2020, സെപ്റ്റംബർ 16, ബുധനാഴ്‌ച

9.24 വിദർഭവംശം – ശ്രീകൃഷ്ണാവതാരപ്രസ്താവന.

 ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 24

(വിദർഭവംശം ശ്രീകൃഷ്ണാവതാരപ്രസ്താവന)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: മഹാരാജാവേ!, ജ്യാമഘന് യുദ്ധം ജയിച്ചുവരുന്നതിനിടയിൽ ഒരു കന്യകയെ കിട്ടിയെന്നും അവളെ അദ്ദേഹത്തിന്റെ പുത്രൻ വിദർഭൻ വിവാഹം കഴിച്ചുവെന്നും പറഞ്ഞുവല്ലോ. അവൻ അവളിൽ കുശൻ, ക്രഥൻ, രോമപാദൻ എന്നിങ്ങനെ മൂന്ന് പുത്രന്മാരെ ജനിപ്പിച്ചു. രോമപാദന്റെ പുത്രനായി ബഭ്രു ജനിച്ചു. അവനിൽനിന്ന് കൃതിയും ജനിച്ചു. അവന്റെ പുത്രനായ ഉശകൻ ചേദി എന്നവനു ജന്മം നല്കി. അവന്റെ പുത്രന്മാരായി ദമഘോഷൻ മുതലായ രാജാക്കന്മാരുണ്ടായി. വിദർഭന്റെ രണ്ടാമത്തെ പുത്രൻ ക്രഥന് കുന്തി എന്നവൻ പുത്രനായി പിറന്നു. അവന്റെ പുത്രനായി ധൃഷ്ടിയും, അവന്റെ പുത്രനായി നിർവൃതിയും, അവനിൽനിന്ന് ദശാർഹനും, അവന്റെ പുത്രനായി വ്യോമനും, അവന്റെ പുത്രനായി ജീമൂതനും, അവന്റെ പുത്രനായി വികൃതിയും, അവന്റെ പുത്രനായി ഭീമരഥനും, അവനിൽനിന്ന് നവരഥനും, അവന്റെ പുത്രനായി ദശരഥനും ജനിച്ചു.

രാജൻ!, ദശരഥപുത്രനായി ശകുനി പിറന്നു. അവന്റെ പുത്രനായി കരംഭിയും, അവന്റെ പുത്രനായി ദേവരാതനും, അവന്റെ പുത്രനായി ദേവക്ഷത്രനും, അവന്റെ പുത്രനായി മധുവും, അവന്റെ പുത്രനായി കുരുവംശനും, അവന്റെ പുത്രനായി അനുവും, അവന്റെ പുത്രനായി പുരുഹോത്രനും, അവന്റെ പുത്രനായി ആയുസ്സും, അവനിൽനിന്ന് സാത്വതനും ജനിച്ചു. സാത്വതന് ഭജമാനൻ, ഭജി, ദിവ്യൻ, വൃഷ്ണി, ദേവാവൃധൻ, അന്ധകൻ, മഹാഭോജൻ എന്നിങ്ങനെ ഏഴു പുത്രന്മാരുണ്ടായി. ഭജമാനന് തന്റെ ഒരു പത്നിയിൽ നിമ്ലോചി, കിങ്കണൻ, ധൃഷ്ടി എന്നിങ്ങനെ മൂന്നു പുത്രന്മാരും, മറ്റൊരു പത്നിയിൽ ശതാജിത്ത്, സഹസ്രജിത്ത്, അയുതാജിത്ത് എന്നിങ്ങനെ മൂന്നുപേരും പിറന്നു. ദേവാവൃധന്റെ പുത്രൻ ബഭ്രു മനുഷ്യരിൽ ശ്രേഷ്ഠനായിരുന്നു. ദേവാവൃധനാണെങ്കിൽ ദേവന്മാരോട് തുല്യനും. അനേകം സജ്ജനങ്ങൾ അവരിൽനിന്ന് ജ്ഞാനം നേടി മുക്തിമാർഗ്ഗത്തെ പ്രാപിച്ചിരുന്നു. മഹാഭോജൻ ധർമ്മിഷ്ഠനായിരുന്നു. അദ്ദേഹത്തിന്റെ സന്താനപരമ്പരയിലൂടെ ഭോജരാജാക്കന്മാരുണ്ടായി. അല്ലയോ പരന്തപാ!, വൃഷ്ണിയുടെ പുത്രന്മാരായി സുമിത്രനും യുധാജിത്തും പിറന്നു. അവരിൽ യുധാജിത്തിന്റെ പുത്രനായിരുന്നു ശിനിയും അനമിത്രനും. അനമിത്രനിൽനിന്ന് നിംനൻ പിറന്നു. നിമ്നന് സത്രാജിത്തും പ്രസേനനും മക്കളായി ജനിച്ചു. ശിനിയുടെ പുത്രൻ സത്യകനായിരുന്നു. സത്യകന്റെ പുത്രനായി യുയുധാനൻ പിറന്നു. അവന്റെ പുത്രനായിരുന്നു ജയൻ. അവനിൽന്ന് കുണി എന്നവനുണ്ടായി. കുണിയുടെ പുത്രനായി യുഗന്ധരൻ പിറന്നു. രാജൻ!, അനമിത്രന് മറ്റൊരു പുത്രനുണ്ടായിരുന്നവന്റെ നാമം വൃഷ്ണി എന്നായിരുന്നു. അവന്ന് പുത്രനായി ശ്വഫൽകൻ, ചിത്രരഥൻ എന്നിവരുണ്ടായി. ശ്വഫൽകന് തന്റെ ഗാന്ദിനിയെന്ന പത്നിയിൽ ശ്രേഷ്ഠനായ അക്രൂരനും അദ്ദേഹത്തോടൊപ്പം വിഖ്യാതന്മാരായ പന്ത്രണ്ടു പുത്രന്മാർ വേറെയും ജനിച്ചു. അവരുടെ നാമങ്ങൾ ആസംഗൻ, സാരമേയൻ, മൃദുരൻ, മൃദുവിത്ത്, ഗിരി, ധർമ്മവൃദ്ധൻ, സുകർമ്മാവ്, ക്ഷേത്രോപേക്ഷൻ, അരിമർദ്ദനൻ, ശത്രുഘ്നൻ, ഗന്ധമാദൻ, പ്രതിബാഹു എന്നിങ്ങനെയായിരുന്നു. അവർക്കെല്ലാം സഹോദരിയായിയുണ്ടായവളായിരുന്നു സുചീര.

രാജൻ! അക്രൂരന്റെ പുത്രന്മാരായി ദേവവാനും ഉപദേവനും പിറന്നു. അതുപോലെ ചിത്രരഥന്റെ പുത്രന്മാരായി വിദൂരഥൻ പൃഥു മുതലാവർ ജനിച്ചു. ഇങ്ങനെ പോകുന്നു വൃഷ്ണിവംശജരുടെ പരമ്പര. കുകുരൻ, ഭജമാനൻ, ശുചി, കംബളബർഹിഷൻ മുതലായവർ അന്ധകന്റെ പുത്രനായിരുന്നു. അതിൽ കുകുരന്റെ പുത്രനായി വഹ്നിയും വഹ്നിയുടെ പുത്രനായി വിലോമനും ജനിച്ചു. വിലോമനിൽനിന്ന് കപോതരോമാവ് ജനിച്ചു. അവന്റെ പുത്രനായി അനുവും സംജാതനായി. അനുവിന്റെ സുഹൃത്ത് തുമ്പുരുവായിരുന്നു. അനുവിൽനിന്ന് അന്ധകനും, അവനിൽനിന്ന് ദുന്ദുഭിയും, അവനിൽനിന്ന് അരിദ്യോതനും, അവനിൽനിന്ന് പുനർവസുവും ജനിച്ചു. പുനർവസുവിന് മക്കളായി ആഹുകൻ എന്ന ഒരു പുത്രനും ആഹുകി എന്ന ഒരു പുത്രിയും പിറന്നു. ആഹുകന്റെ പുത്രന്മാർ ദേവകൻ, ഉഗ്രസേനൻ എന്നിവരായിരുന്നു. അതിൽ ദേവകനു പുത്രനായി ദേവവാൻ, ഉപദേവൻ, സുദേവൻ, ദേവവർദ്ധനൻ എന്നിങ്ങനെ നാലുപേർ ജനിച്ചു. അവർക്ക് ഏഴുപേർ സഹോദരിമാരായി പിറന്നു. അല്ലയോ രാജൻ!, അവരുടെ നാമങ്ങൾ ധൃതദേവ, ശാന്തിദേവ, ഉപദേവ, ശ്രീദേവ, ദേവരക്ഷിത, സഹദേവ, ദേവകി എന്നിങ്ങനെയായിരുന്നു. രാജാവേ!, അവരെയെല്ലാം വസുദേവൻ വിവാഹം കഴിച്ചു. ഉഗ്രസേനന്റെ പുത്രന്മാരായി കംസൻ, സുനാമാവ്, ന്യഗ്രോധൻ, കങ്കൻ, ശങ്കു, സുഹു, രാഷ്ട്രപാലൻ, സൃഷ്ടി, തുഷ്ടിമാൻ എന്നിവർ പിറന്നു. ഉഗ്രസേനപുത്രിമാരായി കംസാ, കംസവതി, കങ്ക, ശുരഭ, രാഷ്ട്രപാലിക എന്നിവർ ജനിച്ചു. അവരെ വസുദേവന്റെ അനുജന്മാർ വിവാഹം കഴിച്ചു. രാജൻ!, ഇതോടെ അന്ധകന്റെ ആദ്യപുത്രനായ കുകുരന്റെ വംശം വിവരിച്ചുകഴിഞ്ഞു. ഇനി അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനായ ഭജമാനനെ കുറിച്ചു പറയാം. അവനിൽനിന്ന് വിദൂരഥനും, അവനിൽനിന്ന് ശൂരനും, അവനിൽനിന്ന് ശിനിയും, അവനിൽനിന്ന് സ്വയംഭോജനും, അവനിൽനിന്ന് ഹൃദീകനും പിറന്നു. ഹൃദീകന്റെ പുത്രന്മാരായി ദേവബാഹു, ശതധനുസ്സ്, കൃതവർമ്മാവ്, ദേവമീഢൻ എന്നിവർ ജനിച്ചു. ആ ദേവമീഢന്റെ പുത്രനായിരുന്നു ശൂരൻ. അവന്റെ പത്നിയുടെ നാം മാരിഷ എന്നായിരുന്നു. അവളിൽ ശൂരനാകട്ടെ, വസുദേവൻ, ദേവഭാഗൻ, ദേവശ്രവസ്സ്, ആനകൻ, സൃഞ്ജയൻ, ശ്യാമകൻ, കങ്കൻ, ശമീകൻ, വത്സകൻ, വൃകൻ, എന്നിങ്ങനെ പത്തു പുത്രന്മാരെ ഉല്പാദിപ്പിച്ചു. ശ്രീകൃഷ്ണപരമാത്മാവിന്റെ അവതാരത്തിനു സുസ്ഥാനമായ വസുദേവൻ ജനിച്ച സമയം ദേവന്മാർ ദുന്ദുഭികളും ആനകങ്ങളും മുഴക്കിയതിനാൽ അദ്ദേഹം ആനകദുന്ദുഭി എന്ന നാമത്തിലും അറിയപ്പെടുന്നു. അദ്ദേഹത്തിന് അഞ്ചു സഹോദരിമാരുണ്ടായിരുന്നു. അവരുടെ നാമങ്ങൾ പൃഥ, ശ്രുതദേവ, ശ്രുതകീർത്തി, ശ്രുതശ്രവസ്സ്, രാജാധിദേവി എന്നിങ്ങനെയായിരുന്നു. പിതാവായ ശൂരൻ പൃഥയെ തന്റെ സുഹൃത്തായ കുന്തിഭോജന് വളർത്തുപുത്രിയായി നൽകുകയുണ്ടായി. രാജൻ!, അവൾക്ക് കന്യകാവസ്ഥയിൽ കർണ്ണൻ എന്ന ഒരു പുത്രനുണ്ടായി. ഒരിക്കൽ, പൃഥ തന്റെ വീട്ടിൽ ആഗതനായ ദുർവാസ്സവുമഹർഷിയെ വേണ്ടവണ്ണം പരിചരിക്കുകയുണ്ടായി. അതിൽ സമ്പ്രീതനായ മുനി ദേവന്മാരെ ആഹ്വാനം ചെയ്തുവരുത്തുവാനുള്ള യോഗവിദ്യ പ്രദാനം ചെയ്ത് അവളെ അനുഗ്രഹിച്ചു. ആ വിദ്യ ഒന്നു പരീക്ഷിച്ചുനോക്കുവാനായി പൃഥ സൂര്യദേവനെ ആഹ്വാനം ചെയ്തു. സൂര്യദേവൻ ഉടൻതന്നെ അവളുടെയടുക്കലെത്തിയതുകണ്ട് അത്ഭുതം കൂറിക്കൊണ്ട് അവൾ പറഞ്ഞു: അല്ലയോ സൂര്യദേവാ!, എന്നോട് പൊറുത്താലും ദുർവാസ്സാവുമുനി തന്നനുഗ്രഹിച്ച ഈ യോഗവിദ്യയെ ഒന്നു പരീക്ഷിച്ചറിയാൻവേണ്ടിമാത്രം പ്രയോഗിച്ചതാണു. അങ്ങ് തിരിച്ചുപൊയ്ക്കൊണ്ടാലും. രാജൻ!, അവളുടെ വാക്കുകൾ കേട്ട സൂര്യഭഗവാൻ ഇങ്ങനെ മറുപടി പറഞ്ഞു: ഹേ ദേവീ!, എന്റെ ദർശനം വിലമാകാൻ പാടില്ല. ആയതിനാൽ നിന്റെ കന്യകാത്വം നഷ്ടപ്പെടാതെതന്നെ നിനക്ക് നാം ഒരു പുത്രനെ നൽകാൻ പോകുകയാണു. രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ട് സൂര്യദേവൻ അവളിൽ ഗർഭത്തെ ആധാനം ചെയ്ത് ആകാശത്തിലേക്ക് മറഞ്ഞു. പെട്ടെന്നുതന്നെ അവൾക്ക് സൂര്യനെപ്പോലെ വിളങ്ങുന്ന ഒരു പുത്രൻ സംജാതനായി. സമൂഹത്തിൽ തനിക്കുണ്ടായേക്കാവുന്ന അപവാദത്തെ ഭയന്ന പൃഥ എന്ന കുന്തി ആ ബാലനെ ഒരു പേടകത്തിലാക്കി നദിയിലൊഴുക്കിവിട്ടു. ശൂരനായ അങ്ങയുടെ പ്രപിതാമഹനായ പാണ്ഡുരാജാവായിരുന്നു അവൾക്ക് ഭർത്താവായതു.

