2019, ജൂൺ 23, ഞായറാഴ്‌ച

5.17 ഗംഗയുടെ ഭൂമിയിലേക്കുള്ള പ്രവാഹം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 17
(ഗംഗയുടെ ഭൂമിയിലേക്കുള്ള പ്രവാഹം)

ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ രാജൻ!, ഭഗവാൻ ഹരി വാമനവേഷത്തിൽ ഒരിക്കൻ മഹാബലി ചക്രവർത്തിയെ കാണാനെത്തുകയുണ്ടായി. അന്ന്, അവൻ തന്റെ ഇടതുകാൽ മുകളിലേക്കുയർത്തി തള്ളവിരലിലെ നഖംകൊണ്ട് അണ്ഡകടാഹത്തിൽ ഒരു സുഷിരം നിർമ്മിച്ചു. ദ്വാരത്തിലൂടെ കാരണസമുദ്രത്തിലെ പവിത്രമായ ജലം ഗംഗയായി പ്രപഞ്ചത്തിലേക്ക് പ്രവേശിച്ചു. ഭഗവദ്പാദസ്പർശനംകൊണ്ട് ആ ജലത്തിന് ഇളം ചുവപ്പ് നിറം ലഭിച്ചു. ഈ പവിത്രജലമാകട്ടെ, അതിൽ മുങ്ങുന്ന സർവ്വമനസ്സുകളിലേയും സകലപാപങ്ങളേയും കഴികി സ്വയം ശുദ്ധമായി ഒഴുകുന്നു. ഭഗവാൻ വിഷ്ണുവിന്റെ പാദസ്പർശമുണ്ടായതിനാൽ ഗംഗയെ വിഷ്ണുപദി എന്നു വിളിക്കുന്നു. പിന്നീടവൾക്ക് ജാഹ്നവി, ഭാഗീരഥി തുടങ്ങിയ നാമങ്ങൾ ലഭിക്കുകയുണ്ടായി. ഹേ രാജൻ!, ആയിരം യുഗങ്ങൾക്കുശേഷം, അവൾ ധ്രുവലോകത്തിലേക്ക് ഒഴുകപ്പെട്ടു. അന്നുമുതൽ ധ്രുവലോകം വിഷ്ണുപദം എന്നപേരിലുമറിയപ്പെടുന്നു. ഭക്തിയാൽ ഭഗവദ്പ്രസാദം സാധിപ്പിച്ചവരിൽ സർവ്വോത്തമനായിരുന്നു ഉത്താനപാദമഹാരാജാവിന്റെ പുത്രനായ ധ്രുവൻ. ഭഗവദ്പാദങ്ങളെ തഴുകിയൊഴുകുന്ന ആ ഗംഗാധാരയെ തന്റെ ശിരസ്സിൽ വഹിക്കുവാനായി ധ്രുവൻ തന്റെ ലോകത്തിൽത്തന്നെ ഭഗവദ്നിഷ്ഠനായി ഇരിക്കുന്നു. ഹൃദയം ഭഗവാനിൽ ലയിച്ച അദ്ദേഹത്തിന്റെ അർദ്ധനിമീലിതനേത്രങ്ങളിൽക്കൂടി കണ്ണുനീർ പ്രവഹിക്കുകയും, ആ ഇരിപ്പിൽ രോമാഞ്ചഭരിതനാകുകയും ചെയ്യുന്നു.

