2020, മാർച്ച് 14, ശനിയാഴ്‌ച

9.7 ഹരിശ്ചന്ദ്രോപാഖ്യാനം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 7
(ഹരിശ്ചന്ദ്രോപാഖ്യാനം.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: മഹാരാജാവേ!, മാന്ധാതാവിന്റെ പുത്രന്മാരിൽ ശ്രേഷ്ഠനും പ്രകീർത്തിതനുമായിരുന്നു അംബരീഷമഹാരാജാവ്. അദ്ദേഹത്തിന്റെ പുത്രൻ യൌവ്വനാശ്വനും, യൌവ്വനാശ്വന്റെ പുത്രൻ ഹാരിതനുമായിരുന്നു. ഇവർ മൂന്നുപേരും മാന്ധാതാവംശപരമ്പരയിൽ പ്രമുഖന്മാരായിരുന്നു.

രാജൻ!, നർമ്മദയെ നാഗദേവതകളായ അവളുടെ സഹോദരന്മാർ പുരുകുത്സന് വിവാഹം കഴിപ്പിച്ചുനൽകി. അവൾ അവനെ പാതാളലോകത്തിലേക്ക് കൊണ്ടുപോയി. അവിടെവച്ച്, വിഷ്ണുവിന്റെ ശക്തിയാൽ അനുഗ്രഹീതനായ പുരുകുത്സൻ, ദുർമ്മതികളായ കുറെ ഗന്ധർവ്വന്മാരെ വധിയ്ക്കുകയുണ്ടായി. ഈ ചരിതത്തെ സ്മരിക്കുന്നവർക്ക് നാഗങ്ങളിൽ നിന്ന് ഭയമുണ്ടാകുകയില്ലെന്ന വരവും നാഗദേവതകളിൽനിന്നും അദ്ദേഹത്തിന് ലഭിച്ചു. പുരുകുത്സന് ത്രസദസ്യു എന്ന ഒരു മകൻ ജനിച്ചു. ത്രസദസ്യുവിന്റെ പുത്രനായി അനരണ്യനും, അവന് പുത്രനായി ഹര്യശ്വനും, അവനിൽനിന്ന് അരുണനും, അവനിൽനിന്ന് നിബന്ധനും പിറന്നു. നിബന്ധന്റെ പുത്രനായിരുന്ന് സത്യവ്രതൻ. അവനെ ത്രിശങ്കു എന്നും വിളിക്കുന്നു. ഒരിക്കൽ, വിവാഹസമയത്ത് ഒരു ബ്രാഹ്മണപുത്രിയെ അപഹരിച്ചതിനെതുടർന്ന് അവളുടെ പിതാവിന്റെ ശാപത്താൽ ഇവൻ പിന്നീട് ചണ്ഡാളനായിമാറി. എങ്കിലും വിശ്വാമിത്രമഹർഷിയുടെ അനുഗ്രഹത്താൽ ഈ ത്രിശങ്കു പിന്നീട് ഉടലോടെ സ്വർഗ്ഗത്തിലേക്ക് പോകുകയുണ്ടായി. എന്നാൽ ദേവന്മാർ ഇവനെ വീണ്ടും താഴേയ്ക്ക് പതിപ്പിച്ചു. പക്ഷേ, വിശ്വാമിത്രൻ തന്റെ തപഃശക്തിയാൽ ഇവനെ ആകാശത്തിൽത്തന്നെ സ്ഥാപിച്ചു. ഇപ്പോഴും ഇവൻ അവിടെത്തന്നെ തലകീഴായി നിലകൊള്ളുന്നു. ഈ ത്രിശങ്കുവിന്റെ പുത്രാനാണ് ഹരിശ്ചന്ദ്രൻ. ഹരിശ്ചന്ദ്രനെ ചൊല്ലി വിശ്വമിത്രവസിഷ്ഠമഹർഷിമാരിൽ കലഹം സംഭവിയ്ക്കുകയും, അവർ ഏറെ കാലം പരസ്പരശാപത്താൽ പക്ഷികളായി ഭവിച്ച് കലഹിച്ചുകൊണ്ടിരിക്കുകയും ചെയ്തു.

ഹരിശ്ചന്ദ്രൻ പുത്രനില്ലാത്തതിൽ ദുഃഖിതനായിരുന്നു. ഒരിക്കൽ, നാരദരുടെ ഉപദേശം സ്വീകരിച്ച് ഹരിശ്ചന്ദ്രൻ വരുണനെ പ്രീതിപ്പെടുത്തി ഒരു പുത്രനായിക്കൊണ്ട് അപേക്ഷിച്ചു. അല്ലയോ പരീക്ഷിത്ത് രാജാവേ!, തനിയ്ക്കൊരു പുത്രനെ നൽകാമെങ്കിൽ അവനെക്കൊണ്ടുതന്നെ മഹായാഗം ചെയ്ത് വരുണനെ പ്രീതിപ്പെടുത്താമെന്നും ഹരിശ്ചന്ദ്രൻ വരുണദേവന് വാക്കുനൽകി. അങ്ങനെയാകട്ടെ!, എന്ന് വരുണൻ ഹരിശ്ചന്ദ്രനെ അനുഗ്രഹിച്ചു. തതനുഗ്രഹത്താൽ ഹരിശ്ചന്ദ്രന് രോഹിതൻ എന്ന ഒരു പുത്രൻ ജനിച്ചു. കുട്ടിയുടെ ജനനത്തിനുശേഷം വരുണൻ ഹരിശ്ചന്ദ്രനെ സമീപിച്ച് പറഞ്ഞു: ഹേ രാജൻ!, നമ്മുടെ അനുഗ്രഹത്താൽ അങ്ങേയ്ക്കിതാ ഒരു കുഞ്ഞ് ജനിച്ചിരിക്കുന്നു. ഇനി അങ്ങ് സമ്മതിച്ചതുപോലെ ഇവനെക്കൊണ്ട് എന്നെ യജിക്കുക. അതിനുത്തരമായി ഹരിശ്ചന്ദ്രൻ പറഞ്ഞത്, യാഗമൃഗം ജനിച്ച് പത്തുദിവസം തികയുമ്പോൾ മാത്രമേ അതിനെക്കൊണ്ട് യജ്ഞം അനുഷ്ഠിക്കാനാകൂ എന്നായിരുന്നു. പത്തുദിവസങ്ങൾക്കുശേഷം വീണ്ടും വരുണൻ തന്നെ യജിക്കുവാൻ പറഞ്ഞപ്പോൾ, യജ്ഞപശുവിന് പല്ലുകൾ മുളയ്ക്കുമ്പോഴാണ് അത് യജ്ഞയോഗ്യമാകുന്നത് എന്ന് പറഞ്ഞ് മടക്കിയയയ്ച്ചു. പല്ലുകൾ മുളച്ചതിന് ശേഷം വരുണൻ വീണ്ടും വന്നു. അപ്പോൾ, പല്ലുകൾ കൊഴിയുമ്പോഴാണ് യജ്ഞപശു കൂടുതൽ യോഗ്യമാകുന്നതെന്ന് ഹരിശ്ചന്ദ്രനും പറഞ്ഞു. വീണ്ടും വരുണനെത്തി. എന്നാൽ, വീണ്ടും പല്ലുകൾ വന്നാൽ കുട്ടി യജ്ഞത്തിന് പരിശുദ്ധനാകുമെന്ന് ഹരിശ്ചന്ദ്രനും പറഞ്ഞു. രണ്ടാമതും പല്ലുകൾ മുളച്ചപ്പോൾ വരുണനെത്തി തന്റെ ആവശ്യം അറിയിച്ചു. എന്നാൽ, ക്ഷത്രിയനായ തന്റെ മകൻ യജ്ഞത്തിന് യോഗ്യനാകണമെങ്കിൽ അവൻ യുദ്ധത്തിന് പ്രാപ്തനാകണം എന്നറിയിച്ചു. രാജൻ!, ഇങ്ങനെ, വരുണൻ തന്റെ ആവശ്യമറിയിച്ചുകൊണ്ടും, ഹരിശ്ചന്ദ്രൻ പുത്രസ്നേഹത്താൽ അത് ഓരോരോ ഒഴിവുകൾ പറഞ്ഞ് നീട്ടിക്കൊണ്ടും കാലമൊരുപാട് കടന്നുപോയി.

തന്റെ പിതാവും വരുണനുമിടയിലുള്ള ഈ സംഭവത്തെ മനസ്സിലാക്കിയ രോഹിതൻ ജീവരക്ഷാർത്ഥം അമ്പും വില്ലുമായി വനത്തിലേക്ക് പുറപ്പെട്ടു. എന്നാൽ, തന്റെ പിതാവ് വരുണനാൽ ഗ്രസിക്കപ്പെട്ടവനും മഹോദരരോഗം ബാധിച്ചവനുമാണെന്നറിഞ്ഞ രോഹിതൻ തിരികെ നാട്ടിലേക്ക് മടങ്ങാനുദ്ദേശിച്ചു. ആ സമയം, വഴിയിൽ ദേവേന്ദ്രൻ അവനെ തടഞ്ഞു. ഈ അവസരത്തിൽ തീർത്ഥാടനമാണ് സർവ്വോചിതം എന്ന ഇന്ദ്രന്റെ ഉപദേശമനുസരിച്ച് രോഹിതൻ ആ വർഷം മുഴുവനും കാട്ടിൽതന്നെ കഴിഞ്ഞു. ശേഷം തുടർന്നുള്ള രണ്ടും മൂന്നും നാലും അഞ്ചും വർഷങ്ങളിൽ ദേവേന്ദ്രൻ ഒരു ബ്രാഹ്മണവൃദ്ധന്റെ രൂപത്തിൽ രോഹിതനെ സമീപിച്ച് നാട്ടിലോട്ടുള്ള അവന്റെ ആഗമനം തടഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ, ആറാം വർഷം കഴിഞ്ഞ്, അജീഗർത്തനെന്ന ഒരു ബ്രാഹ്മണനിൽനിന്നും അദ്ദേഹത്തിന്റെ രണ്ടാം പുത്രനായ ശുനഃശേപനെ വിലയ്ക്കുവാങ്ങി യാഗപശുവായി തന്റെ അച്ഛന്റെ കാൽക്കൽ വച്ച് നമസ്ക്കരിച്ചു. അതിലൂടെ ഹരിശ്ചന്ദ്രൻ വരുണനെ യജിച്ച് തൃപ്തനാക്കുകയും, തുടർന്ന്, വരുണനാൽ തനിക്ക് ഭവിച്ച മഹോദരരോഗം മാറി അനുഗ്രഹീതനാകുകയും ചെയ്തു. ആ യാഗത്തിൽ വിശ്വാമിത്രൻ ഹോതാവായി. ജമദഗ്നിമഹർഷി യജുർവേദമന്ത്രങ്ങളുരുവിട്ടു. വസിഷ്ഠമുനി മുഖ്യബ്രാഹ്മണനായി. സാമവേദത്തെ ആയാസ്യമുനിയും പാടി. സന്തുഷ്ടനായ ഇന്ദ്രൻ ഹരിശ്ചന്ദ്രന് തങ്കനിർമ്മിതമായ ഒരു രഥം സമ്മാനിച്ചു. രാജാവേ!, ശുനഃശേപന്റെ മഹിമയെ പിന്നീട് വർണ്ണിക്കുന്നതാ‍ണു. സത്യസന്ധനായ ഹരിശ്ചന്ദ്രനെ വിശ്വാമിത്രമഹർഷി അദ്ദേഹത്തിന് ആത്മഗതിയ്ക്കുതകുന്ന ജ്ഞാനം പ്രദാനം ചെയ്തു.

