2019, മാർച്ച് 9, ശനിയാഴ്‌ച

4.29 പുരഞ്ജനോപാഖ്യാനം – താത്വികാവലോകനം


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 29
(പുരഞ്ജനോപാഖ്യാനം താത്വികാവലോകനം)പുരഞ്ജനമഹാരാജാവിന്റെ കഥ കേട്ടുകഴിഞ്ഞപ്പോൾ പ്രാചീനബർഹിസ്സ് നാരദരോട് പറഞ്ഞു: മഹർഷേ!, പുരഞ്ജനന്റെ കഥയുടെ അന്തരാർത്ഥം പൂർണ്ണമായും എനിക്ക് ഗ്രഹിക്കുവാൻ കഴിഞ്ഞിട്ടില്ല. കാരണം, അജ്ഞാനിയായ ഞാൻ ജീവിതകാലം മുഴുവൻ സകാമകർമ്മങ്ങളിൽ ആസക്തനായിക്കഴിഞ്ഞവനാണു. എന്നെപ്പോലുള്ളവർക്ക് നിസ്സാരമായി മനസ്സിലാക്കാൻ സാധിക്കുന്നതല്ല അദ്ധ്യാത്മതത്വം എന്ന് ഞാനറിയുന്നു. അതുകൊണ്ട്, എനിക്ക് മനസ്സിലാകുന്ന വിധത്തിൽ അതിനെ പറഞ്ഞരുളിയാലും!.

അതുകേട്ട് നാരദമുനി പറഞ്ഞു: ഹേ രാജൻ!, ഞാൻ പറയുന്ന കാര്യങ്ങൾ അങ്ങ് ശ്രദ്ധയോടെ ശ്രവിക്കുക. ഈ കഥയിൽ പുരഞ്ജനൻ എന്നത് ജീവാത്മാവാണു. അവൻ തന്റെ കർമ്മങ്ങളുടെ ഫലമായി വിവിധതരം യോനികളിൽ ജന്മങ്ങൾ സ്വീകരിക്കുന്നു. കോടാനുകോടി ജീവജാലങ്ങളുള്ളതിലേതിലും ഒരു ജീവൻ തന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് ജന്മം നേടുന്നു. ഇങ്ങനെ ഒന്നിനെവിട്ട് മറ്റൊന്ന് സ്വീകരിക്കുന്ന ഈ ജീവഭൂതങ്ങളോടൊപ്പം സർവ്വദാ കൂടെ നടക്കുന്ന അവിജ്ഞാതസഖാവ് പരമാത്മാവുതന്നെയാണു. പക്ഷേ, വിഷയങ്ങൾക്കുനടുവിൽ അജ്ഞാനിയായി ജീവിതം നയിക്കുന്ന പുരഞ്ജനന്മാർക്ക് ഒരിക്കലും ആ കാരുണ്യവാന്റെ സാന്നിധ്യത്തെ അറിയാൻ സാധിക്കുന്നില്ല. ലൌകികവിഷയങ്ങളെ പൂർണ്ണമായി അനുഭവിക്കുവാനുള്ള ത്വര ഒരു ജീവനിലുണ്ടാകുമ്പോൾ, ജീവൻ ഒമ്പത് വാതിലുകളും രണ്ട് കൈകളും രണ്ട് കാലുകളുമുള്ള മനുഷ്യശരീരംതന്നെ ആഗ്രഹിക്കുന്നു. പ്രമാദം എന്നതിലൂടെ ഇവിടെ അർത്ഥമാക്കേണ്ടത് അജ്ഞാനം അഥവാ മൂഢത്വമെന്നാണു. ഒരുവൻ അജ്ഞാനിയായിരിക്കുമ്പോൾ, അവൻ സ്വയം ഈ ശരീരമാണെന്ന് വിശ്വസിക്കുന്നു. അതിലൂടെ ആ ജീവനിൽ ഞാനെന്നും എന്റേതെന്നുമുള്ള ഭാവങ്ങൾ ജനിക്കുകയും, തത്ഫലമായി സുഖദുഃഖങ്ങളെ അനുഭവിക്കുകയും ചെയ്യുന്നു. ഭൌതികതയാൽ കളങ്കിതമായിക്കൊണ്ട്, ജീവനെ വിഷയങ്ങളോടടുപ്പിക്കുന്ന വിവേകമാണു അവന്റെ പ്രിയതമയായ പുരഞ്ജനിയെന്ന് വിശേഷിപ്പിക്കപ്പെടുന്നതു. അഞ്ച് കർമ്മേന്ദ്രിയങ്ങളും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും പുരഞ്ജനിയുടെ സുഹൃത്തക്കളായി കണക്കാക്കപ്പെടുന്നു. ഈ ഇന്ദ്രിയങ്ങൾ ജീവാത്മാക്കളെ വിഷയാനുഭവങ്ങൾക്കുവേണ്ടി കർമ്മാസക്തരാക്കിമാറ്റുന്നു. ഒമ്പത് ഗോപുരദ്വാരങ്ങളിലൂടെ ജീവനെ അനുഗമിക്കുന്ന സുഹൃത്തുക്കൾ അതിസൂക്ഷ്മങ്ങളായ ഇന്ദ്രിയങ്ങളാണു. അഞ്ച് തലകളുള്ള ആ നാഗം അഞ്ച് ഭാവത്തിൽ ഈ ശരീരത്തിനുള്ളിൽ സഞ്ചരിക്കുന്ന പ്രാണനാണു. പതിനൊന്നാമൻ മനസ്സും. അവനാകട്ടെ!, സകല ഇന്ദ്രിയങ്ങളിലുംവച്ച് പ്രധാനിയാണു. മനസ്സാണ് ജീവനെ വിഷങ്ങളോട് കൂട്ടിച്ചേർക്കുന്ന ഇടനിലക്കാരൻ. പഞ്ചാലരാജ്യമെന്നത് ജീവനുചുറ്റും വിഷങ്ങളടങ്ങിയിരികുന്ന ചുറ്റുപാടുകൾതന്നെ. അവിടെയാണ് നവദ്വാരങ്ങളുള്ള ശരീരമാകുന്ന ഈ പുരം സ്ഥിതിചെയ്യുന്നതു. ഈ പുരത്തിന്റെ ഒരുവശത്തുതന്നെയുള്ള അഞ്ച് വാതിലുകളാണ് കണ്ണുകളും മൂക്കും ചെവികളും. വൿത്രം, ശിശ്ന, ഗുദം എന്നിവയാണ് മറ്റുള്ള മൂന്ന് വാതിലുകൾ. ഇങ്ങനെ ഒമ്പതുവാതിലുകളുള്ള ശരീരമാകുന്ന ഈ പുരത്തിലിരുന്നുകൊണ്ട് ജീവൻ എപ്പോഴും ബാഹികങ്ങളായ രൂപാദിപഞ്ചവിഷയങ്ങളെ അനുഭവിക്കുന്നു. രണ്ട് കണ്ണുകളും മൂക്കിലെ രണ്ട് ദ്വാരങ്ങളും വായും ചേർന്ന അഞ്ച് വാതിലുകൾ ഈ പുരത്തിന്റെ മുൻവശത്തേക്ക് തുറന്നിരിക്കുന്നു. വലതുചെവി തെക്കേ ഗോപുരമായും ഇടതുചെവി വടക്കേഗോപുരമായും യഥാക്രമം കണക്കാക്കപ്പെടുന്നു. അതുപോലെ ശിശ്നയും ഗുദവും ഈ പുരത്തിൽ പടിഞ്ഞാറുദിക്കിലേക്ക് തുറന്നിരിക്കുന്ന വാതിലുകളായി അറിയുക.

