2019, ജൂൺ 16, ഞായറാഴ്‌ച

5.16 ജംബൂദ്വീപ് വർണ്ണന


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 16
(ജംബൂദ്വീപ് വർണ്ണന)

പരീക്ഷിത്ത് ശുകദേവനോടു ചോദിച്ചു: ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ഈ ഭൂമണ്ഡലത്തിന്റെ വിസ്തീർണ്ണപരിധിയെക്കുറിച്ച് അങ്ങ് മുൻപെന്നോടു പറയുകയുണ്ടായി. അത് ആദിത്യന്റെ കിരണങ്ങളെത്തുന്നിടത്തോളം നീളുന്നുവെന്നും, ഇവിടെനിന്നും ചന്ദ്രനേയും മറ്റു നക്ഷത്രങ്ങളേയും കാണാൻ കഴിയുന്നത്ര ദൂരത്തിൽ വ്യാപിച്ചിരിക്കുന്നുവെന്നും അന്ന് അങ്ങെന്നോട് പറഞ്ഞിരുന്നു. ഹേ പ്രഭോ!, പ്രിയവ്രതമഹാരാജന്റെ രഥചക്രങ്ങൾ ഈ ഭൂമിയിന്മേൽ ഏഴ് ചാലുകൾ സൃഷ്ടിച്ചതായും, അവ പിന്നീട് ഏഴു സമുദ്രങ്ങളായിമാറിയതായും, ആ സമുദ്രങ്ങളാൽ ഇവിടെ ഏഴു ദ്വീപുകൾ ഉണ്ടായ കഥകളും, അതുപോലെ, അവയുടെ പേരുകളും വിസ്തീർണ്ണങ്ങളും മറ്റും അങ്ങ് അന്നെന്നോട് സംക്ഷേപിച്ചരുളിചെയ്തതാണു. ഹേ ഗുരോ!, ഇപ്പോൾ അടിയൻ അവയെല്ലാം വിസ്തരിച്ചറിയുവാൻ ആഗ്രഹിക്കുന്നു. ഭഗവാൻ ഹരിയുടെ വിരാട്രൂപത്തിൽ മനസ്സുറയ്ക്കുമ്പോൾ ജീവൻ സത്വഗുണത്തിൽ അധിഷ്ഠിതമാകുന്നു. ആ സമയം ഗുണാധീതനായ അവന്റെ മഹിമയെ കൂടുതൽ വ്യക്തമായി അറിയാൻ സാധിക്കുന്നു. അല്ലയോ ബ്രാഹ്മണോത്തമാ!, ആ രൂപം എങ്ങനെ ഈ പ്രപഞ്ചം മുഴുവൻ വ്യാപിച്ചിരിക്കുന്നുവെന്ന് പറഞ്ഞരുളിയാലും.

ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ രാജൻ!, അങ്ങെത്ര ഭാഗ്യവാനാണു!. അങ്ങയിൽ ഭഗവാൻ ഹരിയെക്കുറിച്ചറിയുവാനുള്ള ഉത്കണ്ഠ ജനിച്ചിരിക്കുന്നു. നാരായണ! നാരായണ!. അവന്റെ മായാശക്തി അന്തമാണു. ഈ പ്രപഞ്ചം മുഴുവൻ അവന്റെ മായയാകുന്ന സത്വാദിത്രിഗുണങ്ങൾ പരിണമിച്ചുണ്ടായതാണു. എന്നാൽ, അതെങ്ങനെയെന്നു വർണ്ണിക്കുവാൻ സാക്ഷാത് ബ്രഹ്മാവിനുപോലും സാധ്യമല്ല. എന്നിരുന്നാലും, അങ്ങ് ചോദിച്ചതുകൊണ്ട്, ഈ ഭൂലോകത്തെക്കുറിച്ചും അവയുടെ നാമരൂപങ്ങളെക്കുറിച്ചും അതിന്റെ വിസ്തീർണ്ണം സംബന്ധിച്ചുള്ളതുമായ വിവരണങ്ങളും മറ്റും നൽകാൻ എന്നാലാവുംവണ്ണം ഞാൻ ശ്രമിക്കാം.

ഭൂമണ്ഡലം ഒരു കമലം പോലെയും ഏഴു ദ്വീപുകൾ അതിലെ കോശങ്ങൾപോലെയും കാണപ്പെടുന്നു. അതിൽ ജംബൂദ്വീപിന്റെ വിസ്തീർണ്ണം പത്തുലക്ഷം യോജനയാണു. ഈ ദ്വീപ് വീണ്ടും ഒൻപതിനായിരം യോജന വലിപ്പം വരുന്ന ഒൻപത് ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. എട്ട് കൊടുമുടികൾ അതിനെ തത്തുല്യം അളന്നുതിരിക്കുന്നു. ഇതിനിടയിലാണ് ഇളാവൃതവർഷം നിലകൊള്ളുന്നതു. അതിനുനടുവിൽ സ്വർണ്ണനിർമ്മിതമായ സുമേരുപർവ്വതം സ്ഥിതിചെയ്യുന്നു. ജംബൂദ്വീപിന്റെ വീതിയോളം വരുന്നതാണ് ഈ പർവ്വതത്തിന്റെ ഉയരം. ഇളാവൃതവർഷത്തിനു തെക്കുവശത്തായി നീല, ശ്വേത, ശൃംഗവാൻ എന്നീ പർവ്വതങ്ങൾ സ്ഥിതിചെയ്യുന്നതായിക്കാണാം. ഈ പർവ്വതങ്ങൾ രമ്യകം, ഹിരണ്മയം, കുരു എന്നീ വർഷങ്ങളുടെ അതിർത്തികളെ നിശ്ചയിക്കുന്നു. ഇവയോരോന്നും രണ്ടായിരം യോജനയോളം പരന്നുകിടക്കുന്നു. നീളത്തിൽ അവ കിഴക്കുപടിഞ്ഞാറായി സമുദ്രതീരങ്ങളിലേക്ക് നീളുന്നു. തെക്കുനിന്നും വടക്കോട്ട് ഈ പർവ്വതങ്ങളോരോന്നിനും അവയ്ക്ക് തൊട്ടുമുമ്പുള്ള പർവ്വതത്തിന്റെ പത്തിലൊന്ന് നീളമാണുള്ളതു. എന്നാൽ, അവയുടെയെല്ലാം പൊക്കം തുല്യമാണെന്നറിയുക. അതുപോലെ, ഇളാവൃതവർഷത്തിന്റെ തെക്കുവശത്ത് കിഴക്കുപടിഞ്ഞാറായി വ്യാപിച്ച് മൂന്നു പർവ്വതങ്ങൾ നിലകൊള്ളുന്നു. അവ നിഷധം, ഹേമകൂടം, ഹിമാലയം എന്നിങ്ങനെ അറിയപ്പെടുന്നു. അവയോരോന്നും പതിനായിരം യോജന ഉയരത്തിലാണുള്ളതു. ഈ പർവ്വതങ്ങൾ ഹരി, കിമ്പുരുഷം, ഭാരതം എന്നീ വർഷങ്ങളെ തരംതിരിക്കുന്നു. ഇതേ രീതിയിൽ, ഇളാവൃതവർഷത്തിനു കിഴക്കും പടിഞ്ഞാറുമായി മാല്യവാനം, ഗന്ധമാദനം എന്നീ രണ്ടു പർവ്വതങ്ങൾ നിലകൊള്ളുന്നു. രണ്ടായിരം യോജന ഉയരം വരുന്ന ഈ രണ്ടു പർവ്വതങ്ങളും വടക്കോട്ട് നീലഗിരിയോളവും തെക്കോട്ട് നിഷധഗിരിയോളവും വ്യാപിച്ചുനിൽക്കുന്നവയാണു. ഈ പർവ്വതങ്ങൾ ഇളാവൃതം, കേതുമാല, ഭദ്രാശ്വം മുതലായ വർഷങ്ങളെ വിഭജിച്ചുനിർത്തിയിരിക്കുന്നു.