ആ ജ്ഞാനത്തെ പരിശീലിച്ചുകൊണ്ട് ഹരിശ്ചന്ദ്രൻ തന്റെ മനസ്സിനെ പൃഥ്വിയിലും, പൃഥ്വിയെ ജലത്തിലും, ജലത്തെ അഗ്നിയിലും, അഗ്നിയെ വായുവിലും, വായുവിനെ ആകാശത്തിലും, ആകാശത്തെ അഹങ്കാരതത്വത്തിലും, അഹങ്കാരത്തെ മഹത് തത്വത്തിലും ലയിപ്പിച്ച്, ചിത്തത്തിൽ ആത്മതത്വത്തെ ധ്യാനിച്ച്, അജ്ഞാനത്തെ ഇല്ലാതാക്കി, ഒടുവിൽ, ആ ധ്യാനവൃത്തിയേയും കൂടി ഉപേക്ഷിച്ച്, നിർവ്വാണസുഖമാകുന്ന അനുഭൂതിയാൽ മുക്തനായി, സ്വസ്വരൂപത്തെയറിഞ്ഞുകൊണ്ട് ജീവിച്ചു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം ഏഴാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next



2019, ഡിസംബർ 16, തിങ്കളാഴ്‌ച

അദ്ധ്യാത്മരാമായണം – ബാലകാണ്ഡം (സീതാദേവി ഹനുമാന് രാമതത്വമുപദേശിക്കുന്നത്)

അദ്ധ്യാത്മരാമായണം – ബാലകാണ്ഡം (ശ്രീരാമസ്തുതിയും ഇഷ്ടദേവതാപ്രാർത്ഥനയും)

അദ്ധ്യാത്മരാമായണം – ബാലകാണ്ഡം (ശ്രീരാമസ്തുതിയും ഇഷ്ടദേവതാപ്രാർത്ഥനയും)

2019, നവംബർ 29, വെള്ളിയാഴ്‌ച

9.6 ഇക്ഷ്വാകുവിന്റെ വംശപരമ്പരാവർണ്ണനം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 6
(ഇക്ഷ്വാകുവിന്റെ വംശപരമ്പരാവർണ്ണനം.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: രാജാവേ!, അംബരീഷമഹാരാജാവിനു് വിരൂപൻ, കേതുമാൻ, ശംഭു എന്നിങ്ങനെ മൂന്നു് പുത്രന്മാരുണ്ടായിരുന്നു. അതിൽ വിരൂപന്റെ പുത്രനായിരുന്നു പൃഷദശ്വൻ. അവന്റെ പുത്രനായി രഥീതരനും ജനിച്ചു. സന്തതിയില്ലാതിരുന്ന രഥീതരന്റെ ഭാര്യയിൽ അംഗിരസ്സുമുനി പുത്രോത്പാദനം നടത്തി. അമ്മ രഥീതരപത്നിയായതിനാൽ രഥീതരവംശമായും, എന്നാൽ, അംഗിരസ്സുമുനിയുടെ രേതസ്സാലുണ്ടായതിനാൽ അംഗിരസ്ഥന്മാരായും അവർ ഗണിക്കപ്പെടുന്നു. കൂടാതെ, ഒരേസമയം ക്ഷത്രിയരും ബ്രാഹ്മണരുമായ ഇക്കൂട്ടർ രഥീതരവംശത്തിലെ ശ്രേഷ്ഠന്മാരായാണറിയപ്പെടുന്നതു. രാജൻ!, വൈവസ്വതമനുവിന്റെ ഘ്രാണേന്ദ്രിയത്തിൽനിന്നും ജനിച്ച പുത്രനായിരുന്നു ഇക്ഷ്വാകു. ആ ഇക്ഷ്വാകുവിനു് നൂറു് പുത്രന്മാരുണ്ടായിരുന്നു. അവരിൽ പ്രധാനികൾ വികുക്ഷി, നിമി, ദണ്ഡകൻ മുതലായവരായിരിന്നു. ഈ നൂറുപേർ വിവിധ പ്രദേശങ്ങളിലെ അധിപതികളായി ഭവിച്ചു.

രാജാവേ!, ഒരിക്കൽ വികുക്ഷിയെ വിളിച്ചുവരുത്തി, വൈകാതെ എവിടെനിന്നെങ്കിലും കുറച്ചു് ശുദ്ധമായ മാംസം കൊണ്ടുവരുവാൻ ഇക്ഷ്വാകു ആജ്ഞാപിച്ചു.  പിതാവിന്റെ ആജ്ഞയനുസരിച്ചു് വികുക്ഷി കാട്ടിൽ പോയി ശ്രാദ്ധകർമ്മങ്ങൾക്കുതകുന്ന കുറെ മൃഗങ്ങളെ വേട്ടയാടിക്കൊന്നു. പക്ഷേ, വിശന്നുതളർന്ന അവന്റെ ഓർമ്മ നശിക്കുകയും, ആയതിനാൽ ശ്രാദ്ധത്തിനായി കൊന്ന മുയലിനെ സ്വയം ഭക്ഷിക്കുകയും ചെയ്തു. ശേഷം, ബാക്കിയുള്ളതിനെ കൊട്ടാരത്തിൽ കൊണ്ടുവന്നു് പിതാവിനെ ഏൽപ്പിച്ചു. തീർത്ഥം തളിച്ചു് ശുദ്ധമാക്കാനൊരുങ്ങിയപ്പോൾ ആ മാംസം അശുദ്ധമാണെന്നു് വസിഷ്ഠമഹർഷിയ്ക്കു് മനസ്സിലായി. അതു് ഉച്ഛിഷ്ടവുമാണെന്നും ആയതിനാൽ കർമ്മത്തിനെടുക്കാൻ പാടില്ലെന്നും വസിഷ്ഠൻ രാജാവിനെ അറിയിച്ചു. രാജാവു് ഉടൻതന്നെ വികുക്ഷിയ്ക്കു് ശിക്ഷ വിധിയ്ക്കുകയും, അയാളെ ആ ദേശത്തുനിന്നും ആട്ടിപ്പുറത്താക്കുകയും ചെയ്തു. ഇക്ഷ്വാകു പിന്നീടു് ഗുരു വസിഷ്ഠമഹർഷിയുമായി നിരന്തരം സമ്പർക്കത്തിലാകുകയും അദ്ദേഹത്തിൽനിന്നും അദ്ധ്യാത്മവിദ്യയെ ഗ്രഹിച്ചു് ജ്ഞാനിയായി യോഗസാധനിയിലൂടെ ശരീരത്തെ ത്യജിച്ചു് പരമതത്വത്തിലലിയുകയും ചെയ്തു.

രാജൻ!, മുയൽമാംസം ഭക്ഷിച്ചതിനാൽ ശശാദൻ എന്ന പേരിൽ പ്രസിദ്ധനായ വികുക്ഷി പിതാവിന്റെ മരണത്തിനുശേഷം നാട്ടിൽ തിരിച്ചെത്തുകയും, രാജ്യഭരണമേറ്റെടുക്കയും ചെയ്തു. അദ്ദേഹം ഈ ഭൂമിയെ പാലിച്ചുകൊണ്ടു് വിവിധ യജ്ഞങ്ങളാൽ മഹാവിഷ്ണുവിനെ ആരാധിച്ചു. ആ ശശാദന്റെ പുത്രനായിരുന്നു പുരഞ്ജയൻ. പുരഞ്ജയഅദ്ദേഹത്തിന്റെ കർമ്മങ്ങളെ ആസ്പദമായി ഇന്ദ്രവാഹൻ, കകുത്സ്ഥൻ എന്നിങ്ങനെ മറ്റുചില പേരുകളിലും അറിയപ്പെടുന്നുണ്ടു. ഒരിക്കൽ അസുരന്മാരുമായി യുദ്ധത്തിൽ പരാജിതരായ ദേവന്മാർ പുരഞ്ജയന്റെ സഹായം തേടി. അന്നു് ഭഗവാൻ മഹാവിഷ്ണുവിന്റെ ആദേശത്തിനു് വഴങ്ങി ദേവേന്ദ്രൻ ഒരു കൂറ്റൻ കാളായായി മാറിക്കൊണ്ടു് പുരഞ്ജയന്റെ വാഹനമായി. അതിന്മേലിരുന്നു് അദ്ദേഹം വിഷ്ണുഭഗവാന്റെ അനുഗ്രഹത്തോടെ ദേവന്മാരോടൊപ്പം  അസുരന്മാരോടു് യുദ്ധം ചെയ്തു് അവരെ പടിഞ്ഞാറുദിക്കിൽ തടഞ്ഞുനിർത്തി. അങ്ങനെ ദേവാസുരന്മാർക്കിടയിൽ ഒരു മഹായുദ്ധംതന്നെ നടന്നു. തന്റെ നേർക്കണയുന്ന ദൈത്യന്മാരെയെല്ലാം പുരഞ്ജയൻ യമലോകത്തിലേക്കയച്ചു. അദ്ദേഹത്തിന്റെ ശരങ്ങളേറ്റു് മരിച്ചുവീഴുന്ന സൈന്യത്തെക്കണ്ടു് ബാക്കിയുള്ളവരെല്ലാം പേടിച്ചകന്നു് സ്വഗൃഹങ്ങളിലേയ്ക്കൊടിയൊളിച്ചു. രാജർഷിയായ പുരഞ്ജയൻ പുരത്തേയും ധനത്തേയുമെല്ലാം പിടിച്ചടക്കി ദേവേന്ദ്രനു് തിരിച്ചുനൽകി. ഇങ്ങനെയുള്ള വീരകർമ്മങ്ങളെ മാനിച്ചുകൊണ്ടാണു് അദ്ദേഹത്തിനു് മേൽപ്പറഞ്ഞ പേരുകൾ സിദ്ധിച്ചതു.