ഖദ്യോതം, ആവിർമുഖി എന്ന രണ്ട് വാതിലുകൾ കണ്ണുകളാണു. വിഭ്രാജിതനഗരമെന്നുദ്ദേശിച്ചത് അതിന്റെ വിഷയങ്ങളായ രൂപങ്ങളെയാണു. കണ്ണുകളാകുന്ന വാതിലുകളിലൂടെ ആ നഗരത്തിലെത്തി ജീവൻ നിരവധി രൂപഭാവാങ്ങളെ അനുഭവിക്കുന്നു. മൂക്കിലെ രണ്ട് ദ്വാരങ്ങളാണ് നളിനിയും നാളിനിയും. ഗന്ധമാണ് സൌരഭനഗരം. അവധൂതൻ എന്ന സുഹൃത്ത് ഘ്രാണവിഷയേന്ദ്രിയമാണു. മുഖ്യം എന്ന വാതിൽ വൿത്രമാണു. വിപണൻ എന്നത് സംസാരശേഷിയും, രസജ്ഞൻ എന്ന സുഹൃത്ത് അവധൂതനെപ്പോലെ രസാനുഭവത്തിന് കൂട്ടുനിൽക്കുന്ന ഇന്ദ്രിയമാണു. ആപണമെന്നത് നാക്കിന്റെ വ്യവഹാരമാണു. ബഹൂദനമെന്ന വിവിധയിനം ആഹാരങ്ങളും. വലതുകാതിനെ പിതൃഹുവെന്നും ഇടതുകാതിനെ ദേവഹൂ എന്നും പറയപ്പെടുന്നു. ഇവിടെ ദക്ഷിണപഞ്ചാലനഗരം പ്രവൃത്തിയെ, അഥവാ, വിഷയാസക്തിയെക്കുറിച്ച് പഠിപ്പിക്കുന്ന ശാസ്ത്രശാഖകളും, ഉത്തരപഞ്ചാലദേശമെന്നത് നിവൃത്തിയെ, അഥവാ, വിഷയവിരക്തിയെക്കുറിച്ച് പഠിപ്പിക്കുന്ന ശാസ്ത്രശാഖകളുമാണു. ഈ ദ്വരങ്ങളെ ഉപയോഗപ്പെടുത്തി ചില ജീവന്മാർ പിതൃലോകങ്ങളിലും മറ്റുചിലർ ദേവലോകങ്ങളിലും എത്തപ്പെടുന്നു. ശരീരത്തിലെ ശിശ്നിദ്വാരമായ ആസുരിയെന്ന വാതിലിലൂടെ ജീവൻ ലൈംഗികസുഖത്തെയനുഭവിക്കുന്നു. സന്താനോല്പത്തിക്ക് സഹായകമായ ശക്തിയാണ് ജീവന്റെ ദുർമദൻ എന്ന സുഹൃത്ത്. ഗുദദ്വാരത്തെ നിരൃതി എന്നുദാഹരിച്ചിരിക്കുന്നു. പുരഞ്ജനൻ വൈശാസനഗരത്തിലേക്ക് പോകുന്നുവെന്നതിനർത്ഥം ജീവൻ നരകത്തിലേക്ക് യാത്രയാകുന്നുവെന്നാണു. അവിടേയ്ക്ക് ജീവനെ അനുഗമിക്കുന്നത് ഗുദത്തിന് സഹായകമായി നിലക്കുന്ന ഇന്ദ്രിയമായ ലുബ്ദകൻ എന്ന് സുഹൃത്താണു. ഹേ രാജൻ!, മുമ്പ് ഞാൻ പുരഞ്ജനന്റെ അന്ധരായ രണ്ട് പരിചാരകരെക്കുറിച്ച് പറഞ്ഞിരുന്നുവല്ലോ!. അവർ ഈ ശരീരത്തിലെ കരചരണങ്ങളാണു. അവയുടെ സഹായത്തോടെ ജീവൻ ഈ ശരീരത്തിലിരുന്നുകൊണ്ട് പലതരം കർമ്മങ്ങളിൽ നിരതനാക്കുകയും, അതുപോലെ, യഥേഷ്ടം വേണ്ടിടത്തൊക്കെ ചരിക്കുകയും ചെയ്യുന്നു. അന്തഃപുരം എന്നത് ഹൃദയമാണു. വിശൂചിനൻ അഥവാ, എല്ലായിടവും ചരിക്കുന്നവൻ, ആയത് മനസ്സും. മനസ്സിന്റെ സാന്നിധ്യത്തിൽ ജീവൻ ഈ ശരീരത്തിലിരുന്നുകൊണ്ട് പ്രകൃതിയുടെ മൂന്ന് ഗുണങ്ങളേയും മാറിമാറി അനുഭവിക്കുന്നു. ത്രിഗുണങ്ങളുടെ സ്വാധീനത്തിൽ ജീവൻ ചിലപ്പോൾ ഭ്രമിക്കുകയും മറ്റുചിലപ്പോൾ തൃപ്തമാകുകയും പിന്നെ ചിലപ്പോൾ ആർത്തുല്ലസിക്കുകയും ചെയ്യും. പുരഞ്ജനി ശരീരത്തിനുള്ളിൽ ജീവന് ഏറ്റവുമധികം പ്രീയമുള്ള വിവേകം അഥവാ, അഭിജ്ഞാനമാണെന്ന് മുമ്പ് പറഞ്ഞുവല്ലോ. സ്വപ്നത്തിലാണെങ്കിലും ജാഗ്രത്തിലാണെങ്കിലും ഈ ബോധം പലവിധ അവസ്ഥാന്തരങ്ങളെ സൃഷ്ടിക്കുന്നു. അങ്ങനെ ത്രിഗുണങ്ങളുടെ സ്വാധീനത്താൽ കളങ്കിതമായ വിവേകത്തിന്റെ താളത്തിനൊത്ത് ജീവൻ പലേതരം കേളികളാടാൻ തുടങ്ങുന്നു.

ഇവിടെ നവദ്വാരപുരത്തോടൊപ്പംതന്നെ രഥതത്വംകൂടി നാരദൻ എടുത്തുകാട്ടുന്നു. അതിൽ, പുരഞ്ജനൻ നായാട്ടിനായി കാട്ടിലേക്ക് യാത്രചെയ്യാനുപയോഗിക്കുന്ന രഥം അദ്ദേഹത്തിന്റെ ശരീരമാണു. ഇന്ദ്രിയങ്ങളാണ് അതിനെ വലിച്ചുകൊണ്ടുപോകുന്ന കുതിരകൾ. കാലങ്ങൾ നീങ്ങുന്നതനുസരിച്ച് ഈ കുതിരകൾക്ക് തടസ്സങ്ങളില്ലാതെ യഥേഷ്ടം സഞ്ചരിക്കാൻ കഴിയുന്നു. പുണ്യപാപങ്ങളാകുന്ന കർമ്മങ്ങളാണ് ഇവിടെ രഥചക്രങ്ങളായി ഉപമിച്ചിരിക്കുന്നതു. മുകളിൽ പാറിപ്പറക്കുന്ന മൂന്ന് കൊടികൾ ത്രിഗുണങ്ങളും. പഞ്ചപ്രാണന്മാരാണ് മനസ്സാകുന്ന കയറിനെ കുതിരകളുമായി ബന്ധിപ്പിച്ചിരിക്കുന്നതു. അത് കൈയ്യിൽ പിടിച്ചിരിക്കുന്ന ബോധത്തെ ഈ ശരീരമാകുന്ന തേർ തെളിക്കുന്ന തേരാളിയായി അറിയുക. ഹൃദയമാണ് ആ രഥത്തിലെ ഇരിപ്പിടം. സുഖദുഃഖങ്ങളാകുന്ന ദ്വന്ദങ്ങളെ അവയുടെ കെട്ടുകളായി കണക്കാക്കപ്പെടുന്നു. സപ്തധാതുക്കൾ രഥത്തിന്റെ ചട്ടയാണു. അഞ്ച് കർമ്മേന്ദ്രിയങ്ങൾ ബാഹ്യവൃത്തികളാണു. പതിനൊന്നിന്ദ്രിയങ്ങളും കൂടിച്ചേർന്ന് സൈന്യം രൂപീകരിക്കപ്പെട്ടിരിക്കുന്നു. വിഷയഭോഗത്തിൽ ആസക്തനായി ശരീരമാകുന്ന രഥത്തിൽ ഹൃദയമാകുന്ന ഇരിപ്പിടത്തിലിരുന്നുകൊണ്ട് ഒരിക്കലുമടങ്ങാത്ത ഭോഗാശയോടെ ജീവൻ ജന്മജന്മാന്തരങ്ങളായി സംസാരത്തിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.

