2019, മാർച്ച് 1, വെള്ളിയാഴ്‌ച

4.25 പുരഞ്ജനോപാഖ്യാനം - 1


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 25
(പുരഞ്ജനോപാഖ്യാനം - 1)


  മൈത്രേയൻ പറഞ്ഞു: വിദുരരേ! പ്രചേതസ്സുകൾക്ക് മഹാദേവൻ ഭഗവദ്തത്വത്തെ പറഞ്ഞുകൊടുത്തു. അവർ വന്ദിച്ചുനിൽക്കുന്ന സമയം രുദ്രൻ അവിടെനിന്നും മറഞ്ഞരുളി. അനന്തരം, പ്രചേതസ്സുകൾ പതിനായിരം വർഷക്കാലം ജലത്തിൽ തപം ചെയ്തുവാണു. എന്നാൽ, ആ സമയം പ്രാചീനബർഹിസ്സാകട്ടെ, പലേതരം സകാമകർമ്മാനുഷ്ഠാനങ്ങൾക്ക് പിന്നാലെയായിരുന്നു. കാരുണ്യവാനായ നാരദമഹർഷി ബർഹിശത്തിന്റെ കർമ്മാസക്തിക്ക് അറുതിവരുത്തുവാനും അദ്ദേഹത്തെ ഭഗവദഭിമുഖമാക്കിത്തീർക്കുവാനുമായി ഒരിക്കൽ അദ്ദേഹത്തിന്റെ കൊട്ടാരം സന്ദർശിക്കുകയുണ്ടായി. മഹർഷി പ്രാചീനബർഹിസ്സിനോട് ചോദിച്ചു: ഹേ രാജൻ!, അങ്ങ് വളരെക്കാലമായി ഇങ്ങനെ പലതരം കാമ്യകർമ്മങ്ങളിൽ ഏർപ്പെട്ടുജീവിക്കുന്നു. എന്താണ് ഈ കർമ്മങ്ങളിലൂടെ അങ്ങ് ലക്ഷ്യമിടുന്നതു? ജീവിതത്തിൽ സകലരും ആഗ്രഹിക്കുന്നത് ദുരിതങ്ങൾ തീർന്ന് മനസ്സിൽ സന്തോഷവും സമാധാനവുമുണ്ടാക്കുവാനാണു. എന്നാൽ ഇവ രണ്ടും അങ്ങയുടെ ഈ കർമ്മാനുഷ്ഠാനങ്ങളിലൂടെ അസാധ്യമാണെന്ന് മനസ്സിലാക്കുക.

രാജാവ് പറഞ്ഞു: ഹേ മഹർഷേ!, അവിടുത്തെ നിഗമനം സത്യമാണു. എന്റെ മനസ്സ് എപ്പോഴും സകാമകർമ്മങ്ങൾക്ക് പിറകേയാണു. അതുകൊണ്ട് ഞാൻ ഈ ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. അവിടുന്ന് ദയവായി എന്നിൽ ആ ജ്ഞാനത്തെ പ്രദാനം ചെയ്ത് കർമ്മവലയത്തിൽനിന്നും രക്ഷിച്ചനുഗ്രചിച്ചാലും. എന്നെപ്പോലുള്ളവർ ഗൃഹമേധികളായി പുത്രദാരങ്ങളോടൊപ്പം ഗൃഹാണ്ഡകൂപത്തിൽനിന്നും ഒരിക്കൽപോലും വിരമിക്കാനാഗ്രഹിക്കാതെ ധനസമ്പാദനാർത്ഥം പലേ വേലകൾചെയ്തുകൊണ്ട് സംസാരത്തിൽനിന്ന് കരകയറാതെ ജന്മാന്തരങ്ങളായി അലഞ്ഞുകൊണ്ടേയിരിക്കുന്നു. ഞങ്ങൾക്കീ ജീവിതത്തിന്റെ പരമമായ അർത്ഥത്തെ ഗ്രഹിക്കുവാൻ സാധിക്കുന്നില്ല.