രാജൻ!, കരുഷദേശത്തിന്റെ അധിപനായ വൃദ്ധശ്രർമ്മാവായിരുന്നു കുന്തിയുടെ അനുജത്തിയായ ശ്രുതദേവയെ വിവാഹം കഴിച്ചതു. ശ്രുതദേവയിനിന്നും ദന്തവൿത്രൻ പിറന്നു. സനകാദികളാലുണ്ടായ ശാപം നിമിത്തം പണ്ട് ദിതിയുടെ പുത്രനായിപിറന്ന ഹിരണ്യാക്ഷനായിരുന്നു ഈ ദന്തവൿത്രൻ. ശ്രുതികീർത്തിയെ കേകയദേശപതിയായ ധൃഷ്ടകേതു വിവാഹം കഴിച്ചു. അവളിലൂടെ സന്തർദനൻ തുടങ്ങിയ അഞ്ചു കേകയപുത്രന്മാർ ജന്മം കൊണ്ടു. കുന്തിയുടെ മറ്റൊരു സഹോദരിയായിരുന്നല്ലോ രാജാധിദേവി. അവളിൽ ജയസേനരാജാവ് വിന്ദ, അനുവിന്ദ എന്നീ നാമങ്ങളിൽ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു. അതുപോലെ ശ്രുതശ്രവസ്സിനെ ചേദി രാജാവായ ദമഘോഷൻ വിവാഹം ചെയ്തു. അവളുടെ പുത്രനായിരുന്നു ശിശുപാലൻ. അവന്റെ ഉത്ഭവത്തെക്കുറിച്ച് ഞാൻ മുന്നമേ പറഞ്ഞുകഴിഞ്ഞതാണു.

രാജൻ!, വസുദേവന്റെ സഹോദരനായ ദേവഭാഗന്ന് കംസ എന്നവളിൽ ചിത്രകേതു, ബൃഹദ്ബലൻ എന്നിവരുണ്ടായി. അതുപോലെ, ദേവശ്രവസ്സിന് കംസവതി എന്ന അദ്ദേഹത്തിന്റെ ഭാര്യയിൽ സുവീരൻ, ഈഷുമാൻ എന്നിവർ പുത്രന്മാരായി. അപ്രകാരം, ആനകനിൽനിന്ന് കങ്കയിൽ സത്യജിത്തും പുരുജിത്തും ജനിച്ചു. സൃഞ്ജയൻ രാഷ്ട്രപാലിക എന്ന ഭാര്യയിൽ വൃഷൻ, ദുർമ്മർഷണൻ തുടങ്ങിയവർക്ക് ജന്മം നൽകി. അതുപോലെ ശ്യാമകനും ശൂരഭൂമിയെന്നവളിൽ ഹരികേശൻ, ഹിരണ്യാക്ഷൻ മുതൽപേരെയും ജനിപ്പിച്ചു. വത്സകനാകട്ടെ, മിശ്രകേശി എന്ന ഒരപ്സരയിൽ വൃകൻ മുതലായവരേയും, വൃകൻ ദുർവാക്ഷിയിൽ തക്ഷൻ, പുഷ്കരൻ, ശാലൻ തുടങ്ങിയവരേയും ഉത്പാദിപ്പിച്ചു. ശമീകൻ തന്റെ പത്നിയായ സുദാമിനിയിൽ സുമിത്രൻ, അർജ്ജുനൻ, പാലൻ തുടങ്ങിയവർക്ക് ജന്മം നൽകി. അതുപോലെ കങ്കൻ സ്വപത്നിയായ കർണ്ണികയിൽ ഋതധാമനേയും ജയനേയും ജനിപ്പിച്ചു.

പരീക്ഷിത്തേ!, വസുദേവന്റെ പത്നിമാരുടെ നാമങ്ങൾ പൌരവി, രോഹിണി, ഭദ്ര, മദിര, ഇള, ദേവകി എന്നിങ്ങനെയായിരുന്നു. രോഹിണിയിൽ അദ്ദേഹത്തിന് ബലൻ, ഗദൻ, സാരണൻ, ദുർമ്മദൻ, വിപുലൻ, ധ്രുവൻ, കൃതൻ എന്നിവർ പുത്രന്മാരായി. അദ്ദേഹത്തിന് പൌരവിയിലുണ്ടായ മക്കൾ സുഭദ്രൻ, ഭദ്രവാഹൻ, ദുർമ്മദൻ, ഭദ്രൻ, ഭൂതൻ തുടങ്ങിയ പന്ത്രണ്ടുപേരായിരുന്നു. വസുദേവൻ മദിരയിൽ നന്ദൻ, ഉപനന്ദൻ, കൃതകൻ, ശൂരൻ തുടങ്ങിയവർക്ക് ജന്മം കൊടുത്തു. ഭദ്രയിൽ അദ്ദേഹത്തിന് കേശി എന്ന നാമത്തിൽ ഒരു പുത്രൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രോചനിയിൽ അദ്ദേഹത്തിന് ഹസ്തൻ, ഹേമാംഗദൻ മുതലായ പുത്രന്മാർ ജനിച്ചു. ഇളയിലാകട്ടെ, ഉരുവത്കൻ മുതലായ യാദവപ്രമുഖന്മാരും പിറക്കുകയുണ്ടായി. വസുദേവർക്ക് ധൃതയെന്നവളിൽ വിപൃഷ്ഠൻ എന്നുപേരായ ഒരു പുത്രൻ ജനിച്ചു. രാജൻ!, ശ്രമൻ, പ്രതിശ്രുതൻ തുടങ്ങിയവർ വസുദേവർക്ക് ശാന്തീദേവിയിൽ ജനിച്ച പുത്രന്മാരായിരുന്നു. വസുദേവർക്ക് ഉപദേവ, ശ്രീദേവ എന്നീ നാമങ്ങളോടെയും ഭാര്യമാരുണ്ടായിരുന്നു. അതിൽ ഉപദേവയിൽ കല്പൻ, വർഷൻ മുതലായ പത്തു മക്കളും, ശ്രീദേവയിൽ വസുവംശൻ, സുവംശൻ മുതലായ ആറു പുത്രന്മാരും ജനിക്കുകയുണ്ടായി. ദേവരക്ഷിതയെന്ന തന്റെ പത്നിയിൽ വസുദേവൻ ഗദൻ മുതലായ ഒമ്പത് പുത്രന്മാരെ ജനിപ്പിച്ചു. പുരു, വിശ്രുതൻ തുടങ്ങിയ എട്ടുപുത്രന്മാരെ അദ്ദേഹം സഹദേവയിലും ഉത്പാദിപ്പിച്ചു.

രാജൻ! വസുദേവർക്ക് ദേവകീദേവിയിൽ എട്ടുപുത്രന്മാർ ജനിച്ചു. കീർത്തിമാൻ, സുഷേണൻ, ഭദ്രസേനൻ, ഋജു, സമ്മർദ്ദനൻ, ഭദ്രൻ, സാക്ഷാത് അഹീശ്വരനായ സങ്കർഷണൻ എന്നിവരായിരുന്നു അതിൽ ഏഴുപേർ. അല്ലയോ രാജാവേ!, എട്ടാമതായി ഭഗവാൻ ശ്രീഹരി സ്വയമേവ അവരുടെ പുത്രനായി അവതരിച്ചുപോലും.

രാജൻ! അങ്ങയുടെ മുത്തശ്ശിയായ മഹാഭാഗ്യവതി സുഭദ്രാദേവിയും അവരുടെ പുത്രിയായിരുന്നു. അല്ലയോ രാജൻ!, ഈ ലോകത്തിൽ എപ്പോഴെല്ലാം ധർമ്മത്തിന് തളർച്ചയും അധർമ്മത്തിന് വളർച്ചയും സംഭവിക്കുന്നുവോ, അപ്പൊഴെല്ലാം ഭഗവാൻ ഈശ്വരനായ ശ്രീഹരി സ്വയം അവതാരം കൈക്കൊള്ളുന്നു. മഹീപതേ!, സർവ്വേശ്വരനും പരാത്പരനും സർവ്വസാക്ഷിയും സർവ്വാത്മാവുമായ ആ ഭഗവാന്റെ അവതാരത്തിനോ കർമ്മങ്ങൾക്കോ തന്നുടെ മായാവിനോദം മാത്രമല്ലാതെ മറ്റൊന്നും കാരണമാകുകയില്ല. അവന്റെ മായാചേഷ്ടിതങ്ങൾ ജീവാത്മാക്കൾക്ക് അനുഗ്രഹമായിത്തീരുന്നു. ആ ലീലകൾ ആത്മാക്കളുടെ ഉത്ഭവസ്ഥിതിലയങ്ങൾക്കും അതിൽനിന്നുള്ള നിവൃത്തിയ്ക്കും ഉതകുന്നു. മധുസൂദനനായ ഭഗവാൻ ബലരാമദേവനോടൊന്നിച്ച് ഇവിടെ അസംഖ്യം വരുന്ന അസുരന്മാരാൽ സന്തപ്തയായ ഭൂമിദേവിയുടെ ഭാരത്തെ കുറയ്ക്കുവാനായി എന്തെല്ലാം ലീലകളാണു ആടിയതു!. അവയൊന്നും ഇന്ദ്രാദിദേവപ്രമുഖന്മാർക്ക് മനസ്സിൽപോലും കാണാൻ കഴിയാത്തവയായിരുന്നു. സർവ്വശക്തനായ ഭഗവാൻ അങ്ങനെ കലികാലത്തിൽ ഉണ്ടാകാൻ പോകുന്ന ഭക്തന്മാരുടെ അനുഗ്രഹത്തിനായും അവരുടെ ദുഃഖം, അജ്ഞാനം എന്നിവയെ അകറ്റുന്നതിനുമായി തന്റെ അതിപാവനമായ കീർത്തിയെ എങ്ങെങ്ങും വ്യാപിപ്പിച്ചു. കർണ്ണപീയൂഷമാകുന്ന ആ ലീലാമൃതത്തിൽ കാതുകളെ മുഴുകിക്കുന്ന സജ്ജനങ്ങൾക്ക് ഒരൊറ്റശ്രവണമാത്രത്താൽ തങ്ങളുടെ കർമ്മവാസനകൾ നശിപ്പിക്കാൻ സാധിക്കുന്നു. ഭഗവാൻ തന്റെ പ്രേമാർദ്രമായ പുഞ്ചിരികൊണ്ടും കടാക്ഷവീക്ഷണങ്ങൾകൊണ്ടും മധുരവചനങ്ങൾകൊണ്ടും ലീലാവൈഭവം കൊണ്ടും മനോഹാരിതയെഴുന്ന തിരുവുടൽകൊണ്ടും എന്നെന്നും മർത്ത്യലോകത്തെ ആനന്ദിപ്പിച്ചുകൊണ്ടിരിക്കുന്നു. തന്തിരുവടിയേയും അവന്റെ ലീലകളേയും ഭോജന്മാർ, വൃഷ്ണികൾ, അന്ധകന്മാർ, മധുക്കൾ, ശൂരസേനന്മാർ, ദശാർഹന്മാർ തുടങ്ങിയ യാദവന്മാരാലും അതുപോലെ, കൌരവന്മാർ, പാഞ്ചാലന്മാർ, പാണ്ഡവന്മാർ തുടങ്ങിയവരാലും പ്രശംസിക്കപ്പെട്ടതത്രേ. പരമസുന്ദരവും നിത്യാനന്ദദായകവുമായ ഭഗവാന്റെ തിരുമുഖകമലത്തെ ജനങ്ങൾ കണ്ണുകളാൽ സദാനേരവും പാനം ചെയ്തുകൊണ്ടേയിരുന്നു. അതിൽ അവർ എന്നെന്നും സന്തുഷ്ടരായിരുന്നുവെങ്കിലും ഒരിക്കലും സംതൃപ്തരായിരുന്നില്ല. കാരണം, സ്വാഭാവികമായുണ്ടാകുന്ന നേത്രനിമേഷം അവർക്ക് വല്ലാതെ അസഹനീയമായിരുന്നു. അതിനു കാരണഭൂതനായ നിമിചക്രവർത്തിയോട് അവർക്ക് അതിൽ അടങ്ങാത്ത അമർഷവുമായിരുന്നു. അഭൌമരൂപത്തോടെ അവതീർണ്ണനായ ഭഗവാൻ മനുഷ്യരൂപനായി പിതാവിന്റെ വീട്ടിൽനിന്നും ഗോകുലത്തിലേക്ക് എഴുന്നെള്ളി. അവിടെ ഗോകുലവാസികളുടെ സമ്പത്തിനെ വളർത്തുകയും ശത്രുക്കളെ നിഗ്രഹിക്കുകയും ചെയ്തതിനുശേഷം, അനേകം പത്നിമാരെ വേട്ടു. അവരിൽ ഭഗവാൻ അനേശതം പുത്രന്മാർക്ക് ജന്മം നൽകി. ജനങ്ങൾക്ക് വേദമാർഗ്ഗത്തെ ഉപദേശിച്ചുകൊണ്ട് യജ്ഞങ്ങളാൽ യജ്ഞപുരുഷനായ തന്നെത്തന്നെ സ്വയം ആരാധിച്ചു. ആ ഭഗവാൻ കുരുവംശത്തിലുണ്ടായ തർക്കം തീർത്ത്, അതുവഴി ഭൂഭാരം കുറയ്ക്കുവാനായി തന്റെ കടക്കണ്ണിനാൽത്തന്നെ സേനകളെ നശിപ്പിച്ച്, ആ വിജയത്തെ അർജ്ജുനനിൽ ഉദ്ഘോഷിച്ച്, ഉദ്ധവർക്ക് പരമാർത്ഥജ്ഞാനത്തേയും പ്രദാനം ചെയ്തു, ഒടുവിൽ സ്വധാമമായ വൈകുണ്ഠത്തെ പ്രാപിക്കുകയും ചെയ്തു.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം ഇരുപത്തിനാലാമദ്ധ്യായം സമാപിച്ചു.

ശ്രീമദ്ഭാഗവതം നവമസ്കന്ധം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

2020, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

9.23 യദുവംശചരിതം.

 ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 23

(യദുവംശചരിതം)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: പരീക്ഷിത്ത് രാജൻ!, യയാതിരാജാവിന്റെ നാലാമത്തെ പുത്രനായിരുന്ന അനുവിന് സമാനരൻ, ചക്ഷുസ്സ്, പരോക്ഷൻ എന്നിങ്ങനെ മൂന്ന് പുത്രന്മാരുണ്ടായി. അതിൽ സമാനരന് കാലനരൻ പുത്രനായി. അവന്റെ പുത്രനായി സൃഞ്ജയനും, അവനിൽനിന്ന് ജനമേജയനും പിറന്നു. ജനമേജയന്റെ പുത്രനായിരുന്നു മഹാശീലൻ. അവന്റെ പുത്രൻ മഹാമനസ്സ്. ഉശീനരനും തിതിക്ഷുവും മഹാമനസ്സിന് രണ്ടുമക്കളായി. ഉശീനരന്റെ പുത്രന്മാർ ശിബി, വനൻ, ശമി, ദക്ഷൻ എന്നിവരായിരുന്നു. അതിൽ ശിബിക്ക് മാത്രമായി പൃഷദർഭൻ, സുവീരൻ, മദ്രൻ, കൈകേയൻ, എന്നിവർ മക്കളായി ജനിച്ചു. തിതിക്ഷുവിന് പുത്രനായി രുശദ്രഥനും, അവനു പുത്രനായി ഹേമനും, അവനിൽനിന്ന് സുതപസ്സും, അവനിൽനിന്ന് ബലിയും പിറന്നു. ബലി എന്ന രാജാവിന്റെ ഭാര്യയിൽ ദീർഘതമസ്സിന് അംഗൻ, വംഗൻ,കലിംഗൻ, സുഹ്മൻ, പുണ്ഡ്രൻ, ആണ്ഡ്രൻ എന്നീ നാമങ്ങളോടെ ആറ് പുത്രന്മാർ ജനിച്ചു. ഈ ആറുപേരും അവരവരുടെ നാമങ്ങൾ ചേർത്ത ആറ് ദേശങ്ങൾക്കധിപന്മാരായി വാണു. അതിൽ അംഗദേശം വാണ അംഗനിൽനിന്നും ഖനപാനൻ എന്നവൻ പുത്രനായി പിറന്നു. അവനിൽനിന്ന് ദിവിരഥൻ ഉണ്ടായി. അവനിൽനിന്ന് ധർമ്മരഥൻ പിറന്നു. അവന്റെ പുത്രനായി പിറന്ന ചിത്രരഥന് സന്താനങ്ങളില്ലായിരുന്നു. ചിത്രരഥൻ രോമപാദൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന് മക്കളില്ലാതിരുന്നതിനാൽ സുഹൃത്തായ ദശരഥൻ തന്റെ ശാന്ത എന്ന മകളെ പുത്രിയുടെ സ്ഥാനത്ത് നൽകുകയുണ്ടായി. അവളെ വേളി കഴിച്ചത് ഋശ്യശൃംഗമുനിയായിരുന്നു. രാജൻ!, ഇന്ദ്രകോപത്താൽ അംഗദേശത്തിൽ അനാവൃഷ്ടി സംഭവിച്ചപ്പോൾ ഹരിണിയുടെ പുത്രനായ ഋശ്യശൃംഗനനെ രോമപാദരാജാവ് വേശ്യകളെ അയച്ച് സൂത്രത്തിൽ കൊണ്ടുവന്ന് രാജധാനിയിൽ താമസിപ്പിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ദേശത്ത് സുവൃഷ്ടിയും സംഭവിച്ചു. ഋശ്യശൃംഗൻ പുത്രകാമേഷ്ടിയിലൂടെ രോമപാദന് സന്താനത്തെ പ്രദാനം ചെയ്തു. ഇതേ യാഗത്തിലൂടെയായിരുന്നു ദശരഥനും സന്തതികളെ നേടിയതു.

രാജൻ!, രോമപാദനിൽനിന്ന് ചതുരംഗൻ ജനിച്ചു. അവന്റെ പുത്രനായി പൃഥുലാക്ഷൻ പിറന്നു. അവന്റെ പുത്രന്മാർ ബൃഹദ്രഥൻ ബൃഹത്കർമ്മാവു ബൃഹത്ഭാനു എന്നിവരായിരുന്നു. ബൃഹദ്രഥനിൽനിന്ന് ബൃഹന്മനസൻ ജനിച്ചു. അവനിൽനിന്ന് ജയദ്രഥൻ ജനിച്ചു. ആ ജയദ്രഥന് സംഭൂതിയെന്നവളിൽ വിജയൻ പിറന്നു. അവന്ന് മകനായി ധൃതിയെന്നവൻ ജനിച്ചു. ധൃതിയിൽനിന്ന് ധൃതവ്രതനും, അവനിൽനിന്ന് സത്കർമ്മാവും, അവനിൽനിന്ന് അധിരഥനും ജനിച്ചു. മക്കളില്ലാതിരുന്ന അധിരഥന്ന് അദ്ദേഹം ഗംഗയുടെ തീരത്ത് വിഹരിച്ചുകൊണ്ടിരുന്നപ്പോൾ, ഒരു പേടകത്തിനകത്താക്കി കുന്തീദേവിയാൽ ഉപേക്ഷിക്കപ്പെട്ട കർണ്ണൻ മകനായി ലഭിച്ചു. കർണ്ണന്റെ പുത്രൻ വൃഷസേനനായിരുന്നു.

രാജൻ!, ഇനി യയാതിയുടെ മൂന്നാമത്തെ പുത്രനായ ദ്രുഹ്യുവിന്റെ പരമ്പരയെക്കുറിച്ച് കേട്ടുകൊള്ളുക. ദ്ര്യുഹ്യുവിന് ബഭ്രുവും, അവന് സേതുവും, അവന് ആരബ്ധനും, അവന് ഗാന്ധാരനും, അവന് ധർമ്മനും, ധർമ്മന് ധൃതനും, അവന് ദുർമ്മനസ്സും, അവന് പ്രചേതസ്സും സ്വപുത്രന്മാരായി ജനിച്ചു. പ്രചേതസ്സിന് നൂറ് മക്കളുണ്ടായിരുന്നു. അവർ വടക്കേദിക്കിലേക്ക് പോയി അവിടെയുണ്ടായിരുന്ന മ്ലേച്ഛജാതിയുടെ അധിപന്മാരായി വാണു.

ഇനി തുർവസ്സുവിന്റെ വംശം പറയാം. തുർവസ്സുവിന്റെ മകൻ വഹ്നിയായിരുന്നു. അവന്റെ മകനായി ഭർഗ്ഗനും, അവന്റെ പുത്രനായി ഭാനുമാനും, അവന്റെ സന്തതിയായി ത്രിഭാനുവും, അവന്റെ പുത്രനായി കരന്ധമനും, അവന്റെ മകനായി മരുതനും ജനിച്ചു. മരുതന് പുത്രന്മാരുണ്ടായിരുന്നില്ല. ആയതിനാൽ അദ്ദേഹം പുരുവംശത്തിൽ പിറന്ന ഒരുവനെ പുത്രനായി സ്വീകരിച്ചു. അവൻ ദുഷ്യന്തനായിരുന്നു. അവൻ രാജ്യാഭിലാഷിയായതിനാൽ തുർവസ്സുവിന്റെ വംശത്തിൽനിന്നു വിട്ട് തന്റെ വംശത്തിലേക്കുതന്നെ തിരിച്ചുപോയി.

അല്ലയോ മഹാരാജൻ!, ഇനി ഞാൻ പറയാൻ പോകുന്നത് യയാതിയുടെ മൂത്ത പുത്രനായ യദുവിന്റെ വംശത്തെ കുറിച്ചാണു. ആ വംശം മനുഷ്യരുടെ സകലപാപങ്ങൾക്കുമറുതി വരുത്തുന്നതും അവർക്ക് സർവ്വമംഗളങ്ങളും പ്രദാനം ചെയ്യുന്നതുമായിരുന്നു. യദുവംശത്തെക്കുറിച്ച് കേൾക്കുന്ന മനുഷ്യർ സർവ്വപാപങ്ങളിൽനിന്നും മുക്തരാകുന്നു. ആ വംശത്തിലായിരുന്നല്ലോ ഭഗവാൻ ശ്രീകൃഷ്ണപരമാത്മാവ് നരാകൃതിപൂണ്ട് അവതാരം ചെയ്തതു. യദുവിന് കീർത്തിമാന്മാരായ നാലു പുത്രന്മാരുണ്ടായിരുന്നു. സഹസ്രജിത്ത്, ക്രോഷ്ടാവു, നളൻ, രിപു എന്നിങ്ങനെയായിരുന്നു അവരുടെ നാമങ്ങൾ. മൂത്തവൻ സഹസ്രജിത്തിന് ശതജിത്ത് പുത്രനായി ജനിച്ചു. അവന്റെ പുത്രന്മാർ മഹാഹയൻ, വേണുഹയൻ, ഹൈഹയൻ എന്നീ മൂന്നുപേരായിരുന്നു. ഹൈഹയന്റെ പുത്രൻ ധർമ്മൻ. അവനിൽനിന്ന് നേത്രനും, അവനിൽനിന്ന് കുന്തിയും ജനിച്ചു. കുന്തിക്ക് പുത്രനായി സോഹംജിയും, അവനു പുത്രനായി മഹിഷ്മാനും, അവന് പുത്രനായി ഭദ്രസേനനും, അവന്റെപുത്രനായി ദുർമ്മദൻ, ധനകൻ എന്നിവരും ജനിച്ചു. ധനകന്റെ പുത്രൻ കൃതവീര്യനാണു. അവനെ കൂടാതെ ധനകന് കൃതാഗ്നി, കൃതവർമ്മാവ്, കൃതൌജസ്സ് എന്നിവരും പുത്രരായി ജനിക്കുകയുണ്ടായി. കൃതവീര്യന്റെ പുത്രനായിരുന്നു അർജ്ജുനനെന്നവൻ. അവൻ ശ്രീഹരിയുടെ അംശാവതാരമായ ദത്താത്രേയമഹർഷിയിൽനിന്നും യോഗവിദ്യ പഠിച്ചവനും സപ്തദ്വീപുകളുൾക്കൊള്ളുന്ന ഭൂമണ്ഡലത്തിന്റെ അധിപനാകുകയും ചെയ്തു. അദ്ദേഹത്തെപ്പോലെ യജ്ഞം, ദാനം, തപസ്സ്, യോഗവിദ്യ, ശാസ്ത്രജ്ഞാനം, പരാക്രമം, ശത്രുവിജയം എന്നീ ഗുണഗണങ്ങളിൽ തുല്യരായവർ ഈ ലോകത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല. അദ്ദേഹം എൺപത്തെണ്ണായിരം വർഷക്കാലം കരുത്തുറ്റ ഇന്ദ്രിയത്തോടുകൂടി ഈ ഭൂമിയിൽ ഭൌതികസുഖം ആസ്വദിച്ചുകൊണ്ട് ജീവിച്ചു. ആ കാർത്തവീര്യാർജ്ജുനന് ആയിരക്കണക്കിന് പുത്രന്മാരുണ്ടായിരുന്നുവെങ്കിലും അതിൽ, ജയധ്വജൻ, ശൂരസേനൻ, വൃഷഭൻ, മധു, ഊർജ്ജിതൻ എന്നീ അഞ്ചുപേർ മാത്രമേ യുദ്ധത്തിനുശേഷം ബാക്കി വന്നുള്ളൂ. മറ്റുള്ളവരെല്ലാംതന്നെ പരശുരാമനാൽ വധിക്കപ്പെട്ടിരുന്നു.

രാജൻ!, ജയധ്വജനു പുത്രനായി താലജംഘനുണ്ടായി. അവന് നൂറ് പുത്രന്മാരുണ്ടായിരുന്നു. താലജംഘന്മാർ എന്നറിയപ്പെട്ട ഈ ക്ഷത്രിയവംശം ഔർവമുനിയുടെ തേജസ്സിനാൽ നശിക്കപ്പെട്ടു. ആ താലജംഘപുത്രന്മാരിൽ ഒന്നാമൻ വീതിഹോത്രനായിരുന്നു. അവന്റെ പുത്രനായി മധുവും, അവന്റെ പുത്രനായി വൃഷ്ണിയും ജനിച്ചു. വൃഷ്ണിയുൾപ്പെടെ മധുവിന് നൂറ് പുത്രന്മാരായിരുന്നു ഉണ്ടായിരുന്നതു. ആയതിനാൽ ഈ വംശത്തെ മാധവന്മാരെന്നും വൃഷ്ണികളെന്നും യാദവന്മാരെന്നും വ്യത്യസ്ഥനാമങ്ങളിലറിയപ്പെടുന്നു.

രാജൻ!, യദുപുത്രനായ ക്രോഷ്ടാവിന് വൃജിനാവാൻ എന്നവൻ മകനായി പിറന്നു. അവന്റെ പുത്രനായിരുന്നു സ്വാഹിതൻ. അവന്റെ പുത്രനായി വിശദ്ഗുവും, അവന് പുത്രനായി ചിത്രരഥനും, അവന് പുത്രനായി ശശബിന്ദുവും ജനിച്ചു. ശശബിന്ദു ഒരു മഹായോഗിയും അതുപോലെതന്നെ പതിനാലുതരം ഐശ്വര്യങ്ങൾക്കധിപനും കൂടാതെ പതിനാലുതരം രത്നങ്ങൾ സ്വന്തമായുള്ളവനുമായിരുന്നു. അങ്ങനെ അദ്ദേഹം ചക്രവർത്തിയായി മാറി. ശശബിന്ദുവിന്റെ പതിനായിരം ഭാര്യമാരിലൂടെ അദ്ദേഹം ഒരു ഭ്യാര്യയിൽ ഒരു ലക്ഷം എന്ന കണക്കിന് പതിനായിരം ലക്ഷം പുത്രന്മാർക്ക് ജന്മം നൽകി. ഇവരിൽ ആറുപേർ മാത്രമായിരുന്നു പ്രധാനികൾ. അവരിൽ പൃഥുശ്രവസ്സെന്നവന് ധർമ്മൻ എന്നു പേരായവൻ പുത്രനായി. അവന്റെ പുത്രനായിരുന്നു ഉശനാവാൻ. ഈ ഉശനാവാൻ നൂറ് അശ്വമേധങ്ങൾ അനുഷ്ഠിച്ചവനായിരുന്നു. അവന്റെ പുത്രനായി രുചകനും, അവന്റെ പുത്രന്മാരായി പുരുജിത്ത്, രുക്മൻ, രുക്മേഷു, പൃഥു, ജ്യാമഘൻ എന്നിവരും പിറന്നു.

