2019, ജൂൺ 9, ഞായറാഴ്‌ച

5.15 പ്രിയവ്രതവംശപരമ്പര


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 15
(പ്രിയവ്രതവംശപരമ്പര)

ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് മഹാരാജൻ!, ഭരതമഹാരാജാവിന്റെ പുത്രനായ സുമതി ഭഗവദവതാരമായ ഋഷഭദേവന്റെ ശിഷ്യനായിരുന്നു. എന്നാൽ കലിയുഗത്തിൽ സ്വാർത്ഥമതികളായ ചില പാഷണ്ഡികൾ അദ്ദേഹത്തെ അനാര്യന്മാരായ ദേവതകളിലൊന്നായി കണക്കാക്കുന്നു. സുമതിക്ക് തന്റെ പത്നിയായ വൃദ്ധസേനയിൽ ദേവതാജിത്ത് എന്ന ഒരു പുത്രനുണ്ടായി. ദേവജിത്തിന് തന്റെ ഭാര്യ ആസുരിയിൽ ദേവദ്യുംനൻ എന്ന നാമധേയത്തിൽ ഒരു പുത്രൻ ജനിച്ചു. ദേവദ്യുംനന് തന്റെ പത്നി ധേനുമതിയിൽ പരമേഷ്ഠി എന്ന ഒരു പുത്രനുണ്ടായി. പത്നി സുവർച്ചലയിൽ പരമേഷ്ഠിക്കുണ്ടായ പുത്രനായിരുന്നു പ്രതീഹൻ. പ്രതീഹരാജാവ് ആത്മസാക്ഷാത്കാരസാധനയെ പ്രചരിപ്പിക്കുന്നതിൽ തല്പരനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഹരിയുടെ പരമഭക്തനും ജീവന്മുക്തനുമായിരുന്നു. പ്രതീഹന് മൂന്നു പുത്രന്മാരായിരുന്നു. അവർ യഥാക്രമം പ്രതിഹർത്താവ്, പ്രസ്തോതാവ്, ഉദ്ഗാതാവ് എന്നറിയപ്പെട്ടു. അവർ ധാരാളം വേദയജ്ഞങ്ങളെ ആചരിക്കുകയുണ്ടായി. പ്രതിഹർത്താവിന് തന്റെ ഭാര്യ സൂതിയിൽ അജൻ, ഭൂമാൻ എന്നീ രണ്ടു പുത്രന്മാർ ജനിച്ചു. ഋഷികുല്യയുടെ ഗർഭത്തിൽ ഭൂമാന് ഉദ്ഗീതൻ എന്നൊരു പുത്രനുണ്ടായി. ഉദ്ഗീതന് തന്റെ പത്നി ദേവകുല്യയിൽ പ്രസ്താവൻ എന്ന പുത്രൻ ജനിച്ചു. തന്റെ ഭാര്യയായ നിയുസ്തയിൽ പ്രസ്താവൻ വിഭു എന്ന ഒരു പുത്രന് ജന്മം നൽകി. വിഭുവിന് മകനായി അദ്ദേഹത്തിന്റെ ഭാര്യയിൽ പൃതുസേനൻ ജനിച്ചു. പൃതുസേനന് ആകൂതി എന്ന തന്റെ പത്നിയിൽ നക്തൻ എന്ന പുത്രൻ ജനിക്കുകയുണ്ടായി. നക്തന്റെ പത്നിയായിരുന്നു ദ്രുതി. അവളിൽനിന്നും മഹാനായ ഗയരാജൻ ജനിച്ചു. ഗയൻ അതിപ്രശസ്തനായ ഒരു രാജർഷിയായിരുന്നു. ഭഗവദ്കലകളുടെ വിശുദ്ധസത്വഗുണത്തിൽ അധിഷ്ഠിതനായ ഭൂപതിയായിരുന്നു ഗയമഹാരാജാവ്. തികച്ചും ഭഗവദവതാരവും ആത്മജ്ഞാനിയുമായിരുന്ന ഗയമഹാരാജാവ് മഹാപുരുഷൻ എന്ന നാമധേയത്തിൽ അറിയപ്പെട്ടു.

