2019, ജൂൺ 2, ഞായറാഴ്‌ച

5.10 ജഡഭരതരഹൂഗുണസംവാദം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 10
(ജഡഭരതരഹൂഗുണസംവാദം)ശുകദേവൻ പറഞ്ഞു: ഹേ പരീക്ഷിത്ത് മഹാരാജൻ!, ഒരിക്കൽ സിന്ധുസൌവീരദേശത്തിലെ രാജാവായിരുന്ന രഹൂഗുണചക്രവർത്തി കപിലാശ്രമത്തിലേക്ക് പോകുകയായിരുന്നു. വഴിയിൽ ഇക്ഷുമതിനദിയുടെ തീരത്തെത്തിയപ്പോൾ അദ്ദേഹത്തിന്റെ പല്ലക്ക് വഹിച്ചിരുന്ന ഭൃത്യന്മാർക്ക് പ്രസ്തുതകർമ്മത്തിനായി മറ്റൊരാളുടെ സഹായംകൂടി ആവശ്യമായിവന്നു. യോഗ്യനായ ഒരാളെ അന്വേഷിച്ചുനടക്കുന്നതിനിടയിലായിരുന്നു അവർ ജഡഭരതനെ കണ്ടുമുട്ടിയതു. ഭരതന്റെ കരുത്തുറ്റ ശരീരം കണ്ട് അവർ ആ ജോലി അദ്ദേഹത്തെ ഏൽപ്പിച്ചു. യാതൊരു വിരോധവുമെന്ന്യേ ജഡഭരതൻ അതേറ്റെടുക്കുകയും ചെയ്തു. എന്നാൽ, അവർ പ്രതീക്ഷിച്ചവിധത്തിൽ ആ കർമ്മം ചെയ്യുവാൻ ജഡഭരതനറിയാമായിരുന്നില്ല. തികഞ്ഞ അഹിംസാവാദിയായതിനാൽ, ഓരോ ചുവട് വയ്ക്കുമ്പോഴും വഴിയിൽ ഒരുറുമ്പ് പോലുമില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടായിരുന്നു ഭരതന്റെ നടത്തം. അവിടെയുമിവിടെയും ചവുട്ടിയുള്ള അദ്ദേഹത്തിന്റെ ചലനം മറ്റുള്ളവരുടേതിന് വിരുദ്ധമായതിനാൽ പല്ലക്ക് ഇരുവശങ്ങളിലേക്കും ചരിയുകയും മറിയുകയും ചെയ്തുകൊണ്ടിരുന്നു. അതിൽ അസ്വസ്ഥനായ രഹൂഗുണചക്രവർത്തി ആ സംഭവത്തിന്റെ കാരണമന്വേഷിച്ചു. രഹൂഗുണമഹാരാജന്റെ ശിക്ഷാനടപടികളെക്കുറിച്ച് നന്നായി അറിയാവുന്ന അദ്ദേഹത്തിന്റെ ഭൃത്യന്മാർ രാജാവിനോട് ഇപ്രകാരം പറഞ്ഞു: ഹേ മഹാരാജൻ!, ഞങ്ങൾ നിരപരാധികളാണു. ഇപ്പോൾ അങ്ങേയ്ക്കുണ്ടാകുന്ന ഈ അസ്വസ്ഥതയുടെ കാരണക്കാർ ഞങ്ങളല്ലെന്നറിയുക. രാജൻ!, പകരക്കാരനായി ഞങ്ങളോടൊപ്പം കൂടിയ ഇയാൾ കാലുകൾകൊണ്ട് എന്തൊക്കെയോ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നു. അതുകൊണ്ട് ഇയാളോടൊപ്പം ശരിയായ രീതിയിൽ പല്ലക്ക് വഹിക്കുവാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല.

