2019, മാർച്ച് 20, ബുധനാഴ്‌ച

5.05 ഋഷഭോപദേശം


ഓം 

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 5            
(ഋഷഭോപദേശം)


rishabhadeva എന്നതിനുള്ള ചിത്രംശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, ലോകപര്യടനത്തിനിടയിൽ ബ്രഹ്മാവർത്തത്തിൽവച്ച് ഋഷഭദേവൻ തന്റെ പുത്രന്മാരെ ഇങ്ങനെ ഉപദേശിച്ചു: കുമാരന്മാരേ!, കോടാനുകോടി ജീവജാലങ്ങളുള്ളതിൽവച്ച് മനുഷ്യജന്മം ഭഗവാൻ ഹരിയുടെ കാരുണ്യത്താലും മുജ്ജന്മസുകൃതത്താലും കിട്ടുന്നതാണു. കൃമിജന്മങ്ങളെപ്പോലെ കേവലം വിഷയാനുഭവത്തിനായി മാത്രം ഈ ശരീരത്തെ നാം ഉപയോഗിക്കാൻ പാടില്ല. മറിച്ച്, ഇതിലൂടെ ജീവനെ ഭഗവദഭിമുഖമാക്കിത്തീർക്കാൻ ശ്രമിക്കുകയാണ് ചെയ്യേണ്ടതു. വിഷയഭോഗങ്ങളിലൂടെ കിട്ടുന്ന അല്പസുഖങ്ങൾക്ക് പകരം അനന്തമായ ആത്മാനന്ദം മനുഷ്യന് ഈ ശരീരത്തിലൂടെ ലഭ്യമാകുന്നു. ഈ ശരീരത്തിലിരുന്നുകൊണ്ട് ഭക്തിസാധനയിലൂടെ ഒരുവന് വൈകുണ്ഠപ്രാപ്തിയുണ്ടാകുന്നു.

സത്തുക്കളുടെ സംഗംകൊണ്ട് മാത്രമേ ജീവന് മുക്തി സിദ്ധിക്കുകയുള്ളൂ. അതുകൊണ്ട് ഭഗവദ്പ്രാപ്തി ആഗ്രഹിക്കുന്നവർ എപ്പോഴും അവരോട് സംഗം ചേരുക. അല്ലാത്തപക്ഷം, മായയുടെ പിടിയിലകപ്പെട്ട് സുഖദുഃഖങ്ങളനുഭവിച്ചുകൊണ്ട് ഒടുവിൽ നരകത്തിൽതന്നെ പതിക്കാനിടയാകുന്നു. സത്തുക്കൾ സകലഭൂതങ്ങളേയും സമമായി ദർശിക്കുന്നവരാണു. അവർ സദാ ശാന്തസ്വഭാവികളായി ഭഗവദ്സേവയിൽ മുഴുകിക്കഴിയുന്നു. അവർ ഒരിക്കലും കോപിക്കുന്നില്ല. അവർ സദാ ലോകനന്മയ്ക്കായി വർത്തിക്കുന്നു. അങ്ങനെയുള്ളവരെ മഹാത്മാക്കളെന്നു വിളിക്കുന്നു.  ഭഗവദ്പ്രേമികൾ ഭഗവദിച്ഛയ്ക്ക് വിരുദ്ധമായി യാതൊന്നും തന്നെ ചെയ്യുന്നില്ല. അവർ ഒരിക്കലും തങ്ങളുടെ ശരീരത്തിൽ ഭ്രമിക്കുകയോ, ഗൃഹസ്ഥാശ്രമികളായിരുന്നാൽതന്നെ കുടുംബത്തിൽ അത്യാസക്തരായി തന്റെ സ്വരൂപത്തെ മറക്കുകയോ ചെയ്യുന്നില്ല. എന്നാൽ, തങ്ങളുടെ ധർമ്മങ്ങളെ അണുവിടപോലും അവർ ഉപേക്ഷിക്കുന്നുമില്ല. ധനാർത്ഥികളെപ്പോലെ ധനസമ്പാദനത്തിനായി തങ്ങളുടെ ജന്മം വ്യർത്ഥമാക്കാതെ യദൃശ്ചയാ ലഭ്യമാകുന്ന ധനത്തിലും അന്നത്തിലും അവർ സംതൃപ്തരാകുന്നു.

