങ്ങൾ എങ്ങനെയാണിവിടെ സൃഷ്ടിയെ നടത്താൻ പോകുന്നതു?.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ശ്രീനാരദരുടെ വാക്കുകളിൽ ഒളിഞ്ഞുകിടന്ന ഗുഹ്യാർത്ഥത്തെ മനസ്സിലാക്കിയ ഹര്യശ്വന്മാർ തങ്ങളുടെ ബുദ്ധിക്കനുസരിച്ചു നിരൂപണം ചെയ്തുകൊണ്ടു അവർ ആ വാക്കുകളെ ഇങ്ങനെ  വിലയിരുത്തി. ‘‘ഭൂമി എന്നതു് കർമ്മക്ഷേത്രമാണു. ജീവന്മാരുടെ കർമ്മഫലമായ ഈ ശരീരംതന്നെയാണു കർമ്മക്ഷേത്രമെന്നതു. അനന്തകോടി കാലങ്ങളായി ഈ ശരീരം ആത്മാവിനു് ബന്ധനകാരണമായി നിലകൊള്ളുന്നു. ആ ബന്ധനത്തെ അറുത്തെറിയുവാൻ കഴിയാതെ സകാമകർമ്മങ്ങളിൽ മുഴുകുന്നവന്റെ കർമ്മംകൊണ്ടെന്തർത്ഥമാണുള്ളതു?. ഈ ബ്രഹ്മാണ്ഡത്തിന്റെ നായകൻ ഭഗവാൻ മാത്രമാണു. അവൻ സർവ്വൈശ്വര്യവാനും സർവ്വസ്വതന്ത്രനുമാണു. അവൻ ത്രിഗുണാധീതനാണു. അവനെയറിയാതെ നിത്യനിരന്തരം മൃഗങ്ങളെപ്പോലെ അലഞ്ഞുതിരിഞ്ഞു് രാപ്പകലില്ലാതെ കർമ്മങ്ങളിലേർപ്പെട്ടവന്റെ കർമ്മംകൊണ്ടു് എന്തു് പ്രയോജനം?. പാതാളലോകത്തിൽ ഒരിക്കലെത്തിയാൽ പിന്നീടു് തിരിച്ചെത്താൻ കഴിയാത്തതുപോലെ, യാതൊരു വൈകുണ്ഠത്തെ പ്രാപിച്ചതിനുശേഷം ജീവൻ പുനരാവൃത്തിയെ പ്രാപിക്കുന്നില്ലയോ, ആ സ്ഥാനത്തെ തിരിച്ചറിയാത്തവനു് ഈ ലോകത്തിൽ കർമ്മങ്ങൾ ചെയ്തതുകൊണ്ടു് എന്താണു് ഫലം?. രജോഗുണയുക്തമായ, ജീവന്റെ, ഈ ബുദ്ധി കുലടയായ സ്ത്രീകളെപ്പോലെ വേഷം മാറി മാറി വന്നുകൊണ്ടിരിക്കുന്നു. ഈ മായയെ അറിയാതെ കർമ്മത്തിൽ മുഴുകിയവൻ ജീവിതത്തിൽ എന്താണു് നേടുന്നതു?. കുലടയുടെ ഭർത്താവായ ഒരു പുരുഷനു് ജീവിതത്തിൽ എന്തു് സ്വാതന്ത്ര്യമാണുള്ളതു?. അശുദ്ധബുദ്ധിയോടുകൂടിയ മനുഷ്യർ ഭൌതികതയിൽനിന്നും ഒരിക്കലും കരകയറുന്നില്ല. ത്രിഗുണങ്ങളിൽ അടിപ്പെട്ടുപോയ അവൻ തന്റെ ആ ബുദ്ധിയാൽ ജീവിതത്തിൽ സുഖദുഃഖങ്ങൾ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. ആയതുകൊണ്ടു് ജീവിതത്തിൽ എന്തുണ്ടാകാനാ‍ണു?. സൃഷ്ടിയും ലയവുമാണു് പ്രകൃതിയുടെ രണ്ടു് ഗതികൾ. പ്രകൃയാകുന്ന ആ നദി ഇരുവശങ്ങളിലേക്കുമൊഴുകുന്നു. അതിൽ അകപ്പെട്ടുപോകുന്ന ജീവന്മാർക്കു് അതിന്റെ ത്വരിതഗതിയിലുള്ള ഒഴുക്കിൽനിന്നും ഒരിക്കലും കരകയറുവാൻ കഴിയുന്നില്ല. അങ്ങനെയെങ്കിൽ ആ മായാനദിയിൽ സകാമകർമ്മങ്ങൾ ചെയ്തതുകൊണ്ടു് എന്താണു് പ്രയോജനം?. ഭഗവാൻ ഇരുപത്തിനാലു് തത്വങ്ങളുടേയും ഉറവിടമാണു. സകലകാര്യകാരണങ്ങളുടേയും നിയന്താവും അവൻ തന്നെ. അവൻ കാരണം സൃഷ്ടി സംഭവിക്കുന്നു. അവനെയറിയാതെ കർമ്മത്തിൽ ആസക്തനായവനു് ആ കർമ്മങ്ങളിൽനിന്നു് എന്തു് നേട്ടം?. വേദശാത്രങ്ങൾ അവനെയറിയുവാനുള്ള വഴികൾ പറയുന്നു. അതിൽ പ്രകൃതിയേയും പുരുഷനേയും വിസ്തരിച്ചുപറയപ്പെട്ടിരിക്കുന്നു. നാരദൻ പറഞ്ഞ ഹംസം ഈ പ്രകൃതിപുരുഷന്മാരെ വേർതിരിച്ചറിഞ്ഞവരാണു. അവർ ബന്ധനത്തേയും മോക്ഷത്തേയും നന്നായറിഞ്ഞിരിക്കുന്നു. പവിത്രമായ ഇതിനെ നിരാകരിച്ചു് കർമ്മത്തിൽ കുടുങ്ങിയവൻ എവിടെയെത്തപ്പെടാനാണു?. കാലം വളരെ കൃത്യമായി കടന്നുപോകുന്നു. അതിതീഷ്ണവും ലോകത്തെ മുഴുവൻ വലിച്ചുലയ്ക്കുന്നതുമായ അതിനെ അറിയാത്തവനു് തന്റെ കർമ്മങ്ങളാൽ ഇവിടെ എന്തുണ്ടാകാൻ?. ശാസ്ത്രമാകുന്ന, പിതാവിന്റെ, ആദേശത്തെ വേണ്ടവണ്ണം ഉൾക്കൊള്ളാൻ കഴിയാതെ, ത്രിഗുണാത്മകമായ പ്രവൃത്തിമാർഗ്ഗത്തിൽമാത്രം വിശ്വസിച്ചുകൊണ്ടു് എങ്ങനെയാണു് ഒരുവനു് സ്വകൃത്യം നിർവ്വഹിക്കുവാൻ കഴിയുക?.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, ഏകമനസ്സോടുകൂടിയ ഹര്യശ്വന്മാർ നാരദരുടെ ഉപദേശം ശിരസ്സാവഹിച്ചുകൊണ്ടു് അദ്ദേഹത്തെ പ്രദക്ഷിണം ചെയ്തതിനുശേഷം, പുനരാവൃത്തിയെ പ്രാപിക്കാത്ത മുക്തിമാർഗ്ഗം സ്വീകരിച്ചു. നാരദമുനിയാകട്ടെ, മനസ്സ് ഭഗവാനിലുറപ്പിച്ചുകൊണ്ടു് തന്റെ യാത്രയാരംഭിക്കുകയും ചെയ്തു.