അതുകേട്ട് നാരദർ പറഞ്ഞു: ഹേ പ്രജാപതേ!, അങ്ങാകാശത്തേക്ക് നോക്കൂ!. ആ കൂട്ടംകൂടി നിൽക്കുന്നതെല്ലാം അങ്ങ് മുമ്പ് പലേതരം യജ്ഞങ്ങളിലൂടെ യാതൊരു ദയയോ കാരുണ്യമോ കൂടാതെ കൊന്നു ബലികഴിച്ച പാവം മൃഗങ്ങളാണു. ഹേ രാജൻ!, അവയെല്ലാം അങ്ങയുടെ മരണവും കാത്തുകഴിയുകയാണു. അങ്ങ് അവരിലേൽപ്പിച്ച മുറിവുകൾക്ക് പകരം ചോദിക്കാൻ കാത്തുനിൽക്കുകയാണവർ. അങ്ങയുടെ മരണശേഷം ആ മൃതശരീരത്തെ അവർ കൂർത്ത കൊമ്പുകൾകൊണ്ട് കുത്തിക്കീറി വികൃതമാക്കും.

ഈ അവസരത്തിൽ ഞാൻ അങ്ങയോടൊരു കഥ പറയാനാഗ്രിക്കുകയാണു. എന്നെ ശ്രദ്ധയോടെ കേൾക്കാൻ ശ്രമിക്കുക. പണ്ട് ഒരിടത്ത് പുരഞ്ജനൻ എന്ന പേരുള്ള ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം അങ്ങയെപ്പോലെ വിവിധതരം കർമ്മങ്ങളിലേർപ്പെട്ട് ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന് അവിജ്ഞാതൻ എന്നപേരിൽ ഒരു ആത്മസുഹൃത്തുമുണ്ടായിരുന്നു. പേരുപോലെതന്നെ ആർക്കും അവനെ ഉള്ളവണ്ണം അറിയാൻ സാധ്യമല്ലായിരുന്നു. എന്നാലും ആ സുഹൃത്ത് സദാസമയവും അദ്ദേഹത്തോടൊപ്പംതന്നെയുണ്ടായിരുന്നു.

പുരഞ്ജനൻ തനിക്ക് താമസയോഗ്യമായ ഒരിടം നോക്കി നടന്നു. പക്ഷേ, ലോകം മുഴുവൻ അന്വേഷിച്ചിട്ടും തന്റെ മനസ്സിനിണങ്ങിയ വാസസ്ഥലം കണ്ടുപിടിക്കാൻ അയാൾക്ക് സാധ്യമായില്ല. അദ്ദേഹം അതിനാൽ മാനസികമായി വളരെ തളർന്ന അവസ്ഥയിലായി. സദാ ആഗ്രഹങ്ങളുടെ കൂമ്പാരവും പേറി നടക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു പുരഞ്ജനൻ. കാമാതുരനായ അദ്ദേഹം തന്റെ മോഹം സാധ്യമാകാത്തതിൽ വളരെയധികം വ്യാകുലനായി. അങ്ങനെ വീണ്ടും അന്വേഷിച്ചുനടക്കുന്നതിനിടയിൽ, അങ്ങ് ഹിമാലയത്തിന്റെ തെക്കേയറ്റത്തെത്തിയപ്പോൾ ഭാരതവർഷം എന്ന ഒരു ദേശത്ത് സർവ്വലക്ഷണങ്ങളുമൊത്ത ഒമ്പത് വാതിലുകളുള്ള ഒരു പുരം അദ്ദേഹത്തിന്റെ കണ്ണിൽപെട്ടു. ധാരളം മതിലുകളും ഉപവനങ്ങളും മനോഹരങ്ങളായ ജനാലകളുള്ള കെട്ടിടങ്ങളുംകൊണ്ട് ആ പട്ടണം സകലവിധത്തിലും സുഖവാസയോഗ്യമായിരുന്നു. പലേതരം അമൂല്യരത്നങ്ങൾകൊണ്ട് നിർമ്മിച്ച ഭവനങ്ങളും അദ്ദേഹം അവിടെ കണ്ടു. നീലസ്ഫടികങ്ങൾ, വൈഢൂര്യം, രത്നങ്ങൾ, മരതകം, മുതലായവകൾ കൊണ്ടലംകൃതമായ ആ ഭവനങ്ങളെകണ്ടാൽ അത് സ്വർഗ്ഗീയനഗരമായ ഭോഗവതിയെപ്പോലെ തോന്നുമായിരുന്നു. പലതരം സഭകളും ചത്വരങ്ങളും വീഥികളും ക്രീഢാസ്ഥലങ്ങളും തെരുവുകളും ആ നഗരത്തിന്റെ മേന്മകളെ വിളിച്ചോതിക്കൊണ്ടിരുന്നു. അവിടെ ബാഹ്യ ഉപവനത്തിന്റെ നടുവിൽ ഒരു തടാകവും, അതിനെ ചുറ്റിനിൽക്കുന്ന വൃക്ഷലതാദികളും ആ പുരത്തിന്റെ മാറ്റുകൂട്ടി. ഭ്രമരങ്ങൾ അവിടെ വട്ടമിട്ട് മൂളിപ്പറന്നു. അരയന്നങ്ങളും മറ്റ് പക്ഷിക്കൂട്ടങ്ങളും ആ തടാകത്തിൽ നീന്തിക്കളിച്ചു. മൃഗങ്ങൾ പോലും ആ മനോഹാരിതയിൽ വൈരവും ശൌര്യവും മറന്ന് ശാന്തരായി. അവ ആരേയും ഉപദ്രിക്കാറില്ലായിരുന്നു. ആകയുള്ള അശാന്തത പക്ഷികളുടെ കൂജനങ്ങൾ മാത്രം. അതുവഴി പോകുന്ന ആരും അവിടെ ഇത്തിരിനേരമിരുന്ന് വിശ്രമിച്ചതിനുശേഷമേ മടങ്ങാറുള്ളായിരുന്നു.