വിഷയാനുഭവം മാത്രം ജീവിതലക്ഷ്യമായിക്കാണുന്നവർ അവയുടെ അനുഭവത്തിനായിക്കൊണ്ട് പുണ്യവും പാപവുമായി പലേതരം കർമ്മങ്ങളിലേർപ്പെടുന്നു. അവർ ഒരിക്കലുമറിയുന്നില്ലാ, തന്റെ മുജ്ജന്മകർമ്മങ്ങളുടെ ഫലമായാണ് സർവ്വദുഃഖങ്ങളുടേയും ഇരിപ്പിടമായ ഈ ശരീരം ലഭിച്ചിരിക്കുന്നതെന്നു. തങ്ങളുടെ കഴിഞ്ഞ ജന്മങ്ങളിലെ ആഗ്രഹപൂർത്തിക്കുവേണ്ടിമാത്രമാണ് ഈ ശരീരത്തിൽ വീണ്ടും പിറന്നിരിക്കുന്നതു. അതുകൊണ്ട് മഹത്തുക്കൾ ഒരിക്കലും പ്രസ്തുത ശരീരത്തെ ഇന്ദ്രിയസംതൃപ്തിക്കായി ഉപയോഗിക്കാൻ പാടില്ല. കാരണം, അത് സംസാരത്തിൽനിന്ന് മുക്തമാക്കാതെ ജീവനെ ജനിമരണങ്ങളിൽ കറക്കിക്കൊണ്ടേയിരിക്കുന്നു. ഒരുവൻ തന്റെ സ്വരൂപത്തെ മനസ്സിലാക്കാത്തിടത്തോളം, അജ്ഞാനത്തിലൂടെ ദുഃഖങ്ങൾക്ക് വിധേയനാകുന്നു. പുണ്യമായലും പാപമായാലും കർമ്മങ്ങൾ ജീവനെ സംസാരത്തിൽ തളയ്ക്കുകതന്നെ ചെയ്യും. കർമ്മാസക്തനായ മനുഷ്യന്റെ മനസ്സിനെ കർമ്മാത്മകം എന്ന് വിശേഷിപ്പിക്കുന്നു. മനസ്സിൽനിന്നും മാലിന്യങ്ങളകലാതെ ബോധം ശുദ്ധമാകുന്നില്ല. അതുപോലെ, കർമ്മിയായിരിക്കുന്നിടത്തോളം, ജീവൻ ഒന്നിനെവിട്ട് മറ്റൊന്നായി ശരീരങ്ങളെ സ്വീകരിച്ചുകൊണ്ടേയിരിക്കും. അജ്ഞാനത്താൽ മൂടപ്പെട്ടിരിക്കുന്ന സമയംവരെ, അവൻ തന്നെയോ അഥവാ പരമാത്മാവിനേയോ അറിയുന്നില്ല. മാത്രമല്ല, സദാ കർമ്മത്തിൽ അങ്ങേയറ്റം ആസക്തിയോടെ ജീവിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, അവർ വാസുദേവനിൽ ഭക്തിയുണ്ടാകാതെ ജനിമരണങ്ങളാകുന്ന ഈ സംസാരത്തിൽതന്നെ വന്നും പോയുമിരിക്കുന്നു. ഈ പരമസത്യത്തെ മനസ്സിലാക്കാത്ത കാലത്തോളം, പണ്ഡിതനാണെങ്കിൽകൂടി മനുഷ്യജന്മം വ്യർത്ഥമാണു.