പരീക്ഷിത്ത് മഹാരാജാവേ!, ധ്രുവലോകത്തിന് തൊട്ടുതാഴെയായി സപ്തർഷികൾ മരുവുന്നു. അവർ ഈ പാവനജലത്തെ തങ്ങളുടെ ജടാമകുടങ്ങളിൽ ധരിക്കുന്നു. അവർ ഗംഗയെ തങ്ങളുടെ ഉത്തമസമ്പത്തായും മോക്ഷത്തിലേക്കുള്ള മാർഗ്ഗമായും കണക്കാക്കുന്നു. അവൾക്കുമുന്നിൽ അവർ ധർമ്മാർത്ഥകാമമോക്ഷങ്ങളെപ്പോലും പരിത്യജിക്കുന്നു. സത്തുക്കൾക്ക് മോക്ഷമെന്നതുപോലെ, സപ്തർഷികൾക്ക് ഭഗവദ്ഭക്തി സർവ്വോത്തമമായിരിക്കുന്നു. സപ്തർഷികളുടെ ലോകങ്ങളിൽനിന്നും പിന്നീട് ദേവലോകത്തിലൂടെ ഒഴുകി ഗംഗ ചന്ദ്രലോകത്തിലും, തുടർന്ന്, ബ്രഹ്മലോകത്തിലേക്കും പതിക്കുന്നു. അവിടെ, സുമേരുപർവ്വതത്തിൽനിന്നും അവൾ വീണ്ടും നാലായി വേർതിരിഞ്ഞു നാലു ദിക്കുകളിലേക്ക് പ്രവഹിക്കുന്നു. സീത, അളകനന്ദ, ചക്ഷു, ഭദ്ര എന്നിങ്ങനെ നാമങ്ങൾ കൊള്ളുന്ന അവ വിവിധ ഭൂപ്രദേശങ്ങളിലൂടെയൊഴുകി ഒടുവിൽ സമുദ്രത്തിലെത്തിച്ചേരുന്നു. സീത ബ്രഹ്മപുരിയിലൂടെ താഴേയ്ക്കൊഴുകി കേസരാചലങ്ങളിലെത്തുന്നു. ഈ പർവ്വതങ്ങൾ മേരുവിനുചുറ്റും തന്തുക്കൾപോലെ കാണപ്പെടുന്നു. കേസരാചലത്തിലൂടെ വീണ്ടുമൊഴുകി അവൾ ഗന്ധമാദനഗിരിയിലും അവിടെനിന്ന് തുടർന്ന്, ഭദ്രാശ്വവർഷഭൂമിയിലേക്കും പതിക്കുന്നു. തുടർന്നുള്ള ഒഴുക്കിൽ അവൾ സമുദ്രത്തിൽ ലീനയാകുന്നു.

ഹേ പരീക്ഷിത്ത് രാജൻ!, സുമേരുവിൽനിന്നും ചക്ഷുനദി ഒഴുകി ആദ്യം മാല്യവാൻ പർവ്വതത്തിലെത്തുന്നു. അവിടെനിന്നും അവൾ കേതുമാലാവർഷത്തിലൂടെയൊഴുകി സമുദ്രത്തിലെത്തിച്ചേരുന്നു. എന്നാൽ, ഭദ്രാനദിയാകട്ടെ, സുമേരുവിന്റെ വടക്കുനിന്നും പ്രവഹിച്ച്, കുമുദം, നീലം, ശ്വേതം, ശൃംഗവാൻ എന്നീപർവ്വതങ്ങളിലെത്തുന്നു. അവിടെനിന്നും തുടർന്ന്, കുരുവർഷത്തിലൂടെയൊഴുകി സമുദ്രത്തിൽ പതിക്കുകയും ചെയ്യുന്നു.  അതുപോലെ, അളകനന്ദ ബ്രഹ്മപുരിയുടെ തെക്കുവശത്തുകൂടിയൊഴുകി ഹേമകൂടം, ഹിമകൂടം എന്നീ പർവ്വതങ്ങളിൽ പതിക്കുന്നു. അവിടെനിന്നും ഈ നദി ഭാരതവർഷത്തിലെത്തപ്പെടുന്നു. തുടർന്ന്, സമുദ്രത്തിലേക്കും. ഇതിൽ ഒരിക്കലെങ്കിലും മുങ്ങിനിവരാൻ സാധിക്കുന്നവർ ഭാഗ്യവാന്മാരത്രേ!. അശ്വമേധരാജസൂയാദി മഹായജ്ഞങ്ങളുടെ ഫലം ഗംഗയിൽ സ്നാനം ചെയ്യുന്നതുകൊണ്ടുണ്ടാകുന്നു. ഹേ രാജൻ!, വലുതും ചെറുതുമായി മറ്റനേകം നദികളും മേരുവിൽ നിന്നുമുത്ഭവിച്ച് പലതായി വേർതിരിഞ്ഞ് പലയിടങ്ങളിലേക്കായൊഴുകി ഒടുവിൽ സമുദ്രത്തിലെത്തിച്ചേരുന്നു.

