srimad bhagavatham 5.18 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
srimad bhagavatham 5.18 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ജൂൺ 29, ശനിയാഴ്‌ച

5.18 ജംബൂദ്വീപനിവാസികളുടെ പ്രാർത്ഥന


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 18
(ജംബൂദ്വീപനിവാസികളുടെ പ്രാർത്ഥന)


ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്തേ!, ധർമ്മരാജന്റെ പുത്രനായ ഭദ്രശ്രവസ്സായിരുന്നു ഭദ്രാശ്വവർഷം ഭരിച്ചിരുന്നതു. ഇളാവൃതവർഷത്തിൽ മഹാദേവൻ സങ്കർഷണമൂർത്തിയെ പൂജിക്കുന്നതുപോലെ, ഇവിടെ ഭദ്രശ്രവസ്സ് സകലരുമൊത്ത് ഭഗവാൻ ഹരിയുടെ അവതാരമായ ഹയശീർഷനെന്ന വാസുദേവനെ ഭജിക്കുന്നു. ഭക്തവത്സലനും ധർമ്മപാലകനുമായ ഹയശീർഷനെ ഭദ്രശ്രവസ്സ് ഇങ്ങനെ സ്തുതിക്കുന്നു: ഹേ വാസുദേവാ!, ധർമ്മപരിപാലകനും ഭക്തഹൃദയങ്ങളെ പരിശുദ്ധമാക്കുന്നവനുമായ അങ്ങേയ്ക്ക് ഞങ്ങളുടെ നമസ്ക്കാരം!. അഹോ! കഷ്ടം!. വിഷയികളായവർ സർവ്വാന്തകമായ മരണത്തെപ്പോലും ഭയക്കുന്നില്ല. ഒരിക്കൽ മരണം തീർച്ചയായും സംഭവിക്കുമെന്നറിഞ്ഞിട്ടും അവർ അതിനെ നിശ്ശേഷം അവഗണിക്കുന്നു. അവർ വിഷയഭോഗവും ധനസമ്പാദനവും മാത്രമണാഗ്രഹിക്കുന്നതു. ഹേ അജനായ ഭഗവാനേ!, ജ്ഞാനികളും പണ്ഡിതന്മാരും ഈ പ്രപഞ്ചത്തെ നശ്വരമായി കാണുന്നു. ആ സത്യം അവർ അജ്ഞാനിജനങ്ങളെ പഠിപ്പിക്കുവാനും ശ്രമിക്കുന്നു. എന്നാൽ, അവർ പോലും ചിലനേരം അവിടുത്തെ മായയിൽ ഭ്രമിച്ചുപോകുന്നു. ആ മായയുടെ ഉറവിടമായ അങ്ങയെ ഞാനിതാ നമസ്ക്കരിക്കുകയാണു.

ഭഗവാനേ!, ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങളിൽ അങ്ങ് നിസ്പൃഹനായിരിക്കുമ്പോഴും ആ കർമ്മങ്ങൾ അങ്ങയിൽ ആരോപിക്കപ്പെടുന്നു. എന്നാലും, അങ്ങ് സകലകാരണങ്ങൾക്കും പരമകാരണനായിരിക്കുന്നുവെന്നുള്ളതിൽ ഞങ്ങൾക്ക് ഒട്ടുംതന്നെ സംശയമോ അതിൽ അത്ഭുതമോ തോന്നുന്നില്ല. അത്രകണ്ട് ശക്തിമത്തായിരിക്കുന്നു അവിടുത്തെ മായ. സകലതിൽനിന്നുമകന്നുനിന്നുകൊണ്ട് അങ്ങ് സർവ്വതിനും ആധാരമായിരിക്കുന്നു. അങ്ങനെ അവിടുത്തെ മായാശക്തിയാൽ ഇവിടെ സർവ്വം താനേ സംഭവിക്കുന്നു.
അജ്ഞാനം യുഗാവസാനത്തിൽ ആസുരീവേഷം ധരിച്ച് വേദങ്ങളെ കവർന്നെടുത്ത് രസാതലത്തിൽ കൊണ്ടുപോയൊളിപ്പിച്ചിരുന്നു. അന്ന്, അവിടുന്ന് ഹയഗ്രീവമൂർത്തിയായി അതിനെ വീണ്ടെടുത്ത് ബ്രഹ്മദേവന്റെ അപേക്ഷയെ സാധിക്കുകയുണ്ടായി. ആരുടെ നിയോഗത്തെയാണോ ആരാലും മറികടക്കുവാൻ സാധിക്കാത്തത്, ആ പരമപുരുഷനായിക്കൊണ്ട് എന്റെ നമസ്ക്കാരം!.