ജന്മത്തിന്റെ ഉദ്ദേശത്തെ ഗ്രഹിക്കാതെ, ഗൃഹമാകുന്ന അന്ധകൂപത്തിൽപെട്ട് ജീവിക്കുന്നവരെ ദുഃഖം ഒരിക്കലും കൈവെടിയുന്നില്ല. അങ്ങനെയുള്ള ജീവിതം മൃഗതുല്യം തന്നെ. സ്തീപുരുഷഭാവങ്ങൾക്കിടയിലുള്ള ആകർഷണത്തിൽനിന്നുമാണ് ജീവിതത്തിൽ ഭൌതികതയുണ്ടാകുന്നതു. പഞ്ചഭൂതാത്മകമായ ശരീരത്തിലൂടെയുണ്ടാകുന്ന ഈ ആകർഷണം ജീവനെ ശരീരം, ഗൃഹം, ഭാര്യ, മക്കൾ, ബന്ധുക്കൾ, ധനം മുതലായവയുമായി ബന്ധിക്കുന്നു. അങ്ങനെ മായയിൽ ഭ്രമിച്ചുകൊണ്ട്, ജീവൻ, ഞാനെന്നും എന്റേതെന്നുമുള്ള മിഥ്യാബോധത്തിൽ കാലങ്ങൾ കഴിച്ചുകൂട്ടുന്നു. ജന്മജന്മാന്തരങ്ങളായി ജീവനെ കെട്ടിവരിഞ്ഞുവച്ചിരിക്കുന്ന ഈ ബന്ധം അഴിഞ്ഞുവീണാൽ ജീവന് മേൽപ്പറഞ്ഞവകളുമായിട്ടുള്ള ബന്ധനം ഇല്ലാതാകുന്നു. അതിലൂടെ അവൻ ഞാനെന്നും എന്റേതെന്നുമുള്ള ഭ്രമം തീർന്ന് അദ്ധ്യത്മതലത്തിലെത്തപ്പെടുന്നു. മക്കളേ!, നിങ്ങൾ ഉത്തമനായ ഒരു ഗുരുവിനെ സ്വീകരിക്കുക. അവൻ നിങ്ങൾക്ക് ഭഗവാനിൽ ഭക്തിയുണ്ടാകുവാനുള്ള മാർഗ്ഗങ്ങൾ പറഞ്ഞുതരും. സുഖദുഃഖങ്ങളെ വന്നും പോയുമിരിക്കുന്ന ഋതുക്കളെപ്പോലെ കണ്ട് അവയിൽനിന്നുമുണ്ടാകുന്ന ദ്വന്ദങ്ങൾക്ക് അതീതരാകുക. സത്യത്തെ അന്വേഷിച്ചറിയുക. തപസ്സും ബ്രഹ്മചര്യവും കൊണ്ട് ഹരിയിൽ ഭക്തി നേടുക. വിഷയങ്ങളെ ത്യജിച്ച് അവനിൽ ആശ്രയം കൊള്ളുക. സത്തുക്കളുടെ സംഗത്തിൽ ചേർന്ന് ഭഗവദ്മഹികളെ ശ്രവിക്കുകയും കീർത്തിക്കുകയും ചെയ്യുക. വൈരം, കോപം മുതലായവയെ ത്യജിക്കുക. ശരീരമാണ് താനെന്നുള്ള അജ്ഞാനത്തെ കളയുവാനായി വേദാധ്യയനം ചെയ്യുക. വിജനതയിൽ കഴിഞ്ഞുകൊണ്ട് മനസിനേയും ഇന്ദ്രിയങ്ങളെയും പ്രാണനേയും സംയമിപ്പിക്കുക. സ്വധർമ്മത്തെ അനുഷ്ഠിക്കുക. ഭഗവദ്ചരണാശ്രിതരായിക്കൊണ്ട് ഉത്തമരായ ഗുരുക്കന്മാരിൽനിന്നും ജ്ഞാനം നേടുക. അങ്ങനെ ഭക്തിയിലൂടെ ജ്ഞാനവൈരാഗ്യാദികളുണ്ടാകുകയും വ്യക്തിത്വാഹങ്കാരത്തിന്റെ പിടിയിൽനിന്നും നിങ്ങൾ മുക്തരാകുകയും ചെയ്യും. ഞാൻ ഉപദേശിച്ചുതന്ന ഈ യോഗമാർഗ്ഗത്തിലൂടെ, അജ്ഞാനജമായ സകാമകർമ്മാസക്തിയിൽനിന്നും നിങ്ങൾ മുക്തരാകുകയും, അതുവഴി മനസ്സിൽനിന്നും വിഷയവാസന ഒടുങ്ങുകയും ചെയ്യുന്നു. ക്രമേണ ബ്രഹ്മജിജ്ഞാസയാകുന്ന ഈ യോഗസാധനയിൽനിന്നുതന്നെ നിങ്ങൾ നിവൃത്തിനേടുന്നതാണു.

