2019, മാർച്ച് 17, ഞായറാഴ്‌ച

5.04 ഋഷഭചരിതം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 4            
(ഋഷഭചരിതം)



ബന്ധപ്പെട്ട ചിത്രംശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജവേ!, ജനനത്തിനുശേഷം ഋഷഭദേവനിൽ വിഷ്ണുചിഹ്നങ്ങളെല്ലാം കണ്ടുതുടങ്ങി. അദ്ദേഹം ജന്മനാൽ മനസ്സിനേയും ഇന്ദ്രിയങ്ങളേയും ജയിച്ചവനായിരുന്നു. ഭൌതികതയിൽ തികച്ചും നിസ്സംഗനായ ഋഷഭദേവൻ കരുത്തനായി വളർന്നുവന്നു. അതുകണ്ട് ഋഷീശ്വരന്മാരും ദേവഗണങ്ങളും പ്രജകളുമൊക്കെ അദേഹത്തെ രാജാവാക്കണമെന്ന് അഭിപ്രായപ്പെട്ടു. സർവ്വഗുണസമ്പന്നനായ തന്റെ മകനെ നാഭി സർവ്വോത്തമനെന്ന അർത്ഥത്തിൽ ഋഷഭൻ എന്ന് നാമകരണം ചെയ്തു.

ഋഷഭദേവന്റെ ഉയർച്ചയിൽ ദേവേന്ദ്രൻപോലും അസൂയപ്പെട്ടു. തത്ക്കാരണാൽ, ഇന്ദ്രൻ ഭൂമിയിലേക്ക് പതിക്കേണ്ട മഴയെ ആകാശത്തിൽതന്നെ തടഞ്ഞുവച്ചു. എന്നാൽ, ഇന്ദ്രന്റെ ഉദ്ദേശത്തെ മനസ്സിലാക്കിയ ഋഷഭദേവൻ പുഞ്ചിരിച്ചുകൊണ്ട് തന്റെ യോഗമായയാൽ, അജനാഭവർഷമെന്നറിയപ്പെട്ടിരുന്ന ഭൂമിലേക്ക് വേണ്ടത്ര മയ പെയ്യിച്ചു. തന്റെ പുത്രന്റെ പ്രവൃത്തിയിലും കഴിവിലും പിതാവായ നാഭിരാജൻ അഭിമാനംകൊണ്ടു. അതോടൊപ്പം വളരെ വാത്സല്യത്തോടെ മകനെ വളർത്തുകയും ചെയ്തു. ഭഗവദവതാരമായ ഋഷഭദേവൻ നാഭിയുടെ പുത്രനായി, ഒരു സാധാരണ മനുഷ്യനെപ്പോലെ ജനങ്ങളെ സ്നേഹിക്കുകയും ഇടപഴകുകയും ചെയ്തു. ഒരു രാജാവിന്റെ ലൌകികമായ ഇംഗിതത്തിന് വഴങ്ങിക്കൊണ്ട് ആ കാരുണ്യവാൻ അദ്ദേഹത്തിന്റെ പുത്രനായിപ്പിറന്ന് ഭൂമിയിൽ സാധാരണജനങ്ങൾക്കൊപ്പം ജീവിച്ചു. തന്റെ പുത്രൻ ജനപ്രിയനായതറിഞ്ഞതോടെ നാഭീമഹാരാജൻ ഋഷഭദേവനെ ഭൂമിയുടെ രാജാവായി അഭിഷേകം ചെയ്തു. അദ്ദേഹം കുമാരനെ പണ്ഡിതന്മാരുടെ ശിഷ്യത്വത്തിലാക്കുകയും അവരെക്കൊണ്ട് രാജ്യഭരണകാര്യങ്ങളെക്കുറിച്ച് മകനെ ബോധവാനാക്കുകയും ചെയ്യിപ്പിച്ചു.  അനന്തരം, നാഭിരാജൻ ഭാര്യയോടൊപ്പം ഹിമാലയത്തിലുള്ള ബദരികാശ്രമത്തിലേക്ക് ഭഗവദ്പ്രീതിക്കായി യാത്രതിരിച്ചു. അവിടെ അദ്ദേഹം തപസ്സിലൂടെ ഹരിയെ പ്രസാദിപ്പിച്ച് വൈകുണ്ഠപ്രാപ്തി നേടുകയും ചെയ്തു. നാഭീമഹാരാജാവിനെ പുകഴ്ത്തി കവികൾ ഇങ്ങനെ പറഞ്ഞു: അഹോ!, ഭക്തികൊണ്ട് ഹരിയെ പ്രസാദിപ്പിച്ച് ആ പരമാത്മാവിനെ തന്റെ പുത്രനായി അവതാരം ചെയ്യിപ്പിക്കുവാനുള്ള സാമർത്ഥ്യം മൂലോകങ്ങളിലും ഇന്ന് നാഭിക്കല്ലാതെ മറ്റാർക്കണുള്ളതു. കൂടാതെ, ബ്രാഹ്മണരെ സേവിച്ച്, അവരെ സംതൃപ്തരാക്കി, അവരുടെ കൃപയാൽ ഭഗവാൻ ഹരിയെ തനിക്കുമുന്നിൽ പ്രത്യക്ഷനാക്കുവാനും മറ്റാർക്കാണിവിടെ സാധ്യമായിട്ടുള്ളതു!.