സുശീലന്മാരായ തന്റെ പുത്രന്മാർ നാരദരുടെ ഉപദേശപ്രകാരം തന്റെ നിർദ്ദേശത്തെ തിരസ്കരിച്ചതറിഞ്ഞു് ദക്ഷൻ പരിതപിച്ചു. സുപുത്രത്വവും ദുഃഖാസ്പദമാണെന്നു് അദ്ദേഹം മനസ്സിലോർത്തു. ബ്രഹ്മദേവനാൽ സമാധാനിപ്പിക്കപ്പെട്ട ദക്ഷൻ വീണ്ടും തന്റെ ഭാര്യയിൽ ശബലാശ്വന്മാർ എന്ന ആയിരത്തോളം പുത്രന്മാർക്കു് ജന്മം നൽകി. പിതാവിന്റെ ഉപദ്ദേശം സ്വീകരിച്ചുകൊണ്ടു് അവരും നാരായണസരസ്സിൽത്തന്നെ എത്തിച്ചേർന്നു. അവരും ആ തീർത്ഥത്തിലെ സ്നാനാചമനാദികളാൽ ഹൃദയശുദ്ധരായി പ്രണവമന്ത്രോച്ചാരണത്താൽ തപസ്സനുഷ്ഠിച്ചു. തുടക്കത്തിലെ ഏതാനും മാസങ്ങളിൽ ജലം മാത്രം പാനം ചെയ്തും, പിന്നീടുണ്ടായ മാസങ്ങളിൽ വായു മാത്രം ഭക്ഷിച്ചും അവർ ശ്രീഹരിയെ പ്രണവോപാസനായാൽ ആരാധിച്ചു. അവർ ഭഗവാനെ ഇങ്ങനെ കീർത്തിച്ചു:  നാരായണനും പരമപുരുഷനും പരമാത്മാവായും വിശുദ്ധസത്വഗുണത്തിനു് ആശ്രയമായിരിക്കുന്നവനുമായ മഹാഹംസസ്വരൂപനു് മനസ്സാ നമസ്കാരം.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, മുന്നേപോലെ, ശ്രീനാരദർ വീണ്ടും നാരായണസരസ്സിലെത്തുകയും, പ്രജാവർദ്ധനത്തിനായി മന്ത്രോപാസന ചെയ്തിരുന്ന ശബലാശ്വന്മാരെയും ഗൂഡോക്തികൾ പറഞ്ഞുധരിപ്പിച്ചു് ഭഗവദഭിമുഖരാക്കിമാറ്റുകയും ചെയ്തു.

നാരദർ പറഞ്ഞു: ഹേ ദക്ഷപുത്രന്മാരേ!, നിങ്ങളുടെ ഹിതം ഉപദേശിക്കുവാനെത്തിയെ എന്റെ വാക്കുകളെ കേട്ടു് നിങ്ങളും നിങ്ങളുടെ സഹോദരന്മാരുടെ പാതയെ പിന്തുടരുക. യാതൊരുവനാകട്ടെ, ഭ്രാതാക്കന്മാരുടെ നല്ലമാർഗ്ഗത്തെ അനുസരിക്കുകയാണെങ്കിൽ, ധർമ്മജ്ഞനും പുണ്യബന്ധുവുമായ അവർക്കു് മരുത്തുക്കൾ എന്ന ദേവസമൂഹത്തോടുകൂടി പരലോകത്തിൽ കഴിയാൻ സാധ്യമാകുന്നു. ഹേ രാജൻ!, അങ്ങനെ ശ്രീനാരദരുടെ വാക്കുകളിൽ ബുദ്ധിയർപ്പിച്ച ശബലാശ്വന്മാരും തങ്ങളുടെ ഭ്രാതാക്കളുടെ മാർഗ്ഗത്തെ അവലംബിച്ചു. സർവ്വേശരന്റെ ധാമത്തിൽ എത്തിച്ചേർന്ന അവർ കഴിഞ്ഞുപോയ രാത്രികളെന്നപോലെ പുനരാവൃത്തിയില്ലാതെ ഇപ്പോഴും അവിടെ കഴിഞ്ഞുപോരുന്നു. വീണ്ടും ദക്ഷൻ ഈ വാർത്തയറിഞ്ഞു് അത്യന്തം ദുഃഖിതനായി. പുത്രന്മാർ നഷ്ടമായ ദക്ഷൻ നാരദർക്കുനേരേ കോപം കൊണ്ടു് ജ്വലിച്ചുതുള്ളി. ദേവർഷിയെ കണ്ട അദ്ദേഹം കോപത്താൽ വിറയ്ക്കുന്ന ചുണ്ടുകളോടെ ഇപ്രകാരം പറഞ്ഞു: ഹേ അസാധോ!, സന്യാസിവേഷം ധരിച്ച നീ അന്യായമാണു് ചെയ്തിരിക്കുന്നതു. സ്വധർമ്മത്തിൽ വ്യാപൃതരായിരുന്ന നമ്മുടെ പുത്രന്മാർക്കു് നീ ഭിക്ഷാമാർഗ്ഗം കാട്ടിക്കൊടുത്തിരിക്കുന്നു. മൂന്നു് ഋണങ്ങളിൽനിന്നു് മോചിച്ചിട്ടില്ലാത്തവരും കർമ്മമാർഗ്ഗങ്ങളെ പരിചിന്തനം ചെയ്തിട്ടില്ലാത്തവരുമായ അവർക്കു് ഇഹത്തിന്റേയും പരത്തിന്റേയും ശ്രേയസ്സിനു് നീ വിഘനമുണ്ടാക്കിയിരിക്കുന്നു. ഇങ്ങനെ കുട്ടികളുടെ ബുദ്ധിയെ ഭ്രമിപ്പിച്ച നീ ശ്രീഹരിയുടെ കീർത്തിയെ നശിപ്പിക്കുന്ന നാണംകെട്ടവനായി എങ്ങനെ തന്തിരുവടിയുടെ പാർഷദന്മാരുടെയിടയിൽ സഞ്ചരിക്കുന്നു?. ശത്രുത്വമില്ലാത്തിടത്തു് ശത്രുത്വമുണ്ടാക്കുകയും, സ്നേഹം നശിപ്പിക്കുകയും ചെയ്യുന്ന നീയൊഴികെ മറ്റുള്ളവരെല്ലാം ജീവഭൂതങ്ങളെ അനുഗ്രഹിക്കുന്നതിൽ തല്പരരാണു.

കേവലം സന്യാസഭാവം കൊണ്ടു് ആർക്കും വിരക്തി സംഭവിക്കുന്നില്ല. നിന്നെപ്പോലെ വേഷം ചുറ്റിയതുകൊണ്ടു് ആരും സന്യാസിയാകുകയുമില്ല. മനുഷ്യൻ വിഷയങ്ങളുടെ ദുഃഖദമായ സ്വഭാവത്തെ അറിയുന്നതു് അവയുടെ അനുഭവങ്ങളിലൂടെയാണു. അല്ലാതെ അന്യരാൽ കൃത്രിമമായി ഇളക്കിവിട്ടാൽ വൈരാഗ്യം സാധ്യമാകുകയില്ല. കർമ്മനിഷ്ഠരും സാധുക്കളും ഗൃഹമേധികളുമായ ഞങ്ങൾക്കു് പൊറുക്കുവാൻ പറ്റുന്ന തെറ്റല്ല നീ ചെയ്തുവച്ചതു. എങ്കിലും നിന്റെ ഈ തെറ്റിനെ ഞങ്ങൾ പൊറുത്തിരിക്കുന്നു. എന്നിരുന്നാലും, ഹേ മൂഢാ!, സന്തതിച്ചരടറുത്തു്‌ നമ്മുടെ പുത്രന്മാർക്ക് അഭദ്രം ഉണ്ടാക്കിത്തീർത്ത നീ സ്ഥിരമായി ഒരിടത്തു് നിലകൊള്ളാതെ ലോകം മുഴുവൻ ചുറ്റിത്തിരിയാനിടവരട്ടെ!.

