2019, മാർച്ച് 9, ശനിയാഴ്‌ച

4.30 പ്രചേതസ്സുകളുടെ കർമ്മം


ഓം
ശ്രീമദ്ഭാവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 30
(പ്രചേതസ്സുകളുടെ കർമ്മം)



വിദുരർ മൈത്രേയമഹാമുനിയോട് ചോദിച്ചു: ഹേ ബ്രാഹ്മണശ്രേഷ്ഠാ!, അങ്ങ് പുരഞ്ജനന്റെ കഥ പറയുന്നതിനുമുമ്പ് പ്രചേതസ്സുകൾ ഭഗവാനെ രുദ്രഗീതത്താൽ സമ്പ്രീതനാക്കിയെന്ന് പറഞ്ഞുവല്ലോ. എന്തായിരുന്ന് അവർ ഭഗവദാരധനയിലൂടെ സ്വായത്തമാക്കിയതു? ഹേ ബാർഹസ്പത്യനായ മഹാഭാഗാ!, മഹാദേവന്റെ ദർശനത്തിനുശേഷം അവർ ഭഗവദ്പ്രേമികളായിമാറിയെന്നതിലുപരി, ആ ഉപദേശകൊണ്ട് മറ്റെന്തൊക്കെയായിരുന്നു ഇഹപരസുകൃതങ്ങളായി അവർക്ക് ഈ ഭൂമിയിൽനിന്ന് നേടാൻ കഴിഞ്ഞതു?

മൈത്രേയൻ പറഞ്ഞു: വിദുരരേ!, പ്രചേതസ്സുകൾ തങ്ങളുടെ പിതാവിന്റെ ആദേശമനുസരിച്ച് സമുദ്രജലത്തിനുള്ളിൽ അതികഠിനമായ തപസ്സുകളനുഷ്ഠിച്ചു. രുദ്രഗീതത്തെ വീണ്ടും വീണ്ടും ആലപിച്ചുകൊണ്ട് അവർ ഭഗവാൻ ഹരിയെ പ്രസാദിപ്പിച്ചു. പതിനായിരം വഷത്തെ തപസ്സിനൊടുവിൽ അവർക്കുമുന്നിൽ ഭഗവാൻ നാരായണൻ പ്രത്യക്ഷനായി. മേരു പർവ്വതത്തിനുമുകളിൽ കാർമേഘകെട്ടുകൾ പോലെ, ഗരുഢോപരി ഭഗവാൻ ഇരുന്നരുളി. മഞ്ഞപ്പട്ടുടുത്ത് സർവ്വാഭരണവിഭൂഷിതമായ ഭഗവദ്കളേബരം ഈരേഴുപതിനാലുലോകങ്ങളിലേയും അന്തകാരത്തെ ക്ഷണത്തിൽ ഇല്ലാതാക്കി. മനോഹരമായ തിരുമുഖത്തിനലങ്കാരമായി രത്നങ്ങൾ മിന്നിത്തിളങ്ങുന്ന കീരിടം ശിരസ്സിൽ പ്രശോഭിച്ചു. എട്ട് തൃക്കൈകളിൽ പലേതരം ആയുധങ്ങളേന്തിയിരുന്നു. അവൻ ദേവഗണങ്ങളാലും ഋഷിവൃന്ദങ്ങളാലും മറ്റും സമാവൃതനായിരുന്നു. അവരെല്ലാം അവന്റെ പാദസേവയിൽ മുഴുകിനിന്നു. ഗരുഢൻ തന്റെ ചിറകുകൾ വീശി വേദമന്ത്രങ്ങളെക്കൊണ്ട് അവന്റെ മഹിമകൾ പാടി. ആ കഴുത്തിൽ മുട്ടറ്റം എത്തിനിൽക്കുന്ന ഒരു വനമാല അണിഞ്ഞിരുന്നു.

കാരുണ്യം തുളുമ്പുന്ന നോട്ടമെറിഞ്ഞുകൊണ്ട് ഭഗവാൻ നാരായണൻ ഹസ്താഞ്ജലികൾ കൂപ്പിനിൽക്കുന്ന പ്രചേതസ്സുകളോട് പറഞ്ഞു: ഹേ കുമാരന്മാരേ!, സത്സംഗത്തിന് തുല്യമായ നിങ്ങളുടെ ഈ സാഹോദര്യം നമ്മെ സമ്പ്രീതനാക്കിയിരിക്കുന്നു. നിങ്ങളെല്ലാവരും നമ്മിൽ ഭക്തിയുള്ളവരാണു. ചോദിക്കൂ!, എന്ത് വരമാണ് നിങ്ങൾക്ക് നാം പ്രദാനം ചെയ്യേണ്ടതു? നിങ്ങളെ എല്ലാ സന്ധ്യകളിലും സ്മരിക്കുന്നവരുടെ ഹൃദയത്തിൽ സാഹോദര്യമുദിക്കുന്നതാണു. രുദ്രഗീതം നമുക്കേറെ പ്രീയപ്പെട്ടതാണു. എല്ലാ പ്രഭാതത്തിലും സന്ധ്യകളിലും അതിനെ ജപിച്ചുകൊണ്ട് നമ്മെ ആരാധിക്കുന്ന സർവ്വർക്കും നാം വേണ്ടുന്ന വരങ്ങൾ നൽകിയനുഗ്രഹിക്കുന്നു. അതുവഴി അവർക്ക് അഭീഷ്ടസിദ്ധിയും സത്ബുദ്ധിയും സ്വായത്തമാകുന്നു. പിതാവിന്റെ ആദേശത്തെ സ്വീകരിച്ചുകൊണ്ട് സ്വധർമ്മാനുഷ്ഠാനത്തിനായി ഇറങ്ങിത്തിരിച്ച നിങ്ങളുടെ മാഹാത്മ്യം ലോകമാകെ വാഴ്ത്തപ്പെടുന്നതാ‍ണു. നിങ്ങൾക്ക് ബ്രഹ്മാവിനുതുല്യനായ ഒരു പുത്രൻ ജനിക്കുകയും അവൻ നിങ്ങളുടെ യശസ്സിനെ ലോകം മുഴുവൻ വ്യാപിപ്പിക്കുകയും ചെയ്യും. അവന്റെ പുത്രപൌത്രാദികളാൽ ഈ ലോകത്തിൽ പ്രജാവർദ്ധനം നടത്തും.

ഹേ പ്രചേതസ്സുകളേ!, കണ്ഡു എന്ന ഋഷിയുടെ തപം മുടക്കാൻ ഇന്ദ്രനയച്ച അപ്സരസ്സായിരുന്നു പ്രംലോച. അവളിൽ അദ്ദേഹത്തിന് ജനിച്ച സുന്ദരിയായ പുത്രിയെ കാട്ടിൽ മരങ്ങളെ ഏൽ‌പ്പിച്ച് പ്രംലോച സ്വർഗ്ഗത്തിലേക്ക് തിരിച്ചുപോയി. അവൾ പോയതിനുശേഷം കുട്ടി വിശന്നുകരയാൻ തുടങ്ങിയപ്പോൾ ചന്ദ്രൻ തന്റെ ചൂണ്ടുവിരലാൽ കുഞ്ഞിന്റെ വായിലേക്ക് അമൃതധാര പൊഴിക്കുകയും അതിന്റെ കരച്ചിലടക്കുകയും ചെയ്തു. നമ്മിൽ ഭക്തിയുള്ള നിങ്ങൾ അവളെ വിവാഹം കഴിക്കുക. അവൾ സുന്ദരിയും നന്മ നിറഞ്ഞവളുമാണു. നിങ്ങളുടെ പിതാവാഗ്രഹിച്ചതുപോലെ, അവളിലൂടെ പ്രജാവർദ്ധനം നടത്തുക. നിങ്ങളെല്ലാവരുംതന്നെ എന്നിലും നിങ്ങളുടെ പിതാവിലും ഭക്തിയുള്ളവരാകുന്നതുപോലെ, അവളും നിങ്ങളിൽ സ്നേഹവും ഭക്തിയുമുള്ളവളായിരിക്കും. അതുകൊണ്ട് അവളുമായി നിങ്ങളുടെ ചേർച്ച എല്ലാംകൊണ്ടും യുക്തം തന്നെ. പ്രീയകുമാരന്മാരേ!, നമ്മുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഇഹത്തിലും പരത്തിലും എല്ലാ നന്മകളും ഭവിക്കും. സകല സൌഭാഗ്യങ്ങളുമനുഭവിച്ചുകൊണ്ട് നിങ്ങൾ അവളോടൊപ്പം ഒരു ദശലക്ഷം വർഷം ഇവിടെ ജീവിച്ചിരിക്കുകയും ചെയ്യും. അനന്തരം, സകല ബന്ധങ്ങളുമുപേക്ഷിച്ച് നമ്മിൽ ഭക്തിനേടി ഹൃദയംകൊണ്ട് പരിശുദ്ധരായി നമ്മുടെ ധാമം ചേരുകയും ചെയ്യും. ഇവിടെ സകല കർമ്മങ്ങളുടേയും ഭോക്താവ് നാമാണെന്ന് നമ്മുടെ ഭക്തന്മാർ അറിയുന്നു. ആയതിനാൽ അവർ തങ്ങളുടെ സകലകർമ്മങ്ങളും നമ്മിൽ അർപ്പിച്ചുകൊണ്ട് ജീ‍വിത്തെ മുന്നോട്ട് നയിക്കുന്നു. അങ്ങനെയുള്ളവർ ഒരിക്കലും തങ്ങളുടെ കർമ്മങ്ങളാൽ സംസാരത്തിൽ ബദ്ധരാകുന്നില്ല. അവർ എപ്പോഴും മുക്തന്മാരായിത്തന്നെയിരിക്കുന്നു. ഇതിനെ ബ്രഹ്മഭൂതാവസ്ഥയെന്ന് പറയുന്നു. ഈ അവസ്ഥയിൽ എന്റെ ഭക്തന്മാർ മോഹിക്കുന്നില്ല. അവർ ഇല്ലാത്തതിനുവേണ്ടി ദുഃഖിക്കുകയോ ഉള്ളതിൽ സന്തോഷിക്കുകയോ ചെയ്യുന്നില്ല.

മൈത്രേയൻ പറഞ്ഞു: ഭഗവാൻ തന്റെ വാക്കുകളെ ഉപസംഹരിച്ചതിനുശേഷം, ആ തിരുരൂപം നേരിട്ടുകണ്ട ആനന്ദത്താൽ, ഗദ്ഗദത്തോടുകൂടി പ്രചേതസ്സുകൾ സർവ്വവരപ്രദായകനായ അവനെ പ്രകീർത്തിച്ചുതുടങ്ങി. ഭഗവാനേ!, അങ്ങ് സകലദുഃഖങ്ങൾക്കും അറുതിവരുത്തുന്നവനാണു. അങ്ങയുടെ മഹിമകളും നാമങ്ങളും സർവ്വദുരിതങ്ങളേയും ദൂരത്തകറ്റുന്നു. അങ്ങ് മനസ്സിനെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നവനാണു. അങ്ങേയ്ക്ക് ഞങ്ങളുടെ നമസ്ക്കാരം!. അങ്ങയിൽ മനസ്സുറയ്കുമ്പോൾ ദ്വന്ദം നിരർത്ഥകമാകുന്നു. അനന്തമാ‍യ ആനന്ദമാണ് അങ്ങയുടെ സ്വരൂപം. ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുവാനും പരിപാലിക്കുവാനും സംഗ്രഹിക്കുവാനുമായി അങ്ങുതന്നെ ഇവിടെ ബ്രഹ്മാവായും വിഷ്ണുവായും സദാശിവനായുമവതാരം കൊണ്ടിരിക്കുന്നു. അങ്ങ് ത്രിഗുണാധീതനാണു. അങ്ങ് അവിടുത്തെ ഭക്തന്മാരുടെ ദുരിതങ്ങളെ എപ്പോഴും ഹരിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട്, അങ്ങേയ്ക്ക് ഞങ്ങളുടെ നമോവാകം. സകല ചരാചരങ്ങളിലും കുടികൊള്ളുന്നതുകൊണ്ട് അങ്ങയെ വാസുദേവൻ എന്ന് ലോകം വിളിക്കുന്നു. വസുദേവപുത്രനായ അങ്ങയെ ശ്രീകൃഷ്ണൻ എന്ന് ഈ ലോകവും വിശേഷിപ്പിക്കുന്നു. ഹേ നാഥാ!,  അങ്ങയുടെ നാഭീപങ്കജത്താരിൽനിന്നും സർവ്വഭൂതങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അങ്ങയുടെ തിരുവുടൽ താമരപ്പൂമാലയാൽ ശോഭിതമാണു. അവിടുത്തെ തൃപ്പാദങ്ങളും താമരപ്പൂക്കളുടെ സുഗന്ധത്താൽ ഭക്തഹൃദയങ്ങളിൽ ആനന്ദമുളവാക്കുന്നു. താമരപ്പൂക്കളുടെ രജസ്സുകൾ പോലെ പീതവർണ്ണമായ പട്ടുവസ്ത്രങ്ങളുടുത്ത് സകല ചരാചരങ്ങളുടേയും ഹൃദയത്തിൽ വസിക്കുന്ന അങ്ങ് അവരുടെ സകല കർമ്മങ്ങൾക്കും സാക്ഷിയാണു.

ഞങ്ങൾ ജീവഭൂതങ്ങൾ സദാ ശരീരാത്മഭേദം തിരിച്ചറിയാത്തവരാണു. ആയതിനാൽ ഞങ്ങൾ എപ്പോഴും ആപത്തുകളിൽതന്നെ അകപ്പെട്ടുപോകുന്നു. ആ ദുരിതങ്ങളിൽനിന്ന് അടിയങ്ങളെ രക്ഷിക്കുന്നതിനുവേണ്ടി അങ്ങ് സമയാസമയങ്ങളിൽ ഇവിടെ അവതരിക്കുകയും ചെയ്യുന്നു. ഇതുതന്നെ അങ്ങേയ്ക്ക് ഞങ്ങളോടുള്ള അപാരകാരുണ്യത്തിന്റെ അടയാളമാണു. അങ്ങനെയിരിക്കെ അവിടുത്തെ ഭക്തന്മാരോടുള്ള അങ്ങയുടെ താല്പര്യത്തെക്കുറിച്ച് എന്തുപറയാൻ!. യഥാസമയം അരികിലെത്തി അങ്ങ് അവിടുത്തെ ഭക്തന്മാരുടെ സകല അമംഗളങ്ങളും ഇല്ലാതെയാക്കുന്നു. അങ്ങ് അവിടുത്തെ ഭക്തന്മാരെക്കുറിച്ച് ചിന്തിക്കുമ്പോൾതന്നെ അവരുടെ സകല ആഗ്രഹങ്ങളും സഫലീകരിക്കപ്പെടുന്നു. ആയതിനാൽ ഞങ്ങളിതാ അങ്ങയുടെ പാദരേണുക്കളിൽ അഭയം പ്രാപിക്കുന്നു. അണു ആദിയായുള്ള സകല ഭൂതങ്ങളിലും അവിടുന്ന് പരമാത്മാവായി കുടികൊള്ളുന്നു. അങ്ങ് അവരുടെ സർവ്വാഭീഷ്ടങ്ങളും കണ്ടറിയുന്നു. ഹേ ജഗദ്ഗുരുവായ ലോകനാഥാ!, ഞങ്ങൾ ആത്യന്തികമായി പ്രാപിക്കേണ്ടതും അങ്ങയെയാണു. അവിടുന്ന് ഞങ്ങളിൽ പ്രസാദിക്കുവാൻ പ്രാർത്ഥിക്കുന്നു. ആ ഒരു വരം മാത്രമാണ് ഞങ്ങൾക്കാവശ്യം. അവിടുത്തെ പ്രീതിയല്ലാതെ മറ്റൊന്നുംതന്നെ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് പരാത്പരനും അനന്തനും അനന്തസൌഭഗ്യനിധിയുമായ അങ്ങ് ഞങ്ങൾക്ക് ഈ വരം നൽകി അനുഗ്രഹിക്കുമാറാകണം.

