2015, ഒക്‌ടോബർ 21, ബുധനാഴ്‌ച

3.31 കപിലോപദേശം (ജീവഭൂതോല്പത്തിയും അവയുടെ ജീവിതഗതിയും)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 31
(കപിലോപദേശം - ജീവഭൂതോല്പത്തിയും അവയുടെ ജീവിതഗതിയും)

കപിലഭഗവാൻ പറഞ്ഞു: "മാതേ!, അങ്ങനെ ഭഗവതാജ്ഞയാ ഒരു ജീവൻ തന്റെ കർമ്മഫലാനുബന്ധമായി ഒരു പുരുഷന്റെ രേതഃകണത്തിലൂടെ സ്ത്രീയുടെ ഉദരത്തിൽ പ്രവേശിച്ച് തന്റെ പ്രാരബ്ദകർമ്മാചരണത്തിനുതകുംവിധം ഒരു പുതുശരീരത്തെ സ്വീകരിക്കുന്നു. ഒരു രാത്രികൊണ്ട് അത് സങ്കലിതമാകുന്നു. അഞ്ചുരാത്രികൾകൊണ്ട് ഒരു കുമിളയുടെ ആകൃതിയുണ്ടാകുന്നു. പത്ത് രാത്രികഴിഞ്ഞാലത് വളർന്നൊരു ജംബുവിന് തുല്യമായ ആകൃതിയെ പ്രാപിക്കുന്നു. അനന്തരം പടിപടിയായിവളർന്ന് ഒരുതുണ്ട് മാംസശകലത്തിന്  തത്തുല്യമോ ഒരു മുട്ടയുടെ വലിപ്പമോ യഥോചിതം അതിനുണ്ടാകുന്നു. തുടർന്ന്, ഒരുമാസക്കാലംകൊണ്ട് ശിരസ്സ് രൂപാന്തരപ്പെടുകയും, രണ്ടുമാസം കഴിയുന്നതോടെ കാലുകൾ, പാദങ്ങൾ തുടങ്ങിയ ശരീരഭാഗങ്ങളുണ്ടാകുകയും ചെയ്യുന്നു. മൂന്നാംമാസം അവസാനിക്കുന്നതോടെ അതിന് നഖങ്ങളും, വിരലുകളും, രോമങ്ങളും, അസ്ഥികളും, ത്വക്കും ഉണ്ടാകുന്നു. അനന്തരം, ജനനേന്ദ്രിയവും, കണ്ണുകളും, മൂക്കും, ചെവിയും, വായും, ഗുദവും വ്യക്തമാകുന്നു. നാലുമാസം പൂർത്തിയാകുമ്പോൾ സപ്തധാതുക്കൾ കൂടിച്ചേരുന്നു. അഞ്ചാംമാസം ജീവന് വിശപ്പും ദാഹവുമനുഭവവേദ്യമാകുന്നു. ഷട്മാസകാലാന്തരത്തിൽ അവൻ മാതൃജഠരത്തിൽ കിടന്നുകൊണ്ട് വലത്തേക്കുതിരിയുവാൻ ഭാവിക്കുന്നു. 

മാതാവ് ഭക്ഷിക്കുന്ന അന്നപാനാദികളുടെ അംശംപറ്റി തന്റെ ഭൂണവും വഹിച്ചുകൊണ്ട് ഈ ജീവൻ അന്യജീവജാലങ്ങളെപ്പോലെ മലമൂത്രരക്തങ്ങൾനിറഞ്ഞ, അസഹനീയമായ തന്റെ പാർപ്പിടത്തിൽ,  ജഠരത്തിൽ കഴിഞ്ഞുകൂടുന്നു. വിശന്നുവിവശരായ കൃമികീടങ്ങൾ തന്റെ മൃദുലമേനിയിലേൽപ്പിക്കുന്ന ക്ഷതങ്ങളുംസഹിച്ചുകൊണ്ട് അവൻ അവിടെ പലേ ദുരിതങ്ങളുമനുഭവിക്കുന്നു. തൽക്കാരണാൽ ഇടയ്ക്കിടെ മൂർച്ഛിച്ച് അബോധാവസ്ഥയെ പ്രാപിക്കുന്നു. അമ്മ കഴിക്കുന്ന എരിവും, പുളിയും, അമ്ലവും, ഉപ്പും, ചൂടുമുള്ളതും, അതിതീക്ഷ്ണവും രൂക്ഷവുമായ ഭക്ഷണപദാർത്ഥങ്ങളുടെ ആഘാതം ആ ശരീരത്തിന് സഹിക്കാവുന്നതിനപ്പുറമാണെന്നറിയുക. കുടൽമാലകളാൽ ചുറ്റപ്പെട്ട്, ശിരസ്സ് വളച്ച് നാഭിയോടുചേർത്ത്, ആ ഗർഭപാത്രത്തിൽ ഇവൻ വില്ലുപോലെ ചുരുണ്ടുകിടിക്കുന്നു. അസ്വതന്ത്രയായ ഒരുപക്ഷി തന്റെ കൂട്ടിലെന്നപോലെ, അവൻ അവിടെ തളയ്ക്കപ്പെടുന്നു. ആ സമയം, ഭാഗ്യമുണ്ടെങ്കിൽ, പൊയ്പോയ ബഹുജന്മങ്ങളിൽ താനനുഭവിച്ച നരകയാതനകളെ ഓർക്കുവാൻ അവന് സാധിക്കുന്നു. അങ്ങനെ പീഢിതനായ അവൻ പശ്ചാത്തപിക്കുന്നു. എന്താണ് അവന് ആ അവസരത്തിൽ മനഃശ്ശാന്തി നൽകുന്നത്?.

ഏഴാംമാസമാകുന്നതോടെ ബോധംലഭിക്കുന്നു. ഗർഭാശയത്തിലെ വാതസമ്മർദ്ദത്താൽ അവൻ ചലിക്കാൻ തുടങ്ങുന്നു. മാതാവിന്റെ ഉദരത്തിനുള്ളിലെ കൃമികീടങ്ങളാകുന്ന തന്റെ സഹോദരങ്ങൾക്കൊത്ത് ഗർഭസ്ഥശിശു ഒരിടത്തടങ്ങാതെ സദാ ചലിച്ചുകൊണ്ടിരിക്കുന്നു. ദുസ്തരമായ ഈ ജീവിതാവസ്ഥയിൽ, നിസ്സഹായനായി, സപ്തധാതുക്കളാൽ നിർമ്മിതമായ ഒരു ഗർഭപാത്രാവരണത്താൽ ബന്ധിതനായി, കൃതാഞ്ജലിയോടുകൂടി, തന്നെ ഈ അവസ്ഥയിലാക്കിത്തിർത്ത ജഗദീശ്വരനെക്കണ്ടുകൊണ്ട് ഇങ്ങനെ പ്രകീർത്തിക്കുന്നു."

"ഞാൻ ഹരിയുടെ ചരണാരവിന്ദത്തിലിതാ അഭയം തേടുന്നു. അവൻ എണ്ണമറ്റ അവതാരങ്ങളോടെ സകലലോകങ്ങളിലും കാണപ്പെടുന്നു. ഞാനിതാ അവനിൽമാത്രം ആശ്രയം തേടുകയാണ്. കാരണം അവന്റെ മഹാമായയാണ് എന്റെ കർമ്മഫലാനുസൃതമായി എനിക്കീഗതിവരുത്തിയതെന്നും, ആയതിനാൽ അവനുമാത്രമേ ഇനി എന്നെ ഇതിൽനിന്നും മുക്തനാക്കാൻ കഴിയുകയുള്ളൂവെന്നും ഞാനിപ്പോളറിയുന്നു. പരിശുദ്ധനായ ഞാൻ എന്റെ പൂർവ്വജന്മകർമ്മഫലങ്ങൾ കാരണമായി ഇന്ന് ആ പരമപുരുഷന്റെ മായയാൽ മൂടപ്പെട്ട് എന്റെ അമ്മയുടെ ജഠരത്തിൽ ശയിക്കുകയാണ്. ഞാനിതാ ആ കരുണാമയനെ നമിക്കുന്നു. അവൻ എന്നോടൊപ്പമിതാ ഇവിടെ കുടികൊള്ളുന്നു. പക്ഷേ, അവൻ എന്നെപ്പോലെയല്ല. മായാതീതനും നിർവ്വികാരനുമാണ്. അവൻ പശ്ചാത്താപികളുടെ ഹൃദയത്തിൽ കാണപ്പെടുന്നവനാണ്. അങ്ങനെയുള്ള ആ പരമാത്മാവിന് നമസ്ക്കാരം!. ആ പരംപൊരുളിന്റെയംശമാണെന്നിരിക്കിലും, പഞ്ചഭൂതാത്മകമായ ഈ ശരീരം സ്വീകരിച്ചതോടെ ഞാൻ ഇന്ദ്രിയങ്ങൾക്കും, തിഗുണങ്ങൾക്കും, അഹങ്കാരത്തിനും അധീനനായി അവനിൽനിന്ന് ഭിന്നനായി കഷ്ടതകളനുഭവിക്കുന്നു. എന്നാലവനോ, അദ്ധ്യാത്മസ്വരൂപനും, തിഗുണാതീതനും, സർവ്വത്തിനും പരനുമായി നിലകൊള്ളുന്നു. ആയതിനാൽ അവനെ ഞാനിതാ ശിരസ്സാനമിക്കുന്നു. ഞങ്ങൾ ജീവഭൂതങ്ങൾ അവന്റെ പ്രകൃതിക്ക് അധീനരാകുകയും, ജനനമരണസംസാരചക്രത്തിൽനിന്ന് കരകയറാതെയുഴറുകയും ചെയ്യുന്നു. ആ പരമപുരുഷനുമായി തനിക്കുള്ള ബന്ധം വിസ്മരിക്കപ്പെട്ടതിനെത്തുടർന്നാണ് ഒരു ജീവന് ദുസ്തരമായ ഈ അവസ്ഥയിലെത്തേണ്ടിവരുന്നതും. അങ്ങനെയെങ്കിൽ, ആ ജീവന് അവന്റെ കാരുണ്യംകൂടാതെ എങ്ങനെ ഭക്തിയും മുക്തിയുമുണ്ടാകാൻ?. അതുകൊണ്ടുതന്നെ ആ കരുണാമയൻ മാത്രമാണിവിടെ സകലചരാചരങ്ങൾക്കും നായകൻ. അവൻ ഭൂതഭവ്യഭവത്പ്രഭുവാണ്. അവന്റെ ആജ്ഞയാൽതന്നെ ജീവന്മാർ ഇവിടെ പലേകർമ്മങ്ങളിലേർപ്പെട്ട് കാലംപോക്കുന്നു. ആയതിനാൽ താപത്രയങ്ങളിൽനിന്ന് മുക്തനാകുവാൻ അവനെ ശരണം പ്രാപിക്കേണ്ടതുണ്ട്."

"അമ്മേ!, ഈവിധം തന്റെ മാതാവിന്റെ ജഠരമായ മലമൂത്രരക്തസമ്മിശ്രാന്തഃകൂപത്തിൽ കിടന്നുകൊണ്ട്, ഔദരാഗ്നിയാൽ തപിക്കപ്പെട്ട്, ഗർഭസ്ഥജീവൻ ആ പരംപൊരുളിനെ കണ്ടുകൊണ്ട് മാസങ്ങളെണ്ണി വീണ്ടും ഇങ്ങനെ പ്രാർത്ഥിക്കുന്നു. 

"ഭഗവാനേ!, കൃപണനായ എന്നെ ഈ തടവിൽനിന്നും എന്നാണങ്ങ് മോചിതനാക്കുന്നത്?. ഈശ്വരാ!, പത്തുമാസം പ്രായമേ എനിക്കുള്ളുവെങ്കിലും അങ്ങയുടെ അപാരകരുണയാലെനിക്കിന്ന് ബോധം തിരിച്ചുകിട്ടിയിരിക്കുന്നു. ഹേ! ദീനവത്സലാ!, ഈ ഉപകാരത്തിനുപകരം, തൊഴുകൈയ്യോടെ അവിടുത്തെ തിരുമുമ്പിൽ നിന്ന് പ്രാർത്ഥിക്കുകയല്ലാതെ അടിയനെന്തുചെയ്യാനാണ്?. ഭഗവാനേ!, ഉള്ളതിലും മെച്ചമായ ഒരു ശരീരം നീയെനിക്കിന്ന് തന്നുകഴിഞ്ഞു. ഇതിലൂടെ എനിക്കെന്റെ ചിത്തേന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിയും. എന്റെ പരംധാമത്തെക്കുറിച്ച് എനിക്കറിയാൻ കഴിയും. ഈ കാരുണ്യമെന്നിൽ ചൊരിഞ്ഞതിനിതാ അവിടുത്തെ തൃപ്പാദങ്ങളിൽ ഞാൻ നമസ്ക്കരിക്കുന്നു. പുരാണപുരുഷനായ അവിടുത്തെ എനിക്കിനി ഉള്ളിലും പുറത്തും ഒരുപോലെ കാണ്മാൻ സാധിക്കും. അതുകൊണ്ട് ഭഗവാനേ!, ഇവിടെ, ഈ ഗർഭപാത്രത്തിൽ തീർത്തും അസഹനീയമായ അവസ്ഥയിലാണ് ഞാനെങ്കിലും, വെളിയിൽ ഭൗതികമായ ആ മഹാന്തഃകൂപത്തിലേക്ക് വീഴുവാൻ ഞാനാഗ്രഹിക്കുന്നില്ല. കാരണം, അങ്ങയുടെ മഹാമായ ഉടൻ പിടികൂടി എന്നിൽ ദേഹാത്മബോധം ജനിപ്പിക്കുമെന്നുള്ളത് തീർച്ചയാണ്. അവിടെനിന്നാണല്ലോ ജനിമൃതികളാകുന്ന ഈ സംസാരം തുടങ്ങിയതും. അതുകൊണ്ട്, ഭഗവാനേ!, ഞാൻ നിശ്ചയിച്ചുകഴിഞ്ഞു, ഇനിയും ആ സമുദ്രത്തിൽ മുങ്ങിപൊങ്ങാതെ, എന്റെ ശുദ്ധബോധത്തെ കൂട്ടുപിടിച്ച്, ഞാൻ ഈ സംസാരത്തിൽനിന്ന് മുക്തനാകും. ഭഗവാൻ ഹരിയുടെ പാദപത്മം ഹൃദയത്തിൽവച്ചുകൊണ്ട് ഞാൻ വീണ്ടുമൊരു യോനിയിൽ ചെന്നുപെടാതെ ഭവാബ്ധിയിൽനിന്നും രക്ഷനേടാനാഗ്രഹിക്കുന്നു."