ശ്രീശുകൻ പറഞ്ഞു: സജ്ജനസമ്മതനായ ശ്രീനാരദൻ ആ ശാപത്തെ ശരി അങ്ങനെയാ‍കട്ടെ!, എന്നുപറഞ്ഞു് സ്വീകരിച്ചു. മറുശാപം കൊടുക്കുവാൻ കഴിവുള്ളവനായിട്ടുകൂടി സജ്ജനവൃത്തിയെ പാലിക്കുവാനായി അദ്ദേഹം ദക്ഷനോടു് ക്ഷമിച്ചരുളുകയും ചെയ്തു.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അഞ്ചാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next






Daksha curses Sri Narada

6.4 ദക്ഷപ്രജാപതി ഹംസഗുഹ്യസ്തോത്രത്താൽ ഭഗവാനെ ആരാധിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 4
(ദക്ഷപ്രജാപതി ഹംസഗുഹ്യസ്തോത്രത്താൽ ഭഗവാനെ ആരാധിക്കുന്നു.)



അനുഗ്രഹീതനായ പരീക്ഷിത്ത് മഹാരാജാവ് ശ്രീശുകബ്രഹ്മമഹർഷിയോട് പറഞ്ഞു: ഹേ ഋഷേ!, സ്വായംഭുവമന്വന്തരത്തിലുണ്ടായ മനുഷ്യർ, ദേവതകൾ, നാഗങ്ങൾ, പക്ഷികൾ, മൃഗങ്ങൾ മുതലായ ജീവഭൂതങ്ങളുടെ സൃഷ്ടിയെക്കുറിച്ച് അങ്ങ് സംക്ഷിപ്തമായി എന്നോടു് പറഞ്ഞാതാണു. എങ്കിലും, ഈശ്വരൻ, തുടർന്നുള്ള സൃഷ്ടിയുടെ വിസ്താരം എങ്ങനെ നിർവ്വഹിച്ചുവെന്നതിനെപറ്റിയും വിശദമായി അറിയാൻ അടിയൻ ആഗ്രഹിക്കുന്നു.

സൂതൻ ശൌനകാദികളോടു പറഞ്ഞു: ഹേ മുനിശ്രേഷ്ഠന്മാരേ!, ഇപ്രകാരമുള്ള പരിക്ഷിത്തിന്റെ ചോദ്യം കേട്ടു് ശ്രീശുകൻ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടു് ഇങ്ങനെ പറഞ്ഞു: ഹേ രാജൻ!, പണ്ടു് പ്രാചീനബർഹിസ്സിന്റെ പത്തുപുത്രന്മാരായ പ്രചേതസ്സുകൾ തപസ്സിനുശേഷം സമുദ്രത്തിന്റെയുള്ളിൽനിന്നും ഉയർന്നുവന്നപ്പോൾ, ഭൂമി അപ്പാടെ വൃക്ഷങ്ങളാൽ മൂടപ്പെട്ടുകിടക്കുന്നതവർ കണ്ടു. കോപത്തോടെ വൃക്ഷങ്ങളെ ദഹിപ്പിക്കുവാനായി അവർ വായിൽനിന്നും കാറ്റും അഗ്നിയും സൃഷ്ടിച്ചു. ഹേ കുരൂദ്വഹ!, അതുകണ്ട സോമൻ എന്ന രാജാവു് അവരെ ശാന്തരാക്കുവാനായി ഇപ്രകാരം പറഞ്ഞു: ഹേ മഹാഭാഗന്മാരേ!, ഈ പാവം വൃക്ഷങ്ങളെ നിങ്ങളെന്തിനാണു് ദ്രോഹിക്കുന്നതു?. യഥാർത്ഥത്തിൽ പ്രജാപാലകരായ നിങ്ങൾ, അവയെ വച്ചുവളർത്തി സംരക്ഷിക്കേണ്ടവരാണെന്നാണു് പറയപ്പെടുന്നതു. അത്ഭുതം തന്നെ, പ്രജാപതികളുടെ നായകനും അവ്യയനും സർവ്വശക്തനുമായ ഭഗവാൻ ശ്രീഹരി ഭക്ഷ്യമായി സൃഷ്ടിച്ചിരിക്കുന്നവയാണു് ഇക്കണ്ട വൃക്ഷങ്ങളേയും സസ്യങ്ങളേയുമെല്ലാം. ചരങ്ങൾക്കും അചരങ്ങൾക്കും പാദചാരികൾക്കും പാദമില്ലാത്തവയ്ക്കും കൈയ്യുള്ളവർക്കും കൈയ്യില്ലാത്തവർക്കും ഇരുകാലികൾക്കും നാൽക്കാലികൾക്കുമെല്ലാം ആഹാരമാണു് ഇക്കാണുന്ന വൃക്ഷലതാദികൾ. അല്ലയോ പാപരഹിതന്മാരേ!, നിങ്ങൾ നിങ്ങളുടെ പിതാവായ പ്രാചീനബർഹിസ്സാലും ഈശ്വരനാലും പ്രജകളുടെ സൃഷ്ടിക്കുവേണ്ടി ചുമതലയേൽക്കപ്പെട്ടവരാണു. അങ്ങനെയിരിക്കെ നിങ്ങൾക്കെങ്ങനെയാണു് ഈ വൃക്ഷങ്ങളെ ചുട്ടുകരിക്കാൻ അർഹതയുണ്ടാകുന്നതു? നിങ്ങളുടെ അച്ഛനെപ്പോലെയും മുത്തച്ഛനെപ്പോലെയും മുതുമുത്തച്ഛനെപ്പോലെയും നിങ്ങളും സന്മാർഗ്ഗത്തെ സ്വീകരിച്ചാലും!. ആളിയെരിയുന്ന ഈ കോപത്തെ നിയന്ത്രിച്ചാലും!.

കുട്ടികൾക്ക് മാതാപിതാക്കളും, കണ്ണുകൾക്ക് കൺപോളയും, സ്ത്രീകൾക്ക് ഭർത്താക്കന്മാരും, സന്യാസികൾക്ക് ഗൃഹസ്ഥന്മാരും, അജ്ഞാനികൾക്ക് അറിവുള്ളവരും, അതുപോലെ പ്രജകൾക്ക് രാജാവും ഉറ്റ സഹായികളാകുന്നു. സർവ്വവ്യാപിയും സർവ്വേശ്വരനുമായ ഹരി സകലഭൂതങ്ങളുടെയും ഹൃദയത്തിൽ വാണരുളുന്നു. സർവ്വ ചരാചരങ്ങളും തന്തിരുവടിയുടെ വാസസ്ഥാനങ്ങളാണെന്നറിയുക. അങ്ങനെ നിങ്ങൾക്ക് അവനെ പ്രസാദിപ്പിക്കുവാൻ കഴിയും. ആകാശത്തുനിന്നും ശരീരത്തിനുള്ളിലേക്ക് പെട്ടന്നടർന്നുവീഴുന്നതുപോലെയുള്ള ഇത്തരം കോപത്തെ അടക്കുവാൻ കഴിന്നവൻ പ്രകൃതിയുടെ ത്രിഗുണങ്ങളെ മറികടന്നവനാകുന്നു. വെന്തുനീറി ദീനരായ ഈ വൃക്ഷങ്ങളെ കണ്ടു് ഇതോടുകൂടി നിങ്ങഈ കോപം മതിയാക്കുക. അവശേഷിച്ചവർക്കും നിങ്ങൾക്കും സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. ഇനി ഈ വൃക്ഷങ്ങളാൽ വളർത്തപ്പെട്ട മാരിഷ എന്ന ഉത്തമയായ ഈ കന്യകയെ നിങ്ങൾ ഭാര്യയായി സ്വീകരിക്കുക.

