ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം അദ്ധ്യായം 13
(ജഡഭരതരഹൂഗുണസവാദം-2)
സർവ്വസംഗപരിത്യഗിയായ
ജഡഭരതൻ തുടർന്നു: “ഹേ രഹൂഗുണരാജൻ!, ഈ ഭൌതികലോകത്ത് ജീവഭൂതങ്ങൾ
വിഷയാനുഭവങ്ങളിലൂടെ സുഖം തേടി ദുസ്തരമായ ജനിമൃതിസംസാരത്തിൽ പെട്ടുഴലുന്നു. അവർ സത്വാദി ത്രിഗുണങ്ങൾക്കധീനരായി പുണ്യവും പാപവും മിശ്രവുമായ ഫലങ്ങളെ അനുഭവിക്കുന്നു.
തുടർന്ന് ധർമ്മാർത്ഥകാമമോക്ഷങ്ങളിൽ ആകൃഷ്ടരായി പലേതരം കർമ്മങ്ങളിലേർപ്പെടുന്നു.
അതിനായി മനുഷ്യൻ സംസാരമാകുന്ന കൊടുങ്കാട്ടിലേക്കിറങ്ങിയോടുന്നു. അവിടെ അവൻ രാപ്പകലില്ലാതെ
അലഞ്ഞുതിരിയുന്നു. പക്ഷേ, എത്രകണ്ടലഞ്ഞാലും പ്രയത്നിച്ചാലും
സംസാരത്തിൽ നിത്യമായ സുഖത്തെ ഒരിക്കലും അവന് ലഭ്യമാകുന്നില്ല.
കാരണം, അവൻ വിഹരിക്കാൻ കൊതിക്കുന്ന സംസാരമാകുന്ന
കാട്ടിൽ വളരെയധികം വന്യമൃഗങ്ങൾ വിളയാടുന്നു. വിഷയസുഖം കൊതിച്ചെത്തുന്ന
ജീവനെ സൂത്രത്തിൽ പറ്റിച്ചുകൊണ്ട്, കടുവ കുഞ്ഞാടിനെ അപഹരിക്കുന്നതുപോലെ,
അവ ഭോഗിയായ ജീവാത്മാവിനെ നിഷ്കരുണം കടിച്ചുകീറുന്നു. ആ കാട്ടിൽ ധാരാളം വള്ളിക്കുടിലുകളുണ്ടു.
അവയ്ക്കുള്ളിൽ പെട്ട് മശകങ്ങളുടെ കടിയുമേറ്റ് ജീവന്മാർ ബുദ്ധിമുട്ടുന്നു.
ചിലപ്പോൾ അവർ ആ കാട്ടിൽ പലതരം ഗന്ധർവ്വനഗരങ്ങൾ കണ്ട് രസിക്കുകയും,
എന്നാൽ മറ്റുചിലപ്പോൾ ആകാശത്തിൽനിന്നും ഉൽക്കകൾ പതിക്കുമ്പോലെ
തങ്ങൾക്കുനേരേ വന്നടുക്കുന്ന ഭൂതപ്രേതപിശാചുക്കളെ കണ്ട് ഭയക്കുകയും ചെയ്യുന്നു.
പുത്രദാരങ്ങളെ സംതൃപ്തരാക്കുവാനുള്ള ത്വരയിൽ അവർ വ്യാപാരികളെപ്പോലെ ആ മഹാവനത്തിൽ നെട്ടോട്ടമോടുന്നു. അവരുടെ വശ്യമായ നോട്ടങ്ങളാലും
ഭാവങ്ങളാലും കണ്ണുകൾ മൂടപ്പെട്ട ജീവന്മാർ
അവർക്കുവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്നു. അങ്ങനെ സ്വബോധം നഷ്ടപ്പെട്ട അവർ എങ്ങോട്ടെന്നില്ലാതെ
പാഞ്ഞുകൊണ്ടേയിരിക്കുന്നു. കാതടപ്പിക്കുന്ന ചീവീടുകളുടെ ശബ്ദത്താൽ അവർ അസ്വസ്ഥരാകുന്നു. ഭീതി ജനിപ്പിക്കുന്ന ശത്രുക്കളുടെ ഘോരശബ്ദത്താൽ അവരെടെ ഹൃദയം പൊട്ടിപ്പിളരുന്നു. ആ സമയം, അവർ ഫലമോ പുഷ്പമോ ഇല്ലാത്ത വൃക്ഷങ്ങളുടെ ചുവട്ടിൽ അഭയം പ്രാപിക്കുന്നു.