ഭഗവാനേ!, പാരിജാതവൃക്ഷത്തെ പ്രാപിച്ചതിനുശേഷം വണ്ടുകൾ അവിടെനിന്നും ഒരിക്കലും തിരിച്ചുപോകാത്തതുപോലെ, അവിടുത്തെ പദമലരുകളിൽ ആശ്രയംകൊണ്ടവർക്ക് മറ്റെന്ത് വരമാണ് മൂന്നുലോകങ്ങളിലും നേടേണ്ടതായുള്ളതു?  ഹേ നാരായണാ!, എത്രകാലമാണോ, വിവിധ ശരീരങ്ങൾ സ്വീകരിച്ച് ലോകമായ ലോകമെല്ലാം അലഞ്ഞുതിരിയാൻ കർമ്മാനുസരണം ഞങ്ങൾ വിധിക്കപ്പെട്ടിരിക്കുന്നത്, അക്കാലമത്രയും, ആ ലോകങ്ങളിലത്രയും അവിടുത്തെ ഭക്തന്മാരോടൊത്ത് അങ്ങയുടെ മഹിമകളെ പാടിസ്തുതിക്കുവാനുള്ള വരം തന്ന് ഞങ്ങളെ അനുഗ്രഹിക്കുക. അരനിമിഷത്തേക്കുമാത്രമുള്ളതായാൽ‌പോലും അവിടുത്തെ ശുദ്ധഭക്തന്മാർക്കൊപ്പമുള്ള സംത്സംഗം മോക്ഷത്തിനുപോലും പരമായി ഞങ്ങൾ മനസ്സിലാക്കുന്നു.  മർത്ത്യനെ സംബന്ധിച്ചിടത്തോളം സത്സംഗത്തിനുമേൽ ധന്യമായ മറ്റൊരു വരം എന്തിരിക്കുന്നു. സത്സംഗത്തിൽ അവിടുത്തെ മാഹാത്മ്യങ്ങളെക്കുറിച്ചുകേൾക്കുമ്പോൾ ശ്രോതാവിന്റെയുള്ളിൽനിന്നും കുറച്ചുനേരത്തേയ്ക്കെങ്കിലും സകല ഭൌതികദുഃഖങ്ങളും അകന്നൊഴിയുന്നു. മാത്രമല്ല, അവർക്കിടയിൽ വൈരമോ ഉത്കണ്ഠയോ ഭയമോ തന്നെ ആ സമയം ഉണ്ടാകുന്നില്ല. അവന്റെ മഹിമകളെ കീർത്തിക്കുന്ന ഹൃദയങ്ങളിൽ അവൻ ആഗതനാകുന്നു. സന്യാസികൾക്ക് നാരായണൻ അവരെത്തിച്ചേരേണ്ട ധാമമാണു. മുക്തസംഗികളായിട്ടുള്ള അവർ അവിടുത്തെ തിരുനാമത്തെ സദൈവ കീർത്തിച്ചുകൊണ്ട്  ലോകമംഗളത്തിനായി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. മഹാദേവനുമായിയുണ്ടായ അല്പസമയത്തെ സത്സംഗം ഞങ്ങളെ അങ്ങയിലേക്കെത്തിച്ചുതന്നു. ഭൌതികമായ സകല ദുഃഖങ്ങൾക്കും അറുതിവരുത്തുവാൻ ഇവിടെ അങ്ങയെ മാത്രമേ ഞങ്ങൾ കാണുന്നുള്ളൂ. ഞങ്ങളുടെ മുജ്ജന്മഭാഗ്യമത്രേ! ഞങ്ങൾക്കവിടുത്തെ ദർശനസൌഭാഗ്യം സിദ്ധിക്കാനും ഈ പാദപത്മങ്ങളിൽ അഭയം പ്രാപിക്കുവാനും കാരണമായതു.

ഹേ ദേവാ!, ഞങ്ങൾ വേദങ്ങൾ പഠിച്ചു. ഗുരുക്കന്മാരെ പൂജിച്ചു. ഞങ്ങൾക്കാരോടും വൈരമില്ല. ജലത്തിനുള്ളിൽ അന്നപാനാദികൾകൂടാതെ ഞങ്ങൾ പതിനായിരം വർഷം തപസ്സനുഷ്ഠിച്ചു. എല്ലാം അങ്ങയുടെ കാരുണ്യത്തിനുവേണ്ടി മാത്രമായിരുന്നു. അതില്പരം ഒരു വരം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നാഥാ!, തപംകൊണ്ടും ജ്ഞാനംകൊണ്ടും ശ്രേഷ്ഠരായ മഹായോഗികൾ, മനു, വിരിഞ്ചൻ, മഹാദേവൻ, ഇവർക്കാർക്കും അങ്ങയുടെ മഹിമകളേയും ശക്തിയേയും ഉള്ളവണ്ണം അറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് കേട്ടിരിക്കുന്നതു. എങ്കിലും, അവർ അങ്ങയെ തങ്ങളുടെ ശക്തിക്കൊത്തവണ്ണം കീർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ അവരെക്കാൾ ഇകഴ്ന്നവരായ ഞങ്ങളും ഞങ്ങളുടെ പ്രാപ്തിക്കൊത്ത് അങ്ങയെ പ്രകീർത്തിക്കുകയാണു. അങ്ങേയ്ക്ക് ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും സമമാണു. അങ്ങ് സർവ്വത്തിനും പരനായി നിലകൊള്ളുന്നു. സർവ്വത്തിലും നിറഞ്ഞുനിൽക്കുന്ന അങ്ങയെ ലോകം വാസുദേവനെന്ന് വിശേഷിപ്പിക്കുന്നു. അവിടുത്തെ തൃപ്പാദങ്ങളിലിതാ ഞങ്ങളുടെ കൂപ്പുകൈ.

മൈത്രേയൻ തുടർന്നു: പ്രീയവിദുരരേ!, പ്രചേതസ്സുകളുടെ പ്രാർത്ഥനയിൽ അകമഴിഞ്ഞ ആശ്രിതവത്സലനായ ഭഗവാൻ നാരായണൻ അവരോട് - ഹേ കുമാരന്മാരേ!, നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലീകൃതമാകട്ടെ!” – എന്നുപറഞ്ഞുകൊണ്ട് അവിടെനിന്നും അപ്രത്യക്ഷനായി. എന്നാൽ കണ്ട് മനം നിറയാതെ, പ്രചേതസ്സുകൾ ഭഗവാൻ മറഞ്ഞതിൽ ദുഃഖിതരായി. അനന്തരം, അവർ സമുദ്രജലത്തിൽനിന്നും കരകയറി. അപോഴാണ് അവിടെയുണ്ടായിരുന്ന വൃക്ഷങ്ങളെല്ലം വളർന്ന് വലുതായത് അവരുടെ ശ്രദ്ധയിൽ പെട്ടതു. അത് സ്വർഗ്ഗത്തിലേക്കുള്ള അവരുടെ വഴികൾക്ക് തടസ്സങ്ങളുണ്ടാക്കി. അതുകണ്ട പ്രചേതസ്സുകൾ കോപാകുലരായി. പ്രളയസമയത്ത് മഹേശ്വരന്റേ വായിൽനിന്നും അഗ്നിയും വായുവും പ്രവഹിക്കുന്നതുപോലെ, പ്രചേതസ്സുകളുടെ വൿത്രത്തിൽനിന്നും അഗ്നിയും കാറ്റും അതിശക്തം ബഹിർഗമിച്ചു. ആ അഗ്നിയിൽ അവിടെയുണ്ടായിരുന്ന സകല വൃക്ഷങ്ങളും വെന്തുവെണ്ണീറായതറിഞ്ഞ് ബ്രഹ്മദേവൻ അവിടെയെത്തി പ്രചേതസ്സുകളെ സാന്ത്വനപ്പെടുത്തി. പേടിച്ചരണ്ട് ബാക്കിയുണ്ടായിരുന്ന തരുക്കൾ ബ്രഹ്മദേവന്റെ ഉപദേശത്തെ മാനിച്ച് തങ്ങൾ വളർത്തിക്കൊണ്ടിരുന്ന പ്രംലോചയുടെ പുത്രിയെ പ്രചേതസ്സുകൾക്ക് കൈമാറി. അവർ അവളെ ബ്രഹ്മദേവൻ പറഞ്ഞതനുസരിച്ച് വിവാഹം കഴിച്ചു. അവളുടെ ഗർഭത്തിൽനിന്നും ബ്രഹ്മപുത്രനായിരുന്ന ദക്ഷൻ ജന്മം കൊണ്ടു. ദക്ഷൻ ശൈവകോപത്തിനിരയായതിനുശേഷം മാരിശപുത്രനായി ജന്മമെടുത്തിരുന്നു. അന്ന് ശരീരമുപേക്ഷിച്ച അദ്ദേഹം ഭഗവദ്‌ഹിതത്താൽ വീണ്ടും ജനിക്കുകയും, ചാക്ഷുഷമന്വന്തരത്തിൽ പ്രജകളെ സൃഷ്ടിക്കുകയും ചെയ്തു. ദക്ഷന്റെ ശരീരത്തിന്റെ തേജസ്സ് അത്യുജ്ജ്വലമായി പ്രശോഭിച്ചു. ബ്രഹ്മദേവൻ ദക്ഷനെ പ്രജാവർദ്ധനത്തിലേർപ്പെടുത്തി. കാലാന്തരത്തിൽ ദക്ഷനും മരീചി മുതലായ മറ്റു പ്രജാപതിമാരെ പ്രസ്തുതകർമ്മാർത്ഥം ചുമതലയേൽ‌പ്പിച്ചു.


ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  മുപ്പതാമധ്യായം സമാപിച്ചു.
ഓം തത് സത്.





The activities of Prachetass

4.29 പുരഞ്ജനോപാഖ്യാനം – താത്വികാവലോകനം


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 29
(പുരഞ്ജനോപാഖ്യാനം താത്വികാവലോകനം)



പുരഞ്ജനമഹാരാജാവിന്റെ കഥ കേട്ടുകഴിഞ്ഞപ്പോൾ പ്രാചീനബർഹിസ്സ് നാരദരോട് പറഞ്ഞു: മഹർഷേ!, പുരഞ്ജനന്റെ കഥയുടെ അന്തരാർത്ഥം പൂർണ്ണമായും എനിക്ക് ഗ്രഹിക്കുവാൻ കഴിഞ്ഞിട്ടില്ല. കാരണം, അജ്ഞാനിയായ ഞാൻ ജീവിതകാലം മുഴുവൻ സകാമകർമ്മങ്ങളിൽ ആസക്തനായിക്കഴിഞ്ഞവനാണു. എന്നെപ്പോലുള്ളവർക്ക് നിസ്സാരമായി മനസ്സിലാക്കാൻ സാധിക്കുന്നതല്ല അദ്ധ്യാത്മതത്വം എന്ന് ഞാനറിയുന്നു. അതുകൊണ്ട്, എനിക്ക് മനസ്സിലാകുന്ന വിധത്തിൽ അതിനെ പറഞ്ഞരുളിയാലും!.

അതുകേട്ട് നാരദമുനി പറഞ്ഞു: ഹേ രാജൻ!, ഞാൻ പറയുന്ന കാര്യങ്ങൾ അങ്ങ് ശ്രദ്ധയോടെ ശ്രവിക്കുക. ഈ കഥയിൽ പുരഞ്ജനൻ എന്നത് ജീവാത്മാവാണു. അവൻ തന്റെ കർമ്മങ്ങളുടെ ഫലമായി വിവിധതരം യോനികളിൽ ജന്മങ്ങൾ സ്വീകരിക്കുന്നു. കോടാനുകോടി ജീവജാലങ്ങളുള്ളതിലേതിലും ഒരു ജീവൻ തന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് ജന്മം നേടുന്നു. ഇങ്ങനെ ഒന്നിനെവിട്ട് മറ്റൊന്ന് സ്വീകരിക്കുന്ന ഈ ജീവഭൂതങ്ങളോടൊപ്പം സർവ്വദാ കൂടെ നടക്കുന്ന അവിജ്ഞാതസഖാവ് പരമാത്മാവുതന്നെയാണു. പക്ഷേ, വിഷയങ്ങൾക്കുനടുവിൽ അജ്ഞാനിയായി ജീവിതം നയിക്കുന്ന പുരഞ്ജനന്മാർക്ക് ഒരിക്കലും ആ കാരുണ്യവാന്റെ സാന്നിധ്യത്തെ അറിയാൻ സാധിക്കുന്നില്ല. ലൌകികവിഷയങ്ങളെ പൂർണ്ണമായി അനുഭവിക്കുവാനുള്ള ത്വര ഒരു ജീവനിലുണ്ടാകുമ്പോൾ, ജീവൻ ഒമ്പത് വാതിലുകളും രണ്ട് കൈകളും രണ്ട് കാലുകളുമുള്ള മനുഷ്യശരീരംതന്നെ ആഗ്രഹിക്കുന്നു. പ്രമാദം എന്നതിലൂടെ ഇവിടെ അർത്ഥമാക്കേണ്ടത് അജ്ഞാനം അഥവാ മൂഢത്വമെന്നാണു. ഒരുവൻ അജ്ഞാനിയായിരിക്കുമ്പോൾ, അവൻ സ്വയം ഈ ശരീരമാണെന്ന് വിശ്വസിക്കുന്നു. അതിലൂടെ ആ ജീവനിൽ ഞാനെന്നും എന്റേതെന്നുമുള്ള ഭാവങ്ങൾ ജനിക്കുകയും, തത്ഫലമായി സുഖദുഃഖങ്ങളെ അനുഭവിക്കുകയും ചെയ്യുന്നു. ഭൌതികതയാൽ കളങ്കിതമായിക്കൊണ്ട്, ജീവനെ വിഷയങ്ങളോടടുപ്പിക്കുന്ന വിവേകമാണു അവന്റെ പ്രിയതമയായ പുരഞ്ജനിയെന്ന് വിശേഷിപ്പിക്കപ്പെടുന്നതു. അഞ്ച് കർമ്മേന്ദ്രിയങ്ങളും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും പുരഞ്ജനിയുടെ സുഹൃത്തക്കളായി കണക്കാക്കപ്പെടുന്നു. ഈ ഇന്ദ്രിയങ്ങൾ ജീവാത്മാക്കളെ വിഷയാനുഭവങ്ങൾക്കുവേണ്ടി കർമ്മാസക്തരാക്കിമാറ്റുന്നു. ഒമ്പത് ഗോപുരദ്വാരങ്ങളിലൂടെ ജീവനെ അനുഗമിക്കുന്ന സുഹൃത്തുക്കൾ അതിസൂക്ഷ്മങ്ങളായ ഇന്ദ്രിയങ്ങളാണു. അഞ്ച് തലകളുള്ള ആ നാഗം അഞ്ച് ഭാവത്തിൽ ഈ ശരീരത്തിനുള്ളിൽ സഞ്ചരിക്കുന്ന പ്രാണനാണു. പതിനൊന്നാമൻ മനസ്സും. അവനാകട്ടെ!, സകല ഇന്ദ്രിയങ്ങളിലുംവച്ച് പ്രധാനിയാണു. മനസ്സാണ് ജീവനെ വിഷങ്ങളോട് കൂട്ടിച്ചേർക്കുന്ന ഇടനിലക്കാരൻ. പഞ്ചാലരാജ്യമെന്നത് ജീവനുചുറ്റും വിഷങ്ങളടങ്ങിയിരികുന്ന ചുറ്റുപാടുകൾതന്നെ. അവിടെയാണ് നവദ്വാരങ്ങളുള്ള ശരീരമാകുന്ന ഈ പുരം സ്ഥിതിചെയ്യുന്നതു. ഈ പുരത്തിന്റെ ഒരുവശത്തുതന്നെയുള്ള അഞ്ച് വാതിലുകളാണ് കണ്ണുകളും മൂക്കും ചെവികളും. വൿത്രം, ശിശ്ന, ഗുദം എന്നിവയാണ് മറ്റുള്ള മൂന്ന് വാതിലുകൾ. ഇങ്ങനെ ഒമ്പതുവാതിലുകളുള്ള ശരീരമാകുന്ന ഈ പുരത്തിലിരുന്നുകൊണ്ട് ജീവൻ എപ്പോഴും ബാഹികങ്ങളായ രൂപാദിപഞ്ചവിഷയങ്ങളെ അനുഭവിക്കുന്നു. രണ്ട് കണ്ണുകളും മൂക്കിലെ രണ്ട് ദ്വാരങ്ങളും വായും ചേർന്ന അഞ്ച് വാതിലുകൾ ഈ പുരത്തിന്റെ മുൻവശത്തേക്ക് തുറന്നിരിക്കുന്നു. വലതുചെവി തെക്കേ ഗോപുരമായും ഇടതുചെവി വടക്കേഗോപുരമായും യഥാക്രമം കണക്കാക്കപ്പെടുന്നു. അതുപോലെ ശിശ്നയും ഗുദവും ഈ പുരത്തിൽ പടിഞ്ഞാറുദിക്കിലേക്ക് തുറന്നിരിക്കുന്ന വാതിലുകളായി അറിയുക.