ശ്രീശുകൻ പറഞ്ഞു: ഹേ രാജാവേ!, ഇങ്ങനെ പ്രചേതസ്സുകളെ അനുനയിപ്പിച്ച് അവരുടെ കോപമടക്കി, അപ്സരപുത്രിയും ലക്ഷണയുക്തയുമായ ആ കന്യകയെ അവർക്ക് കൈപിടിച്ചുകൊടുത്തതിനുശേഷം ആ രാജാവു് അവിടെനിന്നും യാത്രയായി. അവർ അവളെ വിധിയാംവണ്ണം പരിണയിക്കുകയും ചെയ്തു. അവളിൽ അവർക്ക് പ്രാചേതസൻ എന്ന ദക്ഷപ്രജാപതി ജനിക്കുകയും, അദ്ദേഹത്തിന്റെ സന്താനങ്ങളാൽ മൂലോകങ്ങളും നിറയുകയും ചെയ്തു. ഹേ പരീക്ഷിത്തേ!, പുത്രികളിൽ അത്യന്തം വാത്സല്യമുണ്ടായിരുന്ന ദക്ഷൻ രേതസ്സുകൊണ്ടും മനസ്സുകൊണ്ടും എങ്ങനെ പ്രജകളെ സൃഷ്ടിച്ചുവെന്നുള്ളതും അങ്ങു് എന്നിൽനിന്നും കേട്ടറിഞ്ഞാലും!.

ആദ്യം ദക്ഷൻ ആകാശം, ഭൂമി, ജലം, എന്നിവിടങ്ങളിൽ വസിക്കുന്ന ദേവന്മാർ, അസുരന്മാർ, മനുഷ്യർ തുടങ്ങിയ പ്രജകളെ തന്റെ മനസ്സുകൊണ്ടു് സൃഷ്ടിച്ചു. അതിൽ അസന്തുഷ്ടനായ ദക്ഷപ്രജാപതി സൃഷ്ടിയുടെ അഭിവൃദ്ധിക്കായി വിന്ധ്യാചലപ്രാന്തപ്രദേശങ്ങളിലെത്തി കഠിനമായ തപസ്സുകളനുഷ്ഠിച്ചു. അവിടെ അമർഷണം എന്ന പേരിലറിയപ്പെടുന്ന വിശിഷ്ടമായ തീർത്ഥത്തെ ത്രിസന്ധ്യകളിൽ ആചമനം ചെയ്തു് ഭഗവാൻ ശ്രീഹരിയെ തപസ്സിനാൽ പ്രസാദിപ്പിച്ചു. തുടർന്നു്, അദ്ദേഹം ഭഗവാനെ ഹംസഗുഹ്യം എന്ന തന്റെ സ്തോത്രംകൊണ്ടു് സ്തുതിക്കുകയും, ഭഗവാൻ അതിൽ സന്തുഷ്ടനാകുകയും ചെയ്തു. മഹത്തായ ആ സ്തോത്രത്തെ ഞാനിതാ അങ്ങേയ്ക്കായി ചൊല്ലാം.

ദക്ഷപ്രജാപതി പറഞ്ഞു: നിത്യപൂർണ്ണമായ ശക്തിക്കുറവിടമായും, ഗുണത്രയപ്രതിഭാസമായ ജീവരാശിയ്ക്കും അതുകാരണമായ മായയ്ക്കും നിയന്താവായും, ആ മായയുടെ ഗുണങ്ങളെ സത്യമെന്നു കരുതുന്ന ജീവന്മാരാൽ സാക്ഷാത്കരിക്കാൻ സാധ്യമാകാത്തവനായും, അളക്കാൻ പറ്റാത്തവനായും, സർവ്വോത്തമനായും, സ്വയം പ്രകാശിതനുമായി വാണരുളുന്ന നിന്തിരുവടിയ്ക്കു് നമസ്ക്കാരം!. വിഷയങ്ങൾ തങ്ങൾക്ക് വിഷയികളോടുള്ള സഖ്യം അറിയുന്നില്ല എന്നതുപോപോലെ, ശരീരത്തിനുള്ളിൽ തന്നോടൊപ്പം വാണരുളുന്ന ഈശ്വരനെ ജീവന്മാർ അറിയുന്നില്ല. അവിജ്ഞാതസഖാവായി വർത്തിക്കുന്ന സർവ്വേശ്വരനായ അങ്ങേക്കെന്റെ നമസ്കാരം!. ശരീരം, പ്രാണങ്ങൾ, ഇന്ദ്രിയങ്ങൾ, അന്തഃകരണങ്ങൾ, ഭൂമി മുതലായ ഭൂതങ്ങൾ, അവയുടെ തന്മാത്രകൾ എന്നിവയൊന്നും തങ്ങളുടെ സ്വരൂപത്തേയോ, മറ്റിന്ദ്രങ്ങളുടെ സ്വഭാവത്തേയോ, അവയുടെ അധിദേവതകളുടെ പ്രത്യേകതകളെക്കുറിച്ചോ അറിയുന്നില്ല. എന്നാൽ ജീവനാകട്ടെ, ഇവയെല്ലമറിയുന്നവനാണു. മാത്രമല്ല, അവയുടെ മുരടുകളായ പ്രകൃതിഗുണങ്ങളേയും അവനറിയുന്നു. എന്നാൽ, സർവ്വജ്ഞനായ ഭഗവാനെ മാത്രം ആരുംതന്നെയറിയുന്നില്ല. അങ്ങനെയുള്ള ഭഗവാനു് എന്റെ നമസ്ക്കാരം!. കാല്പനികമായ നാമരൂപങ്ങളെ സൃഷ്ടിക്കുന്ന മനസ്സിന് അവയുടെ ദർശനാനുഭവങ്ങൾ നശിക്കുമ്പോഴുണ്ടാകുന്ന സമാധിനിലയിൽ ജീവൻ സ്വരൂപജ്ഞാനത്തിലൂടെ തന്റെയുള്ളിൽ കണ്ടറിയുന്ന ആ നിർമ്മലമൂർത്തിക്കു് നമസ്കാരം. രൂപാദിപഞ്ചവിഷയങ്ങളും, പ്രകൃതി, പുരുഷൻ, മഹത്, അഹങ്കാരം, എന്നിവ ചേർന്ന ഒമ്പതു തത്വങ്ങളായും, തിഗുണാത്മകങ്ങളായ ഷോഡശവികാരങ്ങളായുമിരിക്കുന്ന തന്റെ മായാവൈഭവങ്ങളാൽ മറയപ്പെട്ട ആ നിർമ്മലാനന്ദമൂർത്തിയെ വിവേകികൾ ആത്മവിചാരം ചെയ്തു് ഹൃദയത്തിൽ ഉറപ്പിച്ചതിനുശേഷം, അരണിമുട്ടിയിൽ പതിനഞ്ചു് സാമിധേനീമന്ത്രങ്ങളാൽ പ്രകാശിപ്പിക്കപ്പെടുന്ന അഗ്നിയെ കടഞ്ഞെടുക്കുന്നതുപോലെ അവർ അവനെ തങ്ങളുടെ ആത്മാവിൽ കണ്ടു് ധ്യാനിക്കുന്നു. തൽക്കാരണാൽ, മായയുടെ ത്യാഗത്താലുണ്ടാകുന്ന ആനന്ദാനുഭൂതിക്കാസ്പദമായും, അനിർവചനീയമായ ആ മായുയുടെ അധിഷ്ഠാനമായും, പ്രപഞ്ചത്തിലെ സകലനാമരൂപങ്ങളായും വർത്തിക്കുന്ന ആ ഭഗവാൻ എന്നിൽ പ്രസാദിക്കേണമേ!. വാക്കാൽ വർണ്ണിക്കപ്പെടുന്നതും, ബുദ്ധിയാൽ നിരൂപിക്കപ്പെടുന്നതും, ഇന്ദ്രിയങ്ങളാൽ ഗ്രഹിക്കപ്പെടുന്നതും, മനസ്സാൽ സങ്കൽപ്പിക്കപ്പെടുന്നതുമായ യാതൊന്നുംതന്നെ ആ പരമാത്മാവിന്റെ സ്വരൂപമാകാൻ സാധ്യമല്ല. എന്തെന്നാ, ഇവയെല്ലാം മായാഗുണങ്ങളുടെ രൂപങ്ങളാകുമ്പോൾ, അവനാകട്ടെ, ആ ഗുണങ്ങൾക്കധീതനായ നിത്യവസ്തുവുമാകുന്നു.

