ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം അദ്ധ്യായം 30
(പ്രചേതസ്സുകളുടെ കർമ്മം)
വിദുരർ മൈത്രേയമഹാമുനിയോട്
ചോദിച്ചു: “ഹേ ബ്രാഹ്മണശ്രേഷ്ഠാ!,
അങ്ങ് പുരഞ്ജനന്റെ കഥ പറയുന്നതിനുമുമ്പ് പ്രചേതസ്സുകൾ ഭഗവാനെ രുദ്രഗീതത്താൽ സമ്പ്രീതനാക്കിയെന്ന്
പറഞ്ഞുവല്ലോ. എന്തായിരുന്ന് അവർ ഭഗവദാരധനയിലൂടെ സ്വായത്തമാക്കിയതു? ഹേ ബാർഹസ്പത്യനായ
മഹാഭാഗാ!, മഹാദേവന്റെ ദർശനത്തിനുശേഷം അവർ ഭഗവദ്പ്രേമികളായിമാറിയെന്നതിലുപരി, ആ ഉപദേശകൊണ്ട്
മറ്റെന്തൊക്കെയായിരുന്നു ഇഹപരസുകൃതങ്ങളായി അവർക്ക് ഈ ഭൂമിയിൽനിന്ന് നേടാൻ കഴിഞ്ഞതു?”
മൈത്രേയൻ പറഞ്ഞു: “വിദുരരേ!, പ്രചേതസ്സുകൾ തങ്ങളുടെ പിതാവിന്റെ
ആദേശമനുസരിച്ച് സമുദ്രജലത്തിനുള്ളിൽ അതികഠിനമായ തപസ്സുകളനുഷ്ഠിച്ചു. രുദ്രഗീതത്തെ വീണ്ടും
വീണ്ടും ആലപിച്ചുകൊണ്ട് അവർ ഭഗവാൻ ഹരിയെ പ്രസാദിപ്പിച്ചു. പതിനായിരം വഷത്തെ തപസ്സിനൊടുവിൽ
അവർക്കുമുന്നിൽ ഭഗവാൻ നാരായണൻ പ്രത്യക്ഷനായി. മേരു പർവ്വതത്തിനുമുകളിൽ കാർമേഘകെട്ടുകൾ
പോലെ, ഗരുഢോപരി ഭഗവാൻ ഇരുന്നരുളി. മഞ്ഞപ്പട്ടുടുത്ത് സർവ്വാഭരണവിഭൂഷിതമായ ഭഗവദ്കളേബരം
ഈരേഴുപതിനാലുലോകങ്ങളിലേയും അന്തകാരത്തെ ക്ഷണത്തിൽ ഇല്ലാതാക്കി. മനോഹരമായ തിരുമുഖത്തിനലങ്കാരമായി
രത്നങ്ങൾ മിന്നിത്തിളങ്ങുന്ന കീരിടം ശിരസ്സിൽ പ്രശോഭിച്ചു. എട്ട് തൃക്കൈകളിൽ പലേതരം
ആയുധങ്ങളേന്തിയിരുന്നു. അവൻ ദേവഗണങ്ങളാലും ഋഷിവൃന്ദങ്ങളാലും മറ്റും സമാവൃതനായിരുന്നു.
അവരെല്ലാം അവന്റെ പാദസേവയിൽ മുഴുകിനിന്നു. ഗരുഢൻ തന്റെ ചിറകുകൾ വീശി വേദമന്ത്രങ്ങളെക്കൊണ്ട്
അവന്റെ മഹിമകൾ പാടി. ആ കഴുത്തിൽ മുട്ടറ്റം എത്തിനിൽക്കുന്ന ഒരു വനമാല അണിഞ്ഞിരുന്നു.
കാരുണ്യം തുളുമ്പുന്ന നോട്ടമെറിഞ്ഞുകൊണ്ട്
ഭഗവാൻ നാരായണൻ ഹസ്താഞ്ജലികൾ കൂപ്പിനിൽക്കുന്ന പ്രചേതസ്സുകളോട് പറഞ്ഞു: “ഹേ കുമാരന്മാരേ!, സത്സംഗത്തിന് തുല്യമായ നിങ്ങളുടെ
ഈ സാഹോദര്യം നമ്മെ സമ്പ്രീതനാക്കിയിരിക്കുന്നു. നിങ്ങളെല്ലാവരും നമ്മിൽ ഭക്തിയുള്ളവരാണു.