ശുകദേവൻ തുടർന്നു: ഹേ രാജൻ!, ഭഗവദവതാരമായ നൃസിംഹമൂർത്തി ഹരിവർഷത്തിലാണു കുടികൊള്ളുന്നതു. അതിനെക്കുറിച്ച് ഞാൻ പിന്നീട് അങ്ങയോട് സംസാരിക്കാം. ഭക്തോത്തമനായ പ്രഹ്ലാദമഹാരാജാവാണ് നരസിംഹാവതാരത്തിന്റെ കാരണക്കാരൻ. പ്രഹ്ലാദമഹാരാജാവിന്റെ ജന്മത്തിലൂടെയും കർമ്മത്തിലൂടെയും അദ്ദേഹത്തിന്റെ മുൻതലമുറകളിലെ ആസുരീഗുണികൾക്കുപോലും മോക്ഷം സിദ്ധിക്കുകയുണ്ടായി. നരസിംഹമൂർത്തിക്ക് ഏറ്റവും പ്രിയനായിരുന്നു പ്രഹ്ലാദമഹാരാജൻ. പ്രഹ്ലാദൻ തന്റെ പ്രജകൾക്കൊത്ത് ഭഗവാൻ ഹരിയെ ഇങ്ങനെ വാഴ്ത്തുന്നു: സർവ്വശക്തനായ നാരായണന് അടിയങ്ങളുടെ നമസ്ക്കാരം!. ഹേ, നരസിംഹമൂർത്തേ!, കർമ്മത്തിൽ ഞങ്ങൾക്കുള്ള ആസുരീഭാവത്തെ നശിപ്പിച്ചാലും!. ഞങ്ങളുടെ ഹൃദയത്തിൽ വസിച്ചുകൊണ്ട് ഞങ്ങൾക്കുള്ളിലെ അജ്ഞാനത്തെ അങ്ങില്ലാതാക്കിയാലും. അതുവഴി ഈ പ്രപഞ്ചത്തെ ചൊല്ലി ഞങ്ങളിലുള്ള ഭയം ഒഴിഞ്ഞുപോകട്ടെ!. ഹേ ഭഗവാനേ! ലോകങ്ങളിലുടനീളം ശാന്തിയും സമാധാനവുമുണ്ടാകട്ടെ!. സർവ്വരുടേയും മനസ്സിൽ ഭക്തി നിറഞ്ഞ് അവർ വൈരം മറന്ന് സ്നേഹസ്വഭാവികളാകുമാറാകട്ടെ!. അതിനായി ഞങ്ങളിതാ അങ്ങയിൽ ശരണം പ്രാപിക്കുന്നു.

ഹേ നാരായണാ!, ഒരിക്കൽ പോലും ഗൃഹാന്ധകൂപത്തിൽ പെട്ടുപോകുവാനുള്ള ആസക്തി ഞങ്ങളിൽ ഉണ്ടാകാതിരിക്കട്ടെ!. മറിച്ച്, ഞങ്ങളെ അവിടുത്തെ ഭക്തന്മാരിൽ മാത്രം ആകൃഷ്ടരാകാൻ അനുഗ്രഹിച്ചാലും!. ജീവന്മുക്തനും സ്വമനസ്സിനെ അടക്കുവാൻ കഴിഞ്ഞിട്ടുള്ളവനും സദാ തങ്ങൾക്കുള്ളതിൽ സംതൃപ്തരാകുന്നു. അവർ ഒരിക്കലും ഇന്ദ്രിയസുഖത്തെ ആഗ്രഹിക്കുന്നില്ല. അങ്ങനെയുള്ളവരിൽ വളരെ പെട്ടെന്നുതന്നെ ഭക്തി നിറയുന്നു. തുടർന്ന്, അവർ സത്തുക്കളോട് സംഗം ചേരുകയും മുകുന്ദനായ അങ്ങയുടെ കഥകളിൽ ആസക്തരാകുകയും ചെയ്യുന്നു. മുകുന്ദകഥാരസത്തിൽ മഗ്നനാകുന്നതോടെ ഒരുവൻ അങ്ങയിൽ രമിക്കുവാൻ തുടങ്ങുന്നു. ശ്രദ്ധയോടും ഭക്തിയോടും അവിടുത്തെ ലീലകളെ ശ്രവിക്കുകയോ കീർത്തിക്കുകയോ ചെയ്യുന്നപക്ഷം അങ്ങ് അവരുടെ മനോമാലിന്യങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുന്നു. അങ്ങനെയെങ്കിൽ വിവേകശാലിയായവൻ എങ്ങനെ സത്സംഗത്തിൽ ആസക്തനാകാതിരിക്കും?.

ഹേ വാസുദേവാ!, അങ്ങയിൽ ഭക്തിയുണ്ടാകുന്നതിലൂടെ മാത്രമാണ് ദേവതകളിൽ പോലും നന്മകൾ നിറയുന്നതു. അല്ലാത്തവരിൽ എന്ത് സത്ഗുണമുണ്ടാകാൻ!. അങ്ങയിൽ ഭക്തിയില്ലാതായാൽ യോഗിയായിരുന്നാലും ഗൃഹസ്ഥാശ്രമിയായിരുന്നാലും അവർ മായയ്ക്ക് അധീനരായിരിക്കുന്നു. മത്സ്യം ജലത്തെ ആശ്രയിക്കുന്നതുപോലെ ജീവഭൂതങ്ങൾ അങ്ങയുടെ ചരണഛായയിൽ മാത്രമേ ജീവിക്കാൻ പാടുള്ളൂ. എത്ര മഹാനായിരുന്നാലും വിഷയിയായിരുന്നാൽ അവരിൽ ഒരിക്കലും ആത്മജ്ഞാനമുദിക്കുകയില്ല. അതുകൊണ്ട് ആസുരീഭാവത്തോടെ ഗൃഹാന്ധകൂപത്തിൽ പതിച്ചിരിക്കുന്നവർ തങ്ങൾക്ക് ലഭിക്കുന്ന അല്പാനന്ദത്തെ കളഞ്ഞ് ഭഗവാനിൽ രമിച്ച് അനന്താനന്ദത്തെ കൈക്കൊള്ളുകയാണു വേണ്ടതു. ഗൃഹത്തിലുള്ള ആസക്തിയാണ് ജീവനെ വിഷയാസക്തനാക്കുന്നതും അവനിൽ ആഗ്രഹം, ഭയം, ക്രോധം, അഹങ്കാരം മുതലായവയെ ഉണ്ടാക്കുന്നതും. ഇവയെല്ലാം അവനെ ജനിമൃതിസംസാരത്തിൽ ആഴ്ത്തുകയും ചെയ്യുന്നു.