സുമേരുപർവ്വതത്തിന്റെ നാലുവശങ്ങളിലായി മന്ദര, മേരുമന്ദര, സുപാർശ്വം, കുമുദം എന്നീ മറ്റു പർവ്വതങ്ങൾ സ്ഥിതിചെയ്യുന്നു. പതിനായിരം യോജനയാണു ഈ നാലു പർവ്വതങ്ങളുടേയും നീളവും ഉയരവും. ഈ നാലു പർവ്വതത്തിലും കൊടിമരം പോലെ നാലു വൃക്ഷങ്ങൾ പടർന്നുപന്തലിച്ചു നിൽക്കുന്നു. ഒന്നിൽ മാവും മറ്റൊന്നിൽ ആപ്പിൾ മരവും, പിന്നൊന്നിൽ കദംബവും നാലമത്തേതിൽ ആൽമരവും. അവയ്ക്കോരോന്നിനും നൂറ് യോജന വീതിയും ആയിരത്തിയൊരുനൂറു യോജന ഉയരവും കണക്കാക്കപ്പെടുന്നു. അവയുടെ ശിഖരങ്ങളും ആയിരത്തിയൊരുനൂറോളം യോജന പടർന്നുകിടക്കുന്നു. ഹേ പരീക്ഷിത്ത് മഹാരാജാവേ!, ഈ നാലു പർവ്വതങ്ങളിക്കിടയിൽ യഥാക്രമം നാലു മഹാതടാകങ്ങളും കാണാം. അതിൽ ഒന്നിലെ ജലം പാലുപോലെയും മറ്റൊന്നിലേത് തേൻ പോലെയും പിന്നൊന്ന് കരിമ്പുരസം പോലെയും രുചിയേറിയതാണു. മറ്റൊന്നുള്ളത് ശുദ്ധജലംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഈ തടാകത്തെ സിദ്ധചാരണഗന്ധർവ്വാദികൾ യഥേഷ്ടം ഉപയോഗിക്കുന്നു. അവിടെ നന്ദനം, ചൈത്രരഥം, വൈഭ്രാജകം, സർവ്വതോഭദ്രം എന്നീ നാമങ്ങളിൽ നാലു സ്വർഗ്ഗീയാരാമങ്ങളുമുണ്ടു. സുരഗണങ്ങൾ തങ്ങളുടെ പത്നിമാരുമായി അവിടെ വിഹാരത്തിനായി എത്തുന്നു. ഗന്ധർവ്വന്മാർ അവരുടെ ഗുണഗാനങ്ങൾ പാടുന്നു.

മന്ദരപർവ്വതത്തിന്റെ അടിവാരത്തിൽ ദേവചൂതം എന്ന ഒരു മരമുണ്ടു. ആയിരത്തി ഒരുനൂറു യോജന വരുന്നു ഈ വൃഷത്തിന്റെ നീളം. അമൃതൂറുന്ന അതിന്റെ ഫലം സർവ്വദാ കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്നു. അവ ശിഖരങ്ങളിൽനിന്നുമടർന്നു നിലത്തുവീണു തകരുമ്പോൾ അതിലെ രസം അവിടെമാകെ വഴിഞ്ഞൊഴുകി സുഗന്ധം പരത്തുന്നു. ആ രസം തഴേയ്ക്ക് പടർന്നൊഴുകി അരുണോദം എന്ന ഒരു നദിയായി മാറി ഇളാവൃതത്തിന്റെ കിഴക്കേവശത്തുകൂടിയൊഴുകുന്നു. പാർവ്വതീദേവിയുടെ പരിചാരകരായ യക്ഷപത്നിമാർ ഈ നദിയിലെ സുഗന്ധജലം ആസ്വദിക്കുന്നു. ആ സുഗന്ധം അവരുടെ ശരീരത്തിൽനിന്നും വായുവിൽ ലയിച്ച് പത്തു യോജനയോളം അന്തരീക്ഷത്തിൽ പരക്കുന്നു.

