bhagavan srikrishna paramaathmaavu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
bhagavan srikrishna paramaathmaavu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, സെപ്റ്റംബർ 16, ബുധനാഴ്‌ച

9.24 വിദർഭവംശം – ശ്രീകൃഷ്ണാവതാരപ്രസ്താവന.

 ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 24

(വിദർഭവംശം ശ്രീകൃഷ്ണാവതാരപ്രസ്താവന)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: മഹാരാജാവേ!, ജ്യാമഘന് യുദ്ധം ജയിച്ചുവരുന്നതിനിടയിൽ ഒരു കന്യകയെ കിട്ടിയെന്നും അവളെ അദ്ദേഹത്തിന്റെ പുത്രൻ വിദർഭൻ വിവാഹം കഴിച്ചുവെന്നും പറഞ്ഞുവല്ലോ. അവൻ അവളിൽ കുശൻ, ക്രഥൻ, രോമപാദൻ എന്നിങ്ങനെ മൂന്ന് പുത്രന്മാരെ ജനിപ്പിച്ചു. രോമപാദന്റെ പുത്രനായി ബഭ്രു ജനിച്ചു. അവനിൽനിന്ന് കൃതിയും ജനിച്ചു. അവന്റെ പുത്രനായ ഉശകൻ ചേദി എന്നവനു ജന്മം നല്കി. അവന്റെ പുത്രന്മാരായി ദമഘോഷൻ മുതലായ രാജാക്കന്മാരുണ്ടായി. വിദർഭന്റെ രണ്ടാമത്തെ പുത്രൻ ക്രഥന് കുന്തി എന്നവൻ പുത്രനായി പിറന്നു. അവന്റെ പുത്രനായി ധൃഷ്ടിയും, അവന്റെ പുത്രനായി നിർവൃതിയും, അവനിൽനിന്ന് ദശാർഹനും, അവന്റെ പുത്രനായി വ്യോമനും, അവന്റെ പുത്രനായി ജീമൂതനും, അവന്റെ പുത്രനായി വികൃതിയും, അവന്റെ പുത്രനായി ഭീമരഥനും, അവനിൽനിന്ന് നവരഥനും, അവന്റെ പുത്രനായി ദശരഥനും ജനിച്ചു.

രാജൻ!, ദശരഥപുത്രനായി ശകുനി പിറന്നു. അവന്റെ പുത്രനായി കരംഭിയും, അവന്റെ പുത്രനായി ദേവരാതനും, അവന്റെ പുത്രനായി ദേവക്ഷത്രനും, അവന്റെ പുത്രനായി മധുവും, അവന്റെ പുത്രനായി കുരുവംശനും, അവന്റെ പുത്രനായി അനുവും, അവന്റെ പുത്രനായി പുരുഹോത്രനും, അവന്റെ പുത്രനായി ആയുസ്സും, അവനിൽനിന്ന് സാത്വതനും ജനിച്ചു. സാത്വതന് ഭജമാനൻ, ഭജി, ദിവ്യൻ, വൃഷ്ണി, ദേവാവൃധൻ, അന്ധകൻ, മഹാഭോജൻ എന്നിങ്ങനെ ഏഴു പുത്രന്മാരുണ്ടായി. ഭജമാനന് തന്റെ ഒരു പത്നിയിൽ നിമ്ലോചി, കിങ്കണൻ, ധൃഷ്ടി എന്നിങ്ങനെ മൂന്നു പുത്രന്മാരും, മറ്റൊരു പത്നിയിൽ ശതാജിത്ത്, സഹസ്രജിത്ത്, അയുതാജിത്ത് എന്നിങ്ങനെ മൂന്നുപേരും പിറന്നു. ദേവാവൃധന്റെ പുത്രൻ ബഭ്രു മനുഷ്യരിൽ ശ്രേഷ്ഠനായിരുന്നു. ദേവാവൃധനാണെങ്കിൽ ദേവന്മാരോട് തുല്യനും. അനേകം സജ്ജനങ്ങൾ അവരിൽനിന്ന് ജ്ഞാനം നേടി മുക്തിമാർഗ്ഗത്തെ പ്രാപിച്ചിരുന്നു. മഹാഭോജൻ ധർമ്മിഷ്ഠനായിരുന്നു. അദ്ദേഹത്തിന്റെ സന്താനപരമ്പരയിലൂടെ ഭോജരാജാക്കന്മാരുണ്ടായി. അല്ലയോ പരന്തപാ!, വൃഷ്ണിയുടെ പുത്രന്മാരായി സുമിത്രനും യുധാജിത്തും പിറന്നു. അവരിൽ യുധാജിത്തിന്റെ പുത്രനായിരുന്നു ശിനിയും അനമിത്രനും. അനമിത്രനിൽനിന്ന് നിംനൻ പിറന്നു. നിമ്നന് സത്രാജിത്തും പ്രസേനനും മക്കളായി ജനിച്ചു. ശിനിയുടെ പുത്രൻ സത്യകനായിരുന്നു. സത്യകന്റെ പുത്രനായി യുയുധാനൻ പിറന്നു. അവന്റെ പുത്രനായിരുന്നു ജയൻ. അവനിൽന്ന് കുണി എന്നവനുണ്ടായി. കുണിയുടെ പുത്രനായി യുഗന്ധരൻ പിറന്നു. രാജൻ!, അനമിത്രന് മറ്റൊരു പുത്രനുണ്ടായിരുന്നവന്റെ നാമം വൃഷ്ണി എന്നായിരുന്നു. അവന്ന് പുത്രനായി ശ്വഫൽകൻ, ചിത്രരഥൻ എന്നിവരുണ്ടായി. ശ്വഫൽകന് തന്റെ ഗാന്ദിനിയെന്ന പത്നിയിൽ ശ്രേഷ്ഠനായ അക്രൂരനും അദ്ദേഹത്തോടൊപ്പം വിഖ്യാതന്മാരായ പന്ത്രണ്ടു പുത്രന്മാർ വേറെയും ജനിച്ചു. അവരുടെ നാമങ്ങൾ ആസംഗൻ, സാരമേയൻ, മൃദുരൻ, മൃദുവിത്ത്, ഗിരി, ധർമ്മവൃദ്ധൻ, സുകർമ്മാവ്, ക്ഷേത്രോപേക്ഷൻ, അരിമർദ്ദനൻ, ശത്രുഘ്നൻ, ഗന്ധമാദൻ, പ്രതിബാഹു എന്നിങ്ങനെയായിരുന്നു. അവർക്കെല്ലാം സഹോദരിയായിയുണ്ടായവളായിരുന്നു സുചീര.

രാജൻ! അക്രൂരന്റെ പുത്രന്മാരായി ദേവവാനും ഉപദേവനും പിറന്നു. അതുപോലെ ചിത്രരഥന്റെ പുത്രന്മാരായി വിദൂരഥൻ പൃഥു മുതലാവർ ജനിച്ചു. ഇങ്ങനെ പോകുന്നു വൃഷ്ണിവംശജരുടെ പരമ്പര. കുകുരൻ, ഭജമാനൻ, ശുചി, കംബളബർഹിഷൻ മുതലായവർ അന്ധകന്റെ പുത്രനായിരുന്നു. അതിൽ കുകുരന്റെ പുത്രനായി വഹ്നിയും വഹ്നിയുടെ പുത്രനായി വിലോമനും ജനിച്ചു. വിലോമനിൽനിന്ന് കപോതരോമാവ് ജനിച്ചു. അവന്റെ പുത്രനായി അനുവും സംജാതനായി. അനുവിന്റെ സുഹൃത്ത് തുമ്പുരുവായിരുന്നു. അനുവിൽനിന്ന് അന്ധകനും, അവനിൽനിന്ന് ദുന്ദുഭിയും, അവനിൽനിന്ന് അരിദ്യോതനും, അവനിൽനിന്ന് പുനർവസുവും ജനിച്ചു. പുനർവസുവിന് മക്കളായി ആഹുകൻ എന്ന ഒരു പുത്രനും ആഹുകി എന്ന ഒരു