ശുകദേവൻ പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, കേതുമാലാവർഷത്തിൽ ഭഗവാൻ വിഷ്ണു കാമദേവന്റെ രൂപത്തിൽ വർത്തിക്കുന്നു. അവിടെ ശ്രീമഹാലക്ഷ്മിയും സംവത്സരൻ എന്ന പ്രജാപതിയും അദ്ദേഹത്തിന്റെ ദിനരാത്രങ്ങളായ മക്കളും വസിക്കുന്നു. പ്രജാപതിയുടെ പെണ്മക്കൾ രാത്രിയുടേയും, ആണ്മക്കൾ പകലിന്റേയും അധിപതികളാണെന്നറിയുക. ഓരോ വർഷത്തിന്റേയും അവസാനത്തിൽ ഭഗവദ്ചക്രങ്ങളുടെ തേജസ്സിൽ പ്രജാപതിയുടെ പെണ്മക്കളുടെ ഗർഭം ഛിദ്രമായിപ്പോകുന്നു. കാമദേവന്റെ ചേഷ്ടകളിൽ മഹാലക്ഷ്മി അത്യന്തം സന്തോഷവതിയാകുന്നു. പകലിൽ സംവത്സരന്റെ ആണ്മക്കൾക്കൊത്തും രാത്രിയിൽ പെൺക്കുട്ടികളോടൊപ്പവും ശ്രീമഹാലക്ഷ്മി ഭക്തിയിൽ നിമഗ്നയായി കാമദേവനായ ഭഗവാനെ ഇങ്ങനെ സ്തുതിക്കുന്നു: ഋഷീകേശനായ ഭഗവാൻ ഹരിയുടെ പാദാരവിന്ദങ്ങളിൽ എന്റെ നമസ്ക്കാരം!. ഹേ മാലോകരേ!, സകലകർമ്മങ്ങളുടേയും നാഥനും അവയുടെ ഫലഭോക്താവും ആ പരമപുരുഷൻ തന്നെയാണു. അഞ്ചു വിഷയങ്ങളും അഞ്ചു കർമ്മേന്ദ്രിയങ്ങളും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും മനസ്സും ചേർന്നുള്ള പതിനാറ് തത്വങ്ങളും അവനിൽ നിന്നുണ്ടായതത്രേ!. ഇവിടെ ജീവനവുമായി ബന്ധപ്പെട്ട സർവ്വവും അവന്റെ മായാശക്തിസ്രോതസ്സിൽനിന്നുണ്ടായതാകുന്നു. സകല മനസ്സുകളുടേയും ശരീരങ്ങളുടേയും ഊർജ്വം അവൻ തന്നെയാണു. എന്നാൽ, അവനും അവന്റെ ശക്തിയും വേറല്ലെന്നറിയുക. അവനിവിടെ സകലതിനും നാഥനാണു. സകലവേദങ്ങളും അവനെ അറിയുവാൻ മാത്രം. അതുകൊണ്ട്, നമുക്കൊന്നുചേർന്ന് ആ തിരുവടികളെ വന്ദിക്കാം. അങ്ങനെ ഇഹത്തിലും പരത്തിലും അവൻ നമുക്ക് നന്മയരുളട്ടെ!.

ഹേ പ്രഭോ!, അങ്ങ് സകല ഇന്ദ്രിയങ്ങളുടേയും നാഥനാണു. ആയതിനാൽ സ്ത്രീകൾ ഉത്തമരായ പതികളെ ലഭിക്കുവാൻ വ്രതശുദ്ധിയോടുകൂടി അങ്ങയെ ആരാധിക്കുന്നു. എന്നാൽ, അവർ നിന്റെ മായയ്ക്കധീനരാണു. കാരണം, അനിത്യവസ്തുവിനെയാണ് തങ്ങൾ ആരാധിക്കുന്നതെന്ന സത്യം അവരൊരിക്കലുമറിയുന്നില്ല. സകല മനുഷ്യരും ഇവിടെ കാലത്തിനേയും കർമ്മഫലത്തേയും പ്രകൃതിയുടെ ത്രിഗുണങ്ങളേയും ആശ്രയിച്ചുകഴിയുന്നവരാണു. അതേസമയം, ഇവയെല്ലാംതന്നെ അവിടുത്തെ മായയുടെ പ്രഭാവങ്ങൾ മാത്രമാണു. പതിയെന്നാൽ, അവൻ സ്വയം സുരക്ഷിതനും മറ്റുള്ളവർക്ക് സദാ സംരക്ഷണം നൽകാൻ കഴിവുള്ളവനുമായിരിക്കണം. അങ്ങനെ നോക്കുമ്പോൾ, അങ്ങല്ലാതെ മറ്റൊരു നാഥനെ ഞങ്ങൾ കാണുന്നില്ല. അങ്ങല്ലാതെ മറ്റു പതി ഇവിടെ ഉണ്ടെന്നുവരികിൽ, അങ്ങ് എങ്ങനെയാണു സ്വയം നിർഭയനായി ഇരിക്കുക?. അതുകൊണ്ട്, ജ്ഞാനികളും പണ്ഡിതന്മാരും അങ്ങയെ സർവ്വലോകൈകനാഥായി അറിയുന്നു.