കപിലഭഗവാൻ തുടർന്നു: "അമ്മേ!, പത്തുമാസം പ്രായമായ അവൻ മാതൃഗർഭസ്ഥനായി ഈവിധം ആഗ്രഹിച്ചുകേഴുന്നസമയം, സൂതിവാതൻ അവനെ തലകീഴാക്കിക്കൊണ്ട് അവന്റെ പിറവിക്ക് പ്രചോദനം നൽകുന്നു. തത്ഫലമായി വളരെ കഷ്ടപ്പെട്ട്, തലകീഴായ്മറിഞ്ഞ്, ശ്വാസംകിട്ടാതെ, ആ പ്രാണസങ്കടത്തിൽ തനിക്ക് ലബ്ദമായിരുന്ന ആത്മബോധം നിമിഷാർദ്ധംകൊണ്ട് നഷ്ടപ്പെട്ട്, അവൻ ഝടുതിയിൽ പുറത്തേക്ക് വിസർജ്ജിക്കപ്പെടുന്നു. മലമൂത്രരക്തമലിനാനുലിപ്ത്നായി അവൻ ക്ഷണത്തിൽ ഭൂജാതനാകുന്നു. മലത്തിൽനിന്നുതിർന്ന കൃമിയെപ്പോലെ അവൻ അതിനുമധ്യത്തിൽ ക്കിടന്നുപുളയുന്നു. ജ്ഞാനംമറന്ന് മായയ്ക്കുവശംഗതനായി "ക്വാ, ക്വാ" യെന്നുറക്കെ നിലവിളിക്കുന്നു. പൊക്കിൾക്കൊടി ഛിദ്രിച്ച് മാതാവിൽനിന്നും വേർപ്പെടുത്തപ്പെട്ട അവൻ തന്റെ മനോഗതമറിയാത്ത ചില ബന്ധുജനങ്ങളുടെ കൈകളിൽ പരിചരണാർത്ഥം എത്തപ്പെടുന്നു. അവർ നൽകുന്നതൊന്നും അവന് ഹിതമല്ലെങ്കിൽകൂടി അത് നിഷേധിക്കാനാകാതെ അവൻ അവിടേയും യാതാനാപൂർണ്ണമായ പരിതഃസ്ഥിതിയിലാണ്ടുപോകുന്നു. അവിടെ സ്വേദജങ്ങളാൽ അശുദ്ധമായ കിടക്കയിൽകിടന്ന് ശരീരമാസകലം ഊരൽകൊണ്ടുപുളയുന്നു. ഒന്ന് ചൊറിയുവാനോ, എഴുന്നേറ്റിരിക്കുവാനോ, നിൽക്കുവാനോ, അനങ്ങുവാനോ കഴിയാതെ നിരവധി കഷ്ടതകൾ അവനെ സദാസമയവും പിന്തുടർന്നുകൊണ്ടേയിരിക്കുന്നു. വലിയകൃമികീടങ്ങളെ ചെറിയവകൾചേർന്ന് ആക്രമിക്കുന്നതുപോലെ, മശകമാദിയായുള്ള ചെറുപ്രാണികൾ അവന്റെ മൃദുലമേനിയിൽ കുത്തിനോവിക്കുന്നു. അങ്ങനെ തനിക്കുവന്നുഭവിച്ച നിസ്സഹായാവസ്ഥയിൽ, ജഠരത്തിൽവച്ച് പ്രാപ്തമായിരുന്ന ആത്മജ്ഞാനം മറന്ന് മായയ്ക്കുവശംഗതനായി അവൻ പരിതപിക്കുന്നു. ഈവിധം ദുരിതങ്ങളിലൂടെ കടന്ന് അവൻ കൗമാരദശപ്രാപിക്കുന്നു. അവിടേയും അലബ്ദമായ ആഗ്രഹൗഘങ്ങൽക്കുനടുവിൽ അവൻ ശോചിക്കുകയും, അജ്ഞാനത്താൽ ദ്വേഷിക്കുകയും ദുഃഖിക്കുകയുംചെയ്യുന്നു. 

ഇങ്ങനെ സംസാരിയായി വളർന്നുവരുന്ന മനുഷ്യനിൽ ശരീരാഭിമാനമുടലെടുക്കുകയും, വിഷയങ്ങളിൽ ലോഭമുണ്ടാകുകയും, അതുനേടിയെടുക്കുന്നതിനിടയിൽ തടസ്സമായിവരുന്ന അന്യകാമികളിൽ ശത്രുതയുണ്ടാകുകയും, തദ്വാരാ അവന്റെ നാശം തുടങ്ങുകയുംചെയ്യുന്നു. അജ്ഞാനത്താൽ താൻ ശരീരമാണെന്നുകരുതുന്നതോടെ അനിത്യമായ വസ്തുവകകളെ തന്റേതെന്ന് തെറ്റിദ്ധരിക്കുന്നു. അതിലൂടെ അവൻ അജ്ഞാനത്തിന്റെ കൂരിരുൾചുഴിയിലേക്കാണ്ടുപതിക്കുന്നു. അജ്ഞാനവും സകാമകർമ്മാസക്തിയും മൂലം ജന്മജന്മാന്തരങ്ങളായി തന്നെ പിന്തുടരുന്നതും തന്റെ സകലദുഃഖങ്ങളുടേയും പരമകാരണവുമായ ഈ ശരീരം നിലനിർത്തുന്നതിനുവേണ്ടി അവൻ പലേകർമ്മങ്ങളിലേർപ്പെടുകയും തത്ക്കാരണാൽ ജനിമൃതിയാകുന്ന സംസാരത്തിൽ കാലാകാലങ്ങളായി ഉഴറുകയും ചെയ്യുന്നു. 

മാതേ!, ഒരുവൻ വിഷയാസക്തരായ ജനങ്ങളുടെകൂടെച്ചേർന്ന് തന്റെ ഇച്ഛാപൂർത്തിക്കായി അധർമ്മത്തിന്റെ വഴിയിലൂടെ ചരിക്കുന്നപക്ഷം, അവൻ വീണ്ടും പൂർവ്വൈവ നരകത്തിൽതന്നെ പതിക്കുവാനിടയാകുന്നു. അവൻ അതിലൂടെ സത്യം, ശൗചം, ദയ, മൗനം, ബുദ്ധി, ശ്രീ, ശാലീനത, യശ്ശസ്സ്, ക്ഷമ, ശമം, ദമം, ഭാഗ്യം, ഇത്യാദിസത്ഗുണങ്ങളിൽനിന്നകന്നുപോകുന്നു. അതുകൊണ്ട് ആത്മജ്ഞാനഹീനരും സ്ത്രീകൾക്കുമുന്നിൽ അടിയറവയ്ക്കപ്പെട്ട ശുനകന്മാരെപ്പോലുള്ളവരുമായുള്ള സംഗം സജ്ജനം വർജ്ജിക്കേണ്ടതുണ്ട്. സ്ത്രീസംഗംകൊണ്ടും, സ്ത്രീസംഗികളായുള്ളവരുടെ ചങ്ങാത്തംകൊണ്ടും മനുഷ്യൻ സ്ത്രീകൾക്കടിമപ്പെടുകയും അവരിൽ ഭ്രമിച്ചുപോകുകയുംചെയ്യുന്നതുപോലെ മറ്റൊരുബന്ധംകൊണ്ടും അത് ഇത്രവേഗം സാധ്യമായിവരുന്നില്ല. ബ്രഹ്മദേവൻപോലും, ഒരു പേടമാനായി തന്റെ മുന്നിൽവന്ന സ്വപുത്രിയുടെ സൗന്ദര്യംകണ്ടുഭ്രമിച്ച്, അവളുടെപിറകേ ഒരു കലമാനായി വേഷംപൂണ്ട് നാണംകെട്ടോടിപ്പോയതായി കേട്ടിരിക്കുന്നു. 

അമ്മേ!, ഭഗവാൻ നാരായണനല്ലാതെ, ബ്രഹ്മാവ് മുതൽ അദ്ദേഹത്തിന്റെ സൃഷ്ടികളായ നരദേവതിര്യക്കുകൾതുടങ്ങി ഈച്ചയെറുമ്പുകൃമികീടാണുക്കൾവരെയുള്ള ജീവഭൂതങ്ങളിലാരുംതന്നെ സ്ത്രീരൂപമായ മായയുടെ വലയിൽകുടുങ്ങാത്തവരായില്ല. എന്തിനുപറയാൻ, ലോകങ്ങളെമുഴുവൻ ജയിച്ചവനെപ്പോലും സ്ത്രീരൂപേണ കേവലം തന്റെ പുരികങ്ങളുടെ ചലനമാത്രത്താൽ,  എന്റെ മാഹാമായ  അവളുടെ ചൊൽപ്പടിക്കുകൊണ്ടുവരുന്നു. അതുകൊണ്ട്, ഈശ്വരസാക്ഷാത്ക്കാരത്തിന്റെ പരമകാഷ്ഠയെ തീവ്രമായി ആഗ്രഹിക്കുന്ന ഏതൊരുയോഗിയും സ്ത്രീസംഗം പൂർണ്ണമായും ഉപേക്ഷിക്കേണ്ടതുണ്ട്. സ്ത്രീസംഗം നരകത്തിന്റെ വാതിലായി ശാസ്ത്രം പ്രമാണീകരിക്കുന്നു. ഭഗവത്സൃഷ്ടമായ ഈ സ്ത്രീരൂപം മായയുടെ മൂർത്തിമദ്ഭാവമാണെന്ന് ധരിച്ചുകൊള്ളുക. അവളുടെ സേവനങ്ങളേറ്റുവാങ്ങി, അവളോടൊപ്പം സംഗംചേരുകയെന്നുള്ളത്, തൃണാവൃതമായ അന്തഃകൂപത്തിലേക്കെന്നതുപോലെ മൃത്യുവിലേക്കുള്ള വഴിയാണെന്നറിഞ്ഞുകൊള്ളുക. 

പോയജന്മത്തിൽ സ്ത്രീസംഗം വച്ചുപുലർത്തിയ ഒരുവൻ, മരണാനന്തരം മായയുടെ വേഷഭൂഷാദികളിണിഞ്ഞുവന്ന്, അതേമായയുടെതന്നെ ഒരു പുരുഷാകാരംകണ്ടുഭ്രമിച്ച്, അവനെ ഭർത്താവായിസ്വീകരിച്ച്, തന്റെ ധനം, കുട്ടികൾ, ഗൃഹം തുടങ്ങിയവയുടെ ധാതാവായി അവനെ കാണുന്നു. അതവളെ സർവ്വനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ആയതിനാൽ, ഒരുവൾക്ക് തന്റെ ഭർത്താവിനേയും, കുട്ടികളേയും, ഗൃഹത്തേയും, യഥാർത്ഥത്തിൽ കാട്ടാളന്റെ സംഗീതം പോലെ മൃത്യുകാരകമാണെന്നറിയേണ്ടതുണ്ട്. സ്വശരീരാനുസൃതമായി ജീവഭൂതങ്ങൾ പലേലോകങ്ങളിലുമലഞ്ഞുതിരിഞ്ഞ് സകാമകർമ്മങ്ങളാചരിക്കുകയും, തന്മൂലമുണ്ടാകുന്ന വിവിധഫലങ്ങളനുഭവിച്ചുകൊണ്ടുമിരിക്കുന്നു. ഇങ്ങനെ കർമ്മഫലാനുസൃതമായി ജീവന്മാർ നേടിയെടുക്കുന്ന ഭൂതേന്ദ്രിയമനോമയമായ ശരീരം കർമ്മാവസാനത്തിൽ ഉപേക്ഷിക്കുന്ന അവസ്ഥയെ മരണമെന്നും, കർമ്മാരംഭത്തിൽ മറ്റൊന്ന് സ്വീകരിക്കുന്ന അവസ്ഥയെ ജനനമെന്നും പറയുന്നു. 

നേത്രങ്ങൾക്ക് ആലോകനശക്തി നഷ്ടമാകുന്ന വേളയിൽ അവയ്ക്ക് വിഷയങ്ങളുടെ ഗ്രഹണശേഷിയും നഷ്ടമാകുന്നു. അതിലൂടെ നേത്രങ്ങൾക്കും ദൃശ്യങ്ങൾക്കും ദൃക്കായിരിക്കുന്ന ജീവഭൂതങ്ങൾക്ക് തുടർന്നുള്ള വിഷയാനുഭവം ഇല്ലാതെയാകുന്നു. ഇതുപോലെ, വിഷയാവബോധത്തിന് ഉപാധിയായ സ്ഥൂലശരീരത്താൽ വിഷായാനുഭവം സാധ്യമാകാതെവരുന്ന അവസ്ഥയ്ക്ക് മരണം എന്നുപറയുന്നു. തുടർന്ന് ജീവഭൂതങ്ങൾ തങ്ങളുടെ കർമ്മഫലപ്രാപ്തമായ പുതുശരീരം നേടി വീണ്ടും തങ്ങൾ വിഷയാനുഭവത്തിന് പ്രാപ്തനാകുന്ന അവസ്ഥയ്ക്ക് ജനനമെന്നും പറയുന്നു. 

ആയതിനാൽ, മരണത്തെ ഭീകരമായിക്കാണാതെയും, നശ്വരമായ ശരീരത്തെ താനെന്ന് ധരിച്ച് അതിൽ അഭിമാനം കൊള്ളാതെയും, വിഷയങ്ങളുടെ പിറകേപോയി കാലം വൃഥാവിലാക്കാതെയും, ഒരുവൻ തന്റെ സ്വരൂപത്തെ ഉള്ളവണ്ണമറിയാൻ ശ്രമിക്കുകയും, ധീരനായി, മുക്തസംഗനായി ഇവിടെ സ്വധർമ്മമനുഷ്ഠിക്കുകയുംവേണം. മാത്രമല്ലാ, സമ്യക്കായ വീക്ഷണത്തോടുകൂടിയും, ഭഗവാൻ ഹരിയുടെ ഭക്തിയാലുറച്ച മനസ്സോടുകൂടിയും, വിഷയങ്ങളോട് തനിക്കുള്ള ബന്ധം ദോഷകാരകമാണെന്ന് മനസ്സിലാക്കിയും, മനുഷ്യൻ ബുദ്ധിയോടുകൂടി സ്വശരീരത്തെ മായയുടെ അധീനതയിൽനിന്നും ദൂരെ നിർത്തണം. അങ്ങനെയെങ്കിൽ, അമ്മേ!, മനുഷ്യൻ അവളുടെ ബന്ധനത്തിൽനിന്നും മുക്തനായി എന്റെ പരമമായ ധാമംചേർന്ന് ബ്രഹ്മാനന്ദാനുഭവത്തിന് യോഗ്യനായിത്തീരുന്നു. 

ഇങ്ങനെ, ശ്രീമദ്ഭാഗവതം, ത്രിതീയസ്കന്ധം , മുപ്പത്തിയൊന്നാമധ്യായം സമാപിച്ചു.