അവരുടെ വിശപ്പിനെ ശമിപ്പിക്കുവാൻ ആ പാഴ്വൃക്ഷങ്ങൾക്ക് കഴിയാതെ പോകുന്നു. ദാഹത്താൽ തൊണ്ട
വരളുമ്പോൾ അവർ അകലെ മരീചികയെ കണ്ട് അവിടേയ്ക്കോടിയടുക്കുന്നു.
ചിലപ്പോൾ അവർ വിഷയദാഹികളായി
ആഴമില്ലാത്ത ജലാശയത്തിലേക്കെടുത്തുചാടുന്നു. ചിലനേരം ആ സംസാരവനത്തിൽ ആളിപ്പടരുന്ന തീയിൽ
വെന്തുനീറുന്നു. ജീവനുതുല്യം കരുതുന്ന സ്വത്തിനെ മറ്റുള്ളവർ അപഹരിച്ചുകൊണ്ടുപോകുമ്പോൾ
അവർ ദുഃഖിതരായിമാറുന്നു. ആ തീരാദുഃഖത്തിൽ നെഞ്ചത്തടിച്ചുകരഞ്ഞുകൊണ്ട് ബോധം കെട്ടുവീഴുന്നു.
വീണ്ടും ചിലനേരം അവർ രാജഹർമ്മ്യോപമമായ നഗരത്തിൽ
തന്റെ കുടുംബവുമൊത്ത് സുഖിക്കുവാനാഗ്രഹിക്കുന്നു. അതിനെക്കുറിച്ചാഗ്രഹിച്ച് അല്പനേരം
സ്വപ്നലോകത്തിൽ രമിക്കുകയും നിമിഷാർദ്ധംകൊണ്ട് അവിടെനിന്നും നിലം പൊത്തുകയും ചെയ്യുന്നു.
ചിലപ്പോൾ ആ കാട്ടിലെ സമൃദ്ധമായ കൊടുമുടികൾ കണ്ടുഭ്രമിച്ച് അവർ അതിനുമുകളിൽ കയറാൻ ശ്രമിക്കുകയും,
കാലിൽ കല്ലും മുള്ളും കൊണ്ടുകയറി ആ ഉദ്യമത്തിനാകാതെ വിഷമിക്കുകയും ചെയ്യുന്നു. സംസാരവനത്തിലകപ്പെട്ട
ചിലർ ചിലസമയങ്ങളിൽ വിശന്നുവലഞ്ഞ് കുടുംബാംഗങ്ങളോട് കയർക്കുകയും അവരോടു കോപാകുലരായി
പെരുമാറുകയും ചെയ്യുന്നു.
ചിലനേരം ആ വനത്തിൽ അവരെ
മലമ്പാമ്പ് വിഴുങ്ങുകയോ ചുറ്റിവരിയുകയോ ചെയ്യുന്നു. ആ സമയം അവർ അബോധാവസ്ഥയിൽ ആ കൊടുങ്കാട്ടിൽ
ശവശരീരങ്ങൾ പോലെ കിടക്കുന്നു. ചിലപ്പോൾ മൂർഖനെപ്പോലെയുള്ള വിഷപാമ്പുകളുടെ ദംശനമേറ്റ്
അന്തഃകൂപത്തിലേക്ക് അവർ ആണ്ടുപതിക്കുന്നു. രക്ഷയ്ക്കായി ആരോരുമില്ലാതെ ബോധരഹിതരായി
അവർ അതിനുള്ളിൽ പെട്ടുപോകുന്നു.
ചിലനേരങ്ങളിലാകട്ടെ, അവർ
സുഖത്തിനായി അന്യന്റെ സ്വത്തിനെ മോഹിക്കുന്നു. മധുപന്റെ കൂട്ടിലെ മധു മോഹിച്ചെത്തി
അവിടെനിന്നും മറ്റുള്ള മധുപന്മാരാൽ ആട്ടിപ്പായിക്കപ്പെടുന്നതുപോലെ, അവർ ഘോര അപമാനത്തിനിരയാകുന്നു.
