2022, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

കുന്തീസ്തുതി...


ആദ്യാ! പുരാണപുരഷ നമോസ്തുതേ

നാഥാ പ്രപഞ്ചത്തിനാധാരഹേതുവേ

നീതാൻ ഗുണങ്ങൾക്കധീതനാം ദൈവവും

ഭൂതങ്ങൾക്കെല്ലാം അകംപുറം കൊണ്ടതും.


മായായവനികയ്ക്കപ്പുറമുള്ളൊരു

മൂഢദൃശന്മാർക്കദൃശ്യനായുള്ള നീ

ചായമിട്ടോരു നടനെന്നപോലങ്ങ്

മായയ്ക്കധീതം മറഞ്ഞങ്ങിരിക്കുന്നു.


നിന്നുടെ കാരുണ്യമൊന്നുകൊണ്ടല്ലാതെ

നിന്നെയറിവതിനാരാലുമൊത്തിടാ.

എന്നത് പാർക്കുകിൽ ഞങ്ങളീ സ്ത്രീകൾക്കി

ന്നെങ്ങനെ നിന്നെയറിവതിനാകുന്നു?


വാസുദേവാ ഹരേ കൃഷ്ണാ തൊഴുന്നു ഞാൻ

ദേവകീനന്ദനാ നിന്നെ തൊഴുന്നു ഞാൻ

നന്ദഗോപർക്ക് മകനായ ശ്രീഹരേ

ഗോവിന്ദാ നിന്നെ നമിക്കുന്നു ഞാനിതാ.


പങ്കജനാഭാ നമസ്തേ നമോസ്തുതേ

പങ്കജമാലിനേ നിത്യം നമോസ്തുതേ

പങ്കജനേത്രാ നമസ്തേ നമോസ്തുതേ

പങ്കജപാദാ നമസ്തേ നമോസ്തുതേ


കംസന്റെ കാരാഗൃഹത്തിങ്കൽ നിന്ന് നീ

നിന്റെ മാതാവിനെ രക്ഷിച്ചതില്ലയോ?

എന്നെയും എന്റെ സുതന്മാരെയൊക്കെയും

എന്തെല്ലാം ആപത്തിൽനിന്ന് നീ കാത്തിതു.


ഉഗ്രവിഷത്തിൽനിന്നഗ്നിയിൽനിന്നഥ

രക്ഷോഗണങ്ങളിൽ ദുഃസഭാമധ്യത്തിൽ

പണ്ട് വനവാസകാലത്തിൽനിന്നുമാ

ഭാരതയുദ്ധമത്തിങ്കലും കാത്തു നീ.


ഇന്നിതാ നീതന്നെ അശ്വത്ഥാമാവിന്റെ

ബ്രഹ്‌മാസ്‌ത്രതേജസ്സിൽനിന്ന് രക്ഷിച്ചിതു.

ഞങ്ങൾക്ക് നീയൊഴിഞ്ഞില്ല മറ്റാശ്രയം

കൃഷ്ണാ മുകുന്ദാ മുരാരേ ഹരേ ജയ


എത്രമേലിങ്ങനെ ദുഃഖമുണ്ടാകുന്നു

അത്രമേൽ നിന്നുടെ ദർശനം നേടുന്നു.

നിന്നുടെ ദർശനംകൊണ്ടിഹ സംസാര

വൻകര താണ്ടി മറുകര പോകുന്നു.


ആശയൊഴിഞ്ഞ മനപങ്കജങ്ങളിൽ

ആശ്രിതവത്സലാ നീ വന്നുവാഴുന്നു.

നിർദ്ധനൻമാർക്ക് ധനമായ ശ്രീപതേ

നിത്യവും നിന്നെ നമിച്ചിടുന്നാദരാൽ.


സർവ്വഭൂതങ്ങൾക്കും നീ സമൻ ദൈവമേ

ആദ്യന്തഹീനാ ദയാലോ ജനാർദ്ദനാ  

നിന്നുടെ ലീലകൾ കണ്ടറിഞ്ഞീടുവാൻ

ബ്രഹ്‌മാവിനാലുമെളുതല്ല നിർണ്ണയം.


സർവ്വവും നിന്നിൽനിന്നുണ്ടായിടുമ്പോഴും

സർവ്വവും നിന്നിൽ ലയിച്ചങ്ങിടുമ്പൊഴും

നീവന്ന് നാനാതരങ്ങളാം യോനിയിൽ

നീരാജനേത്രാ പിറന്നരുളുന്നിതു.


പണ്ട് യശോദയാം മാതാവ് നിന്നുടൽ

ബന്ധിച്ചുറലോട് ചേർത്തുകെട്ടീടവേ

പേടിയും പേടിച്ചകലുന്ന നിന്നുടെ

പേടിയാൽ സംഭ്രമിച്ചോരു നേത്രങ്ങളിൽ

നിന്നുതിർന്നോരു കണ്ണീരിൽ കുതിർന്നതാം

അഞ്ജനം വാർന്നൊഴുകുന്ന കവിൾത്തടം

കണ്ടുഭ്രമിച്ചങ്ങുഴറുന്നൊരെന്നെ നീ

കുണ്ഡത തീത്തങ്ങനുഗ്രഹിച്ചീടണം.


നാരായണാ നിന്നവതാരലീലകൾ

നാനാതരങ്ങളിൽ വർണ്ണിച്ചിടുന്നിഹ.

യാദവവംശതിലകമെന്നു ചിലർ,

ധാതാവ് പ്രാർത്ഥിക്കയാലെന്നിതു ചിലർ,


ദേവകിക്കോമനയായെന്നിതു ചിലർ,

ദേവഗണങ്ങളെ കാപ്പാണെന്നും ചിലർ,

ബദ്ധരെ സംസാരസാഗരംതന്നിൽനി

ന്നുദ്ധരിപ്പിച്ചീടുവാണെന്നിതു ചിലർ.


നിന്റെ മഹിമയിലെന്നും രമിപ്പവർ

വന്ന് നിൻ ചേവടി പോകുന്നു മാധവാ

പിന്നവർ വന്ന് ഭാവാബ്ദിയിൽ വീഴാതെ

നിന്നോടുചേർന്ന് സുഖിക്കുന്നു കേശവാ


ശത്രുക്കളിങ്ങനെ ചുറ്റിനിൽക്കുമ്പൊഴു

തൊട്ടും കരുണയില്ലാതെ നീ പോകയോ?