ഹേ ദേവാ!, അങ്ങയെ ആശ്രയിക്കുന്നവർക്ക് അങ്ങ് സർവ്വവും പ്രദാനം ചെയ്യുന്നു. എന്നാൽ, പിന്നീടൊരിക്കൽ ആ നശ്വരലാഭത്തിൽ അവർക്ക് ദുഃഖിക്കേണ്ടിയും വരുന്നു. അതുകൊണ്ട്, ആരുംതന്നെ അങ്ങയെ സ്വാർത്ഥത്തിനായി ഭജിക്കുവാൻ പാടുള്ളതല്ല. ഹേ അജയ്യനായ ശ്രീഹരേ!, ബ്രഹ്മാവിൽ തുടങ്ങി എല്ലാ ജീവഭൂതങ്ങളും വിഷയസുഖഭോഗങ്ങൾക്കായി എന്നെ സേവിച്ച് വരപ്രസാദം നേടാൻ ശ്രമിക്കുന്നു. എന്നാൽ, അങ്ങയുടെ പരമപദത്തിൽ ആശ്രയം കൊള്ളാത്തവരെ ഞാൻ അനുഗ്രഹിക്കുന്നില്ല. കാരണം, ഞാൻ സദാ അങ്ങയെ ഹൃദയത്തിൽ വച്ചാരാധിക്കുന്നവളാണു. ഭഗവദ്ദ്വേഷികളെ ഞാൻ ഒരിക്കലും അനുഗ്രഹിക്കുന്നില്ല. ഹേ അച്യുതാ!, അവിടുത്തെ തൃപ്പാദങ്ങൾ ഞങ്ങൾക്കെല്ലാമെല്ലാമാണു. ആയതിനാൽ അവിടുത്തെ ഭക്തന്മാർ അതിനെ സദാ വന്ദിക്കുന്നു. അവിടുന്ന് അവരുടെ നെറുകയിൽ തിരുകരം തൊട്ടനുഗ്രഹിക്കുകയും ചെയ്യുന്നു. ഹേ നാഥാ!, എന്റെ മുദ്രയായ ശ്രീവത്സം അങ്ങ് അവിടുത്തെ തിരുമാറിലണിഞ്ഞിരിക്കുന്നു. അങ്ങെന്നോട് കാട്ടുന്ന ഈ ആദരവ് വെറും പൊള്ളയായ ഒരു ചടങ്ങുമാത്രമാണെന്നെനിക്കറിയാം. അങ്ങയുടെ യഥാർത്ഥകാരുണ്യം എന്നോടല്ലാ, മറിച്ച്, എപ്പോഴും അതു പൂർണ്ണമായും അവിടുത്തെ ഭക്തർക്കുനേരെയാണൊഴുകുന്നതു. എന്നാലും ആ ദിവ്യഹസ്തത്താൽ എന്റെയും ശിരസ്സിൽ തൊട്ടനുഗ്രഹിക്കുക. അങ്ങയെ മൂലോകങ്ങളിലും അങ്ങല്ലാതെ മറ്റാരറിയാൻ!.