ചോദിക്കൂ!, എന്ത് വരമാണ് നിങ്ങൾക്ക് നാം പ്രദാനം ചെയ്യേണ്ടതു? നിങ്ങളെ എല്ലാ സന്ധ്യകളിലും
സ്മരിക്കുന്നവരുടെ ഹൃദയത്തിൽ സാഹോദര്യമുദിക്കുന്നതാണു. രുദ്രഗീതം നമുക്കേറെ പ്രീയപ്പെട്ടതാണു.
എല്ലാ പ്രഭാതത്തിലും സന്ധ്യകളിലും അതിനെ ജപിച്ചുകൊണ്ട് നമ്മെ ആരാധിക്കുന്ന സർവ്വർക്കും
നാം വേണ്ടുന്ന വരങ്ങൾ നൽകിയനുഗ്രഹിക്കുന്നു. അതുവഴി അവർക്ക് അഭീഷ്ടസിദ്ധിയും സത്ബുദ്ധിയും
സ്വായത്തമാകുന്നു. പിതാവിന്റെ ആദേശത്തെ സ്വീകരിച്ചുകൊണ്ട് സ്വധർമ്മാനുഷ്ഠാനത്തിനായി
ഇറങ്ങിത്തിരിച്ച നിങ്ങളുടെ മാഹാത്മ്യം ലോകമാകെ വാഴ്ത്തപ്പെടുന്നതാണു. നിങ്ങൾക്ക് ബ്രഹ്മാവിനുതുല്യനായ
ഒരു പുത്രൻ ജനിക്കുകയും അവൻ നിങ്ങളുടെ യശസ്സിനെ ലോകം മുഴുവൻ വ്യാപിപ്പിക്കുകയും ചെയ്യും.
അവന്റെ പുത്രപൌത്രാദികളാൽ ഈ ലോകത്തിൽ പ്രജാവർദ്ധനം നടത്തും.
ഹേ പ്രചേതസ്സുകളേ!, കണ്ഡു
എന്ന ഋഷിയുടെ തപം മുടക്കാൻ ഇന്ദ്രനയച്ച അപ്സരസ്സായിരുന്നു പ്രംലോച. അവളിൽ അദ്ദേഹത്തിന്
ജനിച്ച സുന്ദരിയായ പുത്രിയെ കാട്ടിൽ മരങ്ങളെ ഏൽപ്പിച്ച് പ്രംലോച സ്വർഗ്ഗത്തിലേക്ക്
തിരിച്ചുപോയി. അവൾ പോയതിനുശേഷം കുട്ടി വിശന്നുകരയാൻ തുടങ്ങിയപ്പോൾ ചന്ദ്രൻ തന്റെ ചൂണ്ടുവിരലാൽ
കുഞ്ഞിന്റെ വായിലേക്ക് അമൃതധാര പൊഴിക്കുകയും അതിന്റെ കരച്ചിലടക്കുകയും ചെയ്തു. നമ്മിൽ
ഭക്തിയുള്ള നിങ്ങൾ അവളെ വിവാഹം കഴിക്കുക. അവൾ സുന്ദരിയും നന്മ നിറഞ്ഞവളുമാണു. നിങ്ങളുടെ
പിതാവാഗ്രഹിച്ചതുപോലെ, അവളിലൂടെ പ്രജാവർദ്ധനം നടത്തുക. നിങ്ങളെല്ലാവരുംതന്നെ എന്നിലും
നിങ്ങളുടെ പിതാവിലും ഭക്തിയുള്ളവരാകുന്നതുപോലെ, അവളും നിങ്ങളിൽ സ്നേഹവും ഭക്തിയുമുള്ളവളായിരിക്കും.