ഹേ രാജൻ!, അതുപോലെതന്നെ, ജംബൂമരത്തിന്റെ ഫലങ്ങളും വളരെ ഉയരത്തിൽനിന്നും താഴെ വീണു പൊട്ടിപിളരുന്നു. ആനയോളം വലിപ്പം വരുന്ന ഓരോ പഴങ്ങളിൽനിന്നും രസം പടർന്നൊഴുകി ജംബൂനദിയായി പരിണമിക്കുന്നു. മേരുമന്ദരപർവ്വതത്തിൽനിന്നും തുടങ്ങി, ഇളാവൃതവർഷത്തിന്റെ തെക്കുവശത്തുകൂടി പതിനായിരം യോജനയോളം ഒഴുകി ഇളാവൃതത്തെ ജംബുരസത്തിൽ നിമഗ്നമാക്കുന്നു. നദീതീരങ്ങളിലെ മണ്ണ് ജംബുരസത്തിൽ കുതിർന്ന് സൂര്യരശ്മിയാൽ ഉണങ്ങിക്കഴിയുമ്പോൾ ജംബുനട എന്ന സ്വർണ്ണം രൂപപ്പെടുന്നു. സ്വർഗ്ഗവാസികൾ ഇതിനെ തങ്ങളുടെ വിവിധ ആഭരങ്ങൾക്കായി ഉപോയോഗിക്കുന്നു. അവർ സർവ്വാഭരണവിഭൂഷിതരായി സന്തോഷത്തോടെ സ്വർഗ്ഗത്തിൽ വസിക്കുന്നു.

അവിടെ സുപാർശ്വപർവ്വതത്തിന്റെ ഒരുവശത്ത് പ്രസിദ്ധമായ മഹാകദംബം എന്നൊരു വൃക്ഷമുണ്ടു. ഇതിന്റെ ഉള്ളിലൂടെ അഞ്ചു തേൻ‌നദികളൊഴികിക്കൊണ്ടിരിക്കുന്നു. ഈ നദികളുടെ പരിമണത്താൽ ഇളാവൃതവർഷം വ്യാപൃതമാകപ്പെട്ടിരിക്കുന്നു. ആ മധു നുകരുന്നവരുടെ മുഖത്തുനിന്നും തേൻ‌മണം കാറ്റിലൂടെ നൂറ് യോജനയോളം ദൂരം അന്തരീക്ഷത്തിലാകെ ഒഴുകിവരുന്നു.

ഇനി കുമുദപർവ്വതത്തിനെ വിശേഷം പറയാം. അവിടെ ഒരു ആൽ‌വൃക്ഷം നിൽക്കുന്നുണ്ടു. നൂറ് ശിഖരങ്ങളുള്ളതിനാൽ ഈ ആലിനെ ശതവൽശം എന്നു വിളിക്കുന്നു. ആ ശിഖരങ്ങളിൽനിന്നും ധാരാളം വേരുകളുണ്ടായി അതിലൂടെ ധാരാളം നദികളൊഴുകിക്കൊണ്ടിരിക്കുന്നു. കുമുദപർവ്വതത്തിനുമുകളിൽനിന്നും ഈ നദികൾ ഇളാവൃതത്തിന്റെ വടക്കേദിശയിലേക്കൊഴുകി അവിടം ആവാസയോഗ്യമക്കിമാറ്റുന്നു. അവിടെ താമസിക്കുന്നവർക്കെല്ലാം ഈ നദികൾ ആഹാരങ്ങളടക്കം സർവ്വവും പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ തങ്ങൾക്കുവേണ്ടതെല്ലം ആസ്വദിച്ചുകൊണ്ട് അവർ അവിടെ സന്തുഷ്ടരായി വസിക്കുന്നു. ജരാനരകൾ അവരെ ബാധിക്കുന്നില്ല. അവർ തളരുകയോ വിയർക്കുകയോ ചെയ്യുന്നില്ല. അവരെ വ്യാധികളോ അകാലമരണമോ അസഹനീയമായ ചൂടോ തണുപ്പോ ഒന്നുംതന്നെ ബാധിക്കുന്നില്ല. മരണം വരെ അവർ അവിടെ ദുഃഖമില്ലാതെ വസിക്കുന്നു.

