2019, മാർച്ച് 15, വെള്ളിയാഴ്‌ച

5.01 പ്രിയവ്രതന്റെ കർമ്മങ്ങൾ


ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 1
(പ്രിയവ്രതന്റെ കർമ്മങ്ങൾ)sri sukha and parikshit എന്നതിനുള്ള ചിത്രംപരീക്ഷിത്ത് മഹാരാജാവ് ശുകദേവനോട് ചോദിച്ചു: ഹേ ബ്രഹ്മർഷേ!, ആത്മജ്ഞാനിയായിരുന്ന പ്രിയവ്രതമഹാരാജൻ ഏത് സാഹചര്യത്തിലായിരുന്ന് വീണ്ടും ഗൃഹസ്ഥാശ്രമജീവിതത്തിലേക്ക് മടങ്ങിയതു? അദ്ദേഹം ജീവന്മുക്തന്മാനായ ഒരു മഹാത്മാവായിരുന്നല്ലോ!. ഭഗവാനിൽ അഭയം പ്രാപിച്ചവർ സദാ ആ പാദപത്മങ്ങളുടെ ഛായയിലായിരിക്കും ജീവിക്കുക. അവർ ഒരിക്കലും കുടുംബജീവിതത്തിലെ നൂലാമാലകളിൽ ചെന്ന് പെടുവാനാഗ്രഹിക്കില്ല. എന്നാൽ പ്രിയവ്രതമാഹാരജനാകട്ടെ, ഗൃഹാന്ധകൂപത്തിൽ പെട്ട് പുത്രദാരങ്ങളൊടൊത്ത് എത്രയോ വർഷങ്ങളാണ് വൃഥാവിലാക്കിയതു!. ഹേ ബ്രാഹ്മണോത്തമാ!, മറ്റൊരു സന്ദേഹമുള്ളത്, ഗൃഹസ്ഥാശ്രമത്തിൽ അങ്ങേയറ്റം രമിച്ച് ജീവിച്ച പ്രിയവ്രതൻ പിന്നീടെപ്പോൾ, എങ്ങനെയായിരുന്ന് വീണ്ടും ഭഗവാന്റെ ഉത്തമഭക്തനായി മാറിയതു?

ശുകദേവൻ മറുപടി പറഞ്ഞു: ഹേ രാജൻ!, അങ്ങയുടെ ചോദ്യം സ്പഷ്ടമാണു. ഭഗവദ്ഭക്തന്മാർ എപ്പോഴും ആ ഉത്തമശ്ലോകന്റെ മഹികളിൽ മാത്രം ആശ്രയം കൊള്ളുന്നവരാണു. കാരണം, ആ കഥാമൃതം സദാ ഭക്തന്മാരുടെ ഹൃദയത്തെ രമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ അവരുടെ ഭക്തിക്ക് വിഘ്നം സംഭവിക്കുന്നു. എന്നിരുന്നാലും, അവർ എന്നെന്നേയ്ക്കുമായി ഒരിക്കലും ഭഗവദ്സ്മരണകളിൽനിന്നുമകന്നുപോകുന്നില്ല. ഇവിടെ പ്രിയവ്രതൻ നാരദമഹർഷിയിൽനിന്നും ആത്മതത്വത്തെ മനസ്സിലാക്കിയവനായിരുന്നു. ഗൃഹസ്ഥാശ്രമിയായിരിക്കുമ്പോഴും അദ്ദേഹം അത് തന്റെ ഹൃദയത്തിൽ അനുസ്യൂതം അനുസ്മരിച്ചുകൊണ്ടേയിരുന്നു. പിതാവിന്റെ ഇംഗിതത്തിന് വഴങ്ങി, ക്ഷത്രിയനായി ജനിച്ച തന്റെ സ്വധർമ്മാനുഷ്ഠാനത്തിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹം രാജ്യഭരണത്തിൽ പിന്നീട് തല്പരനായതു. പിതാവിന്റെ ആജ്ഞയെ നിരസിക്കുവാൻ പ്രിയവ്രതന് കഴിയുമായിരുന്നില്ല. അതേസമയംതന്നെ രാജ്യപാലനത്തിലും അദ്ദേഹം ഒട്ടുംതന്നെ തല്പരനായിരുന്നതുമില്ല. ഈ അവസ്ഥ അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കി. ഒടുവിൽ, സർവ്വവുമുപേക്ഷിച്ച് പ്രിയവ്രതൻ ഏകാന്തധ്യാനത്തിനായി ഗന്ധമാദനപർവ്വതത്തിന്റെ താഴ്വരയിലേക്ക് യാത്രയായി. അത് മനസ്സിലാക്കിയ ബ്രഹ്മദേവൻ തന്റെ പരിവാരങ്ങളോടൊപ്പം അദ്ദേഹത്തെ കാണുവാനായി അവിടേയ്ക്കെഴുന്നള്ളുകയുണ്ടായി.