ഹേ രാജൻ!, ചണ്ഡവേഗന്മാരായ ഗന്ധർവ്വീഗന്ധർവ്വന്മാർ രാത്രികളും പകലുകളുമായി കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന കാലമെന്ന അതിശക്തമായ പ്രതിഭാസമാണു. ശരീരത്തിന്റെ ജീവിതദൈഘ്യം ഈ ദിനരാത്രങ്ങളായി അവസാനിച്ചുകൊണ്ടിരിക്കുന്നു. കാലകന്യയായി പുരഞ്ജനനെ തേടിയെത്തുന്നത് കാലപ്രവാഹത്താൽ ഉണ്ടാകുന്ന ജരയെന്ന ശരീരത്തിന്റെ വൃദ്ധാവസ്ഥയാണു. അതിനെ സന്തോഷത്തോടുകൂടി സ്വീകരിക്കാൻ ലോകത്തിൽ ആരുംതന്നെ തയ്യാറാകുന്നില്ല. എന്നാൽ, മരണമാകുന്ന യവനരാജാവ് ജരയെ തന്റെ സഹോദരിയായി സ്വീകരിക്കുന്നു. യവനന്റെ സൈന്യം യമകിങ്കരന്മാരാണു. യഥാർത്ഥത്തിൽ അവ കാലാന്തരത്തിൽ ശരീരത്തെയും അതുവഴി മനസ്സിനേയും ബാധിക്കുന്ന അസ്വാസ്ഥ്യങ്ങളാകുന്നു. പ്രജ്വാരൻ എന്ന കഥാപാത്രം ശരീരത്തിൽ അനുഭവപ്പെടുന്ന തീവ്രമായ ചൂടും അതുപോലെ അതിതീവ്രമായ തണുപ്പുമാകുന്ന രണ്ടുവിധം ജ്വരങ്ങളാണു. ഇത്തരത്തിലുള്ള അനിഷ്ടങ്ങളായ അനുഭവങ്ങൾ ശരീരത്തിൽ ബദ്ധപ്പെട്ടുകഴിയുന്ന ജീവന് വളരെ അസ്സഹനീയമായ കഷ്ടപ്പാടുകൾ സൃഷ്ടിക്കുന്നു. എന്നാൽ ആശ്ചര്യമെന്ന് പറയട്ടെ!, ഇത്ര പ്രയാസങ്ങൾക്കിടയിലും ജീവൻ പലേ പദ്ധതികളുമായി പിന്നെയും സുഖം തേടി വിഷയങ്ങൾക്ക് പിറകേതന്നെ പാഞ്ഞുകൊണ്ടിരിക്കുന്നു. ബോധസ്വരൂപനായ ജീവൻ അജ്ഞാനജമായ ഞാനെന്നും എന്റേതെന്നുമുള്ള ചിന്തയിൽ ഇതിനപ്പുറം വരുന്ന കഷ്ടതകളെപ്പോലും മനസ്സില്ലാമനസ്സോടെ സ്വീകരിക്കുന്നു. അങ്ങനെ ജീവൻ ഒരു ശരീരത്തിൽ നൂറ് വർഷക്കാലത്തോളം ബദ്ധപ്പെട്ടുകിടക്കുന്നു.

ഹേ രാജൻ! ജീവഭൂതങ്ങൾക്കെല്ലാം നന്മതിന്മകളെ തിരിച്ചറിയാനുള്ള അല്പസ്വാതന്ത്ര്യം പ്രകൃത്യാതന്നെ ലബ്ദമാണു. എന്നാൽ ആ സ്വാതന്ത്യത്തിൽ മത്തനായി അവൻ പരംബോധമായ ഈശ്വരനെ മറക്കുമ്പോൾ, പൂർണ്ണമായും ത്രിഗുണങ്ങളുടെ പിടിയിലമരുന്നു. അങ്ങനെ ത്രിഗുണങ്ങൾക്കധീനനാകുന്ന ജീവാത്മാവ് താൻ ഈ ശരീരമാണെന്ന് സ്വയം വിശ്വസിക്കുന്നു. പിന്നീട് അതിനെ നിലനിറുത്തുവാനും പോഷിപ്പിക്കുവാനും സുഖിപ്പിക്കുവാനുമായി അവൻ ഓരോതരം കർമ്മങ്ങളിലേർപ്പെടുന്നു. സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്ന് ഗുണങ്ങൾ ജീവനിൽ കാലാകാലങ്ങളിൽ മാറിമാറി സ്വാധീനം ചെലുത്തുന്നു. അങ്ങനെയാണ് അവയ്ക്ക് വിവിധതരം ശരീരങ്ങൾ സ്വീകരിക്കേണ്ടിവരുന്നതു. സത്വഗുണാധിക്യത്തിൽ ജീവൻ പുണ്യകർമ്മളെ ചെയ്യാനിടവരുന്നു. തത്ഫലമായി അവൻ ഊർദ്ദ്വലോകങ്ങളെ പ്രാപിക്കുന്നു. രജോഗുണമേറിയ ജീവന്മാർ പലേതരം സകാമകർമ്മങ്ങളിലേർപ്പെട്ട് വിഷയങ്ങളെ അനുഭവിച്ച് മനുഷ്യലോകത്തിൽ കഴിയുന്നു. അതുപോലെ, തമോഗുണം ജീവനെ കൂടുതലായി ബാധിക്കുമ്പോൾ, അവന് പലേതരം ദുരിതങ്ങളെ അനുഭവിച്ചുകൊണ്ട് തിര്യക് യോനിയിൽ ജന്മമെടുക്കേണ്ടിവരുന്നു. ഇങ്ങനെ ഗുണങ്ങൾക്കധീനരാകുന്ന ജീവന്മാർ, പുരുഷൻ, സ്ത്രീ, ഇവ രണ്ടും ചേർന്നത്, മനുഷ്യൻ, ദേവന്മാർ, പക്ഷികൾ, മൃഗങ്ങൾ തുടങ്ങി പലപല രൂപത്തിലും ഭാവത്തിലും ഈ ഭൌതികലോകത്തിൽ ജന്മമെടുത്ത് അലഞ്ഞുതിരിയുന്നു. ത്രിഗുണങ്ങളുടെ സ്വാധീനത്തിൽ ഓരോ ജീവന്മാരാലും ചെയ്യപ്പെടുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ജന്മങ്ങൾ സംഭവിക്കുന്നതു.

