ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം അദ്ധ്യായം 27
(പുരഞ്ജനപുരത്തെ
ചണ്ഡവേഗൻ ആക്രമിക്കുന്നു)
ചണ്ഡവേഗന്റെ സൈന്യം പുരഞ്ജനപുരത്തെ
ആക്രമിക്കുന്നു
|
നാരദൻ കഥ തുടരുന്നു: “രാജൻ! ഭർത്താവായ പുരഞ്ജനനെ നാനാതരത്തിലും ഭ്രമിപ്പിച്ച് തന്റെ അധീനതിയലാക്കിക്കൊണ്ട് പുനഞ്ജനിറാണി വീണ്ടും അദ്ദേഹത്തോടൊപ്പം രമിച്ചു. അവൾ കുളിച്ചുവന്ന് തന്റെ വേഷഭൂഷാദികളണിഞ്ഞ്, അന്നപാനങ്ങൾ കഴിച്ച് ഭർത്താവിനെ സമീപിച്ചു. സുന്ദരിയായ ഭാര്യയെ കണ്ടപ്പോൾ പുരഞ്ജനൻ അവളെ തന്നരിലേക്ക് സ്വാഗതം ചെയ്തു. അവർ പരസ്പരം കെട്ടിപ്പുണർന്നു. തുടർന്ന് പലേ നർമ്മങ്ങളും പറഞ്ഞ് രസിച്ചുകൊണ്ട് വിജനമായ ആ സ്ഥലത്ത് വളരെയധികം സമയം സ്വകാര്യമായി ചിലവഴിച്ചു. തന്റെ ജീവിതത്തിലെ ദിനരാത്രങ്ങൾ താൻപോലുമറിയാതെ വൃഥാവിലാക്കി പുരഞ്ജനൻ അവളുടെ വശ്യതയിൽ തന്നെപ്പോലും മറന്നു കാലമൊരുപാട് കഴിച്ചുകൂട്ടി. ഇങ്ങനെ മായാജാലത്തിൽ കുടുങ്ങിയ പുരഞ്ജനൻ, ബോധസ്വരൂപിയായിരുന്നുവെങ്കിൽ പോലും, ഭാര്യയുടെ മടിയിൽ തലചായ്ച്ച് സദാസമയവും അവളോടൊപ്പം കഴിഞ്ഞുകൂടി. പുരഞ്ജനിയാണ് തനിക്കിവിടെ എല്ലാമെല്ലാമെന്ന് അയാൾ വിശ്വസിച്ചു. തമോഗുണത്തിന്റെ അന്ധകാരമായ അഗാധഗർത്തിൽ പതിച്ച പുരഞ്ജനൻ ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെ മറന്നുകൊണ്ട്, തന്റെയും പരമാത്മാവിന്റേയും മഹത്വത്തെ തിരിച്ചറിയാതെ സംസാരത്തിൽ ഉഴന്നു. ഹേ പ്രാചീനബർഹിസ്സേ!, അങ്ങനെ ഹൃദയത്തിൽ കാമവും പേറിയുള്ള ആ ജീവിതത്തിലെ യുവത്വം ഒരുദിവസം ക്ഷണാർദ്ധത്തിൽ ഇല്ലാതായി.
ഈ കാലയളിവിൽ അദ്ദേഹത്തിന്
പുരഞ്ജനിയിൽ ആയിരത്തിയൊരുനൂറ് പുത്രന്മാരും നൂറ്റിപ്പത്ത് പുത്രിമാരും ജനിച്ചിരുന്നു.
അതോടെ അദ്ദേഹത്തിന്റെ പകുതിയായുസ്സ് കഴിയുകയും ചെയ്തിരുന്നു. ഹേ പ്രജാപതേ!, പുരഞ്ജനന്റെ
മക്കൾ മാതാപിതാക്കളെപ്പോലെതന്നെ സൌന്ദര്യമുള്ളവരായിരുന്നു. അവർ ഉദാരമതികളും സത്ഗുണശീലരുമായിരുന്നു.
തന്റെ വംശപരമ്പരയെ മുന്നോട്ട് കൊണ്ടുപോകുവാനായി പുരഞ്ജനൻ മക്കളെ അനുയോജ്യരായ വധൂവരന്മാരെക്കൊണ്ട്
വിവാഹം കഴിപ്പിച്ചു. അവരിലൂടെ അദ്ദേഹത്തിന് നൂറുകണക്കിന് ചെറുമക്കൾ ജനിച്ചു. അങ്ങനെ
പഞ്ചാലരാജ്യം ഒട്ടാകെ പുരഞ്ജന്റെ പരമ്പരയെക്കൊണ്ട് നിറഞ്ഞു. പക്ഷേ, അവർ വളർന്നുവന്നതോടെ
അദ്ദേഹത്തിന്റെ ഗൃഹവും സമ്പത്തുമെല്ലാം ഈ പുത്രപൌത്രന്മാരുടെ ദുർവ്യയത്താൽ നശിക്കപ്പെട്ടു.