മുമുക്ഷു എപ്പോഴും ഭഗവാനിൽ ആശ്രിതനായിക്കൊണ്ട് ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെ സാക്ഷാത്കരിക്കുവാനായി യത്നിക്കണം. കൂടാതെ, അജ്ഞാനികളായ ജനതയെ, പുണ്യവും പാപവുമായി അവർ ചെയ്തുകൊണ്ടിരിക്കുന്ന കർമ്മങ്ങളിൽനിന്നും പിന്തിരിപ്പിച്ച് ഭഗവദഭിമുഖമാക്കിത്തീർക്കുകയും വേണം. ഒരുവൻ തന്റെ മകനെയോ ശിഷ്യനെയോ കർമ്മസഞ്ചയത്തിലേക്ക് തള്ളിവിടുക എന്നത്, ഒരാൾ ഒരന്ധനെ ഇരുണ്ട അഗാധഗർത്തത്തിലേക്ക് തള്ളിയിടുന്നതുപോലെയാണു. അജ്ഞാനിയായ ഒരുവൻ തന്റെ ജന്മോദ്ദേശത്തെക്കുറിച്ചുപോലും ബോധവാനായിരിക്കുകയില്ല. അവൻ സദാ വിഷയഭോഗങ്ങൾക്കുപിറകേയായിരിക്കും. അങ്ങനെയുള്ളവർ താൻപോലുമറിയാതെ, തന്നെപ്പോലെയുള്ള ഒരു ജനസമൂഹത്തെ സൃഷ്ടിക്കുകയും അവരോടൊപ്പം അല്പമായ വിഷയസുഖങ്ങളിൽ മുങ്ങി ശേഷം, ജീവിതത്തിൽ ദുരിതങ്ങളനുഭവിക്കുകയും ചെയ്യുന്നു. വിഷയാസക്തനെ സത്തുക്കൾ അതിൽനിന്നും പിന്തിരിപ്പിക്കേണ്ടതുണ്ടു. വഴി തെറ്റി നടക്കുന്ന അന്ധനെ കണ്ണുള്ളവർ അവന്റെ ലക്ഷ്യസ്ഥലത്തിൽ കൊണ്ടെത്തിക്കണം. ഗുരുവായാലും പിതാവായാലും ഭർത്താവായാലും അമ്മയായാലും ദൈവമായാലും, ആശ്രിതരെ ജനനമരണസംസാരത്തിൽനിന്നും രക്ഷിക്കാൻ കഴിയാത്തവരിൽ ആശ്രയം കൊള്ളുന്നതിൽ എന്ത് ലാഭമാണുള്ളതു?

എന്റെയീ ശരീരം, ഒരു സാധാരണ മനുഷ്യശരീരമല്ലെന്നറിയുക. ഈ ശരീരം ഒരിക്കലും പ്രകൃതിയുടെ ഗുണങ്ങൾക്കോ വികാരങ്ങൾക്കോ അധീനമല്ല. ഞാൻ എന്റെ സ്വേഛയാൽ മാത്രമാണ് വിവിധ ശരീരങ്ങൾ സ്വീകരിച്ച് ഈ ഭൂമിയിൽ പലേ അവതാരങ്ങളെടുക്കുന്നതു. ഞാൻ എപ്പോഴും എന്റെ ഭക്തന്മാരുടെ ക്ഷേമത്തിനായ്ക്കൊണ്ട് മാത്രം ചിന്തിക്കുന്നവനാണു. എന്റെ ഹൃദയത്തിൽ എപ്പോഴും അവരോടുള്ള വാത്സല്യം മാത്രമാണുള്ളതു. അധർമ്മം ഒരിക്കലും എന്നിൽനിന്നും സംഭവിക്കുന്നില്ല. ഇത്യാദി മഹിമകളുള്ള എന്നെ ലോകം ഋഷഭദേവനെന്ന് കീർത്തിക്കുന്നു. കുഞ്ഞുങ്ങളേ!, നിങ്ങളെല്ലാവരും എന്റെ ഹൃദയത്തിൽനിന്ന് ജനിച്ചവരാണു. അതുകൊണ്ടുതന്നെ നിങ്ങളാരുംതന്നെ അജ്ഞാനികളായി ജീവിക്കുവാൻ പാടില്ല. നിങ്ങളുടെ ജ്യേഷ്ഠനായ ഭരതനെ ഗുരുവായിക്കാണുക. അവനെ സേവിക്കുന്നത് എന്നെ സേവിക്കുന്നതുപോലെയാണു. അവന്റെ അനുഗ്രഹം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും.