വിശന്നുവലഞ്ഞ് ആഹാരത്തിനുവേണ്ടി വീടാന്തരം കയറിയിറങ്ങുന്ന ശ്വാനന്മാരെപ്പോലെയാണ് ജീവഭൂതങ്ങൾ. ചിലപ്പോൾ അവനെ വീട്ടുകാർ അവിടെനിന്നും എറിഞ്ഞോടിക്കുന്നു. എന്നാൽ മറ്റുചില വീടുകളിൽനിന്നും കുറച്ചാഹാരം കിട്ടുകയും ചെയ്യുന്നു. അതുപോലെ, ജീവന്മാർ മുജ്ജന്മങ്ങളിലെ വിവിധതരം ആഗ്രഹങ്ങളെ പൂർത്തീകരിക്കുവാനായി സ്വർഗ്ഗവും നരകവും ചേരുന്ന ഉച്ഛനീചങ്ങളായ വിവിധയിനം യോനികളിൽ ജന്മം നേടി തങ്ങളുടെ പ്രാരബ്ദത്തെ അനുഭവിക്കുന്നു. ഇതിനിടയിൽ ശാരീരികമായും മാനസീകമായും അതുപോലെ മറ്റ് ജീവഭൂതങ്ങളാലും സംഭവിക്കുന്ന ദുരിതങ്ങളെ മറികടക്കാൻ അവർ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ, ആ ശ്രമങ്ങളെല്ലാംതന്നെ വിഫലമായിപ്പോകുന്നുവെന്നുള്ളതാണ് സത്യം. ഒരു മനുഷ്യൻ തന്റെ തലയിലേറ്റിയിരിക്കുന്ന ഭാരം അസഹനീയമാകുമ്പോൾ, അത് തന്റെ ചുമലിലേക്കിറക്കിവയ്ക്കുന്നു. അതുപോലെ, ജീവിതത്തിൽ ജീവന്മാർ അനുഭവിക്കുന്ന ദുഃഖങ്ങൾ ഒരിടത്തുനിന്നുമിറക്കി മറ്റൊരിടത്ത് വയ്ക്കുന്നുവെന്നതിലുപരി അതിനെ പൂർണ്ണമായി തന്നിൽനിന്നും അകറ്റാൻ യാതൊരു വഴികളും അവർക്ക് മുന്നിൽ തെളിയുന്നില്ല.

ഹേ അനഘാ!, കർമ്മഫലത്തെ പ്രതികരിക്കുവാൻ മറ്റൊരു കർമ്മം കൊണ്ട് സാധ്യമല്ല. അതിനായി നാം ചെയ്യുന്ന ഓരോ കർമ്മങ്ങളും അവിദ്യയിൽനിന്നുമുണ്ടാകുന്നതും വിഫലവുമാണു. ഒരു ദുഃസ്വപ്നത്തിൽനിന്നും ഉണരുവാൻ മരൊരു വിഭ്രാന്തിയിലൂടെ സാധ്യമല്ല. സ്വപ്നത്തിലെ ദുഃഖത്തെ ഇല്ലാതാക്കുവാൻ ജാഗ്രത്തിനുമാത്രമേ കഴിയുകയുള്ളൂ. ജീവന്റെ ഭൌതികമായ അസ്ഥിത്വം ഇല്ലാതാകണമെങ്കിൽ അതിനെ പൊതിഞ്ഞിരിക്കുന്ന മായയുടേയും അജ്ഞാനത്തിന്റേയും മൂടുപടം നീങ്ങി ജ്ഞാനമുദിക്കുകതന്നെ വേണം. ജ്ഞാനത്തിലൂടെ ജീവൻ തന്റെ സ്വരൂപത്തെ അറിയുന്നതുവരെ നാമരൂപങ്ങളാകുന്ന ഉപാധികളിൽ കഴിയേണ്ടിവരുന്നു. സ്വപ്നത്തിൽ നാം ചിലപ്പോൾ നമുക്കുനേരെ ചാടിയടുക്ക വ്യാഘ്രത്തെ കാണുന്നു. ഇരുട്ടിൽ നാം കയറിനെ പാമ്പായി തെറ്റിദ്ധരിക്കുന്നു. ഇവിടെയെല്ലാം നാമറിയാതെതന്നെ ഇല്ലാത്തതിനെ ഉള്ളതായിക്കണ്ട് അതിന്റെ പരിണിത വികാരങ്ങളെ അനുഭവിക്കുകയാണു ചെയ്യുന്നതു. അതിൽനിന്നും പുറത്തുവരാൻ നാം സ്വപ്നത്തിൽനിന്നുണരുകയോ, കയറിൽ പ്രകാശം പരക്കുകയോ വേണം. യഥാർത്ഥത്തിൽ നാം ചെയ്യേണ്ടത് ജനനമരണങ്ങളാകുന്ന ഈ സംസൃതിയിൽ നിന്നും സ്വയം രക്ഷപ്പെടുകയാണു. അതിനായുള്ള ഒരേയൊരുവഴി സത്സംഗത്തിലൂടെ ഈശ്വരനേയും തന്നേയും അറിയുക എന്നുള്ളതാണു. ഭഗവാൻ വാസുദേവന്റെ ഭക്തനാകാതെ ജ്ഞാനവും അതുപോലെ മോക്ഷവും അസംഭവ്യമാണു. ഹേ രാജേന്ദ്രാ!, ആരാണോ ഭഗവാനെ ശ്രദ്ധാഭക്തിസമന്വിതം ആരാധിക്കുകയും, ആ കരുണാമയന്റെ മഹിമകളുടെ ശ്രവണമനനാദികളിലൂടെ തന്തിരുവടികളിൽ ആശ്രയം കൊള്ളുകയും ചെയ്യുന്നത്, അവൻ ആ പരമാത്മാവിനെ മുഖാമുഖം കണ്ട് സായൂജ്യമടയുന്നു. ശ്രദ്ധയോടും ഭക്തിയോടും കൂടി അവന്റെ ചരിതങ്ങളെ കീർത്തിക്കുന്ന പുണ്യസ്ഥലത്തെത്തി ആ സത്ചിദാനന്ദാമൃത്തിന്റെ ഒരു കണികയെങ്കിലും നുകരാൻ ഭാഗ്യം സിദ്ധിച്ചാൽ, ഒരുവൻ തന്റെ വിശപ്പും ദാഹവും പോലും മറക്കുന്നു. അവൻ സകല ഭയങ്ങളിൽനിന്നും ദുഃഖങ്ങളിൽനിന്നും മായയിൽനിന്നും എന്നെന്നേയ്ക്കുമായി മുക്തനാകുന്നു. ജീവഭൂതങ്ങൾ വിശപ്പ്, ദാഹം തുടങ്ങിയ ശരീരധർമ്മങ്ങളെക്കൊണ്ട് പൊറുതിമുട്ടുമ്പോൾ അവർക്ക് ഭഗവദഭിമുഖമായിത്തിരിയാൽ സന്ദർഭമൊരുങ്ങുന്നില്ല. പ്രജാപതിമാർക്കെല്ലാം പ്രജാപതിയായ ബ്രഹ്മദേവൻ, ശങ്കരൻ, മനു, ദക്ഷൻ, സനകാദികുമാരന്മാർ, മരീചി, അത്രി, അംഗിരസ്സ്, പുലസ്ത്യൻ, പുലഹൻ, ക്രതു, ഭൃഗു, വസിഷ്ഠൻ, നാരദനെന്ന ഞാൻ; ഞങ്ങളെല്ലാംതന്നെ വേദവിത്തുക്കളും ഭഗവദ്ഭക്തന്മാരുമാണു. ഞങ്ങളെല്ലാം ബ്രഹ്മചര്യം കൊണ്ടും തപസ്സുകൊണ്ടും ധ്യാനം കൊണ്ടും വിദ്യകൊണ്ടും ഉയർന്നവരാണു. എന്നാൽപോലും ആ പരമപുരുഷന്റെ മഹിമകളെ ഉള്ളവണ്ണം അറിയാൻ ഞാങ്ങൾക്ക് സാധിച്ചിട്ടില്ല. അനന്തമായ വേദങ്ങളുടെ അധ്യയനങ്ങളിലൂടെയോ വേദമന്ത്രങ്ങളെക്കൊണ്ട് മറ്റുള്ള ദേവതകളെ ആരാധിക്കുന്നതിലൂടെയോ അവനെ അറിയാൻ സാധിക്കുകയില്ല. എന്നാൽ ഒരുവൻ പൂർണ്ണമായും ഭഗവദാരാധയിലേർപ്പെട്ടുകഴിയുമ്പോൾ, കാരുണ്യവാനായ ഭഗവാൻ അവനിൽ സമ്പ്രീതനാകുന്നു. ആ സമയം, ഭക്തൻ സകല ഭൌതികകർമ്മങ്ങളും വേദോക്തങ്ങളായ യജ്ഞാദി സകാമകർമ്മങ്ങളും ഉപേക്ഷിക്കുന്നു.