ഖദ്യോതം, ആവിർമുഖി എന്ന രണ്ട് വാതിലുകൾ കണ്ണുകളാണു. വിഭ്രാജിതനഗരമെന്നുദ്ദേശിച്ചത് അതിന്റെ വിഷയങ്ങളായ രൂപങ്ങളെയാണു. കണ്ണുകളാകുന്ന വാതിലുകളിലൂടെ ആ നഗരത്തിലെത്തി ജീവൻ നിരവധി രൂപഭാവാങ്ങളെ അനുഭവിക്കുന്നു. മൂക്കിലെ രണ്ട് ദ്വാരങ്ങളാണ് നളിനിയും നാളിനിയും. ഗന്ധമാണ് സൌരഭനഗരം. അവധൂതൻ എന്ന സുഹൃത്ത് ഘ്രാണവിഷയേന്ദ്രിയമാണു. മുഖ്യം എന്ന വാതിൽ വൿത്രമാണു. വിപണൻ എന്നത് സംസാരശേഷിയും, രസജ്ഞൻ എന്ന സുഹൃത്ത് അവധൂതനെപ്പോലെ രസാനുഭവത്തിന് കൂട്ടുനിൽക്കുന്ന ഇന്ദ്രിയമാണു. ആപണമെന്നത് നാക്കിന്റെ വ്യവഹാരമാണു. ബഹൂദനമെന്ന വിവിധയിനം ആഹാരങ്ങളും. വലതുകാതിനെ പിതൃഹുവെന്നും ഇടതുകാതിനെ ദേവഹൂ എന്നും പറയപ്പെടുന്നു. ഇവിടെ ദക്ഷിണപഞ്ചാലനഗരം പ്രവൃത്തിയെ, അഥവാ, വിഷയാസക്തിയെക്കുറിച്ച് പഠിപ്പിക്കുന്ന ശാസ്ത്രശാഖകളും, ഉത്തരപഞ്ചാലദേശമെന്നത് നിവൃത്തിയെ, അഥവാ, വിഷയവിരക്തിയെക്കുറിച്ച് പഠിപ്പിക്കുന്ന ശാസ്ത്രശാഖകളുമാണു. ഈ ദ്വരങ്ങളെ ഉപയോഗപ്പെടുത്തി ചില ജീവന്മാർ പിതൃലോകങ്ങളിലും മറ്റുചിലർ ദേവലോകങ്ങളിലും എത്തപ്പെടുന്നു. ശരീരത്തിലെ ശിശ്നിദ്വാരമായ ആസുരിയെന്ന വാതിലിലൂടെ ജീവൻ ലൈംഗികസുഖത്തെയനുഭവിക്കുന്നു. സന്താനോല്പത്തിക്ക് സഹായകമായ ശക്തിയാണ് ജീവന്റെ ദുർമദൻ എന്ന സുഹൃത്ത്. ഗുദദ്വാരത്തെ നിരൃതി എന്നുദാഹരിച്ചിരിക്കുന്നു. പുരഞ്ജനൻ വൈശാസനഗരത്തിലേക്ക് പോകുന്നുവെന്നതിനർത്ഥം ജീവൻ നരകത്തിലേക്ക് യാത്രയാകുന്നുവെന്നാണു. അവിടേയ്ക്ക് ജീവനെ അനുഗമിക്കുന്നത് ഗുദത്തിന് സഹായകമായി നിലക്കുന്ന ഇന്ദ്രിയമായ ലുബ്ദകൻ എന്ന് സുഹൃത്താണു. ഹേ രാജൻ!, മുമ്പ് ഞാൻ പുരഞ്ജനന്റെ അന്ധരായ രണ്ട് പരിചാരകരെക്കുറിച്ച് പറഞ്ഞിരുന്നുവല്ലോ!. അവർ ഈ ശരീരത്തിലെ കരചരണങ്ങളാണു. അവയുടെ സഹായത്തോടെ ജീവൻ ഈ ശരീരത്തിലിരുന്നുകൊണ്ട് പലതരം കർമ്മങ്ങളിൽ നിരതനാക്കുകയും, അതുപോലെ, യഥേഷ്ടം വേണ്ടിടത്തൊക്കെ ചരിക്കുകയും ചെയ്യുന്നു. അന്തഃപുരം എന്നത് ഹൃദയമാണു. വിശൂചിനൻ അഥവാ, എല്ലായിടവും ചരിക്കുന്നവൻ, ആയത് മനസ്സും. മനസ്സിന്റെ സാന്നിധ്യത്തിൽ ജീവൻ ഈ ശരീരത്തിലിരുന്നുകൊണ്ട് പ്രകൃതിയുടെ മൂന്ന് ഗുണങ്ങളേയും മാറിമാറി അനുഭവിക്കുന്നു. ത്രിഗുണങ്ങളുടെ സ്വാധീനത്തിൽ ജീവൻ ചിലപ്പോൾ ഭ്രമിക്കുകയും മറ്റുചിലപ്പോൾ തൃപ്തമാകുകയും പിന്നെ ചിലപ്പോൾ ആർത്തുല്ലസിക്കുകയും ചെയ്യും. പുരഞ്ജനി ശരീരത്തിനുള്ളിൽ ജീവന് ഏറ്റവുമധികം പ്രീയമുള്ള വിവേകം അഥവാ, അഭിജ്ഞാനമാണെന്ന് മുമ്പ് പറഞ്ഞുവല്ലോ. സ്വപ്നത്തിലാണെങ്കിലും ജാഗ്രത്തിലാണെങ്കിലും ഈ ബോധം പലവിധ അവസ്ഥാന്തരങ്ങളെ സൃഷ്ടിക്കുന്നു. അങ്ങനെ ത്രിഗുണങ്ങളുടെ സ്വാധീനത്താൽ കളങ്കിതമായ വിവേകത്തിന്റെ താളത്തിനൊത്ത് ജീവൻ പലേതരം കേളികളാടാൻ തുടങ്ങുന്നു.

ഇവിടെ നവദ്വാരപുരത്തോടൊപ്പംതന്നെ രഥതത്വംകൂടി നാരദൻ എടുത്തുകാട്ടുന്നു. അതിൽ, പുരഞ്ജനൻ നായാട്ടിനായി കാട്ടിലേക്ക് യാത്രചെയ്യാനുപയോഗിക്കുന്ന രഥം അദ്ദേഹത്തിന്റെ ശരീരമാണു. ഇന്ദ്രിയങ്ങളാണ് അതിനെ വലിച്ചുകൊണ്ടുപോകുന്ന കുതിരകൾ. കാലങ്ങൾ നീങ്ങുന്നതനുസരിച്ച് ഈ കുതിരകൾക്ക് തടസ്സങ്ങളില്ലാതെ യഥേഷ്ടം സഞ്ചരിക്കാൻ കഴിയുന്നു. പുണ്യപാപങ്ങളാകുന്ന കർമ്മങ്ങളാണ് ഇവിടെ രഥചക്രങ്ങളായി ഉപമിച്ചിരിക്കുന്നതു. മുകളിൽ പാറിപ്പറക്കുന്ന മൂന്ന് കൊടികൾ ത്രിഗുണങ്ങളും. പഞ്ചപ്രാണന്മാരാണ് മനസ്സാകുന്ന കയറിനെ കുതിരകളുമായി ബന്ധിപ്പിച്ചിരിക്കുന്നതു. അത് കൈയ്യിൽ പിടിച്ചിരിക്കുന്ന ബോധത്തെ ഈ ശരീരമാകുന്ന തേർ തെളിക്കുന്ന തേരാളിയായി അറിയുക. ഹൃദയമാണ് ആ രഥത്തിലെ ഇരിപ്പിടം. സുഖദുഃഖങ്ങളാകുന്ന ദ്വന്ദങ്ങളെ അവയുടെ കെട്ടുകളായി കണക്കാക്കപ്പെടുന്നു. സപ്തധാതുക്കൾ രഥത്തിന്റെ ചട്ടയാണു. അഞ്ച് കർമ്മേന്ദ്രിയങ്ങൾ ബാഹ്യവൃത്തികളാണു. പതിനൊന്നിന്ദ്രിയങ്ങളും കൂടിച്ചേർന്ന് സൈന്യം രൂപീകരിക്കപ്പെട്ടിരിക്കുന്നു. വിഷയഭോഗത്തിൽ ആസക്തനായി ശരീരമാകുന്ന രഥത്തിൽ ഹൃദയമാകുന്ന ഇരിപ്പിടത്തിലിരുന്നുകൊണ്ട് ഒരിക്കലുമടങ്ങാത്ത ഭോഗാശയോടെ ജീവൻ ജന്മജന്മാന്തരങ്ങളായി സംസാരത്തിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.

ഹേ രാജൻ!, ചണ്ഡവേഗന്മാരായ ഗന്ധർവ്വീഗന്ധർവ്വന്മാർ രാത്രികളും പകലുകളുമായി കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന കാലമെന്ന അതിശക്തമായ പ്രതിഭാസമാണു. ശരീരത്തിന്റെ ജീവിതദൈഘ്യം ഈ ദിനരാത്രങ്ങളായി അവസാനിച്ചുകൊണ്ടിരിക്കുന്നു. കാലകന്യയായി പുരഞ്ജനനെ തേടിയെത്തുന്നത് കാലപ്രവാഹത്താൽ ഉണ്ടാകുന്ന ജരയെന്ന ശരീരത്തിന്റെ വൃദ്ധാവസ്ഥയാണു. അതിനെ സന്തോഷത്തോടുകൂടി സ്വീകരിക്കാൻ ലോകത്തിൽ ആരുംതന്നെ തയ്യാറാകുന്നില്ല. എന്നാൽ, മരണമാകുന്ന യവനരാജാവ് ജരയെ തന്റെ സഹോദരിയായി സ്വീകരിക്കുന്നു. യവനന്റെ സൈന്യം യമകിങ്കരന്മാരാണു. യഥാർത്ഥത്തിൽ അവ കാലാന്തരത്തിൽ ശരീരത്തെയും അതുവഴി മനസ്സിനേയും ബാധിക്കുന്ന അസ്വാസ്ഥ്യങ്ങളാകുന്നു. പ്രജ്വാരൻ എന്ന കഥാപാത്രം ശരീരത്തിൽ അനുഭവപ്പെടുന്ന തീവ്രമായ ചൂടും അതുപോലെ അതിതീവ്രമായ തണുപ്പുമാകുന്ന രണ്ടുവിധം ജ്വരങ്ങളാണു. ഇത്തരത്തിലുള്ള അനിഷ്ടങ്ങളായ അനുഭവങ്ങൾ ശരീരത്തിൽ ബദ്ധപ്പെട്ടുകഴിയുന്ന ജീവന് വളരെ അസ്സഹനീയമായ കഷ്ടപ്പാടുകൾ സൃഷ്ടിക്കുന്നു. എന്നാൽ ആശ്ചര്യമെന്ന് പറയട്ടെ!, ഇത്ര പ്രയാസങ്ങൾക്കിടയിലും ജീവൻ പലേ പദ്ധതികളുമായി പിന്നെയും സുഖം തേടി വിഷയങ്ങൾക്ക് പിറകേതന്നെ പാഞ്ഞുകൊണ്ടിരിക്കുന്നു. ബോധസ്വരൂപനായ ജീവൻ അജ്ഞാനജമായ ഞാനെന്നും എന്റേതെന്നുമുള്ള ചിന്തയിൽ ഇതിനപ്പുറം വരുന്ന കഷ്ടതകളെപ്പോലും മനസ്സില്ലാമനസ്സോടെ സ്വീകരിക്കുന്നു. അങ്ങനെ ജീവൻ ഒരു ശരീരത്തിൽ നൂറ് വർഷക്കാലത്തോളം ബദ്ധപ്പെട്ടുകിടക്കുന്നു.

ഹേ രാജൻ! ജീവഭൂതങ്ങൾക്കെല്ലാം നന്മതിന്മകളെ തിരിച്ചറിയാനുള്ള അല്പസ്വാതന്ത്ര്യം പ്രകൃത്യാതന്നെ ലബ്ദമാണു. എന്നാൽ ആ സ്വാതന്ത്യത്തിൽ മത്തനായി അവൻ പരംബോധമായ ഈശ്വരനെ മറക്കുമ്പോൾ, പൂർണ്ണമായും ത്രിഗുണങ്ങളുടെ പിടിയിലമരുന്നു. അങ്ങനെ ത്രിഗുണങ്ങൾക്കധീനനാകുന്ന ജീവാത്മാവ് താൻ ഈ ശരീരമാണെന്ന് സ്വയം വിശ്വസിക്കുന്നു. പിന്നീട് അതിനെ നിലനിറുത്തുവാനും പോഷിപ്പിക്കുവാനും സുഖിപ്പിക്കുവാനുമായി അവൻ ഓരോതരം കർമ്മങ്ങളിലേർപ്പെടുന്നു. സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്ന് ഗുണങ്ങൾ ജീവനിൽ കാലാകാലങ്ങളിൽ മാറിമാറി സ്വാധീനം ചെലുത്തുന്നു. അങ്ങനെയാണ് അവയ്ക്ക് വിവിധതരം ശരീരങ്ങൾ സ്വീകരിക്കേണ്ടിവരുന്നതു. സത്വഗുണാധിക്യത്തിൽ ജീവൻ പുണ്യകർമ്മളെ ചെയ്യാനിടവരുന്നു. തത്ഫലമായി അവൻ ഊർദ്ദ്വലോകങ്ങളെ പ്രാപിക്കുന്നു. രജോഗുണമേറിയ ജീവന്മാർ പലേതരം സകാമകർമ്മങ്ങളിലേർപ്പെട്ട് വിഷയങ്ങളെ അനുഭവിച്ച് മനുഷ്യലോകത്തിൽ കഴിയുന്നു. അതുപോലെ, തമോഗുണം ജീവനെ കൂടുതലായി ബാധിക്കുമ്പോൾ, അവന് പലേതരം ദുരിതങ്ങളെ അനുഭവിച്ചുകൊണ്ട് തിര്യക് യോനിയിൽ ജന്മമെടുക്കേണ്ടിവരുന്നു. ഇങ്ങനെ ഗുണങ്ങൾക്കധീനരാകുന്ന ജീവന്മാർ, പുരുഷൻ, സ്ത്രീ, ഇവ രണ്ടും ചേർന്നത്, മനുഷ്യൻ, ദേവന്മാർ, പക്ഷികൾ, മൃഗങ്ങൾ തുടങ്ങി പലപല രൂപത്തിലും ഭാവത്തിലും ഈ ഭൌതികലോകത്തിൽ ജന്മമെടുത്ത് അലഞ്ഞുതിരിയുന്നു. ത്രിഗുണങ്ങളുടെ സ്വാധീനത്തിൽ ഓരോ ജീവന്മാരാലും ചെയ്യപ്പെടുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ജന്മങ്ങൾ സംഭവിക്കുന്നതു.

വിശന്നുവലഞ്ഞ് ആഹാരത്തിനുവേണ്ടി വീടാന്തരം കയറിയിറങ്ങുന്ന ശ്വാനന്മാരെപ്പോലെയാണ് ജീവഭൂതങ്ങൾ. ചിലപ്പോൾ അവനെ വീട്ടുകാർ അവിടെനിന്നും എറിഞ്ഞോടിക്കുന്നു. എന്നാൽ മറ്റുചില വീടുകളിൽനിന്നും കുറച്ചാഹാരം കിട്ടുകയും ചെയ്യുന്നു. അതുപോലെ, ജീവന്മാർ മുജ്ജന്മങ്ങളിലെ വിവിധതരം ആഗ്രഹങ്ങളെ പൂർത്തീകരിക്കുവാനായി സ്വർഗ്ഗവും നരകവും ചേരുന്ന ഉച്ഛനീചങ്ങളായ വിവിധയിനം യോനികളിൽ ജന്മം നേടി തങ്ങളുടെ പ്രാരബ്ദത്തെ അനുഭവിക്കുന്നു. ഇതിനിടയിൽ ശാരീരികമായും മാനസീകമായും അതുപോലെ മറ്റ് ജീവഭൂതങ്ങളാലും സംഭവിക്കുന്ന ദുരിതങ്ങളെ മറികടക്കാൻ അവർ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ, ആ ശ്രമങ്ങളെല്ലാംതന്നെ വിഫലമായിപ്പോകുന്നുവെന്നുള്ളതാണ് സത്യം. ഒരു മനുഷ്യൻ തന്റെ തലയിലേറ്റിയിരിക്കുന്ന ഭാരം അസഹനീയമാകുമ്പോൾ, അത് തന്റെ ചുമലിലേക്കിറക്കിവയ്ക്കുന്നു. അതുപോലെ, ജീവിതത്തിൽ ജീവന്മാർ അനുഭവിക്കുന്ന ദുഃഖങ്ങൾ ഒരിടത്തുനിന്നുമിറക്കി മറ്റൊരിടത്ത് വയ്ക്കുന്നുവെന്നതിലുപരി അതിനെ പൂർണ്ണമായി തന്നിൽനിന്നും അകറ്റാൻ യാതൊരു വഴികളും അവർക്ക് മുന്നിൽ തെളിയുന്നില്ല.