പുത്രിയും പിറന്നു. ആഹുകന്റെ പുത്രന്മാർ ദേവകൻ, ഉഗ്രസേനൻ എന്നിവരായിരുന്നു. അതിൽ ദേവകനു പുത്രനായി ദേവവാൻ, ഉപദേവൻ, സുദേവൻ, ദേവവർദ്ധനൻ എന്നിങ്ങനെ നാലുപേർ ജനിച്ചു. അവർക്ക് ഏഴുപേർ സഹോദരിമാരായി പിറന്നു. അല്ലയോ രാജൻ!, അവരുടെ നാമങ്ങൾ ധൃതദേവ, ശാന്തിദേവ, ഉപദേവ, ശ്രീദേവ, ദേവരക്ഷിത, സഹദേവ, ദേവകി എന്നിങ്ങനെയായിരുന്നു. രാജാവേ!, അവരെയെല്ലാം വസുദേവൻ വിവാഹം കഴിച്ചു. ഉഗ്രസേനന്റെ പുത്രന്മാരായി കംസൻ, സുനാമാവ്, ന്യഗ്രോധൻ, കങ്കൻ, ശങ്കു, സുഹു, രാഷ്ട്രപാലൻ, സൃഷ്ടി, തുഷ്ടിമാൻ എന്നിവർ പിറന്നു. ഉഗ്രസേനപുത്രിമാരായി കംസാ, കംസവതി, കങ്ക, ശുരഭ, രാഷ്ട്രപാലിക എന്നിവർ ജനിച്ചു. അവരെ വസുദേവന്റെ അനുജന്മാർ വിവാഹം കഴിച്ചു. രാജൻ!, ഇതോടെ അന്ധകന്റെ ആദ്യപുത്രനായ കുകുരന്റെ വംശം വിവരിച്ചുകഴിഞ്ഞു. ഇനി അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനായ ഭജമാനനെ കുറിച്ചു പറയാം. അവനിൽനിന്ന് വിദൂരഥനും, അവനിൽനിന്ന് ശൂരനും, അവനിൽനിന്ന് ശിനിയും, അവനിൽനിന്ന് സ്വയംഭോജനും, അവനിൽനിന്ന് ഹൃദീകനും പിറന്നു. ഹൃദീകന്റെ പുത്രന്മാരായി ദേവബാഹു, ശതധനുസ്സ്, കൃതവർമ്മാവ്, ദേവമീഢൻ എന്നിവർ ജനിച്ചു. ആ ദേവമീഢന്റെ പുത്രനായിരുന്നു ശൂരൻ. അവന്റെ പത്നിയുടെ നാം മാരിഷ എന്നായിരുന്നു. അവളിൽ ശൂരനാകട്ടെ, വസുദേവൻ, ദേവഭാഗൻ, ദേവശ്രവസ്സ്, ആനകൻ, സൃഞ്ജയൻ, ശ്യാമകൻ, കങ്കൻ, ശമീകൻ, വത്സകൻ, വൃകൻ, എന്നിങ്ങനെ പത്തു പുത്രന്മാരെ ഉല്പാദിപ്പിച്ചു. ശ്രീകൃഷ്ണപരമാത്മാവിന്റെ അവതാരത്തിനു സുസ്ഥാനമായ വസുദേവൻ ജനിച്ച സമയം ദേവന്മാർ ദുന്ദുഭികളും ആനകങ്ങളും മുഴക്കിയതിനാൽ അദ്ദേഹം ആനകദുന്ദുഭി എന്ന നാമത്തിലും അറിയപ്പെടുന്നു. അദ്ദേഹത്തിന് അഞ്ചു സഹോദരിമാരുണ്ടായിരുന്നു. അവരുടെ നാമങ്ങൾ പൃഥ, ശ്രുതദേവ, ശ്രുതകീർത്തി, ശ്രുതശ്രവസ്സ്, രാജാധിദേവി എന്നിങ്ങനെയായിരുന്നു. പിതാവായ ശൂരൻ പൃഥയെ തന്റെ സുഹൃത്തായ കുന്തിഭോജന് വളർത്തുപുത്രിയായി നൽകുകയുണ്ടായി. രാജൻ!, അവൾക്ക് കന്യകാവസ്ഥയിൽ കർണ്ണൻ എന്ന ഒരു പുത്രനുണ്ടായി. ഒരിക്കൽ, പൃഥ തന്റെ വീട്ടിൽ ആഗതനായ ദുർവാസ്സവുമഹർഷിയെ വേണ്ടവണ്ണം