ഗയൻ പ്രജാപരിപാലനത്തിൽ അഗ്രഗണ്യനായിരുന്നു. അദ്ദേഹം തന്റെ പ്രജകളുടെ പോഷണാദി സകലക്ഷേമങ്ങളും സദാ ഉറപ്പുവരുത്തിക്കൊണ്ടിരുന്നു. അവർക്ക് ഇടയ്ക്കിടെ പലതരം ഉപഹാരങ്ങളും അദ്ദേഹം നൽകിയിരുന്നു. ഗയൻ മഹാസഭകൾ വിളിക്കുകയും തന്റെ പ്രജകളെ ഉപദേശിക്കുകയും അവരോട് നേരിട്ട് സംവാദത്തിലേർപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹം നല്ല ഒരു ഗൃഹസ്ഥാശ്രമി കൂടിയായിരുന്നു. എല്ലാറ്റിനുമുപരി ഗയരാജാവ് തികഞ്ഞ ഹരിഭക്തനായിരുന്നു. ഇങ്ങനെ സർവ്വഗുണസമ്പന്നനായ അദ്ദേഹത്തെ ലോകം മഹാപുരുഷനെന്ന് സംബോധന ചെയ്തു. അദ്ദേഹം എപ്പോഴും മറ്റ് ഭക്തന്മാർക്കൊപ്പം ഭഗവദാരാധനയിൽ മുഴുകി ജീവിച്ചു. ശരീരം താനാണെന്ന മിഥ്യാബോധത്തിൽനിന്നും മുക്തനായി സദാ ബ്രഹ്മത്തിൽ മുഴുകി അദ്ദേഹം ആത്മാനന്ദം അനുഭവിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം ഒരിക്കലും ഭൌതികസുഖദുഃഖങ്ങളിൽ ഭ്രമിച്ചിരുന്നില്ല. സർവ്വോത്തമനായ ഗയരാജന് തന്റെ സത്ഗുണങ്ങളിൽ അഹങ്കാരമോ അഥവാ രാജ്യഭരണത്തിൽ അത്യാർത്തിയോ ഉണ്ടായിരുന്നില്ല.

ഹേ പരീക്ഷിത്ത് രാജൻ!, ഗയൻ യജ്ഞശീലനായ മഹാത്മാവും സർവ്വവേദപണ്ഡിതനുമായിരുന്നു. ധർമ്മപാലനതല്പരനും സർവൈശ്വര്യങ്ങൾ നിറഞ്ഞ കുലീനനും ഭഗവദ്ഭക്തോത്തമനുമായിരുന്നു ഗയരാജൻ. ഗയരാജാവ് ഭഗവദവതാരം തന്നെയെന്ന് മനസ്സിലാക്കൊക്കൊള്ളുക. അതുകൊണ്ട് അദ്ദേഹത്തിന് തുല്യൻ അദ്ദേഹം മാത്രം. സാധ്വീമണികളായ ദക്ഷകന്യകമാർ അദ്ദേഹത്തെ പുണ്യതീർത്ഥങ്ങൾകൊണ്ട് ദിനവും അഭിഷേകം ചെയ്യുമായിരുന്നു. ഭൂമി ഗോരൂപത്തിൽ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷയായി, തന്റെ കുട്ടിക്കിടാവിനെ കണ്ട സന്തോഷത്തിലെന്നപോലെ, ഗയമഹാരാജാവിന്റെ മഹത്വത്തെ കണ്ട് തന്റെ ദുഗ്ദ്ധം ചുരക്കുകയുണ്ടായി. അതിലൂടെ നിസ്വാർത്ഥനായ അദ്ദേഹം തന്റെ പ്രജകളെ അത്യധികം സന്തോഷിപ്പിച്ചു. സത്യത്തിൽ ആഗ്രഹിക്കാതെതന്നെ സകലൈശ്വര്യങ്ങളും ഗയനുചുറ്റും വലംവച്ചു. പ്രതിയോഗികളുടെ മനസ്സിനെപ്പോലും ഗയൻ തന്റെ കർമ്മങ്ങളിലൂടെ കവർന്നെടുത്തു. അദ്ദേഹത്തിന്റെ മഹത്വത്തിൽ സന്തുഷ്ടരായ ബ്രാഹ്മണർ തങ്ങളുടെ പുണ്യാംശത്തെ ഗയന്റെ ഊർദ്ദ്വഗതിക്കായി സമ്മാനിച്ചു. ഗയന്റെ യജ്ഞത്തിൽ സോമരസം സുലഭമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ദ്രന്റെ സാന്നിധ്യം അവിടെ പതിവായിരുന്നു. യജ്ഞപുരുഷനായ ഭഗവാൻ ഹരി സ്വയം അവിടെ പ്രത്യക്ഷനാകുകയും ഗയനുവേണ്ട വരങ്ങൾ പ്രദാനം ചെയ്തനുഗ്രഹിക്കുകയും ചെയ്തിരുന്നു. ഹേ മഹാരാജൻ!, എവിടെയും ഭഗവദനുഗ്രഹമുണ്ടായാൽ നരദേവതിര്യകാദി സകല ജീവജാലങ്ങളുടെ അനുഗ്രഹവും അതിനെ പിന്തുടരുന്നു. സർവ്വാനന്ദമയനായ ഭഗവാൻ ഹരി സകല ഹൃദയങ്ങളിലും പരമാത്മരൂപത്തിൽ കുടികൊള്ളുന്നവനാണു. എങ്കിലും ആ കാരുണ്യമൂർത്തി സ്വയം ഗയന്റെ യജ്ഞശാലയിലെത്തി തന്റെ അനുഗ്രഹം ചൊരിയുക പതിവായിരുന്നു.