രാജൻ!, ജ്യാമഘന്റെ പത്നി ശൈബ്യ വന്ധ്യയായിരുന്നു. എങ്കിലും അയാൾ ഭാര്യയെ ഭയന്ന് മറ്റൊരു വിവാഹം കഴിച്ചിരുന്നില്ല. എന്നാൽ ഒരിക്കൽ ഏതോ ശത്രുക്കളെ ജയിച്ചുവരുന്നതിനിടയിൽ ശത്രുഗൃഹത്തിൽനിന്നും ഒരു കന്യകയെ അദ്ദേഹം കടത്തിക്കൊണ്ടുവന്നു. കൊട്ടാരത്തിലെത്തിയപ്പോൾ തേരിലിരിക്കുന്ന ആ കന്യകയെ കണ്ട് ശൈബ്യ പറഞ്ഞു: ഹേ ചതിയാ!, രഥത്തിൽ എന്റെ സ്ഥാനമലങ്കരിക്കുന്ന ഇവൾ ആരാണ്?. രാജൻ!, ആ ചോദ്യത്തിന് ജ്യാമഘൻ പറഞ്ഞു: ഇവൾ നിന്റെ പുത്രവധുവാണു. അതുകേട്ട് ശൈബ്യ ചിരിച്ചുകൊണ്ട് ചോദിച്ചു: പ്രസവിക്കാത്ത എനിക്ക് പുത്രവധുവോ?. തുടർന്ന് ജ്യാമഘൻ പറഞ്ഞു: മഹാറാണീ!, ഭവതി ഇനി പെറ്റുണ്ടാകാൻ പോകുന്ന പുത്രനു ഇവൾ ഉപയോഗപ്പെടുന്നതാണു. രാജൻ!, അങ്ങനെ പത്നിയുടെ മുന്നിൽ ഇളിഭ്യനായി നിൽക്കുന്ന ജ്യാമഘനിൽ കൃപ തോന്നിയ വിശ്വദേവന്മാരും പിതൃക്കളും അദ്ദേഹത്തിന് ശൈബ്യയിൽ സന്താനത്തെ നൽകിയനുഗ്രഹിച്ചു. പിന്നീട് ശൈബ്യ ഗർഭം ധരിച്ചു. കാലമായപ്പോൾ സുലക്ഷണനായ ഒരു കുഞ്ഞും പിറന്നു. അവൻ വിദർഭൻ എന്നറിയപ്പെട്ടു. പുത്രവധുവെന്ന നിലയിൽ അവിടെയുണ്ടായിരുന്ന ആ കന്യകയെ വിദർഭൻ വിവാഹം കഴിച്ചു.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം ഇരുപത്തിമൂന്നാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

2020, സെപ്റ്റംബർ 13, ഞായറാഴ്‌ച

9.22 പാണ്ഡവകൌരവാദികളുടെ ഉല്പത്തി.

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 22

(പാണ്ഡവകൌരവാദികളുടെ ഉല്പത്തി)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: രാജാവേ!, മുദ്ഗലപുത്രനായ ദിവോദാസന്റെ പുത്രനായി മിത്രേയു ജനിച്ചു. അദ്ദേഹത്തിന്റെ പുത്രനായിരുന്നു ച്യവനൻ. അതുകൂടാതെ സുദാസൻ, സഹദേവൻ, സോമകനും മിത്രേയുവിന്റെ മക്കളായിരുന്നു. സോമകന്റെ പുത്രനായത് ജന്തു എന്നവനായിരുന്നു. സോകമന് പുത്രന്മാർ നൂറായിരുന്നു. അതിൽ ഇളയവൻ പൃഷതനും, അവന്റെ പുത്രൻ ദ്രുപദനുമായിരുന്നു. ദ്രുപദപുത്രി പാഞ്ചാലിയാണു. അതുപോലെ ദൃഷ്ടദ്യുംനൻ മുതലായവർ ആണ്മക്കളും. ദൃഷ്ടദ്യുംനനിൽനിന്ന് ധൃഷ്ടകേതു ജനിച്ചു. ഭർമ്യാശ്വപരമ്പരയിൽ‌പെട്ട ഇവർ പാഞ്ചാലന്മാരെന്നും പറയപ്പെടുന്നു. രാജൻ!, അജമീഢന്റെ പുത്രനായി മറ്റൊരുവൻ കൂടി പിറന്നിരുന്നു. അവനായിരുന്നു ഋക്ഷൻ. അവന്റെ പുത്രനായി സംവരണൻ ജാതനായി. അദ്ദേഹത്തിൽനിന്ന് സൂര്യപുത്രിയായ തപതിയിൽ കുരുക്ഷേത്രപതിയായ കുരു എന്ന രാജാവ് ജനിച്ചു. ആ കുരുവിന്റെ പുത്രന്മാരായിരുന്നു പരീക്ഷി, സുധനുസ്സ്, ജഹ്നു, നിഷധാശ്വൻ എന്നിവർ. സുധനുസ്സിന്റെ പുത്രനായിരുന്നു സുഹോത്രൻ. അവനിൽനിന്ന് ച്യവനൻ, അവനിൽനിന്ന് കൃതി, കൃതിയിൽനിന്ന് ഉപരിചരവസു, അവനിൽനിന്ന് ബൃഹദ്രഥൻ എന്നിവർ പുത്രന്മാരായി പിറക്കുകയുണ്ടായി. ഉപരിവസുവിന് ബൃഹദ്രഥനോടൊപ്പം കുശാംബൻ, മത്സ്യൻ, പ്രത്യഗ്രൻ, ചേദിപൻ എന്നിവർ മക്കളായി ഉണ്ടായിരുന്നു. അവരെല്ലാം ചേദിരാജ്യത്തിന്റെ അധിപന്മാരായിരുന്നു. ബൃഹദ്രഥനിൽനിന്ന് കുശാഗ്രൻ ജനിച്ചു. അവന്റെ പുത്രൻ ഋഷഭനായിരുന്നു. ഋഷഭപുത്രനായി സത്യഹിതൻ ജനിച്ചു. അവന്റെ പുത്രൻ പുഷ്പവാനും, അവന്റെ പുത്രൻ ജഹുവും ആയിരുന്നു. ബൃഹദഥന് തന്റെ മറ്റൊരു ഭാര്യയിൽ ശിശുവിന്റെ ശരീരത്തിന്റെ രണ്ടു ഭാഗങ്ങളുണ്ടായി. മാതാ‍വിനാൽ രാത്രിയിൽ എടുത്ത് പുറത്തേക്കെറിയപ്പെട്ട ആ ശരീരശകലങ്ങൾ ആ സമയം വെളിയിൽ വിഹരിക്കുകയായിരുന്ന ജര എന്ന ഒരു പിശാചിക ജീവിക്കൂ! ജീവിക്കൂ! എന്ന് പറഞ്ഞുകൊണ്ട് സന്ധിപ്പിച്ചു. അങ്ങനെ ആ കുട്ടി ജരാസന്ധൻ എന്ന് അന്വർത്ഥനാമാവായി അറിയപ്പെട്ടു. ആ ജരാസന്ധന് മകനായി സഹദേവൻ ജനിച്ചു. സഹദേവപുത്രനായി സോമാപിയും അവന് പുത്രനായി ശ്രുതശ്രവസ്സും ജാതരായി. കുരുരാജാവിന്റെ മറ്റൊരു പുത്രനായ പരീക്ഷിക്ക് പുത്രന്മാരുണ്ടായിരുന്നില്ല. എന്നാൽ കുരുപുത്രനായ ജഹ്നുവിന് സുരഥൻ എന്നു പേരുള്ള ഒരുവൻ പുത്രനായി ഭവിച്ചു. സുരഥനിൽനിന്നും വിദൂരഥനും, വിദൂരഥനിൽനിന്ന് സാർവ്വഭൌമനും, അവനിൽനിന്ന് ജയസേനനും, ജയസേനനിൽനിന്ന് രാധികനും, രാധികനിൽനിന്ന് അയുധനും, അയുധനിൽനിന്ന് അക്രോധനനും, അവനിൽനിന്ന് ദേവാതിഥിയും, ദേവാതിഥിക്ക് ഋഷ്യനും, അവന് ദിലീപനും, ആ ദിലീപന് പ്രതീപനും മക്കളായി ജനിച്ചു. പ്രതീപന് ദേവാപി, ശന്തനു, ബഹ്‌ലീകൻ എന്നിങ്ങനെ മൂന്നുപേർ മക്കളായി. അതിൽ ദേവാപി പിതാവിന്റെ രാജ്യം ഉപേക്ഷിച്ച് വനത്തിലേക്ക് പുറപ്പെട്ടു. ആയതിനാൽ ശന്തനു രാജ്യഭാരമേറ്റെടുത്തു. ഈ ശന്തനു കഴിഞ്ഞ ജന്മത്തിൽ മഹാഭിഷൻ എന്നാണറിയപ്പെട്ടിരുന്നതു. അദ്ദേഹം ജര ബാധിച്ച ആരെ തന്റെ കൈകൾ കൊണ്ട് തൊടുന്നുവോ, അവർ ജര മാറി യുവത്വം പ്രാപിച്ച് മനഃശ്ശാന്തി അനുഭവിക്കുന്നു. അത്തരം വിശിഷ്ടകർമ്മത്തോടുകൂടിയവനാകയാലാണ് അദ്ദേഹം അന്വർത്ഥനാമാവായി ശന്തനു എന്നറിയപ്പെടുന്നതു.

അങ്ങനെയിരിക്കെ, പന്ത്രണ്ട് വർഷക്കാലം ഭൂമിയിൽ മഴ ലഭിക്കാതെയായി വന്നപ്പോൾ ശന്തനു ബ്രാഹ്മണഗുരുക്കന്മാരെ സമീപിച്ച് പരിഹാരക്രിയകളാരാഞ്ഞു. ജ്യേഷ്ഠനിരിക്കെ ശന്തനു രാജാവായി വാഴുന്നതാണ് പ്രശ്നമെന്നും, ആയതിനാൽ, നഗരത്തിന്റേയും നാടിന്റേയും നന്മയ്ക്കായി എത്രയും വേഗം രാജ്യാധികാരം ജ്യേഷ്ഠന് തിരികെ നല്കണമെന്നും അവർ ഉപദേശിച്ചു. ഇങ്ങനെ ഉപദിഷ്ടനായ രാജാവ് വനത്തിലെത്തി ദേവാപിയോട് രാജ്യം ഏറ്റെടുക്കുവാൻ അപേക്ഷിച്ചു. ശന്തനുവിന്റെ മന്ത്രിമാരുടെ നിർദ്ദേശപ്രകാരം ചില ബ്രാഹ്മണർ ദേവാപിയെ തെറ്റിദ്ധരിപ്പിച്ച് വേദമാർഗ്ഗത്തിൽനിന്നും വഴിപിഴപ്പിച്ചിരുന്നു. തത്ക്കാരണാൽ ദേവാപി രാജ്യം ഏറ്റെടുക്കുവാൻ തയ്യാറായില്ല. മാത്രമല്ല, അദ്ദേഹം വേദോക്തധർമ്മമാർഗ്ഗങ്ങളെ തിരസ്ക്കരിച്ചുകൊണ്ട് സംസാ‍രിക്കുവാനും തുടങ്ങി. വീണ്ടും ശന്തനുതന്നെ രാജ്യഭരണം തുടങ്ങി. അങ്ങനെ ഇന്ദ്രൻ സമ്പ്രീതനായി വർഷങ്ങൾക്കുശേഷം വീണ്ടും മഴ ലഭിക്കുവാൻ തുടങ്ങി. ദേവാപി പിന്നീട് യോഗമാർഗ്ഗത്തിലൂടെ ആത്മസംയമിയായി കലാപഗ്രാമം എന്ന ഒരു സ്ഥലത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്നു. കലികാലത്തിൽ ചന്ദ്രവംശം നശിക്കവേ, കൃതയുഗാരംഭത്തിൽ ദേവാപി അതിനെ പുനഃസ്ഥാപിക്കുന്നതുമാണു.

രാജൻ!, ശന്തനുവിന്റെ അനുജനായ ബാഹ്‌ലീഹിയുടെ പുത്രനായി സോമദത്തൻ ജനിച്ചു. അവനിൽനിന്നും ഭൂരി, ഭൂരിശ്രവസ്സ്, ശലൻ എന്നിങ്ങനെ മൂന്ന് പുത്രന്മാരുണ്ടായി. ആത്മജ്ഞാനിയും സർവ്വധർമ്മജ്ഞനും മഹാഭാഗവതനുമായ ഭീഷ്മർ ശന്തനുവിന് ഗംഗാദേവിയിലുണ്ടായ പുത്രനായിരുന്നു. അദ്ദേഹം ഒരു വീരയോദ്ധാവായിരുന്നു. യുദ്ധത്തിൽ തന്നെ തോൽ‌പ്പിച്ചതിൽ സാക്ഷാത് പരശുരാമൻ പോലും ഭിഷ്മരിൽ സന്തുഷ്ടനായി. ശന്തനുവിന് മുക്കുവസ്ത്രീയായ സത്യവതിയിലുണ്ടായ പുത്രനാണ് ചിത്രാംഗദൻ. അദ്ദേഹത്തിന്റെ അനുജനായി വിചിത്രവീര്യനും സംജാതനായി. ചിത്രാംഗദൻ എന്ന് പേരുള്ള ഒരു ഗന്ധർവ്വനാൽ മേൽ‌പ്പറഞ്ഞ ശന്തനുപുത്രനായ ചിത്രാംഗദൻ കൊല്ലപ്പെട്ടു. ശന്തനു വേൾക്കുന്നതിനുമുൻപ് സത്യവതിയിൽ പരാശരമഹർഷിക്കുണ്ടായ പുത്രനായിരുന്നു ഭഗവദംശമായ കൃഷ്ണദ്വൈപായനമുനി. വേദങ്ങളെ നാലായി വേർതിരിച്ച് സംരക്ഷിച്ചത് ഈ മഹാമുനിയായിരുന്നു. ആ മഹാത്മാവിൽനിന്നുമാണ് ഞാൻ ജനിച്ചതും ഭാഗവതം അഭ്യസിച്ചതും. സർവ്വജ്ഞനായ ബാദരായണനെന്ന ആ വേദവ്യാസമഹാമുനി പൈലൻ മുതലായ തന്റെ ശിഷ്യഗണങ്ങളെയൊക്കെ ഉപേക്ഷിച്ച് സ്വപുത്രനും പവിത്രനുമായ എനിക്ക് എത്രയും രഹസ്യമായ ഈ ഭാഗവതത്തെ ചൊല്ലിത്തന്നു.

രാജൻ!, ഒരിക്കൽ സ്വയംവരപന്തലിൽനിന്നും അംബിക, അംബാലിക എന്നീ കാശീരാജാവിന്റെ പുത്രിമായെ വിചിത്രവീര്യൻ ബലപ്രയോഗത്തിലൂടെ കടത്തിക്കൊണ്ടുവന്ന് അവരെ വിവാഹം കഴിച്ചു. പിന്നീട് അവരിൽ അങ്ങേയറ്റം ഹൃദയം കൊണ്ടാസക്തനായ അദ്ദേഹം ക്ഷയരോഗം ബാധിച്ചു മരിച്ചു. സന്താനമില്ലാതെ സഹോദരനായ വിചിത്രവീര്യൻ മരിക്കപ്പെട്ടപ്പോൾ, മാതാവായ സത്യവതിയുടെ ആദേശമനുസരിച്ച് അദ്ദേഹത്തിന്റെ വിധവകളായ അംബികയിലും അംബാലികയിലും അതുപോലെ ഒരു ദാസിപ്പെണ്ണിലുമായി യഥാക്രമം, ധൃതരാഷ്‌ട്രർ, പാണ്ഡു, വിദുരർ എന്നിവർക്ക് വ്യാസമഹർഷി ജന്മം നൽകി.