രാജൻ!, പുരഞ്ജയന്റെ പുത്രനായിരുന്നു അനേനസ്സു്. അനേനസ്സിൽനിന്നും പൃഥുവും, പൃഥുവിൻൽനിന്നും വിശ്വരന്ധിയും, വിശ്വരന്ധിയിൽനിന്നും ചന്ദ്രനെന്നു് പേരുള്ള ഒരുവനും, ആ ചന്ദ്രന്റെ പുത്രനായി യുവനാശ്വനും ജനിക്കുകയുണ്ടായി. യുവനാശ്വന്റെ പുത്രൻ ശ്രാവസ്ഥനായിരുന്നു. അവൻ ശ്രാവസ്ഥി എന്ന ഒരു നഗരം സ്ഥാപിച്ചിരുന്നു. അവന്റെ പുത്രനായി ബൃഹദശ്വനും, ബൃഹദശ്വന്റെ പുത്രനായി കുവലയാശ്വനും ജനിച്ചു. രാജൻ!, ഈ കുവലയാശ്വൻ ഉതങ്കനെന്ന ഒരു ഋഷിയുടെ പ്രീതിയ്ക്കായി തന്റെ ഇരുപത്തിയേഴായിരം പുത്രന്മാരോടൊപ്പം ചേർന്നുകൊണ്ടു് ധുന്ധു എന്നുപേരായ ഒരസുരനെ വധിക്കുകയുണ്ടായി. ഇക്കാരണത്താൽ കുവലയാശ്വനു് ധുന്ധുമാരൻ എന്ന പേരും ലഭ്യമായി. അവന്റെ പുത്രന്മാരെല്ലാം ധുന്ധുവിന്റെ വൿത്രത്തിൽ നിന്നുമുതിർന്ന അഗ്നിയിൽപ്പെട്ടു് വെന്തെരിഞ്ഞുപോയിരുന്നു. ങ്കിലും അവരിൽ കപിലാശ്വൻ, ഭദ്രാശ്വൻ, ദൃഡാശ്വൻ ഇന്നിങ്ങനെ മൂന്നു് പേർ അവശേഷിച്ചിരുന്നു. അതിൽ ദൃഡാശ്വന്റെ പുത്രനായിരുന്നു ഹര്യശ്വൻ. അവന്റെ പുത്രനായി നികുംഭൻ പിറന്നു. നികുംഭന്റെ പുത്രൻ ബർഹണാശ്വനും, അവന്റെ പുത്രൻ കൃശാശ്വനും, അവന്റെ പുത്രൻ സേനാജിത്തും ജാതരായി. സേനജിത്തിന്റെ പുത്രന്റെ നാമവും യുവനാശ്വൻ എന്നായിരുന്നു. ഈ യുവനാശ്വൻ സന്തതിയില്ലാത്തവനായിരുന്നു. പുത്രനില്ലാത്തതിലുള്ള നൈരാശ്യത്തിൽ അദ്ദേഹം തന്റെ നൂറു് പത്നിമാരോടൊപ്പം വനത്തിലേക്കു് പുറപ്പെട്ടു. ഋഷികൾ കാരുണ്യത്തോടെ ദ്ദേഹത്തെക്കൊണ്ടു് ഇന്ദ്രസങ്കൽപ്പത്തോടുകൂടിഒരു യാഗം കഴിപ്പിച്ചു. ആ യാഗം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു രാത്രിയിൽ യുവനാശ്വരാജാവിനു് കലശലായ ദാഹം തോന്നുകയും, അദ്ദേഹം ജലം തേടി യാഗശാലയ്ക്കുള്ളിലേക്കു് പോകുകയും ചെയ്തു. ഉറങ്ങിക്കിടക്കുന്ന ബ്രാഹ്മണരെ ശല്യം ചെയ്യണ്ടാ എന്നുകരുതി അദ്ദേഹം അവിടെ ഒരു കലശത്തിലിരുന്ന മന്ത്രജലം എടുത്തുകുടിച്ചു.  ഉണർന്നെണീറ്റ മുനിമാർ തലേദിവസം പുരുഷപ്രജയുണ്ടാകുവാനായി ജപിച്ചുവച്ച ജലം കാണാതെ പരിഭ്രാന്തരായി. ആരാണതു് ചെയ്തതെന്നു് അവരന്വേഷിച്ചു. രാജാവാണതു് കുടിച്ചിരിക്കുന്നതെന്നറിഞ്ഞ മുനിമാർ ദൈവവിധിയെ ആർക്കും തടുക്കാനാവില്ലെന്നു പറഞ്ഞുകൊണ്ടു് ഈശ്വരനായിക്കൊണ്ടു് നമസ്ക്കാരമർപ്പിച്ചു. പിന്നീടു് കാലമായപ്പോൾ, അത്ഭുതമെന്നോണം, യുവനാശ്വരാജാവിന്റെ വയറിന്റെ വലതുഭാഗം പിളർന്നു് രാജകലകളോടുകൂടിയ ഒരു പുത്രൻ ജനിച്ചു. പക്ഷേ അമ്മിഞ്ഞ ലഭിക്കാതെ കുട്ടി വിശന്നു വാവിട്ടുകരഞ്ഞുകൊണ്ടിരിന്നു. ആ സമയം, യാഗത്താൽ ആരാധിതനായി ഇന്ദ്രമാംധാതാ’ - ‘എന്നെ കുടിച്ചുകൊള്ളൂ! എന്നുപറഞ്ഞുകൊണ്ടു് മധുവൂറുന്ന തന്റെ ചൂണ്ടുവിരൽ കുഞ്ഞിന്റെ വായിലേക്കു് വച്ചുകൊടുത്തു. അങ്ങനെ ആ കുഞ്ഞിനു് മാന്ധാതാവു് എന്ന പേരും ലഭ്യമായി. രാജാവേ!, ആ മുനിമാരുടെ അനുഗ്രഹത്താൽ യുവനാശ്വൻ മരണപ്പെട്ടില്ല. പിന്നീടു് അദ്ദേഹം തപം ചെയ്തു് മോക്ഷത്തെ പ്രാപിച്ചു.

രാജാവേ!, രാവണാദികൾവരെ പേടിച്ചകലുന്ന ആ കുമാരനെ ദേവേന്ദ്രൻ ത്രസദ്ദസ്യു എന്ന ഒരു നാമം കൂടി വിളിച്ചു. അങ്ങനെ യുവനാശ്വന്റെ പുത്രൻ മാന്ധാതാവു് ഭഗവദനുഗ്രഹത്താൽ ഏഴുമഹാദ്വീപുകളോടുകൂടിഈ ഭൂമിയെ ഏകാധിപതിയായി ഭരിക്കുക്കയുണ്ടായി. ജ്ഞാനിയായ ആ രാജാവു് അനേകം യജ്ഞങ്ങൾ വഴി ശ്രീഹരിയെ പൂജിച്ചു. രാജൻ!, ഭഗവാൻ ശ്രീഹരി യജ്ഞേശ്വരനാണു. മാതമല്ല, യജ്ഞദ്രവ്യവും, മന്ത്രങ്ങളും, അനുഷ്ഠാനവിധികളും, യജ്ഞഫലദാതാവും, യജ്ഞഭോക്താവും, ഋത്വിക്കുകളും, കർമ്മമാർഗ്ഗവും, ഉചിതമായ യജ്ഞദേശവും കാലവും എല്ലാം ഭഗവാൻ ശ്രീഹരിയുടെ വിവിധ ഭാവങ്ങളത്രേ!. രാജൻ!, സൂര്യൻ ഉദിക്കുന്നിടം മുതൽ അസ്തമിക്കുന്നിടം വരെയുള്ള പ്രദേശങ്ങളെല്ലാം മാന്ധാതാവിന്റെ അധീനതയിലുള്ളതായിരുന്നു. ഈ രാജാവു് ശശബിന്ദുവിന്റെ പുത്രിയായ ബിന്ദുമതിയിൽ പുരുകുത്സൻ, മുചുകുന്ദൻ മുതലായവർക്കു് ജന്മം നൽകി. ഇവർക്കു് അൻപതു് സഹോദരിമാരുണ്ടായിരുന്നു. അവരെ സൌരഭിയെന്ന മുനി വിവാഹം കഴിച്ചു.

