2019, ജൂൺ 29, ശനിയാഴ്‌ച

5.18 ജംബൂദ്വീപനിവാസികളുടെ പ്രാർത്ഥന


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 18
(ജംബൂദ്വീപനിവാസികളുടെ പ്രാർത്ഥന)


ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്തേ!, ധർമ്മരാജന്റെ പുത്രനായ ഭദ്രശ്രവസ്സായിരുന്നു ഭദ്രാശ്വവർഷം ഭരിച്ചിരുന്നതു. ഇളാവൃതവർഷത്തിൽ മഹാദേവൻ സങ്കർഷണമൂർത്തിയെ പൂജിക്കുന്നതുപോലെ, ഇവിടെ ഭദ്രശ്രവസ്സ് സകലരുമൊത്ത് ഭഗവാൻ ഹരിയുടെ അവതാരമായ ഹയശീർഷനെന്ന വാസുദേവനെ ഭജിക്കുന്നു. ഭക്തവത്സലനും ധർമ്മപാലകനുമായ ഹയശീർഷനെ ഭദ്രശ്രവസ്സ് ഇങ്ങനെ സ്തുതിക്കുന്നു: ഹേ വാസുദേവാ!, ധർമ്മപരിപാലകനും ഭക്തഹൃദയങ്ങളെ പരിശുദ്ധമാക്കുന്നവനുമായ അങ്ങേയ്ക്ക് ഞങ്ങളുടെ നമസ്ക്കാരം!. അഹോ! കഷ്ടം!. വിഷയികളായവർ സർവ്വാന്തകമായ മരണത്തെപ്പോലും ഭയക്കുന്നില്ല. ഒരിക്കൽ മരണം തീർച്ചയായും സംഭവിക്കുമെന്നറിഞ്ഞിട്ടും അവർ അതിനെ നിശ്ശേഷം അവഗണിക്കുന്നു. അവർ വിഷയഭോഗവും ധനസമ്പാദനവും മാത്രമണാഗ്രഹിക്കുന്നതു. ഹേ അജനായ ഭഗവാനേ!, ജ്ഞാനികളും പണ്ഡിതന്മാരും ഈ പ്രപഞ്ചത്തെ നശ്വരമായി കാണുന്നു. ആ സത്യം അവർ അജ്ഞാനിജനങ്ങളെ പഠിപ്പിക്കുവാനും ശ്രമിക്കുന്നു. എന്നാൽ, അവർ പോലും ചിലനേരം അവിടുത്തെ മായയിൽ ഭ്രമിച്ചുപോകുന്നു. ആ മായയുടെ ഉറവിടമായ അങ്ങയെ ഞാനിതാ നമസ്ക്കരിക്കുകയാണു.

ഭഗവാനേ!, ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങളിൽ അങ്ങ് നിസ്പൃഹനായിരിക്കുമ്പോഴും ആ കർമ്മങ്ങൾ അങ്ങയിൽ ആരോപിക്കപ്പെടുന്നു. എന്നാലും, അങ്ങ് സകലകാരണങ്ങൾക്കും പരമകാരണനായിരിക്കുന്നുവെന്നുള്ളതിൽ ഞങ്ങൾക്ക് ഒട്ടുംതന്നെ സംശയമോ അതിൽ അത്ഭുതമോ തോന്നുന്നില്ല. അത്രകണ്ട് ശക്തിമത്തായിരിക്കുന്നു അവിടുത്തെ മായ. സകലതിൽനിന്നുമകന്നുനിന്നുകൊണ്ട് അങ്ങ് സർവ്വതിനും ആധാരമായിരിക്കുന്നു. അങ്ങനെ അവിടുത്തെ മായാശക്തിയാൽ ഇവിടെ സർവ്വം താനേ സംഭവിക്കുന്നു.
അജ്ഞാനം യുഗാവസാനത്തിൽ ആസുരീവേഷം ധരിച്ച് വേദങ്ങളെ കവർന്നെടുത്ത് രസാതലത്തിൽ കൊണ്ടുപോയൊളിപ്പിച്ചിരുന്നു. അന്ന്, അവിടുന്ന് ഹയഗ്രീവമൂർത്തിയായി അതിനെ വീണ്ടെടുത്ത് ബ്രഹ്മദേവന്റെ അപേക്ഷയെ സാധിക്കുകയുണ്ടായി. ആരുടെ നിയോഗത്തെയാണോ ആരാലും മറികടക്കുവാൻ സാധിക്കാത്തത്, ആ പരമപുരുഷനായിക്കൊണ്ട് എന്റെ നമസ്ക്കാരം!.

ശുകദേവൻ തുടർന്നു: ഹേ രാജൻ!, ഭഗവദവതാരമായ നൃസിംഹമൂർത്തി ഹരിവർഷത്തിലാണു കുടികൊള്ളുന്നതു. അതിനെക്കുറിച്ച് ഞാൻ പിന്നീട് അങ്ങയോട് സംസാരിക്കാം. ഭക്തോത്തമനായ പ്രഹ്ലാദമഹാരാജാവാണ് നരസിംഹാവതാരത്തിന്റെ കാരണക്കാരൻ. പ്രഹ്ലാദമഹാരാജാവിന്റെ ജന്മത്തിലൂടെയും കർമ്മത്തിലൂടെയും അദ്ദേഹത്തിന്റെ മുൻതലമുറകളിലെ ആസുരീഗുണികൾക്കുപോലും മോക്ഷം സിദ്ധിക്കുകയുണ്ടായി. നരസിംഹമൂർത്തിക്ക് ഏറ്റവും പ്രിയനായിരുന്നു പ്രഹ്ലാദമഹാരാജൻ. പ്രഹ്ലാദൻ തന്റെ പ്രജകൾക്കൊത്ത് ഭഗവാൻ ഹരിയെ ഇങ്ങനെ വാഴ്ത്തുന്നു: സർവ്വശക്തനായ നാരായണന് അടിയങ്ങളുടെ നമസ്ക്കാരം!. ഹേ, നരസിംഹമൂർത്തേ!, കർമ്മത്തിൽ ഞങ്ങൾക്കുള്ള ആസുരീഭാവത്തെ നശിപ്പിച്ചാലും!. ഞങ്ങളുടെ ഹൃദയത്തിൽ വസിച്ചുകൊണ്ട് ഞങ്ങൾക്കുള്ളിലെ അജ്ഞാനത്തെ അങ്ങില്ലാതാക്കിയാലും. അതുവഴി ഈ പ്രപഞ്ചത്തെ ചൊല്ലി ഞങ്ങളിലുള്ള ഭയം ഒഴിഞ്ഞുപോകട്ടെ!. ഹേ ഭഗവാനേ! ലോകങ്ങളിലുടനീളം ശാന്തിയും സമാധാനവുമുണ്ടാകട്ടെ!. സർവ്വരുടേയും മനസ്സിൽ ഭക്തി നിറഞ്ഞ് അവർ വൈരം മറന്ന് സ്നേഹസ്വഭാവികളാകുമാറാകട്ടെ!. അതിനായി ഞങ്ങളിതാ അങ്ങയിൽ ശരണം പ്രാപിക്കുന്നു.

ഹേ നാരായണാ!, ഒരിക്കൽ പോലും ഗൃഹാന്ധകൂപത്തിൽ പെട്ടുപോകുവാനുള്ള ആസക്തി ഞങ്ങളിൽ ഉണ്ടാകാതിരിക്കട്ടെ!. മറിച്ച്, ഞങ്ങളെ അവിടുത്തെ ഭക്തന്മാരിൽ മാത്രം ആകൃഷ്ടരാകാൻ അനുഗ്രഹിച്ചാലും!. ജീവന്മുക്തനും സ്വമനസ്സിനെ അടക്കുവാൻ കഴിഞ്ഞിട്ടുള്ളവനും സദാ തങ്ങൾക്കുള്ളതിൽ സംതൃപ്തരാകുന്നു. അവർ ഒരിക്കലും ഇന്ദ്രിയസുഖത്തെ ആഗ്രഹിക്കുന്നില്ല. അങ്ങനെയുള്ളവരിൽ വളരെ പെട്ടെന്നുതന്നെ ഭക്തി നിറയുന്നു. തുടർന്ന്, അവർ സത്തുക്കളോട് സംഗം ചേരുകയും മുകുന്ദനായ അങ്ങയുടെ കഥകളിൽ ആസക്തരാകുകയും ചെയ്യുന്നു. മുകുന്ദകഥാരസത്തിൽ മഗ്നനാകുന്നതോടെ ഒരുവൻ അങ്ങയിൽ രമിക്കുവാൻ തുടങ്ങുന്നു. ശ്രദ്ധയോടും ഭക്തിയോടും അവിടുത്തെ ലീലകളെ ശ്രവിക്കുകയോ കീർത്തിക്കുകയോ ചെയ്യുന്നപക്ഷം അങ്ങ് അവരുടെ മനോമാലിന്യങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുന്നു. അങ്ങനെയെങ്കിൽ വിവേകശാലിയായവൻ എങ്ങനെ സത്സംഗത്തിൽ ആസക്തനാകാതിരിക്കും?.

ഹേ വാസുദേവാ!, അങ്ങയിൽ ഭക്തിയുണ്ടാകുന്നതിലൂടെ മാത്രമാണ് ദേവതകളിൽ പോലും നന്മകൾ നിറയുന്നതു. അല്ലാത്തവരിൽ എന്ത് സത്ഗുണമുണ്ടാകാൻ!. അങ്ങയിൽ ഭക്തിയില്ലാതായാൽ യോഗിയായിരുന്നാലും ഗൃഹസ്ഥാശ്രമിയായിരുന്നാലും അവർ മായയ്ക്ക് അധീനരായിരിക്കുന്നു. മത്സ്യം ജലത്തെ ആശ്രയിക്കുന്നതുപോലെ ജീവഭൂതങ്ങൾ അങ്ങയുടെ ചരണഛായയിൽ മാത്രമേ ജീവിക്കാൻ പാടുള്ളൂ. എത്ര മഹാനായിരുന്നാലും വിഷയിയായിരുന്നാൽ അവരിൽ ഒരിക്കലും ആത്മജ്ഞാനമുദിക്കുകയില്ല. അതുകൊണ്ട് ആസുരീഭാവത്തോടെ ഗൃഹാന്ധകൂപത്തിൽ പതിച്ചിരിക്കുന്നവർ തങ്ങൾക്ക് ലഭിക്കുന്ന അല്പാനന്ദത്തെ കളഞ്ഞ് ഭഗവാനിൽ രമിച്ച് അനന്താനന്ദത്തെ കൈക്കൊള്ളുകയാണു വേണ്ടതു. ഗൃഹത്തിലുള്ള ആസക്തിയാണ് ജീവനെ വിഷയാസക്തനാക്കുന്നതും അവനിൽ ആഗ്രഹം, ഭയം, ക്രോധം, അഹങ്കാരം മുതലായവയെ ഉണ്ടാക്കുന്നതും. ഇവയെല്ലാം അവനെ ജനിമൃതിസംസാരത്തിൽ ആഴ്ത്തുകയും ചെയ്യുന്നു.

ശുകദേവൻ പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, കേതുമാലാവർഷത്തിൽ ഭഗവാൻ വിഷ്ണു കാമദേവന്റെ രൂപത്തിൽ വർത്തിക്കുന്നു. അവിടെ ശ്രീമഹാലക്ഷ്മിയും സംവത്സരൻ എന്ന പ്രജാപതിയും അദ്ദേഹത്തിന്റെ ദിനരാത്രങ്ങളായ മക്കളും വസിക്കുന്നു. പ്രജാപതിയുടെ പെണ്മക്കൾ രാത്രിയുടേയും, ആണ്മക്കൾ പകലിന്റേയും അധിപതികളാണെന്നറിയുക. ഓരോ വർഷത്തിന്റേയും അവസാനത്തിൽ ഭഗവദ്ചക്രങ്ങളുടെ തേജസ്സിൽ പ്രജാപതിയുടെ പെണ്മക്കളുടെ ഗർഭം ഛിദ്രമായിപ്പോകുന്നു. കാമദേവന്റെ ചേഷ്ടകളിൽ മഹാലക്ഷ്മി അത്യന്തം സന്തോഷവതിയാകുന്നു. പകലിൽ സംവത്സരന്റെ ആണ്മക്കൾക്കൊത്തും രാത്രിയിൽ പെൺക്കുട്ടികളോടൊപ്പവും ശ്രീമഹാലക്ഷ്മി ഭക്തിയിൽ നിമഗ്നയായി കാമദേവനായ ഭഗവാനെ ഇങ്ങനെ സ്തുതിക്കുന്നു: ഋഷീകേശനായ ഭഗവാൻ ഹരിയുടെ പാദാരവിന്ദങ്ങളിൽ എന്റെ നമസ്ക്കാരം!. ഹേ മാലോകരേ!, സകലകർമ്മങ്ങളുടേയും നാഥനും അവയുടെ ഫലഭോക്താവും ആ പരമപുരുഷൻ തന്നെയാണു. അഞ്ചു വിഷയങ്ങളും അഞ്ചു കർമ്മേന്ദ്രിയങ്ങളും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും മനസ്സും ചേർന്നുള്ള പതിനാറ് തത്വങ്ങളും അവനിൽ നിന്നുണ്ടായതത്രേ!. ഇവിടെ ജീവനവുമായി ബന്ധപ്പെട്ട സർവ്വവും അവന്റെ മായാശക്തിസ്രോതസ്സിൽനിന്നുണ്ടായതാകുന്നു. സകല മനസ്സുകളുടേയും ശരീരങ്ങളുടേയും ഊർജ്വം അവൻ തന്നെയാണു. എന്നാൽ, അവനും അവന്റെ ശക്തിയും വേറല്ലെന്നറിയുക. അവനിവിടെ സകലതിനും നാഥനാണു. സകലവേദങ്ങളും അവനെ അറിയുവാൻ മാത്രം. അതുകൊണ്ട്, നമുക്കൊന്നുചേർന്ന് ആ തിരുവടികളെ വന്ദിക്കാം. അങ്ങനെ ഇഹത്തിലും പരത്തിലും അവൻ നമുക്ക് നന്മയരുളട്ടെ!.

ഹേ പ്രഭോ!, അങ്ങ് സകല ഇന്ദ്രിയങ്ങളുടേയും നാഥനാണു. ആയതിനാൽ സ്ത്രീകൾ ഉത്തമരായ പതികളെ ലഭിക്കുവാൻ വ്രതശുദ്ധിയോടുകൂടി അങ്ങയെ ആരാധിക്കുന്നു. എന്നാൽ, അവർ നിന്റെ മായയ്ക്കധീനരാണു. കാരണം, അനിത്യവസ്തുവിനെയാണ് തങ്ങൾ ആരാധിക്കുന്നതെന്ന സത്യം അവരൊരിക്കലുമറിയുന്നില്ല. സകല മനുഷ്യരും ഇവിടെ കാലത്തിനേയും കർമ്മഫലത്തേയും പ്രകൃതിയുടെ ത്രിഗുണങ്ങളേയും ആശ്രയിച്ചുകഴിയുന്നവരാണു. അതേസമയം, ഇവയെല്ലാംതന്നെ അവിടുത്തെ മായയുടെ പ്രഭാവങ്ങൾ മാത്രമാണു. പതിയെന്നാൽ, അവൻ സ്വയം സുരക്ഷിതനും മറ്റുള്ളവർക്ക് സദാ സംരക്ഷണം നൽകാൻ കഴിവുള്ളവനുമായിരിക്കണം. അങ്ങനെ നോക്കുമ്പോൾ, അങ്ങല്ലാതെ മറ്റൊരു നാഥനെ ഞങ്ങൾ കാണുന്നില്ല. അങ്ങല്ലാതെ മറ്റു പതി ഇവിടെ ഉണ്ടെന്നുവരികിൽ, അങ്ങ് എങ്ങനെയാണു സ്വയം നിർഭയനായി ഇരിക്കുക?. അതുകൊണ്ട്, ജ്ഞാനികളും പണ്ഡിതന്മാരും അങ്ങയെ സർവ്വലോകൈകനാഥായി അറിയുന്നു.