ഹേ പരീക്ഷിത്ത് രാജൻ!, അതുപോലെതന്നെ, മേരുപർവ്വതത്തിനലങ്കാരമായി അതിനുചുറ്റും മറ്റുപർവ്വതങ്ങളും തലയുയർത്തിനിൽക്കുന്നതായിക്കാണാം. അവയെ യഥാക്രമം കുരംഗം, കുരരം, കുസുംഭം, വൈകങ്കം, ത്രികൂടം, ശിശിരം, പതങ്കം, രുചകം, നിഷധം സിനീവാസം, കപിലം, ശംഖം, വൈഡൂര്യം, ഝാരുധി, ഹംസം, ഋഷഭം, നാഗം, കാലഞ്ജരം, നാരദം എന്നിങ്ങനെ വിളിക്കുന്നു.

സുമേരുപർവ്വതത്തിനു കിഴക്കേദിക്കിൽ, ജഠരം, ദേവകൂടം എന്നീ രണ്ടു പർവ്വതങ്ങൾ തെക്കുവടക്കായി പതിനെണ്ണായിരം യോജനയോളം വ്യാപിച്ചുനിൽക്കുന്നു. അതുപോലെതന്നെ, സുമേരുവിന്റെ പടിഞ്ഞാറ് പവനം, പാരിയാത്രം എന്നിങ്ങനെ രണ്ടു പർവ്വതങ്ങൾ തെക്കുവടക്കായി അത്രത്തോളം യോജനതന്നെ വിസ്താരത്തിൽ വ്യാപിച്ചുനിൽക്കുന്നു. ഹേ രാജൻ!, സുമേരുവിന്റെ തെക്കുവശത്തായി കൈലാസവും കരവീരവും, അതുപോലെ, വടക്കുവശത്തായി ത്രിശൃംഗവും മകരവും പതിനെണ്ണായിരം യോജന വിസ്താരത്തിൽ കിഴക്കുപടിഞ്ഞാറായി തലയുയർത്തിനിൽക്കുന്നു. ഇവയുടെ ഉയരുവും വീതിയും രണ്ടായിരം യോജനയാണെന്നറിയുക. അഗ്നിയെപ്പോലെ ജ്വലിച്ചുനിൽക്കുന്ന സ്വർണ്ണമയമായ സുമേരുപർവ്വതം മേൽ‌പ്പറഞ്ഞ എട്ടു പർവ്വതങ്ങളാൽ ചുറ്റപ്പെട്ട് പ്രശോഭിതമായിരിക്കുന്നു.

സുമേരുപർവ്വതത്തിന്റെ മധ്യസ്ഥാനത്തായാണു ബ്രഹ്മദേവന്റെ ലോകം. ആ ദേശം പത്തു ദശലക്ഷം യോജന വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്നു. തീർത്തും സ്വർണ്ണനിർമ്മിതമായ ഈ നഗരത്തെ പണ്ഡിതർ ശാതകൌംഭി എന്ന് വിളിക്കുന്നു. ബ്രഹ്മപുരിയ്ക്കുചുറ്റുമായി ഇന്ദ്രാദികളുടെ നഗരമാണു. എന്നാൽ തത്തുല്യസൌന്ദര്യമാർന്ന അവരുടെ പത്തനങ്ങൾക്ക് ബ്രഹ്മലോകത്തിന്റെ നാലിലൊന്ന് വിസ്തീർണ്ണമേയുള്ളുവെന്നുമാത്രം.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പതിനാറാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next





Description of Jambu Island

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