യാതൊരുവൻ, യാതൊന്നു്, യാതൊന്നിനാൽ, യാതൊന്നിനുവേണ്ടി, യാതൊന്നിൽനിന്നു്, യാതൊന്നിന്റേതായി, യാതൊന്നിൽ, യാതൊരുവിധം ചെയ്യുകയും ചെയ്യിക്കുകയുമാകുന്നുവോ, അതു ബ്രഹ്മംതന്നെയാകുന്നു. ആ ബ്രഹ്മംതന്നെ അവയ്ക്കെല്ലാം ഹേതുവായി നിലകൊള്ളുകയും ചെയ്യുന്നു. പരമപുരാണനാകുന്നതും സകലകാരണകാരണനായിരിക്കുന്നതും രണ്ടെന്നില്ലാത്തതും ആ ബ്രഹ്മം തന്നെയാകുന്നു. വാക്ചാതുര്യമുള്ള വാദികൾക്കു് വിവാദസംവാദങ്ങൾക്ക് വിഷയങ്ങളായി ഭവിക്കുന്നതും ആ ബ്രഹ്മത്തിന്റെ മായാശക്തിയാകുന്നു. ഇവർക്ക് വീണ്ടും വീണ്ടും വ്യാമോഹങ്ങളെ ഉണ്ടാക്കിക്കൊടുക്കുന്നതും അവൻ തന്നെ. അവ്വിധം അനന്തഗുണങ്ങളോടുകൂടിയ സർവ്വവ്യാപിയായ അവിടുത്തേയ്ക്ക് എന്റെ നമസ്ക്കാരം. ഉണ്ടു് എന്നും ഇല്ല എന്നും രണ്ടുവിധത്തിൽ യോഗികളാലും സാംഖ്യന്മാരാലും ബ്രഹ്മത്തെക്കുറിച്ചു് പ്രതിപാദ്യമുണ്ടു. ഉണ്ടു് എന്നുള്ളവർ എല്ലാ കാര്യകാരണങ്ങൾക്കും ഒരു പരമകാരണത്തെ കാണുന്നു. എന്നാൽ, ഇല്ല എന്നുള്ളവർ സർവ്വം ഭൌതികമായി മാത്രം ചിന്തിച്ചറിഞ്ഞുകൊണ്ടു് കാരണത്തെ നിരാകരിക്കുന്നു. എന്നിരുന്നാലും, സാംഖ്യത്തിലൂടെയും യോഗത്തിലൂടെയുമുള്ള പ്രതിപാദനങ്ങളുടെ വിഷയം ഒന്നുതന്നെയായതുകൊണ്ടു് അവർ രണ്ടുകൂട്ടരും ഒരിടത്തുതന്നെ എത്തിച്ചേരുകയും ചെയ്യുന്നു. ആ ഏകവസ്തുവിൽ ഞാനിതാ എന്റെ നമസ്ക്കാരമർപ്പിക്കുന്നു. തന്റെ ഭക്തന്മാരുടെ അനുഗ്രഹത്തിനായി അപരിച്ഛേദ്യനും നാമരൂപരഹിതനുമായ ബ്രഹ്മം പലേ നാമരൂപങ്ങളിൽ ഇവിടെ അവതാരം കൈക്കൊണ്ടു് തന്റെ ലീലകളാടുന്നു. ആ പരമാത്മാവു് എന്നിൽ പ്രസാദിക്കുമാറാകണം. വായു ഭൂമിയിലെ നിറം, മണം, മുതലായ ഗുണങ്ങളെ വഹിക്കുന്നതുപോലെ, ജനങ്ങൾ തങ്ങളുടെ വാസനാനുസരം ചെയ്യപ്പെടുന്ന വിവിധ ഉപാസനകളെ സ്വീകരിച്ചുകൊണ്ടു് വിവിധ ദേവതാസ്വരൂപങ്ങളിൽ അവൻ അവർക്കുമുന്നിൽ പ്രതിഭാസിക്കുന്നു. ആ സർവ്വേശ്വരൻ എന്റെ ആഗ്രഹത്തെ സാധിക്കുമാറാകട്ടെ!.

ശ്രീശുകൻ പറഞ്ഞു: ഹേ കുരുശ്രേഷ്ഠ!, അഘമർഷണമെന്ന ആ പുണ്യതീർത്ഥത്തിൽ വച്ചു് തന്നെ ആരാധിക്കുന്ന ദക്ഷന്റെ മുന്നിൽ ഭഗവാൻ പ്രത്യക്ഷനായി. ഗരുഡന്റെ തോളത്തു് തന്റെ തൃപ്പാദം വച്ചു്, ശംഖചക്രഗദാപത്മങ്ങളേന്തിയ ചതുർഭുജധാരിയായി, മഞ്ഞപ്പട്ടുടുത്തു്, മേഘവർണ്ണത്താൽ പ്രസന്നവും പ്രശോഭിതവുമായ തിരുമുഖവും നേത്രങ്ങളും പൂണ്ടവനായി, കഴുത്തിൽ വലമാലയുമണിഞ്ഞു്, ശ്രീവത്സകൌസ്തുഭാദികളുടെ പരിലസത്തോടുകൂടിയും, കീരീടം, കടകം, കുണ്ഡലം, അരഞ്ഞാണം, വിരൽമോതിരം, വള, തോൾവള, എന്നിവയാൽ അലംകൃതനായി, മൂന്നു് ലോകങ്ങളേയും മയക്കുന്ന രൂപത്തിൽ, നാരദാദി ദേവർഷിമാരാലും ദേവഗണങ്ങളാലും സിദ്ധചാരണഗന്ധർവ്വന്മാരാലും പരിവൃതനായി സ്തുതിക്കപ്പെട്ടുകൊണ്ടു്, ഭഗവാൻ ശ്രീഹരി അവിടെ പ്രത്യക്ഷപ്പെട്ടു. പെട്ടെന്നു് ഭഗവാനെ കണ്ടതിലുള്ള അത്യാശ്ചര്യത്തിൽ സംഭ്രമിച്ചുകൊണ്ടു് ദക്ഷപ്രജാപതി ഭൂമിയിൽ വീണു് ദണ്ഡനമസ്കാരമർപ്പിച്ചു. ജലപ്രവാഹത്തിൽ നദികൾ നിറഞ്ഞുകവിയുന്നതുപോലെ, ഭഗവാനെ കണ്ടതിലുള്ള ആനന്ദത്താൽ മനസ്സുനിറഞ്ഞ ദക്ഷനു് സംഭ്രമത്താൽ ഒന്നുംതന്നെ ഉരിയാടാൻ കഴിഞ്ഞില്ല. സകലഭൂതങ്ങളുടേയും ഉള്ളറിയുന്ന ഭഗവാൻ ശ്രീഹരി സന്താനാർത്ഥിയായി തന്റെ മുന്നിൽ വണങ്ങിനിൽക്കുന്ന ദക്ഷനോടു് ഇപ്രകാരം അരുളിച്ചെയ്തു: തപസ്സിനാൽ സിദ്ധി നേടിക്കഴിഞ്ഞ ഹേ പ്രാചേതസ!, എന്നിലർപ്പിക്കപ്പെട്ട ശ്രദ്ധയാൽ നീ എന്നിൽ ഭക്തിയുള്ളവനായിക്കഴിഞ്ഞിരിക്കുന്നു. അങ്ങയുടെ തപസ്സ് ഈ വിശ്വത്തിന്റെ വളർച്ചയ്ക്കു് ഹേതുവായി ഭവിച്ചതിൽ ഞാൻ സന്തുഷ്ടനാണു. ജീവരാശികളുടെ സമൃദ്ധിതന്നെയാണു ഞാനും ആഗ്രഹിക്കുന്നതു. ബ്രഹ്മാവും രുദ്രനും നിങ്ങളും മനുക്കളും ദേവന്മാരുമായ എന്റെ ഈ അംശാവതാരങ്ങൾ ജീവരാശികളുടെ വിസ്താരത്തിനു് കാരണമാകട്ടെ!. ഹേ ബ്രഹ്മജ്ഞ!, തപസ്സെന്നതു് എന്റെ ഹൃദയവും, വിദ്യ ആകൃതിയും, യജ്ഞങ്ങൾ എന്റെ അംഗങ്ങളും, ധർമ്മം എന്നതു് മനസ്സും, ദേവന്മാർ പ്രാണങ്ങളുമാകുന്നു. സൃഷ്ടിയ്ക്കുമുമ്പ്, ഞാൻ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. ആന്തരികവും ബാഹികവുമായി എന്നിൽനിന്നും അന്യമായി യാതൊന്നുംതന്നെ ഇവിടെ ഇല്ലായിരുന്നു. ജീവികളിൽ ഉറക്കത്തിലെന്നപോലെ, ബോധം അന്നു് അവ്യക്തഭാവത്തിലായിരുന്നു.