രാജൻ!, ഒരിക്കൽ, സൌരഭി മഹർഷി യമുനാനദിയിൽ അത്യുഗ്രമായ തപസ്സനുഷ്ഠിക്കുന്ന സമയം, രണ്ടു് മത്സ്യങ്ങൾ കാമവികാരത്തോടെ ക്രീഡിക്കുന്നതായി കണ്ടു. ആ കാഴ്ച അദ്ദേഹത്തിലും കാമത്തെയുണർത്തി. വിഷയാസക്തനായ സൌരഭിമുനി മാന്ധാതാരാജാവിനെ കണ്ടു് അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു പുത്രിയെ വിവാഹം കഴിച്ചുകൊടുക്കണമെന്നഭ്യർത്ഥിച്ചു. എന്റെ മക്കൾക്കാർക്കെങ്കിലും അങ്ങയെ ഇഷ്ടമായൽ അവർ സ്വയംവരം കഴിച്ചുകൊള്ളട്ടെ!, എന്നു് രാജാവും മറുപടി പറഞ്ഞു. പടുവൃദ്ധനും ജരാനര ബാധിച്ചവനുമായ സൌരഭിമുനി, തന്നെ കന്യകമാർക്കിഷ്ടമാകുവാനായി സ്വശക്തിയാൽ ദേവസ്ത്രീകൾക്കും കൊതി തോന്നുന്നവിധം ഒരു യുവസുന്ദരനായി മാറി. തുടർന്നു്, കന്യകമാരുടെ അന്തഃപുരത്തിലേക്കു് കടന്ന അദ്ദേഹത്തിന്റെ സൌന്ദര്യത്തിൽ മതിമറന്ന ആ അൻപതു് മാന്ധാതാപുത്രിമാരും സൌരഭിമഹർഷിയെ ഭർത്താവായി സ്വയംവരിച്ചു. രാജൻ! സൌരഭിമഹർഷി തന്റേതുമാത്രമാകണമെന്ന ഉദ്ദേശത്തിൽ ആ സുന്ദരിമാർ പരസ്പരം കലഹിക്കുവാൻ തുടങ്ങി. അങ്ങനെ, സകലസൌഭാഗ്യങ്ങളോടും ഭൌതികൈശ്വര്യങ്ങളോടുംകൂടി സൌരഭിമഹർഷി അവർക്കൊപ്പം രമിച്ചു. രാജാവേ!, ഏഴുദ്വീപുകളുമടങ്ങുന്ന ഈ ഭൂമിയുടെ നാഥനായ മാന്ധാതാരാജാവു്, സൌരഭിമുനിയുടെ ഗൃഹസ്ഥാശ്രമജീവിതം കണ്ടു് അത്ഭുതം കൂറി തന്റെ ഗർവ്വം ഉപേക്ഷിച്ചു. എന്നാൽ, ഗൃഹസ്ഥാശ്രമത്തിൽ അത്യന്തം ആസക്തനായിത്തീർന്ന സൌരഭിമുനിയ്ക്കു് പീന്നീടതിൽനിന്നും കരകയറുവാൻ സാധിച്ചില്ല.

രാജാവേ!, ഒരിക്കൽ സ്വസ്ഥനായി ഇരിക്കുന്ന സമയം, സൌരഭിമഹർഷിക്കു് തനിക്കു് പണ്ടു് മത്സ്യമിഥുനങ്ങളെ കണ്ടുണ്ടായ കാമവികാരത്തെക്കുറിച്ചും അതുമൂലമുണ്ടായ ആത്മനാശത്തെക്കുറിച്ചും ഓർമ്മ വന്നു. അദ്ദേഹം ഉള്ളിൽ നിനച്ചു: കഷ്ടംതന്നെ!. താപസനും സന്മാർഗ്ഗിയുമായിരുന്ന എനിക്കുണ്ടായ തകർച്ചയെ നോക്കുക!. ദീർഘകാലത്തെ തപഃശക്തി അല്പനേരം കൊണ്ടല്ലേ ജലാശയത്തിൽ വച്ചുണ്ടായ ആ ജലജീവികളുടെ സംസർഗ്ഗം മൂലം ശിഥിലമായിപ്പോയതു?. മോക്ഷം ആഗ്രഹിക്കുന്നവൻ തീർച്ചയായും ദാമ്പത്യധർമ്മികളുമായുള്ള കൂട്ടുകെട്ടവസാനിപ്പിക്കണം. ഇന്ദ്രിയങ്ങളെ സംയമനം ചെയ്തു, ഏകനായി സഞ്ചരിച്ചുകൊണ്ടു്, ഏകാന്തത്തിൽ ചെന്നു്, മനസ്സിനെ ഈശ്വരനിലുറപ്പിക്കണം. കൂട്ടുകെട്ടുവേണമെങ്കിൽ, അത് സത്തുക്കളുമായി ആകാം. കഷ്ടം!, ഞാൻ ഏകനായി ജലാന്തർഭാഗത്തു് തപസ്സനുഷ്ഠിക്കുന്നവനായിരുന്നു. ആ മീനുകളുടെ ലീലകൾ കണ്ടു് എന്നിൽ ഭൌതികാശ വളരുകയും, പിന്നീടു് ഭർതൃഭാവത്തിഅമ്പതായും, അതിനുശേഷം പുത്രഭാവത്തിൽ ആയിരങ്ങളായും ഭവിക്കേണ്ടിവന്നു. ഐഹികസുഖങ്ങളുടെ അറ്റം കാണാതെ എത്രയോകാലം കടന്നുപോയിരിക്കുന്നു!. അഹോ കഷ്ടം!, മായയിൽ ആകൃഷ്ടനായി ഭോഷനായ ഞാൻ വിഷയസുഖത്തിൽ പരമപുരുഷാർത്ഥത്തെ തേടുകയാണു.

രാജൻ!, ഈവിധമുള്ള ചിന്തകളിലൂടെ ക്രമേണ സൌരഭിമഹർഷിയിൽ വിരക്തിയുണ്ടാകുകയും, സർവ്വവും പരിത്യജിച്ചു് പതിവ്രതകളായ തന്റെ പത്നിമാരോടൊപ്പം അദ്ദേഹം തപോവനത്തിലേക്കു് പോകുകയും ചെയ്തു. ആത്മജ്ഞാനിയായിത്തീർന്ന സൌരഭിമുനി അതികഠിനമായ തപസ്സനുഷ്ഠിച്ചുകൊണ്ടു് കാട്ടിൽ കഴിയുകയും, ഒരുനാൾ ത്രേതാഗ്നികളോടുകൂടി ജീവാത്മാവിനെ പരമാത്മാവിൽ വിലയം കൊള്ളിക്കുകയും ചെയ്തു. രാജൻ!, അദ്ദേഹത്തിന്റെ സാധനകളെ കണ്ടുകഴിയുകയായിരുന്ന പത്നിമാരും ഭർത്താവിന്റെയനുഗ്രഹത്താൽ ഒടുവിൽ പരമഗതിയെ പ്രാപിക്കുകയുണ്ടായി.

ശ്രീമദ്ഭാഗവതം നവമസ്കന്ധം ആറാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next





The Downfall of Saubhari Muni

2019, നവംബർ 24, ഞായറാഴ്‌ച

9.5 ദുർവ്വാസ്സാവുമഹർഷിയുടെ ദുഃഖനിവൃത്തി.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 5
(ദുർവ്വാസ്സാവുമഹർഷിയുടെ ദുഃഖനിവൃത്തി.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ പരീക്ഷിത്തേ!, ഭഗവദ്ചക്രത്തിന്റെ തേജസ്സിൽ തപ്തനായ ദുർവ്വാസ്സാവുമഹർഷി ഹരിയുടെ ഉപദേശം സ്വീകരിച്ചുകൊണ്ടു് അംബരീഷമഹാരാജാവിന്റെ കാൽക്കൽ വീണു മാപ്പിരന്നു. ദുർവ്വാസ്സാവു് തന്റെ കാൽ പിടിച്ചതിൽ അംബരീഷമഹാരാജാവിനു് സ്വയം ലജ്ജ തോന്നി. അദ്ദേഹം കാരുണ്യത്താൽ മുനിയുടെ ദുഃഖനിവൃത്തിയ്ക്കായി ഭഗവദ്ചക്രത്തെ സ്വയം ഭഗവാനായിക്കണ്ടു് സ്തുതിക്കുവാൻ തുടങ്ങി.

അംബരീഷസ്തുതി: ഹേ ഭഗവദ്ചക്രമേ!, അങ്ങു് അഗ്നിയും സൂര്യനും, ചന്ദ്രനും, ഭൂമ്യാദി പഞ്ചഭൂതങ്ങളും, പഞ്ചേന്ദ്രിയങ്ങളും, ശബ്ദാദി തന്മാത്രകളുമാണു. ശ്രീഹരിയ്ക്കു് പ്രിയനും, സർവ്വായുധങ്ങളുടെ സംഹർത്താവും, ആയിരം ആരങ്ങളുള്ളവനുമായ അല്ലയോ സുദർശനചക്രമൂർത്തേ!, അവിടുന്നീ ദുർവ്വാസ്സാവിനു് ശരണമായി ഭവിക്കേണമേ!. ധർമ്മസ്വരൂപനും, ഋതസത്യമൂർത്തിയും, സർവ്വയജ്ഞങ്ങളുടേയും ഭോക്താവും, ലോകപാലകനും, സകലചരാചരാത്മാവും പ്രഭുവുമായിരിക്കുന്ന നിന്തിരുവടി ഇദ്ദേഹത്തിനു് ശാന്തിയരുളിയാലും. സർവ്വധർമ്മങ്ങൾക്കും ഉറവിടവും, അധർമ്മികളായ അസുരന്മാർക്കുനേരേ ധൂമകേതുവിനെപ്പോലെ പാഞ്ഞടുക്കുന്നവനും, മൂലോകങ്ങളേയും രക്ഷിക്കുന്നവനും, തേജോമയനും, മനസ്സിന്റെ വേഗമുള്ളവനും, അത്ഭുതകർമ്മങ്ങളെ ചെയ്യുന്നവനുമായ അങ്ങേയ്ക്കെന്റെ നമസ്ക്കാരം!. അവിടുത്തെ തേജസ്സാൽ മഹാത്മാക്കളുടെ അജ്ഞാനാന്ധകാരം മറയുകയും ജ്ഞാനപ്രകാശം തെളിയുകയും ചെയ്യുന്നു. അല്ലയോ വാചസ്പതേ!, അവിടുത്തെ മാഹാത്മ്യം അനുവർണ്ണനീയമത്രേ!. കാര്യകാരണസ്വരൂപമായ ഈ ദൃശ്യപ്രപഞ്ചം പ്രകാശിക്കുന്നതു് അങ്ങയുടെ തേജസ്സിനാലാണു. അജിതനായ പ്രഭോ!, എപ്പോഴെല്ലാം ശ്രീഹരിയുടെ വിരൽതുമ്പിൽനിന്നും അങ്ങു് വിട്ടയയ്ക്കപ്പെടുന്നുവോ, അപ്പോഴെല്ലം അങ്ങു് അധർമ്മികളായ ദൈത്യദാനവന്മാരുടെ കൈയ്യും കാലും തുടയും വയറുമൊക്കെ അറുത്തുവീഴ്ത്തുന്നു. അല്ലയോ ജഗത്ത്രാണാ!, എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന തന്തിരുവടിയാൽ നിയുക്തനായ അങ്ങു് ഞങ്ങളുടെ കുലത്തിന്റെ നന്മയെയോർത്തു് ഈ ബ്രാഹ്മണനെ വിട്ടയയ്ക്കുക!. അങ്ങനെയെങ്കിൽ അങ്ങയുടെ ആ കാരുണ്യം ഞങ്ങളുടെ കുലത്തിനും അനുഗ്രഹമായി ഭവിക്കും. ദാനം കൊണ്ടോ, യാഗം കൊണ്ടോ, ശുദ്ധമായി സ്വധർമ്മങ്ങളനുഷ്ഠിച്ചതുകൊണ്ടോ, എന്തെങ്കിലും പുണ്യം ഞങ്ങളിലുണ്ടെങ്കിൽ, ഞങ്ങളുടെ കുലം വിപ്രന്മാരെ പൂജിക്കുന്നതാണെന്നു് അങ്ങേയ്ക്കഭിപ്രായമുണ്ടെങ്കിൽ, ഈ ബ്രാഹ്മണനെ ക്ലേശനിവൃത്തനാക്കി മാറ്റിയാലും. സകലഹൃദയങ്ങളിലും അന്തര്യാമിയായി വർത്തിക്കുന്നവനായും, സകലചരാചരങ്ങൾക്കും ആശ്രയഭൂതനായിരിക്കുന്നവനായും, കേവലാത്മാവായും വർത്തിക്കുന്ന ഭഗവാ‍ൻ ശ്രീഹരി എന്നിൽ വാത്സല്യമുള്ളവനാണെങ്കിൽ, ഈ ബ്രാഹ്മണൻ ദുഃഖമില്ലത്തവനായി ഭവിക്കട്ടെ!