നീയെന്നി ഇന്ന് മറ്റാരുള്ളൂ കേശവാ

ഈ ഞങ്ങളെ അങ്ങ് കാത്തുകൊണ്ടീടുവാൻ?


ദേഹി ശരീരം വെടിഞ്ഞുപോയീടവേ

ദേഹത്തിൻ നാമരൂപങ്ങൾ നശിപ്പള

വിന്നു നീ ഞങ്ങളെ വിട്ടുപോയീടുകിൽ

ജീവച്ഛവങ്ങളായ് മാറും വയം ദൃഡം.


നിൻ പാദസ്പർശനമൊന്നുകൊണ്ടീ ഗൃഹം

സങ്കടം മാറി പ്രശോഭിച്ചിടുന്നിതു.

ഇന്ന് നീ ഞങ്ങൾക്ക് നഷ്ടമായീടുകിൽ

നന്നല്ലത് ഗദാധാരേ ജനാർദ്ദനാ


ഇക്ഷിതിയിന്ന് സമൃദ്ധമായ് കാണ്മത്

രക്ഷകനായി നീയുണ്ടാക കാരണം

രക്ഷ രക്ഷ പ്രഭോ മാധവാ ഞങ്ങളെ

രക്ഷിച്ചുകൊൾക ജഗദീശ്വരാ ഹരേ 


പദ്യവിവർത്തനം  : SURESH C KURUP

ഉത്തരയുടെ സ്തുതി...

 


ദേവന്മാർക്കെല്ലാർക്കും ദേവനായുള്ളോരു 

ദേവദേവാ! നിന്നെ കൈതൊഴുന്നേൻ 

ലോകങ്ങൾ സൃഷ്ടിച്ച് കാത്ത് ഹരിച്ചീടും 

ഏകനാഥാ! നിന്നെ കൈതൊഴുന്നേൻ... 


യോഗികൾക്കെല്ലാം ഗുരുവായിടുന്നൊരു 

യോഗേശ്വരാ! നിന്നെ കൈതൊഴുന്നേൻ 

വേദങ്ങൾ പാടിപ്പുകഴ്ത്തുന്ന നിന്നുടെ

പാദാരവിന്ദം ഞാൻ കൈതൊഴുന്നേൻ 


രക്ഷ! രക്ഷ! ജഗദീശ്വരാ! ദൈവമേ!

ഇക്ഷിതി വന്നു പിറന്ന ദേവാ!

മൃത്യുവിൽനിന്നെന്നെ രക്ഷിച്ചുകൊള്ളുവാൻ 

ഇത്രിലോകങ്ങളിൽ മാറ്റാരുള്ളൂ?


ദേവാ! നിൻ ശക്തിതൻ വൈഭവം ചൊല്ലുവാൻ 

ആവില്ലനന്തനും മൂലോകത്തിൽ 

നീയല്ലാതാരറിയുന്നു നിൻ ലീലകൾ 

നീലക്കടലൊളിവർണ്ണാ ഹരേ!


തീഗോളമേതോ പറന്നടുക്കുന്നിതാ 

നീരജലോചനാ!, നീയല്ലാതെ 

ആരാലുമിന്നെളുതല്ലിതു കേശവാ!

പാരിതിൽ സംഹരിച്ചീടുവാനായ് 


എന്നെയെരിച്ചുകളഞ്ഞീടിലുമെനി 

ക്കില്ല ദുഃഖം മധുകൈടഭാരേ!

നിന്നുടെയിച്ഛയതെങ്കിലിന്നാർക്കത് 

വന്നു തടുക്കുവാനൊത്തിടുന്നു...


ഇന്നെൻ ജഠരത്തിൽ വന്നു ശയിച്ചൊരു 

കുഞ്ഞിനെ കാത്തുരക്ഷിക്ക ശൗരേ!

ഇന്നിതല്ലാതെനിക്കില്ല തെല്ലാഗ്രഹം 

വന്നു നീ പാലിച്ചുകൊൾക ചാരേ...


ഇങ്ങനെ സ്തുതി ചെയ്തതിനുശേഷം ഉത്തര ഭഗവാനോട് തന്റെ ഗർഭത്തിൽ കിടക്കുന്ന ശിശുവായ പരീക്ഷിത്തിനെ രക്ഷിക്കുവാനായി പ്രാർത്ഥിക്കുന്നു. പാണ്ഡവവംശത്തിന്റെ അവസാനകണ്ണിയായ പരീക്ഷിത്തിനെ ഉത്തരയുടെ ഗർഭത്തിൽ വച്ചുതന്നെ വധിക്കുവാനായി അശ്വത്ഥാമാവയച്ച ബ്രഹ്‌മാസ്‌ത്രമാണതെന്ന് തിരിച്ചറിഞ്ഞ ഉടൻ ഭക്തവത്സലനായ ഭഗവാൻ അതിനെ സംഹരിച്ച് ഉത്തരയേയും പരീക്ഷിത്തിനേയും രക്ഷിക്കുന്നു.

അർജ്ജുനന്റെ സ്തുതി.


മഹാഭാരതയുദ്ധത്തിനിടയിൽ അശ്വത്ഥാമാവയച്ച ബ്രഹ്‌മാസ്‌ത്രത്തിന്റെ അഴലിൽനിന്നും രക്ഷയ്ക്കായി ഭഗവാനോടുള്ള അർജ്ജുനന്റെ സ്തുതി.


മാധവാ! സർവ്വശക്താ! ഭഗവാനേ!

നിസ്സീമമായ ശക്തിയുള്ള ദേവാ!

നീയല്ലാതില്ലിഹ മറ്റൊരാശ്രയം

ഭക്തരുടെ ഭയമകറ്റീടുവാൻ...


ഈ പ്രപഞ്ചത്തിനാധാരഹേതുവായ് 

വർത്തിച്ചീടുന്നൊരാദ്യാ! ജനാർദ്ദനാ!

ഈ ഭവാബ്ധിയിൽനിന്നങ്ങ് ഞങ്ങളെ

രക്ഷിച്ചീടുവാൻ നീയൊഴിഞ്ഞാരുള്ളൂ?