അനന്തനും അനന്തഗുണനിധിയുമായ എന്നിൽ മായായാൽ ഗുണാത്മകമായ ബ്രഹ്മാണ്ഡം ഉണ്ടായ നിമിഷത്തിൽത്തന്നെ ആദ്യനും അജനുമായ ബ്രഹ്മാവു് ഉത്ഭൂതനായി. എന്റെ വീര്യത്തിൽനിന്നും ശക്തിയാർജ്ജിച്ച ബ്രഹ്മദേവനാകട്ടെ, ആ സമയം സൃഷ്ട്യർത്ഥം താൻ സമർത്ഥനല്ലെന്നു് ചിന്തിച്ചു. തുടർന്നു്, എന്നാൽ ഉപദിഷ്ടനായ ബ്രഹ്മാവു് അതിഘോരമായ തപം ചെയ്തു് അതിൽനിന്നും വീണ്ടെടുത്ത ശക്തിയാൽ ആദ്യമായി നിങ്ങൾ ഒമ്പതുപേരെ സൃഷ്ടിച്ചു. ഹേ ദക്ഷ!, ഇപ്പോൾ ഞാൻ ഭാവനു് നൽകാൻ പോകുന്നതു് പഞ്ചജനൻ എന്ന പ്രജാപതിയുടെ മകളായ അസിക്നി എന്ന ഈ കന്യകയെയാണു. ഇവളെ അങ്ങു് ഭാര്യയായി സ്വീകരിക്കുക. മൈഥുനം ധർമ്മമാക്കിയിട്ടുള്ള നിങ്ങൾ വീണ്ടും പ്രജാസൃഷ്ടിയെ തുടരുക. അങ്ങയുടെ പരമ്പരയായി തുടർന്നുപോകുന്ന ഭാവിപ്രജകളും കൂടുതൽ കൂടുതൽ പ്രജകളെ സൃഷ്ടിക്കുകയും, അവർ എന്നിൽ പൂജോപഹാരമർപ്പിക്കുകയും ചെയ്യും.

ശീശുകബ്രഹ്മർഷി പറഞ്ഞു: വിശ്വഭാവനനായ ഭഗവാൻ ശ്രീഹരി ഇങ്ങനെ അരുളിച്ചെയ്തുകൊണ്ടു് ദക്ഷപ്രജാപതിയുടെ മുന്നിൽനിന്നും മറഞ്ഞരുളി. സ്വപ്നം കണ്ടുണർന്നവനെപ്പോലെ ദക്ഷൻ ഭഗവാനെ നമിച്ചുനിന്നു.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം നാലാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.








Daksha worships Lord Hari by Hamsaguhya sthothra

2019, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

6.3 യമരാജൻ തന്റെ ഭൃത്യന്മാർക്ക് ഹരിനാമമാഹാത്മ്യമുപദ്ദേശിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 3
(യമരാജൻ തന്റെ ഭൃത്യന്മാർക്ക് ഹരിനാമമാഹാത്മ്യമുപദ്ദേശിക്കുന്നു.)