ചരാചരങ്ങളിൽ ചരങ്ങൾ ശ്രേഷ്ഠരാകുന്നു. നിർജ്ജീവഭൂതങ്ങളെ അപേക്ഷിച്ച് വൃക്ഷലതാദികളടങ്ങുന്ന ജീവഭൂതങ്ങൾ ശ്രേഷ്ഠമാണു. അവയെക്കാൾ ശ്രേഷ്ഠമാണ് ഉരഗങ്ങൾ. ഉരഗങ്ങൾക്കുമേൽ മൃഗങ്ങളും, മൃഗങ്ങൾക്കുമേൽ മനുഷ്യരും ശ്രേഷ്ഠരാകുന്നു. മനുഷ്യർക്കുമേൽ ശരീരമില്ലാത്ത ഭൂതപ്രേതപിശാചുക്കൾ ശ്രേഷ്ഠരാകുന്നു. എന്നാൽ അവർക്കുമേലെയാണ് ഗന്ധർവ്വന്മാരുള്ളതു. ഗന്ധവർന്മാർക്കുമേലെ സിദ്ധന്മാരും, അവർക്കുമേലെ കിന്നരന്മാരും, കിന്നരന്മാർക്കുമേൽ അസുരന്മാരും ശ്രേഷ്ഠരത്രേ. അസുരമാർക്കുമേൽ ശ്രേഷ്ഠരായത് ദേവഗണങ്ങളാണു. ദേവന്മാരിൽ ഇന്ദ്രൻ ശ്രേഷ്ഠനാണു. ഇന്ദ്രനുമേൽ ശ്രേഷ്ഠന്മാരായത് ബ്രഹ്മാവിന്റെ ആദ്യപുത്രന്മാരായ ദക്ഷാദികളാണു. എന്നാൽ ബ്രഹ്മപുത്രന്മാരിൽ ശ്രേഷ്ഠൻ രുദ്രനാണു. രുദ്രന്റെ പിതാവായതിനാൽ അദ്ദേഹത്തിനേക്കാൾ ശ്രേഷ്ഠതയുള്ള ബ്രഹ്മാവിനുതന്നെ. പക്ഷേ, ബ്രഹ്മാവെന്നത് എന്റെ ആദ്യസൃഷ്ടിമാത്രമാകുന്നു. അതുകൊണ്ട്, ബ്രഹ്മാവിനുമേൽ ശ്രേഷ്ഠനായത് ഞാനാണെന്നറിയുക. എന്നാൽ ഞാനാകട്ടെ, എന്റെ ഭക്തന്മാരോട് ചായ്വുള്ളനാണു. അതിനാൽ എന്റെ ഭക്തന്മാരണീപ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്ഠരായുള്ളതു.

ഹേ കുമാരന്മാരേ!,  എന്നെ സംബന്ധിച്ചിടത്തോളം, ഭക്തോത്തമന്മർക്ക് തുല്യമായോ, അഥവാ അവരേക്കാൾ ശ്രേഷ്ഠരായോ ലോകത്തിൽ ആരുംതന്നെയില്ല. ജനങ്ങൾ എന്റെ പ്രീതിക്കായി അവരിലൂടെ എന്നെ യജിക്കുന്നു. എന്റെ ഭക്തന്മാരിലൂടെ അർപ്പിക്കപ്പെടുന്ന എന്തിലും ഞാൻ അത്യന്തം തൃപ്തനാകുന്നു. യാഗാഗ്നിയിൽ ഹോമിക്കപ്പെട്ട ഹുതത്തേക്കാൾ എനിക്ക് പ്രിയം എന്റെ ഭക്തന്മാരാൽ അർപ്പിക്കപ്പെടുന്ന പൂക്കളും ഇലകളുമാണു. വേദങ്ങൾ എന്റെ ശബ്ദരൂപമാണെന്നറിയുക. എന്റെ ഭക്തന്മാരായ ബ്രാഹ്മണശ്രേഷ്ഠന്മാർ എന്നെ ആരാധിക്കുന്നതിനുവേണ്ടി ആ വേദങ്ങളുടെ അധ്യയനം ചെയ്യുന്നു. അതുകൊണ്ട് അവരും ശബ്ദബ്രഹ്മമായ വേദങ്ങളും തമ്മിൽ യാതൊരു ഭേദവുമില്ല. അവർ സത്വഗുണാധിക്യത്തിൽ സകലഭൂതങ്ങളേക്കാളും ശ്രേഷ്ഠരായിരിക്കുന്നു. ആയതിനാൽ, ശമം, ദമം, സത്യം മുതലായ സത്ഗുണങ്ങളിൽ എന്റെ ഭക്തന്മാർ എന്നെന്നും അധിഷ്ഠിതരായിരിക്കുന്നു. അവർ വേദങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. തപസ്സിലൂടെയും തിതിക്ഷയിലൂടെയും അവർ ജീവാത്മപരമാത്മാക്കളെ ഉള്ളവണ്ണം തിരിച്ചറിയുന്നു. ഇത്യാദിഗുണങ്ങളിലൂടെ എന്റെ ഭക്തന്മാരയ ബ്രാഹ്മണർ സർവ്വഭൂതങ്ങളിലും ശ്രേഷ്ഠരാണെന്നറിയുക.

ഞാൻ എന്റെ ഐശ്വര്യംകൊണ്ടും ശക്തികൊണ്ടും ഇന്ദ്രനും ബ്രഹ്മാവിനും പരനായി വർത്തിക്കുന്നു. സ്വർഗ്ഗത്തിൽ ഭൂതങ്ങളനുഭവിക്കുന്ന സകല പുണ്യങ്ങളും ഒപ്പം മോക്ഷവും ഞാൻ അവർക്ക് നൽകുന്ന അനുഗ്രഹങ്ങളാണു. എന്നാൽ, എന്റെ ഭക്തന്മാരാകട്ടെ, എന്നിൽനിന്നുപോലും അവർ യാതൊന്നും ആഗ്രഹിക്കുന്നില്ല. അവർക്ക് ഈരേഴുപതിനാലുലോകങ്ങളിലും ഒന്നുംതന്നെ നേടാനില്ലെന്നുള്ളതാണ് സത്യം. അവർ സദാ എന്നെ കീർത്തിച്ചുകൊണ്ട് കഴിയുന്നു. അങ്ങനെയുള്ളവർക്കുമേൽ ആർക്കാണിവിടെ ശ്രേഷ്ഠരാകാൻ സാധിക്കുന്നതു?

കുട്ടികളേ!, സകലചരാചങ്ങളിലും നിങ്ങൾ നിർവൈരഭാവത്തോടെ കഴിയുക. ഞാൻ സർവ്വഭൂതങ്ങളിലും കുടികൊള്ളുന്നതറിഞ്ഞ് സർവ്വരേയും സദാ നമസ്കരിക്കുക. അതാകട്ടെ, നിങ്ങൾ എനിക്ക് നൽകുന്ന ആദരവ്. മനസ്സും ബുദ്ധിയും സകല ഇന്ദ്രിയങ്ങളും എന്നിലർപ്പിക്കുക. എന്നിൽ ആശ്രിതരാകാത്തിടത്തോളം കാലം യാതൊരു ഭൂതങ്ങൾക്കും കാലപാശമാകുന്ന ഭൌതികതയിൽനിന്നും മുക്തി നേടുവാൻ സാധ്യമല്ല.

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: പരീക്ഷിത്തേ!, ഇങ്ങനെ ഋഷഭദേവൻ തന്റെ പുത്രന്മാരെ ആത്മതത്വം കൊണ്ടനുഗ്രഹിച്ചു. അതിലൂടെ അദ്ദേഹം, ഗൃഹസ്ഥാശ്രമത്തിൽനിന്നും വിരമിക്കുന്നതിനുമുമ്പ്, ഒരച്ഛൻ എങ്ങനെ തന്റെ കുട്ടികളെ നേർവഴിക്ക് നടത്തണമെന്നുള്ള മാതൃക ഈ ലോകത്തിന് കാട്ടിക്കൊടുത്തു. വിഷയങ്ങളിൽനിന്നകന്ന് ഭക്തിയോഗം സ്വീകരിക്കുവാൻ തയ്യാറായിനിൽക്കുന്നവരും ഈ ഉപദേശത്തെ ചെവിക്കൊള്ളേണ്ടതാണു.