മായാധീതാനാം നീ തന്നെയല്ലയോ 

മായായാൽ ജഗത് നിർമ്മിച്ച ശില്പിയും 

നിന്റെ ചിത്ശക്തി കൊണ്ട് നീയെപ്പോഴും 

മായയെ ദൂരെ മാറ്റി നിർത്തീടുന്നു...


എപ്പോഴും നിത്യകൈവല്യമൂർത്തിയായ് 

നില്പവനായ ബ്രഹ്മനും നീ തന്നെ 

ആശ്രയിപ്പവർക്കുള്ള ഭയം നീക്കി 

കാത്തുരക്ഷിച്ചുകൊൾവതും നീതന്നെ...


മായാശക്തിക്കുമേലെ വിളങ്ങുന്ന 

മാധവാ! നീയൊഴിഞ്ഞിവിടാർക്കിഹ 

മായാമോഹിതർക്കെങ്കിലും ധർമ്മാർത്ഥ-

കാമമോക്ഷങ്ങൾ നല്കുവാനാകുന്നു?...


അങ്ങനെ നീയവതരിച്ചിട്ടിഹ

വന്ന് ഭൂഭാരം തീർത്തുരക്ഷിക്കുന്നു

നിന്റെ ഭക്തരായുള്ളോരെ നിത്യവും 

നിർമ്മലാ! നീ കനിഞ്ഞു കാത്തീടുന്നു.


പദ്യവിവർത്തനം : By Suresh C. Kurup

2021, ജൂൺ 27, ഞായറാഴ്‌ച

10.12 അഘാസുരമോക്ഷം.

ഓം


അഘാസുരമോക്ഷം


ശ്രീശുകൻ പറഞ്ഞു: “അല്ലയോ മഹാരാജൻ!, ഒരിക്കൽ അതിരാവിലെ എഴുന്നേറ്റ് ഭഗവാൻ തൻ്റെ അതിമനോഹരമായ കുഴൽവിളിയാൽ  ചങ്ങാതിമാരായ മറ്റ് ഗോപക്കിടാങ്ങളെ ഉണർത്തി അവരുമായി വനഭോജനത്തിന് ഗോകുലത്തിൽ നിന്നും യാത്രയായി. അന്ന് ഭഗവാൻ ആയിരക്കണക്കിന് ഗോപന്മാരെ കൂടെ കൂട്ടി വേണ്ട സാധനസാമഗ്രികളുമായി അവരവരുടെ പശുക്കിടാങ്ങളേയും മുൻപേ നടത്തിക്കൊണ്ട് സന്തോഷത്തോടെ നടന്നുതുടങ്ങി. ആ ബാലന്മാർ തങ്ങളുടെ പശുക്കിടാങ്ങളെ ഭഗവാൻ്റെ പശുക്കിടാങ്ങളോടൊത്തുചേർത്ത് മേച്ചുകൊണ്ട് പലതരം ക്രീഡകളാൽ ഉല്ലസിച്ചു. പലവിധ രത്നങ്ങളാൽ അലങ്കരിക്കപ്പെട്ടവരാണെങ്കിലും അവർ കാട്ടിലെ കായ്കൾ, തളിർതൊത്തുകൾ, പൂക്കൾ, മയിൽപീലികൾ മുതലായവയാൽ വീണ്ടും സ്വയം അലങ്കരിച്ചുരസിച്ചു.  കുട്ടികൾ പരസ്പരം അവരുടെ പൊതിച്ചോറുകളും മറ്റ് സാധനങ്ങളും തമ്മിൽ കാണാതെ ഒളിച്ചുവയ്ക്കുകയും, അവർ അത് കണ്ടുപിടിക്കുമ്പോൾ അത് ദൂരെ നിൽക്കുന്നവർക്കെറിഞ്ഞുകൊടുക്കുകയും അവർ വീണ്ടും അത് മറ്റുള്ളവർക്കെറിഞ്ഞുകൊടുക്കുകയും, ഒടുവിൽ ഉടമസ്ഥൻ്റെ വല്ലായ്മ കണ്ട് പിന്നീട് അത് തിരികെ കൊടുക്കുകയും ചെയ്യും. ഭഗവാൻ വനശോഭയെ കാണാൻ അകലേക്ക് പോയാൽ ‘ഞാൻ മുമ്പേ... ഞാൻ മുൻപേ’ എന്ന് സ്പർദ്ധയോടുകൂടി ഭഗവാനെ തൊട്ട് കളിക്കുകയും ചെയ്തു. ചിലർ ഓടക്കുഴൽ വിളിക്കുകയും, മറ്റ് ചിലർ കൊമ്പ് വിളിക്കുകയും, വേറെ ചിലർ വണ്ടുകളോടൊപ്പം പാട്ട് പാടുകയും, മറ്റുചിലരാകട്ടെ കുയിലുകൾക്കൊപ്പം കൂകുകയും ചെയ്തു. പറക്കുന്ന പക്ഷികളുടെ നിഴൽ നോക്കി ഓടിക്കൊണ്ടും, അരയന്നങ്ങളോടൊപ്പം ചന്തത്തിൽ നടന്നുകൊണ്ടും, കൊറ്റികൾക്കൊപ്പം ഒരിടത്ത് ചടഞ്ഞിരുന്നുകൊണ്ടും, മയിലുകളോടൊത്ത് ചാഞ്ചാടിയും അവർ ആനന്ദിച്ചു. കുരങ്ങന്മാരുടെ വാലുകളിൽ പിടിച്ചുവലിച്ചും അവരോടൊപ്പം മരങ്ങളിൽ കയറിയും, അവരുടെ ഗോഷ്ടികൾക്കൊത്ത് ഗോഷ്ടി കാട്ടിയും അവർ രസിച്ചു. അവർ തവളകൾക്കൊത്ത് ചാടിക്കളിച്ചു. പുഴകളിലും നദികളിലുമൊക്കെ അവർ മുങ്ങിക്കുളിച്ചു. അവർ പരസ്പരം തങ്ങളുടെ നിഴലുകളെ നോക്കി ഗോഷ്ടികാട്ടി ചിരിച്ചു. ഇക്കരെ നിന്ന് കൂക്കിവിളിച്ച് അവയുടെ മാറ്റൊലി കേട്ട് അവർ കളിച്ചുനടന്നു. 