പരിചരിക്കുകയുണ്ടായി. അതിൽ സമ്പ്രീതനായ മുനി ദേവന്മാരെ ആഹ്വാനം ചെയ്തുവരുത്തുവാനുള്ള യോഗവിദ്യ പ്രദാനം ചെയ്ത് അവളെ അനുഗ്രഹിച്ചു. ആ വിദ്യ ഒന്നു പരീക്ഷിച്ചുനോക്കുവാനായി പൃഥ സൂര്യദേവനെ ആഹ്വാനം ചെയ്തു. സൂര്യദേവൻ ഉടൻതന്നെ അവളുടെയടുക്കലെത്തിയതുകണ്ട് അത്ഭുതം കൂറിക്കൊണ്ട് അവൾ പറഞ്ഞു: അല്ലയോ സൂര്യദേവാ!, എന്നോട് പൊറുത്താലും ദുർവാസ്സാവുമുനി തന്നനുഗ്രഹിച്ച ഈ യോഗവിദ്യയെ ഒന്നു പരീക്ഷിച്ചറിയാൻവേണ്ടിമാത്രം പ്രയോഗിച്ചതാണു. അങ്ങ് തിരിച്ചുപൊയ്ക്കൊണ്ടാലും. രാജൻ!, അവളുടെ വാക്കുകൾ കേട്ട സൂര്യഭഗവാൻ ഇങ്ങനെ മറുപടി പറഞ്ഞു: ഹേ ദേവീ!, എന്റെ ദർശനം വിലമാകാൻ പാടില്ല. ആയതിനാൽ നിന്റെ കന്യകാത്വം നഷ്ടപ്പെടാതെതന്നെ നിനക്ക് നാം ഒരു പുത്രനെ നൽകാൻ പോകുകയാണു. രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ട് സൂര്യദേവൻ അവളിൽ ഗർഭത്തെ ആധാനം ചെയ്ത് ആകാശത്തിലേക്ക് മറഞ്ഞു. പെട്ടെന്നുതന്നെ അവൾക്ക് സൂര്യനെപ്പോലെ വിളങ്ങുന്ന ഒരു പുത്രൻ സംജാതനായി. സമൂഹത്തിൽ തനിക്കുണ്ടായേക്കാവുന്ന അപവാദത്തെ ഭയന്ന പൃഥ എന്ന കുന്തി ആ ബാലനെ ഒരു പേടകത്തിലാക്കി നദിയിലൊഴുക്കിവിട്ടു. ശൂരനായ അങ്ങയുടെ പ്രപിതാമഹനായ പാണ്ഡുരാജാവായിരുന്നു അവൾക്ക് ഭർത്താവായതു.

രാജൻ!, കരുഷദേശത്തിന്റെ അധിപനായ വൃദ്ധശ്രർമ്മാവായിരുന്നു കുന്തിയുടെ അനുജത്തിയായ ശ്രുതദേവയെ വിവാഹം കഴിച്ചതു. ശ്രുതദേവയിനിന്നും ദന്തവൿത്രൻ പിറന്നു. സനകാദികളാലുണ്ടായ ശാപം നിമിത്തം പണ്ട് ദിതിയുടെ പുത്രനായിപിറന്ന ഹിരണ്യാക്ഷനായിരുന്നു ഈ ദന്തവൿത്രൻ. ശ്രുതികീർത്തിയെ കേകയദേശപതിയായ ധൃഷ്ടകേതു വിവാഹം കഴിച്ചു. അവളിലൂടെ സന്തർദനൻ തുടങ്ങിയ അഞ്ചു കേകയപുത്രന്മാർ ജന്മം കൊണ്ടു. കുന്തിയുടെ മറ്റൊരു സഹോദരിയായിരുന്നല്ലോ രാജാധിദേവി. അവളിൽ ജയസേനരാജാവ് വിന്ദ, അനുവിന്ദ എന്നീ നാമങ്ങളിൽ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു. അതുപോലെ ശ്രുതശ്രവസ്സിനെ ചേദി രാജാവായ ദമഘോഷൻ വിവാഹം ചെയ്തു. അവളുടെ പുത്രനായിരുന്നു ശിശുപാലൻ. അവന്റെ ഉത്ഭവത്തെക്കുറിച്ച് ഞാൻ മുന്നമേ പറഞ്ഞുകഴിഞ്ഞതാണു.