പരീക്ഷിത്ത് രാജാവു് ശ്രീശുകബ്രഹ്മമഹർഷിയോടു ചോദിച്ചു: ഹേ മഹർഷേ!, യമധർമ്മരാജന്റെ അധീനതയിലാണല്ലോ ഇക്കണ്ട ലോകം തന്നെയുള്ളതു? അങ്ങനെയിരിക്കെ, ആ യമദേവൻ തന്റെ ഭടന്മാർ പറഞ്ഞതു കേട്ടതിനുശേഷം ഭഗവദ്പാർഷദന്മാരാൽ തടയപ്പെട്ട തന്റെ ദൂതന്മാരോട് എന്തായിരുന്നു മറുപടി പറഞ്ഞതു? അല്ലയോ ഋഷേ!, യമദേവന്റെ ദണ്ഡനത്തിന് ഭംഗം വന്നതായി മുമ്പെങ്ങും കേട്ടിട്ടുള്ള കാര്യമല്ല. ഇപ്പോഴിതാ അങ്ങനെയും സംഭവിച്ചിരിക്കുന്നു. ഹേ മുനേ!, ലോകത്തിന്റെ ഈ സംശയം മാറ്റിത്തരുവാൻ അങ്ങല്ലാതെ മറ്റാരും പ്രാപ്തനല്ലെന്നു ഞാനറിയുന്നു.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, വിഷ്ണുപാർഷദന്മാരാൽ തിരിച്ചയയ്ക്കപ്പെട്ടതിനുശേഷം യമദൂതന്മാർ സംയമിനി എന്ന കാലപുരിയിലെത്തി തങ്ങളുടെ സ്വാമിയോട് ഇപ്രകാരം പറഞ്ഞു: ഹേ പ്രഭോ!, മനസ്സ്, വാക്ക്, ശരീരം മുതലായവ ഹേതുവായി കർമ്മം ചെയ്തുകൊണ്ടിരിക്കുന്ന ഈ ജീവലോകത്തിന്റെ ശാസ്താക്കളായും, അവരുടെ കർമ്മഫലത്തെ പ്രഖ്യാപിക്കുവാൻ കാരണക്കാരായും ഇവിടെ എത്രപേരാണുള്ളതു? ഒന്നിലധികം അധികാരികൾ പ്രസ്തുതകർമ്മത്തിനുണ്ടാകുന്നപക്ഷം, എങ്ങനെയാണ് സുഖവും ദുഃഖവും കർമ്മികൾക്ക് യഥായോഗ്യം വിധിക്കപ്പെടുന്നതു? കർമ്മികളെപ്പോലെ ശാസ്താക്കളും അധികം പേരുണ്ടായാൽ വിവിധ മണ്ഡലവർത്തികളെപ്പോലെ ശാസ്തൃത്വവും വെറും ഉപചാരത്തിനുമാത്രമുള്ളതായിമാറും. അങ്ങനെയാകാതിരിക്കണമെങ്കിൽ, ദേവന്മാരുൾപ്പെടെയുള്ള സകലഭൂതങ്ങൾക്കും അധീശ്വരനായും, ശുഭാശുഭങ്ങളെ വിവേചനം ചെയ്യാൻ കഴിവുള്ളവനായും ഇവിടെ അവിടുന്ന് ഒരാൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. അവിടുത്തെ ദണ്ഡനവിധി ലോകത്തിലെങ്ങും ഒരിക്കലും തടസ്സപ്പെട്ടതായി മുമ്പെങ്ങും കേട്ടിട്ടില്ല. എന്നാൽ, ഇപ്പോഴിതാ നാല് സിദ്ധന്മാരാൽ അത്ഭുതാവഹമായി അതും സംഭവിച്ചിരിക്കുന്നു. ഇന്ന്, അവിടുത്തെ നിയോഗത്താൽ ഒരു മഹാപാപിയെ യാതനാഗൃഹത്തിലേക്ക് കൊണ്ടുപോകാൻ തുടങ്ങുമ്പോൾ കയറുകളെ ബലാൽക്കാരമായി അറുത്തുകളഞ്ഞിട്ട് അവനെ അവർ മോചിപ്പിച്ചിരിക്കുന്നു. നാരായണ എന്ന് അവൻ ഉച്ചരിച്ചനേരം പേടിക്കേണ്ട എന്ന് പറഞ്ഞുകൊണ്ട് അവർ ക്ഷണത്തിൽ അവിടെ പ്രത്യക്ഷരായി. ഒരുപക്ഷേ, ഞങ്ങൾ അർഹരാണെന്ന് അങ്ങേയ്ക് തോന്നുന്നുവെങ്കിൽ അവരെക്കുറിച്ച് അങ്ങയിൽനിന്നറിയുവാൻ ഞങ്ങളാഗ്രഹിക്കുകയാണു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, യമദൂതന്മാരുടെ വാക്കുകളെ കേട്ടതിനുശേഷം, ജീവരാശികളുടെ നിയന്താവായ യമധർമ്മൻ അത്യന്തം സന്തോഷത്തോടുകൂടി ഭഗവാൻ ഹരിയെ മനസ്സിൽ സ്മരിച്ചുകൊണ്ട് അവരോട് ഇപ്രകാരം മറുപടി പറഞ്ഞു: ഹേ ദൂതന്മാരേ!, ചരാചരങ്ങൾക്കധീശനായിട്ട് എന്നിൽനിന്നും അന്യനായി മറ്റൊരാളുണ്ടെന്നറിയുക. വസ്ത്രത്തിൽ ഊടും പാവുമെന്നതുപോലെ ഈ പ്രപഞ്ചം അവനാൽ നിറയപ്പെട്ടിരിക്കുന്നു. അതിന്റെ ഉല്പത്തിക്കും നിലനിൽപ്പിനും നാശത്തിനനും വേണ്ടി അവന്റെ അംശമായ ത്രിമൂർത്തികൾ ഉണ്ടായിരിക്കുന്നു. ഈ ലോകം മൂക്കുകയറിട്ട കാളയെപ്പോലെ അവന്റെ അധീനതയിലാണെന്നറിയുക. കയറുകൾകൊണ്ട് കന്നുകാലികളെ ബന്ധിച്ചിരിക്കുന്നതുപോലെ, അവൻ തന്റെ വേദവചനങ്ങളാൽ ബ്രാഹ്മണാദി വിവിധ പേരുകളിൽ ജനങ്ങളെ ബന്ധിച്ചിരിക്കുന്നു. അവർ നാമങ്ങളുടേയും കർമ്മങ്ങളൂടേയും നിബന്ധനകൾക്ക് വിധേയരായും ഭയചകിതന്മാരായും അവനെ ആരാധിക്കുകയും ചെയ്യുന്നു. ഞാനും ഇന്ദ്രനും നിഋതിയും വരുണനും ചന്ദ്രനും അഗ്നിയും ഈശാനനും വായുവും സൂര്യനും വിരിഞ്ചനും വിശ്വദേവന്മാരും വസുക്കളും സാധ്യന്മാരും മരുത്ഗണങ്ങളും രുദ്രഗണങ്ങളും സിദ്ധദേവന്മാരും പ്രജാപതിമാരും ദേവഗുരുക്കന്മാരായ ഭൃഗു മുതലായവരും അതുപോലെയുള്ള സകലരുംതന്നെ, രജസ്സ്തമോഗുണങ്ങൾ സ്പർശിച്ചിട്ടില്ലാത്തവരായിട്ടുകൂടിയും സത്വഗുണികളായിട്ടുകൂടിയും മായാസ്പർശനമുള്ളതിനാൽ ആ പരമപുരുഷന്റെ ഇംഗിതത്തെ അറിയുന്നില്ല. പിന്നെ എങ്ങനെ മറ്റുള്ളവരറിയാൻ?

ശരീരത്തിലെ യാതൊരംഗങ്ങളും അതിലെ നേത്രത്തെ കാണാത്തതുപോലെ, ജീവാത്മാക്കളുടെ ഹൃദയത്തിൽ പരമാത്മാവായി കുടികൊള്ളുന്ന അവനെ പ്രാണികൾ ഇന്ദ്രയങ്ങളാലോ, പ്രാണങ്ങളാലോ, മനസ്സാലോ, ഹൃദയത്താലോ, വാക്കുകൾകൊണ്ടോ അറിയുന്നില്ല. ആത്മതന്ത്രനും സർവ്വാധീശനും മായാധിപതിയും പരമാത്മാവും പരനുമായ ഭഗവാൻ ഹരിയുടെ ദൂതന്മാർ അവിടുത്തെ രൂപവും ഭാവവുമുള്ളവരായി മനോഹരസ്വരൂപികളായി ഈ ലോകത്തിലെങ്ങും സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവർ ദേവന്മാരാൽ ആരാധിക്കപ്പെടുന്നവരും അഗോചരന്മാരും അത്യന്തം ആശ്ചര്യം ജനിപ്പിക്കുന്നവരുമാണു. അങ്ങനെയുള്ള ഈ വിഷ്ണുപാർഷദഗണങ്ങൾ ഭഗവദ്ഭക്തന്മാരെ മറ്റുള്ളവരിൽനിന്നും എന്നിൽനിന്നും അതുപോലെ എല്ലാത്തിൽനിന്നും സർവ്വദാ കാത്തുരക്ഷിക്കുന്നു. ഭഗവദ്പ്രണീതമായ ധർമ്മത്തെ ഋഷികളോ, ദേവന്മാരോ, സിദ്ധന്മാരോ അറിയുന്നില്ല. പിന്നെങ്ങനെയാണ് അസുരന്മാരും മനുഷ്യന്മാരും വിദ്യാധരചാരണാദികളും മറ്റും അറിയുന്നതു?.

സ്വയഭൂവായ വിധാതാവും ശ്രീനാരദരും മഹാദേവനും സനൽകുമാരന്മാരും കപിലനും സ്വായംഭുവമനുവും പ്രഹ്ലാദരും ജനകമഹാരാജാവും ഭീഷ്മരും മഹാബലിയും ശ്രീശുകനും ഞാനുമടങ്ങുന്ന പന്ത്രണ്ടുപേർ, ഗുഹ്യവും പാവനവും അറിയാൽ പ്രയാസമേറിയതും ഭഗവദ്പ്രണീതവുമായ ആ ധർമ്മത്തെ അറിഞ്ഞിട്ടുണ്ടു. അല്ലയോ ഭടന്മാരേ!, അതിനെ അറിഞ്ഞാൽ സംസാരത്തിൽനിന്നും മുക്തി ലഭിക്കുന്നു. ആ പരമപുരുഷന്റെ നാമസങ്കീർത്തനാദികളാൽ അവനിൽ ഭക്തിയുൾക്കൊള്ളുക എന്നതുമാത്രമാണ് മനുഷ്യജന്മത്തിന്റെ പമമായ ധർമ്മം എന്നോർക്കുക. ആ തിരുനാമോച്ചാരണത്താൽ അജാമിളൻ പോലും മൃത്യുപാശത്തിൽനിന്നും മോചിതാനായി. അതിലൂടെ, കുട്ടികളേ!, നിങ്ങൾ ഭഗവദ്നാമഗുണത്തെ കണ്ടറിയുക. ആ കരുണാമയന്റെ മഹിമകളേയും നാമങ്ങളേയും വിധിപ്രകാരം കീർത്തിച്ചാൽ മാത്രമേ പാവനിവൃത്തിയുണ്ടാകൂ എന്ന് ശങ്കിക്കേണ്ടാ. കാരണം, മരണം ആഗതമായ സമയത്ത് പാപിയായ അജാമിളൻ തന്റെ പുത്രനെ ഉദ്ദേശിച്ചുമാത്രമയിരുന്നു നാരായണ എന്ന് ചൊല്ലി നിലവിളിച്ചതു. എങ്കിലും അയാൾക്ക് മോക്ഷം തന്നെ സിദ്ധിച്ചുവല്ലോ