രാജൻ!, അങ്ങനെ ജ്ഞാനികൾക്ക് ബ്രഹ്മാനന്ദാനുഭൂതിയായും, ദാസഭാവത്തെ പ്രാപിച്ചവർക്ക് ഇഷ്ടദൈവമായും, മായയെ ആശ്രയിച്ച് ലൗകികരായി ജീവിക്കുന്നവർക്ക് ഒരു മർത്ത്യബാലനായും പ്രതിഭാസിക്കുന്ന നന്ദകുമാരനായ ആ ഭഗവാനുമൊത്ത് മുജ്ജന്മപുണ്യത്താൽ ഭാഗ്യവാന്മാരായ ഗോപാലന്മാർ ഈവിധം വിഹരിച്ചു. അനേകജന്മങ്ങളിൽ തപോനുഷ്ടാനങ്ങൾ ചെയ്ത് ജീവിച്ച മഹായോഗികൾക്കുപോലും യാതൊരുവൻ്റെ പാദരേണു പോലും ലഭ്യമല്ലയോ, ആ ഭഗവാൻ അതാ ഈ ഗോകുലവാസികളുടെ ദൃഷ്ടികൾക്ക് വിഷയീഭവിച്ചുകൊണ്ട് ജീവിക്കുന്നു. ഗോകുലവാസികളുടെ ഈ പരമഭാഗ്യം എങ്ങനെയാണ് ഞാൻ വർണ്ണിക്കേണ്ടത്!... അത്ഭുതം തന്നെ!... 


പരീക്ഷിത്തേ!, ആ സമയത്തായിരുന്നു അവിടെ അഘാസുരൻ എന്ന ഒരു രാക്ഷസൻ വന്നതു. ദേവന്മാർ സദാ അവൻ്റെ മരണത്തേയും കാത്തുകഴിയുകയായിരുന്നു. അമൃതപാനം ചെയ്ത ദേവന്മാർ പോലും അവൻ്റെ മരണം ആഗ്രഹിച്ചു. എന്തായാലും, അഘാസുരന് കാട്ടിൽ ആ ഗോപാലന്മാരനുഭവിച്ചുകൊണ്ടിരുന്ന സന്തോഷം സഹിക്കാനായില്ല. കംസനയച്ച ഈ അഘാസുരൻ പൂതനയുടേയും ബകാസുരൻ്റേയും അനുജനായിരുന്നു. ഗോപാലന്മാരുടെ നാഥനായ ഭഗവാനെ കണ്ടതും അഘാസുരൻ ഉള്ളിൽ നിനച്ചു “ഇവനാണ് എൻ്റെ സഹോദരിയേയും സഹോദരനേയും ഇല്ലാതാക്കിയത്. ആയതിനാൽ അവരെ സന്തോഷിപ്പിക്കുവാനായി ഈ കൃഷ്ണനെ ഈ ബാലന്മാരോടൊപ്പം കൊന്നുകളയുകതന്നെ വേണം. സംഘത്തോടൊപ്പമുള്ള ഇവൻ്റെ മരണം കൊണ്ട് എൻ്റെ സഹോദരങ്ങൾക്ക് ഉദകക്രിയ ചെയ്യാൻ കഴിഞ്ഞാൽ ഗോകുലവാസികളെല്ലാം മൃതപ്രായരാകുകതന്നെ ചെയ്യും. കാരണം, ഈ സന്താനങ്ങളാണെല്ലോ അവരുടെ ജീവൻ... ജീവൻ പോയിക്കഴിഞ്ഞാൽ പിന്നെ ശരീരത്തിലെന്തിരിക്കുന്നു?..” 


രാജാവേ!, ഇങ്ങനെ ചിന്തിച്ചുകൊണ്ട് അഘാസുരൻ ഒരു യോജന നീളത്തിൽ മാമലപോലെ പെരുത്തതും, ഗുഹപോലെ തുറന്ന മുഖത്തോടുകൂടിയതും, അതിഘോരവും അത്ഭുതകരവുമായ ഒരു പെരുമ്പാമ്പിൻ്റെ രൂപത്തിൽ അവരെ കൂട്ടത്തോടെ വിഴുങ്ങുവാനുള്ള ആഹ്രഹത്തോടുകൂടി വഴിയിൽ കിടന്നു. അവൻ്റെ കീഴ്ചുണ്ട് ഭൂമിയിൽ തൊട്ടിരുന്നു. മേൽചുണ്ട് മുകളിൽ അങ്ങ് മേഘത്തെ തൊട്ടുനിന്നു. ഗുഹപോലെ അവൻ്റെ വായ തുറന്നിരുന്നു. ഇരുളടഞ്ഞ അതിൻ്റെ ഉൾഭാഗം. നാവാണെങ്കിൽ നീണ്ട് പെരുവഴിയിൽ കിടക്കുന്നു. കൊടുങ്കാറ്റ് വീശുന്നതുപോലെ അവൻ നിശ്വസിച്ചു. അവൻ്റെ ദൃഷ്ടിജ്വാലകൾ കാട്ടുതീപോലെ കത്തിയുയർന്നു. അങ്ങനെ കിടക്കുന്ന അഘാസുരനെ കണ്ട ഗോപാലന്മാർ അത് വൃന്ദാവനത്തിൻ്റെ സൗന്ദര്യമാണെന്ന് കരുതി അവൻ്റെയുള്ളിലേക്ക് പ്രവേശിച്ചു. അവർ പറഞ്ഞു: “കൂട്ടുകാരേ! എന്താശ്ചര്യമായിരിക്കുന്നു!... ഇത് കണ്ടിട്ട് എന്തോ ഒരു വലിയ ജന്തുവിനെപ്പോലെയിരിക്കുന്നു അല്ലേ!... നോക്കൂ!... നമ്മെയെല്ലാം വിഴുങ്ങുവാനിരിക്കുന്ന ഒരു പെരുമ്പാമ്പിനെ പോലെ തോന്നില്ലേ ഇത് കണ്ടിട്ട്?.. സത്യം തന്നെ!... സൂര്യകിരണങ്ങളാൽ ചുവന്നിരിക്കുന്ന മേഘങ്ങൾ ഒരു പെരുമ്പാമ്പിൻ്റെ മേൽചുണ്ടുപോലെയും, അവയുടെ പ്രതിഫലനമായ ഈ നദീതീരം കീഴ്ചുണ്ട് പോലെയുമിരിക്കുന്നു. കാണൂ!.. ഇടതും വലതുമായിട്ടുള്ള ഈ രണ്ട് പർവ്വതഗുഹകൾ അതിൻ്റെ കോർവായകൾ പോലെയിരിക്കുന്നു... ഉയരമുള്ള ഈ പർവ്വതങ്ങൾ ഒരു പെരുമ്പാമ്പിൻ്റെ പല്ലുകൾ പോലെ തോന്നിക്കുന്നു. വീതിയും നീളവുമുള്ള ഈ പെരുവഴികണ്ടാൽ അവൻ്റെ നാവാണെന്ന് തോന്നും. ഇരുട്ടടഞ്ഞ ഈ ഉൾഭാഗം അവൻ്റെ വായപോലെയിരിക്കുന്നു. കാട്ടുതീയാൽ ചൂടുപിടിച്ച ഈ കാറ്റ് അവൻ്റെ ചീറ്റൽ പോലെയും, അതിൽ വെന്തുപോയ ജന്തുക്കളുടെ നാറ്റം ഇതാ ഒരു പെരുമ്പാമ്പിൻ്റെ വായിലെ ദുർഗന്ധം പോലെ വമിക്കുകയും ചെയ്യുന്നു. ഇനി ഇതിനുള്ളിലായ നമ്മെ ഇവൻ വിഴുങ്ങുകയോ മറ്റോ ചെയ്യുമോ?... അങ്ങനെന്തെങ്കിലുമുണ്ടായാൽ ബകൻ്റെ കാര്യം പോലെ ഈ കൃഷ്ണൻ ക്ഷണനേരം കൊണ്ട് ഇവനെ വലിചുകീറും...”


