2019, ജൂൺ 30, ഞായറാഴ്‌ച

5.19 ജംബൂദ്വീപവർണ്ണനം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 19
(ജംബൂദ്വീപവർണ്ണനം)

ഗുരുവായൂരപ്പൻ
ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, കിംപുരുഷവർഷത്തിൽ ഭക്തോത്തമനായ ഹനുമാൻ അവിടുത്തെ നിവാസികളുമൊത്ത് ജാനകീരമണനും ലക്ഷ്മണസോദരനുമായ ശ്രീരാമചന്ദ്രനെ ഭജിക്കുന്നു. അവിടെ ഗന്ധർവ്വന്മാർ സദാ ശ്രീരാമദേവന്റെ മഹിമകളെ പാടിസ്തുതിക്കുന്നു. അവർക്കൊപ്പം കിമ്പുരുഷത്തിലെ അധിപനായ അർഷ്ടിസേനനുമൊത്ത് ഹനുമാൻ ശ്രീരാമമഹിമകൾ കേട്ടുരസിക്കുന്നു. ഹനുമാൻ ശ്രീരാമദേവനെ ഇങ്ങനെ സ്തുതിക്കുന്നു: പുരുഷോത്തമനായ ഭഗവാൻ ശ്രീരാമചന്ദ്രന് അവിടുത്തെ ദാസനായ ഹനുമാന്റെ നമസ്ക്കാരം!. അങ്ങ് പണ്ഡിതന്മാരിലെ അറിവിന്റെയും സത്ഗുണങ്ങളുടേയും ഉറവിടമാകുന്നു. അങ്ങ് ഇന്ദ്രിയങ്ങൾക്കധീതനാകുന്നു. പുരുഷോത്തമാനായി ജീവിച്ചുകൊണ്ട് അങ്ങ് ലോകത്തെ വ്യവഹാരരീതികപഠിപ്പിക്കുന്നു. ങ്ങിവിടെ ലോകത്തിന് മാതൃകാപുരുഷനായി നിലകൊള്ളുന്നു. ഭക്തോത്തമന്മാർ അങ്ങയെ സദാ വന്ദിച്ചുപൂജിക്കുന്നു. മാഹാരാജനായ അങ്ങേയ്ക്കെന്റെ നമസ്ക്കാരം!. സത്ചിതാനന്ദമയമായ അങ്ങയുടെ രൂപം ഒന്നിനാലും കളങ്കപ്പെടാത്തതാണു. വേദാന്തങ്ങൾ അങ്ങയെ രണ്ടെന്നില്ലാത്ത പരമസത്യമായ ബ്രഹ്മമായി പറയുന്നു. അദ്ധ്യാത്മസ്വരൂപനായ അങ്ങയെ പ്രപഞ്ചത്തിലെ യാതൊരു വസ്തുവിനും കളങ്കപ്പെടുത്തുവാൻ സാധ്യമല്ല. കാരണം, അങ്ങ് പരംബോധസ്വരൂപനാണു. ഞങ്ങളിതാ അങ്ങയുടെ പാദാരവിന്ദങ്ങളിൽ അഭയം പ്രാപിക്കുന്നു. അസുരേന്ദ്രനായ രാവണൻ മനുഷ്യനാലല്ലാതെ മറ്റൊരു ശക്തിയാലും കൊല്ലപ്പെടുകയില്ലെന്ന സത്യം നിറവേറ്റുവാനായി അങ്ങ് ഒരു മനുഷ്യനായി ഈ ഭൂമിയിൽ അവതരിച്ചു. രാവണനെ വധിക്കുകയെന്നതിനൊപ്പം, കുടുംബത്തിൽ ആസക്തനായവനെ പലവിധ യാതനകൾ പിന്തുടരുന്നുവെന്ന സത്യം ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുവാൻ വേണ്ടിയുമായിരുന്നു ശ്രീരാമചന്ദ്രനെന്ന മനുഷ്യരൂപിയായി അങ്ങിവിടെ അവതാരം കൊണ്ടതു.