ഹേ രാജാവേ!, കുറെ കാലങ്ങൾക്കുശേഷം, ഋഷഭദേവൻ തന്റെ ആദ്യപുത്രനായ ഭരതനിൽ രാജ്യപാലനമേൽപ്പിച്ചു. തുടർന്ന്, ഉന്മത്തനായി, ഗഗനപരിധാനനായി, പ്രകീർണ്ണകേശനായി അദ്ദേഹം വീട്ടിൽത്തന്നെ കഴിഞ്ഞുകൂടി. ഒടുവിൽ, നഗ്നനായി ബ്രഹ്മാവർത്തം വിട്ടിറങ്ങി. ജനസമൂഹത്തിൽ അവധൂതവേഷത്തിൽ ഋഷഭദേവൻ അന്ധനെപ്പോലെയും മൂകനെപ്പോലെയും ബധിരനെപ്പോലെയും ജഢോന്മത്തപിശാചിനെപ്പോലെയും ഇറങ്ങിനടന്നു. ജനങ്ങൾ അദ്ദേഹത്തെ ഇത്യാദി നാമങ്ങളിലൂടെ സംബോധനചെയ്തുവെങ്കിലും അദ്ദേഹം എല്ലാം കണ്ടും കേട്ടും മൌനിയായി അവർക്കിടയിൽ ചുറ്റിസഞ്ചരിച്ചു. ഋഷഭദേവൻ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും നാട്ടിൻപുറങ്ങളിലൂടെയും തുരങ്കങ്ങളിലൂടെയും താഴ്വരകളിലൂടെയും ശിബിരങ്ങളിലൂടെയും വ്രജങ്ങളിലൂടെയും മലകളിലൂടെയും വനാന്തരങ്ങളിലൂടെയും ആശ്രമങ്ങളിലൂടെയും എങ്ങോട്ടെന്നില്ലാതെ സഞ്ചരിച്ചുകൊണ്ടേയിരുന്നു. പോകുന്നിടത്തെല്ലാം, കാട്ടിനുള്ളിലെ ആനയെ ഈച്ചകൾ പൊതിയുന്നതുപോലെ, സകല അശുഭങ്ങളും അദ്ദേഹത്തിനുനേരേയടുത്തു. അദ്ദേഹത്തെ ആൾക്കാർ ചീത്തവിളിക്കുകയും അടിക്കുകയും മറ്റ് ദേഹോപദ്രവങ്ങളേൽപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിനുമേൽ ജനങ്ങൾ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്തു. ചിലപ്പോൾ അവർ കല്ലും മണ്ണും മലവുംകൊണ്ട് അദ്ദേഹത്തെയെറിഞ്ഞു. അങ്ങനെ പലതരത്തിൽ ജനങ്ങൾ ഋഷഭദേവനെ ശല്യം ചെയ്തു. പക്ഷേ, അതൊന്നും ഒരിക്കലും അദ്ദേഹം കാര്യമാക്കിയില്ല. കാരണം ശരീരത്തിന് ഇതിനപ്പുറം അശുദ്ധിയെ സ്വീകരിക്കേണ്ടതുണ്ടെന്ന പരമാർത്ഥം അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുക്കുകയായിരുന്നു. ആത്മാനന്ദിയായ ഋഷഭദേവന് ഇവയൊന്നും യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാക്കിയില്ല. ശരീരവും ആത്മാവും വെവ്വേറെയാണെന്ന് മഹാജ്ഞാനിയായ അദ്ദേഹം അറിഞ്ഞിരുന്നു. ആരിലും കോപിക്കാതെ വൈരമില്ലാതെ ഋഷഭദേവൻ ലോകമായ ലോകമെല്ലാം ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. വിരിഞ്ഞ മാറും നീളമുള്ള കൈകാലുകളും ഋഷഭദേവന്റെ പ്രത്യേകതകളായിരുന്നു. തിരുമുഖത്ത് എപ്പോഴും ഒരു നറുപുഞ്ചിരി വിടർന്നുനിന്നു. കണ്ണുകൾ ചെന്താമരയിതൾപോലെ വിടർന്നതായിരുന്നു. ആ കണ്ണുകളിലെ കൃഷ്ണമണികൾ ആരെ കാണുന്നുവോ, അവരുടെ സകല ദുഃഖങ്ങളും ക്ഷണത്തിൽ ഇല്ലാതാകുമായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിലെ ഓരോ അംഗങ്ങളും അതാതിൽ ഉത്തമങ്ങളായിരുന്നു. ആ അഴകിൽ ഭർത്തൃമതികളായ സ്ത്രീകൾപോലും രമിച്ചുപോകുമായിരുന്നു. പക്ഷേ, അദ്ദേഹം അവധൂതവേഷം ധരിച്ചതിനുശേഷം ആ ശരീരം പൊതുവേ വൃത്തിഹീനമായിമാറി. ഇടതൂർന്നുവളർന്ന കേശഭാരം ഉലഞ്ഞഴിഞ്ഞ് മണ്ണും പൊടിയുമേറ്റ് ജടപിടിച്ചു. ആ സമയം ആ ശരീരം കണ്ടാൽ ഏതോ പിശാചിന്റെ പിടിയിലകപ്പെട്ടതുപോലെ തോന്നുമായിരുന്നു.