രാജൻ!, ആ ഗോപക്കിടാങ്ങൾ ഇങ്ങനെ പറഞ്ഞുകൊണ്ട് ഭഗവാൻ്റെ തിരുമുഖത്തെ നോക്കിക്കൊണ്ട് ചിരിച്ചുകൊണ്ടും കൈകൊട്ടിക്കൊണ്ടും ഉള്ളിലേക്ക് നടന്നുതുടങ്ങി. ഇങ്ങനെ പെരുമ്പാമ്പിൻ്റെ രൂപത്തിൽ കിടക്കുന്ന അഘാസുരെ കണ്ട് യാഥാർത്ഥ്യം മനസ്സിലാക്കാതെയിരിക്കുന്ന തൻ്റെ കൂട്ടുകാരെ സർവ്വാന്തര്യാമിയായ ഭഗവാൻ, ഇവൻ അതിഘോരരൂപിയായ രാക്ഷസ്സനാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരെ തടയാൻ ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും ഗോപാലന്മാർ തങ്ങളുടെ പശുക്കൂട്ടങ്ങളുമായി അഘാസുരൻ്റെ ഉള്ളിൽ പ്രവേശിച്ചുകഴിഞ്ഞിരുന്നു. എന്നാൽ, കൃഷ്ണൻ തൻ്റെ വായയ്ക്കുള്ളിൽ കടക്കുവാൻ കാത്തിരിക്കുകയായിരുന്നു അഘാസുരൻ. അവൻ തൻ്റെ സഹോദരങ്ങളുടെ വിനാശത്തെയോർത്തുകൊണ്ട് പ്രതികാരദാഹിയായി ആ ഗോപക്കൂട്ടങ്ങളെ അതുവരെയും വിഴുങ്ങുകയുണ്ടായില്ല. ആ സമയം, സകലർക്കും അഭയം പ്രദാനം ചെയ്യുന്ന ഭഗവാൻ മറ്റ് രക്ഷകനില്ലാത്തവരും തൻ്റെയടുത്തുനിന്നും വേർപ്പെട്ടവരും അപകടത്തിൽ പെട്ടവരും അഘാസുരൻ്റെ ജഠരാഗ്നിയിൽ ചുട്ടുപൊള്ളുന്നവരുമായ തൻ്റെ കൂട്ടുകാരെ കണ്ട് കൃപാപരവശനായിട്ട് ദൈവഹിതമായ ആ സംഭവത്തിന് സാക്ഷിയായിനിന്നുകൊണ്ട് ആശ്ചര്യപ്പെട്ടു. 


രാജൻ!, ഇവിടെ തൻ്റെ കർമ്മത്തെ കണ്ടറിഞ്ഞ് ഭഗവാൻ ഭക്തരക്ഷാർത്ഥം ഉചിതമായത് ചെയ്യുന്നതിനായി ആ പെരുമ്പാമ്പിൻ്റെ വായയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. ആ സമയം മേഘങ്ങൾക്കുള്ളിൽ മറഞ്ഞിരുന്നുകൊണ്ട് ദേവന്മാർ മുറവിളികൂട്ടി. അതുപോലെ കംസനും കൂട്ടരും ആ രംഗം കണ്ട് സന്തോഷിക്കുകയും ചെയ്തു. ദേവന്മാരുടെ ആ ആർത്തനാദം കേട്ട് അകമലിഞ്ഞ ഭഗവാൻ അഘാസുരൻ്റെ ഉള്ളിലിരുന്നുകൊണ്ട് വളരാൻ തുടങ്ങി. ശ്വാസനാളമടഞ്ഞ് കണ്ണും തുറിച്ച് അവൻ അങ്ങുമിങ്ങും കിടന്ന് വട്ടംചുറ്റി പുളഞ്ഞു. അതികായനായ അവൻ്റെയുള്ളിൽ വീർപ്പുമുട്ടിയ പ്രാണവായു അവൻ്റെ ശിരസ്സിനെ പിളർന്ന് ബഹിർഗ്ഗമിച്ചു. ഒടുവിൽ പ്രാണൻ മുഴുവനും പുറത്തായ അവൻ്റെയുള്ളിൽ മൂർച്ഛിതരായി കിടന്ന ഗോപാലന്മാരെ ഭഗവാൻ തൻ്റെ കൃപാകടാക്ഷത്താൽ എഴുന്നേല്പിച്ച് പശുക്കുട്ടികൾക്കൊപ്പം പുറത്തേക്ക് വന്നു. പെട്ടെന്ന് ഒരു മഹാതേജസ്സ് ഭഗവാൻ പുറത്തുവരുന്നതും കാത്ത് ആകാശത്തിൽനിന്നു. പിന്നീട് ഉജ്ജ്വലിച്ചുകൊണ്ട് ആ തേജസ്സ് മുകുന്ദനിൽത്തന്നെ ചെന്നുചേർന്നു. ശേഷം, ദേവന്മാർ പുഷ്പാർച്ചന ചെയ്തു. അപ്സരസ്സുകൾ നൃത്തം ചെയ്തു. ഗന്ധർവ്വന്മാർ പാട്ടുകൾ പാടി. വിദ്യാധരന്മാർ വാദ്യങ്ങളാലും ഋഷികൾ സ്തോത്രങ്ങളാലും പാർഷദന്മാർ ജയാരവങ്ങളാലും തങ്ങളുടെ രക്ഷകനെ ആരാധിച്ചു. ഈ മംഗളാരവങ്ങൾ കേട്ട് സ്വധാമത്തിൽനിന്നും ബ്രഹ്മദേവൻ അവിടെ പ്രത്യക്ഷനായി ഭഗവന്മഹിമകൾ കണ്ട് അത്ഭുതം കൂറി. 