രാജൻ!, താങ്കളെപ്പോലെ പുരഞ്ജനനും ആഗ്രഹങ്ങളുടെ കൊടുമുടികൾ മനസ്സിലേറ്റി ജീവിച്ചവനായിരുന്നു.
അതിന്റെ പൂർത്തീകരണത്തിനുവേണ്ടി അദ്ദേഹം ദേവന്മാരെയും പിതൃക്കളെയും മറ്റും പലപല യജ്ഞങ്ങൾകൊണ്ട്
പൂജിക്കാൻ തുടങ്ങി. പക്ഷേ, എല്ലാ യജ്ഞങ്ങളും പര്യവസാനിക്കുന്നത് അതിക്രൂരമായ മൃഗബലികളിലൂടെയായിരുന്നു.
അങ്ങനെ കർമ്മകാണ്ഡീയജീവിതത്തിലൂടെ കുടുംബാസക്തനായ പുരഞ്ജനൻ ഒടുവിൽ സംസാരികൾക്കുപോലും
അപ്രിയമായ തരത്തിൽ പതിതനായിമാറി. വീണ്ടും കാലമൊരുപാട് മുന്നോട്ടുപോയി.
ഗന്ധർവ്വലോകത്തിൽ ചണ്ഡവേഗൻ
എന്ന ഒരു ഗന്ധർവ്വരാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് മുന്നൂറ്റിയറുപത് അതിശക്തന്മാരായ
യോദ്ധാക്കളും. അവരോടൊപ്പം വെളുത്തതും കറുത്തതുമായ വളരെയധികം ഗന്ധർവ്വകന്യകമാരും ചേർന്ന്
പുരഞ്ജനന്റെ സകല കാമഭോഗങ്ങളും ഒന്നൊന്നായി അപഹരിച്ചുകൊണ്ടിരുന്നു. എന്നാൽ അഞ്ച് തലയുള്ള
ആ നാഗം തന്നാലൊക്കുംവിധം യുദ്ധം ചെയ്ത് ചണ്ഡവേഗന്റെ ആക്രമണത്തിൽനിന്നും പുരഞ്ജനന്റെ
നഗരത്തെ രക്ഷിക്കാൻ ശ്രമിച്ചു. അവൻ ഒറ്റയ്ക്ക് എഴുന്നൂറ്റിയിരുപതോളം വരുന്ന ശത്രുക്കളുമായി
നൂറ് വർഷക്കാലം ഏറ്റുമുട്ടി. പക്ഷേ കാലങ്ങൾ നീണ്ടുനിന്ന യുദ്ധത്തിൽ ആ നാഗം ക്ഷീണിതനായി.
അതുകണ്ട് പുരഞ്ജനനും ആ പുരത്തിൽ താമസിക്കുന്ന മറ്റ് പരിവാരങ്ങൾക്കും അതിയായ ഉത്കണ്ഠയുണ്ടായി.
ഇക്കഴിഞ്ഞ കാലങ്ങളിലെല്ലാം പ്രജകളിൽനിന്നും കരങ്ങൾ ഈടാക്കിക്കൊണ്ട് പുരഞ്ജനൻ തന്റെ
കാമപൂർണ്ണമായ ജീവിതം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. എന്നാൽ വന്നുപോകുന്ന ദിനരാത്രങ്ങളിലൂടെ
തന്റെ ജീവിതം മരണത്തിലേക്കടുക്കുന്നത് അദ്ദേഹം അറിയുന്നുണ്ടായിരുന്നില്ല.
ഹേ രാജൻ!, ഒരുദിവസം, മൂലോകങ്ങളിലും
തന്റെ ഭർത്താവിനെ അന്വേഷിച്ചുനടക്കുകയായിരുന്ന കാലപുത്രി പുരഞ്ജന്റെ പുരത്തേയും സമീപിച്ചു.
ഈരേഴുപതിനാലുലോകങ്ങളിലും ആരുംതന്നെ അവളെ വിവാഹം കഴിയ്ക്കാൻ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.
എന്നാൽ അവളാകട്ടെ, ആരെയും ഉപേക്ഷികാൻ തയ്യാറുമായിരുന്നില്ല. നിർഭാഗ്യവതിയായിരുന്ന അവളെ
ഈ ലോകം ദുർഭഗ എന്നായിരുന്നു വിളിച്ചിരുന്നതു. എങ്കിലും ഒരിക്കൽ ഒരു രാജാവ് അവളെ അംഗീകരിക്കുകയുണ്ടായി.
അതിൽ സമ്പ്രീതയായ കാലപുത്രി ആ രാജാവിന് വേണ്ടുന്ന വരങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്തിരുന്നു.