രാജൻ!, വസുദേവന്റെ സഹോദരനായ ദേവഭാഗന്ന് കംസ എന്നവളിൽ ചിത്രകേതു, ബൃഹദ്ബലൻ എന്നിവരുണ്ടായി. അതുപോലെ, ദേവശ്രവസ്സിന് കംസവതി എന്ന അദ്ദേഹത്തിന്റെ ഭാര്യയിൽ സുവീരൻ, ഈഷുമാൻ എന്നിവർ പുത്രന്മാരായി. അപ്രകാരം, ആനകനിൽനിന്ന് കങ്കയിൽ സത്യജിത്തും പുരുജിത്തും ജനിച്ചു. സൃഞ്ജയൻ രാഷ്ട്രപാലിക എന്ന ഭാര്യയിൽ വൃഷൻ, ദുർമ്മർഷണൻ തുടങ്ങിയവർക്ക് ജന്മം നൽകി. അതുപോലെ ശ്യാമകനും ശൂരഭൂമിയെന്നവളിൽ ഹരികേശൻ, ഹിരണ്യാക്ഷൻ മുതൽപേരെയും ജനിപ്പിച്ചു. വത്സകനാകട്ടെ, മിശ്രകേശി എന്ന ഒരപ്സരയിൽ വൃകൻ മുതലായവരേയും, വൃകൻ ദുർവാക്ഷിയിൽ തക്ഷൻ, പുഷ്കരൻ, ശാലൻ തുടങ്ങിയവരേയും ഉത്പാദിപ്പിച്ചു. ശമീകൻ തന്റെ പത്നിയായ സുദാമിനിയിൽ സുമിത്രൻ, അർജ്ജുനൻ, പാലൻ തുടങ്ങിയവർക്ക് ജന്മം നൽകി. അതുപോലെ കങ്കൻ സ്വപത്നിയായ കർണ്ണികയിൽ ഋതധാമനേയും ജയനേയും ജനിപ്പിച്ചു.

പരീക്ഷിത്തേ!, വസുദേവന്റെ പത്നിമാരുടെ നാമങ്ങൾ പൌരവി, രോഹിണി, ഭദ്ര, മദിര, ഇള, ദേവകി എന്നിങ്ങനെയായിരുന്നു. രോഹിണിയിൽ അദ്ദേഹത്തിന് ബലൻ, ഗദൻ, സാരണൻ, ദുർമ്മദൻ, വിപുലൻ, ധ്രുവൻ, കൃതൻ എന്നിവർ പുത്രന്മാരായി. അദ്ദേഹത്തിന് പൌരവിയിലുണ്ടായ മക്കൾ സുഭദ്രൻ, ഭദ്രവാഹൻ, ദുർമ്മദൻ, ഭദ്രൻ, ഭൂതൻ തുടങ്ങിയ പന്ത്രണ്ടുപേരായിരുന്നു. വസുദേവൻ മദിരയിൽ നന്ദൻ, ഉപനന്ദൻ, കൃതകൻ, ശൂരൻ തുടങ്ങിയവർക്ക് ജന്മം കൊടുത്തു. ഭദ്രയിൽ അദ്ദേഹത്തിന് കേശി എന്ന നാമത്തിൽ ഒരു പുത്രൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രോചനിയിൽ അദ്ദേഹത്തിന് ഹസ്തൻ, ഹേമാംഗദൻ മുതലായ പുത്രന്മാർ ജനിച്ചു. ഇളയിലാകട്ടെ, ഉരുവത്കൻ മുതലായ യാദവപ്രമുഖന്മാരും പിറക്കുകയുണ്ടായി. വസുദേവർക്ക് ധൃതയെന്നവളിൽ വിപൃഷ്ഠൻ എന്നുപേരായ ഒരു പുത്രൻ ജനിച്ചു. രാജൻ!, ശ്രമൻ, പ്രതിശ്രുതൻ തുടങ്ങിയവർ വസുദേവർക്ക് ശാന്തീദേവിയിൽ ജനിച്ച പുത്രന്മാരായിരുന്നു. വസുദേവർക്ക് ഉപദേവ, ശ്രീദേവ എന്നീ നാമങ്ങളോടെയും ഭാര്യമാരുണ്ടായിരുന്നു. അതിൽ ഉപദേവയിൽ കല്പൻ, വർഷൻ മുതലായ പത്തു മക്കളും, ശ്രീദേവയിൽ വസുവംശൻ, സുവംശൻ മുതലായ ആറു പുത്രന്മാരും ജനിക്കുകയുണ്ടായി. ദേവരക്ഷിതയെന്ന തന്റെ പത്നിയിൽ വസുദേവൻ ഗദൻ മുതലായ ഒമ്പത് പുത്രന്മാരെ ജനിപ്പിച്ചു. പുരു, വിശ്രുതൻ തുടങ്ങിയ എട്ടുപുത്രന്മാരെ അദ്ദേഹം സഹദേവയിലും ഉത്പാദിപ്പിച്ചു.