വിധാതാവിന്റെ വരവിനെ സ്വീകരിക്കുവാനായി വിവിധ ലോകങ്ങളിൽനിന്നും സിദ്ധന്മാരും ദേവഗണങ്ങളും ഋഷീശ്വരന്മാരുമൊക്കെ മുന്നേതന്നെ അവിടെ എത്തിക്കഴിഞ്ഞിരുന്നു. വിരിഞ്ചൻ, ഹംസത്തിന്റെ മുകളിലേറി പ്രിയവ്രതൻ യോഗസാധന ചെയ്തുകൊണ്ടിരുന്ന ഗന്ധമാദനപർവ്വതത്തിലെത്തി. പൂർണ്ണചന്ദ്രനെ വെല്ലുന്ന പ്രഭയാൽ പ്രശോഭിതനായ ബ്രഹ്മദേവൻ ആഗതനായപ്പോൾ നാരദമഹർഷിയും സ്വായംഭുവമനും പ്രയവ്രതനും മടുള്ളവരോടൊപ്പം ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഹേ പരീക്ഷിത്ത് രാജൻ!, സമ്പ്രീതനായ ബ്രഹ്മദേവൻ പുഞ്ചിരിച്ചുകൊണ്ട് കാരുണ്യത്തോടെ പ്രിയവ്രതനെ നോക്കി ഇങ്ങനെ പറഞ്ഞു: ഹേ കുഞ്ഞേ!, ഞാൻ പറയുന്നത് നീ ശ്രദ്ധയോടെ കേൾക്കുക. ഭഗവദിച്ഛയെ മറികടക്കുവാൻ ആരാലും സാധ്യമല്ല. ഞങ്ങളെല്ലാം ആ പരമപുരുഷന്റെ ആദേശത്തെ നിറവേറ്റാൻവേണ്ടിമാത്രം വർത്തിക്കുന്നവരാണു. ഒരിക്കലും നാം അവന്റെ ആജ്ഞയെ ലംഘിക്കുവാൻ പാടില്ല. തപശക്തികൊണ്ടോ വേദാധ്യായനംകൊണ്ടോ യോഗം കൊണ്ടൊ മറ്റേതൊരു ശക്തികൾകൊണ്ടുമോ അവന്റെ ആജ്ഞയെ നിരാകരിക്കുവാൻ ആർക്കും സാധ്യമല്ല. ബ്രഹ്മാവായ നമ്മിൽ തുടങ്ങി, ഈച്ചയെറുമ്പോളം വരുന്ന യാതൊരു പ്രാണികൾക്കും അതു സാധ്യാമാകുന്ന കാര്യമല്ലെന്നറിയുക. ഭഗവദിച്ഛയ്ക്കനുസൃതമായാണ് ഇവിടെ ഓരോ ജീവന്മാരും വിവിധ ശരീരങ്ങൾ സ്വീകരിച്ച് വിവിധലോകങ്ങളിൽ ജനിക്കുന്നതും, അതുപോലെ, ഭയന്നും വിറച്ചും ദുഃഖിച്ചും ചിരിച്ചും തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതും. നാമോരോരുത്തരും നമ്മുടെ ഗുണങ്ങൾക്കനുസരിച്ച് ഇവിടെ വർണ്ണാശ്രമധർമ്മങ്ങളെ അനുഷ്ഠിക്കുവാൻ നിയോഗിക്കപ്പെട്ടവരാണു. നാം പ്രകൃതിയുടെ ഏതേത് ഗുണങ്ങൾക്കധീനമായിരിക്കുന്നുവോ, അവൻ അതാത് ഗുണങ്ങൾക്കനുസരിച്ചുള്ള ജന്മങ്ങളെ നമുക്ക് നൽകുന്നു. നാം അതിലൂടെ സുഖദുഃഖങ്ങളെ അനുഭവിക്കുകയും ചെയ്യുന്നു. കണ്ണുള്ളവൻ കണ്ണില്ലാത്തവനെ കൈപിടിച്ച് നടത്തുന്നതുപോലെ, അവനമ്മളെ ജീവിതത്തിൽ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നു. ജീവന്മുക്തന്മാർപോലും ഭഗവദിച്ഛയാ ലഭ്യമാകുന്ന ശരീരത്തെ സർവ്വാത്മനാ സ്വീകരിക്കുകയും, സ്വപ്നത്തിൽനിന്നുണർന്ന ഒരാൾ താൻ ഉറക്കത്തിൽ കണ്ട സ്വപനത്തെ വിലയിരുത്തുന്നതുപോലെ, അവർ തന്റെ ജന്മത്തേയും കർമ്മത്തേയും നോക്കിക്കാണുന്നു. പക്ഷേ, സംസാരത്തിൽ വീണ്ടും വീണുപോകാതിരിക്കുവാൻ അവർ എപ്പോഴും തങ്ങളുടെ കർമ്മങ്ങൾ ശുദ്ധമാക്കിത്തന്നെ വയ്ക്കുന്നു. കാടുകളായ കാടുകളെല്ലാം കയറിയിറങ്ങിയാലും മനസ്സിനേയും ഇന്ദ്രിയങ്ങളേയും ജയിച്ചിട്ടില്ലാത്തവന് ദുഃഖത്തിൽനിന്നും കരകയറുവാൻ സാധ്യമല്ല. എന്നാൽ അവയെ തന്റെ അധീനതയിലാക്കിയ ഒരുവനാകട്ടെ, ഗൃഹസ്ഥാശ്രമിയായിരുന്നാൽപോലും ഹൃദയംകൊണ്ട് അനന്തമായ ആനന്ദത്തെ അനുഭവിക്കുന്നു. മനസ്സിനേയും ഇന്ദ്രിയങ്ങളേയും ജയിച്ചവൻ കോട്ടയ്ക്കുള്ളിലിരുന്ന് തന്റെ ശത്രുക്കളെ ഇല്ലാതാക്കുന്ന ഒരു രാജാവിനെപ്പോലെയാണു. മനസ്സിൽനിന്ന് ലോഭത്തെ ഒഴിച്ചവന് യാതൊരു ഭയവുംകൂടാതെ യഥേഷ്ടം എവിടേയും സഞ്ചരിക്കാവുന്നതാണു. അതുകൊണ്ട്, ഹേ മകനേ!, ആ പരമപുരുഷന്റെ പാദാരവിന്ദങ്ങളിൽ അഭയം പ്രാപിച്ചുകൊണ്ട് നീ നിന്റെ മനസ്സിനേയും ഇന്ദ്രിയങ്ങളേയും ജയിക്കാൻ ശ്രമിക്കുക. അതിലൂടെ നിനക്ക് നിസ്സംഗനായി ഈ ഭൂമിയെ പരിപാലിക്കുവാൻ സാധിക്കും.

ശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ രാജൻ! ബ്രഹ്മദേവന്റെ ഉപദേശം ശിരസ്സാ വഹിച്ചുകൊണ്ട് പ്രിതവ്രതൻ തന്റെ നിയതമായ കർമ്മളെ ഏറ്റെടുക്കുവാൻ മാനസികമായി തയ്യാറായി. അതിൽ സന്തോഷവാനായ സ്വായംഭുവമനു ബ്രഹ്മദേവനെ വണങ്ങി. തന്റെ ഉദ്യമം പൂർത്തിയാതോടെ ബ്രഹ്മദേവൻ സത്യലോകത്തിലേക്ക് മടങ്ങുകയും ചെയ്തു. സ്വായംഭുവമനുവിന് ബ്രഹ്മദേവന്റെ സഹായത്തോടെ തന്റെ ആഗ്രഹം സഫലീകൃതമായതിൽ അതിയായ സന്തോഷം തോന്നി. നാരദമഹർഷിയുടെ നിറഞ്ഞ സാന്നിധ്യത്തിൽ അദ്ദേഹം രാജ്യഭരണം പ്രിയവ്രതനെ ഏൽപ്പിച്ചു. പിന്നീട്, അദ്ദേഹം തന്റെ ഭൌതികജീവിതത്തിന് വിരാമമിട്ടു. പ്രിയവ്രതനാകട്ടെ, ഭഗവദ്ചരണാരവിന്ദങ്ങളിൽ മനസ്സുറപ്പിച്ചുകൊണ്ട് പൂർണ്ണമായ നിസ്സംഗതയോടുകൂടി രാജ്യപാലനമേറ്റെടുത്തു.