ഹേ അനഘാ!, കർമ്മഫലത്തെ പ്രതികരിക്കുവാൻ മറ്റൊരു കർമ്മം കൊണ്ട് സാധ്യമല്ല. അതിനായി നാം ചെയ്യുന്ന ഓരോ കർമ്മങ്ങളും അവിദ്യയിൽനിന്നുമുണ്ടാകുന്നതും വിഫലവുമാണു. ഒരു ദുഃസ്വപ്നത്തിൽനിന്നും ഉണരുവാൻ മരൊരു വിഭ്രാന്തിയിലൂടെ സാധ്യമല്ല. സ്വപ്നത്തിലെ ദുഃഖത്തെ ഇല്ലാതാക്കുവാൻ ജാഗ്രത്തിനുമാത്രമേ കഴിയുകയുള്ളൂ. ജീവന്റെ ഭൌതികമായ അസ്ഥിത്വം ഇല്ലാതാകണമെങ്കിൽ അതിനെ പൊതിഞ്ഞിരിക്കുന്ന മായയുടേയും അജ്ഞാനത്തിന്റേയും മൂടുപടം നീങ്ങി ജ്ഞാനമുദിക്കുകതന്നെ വേണം. ജ്ഞാനത്തിലൂടെ ജീവൻ തന്റെ സ്വരൂപത്തെ അറിയുന്നതുവരെ നാമരൂപങ്ങളാകുന്ന ഉപാധികളിൽ കഴിയേണ്ടിവരുന്നു. സ്വപ്നത്തിൽ നാം ചിലപ്പോൾ നമുക്കുനേരെ ചാടിയടുക്ക വ്യാഘ്രത്തെ കാണുന്നു. ഇരുട്ടിൽ നാം കയറിനെ പാമ്പായി തെറ്റിദ്ധരിക്കുന്നു. ഇവിടെയെല്ലാം നാമറിയാതെതന്നെ ഇല്ലാത്തതിനെ ഉള്ളതായിക്കണ്ട് അതിന്റെ പരിണിത വികാരങ്ങളെ അനുഭവിക്കുകയാണു ചെയ്യുന്നതു. അതിൽനിന്നും പുറത്തുവരാൻ നാം സ്വപ്നത്തിൽനിന്നുണരുകയോ, കയറിൽ പ്രകാശം പരക്കുകയോ വേണം. യഥാർത്ഥത്തിൽ നാം ചെയ്യേണ്ടത് ജനനമരണങ്ങളാകുന്ന ഈ സംസൃതിയിൽ നിന്നും സ്വയം രക്ഷപ്പെടുകയാണു. അതിനായുള്ള ഒരേയൊരുവഴി സത്സംഗത്തിലൂടെ ഈശ്വരനേയും തന്നേയും അറിയുക എന്നുള്ളതാണു. ഭഗവാൻ വാസുദേവന്റെ ഭക്തനാകാതെ ജ്ഞാനവും അതുപോലെ മോക്ഷവും അസംഭവ്യമാണു. ഹേ രാജേന്ദ്രാ!, ആരാണോ ഭഗവാനെ ശ്രദ്ധാഭക്തിസമന്വിതം ആരാധിക്കുകയും, ആ കരുണാമയന്റെ മഹിമകളുടെ ശ്രവണമനനാദികളിലൂടെ തന്തിരുവടികളിൽ ആശ്രയം കൊള്ളുകയും ചെയ്യുന്നത്, അവൻ ആ പരമാത്മാവിനെ മുഖാമുഖം കണ്ട് സായൂജ്യമടയുന്നു. ശ്രദ്ധയോടും ഭക്തിയോടും കൂടി അവന്റെ ചരിതങ്ങളെ കീർത്തിക്കുന്ന പുണ്യസ്ഥലത്തെത്തി ആ സത്ചിദാനന്ദാമൃത്തിന്റെ ഒരു കണികയെങ്കിലും നുകരാൻ ഭാഗ്യം സിദ്ധിച്ചാൽ, ഒരുവൻ തന്റെ വിശപ്പും ദാഹവും പോലും മറക്കുന്നു. അവൻ സകല ഭയങ്ങളിൽനിന്നും ദുഃഖങ്ങളിൽനിന്നും മായയിൽനിന്നും എന്നെന്നേയ്ക്കുമായി മുക്തനാകുന്നു. ജീവഭൂതങ്ങൾ വിശപ്പ്, ദാഹം തുടങ്ങിയ ശരീരധർമ്മങ്ങളെക്കൊണ്ട് പൊറുതിമുട്ടുമ്പോൾ അവർക്ക് ഭഗവദഭിമുഖമായിത്തിരിയാൽ സന്ദർഭമൊരുങ്ങുന്നില്ല. പ്രജാപതിമാർക്കെല്ലാം പ്രജാപതിയായ ബ്രഹ്മദേവൻ, ശങ്കരൻ, മനു, ദക്ഷൻ, സനകാദികുമാരന്മാർ, മരീചി, അത്രി, അംഗിരസ്സ്, പുലസ്ത്യൻ, പുലഹൻ, ക്രതു, ഭൃഗു, വസിഷ്ഠൻ, നാരദനെന്ന ഞാൻ; ഞങ്ങളെല്ലാംതന്നെ വേദവിത്തുക്കളും ഭഗവദ്ഭക്തന്മാരുമാണു. ഞങ്ങളെല്ലാം ബ്രഹ്മചര്യം കൊണ്ടും തപസ്സുകൊണ്ടും ധ്യാനം കൊണ്ടും വിദ്യകൊണ്ടും ഉയർന്നവരാണു. എന്നാൽപോലും ആ പരമപുരുഷന്റെ മഹിമകളെ ഉള്ളവണ്ണം അറിയാൻ ഞാങ്ങൾക്ക് സാധിച്ചിട്ടില്ല. അനന്തമായ വേദങ്ങളുടെ അധ്യയനങ്ങളിലൂടെയോ വേദമന്ത്രങ്ങളെക്കൊണ്ട് മറ്റുള്ള ദേവതകളെ ആരാധിക്കുന്നതിലൂടെയോ അവനെ അറിയാൻ സാധിക്കുകയില്ല. എന്നാൽ ഒരുവൻ പൂർണ്ണമായും ഭഗവദാരാധയിലേർപ്പെട്ടുകഴിയുമ്പോൾ, കാരുണ്യവാനായ ഭഗവാൻ അവനിൽ സമ്പ്രീതനാകുന്നു. ആ സമയം, ഭക്തൻ സകല ഭൌതികകർമ്മങ്ങളും വേദോക്തങ്ങളായ യജ്ഞാദി സകാമകർമ്മങ്ങളും ഉപേക്ഷിക്കുന്നു.

ഹേ പ്രാചീനബർഹിസ്സേ!, ജീവിതത്തിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്നവയായി തോന്നുമെങ്കിലും, വേദോക്തങ്ങളായ ആചാരങ്ങളേയും അവയുടെ അനുഷ്ഠാനങ്ങളെയും സ്വാർത്ഥങ്ങളായോ അഥവാ, ജീവിതത്തിന്റെ പരമമായ ലക്ഷ്യമായോ കാണരുതു. അല്പബുദ്ധികളാണ് അവയെ ജീവിതത്തിൽ എല്ലാമായിക്കാണുന്നതു. യഥാർത്ഥത്തിൽ വേദങ്ങളുടെ താത്പര്യം മോക്ഷപ്രാപ്തിയാണെന്ന് അവർ ഒരിക്കലും അറിയുന്നില്ല. നിത്യമായതിനെ അവഗണിച്ചുകൊണ്ട് അവർ അനിത്യമായതിന്റെ പിറകേ അലയുകയാണ് ചെയ്യുന്നതു. ഹേ രാജൻ!, ഈ ലോകം മുഴുവൻ സകാമകർമ്മങ്ങളുടെ പിറകേയാണു. ജീവിതത്തിൽ ഇന്നോളം അങ്ങനുഷ്ഠിച്ച യജ്ഞങ്ങളിലും അർപ്പിച്ച മൃഗബലികളിലും താങ്കൾ ഒരുപക്ഷേ അഹങ്കരിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുണ്ടാകാം. എന്നാൽ ജളത്വം കൊണ്ട് അങ്ങറിയുന്നില്ല ഭക്തിയിലൂടെ മാത്രമേ അവൻ പ്രസാദിക്കുകയുള്ളുവെന്നു. ഇനിയുള്ളകാലം അങ്ങയുടെ ജീവിതലക്ഷ്യം നിത്യനായ ഈശ്വരനെ പ്രസാദിപ്പിക്കുകയെന്നുള്ളതാകട്ടെ!. വിദ്യയിലൂടെയും ജ്ഞാനത്തിലൂടെയും നേടേണ്ടത് അവന്റെ അനുഗ്രഹം മാത്രമാണു. അന്തര്യാമിയായ ശ്രീഹരി ദേഹം സ്വീകരിച്ചിട്ടുള്ള എല്ലാ ജീവഭൂതങ്ങളിലും അവയുടെ സുഹൃത്തും വഴികാട്ടിയുമായി നിറഞ്ഞിരിക്കുന്നു. ഇവിടെ സകലകർമ്മങ്ങളുടേയും ഏകനായ നിയന്താവ് അവൻ മാത്രമാണു. അവൻ സകല ജീവഭൂതങ്ങൾക്കും ആത്മമിത്രമാണു. അതുകൊണ്ട് എല്ലാവരും അവനിൽ അഭയം പ്രാപിക്കേണ്ടത് അത്യാവശ്യമാണു. അതിലൂടെ ജീവിതം ധന്യമാകുന്നു. അവന്റെ ഭക്തർക്ക് ഇവിടെ ഒന്നിനോടും യാതൊരു ഭയവുമില്ല. കാരണം, തങ്ങൾക്ക് താങ്ങും തണലുമായി തങ്ങളുടെ ആത്മസുഹൃത്തിന്റെ സാന്നിധ്യത്തെ അവർ എപ്പോഴും അനുഭവിച്ചറിയുന്നു. ഇതറിയുന്നവൻ ജ്ഞാനിയാണു. ജ്ഞാനി സദാ ഗുരുവിന്റെ രൂപത്തിൽ ലോകത്തിന് വഴികാട്ടിയാകുന്നു. അങ്ങനെയുള്ള ആചാര്യന്മാർ ഭഗവാനിൽനിന്നും വേറേയല്ലെന്നറിയുക.

ഹേ പുരുഷഋഷഭാ!, അങ്ങ് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഞാൻ ഉത്തരം പറഞ്ഞുകഴിഞ്ഞു. ഇനി മഹത്തുക്കളാൽ സമ്മതമായതും പരമരഹസ്യമായതുമായ മറ്റൊരു സംഗതിയെക്കുറിച്ച് കേട്ടുകൊള്ളുക.

നാരദർ തുടർന്നു: ഹേ രാജൻ!, മനോഹരമായ ഒരുദ്യാനത്തിൽ തന്റെ ഇണയോടൊപ്പം പുല്ലുതിന്നുകൊണ്ടിരിക്കുന്ന ഒരു മാനിനെ മനസ്സിൽ സങ്കൽപ്പിക്കുക. തന്റെ കർമ്മത്തിൽ അവൻ അങ്ങേയറ്റം ആസക്തനാണു. പുല്ലുതിന്നുന്നതിനിടയിൽ വണ്ടുകളുടെ മൂടിപ്പാട്ടുകൾ അവൻ ആന്ദത്തോടെ ആസ്വദിക്കുന്നു. ഹേ പ്രാചീനബർഹിസ്സേ!, അവന്റെ മനസ്സിനെ അടുത്തറിയാൻ ശ്രമിക്കൂ!. ഭോഗാസക്തനായ ആ മാൻ തന്റെ തൊട്ടുമുന്നിൽ നിൽക്കുന്ന കടുവയെ കാണുന്നില്ല. പിറകിൽ കൂരമ്പുകളുമായി അവനുനേരേ ഉന്നം പിടിച്ചുനിൽക്കുന്നു, ഒരു വേട്ടക്കാരൻ. ആ അവസരത്തിൽ മാനിന്റെ മരണം സുനിശ്ചിതം.

ഹേ രാജൻ!, പൂക്കൾ തുടക്കത്തിൽ മണം പരത്തുന്നു. എന്നാൽ ക്രമേണ അവയുടെ സുഗന്ധം കുറഞ്ഞുവരുകയും, അവസാനം അവ അഴുകിനാറുകയും ചെയ്യുന്നു. അതുപോലെ സ്ത്രീയും തുടക്കത്തിൽ ആനന്ദത്തെ പ്രദാനം ചെയ്യുന്നുവെങ്കിലും ഒടുവിൽ ദുഃഖംതന്നെ സമ്മാനിക്കുന്നു. കാരണം, സ്ത്രീരൂപം മായയുടെ മൂർത്തരൂപമാണു. സ്തീയോടൊപ്പം ജീവൻ എപ്പോഴും കാമാതുരനായിരിക്കും. അങ്ങനെ എല്ലാവിധത്തിലും ഇന്ദ്രിയസുഖം അനുഭവിച്ചുകൊണ്ട്, കുടുംബജീവിതത്തിൽ അവൻ സകല സൌഭാഗ്യങ്ങളും കാണുന്നു. വണ്ടുകളുടെ മൂളലിലെന്നപോലെ, ഭാര്യയുടേയും കുട്ടികളുടേയും കളിചിരിയിൽ അവൻ അങ്ങേയറ്റം ആനന്ദം കണ്ടെത്തുന്നു. തൊട്ടുമുന്നിൽ കാലം നിൽക്കുന്നതവൻ അറിയുന്നില്ല. ദിനരാത്രങ്ങളായി കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്ന ജീവിതത്തെക്കുറിച്ചവൻ ഓർക്കുന്നില്ല. പിറകിൽനിന്നും വായും പിളർന്നടുക്കുന്ന യമദൂതന്മാരായ കാലസർപ്പത്തെ അവൻ കാണുന്നില്ല. ഹേ മഹാരാജൻ! താങ്കളിവിടെ ഓരോ നിമിഷവും നാനാവശങ്ങളിൽനിന്നും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണു. രാജൻ!, ഈ മാനിന്റെ കഥയുടെ പിന്നിലെ തത്വം ആത്മവിദ്യയാണു. സ്വയത്തെ ഉള്ളവണ്ണം അറിയാൻ ശ്രമിക്കുക. ജീവിതാവസാനംവരെ നീണ്ടുപോകുന്ന സകാമകർമ്മാനുഷ്ഠാനങ്ങളിലൂടെ സ്വർഗ്ഗരാജ്യത്തെ കാമിക്കുന്ന ഈ പതിവ് ഇവിടെ അവസാനിപ്പിക്കുക. ജീവിതത്തിന്റെ അന്ത്യവേളയിലും അങ്ങ് നയിക്കുന്ന ഈ ഗൃഹസ്ഥാശ്രമജീവിതത്തിൽനിന്നും വിരമിച്ച് സത്സംഗത്തിലൂടെ ഇന്നുമുതൽ ഭഗവാനിൽ ആശ്രയം കൊള്ളുക. അങ്ങനെ ഭൌതികാശയെ വിട്ടൊഴിയുക.

പ്രാചീനബർഹിസ്സ് പറഞ്ഞു: ഹേ ബ്രഹ്മർഷേ!, അങ്ങ് പറഞ്ഞതെല്ലാം ഞാൻ ശ്രദ്ധയോടെ ഗ്രഹിച്ചുകഴിഞ്ഞു. പക്ഷേ എന്നെ തുടക്കത്തിൽ കർമ്മം ചെയ്യാൻ പ്രേരിപ്പിച്ച ആ ആചാര്യന്മാർ ഈ രഹസ്യത്തെ അറിയുന്നുണ്ടായിരുന്നില്ല. ഒരുപക്ഷേ, അറിയുമായിരുന്നെങ്കിൽ എന്തിനവരെന്നെ വ്യർത്ഥമായ ഈ കർമ്മസഞ്ചയങ്ങളിലേക്ക് തള്ളിവീഴ്ത്തണം?. അങ്ങ് പറയുന്നതും പൂർവ്വികാചാര്യന്മാർ എന്നെ പഠിപ്പിച്ച പാഠങ്ങളും തമ്മിൽ വളരെ വ്യത്യസ്ഥങ്ങളാണു. ഇപ്പോൾ എനിക്ക് ഭക്തിയെന്തെന്നും ജ്ഞാനെമെന്തെന്നും സന്യാസമെന്തെന്നും പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞു. എനിക്കുണ്ടായിരുന്ന സകല സന്ദേഹങ്ങളും ആങ്ങ് നീക്കിയിരിക്കുന്നു. ജീവിതത്തിന്റെ പരമമായ സത്യമെന്തെന്നുള്ളതിൽ യോഗികൾപോലും എങ്ങനെയാണിവിടെ മോഹിക്കപ്പെടുന്നതെന്നു ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ഓരോ ജീവന്മാരും തങ്ങൾ ഈ ജന്മത്തിൽ ചെയ്യുന്ന കർമ്മങ്ങളുടെ ഫലമാണ് വരും ജന്മങ്ങളിലനുഭവിക്കുന്നതു. മുജ്ജന്മകർമ്മഫലം ജീവന്മാർ വരുംജന്മങ്ങളിൽ അനുഭവിക്കുന്നുവെന്ന് വേദപണ്ഢിതന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ യാതൊരു ശരീരത്തിലൂടെയാണോ, പോയ ജന്മങ്ങളിൽ ജീവൻ തന്റെ കർമ്മങ്ങളെ ചെയ്തുകൊണ്ടിരുന്നത്, അത് കാലാന്തരത്തിൽ അവന് ഉപേക്ഷിക്കേണ്ടിവരുന്നല്ലോ. മഹർഷേ!, അങ്ങനെയിരിക്കെ, എന്തുകൊണ്ടാണ് കഴിഞ്ഞ ജന്മങ്ങളിലെ കർമ്മഫലം മറ്റൊരു ശരീരത്തിലൂടെ ഒരു ജീവൻ അനുഭവിക്കേണ്ടിവരുന്നതു?