ഭൃത്യരുടെ വാക്കുകളിൽനിന്നും രഹൂഗുണമഹാരാജാവിന് കാര്യം മനസ്സിലായി. അദ്ദേഹം ജഡഭരതനെ നോക്കി പരിഹസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ഹേ സഹോദരാ!, പ്രഭാതം മുതലേ പല്ലക്ക് ചുമന്ന് നിങ്ങൾ നന്നേ അവശനായെന്ന് തോന്നുന്നു. മാത്രമല്ല, പ്രായാധിക്യത്തിൽ എല്ലും തോലുമായ താങ്കൾക്കിത് വഹിക്കുവാനുള്ള ആരോഗ്യവും കുറവാണെന്നാണ് നാം മനസ്സിലാക്കുന്നു. അതോ, ഇനി താങ്കൾക്കുള്ള സാമർത്ഥ്യം ഇവർക്കില്ലാത്തതാണോ കാര്യം!. ഏതായാലും, താങ്കൾ ഒന്നുകൂടി ശ്രമിച്ചുനോക്കുക!.

ശ്രീശുകൻ തുടർന്നു: പരീക്ഷിത്തേ! എല്ലാം കേട്ടുകൊണ്ടുനിന്ന ഭരതൻ വീണ്ടും അവരോടൊപ്പം പല്ലക്കുയർത്തി യാത്രയാരംഭിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ നടത്തത്തിൽ കാര്യമായ മാറ്റമൊന്നുംതന്നെയുണ്ടായില്ല. തുടർന്ന്, രഹൂഗുണമഹാരാജാവ് അത്യന്തം കോപാകുലനായി ജഡഭരതനോട് പറഞ്ഞു: ഹേ മൂഢാ!, നീയെന്താണീ കാട്ടുന്നതു? എന്തേ നീ ഒരു ജീവച്ഛവം പോലെ പെരുമാറുന്നു? നാമാരാണെന്ന് നിനക്കിനിയും മനസ്സിലായിട്ടില്ലേ? നമ്മുടെ ആജ്ഞയെ നീ അനുസരിക്കുകയില്ലെന്നാണോ? ക്ഷണത്തിൽ ശിക്ഷ വിധിച്ചുകൊണ്ട് നിന്നെ നേവഴിക്കു നടത്താൻ നമുക്കറിയാഞ്ഞിട്ടല്ലെന്ന് മനസ്സിലാക്കുക.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ആത്മസംയമനം നഷ്ടപ്പെട്ട രഹൂഗുണൻ ഇതിനകം രജസ്തമോഗുണങ്ങൾക്കടിപ്പെട്ടുപോയിരുന്നു. ക്രോധത്തിന്റെ പിടിയിലമർന്ന രാജാവ് ജഡഭരതനെ അസഭ്യവാക്കുകൾ പറഞ്ഞ് അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു. ജ്ഞാനിയായിരുന്നിട്ടുപോലും രഹൂഗുണന് യോഗമായയാൽ മറയപ്പെട്ട ജഡഭരതന്റെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഭരതന്റെ ഹൃദയം ഭഗവദ്നിലയമായിരുന്നു. സർവ്വഭൂതങ്ങളുടേയും സുഹൃത്തായ ജഡഭരതൻ പുഞ്ചിരിച്ചുകൊണ്ട് രഹൂഗുണമഹാരാജനോട് മറുപടി പറഞ്ഞു: ഹേ വീരാ!, നിന്ദിച്ചുകൊണ്ടാണെങ്കിലും, അങ്ങ് പറഞ്ഞത് മുഴുവൻ സത്യമാണു. യഥാർത്ഥത്തിൽ അങ്ങ് സംസാരിച്ചത് ഒരിക്കലും എന്നോടായിരുന്നില്ല. അങ്ങ് ശാസിച്ചതെല്ലാം അങ്ങയുടെ പല്ലക്ക് വഹിച്ചുകൊണ്ടുനടന്നവനെയായിരുന്നു. എന്നാൽ, ഞാൻ ഒരിക്കലും അങ്ങയുടെ പല്ലക്ക് ചുമന്നിട്ടേയില്ല, മറിച്ച്, എന്റെ ശരീരമായിരുന്നു അങ്ങയെ പല്ലക്കിലിരുത്തി വഹിച്ചുകൊണ്ടിരുന്നതു. ഞാൻ നിത്യനായ ആത്മാവാണു. അങ്ങുദ്ദേശിച്ചതുപോലെതന്നെ ഞാനൊരിക്കലും അങ്ങയുടെ പല്ലക്ക് ചുമന്നിട്ടേയില്ല. അങ്ങ് പറഞ്ഞത് ന്യായം തന്നെ. ഞാൻ തടിച്ചുരുണ്ടവനല്ല. ശരീരാത്മഭേദത്തെ അറിയാത്തവർക്കുമാത്രമേ അങ്ങയുടെ ഈ വാക്കുകളിൽ ദുഃഖം തോന്നുകയുള്ളൂ. എല്ലുംതോലുമാകുന്നതും തടിച്ചുരുളുന്നതുമൊക്കെ ശരീരങ്ങളാണു. ജ്ഞാനികൾക്ക് ഒരിക്കലും ആത്മാവിനെക്കുറിച്ച് അങ്ങനെ പറയാൻ കഴിയുകയില്ല. ആത്മാവിനെ സംബന്ധിച്ചിടത്തോളം, അവൻ തടിച്ചതോ മെലിഞ്ഞതോ അല്ല. അതുകൊണ്ട്, ഞാൻ തടിച്ചുകൊഴുത്തവനല്ലെന്ന് അങ്ങ് നിന്ദയോടുകൂടി പറയുമ്പോഴും, എന്നെ സംബന്ധിച്ച് അത് വളരെ സത്യമാണു. തടിക്കുക, മെലിയുക, ശാരീരികമാനസീകദുഃഖങ്ങൾ, വിശപ്പ്, ദാഹം, ഭയം, തർക്കം, ആഗ്രഹം, ജര, ഉറക്കം, കോപം, ദുഃഖം, ഭ്രമം, ശരീരം താനെന്ന് ധരിക്കുക, മുതലായവയെല്ലാം ഈ ജീവനെ പൊതിഞ്ഞിരിക്കുന്ന ശരീരവുമായി ബന്ധപ്പെട്ട വിവിധ ഭാവങ്ങളാണു. ശരീരം തനാണെന്ന് തെറ്റിദ്ധരിക്കുന്നവരെ ഈവക കാര്യങ്ങൾ ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ, എന്നെ അവ യാതൊന്നുംതന്നെ ബാധിക്കുന്നില്ലെന്നറിയുക. അതുകൊണ്ട്, അങ്ങ് പറഞ്ഞതൊന്നുംതന്നെ എന്നെയാകാൻ വഴിയില്ല.

ഹേ രാജാവേ!, അങ്ങെന്നെ ജീവച്ഛവമെന്ന് വിളിക്കുകയുണ്ടായി. അതിലും യാതൊരു അതിശയോക്തിയുമില്ലെന്നറിയുക. കാരണം, ജനിച്ച സർവ്വതിനും മരണം ഉറപ്പാണു. തുടക്കമുള്ള ഏതിനും ഒടുക്കവുമുണ്ടെന്നറിയുക. അങ്ങയുടെ വീക്ഷണത്തിൽ അങ്ങ് രാജാവും ഞാൻ പ്രജയുമായിരിക്കാം. പക്ഷേ, ഈ സ്ഥാനമാനങ്ങൾ തികച്ചും അനിത്യമാണു. ഇന്ന് അങ്ങ് രാജാവും ഞാൻ പ്രജയുമാണെങ്കിൽ നാളെ ഇത് മറിച്ചായിക്കൂടെന്നില്ല. സകലതും കർമ്മഫലങ്ങൾകൊണ്ടും ഈശ്വരേച്ഛകൊണ്ടും സംഭവിക്കുന്ന ഭാവങ്ങളാണു. ഹേ രാജൻ! രാജാവായ അങ്ങ് പ്രജയായ എന്നോടാജ്ഞാപിച്ചാൽ എനിക്കനുസരിക്കുകയേ വഴിയുള്ളൂ. പക്ഷേ, ഈ വ്യത്യാസം അനിത്യമായ കേവലമൊരു കീഴ്വഴക്ക ആചാരമായേ എനിക്ക് കാണാൻ സാധിക്കുന്നുള്ളൂ. എല്ലാവരും പ്രകൃതിയുടെ പ്രതിഭാസങ്ങൾക്ക് വിധേയരാണു. ആരുംതന്നെ ഇവിടെ അവയ്ക്ക് അധീതരായി ഇല്ല. ഇനിയും അങ്ങയുടെ ഭ്രമം മാറിയിട്ടില്ലെങ്കിൽ, ആജ്ഞാപിക്കുക, ഞാനെന്താണങ്ങേയ്ക്കുവേണ്ടി ചെയ്യേണ്ടതു?. അങ്ങെന്നെ തെമ്മാടിയെന്നും മന്ദബുദ്ധിയെന്നും ഭ്രാന്തനെന്നും വിശേഷിപ്പിച്ചു. അതിനുകാരണം, അങ്ങേയ്ക്കെന്റെ സ്വരൂപത്തെ കാണാനോ അറിയാനോ കഴിഞ്ഞിട്ടില്ലെന്നുള്ളതാണു. ഇനി അങ്ങുദ്ദേശിക്കുന്നതുപോലെ, ഞാൻ മന്ദബുദ്ധിയും തെമ്മാടിയും ഭ്രാന്തനുമാണെങ്കിൽ, എന്നെ ശിക്ഷിക്കുന്നതിൽ യാതൊരൌചിത്യവുമില്ലെന്നറിയുക. എന്തെന്നാൽ, ആ കർമ്മം, പൊടിച്ചതിനെത്തന്നെ വീണ്ടും പൊടിക്കുന്നതുപോലെയാണു. കാരണം, ഒരു ഭ്രാന്തനെ ഉപദേശിച്ചോ ശിക്ഷിച്ചോ നേരേയാക്കാൻ ശ്രമിക്കുന്നത് ഭോഷത്തരമാണു.

ശുകദേവൻ പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, അസഭ്യമായ വാക്കുകൾകൊണ്ട് തന്നെ പരിഹസിച്ച രഹൂഗുണരാജാവിന് സരസമായ വാക്കുകളിലൂടെ ഭരതൻ ആത്മത്വത്തെ ഉപദേശിച്ചുകൊടുത്തു. യഥാർത്ഥത്തിൽ പല്ലക്ക് ചുമക്കുന്നതിലൂടെ ജഡഭരതന്റെ ഉദ്ദേശം ഏതുവിധത്തിലും തന്റെ പ്രാരബ്ദഭാരത്തെ കുറയ്ക്കുക എന്നുള്ളതായിരുന്നു. കാരണം, ആത്മജ്ഞാനികൾ ഒന്നിലും ഒരു ഭേദവും കാണുന്നില്ല. ഭരതൻ വീണ്ടും പല്ലക്ക് വഹിച്ചുകൊണ്ട് പോകാനൊരുങ്ങി.

പെട്ടെന്ന്, രഹൂഗുണമാഹാരാജാവ് പല്ലക്കിൽനിന്നും ചാടിയിറങ്ങി, ജഡഭരതന്റെ കാൽക്കൽ സാഷ്ടാംഗം പ്രണമിച്ചു. ആത്മജ്ഞാനത്തിൽ അങ്ങേയറ്റം തല്പരനായ അദ്ദേഹം ആ പാദങ്ങളിൽ വീണ് നമസ്കരിച്ചു. തുടർന്ന്, തൊഴുകൈകളോടെ ജഡഭരതനോട് ഇങ്ങനെ പറഞ്ഞു: ഹേ ബ്രാഹ്മണോത്തമാ!, അങ്ങാരാണ്?, അങ്ങയെ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങയുടെ ശരീരത്തിൽ ഒരു പൂണുനൂൽ ഞാൻ കാണുന്നു. അങ്ങാരുടെ ശിഷ്യനാണു? അങ്ങ് ഋഷീശ്വരന്മാരിൽ ആരെങ്കിലുമാണോ? എന്തിനാണങ്ങ് ഇവിടെ വന്നിരിക്കുന്നതു? ഒരുപക്ഷേ, അടിയനെ അനുഗ്രഹിക്കുവാനായിരിക്കുമോ!. ഹേ ബ്രാഹ്മണശ്രേഷ്ഠാ!, എനിക്ക് ഇന്ദ്രന്റെ വജ്രത്തേയോ, ത്യക്ഷന്റെ ശൂലത്തേയോ, കുബേരന്റെ ആയുധങ്ങളേയോ പേടിയില്ല. ഞാൻ അഗ്നിയേയോ, അർക്കനേയോ, ചന്ദ്രനേയോ, യമരാജനേയോ ഭയക്കുന്നില്ല. എന്നാൽ, ബ്രാഹ്മണകോപത്തെ അടിയൻ അങ്ങേയറ്റം ഭയക്കുന്നു. അതുമാത്രമാണ് എനിക്കിവിടെ ഭയം തോന്നുന്ന ഒരേയൊരു കാര്യം. ഹേ സാധോ!, അങ്ങയുടെ മഹത്വം നിഗൂഢമാണു. വിഷയങ്ങളിൽനിന്നകന്ന് അങ്ങ് ആത്മാവിൽ രമിക്കുന്നവനാണു. ജ്ഞാനിയായ അങ്ങ് എന്തിനുവേണ്ടിയാണ് ജഡരൂപത്തിൽ ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതു? അങ്ങ് പറഞ്ഞതു മുഴുവൻ വേദസമ്മതമായ തത്വങ്ങളാണു. അവയെല്ലാം ഞങ്ങൾക്ക് മനസ്സിലാക്കാൻ പ്രയാസമാണെങ്കിലും ദയവായി ആ ആത്മതത്വം വിശദമായി പറയാൻ കനിവുണ്ടാകണം. ഹേ ബ്രാഹമണവര്യാ!, അങ്ങ് മുമുക്ഷുക്കളുടെ ഭാഗ്യമായി ഭഗവാൻ ഹരിയുടെ ജ്ഞാനകലാംശമായി അവതരിച്ച ലോകത്തിന്റെ ആത്മീയഗുരുവാണു. അതുകൊണ്ട് ഞാൻ ചോദിക്കുന്നു, എന്താണിവിടെ പരമമായ ആശ്രയം? ഹേ ഗുരോ!, ഭഗവദവതാരമായ അങ്ങ് ഈ ലോകത്തിലെ ജനങ്ങളെ നിരീക്ഷിക്കുവാനിറങ്ങിയാതാണോ? ആരും കണ്ടറിയാതിരിക്കുവാൻ ജഡസ്വരൂപനായിവന്ന് അങ്ങ് ഞങ്ങളെ വീക്ഷിക്കുകയാണോ എന്ന് ഞാൻ സംശയിക്കുന്നു. അജ്ഞാനിയായ ഞാൻ പുത്രദാരങ്ങളോടൊപ്പം ഭൌതികതയിൽ ആസക്തനായി ജീവിക്കുന്നവനാണു. പ്രഭോ! അടിയനിൽ ആത്മജ്ഞാനമുണ്ടാകുവാനുള്ള വഴി അരുളിച്ചെയ്താലും!.

ഹേ ബ്രാഹ്മണോത്തമാ!, അടിയന്റെ പല്ലക്കും ചുമന്ന് ഏറെദൂരം നടന്നിട്ടും അങ്ങ് തളർന്നിട്ടില്ല എന്ന് പറയുന്നു. എന്നാൽ ഞാൻ മനസ്സിലാക്കുന്നത്, ശരീരം തളരുമ്പോൾ, ആത്മാവിലും തളർച്ചയുണ്ടാകുന്നുവെന്നാണു. അങ്ങ് പറഞ്ഞു, യജമാനനും ഭൃത്യനും തമ്മിലുള്ള വ്യത്യാസം അനിത്യമാണെന്നു. എന്നാൽ, സാധാരണജനങ്ങളിൽ അതൊരു വലിയ വ്യത്യാസംതന്നെയാണു. കാരണം, അതുമായി ബന്ധപ്പെട്ട സകല വസ്തുതകളും ഇവിടെ പകൽ പോലെ വ്യക്തമാണു. നിത്യമല്ലെങ്കിൽ കൂടി ഈ ഭൌതികതയൊക്കെ സത്യമല്ലെന്നെങ്ങനെ പറയാൻ സാധിക്കും?. ഹേ ഗുരോ!, തടിച്ചത്, മെലിഞ്ഞത്, തുടങ്ങിയ ഉപാധികൾ ആത്മാവിനെ ബാധിക്കുന്നില്ലെന്നാണല്ലോ അങ്ങ് പറഞ്ഞതു. എന്നാൽ, ദുഃഖം, സുഖം മുതലായ അവസ്ഥകൾ തീർച്ചയായും ആത്മാവിനെ ബാധിക്കുന്നവ തന്നെയാണു. ശരീരത്തിൽനിന്നുണ്ടാകുന്ന സുഖദുഃഖങ്ങൾ എങ്ങനെയാണ് ആതിനുള്ളിലെ ഇന്ദ്രിയങ്ങളേയും മനസ്സിനേയും ആത്മാവിനേയും ബാധിക്കാതിരിക്കുന്നതു? സർവ്വവും അനുഭവിക്കുന്ന ആത്മാവ് എങ്ങനെയാണ് മുക്തമെന്ന് അങ്ങേയ്ക്ക് പറയാൻ കഴിയുക?