ഒരുദിവസം പുരഞ്ജനൻ ആ ഉദ്യാനത്തിലൂടെ ഉലാത്തുകയായിരുന്നു. അപ്പോഴാണ് കുറച്ചകലെ അതിസുന്ദരിയായ ഒരു യുവതി അലസ്സമായി ആ തടാകക്കരയിലൂടെ നടക്കുന്നത് അദ്ദേഹത്തിന്റെ ദൃഷ്ടിയിപ്പെട്ടതു. അവൾ ഒറ്റയ്ക്കായിരുന്നില്ല. ചുറ്റും സേവകരായി പത്തുപേരുണ്ടായിരുന്നു. ഓരോ സേവകരേയും തങ്ങളുടെ നൂറുകണക്കിന് പത്നിമാർ അനുഗമിച്ചു. കൂടാതെ, നാലുവശങ്ങളിൽനിന്നും അവളെ അഞ്ചുതലകളുള്ള ഒരു നാഗം കാക്കുന്നുണ്ടായിരുന്നു. സുന്ദരിയും യൌവ്വനയുക്തയുമായ ആ നാരി തനിക്കനുരൂപനായ ഒരു വരനെത്തേടിനടക്കുകയാണെന്ന് പുരഞ്ജനന് തോന്നി. അവളുടെ ശരീരത്തിലെ ഓരോ അംഗങ്ങളും സൌന്ദര്യത്തിന്റെ പ്രതീകങ്ങളായിരുന്നു. കാതിൽ കുണ്ഢലങ്ങൾ ഇളകിയാടിക്കൊണ്ടിരുന്നു. മഞ്ഞപ്പട്ടുടുത്ത് അതിനുചുറ്റും പൊന്നരഞ്ഞാണമണിഞ്ഞ് ഒരു പ്രത്യേകതാളത്തിൽ അരക്കെട്ടുമിളക്കിക്കൊണ്ട് സ്വർഗ്ഗത്തിൽനിന്നും താണിറങ്ങിവന്ന ഒരു അപസരകന്യകയെപ്പോലെ അവൾ ആ പൂന്തോട്ടത്തിലൂടെ മന്ദം മന്ദം നടന്നു. അണിഞ്ഞിരുന്ന പൂമ്പട്ടിന്റെ അഗ്രംകൊണ്ട് അവൾ തന്റെ സ്തനങ്ങളെ കൂടെകൂടെ മറയ്ക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. നാണത്തിൽ കുണുങ്ങി അവൾ ആ ഉദ്യാനത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