നാരദർ പറഞ്ഞു: രാജൻ!, സ്ഥൂലശരീരത്തിലൂടെയാണ് ജീവൻ ഒരു ജന്മത്തിൽ തന്റെ കർമ്മങ്ങളെ ചെയ്യുന്നതു. പക്ഷേ, സ്ഥൂലശരീരത്തിനെ കർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് മനസ്സ് ബുദ്ധി അഹങ്കാരം എന്നിവയടങ്ങിയ സൂക്ഷ്മശരീരമാണു. സ്ഥൂലശരീരം നശിച്ചതിനുശേഷവും സൂക്ഷ്മശരീരം യാതൊരു മാറ്റവും കൂടാതെ ജീവനോടൊപ്പം നിലനിൽക്കുന്നു. ഉറങ്ങുമ്പോൾ ജീവൻ ഈ സ്ഥൂലശരീരവുമായുള്ള പ്രവൃത്തിസംബന്ധമായ ബന്ധത്തെ ഉപേക്ഷിക്കുന്നു. ആ സമയം മനസ്സുകൊണ്ടും ബുദ്ധികൊണ്ടും അവൻ സൂക്ഷ്മശരീരത്തിലൂടെ പലപല ഭാവങ്ങളിൽ പ്രവർത്തിക്കുന്നു. സ്ഥൂലശരീരം ഉപേക്ഷിച്ചതിനുശേഷം ജീവൻ മറ്റൊരു ശരീരത്തെ സ്വീകരിച്ച് ഈ ലോകത്തിൽതന്നെയോ അഥവാ, മറ്റേതെങ്കിലും ലോകങ്ങളിലോ തന്റെ പ്രാരബ്ദത്തെ അനുഭവിക്കുന്നു. ഓരോ ജന്മങ്ങളിലും താനിരിക്കുന്ന ശരീരത്തെ ആസ്പദമാക്കി ജീവൻ ഞാനിതാണ്, ഞാനതാണ്, ആയതിനാൽ ഇന്നതൊക്കെ എനിക്കിവിടെ ചെയ്യേണ്ടതുണ്ടു എന്ന് സ്വയം തെറ്റിദ്ധരിക്കുന്നു. പക്ഷേ, അതെല്ലാംതന്നെ മനസ്സിന്റെ തികച്ചും താൽക്കാലികമായ കണക്കുകൂട്ടലുകളാണെന്നറിയുക. എന്നിരുന്നാലും, കാരുണ്യവാനായ ഹരിയുടെ അനുഗ്രഹം കൊണ്ട് ജീവന് പുതിയ ഒരു ജന്മം കിട്ടുകയും, അതിലൂടെ തന്റെ മനസ്സിന്റെ ഈ കപടനാടകങ്ങളെ ആസ്വദിക്കുവാനും അവയെ തിരിച്ചറിയുവാനുമുള്ള അവസരം ലഭ്യമാകുകയും ചെയ്യുന്നു. ഒരു മനുഷ്യന്റെ പ്രവർത്തികളെ സസൂക്ഷ്മം വീക്ഷിച്ചാൽ അവന്റെ മാനസീകാവസ്ഥയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും. അതുപോലെ, ഒരു വ്യക്തിയുടെ മാനസീകവും ബൌദ്ധികവുമായ അവസ്ഥയിൽനിന്നും അവന്റെ പഴയ ജന്മത്തെക്കുറിച്ച് അറിയാൻ സാധിക്കും.

ചില പ്രത്യേക അവസ്ഥകളിൽ നാം മുമ്പെങ്ങും ഈ വർത്തമാനശരീരത്തിലൂടെ അനുഭവിച്ചിട്ടില്ലാത്തെ ചില വികാരങ്ങളെ അനുഭവിക്കാറുണ്ടു. ഹേ രാജൻ!, ഇപ്പറഞ്ഞ സൂക്ഷ്മമായ മനസ്സിന്റെ സ്വാധീനത്താൽ ജീവൻ കഴിഞ്ഞ ജന്മങ്ങളിൽ അനുഭവിച്ചിട്ടുള്ള വസ്തുതകളെ വർത്തമാനജന്മത്തിലും അനുഭവിക്കുന്നുവെന്നുള്ളതിൽ സംശയമില്ല. ജീവൻ ഈ ജന്മത്തിലോ കഴിഞ്ഞ ജന്മങ്ങളിലോ അനുഭവിച്ചിട്ടില്ലാത്ത യാതൊരനുഭങ്ങളും വർത്തമാനജന്മത്തിലുണ്ടാകുന്നില്ല എന്നത് സത്യമാണു. ജീവന് പ്രകൃതിയുമായിയുള്ള ബന്ധത്തെ അടിസ്ഥാനമാക്കി, വരും ജന്മങ്ങളിൽ ഏതുവിധമുള്ള ശരീരത്തെ സ്വീകരിക്കണെമെന്നുള്ളതിന് മനസ്സാണ് സർവ്വപ്രധാനമായ കാരണം. ഒരാളുടെ മനസ്സിന്റെ സ്വഭാവത്തെയനുസരിച്ച് അയാൾ കഴിഞ്ഞ ജന്മത്തിൽ സ്വീകരിച്ചതും അതുപോലെ വരും ജന്മത്തിൽ സ്വീകരിക്കുവാൻപോകുന്നതുമായ ശരീരങ്ങൾ ഏതൊക്കെതരങ്ങളിലുള്ളവയാണെന്ന് സ്ഥിതീകരിക്കുവാൻ സാധ്യമാണു. അതുകൊണ്ട്, ഈ ജന്മത്തിൽ അനുഭവിച്ചിട്ടില്ലാത്ത ഏതെങ്കിലും വസ്തുതകൾ നമ്മുടെ സ്വപ്നത്തിൽ അനുഭവയോഗ്യമായിവന്നാൽ, അത് കഴിഞ്ഞ ജന്മത്തിൽ മറ്റൊരു ശരീരത്തിലൂടെ പലകാലങ്ങളിൽ, പലസമയത്ത്, പല സാഹചര്യങ്ങളിൽ ഈ ജീവൻ അനുഭവിച്ചറിഞ്ഞിട്ടുള്ളവയാണെന്ന് മനസ്സിലാക്കുക. സ്ഥൂലശരീരം മാറുമ്പോഴും സൂക്ഷ്മശരീരാംശമായ മനസ്സ് ജീവനോട് ചേർന്നുനിൽക്കുകയും, ജീവന്റെ ആഗ്രങ്ങൾ അത് എന്നെന്നേയ്ക്കുമായി കുറിച്ചിടുകയും ചെയ്യുന്നു. തുടർന്ന്, വരും ജന്മങ്ങളിൽ അവയുടെ അനുഭവം ജീവന് ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു. എന്നാൽ വർത്തമാനശരീരത്തിലൂടെ തനിക്ക് മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത പ്രസ്തുത അനുഭങ്ങൾ തികച്ചും പുതിയതായി ജീവൻ തെറ്റിദ്ധരിക്കുന്നു.

എന്നാൽ, ഭഗവാനിൽ നിമഗ്നമായ മനസ്സിലാകട്ടെ, സർവ്വതും സുവ്യക്തമായിത്തന്നെ സർവ്വദാ തെളിഞ്ഞുനിൽക്കുന്നു. ഇടയ്ക്കിടെ മറഞ്ഞാൽപോലും, അവ്യക്തമായ രാഹു ഗ്രഹണത്തിനുശേഷം ചന്ദ്രന്റെ വെളിച്ചത്താൽ പ്രകടമാകുന്നതുപോലെ, അവ മനസ്സിൽ അനുഭഗയോഗ്യമായിത്തന്നെയുണ്ടാകുന്നു. മനസ്സ്, ബുദ്ധി, അഹങ്കാരം മുതലായ പ്രകൃതിതത്വങ്ങളാൽ നിർമ്മിതമായ സൂക്ഷ്മശരീരം ജീവനോടൊപ്പം നിലനിൽക്കുന്ന കാലത്തോളം, ഞാനെനും എന്റേതെന്നുമുള്ള ഭാവങ്ങളും ജീവനെ വിട്ടുപിരിയുന്നില്ല. എന്നാൽ, തുരീയാവസ്ഥയിലും അബോധാവസ്ഥയിലും ഏതെങ്കിലും കാരണത്താൽ പെട്ടെന്നുണ്ടാകുന്ന നടുക്കങ്ങളിലും മരണസമയത്തും അതുപോലെയുള്ള മറ്റു സാഹചര്യങ്ങളിലും ശരീരത്തിൽ പ്രാണചലനം നിലക്കുകയും, ആ സമയം ജീവൻ ശരീരവും താനുമായുള്ള ബന്ധത്തെ മറന്നുപോകുകയും ചെയ്യുന്നു.  യൌവ്വനാവസ്ഥയിൽ പത്തിന്ദ്രിയങ്ങളും മനസ്സും പൂർണ്ണമായും വ്യക്താവസ്ഥയിൽ നിലകൊള്ളുന്നു. എന്നാൽ, അമ്മയുടെ ജഠരത്തിലോ അഥവാ കുട്ടിക്കലത്തിലോ ആയിരിക്കുമ്പോൾ, അമാവാസിയിൽ ചന്ദ്രനെന്നതുപോലെ, അവ അവ്യക്തഭാവത്തിൽ നിലകൊള്ളുന്നു. സ്വപ്നാവസ്ഥയിൽ വിഷയങ്ങൾ അവ്യക്തമായി നിലകൊള്ളുന്നു. എങ്കിലും, ജീവന് വിഷയങ്ങളുമായി നിരന്തരമായുള്ള സമ്പർക്കത്താൽ അവ സ്വപ്നത്തിലും വ്യക്തമായി ജീവന് അനുഭവയോഗ്യമായിത്തീരുന്നു. അതുപോലെ, ഇന്ദ്രിയങ്ങൾ പ്രവർത്തിക്കാത്ത അവസ്ഥകളിൽപോലും ജീവൻ വിഷയങ്ങളുമായുള്ള സമ്പർക്കം ഒഴിയുന്നില്ല. അഞ്ച് വിഷയങ്ങളും അഞ്ച് കർമ്മേന്ദ്രിയങ്ങളും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും മനസ്സും ചേർന്നതാണ് മൂലപ്രകൃതിയുടെ പതിനാറ് തത്വങ്ങൾ. അവയോടൊപ്പം ചേർന്നുകൊണ്ട് ജീവൻ ത്രിഗുണങ്ങളുടെ സ്വാധീനത്തിൽ പെട്ടുപോകുന്നു. ഈവിധമാണ് ജീവൻ ഇവിടെ വർത്തിക്കുന്നതു. ഇങ്ങനെ ജീവഭൂതങ്ങൾ വ്യത്യസ്ഥങ്ങളായ ശരീരങ്ങളെ സ്വീകരിക്കുകയും ത്യജിക്കുകയും ചെയ്യുന്നു. അതിലൂടെ ജീവന്മാർ ഭൂമിയിൽ സുഖദുഃഖങ്ങളെ മാറിമാറി അനുഭവിക്കുന്നു. പുഴുക്കൾ സഞ്ചരിക്കുമ്പോൾ ഒരില പൂർണ്ണമായി ഉപേക്ഷിക്കുന്നതിനുമുന്നേതന്നെ മറ്റൊരിലയിൽ ചാടിക്കടക്കുന്നതുപോലെ, ജീവനും ഒരു ശരീരം ഉപേക്ഷിക്കുന്നതിനുമുന്നേതന്നെ മനസ്സ് എന്ന സ്ഥൂലതത്വത്തിന്റെ സഹായത്തോടെ ഭാവിശരീരത്തെ സാങ്കല്പികമായിത്തന്നെ സ്വീകരിക്കുന്നു. കാരണം, മനസ്സാണ് ഇതിനുപിന്നിൽ ആധാരമായി നിൽക്കുന്ന ഏക വസ്തു.  ഇന്ദ്രിയസംതൃപ്തിക്കുവേണ്ടി ശ്രമിക്കുന്നിടത്തോളം ജീവൻ കർമ്മങ്ങളിൽ ആസക്തനാകുന്നു. ജീവൻ ആയതിനുവേണ്ടി കർമ്മക്ഷേത്രത്തിൽ പ്രവർത്തിക്കുമ്പോൾ അവൻ ഇന്ദ്രിയങ്ങളാൻ സുഖിക്കുകയും, ആ സുഖത്തിനിടയിൽത്തന്നെ കൂടുതൽ സുഖത്തിനുവേണ്ടി മറ്റു കർമ്മങ്ങളിൽ വ്യാപൃതനാകുകയും ചെയ്യുന്നു. ഇങ്ങനെ അവൻ സംസാരത്തിൽ അകപ്പെട്ടുപോകുകതന്നെ ചെയ്യുന്നു. ഹേ രാജൻ!, ഈ പ്രപഞ്ചം ഭഗവാന്റെ ഇച്ഛയാൽ ഉണ്ടാകുന്നു, പാലിക്കപ്പെടുന്നു, അതുപോലെതന്നെ പ്രലയിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അതിലെ സകല ചരാചങ്ങളും അവന്റെ അധീനതയിലാണെന്നറിയുക. ഈ ജ്ഞാനംകൊണ്ടനുഗ്രഹീതനാകുവാൻ ഒരുവന് അവനിൽ ശരണം പ്രാപിക്കേണ്ടതുണ്ടു.

മൈത്രേയൻ പറഞ്ഞു: ഹേ ഭാഗവതനായ വിദുരരേ!, അങ്ങനെ നാരദമഹാമുനി പ്രാചീനബർഹിസ്സിനെ ജീവാത്മപരമാത്മതത്വത്തെ പറഞ്ഞനുഗ്രഹിച്ചു. അദ്ദേഹത്തെ ഭഗവദഭിമുഖനാക്കിമാറ്റിയതിനുശേഷം, മഹർഷി സിദ്ധലോകത്തിലേക്ക് തിരിച്ചുപോയി. തുടർന്ന്, തന്റെ പുത്രന്മാരെ രാജ്യഭാരമേൽപ്പിച്ച്, രാജാവും തപസ്സിനായി കപിലാശ്രമമെന്ന പുണ്യസ്ഥാനത്തിലേക്ക് യാത്രയായി. പിന്നീടുണ്ടായ തീവ്രമായ സാധനകളിലൂടെ പ്രാചീനബർഹിസ്സ് സകലവിധ ഭൌതികതയിൽനിന്നും നിവൃത്തനായി. ഭക്തിയോടെ ഭഗവാൻ ശ്രീവാസുദേവനെ ഭജിച്ചുകൊണ്ട് ഭഗവദ്സായൂജ്യത്തിന് പാത്രീഭൂതനായിമാറി. പ്രിയവിദുരരേ!, ജീവാത്മപരമാത്മബന്ധത്തെക്കുറിച്ചുള്ള നാരദമഹർഷിയുടെ ഈ പ്രതിപാദനം ഭക്തിയോടെ കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യുന്നവർ ശരീരാത്മബോധത്തിൽനിന്നും നിവർത്തിച്ച് ജീവന്മുക്തനായിത്തീരുന്നു. നാരദമഹർഷി പ്രാചീനബർഹിസ്സിനരുളിച്ചെയ്ത ഈ അദ്ധ്യാത്മതത്വം ഈ പ്രപഞ്ചത്തെതന്നെ ശുദ്ധമാക്കുന്നതാണു. ഇത് കേൾക്കുകയും പഠിക്കുകയും ചെയ്യുന്ന ജീവന്മാരുടെ ഹൃദയം പവിത്രമാകുകയും അതിൽ ആത്മജ്ഞാനം നിറയുകയും അവൻ സർവ്വ ബന്ധനങ്ങളിൽനിന്നും മുക്തനായി ദുഃസ്തരമായ സംസാരത്തിനെ മറികടക്കുകയും ചെയ്യുന്നു. പുരഞ്ജനചരിത്രത്തിന്റെ താത്വികാവലോകനമായ ഈ അദ്ധ്യാത്മവിദ്യ ഞാൻ എന്റെ ഗുരുനാഥനിൽനിന്നും കേട്ടറിഞ്ഞതാണു. ഇതിനെ ഗ്രഹിക്കുവാൻ കഴിയുന്നവൻ ഇഹത്തെക്കുറിച്ചും പരത്തെക്കുറിച്ചും അറിവുള്ളവനായിമാറുന്നു. ഇതിനെ പഠിക്കുന്നതിലൂടെ ജീവന് തന്റെ പുനർജന്മരഹസ്യത്തെക്കുറിച്ച് അറിയാൻ സാധിക്കുന്നു.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തിയൊമ്പതാമധ്യായം സമാപിച്ചു.
ഓം തത് സത്.