ശ്രീശുകബ്രഹ്മമഹർഷി തുടർന്നു: ഹേ പരീക്ഷിത്ത് രാജൻ!, വൈവസ്വതമനു രാജാവായിരിക്കുന്ന രമ്യകവർഷത്തിൽ ചാക്ഷുശമന്വന്തരത്തിന്റെ അവസാനത്തിൽ ഭഗവാൻ ഹരി മത്സ്യമായി അവതരിച്ചിരുന്നു. ഭഗവാന്റെ മത്സ്യാവതാരരൂപത്തെ ധ്യാനിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പ്രാർത്ഥിക്കുന്നു: അദ്ധ്യാത്മസ്വരൂപനായ ഭഗവാൻ നാരായണന് നമസ്ക്കാരം!. ഇവിടെ സകലഭൂതങ്ങളും അവയുടെ ശക്തിയും അവനിൽ നിന്നുണ്ടാകുന്നു. അവന്റെ അവതാരങ്ങളിൽ വച്ച് ആദ്യത്തേതാണ് മത്സ്യാവതാരം. ഞാനിതാ വീണ്ടും വീണ്ടും അവനിൽ നമസ്ക്കാരമർപ്പിക്കുന്നു. പാവകളെക്കൊണ്ട് കൂത്താടിക്കുന്നവനെപ്പോലെ അങ്ങ് ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രാദികളടങ്ങിയ ഈ ലോകത്തെ നിയന്ത്രിക്കുന്നു. സകലഭൂതങ്ങളിലും അകംപുറം കൊണ്ട് കുടികൊള്ളുന്ന നിന്നെ ലോകപാലകന്മാരാരുംതന്നെ തിരിച്ചറിയുന്നില്ല. അവിടുന്നു വേദവേദ്യനാണു. ബ്രഹ്മാവ് തുടങ്ങി ഇന്നത്തെ രാജാക്കന്മാർ വരെ അങ്ങയെ മത്സരബുദ്ധിയോടെ കാണുന്നു. എന്നാൽ, അവിടുത്തെ കാരുണ്യമില്ലാതെ ആർക്ക് എന്ത് ചെയ്യാൻ?. തങ്ങൾ ഭരിക്കുന്നുവെന്ന് അവർ അഹങ്കരിക്കുമ്പോൾ യഥാർത്ഥത്തിൽ അങ്ങീലോകം സൃഷ്ടിച്ച് പരിപാലിച്ച് സംഹരിക്കുന്നു. ഭഗവാനേ!, കല്പാന്തത്തിൽ ഈ പ്രപഞ്ചം മുഴുവൻ പ്രളയജലത്തിൽ മുങ്ങിപ്പോയിരുന്നു. അന്ന്, നീവന്ന് എന്നെ ഈ ഭൂമിയോടൊപ്പം രക്ഷിച്ച് ആ പ്രളയവാരിധിയിൽ അതിവേഗം പ്രദക്ഷിണം ചെയ്തു. ഹേ അജനായ ഭഗവാനേ!, ങ്ങാണിവിടെ സകലഭൂതങ്ങളുടേയും പരമകാരണം. അതുകൊണ്ട് അവിടുത്തെ തൃപാദങ്ങളിലിതാ അടിയൻ നമസ്ക്കാരമർപ്പിക്കുകയാണു.