ഹേ ദേവാ!, അങ്ങയെ ആശ്രയിക്കുന്നവർക്ക് അങ്ങ് സർവ്വവും പ്രദാനം ചെയ്യുന്നു. എന്നാൽ, പിന്നീടൊരിക്കൽ ആ നശ്വരലാഭത്തിൽ അവർക്ക് ദുഃഖിക്കേണ്ടിയും വരുന്നു. അതുകൊണ്ട്, ആരുംതന്നെ അങ്ങയെ സ്വാർത്ഥത്തിനായി ഭജിക്കുവാൻ പാടുള്ളതല്ല. ഹേ അജയ്യനായ ശ്രീഹരേ!, ബ്രഹ്മാവിൽ തുടങ്ങി എല്ലാ ജീവഭൂതങ്ങളും വിഷയസുഖഭോഗങ്ങൾക്കായി എന്നെ സേവിച്ച് വരപ്രസാദം നേടാൻ ശ്രമിക്കുന്നു. എന്നാൽ, അങ്ങയുടെ പരമപദത്തിൽ ആശ്രയം കൊള്ളാത്തവരെ ഞാൻ അനുഗ്രഹിക്കുന്നില്ല. കാരണം, ഞാൻ സദാ അങ്ങയെ ഹൃദയത്തിൽ വച്ചാരാധിക്കുന്നവളാണു. ഭഗവദ്ദ്വേഷികളെ ഞാൻ ഒരിക്കലും അനുഗ്രഹിക്കുന്നില്ല. ഹേ അച്യുതാ!, അവിടുത്തെ തൃപ്പാദങ്ങൾ ഞങ്ങൾക്കെല്ലാമെല്ലാമാണു. ആയതിനാൽ അവിടുത്തെ ഭക്തന്മാർ അതിനെ സദാ വന്ദിക്കുന്നു. അവിടുന്ന് അവരുടെ നെറുകയിൽ തിരുകരം തൊട്ടനുഗ്രഹിക്കുകയും ചെയ്യുന്നു. ഹേ നാഥാ!, എന്റെ മുദ്രയായ ശ്രീവത്സം അങ്ങ് അവിടുത്തെ തിരുമാറിലണിഞ്ഞിരിക്കുന്നു. അങ്ങെന്നോട് കാട്ടുന്ന ഈ ആദരവ് വെറും പൊള്ളയായ ഒരു ചടങ്ങുമാത്രമാണെന്നെനിക്കറിയാം. അങ്ങയുടെ യഥാർത്ഥകാരുണ്യം എന്നോടല്ലാ, മറിച്ച്, എപ്പോഴും അതു പൂർണ്ണമായും അവിടുത്തെ ഭക്തർക്കുനേരെയാണൊഴുകുന്നതു. എന്നാലും ആ ദിവ്യഹസ്തത്താൽ എന്റെയും ശിരസ്സിൽ തൊട്ടനുഗ്രഹിക്കുക. അങ്ങയെ മൂലോകങ്ങളിലും അങ്ങല്ലാതെ മറ്റാരറിയാൻ!.

ശ്രീശുകബ്രഹ്മമഹർഷി തുടർന്നു: ഹേ പരീക്ഷിത്ത് രാജൻ!, വൈവസ്വതമനു രാജാവായിരിക്കുന്ന രമ്യകവർഷത്തിൽ ചാക്ഷുശമന്വന്തരത്തിന്റെ അവസാനത്തിൽ ഭഗവാൻ ഹരി മത്സ്യമായി അവതരിച്ചിരുന്നു. ഭഗവാന്റെ മത്സ്യാവതാരരൂപത്തെ ധ്യാനിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പ്രാർത്ഥിക്കുന്നു: അദ്ധ്യാത്മസ്വരൂപനായ ഭഗവാൻ നാരായണന് നമസ്ക്കാരം!. ഇവിടെ സകലഭൂതങ്ങളും അവയുടെ ശക്തിയും അവനിൽ നിന്നുണ്ടാകുന്നു. അവന്റെ അവതാരങ്ങളിൽ വച്ച് ആദ്യത്തേതാണ് മത്സ്യാവതാരം. ഞാനിതാ വീണ്ടും വീണ്ടും അവനിൽ നമസ്ക്കാരമർപ്പിക്കുന്നു. പാവകളെക്കൊണ്ട് കൂത്താടിക്കുന്നവനെപ്പോലെ അങ്ങ് ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രാദികളടങ്ങിയ ഈ ലോകത്തെ നിയന്ത്രിക്കുന്നു. സകലഭൂതങ്ങളിലും അകംപുറം കൊണ്ട് കുടികൊള്ളുന്ന നിന്നെ ലോകപാലകന്മാരാരുംതന്നെ തിരിച്ചറിയുന്നില്ല. അവിടുന്നു വേദവേദ്യനാണു. ബ്രഹ്മാവ് തുടങ്ങി ഇന്നത്തെ രാജാക്കന്മാർ വരെ അങ്ങയെ മത്സരബുദ്ധിയോടെ കാണുന്നു. എന്നാൽ, അവിടുത്തെ കാരുണ്യമില്ലാതെ ആർക്ക് എന്ത് ചെയ്യാൻ?. തങ്ങൾ ഭരിക്കുന്നുവെന്ന് അവർ അഹങ്കരിക്കുമ്പോൾ യഥാർത്ഥത്തിൽ അങ്ങീലോകം സൃഷ്ടിച്ച് പരിപാലിച്ച് സംഹരിക്കുന്നു. ഭഗവാനേ!, കല്പാന്തത്തിൽ ഈ പ്രപഞ്ചം മുഴുവൻ പ്രളയജലത്തിൽ മുങ്ങിപ്പോയിരുന്നു. അന്ന്, നീവന്ന് എന്നെ ഈ ഭൂമിയോടൊപ്പം രക്ഷിച്ച് ആ പ്രളയവാരിധിയിൽ അതിവേഗം പ്രദക്ഷിണം ചെയ്തു. ഹേ അജനായ ഭഗവാനേ!, ങ്ങാണിവിടെ സകലഭൂതങ്ങളുടേയും പരമകാരണം. അതുകൊണ്ട് അവിടുത്തെ തൃപാദങ്ങളിലിതാ അടിയൻ നമസ്ക്കാരമർപ്പിക്കുകയാണു.

ശുകദേവൻ വീണ്ടും പറഞ്ഞു: ഹേ രാജൻ!, ഹിരണ്മയവർഷത്തിൽ ഭഗവാൻ വിഷ്ണു കൂർമ്മശരീരിയായി കുടികൊള്ളുന്നു. അവിടുത്തെ മുഖ്യനായ ആര്യമാവ് തന്റെ പ്രജകളോടൊപ്പം ഭഗവാനെ നിത്യവും ഇങ്ങനെ ഭജിക്കുന്നു: കൂർമ്മരൂപിയായ അല്ലയോ വിഷ്ണുഭഗവാനേ!, അവിടുത്തെ പാദപങ്കജങ്ങളിൽ ഞങ്ങളുടെ കൂപ്പുകൈ. യാതൊന്നിനാലും കളങ്കപ്പെടാത്ത അദ്ധ്യാത്മഗുണനിധിയായ അങ്ങ് സദാ സത്വഗുണാധിഷ്ഠിതനായിരിക്കുന്നു. അങ്ങയുടെ സൂക്ഷ്മരൂപം ആരാലും ഗ്രഹിക്കുവാൻ സാധ്യമല്ല. ത്രികാലാധീതനായ അങ്ങയെ ആർക്ക് കണ്ടറിയാൻ സാധിക്കും?. സർവ്വദാ സകലതിലും കുടികൊള്ളുന്ന അങ്ങയെ ഞാനിതാ വീണ്ടും വീണ്ടും നമസ്ക്കരിക്കുന്നു. ഹേ നാഥാ!, അങ്ങയുടെ മായയാൽ വിരചിതമാണു ഇക്കാണുന്ന പ്രപഞ്ചമൊക്കെയും. അതിലെ സകലചരാചരങ്ങളും അവളുടെ പ്രതീകങ്ങളായതിനാൽ ഇക്കാണുന്ന വിരാട്രൂപം ഒരിക്കലും അങ്ങയുടെ സ്വരൂപമാകാൻ വഴിയില്ല. അദ്ധ്യാത്മദൃക്അല്ലാത്ത യാതൊരാൾക്കും അങ്ങയുടെ സ്വരൂപത്തെ അറിയുവാൻ കഴിയുന്നില്ല. അവിടുത്തെ മായാശക്തി ഇവിടെ അനേകകോടിനാമരൂപങ്ങളെ ഉണ്ടാക്കിത്തീർക്കുന്നു. ചിലത് ഗർഭപാത്രത്തിൽ ജനിക്കുന്നു. ചിലത് അണ്ഡജങ്ങളാകുന്നു. എന്നാൽ ചിലതാകട്ടെ, സ്വേദചങ്ങളും. വൃക്ഷങ്ങൾ ഭൂമിയിൽനിന്നു ജനിക്കുന്നു. ദേവതകളും മുനികളും പിതൃക്കളും ആകാശവും സ്വർഗ്ഗലോകങ്ങളും ഭൂമിയും അതിലെ മലകളും നദികളും സമുദ്രങ്ങളും ദ്വീപുകളും സകല ജ്യോതിർഗോളങ്ങളും എല്ലാം അവിടുത്തെ മായയുടെ നിർമ്മിതികൾ മാത്രം. എന്നാൽ ഹേ പ്രഭോ!, അങ്ങുമാത്രം ഒന്നായ ബ്രഹ്മമായി നിലകൊള്ളുന്നു. അങ്ങേയ്ക്കുമേൽ ഇവിടെ യാതൊന്നുംതന്നെയില്ല. അതുകൊണ്ട്, ഈ പ്രപഞ്ചം അവിടുത്തെ നിഗൂഢശക്തിയായ മായയാൽ നിർമ്മിതമായ താൽക്കാലിക ദൃശ്യങ്ങൾ മാത്രം. അതുപോലെ, അങ്ങയുടെ നാമങ്ങളും രൂപങ്ങളും അഗണിതമാണു. ന്നിരുന്നാലും, പണ്ഡിതന്മാർ അതിനെ ആവുംവിധം കീർത്തിച്ചുപാടുന്നു. എന്നാൽ അജ്ഞാനികളാകട്ടെ അങ്ങയുടെ സ്വരൂപത്തെയറിയാതെ ജീവിതം പോക്കുന്നു.

ശുകദേവൻ പറഞ്ഞു: പ്രീയപ്പെട്ട രാജാവേ!, സർവ്വയജ്ഞഭോക്താവായ ഭഗവാൻ ഹരി വരാഹരൂപത്തിൽ ജംബൂദ്വീപിന്റെ വടക്കുഭാഗത്ത് കുടികൊള്ളുന്നു. അവിടെ ഉത്തരകുരുവർഷമെന്നറിയപ്പെടുന്നിടത്ത് ഭൂമിദേവി തന്റെ പരിവാരങ്ങളുമൊത്ത് ഭഗവാനെ ഉപനിഷദ് മന്ത്രങ്ങൾകൊണ്ട് ഇങ്ങനെ സ്തുതിക്കുന്നു: മഹാരൂപിയായ ഭഗവാനേ!, അങ്ങേയ്ക് ഞങ്ങളുടെ നമസ്ക്കാരം!. അങ്ങ് വേദവേദ്യനും യജ്ഞസ്വരൂപനാണു. ക്രതുവും അങ്ങുതന്നെ. അതുകൊണ്ട് സകലയജ്ഞങ്ങളും അതിന്റെ ഭോക്താവും അങ്ങുതന്നെ. അങ്ങയുടെ ഈ രൂപം സത്വഗുണത്താൽ നിർമ്മിതമായിരിക്കുന്നു. മൂന്നു യുഗങ്ങളും കാലസ്വരൂപനായ അങ്ങുതന്നെയാണു. പണ്ഡിതന്മാർ സർവ്വതിലും നിഗൂഢനായിരിക്കുന്ന അങ്ങയെ ദർശിക്കുവാൻ ശ്രമിക്കുന്നു. അങ്ങ് മനസ്സുകൊണ്ടോ ബുദ്ധികൊണ്ടോ അറിയപ്പെടുന്നില്ല. എന്നാൽ ഇന്ദ്രിയങ്ങൾക്കധീതനായ അങ്ങയെ സത്തുക്കൾ ഭക്തികൊണ്ടറിയുന്നു. അങ്ങനെയുള്ള അങ്ങയുടെ താമരപ്പാദങ്ങളിൽ ഞങ്ങളുടെ പ്രണാമം!. ഇന്ദ്രിയവിഷയങ്ങളും ഇന്ദ്രിയചേഷ്ടകളും ഇന്ദ്രിയങ്ങളുടെ ദേവതകളും ശരീരവും കാലവും അഹങ്കാരവും എല്ലാം അവിടുത്തെ മായയുടെ സൃഷ്ടികൾ മാത്രം. യോഗത്തിൽ ലയിച്ച ഒരുവന്റെ ബുദ്ധികൊണ്ട് എല്ലാറ്റിനേയും ആ മായയുടെ വ്യതിയാനങ്ങളായി അറിയാൻ സാധിക്കുന്നു. അങ്ങനെയുള്ള ബുദ്ധിക്ക് സർവ്വഭൂതഹൃദയങ്ങളിലും കുടികൊള്ളുന്ന പരമാത്മരൂപിയായ നിന്നെ കാണാനും സാധിക്കുന്നു. ഹേ നാഥാ!, ഇവിടെ സൃഷ്ടിസ്ഥിതിസംഹരകർമ്മങ്ങൾ നടക്കുന്നത് അങ്ങയുടെ ആഗ്രഹത്താലല്ല. മറിച്ച്, അങ്ങയുടെ അദ്ധ്യക്ഷതയിൽ അവിടുത്തെ മായാശക്തിയാൽ എല്ലാം സംഭവിക്കുകയാണു. കാന്തികശക്തിയാൽ ഇരുമ്പുകഷണം ചലിക്കുന്നതുപോലെ, അവിടുത്തെ നോട്ടത്താൽ തന്നെ പ്രപഞ്ചത്തിൽ സർവ്വതും മാറിമറിയുന്നു. ഭഗവാനേ!, സൂകരവേഷം പൂണ്ട് അങ്ങ് ഹിരണ്യാക്ഷനെ വധിച്ചു. അനന്തരം, കരിവീരൻ കുളത്തിൽനിന്നും താമരപിഴുതെടുക്കുന്നതുപോലെ, അങ്ങന്നെ അവിടുത്തെ കൊമ്പിന്മേലിരുത്തി ഗർഭോദകാബ്ധിയിൽനിന്നും രക്ഷപെടുത്തുകയും ചെയ്തു. അതുകൊണ്ട് അവിടുത്തേയ്ക്കെന്റെ നമസ്ക്കാരം!.



ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പതിനെട്ടാദ്ധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next






The residents of Jambu Islands pray to Lord Vishnu

2019, ജൂൺ 23, ഞായറാഴ്‌ച

5.17 ഗംഗയുടെ ഭൂമിയിലേക്കുള്ള പ്രവാഹം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 17
(ഗംഗയുടെ ഭൂമിയിലേക്കുള്ള പ്രവാഹം)

ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ രാജൻ!, ഭഗവാൻ ഹരി വാമനവേഷത്തിൽ ഒരിക്കൻ മഹാബലി ചക്രവർത്തിയെ കാണാനെത്തുകയുണ്ടായി. അന്ന്, അവൻ തന്റെ ഇടതുകാൽ മുകളിലേക്കുയർത്തി തള്ളവിരലിലെ നഖംകൊണ്ട് അണ്ഡകടാഹത്തിൽ ഒരു സുഷിരം നിർമ്മിച്ചു. ദ്വാരത്തിലൂടെ കാരണസമുദ്രത്തിലെ പവിത്രമായ ജലം ഗംഗയായി പ്രപഞ്ചത്തിലേക്ക് പ്രവേശിച്ചു. ഭഗവദ്പാദസ്പർശനംകൊണ്ട് ആ ജലത്തിന് ഇളം ചുവപ്പ് നിറം ലഭിച്ചു. ഈ പവിത്രജലമാകട്ടെ, അതിൽ മുങ്ങുന്ന സർവ്വമനസ്സുകളിലേയും സകലപാപങ്ങളേയും കഴികി സ്വയം ശുദ്ധമായി ഒഴുകുന്നു. ഭഗവാൻ വിഷ്ണുവിന്റെ പാദസ്പർശമുണ്ടായതിനാൽ ഗംഗയെ വിഷ്ണുപദി എന്നു വിളിക്കുന്നു. പിന്നീടവൾക്ക് ജാഹ്നവി, ഭാഗീരഥി തുടങ്ങിയ നാമങ്ങൾ ലഭിക്കുകയുണ്ടായി. ഹേ രാജൻ!, ആയിരം യുഗങ്ങൾക്കുശേഷം, അവൾ ധ്രുവലോകത്തിലേക്ക് ഒഴുകപ്പെട്ടു. അന്നുമുതൽ ധ്രുവലോകം വിഷ്ണുപദം എന്നപേരിലുമറിയപ്പെടുന്നു. ഭക്തിയാൽ ഭഗവദ്പ്രസാദം സാധിപ്പിച്ചവരിൽ സർവ്വോത്തമനായിരുന്നു ഉത്താനപാദമഹാരാജാവിന്റെ പുത്രനായ ധ്രുവൻ. ഭഗവദ്പാദങ്ങളെ തഴുകിയൊഴുകുന്ന ആ ഗംഗാധാരയെ തന്റെ ശിരസ്സിൽ വഹിക്കുവാനായി ധ്രുവൻ തന്റെ ലോകത്തിൽത്തന്നെ ഭഗവദ്നിഷ്ഠനായി ഇരിക്കുന്നു. ഹൃദയം ഭഗവാനിൽ ലയിച്ച അദ്ദേഹത്തിന്റെ അർദ്ധനിമീലിതനേത്രങ്ങളിൽക്കൂടി കണ്ണുനീർ പ്രവഹിക്കുകയും, ആ ഇരിപ്പിൽ രോമാഞ്ചഭരിതനാകുകയും ചെയ്യുന്നു.