അല്ലയോ മഹാരാജൻ!, ഗാന്ധാരീദേവിയിൽ ധൃതരാഷ്ട്രർക്ക് നൂറ് പുത്രന്മാരുണ്ടായി. അവരിൽ ജ്യേഷ്ഠൻ ദുര്യോധനനായിരുന്നു. അവരെ കൂടാതെ ദുശ്ശളയെന്നൊരു പുത്രിയും സംജാതയായി. ഒരിക്കൽ കാട്ടിൽ വച്ചുണ്ടായ ഒരു ശാപത്താൽ പാണ്ഡുവിന് സ്ത്രീസംഗം നിഷേധിക്കപ്പെട്ടിരുന്നു. ആ പാണ്ഡുവിന് കുന്തിയിൽ ധർമ്മദേവൻ, വായൂഭഗവാൻ, ദേവേന്ദ്രൻ എന്നിവരിൽനിന്ന് യുധിഷ്ഠിരൻ, ഭീമസേനൻ, അർജ്ജുനൻ മുതലായ മഹാരഥന്മാർ ജനിച്ചു. അതുപോലെ അദ്ദേഹത്തിന് തന്റെ മറ്റൊരു ഭാര്യയായ മാദ്രിയിൽ അശ്വിനിദേവകളാൽ നകുലസഹദേവന്മാർ പിറന്നു. ഈ അഞ്ചുപേരിൽനിന്നും പാഞ്ചാലിയിലൂടെ അഞ്ചുപേർ ജനിച്ചു. പരീക്ഷിത്തേ!, അവരഞ്ചും അങ്ങയുടെ അമ്മാവന്മാരായിരുന്നു. യുധിഷ്ഠിരനിൽനിന്ന് പ്രതിവിന്ധ്യനും, ഭീമസേനനിൽനിന്ന് ശ്രുതസേനനും, അർജ്ജുനനിൽനിന്ന് ശ്രുതകീർത്തിയും, നകുലനിൽനിന്ന് ശതാനീകനും, സഹദേവനിൽനിന്ന് ശ്രുതകർമ്മാവും പാഞ്ചാലിയിൽ അവർക്ക് പുത്രന്മാരായി പിറന്നു. രാജൻ!, ഇവരെ കൂടാതെ, വേറെ ചില പത്നിമാരിൽ വേറെ ചില പുത്രന്മാരും ഈ പാണ്ഡവന്മാർക്കുണ്ടായിരുന്നു. യുധിഷ്ഠിരന്ന് പൌരവിയെന്നവളിൽ ദേവകനെന്നവൻ ജനിച്ചു. ഭീമസേനന് ഹിഡിംബിയിൽ കടോത്കചനും കാളിയിൽ സർവ്വഗതനും പുത്രന്മാരായി ഭവിച്ചു. അതുപോലെ സഹദേവന്ന് പർവ്വതപുത്രിയായ വിജയയിൽ സുഹോത്രൻ എന്ന ഒരു പുത്രൻ ജനിച്ചു. നകുലൻ കരേണുമതി എന്നവളിൽ നിരമിത്രൻ എന്ന ഒരു പുത്രനെ നേടി. അപ്രകാരം അർജ്ജുനനും ഉലൂപി എന്ന ഒരു നാഗകന്യകയിൽ ഇരാവാൻ എന്നവനേയും, മണിപൂരം എന്ന ദേശത്തിലെ രാജാവിന്റെ മകളിൽ ബഭ്രുവാഹനനേയും ജനിപ്പിച്ചു. തന്റെ പുത്രിയിലുണ്ടായ ബഭ്രുബാഹനനെ മണിപ്പൂരപതി പിന്നീട് ദത്തെടുക്കുകയുണ്ടായി. രാജൻ!, സകലമഹാരഥന്മാരേയും ജയിച്ച് കീഴടക്കുന്ന വീരനായ അങ്ങയുടെ പിതാവ് അഭിമന്യു അർജ്ജുനന് സുഭദ്രയിൽ ജനിച്ചവനായിരുന്നു. ആ അഭിമന്യുവിന് ഉത്തരയിൽ പിറന്ന പുത്രനാണ് താങ്കൾ.

രാജൻ!, മഹാഭാരതയുദ്ധത്തിൽ കൌരവന്മാർ മൂച്ചൂടും തകർന്നുപോയ ആ സന്ദർഭത്തിൽ അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രത്തിന്റെ തേജ്ജസ്സിൽ അങ്ങയും മരണപ്പെട്ടുപോകുകയായിരുന്നു. എന്നാൽ, ശ്രീകൃഷ്ണപരമാത്മാവിന്റെ കൃപാകടാക്ഷത്താൽ ജീവനോടുകൂടിത്തന്നെ അന്തകനിൽനിന്നും താങ്കൾ മോചിപ്പിക്കപ്പെട്ടു. വത്സ!, പരീക്ഷിത്തേ!, ജനമേജയൻ, ശ്രുതസേനൻ, ഭീമസേനൻ, ഉഗ്രസേനൻ എന്നീ അങ്ങയുടെ പുത്രന്മാരും കരുത്തുറ്റ ധീരയോദ്ധാക്കളാണു. അതിൽ മൂത്തവൻ ജനമേജയനും. രാജൻ!, തക്ഷകനാൽ അങ്ങേയ്ക്ക് മൃത്യുസംഭവിക്കുന്നതിൽ കുപിതനായി ജനമേജയൻ ഒരു സർപ്പയാഗം നടത്തി സർപ്പങ്ങളെ മുഴുവൻ ആ യാഗാഗ്നിയിൽ ഹോമിക്കുന്നതാണു. തുരൻ എന്ന ഋഷിയെ പുരോഹിതനാക്കിക്കൊണ്ട് ജനമേജയൻ ഭൂമണ്ഡലത്തെ അടക്കി അനേകം അശ്വമേധയജ്ഞങ്ങളനുഷ്ഠിക്കുകയും ചെയ്യും.

രാജൻ!, ജനമേജയന്റെ പുത്രൻ ശതാനീകൻ യാജ്ഞവൽക്യനിൽനിന്ന് വേദത്രയത്തെയും, കൃപാചാര്യരിൽനിന്നും ആയുധാഭ്യാസത്തേയും, ശൌനകമുനിയിൽനിന്നും കർമ്മപദ്ധതികളേയും പഠിക്കും. ശതാനികനിൽനിന്നും സഹസ്രാനീകനും, അവനിൽനിന്ന് അശ്വമേധജനും, അവന്റെ പുത്രനായി അസീമകൃഷ്ണനും, അവന്റെ പുത്രനായി നിമിചക്രനും ജനിക്കും. ഹസിതിനപുരം നദിയിൽ താഴ്ന്നുപോകുമ്പോൾ ഈ നിമിചക്രൻ കൌശാംബിയിൽ പോയി വസിക്കുന്നതാണു. നിമിചക്രൻ വഴി ചിത്രരഥനും അവനിൽനിന്ന് സുചിരഥനും ജനിക്കും. സുചിരഥനിൽനിന്ന് വൃഷ്ടിമാനും, അവന്റെ പുത്രനായി സുഷേണനും, അവന്റെ പുത്രനായി സുനീഥനും അവന്റെ പുത്രനായി നൃചക്ഷുസ്സും, അവന്റെ പുത്രനായി സുഖീനളനും, അവനിൽനിന്ന് പരിപ്ലവനും, അവനിൽനിന്ന് സുനയനും, സുനയനപുത്രനായി മേധാവിയും, അവനിൽനിന്ന് നൃപംജയനും, അവനിൻൽനിന്ന് ദൂർവർനും, അവന്റെ പുത്രനായി തിമിയും, അവന്റെ മകനായി ബൃഹദ്രഥനും, അവനിൽനിന്ന് സുദാസനും, സുദാസപുത്രനായി ശതാനീകനും, അവനിൽനിന്ന് ദുർദമനനും, അവന്റെ പുത്രനായി ബഹീനരനും, അവന്ന് മകനായി ദണ്ഡപാണിയും, അവനിൽനിന്ന് നിമിയും, അവന്റെ പുത്രനായി ക്ഷേമകനും ജാതരായി അവരെല്ലാംതന്നെ ഈ ഭൂമിയിലെ രാജാക്കന്മാരായി ഭവിക്കുകയും ചെയും.

രാജൻ!, ഇങ്ങനെ, ദേവന്മാരും ഋഷികളുമെല്ലാം എന്നെന്നും ആദരിക്കുന്നതായ ബ്രാഹ്മണരുടേയും ക്ഷത്രിയരുടേയുമൊക്കെ വംശങ്ങൾ ഞാൻ ഇതിനകം വിവരിച്ചിരിക്കുന്നു. രാജൻ!, ക്ഷേമകൻ രാജാവാകുന്നതോടെ ജനമേജയവംശം ഇല്ലാതാകുകയും, പകരം മഗധവംശജരായ രാജാക്കന്മാർ വാഴ്ച തുടങ്ങുകയും ചെയ്യും. ഇനി ഞാൻ അങ്ങേയ്ക്ക് അവരെപ്പറ്റി ചൊല്ലിത്തരാം. ജരാസന്ധന്റെ പുത്രനായ സഹദേവന് മാർജ്ജാരി എന്ന ഒരുവൻ പുത്രനായി പിറക്കും. അവനിൽനിന്നും ശ്രുതശ്രവസ്സെന്നവൻ ജനിക്കും. അവനിൽനിന്ന് അയുതായുസ്സ് എന്നവനും. അയുതായുസ്സിന്റെ പുത്രനായി പിറക്കാൻ പോകുന്നത് നിരമിത്രനായിരിക്കും. അവന്റെ പുത്രനായി പിന്നീട് സുനക്ഷത്രനും, സുനക്ഷത്രനിൽനിന്ന് ബൃഹത്സേനനും, തത്സുതനായി കർമ്മജിത്തും, അവനിൽനിന്ന് സൃതംജയനും, അവന്റെ പുത്രനായി വിപ്രനും, അവനിൽനിന്ന് ശുചിയും, ശുചിയിൽനിന്ന് ക്ഷേമനും, അവനിൽനിന്ന് സുവ്രതനും, അവന്റെ പുത്രനായി ധർമ്മസൂത്രനും, അവനിൽനിന്ന് ശമനും, അവന് മകനായി ദ്യുമത്സേനനും, അവനിൽനിന്ന് സുമതിയും,, സുമതിക്ക് പുത്രനായി സുബലനും, അവന്റെ പുത്രനായി സുനീതനും, അവന്റെ പുത്രനായി സത്യജിത്തും, സത്യജിത്തിൽനിന്ന് വിശ്വജിത്തും, വിശ്വജിത്തിൽനിന്ന് രിപുഞ്ജയനും,  ജാതരാകും. രാജൻ!, ബൃഹദ്രഥവംശക്കാരായ ഈ മഗധരാജാക്കന്മാരും ഭൂമിയിൽ ആയിരം സംവസ്തരത്തോളം കാലം വാഴുന്നതാണു.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം ഇരുപത്തിരണ്ടാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

9.21 രന്തിദേവന്റെ ചരിതം.

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 21

(രന്തിദേവന്റെ ചരിതം)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: പരീക്ഷിത്തേ!, ഭരതരാജാവിന്റെ വംശം നിലച്ചുപോകാതിരിക്കുവാൻ മരുദ്ദേവതകൾ ഭരദ്വാജനെ പുത്രനായി നൽകിയെന്ന് പറഞ്ഞുവല്ലോ!. അവൻ വിതഥൻ എന്നും വിളിക്കപ്പെട്ടിരുന്നു. അവന്റെ പുത്രനായിരുന്നു മന്യു. അവനിൽനിന്ന് ബൃഹത്ക്ഷത്രൻ, ജയൻ, മഹാവീര്യൻ, നരൻ, ഗർഗ്ഗൻ എന്നിവർ ജനിച്ചു. അവരിൽ നരന്റെ പുത്രനായി സങ്കൃതി ജാതനായി. അല്ലയോ പാണ്ഡുവംശജാ!, ആ സങ്കൃതിക്ക് ഗുരു, രന്തിദേവൻ എന്നീ നാമങ്ങളിൽ രണ്ടു പുത്രന്മാർ ജനിച്ചു. രന്തിദേവന്റെ യശ്ശസ്സ് ഇഹപരലോകങ്ങളിൽ സ്തുതിക്കപ്പെടുന്നു. യദൃച്ഛയാ കിട്ടുന്നതെന്തിലും രന്തിദേവൻ സംതൃപ്തനായിരുന്നു. ഒന്നും സ്വന്തമായി ഇല്ലാത്തവനായിരുന്നിട്ടും അദ്ദേഹം കിട്ടുന്നതിനെയെല്ലാം ശ്രദ്ധയോടുകൂടി ദാനം ചെയ്യുമായിരുന്നു. ഇങ്ങനെ കഷ്ടപ്പാടുകൾക്കിടയിലൂടെ അദ്ദേഹവും കുടുംബവും കടന്നുപൊയ്ക്കൊണ്ടിരുന്നു. താനും കുടുംബവും ഭക്ഷണം പോലും കിട്ടാതെ വിറച്ചിരുന്ന ദിവസങ്ങളിലും അദ്ദേഹം സധൈര്യം ശാന്തനായി ഇരുന്നു. ഒരിക്കൽ രന്തിദേവൻ നാൽ‌പ്പത്തിയെട്ട് ദിവസത്തെ ഒരു വ്രതം അനുഷ്ഠിക്കുകയായിരുന്നു. അന്ന് രാവിലെ എന്തോ കുറെ സാത്വികാന്നം ഭക്ഷണമായി കിട്ടി. കുടുംബത്തോടൊപ്പം അത് ആഹരിക്കുവാൻ തുടങ്ങുന്ന സമയത്ത് അവിടെ ഒരു ബ്രാഹ്മണൻ അതിഥിയായി വന്നുചേർന്നു. സർവ്വഭൂതങ്ങളിലും ഭഗവാൻ ശ്രീഹരിയെ മാത്രം കാണുന്ന രന്തിദേവൻ ആ ബ്രാഹ്മണനെ ആദരിച്ചിരുത്തി ആ അന്നം ശ്രദ്ധയോടുകൂടി അദ്ദേഹത്തിന് വിളമ്പി. ബ്രാഹ്മണൻ അത് ഭുജിച്ചതിനുശേഷം തൃപ്തനായി അവിടെനിന്നും പോയി. തുടർന്ന്, ബാക്കിവന്ന അല്പം ഭക്ഷണം കുടുംബത്തോടുകൂടി പങ്കിട്ടനുഭവിക്കാൻ തുടങ്ങിയ സമയത്ത് അതാ മറ്റൊരു അതിഥി അവിടേയ്ക്ക് വീണ്ടും വന്നണഞ്ഞു. ശൂദ്രനായിരുന്ന അവനിലും അദ്ദേഹം ഭഗവാനെത്തനെ കണ്ടുകൊണ്ട് ആ അന്നവും അവന് ദാനം ചെയ്തു. ആ ശൂദ്രൻ പോയതിനുശേഷം, പെട്ടന്നവിടെ കുറെ നായ്ക്കളാൽ ചുറ്റപ്പെട്ട ഒരതിഥി കടന്നുവന്നു. അയാൾ പറഞ്ഞു: രാജാവേ!, ഞങ്ങൾ വിശന്നുവലഞ്ഞുവരികയാണ്. വിശപ്പകറ്റാൻ ഉള്ളത് നൽകിയാലും. പിന്നെയും ബാക്കിവന്ന ഭക്ഷണം അയാൾക്ക് നൽകി രന്തിദേവൻ അവരെ നമസ്കരിച്ചു. പിന്നെ ബാക്കിയുണ്ടായിരുന്നത് ഒരാൾക്കുമാത്രം കുടിക്കാൻ തികയുന്നത്ര അല്പം ജലം മാത്രമായിരുന്നു. അത് കുടിക്കാൻ തുടങ്ങിയപ്പോൾ ഒരു ചണ്ഡാളൻ ഓടിയണച്ചുകൊണ്ട് അവിടേയ്ക്ക് വന്നു. അയാൾ പറഞ്ഞു: തീണ്ടൽകാരനായ അടിയന് കുടിക്കാൻ അല്പം വെള്ളം തരണേ!. ഓടിത്തളർന്നെത്തിയ അവന്റെ ദയനീയമായ ആ അവസ്ഥയിൽ മനമലിഞ്ഞ രന്തിദേവൻ വ്യാകുലനായി ഇങ്ങനെ മനസ്സിൽ പ്രാർത്ഥിച്ചു: അല്ലയോ ഭഗവാനേ!, ഞാൻ അങ്ങയിൽനിന്ന്  അണിമാദി ഐശ്വര്യങ്ങളോടുകൂടിയ പരമഗതിയേയോ പുനർജന്മമില്ലാത്ത നിത്യനിർവ്വാണത്തേയോ ആഗ്രഹിക്കുന്നില്ല. പകരം സകലഭൂതങ്ങളുടേയും ഉള്ളിലെത്തി അവരനുഭവിക്കുന്ന യാതനകളെ ഏറ്റെടുക്കുവാൻ എനിക്ക് സാധിക്കുമാറാകട്ടെ. ജീവിക്കുവാനുള്ള ആഗ്രഹത്തോടെ അതിന് കഴിയാതെ നട്ടം തിരിയുന്ന പ്രാണികൾക്ക് അന്നപാനാദികൾ കൊടുക്കുന്നതോടെ എന്റെ വിശപ്പും ദാഹവും മറ്റ് ദുഃഖങ്ങളും നീങ്ങിപോകുന്നു. രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ട് ദാഹത്താൽ പൊറുതിമുട്ടുകയായിരുന്ന രന്തിദേവൻ തന്റെ പക്കൽ ബാക്കിയുണ്ടായിരുന്ന ദാഹജലം ആ ചണ്ഡാളന് നൽകി.