പുരഞ്ജനൻ സ്വാഭാവികമെന്നോണം അവളിൽ ആകൃഷ്ടനായി. അവളുടെ നയനങ്ങളിൽന്നിന്നും ചിതറിത്തെറിക്കുന്ന കൂരമ്പുകൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ വന്നുതറച്ചുകൊണ്ടേയിരുന്നു. നാണത്തിൽ പൊതിഞ്ഞ പുഞ്ചിരിയിൽ മയങ്ങിയ പുരഞ്ജനൻ പെട്ടെന്നുതന്നെ അവളുടെയരികിലേക്ക് നടന്നടുത്തു. അയാൾ അവളോട് ചോദിച്ചു: ഹേ സുന്ദരീരത്നമേ!, നീ ആരാണ്? എവിടെനിന്ന് വരുന്നു? നീ ആരുടെ പുത്രിയാണു? നിന്നെ കണ്ടിട്ട് ഒരു സാധ്വീമണിയെപ്പോലെ തോന്നിക്കുന്നു. ഇവിടെ വന്നതിന്റെ ഉദ്ദേശമെന്താണു? നീയെന്താണിവിടെ ചെയ്യാൻ ശ്രമിക്കുന്നതു? ഹേ സുന്ദരീ!, ആരൊക്കൊയണ് നിന്നോടൊപ്പമുള്ള പതിനൊന്ന് അംഗരക്ഷകർ?. ആരാണീ പത്ത് സേവകന്മാർ?. അവരെ പിന്തുടരുന്ന സ്തീകൾ ആരൊക്കെയാണു?. ആരാണ് നിന്നെ നാലുവശങ്ങളിലുംനിന്ന് കാക്കുന്ന അഞ്ചുതലയുള്ള നാഗം? ഹേ സുന്ദരീ! നിന്നെ കണ്ടാൽ ലക്ഷ്മിയെപ്പോലെയോ പാർവ്വതിയെപ്പോലെയോ സരസ്വതിയെപ്പോലെയോ തോന്നുന്നു. അവരിലൊരുവളാണോ നീ എന്ന് നാമിപ്പോൾ സംശയിക്കുകയാണു. മുനീശ്വരന്മാരിലെ ശാന്തതയാണ് നാം നിന്നിൽ കാണുന്നതു. നീ നിന്റെ ഭർത്താവിനെ തിരയുകയാണോ? അരുടെ ഭാര്യയായിരുന്നാലും അവൻ മഹാഭാഗ്യവാനാണു. നിന്നെപ്പോലെ സുന്ദരിയും പതിവ്രതയായ ഒരു ഭാര്യ ഭൂമിയിൽ ഏതൊരു പുരുഷന്റേയും സ്വപ്നം തന്നെയാണു. നിന്റെ ഭർത്താവ് സകലൈശ്വര്യങ്ങളുമുള്ളവനാണെന്നുള്ളതിൽ യാതൊരു സന്ദേഹവും വേണ്ടാ. നീ ലക്ഷ്മീഭഗവതി തന്നെയെന്ന് ഞാനുറപ്പിക്കുന്നു. പക്ഷേ, അങ്ങനെയെങ്കിൽ നിന്റെ കയ്യിൽ ഒരു താമരപ്പൂവുണ്ടാകേണ്ടതാണു. അതെവിടെയാണ് നീ ഉപേക്ഷിച്ചതു? ഹേ ദേവീ!, നിന്റെ പാദം ഭൂമിയിൽ പതിച്ചിരിക്കുന്നതുകൊണ്ട് ഞാൻ ഒന്നുറപ്പിക്കുകയാണു. നീ ഞാൻ പറഞ്ഞവരിൽ ആരുംതന്നെയല്ല. പക്ഷേ ഈ ഭൂമിയിൽ ജനിച്ചവളാണെങ്കിൽ, ലക്ഷ്മീഭഗവതി ഭഗവാൻ നാരായണനൊപ്പം ചേർന്ന് വൈകുണ്ഠത്തിന്റെ ശോഭ വർദ്ധിപ്പിക്കുന്നതുപോലെ, നിനക്ക് നമ്മോടൊപ്പം ചേർന്നുകൊണ്ട് ഈ ഭൂമിയുടെ ശോഭയെ വർദ്ധിപ്പിക്കാൻ സാധിക്കും. ഞാൻ ധീരനും വീരനും ഈ ഭൂമിയിലെ കരുത്തനായ ഒരു  രാജാവുമാണു.

ഹേ കാമിനീ!, നിന്റെ വശ്യമായ നോട്ടം എന്റെ മനസ്സിനെ വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നു. നാണത്തിൽ കുതിർന്ന നിന്റെയീ പുഞ്ചിരി ഇന്നെന്നിലെ കാമദേവനെ ഉണർത്തിയിരിക്കുന്നു. അതുകൊണ്ട് നീ നമ്മോടൊപ്പം വരിക. മനോഹരമായ നയങ്ങളും പുരികങ്ങളും നീലചുരുൾമുടിയിഴകളുമൊക്കെ നിന്റെ മുഖത്തിന്റെ മാറ്റ് കൂട്ടുന്നു. മാത്രമല്ല, വളരെ മാധുര്യമേറുന്ന ശബ്ദമാണ് നിന്നിൽനിന്നും പുറത്തേക്ക് വരുന്നതു. മുഖമുയർത്തി എന്റെ നേർക്ക് നോക്കുവാൻ നാണംകൊണ്ട് നിനക്ക് സാധ്യമാകുന്നില്ല. ഹേ സുന്ദരീ! നീ എന്തിനാണിങ്ങനെ നാണിക്കുന്നതു? എന്റെ നേർക്ക് നോക്കൂ! നിന്റെ മുഖം ഞാൻ പൂർണ്ണമായൊന്ന് കണ്ടുകൊള്ളട്ടെ!.