പരീക്ഷിത്ത് മഹാരാജാവേ!, ധ്രുവലോകത്തിന് തൊട്ടുതാഴെയായി സപ്തർഷികൾ മരുവുന്നു. അവർ ഈ പാവനജലത്തെ തങ്ങളുടെ ജടാമകുടങ്ങളിൽ ധരിക്കുന്നു. അവർ ഗംഗയെ തങ്ങളുടെ ഉത്തമസമ്പത്തായും മോക്ഷത്തിലേക്കുള്ള മാർഗ്ഗമായും കണക്കാക്കുന്നു. അവൾക്കുമുന്നിൽ അവർ ധർമ്മാർത്ഥകാമമോക്ഷങ്ങളെപ്പോലും പരിത്യജിക്കുന്നു. സത്തുക്കൾക്ക് മോക്ഷമെന്നതുപോലെ, സപ്തർഷികൾക്ക് ഭഗവദ്ഭക്തി സർവ്വോത്തമമായിരിക്കുന്നു. സപ്തർഷികളുടെ ലോകങ്ങളിൽനിന്നും പിന്നീട് ദേവലോകത്തിലൂടെ ഒഴുകി ഗംഗ ചന്ദ്രലോകത്തിലും, തുടർന്ന്, ബ്രഹ്മലോകത്തിലേക്കും പതിക്കുന്നു. അവിടെ, സുമേരുപർവ്വതത്തിൽനിന്നും അവൾ വീണ്ടും നാലായി വേർതിരിഞ്ഞു നാലു ദിക്കുകളിലേക്ക് പ്രവഹിക്കുന്നു. സീത, അളകനന്ദ, ചക്ഷു, ഭദ്ര എന്നിങ്ങനെ നാമങ്ങൾ കൊള്ളുന്ന അവ വിവിധ ഭൂപ്രദേശങ്ങളിലൂടെയൊഴുകി ഒടുവിൽ സമുദ്രത്തിലെത്തിച്ചേരുന്നു. സീത ബ്രഹ്മപുരിയിലൂടെ താഴേയ്ക്കൊഴുകി കേസരാചലങ്ങളിലെത്തുന്നു. ഈ പർവ്വതങ്ങൾ മേരുവിനുചുറ്റും തന്തുക്കൾപോലെ കാണപ്പെടുന്നു. കേസരാചലത്തിലൂടെ വീണ്ടുമൊഴുകി അവൾ ഗന്ധമാദനഗിരിയിലും അവിടെനിന്ന് തുടർന്ന്, ഭദ്രാശ്വവർഷഭൂമിയിലേക്കും പതിക്കുന്നു. തുടർന്നുള്ള ഒഴുക്കിൽ അവൾ സമുദ്രത്തിൽ ലീനയാകുന്നു.

ഹേ പരീക്ഷിത്ത് രാജൻ!, സുമേരുവിൽനിന്നും ചക്ഷുനദി ഒഴുകി ആദ്യം മാല്യവാൻ പർവ്വതത്തിലെത്തുന്നു. അവിടെനിന്നും അവൾ കേതുമാലാവർഷത്തിലൂടെയൊഴുകി സമുദ്രത്തിലെത്തിച്ചേരുന്നു. എന്നാൽ, ഭദ്രാനദിയാകട്ടെ, സുമേരുവിന്റെ വടക്കുനിന്നും പ്രവഹിച്ച്, കുമുദം, നീലം, ശ്വേതം, ശൃംഗവാൻ എന്നീപർവ്വതങ്ങളിലെത്തുന്നു. അവിടെനിന്നും തുടർന്ന്, കുരുവർഷത്തിലൂടെയൊഴുകി സമുദ്രത്തിൽ പതിക്കുകയും ചെയ്യുന്നു.  അതുപോലെ, അളകനന്ദ ബ്രഹ്മപുരിയുടെ തെക്കുവശത്തുകൂടിയൊഴുകി ഹേമകൂടം, ഹിമകൂടം എന്നീ പർവ്വതങ്ങളിൽ പതിക്കുന്നു. അവിടെനിന്നും ഈ നദി ഭാരതവർഷത്തിലെത്തപ്പെടുന്നു. തുടർന്ന്, സമുദ്രത്തിലേക്കും. ഇതിൽ ഒരിക്കലെങ്കിലും മുങ്ങിനിവരാൻ സാധിക്കുന്നവർ ഭാഗ്യവാന്മാരത്രേ!. അശ്വമേധരാജസൂയാദി മഹായജ്ഞങ്ങളുടെ ഫലം ഗംഗയിൽ സ്നാനം ചെയ്യുന്നതുകൊണ്ടുണ്ടാകുന്നു. ഹേ രാജൻ!, വലുതും ചെറുതുമായി മറ്റനേകം നദികളും മേരുവിൽ നിന്നുമുത്ഭവിച്ച് പലതായി വേർതിരിഞ്ഞ് പലയിടങ്ങളിലേക്കായൊഴുകി ഒടുവിൽ സമുദ്രത്തിലെത്തിച്ചേരുന്നു.

ഹേ പരീക്ഷിത്ത് രാജൻ!, ഒമ്പതു വർഷങ്ങളുള്ളതിൽ ഭാരതത്തെ കർമ്മങ്ങളുടെ വിളനിലമായി അറിയപ്പെടുന്നു. മറ്റുള്ള വർഷങ്ങൾ പുണ്യവാന്മാർക്കുള്ളതത്രേ!. സ്വർഗ്ഗത്തിൽനിന്നും തിരിച്ചെത്തിയതിനുശേഷം, അവർ തങ്ങളുടെ ശേഷിച്ച പുണ്യങ്ങളെ വിടെവച്ചനുഭവിക്കുന്നു. ഈ എട്ടു ഭൂഖണ്ഡങ്ങളിലെ മനുഷ്യർ ഭൂമിയിലെ കണക്കനുസരിച്ച് പതിനായിരം വർഷക്കാലം ജീവിച്ചിരിക്കുന്നു. അതിലെ നിവാസികളെല്ലാംതന്നെ ദേവന്മാരെപ്പോലെയാണു. അവർക്ക് പതിനായിരം ആനകളുടെ ബലമുണ്ടാകുകയും യൌവ്വനകാലം വളരെ ആഹ്ലാദപൂർണ്ണമായിരിക്കുകയും ചെയ്യും. ഇണകൾ അന്യോന്യം ആനന്ദത്തിൽ രമിച്ചുകഴിയുന്നു. ത്രേതായുഗത്തിലെ മനുഷ്യരെപ്പോലെ അവർ അങ്ങനെ അത്യന്തം സന്തോഷത്തോടെ സ്വർഗ്ഗീയതയെ അനുഭവിക്കുന്നു.

അവിടെ അനേകം പൂന്തോട്ടങ്ങളും അതിൽ നിറയെ പുഷ്പഫലാദികളും, അതുപോലെ മനോഹരമായി അലങ്കരിക്കപ്പെട്ട വളരെയധികം ആശ്രമങ്ങളുമുണ്ടായിരിക്കും. ഈ വർഷങ്ങളോരോന്നിനേയും താമരപ്പൂക്കൾ നിറഞ്ഞ ശുദ്ധജലതടാകങ്ങൾ തമ്മിൽ വേർതിരിച്ചുനിർത്തുന്നു. അതിൽ ഹംസാദി വിഹഗങ്ങൾ നീന്തിക്കളിക്കുന്നു. വണ്ടുകളുടെ മൂളലുകൾ അന്തരീക്ഷത്തിൽ അലിഞ്ഞുചേരുന്നു. ദേവതകളിൽ ഉത്തമന്മാരാണ് ഇവിടെ വസിക്കുന്നവർ. പരിചാരകവൃന്ദങ്ങളോടുകൂടി അവർ അവിടെ ആർത്തുല്ലസിച്ചു ജീവിതം നയിക്കുന്നു. ഹേ പരീക്ഷിത്ത് രാജാവേ!, അവരിൽ കാരുണ്യവർഷം ചൊരിഞ്ഞുകൊണ്ട് ഭഗവാൻ നാരായണൻ വാസുദേവനായും സങ്കർഷണമൂർത്തിയായും പ്രദ്യുംനനായും അനിരുദ്ധനായും അവർക്കുമുന്നിൽ വിളങ്ങുന്നു. അവർ അവനെ സർവ്വാത്മനാ പൂജിക്കുകയും ചെയ്യുന്നു.

രാജൻ!, എന്നാൽ, ഇളാവൃതവർഷത്തിൽ പുരുഷനായി മഹാദേവൻ മാത്രമേയുള്ളൂ. കാരണം, അവിടെ പ്രവേശിക്കുന്ന പുരുഷന്മാർ ശ്രീപാർവ്വതീദേവിയുടെ ശാപംകൊണ്ട് തത്ക്ഷണം സ്ത്രീയായി മാറുന്നു. ആ കഥ ഞാൻ പിന്നീട് പറയുന്നതാണു. അവിടെ മഹാദേവന്റെ സന്നിധിയിൽ ഭവാനിയുടെ ദശശതകോടി പരിചാരകസ്ത്രീകൾ തൊഴുതുനിൽക്കുന്നു. വാസുദേവൻ, പ്രദ്യുംനൻ, അനിരുദ്ധൻ, സങ്കർഷണൻ എന്നിവർ ഭഗവദംശകലകളാണെന്നു പറഞ്ഞുവല്ലോ!. അതിലെ താമസി എന്ന സങ്കർഷണമൂർത്തിയെയാണിവിടെ മഹാദേവൻ ഭജിക്കുന്നതു. അതുകൊണ്ട് മഹാദേവൻ എപ്പോഴും ഹരിയെ ഇങ്ങനെ സ്തുതിച്ചുകൊണ്ടിരിക്കുന്നു. ഹേ ശ്രീഹരേ!, അവിടുത്തെ അംശമായ ഞാൻ അങ്ങയെ നമസ്ക്കരിക്കുന്നു. സകലഗുണങ്ങളുടേയും ഉറവിടം അങ്ങാകുന്നു. അനന്തമായ അവിടുത്തെ മാഹാത്മ്യം അജ്ഞാനികൾക്കറിയാൻ സാധിക്കുന്നില്ല. പ്രഭോ!, അങ്ങ് മാത്രമാണിവിടെ ആരാധ്യനായുള്ളതു. അവിടുത്തെ താമരപ്പാദം ഞങ്ങൾ ഭക്തന്മാരുടെ ഏകാശ്രമാണു. അങ്ങ് ഞങ്ങളെ പ്രകൃതിയുടെ മായയിൽനിന്നും രക്ഷിച്ചരുളുന്നു. എന്നാൽ, ഭക്തിഹീനന്മാരെ അങ്ങുതന്നെ അതിൽ തളച്ചിടുകയും ചെയ്യുന്നു. ഹേ ദേവാ!, എന്നെ അവിടുത്തെ ദാസാനായി സ്വീകരിച്ചാലും. മനസ്സിനെ അടക്കാൻ കഴിയാതെ ഞങ്ങളിൽ രാഗദ്വേഷങ്ങളുണ്ടാകുന്നു. എന്നാൽ, അങ്ങാകട്ടെ, നിസ്പൃഹനായിക്കൊണ്ട്, അവിടുത്തെ കടക്കണ്ണിന്റെ ചലനമാത്രത്താൽ ഈ പ്രപഞ്ചം സൃഷ്ടിച്ച് പരിപാലിച്ച് സംഹരിക്കുന്നു. അതുകൊണ്ട് മാ‍യയുടെ പിടിയിൽനിന്നും രക്ഷപ്രാപിക്കേണ്ടവർ അങ്ങയുടെ താമരത്തൃപ്പാദങ്ങളിൽ അഭയം പ്രാപിക്കേണ്ടിയിരിക്കുന്നു. ഹേ നാരായണാ!, അസത്ദർശകന്മാർക്ക് അങ്ങയിൽ ദ്വേഷമുണ്ടാകുന്നു. അവർ അവിടുത്തെ നിന്ദിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. എന്നാൽ അങ്ങയിലാകട്ടെ അവരുടെ യാതൊരു പ്രവൃത്തികളും പ്രതിഫലിക്കുന്നില്ല. കാരണം, ഈ പ്രപഞ്ചത്തിലെ യാതൊന്നിനാലും മഹാധീരനായ അവിടുന്നിനെ പ്രകോപിപ്പിക്കുവാൻ സാധ്യമല്ല. യോഗികൾ അങ്ങയെ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയകാരണനായി കണ്ടറിയുന്നു. എന്നാൽ, അതിൽ പോലും അങ്ങ് നിസ്പൃഹനായിരിക്കുന്നു. അതുകൊണ്ട്, അങ്ങ് അനന്തനാണു. അങ്ങ് സകലലോകങ്ങളേയും വളരെ നിസ്സാരമായി തന്നിൽ ധരിക്കുന്നു. അങ്ങനെയെങ്കിൽ പിന്നെ ആരാണങ്ങയെ പൂജിക്കാതിരിക്കുക?. അവിടുന്നിൽനിന്നും രജോഗുണത്താൽ ബ്രഹ്മദേവൻ ജനിച്ചു. അതുപോലെ തമോഗുണനായി ഞാനും. തുടർന്ന്, ഞങ്ങളിൽനിന്നും മറ്റു ദേവതകളുമുണ്ടാകുന്നു. പരമപുരുഷനായ അങ്ങയുടെ ശക്തിയാൽ മാത്രം ഞങ്ങൾ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുസംഹരിച്ചുപോരുന്നു. അങ്ങനെയുള്ള ഭഗവാൻ നാരായണനെ ഞാൻ നമിക്കുന്നു. അങ്ങയുടെ മായാശക്തി ബ്രഹ്മാദി സകലജീവജാലങ്ങളേയും ഈ പ്രകൃതിയുമായും അതിലെ വിഷയങ്ങളുമായും കൂട്ടിച്ചേർക്കുന്നു. അവിടുത്തെ കാരുണ്യംകൊണ്ടുതന്നെ അതിന്റെ പിടിയിൽനിന്നും അവർ പിന്നൊരിക്കൽ രക്ഷനേടുകയും ചെയ്യുന്നു. അതുകൊണ്ട്, സർവ്വകാരണകാരണനാ‍യ ഭഗവാൻ ഹരിയിൽ ഞാൻ അഭയം പ്രാപിക്കുകയാണു.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പതിനേഴാമദ്ധ്യായംസമാപിച്ചു.
ഓം തത് സത്.

Previous    Next



2019, ജൂൺ 16, ഞായറാഴ്‌ച

5.16 ജംബൂദ്വീപ് വർണ്ണന


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 16
(ജംബൂദ്വീപ് വർണ്ണന)

പരീക്ഷിത്ത് ശുകദേവനോടു ചോദിച്ചു: ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ഈ ഭൂമണ്ഡലത്തിന്റെ വിസ്തീർണ്ണപരിധിയെക്കുറിച്ച് അങ്ങ് മുൻപെന്നോടു പറയുകയുണ്ടായി. അത് ആദിത്യന്റെ കിരണങ്ങളെത്തുന്നിടത്തോളം നീളുന്നുവെന്നും, ഇവിടെനിന്നും ചന്ദ്രനേയും മറ്റു നക്ഷത്രങ്ങളേയും കാണാൻ കഴിയുന്നത്ര ദൂരത്തിൽ വ്യാപിച്ചിരിക്കുന്നുവെന്നും അന്ന് അങ്ങെന്നോട് പറഞ്ഞിരുന്നു. ഹേ പ്രഭോ!, പ്രിയവ്രതമഹാരാജന്റെ രഥചക്രങ്ങൾ ഈ ഭൂമിയിന്മേൽ ഏഴ് ചാലുകൾ സൃഷ്ടിച്ചതായും, അവ പിന്നീട് ഏഴു സമുദ്രങ്ങളായിമാറിയതായും, ആ സമുദ്രങ്ങളാൽ ഇവിടെ ഏഴു ദ്വീപുകൾ ഉണ്ടായ കഥകളും, അതുപോലെ, അവയുടെ പേരുകളും വിസ്തീർണ്ണങ്ങളും മറ്റും അങ്ങ് അന്നെന്നോട് സംക്ഷേപിച്ചരുളിചെയ്തതാണു. ഹേ ഗുരോ!, ഇപ്പോൾ അടിയൻ അവയെല്ലാം വിസ്തരിച്ചറിയുവാൻ ആഗ്രഹിക്കുന്നു. ഭഗവാൻ ഹരിയുടെ വിരാട്രൂപത്തിൽ മനസ്സുറയ്ക്കുമ്പോൾ ജീവൻ സത്വഗുണത്തിൽ അധിഷ്ഠിതമാകുന്നു. ആ സമയം ഗുണാധീതനായ അവന്റെ മഹിമയെ കൂടുതൽ വ്യക്തമായി അറിയാൻ സാധിക്കുന്നു. അല്ലയോ ബ്രാഹ്മണോത്തമാ!, ആ രൂപം എങ്ങനെ ഈ പ്രപഞ്ചം മുഴുവൻ വ്യാപിച്ചിരിക്കുന്നുവെന്ന് പറഞ്ഞരുളിയാലും.

ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ രാജൻ!, അങ്ങെത്ര ഭാഗ്യവാനാണു!. അങ്ങയിൽ ഭഗവാൻ ഹരിയെക്കുറിച്ചറിയുവാനുള്ള ഉത്കണ്ഠ ജനിച്ചിരിക്കുന്നു. നാരായണ! നാരായണ!. അവന്റെ മായാശക്തി അന്തമാണു. ഈ പ്രപഞ്ചം മുഴുവൻ അവന്റെ മായയാകുന്ന സത്വാദിത്രിഗുണങ്ങൾ പരിണമിച്ചുണ്ടായതാണു. എന്നാൽ, അതെങ്ങനെയെന്നു വർണ്ണിക്കുവാൻ സാക്ഷാത് ബ്രഹ്മാവിനുപോലും സാധ്യമല്ല. എന്നിരുന്നാലും, അങ്ങ് ചോദിച്ചതുകൊണ്ട്, ഈ ഭൂലോകത്തെക്കുറിച്ചും അവയുടെ നാമരൂപങ്ങളെക്കുറിച്ചും അതിന്റെ വിസ്തീർണ്ണം സംബന്ധിച്ചുള്ളതുമായ വിവരണങ്ങളും മറ്റും നൽകാൻ എന്നാലാവുംവണ്ണം ഞാൻ ശ്രമിക്കാം.

ഭൂമണ്ഡലം ഒരു കമലം പോലെയും ഏഴു ദ്വീപുകൾ അതിലെ കോശങ്ങൾപോലെയും കാണപ്പെടുന്നു. അതിൽ ജംബൂദ്വീപിന്റെ വിസ്തീർണ്ണം പത്തുലക്ഷം യോജനയാണു. ഈ ദ്വീപ് വീണ്ടും ഒൻപതിനായിരം യോജന വലിപ്പം വരുന്ന ഒൻപത് ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. എട്ട് കൊടുമുടികൾ അതിനെ തത്തുല്യം അളന്നുതിരിക്കുന്നു. ഇതിനിടയിലാണ് ഇളാവൃതവർഷം നിലകൊള്ളുന്നതു. അതിനുനടുവിൽ സ്വർണ്ണനിർമ്മിതമായ സുമേരുപർവ്വതം സ്ഥിതിചെയ്യുന്നു. ജംബൂദ്വീപിന്റെ വീതിയോളം വരുന്നതാണ് ഈ പർവ്വതത്തിന്റെ ഉയരം. ഇളാവൃതവർഷത്തിനു തെക്കുവശത്തായി നീല, ശ്വേത, ശൃംഗവാൻ എന്നീ പർവ്വതങ്ങൾ സ്ഥിതിചെയ്യുന്നതായിക്കാണാം. ഈ പർവ്വതങ്ങൾ രമ്യകം, ഹിരണ്മയം, കുരു എന്നീ വർഷങ്ങളുടെ അതിർത്തികളെ നിശ്ചയിക്കുന്നു. ഇവയോരോന്നും രണ്ടായിരം യോജനയോളം പരന്നുകിടക്കുന്നു. നീളത്തിൽ അവ കിഴക്കുപടിഞ്ഞാറായി സമുദ്രതീരങ്ങളിലേക്ക് നീളുന്നു. തെക്കുനിന്നും വടക്കോട്ട് ഈ പർവ്വതങ്ങളോരോന്നിനും അവയ്ക്ക് തൊട്ടുമുമ്പുള്ള പർവ്വതത്തിന്റെ പത്തിലൊന്ന് നീളമാണുള്ളതു. എന്നാൽ, അവയുടെയെല്ലാം പൊക്കം തുല്യമാണെന്നറിയുക. അതുപോലെ, ഇളാവൃതവർഷത്തിന്റെ തെക്കുവശത്ത് കിഴക്കുപടിഞ്ഞാറായി വ്യാപിച്ച് മൂന്നു പർവ്വതങ്ങൾ നിലകൊള്ളുന്നു. അവ നിഷധം, ഹേമകൂടം, ഹിമാലയം എന്നിങ്ങനെ അറിയപ്പെടുന്നു. അവയോരോന്നും പതിനായിരം യോജന ഉയരത്തിലാണുള്ളതു. ഈ പർവ്വതങ്ങൾ ഹരി, കിമ്പുരുഷം, ഭാരതം എന്നീ വർഷങ്ങളെ തരംതിരിക്കുന്നു. ഇതേ രീതിയിൽ, ഇളാവൃതവർഷത്തിനു കിഴക്കും പടിഞ്ഞാറുമായി മാല്യവാനം, ഗന്ധമാദനം എന്നീ രണ്ടു പർവ്വതങ്ങൾ നിലകൊള്ളുന്നു. രണ്ടായിരം യോജന ഉയരം വരുന്ന ഈ രണ്ടു പർവ്വതങ്ങളും വടക്കോട്ട് നീലഗിരിയോളവും തെക്കോട്ട് നിഷധഗിരിയോളവും വ്യാപിച്ചുനിൽക്കുന്നവയാണു. ഈ പർവ്വതങ്ങൾ ഇളാവൃതം, കേതുമാല, ഭദ്രാശ്വം മുതലായ വർഷങ്ങളെ വിഭജിച്ചുനിർത്തിയിരിക്കുന്നു.

സുമേരുപർവ്വതത്തിന്റെ നാലുവശങ്ങളിലായി മന്ദര, മേരുമന്ദര, സുപാർശ്വം, കുമുദം എന്നീ മറ്റു പർവ്വതങ്ങൾ സ്ഥിതിചെയ്യുന്നു. പതിനായിരം യോജനയാണു ഈ നാലു പർവ്വതങ്ങളുടേയും നീളവും ഉയരവും. ഈ നാലു പർവ്വതത്തിലും കൊടിമരം പോലെ നാലു വൃക്ഷങ്ങൾ പടർന്നുപന്തലിച്ചു നിൽക്കുന്നു. ഒന്നിൽ മാവും മറ്റൊന്നിൽ ആപ്പിൾ മരവും, പിന്നൊന്നിൽ കദംബവും നാലമത്തേതിൽ ആൽമരവും. അവയ്ക്കോരോന്നിനും നൂറ് യോജന വീതിയും ആയിരത്തിയൊരുനൂറു യോജന ഉയരവും കണക്കാക്കപ്പെടുന്നു. അവയുടെ ശിഖരങ്ങളും ആയിരത്തിയൊരുനൂറോളം യോജന പടർന്നുകിടക്കുന്നു. ഹേ പരീക്ഷിത്ത് മഹാരാജാവേ!, ഈ നാലു പർവ്വതങ്ങളിക്കിടയിൽ യഥാക്രമം നാലു മഹാതടാകങ്ങളും കാണാം. അതിൽ ഒന്നിലെ ജലം പാലുപോലെയും മറ്റൊന്നിലേത് തേൻ പോലെയും പിന്നൊന്ന് കരിമ്പുരസം പോലെയും രുചിയേറിയതാണു. മറ്റൊന്നുള്ളത് ശുദ്ധജലംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഈ തടാകത്തെ സിദ്ധചാരണഗന്ധർവ്വാദികൾ യഥേഷ്ടം ഉപയോഗിക്കുന്നു. അവിടെ നന്ദനം, ചൈത്രരഥം, വൈഭ്രാജകം, സർവ്വതോഭദ്രം എന്നീ നാമങ്ങളിൽ നാലു സ്വർഗ്ഗീയാരാമങ്ങളുമുണ്ടു. സുരഗണങ്ങൾ തങ്ങളുടെ പത്നിമാരുമായി അവിടെ വിഹാരത്തിനായി എത്തുന്നു. ഗന്ധർവ്വന്മാർ അവരുടെ ഗുണഗാനങ്ങൾ പാടുന്നു.

മന്ദരപർവ്വതത്തിന്റെ അടിവാരത്തിൽ ദേവചൂതം എന്ന ഒരു മരമുണ്ടു. ആയിരത്തി ഒരുനൂറു യോജന വരുന്നു ഈ വൃഷത്തിന്റെ നീളം. അമൃതൂറുന്ന അതിന്റെ ഫലം സർവ്വദാ കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്നു. അവ ശിഖരങ്ങളിൽനിന്നുമടർന്നു നിലത്തുവീണു തകരുമ്പോൾ അതിലെ രസം അവിടെമാകെ വഴിഞ്ഞൊഴുകി സുഗന്ധം പരത്തുന്നു. ആ രസം തഴേയ്ക്ക് പടർന്നൊഴുകി അരുണോദം എന്ന ഒരു നദിയായി മാറി ഇളാവൃതത്തിന്റെ കിഴക്കേവശത്തുകൂടിയൊഴുകുന്നു. പാർവ്വതീദേവിയുടെ പരിചാരകരായ യക്ഷപത്നിമാർ ഈ നദിയിലെ സുഗന്ധജലം ആസ്വദിക്കുന്നു. ആ സുഗന്ധം അവരുടെ ശരീരത്തിൽനിന്നും വായുവിൽ ലയിച്ച് പത്തു യോജനയോളം അന്തരീക്ഷത്തിൽ പരക്കുന്നു.

ഹേ രാജൻ!, അതുപോലെതന്നെ, ജംബൂമരത്തിന്റെ ഫലങ്ങളും വളരെ ഉയരത്തിൽനിന്നും താഴെ വീണു പൊട്ടിപിളരുന്നു. ആനയോളം വലിപ്പം വരുന്ന ഓരോ പഴങ്ങളിൽനിന്നും രസം പടർന്നൊഴുകി ജംബൂനദിയായി പരിണമിക്കുന്നു. മേരുമന്ദരപർവ്വതത്തിൽനിന്നും തുടങ്ങി, ഇളാവൃതവർഷത്തിന്റെ തെക്കുവശത്തുകൂടി പതിനായിരം യോജനയോളം ഒഴുകി ഇളാവൃതത്തെ ജംബുരസത്തിൽ നിമഗ്നമാക്കുന്നു. നദീതീരങ്ങളിലെ മണ്ണ് ജംബുരസത്തിൽ കുതിർന്ന് സൂര്യരശ്മിയാൽ ഉണങ്ങിക്കഴിയുമ്പോൾ ജംബുനട എന്ന സ്വർണ്ണം രൂപപ്പെടുന്നു. സ്വർഗ്ഗവാസികൾ ഇതിനെ തങ്ങളുടെ വിവിധ ആഭരങ്ങൾക്കായി ഉപോയോഗിക്കുന്നു. അവർ സർവ്വാഭരണവിഭൂഷിതരായി സന്തോഷത്തോടെ സ്വർഗ്ഗത്തിൽ വസിക്കുന്നു.

അവിടെ സുപാർശ്വപർവ്വതത്തിന്റെ ഒരുവശത്ത് പ്രസിദ്ധമായ മഹാകദംബം എന്നൊരു വൃക്ഷമുണ്ടു. ഇതിന്റെ ഉള്ളിലൂടെ അഞ്ചു തേൻ‌നദികളൊഴികിക്കൊണ്ടിരിക്കുന്നു. ഈ നദികളുടെ പരിമണത്താൽ ഇളാവൃതവർഷം വ്യാപൃതമാകപ്പെട്ടിരിക്കുന്നു. ആ മധു നുകരുന്നവരുടെ മുഖത്തുനിന്നും തേൻ‌മണം കാറ്റിലൂടെ നൂറ് യോജനയോളം ദൂരം അന്തരീക്ഷത്തിലാകെ ഒഴുകിവരുന്നു.

ഇനി കുമുദപർവ്വതത്തിനെ വിശേഷം പറയാം. അവിടെ ഒരു ആൽ‌വൃക്ഷം നിൽക്കുന്നുണ്ടു. നൂറ് ശിഖരങ്ങളുള്ളതിനാൽ ഈ ആലിനെ ശതവൽശം എന്നു വിളിക്കുന്നു. ആ ശിഖരങ്ങളിൽനിന്നും ധാരാളം വേരുകളുണ്ടായി അതിലൂടെ ധാരാളം നദികളൊഴുകിക്കൊണ്ടിരിക്കുന്നു. കുമുദപർവ്വതത്തിനുമുകളിൽനിന്നും ഈ നദികൾ ഇളാവൃതത്തിന്റെ വടക്കേദിശയിലേക്കൊഴുകി അവിടം ആവാസയോഗ്യമക്കിമാറ്റുന്നു. അവിടെ താമസിക്കുന്നവർക്കെല്ലാം ഈ നദികൾ ആഹാരങ്ങളടക്കം സർവ്വവും പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ തങ്ങൾക്കുവേണ്ടതെല്ലം ആസ്വദിച്ചുകൊണ്ട് അവർ അവിടെ സന്തുഷ്ടരായി വസിക്കുന്നു. ജരാനരകൾ അവരെ ബാധിക്കുന്നില്ല. അവർ തളരുകയോ വിയർക്കുകയോ ചെയ്യുന്നില്ല. അവരെ വ്യാധികളോ അകാലമരണമോ അസഹനീയമായ ചൂടോ തണുപ്പോ ഒന്നുംതന്നെ ബാധിക്കുന്നില്ല. മരണം വരെ അവർ അവിടെ ദുഃഖമില്ലാതെ വസിക്കുന്നു.

ഹേ പരീക്ഷിത്ത് രാജൻ!, അതുപോലെതന്നെ, മേരുപർവ്വതത്തിനലങ്കാരമായി അതിനുചുറ്റും മറ്റുപർവ്വതങ്ങളും തലയുയർത്തിനിൽക്കുന്നതായിക്കാണാം. അവയെ യഥാക്രമം കുരംഗം, കുരരം, കുസുംഭം, വൈകങ്കം, ത്രികൂടം, ശിശിരം, പതങ്കം, രുചകം, നിഷധം സിനീവാസം, കപിലം, ശംഖം, വൈഡൂര്യം, ഝാരുധി, ഹംസം, ഋഷഭം, നാഗം, കാലഞ്ജരം, നാരദം എന്നിങ്ങനെ വിളിക്കുന്നു.

സുമേരുപർവ്വതത്തിനു കിഴക്കേദിക്കിൽ, ജഠരം, ദേവകൂടം എന്നീ രണ്ടു പർവ്വതങ്ങൾ തെക്കുവടക്കായി പതിനെണ്ണായിരം യോജനയോളം വ്യാപിച്ചുനിൽക്കുന്നു. അതുപോലെതന്നെ, സുമേരുവിന്റെ പടിഞ്ഞാറ് പവനം, പാരിയാത്രം എന്നിങ്ങനെ രണ്ടു പർവ്വതങ്ങൾ തെക്കുവടക്കായി അത്രത്തോളം യോജനതന്നെ വിസ്താരത്തിൽ വ്യാപിച്ചുനിൽക്കുന്നു. ഹേ രാജൻ!, സുമേരുവിന്റെ തെക്കുവശത്തായി കൈലാസവും കരവീരവും, അതുപോലെ, വടക്കുവശത്തായി ത്രിശൃംഗവും മകരവും പതിനെണ്ണായിരം യോജന വിസ്താരത്തിൽ കിഴക്കുപടിഞ്ഞാറായി തലയുയർത്തിനിൽക്കുന്നു. ഇവയുടെ ഉയരുവും വീതിയും രണ്ടായിരം യോജനയാണെന്നറിയുക. അഗ്നിയെപ്പോലെ ജ്വലിച്ചുനിൽക്കുന്ന സ്വർണ്ണമയമായ സുമേരുപർവ്വതം മേൽ‌പ്പറഞ്ഞ എട്ടു പർവ്വതങ്ങളാൽ ചുറ്റപ്പെട്ട് പ്രശോഭിതമായിരിക്കുന്നു.