ഹേ പരീക്ഷിത്ത് രാജൻ!, ഒമ്പതു വർഷങ്ങളുള്ളതിൽ ഭാരതത്തെ കർമ്മങ്ങളുടെ വിളനിലമായി അറിയപ്പെടുന്നു. മറ്റുള്ള വർഷങ്ങൾ പുണ്യവാന്മാർക്കുള്ളതത്രേ!. സ്വർഗ്ഗത്തിൽനിന്നും തിരിച്ചെത്തിയതിനുശേഷം, അവർ തങ്ങളുടെ ശേഷിച്ച പുണ്യങ്ങളെ വിടെവച്ചനുഭവിക്കുന്നു. ഈ എട്ടു ഭൂഖണ്ഡങ്ങളിലെ മനുഷ്യർ ഭൂമിയിലെ കണക്കനുസരിച്ച് പതിനായിരം വർഷക്കാലം ജീവിച്ചിരിക്കുന്നു. അതിലെ നിവാസികളെല്ലാംതന്നെ ദേവന്മാരെപ്പോലെയാണു. അവർക്ക് പതിനായിരം ആനകളുടെ ബലമുണ്ടാകുകയും യൌവ്വനകാലം വളരെ ആഹ്ലാദപൂർണ്ണമായിരിക്കുകയും ചെയ്യും. ഇണകൾ അന്യോന്യം ആനന്ദത്തിൽ രമിച്ചുകഴിയുന്നു. ത്രേതായുഗത്തിലെ മനുഷ്യരെപ്പോലെ അവർ അങ്ങനെ അത്യന്തം സന്തോഷത്തോടെ സ്വർഗ്ഗീയതയെ അനുഭവിക്കുന്നു.

അവിടെ അനേകം പൂന്തോട്ടങ്ങളും അതിൽ നിറയെ പുഷ്പഫലാദികളും, അതുപോലെ മനോഹരമായി അലങ്കരിക്കപ്പെട്ട വളരെയധികം ആശ്രമങ്ങളുമുണ്ടായിരിക്കും. ഈ വർഷങ്ങളോരോന്നിനേയും താമരപ്പൂക്കൾ നിറഞ്ഞ ശുദ്ധജലതടാകങ്ങൾ തമ്മിൽ വേർതിരിച്ചുനിർത്തുന്നു. അതിൽ ഹംസാദി വിഹഗങ്ങൾ നീന്തിക്കളിക്കുന്നു. വണ്ടുകളുടെ മൂളലുകൾ അന്തരീക്ഷത്തിൽ അലിഞ്ഞുചേരുന്നു. ദേവതകളിൽ ഉത്തമന്മാരാണ് ഇവിടെ വസിക്കുന്നവർ. പരിചാരകവൃന്ദങ്ങളോടുകൂടി അവർ അവിടെ ആർത്തുല്ലസിച്ചു ജീവിതം നയിക്കുന്നു. ഹേ പരീക്ഷിത്ത് രാജാവേ!, അവരിൽ കാരുണ്യവർഷം ചൊരിഞ്ഞുകൊണ്ട് ഭഗവാൻ നാരായണൻ വാസുദേവനായും സങ്കർഷണമൂർത്തിയായും പ്രദ്യുംനനായും അനിരുദ്ധനായും അവർക്കുമുന്നിൽ വിളങ്ങുന്നു. അവർ അവനെ സർവ്വാത്മനാ പൂജിക്കുകയും ചെയ്യുന്നു.