രാജാവേ!, അഘാസുരൻ്റെ ജീവനറ്റ ആ മൃതശരീരം ഉണങ്ങി ഒരു ഗുഹപോലെയായി ഗോപാലന്മാർക്ക് ക്രീഡയ്ക്കായി വളരെ നാൾ അവിടെ വൃന്ദാവനത്തിൽ കിടന്നു. ഭഗവാൻ അഞ്ചുവയസ്സിൽ ചെയ്ത ഈ അത്ഭുത പ്രവൃത്തി യഥാർത്ഥത്തിൽ വ്രജവാസികളറിയുന്നത് ഭഗവാന് ആറ് വയസ്സായപ്പോൾ അപ്പോൾ നടന്ന ഒരു സംഭവമായിട്ടായിരുന്നു. മായാമാനുഷനായ ഭഗവാൻ ശ്രീകൃഷ്ണൻ്റെ സ്പർശനത്താൽത്തന്നെ അഘാസുരൻപോലും മോക്ഷത്തെ പ്രാപിച്ചുവെന്നുള്ളതിൽ ഒട്ടുംതന്നെ ആശ്ചര്യപ്പെടേണ്ടതില്ല. കാരണം, മനസ്സിനാൽ ധ്യാനിക്കപ്പെട്ട് ഒരുവൻ്റെ ഉള്ളത്തിൽ സുസ്ഥാപിതമാകുന്ന ഭഗവാൻ തൻ്റെ സായൂജ്യത്തെ അവന് പ്രദാനം ചെയ്യുമെങ്കിൽ, ആ കാരുണ്യമൂർത്തി സ്വയം പ്രത്യക്ഷത്തിൽ ഒരുവൻ്റെ ഉള്ളിലേക്ക് കടന്നുചെന്നാൽ പിന്നെ അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?”


സൂതൻ പറഞ്ഞു: “ബ്രാഹ്മണരേ!, ഇങ്ങനെ ഭഗവദ് ലീലകളെ കേട്ട് മനസ്സുനിറഞ്ഞ പരീക്ഷിത്ത് രാജാവ് വീണ്ടും അതിനെക്കുറിച്ച് ശ്രീശുകബ്രഹ്മർഷിയോട് ചോദിച്ചു:  “അല്ലയോ ബ്രഹ്മർഷേ!, ഭഗവാൻ തൻ്റെ കൗമാരപ്രായത്തിൽ ചെയ്ത ആ പ്രവൃത്തി എങ്ങനെയാണ് ഒരു വർഷത്തിനുശേഷം വർത്തമാനകാലത്തിൽ ചെയ്തതായി കുട്ടികൾ വ്രജവാസികളോട് പറഞ്ഞത്?.. എന്തായാലും അത് ഭഗവാൻ ഹരിയുടെ ലീലയാണെന്നതുറപ്പാണ്. അല്ലയോ മഹായോഗിനേ!, എങ്കിലും അതിൻ്റെ കാരണമറിയാൻ അടിയനിൽ കുതൂഹലം തോന്നുന്നു. ഗുരോ, ഞങ്ങൾ ക്ഷത്രിയരാണെങ്കിലും ലോകത്തിൽ കൃഷ്ണകഥയെ പാനം ചെയ്യുന്നതിനാൽ ധന്യരാണ്.”


സൂതൻ പറഞ്ഞു: “ഹേ ശൗനകഋഷേ!, പരീക്ഷിത്തിനാൽ ഈവിധം ചോദിക്കപ്പെട്ടപ്പോൾ, ഭഗവദ്സ്മരണയിലാണ്ടുപോയ ശ്രീശുകൻ ബാഹ്യജ്ഞാനം വീണ്ടെടുത്ത് വീണ്ടും അദ്ദേഹത്തെ നോക്കി ഇപ്രകാരം പറഞ്ഞു.”


ശ്രീമദ്ഭാഗവതം ദശമസ്കന്ധം പന്ത്രണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<< >>>>>

2021, ഫെബ്രുവരി 11, വ്യാഴാഴ്‌ച

10.11 ഗോപാലനം, വത്സാസുരവധം, ബകാസുരവധം

 ഓം


ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം 11

(ഗോപാലനം, വത്സാസുരവധം, ബകാസുരവധം)