അല്ലയോ പരീക്ഷിത്ത് രാജാവേ!, ഇച്ഛിക്കുന്നവർക്ക് ഫലദാതാക്കളായിരിക്കുന്ന ബ്രഹ്മാദിദേവതകളായിരുന്നു ഭഗവാൻ ശ്രീഹരിയുടെ മായയെ അവലംബിച്ചുകൊണ്ട് ബ്രാഹ്മണൻ ആദിയായി രൂപപ്പെട്ട് രന്തിദേവന്റെ മുന്നിൽ യാചകരായി വന്നിരുന്നതു. അവർ ആ സമയം തങ്ങളുടെ സ്വസ്വരൂപത്തെ രന്തിദേവന് കാട്ടിക്കൊടുത്തു. നിസ്സംഗനായ രന്തിദേവൻ അവരേയും ശ്രീഹരിയെത്തന്നെയും ഭക്തിയോടെ നമസ്കരിക്കുക മാത്രം ചെയ്തു. രാജൻ!, ഹൃദയം ഭഗവാനിലർപ്പിച്ച് മറ്റൊന്നിലും ആകൃഷ്ടനാകാതെ കഴിയുന്ന രന്തിദേവനുമുന്നിൽ ത്രിഗുണാത്മകമായ ഭഗവദ്മായപോലും സ്വപ്നമെന്നോണം നിഷ്പ്‌പ്രഭമായി. രന്തിദേവനെ പിന്തുടർന്നുകൊണ്ട് അദ്ദേഹത്തിന്റെ പരമ്പരയിൽ പെട്ടവരെല്ലം വിഷ്ണുഭക്തന്മാരയി ഭവിച്ചു യോഗികളായി മാറി.

രാജൻ!, ഗർഗ്ഗനിൽനിന്ന് ശിനിയും, അവനിൽനിന്ന് ഗാർഗ്യനും ജനിച്ചു. ഗർഗ്യൻ ക്ഷത്രിയനായിരുന്നുവെങ്കിലും ആ ഗർഗ്ഗവംശം ബ്രാഹ്മണവംശമായി. മന്യുപുത്രന്റെ മറ്റൊരു നാമമായിരുന്നു മഹാവീര്യൻ. അവനിൽനിന്ന് ദുരിതക്ഷയൻ എന്നവൻ ജനിച്ചു. അവന്റെ പുത്രരായി ത്രയ്യാരുണി, കവി, പുഷ്കരാരുണി എന്നീ മൂന്നുപേർ പിറന്നു. ക്ഷത്രിയവംശമായ ഇവരും ബ്രഹ്മണ്യഗതിതന്നെ പ്രാപിച്ചു. മന്യുപുത്രന്മാരിൽ മൂത്തവനായ ബ്രഹത്ക്ഷത്രന് പുത്രനായി ഹസ്തി ജനിച്ചു. ഇവന്റെ പേരിലത്രേ ഹസ്തിനപുരം നിർമ്മിതമായതു. ഹസ്തിപുത്രന്മാർ അജമീഢൻ, ദ്വിമീഢൻ, പുരുമീഢൻ എന്നിവരായിരുന്നു. അതിൽ അജമീഢന്റെ വംശത്തിൽ ജനിച്ച പ്രിയമേധൻ മുതൽ പേർ ബ്രാഹ്മണപദവിയിലേക്കുയർന്നവരായിരുന്നു. അജമീഢന് ബൃഹദിഷുവെന്ന മറ്റൊരു പുത്രനുമുണ്ടായിരുന്നു. അവന്റെ പുത്രൻ ബൃഹദ്ധനുവായിരുന്നു. അവനിൽനിന്ന് ബൃഹത്കായനും, അവന്റെ പുത്രനായി ജയദ്രഥനും ജനിച്ചു. ജയദ്രഥപുത്രൻ വിശദനായിരുന്നു. അവന് പുത്രനായി സേനജിത്ത് ജനിച്ചു. അവനുണ്ടായ നാലു പുത്രന്മാർ രുചിരാശ്വൻ, ദൃഢഹനു, കാശ്യൻ, വത്സൻ മുതൽ പേരായിരുന്നു. അതിൽ രുചിരാശ്വന്റെ പുത്രനായി പ്രാജ്ഞൻ പിറന്നു. അവന്റെ പുത്രൻ പൃഥുസേനൻ. തത്സുതൻ പാരൻ. തത്സുതൻ നീപൻ. നീപന് മക്കളായി നൂറ്പേർ സംജാതരായി. നീപന് ശുകൻ എന്ന ഒരാളുടെ പുത്രിയായ കൃത്വിയിൽ ബ്രഹ്മദത്തൻ എന്ന ഒരു മകൻ ജനിച്ചു. യോഗിയായിരുന്ന അദ്ദേഹം തന്റെ ഭാര്യയായ ഗവിയിൽ വിശ്വക്സേനൻ എന്ന ഒരു പുത്രന് ജന്മം നൽകി. ഈ ബ്രഹ്മദത്തൻ ജൈഗീഷവ്യന്റെ ഉപദേശാനുസരണം യോഗതന്ത്രം നിർമ്മിച്ചുവെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിൽനിന്ന് ഉദക്സേനൻ, ഭല്ലാദൻ എന്നിവരുണ്ടായി. ഇവരെല്ലാം ബൃഹദീഷുവിന്റെ സന്താനപരമ്പരയിൽ പെട്ടവരായിരുന്നു.

രാജൻ!, ദ്വിമീഢന്റെ പുത്രൻ യവീനരനായിരുന്നു. അവന്റെ പുത്രൻ കൃതിമാനാണെന്നാണറിയപ്പെടുന്നതു. കൃതിമാന്റെ പുത്രനായത് സത്യധൃതിയായിരുന്നു. അവനിൽനിന്ന് ദൃഢനേമി ജനിച്ചു. പിന്നിട് ദൃഢനേമിയിൽനിന്ന് സുപാർശ്വനും ജനിച്ചു. സുപാർശ്വനിനിന്ന് സുമതി, അവനിൽനിന്ന് സന്നതിമാൻ, അവനിൽനിന്ന് കൃതി എന്നിവർ ജനിച്ചു. ഈ കൃതി ഹിരണ്യനാഭൻ എന്ന ഒരാചാര്യനിൽനിന്ന് യോഗവിദ്യ പഠിച്ചതിനുശേഷം, പ്രാച്യസാമങ്ങളുടെ ഷട്സംഹിതകളെ ഗാനം ചെയ്തുവെന്ന് പറയപ്പെടുന്നു. ആ കൃതിയിൽനിന്ന് നീപനുണ്ടായി. അവനിൽനിന്ന് ഉഗ്രായുധനും, അവന്റെ പുത്രനായി ക്ഷേമ്യനും, അവന്റെ പുത്രനായി സുവീരനും, അവന്റെ പുത്രനായി രിപുഞ്ജയനും, അവന്റെ പുത്രനായി ബഹുരഥനും പിറന്നു. പുരുമീഢന് പുത്രന്മാരുണ്ടായിരുന്നില്ല. അജമീഢന് നളിനിയെന്ന തന്റെ പത്നിയിൽ നീലൻ എന്നവൻ പുത്രനായി ജനിച്ചു. അവന്റെ പുത്രൻ ശാന്തി എന്നു പേരുള്ളവനായിരുന്നു. അവന്റെ പുത്രൻ സുശാന്തി. അവന്റെ പുത്രൻ പുരുജൻ. അവനിൽനിന്ന് അർക്കൻ ജനിച്ചു. അർക്കന്റെ പുത്രൻ ഭർമ്യാശ്വനായിരുന്നു. അവന് പുത്രരായി മുദ്ഗലൻ, യവീനരൻ, ബൃഹദിഷു, കാം‌പില്യൻ, സഞ്ജയൻ എന്നിങ്ങനെ അഞ്ചുപേർ ജനിച്ചു.

രാജാവേ!, ഭർമ്യാശ്വൻ തന്റെ പുത്രന്മാരോട് പറഞ്ഞു: മക്കളേ!, നിങ്ങൾ എന്റെ അഞ്ചുദേശങ്ങളെ സംരക്ഷിക്കുവാൻ പ്രാപ്തന്മാരാണു. ആയതിനാൽ അവയുടെ ചുമതലകൾ ഏറ്റെടുത്തുകൊള്ളുക. അങ്ങനെ ഈ അഞ്ചുപുത്രന്മാർ പാഞ്ചാലന്മാർ എന്നും അറിയപ്പെട്ടു. മുദ്ഗലനിൽനിന്നും മൌദ്ഗല്യം എന്ന ഒരു ബ്രാഹ്മണപരമ്പരതന്നെ ഉണ്ടായിവന്നു. ഭർമ്യാശ്വന് മിഥുനങ്ങളായി രണ്ടു കുട്ടികൾ പിറന്നു. അതിൽ ആൺകുഞ്ഞിനെ ദിവോദാസനെന്നും പെൺകുഞ്ഞിനെ അഹല്യയെന്നും വിളിച്ചു. അഹല്യയിൽ ഗൌതമമുനിക്ക് ശതാനന്ദൻ എന്ന ഒരു പുത്രനുണ്ടായി. ആ പുത്രനായിരുന്നു ധനുർവേദവിദ്യയിൽ പാണ്ഡിത്യമുള്ള സത്യധൃതി. അവന്റെ പുത്രൻ ശരദ്വാനായിരുന്നു. ഒരിക്കൽ, ഉർവ്വശിയെന്ന അപ്സരസ്സിനെ കണ്ടപ്പോൾ ശരദ്വാന്റെ രേതസ്സ് സ്ഖലിക്കുകയും അത് ശര‌പുല്ലിന്മേൻ വീഴുകയും ചെയ്തു. അതിൽനിന്നും ഒരാൺകുഞ്ഞും പെൺകുഞ്ഞും പിറന്നു. കാട്ടിലൂടെ നായാടിനടന്ന ശന്തനുമഹാരാജാവ് ആ കുഞ്ഞുങ്ങളെ കാരുണ്യത്തോടെ എടുത്തുവളർത്തി. അവരത്രേ പിൽക്കാലത്ത് കൃപാചാര്യരായും ദ്രോണാചാര്യരുടെ പത്നി കൃപിയായും അറിയപ്പെട്ടതു.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം ഇരുപത്തൊന്നാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next


9.20 പുരുവംശവർണ്ണനം

 

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 20

(പുരുവംശവർണ്ണനം)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, ഇനി അങ്ങയും, അതുപോലെ ധാരാളം ബ്രഹ്മർഷിമാരും രാജർഷിമാരും ജനിച്ച ആ പുരുവംശത്തെക്കുറിച്ച് പറയാം. പുരുവിന്റെ മകനായിരുന്നു ജനമേജയൻ. അവന്റെ പുത്രൻ പ്രചിന്വാനും, തത്സുതൻ പ്രവീരനും, തത്സുതൻ നമസ്യുവും, തത്സുതൻ ചാരുപദനും, തത്സുതൻ സുദ്യുവും, തത്സുതൻ ബഹുഗവനും, തത്സുതൻ സംയാതിയും, തത്സുതൻ അഹംയാതിയും, തത്സുതൻ രൌദ്രാശ്വനും ആയിരുന്നു. ജഗത്തിന്റെ ആത്മാവായി വർത്തിക്കുന്ന പ്രാണന് ഇന്ദ്രിയങ്ങൾ എന്നതുപോലെ, ആ രൌദ്രാശ്വന് ഘൃതാചി എന്ന ഒരു അപ്സരസ്ത്രീയിൽ പത്ത് പുത്രന്മാർ സംജാതരായി. അവരുടെ നാമങ്ങൾ ഋതേയു, കുക്ഷേയു, സ്ഥണ്ഡിലേയു, കൃതേയു, ജലേയു, സന്തതേയു, ധർമ്മേയു, സത്യേയു, വ്രതേയു, വനേയു എന്നിങ്ങനെയായിരുന്നു. ഋതേയുവിന്റെ പുത്രൻ രന്തിഭാരൻ. രന്തിഭാരപുത്രന്മാരായി സുമതി, ധ്രുവൻ, അപ്രതിരഥൻ എന്നിവർ ജനിച്ചു. അവരിൽ അപ്രതിരഥന്റെ പുത്രനായിരുന്നു കണ്വൻ. അവന്റെ പുത്രൻ മേധാതിഥി ആയിരുന്നു. മേധാതിഥിയിൽ പ്രസ്കണ്വൻ മുതലായ ബ്രാഹ്മണരുണ്ടായി. അതുപോലെ, സുമതിക്ക് രൈഭ്യൻ പുത്രനായി. അവന്റെ പുത്രൻ സർവ്വസമ്മതനായ ദുഷ്യന്തനായിരുന്നു.