രാജൻ!, എന്നാൽ, ഇളാവൃതവർഷത്തിൽ പുരുഷനായി മഹാദേവൻ മാത്രമേയുള്ളൂ. കാരണം, അവിടെ പ്രവേശിക്കുന്ന പുരുഷന്മാർ ശ്രീപാർവ്വതീദേവിയുടെ ശാപംകൊണ്ട് തത്ക്ഷണം സ്ത്രീയായി മാറുന്നു. ആ കഥ ഞാൻ പിന്നീട് പറയുന്നതാണു. അവിടെ മഹാദേവന്റെ സന്നിധിയിൽ ഭവാനിയുടെ ദശശതകോടി പരിചാരകസ്ത്രീകൾ തൊഴുതുനിൽക്കുന്നു. വാസുദേവൻ, പ്രദ്യുംനൻ, അനിരുദ്ധൻ, സങ്കർഷണൻ എന്നിവർ ഭഗവദംശകലകളാണെന്നു പറഞ്ഞുവല്ലോ!. അതിലെ താമസി എന്ന സങ്കർഷണമൂർത്തിയെയാണിവിടെ മഹാദേവൻ ഭജിക്കുന്നതു. അതുകൊണ്ട് മഹാദേവൻ എപ്പോഴും ഹരിയെ ഇങ്ങനെ സ്തുതിച്ചുകൊണ്ടിരിക്കുന്നു. ഹേ ശ്രീഹരേ!, അവിടുത്തെ അംശമായ ഞാൻ അങ്ങയെ നമസ്ക്കരിക്കുന്നു. സകലഗുണങ്ങളുടേയും ഉറവിടം അങ്ങാകുന്നു. അനന്തമായ അവിടുത്തെ മാഹാത്മ്യം അജ്ഞാനികൾക്കറിയാൻ സാധിക്കുന്നില്ല. പ്രഭോ!, അങ്ങ് മാത്രമാണിവിടെ ആരാധ്യനായുള്ളതു. അവിടുത്തെ താമരപ്പാദം ഞങ്ങൾ ഭക്തന്മാരുടെ ഏകാശ്രമാണു. അങ്ങ് ഞങ്ങളെ പ്രകൃതിയുടെ മായയിൽനിന്നും രക്ഷിച്ചരുളുന്നു. എന്നാൽ, ഭക്തിഹീനന്മാരെ അങ്ങുതന്നെ അതിൽ തളച്ചിടുകയും ചെയ്യുന്നു. ഹേ ദേവാ!, എന്നെ അവിടുത്തെ ദാസാനായി സ്വീകരിച്ചാലും. മനസ്സിനെ അടക്കാൻ കഴിയാതെ ഞങ്ങളിൽ രാഗദ്വേഷങ്ങളുണ്ടാകുന്നു. എന്നാൽ, അങ്ങാകട്ടെ, നിസ്പൃഹനായിക്കൊണ്ട്, അവിടുത്തെ കടക്കണ്ണിന്റെ ചലനമാത്രത്താൽ ഈ പ്രപഞ്ചം സൃഷ്ടിച്ച് പരിപാലിച്ച് സംഹരിക്കുന്നു. അതുകൊണ്ട് മാ‍യയുടെ പിടിയിൽനിന്നും രക്ഷപ്രാപിക്കേണ്ടവർ അങ്ങയുടെ താമരത്തൃപ്പാദങ്ങളിൽ അഭയം പ്രാപിക്കേണ്ടിയിരിക്കുന്നു. ഹേ നാരായണാ!, അസത്ദർശകന്മാർക്ക് അങ്ങയിൽ ദ്വേഷമുണ്ടാകുന്നു. അവർ അവിടുത്തെ നിന്ദിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. എന്നാൽ അങ്ങയിലാകട്ടെ അവരുടെ യാതൊരു പ്രവൃത്തികളും പ്രതിഫലിക്കുന്നില്ല. കാരണം, ഈ പ്രപഞ്ചത്തിലെ യാതൊന്നിനാലും മഹാധീരനായ അവിടുന്നിനെ പ്രകോപിപ്പിക്കുവാൻ സാധ്യമല്ല. യോഗികൾ അങ്ങയെ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയകാരണനായി കണ്ടറിയുന്നു. എന്നാൽ, അതിൽ പോലും അങ്ങ് നിസ്പൃഹനായിരിക്കുന്നു. അതുകൊണ്ട്, അങ്ങ് അനന്തനാണു. അങ്ങ് സകലലോകങ്ങളേയും വളരെ നിസ്സാരമായി തന്നിൽ ധരിക്കുന്നു. അങ്ങനെയെങ്കിൽ പിന്നെ ആരാണങ്ങയെ പൂജിക്കാതിരിക്കുക?. അവിടുന്നിൽനിന്നും രജോഗുണത്താൽ ബ്രഹ്മദേവൻ ജനിച്ചു. അതുപോലെ തമോഗുണനായി ഞാനും. തുടർന്ന്, ഞങ്ങളിൽനിന്നും മറ്റു ദേവതകളുമുണ്ടാകുന്നു. പരമപുരുഷനായ അങ്ങയുടെ ശക്തിയാൽ മാത്രം ഞങ്ങൾ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുസംഹരിച്ചുപോരുന്നു. അങ്ങനെയുള്ള ഭഗവാൻ നാരായണനെ ഞാൻ നമിക്കുന്നു. അങ്ങയുടെ മായാശക്തി ബ്രഹ്മാദി സകലജീവജാലങ്ങളേയും ഈ പ്രകൃതിയുമായും അതിലെ വിഷയങ്ങളുമായും കൂട്ടിച്ചേർക്കുന്നു. അവിടുത്തെ കാരുണ്യംകൊണ്ടുതന്നെ അതിന്റെ പിടിയിൽനിന്നും അവർ പിന്നൊരിക്കൽ രക്ഷനേടുകയും ചെയ്യുന്നു. അതുകൊണ്ട്, സർവ്വകാരണകാരണനാ‍യ ഭഗവാൻ ഹരിയിൽ ഞാൻ അഭയം പ്രാപിക്കുകയാണു.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പതിനേഴാമദ്ധ്യായംസമാപിച്ചു.
ഓം തത് സത്.

Previous    Nextഅഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