രാജൻ! വസുദേവർക്ക് ദേവകീദേവിയിൽ എട്ടുപുത്രന്മാർ ജനിച്ചു. കീർത്തിമാൻ, സുഷേണൻ, ഭദ്രസേനൻ, ഋജു, സമ്മർദ്ദനൻ, ഭദ്രൻ, സാക്ഷാത് അഹീശ്വരനായ സങ്കർഷണൻ എന്നിവരായിരുന്നു അതിൽ ഏഴുപേർ. അല്ലയോ രാജാവേ!, എട്ടാമതായി ഭഗവാൻ ശ്രീഹരി സ്വയമേവ അവരുടെ പുത്രനായി അവതരിച്ചുപോലും.

രാജൻ! അങ്ങയുടെ മുത്തശ്ശിയായ മഹാഭാഗ്യവതി സുഭദ്രാദേവിയും അവരുടെ പുത്രിയായിരുന്നു. അല്ലയോ രാജൻ!, ഈ ലോകത്തിൽ എപ്പോഴെല്ലാം ധർമ്മത്തിന് തളർച്ചയും അധർമ്മത്തിന് വളർച്ചയും സംഭവിക്കുന്നുവോ, അപ്പൊഴെല്ലാം ഭഗവാൻ ഈശ്വരനായ ശ്രീഹരി സ്വയം അവതാരം കൈക്കൊള്ളുന്നു. മഹീപതേ!, സർവ്വേശ്വരനും പരാത്പരനും സർവ്വസാക്ഷിയും സർവ്വാത്മാവുമായ ആ ഭഗവാന്റെ അവതാരത്തിനോ കർമ്മങ്ങൾക്കോ തന്നുടെ മായാവിനോദം മാത്രമല്ലാതെ മറ്റൊന്നും കാരണമാകുകയില്ല. അവന്റെ മായാചേഷ്ടിതങ്ങൾ ജീവാത്മാക്കൾക്ക് അനുഗ്രഹമായിത്തീരുന്നു. ആ ലീലകൾ ആത്മാക്കളുടെ ഉത്ഭവസ്ഥിതിലയങ്ങൾക്കും അതിൽനിന്നുള്ള നിവൃത്തിയ്ക്കും ഉതകുന്നു. മധുസൂദനനായ ഭഗവാൻ ബലരാമദേവനോടൊന്നിച്ച് ഇവിടെ അസംഖ്യം വരുന്ന അസുരന്മാരാൽ സന്തപ്തയായ ഭൂമിദേവിയുടെ ഭാരത്തെ കുറയ്ക്കുവാനായി എന്തെല്ലാം ലീലകളാണു ആടിയതു!. അവയൊന്നും ഇന്ദ്രാദിദേവപ്രമുഖന്മാർക്ക് മനസ്സിൽപോലും കാണാൻ കഴിയാത്തവയായിരുന്നു. സർവ്വശക്തനായ ഭഗവാൻ അങ്ങനെ കലികാലത്തിൽ ഉണ്ടാകാൻ പോകുന്ന ഭക്തന്മാരുടെ അനുഗ്രഹത്തിനായും അവരുടെ ദുഃഖം, അജ്ഞാനം എന്നിവയെ അകറ്റുന്നതിനുമായി തന്റെ അതിപാവനമായ കീർത്തിയെ എങ്ങെങ്ങും വ്യാപിപ്പിച്ചു. കർണ്ണപീയൂഷമാകുന്ന ആ ലീലാമൃതത്തിൽ കാതുകളെ മുഴുകിക്കുന്ന സജ്ജനങ്ങൾക്ക് ഒരൊറ്റശ്രവണമാത്രത്താൽ തങ്ങളുടെ കർമ്മവാസനകൾ നശിപ്പിക്കാൻ സാധിക്കുന്നു. ഭഗവാൻ തന്റെ പ്രേമാർദ്രമായ പുഞ്ചിരികൊണ്ടും കടാക്ഷവീക്ഷണങ്ങൾകൊണ്ടും മധുരവചനങ്ങൾകൊണ്ടും