സുമേരുപർവ്വതത്തിന്റെ മധ്യസ്ഥാനത്തായാണു ബ്രഹ്മദേവന്റെ ലോകം. ആ ദേശം പത്തു ദശലക്ഷം യോജന വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്നു. തീർത്തും സ്വർണ്ണനിർമ്മിതമായ ഈ നഗരത്തെ പണ്ഡിതർ ശാതകൌംഭി എന്ന് വിളിക്കുന്നു. ബ്രഹ്മപുരിയ്ക്കുചുറ്റുമായി ഇന്ദ്രാദികളുടെ നഗരമാണു. എന്നാൽ തത്തുല്യസൌന്ദര്യമാർന്ന അവരുടെ പത്തനങ്ങൾക്ക് ബ്രഹ്മലോകത്തിന്റെ നാലിലൊന്ന് വിസ്തീർണ്ണമേയുള്ളുവെന്നുമാത്രം.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പതിനാറാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next





Description of Jambu Island

2019, ജൂൺ 9, ഞായറാഴ്‌ച

5.15 പ്രിയവ്രതവംശപരമ്പര


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 15
(പ്രിയവ്രതവംശപരമ്പര)

ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് മഹാരാജൻ!, ഭരതമഹാരാജാവിന്റെ പുത്രനായ സുമതി ഭഗവദവതാരമായ ഋഷഭദേവന്റെ ശിഷ്യനായിരുന്നു. എന്നാൽ കലിയുഗത്തിൽ സ്വാർത്ഥമതികളായ ചില പാഷണ്ഡികൾ അദ്ദേഹത്തെ അനാര്യന്മാരായ ദേവതകളിലൊന്നായി കണക്കാക്കുന്നു. സുമതിക്ക് തന്റെ പത്നിയായ വൃദ്ധസേനയിൽ ദേവതാജിത്ത് എന്ന ഒരു പുത്രനുണ്ടായി. ദേവജിത്തിന് തന്റെ ഭാര്യ ആസുരിയിൽ ദേവദ്യുംനൻ എന്ന നാമധേയത്തിൽ ഒരു പുത്രൻ ജനിച്ചു. ദേവദ്യുംനന് തന്റെ പത്നി ധേനുമതിയിൽ പരമേഷ്ഠി എന്ന ഒരു പുത്രനുണ്ടായി. പത്നി സുവർച്ചലയിൽ പരമേഷ്ഠിക്കുണ്ടായ പുത്രനായിരുന്നു പ്രതീഹൻ. പ്രതീഹരാജാവ് ആത്മസാക്ഷാത്കാരസാധനയെ പ്രചരിപ്പിക്കുന്നതിൽ തല്പരനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഹരിയുടെ പരമഭക്തനും ജീവന്മുക്തനുമായിരുന്നു. പ്രതീഹന് മൂന്നു പുത്രന്മാരായിരുന്നു. അവർ യഥാക്രമം പ്രതിഹർത്താവ്, പ്രസ്തോതാവ്, ഉദ്ഗാതാവ് എന്നറിയപ്പെട്ടു. അവർ ധാരാളം വേദയജ്ഞങ്ങളെ ആചരിക്കുകയുണ്ടായി. പ്രതിഹർത്താവിന് തന്റെ ഭാര്യ സൂതിയിൽ അജൻ, ഭൂമാൻ എന്നീ രണ്ടു പുത്രന്മാർ ജനിച്ചു. ഋഷികുല്യയുടെ ഗർഭത്തിൽ ഭൂമാന് ഉദ്ഗീതൻ എന്നൊരു പുത്രനുണ്ടായി. ഉദ്ഗീതന് തന്റെ പത്നി ദേവകുല്യയിൽ പ്രസ്താവൻ എന്ന പുത്രൻ ജനിച്ചു. തന്റെ ഭാര്യയായ നിയുസ്തയിൽ പ്രസ്താവൻ വിഭു എന്ന ഒരു പുത്രന് ജന്മം നൽകി. വിഭുവിന് മകനായി അദ്ദേഹത്തിന്റെ ഭാര്യയിൽ പൃതുസേനൻ ജനിച്ചു. പൃതുസേനന് ആകൂതി എന്ന തന്റെ പത്നിയിൽ നക്തൻ എന്ന പുത്രൻ ജനിക്കുകയുണ്ടായി. നക്തന്റെ പത്നിയായിരുന്നു ദ്രുതി. അവളിൽനിന്നും മഹാനായ ഗയരാജൻ ജനിച്ചു. ഗയൻ അതിപ്രശസ്തനായ ഒരു രാജർഷിയായിരുന്നു. ഭഗവദ്കലകളുടെ വിശുദ്ധസത്വഗുണത്തിൽ അധിഷ്ഠിതനായ ഭൂപതിയായിരുന്നു ഗയമഹാരാജാവ്. തികച്ചും ഭഗവദവതാരവും ആത്മജ്ഞാനിയുമായിരുന്ന ഗയമഹാരാജാവ് മഹാപുരുഷൻ എന്ന നാമധേയത്തിൽ അറിയപ്പെട്ടു.

ഗയൻ പ്രജാപരിപാലനത്തിൽ അഗ്രഗണ്യനായിരുന്നു. അദ്ദേഹം തന്റെ പ്രജകളുടെ പോഷണാദി സകലക്ഷേമങ്ങളും സദാ ഉറപ്പുവരുത്തിക്കൊണ്ടിരുന്നു. അവർക്ക് ഇടയ്ക്കിടെ പലതരം ഉപഹാരങ്ങളും അദ്ദേഹം നൽകിയിരുന്നു. ഗയൻ മഹാസഭകൾ വിളിക്കുകയും തന്റെ പ്രജകളെ ഉപദേശിക്കുകയും അവരോട് നേരിട്ട് സംവാദത്തിലേർപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹം നല്ല ഒരു ഗൃഹസ്ഥാശ്രമി കൂടിയായിരുന്നു. എല്ലാറ്റിനുമുപരി ഗയരാജാവ് തികഞ്ഞ ഹരിഭക്തനായിരുന്നു. ഇങ്ങനെ സർവ്വഗുണസമ്പന്നനായ അദ്ദേഹത്തെ ലോകം മഹാപുരുഷനെന്ന് സംബോധന ചെയ്തു. അദ്ദേഹം എപ്പോഴും മറ്റ് ഭക്തന്മാർക്കൊപ്പം ഭഗവദാരാധനയിൽ മുഴുകി ജീവിച്ചു. ശരീരം താനാണെന്ന മിഥ്യാബോധത്തിൽനിന്നും മുക്തനായി സദാ ബ്രഹ്മത്തിൽ മുഴുകി അദ്ദേഹം ആത്മാനന്ദം അനുഭവിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം ഒരിക്കലും ഭൌതികസുഖദുഃഖങ്ങളിൽ ഭ്രമിച്ചിരുന്നില്ല. സർവ്വോത്തമനായ ഗയരാജന് തന്റെ സത്ഗുണങ്ങളിൽ അഹങ്കാരമോ അഥവാ രാജ്യഭരണത്തിൽ അത്യാർത്തിയോ ഉണ്ടായിരുന്നില്ല.

ഹേ പരീക്ഷിത്ത് രാജൻ!, ഗയൻ യജ്ഞശീലനായ മഹാത്മാവും സർവ്വവേദപണ്ഡിതനുമായിരുന്നു. ധർമ്മപാലനതല്പരനും സർവൈശ്വര്യങ്ങൾ നിറഞ്ഞ കുലീനനും ഭഗവദ്ഭക്തോത്തമനുമായിരുന്നു ഗയരാജൻ. ഗയരാജാവ് ഭഗവദവതാരം തന്നെയെന്ന് മനസ്സിലാക്കൊക്കൊള്ളുക. അതുകൊണ്ട് അദ്ദേഹത്തിന് തുല്യൻ അദ്ദേഹം മാത്രം. സാധ്വീമണികളായ ദക്ഷകന്യകമാർ അദ്ദേഹത്തെ പുണ്യതീർത്ഥങ്ങൾകൊണ്ട് ദിനവും അഭിഷേകം ചെയ്യുമായിരുന്നു. ഭൂമി ഗോരൂപത്തിൽ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷയായി, തന്റെ കുട്ടിക്കിടാവിനെ കണ്ട സന്തോഷത്തിലെന്നപോലെ, ഗയമഹാരാജാവിന്റെ മഹത്വത്തെ കണ്ട് തന്റെ ദുഗ്ദ്ധം ചുരക്കുകയുണ്ടായി. അതിലൂടെ നിസ്വാർത്ഥനായ അദ്ദേഹം തന്റെ പ്രജകളെ അത്യധികം സന്തോഷിപ്പിച്ചു. സത്യത്തിൽ ആഗ്രഹിക്കാതെതന്നെ സകലൈശ്വര്യങ്ങളും ഗയനുചുറ്റും വലംവച്ചു. പ്രതിയോഗികളുടെ മനസ്സിനെപ്പോലും ഗയൻ തന്റെ കർമ്മങ്ങളിലൂടെ കവർന്നെടുത്തു. അദ്ദേഹത്തിന്റെ മഹത്വത്തിൽ സന്തുഷ്ടരായ ബ്രാഹ്മണർ തങ്ങളുടെ പുണ്യാംശത്തെ ഗയന്റെ ഊർദ്ദ്വഗതിക്കായി സമ്മാനിച്ചു. ഗയന്റെ യജ്ഞത്തിൽ സോമരസം സുലഭമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ദ്രന്റെ സാന്നിധ്യം അവിടെ പതിവായിരുന്നു. യജ്ഞപുരുഷനായ ഭഗവാൻ ഹരി സ്വയം അവിടെ പ്രത്യക്ഷനാകുകയും ഗയനുവേണ്ട വരങ്ങൾ പ്രദാനം ചെയ്തനുഗ്രഹിക്കുകയും ചെയ്തിരുന്നു. ഹേ മഹാരാജൻ!, എവിടെയും ഭഗവദനുഗ്രഹമുണ്ടായാൽ നരദേവതിര്യകാദി സകല ജീവജാലങ്ങളുടെ അനുഗ്രഹവും അതിനെ പിന്തുടരുന്നു. സർവ്വാനന്ദമയനായ ഭഗവാൻ ഹരി സകല ഹൃദയങ്ങളിലും പരമാത്മരൂപത്തിൽ കുടികൊള്ളുന്നവനാണു. എങ്കിലും ആ കാരുണ്യമൂർത്തി സ്വയം ഗയന്റെ യജ്ഞശാലയിലെത്തി തന്റെ അനുഗ്രഹം ചൊരിയുക പതിവായിരുന്നു.

തന്റെ പത്നിയായ ഗായന്തിയിൽ ഗയന് ചിത്രരഥൻ, സുഗതി, അവരോധനൻ എന്നിങ്ങനെ മൂന്ന് പുത്രന്മാർ ജനിച്ചു. ഊർണ്ണ എന്ന തന്റെ പത്നിയിൽ ചിത്രരഥനും സാമ്രാട്ട് എന്ന ഒരു പുത്രൻ ജനിച്ചു. സാമ്രാട്ടിന്റെ ഭാര്യയായിരുന്നു ഉത്കല. അവളിൽ സാമ്രാട്ടിന് മരീചി എന്ന ഒരു പുത്രൻ ജനിച്ചു. ബിന്ദുമതി എന്ന തന്റെ ഭാര്യയിൽ മരീചിക്ക് ബിന്ദു എന്ന ഒരു മകനുണ്ടായി. പത്നിയായ സരഘയിൽ ബിന്ദുവാകട്ടെ മധു എന്ന പുത്രന് ജന്മം കൊടുത്തു. സുമന എന്ന തന്റെ പത്നിയിൽ മധുവിന് അനന്തരം വീരവ്രതൻ എന്ന ഒരു പുത്രനെ ലഭിച്ചു. വീരവ്രതന്റെ പത്നി ഭോജയിൽ അദ്ദേഹത്തിന് മന്തു, പ്രമന്തു എന്നിങ്ങനെ രണ്ടു പുത്രന്മാരുണ്ടായി. മന്തു തന്റെ പത്നിയായ സത്യയിൽ ഭൌവാന എന്ന പുത്രനു ജന്മം കൊടുത്തു. അടുത്ത തലമുറയിൽ ഭൌവാന തന്റെ പത്നിയായ ദൂഷണയിൽ ത്വഷ്ഠാവ് എന്ന പുത്രനെ ജനിപ്പിച്ചു. വിരോചന എന്ന തന്റെ ഭാര്യയിൽ ത്വഷ്ഠാവിന് വിരജൻ എന്നൊരു പുത്രനുണ്ടായി. വിരജന്റെ പത്നി വിശൂചിയിൽ അദ്ദേഹത്തിന് നൂറ് പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. അവരിൽ ശതജിത്ത് എന്ന പുത്രനായിരുന്നു പ്രമുഖൻ. ഭഗവാൻ ഹരി സകലദേവന്മാരേയും പ്രകാശിപ്പിക്കുകയും അനുഗ്രഹിക്കുക്കയും ചെയ്യുന്നതുപോലെ, തന്റെ സത്ഗുണങ്ങളെക്കൊണ്ടും പ്രശസ്തികൊണ്ടും വിരജൻ പ്രിയവ്രതമഹാരാജാവിന്റെ വംശത്തിലെ ചൂഡാമണിയായി അറിയപ്പെടുന്നു.


ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പതിനഞ്ചാദ്ധ്യായം സമാപിച്ചു.
ഓം തത് സത്.






Descendants of King Priyavrata

5.14 സംസാരമഹാവനം


ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 14
(സംസാരമഹാവനം)

ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് മഹാരാജൻ!, വ്യാപാരിയായ ഒരാൾ എപ്പോഴും പണത്തെക്കുറിച്ചുമാത്രമാണ് ചിന്തിക്കുന്നതു. അവൻ ചിലപ്പോൾ കാട്ടിൽനിന്നും ദ്രവ്യങ്ങൾ കൊണ്ടുവന്ന് നഗരത്തിൽ വിലകൂട്ടി വിൽക്കുന്നു. അതുപോലെ, മനുഷ്യരൂപികളായ ജീവാത്മാക്കൾ സംസാരമാകുന്ന ഈ കൊടും വനത്തിൽ വിഷയഭോഗികളായി എത്തപ്പെടുന്നു. തിരികെ മടങ്ങേണമെന്ന ബോധം പോലുമില്ലാതെ അവർ ആ കാടിന്റെ അന്തർഭാഗത്തേക്ക് നടന്നുകയറുന്നു. അങ്ങനെ ജീവൻ മായയുടെ പിടിയിലകപ്പെടുന്നു. അവിടെ അവർക്ക് സത്സംഗത്തെ നഷ്ടമാകുന്നു. മായയുടേയും ത്രിഗുണങ്ങളുടേയും അധീനതയിലകപ്പെടുന്ന ഈ ജീവാത്മാക്കൾ തങ്ങളുടെ സ്വരൂപത്തെ മറന്ന്, തങ്ങൾ ഈ ശരീരമാണെന്ന മിഥ്യാബോധത്തിൽ അധിഷ്ഠിതനാകുന്നതോടെ, നരദേവതിര്യക്യോനികളിൽ ജന്മങ്ങളെടുക്കുകയും അവയിലൂടെ സുഖദുഃഖങ്ങളനുഭവിക്കുകയും ചെയ്യുന്നു. മനസ്സാണ് ഇങ്ങനെ ജീവന്മാർക്ക് വിവിധ ശരീരങ്ങളെ നേടിക്കൊടുക്കുന്നതു. മനസ്സും ഇന്ദ്രിയങ്ങളും വഴി ജീവന്മാർ വിവിധ ആഗ്രഹങ്ങൾക്ക് വിധേയരാകുന്നു. ആ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനുതകുംവിധമുള്ള വിവിധ ശരീരങ്ങളെ പിന്നീട് പലേ ജന്മങ്ങളിലായി അവർക്ക് സ്വീകരിക്കേണ്ടിവരുന്നു. സുഖം മാത്രം അന്വേഷിച്ചലയുന്ന ജീവന്മാർക്ക് അതിനോടൊപ്പം ദുഃഖങ്ങളും അനുഭവിക്കേണ്ടിവരുന്നു. ഇതിനിടയിൽ അവർക്ക് നഷ്ടമാകുന്നത് സത്തുക്കളുടെ സംഗമാണെന്ന് പ്രത്യേകം മനസ്സിലാക്കുക.