ശ്രീശുകൻ പറഞ്ഞു: “അല്ലയോ പരീക്ഷിത്തേ!, നളകൂബരമണിഗ്രീവന്മാർക്ക് ഭഗവാൻ ശാപമോക്ഷം നൽകിയതായി പറഞ്ഞുവല്ലോ!. അങ്ങനെ, മരങ്ങൾ കടപുഴകിവീഴുന്ന ശബ്ദം കേട്ട് നാന്ദാദികൾ ഇടിമുഴക്കമാണോ എന്ന് ശങ്കിച്ചുകൊണ്ട് അവിടേയ്ക്ക് ഓടിവന്നു. അവിടെ പിഴുതുവീണുകിടക്കുന്ന രണ്ട് മരങ്ങളേയും അതിനിടയിൽ ദാമോദരനായ ഉണ്ണികൃഷ്ണനേയും അവർ കണ്ടു. സംഭവമെന്താണന്നറിയാതെ ‘അത്ഭുതമായിരിക്കുന്നു’… ‘ഇതാരുടെ പണിയാണ്?’... ‘ഇതെങ്ങനെ സംഭവിച്ചു?’... ‘വല്ല അശുഭലക്ഷണമോ മറ്റോ ആയിരിക്കുമോ?’... എന്നൊക്കെ ശങ്കിച്ചുകൊണ്ട് അവർ സംഭ്രമപെട്ടു. സംഭവം നേരിൽ കണ്ടുകൊണ്ട് അവിടെയുണ്ടായിരുന്ന കുട്ടികൾ പറഞ്ഞു: “മരങ്ങളുടെയിടയിലൂടെ ഉരൽ ആഞ്ഞുവലിച്ചുകൊണ്ട് ഇവൻ ഈ മരങ്ങളെ വീഴ്ത്തുന്നത് ഞങ്ങൾ കണ്ടതാണു.” ഇത്തിരിപ്പോന്ന കൃഷ്ണന് ആ വിധം ചെയ്യാൻ കഴിയില്ലെന്ന് ചിലർ കരുതി. എന്നാൽ, മറ്റുചിലരുടെ മനസ്സിൽ ചെറിയ സംശയം തോന്നിയിരുന്നു. നന്ദഗോപരാകട്ടെ, ആ അത്ഭുതസംഭത്തെ മനസ്സിലാക്കാൻ കഴിയാതെ പുഞ്ചിരിച്ചുകൊണ്ട് ഉരലിൽ ബദ്ധനായി നിൽക്കുന്ന തന്റെ പുത്രനെ ബന്ധമുക്തനാക്കി.  

രാജൻ!, ഭഗവാൻ ഒരു പ്രാകൃതബാലനെപ്പോലെ നർത്തനം ചെയ്തും  പാട്ടുപാടിയും ഗോപികമാർക്കുമുന്നിൽ ഒരു മരപ്പാവപോലെ അധീനനാകുമായിരുന്നു. ചിലനേരങ്ങളിൽ ഭഗവാനോട് ആ ഗോപികമാർ പീഠങ്ങൾ, അളവുപാത്രങ്ങൾ, മെതിയടികൾ, മുതലായ സാധനങ്ങൾ എടുത്തുകൊണ്ടുവരുവാൻ അജ്ഞാപിക്കുമായിരുന്നു. അവരെ രസിപ്പിക്കുന്നതിനായി ആ കരുണാമയൻ, താൻ ക്ഷീണിച്ചുവെന്ന് കാണിക്കുന്നതിനായി, കൈകാലുകൾ കുടയുകയും മറ്റുമായ ചേഷ്ടകൾ കാട്ടിയിരുന്നു. ഈവിധത്തിൽ താൻ ഭക്തന്മാക്ക് ദാസനാണെന്ന് കാട്ടിക്കൊണ്ട് തന്റെ ബാലലീലകളിലൂടെ ഗോകുലവാസികളെ ആനന്ദിപ്പിച്ചു. ഫലകച്ചവടക്കാർ ‘ഫലം വേണോ’… ‘ഫലം വേണോ’... എന്നു വിളിച്ചുകൊണ്ടുവരുമ്പോൾ സർവ്വഫലപ്രദായകനായ ഭഗവാൻ ഫലം വാങ്ങാനുള്ള ഇച്ഛയോടെ ധാന്യങ്ങളുമെടുത്ത് അവിടേയ്ക്കോടുമായിരുന്നു. പഴക്കൊട്ടയിലേക്ക് ഭഗവാന്റെ കൈക്കുമ്പിളിൽനിന്നും ധാന്യം വീഴുകയും, കാലിയായ കരകമലത്തിൽ പഴം വിൽക്കുന്നവൾ പഴം വച്ചുകൊടുക്കും. ആ സമയം ആ കുട്ട നിറയെ രത്നങ്ങൾ നിറയുകയും ചെയ്തിരുന്നു. 

രാജാവേ!, ഒരു ദിവസം രോഹിണീദേവി ചെന്ന് നദീതടത്തിൽ കളിച്ചുകൊണ്ടുനിൽക്കുകയായിരുന്ന രാമകൃഷ്ണന്മാരെ വിളിച്ചു. കളിയിൽ മതിമറന്നിരുന്ന അവർ വരാതെയായപ്പോൾ അവൾ യശോദയെ അവിടേയ്ക്കയച്ചു. യശോദ വന്ന് ബലരാമനോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന തന്റെ ഉണ്ണിയെ തുടരെത്തുടരെ വിളിച്ചു. വീണ്ടും വരാൻ കൂട്ടാക്കാത്ത കൃഷ്ണനോട് അവൾ പറഞ്ഞു: “കൃഷ്ണാ, താമരക്കണ്ണാ, ഉണ്ണീ, വരിക… അമ്മിഞ്ഞ കുടിക്കണ്ടേ നിനക്ക്?... കളിച്ചത് മതി… വരൂ കണ്ണാ… മകനേ.. നീ കളിച്ചുതളർന്നിരിക്കുന്നു… വിശന്ന് ക്ഷീണിച്ചിരിക്കുന്നു.. ഉണ്ണീ… രാമാ…. അനുജനേയും കൂട്ടി വേഗം വരൂ… നിങ്ങൾ രാവിലെ വല്ലതും കഴിച്ചതല്ലേ? വിശക്കുന്നുണ്ടാകും… വരൂ… ഊണ് കഴിക്കാൻ നേരമായി… കൃഷ്ണാ… അച്ഛൻ ഉണ്ണാനൊരുങ്ങിക്കൊണ്ട് നിന്നെയും കാത്തിരിക്കുകയാണു. ഞങ്ങളെ വിഷമിപ്പിക്കാതെ വരൂ.. ഉണ്ണികളേ… ദേ.. മേൽ മുഴുവൻ പൊടി പുരണ്ടിരിക്കുന്നു…. കുളിക്കണ്ടേ നിനക്ക്?... ഇന്ന് നിന്റെ പിറന്നാളാണ് ബ്രാഹ്മണർക്ക് പശുക്കളെ ദാനം ചെയ്യണം… നിന്റെ കൂട്ടുകാരെ നോക്കൂ… അവരുടെ അമ്മമാർ കുളിപ്പിച്ച് നന്നായി ഒരുക്കി നിർത്തിയിരിക്കുന്നത് കണ്ടോ?... നീയും വന്ന് കുളിച്ച് വല്ലതും കഴിക്കുക….” 