അതേസമയംതന്നെ, തങ്ങൾ വളരെ ബുദ്ധിമുട്ടി കഷ്ടപ്പെട്ടുനേടിയ സുഖഭോഗത്തെ അന്യർ അപഹരിച്ചുകൊണ്ടുപോകുകയും
ചെയ്യുന്നു. ചിലപ്പോൾ അവർ ശീതതാപവാതവർഷങ്ങളെ സഹിക്കവയ്യാതെ കഷ്ടപ്പെടുന്നു. ചില സാഹചര്യങ്ങളിൽ
അന്യോന്യം ചതിച്ചും പറ്റിച്ചും സുഖിക്കാൻ നോക്കുന്നു. അങ്ങനെ അവർ തമ്മിൽ ദ്വേഷിക്കുകയും
അത് കലഹങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ചിലർക്ക് ഈ വനത്തിൽ പാർപ്പിടമോ, കുടുംബത്തോടുത്ത്
ജീവിക്കുവാനുള്ള മറ്റു സൌകര്യങ്ങളോ ഇല്ലാതെവരുന്നു. ആ സമയം അവർ യാജകരായി ജനമധ്യത്തിലിറങ്ങി
കൈനീട്ടുന്നു. അതിലും തൃപ്തമാകാതെ വരുമ്പോൾ മറ്റുള്ളവരുടെ സ്വത്തിനെ മോഷ്ടിക്കുകയും
അതിലൂടെ സുഖം കാമിക്കുകയും ചെയ്യുന്നു. എന്നാൽ താമസിയാതെ അവർ പിടിക്കപ്പെടുകയും സമൂഹത്തിൽ
അപമാനിതരായി ഒറ്റപ്പെടുകയും ചെയ്യുന്നു.
ഹേ രാജൻ! സംസാരമാകുന്ന ഈ
വനത്തിൽ മനുഷ്യൻ സ്വത്തിനുവേണ്ടി ബന്ധങ്ങളുണ്ടാക്കുകയും അതുവഴി അവരുമായി ശത്രുതയിലാകുകയും
ചെയ്യുന്നു. ചില ഭവനങ്ങളിൽ ഭാര്യയും ഭർത്താവും കുടുംബത്തിന്റെ സുഖത്തിനായി രാപ്പകലില്ലാതെ
കഷ്ടപ്പെടുന്നു. എന്നാൽ, നിനച്ചിരിക്കാതെ വ്യാധികൾ വന്നടുക്കുകയും വാരിക്കൂട്ടിയ ധങ്ങളൊന്നും
പോരാതെവരികയും ചെയ്യുന്നു. ഹേ രഹൂഗുണരാജാവേ!, ആ കാനനമാഗമധ്യേ ആദ്യം അവന് തന്റെ മാതാപിതാക്കളെ
നഷ്ടപ്പെടുന്നു. പിന്നീടുള്ള കാലമത്രയും അവൻ തന്റെ മക്കൾക്കും കുടുംബത്തിനും വേണ്ടി
സുഖത്തെ അന്വേഷിച്ചലയുന്നു. എന്നാൽ, മരണം വരെയും ആരും ഇതിൽനിന്നും പിന്തിരിയുന്നില്ല.
ഭൂമിയെ സ്വന്തമാക്കാനും
അവളെ ഭരിക്കുവാനുമുള്ള ത്വരയിൽ ധാരാളം വീരന്മാർ പരസ്പരം പോരാടി ജയിക്കുകയും പടക്കളത്തിൽ
മരിച്ചുവീഴുകയും ചെയ്തിട്ടുണ്ടു. എന്നാൽ, അജ്ഞാനത്താൽ ആരുംതന്നെ തന്റെയോ ഈ ഭൂമിയുടെതന്നെയോ
സ്വരൂപത്തെ തിരിച്ചറിയാൻ ശ്രമിച്ചിട്ടില്ല. വീരന്മാരായിരുന്നിട്ടുകൂടി അവർക്ക് ആത്മസാക്ഷാത്ക്കാരത്തിന്റെ
പാതയിലൂടെ ചരിക്കുവാൻ സാധിച്ചിട്ടില്ല. അവർ സംസാരമാകുന്ന ആ കാട്ടിലെ വള്ളിച്ചെടിയാകുന്ന
പുത്രദാരങ്ങളുടെ ആശ്ലേഷണം ആഗ്രഹിക്കുന്നു. ആ സമയം മരണമാകുന്ന സിംഹങ്ങൾ അവർക്കുനേരേ
പാഞ്ഞടുക്കുന്നു. അവയുടെ പിടിയിൽനിന്നും രക്ഷനേടാനായി അവർ കപടവേഷധാരികളായ സുഹൃത്തുക്കളുടെ
സഹായം അഭ്യർത്ഥിക്കുന്നു. പിന്നൊരിക്കൽ പറ്റിക്കപ്പെട്ടുവെന്ന് മനസ്സിലാകുമ്പോൾ അവർ
അവരിൽനിന്നുമകന്നു കുറേക്കാലം ഭഗവദ്ഭക്തന്മാരുടെ സംഗത്തിൽ ചേരുന്നു. എന്നാൽ ദൌഭാഗ്യവശാൽ
അവർക്ക് ഭഗവാനിൽ രമിക്കുവാൻ കഴിയാതെ വരികയും തുടർന്ന് വീണ്ടും വിഷയാശയോടെ ആ കാട്ടിലേക്കുതന്നെ
സുഖംതേടി തിരിച്ചുപോകുകയും ചെയ്യുന്നു. അങ്ങനെ പലവിധ വിഷയഭോഗങ്ങളിൽപ്പെട്ട് സ്വയം
ജന്മത്തെ വിഫലമാക്കി മരണം നേടുകയും ചെയ്യുന്നു.