ശ്രീശുകൻ പറഞ്ഞു: രാജാവേ!, അംബരീഷമഹാരാജാവു് ഇങ്ങനെ സ്തുതിച്ചുകൊണ്ടുനിൽക്കുന്ന സമയം, ഭഗവദ്ചക്രം ആ അഭ്യർത്ഥനയെ മാനിച്ചുകൊണ്ടു് ശമിച്ചു. ദുഃഖശമനമുണ്ടായപ്പോൾ ദുർവ്വാസ്സാവു് രാജാവിനെ പ്രശംസിച്ചുകൊണ്ടു് പറഞ്ഞു: അഹോ!, വിഷ്ണുഭക്തന്മാരുടെ മഹിമ ഞാനിന്നു് കണ്ടറിഞ്ഞിരിക്കുന്നു. അങ്ങയെപ്പോലുള്ള അവർ അപരാധികൾക്കുകൂടി സർവ്വമംഗളങ്ങളും പ്രദാനം ചെയ്യുന്നു. ഭക്തപരിപാലകനായ ശ്രീമഹാവിഷ്ണുവിനെ തങ്ങളുടെ സ്വാധീനവലയത്തിലാക്കിവച്ചിരിക്കുന്ന ആ ഭക്തന്മാർക്കു് ചെയ്യുവാൻ അസാധ്യമായോ, ത്യജിക്കുവാനാകാത്തതായോ ഇവിടെ എന്തിരിക്കുന്നു?. യാതൊരുവന്റെ നാമശ്രവണത്താൽ മനുഷ്യന്റെ സർവ്വപാപവും ഇല്ലാതാകുന്നുവോ, അങ്ങയുള്ള ആ തീർത്ഥപാദന്റെ ദാസന്മാർക്കു് അവനല്ലാതെ മറ്റെന്താണു് സ്വന്തമായുള്ളതു?. രാജാവേ!, എന്റെ അപരാധത്തെ ക്ഷമിച്ചുകൊണ്ടു് എന്റെ പ്രാണനെ രക്ഷിച്ചരുളിയ അങ്ങയുടെ ആ കാരുണ്യത്താൽ ഞാൻ  അനുഗ്രഹീതനായിരിക്കുന്നു.

ശ്രീശുകൻ തുടർന്നു: മുനിയുടെ പ്രത്യാഗമനത്തെ കാത്തു് ഭക്ഷണം കഴിക്കാതിരുന്ന അംബരീഷരാജാവു് ദുർവ്വാസ്സാവിന്റെ ചരണത്തെ വണങ്ങി അദ്ദേഹത്തെ ആദരവോടെ ഭുജിപ്പിക്കുവാനൊരുങ്ങി. ഇങ്ങനെ ആദരിക്കപ്പെട്ട മുനി സന്തുഷ്ടനായി ആതിഥ്യം സ്വീകരിച്ചുകൊണ്ടു് ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു. അദ്ദേഹം രാജാവിന്റെ അഭിനന്ദിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: അല്ലയോ രാജൻ!, ഈശ്വരാർപ്പിതമായ അങ്ങയുടെ ഈ അതിഥിസൽക്കാരത്തിലൂടെ ഞാൻ സന്തുഷ്ടനും സംതൃപ്തനും അനുഗ്രഹീതനുമായിരിക്കുന്നു. അങ്ങയുടെ ഈ കീർത്തി സ്വർഗ്ഗത്തിലും ഭൂമിയിലുമെല്ലാം പരക്കെ പാടിപ്പുകഴ്ന്നുകൊണ്ടിരിക്കും.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇങ്ങനെ അംബരീഷനെ പ്രകീർത്തിച്ചനുഗ്രഹിച്ചതിനുശേഷം, യാത്രപറഞ്ഞുകൊണ്ടു് ദുർവ്വാസ്സാവു് ആകാശമാർഗ്ഗത്തിലൂടെ സത്യലോകത്തിലേക്കു് യാത്രയായി. രാജാവേ!, അന്നു് മധ്യാഹ്നികർമ്മത്തിനായി പോയ ദുർവ്വാസ്സാവുമുനി തിരിച്ചെത്തുന്നതിനിടയിൽ ഒരു വർഷക്കാലം കടന്നുപോയിരുന്നു. എന്നാൽ, ഇതിൽ ആശ്ചര്യകരമായ വസ്തുതയെന്തെന്നാൽ, ജലം മാത്രം പാനം ചെയ്തുകൊണ്ടു് അംബരീഷൻ അദ്ദേഹത്തെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നുവെന്നുള്ളതാണു.

രാജൻ!, മഹർഷി പോയതിനുശേഷം, അംബരീഷൻ ആഹാരം കഴിച്ചു. ദുർവ്വാസ്സാവിനുണ്ടായ സങ്കടനിവൃത്തിയും, അതിനു് സഹായകമായ തന്റെ യത്നവുമെല്ലാം ഭഗവാൻ ശ്രീഹരിയുടെ അനുഗ്രഹമായിമാത്രം അംബരീഷൻ ഉള്ളിലോർത്തു. അങ്ങനെയുള്ള പരമപവിത്രനായ ആ മഹാരാജാവു് പരമാത്മാവായ ശ്രീവാസുദേവനെ വ്രതാനുഷ്ടാനങ്ങളിലൂടെ ആരാധിച്ചു. തന്തിരുവടിയുടെ പ്രസാദമായ അനുഗ്രഹത്താൽ അദ്ദേഹത്തിനു് സകലഭോഗാനുഭങ്ങളേയും നരകതുല്യമായി കണ്ടറിയാൻ കഴിഞ്ഞു. രാജാവേ!, പിന്നീടു് ധീരനായ അംബരീഷൻ പുത്രന്മാരിൽ രാജ്യഭാരത്തെ ഏൽ‌പ്പിച്ചു് ത്രിഗുണാത്മകമായിട്ടുള്ള പ്രപഞ്ചാനുഭവത്തിനറുതിവരുത്തിക്കൊണ്ടു് ആത്മസ്വരൂപനായ ഭഗവാനിൽ മനസ്സർപ്പിച്ചു് വാനപ്രസ്ഥാശ്രമത്തിനായി വനത്തിലേക്കു് പുറപ്പെട്ടു. രാജൻ!, അംബരീഷോപാഖ്യാനമെന്ന ഈ ചരിതത്തെ കീർത്തിച്ചുകൊണ്ടു് ഭഗവദ്ധ്യാനം ചെയ്യുന്നവൻ പെട്ടെന്നുതന്നെ തന്തിരുവടിയുടെ ഭക്തനായി മാറുന്നതാണു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം അഞ്ചാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next






Durvassas rescued from Sudarshanachakram

9.4 നഭഗവംശവർണ്ണനവും അംബരീഷ ഉപാഖ്യാനവും.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 4
(നഭഗവംശവർണ്ണനവും അംബരീഷ ഉപാഖ്യാനവും.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: പരീക്ഷിത്തുരാജാവേ!, മനുവിന്റെ മറ്റൊരു പുത്രനായിരുന്നു നഭഗൻ. നഭഗന്റെ പുത്രൻ നാഭാഗൻ ഏറെ കാലത്തെ ഗുരുകുലവാസവും ബ്രഹ്മചര്യാനുഷ്ഠാനവും കഴിഞ്ഞു് ഒരുനാൾ സ്വഗൃഹത്തിലേക്കു് മടങ്ങിവന്നു. നഭഗന്റെ ഏറ്റവും ഒടുവിലത്തെ ഈ പുത്രൻ ഒരിക്കലും തിരികെ വരില്ലെന്ന ധാരണയിൽ അദ്ദേഹത്തിന്റെ സ്വത്തുക്കൾ മുഴുവനും മറ്റുള്ള പുത്രന്മാർ ഇതിനകം ഭാഗം ചെയ്തെടുത്തുകഴിഞ്ഞിരുന്നു. ആയതുകാരണം നാഭാഗനു് സഹോദരങ്ങൾ പിതാവിനെത്തന്നെ സ്വത്തായി പ്രദാനം ചെയ്തു. ഈ കാര്യം നാഭാഗൻ അച്ഛനോടു് പറഞ്ഞപ്പോൾ, പിതാവായ നഭഗൻ പുത്രനോടു് പറഞ്ഞു: കുഞ്ഞേ!, നിന്റെ സഹോദരങ്ങൾ നിന്നെ കബളിപ്പിക്കുകയാണു. ഞാൻ ഒരു ഉപഭോഗവസ്തുവല്ല. അതുകൊണ്ടുതന്നെ എനിക്കു് നിന്റെ സ്വത്തായി കൂടെ നിൽക്കുവാൻ കഴിയുകയുമില്ല. ആയതിനാൽ നീ അവരുടെ ഈ വ്യവസ്ഥ അതംഗീകരിക്കരുതു. മകനേ!, ഒരു കാര്യം കൂടി എനിക്കു് നിന്നോടു് പറയാനുണ്ടു. ഈ സമയം അംഗിരസ്സിന്റെ ഗോത്രത്തിലുള്ള ചില ഋഷികൾ ഒരു യാഗം നടത്തിക്കൊണ്ടിരിക്കുകയാണു. എന്നാൽ, ആറാം ദിവസമായപ്പോഴേക്കും അവർക്കതു് മുന്നോട്ടുകൊണ്ടുപോകുവാൻ പ്രാപ്തിയില്ലാതെ വിഷമിക്കുന്നു. ആയതിനാൽ നീ അവിടേയ്ക്കു് പോകുക. അവിടെ ചെന്നതിനുശേഷം, വിശ്വദേവന്മാരെ സംബന്ധിച്ച ഒന്നുരണ്ടു് ശ്ലോകങ്ങൾ അവരെ ചൊല്ലിക്കേൾപ്പിക്കുകയും ചെയ്യുക. അതുവഴി അവർ നിന്നിൽ സമ്പ്രീതരാകുകയും, യജ്ഞാനന്തരം അവർ സ്വർഗ്ഗത്തിലേക്കുപോകുന്ന സമയം അവശേഷിക്കുന്ന ധനത്തെ നിനക്കായി ദാനം ചെയ്യുകയും ചെയ്യും.