ഹേ പ്രാചീനബർഹിസ്സേ!, ജീവിതത്തിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്നവയായി തോന്നുമെങ്കിലും, വേദോക്തങ്ങളായ ആചാരങ്ങളേയും അവയുടെ അനുഷ്ഠാനങ്ങളെയും സ്വാർത്ഥങ്ങളായോ അഥവാ, ജീവിതത്തിന്റെ പരമമായ ലക്ഷ്യമായോ കാണരുതു. അല്പബുദ്ധികളാണ് അവയെ ജീവിതത്തിൽ എല്ലാമായിക്കാണുന്നതു. യഥാർത്ഥത്തിൽ വേദങ്ങളുടെ താത്പര്യം മോക്ഷപ്രാപ്തിയാണെന്ന് അവർ ഒരിക്കലും അറിയുന്നില്ല. നിത്യമായതിനെ അവഗണിച്ചുകൊണ്ട് അവർ അനിത്യമായതിന്റെ പിറകേ അലയുകയാണ് ചെയ്യുന്നതു. ഹേ രാജൻ!, ഈ ലോകം മുഴുവൻ സകാമകർമ്മങ്ങളുടെ പിറകേയാണു. ജീവിതത്തിൽ ഇന്നോളം അങ്ങനുഷ്ഠിച്ച യജ്ഞങ്ങളിലും അർപ്പിച്ച മൃഗബലികളിലും താങ്കൾ ഒരുപക്ഷേ അഹങ്കരിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുണ്ടാകാം. എന്നാൽ ജളത്വം കൊണ്ട് അങ്ങറിയുന്നില്ല ഭക്തിയിലൂടെ മാത്രമേ അവൻ പ്രസാദിക്കുകയുള്ളുവെന്നു. ഇനിയുള്ളകാലം അങ്ങയുടെ ജീവിതലക്ഷ്യം നിത്യനായ ഈശ്വരനെ പ്രസാദിപ്പിക്കുകയെന്നുള്ളതാകട്ടെ!. വിദ്യയിലൂടെയും ജ്ഞാനത്തിലൂടെയും നേടേണ്ടത് അവന്റെ അനുഗ്രഹം മാത്രമാണു. അന്തര്യാമിയായ ശ്രീഹരി ദേഹം സ്വീകരിച്ചിട്ടുള്ള എല്ലാ ജീവഭൂതങ്ങളിലും അവയുടെ സുഹൃത്തും വഴികാട്ടിയുമായി നിറഞ്ഞിരിക്കുന്നു. ഇവിടെ സകലകർമ്മങ്ങളുടേയും ഏകനായ നിയന്താവ് അവൻ മാത്രമാണു. അവൻ സകല ജീവഭൂതങ്ങൾക്കും ആത്മമിത്രമാണു. അതുകൊണ്ട് എല്ലാവരും അവനിൽ അഭയം പ്രാപിക്കേണ്ടത് അത്യാവശ്യമാണു. അതിലൂടെ ജീവിതം ധന്യമാകുന്നു. അവന്റെ ഭക്തർക്ക് ഇവിടെ ഒന്നിനോടും യാതൊരു ഭയവുമില്ല. കാരണം, തങ്ങൾക്ക് താങ്ങും തണലുമായി തങ്ങളുടെ ആത്മസുഹൃത്തിന്റെ സാന്നിധ്യത്തെ അവർ എപ്പോഴും അനുഭവിച്ചറിയുന്നു. ഇതറിയുന്നവൻ ജ്ഞാനിയാണു. ജ്ഞാനി സദാ ഗുരുവിന്റെ രൂപത്തിൽ ലോകത്തിന് വഴികാട്ടിയാകുന്നു. അങ്ങനെയുള്ള ആചാര്യന്മാർ ഭഗവാനിൽനിന്നും വേറേയല്ലെന്നറിയുക.

ഹേ പുരുഷഋഷഭാ!, അങ്ങ് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഞാൻ ഉത്തരം പറഞ്ഞുകഴിഞ്ഞു. ഇനി മഹത്തുക്കളാൽ സമ്മതമായതും പരമരഹസ്യമായതുമായ മറ്റൊരു സംഗതിയെക്കുറിച്ച് കേട്ടുകൊള്ളുക.

നാരദർ തുടർന്നു: ഹേ രാജൻ!, മനോഹരമായ ഒരുദ്യാനത്തിൽ തന്റെ ഇണയോടൊപ്പം പുല്ലുതിന്നുകൊണ്ടിരിക്കുന്ന ഒരു മാനിനെ മനസ്സിൽ സങ്കൽപ്പിക്കുക. തന്റെ കർമ്മത്തിൽ അവൻ അങ്ങേയറ്റം ആസക്തനാണു. പുല്ലുതിന്നുന്നതിനിടയിൽ വണ്ടുകളുടെ മൂടിപ്പാട്ടുകൾ അവൻ ആന്ദത്തോടെ ആസ്വദിക്കുന്നു. ഹേ പ്രാചീനബർഹിസ്സേ!, അവന്റെ മനസ്സിനെ അടുത്തറിയാൻ ശ്രമിക്കൂ!. ഭോഗാസക്തനായ ആ മാൻ തന്റെ തൊട്ടുമുന്നിൽ നിൽക്കുന്ന കടുവയെ കാണുന്നില്ല. പിറകിൽ കൂരമ്പുകളുമായി അവനുനേരേ ഉന്നം പിടിച്ചുനിൽക്കുന്നു, ഒരു വേട്ടക്കാരൻ. ആ അവസരത്തിൽ മാനിന്റെ മരണം സുനിശ്ചിതം.