സംസാരമാകുന്ന ഈ മഹാവനത്തിൽ സംയമിപ്പിക്കപ്പെടാത്ത മനസ്സും ഇന്ദ്രിയങ്ങളും അപഹാരികളെപ്പോലെ പ്രവർത്തിക്കുന്നു. മോക്ഷത്തിനുതകുന്ന ദൈവീകസമ്പത്തുകളെ അപഹരിച്ചുകൊണ്ട് അവർ പകരം നാശത്തിലേക്കു നയിക്കുന്ന ആസുരീസമ്പത്തുകൾ പ്രദാനം ചെയ്യുന്നു. വിഷയങ്ങളിൽ ആസക്തരായി അവർ ജന്മം വൃഥാവിലാക്കുന്നു. തങ്ങളുടെ സകലതും വിഷയാനുഭവത്തിനുമുന്നിൽ അടിയറവു വയ്ക്കുകയും മോക്ഷത്തെ അപ്രായോഗികമാക്കുകയും ചെയ്യുന്നു. ഇവിടെ കുടുംബാംഗങ്ങൾ വന്യമൃഗങ്ങളെപ്പോലെ പെരുമാറുന്നു. ആട്ടിടയൻ തന്റെ ആട്ടിൻ കൂട്ടങ്ങളെ എത്രകണ്ട് സംരക്ഷിച്ചാലും ചിലപ്പോൾ വ്യാഘ്രാദിവന്യമൃഗങ്ങൾ അവയെ വേട്ടയാടിക്കൊണ്ടുപോകുന്നതുപോലെ, ജീവൻ എത്രകണ്ട് ശ്രമിച്ചാലും കുടുംബാംഗങ്ങൾ അവന്റെ ആത്മസാധനയെ അപഹരിക്കുകതന്നെ ചെയ്യുന്നു. കൃഷിക്കാരൻ തന്റെ പാടത്തുനിന്നും പാഴ്ച്ചെടികൾ എത്രകണ്ട് കിളച്ചുമറിച്ചുനശിപ്പിച്ചാലും, ഒടുവിൽ വിത്തു പാകുമ്പോൾ അവ ഇടതൂർന്ന് വളർന്നുവരുന്നതുപോലെ, സകാമകർമ്മങ്ങളുടെ വിളനിലമായ ഗൃഹസ്ഥാശ്രമജീവിതം പൂർണ്ണമായും ത്യജിക്കുന്നതുവരെ അതിലുള്ള ആസക്തി ജീവനെ തളച്ചുകൊണ്ടേയിരിക്കുന്നു. ജീവിതത്തിൽ എത്രകണ്ട് പ്രശ്നങ്ങളുണ്ടായാലും അതിനെയെല്ലാം അതീജീവിക്കുവാൻ ശ്രമിച്ചുകൊണ്ട് ജീവൻ വിഷയഭോഗത്തിനായി അലഞ്ഞുകൊണ്ടേയിരിക്കുന്നു. അജ്ഞാനത്താൽ അവൻ കർമ്മത്തിൽ അത്യന്തം ആസക്തനായി മാറുന്നു. മിഥ്യയായ ഈ ഭൌതികലോകത്തെ അവൻ സത്യമായി തെറ്റിദ്ധരിക്കുന്നു. ഗന്ധർവ്വനഗരമായ ഈ ലോകത്ത് ലഭ്യമാകുന്ന അല്പസുഖത്തെ അനുഭവിക്കുകയും, മാൻ മരീചികയെ കണ്ട് പാഞ്ഞോടുന്നതുപോലെ, ജീവൻ ഇന്ദ്രിയസുഖത്തിനുവേണ്ടി ഈ മായാഭ്രമത്തിനു പിറകേ കൂടുകയും ചെയ്യുന്നു.

ചിലർ മഞ്ഞലോഹമായ സ്വർണ്ണത്തിൽ ഭ്രമിക്കുന്നു. കലിയുടെ ഇരിപ്പിടമായ ഈ ലോഹത്തിലുള്ള ഭ്രമം അവരെ സർവ്വനാശത്തിൽ കൊണ്ടെത്തിക്കുന്നു. ചിലർ ശരീരത്തെ നിലനിർത്തുന്നതിനും പോഷിപ്പിക്കുന്നതുമായി സകലസുഖസൌകര്യങ്ങളുമുള്ള പാർപ്പിടം നോക്കി അലഞ്ഞുതിരിയുന്നു. ചിലർ സ്ത്രീകളിൽ ആസക്തരാകുന്നു. അവരുടെ സംഗത്തിൽ ചേർന്ന് അവർ രജോഗുണികളായി നശിക്കുന്നു. രജോഗുണം ബാധിച്ച അവർ അധർമ്മികളായി സകല അതിർവരമ്പുകളും ഭേദിച്ച് കാമാതുരരായിമാറുന്നു. മാത്രമല്ലാ, കാലം കാത്തുസൂക്ഷിക്കുന്ന കണക്കുകളെക്കുറിച്ച് അവർ ആ സമയം ഒട്ടുംതന്നെ ചിന്തിക്കുന്നതുമില്ല.

ചിലരാകട്ടെ, ചിലനേരം ഭൌതികതയുടെ വ്യർത്ഥതയെ മനസ്സിലാക്കുകയും അതിലൂടെയുണ്ടാകുന്ന ദുരിതത്തെ മുൻകൂട്ടിക്കാണുകയും ചെയ്യുന്നു. എന്നാൽ, അജ്ഞാനികളായ ഇവരുടെ ബോധം നഷ്ടപ്പെട്ട് വീണ്ടും, മൃഗങ്ങൾ കാനൽ ജലം നോക്കി പായുന്നതുപോലെ, വിഷയങ്ങളിൽ ആകൃഷ്ടരാകുന്നു. ചില സമയങ്ങളിൽ സമൂഹത്തിൽ തങ്ങൾക്ക് നേരിടേണ്ടിവരുന്ന ആക്രോശങ്ങളുടേയും അപഹാസ്യങ്ങളുടേയും കൂക്കിവിളികൾ ഈ സംസാരവനത്തിലെ ചീവീടുകളുടെ അരോചകശബ്ദങ്ങളോടുപമിക്കേണ്ടിയിരിക്കുന്നു. മുജ്ജന്മങ്ങളിലെ സത്വൃത്തികൾ വർത്തമാനജന്മത്തിൽ സുഖങ്ങളെ പ്രദാനം ചെയ്യുന്നു. എന്നാൽ, പുണ്യം ക്ഷയിക്കുമ്പോൾ, ജീവൻ വീണ്ടും അവയെ കൊതിക്കുന്നു. സാധ്യമാകാതെവരുമ്പോൾ ദ്രവ്യസ്ഥരായ ജനങ്ങൾക്കുമുന്നിൽ കൈ നീട്ടേണ്ടിവരുന്നു. അങ്ങനെയുള്ള ദ്രവ്യസ്ഥരെ സംസാരമാകുന്ന കൊടുംവനത്തിലെ പാഴ്വൃക്ഷങ്ങളായി കണക്കാക്കുക. ഇത്തരം സാഹചര്യങ്ങളിൽ ജീവന്മാർ രക്ഷയ്ക്കായി കപടവേഷധാരികളായ ഈശ്വരദ്വേഷികളുടെ സംഗത്തിൽ ചേരുന്നു. ഹേ രാജൻ!, വരെയാണ് ഭവാരണ്യത്തിൽ ആഴമില്ലാത്ത തടാകങ്ങളെന്ന് വിശേഷിപ്പിച്ചിരിക്കുന്നതു. ഇതിലൂടെ ഉള്ള ജ്ഞാനംകൂടി നഷ്ടപ്പെട്ട് വരും ജന്മങ്ങളിൽ പോലും രക്ഷയില്ലാത്ത അവസ്ഥ ആഗതമാകുന്നു.

മറ്റുള്ളവരെ പറ്റിച്ചും കബളിപ്പിച്ചും രക്ഷയില്ലാതാകുമ്പോൾ അവർ സ്വന്തം മാതാപിതാക്കൾക്കും ബന്ധുജനങ്ങൾക്കും നേരേ തിരിയുന്നു. അവരിലെ ധനം അപഹരിക്കുവാനായി അവനവരെ യഥാശക്തി ദ്രോഹിക്കുകയും ചെയ്യുന്നു. ഗൃഹസ്ഥാശ്രമജീവിതം കാട്ടുതീപോലെ സംസാരവനത്തിൽ ആളിപ്പടരുന്നു. നിത്യമായ സുഖം ഒരിക്കലും അവിടെനിന്ന് ജീവന് ലഭിക്കുന്നില്ല. ആ അഗ്നിയുടെ ചൂടിൽ ഹൃദയമുരുകി ജീവന്മാർ വിലപിക്കുന്നു. അവർ തങ്ങളുടെ കർമ്മഫലത്തേയും വിധിയേയും പഴിക്കുന്നു.

ചിലപ്പോൾ ഭരണാധികാരികൾ രാക്ഷസ്സന്മാരെപ്പോലെ വന്ന് അവരുടെ സർവ്വസമ്പത്തും അപഹരിച്ചെടുക്കുന്നു. അതിലൂടെ സന്തോഷവും ജീവിതവുംതന്നെ അവർക്ക് നഷ്ടമാകുന്നു. തനിക്ക് പിറന്നിരിക്കുന്ന മക്കളും ചെറുമക്കളുമൊക്കെ തന്റെ പൂർവ്വപിതാക്കന്മാരാണെന്നുകരുതിയും ചിലർ സ്വപ്നതുല്യമായ സന്തോഷത്തെ വരവേൽക്കാറുണ്ടു. അങ്ങനെയും ചിലർ ഈ ഭൌതികലോകത്ത് സുഖം കണ്ടെത്തുന്നു. ഗൃഹസ്ഥാശ്രമികൾക്ക് സമൂഹത്തിൽ ഒഴിച്ചുകൂടാൻ വയ്യാത്തതായ ചില കർമ്മങ്ങളും ഉത്തരവാദിത്വങ്ങളുമുണ്ടു. അവയെ നിറവേറ്റുന്നതിനായി ധാരാളം ധനവ്യയവും ആവശ്യമായിവരുന്നു. അത് കല്ലുകളും മുള്ളുകളും നിറഞ്ഞ മല കയറുന്നതുപോലെ അത്യന്തം ദുഃഷ്കരമായ കാര്യമാണു. ഇങ്ങനെ കയറ്റത്തിനിറക്കം എന്നതുപോലെ, സുഖദുഃഖങ്ങൾ വിഷയികൾക്ക് വന്നും പോയുമിരിക്കുന്നു. ചിലനേരം മനുഷ്യർ വിശപ്പിനും ദാഹത്തിനും വല്ലാതെ അടിപ്പെടുന്നു. വിറയ്ക്കുന്ന ശരീരത്തോടുകൂടി അവർ കുടുംബാംഗങ്ങളോട് ക്രൂരമായി സംസാരിക്കുകയും അവർക്ക് ഹൃദയവേദന സമ്മാനിക്കുകയും ചെയ്യുന്നു.

ഹേ രാജൻ!, നിദ്ര മലമ്പാമ്പിനെപ്പോലെയാകുന്നു. സംസാരമാകുന്ന വനത്തിൽ അലഞ്ഞുതിരിയുന്നവരെ അത് നിഷ്കരുണം ദംശിക്കുന്നു. അവയുടെ ദംശനത്തിലൂടെ ബോധം നഷ്ടപ്പെട്ട് മനുഷ്യൻ ഘോരമായ അന്തകാരത്തിലേക്കെടുത്തെറിയപ്പെടുന്നു. ജീവശ്ചവങ്ങൾപോലെ അവിടെക്കിടന്നുകൊണ്ട് അവർ കാലം കഴിച്ചുകൂട്ടുന്നു. ജീവിതത്തിൽ ഏറ്റുമുട്ടേണ്ടിവരുന്ന ശത്രുക്കളെ വിഷസർപ്പങ്ങളെപ്പോലെയും മറ്റു ക്രൂരമൃഗങ്ങളെപ്പോലും കാണുക. അവരോടടരാടി തളർന്നുവീഴുന്ന അവർക്ക് സമൂഹത്തിൽ പലവിധം അപമാനങ്ങൾ സഹിക്കേണ്ടിവരുന്നു. മാനസീകമായി തളർന്നുപോകുന്ന അവർക്ക് പതുക്കെപ്പതുക്കെ ബുദ്ധിയും ബോധവും നഷ്ടമാകുന്നു. അവർ അന്ധരെപ്പോലെ അജ്ഞാനമാകുന്ന ഘോരാന്ധകാരം നിറഞ്ഞ പൊട്ടക്കിണറ്റിലേക്ക് വീണുപോകുന്നു.

എന്നാൽ ചിലസമയങ്ങളിൽ അവർ ഇന്ദ്രിയങ്ങളാൽ സുഖിക്കുകയും ചെയ്യുന്നു. ആ ഉന്മേഷത്തിൽ സകലതും മറന്ന് അവർ അധാർമ്മിക വൃത്തികളിലേർപ്പെടുന്നു. പരിണിതഫലമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഇടയ്ക്കിടെ വീണുകിട്ടുന്ന അല്പസുഖങ്ങൾ പിന്നീടവർക്ക് താങ്ങാനാകാത്ത ദുഃഖത്തെ പ്രദാനം ചെയ്യുന്നു. അതുകൊണ്ട്, ജന്മാന്തരങ്ങൾകൊണ്ടും തീരാത്ത ദുഃഖത്തിന്റെ ഉറവിടമായ വിഷയങ്ങളിൽനിന്നും ജ്ഞാനികൾ അകന്നുകഴിയുന്നു.

ഒരുവൻ മറ്റൊരുവനെ പറ്റിച്ച് പണമുണ്ടാക്കി കുറേനാൾ അതനുഭവിക്കുന്നു. എന്നാൽ ഒരിക്കൽ ദേവദത്തൻ എന്ന മറ്റൊരാൾ വന്ന് ആ ധനം കവർന്നെടുക്കുന്നു. യഥാക്രമം വിഷ്ണുമിത്രൻ എന്ന വേറൊരാൾ വന്ന് ദേവദത്തെനെ കൊള്ളയടിക്കുന്നു. ഹേ രാജൻ!, സമ്പത്ത് ഒരിക്കലും ഒരിടത്തുതന്നെ നിലനിൽക്കുകയില്ല. അത് കറങ്ങിക്കൊണ്ടേയിരിക്കുന്നു. ആത്യന്തികമായി ആർക്കും അതിനെ അനുഭവിക്കുവാൻ സാധ്യമല്ല. കാരണം സകലൈശ്വര്യങ്ങളുടേയും ഏകാധിപതി ഭഗവാൻ നാരായണൻ മാത്രമാണു. വിഷയിയായ മനുഷ്യൻ ആദിദൈവീകവും ആദിഭൌതികവും അദ്ധ്യാത്മികവുമായ താപത്രയങ്ങളിൽ തളർന്ന് സദാ വിലപിച്ചുകൊണ്ടേയിരിക്കുന്നു. ധനവ്യയം ശത്രുതയ്ക്ക് കാരണമാകുന്നു. ഹേ രാജൻ! ഭൌതികജീവിതത്തിലെ വഴിത്താരകൾ അതിദുർഘടമായതും തരണം ചെയ്യുവാൻ പ്രയാസമേറിയതുമാണു. ആസക്തി, ദ്വേഷം, ഭയം, അഹങ്കാരം, മായ, ഭ്രമം, പരിദേവനം, മോഹം, ആർത്തി, വൈരം, അസൂയ, അപമാനം, വിശപ്പ്, ദാഹം, ദുരിതം, വ്യാധി, ജനനം, ജര, മരണം എന്നിവയെല്ലാം മേൽപ്പറഞ്ഞ അല്പസുഖത്തിന്റെ അനന്തരഫലമായി ഉണ്ടാകുന്ന ദുഃഖങ്ങളാണെന്നറിയുക. ഇവയെല്ലാം ചേർന്ന് വിഷയാസക്തനായ ജീവനെ ദുഃഖക്കയത്തിലേക്ക് തള്ളിവീഴ്ത്തുന്നു. ചിലനേരം അവൻ സ്ത്രീകളുടെ സംഗം ആഗ്രഹിക്കുന്നു. വശ്യമായ അവരുടെ ചേഷ്ടകൾക്കുമുന്നിൽ അവൻ മതിമറന്നുപോകുന്നു. അവരുടെ ആശ്ലേഷണങ്ങൾക്കുവേണ്ടി അവൻ അഹോരാത്രം കഷ്ടപ്പെടുന്നു. ഭഗവദ്സ്മരണയില്ലാതെ ആവിധം തന്റെ ജീവിതം തുലയ്ക്കുന്നു.