അതുകൊണ്ട് അവളുമായി നിങ്ങളുടെ ചേർച്ച എല്ലാംകൊണ്ടും യുക്തം തന്നെ. പ്രീയകുമാരന്മാരേ!,
നമ്മുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഇഹത്തിലും പരത്തിലും എല്ലാ നന്മകളും ഭവിക്കും. സകല
സൌഭാഗ്യങ്ങളുമനുഭവിച്ചുകൊണ്ട് നിങ്ങൾ അവളോടൊപ്പം ഒരു ദശലക്ഷം വർഷം ഇവിടെ ജീവിച്ചിരിക്കുകയും
ചെയ്യും. അനന്തരം, സകല ബന്ധങ്ങളുമുപേക്ഷിച്ച് നമ്മിൽ ഭക്തിനേടി ഹൃദയംകൊണ്ട് പരിശുദ്ധരായി
നമ്മുടെ ധാമം ചേരുകയും ചെയ്യും. ഇവിടെ സകല കർമ്മങ്ങളുടേയും ഭോക്താവ് നാമാണെന്ന് നമ്മുടെ
ഭക്തന്മാർ അറിയുന്നു. ആയതിനാൽ അവർ തങ്ങളുടെ സകലകർമ്മങ്ങളും നമ്മിൽ അർപ്പിച്ചുകൊണ്ട്
ജീവിത്തെ മുന്നോട്ട് നയിക്കുന്നു. അങ്ങനെയുള്ളവർ ഒരിക്കലും തങ്ങളുടെ കർമ്മങ്ങളാൽ സംസാരത്തിൽ
ബദ്ധരാകുന്നില്ല. അവർ എപ്പോഴും മുക്തന്മാരായിത്തന്നെയിരിക്കുന്നു. ഇതിനെ ബ്രഹ്മഭൂതാവസ്ഥയെന്ന്
പറയുന്നു. ഈ അവസ്ഥയിൽ എന്റെ ഭക്തന്മാർ മോഹിക്കുന്നില്ല. അവർ ഇല്ലാത്തതിനുവേണ്ടി ദുഃഖിക്കുകയോ
ഉള്ളതിൽ സന്തോഷിക്കുകയോ ചെയ്യുന്നില്ല.”
മൈത്രേയൻ പറഞ്ഞു: “ഭഗവാൻ തന്റെ വാക്കുകളെ ഉപസംഹരിച്ചതിനുശേഷം,
ആ തിരുരൂപം നേരിട്ടുകണ്ട ആനന്ദത്താൽ, ഗദ്ഗദത്തോടുകൂടി പ്രചേതസ്സുകൾ സർവ്വവരപ്രദായകനായ
അവനെ പ്രകീർത്തിച്ചുതുടങ്ങി. “ഭഗവാനേ!, അങ്ങ് സകലദുഃഖങ്ങൾക്കും അറുതിവരുത്തുന്നവനാണു. അങ്ങയുടെ മഹിമകളും നാമങ്ങളും
സർവ്വദുരിതങ്ങളേയും ദൂരത്തകറ്റുന്നു. അങ്ങ് മനസ്സിനെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നവനാണു.
അങ്ങേയ്ക്ക് ഞങ്ങളുടെ നമസ്ക്കാരം!. അങ്ങയിൽ മനസ്സുറയ്കുമ്പോൾ ദ്വന്ദം നിരർത്ഥകമാകുന്നു.
അനന്തമായ ആനന്ദമാണ് അങ്ങയുടെ സ്വരൂപം. ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുവാനും പരിപാലിക്കുവാനും
സംഗ്രഹിക്കുവാനുമായി അങ്ങുതന്നെ ഇവിടെ ബ്രഹ്മാവായും വിഷ്ണുവായും സദാശിവനായുമവതാരം കൊണ്ടിരിക്കുന്നു.
അങ്ങ് ത്രിഗുണാധീതനാണു. അങ്ങ് അവിടുത്തെ ഭക്തന്മാരുടെ ദുരിതങ്ങളെ എപ്പോഴും ഹരിച്ചുകൊണ്ടിരിക്കുന്നു.
അതുകൊണ്ട്, അങ്ങേയ്ക്ക് ഞങ്ങളുടെ നമോവാകം. സകല ചരാചരങ്ങളിലും കുടികൊള്ളുന്നതുകൊണ്ട്
അങ്ങയെ വാസുദേവൻ എന്ന് ലോകം വിളിക്കുന്നു. വസുദേവപുത്രനായ അങ്ങയെ ശ്രീകൃഷ്ണൻ എന്ന്
ഈ ലോകവും വിശേഷിപ്പിക്കുന്നു. ഹേ നാഥാ!, അങ്ങയുടെ
നാഭീപങ്കജത്താരിൽനിന്നും സർവ്വഭൂതങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അങ്ങയുടെ തിരുവുടൽ
താമരപ്പൂമാലയാൽ ശോഭിതമാണു. അവിടുത്തെ തൃപ്പാദങ്ങളും താമരപ്പൂക്കളുടെ സുഗന്ധത്താൽ ഭക്തഹൃദയങ്ങളിൽ
ആനന്ദമുളവാക്കുന്നു. താമരപ്പൂക്കളുടെ രജസ്സുകൾ പോലെ പീതവർണ്ണമായ പട്ടുവസ്ത്രങ്ങളുടുത്ത്
സകല ചരാചരങ്ങളുടേയും ഹൃദയത്തിൽ വസിക്കുന്ന അങ്ങ് അവരുടെ സകല കർമ്മങ്ങൾക്കും സാക്ഷിയാണു.