ഇക്കണ്ട മഹാജനങ്ങളിൽ പലരും ഭക്തിയോഗത്തിന്റെ പൊരുൾ അറിയുന്നില്ല. ഭഗവദ്മായയാൽ വിമോഹിതരായ സാധാരണജനങ്ങൾ തേനൂറുന്നമാതിരി വികസിച്ചുനിൽക്കുന്ന വേദത്തിൽ മതികെട്ട് മുഴുകിക്കൊണ്ട് ദ്രവ്യമന്ത്രാദികളാആഡംബരപൂർവ്വം ബൃഹത്തായ കർമ്മമാർഗ്ഗത്തിൽ പെട്ടുപോയിരിക്കുന്നു. എന്നാൽ, സത്ബുദ്ധികളാകട്ടെ, വേദോക്തമായ കർമ്മകാണ്ഡത്തിന്റെ നിസ്സാരതയെ മനസ്സിലാക്കി അനന്തനായ ഭഗവാനിൽ സർവ്വാത്മനാ ഭക്തികൈക്കൊള്ളുന്നു. ആയതിനാൽ അവർ എന്റെ ദണ്ഡനവിധിയെ അർഹിക്കുന്നില്ല. ഇനി അവർ പാപികളാണെങ്കിൽകൂടി ആ പാപത്തെ ഭഗവദ്നാമം ഇല്ലാതെയാക്കുന്നു. സമദർശികളും ഭഗവാനിൽ അഭയം പ്രാപിച്ചവരുമായ സാധുക്കൾ ദേവന്മാരാലും സിദ്ധന്മാരാലും സ്തുതിക്കപ്പെട്ടവരാകുന്നു. അവർക്കുചുറ്റും ഭഗവാന്റെ ഗദായുധം സംരക്ഷണവലയം സൃഷ്ടിച്ചിരിക്കുന്നു. അവരെ നിങ്ങൾ സമീപിക്കുവാൻ പാടുള്ളതല്ല. ഇവർക്ക് ദണ്ഡനം വിധിക്കുവാൻ നമുക്കോ കാലത്തിനോ കഴിയുകയില്ലെന്നറിയുക. പകരം, നിങ്ങൾ നിഷ്കിഞ്ചനനമാരും രസജ്ഞന്മാരും പരമഹംസന്മാരും സദാ ആസ്വദിക്കുന്ന മുകുന്ദപാദാരവിന്ദമകരന്ദരസത്തിൽ വിമുഖരായവരേയും, അതുപോലെ നരകത്തിലേക്കുള്ള പെരുവഴിയായ ഗൃഹത്തിൽ ആസക്തരായവരേയും കൊണ്ടുവരുവിൽ. യാതൊരുവന്റെ നാവ് ഒരിക്കലെങ്കിലും ഭഗവദ്നാമമുച്ചരിച്ചിട്ടില്ലയോ, യാതൊരുവന്റെ മനസ്സ് ആ തിരുവടിയുടെ തൃപ്പാദങ്ങളെ സ്മരിക്കുന്നില്ലയോ, യാതൊരുവന്റെ ശിരസ്സാകട്ടെ, ശ്രീകൃഷ്ണപരമാത്മാവിനുനേരേ കുനിയുന്നില്ലയോ, യാതൊരുവൻ വൈഷ്ണവധർമ്മത്തെ ആചരിച്ചിട്ടില്ലയോ, അങ്ങനെയുള്ള അസത്തുക്കളെ നിങ്ങൾ കൊണ്ടുവരുവിൽ.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, തന്റെ ഭൃത്യന്മാരെ ഇപ്രകാരം ഉപദേശിച്ചതിനുശേഷം, അവരുടെ തെറ്റിനെ പൊറുത്തരുളുവാനായി യമധർമ്മൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു: ആദ്യരഹിതനായ ഹേ പരമപുരുഷ!, തൊഴുകൈകളോടെ നിൽക്കുന്ന അടിയന്റെ ഈ ഭൃത്യജനങ്ങളാൽ ചെയ്യപ്പെട്ട അനീതിയെ അങ്ങ് പൊറുത്തരുളേണമേ!, ക്ഷമാഗുണയുക്തനായി എങ്ങും നിറഞ്ഞുനിൽക്കുന്ന ആത്മസ്വരൂപനായ അങ്ങേയ്ക്ക് ഞങ്ങളുടെ നമസ്കാരം!.

ശ്രീശുകൻ പറഞ്ഞു:         ഹേ കുരുവംശജനായ രാജാവേ!, ഈ കഥയിലൂടെ ശ്രീമഹാവിഷ്ണുവിന്റെ തിരുനാമസങ്കീർത്തനം ലോകകല്യാണകരവും കൊടിയ പാപങ്ങളെ പോലും ഉന്മൂലനാശം വരുത്തുന്ന പ്രായശ്ചിത്തവുമാണെന്നറിഞ്ഞുകൊള്ളുക. അന്തഃകരണത്തെ സുഗമമായി പരിശുദ്ധമാക്കാൻ ശ്രീഹരിയുടെ നിസ്സീമങ്ങളായ മഹിമാകഥനശ്രവണങ്ങളെപ്പോലെ മറ്റൊരു വ്രതങ്ങൾക്കും സാധ്യമല്ല. ശ്രീകൃഷ്ണപരമാത്മാവിന്റെ തൃപ്പാദത്തിലൂറുന്ന മധുവുണ്ടവൻ തന്നാലൊരിക്കൽ ഉപേക്ഷിക്കപ്പെട്ട പാപദായകമായ മായാഗുണങ്ങളിൽ പിന്നീട് രമിക്കുകയില്ലെന്നറിയുക. എന്നാൽ, മറ്റുള്ളവർ കാമത്താൽ ഹനിക്കപ്പെട്ടവനായി തന്റെ പാപമുക്ത്യർത്ഥം വീണ്ടും കർമ്മം തന്നെ ചെയ്യാൻ തുടങ്ങുന്നു. ആ കർമ്മങ്ങളിലൂടെ വീണ്ടും പാപംതന്നെ നേടുകയും ചെയ്യുന്നു. അങ്ങനെ, ഹേ രാജൻ!, യമധർമ്മനാൽ സത്യം ബോധിക്കപ്പെട്ടതിൽ യമകിങ്കരന്മാർക്ക് തെല്ലുപോലും വിസ്മയം തോന്നിയില്ല. അന്നുമുതൽ, ഭഗവാനിൽ ആശ്രയം കൊണ്ടിട്ടുള്ള ഭക്തരെ കാണുവാൻപോലും അവർ പേടിച്ചുതുടങ്ങി. ഈ ഇതിഹാസത്തെ ഭഗവാൻ അഗസ്ത്യമുനി മലയപർവ്വതത്തിൽവച്ച് ഹരിഭജനം ചെയ്തുകൊണ്ടിരിക്കെ പറഞ്ഞതാകുന്നു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം മൂന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next






Yamadharama advises him servants