നാരദൻ പറഞ്ഞു: ഹേ രാജൻ!, അവളെ പ്രാപിക്കുവാനുള്ള ആഗ്രഹം പുരഞ്ജനന്റെ മനസ്സിൽ അടങ്ങാത്ത അഗ്നിയായി ആളിപ്പടർന്നു. അദ്ദേഹത്തിന്റെ മാധുര്യമേറുന്ന വാക്കുകളിഅവളും ഇതിനകം വീണുകഴിഞ്ഞിരുന്നു. മുഖമുയത്തി അവൾ പുരഞ്ജനനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ കണ്ണുകളിൽനിന്നും വശ്യതയുടെ അഗ്നിനാളങ്ങൾ അദ്ദേഹത്തെ വിഴുങ്ങുവാനെന്നോണം ആളിപ്പടർന്നു. അവൾ അദ്ദേഹത്തോട് പറഞ്ഞു: ഹേ മാനവോത്തമാ!,  എന്റെ മാതാപിതാക്കൾ ആരൊക്കെയാണെന്നെനിക്കറിയില്ല. എന്നോടൊപ്പമുള്ള ഈ പരിചാരകവൃന്ദത്തിൽ ഒരാളെപ്പോലും എനിക്ക് പരിചയവുമില്ല. ഹേ വീരാ!, നാമിവിടെ ഉണ്ടെന്നുള്ളതൊഴികെ നമ്മെക്കുറിച്ചൊന്നുംതന്നെ നാമറിയുന്നില്ല, എന്നതാണ് സത്യം. ഈ പുരം ആരാണ് നമുക്കായി നിർമ്മിച്ചുതന്നതെന്ന് പറയാനുള്ള അറിവുപോലുമില്ലാത്ത മൂഢന്മാരാണ് നമ്മൾ. ഹേ വീരാ!, എന്നോടൊപ്പമുള്ള ഈ സ്ത്രീപുരുഷന്മാർ എന്റെ സുഹൃത്തുക്കളാണു. പിന്നെ ഈ നാഗം, ഇവൻ ഞാനുറങ്ങുമ്പോൾ പോലും ഉണർന്നിരുന്നുകൊണ്ട് ഈ പുരത്തെ സർവ്വദാ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇതല്ലാതെ എന്നെക്കുറിച്ചോ ഇവരെക്കുറിച്ചോ ഈ പുരത്തെക്കുറിച്ചോ ഒന്നുംതന്നെ ഞാനറിയുന്നില്ല. ഹേ ശത്രുതാപനാ!, താങ്കളും എങ്ങനെയോ ഇവിടെത്തപ്പെട്ടതാണു. എന്തായാലും അതന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. അങ്ങേയ് സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. താങ്കൾക്ക് വിഷയങ്ങളിൽ അതിയായ കാമമുണ്ടെന്ന് എനിക്കറിയാം. അതിന്റെ പൂർത്തീകരണത്തിനായി ഞങ്ങളാലാവുംവിധം താങ്കളെ സഹായിക്കുവാൻ ഞങ്ങൾ സന്നദ്ധരാണു. ഹേ വിഭോ!, ഒമ്പത് വാതിലുകളുള്ള ഈ പുരത്തെ ഞാൻ താങ്കൾക്കുവേണ്ടി ഒരുക്കിയിരിക്കുന്നതാണു. ഇതിനുള്ളിൽ അങ്ങാഗ്രഹിക്കുന്ന സകലകാമങ്ങളും സുലഭമാണു. അങ്ങേയ്ക്ക് ഒരു നൂറ് വർഷം ഇവിടെ താമസിക്കാം. അതിലേക്കാവശ്യമായ സകലസൌകര്യങ്ങളും ഞങ്ങൾ എത്തിച്ചുതന്നുകൊള്ളാം.