ഞങ്ങൾ ജീവഭൂതങ്ങൾ സദാ ശരീരാത്മഭേദം
തിരിച്ചറിയാത്തവരാണു. ആയതിനാൽ ഞങ്ങൾ എപ്പോഴും ആപത്തുകളിൽതന്നെ അകപ്പെട്ടുപോകുന്നു.
ആ ദുരിതങ്ങളിൽനിന്ന് അടിയങ്ങളെ രക്ഷിക്കുന്നതിനുവേണ്ടി അങ്ങ് സമയാസമയങ്ങളിൽ ഇവിടെ അവതരിക്കുകയും
ചെയ്യുന്നു. ഇതുതന്നെ അങ്ങേയ്ക്ക് ഞങ്ങളോടുള്ള അപാരകാരുണ്യത്തിന്റെ അടയാളമാണു. അങ്ങനെയിരിക്കെ
അവിടുത്തെ ഭക്തന്മാരോടുള്ള അങ്ങയുടെ താല്പര്യത്തെക്കുറിച്ച് എന്തുപറയാൻ!. യഥാസമയം അരികിലെത്തി
അങ്ങ് അവിടുത്തെ ഭക്തന്മാരുടെ സകല അമംഗളങ്ങളും ഇല്ലാതെയാക്കുന്നു. അങ്ങ് അവിടുത്തെ
ഭക്തന്മാരെക്കുറിച്ച് ചിന്തിക്കുമ്പോൾതന്നെ അവരുടെ സകല ആഗ്രഹങ്ങളും സഫലീകരിക്കപ്പെടുന്നു.
ആയതിനാൽ ഞങ്ങളിതാ അങ്ങയുടെ പാദരേണുക്കളിൽ അഭയം പ്രാപിക്കുന്നു. അണു ആദിയായുള്ള സകല
ഭൂതങ്ങളിലും അവിടുന്ന് പരമാത്മാവായി കുടികൊള്ളുന്നു. അങ്ങ് അവരുടെ സർവ്വാഭീഷ്ടങ്ങളും
കണ്ടറിയുന്നു. ഹേ ജഗദ്ഗുരുവായ ലോകനാഥാ!, ഞങ്ങൾ ആത്യന്തികമായി പ്രാപിക്കേണ്ടതും അങ്ങയെയാണു.
അവിടുന്ന് ഞങ്ങളിൽ പ്രസാദിക്കുവാൻ പ്രാർത്ഥിക്കുന്നു. ആ ഒരു വരം മാത്രമാണ് ഞങ്ങൾക്കാവശ്യം.
അവിടുത്തെ പ്രീതിയല്ലാതെ മറ്റൊന്നുംതന്നെ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് പരാത്പരനും
അനന്തനും അനന്തസൌഭഗ്യനിധിയുമായ അങ്ങ് ഞങ്ങൾക്ക് ഈ വരം നൽകി അനുഗ്രഹിക്കുമാറാകണം.
ഭഗവാനേ!, പാരിജാതവൃക്ഷത്തെ
പ്രാപിച്ചതിനുശേഷം വണ്ടുകൾ അവിടെനിന്നും ഒരിക്കലും തിരിച്ചുപോകാത്തതുപോലെ, അവിടുത്തെ
പദമലരുകളിൽ ആശ്രയംകൊണ്ടവർക്ക് മറ്റെന്ത് വരമാണ് മൂന്നുലോകങ്ങളിലും നേടേണ്ടതായുള്ളതു?