PuranjanOpakhyanam



2019, മാർച്ച് 4, തിങ്കളാഴ്‌ച

4.28 പുരഞ്ജനൻ ഒരു സ്ത്രീയായി പുനർജ്ജനിക്കുന്നു


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 28
(പുരഞ്ജനൻ ഒരു സ്ത്രീയായി പുനർജ്ജനിക്കുന്നു)


puranjana take rebirth as a beutiful woman എന്നതിനുള്ള ചിത്രം  നാരദൻ കഥ തുടരുന്നുഹേ പ്രാചീനബർഹിസ്സ് മഹാരാജാവേ!, അങ്ങനെ കാലകന്യ യവനനോടും പ്രജ്വാരനോടും അവരുടെ സൈന്യങ്ങളോടും ചേർന്ന് ലോകമാകെ സഞ്ചരിക്കുവാൻ തുടങ്ങി. ഒരിക്കൽ, വീണ്ടും അവർ പുരഞ്ജനന്റെ പുരത്തെ ആക്രമിച്ചു. മുന്നേപോലെതന്നെ അന്നും ആ പഴയ പഞ്ചാനനൻ അതിനുള്ളിലെ ഭോഗവസ്തുക്കളെല്ലാം നഷ്ടപ്പെടാതിരിക്കുവാനായി തന്നാൽ കഴിയുംവിധം പൊരുതിയെങ്കിലും അവരുടെ ആക്രമണത്തിൽ അവിടെയുണ്ടായിരുന്ന സകല സുഖഭോഗങ്ങളും ഉപയോഗശൂന്യമായ രീതിയിൽ ഛിന്നഭിന്നമാക്കപ്പെട്ടു. യവനന്റെ സൈന്യം കാലകന്യയോടൊപ്പം ഒമ്പത് വാതിലുകളിലൂടെയും അകത്തേക്കുകടന്ന് സകലരേയും നിഷ്കരുണം ആക്രമിക്കാൻ തുടങ്ങി. ആ അവസരത്തിൽ പുരഞ്ജനൻ തന്റെ കുടുംബത്തെക്കുറിച്ചോർത്ത് അത്യന്തം വ്യാകുലനായി. കാലകന്യകാമാവേശത്തോടുകൂടി പുരഞ്ജനനെ കെട്ടിപ്പുണർന്നു. പെട്ടെന്ന് അദ്ദേഹത്തിന്റെ സകലസൌന്ദര്യവും ഇല്ലാതായി. കാമത്താൽ ബുദ്ധിഭ്രമിച്ച് ജീവിതം കഴിച്ച പുരഞ്ജനൻ തന്റെ സകലൈശ്വര്യങ്ങളും നശിക്കപ്പെട്ടവനായി മാറി. സകലതും നഷ്ടപ്പെട്ട പുരഞ്ജനനെ യവനനും സംഘങ്ങളും ചേർന്ന് നിഷ്‌പ്രയാസം കീഴടക്കി. സർവ്വൈശ്വര്യങ്ങളും തകർന്ന് തരിപ്പണമായ ആ അവസ്ഥയിൽ പുരഞ്ജനന്റെ മക്കളും ചെറുമക്കളും സേവകന്മാരും മന്ത്രിമാരും അഥവാ അദ്ദേഹം വിശ്വസിച്ച് കൂടെ കൊണ്ടുനടന്ന സകലരും അദ്ദേഹത്തിനെതിരായി പ്രവർത്തിച്ചു. എന്തിന് പറയാൻ താൻ തന്റെയെല്ലാമെല്ലാമെന്ന് കരുതിയ ഭാര്യപോലും അവധാനതയോടുകൂടി തന്നെ തഴയുന്നതായി അദ്ദേഹത്തിന് മനസ്സിലായി. ആ അവസരത്തിൽ അദ്ദേഹത്തിൽ അതിയായ ഉത്കണ്ഠ ജനിച്ചു. പക്ഷേ, കാലകന്യയുടെ പിടിയിൽ പൂർണ്ണമായും അമർന്നുപോയ പുരഞ്ജനന് ചലിക്കാൻ പോലും സാധിച്ചില്ല. താനനുഭവിച്ചിരുന്ന സകല സുഖഭോഗങ്ങളും കാലകന്യയുടെ വരവിൽ തനിക്കെതിരായിത്തിരിഞ്ഞു. അതിരറ്റ കാമഭോഗത്തിലൂടെ പുരഞ്ജനൻ എല്ലാം നഷ്ടപ്പെട്ടവനായിമാറി. അദ്ദേഹം ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെ അറിയാൻ മറന്നു. അപ്പോഴും തന്റെ കുടുംബത്തിന്റെ ക്ഷേമത്തെക്കുറിച്ച് മാത്രം അദ്ദേഹം ആലോചിച്ചു. പുരഞ്ജനപുരത്തെ ഗന്ധർവ്വന്മാരും കാലകന്യയും ചേർന്ന് മുച്ചൂടും നശിപ്പിച്ചു. സകലവിധത്തിലും ആക്രമിക്കപ്പെടുന്ന ആ പുരത്തെ അപ്പോഴും പുരഞ്ജനൻ ഉപേക്ഷിക്കാൻ തയ്യാറായില്ല. ഒടുവിൽ ആവാസയോഗ്യമല്ലാത്ത ആ പുരത്തെ അദ്ദേഹത്തിന് ഗത്യന്തരമില്ലാതെ വിട്ടുപോകേണ്ടിവന്നു. പെട്ടെന്ന് പ്രജ്വാരൻ, തന്റെ അനുജനായ യവനനെ പ്രീതിപ്പെടുത്തുവാനായി, പുരഞ്ജനന്റെ നഗരത്തെ തീയിട്ട് നശിപ്പിച്ചു. തന്റെ പുരം കത്തിയമരുന്നത് കണ്ടപ്പോൾ, തനിക്ക് പ്രീയപ്പെട്ടവരെല്ലാം അതിനുള്ളിലുണ്ടായിരുന്നുവെന്നോർത്ത് അദ്ദേഹം അതീവദുഃഖിതനായി.

യജമാനന്റെ പുരം കാലകന്യയുടെ ആക്രമണത്തിൽ വെന്ത് വെണ്ണീറാകുന്നത് കണ്ട് അഞ്ച് തലയുള്ള ആ നാഗം വളരെയധികം വിഷമിച്ചു. മരത്തിലെ പൊത്തിൽ കഴിയുന്ന പാമ്പ് കാട്ടുതീയുണ്ടാക്കുമ്പോൾ, അവിടെനിന്നും രക്ഷപെടുന്നതുപോലെ, പഞ്ചാനനും അവിടെ നിന്ന് ഇഴഞ്ഞ് രക്ഷപെടാൻ ശ്രമിച്ചു. അവന്റെ ശരീരം യവനന്റെ ആക്രമണത്തിൽ ശിഥിലീകൃതമായതുകാരണം അവന്റെ സകലശക്തികളും അതിനകം ക്ഷയിച്ചുകഴിഞ്ഞിരുന്നു. പൂർണ്ണമായും നശിക്കപ്പെട്ട ആ ശരീരത്തിൽനിന്നും പുറത്തേക്കിറങ്ങുവാൻ ശ്രമിച്ച ആ നാഗത്തെ ശത്രുക്കൾ വീണ്ടും നോട്ടമിട്ടു. ഒന്നിനും കഴിയാതെ അവഉത്ഭ്രാന്തനായി ദീനദീനം വിലപിച്ചു.

പുരഞ്ജനൻ വീണ്ടും തന്റെ ധനത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ബന്ധുജനങ്ങളെക്കുറിച്ചുമോർത്ത് വ്യാകുലനായിക്കൊണ്ടിരുന്നു. ഞാനെന്നും എന്റേതെന്നുമുള്ള തോന്നൽ അദ്ദേഹത്തിൽ വളരെയധികം പ്രബലമായിരുന്നു. താനനുഭവിച്ചുകൊണ്ടിരുന്നതെല്ലാം നിമിഷാർദ്ധത്തിൽ നഷ്ടമായതോടെ പുരഞ്ജനൻ വളരെയധികം ദുഃഖിതനായി. താനില്ലാതാകുന്ന അവസ്ഥയിൽ തന്റെ മക്കളുടേയും കുടുംബത്തിന്റേയും ക്ഷേമം ഉറപ്പുവരുത്തുവാൻ തന്റെ ഭാര്യ അനുഭവിക്കേണ്ടിവരുന്ന യാതനകളെക്കുറിച്ചോർത്ത് അദ്ദേഹം ഒരുപാട് വിഷമിച്ചു. അദ്ദേഹം തന്റെ പഴയകാലത്തെക്കുറിച്ചോർത്തു. താൻ ഭുജിച്ചതിനുശേഷം മാത്രമേ അവൾ ഭുജിച്ചിരുന്നുള്ളൂ. താൻ കുളിച്ചതിനുശേഷമേ അവൾ കുളിച്ചിരുന്നുള്ളൂ. അവൾ തന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. പലപ്രാവശ്യം താൻ അവളോട് കാര്യമില്ലാതെ കോപിച്ചിട്ടുണ്ടു. അപ്പോഴെല്ലാം തന്നെ സഹിച്ചുകൊണ്ട് ഒരുവാക്കുപോലും ഉരിയാടാതെ തന്നെ സ്നേഹിച്ച് തന്നോടൊപ്പം കഴിഞ്ഞിട്ടുണ്ടു. വേണ്ടസമയം തന്നെ നല്ല ഉപദേശങ്ങൾ തന്ന് ബോധവാനാക്കിയതും, താൻ അരികിലില്ലാത്ത സമയം അവളുടെ മനസ്സ് വേദനിക്കുന്നതുമെല്ലാം പുരഞ്ജനൻ ആ സമയം ഓർത്തറിഞ്ഞു. തനിക്ക് ധീരരും വീരരുമായ അനേകം പുത്രന്മാരുണ്ടെങ്കിൽ കൂടി അവളുടെയും കുടുംബത്തിന്റേയും ക്ഷേമത്തെക്കുറിച്ചോർത്ത് പുരഞ്ജനൻ വീണ്ടും വീണ്ടും ചിന്താകുലനായി. തന്നിൽ ആശ്രിതരായിരുന്ന ന്റെ കുടുംബാംഗങ്ങൾ എങ്ങനെയായിരിക്കും താനില്ലാതെ ഈ ഭൂമിയിൽ ജീവിക്കുക?. നടുക്കടലിൽ ആപത്തിൽ പെട്ട കപ്പൽ യാത്രികരുടെ അനുഭവമായിരിക്കും അവർക്ക് തന്റെ അഭാവത്തിൽ ഇവിടെയുണ്ടാകാൻ പോകുന്നതു. അജ്ഞാനിയായ പുരഞ്ജനൻ ഇങ്ങനെയോരോതരം ചിന്തിച്ച് വ്യാകുലനായിമാറി. ആ സമയം, പെട്ടെന്ന് യവനൻ പുരഞ്ജനനെ കടന്നുപിടിച്ചു. പുരഞ്ജനനെ അവർ കെട്ടിവരിഞ്ഞ് തങ്ങളുടെ താവളത്തിലേക്ക് കൊണ്ടുപോയി. അതുകണ്ടുനിന്ന സകലരും അത്യന്തം ദുഃഖിതരായി. അവർ കുറെദൂരം വിലപിച്ചുകൊണ്ട് അദ്ദേഹത്തെ പിന്തുടർന്നു. ശക്തി ക്ഷയിച്ച പഞ്ചാനനനാഗത്തേയും അവർ അവന്റെ സ്വാമിയോടൊപ്പം യവനതാവളത്തിലേക്ക് കൊണ്ടുപോയി. പുരഞ്ജനൻ പുരത്തിൽനിന്നും വെളിയിൽ വന്നോതോടെ ആ നവദ്വാരപുരം മണ്ണിൽ തകർന്നടിഞ്ഞു.

യവനസൈന്യം ശക്തിയോടെ വഴിയിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുമ്പോഴും പുരഞ്ജനന് അജ്ഞാനത്താൽ തന്നോടൊപ്പം എപ്പോഴും പ്പോഴുമുണ്ടായിരുന്ന അവിജ്ഞാതസഖാവിനെക്കുറിച്ചോർക്കാൻ കഴിഞ്ഞില്ല. അജ്ഞാനിയായ ആ രാജാവ് എത്രയേറെ മൃഗങ്ങളെയാണ് കൊന്ന് ബലികഴിച്ചിട്ടുള്ളതു?. ഈ അവസരം ആ മൃഗങ്ങൾ നന്നേ മുതലെടുത്തു. അവർ അദ്ദേഹത്തെ കൂർത്തകൊമ്പുകൾകൊണ്ട് കീറിമുറിച്ചു. ഒരു സ്ത്രീയോടൊപ്പം അജ്ഞാനിയായി സർവ്വതും മറന്ന് കാമഭോഗങ്ങൾ അനുഭവിക്കാൻ മാത്രമായി തന്റെ ജീവിതത്തെ ഉപയോഗിച്ച പുരഞ്ജനൻ ഘോരാന്ധകാരമായ നരകത്തിൽ വളരെവളരെക്കാലം പലതരത്തിലുള്ള ദുഃഖങ്ങളനുഭവിച്ചു.

ഭാര്യയെ അനുസ്മരിച്ചുകൊണ്ട് ശരീരമുപേക്ഷിച്ച പുരഞ്ജനൻ അടുത്ത ജന്മത്തിൽ അവളെപ്പോലെ സുന്ദരിയായ ഒരു സ്ത്രീയായി പുനർജ്ജനിച്ചു. വീണ്ടും വിദർഭരാജാവിന്റെ പുത്രിയായി അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ ജനിച്ചു. വിദർഭരാജാവിന്റെ പുത്രിയായ വൈദർഭിയെ പാണ്ഡ്യവംശജനായ മലയധ്വജൻ എന്ന രാജകുമാരനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് തീരുമാനമുണ്ടായി. പല രാജാക്കന്മാരെയും ജയിച്ച് അദ്ദേഹം വൈദർഭിയെ വിവാഹം കഴിച്ചു. മലയധ്വജന് വൈദർഭിയിൽ ഏഴ് പുത്രന്മാരും ഒരു പുത്രിയുണ്ടായി. അദ്ദേഹത്തിന്റെ പുത്രന്മാർ പിന്നീട് ദ്രാവിഡദേശത്തിലെ രാജാക്കന്മാരായി വാണു.

മലയധ്വജന്റെ പുത്രന്മാർ ആയിരക്കണക്കിന് പ്രജകളെ സൃഷ്ടിച്ചു. അവരെല്ലാം ഒരു മന്വന്തരക്കാലത്തിലധികം ഈ ലോകത്തെ പരിപാലിച്ചു. മലയധ്വജന്റെ പുത്രിയെ അഗസ്ത്യമുനി പാണിഗ്രഹണം ചെയ്തു. അവളിൽനിന്നും ധൃതച്യുതൻ എന്ന ഒരു പുത്രൻ ജനിച്ചു. ധ്രുതച്യുതന് മകനായി ഇധ്മവാഹൻ എന്ന പുത്രനും ജനിച്ചു. പിന്നീട് മലയധ്വജൻ തന്റെ രാജ്യം മക്കൾക്കായി പകുത്തുകൊടുത്തു. അനന്തരം, അദ്ദേഹം കുലാചലം എന്ന വിജനസ്ഥലത്തേക്ക് ഭഗവദ്പ്രാപ്തിക്കായി യാത്രയായി. അല്ലയോ രാജൻ!, ചന്ദ്രനെ അവന്റെ തേജസ്സ് പിന്തുടരുന്നതുപോലെ, ഗാർഹസ്ഥികമായ സകല ബന്ധങ്ങളും ധർമ്മങ്ങളുമുപേക്ഷിച്ച് മലയധ്വജന്റെ ധർമ്മപത്നി അദ്ദേഹത്തെ അനുഗമിച്ചു കുലാചലത്തിലേക്ക് യാത്രയായി.