അങ്ങയുടെ അഭ്യർത്ഥനയെ നിരാകരിച്ച് മറ്റാരുടെ കൂടെയാണ് എനിക്ക് രമിക്കാൻ സാധിക്കുക. ഇഹത്തിലായും പരത്തിലായാലും വിഷയാനുഭവങ്ങളിൽ ആനന്ദിക്കാൻ കഴിയാത്ത മൂഢന്മാരാണു മറ്റുള്ളവർ. ഈ ഭൌതികലോകത്ത് ഗൃഹസ്ഥനായ ഒരു മനുഷ്യന് ധർമ്മം, അർത്ഥം, കാമം, സന്താനോല്പത്തി മുതലായ കാര്യങ്ങളിൽ അങ്ങേയറ്റം ആനന്ദം കണ്ടെത്താൻ സാധിക്കും. അതിനുശേഷം മോക്ഷത്തിനും യശസ്സിനും വേണ്ടി ശ്രമിക്കാവുന്നതാണു. യജ്ഞങ്ങളിലൂടെ അവർക്ക് ഊർദ്ദ്വലോകങ്ങളിലേക്ക് ഉയരുവാനും സാധ്യമാണു. പക്ഷേ, മുമുക്ഷുക്കൾക്കാകട്ടെ, ഈവക കാര്യങ്ങളിലൊന്നും യാതൊരു അഭിരുചിയുമില്ല. അവർക്ക് ഇത്യാദി സുഖഭോഗങ്ങളെക്കുറിച്ച് ചിന്തിക്കുവാൻപോലും കഴിയുകയില്ല. ഗൃഹസ്ഥാശ്രമജീവിതത്തിലൂടെ ഒരുവൻ തന്നെ മാത്രമല്ല ആനന്ദിപ്പിക്കുന്നതു. താനുമായി ബന്ധപ്പെട്ട പിതൃദേവസഹജീവികൾക്കെല്ലാംതന്നെ ആനന്ദത്തെ പ്രദാനം ചെയ്യാൻ ഗൃഹസ്ഥാശ്രമജീവിതത്തിലൂടെ സാധ്യമാകുന്നു. ഹേ വീരാ!, അങ്ങയെപ്പോലൊരു ഭർത്താവിനെ ആരാണാഗ്രഹിക്കാത്തതു? എല്ലാറ്റിലുമുപരി അങ്ങ് യശസ്സ്വിയും സുന്ദരനുമാണു. ഹേ മഹാബാഹോ!, ഏതൊരു നാരിയാണ് അങ്ങയുടേതുപോലുള്ള കരവലയങ്ങൾക്കുള്ളിൽ സുരക്ഷിതയാകാനാഗ്രഹിക്കാത്തതു? അങ്ങയുടെ മധുവൂറുന്ന ഈ പുഞ്ചിരിയും അപാരമായ കാരുണ്യവും ഞങ്ങൾ ഭർത്തൃമതികളല്ലാത്ത സ്ത്രീകൾക്ക് എപ്പോഴും ഒരാശ്വാസംതന്നെ.

നാരദർ പറഞ്ഞു: ഹേ രാജൻ!, അങ്ങനെ ആ ഉദ്യാനത്തിൽ വച്ചുതന്നെ അവരിരുവരും ഒരിക്കലും പിരിയാൻ കഴിയാത്തത്ര മാനസീകമായി അടുത്തു. അവർ കൈകോർത്തുപിടിച്ചുകൊണ്ട് ഒരുമിച്ച് ആ പുരത്തിനുള്ളിലേക്ക് പ്രവേശിച്ച്, ഒരു നൂറ് വർഷക്കാലം സകലസുഖഭോഗങ്ങളുമനുഭവിച്ചുകൊണ്ട് അവിടെ താമസിച്ചു. പുരഞ്ജനന്റെ മഹിമകൾ എങ്ങും പാട്ടായി. ഉഷ്ണകാലങ്ങളിൽ തരുണിമാർക്കൊപ്പം അദ്ദേഹം പൊയ്കകളിൽ നീരാടി. ഒമ്പത് ഗോപുരദ്വാരങ്ങളിൽ ഏഴെണ്ണം ഭൂമിയുടെ ഉപരിതലത്തിലും രണ്ടെണ്ണം ഭൂമിക്കടിയിലുമായിരുന്നു. ഈ ഒമ്പത് വാതിലുകളും വ്യത്യസ്ഥങ്ങളായ ഒമ്പത് സ്ഥലങ്ങളിലേക്കുള്ള വഴികൾ തെളിച്ചുകൊടുത്തു. അവയോരോന്നും ഓരോരോ ദ്വാരപാലകന്മാരാൽ പാലിക്കപ്പെട്ടിരുന്നു. അതിൽ അഞ്ചെണ്ണം കിഴക്കോട്ടും, ഒരെണ്ണം വടക്കോട്ടും, പിന്നൊന്ന് തെക്കോട്ടും, അതുപോലെ ബാക്കി രണ്ടെണ്ണം പടിഞ്ഞാറ് ദിശയിലേക്കും തുറന്നുകിടന്നു.