ഹേ രാജൻ!, ഭഗവാൻ ഹരിയുടെ ആയുധങ്ങളിലൊന്നാണു സുദർശനചക്രം. അതിനെ കാലമായി അറിയുക. കാലത്തിനധീതമായി ഇവിടെ യാതൊന്നും തന്നെയില്ല. ബ്രഹ്മാവ് മുതൽ പുൽത്തകിട് വരെയുള്ള ജന്മങ്ങൾക്ക് ചുറ്റും ആ ചക്രം സദാ കറങ്ങിക്കൊണ്ടേയിരിക്കുന്നു. തല്ഫലമായി മനുഷ്യൻ കൌമാരത്തിൽനിന്നും യൌവ്വനത്തിലേക്കും അവിടെനിന്ന് വാർദ്ധക്യത്തിലേക്കും മാറിക്കൊണ്ടിരിക്കുന്നു. അത്യന്തം കൃത്യതപുലർത്തുന്ന ഈ ചക്രത്തെ തടയുവാൻ ആരാലും സാധ്യമല്ല. മാറ്റത്തിലൂടെ മരണം സമ്മാനിക്കുന്ന ഈ ചക്രത്തെ ഭയന്ന് മനുഷ്യൻ ചിലനേരം അനിത്യങ്ങളായ വിവിധ ശക്തികളെ ആശ്രയിക്കുന്നു. എന്നാൽ, ഈ ചക്രത്തിന്റെ ഉടമയെ ആരുംതന്നെ സ്മരിക്കുന്നില്ല. ആശ്രയയോഗ്യമല്ലാത്ത ഈ അനിത്യശക്തികളെ സംസാരവനത്തിലെ പരുന്തായും കഴുകനായും കാക്കയായും അറിയുക. സിംഹത്തെപ്പോലെ പാഞ്ഞടുക്കുന്ന മരണത്തെ ഇവയ്ക്കെങ്ങനെ തടുക്കാൻ കഴിയും?. കപടസന്യാസിവേഷധാരികളായ ഇവരെ പാഷണ്ടികൾ എന്നുവിളിക്കുന്നു. സ്വയം വഞ്ചിതരായ അവർ തങ്ങളുടെ അടുക്കലെത്തുന്നവരെ വഞ്ചിച്ചപഹരിക്കുന്നു. അതിൽനിന്നും പാഠമുൾക്കൊള്ളുന്ന ചിലർ ഭഗവാന്റെ യഥാർത്ഥഭക്തന്മാരെ പ്രാപിക്കുന്നു. എന്നാൽ, പാപവാസനകൾ പ്രബലമായതിനാൽ അവർക്കവിടെ നിലയുറപ്പിക്കാൻ സാധ്യമല്ലാതെ വരികയും അവർ വീണ്ടും അധർമ്മികളുടെ സംഗത്തിൽ ചേർന്ന് വാനരന്മാരെപ്പോലെ വിഷയികളായി മാറുകയും ചെയ്യുന്നു. അവർക്കൊരിക്കലും തങ്ങളുടെ ജന്മോദ്ദേശത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. അഹോരാത്രം പണിയെടുത്ത് വിഷയങ്ങളോരോന്നോരോന്നായി ഭുജിച്ചുകൊണ്ട് കാലം പോകുന്നതറിയാതെ ജീവിതം വൃഥാവിലാക്കുന്നു. കുരങ്ങന്മാർ ഒരു മരത്തിൽനിന്നും മറ്റൊരു മരത്തിലേക്ക് ചാടിക്കയറുന്നതുപോലെ, ജീവൻ ഈ സംസാരവനത്തിൽ പലേ ജന്മങ്ങളെ കൈക്കൊള്ളുന്നു. അങ്ങനെ വിഷയങ്ങളെ അനുഭവിച്ചുകൊണ്ട് ഗൃഹസ്ഥാശ്രമജീവിതം പുലർത്തിപ്പോരുന്നു. ഈ അല്പസുഖത്തിൽനിന്നും ജീവന്റെ ഉയർച്ചയിലേക്കൊരിക്കലും അവർ ചിന്തിക്കുന്നില്ല. തന്റെ സ്വരൂപത്തേയും അതുപോലെ ഈശ്വരനുമായുള്ള തന്റെ ബന്ധത്തേയും മനസ്സിലാക്കാതെ വിഷയഭോഗത്തിനായിക്കൊണ്ട് അവർ പലേകർമ്മങ്ങളിലേർപ്പെടുന്നു. അവസാനം, മരണത്തെ ഭയന്നുകൊണ്ട് അന്ധകാരം നിറഞ്ഞ ഗുഹയിലകപ്പെട്ടുപോകുന്നു. 

ശീതതാപവാതവർഷങ്ങളെക്കൊണ്ട് പൊറുതിമുട്ടി അവൻ വല്ലാതെ വിഷമിക്കുന്നു. അല്പലാഭത്തിനുവേണ്ടി മനുഷ്യൻ ശത്രുക്കളുമായി കൈകോർക്കുന്നു. ഒടുവിൽ അവരാൽത്തന്നെ ചതിക്കപ്പെടുകയും ചെയ്യുന്നു. ദാരിദ്യം കൊണ്ട് വഴിമുട്ടിയ ജീവന്മാർ ഇടയ്ക്ക് അന്യന്റെ സ്വത്തിനെ അപഹരിക്കുകയും സമൂഹത്തിൽ അപമാനിതരാകുകയും ചെയ്യുന്നു. ശത്രുക്കൾ പോലും വിഷയത്തെ കാമിച്ചുകൊണ്ട് മംഗല്യം കഴിക്കുകയും താമസിയാതെ ബന്ധം വേർപെടുത്തുകയും ചെയ്യുന്നു. അച്ഛനമ്മമാരടക്കം സ്നേഹിച്ചവരും സ്നേഹിക്കപ്പെട്ടവരും മരണമടയുന്നു. അതിൽ ദീനദീനം വിലപിക്കുന്നതിനിടയിൽ വീണ്ടും എങ്ങനെയോ അല്പസുഖം വീണുകിട്ടുന്നു. അതിനെ സന്തോഷത്തോടെ അനുഭവിച്ചുകൊണ്ട് വീണ്ടും കാലം കുറെ കടന്നുപോകുന്നു. അങ്ങനെ സംസാരമാകുന്ന മഹാവനത്തിൽ ജീവൻ ചിലപ്പോൾ സുഖിക്കുകയും മറ്റുചിലപ്പോൾ ദുഃഖിക്കുകയും ചെയ്തുകൊണ്ട് കാലവും ജന്മവുമൊരുപാട് വൃഥാവിലാകുന്നു. എന്നാൽ, ജ്ഞാനികൾ സദാ ഭഗവാനിൽ മാത്രം അഭയം പ്രാപിക്കുന്നു. അവിടെ അവർ എപ്പോഴും നിത്യമായ ആത്മസുഖത്തെ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. അവർ സദാ ശാന്തരായിരിക്കുന്നു. മാനസേന്ദ്രിയങ്ങളെ സംയമിപിച്ച് അവർ മുക്തിമാർഗ്ഗത്തിലൂടെ ചരിക്കുന്നു. എന്നാൽ, ദൌഭാഗ്യവശാൽ വിഷയികൾ ഈ സുഖദുഃഖങ്ങളുടെ അനിത്യതയെ മനസ്സിലാക്കാതെ സംസാരമാകുന്ന കൊടിയ വനത്തിൽ അലഞ്ഞുതിരിയുന്നു. എന്തിനു പറയാൻ ചില രാജർഷികൾക്കുപോലും സത്യത്തെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, അവർക്കും ഞാനെന്നും എന്റേതെന്നുമുള്ള മിഥ്യാബോധത്തിൽനിന്നും കരകയറുവാൻ സാധിച്ചിട്ടില്ല. തത്ക്കാരണാ‍ൽ, അവരും തന്നോളം പോന്ന മറ്റു രാജാക്കന്മാരുമായി മല്ലടിച്ച് ജീവിതത്തിന്റെ പരമലക്ഷ്യത്തെ നിറവേറ്റാതെ പോർക്കളത്തിൽ കഴുത്തറ്റു കബന്ധങ്ങളായി നിലം‌പൊത്തുന്നു. സകാമകർമ്മികളായ ചിലർ വിവിധതരം യജ്ഞങ്ങൾക്കൊണ്ട് തങ്ങൾ നേടിയ പുണ്യം കാരണം കുറേകാ‍ലം സ്വർഗ്ഗത്തിൽ വസിക്കുന്നു. എന്നൽ, ആ പുണ്യം ക്ഷയിക്കുമ്പോൾ അവർക്കും പതനം സംഭവിക്കുന്നു. അങ്ങനെ ഉച്ഛവും നീചവുമായ ജന്മങ്ങളിൽ വന്നും പോയും കാലമൊരുപാട്.

ഹേ പരീക്ഷിത്ത് മഹാരാജൻ!, ജഡഭരതനാൽ അരുളപ്പെട്ട ഈ മാർഗ്ഗം ഗരുഡന്റെ മാർഗ്ഗമായി അറിയപ്പെടുന്നു. എന്നാൽ സാധാരണ രാജാക്കന്മാർ മശകങ്ങളെപ്പോലെയാകുന്നു. അവയ്ക്കൊരിക്കലും ഗരുഡനെപ്പോലെ പറക്കാൻ സാധിക്കുകയില്ല. ആരുംതന്നെ ഇന്നുവരെ ഈ മാർഗ്ഗത്തെ ഉള്ളവണ്ണം പിന്തുടർന്നിട്ടുമില്ല. രാജൻ!, ഭരതൻ കഴിഞ്ഞ ജന്മത്തിൽ ഭഗവദ്ഭക്തോത്തമനായിരുന്നു. പുത്രദാരങ്ങളടക്കം തന്റെ രാജ്യം പോലും വളരെ നിസ്സാരമായി അദ്ദേഹത്തിന് ത്യജിക്കുവാൻ സാധിച്ചു. മാത്രമല്ല, ഭരതമഹാരാജാവിന്റെ കർമ്മങ്ങളും അത്ഭുതകരമായിരുന്നു. ദേവന്മാർ പോലും കൊതിച്ചിരുന്ന ഐശ്വര്യങ്ങളായിരുന്നു അത്ര നിസ്സാരമായി അദേഹം ഉപേക്ഷിച്ചതു. കാരണം, ഭഗവദൈശ്വര്യങ്ങൾക്കുമുന്നിൽ യാതൊന്നും ഈ പ്രപഞ്ചത്തിൽ ശ്രീമത്തായി അദ്ദേഹത്തിനു തോന്നിയിരുന്നില്ല. ഭഗവാനിൽ അത്രകണ്ട് മനം ലീനമായതിനാൽ മോക്ഷം പോലും അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ തുച്ഛലാഭമായിരുന്നു. പിന്നീട്, മാനിന്റെ ശരീരത്തിലിരുന്നുകൊണ്ടും അദ്ദേഹം ഭഗവദ്സ്മരണയെ കൈവെടിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ആ ശരീരം ത്യജിക്കുന്ന വേളയിലും അദ്ദേഹത്തിന് ഹരിനാമമുച്ഛരിക്കുവാനുള്ള മഹാഭാഗ്യം കൈവന്നിരുന്നു. അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ട് തന്റെ ശരീരമുപേക്ഷിച്ചു: ഭഗവാൻ ഹരി സർവ്വയോഗങ്ങളുടേയും മൂർത്തീഭാവമാണു. അവൻ സർവ്വ യജ്ഞങ്ങളുടേയും ഫലദാതാവുമാണു. അവൻ ധർമ്മത്തെ കാത്തുസൂക്ഷിക്കുന്നു. അവൻ സർവ്വവേദങ്ങളുടേയും അകകാമ്പാണു. അവൻ പ്രപഞ്ചത്തിന് സർവ്വാധാരനായി നിലകൊള്ളുന്നു. സകല ഹൃദയങ്ങളിലും കുടികൊള്ളുന്ന പരമാത്മാവാണവൻ. അവൻ സർവ്വതിനേയും തന്നിലേക്കാകർഷിക്കുന്നു. അങ്ങനെയുള്ള ആ പരമപുരുഷനിൽ നമസ്കാരമർപ്പിച്ചുകൊണ്ട് ഞാനിതാ എന്റെ ശരീരമുപേക്ഷിക്കുന്നു. എന്നും ഈയുള്ളവൻ അവന്റെ ഭക്തിയിൽ രമിക്കുമാറാകട്ടെ!.

ഹേ പരീക്ഷിത്ത് മഹാരാജൻ! ഭക്തന്മാർ സദാ ഈ ചരിതത്തെ ഗാനം ചെയ്യുന്നു. ഭരതചരിതത്തെ ശ്രദ്ധാഭക്തിസമന്വിതം കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവർക്ക് ആയുരാരോഗ്യസൌഖ്യങ്ങളും ഐശ്വര്യവും വർദ്ധിക്കുന്നു. സ്വർഗ്ഗത്തെ കാമിക്കുന്നവർക്ക് സ്വർഗ്ഗവും മോക്ഷത്തെ ആഗ്രഹിക്കുന്നവർക്ക് മോക്ഷവും ഈ കഥാശ്രവണത്തിലൂടെ ഉണ്ടാകുന്നു. ഭരതചരിതകഥാശ്രവണപഠനാദികളിലൂടെ ജീവന്റെ സകല അഭീഷ്ടങ്ങളും സാധൂകരിക്കപ്പെടുന്നു.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പതിനാലാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next




The forest of Samsara

2019, ജൂൺ 8, ശനിയാഴ്‌ച

5.13 ജഡഭരതരഹൂഗുണസവാദം-2


ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 13
(ജഡഭരതരഹൂഗുണസവാദം-2)


സർവ്വസംഗപരിത്യഗിയായ ജഡഭരതൻ തുടർന്നു: ഹേ രഹൂഗുണരാജൻ!, ഈ ഭൌതികലോകത്ത് ജീവഭൂതങ്ങൾ വിഷയാനുഭവങ്ങളിലൂടെ സുഖം തേടി ദുസ്തരമായ ജനിമൃതിസംസാരത്തിൽ പെട്ടുഴലുന്നു. അവർ സത്വാദി ത്രിഗുണങ്ങൾക്കധീനരായി പുണ്യവും പാപവും മിശ്രവുമായ ഫലങ്ങളെ അനുഭവിക്കുന്നു. തുടർന്ന് ധർമ്മാർത്ഥകാമമോക്ഷങ്ങളിൽ ആകൃഷ്ടരായി പലേതരം കർമ്മങ്ങളിലേർപ്പെടുന്നു. അതിനായി മനുഷ്യൻ സംസാരമാകുന്ന കൊടുങ്കാട്ടിലേക്കിറങ്ങിയോടുന്നു. അവിടെ അവൻ രാപ്പകലില്ലാതെ അലഞ്ഞുതിരിയുന്നു. പക്ഷേ, എത്രകണ്ടലഞ്ഞാലും പ്രയത്നിച്ചാലും സംസാരത്തിൽ നിത്യമായ സുഖത്തെ ഒരിക്കലും അവന് ലഭ്യമാകുന്നില്ല. കാരണം, അവൻ വിഹരിക്കാൻ കൊതിക്കുന്ന സംസാരമാകുന്ന കാട്ടിൽ വളരെയധികം വന്യമൃഗങ്ങൾ വിളയാടുന്നു. വിഷയസുഖം കൊതിച്ചെത്തുന്ന ജീവനെ സൂത്രത്തിൽ പറ്റിച്ചുകൊണ്ട്, കടുവ കുഞ്ഞാടിനെ അപഹരിക്കുന്നതുപോലെ, അവ ഭോഗിയായ ജീവാത്മാവിനെ നിഷ്കരുണം കടിച്ചുകീറുന്നു. ആ കാട്ടിൽ ധാരാളം വള്ളിക്കുടിലുകളുണ്ടു. അവയ്ക്കുള്ളിൽ പെട്ട് മശകങ്ങളുടെ കടിയുമേറ്റ് ജീവന്മാർ ബുദ്ധിമുട്ടുന്നു. ചിലപ്പോൾ അവർ ആ കാട്ടിൽ പലതരം ഗന്ധർവ്വനഗരങ്ങൾ കണ്ട് രസിക്കുകയും, എന്നാൽ മറ്റുചിലപ്പോൾ ആകാശത്തിൽനിന്നും ഉൽക്കകൾ പതിക്കുമ്പോലെ തങ്ങൾക്കുനേരേ വന്നടുക്കുന്ന ഭൂതപ്രേതപിശാചുക്കളെ കണ്ട് ഭയക്കുകയും ചെയ്യുന്നു. പുത്രദാരങ്ങളെ സംതൃപ്തരാക്കുവാനുള്ള ത്വരയിൽ അവവ്യാപാരികളെപ്പോലെ ആ മഹാവനത്തിൽ നെട്ടോട്ടമോടുന്നു. അവരുടെ വശ്യമായ നോട്ടങ്ങളാലും ഭാവങ്ങളാലും കണ്ണുകൾ മൂടപ്പെട്ട ജീവന്മാർ അവർക്കുവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്നു. അങ്ങനെ സ്വബോധം നഷ്ടപ്പെട്ട അവർ എങ്ങോട്ടെന്നില്ലാതെ പാഞ്ഞുകൊണ്ടേയിരിക്കുന്നു. കാതടപ്പിക്കുന്ന ചീവീടുകളുടെ ശബ്ദത്താൽ അവർ അസ്വസ്ഥരാകുന്നു. ഭീതി ജനിപ്പിക്കുന്ന ശത്രുക്കളുടെ ഘോരശബ്ദത്താൽ അവരെടെ ഹൃദയം പൊട്ടിപ്പിളരുന്നു. ആ സമയം, അവഫലമോ പുഷ്പമോ ഇല്ലാത്ത വൃക്ഷങ്ങളുടെ ചുവട്ടിൽ അഭയം പ്രാപിക്കുന്നു. അവരുടെ വിപ്പിനെ ശമിപ്പിക്കുവാൻ ആ പാഴ്വൃക്ഷങ്ങൾക്ക് കഴിയാതെ പോകുന്നു. ദാഹത്താൽ തൊണ്ട വരളുമ്പോൾ അവഅകലെ മരീചികയെ കണ്ട് അവിടേയ്ക്കോടിയടുക്കുന്നു.