ഹേ രാജൻ!, പൂക്കൾ തുടക്കത്തിൽ മണം പരത്തുന്നു. എന്നാൽ ക്രമേണ അവയുടെ സുഗന്ധം കുറഞ്ഞുവരുകയും, അവസാനം അവ അഴുകിനാറുകയും ചെയ്യുന്നു. അതുപോലെ സ്ത്രീയും തുടക്കത്തിൽ ആനന്ദത്തെ പ്രദാനം ചെയ്യുന്നുവെങ്കിലും ഒടുവിൽ ദുഃഖംതന്നെ സമ്മാനിക്കുന്നു. കാരണം, സ്ത്രീരൂപം മായയുടെ മൂർത്തരൂപമാണു. സ്തീയോടൊപ്പം ജീവൻ എപ്പോഴും കാമാതുരനായിരിക്കും. അങ്ങനെ എല്ലാവിധത്തിലും ഇന്ദ്രിയസുഖം അനുഭവിച്ചുകൊണ്ട്, കുടുംബജീവിതത്തിൽ അവൻ സകല സൌഭാഗ്യങ്ങളും കാണുന്നു. വണ്ടുകളുടെ മൂളലിലെന്നപോലെ, ഭാര്യയുടേയും കുട്ടികളുടേയും കളിചിരിയിൽ അവൻ അങ്ങേയറ്റം ആനന്ദം കണ്ടെത്തുന്നു. തൊട്ടുമുന്നിൽ കാലം നിൽക്കുന്നതവൻ അറിയുന്നില്ല. ദിനരാത്രങ്ങളായി കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്ന ജീവിതത്തെക്കുറിച്ചവൻ ഓർക്കുന്നില്ല. പിറകിൽനിന്നും വായും പിളർന്നടുക്കുന്ന യമദൂതന്മാരായ കാലസർപ്പത്തെ അവൻ കാണുന്നില്ല. ഹേ മഹാരാജൻ! താങ്കളിവിടെ ഓരോ നിമിഷവും നാനാവശങ്ങളിൽനിന്നും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണു. രാജൻ!, ഈ മാനിന്റെ കഥയുടെ പിന്നിലെ തത്വം ആത്മവിദ്യയാണു. സ്വയത്തെ ഉള്ളവണ്ണം അറിയാൻ ശ്രമിക്കുക. ജീവിതാവസാനംവരെ നീണ്ടുപോകുന്ന സകാമകർമ്മാനുഷ്ഠാനങ്ങളിലൂടെ സ്വർഗ്ഗരാജ്യത്തെ കാമിക്കുന്ന ഈ പതിവ് ഇവിടെ അവസാനിപ്പിക്കുക. ജീവിതത്തിന്റെ അന്ത്യവേളയിലും അങ്ങ് നയിക്കുന്ന ഈ ഗൃഹസ്ഥാശ്രമജീവിതത്തിൽനിന്നും വിരമിച്ച് സത്സംഗത്തിലൂടെ ഇന്നുമുതൽ ഭഗവാനിൽ ആശ്രയം കൊള്ളുക. അങ്ങനെ ഭൌതികാശയെ വിട്ടൊഴിയുക.

പ്രാചീനബർഹിസ്സ് പറഞ്ഞു: ഹേ ബ്രഹ്മർഷേ!, അങ്ങ് പറഞ്ഞതെല്ലാം ഞാൻ ശ്രദ്ധയോടെ ഗ്രഹിച്ചുകഴിഞ്ഞു. പക്ഷേ എന്നെ തുടക്കത്തിൽ കർമ്മം ചെയ്യാൻ പ്രേരിപ്പിച്ച ആ ആചാര്യന്മാർ ഈ രഹസ്യത്തെ അറിയുന്നുണ്ടായിരുന്നില്ല. ഒരുപക്ഷേ, അറിയുമായിരുന്നെങ്കിൽ എന്തിനവരെന്നെ വ്യർത്ഥമായ ഈ കർമ്മസഞ്ചയങ്ങളിലേക്ക് തള്ളിവീഴ്ത്തണം?. അങ്ങ് പറയുന്നതും പൂർവ്വികാചാര്യന്മാർ എന്നെ പഠിപ്പിച്ച പാഠങ്ങളും തമ്മിൽ വളരെ വ്യത്യസ്ഥങ്ങളാണു. ഇപ്പോൾ എനിക്ക് ഭക്തിയെന്തെന്നും ജ്ഞാനെമെന്തെന്നും സന്യാസമെന്തെന്നും പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞു. എനിക്കുണ്ടായിരുന്ന സകല സന്ദേഹങ്ങളും ആങ്ങ് നീക്കിയിരിക്കുന്നു. ജീവിതത്തിന്റെ പരമമായ സത്യമെന്തെന്നുള്ളതിൽ യോഗികൾപോലും എങ്ങനെയാണിവിടെ മോഹിക്കപ്പെടുന്നതെന്നു ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ഓരോ ജീവന്മാരും തങ്ങൾ ഈ ജന്മത്തിൽ ചെയ്യുന്ന കർമ്മങ്ങളുടെ ഫലമാണ് വരും ജന്മങ്ങളിലനുഭവിക്കുന്നതു. മുജ്ജന്മകർമ്മഫലം ജീവന്മാർ വരുംജന്മങ്ങളിൽ അനുഭവിക്കുന്നുവെന്ന് വേദപണ്ഢിതന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ യാതൊരു ശരീരത്തിലൂടെയാണോ, പോയ ജന്മങ്ങളിൽ ജീവൻ തന്റെ കർമ്മങ്ങളെ ചെയ്തുകൊണ്ടിരുന്നത്, അത് കാലാന്തരത്തിൽ അവന് ഉപേക്ഷിക്കേണ്ടിവരുന്നല്ലോ. മഹർഷേ!, അങ്ങനെയിരിക്കെ, എന്തുകൊണ്ടാണ് കഴിഞ്ഞ ജന്മങ്ങളിലെ കർമ്മഫലം മറ്റൊരു ശരീരത്തിലൂടെ ഒരു ജീവൻ അനുഭവിക്കേണ്ടിവരുന്നതു?

നാരദർ പറഞ്ഞു: രാജൻ!, സ്ഥൂലശരീരത്തിലൂടെയാണ് ജീവൻ ഒരു ജന്മത്തിൽ തന്റെ കർമ്മങ്ങളെ ചെയ്യുന്നതു. പക്ഷേ, സ്ഥൂലശരീരത്തിനെ കർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് മനസ്സ് ബുദ്ധി അഹങ്കാരം എന്നിവയടങ്ങിയ സൂക്ഷ്മശരീരമാണു. സ്ഥൂലശരീരം നശിച്ചതിനുശേഷവും സൂക്ഷ്മശരീരം യാതൊരു മാറ്റവും കൂടാതെ ജീവനോടൊപ്പം നിലനിൽക്കുന്നു. ഉറങ്ങുമ്പോൾ ജീവൻ ഈ സ്ഥൂലശരീരവുമായുള്ള പ്രവൃത്തിസംബന്ധമായ ബന്ധത്തെ ഉപേക്ഷിക്കുന്നു. ആ സമയം മനസ്സുകൊണ്ടും ബുദ്ധികൊണ്ടും അവൻ സൂക്ഷ്മശരീരത്തിലൂടെ പലപല ഭാവങ്ങളിൽ പ്രവർത്തിക്കുന്നു. സ്ഥൂലശരീരം ഉപേക്ഷിച്ചതിനുശേഷം ജീവൻ മറ്റൊരു ശരീരത്തെ സ്വീകരിച്ച് ഈ ലോകത്തിൽതന്നെയോ അഥവാ, മറ്റേതെങ്കിലും ലോകങ്ങളിലോ തന്റെ പ്രാരബ്ദത്തെ അനുഭവിക്കുന്നു. ഓരോ ജന്മങ്ങളിലും താനിരിക്കുന്ന ശരീരത്തെ ആസ്പദമാക്കി ജീവൻ ഞാനിതാണ്, ഞാനതാണ്, ആയതിനാൽ ഇന്നതൊക്കെ എനിക്കിവിടെ ചെയ്യേണ്ടതുണ്ടു എന്ന് സ്വയം തെറ്റിദ്ധരിക്കുന്നു. പക്ഷേ, അതെല്ലാംതന്നെ മനസ്സിന്റെ തികച്ചും താൽക്കാലികമായ കണക്കുകൂട്ടലുകളാണെന്നറിയുക. എന്നിരുന്നാലും, കാരുണ്യവാനായ ഹരിയുടെ അനുഗ്രഹം കൊണ്ട് ജീവന് പുതിയ ഒരു ജന്മം കിട്ടുകയും, അതിലൂടെ തന്റെ മനസ്സിന്റെ ഈ കപടനാടകങ്ങളെ ആസ്വദിക്കുവാനും അവയെ തിരിച്ചറിയുവാനുമുള്ള അവസരം ലഭ്യമാകുകയും ചെയ്യുന്നു. ഒരു മനുഷ്യന്റെ പ്രവർത്തികളെ സസൂക്ഷ്മം വീക്ഷിച്ചാൽ അവന്റെ മാനസീകാവസ്ഥയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും. അതുപോലെ, ഒരു വ്യക്തിയുടെ മാനസീകവും ബൌദ്ധികവുമായ അവസ്ഥയിൽനിന്നും അവന്റെ പഴയ ജന്മത്തെക്കുറിച്ച് അറിയാൻ സാധിക്കും.