കിഴക്കോട്ട് തുറന്ന ആദ്യത്തെ രണ്ട് വാതിലുകളെ ഖദ്യോതം, ആവിർമുഖി എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടിരുന്നു. പക്ഷേ, അവ രണ്ടും ഒരു സ്ഥലത്തുതന്നെ നിർമ്മിക്കപ്പെട്ടവയായിരുന്നു. ആ രണ്ട് വാതിലുകളിലൂടെയായിരുന്ന് പുരഞ്ജനദ്യുമാൻ എന്ന സൃഹൃത്തിനോടൊപ്പം വിഭ്രാജിതമെന്ന പേരോടുകൂടിപട്ടണത്തിലേക്ക് പോകുകയും  വരികയും ചെയ്തിരുന്നതു. കിഴക്കോട്ട് തുറന്ന മറ്റ് രണ്ട് വാതിലുകളായിരുന്നു നളിനിയും നാളിനിയും. ഇവയും ഒരിടത്തുതന്നെ നിർമ്മിക്കപ്പെട്ടവയായിരുന്നു. ഇതിലൂടെ അദ്ദേഹം അവധൂതൻ എന്ന സുഹൃത്തിനൊപ്പം സൌരഭം എന്ന പട്ടണത്തിലേക്ക് പോകുകയും വരികയും ചെയ്തിരുന്നതു. കിഴക്കൻ ദിശയിലേക്ക് തുറക്കുന്ന അഞ്ചാമത്തെ വാതിലായിരുന്നു, മുഖ്യം എന്ന നാമത്തോടുകൂടിയതു. അതിലൂടെ പുറത്തിറങ്ങുമ്പോൾ അദ്ദേഹത്തിനെ രസജ്ഞൻ,  വിപണൻ എന്നിങ്ങനെ രണ്ട് സുഹൃത്തുക്കൾ അനുഗമിച്ചിരുന്നു. അതിലൂടെ അദ്ദേഹം ബഹൂദനൻ, ആപണൻ എന്നിങ്ങനെ നാമങ്ങളോടുകൂടിരണ്ട് സ്ഥലങ്ങൾ സന്ദർശിക്കുമായിരുന്നു. തെക്കേദിശിയിലേക്ക് തുറന്നിരിക്കുന്ന വാതിൽ പിതൃഹൂ എന്നും വടക്കേദിക്കിലേക്ക് തുറന്ന വാതിൽ ദേവഹൂ എന്നും അറിയപ്പെട്ടിരുന്നു. അതിലൂടെ രാജാവ് ശ്രുതധാര എന്ന മിത്രവുമായി യഥാക്രമം ദക്ഷിണപഞ്ചാലയെന്നും ഉത്തരപഞ്ചാലയെന്നുമറിയപ്പെടുന്ന സ്ഥലങ്ങൾ സന്ദർശിച്ചു. പടിഞ്ഞാറേ വാതിൽ ആസുരി എന്നറിയപ്പെട്ടു. സുഹൃത്തായ ദുർമ്മദനോടൊത്ത് ആ വാതിലിലൂടെ അദ്ദേഹം പതിവായി ഗ്രാമകപുരം സന്ദർശിച്ചു. പടിഞ്ഞാറേ ദിക്കിൽ നൃ‌തി എന്ന മറ്റൊരു വാതിൽ കൂടിയുണ്ടായിരുന്നു. സ്നേഹിതൻ ലുബ്ദകനോടൊത്ത് പുരഞ്ജനൻ ഈ വാതിലിലൂടെ വൈശാസപുരം എന്ന സ്ഥലം സന്ദർശിക്കുക പതിവായിരുന്നു. എല്ലറ്റിനുമുപരി അദ്ദേഹത്തിന് പ്രിയരായി അവിടുത്തെ അന്തേവാസികളിൽ നിർവ്വാകനെന്നും പ്രശസ്കൃതനെന്നും പേരുള്ള രണ്ട് അന്ധന്മാരുണ്ടായിരുന്നു. കണ്ണുകളുള്ള പുരഞ്ജനൻ കണ്ണുകളില്ലാത്ത വ്യക്തികളെ പിന്തുടരുക പതിവായിരുന്നു. അദ്ദേഹം അവരോടൊത്ത് പലയിടങ്ങളിലും പോയി പലേതരം കർമ്മങ്ങളിലേർപ്പെട്ടുകൊണ്ടിരുന്നു.