ശുകദേവൻ വീണ്ടും പറഞ്ഞു: ഹേ രാജൻ!, ഹിരണ്മയവർഷത്തിൽ ഭഗവാൻ വിഷ്ണു കൂർമ്മശരീരിയായി കുടികൊള്ളുന്നു. അവിടുത്തെ മുഖ്യനായ ആര്യമാവ് തന്റെ പ്രജകളോടൊപ്പം ഭഗവാനെ നിത്യവും ഇങ്ങനെ ഭജിക്കുന്നു: കൂർമ്മരൂപിയായ അല്ലയോ വിഷ്ണുഭഗവാനേ!, അവിടുത്തെ പാദപങ്കജങ്ങളിൽ ഞങ്ങളുടെ കൂപ്പുകൈ. യാതൊന്നിനാലും കളങ്കപ്പെടാത്ത അദ്ധ്യാത്മഗുണനിധിയായ അങ്ങ് സദാ സത്വഗുണാധിഷ്ഠിതനായിരിക്കുന്നു. അങ്ങയുടെ സൂക്ഷ്മരൂപം ആരാലും ഗ്രഹിക്കുവാൻ സാധ്യമല്ല. ത്രികാലാധീതനായ അങ്ങയെ ആർക്ക് കണ്ടറിയാൻ സാധിക്കും?. സർവ്വദാ സകലതിലും കുടികൊള്ളുന്ന അങ്ങയെ ഞാനിതാ വീണ്ടും വീണ്ടും നമസ്ക്കരിക്കുന്നു. ഹേ നാഥാ!, അങ്ങയുടെ മായയാൽ വിരചിതമാണു ഇക്കാണുന്ന പ്രപഞ്ചമൊക്കെയും. അതിലെ സകലചരാചരങ്ങളും അവളുടെ പ്രതീകങ്ങളായതിനാൽ ഇക്കാണുന്ന വിരാട്രൂപം ഒരിക്കലും അങ്ങയുടെ സ്വരൂപമാകാൻ വഴിയില്ല. അദ്ധ്യാത്മദൃക്അല്ലാത്ത യാതൊരാൾക്കും അങ്ങയുടെ സ്വരൂപത്തെ അറിയുവാൻ കഴിയുന്നില്ല. അവിടുത്തെ മായാശക്തി ഇവിടെ അനേകകോടിനാമരൂപങ്ങളെ ഉണ്ടാക്കിത്തീർക്കുന്നു. ചിലത് ഗർഭപാത്രത്തിൽ ജനിക്കുന്നു. ചിലത് അണ്ഡജങ്ങളാകുന്നു. എന്നാൽ ചിലതാകട്ടെ, സ്വേദചങ്ങളും. വൃക്ഷങ്ങൾ ഭൂമിയിൽനിന്നു ജനിക്കുന്നു. ദേവതകളും മുനികളും പിതൃക്കളും ആകാശവും സ്വർഗ്ഗലോകങ്ങളും ഭൂമിയും അതിലെ മലകളും നദികളും സമുദ്രങ്ങളും ദ്വീപുകളും സകല ജ്യോതിർഗോളങ്ങളും എല്ലാം അവിടുത്തെ മായയുടെ നിർമ്മിതികൾ മാത്രം. എന്നാൽ ഹേ പ്രഭോ!, അങ്ങുമാത്രം ഒന്നായ ബ്രഹ്മമായി നിലകൊള്ളുന്നു. അങ്ങേയ്ക്കുമേൽ ഇവിടെ യാതൊന്നുംതന്നെയില്ല. അതുകൊണ്ട്, ഈ പ്രപഞ്ചം അവിടുത്തെ നിഗൂഢശക്തിയായ മായയാൽ നിർമ്മിതമായ താൽക്കാലിക ദൃശ്യങ്ങൾ മാത്രം. അതുപോലെ, അങ്ങയുടെ നാമങ്ങളും രൂപങ്ങളും അഗണിതമാണു. ന്നിരുന്നാലും, പണ്ഡിതന്മാർ അതിനെ ആവുംവിധം കീർത്തിച്ചുപാടുന്നു. എന്നാൽ അജ്ഞാനികളാകട്ടെ അങ്ങയുടെ സ്വരൂപത്തെയറിയാതെ ജീവിതം പോക്കുന്നു.