ഓം തത് സത്



2015, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

3.30 കപിലോപദേശം (സകാമകർമ്മം, ഹാനീകരം)

ഓം
അദ്ധ്യായം - 30 (കപിലോപദേശം - സകാമകർമ്മം, ഹാനീകരം)

കപിലഭഗവാൻ പറഞ്ഞു: "അമ്മേ!, ശക്തനായ മഹാമാരുതൻ എപ്പോൾവേണമെങ്കിലും ആഞ്ഞടിക്കുവാൻ സാധ്യയുണ്ടെന്നറിയാതെ ആകാശത്തിൽ വിഹരിക്കുന്ന കാർമേഘാവലികളെപ്പോലെ, ഇവിടെ വിഷയസുഖങ്ങളിൽ വ്യാപൃതനായിരിക്കുന്ന മനുഷ്യൻ, തന്നെ കൊണ്ടുപോകാൻവരുന്ന ആ കാലസ്വരൂപന്റെ വരവിനെ അറിയാതെപോകുന്നു. വിഷയഭോഗാസക്തരായ അവർ സുഖത്തിനുവേണ്ടി വളരെ ക്ലേശിച്ചും കഷ്ടപ്പെട്ടും കൂട്ടിവയ്ക്കുന്ന സമ്പാദ്യമത്രയും ആ കാലപുരുഷൻ നിമിഷാന്തരത്തിൽ തട്ടിത്തെറിപ്പിക്കുന്ന അവസ്ഥ അവനെ അത്യന്തം ദുഃഖത്തിലാഴ്ത്തുന്നു. വിഷയി, അജ്ഞാനത്താൽ തന്റെ ശരീരം, ധനം, വീട്, സ്ഥലം മുതലായ അനിത്യവസ്തുക്കളെ നിത്യമെന്ന് വിശ്വസിക്കുന്നു. 

അമ്മേ!, ഈ ജീവൻ ഏതേതുയോനിയിൽ പിറന്നാലും അതാത് യോനിയിൽ അവ ഒരു പ്രത്യേകതരം നിർവൃതി കണ്ടെത്തുകയും അതിൽ എന്നെന്നേയ്ക്കുമായി ഒട്ടിനിൽക്കുകയും ചെയ്യുന്നു. നരകത്തിലായാലും, ദേവമായയാൽ ആ നിർവൃതിയിൽ അനുരക്തരായി അവർ ദേഹംവിട്ടൊഴിയാൻ തയ്യാറാകുന്നുമില്ല. തന്റെ ശരീരത്തിലും, പുത്രദാരാദികളിലും, ഗൃഹത്തിലും, വളർത്തുമൃഗങ്ങളിലും, ധനത്തിലും, ബന്ധുമിത്രാദികളിലും അവർക്കുള്ള അതിരൂഢമായ ആസക്തിയാണ് ഇത്ര തീവ്രമായ അനുരാഗം അവർക്ക് വിഷയങ്ങളിലുണ്ടാക്കുന്നത്. ഈ മായാബന്ധനത്തിൽപ്പെട്ട് സ്വരൂപവും, ജ്ഞാനവും മറന്ന് അവർ തനിക്കുവന്നുചേർന്ന മഹാഭാഗ്യത്തിൽ അത്യധികം അഭിമാനിക്കുകയുംചെയ്യുന്നു. സദാസമയവും ഇങ്ങനെ പുത്രദാരാദികളെയോർത്ത് വ്യാകുലചിത്തനായി, അവരുടെ ക്ഷേമാർത്ഥം ഒരിക്കലുമൊടുങ്ങാത്ത ആഗ്രഹങ്ങളുമായി, മൂഢരായ മനുഷ്യർ നിരന്തരം പാപകർമ്മങ്ങളിലേർപ്പെട്ടുകൊണ്ടേയിരിക്കുന്നു. വിഷയി, ഇങ്ങനെ മായയിൽ മോഹിതനായി തന്റെ ഹൃദയവും ഇന്ദ്രിയങ്ങളും കുടുംബത്തിനായി ദാനംചെയ്യുന്നു. അവരുടെ ആശ്ലേഷങ്ങളിലും മധുരഭാഷണങ്ങളിലും അവന് നാൾതോറും രതി കൂടികൂടിവരുന്നു. തന്റെ മക്കളുടെ തേൻ ചോരുന്ന വാക്കുകളിൽ ആകൃഷ്ടനാകുന്നു. അങ്ങനെ നയതന്ത്രപരമായ സവിശേഷതകളോടെ ഒരു ഗൃഹസ്ഥാശ്രമി തന്റെ ഗൃഹത്തിൽ കഴിയുന്നു. തനിക്കും കുടുംബത്തിനും യഥാസമയം വന്നുഭവിക്കുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും തന്നാലാവുംവിധം തരണംചെയ്തുകൊണ്ട് അവൻ ജീവിതത്തിൽ മുന്നോട്ടുപോകുന്നു. കാലപ്രഭാവത്തിനെതിരെ അവൻ നടത്തുന്ന പ്രതിപ്രവർത്തനങ്ങളിൽ വിജയിക്കുന്നപക്ഷം സന്തോഷിക്കുകയും, അല്ലാത്തവേളയിൽ ദുഃഖിക്കുകയും ചെയ്യുന്നു. അവൻ ഹിംസിച്ചും പിടിച്ചുപറിച്ചും ആവുന്നത്ര ധനം തന്റെ കുടുമ്പത്തിന്റെ സുഖത്തിനുവേണ്ടി സമ്പാദിച്ചുകൂട്ടുന്നു. അതിന്റെ നേരിയ അംശം മാത്രമനുഭവിച്ചുകൊണ്ട്, താൻ ആർക്കുവേണ്ടിയാണോ ഇക്കണ്ടധനമൊക്കെ ആർജ്ജിച്ചത് അവർക്കുവേണ്ടിത്തന്നെ തന്റെ കർമ്മഫലപ്രാപ്തമായ നരകത്തിലേയ്ക്ക് ആണ്ടുപതിക്കുകയും ചെയ്യുന്നു. 

കുടുംബഭരണം കാര്യക്ഷമമാക്കാനുള്ള പരിശ്രമത്തിൽ പരാജിതനാകുമ്പോഴൊക്കെ അവൻ പൂർവ്വാധികം ശക്തിയോടെ വീണ്ടും അധാർമ്മികതയിലേക്ക് മുന്നേറുകയും ഒടുവിൽ ശാരീരികമായും മാനസീകമായും തീർത്തും തളരുന്ന അവസ്ഥയിൽ അത്യാഗ്രഹത്താൽ പരാർത്ഥം കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അങ്ങനെ സ്വകുടുംബത്തെ വേണ്ടവിധം പരിപാലിക്കാൻ കഴിയാതെ ആ ഹതഭാഗ്യൻ തന്റെ സർവൈശ്വര്യങ്ങളും വൃഥാവിലാക്കുന്നു. അവൻ തന്റെ പരാജയത്തെ വീണ്ടും ഓർത്തോർത്ത് പരിതപിക്കുന്നു. ഈ സമയം, ജീവിതത്തിൽ പരാജിതനായ അവനെ, കായികശേഷി നശിച്ച കാളയെ കൃഷിക്കാർ ഉപേക്ഷിക്കുന്നതുപോലെ, പുത്രദാരാദിബന്ധുജനങ്ങൾ നിഷ്കരുണം അവഗണിച്ചുതുടങ്ങുന്നു. ഒരുകാലത്ത് തന്നാൽ ഭരിക്കപ്പെട്ടവൻ വർത്തമാനകാലത്ത് തന്നെ ഭരിക്കുമ്പോഴും ആ മൂഢൻ കുടുംബാസക്തിയിൽനിന്നും വിരക്തിനേടാൻ ശ്രമിക്കുന്നില്ല. 

ഒടുവിൽ ജരാനരകൾ ബാധിച്ച് വൈരൂപ്യനായി അവൻ മരണത്തെ അഭിമുഖീകരിക്കാൻ തയ്യാറാകുന്നു. ശുനകനെപ്പോലെ അലക്ഷ്യമായി, കിട്ടുന്നതെന്തും ഭക്ഷിച്ച്, കിടക്കയുംവിടാതെ ഒരിടത്ത് ചുരുണ്ടുകൂടുന്നു. അജീർണ്ണം ബാധിച്ച് അല്പാഹാരനും അല്പചേഷ്ടിതനുമായി നാൾക്കൊന്നിന് ക്ഷയിച്ചുവരുന്നു. ആ അവസ്ഥയിൽ അവന്റെ കണ്ണുകൾ പുറത്തേക്കുതള്ളുന്നു. നാഡികളിൽ അങ്ങിങ്ങ് കഫം കട്ടപിടിക്കുന്നു. ശ്വാസോച്ഛ്വാസം പ്രയാസകരമായി ഭവിക്കുന്നു. ശ്വസിക്കുമ്പോൾ തൊണ്ടയിൽനിന്നും "ഗുരഗുര" എന്ന പ്രത്യേകശബ്ദമുതിർക്കുന്നു. ഈവിധം ശാരീരികവും മാനസീകവുമായ യാതനകളിലൂടെ മൃത്യുവിന്റെ പിടിയിലായ മനുഷ്യൻ ഒടുവിൽ സ്വജനങ്ങളുടേയും സുഹൃത്തുക്കളുടേയും കണ്മുന്നിൽവച്ച് തന്റെ ശരീരമുപേക്ഷിക്കുന്നു. കാലപാശത്താൽ ബന്ധിക്കപ്പെട്ട അവൻ ആഗ്രഹിച്ചിട്ടും ഒരുവാക്കുപോലും അവരോടുരിയാടാൻ കഴിയാതെ വിവശനാകുന്നു. കുടുംബഭരണമേറ്റെടുത്ത് അജിതേന്ദ്രിയനായി കാലം പോക്കുന്ന മനുഷ്യൻ സ്വജനമധ്യത്തിൽ കിടന്ന്, അവർ നെഞ്ചംതകർത്ത് വാവിട്ടലയ്ക്കുന്ന ദയനീയരംഗം അത്യന്തം വേദനയോടെ കണ്ടുകൊണ്ട് മൃത്യുവിന് വശംഗതനാകുന്നു. തന്റെമുന്നിൽ കോപാഗ്നി ജ്വലിപ്പിച്ച് തുറിച്ചകണ്ണുകളോടെ നിൽക്കുന്ന യമദൂതരെക്കണ്ടുഭയന്ന് അവൻ കിടക്കയിൽത്തന്നെ മലമൂത്രവിസർജ്ജനംചെയ്യുന്നു. 

രാജഭടന്മാർ കുറ്റവാളികളെ വരിഞ്ഞുകെട്ടികൊണ്ടുപോകുന്നതുപോലെ ദൂതന്മാർ അവനെ കരുത്തുറ്റ കയർ‌കൊണ്ട് കഴുത്തിൽ കുരുക്കിട്ട് ബന്ധിച്ച് അവന്റെ സൂക്ഷ്മശരീരത്തെ ആവരണംചെയ്തുകൊണ്ട് ശിക്ഷിക്കുവാനായികൊണ്ടുപോകുന്നു. പോകുന്നവഴിയിൽ അവൻ അവരുടെ ബലിഷ്ഠമായ കൈകളിൽകിടന്ന് പരിഭ്രാന്തനായി വിറയ്ക്കുന്നു. നായ്ക്കൾ കുരച്ചുകൊണ്ടോടിയടുത്ത് അവന്റെ ശരീരത്തെ കടിച്ചുകീറുന്നു. ആ അവസരത്തിൽ മനുഷ്യൻ തന്റെ പൂർവ്വകാലവൃത്തികളെയോർത്ത് പരിതപിക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ, കാട്ടുതീജ്വാലകളുടെ നടുവിലൂടെ, അഴൽപൊങ്ങുന്ന മണൽപരപ്പിലൂടെ അവൻ യമലോകത്തേക്ക് ചുവടുകൾവയ്ക്കുന്നു. വിശപ്പും ദാഹവുംകൊണ്ടവശനായി നടക്കാൻ കഴിയാതെ തളർന്നുവീഴാൻതുടങ്ങുന്ന അവന്റെമേൽ ചാട്ടവാറുകൾ ആഞ്ഞുപതിയുന്നു. ആ പെരുവഴിയിൽ കുടിക്കാൻ ജലമോ, വിശ്രമിക്കാൻ ഇടമോ, ആഹരിക്കാൻ അന്നപാനാദികളോ ലഭ്യമാകാതെ വലയുന്നു. ആ വിവശതയിൽ വഴിയിൽ അവൻ ബോധം നഷ്ടപ്പെട്ട് തളർന്ന് നിലം‌പതിക്കുന്നു. എന്നാൽ, നിർദ്ദയരായ യമദൂതന്മാർ അവനെ വീണ്ടും വലിച്ചെഴുന്നേൽപ്പിക്കുന്നു. അങ്ങനെ അവർ അവനെ യമരാജനുമുന്നിൽ ഹാജരാക്കുന്നു. 

മൂന്ന് മുഹൂർത്തംകൊണ്ട്, പാപിയായ മനുഷ്യൻ തൊണ്ണൂറ്റിയൊമ്പതിനായിരം യോജനദൂരം പിന്നിട്ട്, അവിടെയെത്തി, തനിക്കനുഭവിക്കേണ്ടതായ നരകയാതനകൾക്ക് തുടക്കം കുറിക്കുന്നു. ചിലപ്പോൾ അവനെ യമദൂതർ ആളിപ്പടരുന്ന തീജ്വാലയിലേക്കെടുത്തെറിയുന്നു. ചിലർക്ക് സ്വന്തമോ മറ്റുള്ളവരുടേയോ ചുട്ട ശരീരം ഭക്ഷിക്കേണ്ടിവരുന്നു. അവന്റെ കുടൽമാല കഴുകന്മാരും വേട്ടനായ്ക്കളും ചേർന്ന് കൊത്തിയും കടിച്ചും വെളിയിലെടുക്കുന്നു. താൻ സ്വയം കാൺകെ തന്റെ ശരീരത്തെ തേളുകളും, സർപ്പങ്ങളും, മശകങ്ങളുംചേർന്ന് പീഡിപ്പിക്കുന്നു. മറ്റുള്ള ജന്തുക്കൾ അവനെ കടിച്ചുമുറിവേൽപ്പിക്കുന്നു. പിന്നീടവന്റെ ശരീരം യമദൂതന്മാർ തുണ്ടംതുണ്ടമായി വെട്ടിമുറിക്കുന്നു. ആനകൾ അവനെ വലിച്ചുകീറുന്നു. മലമുകളിൽനിന്ന് പിന്നീടവനെ തൂക്കി താഴേക്ക് വീശിയെറിയുന്നു. ജലത്തിനടിയിലോ ഗുഹകൾക്കുള്ളിലോ തടഞ്ഞുവയ്ക്കുന്നു. നിഷിദ്ധമായ ശാരീരികസംഭോഗങ്ങൾ ചെയ്തുവന്ന മനുഷ്യരെ അവർ അവിടെ താമിശ്രം, അന്ധതാമിശ്രം, രൗരവം എന്നീനാമങ്ങളോടുകൂടിയ പ്രത്യേകനരകങ്ങളിലേക്ക് തള്ളുന്നു."