അല്ലയോ സുഹൃത്തുക്കളേ!, സർവ്വശക്തനായ ഭഗവാന് ഇവിടെ എന്താണ് ശോചനീയമായിട്ടുള്ളതു?. ഭഗവാൻ ശ്രീരാമചന്ദ്രൻ സകലഭൌതികതകൾക്കും അതുപോലെതന്നെ പ്രകൃതിയുടെ ത്രിഗുണങ്ങൾക്കും അതീതനാണു. ഭൂമിയിൽ ഭൌതികമായ ഒന്നിനോടും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നില്ല. സകലഭൂതങ്ങളിലും കുടികൊള്ളുന്ന പരമാത്മാവും അവരുടെ സുഹൃത്തുമാണു ഭഗവാൻ. ശ്രീമഹാലക്ഷ്മിയാൽ സേവിതനായി സർവ്വൈശ്വര്യയുക്തനായിരിക്കുന്ന അവൻ ചേരാതെ ഇവിടെ ഒന്നിനും നിലനിൽ‌പ്പില്ലാത്ത സ്ഥിതിക്ക് അവൻ സീതാദേവിയേയും ലക്ഷ്മണനേയും പിരിഞ്ഞുവെന്നുള്ളതിൽ എന്തർത്ഥമാണുള്ളതു?. ഭൌതികതയുടെ മാനദണ്ഡത്താൽ ഒരിക്കലും അവനെ ലഭിക്കുവാൻ സാധ്യമല്ല. യാതൊരു ഭൌതിക സമ്പത്തിനാലും അവന്റെ സൌഹൃദം സാധ്യമല്ല. അല്ലെങ്കിൽ എങ്ങനെയാണ് കാട്ടിൽ ജനിച്ചുവളർന്ന പ്രാകൃതജന്മങ്ങളായ നമ്മളോട് ഭഗവാൻ കൂട്ടുകൂടിയിരിക്കുന്നതു?. അതുകൊണ്ട്, ദേവന്മാരായാലും മനുഷ്യരായാലും പക്ഷിമൃഗാദികളായാലും സകലഭൂതങ്ങളും മാനുഷരൂപനായ ശ്രീരാമനെ ആശ്രയിക്കുകതന്നെ വേണം. അങ്ങനെ അവൻ പ്രസാദിക്കുന്നു. അവന്റെ തൃപ്രസാദത്താൽ ജന്മം സഫലമാകുകയും ചെയ്യുന്നു. അങ്ങനെയാണ് സകല അയോധ്യാനിവാസികളേയും അവൻ വൈകുണ്ഠത്തിലെത്തിച്ചതു.

ശുകദേവൻ തുടർന്നു: ഹേ രാജൻ!, ഭഗവാൻ ഹരിയുടെ മഹിമകൾ നിഗൂഢമാണു. അവൻ ഭാരതവർഷത്തിലെ ബദ്രികാശ്രമത്തിൽ നരനാരായണനായി പ്രത്യക്ഷനാകുകയുണ്ടായി. അവിടെ തന്റെ ഭക്തന്മാരെ ധർമ്മമെന്തെന്നും ജ്ഞാനമെന്തെന്നും സന്യാസമെന്തെന്നും ആത്മസംയമനമെങ്ങനെ സാധ്യമാക്കമെന്നും അഹങ്കാരത്തെ ഏതുവിധം ഇല്ലാതാക്കാമെന്നുമൊക്കെയുള്ള വിദ്യകൾ പഠിപ്പിച്ചുകൊടുത്തു. സർവ്വൈശ്വര്യയുക്തനായ ഭഗവാൻ അവിടെ തപസ്സനുഷ്ഠിച്ച് മോക്ഷമെങ്ങനെ സാധ്യമാക്കാമെന്ന് ലോകത്തെ പഠിപ്പിച്ചു.