രാജൻ!, ഒരിക്കൽ, ഈ ദുഷ്യന്തൻ കുറെ ഭടന്മാരോടൊപ്പം നായാട്ടിനായി കൊട്ടാരത്തിൽ നിന്നുമിറങ്ങി. വനത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ കണ്വാശ്രമത്തിലെത്തി. അവിടെ ലക്ഷ്മീദേവിയേപ്പോലെ സുന്ദരിയായ ഒരു യുവതിയെ അദ്ദേഹം കണ്ടു. പെട്ടെന്ന് അവളെ കണ്ടുമോഹിച്ച ദുഷ്യന്തൻ അവളോട് സംസാരിക്കുവാൻ തുടങ്ങി. അവളെ കണ്ടതോടുകൂടി അദ്ദേഹത്തിന്റെ ക്ഷീണം ശമിച്ചു. കാമാർത്തനായ ദുഷ്യന്തൻ പുഞ്ചിരിയോടെ മധുരതരം അവളോട് പറഞ്ഞു: അല്ലയോ താമരാക്ഷി!, ഭവതി ആരാണ്?. ആരുടെ പുത്രിയാണ് നീ?. എന്തുദ്ദേശിച്ചുകൊണ്ടാണ് വിജനമായ കാട്ടുപ്രദേശത്തിൽ വന്നിരിക്കുന്നത്?. ഹേ മോഹനാംഗി!, ഭവതിയൊരു ക്ഷത്രിയപുത്രിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കാരണം, പുരുവംശജനായ എന്റെ മനസ്സ് ഒരിക്കലും അധർമ്മത്തിൽ രമിക്കുന്നതല്ല.

രാജൻ അതുകേട്ട് യുവതി പറഞ്ഞു: രാജൻ!, ഞാൻ വിശ്വാമിത്രന്റെ പുത്രി ശകുന്തളയാണു. എന്റെ മാതാവ് മേനക എന്നെ ഈ കാട്ടിലുപേക്ഷിച്ചതാണു. ഹേ വീരാ!, സർവ്വജ്ഞനായ കണ്വമഹർഷി ഇക്കാര്യമെല്ലാമറിയുന്നവനാണു. ഞാൻ എന്താണ് അങ്ങേയ്ക്കുവേണ്ടി ചെയ്യേണ്ടതു?. അല്ലയോ സുന്ദരപുരുഷ!, വരിക!. ഇരിക്കുക!. ഞങ്ങളാലാകുംവിധമുള്ള ഈ ആഥിത്യപൂജകളെ കൈക്കൊള്ളുക. വരിനെല്ലുകുത്തി വച്ചുണ്ടാക്കിയ ചോറുണ്ടു. അതുണ്ട് വേണമെങ്കിൽ ഇന്നിവിടെ തങ്ങുകയുമാവാം.

ദുഷ്യന്തൻ പറഞ്ഞു: സുഭ്രുവായ അല്ലയോ ശകുന്തളേ!, വിശ്വാമിതന്റെ കുടുംബത്തിൽ പിറന്ന ഭവതിയുടെ ഈ ആഥിത്യമര്യാദകൾ തീർത്തും യുക്തം തന്നെ. ക്ഷത്രിയവംശത്തിൽ ജനിച്ചുവീഴുന്ന യുവതികൾ തങ്ങൾക്കനുയോജ്യരായ ഭർത്താക്കന്മാരെ സ്വയം വരിക്കുക എന്നത് സർവ്വസമ്മതമാണു.

രാജൻ!, ശകുന്തള അതുകേട്ട് തലകുനിച്ചു. അവളുടെ മൌനം സമ്മതമായി കണ്ടറിഞ്ഞ ദുഷ്യന്തമഹാരാജാവ് ഗാന്ധർവ്വവിധിപ്രകാരം ഓങ്കാരമന്ത്രോച്ചാരണത്തോടുകൂടി അവളെ വിവാഹം കഴിച്ചു. അന്ന് രാത്രിയിൽ ദുഷ്യന്തൻ തന്റെ രേതസ്സിനെ ശകുന്തളയിൽ പ്രവേശിപ്പിക്കുകയും, പിറ്റേന്നാൾ പുലർച്ചയിൽ അദ്ദേഹം ആശ്രമത്തിൽനിന്നും പുറപ്പെടുകയും ചെയ്തു. സമയമായപ്പോൾ ആശ്രത്തിൽവച്ച് അവൾക്ക് ഒരു പുത്രൻ ജനിച്ചു. കണ്വമഹർഷി കുട്ടിയുടെ ജാതകർമ്മാദി സംസ്കാരങ്ങൾ നിർവഹിച്ചു. അവൻ വളർന്ന് ആ കാട്ടിൽ സിംഹങ്ങളെപോലും ബദ്ധമാക്കി കളിക്കാൻ തുടങ്ങി. ഒരിക്കൽ ശകുന്തള വീരനും ഭഗവദംശത്താൽ ജാതനായവനുമായ തന്റെ മകനേയും കൂട്ടി ഭർത്താവായ ദുഷ്യന്തമഹാരാജാവിനെ സമീപിച്ചു. എന്നാൽ രാജാവാകട്ടെ, നിർദ്ദോഷികളായ അവരെ സ്വീകരിക്കുവാൻ തയ്യാറായില്ല. ആ സമയം എല്ലാവരും കേൾക്കുമാറ് ആകാശത്തിൽനിന്നും ഒരശരീരിയുണർന്നു. ആ അശരീരി ഇങ്ങനെയായിരുന്നു: പെറ്റമ്മമാർ കേവലം തോലുറകൾ മാത്രമാണു. യഥാർത്ഥത്തിൽ പുത്രൻ പിതാവിന്റേതാകുന്നു. ഈ പുത്രന് പിതാവായയത് ദുഷ്യന്തരാജാവാണ്. ആയതിനാൽ ശകുന്തളയെ മാനം കെടുത്താതെ കുട്ടിയെ സ്വീകരിച്ചുപോറ്റികൊള്ളുക. വംശത്തെ മുന്നോട്ടുകൊണ്ടുപോകുന്ന പുത്രൻ പിതാവിനെ പുത്ത് എന്ന നരകത്തിൽനിന്നും ത്രാണനം ചെയ്യുന്നു. ഹേ രാജൻ!, ഈ പുത്രൻ അങ്ങയുടേതുതന്നെ. ശകുന്തള സത്യമാണ് പറയുന്നതു.

ഹേ പരീക്ഷിത്തേ!, ഭരസ്വ പുത്രം എന്ന അശരീരിയുണ്ടായതിനാൽ അവന് ഭരതൻ എന്ന് നാമം വന്നുചേർന്നു.

പിതാവിന്റെ മരണത്തിനുശേഷം ഭരതൻ ചക്രവർത്തിയായി. ഭഗവാൻ ശ്രീഹരിയുടെ അംശമായ ആ രാജാവിന്റെ ചരിതം ഭൂമിയിൽ വാഴ്ത്തപ്പെടുന്നു. ആ രാജാവിന്റെ വലതുകരത്തിൽ ചക്രത്തിന്റേയും കാലടികളിൽ താമരമൊട്ടിന്റേയും അടയാളങ്ങളുണ്ടായിരുന്നു. രാജാധിരാജനായി പട്ടാഭിഷിക്തനായ അദ്ദേഹം മമതേയമഹർഷിയെ പുരോഹിതനായി നിയമിച്ചു. അമ്പത്തിയഞ്ച് ശുദ്ധാശ്വങ്ങളെക്കൊണ്ട് ഗംഗയിൽ യാഗം ചെയ്തു. യമുനയിലും അദ്ദേഹം എഴുപത്തിയെട്ട് കുതിരകളെക്കൊണ്ട് യാഗങ്ങളനുഷ്ഠിച്ചു. ധാരാളം ധനം ദക്ഷിണയായി നൽകി. യാഗാഗ്നികൾ ഉത്കൃഷ്ടമായ ദിക്കുകളിൽ ചയനം ചെയ്യപ്പെട്ടു. ആ സമയം ആയിരക്കണക്കിന് ബ്രാഹ്മണർ തങ്ങൾക്ക് ദാനമായി ലഭിക്കപ്പെട്ട പശുക്കളെ ബദ്വം ബദ്വമായി വീതിച്ചെടുത്തു. മൂവായിരത്തി മുന്നൂറ് കുതിരകളെ കെട്ടിയിട്ട് മറ്റുള്ള രാജാക്കന്മാരെ അതിശയിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന് ദേവന്മാരുടെ മായാവൈഭവത്തെ അതിലംഘിക്കുവാനായി. കാരണം, അദ്ദേഹം ശ്രീഹരിയിൽ അഭയം പ്രാപിച്ചവനായിരുന്നു. പൊന്നുകൊണ്ട് മൂടിയ കറുത്തനിറമുള്ള വെള്ളകൊമ്പുള്ള പതിനാലുലക്ഷം ആനകളെ മഷ്ണാരം എന്ന ഒരു യാഗകർമ്മത്തിൽവച്ച് അദ്ദേഹം ദാനം ചെയ്തു. കൈകളുയർത്തി ആകാശത്തെ സ്പർശിക്കുവാനാകാത്തതുപോലെ, ഭരതരാജാവിന്റെ ഇത്തരം കർമ്മപദ്ധതികളെ മുമ്പൊരു രാജാക്കന്മാർക്കും നിർവ്വഹിക്കാൻ സാധിച്ചിട്ടില്ല. ഇനിയൊട്ടാർക്കും സാധിക്കുകയുമില്ല എന്ന് ഉറപ്പിച്ചുതന്നെ പറയാവുന്നതാണു.

ദിഗ്വിജയം നടത്തുന്നതിനിടയിൽ അദ്ദേഹം കിരാതന്മാർ, ഹൂണന്മാർ, യവനന്മാർ, അന്ധ്രന്മാർ, കങ്കന്മാർ, ഖശന്മാർ, ശകന്മാർ, മ്ലേച്ഛന്മാർ തുടങ്ങിയ വർഗ്ഗങ്ങളേയും, അതുപോലെ ബ്രഹ്മദ്വേഷികളായ എല്ലാ രാജാക്കന്മാരേയും നിഗ്രഹിക്കുകയുണ്ടായി. പണ്ട്, ചില അസുരന്മാർ ദേവന്മാരെ ജയിച്ച് അവിടെനിന്നും കുറെ ദേവസ്ത്രീകളുമായി രസാതലത്തിലെത്തുകയുണ്ടായി. ഭരതൻ അവരെ ജയിച്ച് ആ സ്ത്രീകളെ രക്ഷിച്ചെടുത്ത് ദേവന്മാർക്ക് കൈമാറി. ഭരതമഹാരാജാവിന്റെ പ്രജകൾക്ക് വേണ്ടതെല്ലാം ആകാശവും ഭൂമിയും സദാ ചൊരിഞ്ഞുകൊണ്ടേയിരിന്നു. ഇങ്ങനെ ഇരുപത്തിയേഴായിരം സംവത്സരക്കാലം അദ്ദേഹം ഈ ഭൂമണ്ഡലത്തെ ഭരിക്കുകയുണ്ടായി. അല്ലയോ രാജൻ!, എന്നാൽ, ഹരിയുടെ അംശമായ അദ്ദേഹം തന്റെ സർവ്വൈശ്വര്യങ്ങളും സാർവ്വഭൌമൻ എന്ന സമുന്നതപദവിയും തന്റെ അതുല്യശക്തിയും ഇന്ദ്രിയശക്തികളുമെല്ലാം മിഥ്യയാണെന്ന് മനസ്സിലാക്കി സ്വയം ദുസ്തരമായ ഈ സംസൃതിയിൽനിന്നും വിരക്തി പ്രാപിച്ചുവെന്നുള്ളതാണ് ആശ്ചര്യം.