കപിലഭഗവാൻ തുടർന്നു: "അമ്മേ!, ജീവഭൂതങ്ങളനുഭവിക്കുന്ന സ്വർഗ്ഗീയസുഖങ്ങളും നരകയാതനകളും നമുക്കീഭൂമിയിൽത്തന്നെ കാണാനാകും. പാപം ചരിച്ചവർ ഈ ശരീരമുപേക്ഷിച്ചതിനുശേഷവും പ്രസ്തുതകർമ്മമൊടുങ്ങുവോളം മറ്റൊന്ന് സ്വീകരിച്ചുകൊണ്ട് ഇവിടെ നരകയാതനകളനുഭവിക്കുന്നു. അങ്ങനെയുള്ളവർ നരകത്തിന്റെ ഏറ്റവും ഇരുൾമൂടിയ ഭാഗത്തേക്കെത്തപ്പെടുന്നു. സഹജീവികളെ ചതിച്ചും പറ്റിച്ചുമുണ്ടാക്കിയിട്ടുള്ള അന്യായാർജ്ജിതവിത്തമെല്ലാം അവിടേയ്ക്കുള്ള വഴിച്ചിലവിനായിമാത്രം ഉപകരിക്കപ്പെടുന്നു. ദൈവേച്ഛയാൽ ഇങ്ങനെ അവർ ചെയ്ത പാപവൃത്തികളുടെ ഫലമായി പലതരത്തിൽ അതികഠിനമായ യാതനകൾ അനുഭവിക്കേണ്ടിവരുന്നു. എന്നെന്നേയ്ക്കുമായി ധനം നഷ്ടപെട്ടവർ വിലപിക്കുന്നതുപോലെ അവർ വാവിട്ടലയ്ക്കുന്നു. 

വിധിക്കപ്പെട്ട കർമ്മങ്ങളുപേക്ഷിച്ച്, അധാർമ്മികവൃത്തികളിലേർപ്പെട്ട് തന്റെ കുടുംബം പോറ്റിയ മനുഷ്യനെ നരകത്തിലെ ഏറ്റവും ഇരുൾമൂടിയ ഇടമായ അന്ധതാമിശ്രത്തിലേക്ക് പ്രവേശിപ്പിക്കപ്പെടുന്നു. അവിടെ ഇക്കണ്ട നരകയാതനകളെല്ലാമനുഭവിച്ചതിനുശേഷം, എണ്ണമറ്റ നീചയോനികളിൽക്കൂടി ഒന്നൊന്നായിക്കടന്ന്, മർത്ത്യജന്മത്തിനുതൊട്ടുതാഴെയുള്ള യോനിയിൽ ജന്മമെടുക്കുന്നതോടെ അവന്റെ പാപഭാരം ഏറെക്കുറെ കാലഹരണപ്പെട്ടുപോകുന്നു. തത്‌ഫലമായി ജന്മാന്തരങ്ങൾകൊണ്ട്, അവൻ ഇവിടെ ഭൂമിയിൽ മനുഷ്യനായി പുനർജ്ജനിക്കുകയും ചെയ്യുന്നു.

ഇങ്ങനെ, ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം , മുപ്പതാമധ്യായം സമാപിച്ചു.

ഓം തത് സത്





2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

3.29 കപിലോപദേശം (ഭക്തിയോഗം)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 29
(കപിലഭഗവാൻ ദേവഹൂതിക്ക് ഭക്തിയോഗം ഉപദേശിക്കുന്നു)

ദേവഹൂതി പറഞു: "ഭഗവാനേ!, സാംഖ്യമതമനുസരിച്ച് മൂലപ്രകൃതിയേക്കുറിച്ചും, അവളുടെ വിവിധ ലക്ഷണങളെ‌ക്കുറിച്ചും, ആദ്യനായ പരമപുരുഷനെക്കുറിച്ചും, അവന്റെ അനന്തമായ മാഹാത്മ്യത്തെപറ്റിയൊക്കെ അടിയന് അവിടുന്നു ഇതിനകം പറഞുതന്നു. ഭഗവാനേ! ഇനി അവിടുന്ന് സർവ്വയോഗങളുടേയും അവസാനവാക്കായ ഭക്തിയോഗത്തെപറ്റി അടിയനെ ബോധവതിയാക്കിയാലും. ഹേ ഭഗവൻ!, തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന ജനനമരണപൂർണ്ണമായ ഈ സംസാരത്തെക്കുറിച്ചും അടിയനോട് സംസാരിച്ചാലും. അത് കേട്ട് എനിക്കും, ഈ ലോകത്തിന് മുഴുവനും ദുരന്തദായകമായ ഈ സംസാരവൃത്തികളിൽ ജനങ്ങൾക്ക് വിരക്തിയുണ്ടാകട്ടെ!. 

ഭഗവാനേ! അങ്ങയുടെ പ്രതിരൂപമായ കാലത്തെക്കുറിച്ചു പറഞാലും. അതിന്റെ പ്രഭാവത്തിൽനിന്നും രക്ഷനേടാനാണല്ലോ മനുഷ്യൻ പുണ്യവൃത്തികളെ ചെയ്യുന്നത്. ഭഗവാനേ!, അങ്ങു് ആദിത്യനെപ്പോലെ ജ്വലിച്ചുകൊണ്ട് ജീവഭൂതങ്ങളുടെ മനസ്സിന്റെ അന്തകാരത്തെ അകറ്റുന്നു. അങ്ങയിൽ അഭയം പ്രാപിക്കാതെ, അകകണ്ണ് തുറക്കാതെ, അവർ ദീർഘകാലമായി അജ്ഞാനാന്താകാരം നിറഞ ഇരുട്ടറയിൽ ഉറങ്ങുകയാണ്. ആയതിനാൽ അവർ ഇക്കാലമത്രയും അർത്ഥശൂന്യമായ ഭൗതികകർമ്മങ്ങളിലേർപ്പെട്ട് തളർന്നുവലയുന്നു."

മൈത്രേയൻ പറഞു: "അല്ലയോ കുരൂത്തമാ!, ഉത്തമയായ തന്റെ അമ്മയുടെ വാക്കുകളിൽ അകമഴിഞ്ഞ കപിലഭഗവാൻ ഇപ്രകാരം പറഞു: "അമ്മേ! ഇവിടെ മനുഷ്യൻ തന്റെ സ്വഭാവഗുണങ്ങൾക്കനുസരിച്ച് പലേവിധത്തിൽ ഭക്തിമാർഗ്ഗം സ്വീകരിച്ചിരിക്കുന്നു. ദംഭം കൊണ്ടും, മാത്സര്യം കൊണ്ടും,അഹങ്കാരം കൊണ്ടും, ഹിംസാത്മകമായും, കോപാകുലരായും, ചില ഭിന്നദൃക്കുകൾ അവലംബിച്ചിരിക്കുന്ന ഭക്തിമാർഗ്ഗം താമസ്സികമാണു്. എന്നാൽ അവർ ഭൗതികലാഭം കൊതിച്ചും, പ്രശസ്തിക്കുവേണ്ടിയും, ക്ഷേമങ്ങൾക്കുവേണ്ടിയും ഒരു ക്ഷേത്രം പണികഴിപ്പിച്ച്, അതിൽ ഒരു വിഗ്രഹത്തെ പ്രതിഷ്ഠിച്ച്, അതിൽ ദൈവത്തെക്കണ്ടാരാധിക്കുന്നത് രാജസികമായി ഗണിക്കപ്പെടുന്നു. പക്ഷേ, ഒരുവൻ തന്റെ കർമ്മബന്ധങ്ങളിൽനിന്നും മുക്തമാകുവാൻ, കർമ്മങ്ങളെ ഭഗവദ്പാദാരവിന്ദത്തിലർപ്പിക്കുവാനുള്ള ഉപാധിയായിക്കണ്ട്, ആ പരമപുരുഷനെ ഏകാശ്രയമായി ആരാധിക്കുമ്പോൾ, അത് സാത്വികമായ ആരാധനയാകുന്നു. ഒരുവന്റെ ഹൃദയത്തിൽ സർവ്വഭൂതഹൃദിസ്ഥനായ ആ കരുണാമയന്റെ നാമകഥാശ്രവണങ്ങളുടെ രതി നിറയുമ്പോൾ, അവനിൽ അകളങ്കിതമായ ഈ സാത്വികാരാധന നിറയുന്നു. ഗംഗ അനന്തസാഗരത്തിലേക്ക് ഒഴുകിപതിക്കുന്നതുപോലെ, ആ നിർവൃതി ഒരു തടസ്സവും കൂടാതെ ഭഗവാനിലേക്കൊഴുകുന്നു. അങ്ങനെയുള്ള ഒരു ജീവന് ഭഗവദനുഗ്രഹമായി ലഭിക്കുന്ന സായൂജ്യാദിമോക്ഷത്തിൽപോലും ഇച്ഛയുണ്ടാകുന്നില്ല. ഇങ്ങനെ, ഭക്തിയുടെ പാരമ്യതയിലെത്തിയിട്ടുള്ള ജീവന്മാർ അനായാസേന പ്രകൃതിയുടെ ത്രിഗുണങ്ങളെ മറികടക്കുന്നു. ഭഗവാനുതുല്യം ഭഗവത്ധാമത്തിൽ വിരാജിക്കുന്നു. 

ഒരുവൻ തന്നിൽ നിയതവും മഹത്വപൂർണ്ണവുമായ തന്റെ കർമ്മങ്ങളെ അതിന്റെ ഭൗതികഫലങ്ങളിലുള്ള ഇച്ഛയെ ത്യജിച്ച് നിരഹങ്കാരിയായി വർത്തിച്ചുകൊണ്ടു് ഭഗവദ്പാദാരവിന്ദത്തിലർപ്പിക്കണം. ഭക്തൻ നിത്യവും ക്ഷേത്രദർശനം നടത്തുകയും, ഭഗവത്പാദങ്ങളിൽ ആത്മസമർപ്പണം ചെയ്ത് അവനെ ആരാധിക്കുകയും വേണം. വിഷയങ്ങളിലുള്ള പൂർണ്ണവിരക്തിയോടെ സന്യാസഭാവേന, സത്വഗുണിയായി എന്നെ സർവ്വഭൂതങ്ങളിലും ദർശിച്ച് കഴിയണം. എന്റെ ഉത്തമഭക്തൻ തന്റെ ഗുരുക്കന്മാരിലും ആചാര്യന്മാരിലും പരമമായ ഭക്തിയുള്ളവരായിരിക്കണം. അവൻ പാവങ്ങളിൽ കരുണയുള്ളവനായിരിക്കണം. ആചാരാനുഷ്ഠാനങ്ങളിൽ തന്നോടൊപ്പം പോന്നവരോട് സൗഹൃദം കൂടുകയും, അവരോടൊപ്പം ചേർന്ന് ചിത്തേന്ദ്രിയങ്ങളെ സം‌യമനം ചെയ്തു, തന്റെ കർത്തവ്യകർമ്മങ്ങൾ യഥോചിതം നിറവേറ്റുകയും വേണം.ഭക്തൻ സദാസമയം ഭഗവദ്ചിന്തകളിൽ മുഴുകി അദ്ധ്യാത്മതത്വങ്ങളെ നിരന്തരം അനുസന്ധാനം ചെയ്യുകയും, അവന്റെ തിരുനാമങ്ങളെ ഉരുവിട്ടു കഴിയുകയും ചെയ്യുന്നവനായിരിക്കണം. അവൻ ആർജ്ജവമുള്ളവനായിർക്കണം. അവൻ സർവ്വഭൂതങ്ങളുടേയും മിത്രമാണെങ്കിൽകൂടി, ഭഗവദ്ദ്വ്വേഷികളായുള്ളവരിൽനിന്നും അകലം പാലിക്കുകയും വേണം. എന്നെ വേണ്ടവിധം അറിഞ്ഞ്, ബുദ്ധിയും മനസ്സും തികച്ചും ശുദ്ധമാകുന്ന അവസ്ഥയിൽ, എന്റെ നാമങ്ങളുടേയോ മഹിമകളുടേയോ ശ്രവണമാത്രയിൽതന്നെ അനായാസേന എന്റെ ഭക്തന് എന്നിൽ രതിയുണ്ടാകുന്നു. കാറ്റ് വഹിച്ചുകൊണ്ടുവരുന്ന യാതൊരു ഗന്ധവും ഘ്രാണേന്ദ്രിയം നിമിഷമാത്രത്താൽ പിടിച്ചെടുക്കുന്നതുപോലെ, സർവ്വഭൂതാശയസ്ഥിതനായ ആ പരമാത്മാവിനെ യോഗാഭ്യാസനങ്ങളിലൂടെ മനുഷ്യന്റെ ബോധം താമസംവിനാ പിടിച്ചെടുക്കുന്നു. അമ്മേ! ഞാൻ സകലഭൂതങ്ങളിലും സർവ്വദാ പരമാത്മരൂപത്തിൽ കുടികൊള്ളുന്നു. സർവ്വത്ര നിറഞ്ഞരുളുന്ന എന്നെയറിയാതെ ക്ഷേത്രങ്ങൾതോറും അന്യദേവതകളെ ഉപാസിക്കുന്നത് തികച്ചും വിഡംബനം മാത്രമാണ്. ഇങ്ങനെ, സർവ്വഭൂതഹൃദിസ്ഥനായ എന്നെ അജ്ഞാനത്താൽ ദേവാലയങ്ങളിൽമാത്രം ദർശിക്കുന്നവൻ, ഭസ്മത്തിൽ ഹോമം ചെയ്യുന്നവനെപ്പോലെ മൂഢനെന്നറിഞ്ഞുകൊള്ളുക. അതുപോലെ, എന്നെ ആരാധിക്കുകയും, അതേസമയം അന്യഭൂതങ്ങളിൽ ഭിന്നത ദർശിച്ച് അവയെ ദ്വേഷിക്കുകയും ചെയ്യുന്നവനും ശാന്തിയെ നേടുന്നില്ല. അമ്മേ!, അവർ സകലദ്രവ്യങ്ങൾകൊണ്ടും, സകലവിധിപ്രകാരംതന്നെയും എന്നെ യജിക്കുന്നുവെന്നിരിക്കിലും, എന്റെ അഖിലഭൂതസാന്നിധ്യം അറിയാതെപോകുന്നവൻ ഒരിക്കലും ഒന്നുകൊണ്ടും സന്തുഷ്ടനാകുന്നില്ല. ആയതിനാൽ തന്നിലും അന്യഭൂതങ്ങളിലും ഒരേവേളകുടികൊള്ളുന്ന എന്നെയറിയുന്നകാലംവരെ അവർക്ക് സർവ്വകർമ്മങ്ങളുംകൊണ്ട് ആരാധിക്കേണ്ടതുണ്ട്. തനിക്കും പരനുമിടയിൽ ഭേദഭാവമുള്ളവർക്കുമുന്നിൽ മൃത്യുവായിവന്ന് നാം അവരിൽ ഭയം ജനിപ്പിക്കുന്നു. ആയതുകൊണ്ട്, ഭൂതസർവ്വങ്ങളിൽ ദയയും, കാരുണ്യവും, ശ്രദ്ധയും വച്ചുകൊണ്ട്, അവയിലെല്ലാം ഹൃദിമധ്യേ സർവ്വസമനായി കുടികൊള്ളുന്ന നമ്മെ തൃപ്തനാക്കുക.