ഹേ പരീക്ഷിത്ത് രാജൻ!, ശ്രീനാരദമഹർഷി നാരദപഞ്ചരാത്രമെന്ന തന്റെ പുസ്തകത്തിലൂടെ ജ്ഞാനത്താലും ഭക്തിയോഗത്താലും മോക്ഷം എങ്ങനെ സാധ്യമാക്കാമെന്ന് വിസ്തരിച്ചുപറയുന്നു. അതിൽ അദ്ദേഹം ഭഗവാൻ ഹരിയുടെ മഹിമകളെ അങ്ങേയറ്റം വർണ്ണിച്ചിരിക്കുന്നു. മഹർഷി പഞ്ചരാത്രത്തിന്റെ പൊരുൾ സാവർണ്ണിമനുവിന് ഉപദേശിക്കുക്കയും, മനു അത് തുടർന്ന് വർണ്ണാശ്രമധർമ്മാനുസരണം ജീവിക്കുന്നവർക്ക് പകർന്നുകൊടുക്കുകയും ചെയ്തു. നാരദമുനി ഭാരതവർഷത്തിലെ നിവാസികളുമായി ഭഗവാനെ നരനാരായണരൂപത്തിൽ ആരാധിച്ചു. നാരദർ ഭഗവാനെ ഇങ്ങനെ വാഴ്ത്തുന്നു: നരനാരായണന്മാർക്ക് എന്റെ നമസ്ക്കാരം!. നിത്യമുക്തനും സർവ്വസംഗപരിത്യാഗികളുടെ സമ്പത്തും സകല പരമഹംസന്മാരുടേയും ഗുരുവുമായ അങ്ങയുടെ തൃപ്പാദങ്ങളിൽ ഞാൻ എന്റെ നമസ്ക്കാരമർപ്പിക്കുന്നു. അങ്ങിവിടെ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരകർത്താവാകുന്നു. എന്നാൽ, ആ കർമ്മങ്ങളിൽ അങ്ങ് സദാ നിസ്പൃഹനായിരിക്കുന്നു. മൂഢന്മാർക്ക് മനുഷ്യനെന്ന് തോന്നുമെങ്കിലും അങ്ങയെ മാനുഷികമായ യാതൊരു ദുഃഖങ്ങളും ബാധിക്കുന്നില്ല. സർവ്വതിനും സാക്ഷിയായിരിക്കുമ്പോഴും അങ്ങയുടെ കണ്ണുകളെ യാതൊന്നും അശുദ്ധമാക്കുന്നില്ല. അങ്ങനെയുള്ള ആ തിരുവടികളിൽ എന്റെ ആത്മപ്രണാമം!. ഹേ യോഗേശ്വരാ!, ബ്രഹ്മദേവന്റെ സിദ്ധാന്തപ്രകാരം, സകലയോഗികളും ദേഹാവസാനത്തിൽ സർവ്വസംഗങ്ങളേയും ത്യജിച്ച് മനസ്സ് അങ്ങയിലർപ്പിച്ച് ശരീരമുപേക്ഷിക്കുന്നു.

ഭൌതികകാമികൾ എപ്പോഴും അവരുടെ ശരീരത്തിലും അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലുമാണ് ആസക്തരാകുന്നതു. ആയതിനാൽ അവർ കുടുംബത്തിൽ അത്യന്തം ആകൃഷ്ടരായിക്കൊണ്ട് മലമൂത്രപാത്രമായ ഈ ശരീരം ഉപേക്ഷിക്കുന്നതിൽ ഭയക്കുന്നു. എന്നാ‍ൽ, അതുപോലെ ഭഗവത്ചിന്തകന്മാരും ശരീരത്യാഗത്തിൽ ഭയക്കുന്നുവെങ്കിൽ പിന്നെ ഇക്കണ്ട ശാസ്ത്രപഠനങ്ങൾകൊണ്ട് അവർ എന്ത് നേടിയിരിക്കുന്നു?. ഹേ അധോക്ഷജാ!, ഞങ്ങളുടെ മനസ്സ് നിന്നിലർപ്പിക്കുവാനുള്ള ശക്തി പകർന്നുനൽകിയാലും. ഞങ്ങളെല്ലാം അവിടുത്തെ മായയിൽ മോഹിതരാണു. അതിനാൽ ഞങ്ങൾ ഈ ശരീരത്തിൽ വല്ലാതെ ആകൃഷ്ടരുമാണു. അങ്ങയുടെ കാരുണ്യം കൂടാതെ ഈ ബന്ധത്തിൽനിന്നും മുക്തി അസാധ്യമാണു. അതുകൊണ്ട്, ആ ബന്ധത്തെ പൊട്ടിച്ചെറിയുവാനുള്ള വരം നൽകി ഞങ്ങളെ അനുഗ്രഹിച്ചാ‍ലും!.