കുലാചലത്തിൽ ചന്ദ്രവസ, താമ്രപർണി, വഡോദക എന്നിങ്ങനെ മൂന്ന് നദികളുണ്ടായിരുന്നു. മലയധ്വജൻ എല്ലാദിവസവും അതിൽ കുളിച്ച് ആന്തരികവും ബാഹികവുമായ ശുദ്ധി വരുത്തി. അദ്ദേഹം അവിടെ ഫലങ്ങളും ഇലകളും പൂവുകളും ഭക്ഷിച്ച് നദികളിലെ ജലവും കുടിച്ച് ശരീരാത്മബന്ധം നിലനിറുത്തി. അങ്ങനെ അതികഠിനങ്ങളായ തപസ്സുകളിലൂടെ ശരീരം പൂർണ്ണമായും എല്ലുംതോലുമായി അവശേഷിച്ചു. തപശക്തിയിലൂടെ അദ്ദേഹം ദ്വന്ദാതീതനായി മനസ്സിനേയും പ്രാണനേയും ശരീരത്തേയും സംയമിപ്പിച്ചു. യോഗസാധനകളിലൂടെ സകലതും ബ്രഹ്മതത്വത്തിലുറപ്പിച്ചു. പിന്നീട് നൂറ് വർഷക്കാലം ഒരിടത്തുനിന്നിളകാതെ തീവ്രമായ തപസ്സനുഷ്ഠിച്ച്. ശേഷം, ഭക്തിയിലൂടെ ഭഗവാനിൽ മാത്രം മനസ്സൂന്നി അവനെ ആരാധിച്ചു. അതിലൂടെ മലയധ്വജന് ജീവാത്മപരമാത്മതത്വത്തെ ഉള്ളവണ്ണം അറിയാൻ സാധിച്ചു. ഈ ശരീരം താനല്ലെന്നും, താൻ യഥാർത്ഥത്തിൽ ഈ ശരീരത്തിൽ താത്ക്കാലികമായി കുടികൊണ്ട് അതിന് സാക്തിത്വം വഹിക്കുന്നവനാണെന്നും തിരിച്ചറിഞ്ഞു. ഭഗവദ്ധ്യാനത്തിൽ സദാ മഗ്നമായ മലയധ്വജന് ആ പരമപുരുഷൻതന്നെ സർവ്വജ്ഞാനങ്ങളും പ്രദാനം ചെയ്തു. ഭഗവദനുഗ്രഹത്താൽതന്നെ ഈ ശരീരത്തിനുള്ളിൽ തന്റെയും ഭഗവാന്റെയും സാന്നിധ്യത്തെ മലയധ്വജമഹാരാജൻ കണ്ടുകഴിഞ്ഞു. ഭഗവാനെ തൊട്ടടുത്തുകണ്ടറിഞ്ഞ അദ്ദേഹത്തിന് പീന്നീട് യാതൊരു കർമ്മാനുഷ്ഠാനങ്ങളോ സാധനകളോ ചെയ്യേണ്ടിവന്നില്ല.

വൈദർഭിക്ക് തന്റെ പതി എല്ലാമെല്ലാമായിരുന്നു. അവൾ സകല മനോവ്യാപാരങ്ങളുമുപേക്ഷിച്ച് തന്റെ ഭർത്താവിന്റെ യോഗസാധകളെ പിന്തുടർന്നു. അവളും അങ്ങെനെ ഭഗവദ്ഭക്തിയിൽ ലയിച്ചു. പഴന്തുണികൾ മാത്രം ധരിച്ച് അവൾ യോഗസാധനയിലേർപ്പെട്ടു. കഠിനമായ വൃതചര്യകളിലൂടെ വൈദർഭി ശാരീരികമായി നന്നേ ക്ഷയിച്ചുകഴിഞ്ഞിരുന്നു. മുടി ജടപിടിച്ചു. ചലിക്കാതെ ജ്വലിക്കുന്ന മണിദീപംപോലെ അവൾ എപ്പോഴും തന്റെ ഭർത്താവിന്റെ അരികിൽതന്നെ പ്രകാശിച്ചുനിന്നു. മലയധ്വജന്റെ ജീവൻ ആ ശരീരത്തിൽനിന്നും വേർവെടിയുന്നതുവരെ അവൾ അദ്ദേഹത്തെ പരിചരിച്ചുകൊണ്ടേയിരുന്നു. ഒരുദിവസം, അദ്ദേഹത്തിന്റെ കാൽ തടവിക്കൊണ്ടിരുന്നപ്പോൾ അത് തണുത്തുമരവിച്ചിരിക്കുന്നതായി അവൾക്കനുഭവപ്പെട്ടു. താൻ തനിച്ചായ വിവരം അപ്പോഴാണവളറിയുന്നതു. അവൾ, ഇണയെപ്പിരിഞ്ഞ പേടമാനിനെപ്പോലെ, തീരാവിരഹം അനുഭവിച്ചു. കാട്ടിൽ വിധവയായി ഒറ്റപ്പെട്ട വൈദർഭി കണ്ണീർ പൊഴിച്ചു. തുണയില്ലാതെ അവൾ അവിടെ നിന്ന് ഉറക്കെ നിലവിളിച്ചു. ഹേ രാജൻ!,  ഉണരൂ!, എഴുന്നേൽക്കൂ!. നോക്കൂ! ഈ ഭൂമി ആഭാസന്മാരാലും അധർമ്മികളായ രാജാക്കന്മാരാലും ദുഃഖമനുഭവിക്കുന്നു. അവളെ രക്ഷിക്കേണ്ടത് അങ്ങയുടെ ധർമ്മമാണു. എഴുന്നേൽക്കൂ! നാഥാ! എഴുന്നേൽക്കൂ! അവളെ രക്ഷിക്കൂ!. അവൾ തന്റെ പതിയുടെ മൃതപാദങ്ങളിൽ വീണു കരഞ്ഞു. പിന്നീട് ഒരു ചിതയൊരുക്കി തന്റെ ഭർത്താവിന്റെ മൃതശരീരത്തെ അതിന്റെ മുകളിൽ വച്ചു. തുടർന്ന് ആ ചിതയിൽ ചാടി ഭർത്താവിനോടൊപ്പം എരിഞ്ഞടങ്ങുവാൻ തീരുമാനിച്ചു. ഹേ പ്രാചീനബർഹിസ്സേ!, അപ്പോഴതാ പുരഞ്ജനനോടൊപ്പമുണ്ടായിരുന്ന ആ അവിജ്ഞാതസുഹൃത്ത് ഒരു ബ്രാഹ്മണന്റെ വേഷത്തിൽ അവിടെയെത്തി വൈദർഭിയെ സ്വാന്തനവാക്കുകൾകൊണ്ട് ആശ്വസിപ്പിക്കാൻ തുടങ്ങി.

ആ ബ്രാഹ്മണൻ പറഞ്ഞു: ഹേ ദേവീ!, നീ ആരാണ്? ആരുടെ ഭാര്യയാണ് നീ? അല്ലെങ്കിൽ ആരുടെ പുത്രിയാണ്? ഏതാണീ കിടക്കുന്ന മനുഷ്യൻ?. നീ ഈ മൃതശരീരത്തെയോർത്ത് കരയുകയാണെന്ന് തോന്നുന്നു. എന്നെ നിനക്ക് മനസ്സിലായോ? ഞാൻ നിന്റെ ആത്മസുഹൃത്താണു. നീ ഓർക്കുന്നുണ്ടാകും, മുൻപ് ഒരുപാട് പ്രാവശ്യം എന്നോട് നീ സംസാരിച്ചിട്ടുള്ളതാണു. സുഹൃത്തേ!, ഒരുപക്ഷേ നിനക്കെന്നെ അത്ര പെട്ടെന്ന് ഓർമ്മിക്കാൻ സാധിക്കുമെന്ന് വരില്ല. എന്നാൽ പണ്ട് നിനക്കൊരു പ്രിയസുഹൃത്തുള്ളതായി ഓർമ്മയുണ്ടോ? നിർഭാഗ്യവശാൻ നീ എന്നെവിട്ട് വിഷയങ്ങളുടെ പിറകെ പോയി. ഹേ മിത്രമേ! നാം രണ്ടുപേരും ശരിക്കും രണ്ട് ഹംസങ്ങളെപ്പോലെയാണു. നമ്മൾ രണ്ടാളും മാനസസരസ്സിനെപ്പോലുള്ള ഒരു ഹൃദയത്തിലാണ് വസിക്കുന്നതു. നമ്മളിരുവരും ആയിരക്കണക്കിന് വർഷങ്ങളായി ഒരിടത്ത് ഒരുമിച്ച് താമസിച്ചു. എന്നാൽ നമ്മുടെ യഥാർത്ഥവീട്ടിൽനിന്നും നമ്മൾ ഒരുപാടകലെയാണിപ്പോൾ. ഹേ ദേവീ!, നീയറിയുന്നില്ലെങ്കിലും ഞാൻ അന്നുമിന്നും നിന്നോടൊപ്പമുള്ള നിന്റെ അതേ സുഹൃത്തുതന്നെയാണു. എന്റെ ചങ്ങാത്തം വിട്ടപ്പോൾ നീ കൂടുതൽ കൂടുതൽ വിഷയസ്നേഹിയായിമാറിക്കൊണ്ടിരുന്നു. എന്നെ കാണാതായപ്പോൾ നീ പല രൂപത്തിലും ഭാവത്തിലും ഒരു സ്ത്രീയുടെ മായാവിരചിതമായ ഏതോക്കെയോ ലോകങ്ങളിലൂടെ ചുറ്റിത്തിരിയുകയായിരുന്നു. നീ ജീവിച്ചിരുന്ന പുരത്തിൽ അഞ്ച് ഉദ്യാനങ്ങളും ഒമ്പത് ഗോപുരദ്വാരങ്ങളും ഒരു പാലകനും മൂന്ന് അന്തഃപുരങ്ങളും ആറ് കുലങ്ങളും അഞ്ച് ഭണ്ഡാരങ്ങളും അഞ്ച് പ്രകൃതിതത്വങ്ങളും കൂടാതെ വീടിന്റെ അധികാരിയായി ഒരു സ്ത്രീയുമുണ്ടായിരുന്നു.

സുഹൃത്തേ!, അഞ്ച് ഉദ്യാനങ്ങളെന്നത് അഞ്ചിന്ദ്രിയങ്ങളുടേയും വിഷയങ്ങളായിരുന്നു. അഞ്ച് തലകളുണ്ടായിരുന്ന ആ പാലകൻ ആ ഒമ്പതു ഗോപുരദ്വാരങ്ങളിലൂടെ അകത്തേക്കും പുറത്തേക്കും പായുന്ന നിന്നിലെ പഞ്ചപ്രാണന്മാരായിരുന്നു. അഞ്ച് കോഷ്ഠകങ്ങളാകട്ടെ ഭൂമി, ജലം, അഗ്നി എന്നീ മൂന്ന് പ്രധാന ദ്രവ്യങ്ങളായിരുന്നു. ആറ് കുടുംബങ്ങളെന്നത് അഞ്ചിന്ദ്രിയങ്ങളും മനസ്സുമടങ്ങുന്ന നിന്നിലെ പ്രകൃതിതത്വങ്ങളും. അഞ്ച് ഭണ്ഡാരങ്ങളെ അഞ്ച് കർമ്മേന്ദ്രിയങ്ങളായി അറിയുക. അവ വിഷയങ്ങളുമായി നിരന്തരം വ്യാപാരത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ എല്ലാറ്റിനും പിന്നിൽ ആത്മാവാണ് പ്രവർത്തിക്കുന്നതു. ആത്മാവാണ് യഥാർത്ഥത്തിൽ സകലതും അനുഭവിക്കുന്നതു. എന്നാൽ ബോധസ്വരൂപനായ ആത്മാവ് ശരീരമാകുന്ന ഈ നവദ്വാരപുരത്തിൽ കഴിയുന്നതുകൊണ്ട് അജ്ഞാനിയായിമാറുന്നു. പ്രിയമിത്രമേ!, വിഷയാസക്തിയാകുന്ന ഒരു സ്ത്രീയുമായി നീ ആ പുരത്തിലേക്ക് കയറുമ്പോൾ, വിഷയാനുഭത്തിന്റെ പാര‌മ്യതതിൽ മുങ്ങിപ്പോകുന്നു. അതുകാരണം നീ നിന്റെ ആത്മീയജീവിതത്തെ മറന്നുപോകുകയും ചെയ്യുന്നു. വിഷയങ്ങളോടുള്ള അടങ്ങാത്ത അഭിനിവേഷം നിന്നെ ജീവിതത്തിൽ പല മാറാദുരിതങ്ങളിലും കൊണ്ടെത്തിക്കുകയും ചെയ്യുന്നു.

സത്യത്തിൽ നീ വിദർഭന്റെ പുത്രിയുമല്ല, ഇവൻ നീ ജീവനുതുല്യം സ്നേഹിച്ച നിന്റെ ഭർത്താവായ മലയധ്വജനുമല്ല. യഥാർത്ഥത്തിൽ നീ പുരഞ്ജനിയുടെ ഭർത്താവുമല്ല. നീ ശരിക്കും ഒമ്പത് വാതിലുകളുള്ള ഈ ശരീരത്തിൽ അകപെട്ടുപോയ ആത്മാവാണു. ചിലപ്പോൾ നീ വിചാരിക്കുന്നു, നീ ഒരു പുരുഷനാണെന്നു. ചിലപ്പോൾ സാധ്വിയായ ഒരു സ്ത്രീയായി നീ മാറുന്നു. ചിലപ്പോഴാകട്ടെ, ഇവ രണ്ടുംകെട്ട ജന്മമായി നീ നിന്നെയറിയുന്നു. ഇതെല്ലാം ഈ ശരീരവുമായി ബന്ധപ്പെട്ട മായാനിർമ്മിതമായ വെറും തോന്നൽ മാത്രമാണു. ഈ മായ എന്റെ ശക്തിയാണെന്നറിയുക. എന്നാൽ, സ്വരൂപത്തിൽ നാം രണ്ടും നിത്യശുദ്ധബുദ്ധമുക്തമായ ആത്മചൈതന്യം മാത്രമാണു. ഇനി ഞാൻ നമ്മുടെ തത്വത്തെപറ്റി പറയാം. ശ്രദ്ധയോടെ കേൾക്കുക.

പ്രീയസുഹൃത്തേ!, ഞാൻ പരമാത്മാവും നീ ജീവാത്മാവുമാണു. ഞാനും നീയും ഗുണത്തിൽ വെവ്വേറെയല്ലെന്നറിയുക. നീ നിന്റെ യഥാർത്ഥ സ്വരൂപത്തിൽ നിലകൊള്ളുമ്പോൾ ഗുണത്തിൽ എന്നെപ്പോലെതന്നെയാകുന്നു. ഈ തത്വത്തെ തിരിച്ചറിഞ്ഞവർ ഒരിക്കലും നമ്മളിൽ ഭേദം കാണാറില്ല. സ്വയത്തെ ഒരു കണ്ണാടിയിൽ ദർശിക്കുന്ന മനുഷ്യൻ താനും കണ്ണാടിയിൽ പ്രതിഫലിക്കുന്ന തന്റെ രൂപവും ഒന്നുതന്നെയാണെന്നറിയുന്നു. എന്നാൽ മറ്റൊരാൾക്ക് ആ രണ്ടുരൂപത്തെയും വെവ്വേറെ കാണാൻ കഴിയുന്നു. അതുപോലെ, ജ്ഞാനിയും അജ്ഞാനിയും ജീവാത്മപരമാത്മസ്വരൂപത്തെ അറിയുന്നത് വ്യത്യസ്ഥഭാവങ്ങളിലാണു. ഈ രീതിയിൽ മനസ്സാകുന്ന സരോവരത്തിൽ ജീവാത്മാവും പരമാത്മാവും ഒരുമിച്ച് കഴിയുന്നു. ജീവാത്മഹംസം പരമാത്മഹംസത്തിന്റെ ഉപദേശത്തെ സ്വീകരിച്ച് ജീവിക്കുമ്പോൾ അവൻ തന്റെ യഥാർത്ഥ സ്വരൂപത്തിൽനിന്നും വ്യതിചലിക്കാതെയിരിക്കുന്നു.

നാരദർ പറഞ്ഞു: ഹേ പ്രാചീനബർഹിസ്സേ!, പരമകാരണനായ ഭഗവാൻ ഹരി എന്നെന്നും പരോക്ഷഭാവത്തിൽ നമ്മോടൊപ്പം നമ്മുടെ ഹൃദയകമലത്തിൽ വസിക്കുന്നവനാണു. അങ്ങനെ, അദ്ധ്യാത്മവിദ്യയായ പുരഞ്ജനന്റെ ഈ കഥ ഞാൻ താങ്കളോട് പറഞ്ഞുകഴിഞ്ഞു. ഈ കഥയുടെ തത്വത്തെ ഉൾക്കൊണ്ട് താങ്കൾ ഇന്നുമുതൽ ഭഗവദഭിമുഖനായി മാറാൻ ശ്രമിക്കുക. അങ്ങയെ ആ കാരുണ്യവാൻ അനുഗ്രഹിക്കട്ടെ!.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തിയെട്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.