അമ്മേ!, ചരരൂപികൾ അചരരൂപികളെ അപേക്ഷിച്ച് ശ്രേഷ്ഠരാണെന്നറിയുക. അവയിൽവച്ച്, പ്രാണസ്പന്ദം മാത്രമുള്ള ജീവികളേക്കാൾ സചേതസ്സുകൾ കൂടുതൽ ശുഭരാണ്. അവയിൽ വീണ്ടും ഇന്ദ്രിയവിത്തുക്കൾ അതിശ്രേഷ്ഠർ എന്നറിഞ്ഞുകൊള്ളുക. ഇന്ദ്രിയവിത്തുക്കളിൽ, കേവലം സ്പർശനഗ്രാഹിയുള്ളവരേക്കാൾ ശ്രേഷ്ഠരാണ് രസഗ്രാഹിയുള്ളവർ. ഇവരേക്കാൾ ശ്രേഷ്ഠർ ഗന്ധഗ്രാഹിയുള്ളവരും, ഇവർക്കുമേൽ ശ്രവണഗ്രാഹിയുള്ളവരും ശ്രേഷ്ഠരാകുന്നു. ഇനിയും ഇവർക്കുമുകളിൽ രൂപഭേദഗ്രഹണശേഷിയുള്ളവരും, അവർക്കുമുകളിൽ, വായിൽ മുകളിലും താഴെയും ദന്തങ്ങളുള്ളവരും, ഇവർക്കും മുകളിൽ ബഹുകാലികളും, തന്മേൽ നാൽക്കാലികളും ശ്രേഷ്ഠരാകുന്നു. അമ്മേ!, ഇവർക്കെല്ലാം മേലേയാണ് ഇരുകാലികളായ മനുഷ്യന്റെ സ്ഥാനം.

ഇനി, മനുഷ്യസമൂഹത്തിൽവച്ച്, ഗുണകർമ്മികളായി തരംതിരിക്കപ്പെട്ടിട്ടുള്ളവർ ഒന്നിനുമേൽ മറ്റൊന്നായി മേന്മ പുലർത്തുന്നു. അവർക്കിടയിൽ ബ്രാഹ്മണർ ശ്രേഷ്ഠർ. വേദാധ്യായനം ചെയ്തവർ അതിലും ശ്രേഷ്ഠരാകുന്നു. എന്നാൽ, വേദാഭ്യാസികളായ ഇവർക്കുമുകളിലത്രേ വേദങ്ങളുടെ അന്തഃസത്തയെ ഉൾക്കൊണ്ടുജീവിക്കുന്ന ബ്രാഹ്മണരുടെ സ്ഥാനം. ഇവർക്കുമുകളിൽ സകലസംശയങ്ങളും നിവാാണം ചെയ്യാൻ കഴിവുള്ള പണ്ഡിതബ്രാഹ്മണന്മാരാകുന്നു. തുടർന്ന്, ഇവർക്കുമുകളിൽ സ്വധർമ്മമാചരിക്കുന്നവരും, അതിന്മീതേയുള്ളവർ വിഷയങ്ങളിൽ മുക്തസംഗരുമായി നിലകൊള്ളുമ്പോൾ, നിഷ്കാമികളായ എന്റെ ശുദ്ധഭക്തർ സർവ്വോത്തമന്മാരായി പരമോന്നതസ്ഥാനമലങ്കരിക്കുന്നു.

അമ്മേ!, അതുകൊണ്ട്, എന്നെമാത്രം ശരണം പ്രാപിച്ചവനേക്കാളും, സർവ്വകർമ്മങ്ങളും നിരന്തരം എന്നിലർപ്പിച്ചവനേക്കാളും, എനിക്കായി ആത്മസമർപ്പണം ചെയ്തവനേക്കാളും ശ്രേഷ്ഠനായി ഒരുവനെ ഞാൻ ഇവിടെ കാണുന്നില്ല. അങ്ങനെയുള്ള എന്റെ ഭക്തന്മാർ പ്രപഞ്ചത്തിലെ സകലചരാചരങ്ങളേയും നമസ്ക്കരിക്കുന്നു, ബഹുമാനിക്കുന്നു. കാരണം, നാം സർവ്വഭൂതാശയസ്ഥിതനാണെന്ന സത്യം, നാം സകലഭൂതങ്ങൾക്കും ഈശ്വരനും നിയന്താവുമാണെന്ന സത്യം അവരിൽ ജ്ഞാനംകൊണ്ടുറഞ്ഞുചേർന്നിരിക്കുന്നു. അല്ലയോ മാനവീ!, ഭക്തിമാർഗ്ഗംകൊണ്ടായാലും യോഗമാർഗ്ഗംകൊണ്ടായാലും, ഇവയിലേതെങ്കിലുമൊന്നനുഷ്ഠിക്കുന്നവർ ആ പരമപുരുഷനെ സുകരം പ്രാപിക്കുന്നു. അവൻ അദ്ധ്യാത്മസ്വരൂപനാണ്. അവനെ ബ്രഹ്മമെന്നും പരമാത്മാവെന്നും വിളിക്കുന്നു. പ്രധാനപുരുഷനായ അവന്റെ ചേഷ്ടിതങ്ങളും അദ്ധ്യാത്മികമാകുന്നു. 

അമ്മേ!, ബ്രഹ്മദേവൻ മുതലായ ജീവഭൂതങ്ങളുടെയെല്ലാം രൂപഭേദങ്ങൾക്ക് കാരണം ഇവിടെ ആ ജഗദീശ്വരന്റെ പ്രതിരൂപമായ കാലമാണെന്നറിയുക. അങ്ങനെയുള്ള കാലസ്വരൂപൻ ഹരിതന്നെയെന്നനറിയാത്തവർക്ക് കാലം എന്നത് ഭയദായകമാകുന്നു. അധിയജ്ഞനായ ഈ കാലപുരുഷൻ സർവ്വത്തിനും ഗുരുവാണ്. അവൻ സർവ്വഭൂതഹൃദയങ്ങളിലും പ്രവിഷ്ടനാണ്. ഒന്ന് മറ്റൊന്നിനാൽ ഇല്ലാതാകുന്നതും അവൻ കാരണമാണ്. അവന് പ്രിയനായും, അപ്രിയനായും, ബന്ധുവായും ഇവിടെ ആരുംതന്നെയില്ല. എന്നാൽ അവനെ ഹൃദയകമലത്തിൽ കുടിവച്ചവർക്ക് അവനെല്ലാമാണുതാനും. അല്ലാത്തവർക്ക് അന്തകനും. അവനെ ഭയന്നത്രേ വായു വീശുന്നതും, സൂര്യൻ പ്രകാശിക്കുന്നതും, ഇന്ദ്രൻ മഴ ചൊരിയുന്നതും, സ്വർഗ്ഗവാസികൾ ഭാസിക്കുന്നതുമെല്ലാം. അവനെ ഭയന്നത്രേ മരങ്ങളും, ലതകളും, ഔഷധികളും, കാലാകാലങ്ങളിൽ പുഷ്പിക്ക്കുന്നതും, ഫലം തരുന്നതും. അവനെ ഭയന്നത്രേ നദികൾ പ്രവഹിക്കുന്നതും, സമുദ്രം നിറഞ്ഞുതുളുമ്പാത്തതും, അഗ്നി ജ്വലിക്കുന്നതും, ഭൂമി തന്റെ സ്ഥാവരജംഗമങ്ങളോടൊപ്പം ജലത്തിലേക്ക് മുങ്ങിത്താഴാത്തതും. 

അമ്മേ!, ആ സർവ്വശക്തന്റെ ആജ്ഞയാലത്രേ ആകാശത്തിൽ, സകലഗ്രഹങ്ങളും തങ്ങളുടെ ജീവഭൂതങ്ങൾക്കൊപ്പം നിലകൊണ്ടുചലിക്കുന്നതും, ഈ വിശ്വം അതിന്റെ സപ്താവരണങ്ങളോടൊപ്പം വിസ്തൃതിപ്രാപിച്ചുകൊണ്ടിരിക്കുന്നതും. അവനോടുള്ള ഭയംകാരണമാണമ്മേ!, ത്രിഗുണാധിപതികളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ യുഗങ്ങളായി സൃഷ്ടിസ്ഥിതിസംഹാരകർത്തവ്യങ്ങൾ നടത്തിവരുന്നതും. പ്രപഞ്ചത്തിലെ സകലചരാചരങ്ങളും ത്രിഗുണങ്ങൾക്കടിപ്പെട്ട് അവന്റെ ഗുണരൂപികളായ ഈ ത്രിമൂർത്തികൾക്ക് അധീനരായിക്കഴിയുന്നു. 

അമ്മേ!, കാലത്തെക്കുറിച്ചറിയാൻ അവിടുന്ന് ആഗ്രഹിച്ചല്ലോ!. കാലമെന്ന പ്രതിഭാസം അദ്യന്തരഹിതമാണ്. അത് അവ്യയനായ ഹരിയുടെ പ്രതിരൂപമാണ്. അത് ഈ പ്രപഞ്ചത്തെ ചമയ്ക്കുന്നു. അത് ഒന്നിൽനിന്നും മറ്റൊന്നിനെ നിർമ്മിക്കുന്നു. യമരാജനടക്കമുള്ള സൃഷ്ട്യൗഘങ്ങളെ ഇല്ലാതാക്കിക്കൊണ്ട് കാലം ഈ പ്രപഞ്ചത്തിന് ഒരുനാൾ നാശംവിതയ്ക്കുന്നു. 

ഇങ്ങനെ ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  ഇരുപത്തിയൊമ്പതാമധ്യായം സമാപിച്ചു.
ഓം തത് സത്


2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച

3.28 കപിലോപദേശം - ഭക്തിനിർവ്വർത്തനം

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 28
(കപിലോപദേശം - ഭക്തിനിർവ്വർത്തനം)