ഹേ നാരായണാ!, എത്രകാലമാണോ, വിവിധ ശരീരങ്ങൾ
സ്വീകരിച്ച് ലോകമായ ലോകമെല്ലാം അലഞ്ഞുതിരിയാൻ കർമ്മാനുസരണം ഞങ്ങൾ വിധിക്കപ്പെട്ടിരിക്കുന്നത്,
അക്കാലമത്രയും, ആ ലോകങ്ങളിലത്രയും അവിടുത്തെ ഭക്തന്മാരോടൊത്ത് അങ്ങയുടെ മഹിമകളെ പാടിസ്തുതിക്കുവാനുള്ള
വരം തന്ന് ഞങ്ങളെ അനുഗ്രഹിക്കുക. അരനിമിഷത്തേക്കുമാത്രമുള്ളതായാൽപോലും അവിടുത്തെ ശുദ്ധഭക്തന്മാർക്കൊപ്പമുള്ള
സംത്സംഗം മോക്ഷത്തിനുപോലും പരമായി ഞങ്ങൾ മനസ്സിലാക്കുന്നു. മർത്ത്യനെ സംബന്ധിച്ചിടത്തോളം സത്സംഗത്തിനുമേൽ ധന്യമായ
മറ്റൊരു വരം എന്തിരിക്കുന്നു. സത്സംഗത്തിൽ അവിടുത്തെ മാഹാത്മ്യങ്ങളെക്കുറിച്ചുകേൾക്കുമ്പോൾ
ശ്രോതാവിന്റെയുള്ളിൽനിന്നും കുറച്ചുനേരത്തേയ്ക്കെങ്കിലും സകല ഭൌതികദുഃഖങ്ങളും അകന്നൊഴിയുന്നു.
മാത്രമല്ല, അവർക്കിടയിൽ വൈരമോ ഉത്കണ്ഠയോ ഭയമോ തന്നെ ആ സമയം ഉണ്ടാകുന്നില്ല. അവന്റെ
മഹിമകളെ കീർത്തിക്കുന്ന ഹൃദയങ്ങളിൽ അവൻ ആഗതനാകുന്നു. സന്യാസികൾക്ക് നാരായണൻ അവരെത്തിച്ചേരേണ്ട
ധാമമാണു. മുക്തസംഗികളായിട്ടുള്ള അവർ അവിടുത്തെ തിരുനാമത്തെ സദൈവ കീർത്തിച്ചുകൊണ്ട്
ലോകമംഗളത്തിനായി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.
മഹാദേവനുമായിയുണ്ടായ അല്പസമയത്തെ സത്സംഗം ഞങ്ങളെ അങ്ങയിലേക്കെത്തിച്ചുതന്നു. ഭൌതികമായ
സകല ദുഃഖങ്ങൾക്കും അറുതിവരുത്തുവാൻ ഇവിടെ അങ്ങയെ മാത്രമേ ഞങ്ങൾ കാണുന്നുള്ളൂ. ഞങ്ങളുടെ
മുജ്ജന്മഭാഗ്യമത്രേ! ഞങ്ങൾക്കവിടുത്തെ ദർശനസൌഭാഗ്യം സിദ്ധിക്കാനും ഈ പാദപത്മങ്ങളിൽ
അഭയം പ്രാപിക്കുവാനും കാരണമായതു.
ഹേ ദേവാ!, ഞങ്ങൾ വേദങ്ങൾ
പഠിച്ചു. ഗുരുക്കന്മാരെ പൂജിച്ചു. ഞങ്ങൾക്കാരോടും വൈരമില്ല. ജലത്തിനുള്ളിൽ അന്നപാനാദികൾകൂടാതെ
ഞങ്ങൾ പതിനായിരം വർഷം തപസ്സനുഷ്ഠിച്ചു. എല്ലാം അങ്ങയുടെ കാരുണ്യത്തിനുവേണ്ടി മാത്രമായിരുന്നു.
അതില്പരം ഒരു വരം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നാഥാ!, തപംകൊണ്ടും ജ്ഞാനംകൊണ്ടും ശ്രേഷ്ഠരായ
മഹായോഗികൾ, മനു, വിരിഞ്ചൻ, മഹാദേവൻ, ഇവർക്കാർക്കും അങ്ങയുടെ മഹിമകളേയും ശക്തിയേയും
ഉള്ളവണ്ണം അറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് കേട്ടിരിക്കുന്നതു. എങ്കിലും, അവർ അങ്ങയെ തങ്ങളുടെ
ശക്തിക്കൊത്തവണ്ണം കീർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ അവരെക്കാൾ ഇകഴ്ന്നവരായ
ഞങ്ങളും ഞങ്ങളുടെ പ്രാപ്തിക്കൊത്ത് അങ്ങയെ പ്രകീർത്തിക്കുകയാണു. അങ്ങേയ്ക്ക് ഈ പ്രപഞ്ചത്തിലെ
സകല ചരാചരങ്ങളും സമമാണു. അങ്ങ് സർവ്വത്തിനും പരനായി നിലകൊള്ളുന്നു. സർവ്വത്തിലും നിറഞ്ഞുനിൽക്കുന്ന
അങ്ങയെ ലോകം വാസുദേവനെന്ന് വിശേഷിപ്പിക്കുന്നു. അവിടുത്തെ തൃപ്പാദങ്ങളിലിതാ ഞങ്ങളുടെ
കൂപ്പുകൈ.”