പിന്നീട് പ്രിയവ്രതൻ വിശ്വകർമ്മാവിന്റെ മകളായ ബർഹിഷ്മതിയെ വിവാഹം ചെയ്തു. അവളിൽ അദ്ദേഹത്തിന് തന്നെപ്പോലെതന്നെ സർവ്വഗുണസമ്പന്നന്മാരായ പത്തുപുത്രന്മാരുണ്ടായി. ഇവരെ കൂടാതെ ഊർജ്ജസ്വതി എന്ന പേരിൽ ഒരു പുത്രിയും അദ്ദേഹത്തിന് ജനിച്ചു. പുത്രന്മാർക്ക് അദ്ദേഹം യഥാക്രമം അഗ്നിയുടെ വിവിധനാമങ്ങളായ ആഗ്നിധ്രൻ, ഇധ്മജിഹ്വൻ, യജ്ഞബാഹു, മഹാവീരൻ, ഹിരണ്യരേതസ്സ്, ഘൃതപൃഷ്ഠൻ, സവനൻ, മേധാതിഥി, വീതിഹോത്രൻ, കവി എന്നിങ്ങനെ നാമകരണം ചെയ്തു. അതിൽ കവിയും മഹാവീരനും സവനനും ബ്രഹ്മചാരികളായിരുന്നു. തുടക്കം മുതലേ ബ്രഹ്മചര്യം ശീലിച്ച ഇവർ പിന്നീട് പരമഹംസപദത്തിലേക്കുയർന്നു. ലോകങ്ങൾക്കെല്ലാം സർവ്വാധാരവും മുമുക്ഷുക്കളുടെ ഏക ആശ്രയവുമായ ശ്രീവാസുദേവന്റെ സ്മരണയിൽ അവർ മനസ്സിനേയും ഇന്ദ്രിയങ്ങളേയും സംയമനം ചെയ്തുകൊണ്ട് സന്യാസജീവിതം നയിച്ചു. ഭക്തിയിലൂടെ ഭൌതികതയിൽ നിന്നകന്ന് അവർ സ്വയം പരിശുദ്ധരായി. അതിലൂടെ, സർവ്വഹൃദയങ്ങളിലും കുടികൊള്ളുന്ന ഭഗവാനും തങ്ങളും ഒന്നാണെന്ന പരംബോധം അവരിലുറച്ചു.

ഹേ രാജൻ!, മറ്റൊരു പത്നിയിൽ പ്രിയവ്രതമഹാരാജാവിന് ഉത്തമൻ, താമസ്സൻ, രൈവതൻ എന്നീ നാമങ്ങളോടെ മൂന്ന് പുത്രന്മാരുണ്ടായി. അവർ പിന്നീട് മന്വന്താരാധിപന്മാരായി ഏറെക്കാലം ഭൂമിയെ പരിപാലിച്ചു. പ്രിയവ്രതൻ 110 അർബുദവർഷക്കാലം ഭൂമണ്ഢലത്തെ പരിപാലിച്ചു. അദ്ദേഹം അമ്പും വില്ലും തന്റെ കരുത്തുറ്റ കരങ്ങൾകൊണ്ട് സ്പർശിക്കുന്ന മാത്രയിൽത്തന്നെ അധർമ്മം പേടിച്ചോടിയൊളിക്കുമായിരുന്നു. പ്രിയവ്രതൻ തന്റെ ഭാര്യയായ ബർഹിഷ്മതിയെ അതിരറ്റ് സ്നേഹിച്ചു. ദിവസങ്ങൾ കടന്നുപോകുന്തോറും ആ സ്നേഹം അന്ധമായിക്കൊണ്ടിരുന്നു. സ്ത്രീത്വം തുളുമ്പുന്ന അവളുടെ ഓരോ ചലങ്ങളിലും അദ്ദേഹം ആകൃഷ്ടനായി. മഹാത്മാവായിരുന്ന പ്രിയവ്രതൻ തത്ക്കാരണത്താൽ ഒരു സാധാരണ മനുഷ്യന്റെ തലത്തിലേക്ക് താഴ്ത്തപ്പെട്ടു.