ചില പ്രത്യേക അവസ്ഥകളിൽ നാം മുമ്പെങ്ങും ഈ വർത്തമാനശരീരത്തിലൂടെ അനുഭവിച്ചിട്ടില്ലാത്തെ ചില വികാരങ്ങളെ അനുഭവിക്കാറുണ്ടു. ഹേ രാജൻ!, ഇപ്പറഞ്ഞ സൂക്ഷ്മമായ മനസ്സിന്റെ സ്വാധീനത്താൽ ജീവൻ കഴിഞ്ഞ ജന്മങ്ങളിൽ അനുഭവിച്ചിട്ടുള്ള വസ്തുതകളെ വർത്തമാനജന്മത്തിലും അനുഭവിക്കുന്നുവെന്നുള്ളതിൽ സംശയമില്ല. ജീവൻ ഈ ജന്മത്തിലോ കഴിഞ്ഞ ജന്മങ്ങളിലോ അനുഭവിച്ചിട്ടില്ലാത്ത യാതൊരനുഭങ്ങളും വർത്തമാനജന്മത്തിലുണ്ടാകുന്നില്ല എന്നത് സത്യമാണു. ജീവന് പ്രകൃതിയുമായിയുള്ള ബന്ധത്തെ അടിസ്ഥാനമാക്കി, വരും ജന്മങ്ങളിൽ ഏതുവിധമുള്ള ശരീരത്തെ സ്വീകരിക്കണെമെന്നുള്ളതിന് മനസ്സാണ് സർവ്വപ്രധാനമായ കാരണം. ഒരാളുടെ മനസ്സിന്റെ സ്വഭാവത്തെയനുസരിച്ച് അയാൾ കഴിഞ്ഞ ജന്മത്തിൽ സ്വീകരിച്ചതും അതുപോലെ വരും ജന്മത്തിൽ സ്വീകരിക്കുവാൻപോകുന്നതുമായ ശരീരങ്ങൾ ഏതൊക്കെതരങ്ങളിലുള്ളവയാണെന്ന് സ്ഥിതീകരിക്കുവാൻ സാധ്യമാണു. അതുകൊണ്ട്, ഈ ജന്മത്തിൽ അനുഭവിച്ചിട്ടില്ലാത്ത ഏതെങ്കിലും വസ്തുതകൾ നമ്മുടെ സ്വപ്നത്തിൽ അനുഭവയോഗ്യമായിവന്നാൽ, അത് കഴിഞ്ഞ ജന്മത്തിൽ മറ്റൊരു ശരീരത്തിലൂടെ പലകാലങ്ങളിൽ, പലസമയത്ത്, പല സാഹചര്യങ്ങളിൽ ഈ ജീവൻ അനുഭവിച്ചറിഞ്ഞിട്ടുള്ളവയാണെന്ന് മനസ്സിലാക്കുക. സ്ഥൂലശരീരം മാറുമ്പോഴും സൂക്ഷ്മശരീരാംശമായ മനസ്സ് ജീവനോട് ചേർന്നുനിൽക്കുകയും, ജീവന്റെ ആഗ്രങ്ങൾ അത് എന്നെന്നേയ്ക്കുമായി കുറിച്ചിടുകയും ചെയ്യുന്നു. തുടർന്ന്, വരും ജന്മങ്ങളിൽ അവയുടെ അനുഭവം ജീവന് ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു. എന്നാൽ വർത്തമാനശരീരത്തിലൂടെ തനിക്ക് മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത പ്രസ്തുത അനുഭങ്ങൾ തികച്ചും പുതിയതായി ജീവൻ തെറ്റിദ്ധരിക്കുന്നു.