ചില സമയങ്ങളിൽ പുരഞ്ജനൻ തന്റെ പ്രധാനസേവകനായ വിശൂചീനനോടൊപ്പം അന്തഃപുരത്തിലേക്ക് പോകുകയും അവിടെ ഭാര്യയോടും മക്കളോടുമൊത്ത് മായാവിരചിതമായ അല്പാനന്ദവും ക്ഷണികമായ ആത്മസംതൃപ്തിയും പങ്കിടുകയും ചെയ്യുമായിരുന്നു. ഇങ്ങനെ പലവിധത്തിലുള്ള മനോവ്യാപാരങ്ങളിൽ രമിച്ച് വിവിധ കർമ്മങ്ങളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം പൂർണ്ണമായും മായയുടെ പിടിയിൽ അകപ്പെട്ടിരുന്നു. പുരഞ്ജനൻ തന്റെ പത്നിയുടെ സകല അഭീഷ്ടങ്ങളും സഫലീകൃതമാക്കിക്കൊണ്ടിരുന്നു. അവൾ മദ്യം സേവിക്കുമ്പോൾ അദ്ദേഹവും അവൾക്കൊപ്പം മദ്യം സേവിച്ചു. അവൾ ആഹാരം കഴിക്കുമ്പോൾ അദ്ദേഹവും ആഹാരം കഴിച്ചു. അവൾ ചവയ്ക്കുമ്പോൾ കൂടെ ചവയ്ക്കുകയും, അവൾ പാടുമ്പോൾ കൂടെ പാടുകയും, അവൾ കരഞ്ഞാൽ കൂടെ കരയുകയും, അവൾ ചിരിക്കുന്നനേരം ഒപ്പം ചിരിക്കുകയും, അവൾ ഫലിതം പറയുമ്പോൾ അതിനെ മറുഫലിതത്താൽ ഖണ്ഡിക്കുകയും, അവൾ നടക്കുമ്പോൾ പിന്നാലെ നടക്കുകയും, അവൾ നിന്നാൽ, ത്ക്ഷണം ഒപ്പം നിശ്ചലമാകുകയും, അവൾ കിടന്നാൽ അവൾക്കൊപ്പം കിടക്കുകയും, അവളിരിക്കുമ്പോൾ തൊട്ടരികത്തായി രിക്കുകയും, അവൾ എന്തിനോടെങ്കിലും കാത് കൂർപ്പിച്ചാൽ അതിനെ അവളോടൊത്ത് കേൾക്കാൻ ശ്രമിക്കുകയും, അവൾ നോക്കുന്നിടത്തേക്കുതന്നെ നോക്കുകയും, അവൾ കാണുന്നതൊക്കെ കാണാൻ ശ്രമിക്കുകയും, അവൾ മണക്കുമ്പോൾ കൂടെ മണക്കുകയും, അവൾ തൊടുന്നതെന്തിനേയും തൊട്ടനുഭവിക്കുകയും, അവൾ നിലവിളിച്ചാൽ അവളോടൊപ്പം ഉച്ഛത്തിൽ നിലവിളിക്കുകയും തുടങ്ങി, സകല കർമ്മങ്ങളിലും പുരഞ്ജനൻ തന്റെ ഭാര്യയെ അനുകരിച്ചു. ഈ ശീലത്തിലൂടെ അയാൾ അവളുടെ സകല അനുഭവങ്ങളേയും പങ്കിട്ടനുഭവിച്ചു. ഏറെ താമസിയാതെ ഭൌതികജീവിതത്തിൽ പുരഞ്ജനൻ പൂർണ്ണമായും രാജ്ഞിയുടെ അടിമത്വത്തിലൂടെ സ്വയം വഞ്ചിക്കപ്പെട്ടുകൊണ്ടിരുന്നു. തുച്ഛമായ കാമപൂർത്തിക്കുവേണ്ടി അദ്ദേഹം, വളർത്തുമൃഗം ഉടമസ്ഥന്റെ ആജ്ഞയ്ക്കൊത്ത് പെരുമാറുന്നതുപോലെ, തന്റെ വിലപ്പെട്ട മനുഷ്യജീവിതത്തെ ഭാര്യയുടെ കാൽക്കീഴിൽ സമർപ്പിച്ചു.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തിയഞ്ചാമധ്യായം സമാപിച്ചു.
ഓം തത് സത്.






The  story of king puranjana in srimad bhagavatham, puranjanopakhyanam