ലീലാവൈഭവം കൊണ്ടും മനോഹാരിതയെഴുന്ന തിരുവുടൽകൊണ്ടും എന്നെന്നും മർത്ത്യലോകത്തെ ആനന്ദിപ്പിച്ചുകൊണ്ടിരിക്കുന്നു. തന്തിരുവടിയേയും അവന്റെ ലീലകളേയും ഭോജന്മാർ, വൃഷ്ണികൾ, അന്ധകന്മാർ, മധുക്കൾ, ശൂരസേനന്മാർ, ദശാർഹന്മാർ തുടങ്ങിയ യാദവന്മാരാലും അതുപോലെ, കൌരവന്മാർ, പാഞ്ചാലന്മാർ, പാണ്ഡവന്മാർ തുടങ്ങിയവരാലും പ്രശംസിക്കപ്പെട്ടതത്രേ. പരമസുന്ദരവും നിത്യാനന്ദദായകവുമായ ഭഗവാന്റെ തിരുമുഖകമലത്തെ ജനങ്ങൾ കണ്ണുകളാൽ സദാനേരവും പാനം ചെയ്തുകൊണ്ടേയിരുന്നു. അതിൽ അവർ എന്നെന്നും സന്തുഷ്ടരായിരുന്നുവെങ്കിലും ഒരിക്കലും സംതൃപ്തരായിരുന്നില്ല. കാരണം, സ്വാഭാവികമായുണ്ടാകുന്ന നേത്രനിമേഷം അവർക്ക് വല്ലാതെ അസഹനീയമായിരുന്നു. അതിനു കാരണഭൂതനായ നിമിചക്രവർത്തിയോട് അവർക്ക് അതിൽ അടങ്ങാത്ത അമർഷവുമായിരുന്നു. അഭൌമരൂപത്തോടെ അവതീർണ്ണനായ ഭഗവാൻ മനുഷ്യരൂപനായി പിതാവിന്റെ വീട്ടിൽനിന്നും ഗോകുലത്തിലേക്ക് എഴുന്നെള്ളി. അവിടെ ഗോകുലവാസികളുടെ സമ്പത്തിനെ വളർത്തുകയും ശത്രുക്കളെ നിഗ്രഹിക്കുകയും ചെയ്തതിനുശേഷം, അനേകം പത്നിമാരെ വേട്ടു. അവരിൽ ഭഗവാൻ അനേശതം പുത്രന്മാർക്ക് ജന്മം നൽകി. ജനങ്ങൾക്ക് വേദമാർഗ്ഗത്തെ ഉപദേശിച്ചുകൊണ്ട് യജ്ഞങ്ങളാൽ യജ്ഞപുരുഷനായ തന്നെത്തന്നെ സ്വയം ആരാധിച്ചു. ആ ഭഗവാൻ കുരുവംശത്തിലുണ്ടായ തർക്കം തീർത്ത്, അതുവഴി ഭൂഭാരം കുറയ്ക്കുവാനായി തന്റെ കടക്കണ്ണിനാൽത്തന്നെ സേനകളെ നശിപ്പിച്ച്, ആ വിജയത്തെ അർജ്ജുനനിൽ ഉദ്ഘോഷിച്ച്, ഉദ്ധവർക്ക് പരമാർത്ഥജ്ഞാനത്തേയും പ്രദാനം ചെയ്തു, ഒടുവിൽ സ്വധാമമായ വൈകുണ്ഠത്തെ പ്രാപിക്കുകയും ചെയ്തു.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം ഇരുപത്തിനാലാമദ്ധ്യായം സമാപിച്ചു.

ശ്രീമദ്ഭാഗവതം നവമസ്കന്ധം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next