എന്നാൽ, ഭഗവാനിൽ നിമഗ്നമായ മനസ്സിലാകട്ടെ, സർവ്വതും സുവ്യക്തമായിത്തന്നെ സർവ്വദാ തെളിഞ്ഞുനിൽക്കുന്നു. ഇടയ്ക്കിടെ മറഞ്ഞാൽപോലും, അവ്യക്തമായ രാഹു ഗ്രഹണത്തിനുശേഷം ചന്ദ്രന്റെ വെളിച്ചത്താൽ പ്രകടമാകുന്നതുപോലെ, അവ മനസ്സിൽ അനുഭഗയോഗ്യമായിത്തന്നെയുണ്ടാകുന്നു. മനസ്സ്, ബുദ്ധി, അഹങ്കാരം മുതലായ പ്രകൃതിതത്വങ്ങളാൽ നിർമ്മിതമായ സൂക്ഷ്മശരീരം ജീവനോടൊപ്പം നിലനിൽക്കുന്ന കാലത്തോളം, ഞാനെനും എന്റേതെന്നുമുള്ള ഭാവങ്ങളും ജീവനെ വിട്ടുപിരിയുന്നില്ല. എന്നാൽ, തുരീയാവസ്ഥയിലും അബോധാവസ്ഥയിലും ഏതെങ്കിലും കാരണത്താൽ പെട്ടെന്നുണ്ടാകുന്ന നടുക്കങ്ങളിലും മരണസമയത്തും അതുപോലെയുള്ള മറ്റു സാഹചര്യങ്ങളിലും ശരീരത്തിൽ പ്രാണചലനം നിലക്കുകയും, ആ സമയം ജീവൻ ശരീരവും താനുമായുള്ള ബന്ധത്തെ മറന്നുപോകുകയും ചെയ്യുന്നു.  യൌവ്വനാവസ്ഥയിൽ പത്തിന്ദ്രിയങ്ങളും മനസ്സും പൂർണ്ണമായും വ്യക്താവസ്ഥയിൽ നിലകൊള്ളുന്നു. എന്നാൽ, അമ്മയുടെ ജഠരത്തിലോ അഥവാ കുട്ടിക്കലത്തിലോ ആയിരിക്കുമ്പോൾ, അമാവാസിയിൽ ചന്ദ്രനെന്നതുപോലെ, അവ അവ്യക്തഭാവത്തിൽ നിലകൊള്ളുന്നു. സ്വപ്നാവസ്ഥയിൽ വിഷയങ്ങൾ അവ്യക്തമായി നിലകൊള്ളുന്നു. എങ്കിലും, ജീവന് വിഷയങ്ങളുമായി നിരന്തരമായുള്ള സമ്പർക്കത്താൽ അവ സ്വപ്നത്തിലും വ്യക്തമായി ജീവന് അനുഭവയോഗ്യമായിത്തീരുന്നു. അതുപോലെ, ഇന്ദ്രിയങ്ങൾ പ്രവർത്തിക്കാത്ത അവസ്ഥകളിൽപോലും ജീവൻ വിഷയങ്ങളുമായുള്ള സമ്പർക്കം ഒഴിയുന്നില്ല. അഞ്ച് വിഷയങ്ങളും അഞ്ച് കർമ്മേന്ദ്രിയങ്ങളും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും മനസ്സും ചേർന്നതാണ് മൂലപ്രകൃതിയുടെ പതിനാറ് തത്വങ്ങൾ. അവയോടൊപ്പം ചേർന്നുകൊണ്ട് ജീവൻ ത്രിഗുണങ്ങളുടെ സ്വാധീനത്തിൽ പെട്ടുപോകുന്നു. ഈവിധമാണ് ജീവൻ ഇവിടെ വർത്തിക്കുന്നതു. ഇങ്ങനെ ജീവഭൂതങ്ങൾ വ്യത്യസ്ഥങ്ങളായ ശരീരങ്ങളെ സ്വീകരിക്കുകയും ത്യജിക്കുകയും ചെയ്യുന്നു. അതിലൂടെ ജീവന്മാർ ഭൂമിയിൽ സുഖദുഃഖങ്ങളെ മാറിമാറി അനുഭവിക്കുന്നു. പുഴുക്കൾ സഞ്ചരിക്കുമ്പോൾ ഒരില പൂർണ്ണമായി ഉപേക്ഷിക്കുന്നതിനുമുന്നേതന്നെ മറ്റൊരിലയിൽ ചാടിക്കടക്കുന്നതുപോലെ, ജീവനും ഒരു ശരീരം ഉപേക്ഷിക്കുന്നതിനുമുന്നേതന്നെ മനസ്സ് എന്ന സ്ഥൂലതത്വത്തിന്റെ സഹായത്തോടെ ഭാവിശരീരത്തെ സാങ്കല്പികമായിത്തന്നെ സ്വീകരിക്കുന്നു. കാരണം, മനസ്സാണ് ഇതിനുപിന്നിൽ ആധാരമായി നിൽക്കുന്ന ഏക വസ്തു.  ഇന്ദ്രിയസംതൃപ്തിക്കുവേണ്ടി ശ്രമിക്കുന്നിടത്തോളം ജീവൻ കർമ്മങ്ങളിൽ ആസക്തനാകുന്നു. ജീവൻ ആയതിനുവേണ്ടി കർമ്മക്ഷേത്രത്തിൽ പ്രവർത്തിക്കുമ്പോൾ അവൻ ഇന്ദ്രിയങ്ങളാൻ സുഖിക്കുകയും, ആ സുഖത്തിനിടയിൽത്തന്നെ കൂടുതൽ സുഖത്തിനുവേണ്ടി മറ്റു കർമ്മങ്ങളിൽ വ്യാപൃതനാകുകയും ചെയ്യുന്നു. ഇങ്ങനെ അവൻ സംസാരത്തിൽ അകപ്പെട്ടുപോകുകതന്നെ ചെയ്യുന്നു. ഹേ രാജൻ!, ഈ പ്രപഞ്ചം ഭഗവാന്റെ ഇച്ഛയാൽ ഉണ്ടാകുന്നു, പാലിക്കപ്പെടുന്നു, അതുപോലെതന്നെ പ്രലയിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അതിലെ സകല ചരാചങ്ങളും അവന്റെ അധീനതയിലാണെന്നറിയുക. ഈ ജ്ഞാനംകൊണ്ടനുഗ്രഹീതനാകുവാൻ ഒരുവന് അവനിൽ ശരണം പ്രാപിക്കേണ്ടതുണ്ടു.

മൈത്രേയൻ പറഞ്ഞു: ഹേ ഭാഗവതനായ വിദുരരേ!, അങ്ങനെ നാരദമഹാമുനി പ്രാചീനബർഹിസ്സിനെ ജീവാത്മപരമാത്മതത്വത്തെ പറഞ്ഞനുഗ്രഹിച്ചു. അദ്ദേഹത്തെ ഭഗവദഭിമുഖനാക്കിമാറ്റിയതിനുശേഷം, മഹർഷി സിദ്ധലോകത്തിലേക്ക് തിരിച്ചുപോയി. തുടർന്ന്, തന്റെ പുത്രന്മാരെ രാജ്യഭാരമേൽപ്പിച്ച്, രാജാവും തപസ്സിനായി കപിലാശ്രമമെന്ന പുണ്യസ്ഥാനത്തിലേക്ക് യാത്രയായി. പിന്നീടുണ്ടായ തീവ്രമായ സാധനകളിലൂടെ പ്രാചീനബർഹിസ്സ് സകലവിധ ഭൌതികതയിൽനിന്നും നിവൃത്തനായി. ഭക്തിയോടെ ഭഗവാൻ ശ്രീവാസുദേവനെ ഭജിച്ചുകൊണ്ട് ഭഗവദ്സായൂജ്യത്തിന് പാത്രീഭൂതനായിമാറി. പ്രിയവിദുരരേ!, ജീവാത്മപരമാത്മബന്ധത്തെക്കുറിച്ചുള്ള നാരദമഹർഷിയുടെ ഈ പ്രതിപാദനം ഭക്തിയോടെ കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യുന്നവർ ശരീരാത്മബോധത്തിൽനിന്നും നിവർത്തിച്ച് ജീവന്മുക്തനായിത്തീരുന്നു. നാരദമഹർഷി പ്രാചീനബർഹിസ്സിനരുളിച്ചെയ്ത ഈ അദ്ധ്യാത്മതത്വം ഈ പ്രപഞ്ചത്തെതന്നെ ശുദ്ധമാക്കുന്നതാണു. ഇത് കേൾക്കുകയും പഠിക്കുകയും ചെയ്യുന്ന ജീവന്മാരുടെ ഹൃദയം പവിത്രമാകുകയും അതിൽ ആത്മജ്ഞാനം നിറയുകയും അവൻ സർവ്വ ബന്ധനങ്ങളിൽനിന്നും മുക്തനായി ദുഃസ്തരമായ സംസാരത്തിനെ മറികടക്കുകയും ചെയ്യുന്നു. പുരഞ്ജനചരിത്രത്തിന്റെ താത്വികാവലോകനമായ ഈ അദ്ധ്യാത്മവിദ്യ ഞാൻ എന്റെ ഗുരുനാഥനിൽനിന്നും കേട്ടറിഞ്ഞതാണു. ഇതിനെ ഗ്രഹിക്കുവാൻ കഴിയുന്നവൻ ഇഹത്തെക്കുറിച്ചും പരത്തെക്കുറിച്ചും അറിവുള്ളവനായിമാറുന്നു. ഇതിനെ പഠിക്കുന്നതിലൂടെ ജീവന് തന്റെ പുനർജന്മരഹസ്യത്തെക്കുറിച്ച് അറിയാൻ സാധിക്കുന്നു.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തിയൊമ്പതാമധ്യായം സമാപിച്ചു.
ഓം തത് സത്.

PuranjanOpakhyanamഅഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