രാജൻ!, പിതാവിന്റെ ഉപദേശമനുസരിച്ചു് നാഭാഗൻ കാര്യങ്ങൾ നീക്കുകയും, അതുവഴി അംഗിരസ്സുകളുടെ സ്വത്തുകൾ അവനിൽ വന്നുചേരുകയും ചെയ്തു. പക്ഷേ, ആ സമയം അവിടെ കറുത്ത നിറമുള്ള ഒരു പുരുഷൻ ഉത്തരദിക്കിൽനിന്നും വന്നുചേരുകയും, യജ്ഞഭൂമിയിൽ അവശേഷിക്കുന്ന ധനത്തിന്റെ അവകാശി താനാണെന്നു് അവകാശപ്പെടുകയും ചെയ്തു. എന്നാൽ നാഭാഗനും വിട്ടുകൊടുത്തില്ല. പ്രസ്തുത സ്വത്തു് യജ്ഞശേഷം മുനിമാരാൽ തനിക്കു് ദത്തമായതാണെന്നു് നാഭാഗനും അഭിപ്രായപ്പെട്ടു. തർക്കം പരിഹരിക്കുന്നതിനായി മനുവിനെ സമീപിക്കാമെന്നും അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ചു് കാര്യങ്ങൾ തീരുമാനിക്കാമെന്നും ആ കറുത്ത പുരുഷൻ നാഭാഗനോടു് പറഞ്ഞു. അതനുസരിച്ചു് അവർ നാഭാഗന്റെ മുത്തച്ഛനായ മനുവിനെ സമീപിക്കുകയും തർക്കം പരിഹരിച്ചുതരുവാൻ അപേക്ഷിക്കുകയും ചെയ്തു.

മനു പറഞ്ഞു: പണ്ടു്, ദക്ഷന്റെ യാഗശാലയിൽ വച്ചു് ഋഷിമാർ ചെയ്ത വിളംബരമനുസരിച്ചു് യജ്ഞഭൂമിയിൽ അവശേഷിക്കുന്ന യാതൊരു ധനവും രുദ്രഭഗവാന്റെ പ്രത്യേകാവകാശമാണു. അതുകൊണ്ടു് ഈ ധനം മഹാദേവനർഹതപ്പെട്ടതാകുന്നു. രാജൻ!, യജ്ഞാവശിഷ്ടത്തിനായിവന്ന ആ കറുത്ത പുരുഷൻ രുദ്രഭഗവാനാണെന്നു് മനസ്സിലാക്കിയ നാഭാഗൻ ആ ധനത്തെ ഭഗവാനു് സമർപ്പിച്ചുകൊണ്ടു് നമസ്ക്കരിച്ചു. മാത്രമല്ല, ആളറിയാതെയും സത്യമറിയാതെയും തർക്കിച്ചതിനു് മാപ്പപേക്ഷിക്കുകയും ചെയ്തു.

മഹാദേവൻ പറഞ്ഞു: ഹേ മഹാത്മാവേ!, അങ്ങയുടെ ധാർമ്മികബോധത്തിൽ സന്തുഷ്ടനായ ഞാൻ അങ്ങേയ്ക്കു് ശാശ്വതവും പരമവുമായ അദ്ധ്യാത്മജ്ഞാനത്തെ പ്രദാനം ചെയ്യുന്നുണ്ടു. കൂടാതെ യജ്ഞാവശിഷ്ടമായ ഈ ധനത്തേയും കൈക്കൊള്ളുക.

രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ടു് മഹാദേവൻ അവിടെ നിന്നും തിരോധാനം ചെയ്തു. പരീക്ഷിത്തേ!, യാതൊരുവൻ ഈ നാഭാഗചരിതത്തെ സന്ധ്യാകാലങ്ങളിൽ അനുസ്മരിക്കുന്നുവോ, അവൻ ജ്ഞാനിയും മന്ത്രജ്ഞനുമായി ഭവിക്കുന്നതാണു. കൂടാതെ ആത്മജ്ഞാനത്തെയും പ്രാപിക്കുന്നതാണു.

പരീക്ഷിത്തേ!, ഈ നാഭാഗനിൽനിന്നുമായിരുന്നു പരമവിരക്തനും ഭഗവദ്ഭക്തോത്തമനുമായ അംബരീഷമഹാരാജാവു് ജനിച്ചതു. ബ്രാഹ്മണശാപം പോലും ഏൽക്കാത്തത്ര ഭഗവദ്ഭക്തനും സുകൃതിയുമായിരുന്നു അംബരീഷൻ.

പരീക്ഷിത്തു് പറഞ്ഞു: അല്ലയോ ബ്രഹ്മജ്ഞാ!, ബ്രാഹ്മണശാപം പോലും ഏൽക്കാത്ത ആ രാജർഷിയുടെ ചരിതം കേൾക്കുവാൻ അടിയൻ ആഗ്രഹിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, ഏഴു് ദ്വീപുകളുടേയും അളവറ്റ സമ്പത്തിന്റേയും അനുപമമായ ഐശ്വര്യത്തിന്റേയും ഉടമയായിരുന്നിട്ടുകൂടി അവയിൽ മോഹിതനായി അംബരീഷൻ അന്ധകാരത്തിലേക്കാണ്ടുപോകാതെ ദുഷ്പ്രാപ്യമായ ആ സർവ്വൈശ്വര്യങ്ങളെ സ്വപനമെന്നോണം കണ്ടറിഞ്ഞു് ബോധവാനായി ജീവിച്ചുവന്നു. കൂടാതെ, അദ്ദേഹം ശ്രീവാസുദേവനിലും തന്തിരുവടിയുടെ ഭക്തന്മാരിലും അത്യന്തം ഭക്തിയുള്ളവനുമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഭൌതികൈശ്വര്യങ്ങഅദ്ദേഹത്തിനു് മൺകട്ടയെന്നതുപോലെ തുച്ഛമായി കാണാൻ സാധിച്ചു. മനസ്സിനെ ശ്രീകൃഷ്ണപരമാത്മാവിലർപ്പിച്ചുകൊണ്ടു്, വാക്കുകളെ ഭഗവാന്റെ ഗുണഗാനങ്ങൾ പാടുവാനും, കൈകളെ അവന്റെ അമ്പലങ്ങളെ വൃത്തിയാക്കുവാനായും, കാതിനെ അവന്റെ അവതാരകഥകളെ കേൾക്കുന്നതിനായും, കണ്ണുകളെ ഭഗവദ്ദർശനത്തിനായും, സ്പർശനത്തെ തന്തിരുവടിയുടെ ഭക്തന്മാരെ സേവിക്കുന്നതിനായും ഘ്രാണേന്ദ്രിയത്തെ ഭഗവദ്പാദാരവിന്ദത്തിൽ വീണുകിടക്കുന്ന തുളസീദളങ്ങളുടെ ഗന്ധമാസ്വദിക്കുന്നതിനായും, നാവിനെ ഭഗവദ്പ്രസാദം രുചിക്കുന്നതിനായും, പാദങ്ങളെ ശ്രീഹരിയുടെ ക്ഷേത്രസന്ദർശനത്തിനായും, ശിരസ്സിനെ ഭഗവദ്പാദം വീണുവണങ്ങുന്നതിനായും, ആഗ്രഹം ഭഗവദ്സേവ മാത്രമായും അദ്ദേഹം വിനിയോഗിച്ചു. വിഷയാഭിലാഷം അദ്ദേഹത്തിൽ ഒട്ടുംതന്നെയുണ്ടായിരുന്നില്ല. തന്റെ ജീവിതം ഭഗവദ്ദാസന്മാരുടെ ദാസവൃത്തി ചെയ്തുകൊണ്ടു് അംബരീഷൻ ജീവിച്ചുപോന്നു. വിഷ്ണുഭഗവാനിൽ സർവ്വാത്മഭാവനയോടുകൂടി കർമ്മങ്ങളെ ആ പാദാരവിന്ദങ്ങളിലർപ്പിച്ചുകൊണ്ടു് എപ്പോഴും ഭഗവന്നിഷ്ഠരായ ബ്രാഹ്മണരാൽ ഉപദിഷ്ടനായി അദ്ദേഹം ഈ ഭൂമിയെ പരിപാലിച്ചു. രാജാവേ!, ഒരിക്കൻ അംബരീഷൻ സരസ്വതീനദിയുടെ തീരത്തു് യജ്ഞേശ്വരനായ ഭഗവാൻ മഹാവിഷ്ണുവിനെ, തന്റെ സകലൈശ്വര്യങ്ങളുമുപയോഗിച്ചുകൊണ്ടു്, വസിഷ്ഠൻ, ഗൌതമൻ, അസിതൻ മുതലായ മുനിമാരുടെ ഉപദേശാനുഗ്രഹാശ്ശിസ്സുകളാടെ അശ്വമേധംയാഗം കൊണ്ടാരാധിക്കുകയുണ്ടായി. സദസ്സിലുണ്ടായിരുന്നവരും, ഋത്വിക്കുകളും, മറ്റുജനങ്ങളുമെല്ലാം വിശിഷ്ടമായി വസ്ത്രധാരണം ചെയ്തു് അംബരീഷന്റെ യാഗശാലയിലെത്തി വളരെയധികം ഔത്സുക്യത്തോടെ ദേവതുല്യരായി ആ യജ്ഞത്തിൽ പങ്കെടുത്തു. അവർപോലും ഭഗവാന്റെ ലീലാചരിതകഥനശ്രവണങ്ങളൊഴികെ മറ്റൊന്നിലും മനസ്സു് വച്ചവരായിരുന്നില്ല. നിഷ്കാമഭക്തന്മാരായി ഭഗവാനെ മനസ്സിന്റെ തടവറയിൽ പിടിച്ചുവച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ, യോഗികൾ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നതും അതിദുർല്ലഭവുമായ, മോക്ഷം പോലും പ്രലോഭിപ്പിച്ചിരുന്നില്ല. അംബരീഷൻ ഭക്തിയിലൂടെയും തപസ്സിലൂടെയും ധർമ്മത്തിലൂടെയും ഭഗവാനെ പ്രസാദിപ്പിച്ചുകൊണ്ടു് തന്നിലെ സകല ആസക്തികളേയും എന്നെന്നേയ്ക്കുമായി ഉപേക്ഷിച്ചു. പുത്രമിത്രദാരബന്ധുക്കളിലും രാജകീയമായ സകലൈശ്വര്യങ്ങളിലും വേഷഭൂഷാദികളിലും അളവറ്റ ധനത്തിലുമെല്ലാം നിസ്പൃഹനായി അംബരീഷമഹാരാജാവു് ജീവിച്ചുപോന്നു. അദ്ദേഹത്തിന്റെ ഭക്തിനിഷ്ഠയിൽ സമ്പ്രീതനായ ശ്രീഹരി സകല പ്രതികൂലാവസ്ഥകളിലും നിർഭയത്വം പ്രദാനം ചെയ്യുന്നതും, ഏതവസ്ഥയിലും സർവ്വസുരക്ഷയരുളുന്നതുമായ തന്റെ സുദർശനചക്രത്തെ അംബരീഷരാജാവിനു് കൊടുത്തനുഗ്രഹിച്ചിരുന്നു.