ഹേ പ്രാചീനബർഹിസ്സേ!, ഒരിക്കൽ
ഞാൻ ബ്രഹ്മലോകത്തിൽനിന്നും ഈ ഭൂമിയിലേക്ക് വരുന്നവഴി കാമാതുരയായ കാലകന്യ ബ്രഹ്മചാരിയായ
എന്നെ തടയുകയും പ്രാപിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, അവളുടെ അഭ്യർത്ഥന നിരസിച്ച
എന്നെ അവൾ ശപിച്ചു. ആ അപേക്ഷയെ മാനിക്കാത്ത ഞാൻ ഒരിക്കലും ഒരിടത്തും അനിശ്ചിതകാലം താമസ്സിക്കാൻ
കഴിയാതെ പോകട്ടെ എന്ന അവളുടെ ശാപം എന്നെ ഇന്നും പിന്തുടരുന്നു. അനന്തരം ഹൃദയവേദനയോടെ
അവൾ എന്നെ വിട്ടകലുകയും, എന്റെ അനുമതിയോടെ ഭയം എന്ന പേരുള്ള യവനരാജാവിനെ സമീപിക്കുകയും
തന്റെ പ്രേമാഭ്യർത്ഥന അദ്ദേഹത്തിന്റെ മുന്നിൽ വയ്ക്കുകയും ചെയ്തു. കാലകന്യ ഭയത്തെ സമീപിച്ച്
ഇപ്രകാരം പറഞ്ഞു: “ഹേ യവനോത്തമാ!, വീരനായ അങ്ങയെ ഞാൻ എന്റെ ജീവനുതുല്യം സ്നേഹിക്കുകയും അവിടുത്തെ
പത്നിയാകാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നെപ്പോലെ അങ്ങയോടും ആരും ചങ്ങാത്തം കൂടാൻ
ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് ഞാൻ എന്നെന്നും അങ്ങയോടൊപ്പം അങ്ങേയ്ക്ക്
കൂട്ടായി കഴിയുവാൻ തയ്യാറാണു.”
നാരദർ പറഞ്ഞു: “ഹേ രാജൻ! ശാസ്ത്രത്തെ പഠിക്കുകയും അതിനെ ജീവിതത്തിൽ
അനുവർത്തിക്കുകയും ചെയ്യാത്തവർ തമോഗുണികളാണു. അവർക്ക് ദുഃഖം മാത്രമായിർക്കും ആത്യന്തികമായ
ഫലം.”
കാലകന്യ വീണ്ടും യവനരാജനോട്
പറഞ്ഞു: “ഹേ രാജൻ!, ഞാൻ സർവ്വദാ അങ്ങയുടെ സേവയിൽ കഴിയാനായി
വന്നവളാണു. എന്നെ സ്വീകരിച്ചാലും. ആർത്തരായവർക്ക് ആശ്രയമേകുന്നത് ഉത്തമരായവരുടെ ധർമ്മമാണു.”
കാലകന്യയുടെ വാക്കുകൾ കേട്ട്
പുഞ്ചിരിച്ചുകൊണ്ട് യവനരാജൻ അവളോട് പറഞ്ഞു: “ഹേ കാലപുത്രി!, നിന്നെ ഭാര്യയായി സ്വീകരിക്കുന്നതിൽ നമുക്ക് യാതൊരു വിഷമവുമില്ല.
എല്ലാവരും കരുതുന്നതുപോലെ നീ അഭദ്രയാണു. ആരും ഇഷ്ടപ്പെടാത്ത നിന്നെ ആരാണ് ഈ മൂന്നുലോകങ്ങളിലും
ഭാര്യയായി സ്വീകരിക്കുക?. ഈ ലോകംതന്നെ സകാമകർമ്മങ്ങളിൽനിന്നുണ്ടായതാണു. ആയതിനാൽ നീ
അദൃശ്യയായി അവരുടെയുള്ളിൽ കുടികൊണ്ട് അവരെ നശിപ്പിച്ചുകൊള്ളുക. എന്റെ സൈന്യത്തെ ഉപയോഗിച്ച്
നിനക്ക് നിഷ്കരുണം യാതൊരു തിരിച്ചടിയുമേൽക്കാതെ അവരെ ഇല്ലാതാക്കാൻ കഴിയും. എന്റെ സഹോദരൻ
പ്രജ്വരൻ ഇവിടെയുണ്ടു. ഇന്നുമുതൽ നിന്നെ നാം നമ്മുടെ ഭഗിനിയായി സ്വീകരിക്കുകയാണു. എന്റെ
സഹോദരനോടും സൈന്യത്തോടും കൂടിച്ചേർന്ന് നീ ഈ ലോകത്തിൽ നാനാതരത്തിലുള്ള ദുഃഖങ്ങൾ വിതയ്ക്കുക.
”
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം ഇരുപത്തിയേഴാമധ്യായം സമാപിച്ചു.
ഓം തത് സത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