ശ്രീശുകൻ തുടർന്നു: രാജൻ!, ഇളാവൃതവർഷത്തിലെന്നതുപോലെ, ഭാരതവർഷത്തിലും ധാരാളം പർവ്വതങ്ങൾ സ്ഥിതിചെയ്യുന്നു. അവയാണ് മലയം, മംഗളപ്രസ്ഥം, മൈനാകം, ത്രികൂടം, ഋഷഭം, കൂടകം, കൊല്ലകം, സഹ്യം, ദേവഗിരി, ഋഷ്യമൂകം, ശ്രീശൈലം, വെങ്കടം, മഹേന്ദ്രം, വാരിധാരം, വിന്ധ്യം, ശുക്തിമാനം, ഋക്ഷഗിരി, പാരിയാത്രം, ദ്രോണം, ചിത്രകൂടം, ഗോവർദ്ധനം, രൈവതകം, കകുഭം, നീലം, ഗോകമുഖം, ഇന്ദ്രകീലം, കാമഗിരി തുടങ്ങിയവ. കൂടാതെ നദികൾ ഒഴുകിയിറങ്ങുന്ന മറ്റനേകം മലകളും അവിടെയുണ്ടെന്നറിയുക. ആ നദികളിൽ ബ്രഹ്മപുത്രയും ശോണയുമാണ് മുഖ്യനദികൾ. അവിടെയുള്ള മറ്റുള്ള നദികളുടെ നാമങ്ങൾ ഇപ്രകാരമാണു. ചന്ദ്രവശ, താമ്രപർണി, അവതോട, കൃതമാല, വൈഹായസി, കാവേരി, വേണി, പയസ്വിനി, ശർക്കരാവർത്ത, തുംഗഭദ്ര, കൃഷ്ണവേണി, ഭീമരതി, ഗോദാവരി, നിർവിന്ധ്യ, പയോശ്നി, താപി, രേവ, സുരസ, നർമ്മദ, ചാർമണ്വദി, മഹാനദി, വേദസ്മൃതി, ഋഷികുല്യ, ത്രിസാമ, കൌശികി, മന്ദാകിനി, യമുന, സരസ്വതി, ദൃഷദ്വതി, ഗോമതി, സരയു, രോധസ്വതി, സപ്തവതി, സുഷോമ, ശതദ്രു, ചന്ദ്രഭാഗ, മരുദ്വൃധാ, വിതസ്ത, അസിക്നി, വിശ്വ. ഭാരതവർഷവാസികൾ ഈ നദികളെ ആരാധിക്കുകയും അവയിൽ സ്നാനം ചെയ്ത് പരിശുദ്ധരാകുകയും ചെയ്യുന്നു. ഇവിടെ ജനിക്കുന്നവർ സതാദി ത്രിഗുണങ്ങൾക്കനുസരിച്ച് വിഭജിക്കപ്പെട്ടിരിക്കുന്നു. ചിലർ ശ്രേഷ്ഠരായും മറ്റുചിലർ സാധാരണമനുഷ്യരായും എന്നാൽ ചിലരാ‍കട്ടെ, തികച്ചും അധാർമ്മികരായും ജനിക്കപ്പെടുന്നു. ഇവിടെ മനുഷ്യർ തന്റെ പൂർവ്വജന്മകർമ്മങ്ങൾക്കും സംസ്കാരങ്ങൾക്കുമനുസൃതമായി ജന്മങ്ങൾ സ്വീകരിക്കുന്നു. തുടർന്ന്, അവർക്ക് ശ്രേഷ്ഠനായ ഒരു ഗുരുവിനെ ലഭിക്കുകയും അദ്ദേഹത്തിലൂടെ ജ്ഞാനവും ഭക്തിയും നേടി ധാർമ്മികപാതയിലൂടെ ജീവിതം ജീവിക്കുമ്പോൾ ജന്മം സഫലമാകുകയും മോക്ഷം സിദ്ധിക്കുകയും ചെയ്യുന്നു. ജന്മാന്തരങ്ങളിലൂടെ പുണ്യം നേടിക്കഴിയുമ്പോൾ അവർക്ക് സത്തുകളുമായി സംഗമുണ്ടാകുന്നു. ആ സമയം അവർ ജനിമൃതിസംസാരബന്ധത്തിന്റെ കെട്ടുപൊട്ടി സ്വതന്ത്രരാകുകയും സകാമകർമ്മങ്ങളിൽനിന്നും മുക്തരാകുകയും ചെയ്യുന്നു. സത്സംഗത്തിലൂടെ മനുഷ്യന് ഭഗവാനിൽ ഭക്തിയുണ്ടാകകുകയും വിഷയങ്ങളിൽനിന്നും മനസ്സ് പതുക്കെ പതുക്കെ പിൻ‌വലിയുകയും ചെയ്യുന്നു. ഹേ രാജൻ!, അങ്ങനെയുള്ള ഭക്തിയോഗമാണു യഥാ‍ർത്ഥത്തിൽ മോക്ഷത്തിലേക്കുള്ള മാർഗ്ഗം.