മാതാപിതാക്കൾ തപസ്സിനായി ബദരികാശ്രമത്തിലേക്ക് പോയതിനുശേഷം, ഋഷഭദേവൻ രാജ്യപാലനമായ തന്റെ ഉത്തരവാദിത്വത്തെ ഏറ്റെടുത്തു. അദ്ദേഹം ഗുരുക്കന്മാരെ സമീപിച്ച് ബ്രഹ്മചര്യം അനുഷ്ഠിക്കുകയും, ശേഷം, ഗുരുദക്ഷിണ കഴിച്ച്, ഇന്ദ്രനാൽ നൽകപ്പെട്ട, ജയന്തി എന്ന കന്യകാരത്നത്തെ വിവാഹം ചെയ്ത് ഗൃഹസ്ഥാശ്രമജീവിതം ആരംഭിക്കുകയും ചെയ്തു. അവളിൽ ഋഷഭദേവന് ഉത്തമരായ നൂറ് പുത്രന്മാർ ജനിച്ചു. പ്രജകൾക്ക് മാതൃകയായിക്കൊണ്ട് ഋഷഭദേവൻ തന്റെ ഗൃഹസ്ഥാശ്രമജീവിതത്തെ ശ്രുതിസ്മൃതികൾക്കൊത്ത് ജീവിച്ചുകാണിച്ചു. അദ്ദേഹത്തിന്റെ നൂറു പുത്രന്മാരിൽ ആദ്യനായ ഭരതൻ അതിശ്രേഷ്ഠനായ ഭഗവദ്ഭക്തനായിരുന്നു. ഭരതന്റെ ജന്മത്തോടെയാണ് അജനാഭവർഷമെന്നറിയപ്പെട്ടിരുന്ന ഈ ദേശത്തെ ഭാരതവർഷമെന്ന് വിളിച്ചുതുടങ്ങിയതു. ഭരതനിളയവരായ ഋഷഭദേവന്റെ ഒമ്പത് മറ്റ് പുത്രന്മാരായിരുന്നു, കുശാവർത്തൻ, ഇളാവർത്തൻ, ബ്രഹ്മാവർത്തൻ, മലയൻ, കേതു, ഭദ്രസേനൻ, ഇന്ദ്രസ്പൃഹൻ, വിദർഭൻ, കീകടൻ എന്നിവർ. ഇവർക്കിളയവരായിരുന്നു, കവി, ഹവി, അന്തരീക്ഷൻ, പ്രബുദ്ധൻ, പിപ്പലായനൻ, ആവിർഹോത്രൻ, ധ്രുമിളൻ, ചമസ്സൻ, കരഭാജനൻ എന്നിവർ. മഹത്തുക്കളായ ഇവരും ഭഗവാനിൽ അത്യന്തം ഭക്തിയുള്ളവരായിരുന്നു. ഇവർ ഭഗവദ്മഹിമകളെ കീർത്തിച്ചുകൊണ്ടുനടന്നു. ഹേ പരീക്ഷിത്ത് മഹാരാജൻ!, ഇവരെക്കുറിച്ച് ഞാൻ അങ്ങയോട് പിന്നീട് പറയാം. ഇവർക്കിളയവരായി ഋഷഭദേവന് എൺപത്തിയൊന്ന് പുത്രന്മാരുണ്ടായിരുന്നു. അവർ വേദപണ്ഡിതന്മാരായിരുന്നു. ചുരുക്കത്തിൽ, ഋഷഭദേവന്റെ നൂറ് പുത്രന്മാരും ഭഗവദ്ഭക്തന്മാരായിരുന്നുവെന്നറിയുക.