കപിലഭഗവാൻ മാതാവായ ദേവഹൂതിയോടു പറഞു: "അമ്മേ!, അല്ലയോ നൃപാത്മജേ!, ഇനി നാം അവിടുത്തോടുപറയുവാൻ പോകുന്നതു പരമമായ യോഗത്തിന്റെ ലക്ഷണങളെക്കുറിച്ചാണ്. ഇതറിഞാൽ മനസ്സിനെ വിഷയങളിൽനിന്നു സംയമിപ്പിച്ച് പരമമായ ബ്രഹ്മപദത്തിലേക്കു തിരിച്ചുവിടുവാൻ അനായാസം സാധ്യമാകുന്നു. അതിലേക്ക് ആദ്യമായി ചെയ്യേണ്ടത്, അവനവന്റെ ധർമ്മം തന്നാൽ കഴിയുംവിധം ശുദ്ധമായി അനുഷ്ഠിക്കുകയും, പരധർമ്മങളിൽ നിന്നു കഴിയുംവിധം ഒഴിഞുനിൽക്കുകയുമെന്നുള്ളതാണ്. ഈശ്വരാനുഗ്രഹത്താൽ കിട്ടുന്ന വസ്തുവകകളിൽ സംതൃപ്തനാകുകയും, ഗുരുപാദപത്മങളിൽ ഭക്തിയുണ്ടാകുകയും വേണം. കേവലം സാമ്പ്രദായിക അനുഷ്ഠാനവിധികളിൽനിന്നുമകന്ന്, മോക്ഷകാരകങളായ സാധനകളിൽ തല്പരരാകുകയും, മിതവ്യശീലരായി ആളൊഴിഞയിടങളിലിരുന്നു ഇത്തരം അനുഷ്ഠാനനൾ ചെയ്യുന്നതോടെ ഒരുവൻ ജീവിതത്തിന്റെ പരമമായ ഉദ്ദേശത്തെ സാക്ഷാത്കരിക്കുന്നു.
അഹിംസ, സത്യം, ആസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം, തപസ്സ്, ശൗചം, സ്വാധ്യായം, ഭഗവതാരാധനം, മൗനം, വിവിധതരം ആസനാഭ്യങൾ, സ്തൈര്യം, പ്രാണായാമങൾവഴി പ്രാണജയം, ഇന്ദ്രിയങളെ വിഷയങളിൽനിന്നും പ്രതിഹരിച്ച് മനസ്സിനെ ഹൃദയസ്ഥാനത്തുറപ്പിക്കുക,  തുടങിയ കർമ്മങളിൽ തല്പരരായി അവയെ ശുദ്ധമായി അനുഷ്ഠിക്കേണ്ടതുണ്ട്.  പ്രാണനേയും, മനസ്സിനേയും, ഷട്ചക്രങളിൽ ഏതെങ്കിലുമൊന്നിലുറപ്പിച്ച്, ഹൃദയത്തിൽ ഭഗവാൻ ഹരിയുടെ മഹിമകളെ നിറച്ച് അവനെ ധ്യാനിക്കുമ്പോൾ മനസ്സിനുണ്ടാകുന്ന സംതുലിതഭാവാനുഭത്തിനെ "സമാധി" എന്നു പേർ വിളിക്കുന്നു. പ്രസ്തുത പ്രക്രീയയിലൂടെയോ, തത്തുല്യമായ മറ്റേതുവിധിപ്രകാരമോ, അനിയന്ത്രിതമായി വിഷയങളിൽ മുങി മലിനമായ മനസ്സിനെ സംയമിപ്പിച്ച് ശുദ്ധമാക്കി അതിൽ ഹരിയുടെ അപാരമഹിമകളെ നിറച്ച് അവന്റെ ചിന്തയിൽ ഒരുവൻ നിമഗ്നമാകണം. ചിത്തസംയമനം ചെയ്ത യോഗി, ശുദ്ധവും ശാന്തവുമായ ഒരു പ്രദേശത്തെത്തി, തനിക്ക് സുകരമായ ഒരാസനമൊരുക്കി, അതിലിരുന്ന് ശരീരത്തെ ഋജുവാക്കിവച്ചുകൊണ്ട് പ്രാണായാമാദിസാധനകളെ ചെയ്യണം. തുടർന്ന്, പൂരക-രേചക-കുംഭക വിധിപ്രകാരമോ, മറിച്ച്, കുംഭക-രേചക-പൂരക വിധിപ്രകാരമോ പ്രാണന്റെ ഗതിയെ നിയന്ത്രിച്ച്, മനസ്സിനെ സ്ഥിരവും അചഞ്ചലവുമാക്കണം. സ്വർണ്ണം അഗ്നിയിലുരുക്കി കാറ്റിലുണക്കി അതിനെ മാലിന്യങളിൽനിന്നും വേർപെടുത്തുന്നതുപോലെ, പ്രാണയാമപ്രക്രീയയിലൂടെ ചിത്തം വിഷയമാലിന്യങളകന്ന് പരിശുദ്ധമാകുന്നു. പ്രാണായാമം ചെയ്യുന്നതിലൂടെ ഒരുവൻ തന്റെ ശാരീരികാരോഗ്യത്തെ പരിപാലിക്കുകയും, ധാരണയിലൂടെ അവൻ ആന്തരികമായ കിൽബിഷങളകന്ന് മുക്തനാകുകയും ചെയ്യുന്നു. അതുപോലെ, പ്രത്യാഹാരപരിശീലനംകൊണ്ട് അവൻ വിഷയമാലിന്യങളിൽനിന്നകലുകയും, തുടർന്ന്, ഹരിയെ ധ്യാനിക്കുന്നതിലൂടെ പ്രകൃതിയുടെ ത്രൈഗുണ്യാത്മകമായ സകല ബന്ധനങളിൽനിന്നും അവൻ നിശ്ശേഷം മുക്തനാകുകയും ചെയ്യുന്നു.
ഇങനെ പ്രാണായാമാദിയോഗാഭ്യാസത്താൽ ചിത്തം തികച്ചും നിയന്ത്രിതമാകുന്ന സമയം ഒരുവൻ ധ്യാനത്തിന് യോഗ്യനാകുന്നു. നാസാഗ്രത്തിൽ ദൃഷ്ടി‌യുറപ്പിച്ച്, പാതിതുറന്ന നയനങളോടെ ഭഗവാൻ ഹരിയുടെ തിരുരൂപത്തെ ധ്യാനിച്ചുതുടങണം. ആ സമയം, പത്മഗർഭദ്യുതിയൊഴുകുന്ന പ്രസന്നവദനത്തോടും, അതിൽ രക്തവർണ്ണനയങളോടും, നീലോത്പലം പോലെ ശ്യാമളവർണ്ണത്തിൽ കോമളമായ ശരീരത്തോടും, ചതുർഭുജങളിൽ ശംഖചക്രഗദാപത്മങൾ ധരിച്ചും, അരയിൽ മിന്നിത്തിളങുന്ന മഞപട്ടുടുത്തും, വക്ഷസ്സിൽ ശ്രീവത്സമണിഞും, കഴുത്തിൽ കൗസ്തുഭമണിയണിഞും, നവപുഷ്പങളുടെ പരിമളത്തിൽ ഉന്മത്തരായ വണ്ടുകൾ വട്ടമിട്ടുപറക്കുന്ന വർണ്ണശബളമായ വനമാലയണിഞും, കഴുത്തിൽ അമൂല്യഹാര‌ങളിഞും, കൈത്തണ്ടയിൽ വളകളും, കാപ്പുകളും, കങ്കണങളുമണിഞും, നിരനിരയായ് മുത്തും പവിഴവും പതിക്കപ്പെട്ട കനകകിരീടമണിഞും, കാലിൽ ചിലമ്പണിഞും, അരയിൽ ഉലഞാടുന്ന കാഞ്ചിയണിഞും, അവൻ ഭക്തകോടികളുടെ ഹൃദയകമലങളിൽ നിറഞുനിൽക്കുന്ന കാഴ്ച ധ്യാനനിമഗ്നനായ യോഗി തന്റെ ഉൾക്കണ്ണിൽ കണ്ടറിയുന്നു. ആ കാഴ്ച യോഗിയുടെ ഹൃദയത്തെ പുളകം കൊള്ളിക്കുന്നു.  ആ ദിവ്യരൂപം ഭക്തൻ തന്റെ ഉൾക്കണ്ണിലൂടെയുൾക്കൊണ്ട് അന്തരാത്മാവിൽ നിറയ്ക്കുന്നു. അദ്ധ്യാത്മസുന്ദരമായ ആ കോമളരൂപം സകലലോകങളിലും വാഴ്ത്തപ്പെടേണ്ടതാണ്. കാരണം അനശ്വരസ്വരൂപനായ ഭഗവാൻ ഹരി തന്റെ ഭക്തന്മാരെ അനുഗ്രഹിക്കുവാനായി സദാ കൗതുഹലം കൊണ്ടുനിൽക്കുന്നവനാണ്.
അമ്മേ!, ഭഗവാൻ ഹരി ഉത്തമശ്ലോകനാണ്. അവന്റെ മഹിമകൾ ഭക്തന്മാരുടെ മഹിമയേയും വർദ്ധിപ്പിക്കുന്നു. അതിനാൽ അദ്ധ്യാത്മസ്വരൂപനായ അവനേയും അവന്റെ ഭക്തന്മാരേയും നിരന്തരം ധ്യാനിക്കുകയും, വന്ദിക്കുകയും ചെയ്യുക. അതിലൂടെ ചിത്തം ക്രമേണ പൂർണ്ണമായും അവനിൽ രമിക്കുന്നു. ഇങനെ നിത്യനിരന്തരമായ ഭക്തിയോഗത്താൽ, അവന്റെ നിൽപ്പും, കിടപ്പും, നടപ്പും, തന്റെയുള്ളിൽതന്നെയുള്ള അവന്റെ ഇരിപ്പുമെല്ലാം യോഗി തന്റെ ഉപനയനത്താൽ വീക്ഷണം ചെയ്യുന്നു. കാരണം അവന്റെ മഹിമകളെല്ലാം അത്യന്തം മനോഹരവും, കീർത്തിതവ്യവുമാണ്. അവന്റെ ഓരോ അംഗങൾതോറും ചിത്തത്തെയുറപ്പിച്ച് യോഗി ധ്യാനത്തിൽ മുഴുകണം. ഉൾക്കണ്ണുകൊണ്ടുള്ള യോഗിയുടെ ധ്യാനം, വജ്രവും, അങ്കുശവും, ദ്വജവും ശോഭിക്കുന്ന അവന്റെ പാദപത്മത്തിൽനിന്നുതുടങി, ഉത്തുംഗരക്തവർണ്ണത്തിൽ പ്രശോഭിതമായ നഖനികരങളി‌ലേക്ക് നീങണം. അവയുടെ ഉജ്ജ്വലജ്യോതിയിൽ ഭക്തഹൃദയങളിലെ അന്തകാരം നീങി അവിടം പ്രകാശമാനമാകുന്നു. അവന്റെ തിരുപാദതീർത്ഥോദകമാകുന്ന ഗംഗയെ ശിരസ്സിൽ വഹിച്ചുകൊണ്ട് ദേവാദിദേവൻ മഹാദേവൻ സ്വയം തന്നെ പവിത്രമാക്കുന്നു. ആ പാദമൂലം ഒരിടിമിന്നലായി പരിണമിച്ചുകൊണ്ട് ഭക്തഹൃദയങളിലെ പാപാദ്രികളെ തച്ചുടയ്ക്കുന്നു. ആയതിനാൽ ആ പാദാരവിന്ദം മാത്രമാണ് സകലഭൂതങൾക്കും ഏകാശ്രയം. വിരിഞ്ചജനനിയും, സർവ്വദേവപൂജിതയുമായ ലക്ഷ്മീഭഗവതി തന്റെ കരപല്ലവങളാൽ സദാ അവന്റെ പാദസേവചെയ്തുകഴിയുന്നു. ആ കാഴ്ച യോഗിയുടെ ഹൃദയത്തെ കുളിരണിയിക്കുന്നു.
അംഘ്രിയുഗളത്തിൽനിന്നുമുയർന്ന് യോഗിയുടെ ധ്യാനം ആ കാരുണ്യമൂർത്തിയുടെ ഓജോനിധികളായ തൃത്തുടകളിലേക്ക് മാറണം. ചണപുഷ്പത്തെപ്പോലെ വെളുപ്പുകലർന്ന നീലനിറത്തിലുള്ള ആ തുടകൾ കൂടുതൽ  സൗന്ദര്യവത്താകുന്നത് അവൻ ഗരുഡോപരിയേറുമ്പോഴാണ്. അവിടെനിന്നും മേലോട്ടുയർന്ന് യോഗിയുടെ ഉൾക്കണ്ണ്, അനുപമസൗന്ദര്യമിയലുന്ന പീതവാസസംചുറ്റി, അതിനുമുകളിൽ വ്യത്യസ്ഥവർണ്ണരത്നസംയുതമായ പൊന്നരഞാണം ശോഭിക്കുന്ന, കടീതടദേശത്തിലെത്തണം. ആ പട്ടിന്റെ അഗ്രം താഴെ നെരിയാണിയോളം തൂങിയാടുന്ന സൗന്ദര്യം ഭക്തഹൃദയങളെ കോൾമയിർക്കൊള്ളിക്കുന്നു. അവിടെനിന്നും തൊട്ടുമേലെ അവന്റെ നാഭീദേശം. അവിടെനിന്നും ഉയർന്നുവിടർന്ന പങ്കജമലർ. അത് ആദിദേവനായ വിരിഞ്ചന്റെ ആലയവും, ജഗത്സർവ്വത്തിന്റെ അധിഷ്ഠാനവുമാണ്. അവിടെനിന്നും യോഗിയുടെ മനസ്സ് മരതകമുത്തുകൾപോലെയുള്ള അവന്റെ സ്തനങളിലേക്കുയരണം. കണ്ഠത്തിൽ ധരിച്ചിരിക്കുന്ന വൈഢൂര്യരശ്മികളാൽ അവ കണ്ണഞ്ചിപ്പിക്കുന്ന ധവളവർണ്ണത്തിൽ മിന്നിത്തിളങുന്നതുകാണാം. ആ മരതകമുത്തുക്കുകൾക്കുനടുവിൽ അവന്റെ വക്ഷസ്ഥലമാണ്. അവിടയത്രേ ലക്ഷ്മീഭഗവതി വിളങുന്നത്. അവിടെനിന്നത്രേ സത്ചിതാനന്ദം ജീവഭൂതങളുടെ മനോനയനങളിലേക്ക് വഴിഞൊഴുകുന്നതും. അവിടെനിന്നും മനസ്സ് ചലിക്കേണ്ടത് ആരാധ്യനായ അവന്റെ കണ്ഠത്തിലേക്കാണ്. അവിടെ ശ്രീകൗസ്തുഭം മിന്നിപ്രാശിച്ചുകൊണ്ട് ആ കണ്ഠത്തിന് മാറ്റുകൂട്ടുന്നു.
തുടർന്ന് യോഗി തന്റെ മനോനയനങളിലൂടെ അവന്റെ നാല് തൃക്കൈകളെ ദർശിക്കണം. പ്രകൃതിയുടെ വ്യത്യസ്ഥ വൃത്തികളുടെ അധിപതികളായ ദേവതകളുടെ സമ്പൂർണ്ണശക്തിസ്രോതസ്സ് ആ ചതുഭുജങളാണ്. അനന്തരം മന്തരപർവ്വതപരിക്രമണത്താൽ കൂടുതൽ പ്രകാശമാനമായ അവന്റെ ആഭരണങളെ ദർശിക്കുക. തുടർന്ന്, ആ നാല് തൃക്കൈകളിൽ വിളങുന്ന അസഹ്യതേജസ്സോടുകൂടിയ സുദർശനചക്രത്തെയും, രാജഹംസംപോലെ തോന്നിക്കുന്ന ശംഖവും, അവന് ഏറെ പ്രീയപ്പെട്ട കൗമോദകീഗദയും സ്മരിക്കണം. ശത്രുവായി അവനുനേരേ പാഞുവരുന്ന ദൈത്യവംശത്തെ അപ്പാടെ തച്ചുടച്ച്, ആ ഗദ അവരുടെ രക്തത്താൽ ലേപ്തിമായിരിക്കുന്നു. അവിടെ നിന്നും യോഗി തന്റെ മനസ്സിനെ അവനണിഞിരിക്കുന്ന വനമായിൽ മഗ്നമാക്കണം. മധുപന്മാർ മൂളിക്കൊണ്ട് ആ നിർമ്മലഹാരത്തിനുചുറ്റും വലംവച്ചുപറക്കുന്നു. പിന്നീട് കാണേണ്ടത് അവന്റെ കഴുത്തിൽ മിന്നിത്തിളങുന്ന മുത്തുഹാരമാണ്. അത് അവന്റെ ഭക്തന്മാരുടെ ജീവനത്രേ!. അതിനുമുകളിൽ അവന്റെ മുഖാരവിന്ദമാണ്. ഭക്തവത്സലനായ ഭഗവാൻ ജഗത്തിൽ പലേ അവതാരങൾ സ്വീകരിച്ചുകൊണ്ട് ആ തിരുമുഖകമലം തന്റെ ദാസന്മാർക്ക് കാട്ടിക്കൊടുക്കുന്നു. ആ മുഖകമലത്തിന്റെ കർണ്ണികാമധ്യത്തിൽ അനവദ്യമായ അവന്റെ നാസ പരിശോഭിക്കുന്നു. കാതിൽ ഇളകിയാടുന്ന മകരകുണ്ഡലങളുടെ ഉജ്ജ്വലദ്യുതിയിൽ അവന്റെ കവിളിണകൾ മിന്നിത്തിളങുന്നു. കുറുനിരകളിളകിയാടുന്ന, പത്മദളായതലോചനശോഭിതമായ, ഉല്ലസിക്കുന്ന പുരികദ്വയങളോടുകൂടിയ ആ തിരുമുഖമാണ് യോഗി പിന്നീട് ധ്യാനിക്കേണ്ടത്. അവയുടെ ചന്തത്തിനുമുന്നിൽ, മധുപക്കൂട്ടങൾ വട്ടമിട്ടുപറക്കുന്ന ചെന്താമരയും, നീന്തിതുടിക്കുന്ന മീനമിഥുനങളും തോറ്റുപോകുന്നു.
യോഗി കാരുണ്യവായ അവന്റെ നയനങളെ അചഞ്ചലമായ ഭക്തിയോടെ ധ്യാനിക്കണം. കാരണം, അതിലൂടെയൊഴുകുന്ന കാരുണ്യരശ്മികൾ ഭക്തന്റെ താപത്രയങളെ ഉപസംഹരിക്കുന്നു. മാത്രമല്ലാ, പുഞ്ചിരികലർന്ന ആ നോട്ടം അനുപമമായ ഭഗവതനുഗ്രഹത്തെ വാരിവിതറുന്നു. അമ്മേ!, ഭഗവാൻ ഹരിയുടെ ഉദാരമായ ആ പുഞ്ചിരി അവന്റെ ഭക്തന്മാരുടെ കണ്ണീർക്കടലിന്റെ ബാഷ്പീകരിക്കുന്നു. മാത്രമോ!, ആ ഭ്രൂമണ്ഢലത്തെനോക്കി മകരധ്വജനും ഭ്രമിച്ചുപോകുന്നു. ആർദ്രമായ സ്നേഹത്തോടെ യോഗി തന്റെ ഹൃദയകുഹരത്തിൽ ഹരിയുടെ മന്ദഹാസത്തെ ധ്യാനിക്കണം. ആ മനോഹാരിതയ്ക്കുമുന്നിൽ മുഖം തിരിക്കുവാൻ ആർക്കുംതന്നെ കഴിയുകയില്ല. അവൻ ചിരിക്കുമ്പോൾ, മുല്ലമൊട്ടിൻനിരകൾപോലെ തിളങുന്ന ദന്തപംക്തികൾ അതിനുചുറ്റുമുള്ള ചെഞ്ചുണ്ടിന്റെ ഉജ്ജ്വലദീപതിയിൽ രക്തവർണ്ണത്തിൽ പരിശോഭിക്കുന്നതുകാണാം. അവയെ ധ്യാനിക്കുന്ന യോഗിയുടെ ഹൃദയം മറ്റെങും അലഞുതിരിയാതെ തികച്ചും ആ ഹാസസൗന്ദര്യത്തിൽ നിമഗ്നമാകുന്നു.
അമ്മേ!, ഇങനെ നിത്യനിരന്തരം അവനെ ധ്യാനിക്കുന്നതോടെ യോഗിയുടെ ഹൃദയം പൂർണ്ണമായും അവനിൽ അനുരക്തമാകുകയും, ആ നിലയിൽ അതുല്യമായ ആനന്ദത്തിൽ യോഗി ഉത്പുളകം കൊള്ളുകയും ചെയ്യുന്നു. ഹൃദയത്തിൽനിന്നുമുതിർന്നിറങിയ ആനന്ദാശ്രുവിൽ കുളിച്ച് ആ ജീവൻ പരിശുദ്ധമാകുന്നു. പതുക്കെപതുക്കെ, മത്സ്യം ചൂണ്ടയിൽ കൊളുത്തപ്പെടുന്നതുപോലെ, ഭഗവാനെ നേടുവാൻ താൻ ധ്യാനത്തിനുപയോഗിച്ച തന്റെ ഹൃദയംതന്നെ ഭൗതികവിഷയങളിൽന്നിന്നും സ്വയമേവ പൂർണ്ണതരം വിരക്തമായി ഭഗവാൻ ഹരിയുടെ പാദാരവിന്ദങൾക്കടിപ്പെട്ടുപോകുന്നു. അങനെ ഹൃദയം പൂർണ്ണമായും ഭൗതികമാലിന്യങളിൽനിന്നുമകന്ന്, ഭൗതികമായ നേട്ടങളിലുള്ള ഇച്ഛവെടിഞ്, സ്വയം ഉജ്ജ്വലിച്ചുതെളിയുന്ന ഒരു തിരിനാളമായി മാറുന്നു. കാരണം, ഭക്തന്റെ ഹൃദയം ഇതിനകം വിഷയങളുമായുള്ള ബന്ധത്തെ പൂർണ്ണമായും തിരസ്കരിക്കപ്പെട്ടുകഴിഞിരിക്കും. തുടർന്ന്, വിഷയാനുഭങളുടെ ആധിപത്യത്തിൽനിന്നും സ്വയം രക്ഷപ്പെട്ട്, മനസ്സ് തികച്ചും ഊർദ്ധ്വസ്ഥിതിയിലിരുന്നുകൊണ്ട് സുഖദുഃഖങഭാവങൾക്കധീതമായ തന്റെ സ്വരൂപമഹിമയെ അനുഭവിച്ചറിഞാനന്ദിക്കുന്നു. ആ സമയം യോഗി തനിക്ക് ഭഗവാനുമായുള്ള ആത്മബന്ധത്തെ തിരിച്ചറിയുകയും, താൻ തന്റെ ജീവനെ ഇതുവരെയേൽപ്പിച്ച സുഖദുഃഖങളുടെ മധുരവും തിക്തവുമായ അനുഭവങളൊക്കെക്കും കാരണം തമോഗുണജന്യമായ അഹങ്കാരമാണെന്ന സത്യം യോഗി മനസ്സിലാക്കുകയും ചെയ്യുന്നു. മദ്യപിച്ച് മദോന്മത്തനായ ഒരു മനുഷ്യന് തന്റെ ശരീരത്തിൽനിന്നും അഴിഞുവീഴുന്ന വസ്ത്രത്തെ അറിയാൻ കഴിയാത്തതുപോലെ, സ്വരൂപത്തെ യഥാവിധം തിരിച്ചറിഞ ബ്രഹ്മനിഷ്ഠനായ ഒരു യോഗി തന്റെ ഭൗതികശരീരത്തിന്റെ ചലങളിൽ തീർത്തും ഉദാസീനഭാവം കൈവരിക്കുന്നു.
അമ്മേ!, ഇങനെ ആത്മസാക്ഷാത്കാരം നേടിയ യോഗിയുടെ ശരീരം അവന്റെ ഇന്ദ്രിയങളോടൊപ്പം ഭഗവാൻ ഹരിയുടെ പൂർണ്ണനിരീക്ഷണത്തിലാകുകയും, വിധിതകർമ്മാവസാനം വരെ അത് ആ കാരുണ്യവാന്റെ മേൽനോട്ടത്തിൽ കർമ്മനിരതമാകുകയും ചെയ്യുന്നു. വസ്തുസ്ഥിതിയിലേക്കുണർന്നുയർന്ന യോഗി, യോഗത്തിന്റെ പരമകാഷ്ഠയിലെത്തി, ഭഗവാനും താനും ഒന്നെന്നനുഭവിച്ചറിയുന്ന നിമിഷം, അവൻ ഈ ശരീരത്തിന്റെ ഉപോല്പന്നങളൊന്നുംതന്നെ സ്വാർത്ഥം സ്വീകരിക്കുന്നില്ല. തന്റെ സകലശാരീരികകർമ്മങളും സ്വപ്നത്തിലേതെന്നതുപോലെ അയഥാർത്ഥങളായി അവൻ കണ്ടറിയുന്നു. സമൂഹത്തിൽ ഈശ്വരസൃഷ്ടങളായി അനേകം കുട്ടികളുണ്ട്. പക്ഷേ തന്റേതെന്നഭിമാനിച്ചുകൊണ്ട് മനുഷ്യൻ തങളുടെ കുടുംബത്തിലുള്ളവരെ സ്നേഹിക്കുന്നു. അവർക്കുവേണ്ടി പ്രപഞ്ചത്തിലെ അനേകം ധനങളിൽൽ കുറച്ചു ധനം തന്റേതെന്നഭിമാനിക്കുന്നു. അതുപോലെ മമതയിൽ മുങി ഈ ശരീരത്ത അവൻ പരിപാലിക്കുന്നു. പക്ഷേ അതേസമയംതന്നെ, ഇവയൊന്നിലും നമുക്ക് യാതൊരുവിധമായ ആധിപത്യമോ ബന്ധമോ ഇല്ലെന്ന സത്യവും അവൻ മനസ്സിലാക്കുന്നു. അതുപോലെയാണ് കർമ്മാചരണത്തിനായി തന്റെ ശരീരത്തെ നിലനിറുത്തുമ്പോഴും യോഗി താനും സ്വശരീരവും വേവ്വേറേയാണെന്ന സത്യത്തെ മനസ്സിലാക്കുന്നത്. വിറകിൽനിന്നും ആളികത്തുന്ന അഗ്നി അവയുടെ സ്ഫുലിംഗങളിൽനിന്നും, ധൂമത്തിൽനിന്നും, നാളങളിൽനിന്നും വ്യത്യസ്ഥമാണ്. എന്നാൽ അവയെല്ലാം ഒരേ വിറകിൽനിന്നുമുത്ഭവിച്ച് അഗാധമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
മാതേ!, ഭഗവാൻ ഹരി പരബ്രഹ്മമാണ്. അവനത്രേ സർവ്വതിനും ദർശകൻ. അവൻ ഇന്ദ്രിയസമാഹൃതങളായ ജീവാത്മാക്കളിൽനിന്നും ശുദ്ധനും ഭിന്നനുമാണ്. അതേസമയം സർവ്വഭൂതങളും അവന്റെ പ്രഭാകിരണങളുമാണ്. അതുകൊണ്ട് യോഗി സർവ്വഭൂതങളിലും സമഭാവനയോടെ അവനെ മാത്രം ദർശിക്കണം. അതാണ് ബ്രഹ്മസാക്ഷാത്കാരം. വിറകുകളുടെ അനേകരൂപങളിലൊക്കെയും അഗ്നി വെവ്വേറേയായി പ്രത്യക്ഷമാകുന്നതുപോലെ, ത്രിഗുണങളുടെ വ്യത്യസ്ഥപ്രഭാവങളനുസരിച്ച് വ്യത്യസ്ഥയോനികളിൽ ഒരേ ബ്രഹ്മംതന്നെ പലതായി വേർതിരിഞുരൂപം കൊള്ളുന്നതായി കാണപ്പെടുന്നു. മാതാവേ!, സൃഷ്ടിയുടെ മുഴുവൻ കാര്യവും, കാരണവും, ആ അത്ഭുതപുരുഷന്റെ മായാപ്രകൃതിയാണ് ദുസ്തരമായ അവളുടെ പിടിയിൽനിന്നും ഒരിക്കൻ മുക്തനാകുന്ന യോഗി അനന്തരം എന്നെന്നേയ്ക്കുമായി തന്റെ സ്വരൂപത്തിൽ അധിഷ്ഠിതനായി ഉറച്ചുനിലകൊള്ളുന്നു.