ശുകദേവൻ പറഞ്ഞു: പ്രീയപ്പെട്ട രാജാവേ!, സർവ്വയജ്ഞഭോക്താവായ ഭഗവാൻ ഹരി വരാഹരൂപത്തിൽ ജംബൂദ്വീപിന്റെ വടക്കുഭാഗത്ത് കുടികൊള്ളുന്നു. അവിടെ ഉത്തരകുരുവർഷമെന്നറിയപ്പെടുന്നിടത്ത് ഭൂമിദേവി തന്റെ പരിവാരങ്ങളുമൊത്ത് ഭഗവാനെ ഉപനിഷദ് മന്ത്രങ്ങൾകൊണ്ട് ഇങ്ങനെ സ്തുതിക്കുന്നു: മഹാരൂപിയായ ഭഗവാനേ!, അങ്ങേയ്ക് ഞങ്ങളുടെ നമസ്ക്കാരം!. അങ്ങ് വേദവേദ്യനും യജ്ഞസ്വരൂപനാണു. ക്രതുവും അങ്ങുതന്നെ. അതുകൊണ്ട് സകലയജ്ഞങ്ങളും അതിന്റെ ഭോക്താവും അങ്ങുതന്നെ. അങ്ങയുടെ ഈ രൂപം സത്വഗുണത്താൽ നിർമ്മിതമായിരിക്കുന്നു. മൂന്നു യുഗങ്ങളും കാലസ്വരൂപനായ അങ്ങുതന്നെയാണു. പണ്ഡിതന്മാർ സർവ്വതിലും നിഗൂഢനായിരിക്കുന്ന അങ്ങയെ ദർശിക്കുവാൻ ശ്രമിക്കുന്നു. അങ്ങ് മനസ്സുകൊണ്ടോ ബുദ്ധികൊണ്ടോ അറിയപ്പെടുന്നില്ല. എന്നാൽ ഇന്ദ്രിയങ്ങൾക്കധീതനായ അങ്ങയെ സത്തുക്കൾ ഭക്തികൊണ്ടറിയുന്നു. അങ്ങനെയുള്ള അങ്ങയുടെ താമരപ്പാദങ്ങളിൽ ഞങ്ങളുടെ പ്രണാമം!. ഇന്ദ്രിയവിഷയങ്ങളും ഇന്ദ്രിയചേഷ്ടകളും ഇന്ദ്രിയങ്ങളുടെ ദേവതകളും ശരീരവും കാലവും അഹങ്കാരവും എല്ലാം അവിടുത്തെ മായയുടെ സൃഷ്ടികൾ മാത്രം. യോഗത്തിൽ ലയിച്ച ഒരുവന്റെ ബുദ്ധികൊണ്ട് എല്ലാറ്റിനേയും ആ മായയുടെ വ്യതിയാനങ്ങളായി അറിയാൻ സാധിക്കുന്നു. അങ്ങനെയുള്ള ബുദ്ധിക്ക് സർവ്വഭൂതഹൃദയങ്ങളിലും കുടികൊള്ളുന്ന പരമാത്മരൂപിയായ നിന്നെ കാണാനും സാധിക്കുന്നു. ഹേ നാഥാ!, ഇവിടെ സൃഷ്ടിസ്ഥിതിസംഹരകർമ്മങ്ങൾ നടക്കുന്നത് അങ്ങയുടെ ആഗ്രഹത്താലല്ല. മറിച്ച്, അങ്ങയുടെ അദ്ധ്യക്ഷതയിൽ അവിടുത്തെ മായാശക്തിയാൽ എല്ലാം സംഭവിക്കുകയാണു. കാന്തികശക്തിയാൽ ഇരുമ്പുകഷണം ചലിക്കുന്നതുപോലെ, അവിടുത്തെ നോട്ടത്താൽ തന്നെ പ്രപഞ്ചത്തിൽ സർവ്വതും മാറിമറിയുന്നു. ഭഗവാനേ!, സൂകരവേഷം പൂണ്ട് അങ്ങ് ഹിരണ്യാക്ഷനെ വധിച്ചു. അനന്തരം, കരിവീരൻ കുളത്തിൽനിന്നും താമരപിഴുതെടുക്കുന്നതുപോലെ, അങ്ങന്നെ അവിടുത്തെ കൊമ്പിന്മേലിരുത്തി ഗർഭോദകാബ്ധിയിൽനിന്നും രക്ഷപെടുത്തുകയും ചെയ്തു. അതുകൊണ്ട് അവിടുത്തേയ്ക്കെന്റെ നമസ്ക്കാരം!.



ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പതിനെട്ടാദ്ധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next






The residents of Jambu Islands pray to Lord Vishnu