രാജൻ!, വിദർഭരാജാവിന്റെ മൂന്ന് പെണ്മക്കൾ ഭരതന്റെ പത്നിമാരായിരുന്നു. അവർക്കുണ്ടായ പുത്രന്മാർ ഭരതനെപ്പോലെ ശ്രേഷ്ഠന്മാരല്ലെന്ന് കേട്ടപ്പോൾ, തങ്ങൾ ഭരതരാജാവാൽ ഉപേക്ഷിക്കപ്പെട്ടേക്കുമോ എന്ന ദുഃശ്ശങ്കയിൽ സ്വപുത്രന്മാരെ സ്വയം വധിച്ചുകളഞ്ഞിരുന്നു. ആ സമയം തന്റെ വംശം നിലച്ചുപോകുമെന്ന് കരുതിയ ഭരതരാജൻ മരുത്സോമം എന്ന ഒരു യാഗം നടത്തി. അതിൽ സന്തുഷ്ടരായ മരുദ്ദേവതകൾ ഭരദ്വാജൻ എന്ന ഒരുവനെ അദ്ദേഹത്തിന് പുത്രനായി നൽകി. രാജൻ!, ഈ ഭരദ്വാജനെപ്പറ്റി അല്പം പറയാം കേട്ടുകൊള്ളുക. ഒരിക്കൽ ദേവഗുരുവായ ബൃഹസ്പതി മുന്നമേ ഗർഭിണിയായിരുന്ന സഹോദരഭാര്യയിൽ സംഭോഗത്തിനുദ്യമിക്കുകയും, അതിനെ തടഞ്ഞ ഗർഭസ്ഥശിശുവിനെ ശപിക്കുകയും തന്റെ രേതസ്സിനെ വിസർജ്ജിക്കുകയും ചെയ്തു. അങ്ങനെയുണ്ടായ ബാലനായിരുന്നു ഭരദ്വാജൻ. ഭർത്താവറിഞ്ഞലുണ്ടാകാവുന്ന ഭവിഷ്യത്തിനെ ഭയന്ന് മമത ന്ന ആ മാതാവ് തന്റെ ഈ ബാലനെ ഉപേക്ഷിക്കുവാൻ തുനിഞ്ഞു. പക്ഷേ, ദേവന്മാർ ആ പ്രശ്നത്തെ പരിഹരിക്കുവാനായി കുട്ടിക്ക് ഒരു പ്രത്യേകതരത്തിൽ നാമകരണം ചെയ്തു. മമതയുടെ ഭർത്താവിനും ബൃഹസ്പതിക്കും കുട്ടിയിൽ തുല്യാവകാശമാണെന്നും, ഇരുവർക്കും അധർമ്മത്തിലൂടെയുണ്ടായ ആ സന്താനം (രണ്ടുപേർക്കും കൂടി ജനിച്ചതിനാൽ) - ദ്വാജൻ എന്ന് വിളിക്കപ്പെട്ടു. ദേവന്മാരുടെ അഭിപ്രായത്തെ മാനിക്കാതെ മമതാദേവി ആ കുഞ്ഞിനെ ഉപേക്ഷിക്കുകതന്നെ ചെയ്തു. അവനെ മരുദ്ദേവതകളേറ്റെടുത്തു. ഒടുവിൽ, ഭരതന്റെ വംശം നിന്നുപോകുന്ന ഘട്ടം വന്നപ്പോൾ അവൻ അദ്ദേഹത്തിന് ദാനം ചെയ്യപ്പെട്ടവനുമായി.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം ഇരുപതാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

2020, സെപ്റ്റംബർ 12, ശനിയാഴ്‌ച

9.19 യയാതിയുടെ ലൌകികവിരക്തിയും സംസാരവിമുക്തിയും

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 19

(യയാതിയുടെ ലൌകികവിരക്തിയും സംസാരവിമുക്തിയും)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, എത്രകണ്ട് ലൌകികതയിൽ ജീവിച്ചിട്ടും യയാതി സുഖഭോഗങ്ങളിൽ തൃപ്തനായിരുന്നില്ല എന്ന് പറഞ്ഞുവല്ലോ!. അങ്ങനെയുള്ള നിസ്സീമമായ ലൌകികാസക്തിയിൽ മുഴുകി ജീവിച്ച അദ്ദേഹത്തിന് ഒടുവിൽ അതിന്റെ നിസ്സാരത മനസ്സിലാകുകയും തുടർന്ന് അതിൽനിന്നും വിരക്തനാകുകയും ചെയ്തു. അദ്ദേഹം തന്റെ ജീവിതത്തെ ഒരു കഥയിലൂടെ ദേവയാനിയെ പറഞ്ഞുകേൾപ്പിച്ചു. അദ്ദേഹം പറഞ്ഞു: അല്ലയോ ദേവീ!, ലൌകികസുഖത്തിൽ ആസക്തരായി എന്നെപ്പോലെ ജീവിക്കുന്നവരെയോർത്ത് വിവേകികൾ ദുഃഖിക്കുന്നു. അങ്ങനെയുള്ളവരെക്കുറിച്ചുള്ള ഒരു കഥ ഞാൻ ഭവതിക്ക് പറഞ്ഞുതരാം. ഒരിക്കൽ ഒരു കൊറ്റനാട് വനത്തിലൂടെ തനിക്ക് പ്രിയമായതെന്തിനേയോ തിരഞ്ഞുള്ള യാത്രയ്ക്കിടയിൽ പ്രാരബ്ദവശാൽ കിണറ്റിൽ വീണുകിടക്കുന്നതായ ഒരു പെണ്ണാടിനെ കാണാനിടയായി. അവളെ കരയ്ക്ക് കയറ്റുവാനായി ആ കൊറ്റനാട് തന്റെ കൊമ്പുകൾകൊണ്ട് തിട്ടയിലുള്ള മണ്ണിടിച്ച് കിണറ്റിലേക്കിറക്കി. പെണ്ണാടുകളിൽ സുന്ദരിയായിരുന്ന അവൾ കരയ്ക്കണഞ്ഞമാത്രയിൽത്തന്നെ ദേഹം മുഴുവൻ രോമംകൊണ്ട് പൊതിഞ്ഞ് തടിച്ചുകൊഴുത്ത ആ കൊറ്റനാടിനെ സ്വന്താമാക്കാനാശിച്ചു. രാജൻ!, അവനെ സ്വന്തമാക്കാൻ ധാരാളം പെണ്ണാടുകൾ വേറെയും കൊതിച്ചിരുന്നു. കാമാതുരനായ അവൻ തന്നെത്താൻ മറന്നുകൊണ്ട് അവളോടൊപ്പവും, അതുപോലെ അവിടെയുള്ള ഒട്ടനേകം മറ്റ് പെണ്ണാടുകൾക്കൊപ്പവും രമിച്ചു. അങ്ങനെയിരിക്കെ ഒരുകാലം, ആ കൊറ്റനാട്, മറ്റൊരു പെണ്ണാടുമായി രമിച്ചുകൊണ്ടിരിക്കുന്നത്, അവനാൽ കിണറ്റിൽനിന്നും രക്ഷിക്കപ്പെട്ടതായ ആ പെണ്ണാട് കാണാനിടയാകുകയും, അവന്റെ ആ പ്രവൃത്തി അവളെ നന്നേ ചൊടിപ്പിക്കുകയും ചെയ്തു. ഹൃദയം ദുഷിച്ചവനും അതുപോലെ സുഹൃത്തിനെപ്പോലെ ഭാവിക്കുകയും സ്വന്തം കാര്യം കഴിയുമ്പോൾ വിട്ടകലുകയും ചെയ്യുന്നവനും, വെറും ഇന്ദ്രിയസുഖങ്ങളിൽ മാത്രം മനസ്സുവച്ചവനുമായ ആ കൊറ്റനാടിനെ ഉപേക്ഷിച്ച് സങ്കടപ്പെട്ടുകൊണ്ട് അവൾ തന്റെ ഉടമസ്ഥന്റെയടുക്കലേക്ക് പോയി. പെണ്ണാടുകൾക്കടിപ്പെട്ടവനും കൃപണനുമായ ആ കൊറ്റനാട് അവളെ അനുനയിപ്പിക്കുവാനായി പിന്നാലെ കൂടി. വഴിയിൽ‌വച്ച് ഇഡവിഡ എന്ന ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അവൻ അവളെ ഇണക്കുവാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. പെണ്ണാടിന്റെ ഉടമസ്ഥൻ ഒരു ബ്രാഹ്മണൻ ആയിരുന്നു. തനിക്ക് പ്രിയപ്പെട്ടതായിരുന്ന ആ പെണ്ണാടിന്റെ ദുഃഖം കണ്ട് കോപാകുലനായ അദ്ദേഹം ആ കൊറ്റനാടിന്റെ വൃഷണം ഛേദിക്കുകയും, പിന്നീട് തന്റെ സ്വാർത്ഥത്തിനായി അതിനെ സന്ധിപ്പിക്കുകയും ചെയ്തു. അങ്ങനെ വീണ്ടും ആ കൊറ്റനാട് അതേ പെണ്ണാടിനോടൊപ്പംതന്നെ ദീർഘകാലം സുഖമനുഭവിച്ചുകൊണ്ട് ജീവിച്ചു. എന്നാൽ കാലമെത്രയേറിയിട്ടും, അല്ലയോ ഭദ്രേ!, അവൻ കാമഭോഗത്തിൽ സംതൃപ്തനായില്ല.

സുന്ദരീ!, ഈ കഥയിലെന്നതുപോലെ ഞാനും ഭവതിയുടെ പ്രേമത്തിനടിപ്പെട്ടവനായി ആ മായയിൽ‌പെട്ട് മോഹിച്ച് ആത്മാവിനെയറിയാതെ കാലം കഴിക്കുകയാണു. ദേവീ!, ഈ ഭൂമിയിൽ മണ്ണും പെണ്ണുമടങ്ങുന്ന സുഖഭോഗങ്ങൾ എത്രകണ്ടനുഭവിച്ചാലും മനുഷ്യന് തൃപ്തി വരികയില്ല. അവയുടെ നിത്യനിരന്തരമായ അനുഭവം മനുഷ്യനിൽ വിഷയേച്ഛ ശമിപ്പിക്കാതെ പകരം, ഹവിസ്സുകൊണ്ട് അഗ്നി എന്നതുപോലെ, അതിനെ വർദ്ധിപ്പിക്കുകതന്നെ ചെയ്യുന്നു. എന്നാൽ, സർവ്വഭൂതങ്ങളിലും രാഗദ്വേഷങ്ങളൊഴിഞ്ഞ് സമഭാവന വന്ന ഒരുവന് സർവ്വദിശകളിലും സുഖംതന്നെ പ്രാപ്തമാകുന്നു. ദുർബുദ്ധികളായവർക്ക് പരിത്യജിക്കുവാൻ സാധിക്കാത്തതും, ശരീരം ജീർണ്ണിക്കുന്ന അവസ്ഥയിലും ജീർണ്ണിക്കാത്തതുമായ ഒന്നാണ് ആശാപാശം. ദുഃഖത്തെ വളർത്തുന്ന അതിനെ നിത്യസുഖം ആഗ്രഹിക്കുന്നവൻ ത്യജിക്കുകതന്നെവേണം. മാതാവായാലും സഹോദരിയായാലും പുത്രിയായാലും അവരോടൊപ്പം ഒരേ ആസനത്തിൽ ഇരിക്കരുതു. കാരണം, ശക്തിയേറിയ ഇന്ദ്രിയസമൂഹം അറിവുള്ളവനെപ്പോലും അടിപ്പെടുത്തുന്നു. നോക്കൂ!... ഞാൻ ലൌകികതയിൽ ജീവിക്കുവാൻ തുടങ്ങിയിട്ട് ഇപ്പോൾ ആയിരം സംവത്സരങ്ങൾ പൂർത്തിയായിരിക്കുന്നു. എന്നാൽ ഇപ്പോഴും എന്റെയുള്ളിൽ അവയിലുള്ള ആസക്തി വളർന്നുകൊണ്ടേയിരിക്കുന്നു. ആയതിനാൽ, അല്ലയോ ദേവീ!, ഞാനിതാ ഈ തൃഷ്ണയെ ഉപേക്ഷിച്ചുകൊണ്ട് ഭഗവാനിൽ മനസ്സുറപ്പിച്ച് നിർദ്വന്ദനായും നിരഹങ്കാരിയായും മൃഗങ്ങളോടൊത്ത് സഞ്ചരിക്കുവാൻ പോകുകയാണു. കാണുന്നതും കേൾക്കുന്നതുമെല്ലാം മിഥ്യാഭാവങ്ങളാണ്. അവയിൽ മനസ്സുവയ്ക്കരുതു. അവയെ അനുഭവിക്കുകയുമരുതു. അത് സംസാരബന്ധത്തേയും ആത്മനാശത്തേയും വരുത്തുമെന്ന് ആത്മദ്ദർശികൾ കണ്ടറിയുന്നു.

അല്ലയോ പരീക്ഷിത്ത് രാജൻ!, യയാതിരാജാവ് ദേവയാനിയൊട് ഇങ്ങനെ പറഞ്ഞതിനുശേഷം തന്റെ യൌവ്വനത്തെ പുരുവിന് തിരിച്ചുനൽകുകയും, സ്വന്തം ജരാനരയെ തിരിച്ചെടുക്കുകയും ചെയ്തു. തുടർന്ന്, ദ്രഹ്യു, യദു, തുർവസ്സു, അനു എന്നിവരെ യഥാക്രമം തെക്കുകിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കുകളുടെ അധിപന്മാരാക്കി നിയമിച്ചു. ശ്രേഷ്ഠനായ പുരുവിനെ ഭൂമണ്ഡലത്തിന്റെ മുഴുവൻ അധിപതിയായി അഭിഷേകം ചെയ്തു. പിന്നീട്, അഗ്രജന്മാരെ പുരുവിന്റെ അധീനതയിലാക്കി യയാതി വനത്തിലേക്ക് പുറപ്പെട്ടു. ചിറക് മുളയ്ക്കുമ്പോൾ പക്ഷികൾ കൂടുപേക്ഷിക്കുന്നതുപോലെ യയാതിരാജാവ് അതുവരെ അനുഭവിച്ചുകൊണ്ടിരുന്ന വിഷസുഖങ്ങൾ ക്ഷണനേരം കൊണ്ട് ഉപേക്ഷിച്ചു. ആത്മാനുഭൂതിയിൽ അദ്ദേഹം എല്ലാ ഭൌതികതയിൽനിന്നും മുക്തനാകുകയും ത്രിഗുണങ്ങളെ സംബന്ധിച്ചതായ സർവ്വസ്വവും പാടെ ഉപേക്ഷിക്കുകയും ചെയ്തു. ഭഗവത് ഭക്തിയാൽ മാത്രം സാധ്യമാകുന്ന വാസുദേവനാകുന്ന പരബ്രഹ്മനിത്യഗതിയിൽ വിലയം പ്രാപിച്ചു. യയാതി പറഞ്ഞ ഈ കഥയെ കേട്ടപ്പോൾ, തമാശരൂപത്തിൽ അദ്ദേഹം കെട്ടിച്ചമച്ചുണ്ടാക്കിയ ഈ കഥ ഉള്ളിൽ ആത്മബോധമുണർത്തുന്ന അദ്ധ്യാത്മജ്ഞാനമാണെന്ന് ദേവയാനിക്കും മനസ്സിലായി. ജീവാത്മാക്കളുടെ ഭൂമിയിലുണ്ടാകുന്ന ഈ കൂടിച്ചേരൽ യഥാർത്ഥത്തിൽ തണ്ണീർപന്തലിൽ വച്ചുണ്ടാകുന്ന ബന്ധം പോലെയാണെന്ന് അവൾ മനസ്സിൽ തിരിച്ചറിഞ്ഞു. അത് ഭഗവാന്റെ മായായാൽ വിരചിതമായതും സ്വപ്നതുല്യവുമാണു. ദേവയാനി ശ്രീകൃഷ്ണഭഗവാനിൽ അഭയം പ്രാപിച്ചു. അവനിൽ അകമുറപ്പിച്ചുകൊണ്ട് അവൾ തന്റെ സ്ഥൂലസൂക്ഷ്മശരീരങ്ങളെ ഉപേക്ഷിച്ച് നിത്യഗതിയെ പ്രാപിച്ചു.

ശ്രീശുകൻ ഭഗവദ്സ്മരണയിൽ പറഞ്ഞു: “സർവ്വചരാചരങ്ങളുടെ അധിഷ്ഠാതാവും സൃഷ്ടാവും, ശാന്തസ്വരൂപനും, വിരാട്രൂപനും, ശ്രീവാസുദേവനുമായ അല്ലയോ ഭഗവാനേ!, നിന്തിരുവടിയ്ക്ക് അനന്തകോടി നമസ്ക്കാരം!

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പത്തൊമ്പതാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next