മേൽപ്പറഞ്ഞ രീരിതിയിൽ അവർ
കുരങ്ങന്മാരെപ്പോലെ വിഷയങ്ങളാകുന്ന മരങ്ങളിൽനിന്നും മരങ്ങളിലേക്ക് ചാടി അല്പസുഖത്തെ
അനുഭവിക്കുന്നു. കാലങ്ങൾ കടന്ന്, വാർദ്ധക്യത്തിൽ കുടുംബവും അവരെ ഉപേക്ഷിക്കുന്നു. അവിടെ
അവർ നിരാലംബരായി കാലം തള്ളിനീക്കുന്നു. ചിലപ്പോൾ ആ സമയത്ത് അന്തകാരം നിറഞ്ഞ ഗുഹയിലടയ്ക്കപ്പെട്ടതുപോലെ
അവർ മാറാരോഗങ്ങൾക്കടിപ്പെട്ടുപോകുന്നു. ആ സമയം ആ ഗുഹയ്ക്കുപിന്നിൽ തങ്ങളെ തുറിച്ചുനോക്കുന
കരിരൂപിയായ മരണത്തെ കണ്ട് അവർ ഭയന്നുവിറയ്ക്കുന്നു. രക്ഷയ്ക്കായി ചുള്ളിക്കൊമ്പിലും
കയ്യിൽ കിട്ടുന്ന എന്തിലും കടന്നുപിടിക്കുന്നു. ഹേ ശത്രുനാശനാ!, ആശ്ചര്യമെന്നു പറയട്ടെ,
വല്ലവിധത്തിലും രക്ഷപ്പെട്ടാൽ, അവർ വീണ്ടും പൂർവ്വാധികം വിഷയാസക്തരായി ആ കാട്ടിനുള്ളിലേക്കുതന്നെ
തിരിച്ചുവരുന്നു. അങ്ങനെ മായയുടെ പിടിയിൽപെട്ട് അവർ ആ സംസാരവനത്തിൽനിന്നും ഒരിക്കലും
രക്ഷപ്പെടാതെ അതിൽ അലഞ്ഞുതിരിയുന്നു. മരണം വരെയും അവർ തന്റെ ജന്മോദ്ദേശത്തെ അറിയുന്നില്ല.
ഹേ മഹാരാജൻ!, താങ്കളും അതുപോലെ
മായയുടെ പിടിയിലകപ്പെട്ടിരിക്കുകയാണു. അതുകൊണ്ട് അങ്ങും അവിടുത്തെ രാജപദവിയേയും രാജദണ്ഡിനേയും
ഉപേക്ഷിക്കുക. വിഷയങ്ങളോടുള്ള ആസക്തി ഒഴിവാക്കുക. പകരം, ഭക്തികൊണ്ട് ജ്ഞാനമാകുന്ന ഖഡ്ഗം
സ്വീകരിക്കുക. അതുകൊണ്ട് അങ്ങ് മായയുടെ ഈ കെട്ടിനെ അറുത്തെറിയുക. അതുവഴി സംസാരമാകുന്ന
ഈ കൊടുംകാടിനെ മറികടക്കുക.”
ഇത്രയും കേട്ടുനിന്ന രഹൂഗുണരാജാവ്
പറഞ്ഞു: “മനുഷ്യജന്മമാണു കോടാനുകോടി ജീവജാലങ്ങളിൽ വച്ച്
മഹത്തായ ജന്മം. സ്വർഗ്ഗത്തിൽ ദേവന്മാർക്കിടയിൽ കിട്ടുന്ന ജന്മം പോലും ഭൂമിയിലെ ഈ മനുഷ്യജന്മത്തിനുമേൽ
ശ്രേഷ്ഠമല്ല. അല്ലെങ്കിൽത്തന്നെ ദേവജന്മത്തിലൂടെ ജീവന് എന്ത് നേടാനാണു?. അവർ അവിടെ
പുണ്യങ്ങളെ അനുഭവിക്കുന്നതിനിടയിൽ സത്സംഗത്തിന് എന്ത് പ്രസക്തിയാണുള്ളതു?. ഹേ ബ്രാഹ്മണശ്രേഷ്ഠാ!,
അവിടുത്തെ പാദധൂളികൾ ശിരസ്സിലണിയുന്നതിലൂടെ ഒരുവന് അധോക്ഷജനിൽ ഭക്തിയുണ്ടാകുന്നെങ്കിൽ,
അതിലെന്താശ്ചര്യമാണുള്ളതു?. അങ്ങയോടൊപ്പമുള്ള ഒരു നിമിഷത്തെ സംഗത്താൽ എന്റെ സകല സംശയങ്ങളും
മാറിയിരിക്കുന്നു. എന്നെ സംസാരത്തിൽ ബന്ധിച്ചിരുന്ന അഹങ്കാരവും രാഗദ്വേഷങ്ങളും ഒഴിഞ്ഞുപോയിരിക്കുന്നു.