ചിലപ്പോൾ അവർ വിഷയദാഹികളായി ആഴമില്ലാത്ത ജലാശയത്തിലേക്കെടുത്തുചാടുന്നു. ചിലനേരം ആ സംസാരവനത്തിൽ ആളിപ്പടരുന്ന തീയിൽ വെന്തുനീറുന്നു. ജീവനുതുല്യം കരുതുന്ന സ്വത്തിനെ മറ്റുള്ളവർ അപഹരിച്ചുകൊണ്ടുപോകുമ്പോൾ അവർ ദുഃഖിതരായിമാറുന്നു. ആ തീരാദുഃഖത്തിൽ നെഞ്ചത്തടിച്ചുകരഞ്ഞുകൊണ്ട് ബോധം കെട്ടുവീഴുന്നു.   വീണ്ടും ചിലനേരം അവർ രാജഹർമ്മ്യോപമമായ നഗരത്തിൽ തന്റെ കുടുംബവുമൊത്ത് സുഖിക്കുവാനാഗ്രഹിക്കുന്നു. അതിനെക്കുറിച്ചാഗ്രഹിച്ച് അല്പനേരം സ്വപ്നലോകത്തിൽ രമിക്കുകയും നിമിഷാർദ്ധംകൊണ്ട് അവിടെനിന്നും നിലം പൊത്തുകയും ചെയ്യുന്നു. ചിലപ്പോൾ ആ കാട്ടിലെ സമൃദ്ധമായ കൊടുമുടികൾ കണ്ടുഭ്രമിച്ച് അവർ അതിനുമുകളിൽ കയറാൻ ശ്രമിക്കുകയും, കാലിൽ കല്ലും മുള്ളും കൊണ്ടുകയറി ആ ഉദ്യമത്തിനാകാതെ വിഷമിക്കുകയും ചെയ്യുന്നു. സംസാരവനത്തിലകപ്പെട്ട ചിലർ ചിലസമയങ്ങളിൽ വിശന്നുവലഞ്ഞ് കുടുംബാംഗങ്ങളോട് കയർക്കുകയും അവരോടു കോപാകുലരായി പെരുമാറുകയും ചെയ്യുന്നു.

ചിലനേരം ആ വനത്തിൽ അവരെ മലമ്പാമ്പ് വിഴുങ്ങുകയോ ചുറ്റിവരിയുകയോ ചെയ്യുന്നു. ആ സമയം അവർ അബോധാവസ്ഥയിൽ ആ കൊടുങ്കാട്ടിൽ ശവശരീരങ്ങൾ പോലെ കിടക്കുന്നു. ചിലപ്പോൾ മൂർഖനെപ്പോലെയുള്ള വിഷപാമ്പുകളുടെ ദംശനമേറ്റ് അന്തഃകൂപത്തിലേക്ക് അവർ ആണ്ടുപതിക്കുന്നു. രക്ഷയ്ക്കായി ആരോരുമില്ലാതെ ബോധരഹിതരായി അവർ അതിനുള്ളിൽ പെട്ടുപോകുന്നു.

ചിലനേരങ്ങളിലാകട്ടെ, അവർ സുഖത്തിനായി അന്യന്റെ സ്വത്തിനെ മോഹിക്കുന്നു. മധുപന്റെ കൂട്ടിലെ മധു മോഹിച്ചെത്തി അവിടെനിന്നും മറ്റുള്ള മധുപന്മാരാൽ ആട്ടിപ്പായിക്കപ്പെടുന്നതുപോലെ, അവർ ഘോര അപമാനത്തിനിരയാകുന്നു. അതേസമയംതന്നെ, തങ്ങൾ വളരെ ബുദ്ധിമുട്ടി കഷ്ടപ്പെട്ടുനേടിയ സുഖഭോഗത്തെ അന്യർ അപഹരിച്ചുകൊണ്ടുപോകുകയും ചെയ്യുന്നു. ചിലപ്പോൾ അവർ ശീതതാപവാതവർഷങ്ങളെ സഹിക്കവയ്യാതെ കഷ്ടപ്പെടുന്നു. ചില സാഹചര്യങ്ങളിൽ അന്യോന്യം ചതിച്ചും പറ്റിച്ചും സുഖിക്കാൻ നോക്കുന്നു. അങ്ങനെ അവർ തമ്മിൽ ദ്വേഷിക്കുകയും അത് കലഹങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ചിലർക്ക് ഈ വനത്തിൽ പാർപ്പിടമോ, കുടുംബത്തോടുത്ത് ജീവിക്കുവാനുള്ള മറ്റു സൌകര്യങ്ങളോ ഇല്ലാതെവരുന്നു. ആ സമയം അവർ യാജകരായി ജനമധ്യത്തിലിറങ്ങി കൈനീട്ടുന്നു. അതിലും തൃപ്തമാകാതെ വരുമ്പോൾ മറ്റുള്ളവരുടെ സ്വത്തിനെ മോഷ്ടിക്കുകയും അതിലൂടെ സുഖം കാമിക്കുകയും ചെയ്യുന്നു. എന്നാൽ താമസിയാതെ അവർ പിടിക്കപ്പെടുകയും സമൂഹത്തിൽ അപമാനിതരായി ഒറ്റപ്പെടുകയും ചെയ്യുന്നു.

ഹേ രാജൻ! സംസാരമാകുന്ന ഈ വനത്തിൽ മനുഷ്യൻ സ്വത്തിനുവേണ്ടി ബന്ധങ്ങളുണ്ടാക്കുകയും അതുവഴി അവരുമായി ശത്രുതയിലാകുകയും ചെയ്യുന്നു. ചില ഭവനങ്ങളിൽ ഭാര്യയും ഭർത്താവും കുടുംബത്തിന്റെ സുഖത്തിനായി രാപ്പകലില്ലാതെ കഷ്ടപ്പെടുന്നു. എന്നാൽ, നിനച്ചിരിക്കാതെ വ്യാധികൾ വന്നടുക്കുകയും വാരിക്കൂട്ടിയ ധങ്ങളൊന്നും പോരാതെവരികയും ചെയ്യുന്നു. ഹേ രഹൂഗുണരാജാവേ!, ആ കാനനമാഗമധ്യേ ആദ്യം അവന് തന്റെ മാതാപിതാക്കളെ നഷ്ടപ്പെടുന്നു. പിന്നീടുള്ള കാലമത്രയും അവൻ തന്റെ മക്കൾക്കും കുടുംബത്തിനും വേണ്ടി സുഖത്തെ അന്വേഷിച്ചലയുന്നു. എന്നാൽ, മരണം വരെയും ആരും ഇതിൽനിന്നും പിന്തിരിയുന്നില്ല.

ഭൂമിയെ സ്വന്തമാക്കാനും അവളെ ഭരിക്കുവാനുമുള്ള ത്വരയിൽ ധാരാളം വീരന്മാർ പരസ്പരം പോരാടി ജയിക്കുകയും പടക്കളത്തിൽ മരിച്ചുവീഴുകയും ചെയ്തിട്ടുണ്ടു. എന്നാൽ, അജ്ഞാനത്താൽ ആരുംതന്നെ തന്റെയോ ഈ ഭൂമിയുടെതന്നെയോ സ്വരൂപത്തെ തിരിച്ചറിയാൻ ശ്രമിച്ചിട്ടില്ല. വീരന്മാരായിരുന്നിട്ടുകൂടി അവർക്ക് ആത്മസാക്ഷാത്ക്കാരത്തിന്റെ പാതയിലൂടെ ചരിക്കുവാൻ സാധിച്ചിട്ടില്ല. അവർ സംസാരമാകുന്ന ആ കാട്ടിലെ വള്ളിച്ചെടിയാകുന്ന പുത്രദാരങ്ങളുടെ ആശ്ലേഷണം ആഗ്രഹിക്കുന്നു. ആ സമയം മരണമാകുന്ന സിംഹങ്ങൾ അവർക്കുനേരേ പാഞ്ഞടുക്കുന്നു. അവയുടെ പിടിയിൽനിന്നും രക്ഷനേടാനായി അവർ കപടവേഷധാരികളായ സുഹൃത്തുക്കളുടെ സഹായം അഭ്യർത്ഥിക്കുന്നു. പിന്നൊരിക്കൽ പറ്റിക്കപ്പെട്ടുവെന്ന് മനസ്സിലാകുമ്പോൾ അവർ അവരിൽനിന്നുമകന്നു കുറേക്കാലം ഭഗവദ്ഭക്തന്മാരുടെ സംഗത്തിൽ ചേരുന്നു. എന്നാൽ ദൌഭാഗ്യവശാൽ അവർക്ക് ഭഗവാനിൽ രമിക്കുവാൻ കഴിയാതെ വരികയും തുടർന്ന് വീണ്ടും വിഷയാശയോടെ ആ കാട്ടിലേക്കുതന്നെ സുഖംതേടി തിരിച്ചുപോകുകയും ചെയ്യുന്നു. അങ്ങനെ പലവിധ വിഷയഭോഗങ്ങളിൽ‌പ്പെട്ട് സ്വയം ജന്മത്തെ വിഫലമാക്കി മരണം നേടുകയും ചെയ്യുന്നു.

മേൽ‌പ്പറഞ്ഞ രീരിതിയിൽ അവർ കുരങ്ങന്മാരെപ്പോലെ വിഷയങ്ങളാകുന്ന മരങ്ങളിൽനിന്നും മരങ്ങളിലേക്ക് ചാടി അല്പസുഖത്തെ അനുഭവിക്കുന്നു. കാലങ്ങൾ കടന്ന്, വാർദ്ധക്യത്തിൽ കുടുംബവും അവരെ ഉപേക്ഷിക്കുന്നു. അവിടെ അവർ നിരാലംബരായി കാലം തള്ളിനീക്കുന്നു. ചിലപ്പോൾ ആ സമയത്ത് അന്തകാരം നിറഞ്ഞ ഗുഹയിലടയ്ക്കപ്പെട്ടതുപോലെ അവർ മാറാരോഗങ്ങൾക്കടിപ്പെട്ടുപോകുന്നു. ആ സമയം ആ ഗുഹയ്ക്കുപിന്നിൽ തങ്ങളെ തുറിച്ചുനോക്കുന കരിരൂപിയായ മരണത്തെ കണ്ട് അവർ ഭയന്നുവിറയ്ക്കുന്നു. രക്ഷയ്ക്കായി ചുള്ളിക്കൊമ്പിലും കയ്യിൽ കിട്ടുന്ന എന്തിലും കടന്നുപിടിക്കുന്നു. ഹേ ശത്രുനാശനാ!, ആശ്ചര്യമെന്നു പറയട്ടെ, വല്ലവിധത്തിലും രക്ഷപ്പെട്ടാൽ, അവർ വീണ്ടും പൂർവ്വാധികം വിഷയാസക്തരായി ആ കാട്ടിനുള്ളിലേക്കുതന്നെ തിരിച്ചുവരുന്നു. അങ്ങനെ മായയുടെ പിടിയിൽപെട്ട് അവർ ആ സംസാരവനത്തിൽനിന്നും ഒരിക്കലും രക്ഷപ്പെടാതെ അതിൽ അലഞ്ഞുതിരിയുന്നു. മരണം വരെയും അവർ തന്റെ ജന്മോദ്ദേശത്തെ അറിയുന്നില്ല.

ഹേ മഹാരാജൻ!, താങ്കളും അതുപോലെ മായയുടെ പിടിയിലകപ്പെട്ടിരിക്കുകയാണു. അതുകൊണ്ട് അങ്ങും അവിടുത്തെ രാജപദവിയേയും രാജദണ്ഡിനേയും ഉപേക്ഷിക്കുക. വിഷയങ്ങളോടുള്ള ആസക്തി ഒഴിവാക്കുക. പകരം, ഭക്തികൊണ്ട് ജ്ഞാനമാകുന്ന ഖഡ്ഗം സ്വീകരിക്കുക. അതുകൊണ്ട് അങ്ങ് മായയുടെ ഈ കെട്ടിനെ അറുത്തെറിയുക. അതുവഴി സംസാരമാകുന്ന ഈ കൊടുംകാടിനെ മറികടക്കുക.

ഇത്രയും കേട്ടുനിന്ന രഹൂഗുണരാജാവ് പറഞ്ഞു: മനുഷ്യജന്മമാണു കോടാനുകോടി ജീവജാലങ്ങളിൽ വച്ച് മഹത്തായ ജന്മം. സ്വർഗ്ഗത്തിൽ ദേവന്മാർക്കിടയിൽ കിട്ടുന്ന ജന്മം പോലും ഭൂമിയിലെ ഈ മനുഷ്യജന്മത്തിനുമേൽ ശ്രേഷ്ഠമല്ല. അല്ലെങ്കിൽത്തന്നെ ദേവജന്മത്തിലൂടെ ജീവന് എന്ത് നേടാനാണു?. അവർ അവിടെ പുണ്യങ്ങളെ അനുഭവിക്കുന്നതിനിടയിൽ സത്സംഗത്തിന് എന്ത് പ്രസക്തിയാണുള്ളതു?. ഹേ ബ്രാഹ്മണശ്രേഷ്ഠാ!, അവിടുത്തെ പാദധൂളികൾ ശിരസ്സിലണിയുന്നതിലൂടെ ഒരുവന് അധോക്ഷജനിൽ ഭക്തിയുണ്ടാകുന്നെങ്കിൽ, അതിലെന്താശ്ചര്യമാണുള്ളതു?. അങ്ങയോടൊപ്പമുള്ള ഒരു നിമിഷത്തെ സംഗത്താൽ എന്റെ സകല സംശയങ്ങളും മാറിയിരിക്കുന്നു. എന്നെ സംസാരത്തിൽ ബന്ധിച്ചിരുന്ന അഹങ്കാരവും രാഗദ്വേഷങ്ങളും ഒഴിഞ്ഞുപോയിരിക്കുന്നു. ഞാൻ ഇപ്പോൾ അവയിൽനിന്നെല്ലാം മുക്തനാണു. സകല സാധുക്കൾക്കും എന്റെ നമസ്ക്കാരം. ഏതുവേഷത്തിലുള്ളവരായാലും ഞാനവരെ ഹൃദയംകൊണ്ട് നമിക്കുകയാണു. അവരെ ദ്വേഷിക്കുന്നവർക്ക് അവരുടെ കാരുണ്യംകൊണ്ടുതന്നെ സർവ്വമംഗളങ്ങളും ഭവിക്കട്ടെ!.

ശുകദേവൻ പറഞ്ഞു: ഹേ ഉത്തരയുടെ പുത്രനായ പരീക്ഷിത്ത് രാജൻ!, തന്നെക്കൊണ്ട് പല്ലക്ക് വഹിപ്പിക്കുകയും തന്നെ പരിഹസിക്കുകയും ചെയ്ത രഹൂഗുണരാജാവിനോട് ജഡഭരതനുണ്ടായിരുന്ന നീരസം മാറുകയും അദ്ദേഹത്തിന്റെ ഹൃദയം ഉൾക്കടലിനെപ്പോലെ ശാന്തമാകുകയും ചെയ്തു. തന്നെ അപഹസിച്ച രഹൂഗുണചക്രവർത്തിക്ക് പരമഹംസനും കാരുണ്യഹൃദയനുമായ ജഡഭരതൻ ആത്മതത്വത്തെ ഉപദേശിച്ചുകൊടുത്തു. തന്നിൽ അഭയം പ്രാപിച്ച രാജാവിനെ അനുഗ്രഹിച്ചതിനുശേഷം അദ്ദേഹം എങ്ങോട്ടെന്നില്ലാതെ അവധൂതവേഷനായി യാത്രതിരിച്ചു. ജഡഭരതനാൽ ഉപദിഷ്ടനായ രഹൂഗുണചക്രവർത്തിക്ക് തന്റെ സ്വരൂപത്തെ മനസ്സിലാകുകയും വിഷയങ്ങളിലുള്ള ആസക്തി ഒഴിയുകയും ചെയ്തു. ഹേ രാജൻ!, ആരാണോ ഭഗവാൻ ഹരിയുടെ ഭക്തരിൽ ശരണം പ്രാപിക്കുന്നതു, അവൻ ശരീരം താനാണെന്ന മായാഭാവത്തെ ജയിക്കുകയും തന്റെ യഥാർത്ഥസ്വരൂപത്തെ തിരിച്ചറിയുകയും ചെയ്യുന്നു.

പരീക്ഷിത്ത് രാജാവ് ശുകദേവനോട് പറഞ്ഞു: ഹേ പ്രഭോ!, ഹേ ഭക്തോത്തമാ!, സംസാരമാകുന്ന മഹാവനത്തിൽ അലഞ്ഞുതിരിയുന്ന ജീവാത്മാക്കളുടെ അവസ്ഥയെ അങ്ങ് വളരെയധികം ലളിതമായും ഭംഗിയായും അടിയനെ ബോധിപ്പിക്കുവാൻ ശ്രമിച്ചു. എന്നാൽ ഈ കഥയുടെ അന്തഃസ്സത്തയെ അറിയുവാൻ ജ്ഞാനികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ട്, ഹേ ഗുരോ!, ഞാൻ അവിടുത്തോടപേക്ഷിക്കുകയാണു, ഇതിന്റെ പ്രത്യക്ഷേണയുള്ള പൊരുൾകൂടി പറഞ്ഞ് അടിയനെ ബോധവാനാക്കിയാലും!.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  തിമൂന്നാദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next







Spiritual advises to King Rahuguna by Jadabharata