എന്നാൽ, അദ്ദേഹത്തിന്റെ ഭരണം ഈരേഴുപതിനാലുലോകങ്ങളിലും വാഴ്ത്തപ്പെട്ടു. ഒരിക്കൽ സൂര്യന്റെ ഭ്രമണത്തെ സംബന്ധിച്ച് പ്രിയവ്രതൻ അസന്തുഷ്ടനായി. കാരണം, സദാ സമയവും സുമേരുവിനുചുറ്റും വലംവച്ചുകൊണ്ടിരുന്ന സൂര്യദേവൻ, ആ പർവ്വതത്തിന്റെ തെക്കുവശമെത്തുമ്പോൾ വടക്കുവശത്തും, അതുപോലെ, വടക്കുവശമെത്തുമ്പോൾ തെക്കുവശത്തും പ്രകാശം കുറഞ്ഞുകാണുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. സ്വാഭാവികമായി സംഭവിക്കുന്നതായിരുന്നെങ്കിൽപോലും ഈ കാര്യം പ്രിയവ്രതന് സ്വീകാര്യമായിരുന്നില്ല. അദ്ദേഹം തന്റെ രഥത്തിലേറി സൂര്യന് പിറകേ മറ്റൊരു സൂര്യനായി യാത്ര ചെയ്തുകൊണ്ട് പ്രസ്തുത പ്രശ്നത്തിന് പരിഹാരം കണ്ടു. പ്രിയവ്രതന്റെ രഥചക്രങ്ങൾ ഭൂമിയിൽ പതിപ്പിച്ച അടയാളങ്ങൾ പിന്നീട് ഏഴു സമുദ്രങ്ങളായിമാറിക്കൊണ്ട് ഭൂമണ്ഢലത്തെ ഏഴ് ദ്വീപുകളായി വിഭജിച്ചു. ഈ ദ്വീപുകൾ ജംബൂ, പ്ലക്ഷ, ശാൽമലി, കുശം, ക്രൌഞ്ചം, ശാകം, പുഷ്കരം എന്നിങ്ങനെ അറിയപ്പെടുന്നു. ഓരോ ദ്വീപും അതിന്റെ തൊട്ടുമുമ്പുള്ള ദ്വീപിനേക്കാൾ ഇരട്ടി വിസ്തീർണ്ണമുള്ളവയാണെന്ന് മാത്രമല്ല, അവയോരോന്നും ഉപ്പ്, കരിമ്പ്, മദ്യം, വെണ്ണ, പാൽ, തൈര്, മധുരം എന്നിവയുടെ സ്വഭാവത്തോടുകൂടിയ വ്യത്യസ്ഥങ്ങളായ സമുദ്രജലങ്ങളാൽ ചുറ്റപ്പെട്ടിരുന്നു. ഈ സമുദ്രങ്ങളോരോന്നും അത് ചുറ്റിനിൽക്കുന്ന ദ്വീപിന്റെ അതേ വിസ്തീർണ്ണമുള്ളവയായിരുന്നു. ഈ ദ്വീപുകളെ പ്രിയവ്രതൻ തന്റെ ആഗ്നിധ്രൻ, ഇധ്മജിഹ്വൻ, യജ്ഞബാഹു, ഹിരണ്യരേതസ്സ്, ഘൃതപൃഷ്ഠൻ, മേധാതിഥി, വീതിഹോത്രൻ എന്നീ ഏഴുപുത്രന്മാർക്കായി വിഭജിച്ചുകൊടുത്തു. പിതാവിന്റെ ആജ്ഞയ സ്വീകരിച്ചുകൊണ്ട് അവർ ആ ദ്വീപുകളുടെ പാലനം ചെയ്തു. പരീക്ഷിത്ത് രാജാവേ!, പ്രിയവ്രതൻ തന്റെ മകളായ ഊർജ്ജസ്വതിയെ ശുക്രാചാര്യന് വിവാഹം ചെയ്തുകൊടുത്തു. ശുക്രാചാര്യന് അവളിൽ ദേവയാനി എന്ന ഒരു പുത്രി ജനിച്ചു.