അല്ലയോ രാജാവേ!, ഒരിക്കൽ, അംബരീഷൻ വിഷ്ണുഭഗവാനെ ആരാധിക്കുവാനായി രാജ്ഞിയോടുകൂടി ഇരുവരും ഉത്സുകിതരായി ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന ഏകാദശീവ്രതം ധരിക്കുവാൻ തീരുമാനിച്ചു. വ്രതം അവസാനിക്കുന്ന ഒരു വൃശ്ചികമാസത്തിൽ മൂന്നുദിവസം ഉപവാസമനുഷ്ഠിച്ചു് കാളിന്ദീനദിയിൽ സ്നാനം ചെയ്തു് മധുവനത്തിൽ വച്ചു് സർവ്വോപാധികളോടുംകൂടി അവർ ശ്രീഹരിയെ ആരാധിച്ചു. കൂടാതെ, ബ്രാഹ്മണോത്തമന്മാരേയും ആദരിച്ചുപൂജിച്ചു. അറുപതിനായിരം കോടി പശുക്കളെ അദ്ദേഹം ആ അവസരത്തിൽ ബ്രാഹ്മണോത്തമന്മാർക്കു് ദാനം നൽകി. അവരുടെ കാൽ കഴുകിച്ചൂട്ടി സകല ആഗ്രഹങ്ങളും നിവർത്തിച്ചതിനുശേഷം അംബരീഷമഹാരാജാവു് വ്രതസമാപ്തിവരുത്തുന്ന പാരണയ്ക്കായി ആരംഭിച്ച സമയം ആദരണീയനായ ദുർവ്വാസാവെന്ന മഹാമുനി കൊട്ടാരത്തിൽ അദ്ദേഹത്തിന്റെ അഥിതിയായി എത്തി. രാജാവു് അദ്ദേഹത്തെ എഴുന്നേറ്റുചെന്നു് സ്വാഗതം ചെയ്തുപവിഷ്ടനാക്കിയതിനുശേഷം, അർഘ്യപാദ്യാദികൾകൊണ്ടർച്ചിച്ചു. തുടർന്നു, ആ തൃക്കാലടിയെ വണങ്ങിനിന്നുകൊണ്ടു് ഭക്ഷണം കഴിക്കുവാനായി ദുർവ്വാസാവുമഹർഷിയെ ക്ഷണിച്ചു. ദുർവ്വാസാവു് ആ ക്ഷണം സ്വീകരിച്ചെങ്കിലും, അതിനുമുമ്പു് ചെയ്യേണ്ടതായ മധ്യാഹ്നികർമ്മത്തെ നിർവ്വഹിക്കുവാനായി കാളിന്ദീനദിയിലെ പാവനജലത്തിൽ ഈശ്വരധ്യാനത്തോടെ മുങ്ങിക്കിടന്നു. പാരണയ്ക്കുള്ള മുഹൂർത്തസമയമായിട്ടും മഹർഷിയെ കാണാതായപ്പോൾ വേണ്ടതു് തീരുമാനിക്കുവാനായി അംബരീഷൻ ബ്രാഹ്മണന്മാരുമായി കൂടിയാലോചിച്ചു. ബ്രാഹ്മണനെ അവഗണിക്കുന്നതും ദോഷമാണു. എന്നാൽ, കൃത്യസമയത്തു് പാരണ കഴിച്ചില്ലെങ്കിലും ദോഷം തന്നെ ഭവിക്കും. അങ്ങനെയുള്ളപ്പോൾ എന്തു് ചെയ്യുന്നതാണു് ഉചിതമെന്നുള്ള കാര്യത്തിൽ അദ്ദേഹം ആശങ്കാകുലനായി. ജലപാനത്തെ യഥോചിതം ഭക്ഷണമായിട്ടും അല്ലാതെയും കണക്കാക്കാമെന്നു് പണ്ഡിതമതമുണ്ടെന്നും, ആയതിനാൽ അല്പം ജലം കുടിച്ചുകൊണ്ടു് മുഹൂർത്തം കഴിയുന്നതിനുമുമ്പുതന്നെ വ്രതം അവസാനിപ്പിക്കാമെന്നും, ആ ബ്രാഹ്മണശ്രേഷ്ഠന്മാർ രാജാവിനെ ഉപദേശിച്ചു. അല്ലയോ രാജൻ!, ഇങ്ങനെ തീരുമാനിച്ചുകൊണ്ടു് അംബരീഷൻ ഭഗവാനെ മനസ്സിൽ കണ്ടു് അല്പം ജലം കുടിച്ചു് പാരണ കഴിച്ചതിനുശേഷം ദുർവ്വാസാവിന്റെ വരവും കാത്തിരിക്കുകയായി

കുറച്ചുകഴിഞ്ഞു് മഹർഷി യാമുനാതീരത്തുനിന്നും മടങ്ങിയെത്തി. അംബരീഷൻ അദ്ദേഹത്തെ പ്രണമിച്ചു. എങ്കിലും, രാജാവു് ജലപാനം ചെയ്തു് പാരണചെയ്തകാര്യം മഹർഷി ജ്ഞാനദൃഷ്ട്യാ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. രാജാവേ!, കോപംകൊണ്ടു് വിറയ്ക്കുന്ന ശരീരത്തോടുകൂടിയവനായ ദുർവ്വാസാവു് ക്രുദ്ധനായിക്കൊണ്ടു് തൊഴുകൈയ്യോടെ നിൽക്കുന്ന അംബരീഷനോടു് പറഞ്ഞു: അഹോ!, മനുഷ്യദ്വേഷിയും, ഐശ്യരത്താൽ മത്തുപിടിച്ചവനും, ഭഗവദ്വേഷിയും, സ്വയം ഈശ്വരനാണെന്നഭിമാനിക്കുന്നവനുമായ ഇവന്റെ പ്രവൃത്തിയെ കാണുവിൻ!. അതിഥിയായി വന്ന നമ്മെ ആതിഥ്യം സ്വീകരിക്കുവാൻ ക്ഷണിക്കുകയും, അതിഥിയെ ഊട്ടാതെ സ്വയം ഉണ്ണുകയും ചെയ്ത നിനക്കു് ഈ അപരാധത്തിന്റെ ശിക്ഷ ഇപ്പോൾത്തന്നെ നാം നൽകുന്നതാണു. കോപത്താൽ ജ്വലിച്ചുനിൽക്കുന്ന ദുർവ്വാസാവുമഹർഷി, അംബരീഷരാജാവിന്റെ നേർക്കയയ്ക്കുവാനായി, തന്റെ ജടയിൽനിന്നും ഏതാനും മുടിയിഴകൾ പറിച്ചെടുത്തു് അതിൽനിന്നും ഒരു കൃത്യയെ ഉണ്ടാക്കി. കൈയ്യിൽ വാളുമേന്തി കത്തിജ്വലിച്ചുകൊണ്ടു് കാൽവയ്പ്പിൽ ഭൂമിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടു് ആ കൃത്യ അംബരീഷരാജന്റെനേർക്കു് പാഞ്ഞടുത്തു. എന്നാൽ, രാജാവാകട്ടെ, യാതൊരു ചലനവും കൂടാതെ നിന്നിടത്തുതന്നെ നിൽക്കുകയായി. രാജാവേ!, പെട്ടന്നു് ഭഗവാനിൽനിന്നും നേരത്തെതന്നെ അംബരീഷനു് ലബ്ധമായിട്ടുള്ള സുദർശനചക്രം, ചീറിയടുക്കുന്ന സർപ്പത്തെ അഗ്നിയെന്നതുപോലെ, ആ കൃത്യയെ ഉടനടി ദഹിപ്പിച്ചുകളഞ്ഞു. രാജൻ!, പിന്നീടാചക്രം മഹർഷിയ്ക്കുനേരേ പാഞ്ഞടുത്തു. ചക്രത്തിന്റെ വരവു് കണ്ടു് ഭയന്നുപോയ ദുർവ്വാസാവു് പ്രാണരക്ഷാർത്ഥം നാനാദിക്കുകളിലേക്കും പരക്കം പാഞ്ഞുതുടങ്ങി. കത്തിജ്ജ്വലിക്കുന്ന ഭഗവദ്ചക്രം ദുർവ്വാസാവിനു പിന്നാലെ കൂടി. ആ സമയം മഹർഷി മേരുപർവ്വതത്തെ ലക്ഷ്യമാക്കി ഓടി. അദ്ദേഹം ആകാശത്തിലൂടെയും, ഭൂമിയിലൂടെയും, അധോലോകങ്ങളിലൂടെയും, സമുദ്രങ്ങളിലൂടെയും, സ്വർഗ്ഗത്തിലൂടെയും എങ്ങോട്ടെന്നില്ലതെ പാഞ്ഞു. പക്ഷേ എവിടേയ്ക്കൊക്കെ ഓടിയിട്ടും ദുസ്സഹമായ തേജസ്സുള്ള ആ ചക്രം തന്റെ പിന്നാലെതന്നെയുള്ളതായി ദുർവ്വാസാവിനു് മനസ്സിലായി. എങ്ങുനിന്നും ആരും സഹായിക്കാനില്ലാതെയായപ്പോൾ ഭീതി മുഴുത്ത ദുർവ്വാസാവു് ബ്രഹ്മദേവനെ ശരണം പ്രാപിച്ചുകൊണ്ടു് പറഞ്ഞു: അല്ലയോ വിധാതാവേ!, വിഷ്ണുഭഗവാന്റെ തേജസ്സെഴുന്ന ഈ ചക്രത്തിൽനിന്നും എന്നെ രക്ഷിച്ചരുളിയാലും!.