ഭഗവദവതാരമായതിനാൽത്തന്നെ ഋഷഭദേവൻ സർവ്വസ്വതന്ത്രനും ആത്മാനന്ദിയുമായിരുന്നു. ആയതിനാൽ അദ്ദേഹത്തിൽ ജന്മം, ജര, വ്യാധി, മരണം മുതലായ ദുഃഖങ്ങൾ യാതൊന്നുമുണ്ടായിരുന്നില്ല. വിഷയങ്ങളിൽ അദ്ദേഹം തികച്ചും നിസ്സംഗനായിരുന്നു. അദ്ദേഹം സകലജീവികളേയും ഒന്നായിത്തന്നെ കണ്ടു. മറ്റുള്ളവരുടെ ദുഃഖത്തിൽ അദ്ദേഹം ദുഃഖിതനായി. സകലപ്രാണികളുടേയും ക്ഷേമത്തിൽ അദ്ദേഹം തല്പരനായി ജീവിച്ചു. ഭഗവദവതാരമായ ഋഷഭദേവൻ ഒരു സാധാരണ മനുഷ്യനെപ്പോലെ ജനമധ്യത്തിൽ ജീവിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹം വർണ്ണാശ്രമധർമ്മങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടായിരുന്നു ജീവിച്ചിരുന്നതു. കാലാന്തരത്തിൽ വർണ്ണാശ്രമധർമ്മങ്ങളുടെ അനുഷ്ഠാനം ഭൂമിയിൽ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. എന്നാൽ, ഋഷഭദേവൻ തന്റെ ജീവിതത്തിലൂടെ വർണ്ണാശ്രമധർമ്മം എന്താണെന്നും എന്തിനാണെന്നും ജനങ്ങളെ പഠിപ്പിച്ചു. അങ്ങനെ ധർമ്മാർത്ഥകാമമോക്ഷം എന്ന നാല് പുരുഷാർത്ഥങ്ങളിലൂടെ മനുഷ്യജീവിതം എങ്ങനെ ധന്യമായി ജീവിച്ച് മോക്ഷപദത്തിലെത്തിച്ചേരുവാൻ കഴിയുമെന്ന് അദ്ദേഹം അജ്ഞാനിജനങ്ങളെ ബോധിപ്പിച്ചു. ചാതുർവർണ്യത്തിനതീതനായിരുന്നുവെങ്കിലും ഋഷഭദേവൻ ക്ഷത്രിയനായിത്തന്നെ ജീവിച്ചു. അതിലൂടെ ബ്രാഹ്മണരുടെ ഉപദേശങ്ങൾ സ്വീകരിച്ചുകൊണ്ട്, വൈശ്യശൂദ്രാദികളുടെ സഹായത്തോടെ അദ്ദേഹം തന്റെ ധർമ്മം അനുഷ്ഠിച്ച് ജനമധ്യത്തിൽ മാതൃകയായി.

ശാസ്ത്രവിധിപ്രകാരം ഋഷഭദേവൻ ഇവിടെ നൂറ് യജ്ഞങ്ങളനുഷ്ഠിച്ചു. കാലദേശങ്ങൾക്കനുസൃതമായി ഉത്തമന്മാരായ ബ്രാഹ്മണശ്രേഷ്ഠന്മാരാൽ അദ്ദേഹം ഈ നൂറു യജ്ഞങ്ങളെക്കൊണ്ട് ഭഗവാൻ ഹരിയെ പ്രസാദിപ്പിച്ചു. യജ്ഞവിഹിതം സർവ്വദേവന്മാർക്കും നൽകി ഋഷഭദേവൻ ആ യജ്ഞോത്സവത്തെ മംഗളകരമായി പര്യവസാനിപ്പിച്ചു. അദ്ദേഹത്തിന്റെ ഭരണത്തിൽ സർവ്വപ്രജകളും സന്തുഷ്ടരായിരുന്നു. ആർക്കും യാതൊരുവിധമായ കുറവുകളുമുണ്ടായിരുന്നില്ല.

ഒരിക്കൽ ലോകം ചുറ്റിക്കറങ്ങുന്നതിനിടയിൽ അദ്ദേഹം ബ്രഹ്മാവർത്തം എന്ന ഒരു സ്ഥലത്തെത്തിച്ചേർന്നു. അവിടെ പണ്ഡിതന്മാരുടെ ഒരു മഹാസഭ അരങ്ങേറുകയായിരുന്നു. സകല രാജകുമാരന്മാരും ആ ബ്രാഹ്മണരുടെ വാക്കുകളെ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. ആ സഭയിൽ വച്ച് ഋഷഭദേവൻ തന്റെ പുത്രന്മാരെ ഉപദേശിച്ചു.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  നാലാമധ്യായം സമാപിച്ചു.
ഓം തത് സത്.



<< Privious               Next >>




The history of Rshabhadeva.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