ഹേ മഹാരാജൻ!, ഭഗവദ്കൃപയുണ്ടെങ്കിൽ വിശപ്പ്, ദാഹം, ദുഃഖം, മോഹം, ജര, മരണം മുതലായ വികാരങ്ങളിൽനിന്നും ജീവന് മുക്തി ലഭിക്കുന്നു. അതുപോലെ, മനസ്സും പഞ്ചേന്ദ്രിയങ്ങളും അവരെ ഒരുതരത്തിലും സ്വാധീനിക്കുന്നില്ല. ചണ്ഡാളനാണെങ്കിൽകൂടി ഭക്തിയോടുകൂടി ഭഗവദ്നാമത്തെ ഉച്ഛരിക്കുന്നതിലൂടെ അവൻ ഈ സംസാരത്തിൽനിന്നും എന്നെന്നേയ്ക്കുമായി മോക്ഷം നേടുന്നു.

പ്രിയവ്രതമഹാരാജൻ തന്റെ ഗൃഹസ്ഥാശ്രമജീവിതം കഴിയുന്നത്ര ആസ്വാദ്യകരമായിത്തന്നെ അനുഭവിച്ചു. ജീവിതം ഭഗവാനിലും ഗുരുവായ നാരദരിലും സമർപ്പിക്കപ്പെട്ടതായിരുന്നുവെങ്കിലും, താൻ അതിനുള്ളിൽ ദിനംതോറും വല്ലാതെ അകപ്പെട്ടുപോകുന്നതായി അദ്ദേഹത്തിനറിയാൻ കഴിഞ്ഞു. ആ സമയം മനസ്സ് വല്ലാതെ പ്രക്ഷുപ്തമാകുകയും, തുടർന്ന് അദ്ദേഹം വീണ്ടും സന്യാസജീവിതത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുകയും ചെയ്തു. വിഷയങ്ങളിൽ ഇത്രകണ്ട് ആസക്തനായതിൽ പ്രിയവ്രതന് തന്നോടുതന്നെ പുച്ഛം തോന്നി. ഈ ഗൃഹാന്ധകൂപത്തിൽനിന്ന് എങ്ങനെയെങ്കിലും കരകയറിയേ മതിയാക്കൂ എന്നദ്ദേഹം മനസ്സിലുറപ്പിച്ചു. ഭാര്യയുടെ താളത്തിനൊത്ത് തുള്ളുന്ന ഒരു കുരങ്ങനെപ്പോലെ അദ്ദേഹം സ്വയത്തെ കണ്ടറിഞ്ഞു. ഭഗവദനുഗ്രഹത്താൽ വീണ്ടും ആത്മീയജീവിതത്തിലേക്ക് തിരിച്ചുവരുവാൻ അദ്ദേഹത്തിന് സാധിച്ചു. രാജ്യഭാരത്തെ പുത്രന്മാരിലേൽപ്പിച്ചതിനുശേഷം, പ്രിയവ്രതമഹാരാജാവ് ഭഗവദഭിമുഖനായി തന്റെ ജീവിതം തുടർന്നു. പുത്രം, കളത്രം, ഗൃഹം, രാജ്യം, അങ്ങനെ എല്ലാ ഭൌതിക സുഖഭോഗങ്ങളിൽനിന്നും വിരക്തിനേടി അദ്ദേഹം സർവ്വസംഗപരിത്യാഗിയായിമാറി. അദ്ദേഹത്തിന്റെ നിർമ്മലമായ ഹൃദയത്തിൽ ഭഗവദ്മഹിമകൾ മാത്രം വിളയാടി. അങ്ങനെ അദ്ദേഹത്തിന്റെ മനസ്സ് ഭഗവദ്പാദാരവിന്ദങ്ങളിലുറച്ചു.

മനുഷ്യർ ഉടമസ്ഥാവകാശങ്ങൾക്കുവേണ്ടി തമ്മിൽ തല്ലാതിരിക്കുവാനായി അദ്ദേഹം നദികളേയും പർവ്വതങ്ങളേയും കാടുകളേയും പ്രത്യേകം പ്രത്യേകം വിഭജനം ചെയ്തുവച്ചു. നാരദരുടെ ഉപദേശങ്ങളിലൂടെ പ്രിയവ്രതൻ ഇഹപരങ്ങളുടെ നിസ്സാരതയെ മനസ്സിലാക്കി. മൂലോകങ്ങളിലും സകാമകർമ്മങ്ങൾ ചെയ്തുണ്ടാകുന്ന യാതൊരു ഭൌതിക ഐശ്വര്യവും നരകതുല്യമായി അദ്ദേഹം കണ്ടറിഞ്ഞു.ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഒന്നാമധ്യായം സമാപിച്ചു.ഓം തത് സത്.
< Previous          Next >


Activities of Priyavratha Maharaja, Srimad Bhagavatham

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