ഇങനെ ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  ഇരുപത്തിയെട്ടാമധ്യായം സമാപിച്ചു.

ഓം തത് സത്.

<<<<<<<  >>>>>>>






srimad bhagavatham, chapter 28 of canto 1, kapilopadesham, lord kapila teaches His mother devahuti about sankhya yogam,

2015, ജനുവരി 13, ചൊവ്വാഴ്ച

ശ്രീബാലകൃഷ്ണസ്തോത്രം

ശ്രീബാലകൃഷ്ണസ്തോത്രം

പൂന്താനം



ചാഞ്ചാടും പൈതൽ കളിച്ചീടും നല്ല-   
പൂഞ്ചായലാടുമാറാടീടും - കൃഷ്‌ണ

കഞ്ജമലരൊടു നേരിടും തിരു-
ക്കണ്ണുമഴറ്റിക്കൊണ്ടാടീടും - കൃഷ്‌ണ

ഓമൽക്കഴുത്തിൽപ്പുലിനഖം തങ്ക-
മോതിരം കെട്ടിക്കൊണ്ടാടീടും - കൃഷ്‌ണ

പൊന്മയക്കിങ്ങിണിയൊച്ചയും അയ്യോ-
പൊങ്ങുമാറുണ്ണി നിന്നാടീടും - കൃഷ്‌ണ

മിന്നീടും പൊന്നും തള കിലുംകിലു -
മെന്നുമാറുണ്ണി നിന്നാടീടും - കൃഷ്‌ണ

ഈവണ്ണം വാഴ് ത്തുന്നോർക്കെല്ലാർക്കും മുമ്പിൽ-
തൃക്കാലും വെച്ചുകൊണ്ടാടീടും - കൃഷ്‌ണ  

 ഓം തത് സത്




śRībālakr̥ṣṇastōtRaṁ
Pūntānaṁ 


chāñchāṭuṁ paital kaḷicchīṭuṁ nalla-
pūñchāyalāṭumāṟāṭīṭuṁ - kr̥ṣ‌ṇa

kañja-malaroṭu nēriṭuṁ tiru-
kkaṇṇumazhaṟṟikkoṇṭāṭīṭuṁ - kr̥ṣ‌ṇaa

ōmalkkaḻuttilppulinakhaṁ taṅka-
mōtiraṁ keṭṭikkoṇṭāṭīṭuṁ - kr̥ṣ‌ṇaa

ponmayakkiṅṅiṇiyocchayuṁ ayyō--
poṅṅumāṟuṇṇi ninnāṭīṭuṁ - kr̥ṣ‌ṇaa

minnīṭuṁ ponnuṁ taḷa kiluṁkilu -
mennumāṟuṇṇi ninnāṭīṭuṁ - kr̥ṣ‌ṇaa

īvaṇṇaṁ vāzhttunnōRkkellāRkkuṁ mumpil-
tr̥kkāluṁ vecchukoṇṭāṭīṭuṁ - kr̥ṣ‌ṇaa

sri balakrishna stothram, poonthanam, chanchaadum paithal kalichheedum

2015, ജനുവരി 10, ശനിയാഴ്‌ച

3.27 കപിലോപദേശം (ദൃശ്യപ്രപഞ്ചമനനം)

ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം - 27
(ദൃശ്യപ്രപഞ്ചമനനം)
ഭഗവാൻ ഹരി സ്വായംഭുവമനുവിന്റെ പുത്രിയായ ദേവഹൂതിക്ക് മകനായിപ്പിറന്ന്, തന്റെ മാതാവിന് ആത്മതത്വമാകുന്ന സാംഖ്യയോഗമഹാശാസ്ത്രം ഉപദേശിച്ചു. ഭഗവാൻ കപിലൻ പറഞു:' അമ്മേ!,യഥാർത്ഥത്തിൽ ഈ ജീവൻ പ്രകൃതിയുടെ ത്രിഗുണങൾക്കധീതനാണ്. കാരണം, അവൻ നിർവ്വികാരനും, കർത്തൃത്വഭോക്തൃത്വഭാവങളിൽനിന്നും നിസ്പൃഹനുമാണ്. പഞ്ചഭൂതാത്മകമായ സ്ഥൂലശരീരത്തിനുള്ളിൽ അനശ്വരതിരിനാളമായി നിലകൊള്ളുമ്പോഴും, ജലത്തിലെ ആരോപിതസൂര്യൻ ജലത്തിൽനിന്നും നിസ്പൃഹനായിനിൽക്കുന്നതുപോലെ, ജീവൻ തിഗുണങളിൽനിന്നും വിട്ടുനിൽക്കുന്നു. പക്ഷേ, അവൻ പ്രകൃതിഗുണങൾക്കും, അഹങ്കാരത്തിനും വശപ്പെട്ടുനിൽക്കുകകാരണം, സ്വയംജ്യോതിർസ്വരൂപനായ താൻ പഞ്ചഭൂതാത്മകമായ ഈ ശരീരമാണെന്ന് ചിന്തിച്ചുറച്ച് അതിൽ അഭിമാനം കൊണ്ട്, ഇവിടെ ഭൗതികകർമ്മങളിൽ അതിരക്തനാകുകയും, തത്ക്കാരണം താൻ അവയുടെ കർത്താവാണെന്ന മൗഢ്യബോധത്തിൽ സ്വയം രമിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. അങനെ പ്രകൃതിഗുണങളുമായി നിത്യനിരന്തരബന്ധത്തിലേർപ്പെട്ടുകഴിയുന്ന ജീവന്മാർ ദേഹാവസാനത്തിൽ ഊർദ്ധ്വവും, നീചവുമായ അന്യജീവജാലസമൂഹങളിലേക്ക് ചേക്കേറുകയും ചെയ്യുന്നു. ത്രിഗുണാധീനനായ ജീവന്മാർ തങളുടെ കർമ്മദോഷം ഹേതുവായി ഈവിധം ജനനമരണസംസാരചക്രത്തിൽ കാലാകാലങളായി ഉഴറുവാൻ ഇടവരുന്നു.
അമ്മേ!, യഥാർത്ഥത്തിൽ ജീവൻ ത്രിഗുണാധീതനാണെന്നു ഞാൻ പറഞുവല്ലോ. മായയുടെ ഇന്ദ്രജാലങൾക്ക് വശപ്പെട്ട് അവൻ തനിക്കുചുറ്റുമുള്ള വിഷയളെ നിരന്തരം ധ്യാനിക്കുകയും, അവയിൽ അത്യന്തം രമിക്കുകയും ചെയ്യുന്നു. തൽക്കാരണം, അവന് വിഷയങളുമായുള്ള ബന്ധത്തിൽനിന്നും മുക്തനാകുവാൻ കഴിയാതെവരുന്നു. വിഷയങൾക്കും, ത്രിഗുണങൾക്കും പരനായ ജീവൻ സ്വപ്നത്തിലെന്നോണം സംസാരാർണ്ണവത്തിൽ അലഞുതിരിയുന്നു. ആയതിനാൽ, വിഷയങളുമായി സമ്പർക്കം പുലർത്തിക്കഴിയുന്ന ജീവൻ കാലാന്തരത്തിൽ തന്റെ ചിത്തത്തിൽ വിഷയങളോടുള്ള തീവ്രമായ വൈരാഗ്യം ജനിപ്പിക്കുകയും, അങനെചെയ്യുന്നതോടെ ചിത്തം അവന്റെ നിയന്ത്രണത്തിന് വിധേയമായിവരുകയും, തുടർന്ന്, ഭക്തിയോഗത്താൽ അവന് ഈ സംസാരത്തെ മറികടക്കുവാൻ സാധ്യമാകുകയും ചെയ്യുന്നു.
യമനിയമാദികളിൽതുടങുന്ന യോഗസാധനകളിൽ അത്യന്തം ശ്രദ്ധപുലർത്തിക്കൊണ്ടും, അചഞ്ചലഭക്തിയോടെ ഭഗവന്നാമങളെ ശ്രവിക്കുകയും, കീർത്തിക്കുകയും ചെയ്തുകൊണ്ടും, ഒരുവൻ സ്വയം ഉയർന്ന യോഗസ്ഥിതിയിലെത്തിച്ചേരണം. സാധന ആരംഭിക്കുന്നതിന്റെ ആദ്യപടിയായി സർവ്വഭൂതങളിലും, സമചിത്തതയുണ്ടാകുകയും, യാതൊന്നിനോടും വൈരവും, രാഗവും, ഉണ്ടാകാരിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. മൗനിയും, ബ്രഹ്മചാരിയുമായിക്കൊണ്ട് അവൻ സ്വധർമ്മത്തെ ഭഗവതർപ്പണം ചെയ്തനുഷ്ഠിച്ച് കഴിയുകയും വേണം. യോഗി എപ്പോഴും യദൃച്ഛയാ കിട്ടുന്നവയിൽ സംതൃപ്തനായിരിക്കണം. അമിതാഹാരം വർജ്ജിക്കുകയും, ആളൊഴിഞ ഇടത്തിൽ താമസിക്കുകയും വേണം. അവിടെയിരുന്നുകൊണ്ട് ശാന്തനും, മൈത്രിയും, കരുണയുള്ളവനുമായി തത്വവിചാരം ചെയ്യണം. തീവ്രമായ യോഗസാധനയിലൂടെ ഒരുവൻ പ്രകൃതിയേയും, പുരുഷനേയും പ്രത്യേകം പ്രത്യേകം കണ്ടറിയുകയും, ദേഹം താനാണേന്ന മിഥ്യാബോധം അവസാനിപ്പിക്കുകയും, ദേഹവുമായി ചേർന്നുള്ള സകലവിഷങളിൽനിന്നും, ചിത്തത്തെ നിരോധിക്കുകയും വേണം. വിഷയവാസനകളിൽനിന്നും വളരെ ദൂരെയകന്ന്, ഭൗതികവിഷങൾക്കപ്പുറമുള്ള അദ്ധ്യാത്മസ്ഥിതിയിലെത്തുകയും വേണം. അങനെ ദേഹാ‌ഭിമാനത്തിൽനിന്നും പൂർണ്ണമായിയകന്ന്, അനന്തമായ വിഹായസ്സിൽ ഉജ്ജ്വലസൂര്യനെ കാണുന്നതുപോലെ, തന്റെയുള്ളിൽതന്നെ സ്വസ്വരൂപം ദർശിക്കുവാൻ കഴിയണം. ഇതിലൂടെ യോഗി അദ്ധ്യാത്മസ്വരൂപനും, മായാവിരചിതമായ അസത്‌വസ്തുക്കളിൽപോലും അദ്വൈതഭാവത്തിൽ ആരോപിതമായി കാണപ്പെടുന്നവനുമായ ആ കാരുണ്യരൂപനെ സാക്ഷാത്ക്കരിക്കുന്നു. അവൻ സകലചരാചങൾക്കും ആദികാരണനും, അവയ്ക്കകമ്പുറം നിറഞ് കുടികൊള്ളുന്നവനുമാണ്. ആകാശസ്ഥിതനായ സൂര്യന്റെ പ്രതിബിംബം ജലത്തിലും, മതിലുകളിലുമൊക്കെ നിഴലിച്ചുകാണുന്നതുപോലെ ആ പരമാത്മാവിന്റെ പ്രതിബിംബത്തെ യോഗി സകലതിലും കണ്ടറിയുന്നു.

ഇങനെയുണ്ടാകുന്ന ആത്മസാക്ഷാത്ക്കാരത്തിനുമുൻപ്, ജീവൻ സാത്വികരാജസീകതാമസീകങളായ ത്രിഗുണാഹങ്കാരങളിലൂടെ തന്നെ ഭൂതേന്ദ്രിയമനോമയങളായി ദർശിക്കുന്നു. ഒരു ഭക്തൻ പഞ്ച‌ഭൂതങളിൽ മുഴുകിയവനായി തോന്നുന്നുവെങ്കിലും, അവൻ ഇന്ദ്രിയവിഷയങൾക്കടിപ്പെട്ടവനാണെന്നു തോന്നുന്നുവെങ്കിലും, അവന്റെ മനസ്സും, ബുദ്ധിയും ഭൗതികവിഷയങളിൽ നിത്യനിരന്തരമായി മുഴുകപ്പെട്ടതാണെന്നു തോന്നുന്നുവെങ്കിലും, യഥാർത്ഥത്തിൽ ആ ഭക്തൻ അദ്ധ്യാത്മികമായി ഉണർന്നവനും, മിഥ്യാഹങ്കാരത്തിൽനിന്നും മുക്തനുമാണ്. ഒരുവന്, താൻ ഒരു ദ്രഷ്ടാവാകുന്ന അസ്ഥിത്ത്വത്തെ സ്പഷ്ടമായി കണ്ടറിയുവാൻ സാധ്യമാണ്. പക്ഷേ, ഗാഢനിദ്രയിൽ അവൻ തന്റെ അസ്ഥിത്വത്തെ അറിയാതെപോകയാൽ, അവന് താൻ അത്രനേരത്തേക്കും മിഥ്യാരൂപേണ നഷ്ടമായിപ്പോകുന്നു. ഹതഭാഗ്യനായ ഒരു മനുഷ്യൻ അഗാധദുഃഖത്തിലാഴ്ന്നുകൊണ്ട് താൻ എന്നെന്നേക്കുമായി എല്ലാത്തരത്തിലും ഇല്ലാതായിപ്പോയെന്ന അനുഭൂതി ഉണ്ടാകുന്നതുപോലെ അവൻ തന്റെ സ്വരൂപത്തെ മറന്നുപോകുന്നു. ഇതുമനസ്സിലാക്കുന്നതോടുകൂടി അവൻ സത്ചിതാനന്ദമയമായ ഭഗവത്സ്വരൂപമാണെന്നും, താൻ തന്നെ ഇതുവരേക്കും തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നുവെന്നുമുള്ള തിരി‌ച്ചറിവുണ്ടാകുന്നു."
ദേവഹൂതി പറഞുൾ "പ്രഭോ!, ഹേ ബ്രാഹ്മണോത്തമാ!, പ്രകൃതിയും പുരുഷനും ഇങനെ അന്യോന്യം നിത്യനിരന്തരമായി ആകർഷിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ എന്നാണ് ഈ ജീവന് അവളിൽനിന്നും മുക്തമാകാൻ കഴിയുന്നത്? ഭഗവാനേ!, ഭൂമിയിൽനിന്നും, പുഷ്പങളിൽനിന്നും അവയുടെ ഗന്ധം പരിച്ഛേദിക്കപ്പെടുവാൻ കഴിയാത്തതുപോലെ ബുദ്ധിയിൽനിന്നും ബോധത്തെ അകറ്റിനിറുത്തുവാൻ സാധ്യമല്ലേ?. യാതൊരു കർമ്മവും അവനനുഷ്ഠിക്കുന്നില്ലെങ്കിലും, പ്രകൃതി അവനിൽ ആധ്യിപത്യം സ്ഥാപിക്കുകയും, അവനെ അവളിൽ ബദ്ധമാക്കുകയും ചെയ്യുന്നു. ഇതിൽ നിന്ന് എങനെയാണ് ഈ ജീവൻ മുക്തമാകുന്നതു?. തത്വവിചാരം ചെയ്ത് അതിലൂടെ ആർജ്ജിതമായ ജ്ഞാനത്താൽ ഒരുവൻ ബന്ധഭയത്തിൽനിന്നും താൽകാലികമായി നിവൃത്തിനേടിയെന്നെരിക്കിലും, ബന്ധത്തിന്റെ പരമകാരണം നിർവചിക്കപ്പെടാത്തതിനാൽ അവ വീണ്ടും അവനെ വേട്ടയാടുവാനുള്ള സാധ്യത കുറവല്ല. അങനെയിരിക്കെ ഏതു സാധനയിലൂടെയാണ് ജീവൻ പ്രകൃതിയുടെ പിടിയിൽനിന്നും പൂർണ്ണമായി വിമുക്തമാകുന്നത്?."
ദേവഹൂതിയുടെ സംശയനിവാരണാർത്ഥം കപിലഭഗവാൻ അവളോടുപറഞു: "അമ്മേ!, ഭൗതികവിഷങളിൽ തീവ്രമായ വിരക്തിവച്ചുകൊണ്ടും, നിയതമായ സ്വധർമ്മത്തെ ഫലേച്ഛകൂടാതെ എന്നിലർപ്പണം ചെയ്തനുഷ്ഠിച്ചുകൊണ്ടും, യാതൊരുവൻ എന്നിൽ അചഞ്ചലമായ ഭക്തി വയ്ക്കുന്നുവോ, അവൻ മനോമാലിന്യമകന്ന്, പ്രകൃതിയുടെ മായാവലയത്തിൽനിന്നും അശ്രമം മുക്തമാകുന്നു. കലർപ്പില്ലാത്ത ആ ഭക്തി ജ്ഞാനം കൊണ്ടും, ബ്രഹ്മത്തിൽ അദ്ധ്യാത്മദൃഷ്ടിപതിപ്പിച്ചുകൊണ്ടുമുള്ള സാധനയിൽനിന്നും വന്നുചേരുന്നതാണ്. മോക്ഷപ്രാപ്തിക്കായി ഒരുവൻ തീവ്രമായ ബ്രഹ്മചര്യവും, യോഗവും അഭ്യസിക്കേണ്ടതുണ്ടു. തീയിലകപ്പെട്ട വിറകുകഷണം നിമിഷങൾക്കകം പൂർണ്ണമായും ദഹിച്ചുപോകുന്നതുപോലെ, പ്രകൃതിയുടെ മായാവലയമാകുന്ന അഗ്നിയാൽ സമാവൃതമായ ജീവൻ ദിനരാത്രങൾ കടന്നുപോകുന്നതോടെ, കാലാന്തരത്തിൽ പൂർണ്ണമായും അവയാൽ ഗൃഹീതമാകുന്നു. ഭൗതികവസ്തുക്കളിൽ നിമഗ്നമായി, അവയിൽനിന്നു കിട്ടുന്ന സുഖദുഃഖങളുടെ അവലോകനങളിലൂടെ ഈ സത്യത്തെ കണ്ടറിഞ്, ജീവൻ എന്നേന്നേയ്ക്കുമായി തന്റെ സർവ്വബന്ധനങളിൽനിന്നും മുക്തമായി തന്റെ യഥാർത്ഥസ്വരൂപത്തിൽ സ്ഥിതമാകുന്നു. സ്വപ്നത്തിൽ അനേകവിധം ദുഃഖങളെ ഒരുവന് അനുഭവവേദ്യമാകുന്നു. എന്നാൽ, അവൻ സ്വപ്നത്തിൽനിന്നുമുണർന്ന് ജാഗ്രതവസ്ഥയിലെത്തുമ്പോൾ ആ ദുഖഃങൾ അവനെ വേട്ടയാടുന്നില്ല. അമ്മേ!, വിബുധന്മാർ ഭൗതികകർമ്മങളിൽ വിഹരിക്കുമ്പോഴും അവരെ പ്രകൃതിഗുണങൾ തീണ്ടുന്നില്ല. കാരണം, അവർ സത്യദ്രഷ്ടാക്കളും. ബ്രഹ്മത്തിൽ മനസ്സൂന്നിയവരുമാണ്. ഇങനെ ജന്മജന്മാന്തരങളിലൂടെയുള്ള ഈ ജീവന്റെ അദ്ധ്യാത്മസാധനയാൽ അവൻ ഇഹത്തിലും പരത്തിലും വിരക്തിയുള്ളവനായിത്തീരുന്നു. പരമബോധത്തിൽ അധിഷ്ഠിതമായ അവന്റെ ചിത്തം ബ്രഹ്മാദിലോകങളുടെപോലും നിസ്സാരതയെ വ്യക്തമായി കണ്ടറിയുന്നു. നമ്മുടെ ഭക്തന്മാർ നമ്മുടെ അപാരകരുണയിൽ തികച്ചും ബ്രഹ്മാധിഷ്ഠിതരാകുന്നു. സകല സംശയങളുമകന്ന് അവർ പരമനിർവ്വാണപദത്തിലേക്ക് കുതിച്ചുയരുന്നു. ആ ധാമം നമ്മുടെ അനുഗ്രഹത്തിൽനിന്നും വഴിയുന്ന അദ്ധ്യാത്മികശക്തിയാൽ സമാവൃതവുമാണ്. അമ്മേ! അതാണൊരുജീവന്റെ അവസാനവും, സമഗ്രവുമായ പ്രാപ്യസ്ഥാനം. യോഗി തന്റെ വർത്തമാനശരീരമുപേക്ഷിച്ച് അപുനരാവർത്തമായി എന്റെ ധാമത്തിലെത്തിച്ചേരുന്നു. യോഗാഭ്യാസങളിലൂടെ പ്രാപ്തമായ സിദ്ധികൾപോലും മായയുടെ ഇന്ദ്രജാലമാണെന്നു കണ്ടറിയുന്ന ഉത്തമനായ യോഗി, സ്വചിത്തത്തെ അവയിൽ വ്യാപൃതമാക്കാതെ അത് എന്നിലേക്ക് തിരിച്ചുവിടുന്നു. അങനെ അവൻ മൃത്യുവിനെ ജയിച്ചവനും, വീരനുമായി, ജനിമൃതിസംസാരത്തിൽ പെട്ടുഴലാതെ എന്നിലെത്തിച്ചേരുന്നു.

ഇങനെ ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  ഇരുപത്തിയേഴാമധ്യാം സമാപിച്ചു.
ഓം തത് സത്

<<<<<<  >>>>>>>


lord kapila advises sankhyayoga to his mother devahuti, kapilopadesham, srimad bhagavatham