രാജാവും പ്രജകളുമൊക്കെയായിരിക്കുന്നത് അനിത്യമായ ഭാവങ്ങളാണെങ്കിലും, ഒരാൾ രാജാവായിക്കഴിഞ്ഞാൽ പ്രജകളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുകയും, തെറ്റു ചെയ്യുന്നവനെ ശിക്ഷിക്കുകയും ചെയ്യേണ്ടതുണ്ടു. ശിക്ഷയിലൂടെ തെറ്റുകാരൻ ധർമ്മത്തിന്റെ പാതയിലൂടെ ചരിക്കുവാൻ പ്രേരിതനാകുകയും ചെയ്യുന്നു. വീണ്ടും അങ്ങ് പറയുകയുണ്ടായി, ഉന്മത്തനായവനെ ശിക്ഷിക്കുന്നതുകൊണ്ട് വിശേഷമൊന്നുമില്ല, എന്ന്. പ്രഭോ!, യഥാർത്ഥത്തിൽ, സ്വധർമ്മാനുഷ്ഠാനത്തിലൂടെ ഒരുവന്റെ മുജ്ജന്മപാപങ്ങൾ നീങ്ങിക്കിട്ടുന്നു. അങ്ങനെയെങ്കിൽ അത് സത്യത്തിൽ ഒരനുഗ്രഹംതന്നെയല്ലേ? അങ്ങനെയെങ്കിൽ, അങ്ങ് പറയുന്നതും അടിയനറിയുന്നതും പരസ്പരവിരുദ്ധങ്ങളായ കാര്യങ്ങളാണു.

ഹേ ബ്രാഹ്മണോത്തമാ!, അജ്ഞാനത്താൽ മതിമറന്ന ഞാൻ അങ്ങയോട് അനാദരവ് കാട്ടിയിരിക്കുന്നു. രാജാവാണെന്ന അഹങ്കാരത്താൽ ഞാൻ അങ്ങയോട് ചെയ്തത് മാപ്പർഹിക്കാത്ത അപരാധമാണു. എന്നാൽ, അവിടുത്തെ കാരുണ്യമുണ്ടായാൽ എനിക്കതിൽനിന്നും രക്ഷ നേടാൻ കഴിയും. ഹേ പ്രഭോ!, അങ്ങ് ഭഗവദ്മിത്രമാണു. അവനാകട്ടെ സകലഭൂതങ്ങളുടെ സുഹൃത്തും. അങ്ങ് ദേഹാത്മബോധത്തിൽനിന്നും കരകയറിയ മഹാത്മാവാണു. അതുകൊണ്ട് എല്ലാവരും അങ്ങേയ്ക്കൊരുപോലെതന്നെ. ഞാൻ പറഞ്ഞ വാക്കുകളൊന്നുംതന്നെ അങ്ങയെ അല്പം പോലും ബാധിച്ചിട്ടുണ്ടാകുകയില്ല. എങ്കിലും ഞാൻ പാപം ചെയ്തിരിക്കുന്നു. ശൂലപാണിയോളം പോന്നവനാണെങ്കിൽക്കൂടി അവിടുത്തെ അനുഗ്രഹം കൂടാതെ എനിക്കീ പാപഭാരത്തിൽനിന്ന് കരകയറുവാൻ സാധ്യമല്ല.
           
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പത്താമധ്യായം സമാപിച്ചു.
ഓം തത് സത്.
Talks with Jadhabharata and king rahuguna
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