ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം അദ്ധ്യായം 2
(ആഗ്നീധ്രചരിത്രം)
സ്വബോധം അല്പാല്പം വീണ്ടെടുത്ത
അഗ്നീധ്രൻ പൂർവ്വചിത്തിയുടെ തിളങ്ങുന്ന കണ്ണുകളിൽ നോക്കി വീണ്ടും പറഞ്ഞു: “സുഹൃത്തേ!, നിന്റെ നോട്ടം കൂരമ്പുകൾപോലെ എന്റെ
ഹൃദയത്തിൽ വന്ന് തറയ്ക്കുന്നു. ആ ശരങ്ങൾ താമരയിതളുകൾകൊണ്ട് മൂടപ്പെട്ടിരിക്കുന്നു.
ഈ പൂവമ്പുകളുമായി നീ ആരെയോ ഈ താഴ്വരയിൽ തിരയുന്നതുപോലെ തോന്നുന്നു. ഹേ മുനികുമാരാ!,
വണ്ടുകൾ നിന്റെ ശരീരത്തെ വലം വയ്ക്കുന്നത് കണ്ടിട്ട്, നിന്റെ ശിഷ്യന്മാർ ഗുരുഭക്തിയോടുകൂടി
നിന്നെ പ്രദക്ഷിണം ചെയ്യുന്നതുപോലെ തോന്നുന്നു. അവയുടെ മൂളലുകൾ എനിക്ക് വേദമന്ത്രങ്ങളെപ്പോലെ
അനുഭവപ്പെടുന്നു. നിന്റെ കാൽത്തളകളുടെ കിലുക്കം കേൾക്കാൻ മാത്രമേ എനിക്ക് സാധിക്കുന്നുള്ളൂ.
അവയുടെ രൂപമേതെന്നറിയാൻ എനിക്ക് കഴിയുന്നില്ല. നിന്റെ ശരീരം വളരെ മനോഹരമായിരിക്കുന്നു.
ഹേ സുഹൃത്തേ!, നീയെവിടെയാണ് താമസിക്കുന്നതു? ക്ഷണത്തിൽത്തന്നെ ആരുടേയും മനം മയക്കുന്ന
ഈ ശരീരവുമായി നീ പാർക്കുന്ന ആ ധാമത്തെക്കുറിച്ച് എനിക്ക് ഊഹിക്കാൻപോലും കഴിയുന്നില്ല.
ശരീരത്തെ ഇത്ര സുന്ദരമാക്കിവയ്ക്കുവാനായി എന്താണ് നീ ദിവസവും ഭക്ഷിക്കുന്നതു? നിന്റെ
വൿത്രത്തിൽനിന്നുമുതിർക്കുന്നത് വിഷ്ണുവിന്റെ പ്രസാദത്തിന്റെ ഗന്ധമാണ്. അവന്റെ ഉച്ഛിഷ്ടമാണോ
നീ ദിനവും ഭക്ഷണമാക്കിയിരിക്കുന്നതു? ആ പരമപുരുഷന്റെ കലകളുടെ അംശമായിമാത്രമേ ഇത്ര സൌന്ദര്യം
തുളുമ്പുന്ന ഒരു ശരീരം ഈ പ്രപഞ്ചത്തിലുണ്ടാകാൻ വഴിയുള്ളൂ. നിന്റെ മുഖത്ത് ആനന്ദം വഴിയുന്ന
ഒരു തടാകം തന്നെ ഞാൻ കാണുന്നു. നിന്റെ കണ്ണുകളും കാതുകളും അധരങ്ങളും ദന്തങ്ങളുമെല്ലാം
ഒന്നിനൊന്ന് അഴകൊത്തതായിരിക്കുന്നു. നിന്റെ ചേഷ്ടകൾ എന്നെ വല്ലാതെ ഭ്രമിപ്പിച്ചിരിക്കുന്നു.
മാരുതൻ നാനാദിക്കുകളിൽനിന്നുമൊഴുകിവന്ന് നിന്നെ വിവസ്ത്രയാക്കാൻ നോക്കുന്നു. നീ എന്തേ
അവയെ ശകാരിക്കാത്തതു? മറ്റുള്ളവരുടെ തപസ്സിനെ ഇത്ര വേഗത്തിൽ ഇളക്കാൻ കഴിയുന്ന ഈ അനുപമിതസൌന്ദര്യം
നിനക്കെവിടെനിന്നാണ് കിട്ടിയതു? എന്ത് തപസ്സനുഷ്ഠിച്ചിട്ടാണ് നീയീ അനഘമായ സൌന്ദര്യം
സ്വായത്തമാക്കിയതു? എന്നിൽ സമ്പ്രീതനായ ബ്രഹ്മദേവനാൽ എന്റെ ഭാര്യയാകാൻ അയയ്ക്കപ്പെട്ടവളാണ്
നീയെങ്കിൽ, വരൂ!, എന്നോടൊപ്പമിരിക്കൂ!. തീർച്ചയായും അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ എനിക്ക്
കിട്ടിയ കൂട്ടാണ് നീയെന്ന് ഞാനറിയുന്നു. അതുകൊണ്ട് ഞാൻ നിന്നെ ഒരിക്കലും നഷ്ടപ്പെടുത്തുവാനാഗ്രഹിക്കുന്നില്ല.