മൈത്രേയൻ തുടർന്നു: “പ്രീയവിദുരരേ!, പ്രചേതസ്സുകളുടെ പ്രാർത്ഥനയിൽ
അകമഴിഞ്ഞ ആശ്രിതവത്സലനായ ഭഗവാൻ നാരായണൻ അവരോട് - “ഹേ കുമാരന്മാരേ!, നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലീകൃതമാകട്ടെ!” – എന്നുപറഞ്ഞുകൊണ്ട് അവിടെനിന്നും അപ്രത്യക്ഷനായി.
എന്നാൽ കണ്ട് മനം നിറയാതെ, പ്രചേതസ്സുകൾ ഭഗവാൻ മറഞ്ഞതിൽ ദുഃഖിതരായി. അനന്തരം, അവർ സമുദ്രജലത്തിൽനിന്നും
കരകയറി. അപോഴാണ് അവിടെയുണ്ടായിരുന്ന വൃക്ഷങ്ങളെല്ലം വളർന്ന് വലുതായത് അവരുടെ ശ്രദ്ധയിൽ
പെട്ടതു. അത് സ്വർഗ്ഗത്തിലേക്കുള്ള അവരുടെ വഴികൾക്ക് തടസ്സങ്ങളുണ്ടാക്കി. അതുകണ്ട പ്രചേതസ്സുകൾ
കോപാകുലരായി. പ്രളയസമയത്ത് മഹേശ്വരന്റേ വായിൽനിന്നും അഗ്നിയും വായുവും പ്രവഹിക്കുന്നതുപോലെ,
പ്രചേതസ്സുകളുടെ വൿത്രത്തിൽനിന്നും അഗ്നിയും കാറ്റും അതിശക്തം ബഹിർഗമിച്ചു. ആ അഗ്നിയിൽ
അവിടെയുണ്ടായിരുന്ന സകല വൃക്ഷങ്ങളും വെന്തുവെണ്ണീറായതറിഞ്ഞ് ബ്രഹ്മദേവൻ അവിടെയെത്തി
പ്രചേതസ്സുകളെ സാന്ത്വനപ്പെടുത്തി. പേടിച്ചരണ്ട് ബാക്കിയുണ്ടായിരുന്ന തരുക്കൾ ബ്രഹ്മദേവന്റെ
ഉപദേശത്തെ മാനിച്ച് തങ്ങൾ വളർത്തിക്കൊണ്ടിരുന്ന പ്രംലോചയുടെ പുത്രിയെ പ്രചേതസ്സുകൾക്ക്
കൈമാറി. അവർ അവളെ ബ്രഹ്മദേവൻ പറഞ്ഞതനുസരിച്ച് വിവാഹം കഴിച്ചു. അവളുടെ ഗർഭത്തിൽനിന്നും
ബ്രഹ്മപുത്രനായിരുന്ന ദക്ഷൻ ജന്മം കൊണ്ടു. ദക്ഷൻ ശൈവകോപത്തിനിരയായതിനുശേഷം മാരിശപുത്രനായി
ജന്മമെടുത്തിരുന്നു. അന്ന് ശരീരമുപേക്ഷിച്ച അദ്ദേഹം ഭഗവദ്‌ഹിതത്താൽ വീണ്ടും ജനിക്കുകയും,
ചാക്ഷുഷമന്വന്തരത്തിൽ പ്രജകളെ സൃഷ്ടിക്കുകയും ചെയ്തു. ദക്ഷന്റെ ശരീരത്തിന്റെ തേജസ്സ്
അത്യുജ്ജ്വലമായി പ്രശോഭിച്ചു. ബ്രഹ്മദേവൻ ദക്ഷനെ പ്രജാവർദ്ധനത്തിലേർപ്പെടുത്തി. കാലാന്തരത്തിൽ
ദക്ഷനും മരീചി മുതലായ മറ്റു പ്രജാപതിമാരെ പ്രസ്തുതകർമ്മാർത്ഥം ചുമതലയേൽപ്പിച്ചു.
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം മുപ്പതാമധ്യായം സമാപിച്ചു.
ഓം തത് സത്.