Puranjanan takes re-birth as a beautiful woman. Srimad Bhagavatham

2019, മാർച്ച് 3, ഞായറാഴ്‌ച

4.27 പുരഞ്ജനപുരത്തെ ചണ്ഡവേഗൻ ആക്രമിക്കുന്നു


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 27
(പുരഞ്ജനപുരത്തെ ചണ്ഡവേഗൻ ആക്രമിക്കുന്നു)


ചണ്ഡവേഗന്റെ സൈന്യം പുരഞ്ജനപുരത്തെ ആക്രമിക്കുന്നു

നാരദൻ കഥ തുടരുന്നു: 
രാജൻ! ഭർത്താവായ പുരഞ്ജനനെ നാനാതരത്തിലും ഭ്രമിപ്പിച്ച് തന്റെ അധീനതിയലാക്കിക്കൊണ്ട് പുനഞ്ജനിറാണി വീണ്ടും അദ്ദേഹത്തോടൊപ്പം രമിച്ചു. അവൾ കുളിച്ചുവന്ന് തന്റെ വേഷഭൂഷാദികളണിഞ്ഞ്, അന്നപാനങ്ങൾ കഴിച്ച് ഭർത്താവിനെ സമീപിച്ചു. സുന്ദരിയായ ഭാര്യയെ കണ്ടപ്പോൾ പുരഞ്ജനൻ അവളെ തന്നരിലേക്ക് സ്വാഗതം ചെയ്തു. അവർ പരസ്പരം കെട്ടിപ്പുണർന്നു. തുടർന്ന് പലേ നർമ്മങ്ങളും പറഞ്ഞ് രസിച്ചുകൊണ്ട് വിജനമായ ആ സ്ഥലത്ത് വളരെയധികം സമയം സ്വകാര്യമായി ചിലവഴിച്ചു. തന്റെ ജീവിതത്തിലെ ദിനരാത്രങ്ങൾ താൻപോലുമറിയാതെ വൃഥാവിലാക്കി പുരഞ്ജനൻ അവളുടെ വശ്യതയിൽ തന്നെപ്പോലും മറന്നു കാലമൊരുപാട് കഴിച്ചുകൂട്ടി. ഇങ്ങനെ മായാജാലത്തിൽ കുടുങ്ങിയ പുരഞ്ജനൻ, ബോധസ്വരൂപിയായിരുന്നുവെങ്കിൽ പോലും, ഭാര്യയുടെ മടിയിൽ തലചായ്ച്ച് സദാസമയവും അവളോടൊപ്പം കഴിഞ്ഞുകൂടി. പുരഞ്ജനിയാണ് തനിക്കിവിടെ എല്ലാമെല്ലാമെന്ന് അയാൾ വിശ്വസിച്ചു. തമോഗുണത്തിന്റെ അന്ധകാരമായ അഗാധഗർത്തിൽ പതിച്ച പുരഞ്ജനൻ ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെ മറന്നുകൊണ്ട്, തന്റെയും പരമാത്മാവിന്റേയും മഹത്വത്തെ തിരിച്ചറിയാതെ സംസാരത്തിൽ ഉഴന്നു. ഹേ പ്രാചീനബർഹിസ്സേ!, അങ്ങനെ ഹൃദയത്തിൽ കാമവും പേറിയുള്ള ആ ജീവിതത്തിലെ യുവത്വം ഒരുദിവസം ക്ഷണാർദ്ധത്തിൽ ഇല്ലാതായി.

ഈ കാലയളിവിൽ അദ്ദേഹത്തിന് പുരഞ്ജനിയിൽ ആയിരത്തിയൊരുനൂറ് പുത്രന്മാരും നൂറ്റിപ്പത്ത് പുത്രിമാരും ജനിച്ചിരുന്നു. അതോടെ അദ്ദേഹത്തിന്റെ പകുതിയായുസ്സ് കഴിയുകയും ചെയ്തിരുന്നു. ഹേ പ്രജാപതേ!, പുരഞ്ജനന്റെ മക്കൾ മാതാപിതാക്കളെപ്പോലെതന്നെ സൌന്ദര്യമുള്ളവരായിരുന്നു. അവർ ഉദാരമതികളും സത്ഗുണശീലരുമായിരുന്നു. തന്റെ വംശപരമ്പരയെ മുന്നോട്ട് കൊണ്ടുപോകുവാനായി പുരഞ്ജനൻ മക്കളെ അനുയോജ്യരായ വധൂവരന്മാരെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. അവരിലൂടെ അദ്ദേഹത്തിന് നൂറുകണക്കിന് ചെറുമക്കൾ ജനിച്ചു. അങ്ങനെ പഞ്ചാലരാജ്യം ഒട്ടാകെ പുരഞ്ജന്റെ പരമ്പരയെക്കൊണ്ട് നിറഞ്ഞു. പക്ഷേ, അവർ വളർന്നുവന്നതോടെ അദ്ദേഹത്തിന്റെ ഗൃഹവും സമ്പത്തുമെല്ലാം ഈ പുത്രപൌത്രന്മാരുടെ ദുർവ്യയത്താൽ നശിക്കപ്പെട്ടു. രാജൻ!, താങ്കളെപ്പോലെ പുരഞ്ജനനും ആഗ്രഹങ്ങളുടെ കൊടുമുടികൾ മനസ്സിലേറ്റി ജീവിച്ചവനായിരുന്നു. അതിന്റെ പൂർത്തീകരണത്തിനുവേണ്ടി അദ്ദേഹം ദേവന്മാരെയും പിതൃക്കളെയും മറ്റും പലപല യജ്ഞങ്ങൾകൊണ്ട് പൂജിക്കാൻ തുടങ്ങി. പക്ഷേ, എല്ലാ യജ്ഞങ്ങളും പര്യവസാനിക്കുന്നത് അതിക്രൂരമായ മൃഗബലികളിലൂടെയായിരുന്നു. അങ്ങനെ കർമ്മകാണ്ഡീയജീവിതത്തിലൂടെ കുടുംബാസക്തനാ‍യ പുരഞ്ജനൻ ഒടുവിൽ സംസാരികൾക്കുപോലും അപ്രിയമായ തരത്തിൽ പതിതനായിമാറി. വീണ്ടും കാലമൊരുപാട് മുന്നോട്ടുപോയി.

ഗന്ധർവ്വലോകത്തിൽ ചണ്ഡവേഗൻ എന്ന ഒരു ഗന്ധർവ്വരാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് മുന്നൂറ്റിയറുപത് അതിശക്തന്മാരായ യോദ്ധാക്കളും. അവരോടൊപ്പം വെളുത്തതും കറുത്തതുമായ വളരെയധികം ഗന്ധർവ്വകന്യകമാരും ചേർന്ന് പുരഞ്ജനന്റെ സകല കാമഭോഗങ്ങളും ഒന്നൊന്നായി അപഹരിച്ചുകൊണ്ടിരുന്നു. എന്നാൽ അഞ്ച് തലയുള്ള ആ നാഗം തന്നാലൊക്കുംവിധം യുദ്ധം ചെയ്ത് ചണ്ഡവേഗന്റെ ആക്രമണത്തിൽനിന്നും പുരഞ്ജനന്റെ നഗരത്തെ രക്ഷിക്കാൻ ശ്രമിച്ചു. അവൻ ഒറ്റയ്ക്ക് എഴുന്നൂറ്റിയിരുപതോളം വരുന്ന ശത്രുക്കളുമായി നൂറ് വർഷക്കാലം ഏറ്റുമുട്ടി. പക്ഷേ കാലങ്ങൾ നീണ്ടുനിന്ന യുദ്ധത്തിൽ ആ നാഗം ക്ഷീണിതനായി. അതുകണ്ട് പുരഞ്ജനനും ആ പുരത്തിൽ താമസിക്കുന്ന മറ്റ് പരിവാരങ്ങൾക്കും അതിയായ ഉത്കണ്ഠയുണ്ടായി. ഇക്കഴിഞ്ഞ കാലങ്ങളിലെല്ലാം പ്രജകളിൽനിന്നും കരങ്ങൾ ഈടാക്കിക്കൊണ്ട് പുരഞ്ജനൻ തന്റെ കാമപൂർണ്ണമായ ജീവിതം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. എന്നാൽ വന്നുപോകുന്ന ദിനരാത്രങ്ങളിലൂടെ തന്റെ ജീവിതം മരണത്തിലേക്കടുക്കുന്നത് അദ്ദേഹം അറിയുന്നുണ്ടായിരുന്നില്ല.

ഹേ രാജൻ!, ഒരുദിവസം, മൂലോകങ്ങളിലും തന്റെ ഭർത്താവിനെ അന്വേഷിച്ചുനടക്കുകയായിരുന്ന കാലപുത്രി പുരഞ്ജന്റെ പുരത്തേയും സമീപിച്ചു. ഈരേഴുപതിനാലുലോകങ്ങളിലും ആരുംതന്നെ അവളെ വിവാഹം കഴിയ്ക്കാൻ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. എന്നാൽ അവളാകട്ടെ, ആരെയും ഉപേക്ഷികാൻ തയ്യാറുമായിരുന്നില്ല. നിർഭാഗ്യവതിയായിരുന്ന അവളെ ഈ ലോകം ദുർഭഗ എന്നായിരുന്നു വിളിച്ചിരുന്നതു. എങ്കിലും ഒരിക്കൽ ഒരു രാജാവ് അവളെ അംഗീകരിക്കുകയുണ്ടായി. അതിൽ സമ്പ്രീതയായ കാലപുത്രി ആ രാജാവിന് വേണ്ടുന്ന വരങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്തിരുന്നു.

ഹേ പ്രാചീനബർഹിസ്സേ!, ഒരിക്കൽ ഞാൻ ബ്രഹ്മലോകത്തിൽനിന്നും ഈ ഭൂമിയിലേക്ക് വരുന്നവഴി കാമാതുരയായ കാലകന്യ ബ്രഹ്മചാരിയായ എന്നെ തടയുകയും പ്രാപിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, അവളുടെ അഭ്യർത്ഥന നിരസിച്ച എന്നെ അവൾ ശപിച്ചു. ആ അപേക്ഷയെ മാനിക്കാത്ത ഞാൻ ഒരിക്കലും ഒരിടത്തും അനിശ്ചിതകാലം താമസ്സിക്കാൻ കഴിയാതെ പോകട്ടെ എന്ന അവളുടെ ശാപം എന്നെ ഇന്നും പിന്തുടരുന്നു. അനന്തരം ഹൃദയവേദനയോടെ അവൾ എന്നെ വിട്ടകലുകയും, എന്റെ അനുമതിയോടെ ഭയം എന്ന പേരുള്ള യവനരാജാവിനെ സമീപിക്കുകയും തന്റെ പ്രേമാഭ്യർത്ഥന അദ്ദേഹത്തിന്റെ മുന്നിൽ വയ്ക്കുകയും ചെയ്തു. കാലകന്യ ഭയത്തെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: ഹേ യവനോത്തമാ!, വീരനായ അങ്ങയെ ഞാൻ എന്റെ ജീവനുതുല്യം സ്നേഹിക്കുകയും അവിടുത്തെ പത്നിയാകാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നെപ്പോലെ അങ്ങയോടും ആരും ചങ്ങാത്തം കൂടാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് ഞാൻ എന്നെന്നും അങ്ങയോടൊപ്പം അങ്ങേയ്ക്ക് കൂട്ടായി കഴിയുവാൻ തയ്യാറാണു.

നാരദർ പറഞ്ഞു: ഹേ രാജൻ! ശാസ്ത്രത്തെ പഠിക്കുകയും അതിനെ ജീവിതത്തിൽ അനുവർത്തിക്കുകയും ചെയ്യാത്തവർ തമോഗുണികളാണു. അവർക്ക് ദുഃഖം മാത്രമായിർക്കും ആത്യന്തികമായ ഫലം.

കാലകന്യ വീണ്ടും യവനരാജനോട് പറഞ്ഞു: ഹേ രാജൻ!, ഞാൻ സർവ്വദാ അങ്ങയുടെ സേവയിൽ കഴിയാനായി വന്നവളാണു. എന്നെ സ്വീകരിച്ചാലും. ആർത്തരായവർക്ക് ആശ്രയമേകുന്നത് ഉത്തമരായവരുടെ ധർമ്മമാണു.  

കാലകന്യയുടെ വാക്കുകൾ കേട്ട് പുഞ്ചിരിച്ചുകൊണ്ട് യവനരാജൻ അവളോട് പറഞ്ഞു: ഹേ കാലപുത്രി!, നിന്നെ ഭാര്യയായി സ്വീകരിക്കുന്നതിൽ നമുക്ക് യാതൊരു വിഷമവുമില്ല. എല്ലാവരും കരുതുന്നതുപോലെ നീ അഭദ്രയാണു. ആരും ഇഷ്ടപ്പെടാത്ത നിന്നെ ആരാണ് ഈ മൂന്നുലോകങ്ങളിലും ഭാര്യയായി സ്വീകരിക്കുക?. ഈ ലോകംതന്നെ സകാമകർമ്മങ്ങളിൽനിന്നുണ്ടായതാണു. ആയതിനാൽ നീ അദൃശ്യയായി അവരുടെയുള്ളിൽ കുടികൊണ്ട് അവരെ നശിപ്പിച്ചുകൊള്ളുക. എന്റെ സൈന്യത്തെ ഉപയോഗിച്ച് നിനക്ക് നിഷ്കരുണം യാതൊരു തിരിച്ചടിയുമേൽക്കാതെ അവരെ ഇല്ലാതാക്കാൻ കഴിയും. എന്റെ സഹോദരൻ പ്രജ്വരൻ ഇവിടെയുണ്ടു. ഇന്നുമുതൽ നിന്നെ നാം നമ്മുടെ ഭഗിനിയായി സ്വീകരിക്കുകയാണു. എന്റെ സഹോദരനോടും സൈന്യത്തോടും കൂടിച്ചേർന്ന് നീ ഈ ലോകത്തിൽ നാനാതരത്തിലുള്ള ദുഃഖങ്ങൾ വിതയ്ക്കുക.


ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തിയേഴാമധ്യായം സമാപിച്ചു.
ഓം തത് സത്.






Chandavega attacks the city of puranjana

lord krishna എന്നതിനുള്ള ചിത്രം



രുദ്രഗീതം

കാർമുകിൽ വർണ്ണനെ കാണുമാറാകണം
കാരുണ്യരൂപനെ കാണുമാറാകണം.
മാരി തൂകുമ്പോൾ തിളങ്ങുന്ന പോലെ നിൻ
ചാരു കളേബരം മിന്നുന്ന കാണണം.
സർവ്വൈശ്വരങ്ങളും ഒത്തിണങ്ങീടുന്ന
സർവ്വേശരാ! നിന്നെ കാണുമാറാകണം.
നാലു കരങ്ങളാൽ ശോഭിതമായ നിൻ
ചേലുള്ള രൂപത്തെ കാണുമാറാകണം.
നീലദളായതലോചന! നിന്നുടെ
നീലത്തിരുമുഖം കാണുമാറാകണം.
നല്ലോരു നാസികയു,മാ മനോഹര
ഫുല്ലാരവിന്ദം കണക്കേ വിരിഞ്ഞൊരു
നല്ല ചേലുള്ള നറുപുഞ്ചിരിവിടർ-
ന്നുള്ളോരധരവും കാണുമാറാകണം.
സുന്ദരമായ ലലാടവും, പിന്നെ നൽ-
കുണ്ഡലങ്ങൾ ഇളകുന്ന ചെവികളും,
മന്ദസ്മിതവും, കടമിഴിക്കോണുകൊ-
ണ്ടുള്ളോരു നോട്ടവും, കൂന്തലിൻ ശോഭയും,
മഞ്ഞത്തളിർ‌പട്ടുടുത്തതിൻ തുമ്പുകൾ
തഞ്ചത്തിലാടിയുലയുന്ന കാഴ്ചയും,
പങ്കജപുഷ്പരജസ്സുകൾ കാറ്റിലായ്
മെല്ലെ തരംഗിതമാകുന്ന ശോഭയും,
മിന്നിത്തിളങ്ങുന്ന കുണ്ഢലകാന്തിയും,
ചിന്നിത്തെളിയും കീരീടസൌന്ദര്യവും,
സ്വർണ്ണത്തളയും, വളയും, വനമാല,
പൊന്നരഞ്ഞാണവും, പിന്നെ കൊലുസ്സതും,
സൂര്യകോടിപ്രഭാമേനിയും കാണണം.
ശംഖചക്രങ്ങളും, ചാരുഗദയു,മാ-
പങ്കജത്താരും കരങ്ങളിൽ കൊണ്ട,തിൻ
ശോഭയിൽ മോടിയേറിക്കൊണ്ട് മാറതിൽ
ചേരുന്ന കൌസ്തുഭം കാണുമാറാകണം.
നാളീകനേത്രാ! മൃഗേന്ദ്രനെപ്പോലുള്ള
തോളും, അതിൽ വിളങ്ങും വനമാലയും,
ഹാ‍രനികരങ്ങളും, തിരുവക്ഷസ്സിൽ
ചേരുന്ന ശ്രീവത്സതേജസ്സും കാണണം.
ആലിലശോഭയിൽ മൂന്നായ് മടങ്ങിയ
നീലത്തിരുവയർ കാണുമാറകണം.
ശ്വാസഗതിയവയ്ക്കൊത്താ മടക്കുകൾ
താളത്തിലായങ്ങിളകുന്ന ചേലതും,
ഈരേഴുലോകങ്ങളുണ്ടായി പിന്നതിൽ
ചേരുന്ന നാഭിയും കാണുമാറാകണം.
മഞ്ഞയാം പൂമ്പട്ടുടുത്ത കടീതടം-
ചുറ്റിയുലഞ്ഞുചാഞ്ചാടുന്നരഞ്ഞാണം,
ലോകത്തിനൊക്കെയും ഏകാശ്രയമായ
പാദപത്മങ്ങളും കാല്വണ്ണ, തൃത്തുട,
എല്ലാമഴകിൽ തിളങ്ങുന്ന വിഗ്രഹം
കണ്ണുകൾക്കെന്നും കണിയാകണം വിഭോ!.


സുരേഷ് സി. കുറുപ്പ്