ഞാൻ ഇപ്പോൾ അവയിൽനിന്നെല്ലാം മുക്തനാണു. സകല സാധുക്കൾക്കും എന്റെ നമസ്ക്കാരം. ഏതുവേഷത്തിലുള്ളവരായാലും
ഞാനവരെ ഹൃദയംകൊണ്ട് നമിക്കുകയാണു. അവരെ ദ്വേഷിക്കുന്നവർക്ക് അവരുടെ കാരുണ്യംകൊണ്ടുതന്നെ
സർവ്വമംഗളങ്ങളും ഭവിക്കട്ടെ!.”
ശുകദേവൻ പറഞ്ഞു: “ഹേ ഉത്തരയുടെ പുത്രനായ പരീക്ഷിത്ത് രാജൻ!,
തന്നെക്കൊണ്ട് പല്ലക്ക് വഹിപ്പിക്കുകയും തന്നെ പരിഹസിക്കുകയും ചെയ്ത രഹൂഗുണരാജാവിനോട്
ജഡഭരതനുണ്ടായിരുന്ന നീരസം മാറുകയും അദ്ദേഹത്തിന്റെ ഹൃദയം ഉൾക്കടലിനെപ്പോലെ ശാന്തമാകുകയും
ചെയ്തു. തന്നെ അപഹസിച്ച രഹൂഗുണചക്രവർത്തിക്ക് പരമഹംസനും കാരുണ്യഹൃദയനുമായ ജഡഭരതൻ ആത്മതത്വത്തെ
ഉപദേശിച്ചുകൊടുത്തു. തന്നിൽ അഭയം പ്രാപിച്ച രാജാവിനെ അനുഗ്രഹിച്ചതിനുശേഷം അദ്ദേഹം എങ്ങോട്ടെന്നില്ലാതെ
അവധൂതവേഷനായി യാത്രതിരിച്ചു. ജഡഭരതനാൽ ഉപദിഷ്ടനായ രഹൂഗുണചക്രവർത്തിക്ക് തന്റെ സ്വരൂപത്തെ
മനസ്സിലാകുകയും വിഷയങ്ങളിലുള്ള ആസക്തി ഒഴിയുകയും ചെയ്തു. ഹേ രാജൻ!, ആരാണോ ഭഗവാൻ ഹരിയുടെ
ഭക്തരിൽ ശരണം പ്രാപിക്കുന്നതു, അവൻ ശരീരം താനാണെന്ന മായാഭാവത്തെ ജയിക്കുകയും തന്റെ യഥാർത്ഥസ്വരൂപത്തെ തിരിച്ചറിയുകയും ചെയ്യുന്നു.”
പരീക്ഷിത്ത് രാജാവ് ശുകദേവനോട്
പറഞ്ഞു: “ഹേ പ്രഭോ!, ഹേ ഭക്തോത്തമാ!, സംസാരമാകുന്ന
മഹാവനത്തിൽ അലഞ്ഞുതിരിയുന്ന ജീവാത്മാക്കളുടെ അവസ്ഥയെ അങ്ങ് വളരെയധികം ലളിതമായും ഭംഗിയായും
അടിയനെ ബോധിപ്പിക്കുവാൻ ശ്രമിച്ചു. എന്നാൽ ഈ കഥയുടെ അന്തഃസ്സത്തയെ അറിയുവാൻ ജ്ഞാനികൾക്ക്
മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ട്, ഹേ ഗുരോ!, ഞാൻ അവിടുത്തോടപേക്ഷിക്കുകയാണു, ഇതിന്റെ
പ്രത്യക്ഷേണയുള്ള പൊരുൾകൂടി പറഞ്ഞ് അടിയനെ ബോധവാനാക്കിയാലും!.
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം പതിമൂന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.
Spiritual advises to King Rahuguna by Jadabharata
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