തന്റെ പത്നിയായ ഗായന്തിയിൽ ഗയന് ചിത്രരഥൻ, സുഗതി, അവരോധനൻ എന്നിങ്ങനെ മൂന്ന് പുത്രന്മാർ ജനിച്ചു. ഊർണ്ണ എന്ന തന്റെ പത്നിയിൽ ചിത്രരഥനും സാമ്രാട്ട് എന്ന ഒരു പുത്രൻ ജനിച്ചു. സാമ്രാട്ടിന്റെ ഭാര്യയായിരുന്നു ഉത്കല. അവളിൽ സാമ്രാട്ടിന് മരീചി എന്ന ഒരു പുത്രൻ ജനിച്ചു. ബിന്ദുമതി എന്ന തന്റെ ഭാര്യയിൽ മരീചിക്ക് ബിന്ദു എന്ന ഒരു മകനുണ്ടായി. പത്നിയായ സരഘയിൽ ബിന്ദുവാകട്ടെ മധു എന്ന പുത്രന് ജന്മം കൊടുത്തു. സുമന എന്ന തന്റെ പത്നിയിൽ മധുവിന് അനന്തരം വീരവ്രതൻ എന്ന ഒരു പുത്രനെ ലഭിച്ചു. വീരവ്രതന്റെ പത്നി ഭോജയിൽ അദ്ദേഹത്തിന് മന്തു, പ്രമന്തു എന്നിങ്ങനെ രണ്ടു പുത്രന്മാരുണ്ടായി. മന്തു തന്റെ പത്നിയായ സത്യയിൽ ഭൌവാന എന്ന പുത്രനു ജന്മം കൊടുത്തു. അടുത്ത തലമുറയിൽ ഭൌവാന തന്റെ പത്നിയായ ദൂഷണയിൽ ത്വഷ്ഠാവ് എന്ന പുത്രനെ ജനിപ്പിച്ചു. വിരോചന എന്ന തന്റെ ഭാര്യയിൽ ത്വഷ്ഠാവിന് വിരജൻ എന്നൊരു പുത്രനുണ്ടായി. വിരജന്റെ പത്നി വിശൂചിയിൽ അദ്ദേഹത്തിന് നൂറ് പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. അവരിൽ ശതജിത്ത് എന്ന പുത്രനായിരുന്നു പ്രമുഖൻ. ഭഗവാൻ ഹരി സകലദേവന്മാരേയും പ്രകാശിപ്പിക്കുകയും അനുഗ്രഹിക്കുക്കയും ചെയ്യുന്നതുപോലെ, തന്റെ സത്ഗുണങ്ങളെക്കൊണ്ടും പ്രശസ്തികൊണ്ടും വിരജൻ പ്രിയവ്രതമഹാരാജാവിന്റെ വംശത്തിലെ ചൂഡാമണിയായി അറിയപ്പെടുന്നു.


ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പതിനഞ്ചാദ്ധ്യായം സമാപിച്ചു.
ഓം തത് സത്.






Descendants of King Priyavrata

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