രാജൻ!, ഭയന്നുവിറച്ചുനിൽക്കുന്ന ദുർവ്വാസാവിനെക്കണ്ടു് ഭഗവാൻ ബ്രഹ്മദേവൻ പറഞ്ഞു: മഹർഷേ!, രണ്ടു് പരാർദ്ധങ്ങൾ അവസാനിക്കുന്ന സമയം ഭഗവാൻ ശ്രീഹരിയുടെ ലീലകളും അവസാനിക്കുന്നു. അപ്പോൾ, എന്നോടൊപ്പം സമസ്തലോകങ്ങളും കാലസ്വരൂപനായ ആ ഭഗവാന്റെ പുരികക്കൊടിയുടെ ചലനമാത്രത്താൽ അപ്രത്യക്ഷമാകുന്നു. ഞാനും മഹാദേവനും ദക്ഷൻ, ഭൃഗു മുതലായവരും ഇന്ദ്രാദി സകലദേവതകളും ആ പരമപുരുഷന്റെ ആജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ടു് ലോകക്ഷേമത്തിനായിക്കൊണ്ടു് സ്വധർമ്മങ്ങളനുഷ്ഠിക്കുന്നവരാണു. അവന്റെ ഭക്തനെ വേദനിപ്പിക്കുവാൻ ശ്രമിച്ച അങ്ങയെ രക്ഷിക്കുവാൻ എനിക്കു് കഴിയുകയില്ല.

രാജൻ!, ബ്രഹ്മദേവനിൽ അഭയം കിട്ടാതെ ദുർവ്വാസ്സാവുമഹർഷി അവിടെനിന്നും വിടവാങ്ങി കൈലാസത്തിൽ ചെന്നു് മഹാദേവനെ കണ്ടു. കണ്ട മാത്രയിൽത്തന്നെ ഭഗവാൻ പറഞ്ഞു: വത്സാ!, സകലബ്രഹ്മാണ്ഡങ്ങളും അവയിലെ സകലചരാചരങ്ങളും ഭഗവാൻ ശ്രീഹരിയുടെ ഇച്ഛയാൽ കല്പാദിയിൽ സംഭവിക്കുകയും കല്പാന്തത്തിൽ ഇല്ലാതാകുകയും ചെയ്യുന്നു. അങ്ങനെയുള്ള ആ പരമപുരുഷന്റെ ശക്തിയ്ക്കുമുന്നിൽ ഞങ്ങൾ നിഷ്പ്രഭരാണു. ഞങ്ങളെല്ലാം സത്യത്തെ തിരിച്ചറിഞ്ഞവരാണെങ്കിൽപോലും അവന്റെ മായാശക്തിയാൽ ആവരണം ചെയ്യപ്പെട്ടുകഴിയുകയാണു. അനന്തകോടി ബ്രഹ്മാണ്ഡങ്ങളുടെ ഏക ഈശ്വരനായ അവന്റെ ഈ ചക്രായുധത്തെ തടയുവാനോ ചെറുക്കുവാനോ ഞങ്ങൾ പ്രാപ്തരല്ല. അതുകൊണ്ടു്, കുഞ്ഞേ!, നീ ശ്രീഹരിയെ തന്നെ ശരണം പ്രാപിക്കുക. അവൻ നിന്നെ രക്ഷിച്ചുകൊള്ളും.

രാജാവേ!, അവിടെനിന്നും ആശ നശിച്ച ദുർവ്വാസ്സാവു് ശ്രീഹരിയുടെ ധാമത്തിലേക്കു് പോയി. ഭഗവദ്ചക്രത്തിന്റെ അത്യുജ്ജ്വലതേജസ്സാൽ തപിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം കിടുകിടെ വിറച്ചുകൊണ്ടു് ആ തൃക്കാലടികളിൽ വീണു വിലപിച്ചു: ഹേ അച്യുത!, ഹേ അനന്ത!, സത്തുക്കളുടെ ധനമായുള്ളവനേ!, ഹേ വിശ്വഭാവനാ!, പ്രഭോ!, അടിയന്റെ അപരാധം പൊറുത്തരുളേണമേ!. അങ്ങയുടെ പ്രഭാവത്തെ അറിയാതെ അവിടുത്തെ ഭക്തനെ ഞാൻ ദുഃഖിപ്പിച്ചിരിക്കുന്നു. അല്ലയോ വിധാതാവേ!, ആയതിനുള്ള പ്രായശ്ചിത്തം കല്പിച്ചരുളിയാലും. നിന്തിരുവടിയുടെ തിരുനാമോച്ചാരണത്താൽ നരകത്തിൽ വസിക്കുന്നവർ പോലും മുക്തരാകുമല്ലോ!. പ്രഭോ!, അടിയനെ രക്ഷിച്ചാലും.

രാജൻ!, ദുർവ്വാസ്സാവിന്റെ ആ ദുർഗ്ഗതിയെ കണ്ടു് ഭഗവാൻ ശ്രീഹരി അരുളിച്ചെയ്തു: ഹേ ബ്രാഹ്മണാ!, ഞാൻ എന്റെ ഭക്തന്മാരുടെ അടിമയും, ആയതിനാൽത്തന്നെ അസ്വതന്ത്രനുമാണു. എന്റെ ഹൃദയത്തെ എന്റെ ഭക്തന്മാർ ഗ്രസിച്ചിരിക്കുകയാണു. എനിക്കു് പ്രിയമായുള്ളതു് എന്റെ ഭക്തന്മാർ മാത്രമാണു. എന്നിൽ ആശ്രിതരായിരിക്കുന്ന എന്റെ ഭക്തന്മാരെ ഉപേക്ഷിച്ചു് ഞാൻ എന്നെയോ, ഒരിക്കലും സ്വയം എന്നെ വിട്ടുപിരിയാനാഗ്രഹിക്കാത്ത ലക്ഷ്മിയെത്തന്നെയോ ആഗ്രഹിക്കുന്നില്ല. ഭാര്യയേയും വീടിനേയും മക്കളേയും ധനത്തേയും സ്വന്തം ജീവനേയും ബന്ധുക്കളേയും ഇഹപരലോകങ്ങളേയുമൊക്കെയുപേക്ഷിച്ചു് എന്നെമാത്രം ശരണം പ്രാപിച്ചിരിക്കുന്ന അവരെ ഞാനെങ്ങനെയാണുപേക്ഷിക്കുക?. എന്നിൽ ഹൃദയമുറപ്പിച്ചുകൊണ്ടു് സമദർശികളായ ശുദ്ധന്മാർ, ഉത്തമരായ സ്ത്രീകൾ ഭർത്താവിനെ എന്നതുപോലെ, നിഷ്കാമഭക്തിയാൽ എന്നെ വശത്താക്കിവയ്ക്കുന്നു. എന്നെ സേവിക്കുന്നതുവഴി സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്ന ചതുഷ്ടയംതന്നെ സാധിക്കുമെങ്കിലും, അവർ അവയൊന്നിലും മനസ്സുവയ്ക്കാതെ കേവലം എന്റെ സേവയിൽ വ്യാപൃതരാകുന്നു. അങ്ങനെയുള്ള അവർ എങ്ങനെയാണു് കാലത്താൽ ഇല്ലാതാകുന്ന സ്വർഗ്ഗാദി ഭോഗങ്ങളെ ആഗ്രഹിക്കുന്നതു?. അവർ എന്റെ ഹൃദയവും ഞാൻ അവരുടെ ഹൃദയവുമാകുന്നു. അവർ എന്നെയല്ലാതെ മറ്റൊന്നും അറിയുന്നില്ല. ആയതിനാൽ എനിക്കും അവരെയല്ലാതെ മറ്റൊന്നും അറിയുകയില്ല. അതുകൊണ്ടു്, അല്ലയോ വിപ്രാ!, ഞാൻ അങ്ങേയ്ക്കൊരുപായം പറഞ്ഞുതരാം. എന്തെന്നാൽ, രെ ദ്വേഷിച്ച കാരണത്താൽ അങ്ങേയ്ക്കിങ്ങനെ ഒരു ദുഃഖം സംഭവിച്ചുവോ, അങ്ങു് അയാളെത്തന്നെ സമീപിക്കുക. സത്തുക്കൾക്കുനേരേ ഉപയോഗിക്കുന്ന പ്രഹരം അതുപയോഗിക്കുന്നവനുതന്നെ അനർത്ഥമുണ്ടാക്കുന്നു. തപസ്സു!, ജ്ഞാനം മുതലായ കാര്യങ്ങൾ ബ്രാഹ്മണരെ സംബന്ധിച്ചിടത്തോളം മുക്തിയെ പ്രദാനം ചെയ്യുന്നവയാണു. എന്നാൽ വിനശൂന്യരായവർക്കു് അവ വിപരീതഫലമുളവാക്കുന്നു. അതുകൊണ്ടു് ഹേ ബ്രാഹ്മണാ!, അങ്ങു് പോയാലും. അംബരീഷനെ കണ്ടു് ക്ഷമ യാചിക്കുക. അതുവഴി അങ്ങയുടെ ഈ ദുഃഖത്തിനറുതിവരുന്നതാണു. അങ്ങേയ്ക്കു് നന്മ സംഭവിക്കട്ടെ!.


ശ്രീമദ്ഭാഗവതം നവമസ്കന്ധം നാലാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next






The Histories of Nabhaga and King Ambarisha