മനുഷ്യജന്മം മോക്ഷാർത്ഥം അത്യുദാത്തമായതിനാൽ, സ്വർഗ്ഗവാസികളായ ദേവന്മാർ അതിനെ ഇങ്ങനെ വാഴ്ത്തുന്നു: ഭാരതവർഷത്തിൽ ജനിച്ച മനുഷ്യർ എത്ര പുണ്യവാന്മാരാണു!. മുജ്ജന്മസുകൃതത്തിലൂടെ ഭഗവദ്പ്രസാദം സാധിച്ചവരാണ് ഭാരതവർഷത്തിലെ മനുഷ്യർ. അതുകൊണ്ടാ‍ണവർക്ക് ഭഗവദാരാധനയിൽ ഇത്രകണ്ട് അഭിരുചിയുണ്ടായിരിക്കുന്നതു. നമ്മളാഗ്രഹിക്കുന്നത് അവർ എപ്പൊഴേ നേടിക്കഴിഞ്ഞിരിക്കുന്നു. വളരെ സങ്കീർണ്ണമായ യജ്ഞാനുഷ്ഠാനങ്ങളിലൂടെയും വ്രതങ്ങളിലൂടെയും, ഉദാത്തമായ ദാനധർമ്മാദികളിലൂടെയുമാണ് നമ്മൾക്കീ സ്വർഗ്ഗവാസം സിദ്ധിച്ചിരിക്കുന്നതു. യഥാർത്ഥത്തിൽ നമ്മൾ ഇതിലൂടെ എന്ത് നേടിരിയിരിക്കുന്നു?. ഇവിടെ നമ്മൾ ഇന്ദ്രിയസുഖങ്ങളാസ്വദിക്കുമ്പോൾ അവർ അവിടെ ഭഗവാനെ ആരാധിക്കുന്നു. അവർ അവിടെ ആ പരമപുരുഷന്റെ പാദസേവയിൽ രമിക്കുമ്പോൾ നമ്മളാകട്ടെ, ഇവിടെ ഇന്ദ്രിയസുഖത്തിൽ മുഴുകി ഭഗവദ്പാദങ്ങളെ മറന്നു ജീവിക്കുന്നു. ഭാരതവർഷത്തിലെ അല്പകാലമനുഷ്യജീവിതം സ്വർഗ്ഗത്തിലെ ദീർഘകാലജീവിതത്തേക്കാൾ ശ്രേഷ്ഠമാണു. കാരണം, പുണ്യം ക്ഷയിക്കുമ്പോൾ നമ്മൾ വീണ്ടും ജനനമരണസംസാരത്തിലേക്കെടുത്തെറിയപ്പെടുന്നു. എന്നാൽ, ഭാരതവർഷത്തിൽ ആ അല്പകാലജീവിതത്തിനുള്ളിൽ മനുഷ്യൻ ഭഗവാനിൽ ശരണം പ്രാപിച്ചുകൊണ്ട് യാതൊരുത്കണ്ഠയും ദുഃഖവുമില്ലാത്ത വൈകുണ്ഠത്തിലെത്തപ്പെടുന്നു.