ജനങ്ങൾ തന്റെ യോഗസാധനയ്ക്ക് തടസ്സമായപ്പോൾ ഋഷഭദേവൻ ഒരിടത്തുതന്നെ കഴിഞ്ഞുകൂടാൻ തീരുമാനിച്ചു. അദ്ദേഹം ഒരിടത്തുതന്നെ കിടക്കുകയും, അവിടെത്തന്നെ ഭക്ഷണം കഴിക്കുകയും മലമൂത്രവിസർജ്ജനങ്ങൾ ചെയ്യുകയും, പിന്നീടതിൽ കിടന്നുരുളുകയും ചെയ്തു. അങ്ങനെ ആരു കണ്ടാലും അറയ്ക്കുന്നവിധത്തിൽ അദ്ദേഹം തന്റെ ശരീരത്തെ വിസർജ്ജ്യമാലിന്യങ്ങൾകൊണ്ട് പൊതിഞ്ഞു. അതിലൂടെ അവരുടെ ശല്യത്തിൽനിന്നും രക്ഷനേടുവാൻ ശ്രമിച്ചു. അതിനുശേഷം ആരും ഋഷഭദേവനെ ഉപദ്രവിക്കാൻ ഭാവിച്ചില്ല. ഹേ പരീക്ഷിത്ത് മഹാരാജാവേ!, മഹാത്ഭുതമെന്നു പറയട്ടെ, മലമൂത്രങ്ങളാൽ മൂടപ്പെട്ട ആ ശരീരത്തിൽനിന്നും യാതൊരുവിധത്തിലുള്ള ദൂഃർഗന്ധങ്ങളും വമിക്കുന്നുണ്ടായിരുന്നില്ല. മറിച്ച്, അദ്ദേഹം കിടക്കുന്നിടത്തുനിന്നും യോജനകളോളം ദൂരം വളരെ നല്ല സുഗന്ധം പരക്കുകയും ചെയ്തിരുന്നു. അദ്ദേഹം പശുവിനെപ്പോലെയും കാക്കയെപ്പോലും ചിലപ്പോൾ ഒരിടത്തിരിക്കുകയും മറ്റുചിലപ്പോൾ അവിടെത്തന്നെ കിടക്കുകയും, ചിലനേരം എഴുന്നേറ്റ് നടക്കുക്കയും, വിശക്കുമ്പോൾ എവിടെയാണോ, അവിടെയിരുന്നു ഭക്ഷിക്കുകയും അവിടെത്തന്നെ മലമൂത്രവിസർജ്ജനം ചെയ്യുകയും ചെയ്തു. അങ്ങനെ അദ്ദേഹം ജനങ്ങളെ ഭ്രമിപ്പിച്ചുകൊണ്ടേയിരുന്നു.

ഹേ പരീക്ഷിത്ത് രാജൻ!, സകലയോഗികൾക്കും മാതൃകയായി ഭഗവദവതാരമായ ഋഷഭദേവൻ വിവിധതരം യോഗസാധനകൾ ചെയ്തിരുന്നു. എന്നാൽ, ജനനം മുതലേ, കൈവല്യപതിയായ അദ്ദേഹം, ബ്രഹ്മാനന്ദത്തിൽ കഴിഞ്ഞിരുന്നവനായിരുന്നു. അദ്ദേഹം ഭഗവാൻ ഹരിതന്നെയായിരുന്നു. ഭാവാവേശത്തിൽ ചിലപ്പോൾ കരയുകയും മറ്റുചിലപ്പോൾ ചിരിക്കുകയും ചെയ്യുമായിരുന്നു. അദ്ദേത്തിന് ആകാശമാർഗ്ഗത്തിലൂടെ സഞ്ചരിക്കാനും, യഥേഷ്ടം അന്തർധാനം ചെയ്യുവാനും, പരകയാപ്രവേശത്തിനും, മുൻകൂട്ടി കാര്യങ്ങൾ കണ്ടറിയാനും പ്രവചിക്കാനുമൊക്കെയുള്ള മായാബലമുണ്ടായിരുന്നുവെങ്കിലും, അവയുടെയൊക്കെ നിസ്സാരതയെ മനസ്സിലാക്കി അതൊന്നും അദ്ദേഹം ഒരിക്കലും പ്രയോഗിച്ചിരുന്നില്ല.


ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അഞ്ചാമധ്യായം സമാപിച്ചു.
ഓം തത് സത്.< Previous        Next >

The advises by Lord Rshabhadevaഅഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