നിനക്കെവിടെ വേണമെങ്കിലും എന്നെ കൊണ്ടുപോകാം. നിന്റെ സുഹൃത്തുക്കളെ ഒപ്പം കൂട്ടുന്നതിലും
എനിക്ക് വിരോധമില്ല.”
ശുകബ്രഹ്മമഹർഷി പറഞ്ഞു:
“ഹേ രാജൻ!, സ്ത്രീകളെ വശഗതമാക്കുവാനുള്ള സാമർത്ഥ്യം
ആഗ്നീധ്രന് നന്നേ വശമായിരുന്നു. അദ്ദേഹം തന്റെ മധുരവർത്തമാനത്തിൽ അവളെ പതുക്കെപതുക്കെ
തന്നിലേക്കടുപ്പിച്ചു. യുവത്വവും സൌന്ദര്യവും ജ്ഞാനവും സർവ്വൈശ്വര്യങ്ങളും സ്വന്തമായുള്ള
ആഗ്നീധ്രമഹാരാജാവിനോടൊപ്പം പൂർവ്വചിത്തി ആയിരക്കണക്കിന് വർഷങ്ങൾ ഭൌതികവും സ്വർഗ്ഗീയവുമായ
സകല ഐശ്വര്യങ്ങളുമനുഭവിച്ചുകൊണ്ട് ജീവിച്ചു. വർഷങ്ങൾ പലത് കടന്നുപോയി. പൂർവ്വചിത്തിയിൽ
ആഗ്നീധ്രന് ഒമ്പത് പുത്രന്മാർ ജനിച്ചു. നാഭി, കിമ്പുരുഷൻ, ഹരിവർഷൻ, ഇളാവൃതൻ, രമ്യകൻ,
ഹിരണ്മയൻ, കുരു, ഭദ്രാശ്വൻ, കേതുമാലൻ എന്നിങ്ങനെയായിരുന്നു അവരുടെ നാമങ്ങൾ. കുട്ടികൾ
വളർന്നതിനുശേഷം പൂർവ്വചിത്തി വീണ്ടും സ്വർഗ്ഗലോകത്തിലെത്തി ബ്രഹ്മദേവന്റെ ആരാധനയിൽ
മുഴുകി. മാതാവിന്റെ ലാളനയിലും പരിപാലത്തിലും ആഗ്നീധ്രപുത്രന്മാർ കരുത്തുറ്റവരായിമാറി.
ആഗ്നീധ്രൻ തന്റെ പുത്രന്മാർക്ക് ജംബുദ്വീപിലെ ഒമ്പത് രാജ്യങ്ങൾ നൽകി അവയുടെ ഭരണമേൽപ്പിച്ചു.
ആ രാജ്യങ്ങൾക്ക് അദ്ദേഹം തന്റെ പുത്രന്മാരുടെ നാമങ്ങൾ ചേർത്തുള്ള പേരുകൾ വിളിച്ചു.
പിതാവിൽനിന്നും ലഭിച്ച രാജ്യത്തെ അവർ ഓരോരുത്തതും വളരെ ശ്രേഷ്ഠമായിത്തന്നെ പരിപാലിച്ചു.
ഹേ പരീക്ഷിത്ത് രാജൻ!, പൂർവ്വചിത്തി
സ്വർഗ്ഗത്തിലേക്ക് മടങ്ങിയതിനുശേഷവും അവളോടൊത്തുള്ള ജീവിതവും സ്വപ്നംകണ്ട്, അതൃപ്തിയോടെ,
കാമാതുരനായി, ആഗ്നീധ്രൻ തന്റെ ജീവിതം വൃഥാവിലാക്കിക്കൊണ്ടിരുന്നു. ഒടുവിൽ, അവളെ ഓർത്തുകൊണ്ട്
ശരീരം വെടിഞ്ഞ അദ്ദേഹം, തന്റെ അടുത്ത ജന്മം അവളുടെ ലോകത്തിൽത്തന്നെ പിറക്കാനിടയായി.
പിതൃലോകമെന്ന അവിടെയായിരുന്നു പൂർവ്വികർ സകല സൌഭഗ്യങ്ങളുമൊത്ത് ജീവിച്ചിരുന്നതു. ആഗ്നീധ്രന്റെ
മരണത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രന്മാർ മേരുവിന്റെ പുത്രിമാരെ വിവാഹം ചെയ്തു. മേരുദേവി,
പ്രതിരൂപ, ഉഗ്രദംഷ്ട്രി, ലത, രമ്യ, നാരി, ഭ്രദ്ര,
ദേവവീതി എന്നിങ്ങനെയായിരുന്നു അവരുടെ നാമങ്ങൾ.
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം രണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