എത്ര സ്വർഗ്ഗീയലോകമാണെങ്കിലും, എവിടെയാണോ ഭഗവദ്മഹിമകളുടെ ഗംഗാപ്രവാഹമില്ലാത്തത്, എവിടെയാണോ ഭഗവത്ഭക്തന്മാരുടെ സംഗമില്ലാത്തത്, എവിടെയാണോ ഭഗവദ്സങ്കീർത്തനയജ്ഞം നടക്കാത്തത്, അവിടെ ഒരിക്കലും ബുദ്ധിമാന്മാർ പ്രവേശിക്കുകയില്ല. ഭാരതവർഷം ജനിമൃതിസംസാരത്തിൽനിന്നും ജീവനെ മുക്തമാക്കുന്നു. അവിടെ വിവേകിയായ മനുഷ്യൻ ഭഗവദഭിമുഖനായി മാറുന്നില്ലെങ്കിൽ, അവൻ സർവ്വസ്വതന്ത്രമായി കാട്ടിൽ വിഹരിക്കുന്ന പക്ഷിമൃഗാദികൾ ഒരിക്കൽ നായാടിയുടെ ഇരയാകുന്നതുപോലെ, കാലന്തരത്തിൽ അധഃപതിക്കുകതന്നെ ചെയ്യുന്നു. ഭാരതവർഷത്തിൽ മനുഷ്യർ വിവിധ ദേവതകളെ ആരാധിക്കുന്നു. ഈ ദേവതകൾ ഭഗവാൻ ഹരിയുടെ അംശങ്ങളാണെന്ന് മനസിലാക്കിക്കൊണ്ട് വിവിധയജ്ഞങ്ങൾകൊണ്ട് ഭാരതവാസികൾ അവരെ പൂജിക്കുന്നു. തത്ഫലമായി ഭഗവാൻ ആ യജ്ഞങ്ങളെ സ്വീകരിച്ചുകൊണ്ട് അവർക്ക് വേണ്ട വരദാനങ്ങൾ നൽകി അനുഗ്രഹിക്കുന്നു. ഭഗവാൻ അവരുടെ സർവ്വാഭീഷ്ടങ്ങളേയും സാധിക്കുന്നു. എന്നാൽ യഥാർത്ഥ ഭക്തന്മാർക്ക് അവരാഗ്രഹിച്ചില്ലെങ്കിൽ‌പോലും അവൻ തന്റെ പദമലരിണകളിൽത്തന്നെ അഭയം നൽകുന്നു. നമ്മൾ ഈ സ്വർഗ്ഗത്തിലെത്തപ്പെട്ടത് തീർച്ചയായും നമ്മൾ ചെയ്ത യജ്ഞങ്ങളുടേയും ദാനധർമ്മാദികളുടേയും വേദാധ്യയനങ്ങളുടേയും ഫലമായി മാത്രമാണു. എന്നാൽ, സുഖാധിഷ്ഠിതമായ ഈ ജീവിതവും ഒരുനാൾ ഇല്ലാതയാകും. അതുകൊണ്ട് നാം ചെയ്ത പുണ്യങ്ങളിൽ എന്തെങ്കിലും ബാക്കി വരികയാണെങ്കിൽ നമ്മൾ വീണ്ടും ഭഗവദ്പാദങ്ങളെ പൂജിക്കുന്ന ആ ഭാരതവർഷത്തിൽ ജനിക്കുവാനുള്ള അനുഗ്രഹത്തിനായി ഭഗവാനോട് പ്രാർത്ഥിക്കാം. അവിടെ അവൻ സ്വയം പ്രത്യക്ഷനായി അവിടെയുള്ളവർക്ക് ദർശനമരുളുന്നു.

ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ രാജൻ!, പണ്ഡിതന്മാരുടെ മതമനുസരിച്ച് ജംബുദ്വീപ് എട്ട് ഉപദ്വീപുകളാൽ ചുറ്റപ്പെട്ടുകിടക്കുന്നു. പണ്ട്, സാഗരചക്രവർത്തിയുടെ പുത്രന്മാൻ തങ്ങളുടെ നഷ്ടപ്പെട്ട അശ്വത്തെ തിരഞ്ഞുനടക്കുന്നതിനിടയിൽ ഭൂമിയെ കിളച്ചുമറിക്കുകയും തത്ഫലമായി ഈ എട്ട് ഉപദ്വീപുകളുണ്ടായെന്നും കരുതപ്പെടുന്നു. സ്വർണ്ണപ്രസ്ഥം, ചന്ദ്രശുക്ലം, ആവർത്തനം, രമണകം, മന്ദരഹരിണം, പാഞ്ചജന്യം, സിംഹളം, ലങ്ക എന്നിവയാണ് ഈ ഉപദ്വീപുകളുടെ നാമങ്ങൾ.

ഹേ ഭാരതോത്തമനായ പരീക്ഷിത്ത് മഹാരാജൻ!, ഞാൻ പഠിച്ചതനുസരിച്ച് ഭാരതവർഷത്തെക്കുറിച്ചും, അതുപോലെ ജംബുദ്വീപിനെക്കുറിച്ചും അതിനെ ചുറ്റിനിൽക്കുന്ന ഉപദ്വീപുകളെക്കുറിച്ചും അങ്ങയോട് ഇതിനകം പ്രതിപാദിച്ചുകഴിഞ്ഞു.
       
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പത്തൊമ്പതാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next



Description of Jambudweep

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