രാജൻ!, ഇങ്ങനെ, തന്റെ മകനെന്ന് കരുതി ഭഗവാനെ അവൾ ബലരാമനോടൊപ്പം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കുളിപ്പിച്ച് നന്നായി അലങ്കരിപ്പിച്ച് ആഹാരം കൊടുത്തു. 

നന്ദഗോപരും മറ്റ് മുതിർന്ന ഗോപന്മാരും ഗോകുലത്തിൽ കണ്ടുകൊണ്ടിരിക്കുന്ന അശുഭലക്ഷണങ്ങളെക്കുറിച്ച് കൂടിയാലോചിച്ചു. അതിൽ, അല്പം അറിവും പ്രായവും കൂടുതലുള്ള ഉപനന്ദനൻ ഒരു ഗോപൻ കാര്യങ്ങളെ ഗ്രഹിച്ചതിനുശേഷം കുട്ടികളുടെ നന്മയെ ഓർത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഈയിടെയായി ഒരുപാട് അശുഭങ്ങൾ സംഭവിച്ച സ്ഥിതിക്ക് കുട്ടികളുടെ നമ്മയെ ഓർത്ത് നമ്മൾ ഇവിടെനിന്നും മാറിത്താമസ്സിക്കേണ്ടിയിരിക്കുന്നു. ആ ഘോരരാക്ഷസിയിൽനിന്നും നമ്മുടെ ഉണ്ണി എങ്ങനെയോ ദൈവകാരുണ്യം കൊണ്ട് രക്ഷപ്പെട്ടു. ഭഗവാൻ ഹരിയുടെ അനുഗ്രഹത്താൽ ആ വണ്ടി വന്ന് ദേഹത്തുവീഴാതെയും അവൻ രക്ഷപ്പെട്ടു. ചുഴലിക്കാറ്റായി വന്ന ആ അസുരൻ ഇവനെ എടുത്തുകൊണ്ട് പക്ഷികൾക്ക് മാത്രം സഞ്ചരിക്കുവാനാകുന്ന അനന്തമായ ആകാശത്തിലേക്ക് പറക്കുകയും, അവിടെനിന്ന് കല്ലിന്മേൽ വന്നുവീഴുകയും ചെയ്തു. അപ്പോഴും ഈശ്വാരാനുഗ്രഹത്താൽ അവൻ സുരക്ഷിതനായി. ഇപ്പോൾ ഇത്രയും വലിയ രണ്ട് മരങ്ങൾക്കിടയിൽ പെട്ടിട്ടും ഇവൻ ജീവനോടെയിരിക്കുന്നതും ഭഗവാൻ ഹരിയുടെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണു. അതുകൊണ്ട് ഇനിയും കൂടുതൽ ആപത്തുകൾ വന്നുചേരുന്നതിനുമുമ്പ് നാം കുട്ടികളേയും പരിവാരങ്ങളേയും കൂട്ടി മറ്റെങ്ങോട്ടെങ്കിലും പോകേണ്ടതുണ്ടു. ഗോക്കൾക്കും ഗോപന്മാർക്കും ഒന്നുപോലെ വസിക്കാൻ യോഗ്യമായ പുൽത്തകിടികളും വള്ളിക്കുടിലുകളുമൊക്കയുള്ള സമൃദ്ധമായ വൃന്ദാവനം എന്ന ഒരു വനമുണ്ടു. ഇക്കാര്യത്തിൽ നിങ്ങൾക്കെല്ലാം താല്പര്യമാണെങ്കിൽ ഇനി നേരം കളയേണ്ട ആവശ്യമില്ല. ഇപ്പോൾത്തന്നെ നമുക്കങ്ങോട്ട് പോകാം. അങ്ങനെയെങ്കിൽ വൈകിക്കരുത്. വണ്ടികളെ പൂട്ടിക്കൊള്ളുക.. പശുക്കൂട്ടങ്ങൾ മുമ്പേ നടക്കട്ടെ!..”

രാജൻ!, ഈ അഭിപ്രായം ശരിവച്ചുകൊണ്ട് ഗോപന്മാർ തങ്ങൾതങ്ങൾക്കുള്ള വണ്ടികളിൽ സാധനങ്ങൾ കയറ്റിവച്ച് വൃന്ദാവനത്തിലേക്ക് പോകാൻ തീരുമാനിച്ചു. ഇങ്ങനെ, അവർ സ്ത്രീകളേയും കുട്ടികളേയും വൃദ്ധജനങ്ങളേയും വണ്ടിയിൽ കയറ്റി, തങ്ങളുടെ സാധനങ്ങളുമായി പശുക്കൂട്ടങ്ങളെ മുൻനടത്തി കൊമ്പും വിളിച്ച് പെരുമ്പറയും മുഴക്കി പുരോഹിതന്മാരോടൊപ്പം അവിടേയ്ക്ക് യാത്രയായി. ഗോപസ്ത്രീകൾ വണ്ടികളിലിരുന്നുകൊണ്ട് അപ്പോഴും ശ്രീകൃഷ്ണഭഗവാന്റെ ഗുണഗണങ്ങൾ പാടിക്കൊണ്ടിരുന്നു. യശോദാദേവിയും രോഹിണീദേവിയും രാമകൃഷ്ണന്മാർക്കൊപ്പം ഒരു വണ്ടിയിലിരുന്ന് ഭഗവദ്ലീലകളെ കേട്ടു. 

രാജൻ!, വൃന്ദാവനത്തിലെത്തി അവർ ശകടങ്ങൾ കൊണ്ട് അർദ്ധവൃത്താകൃതിയിലുള്ള ഒരു താൽകാലിക പാർപ്പിടം നിർമ്മിച്ചു. വൃന്ദാവനവും ഗോവർദ്ധനപർവ്വതവും കാളിന്ദീനദിയുമൊക്കെ കണ്ട് രാമകൃഷ്ണന്മാർ അങ്ങേയറ്റം സന്തോഷിച്ചു. അവർ തങ്ങളുടെ ചേഷ്ടിതങ്ങളെക്കൊണ്ടും കൊഞ്ചൽമൊഴികളെക്കൊണ്ടും വ്രജവാസികളെ ആനന്ദിപ്പിച്ചു. കുറച്ചുനാൾകൂടി കഴിഞ്ഞപ്പോൾ അവർ കാലികളെ മേയ്ക്കുവാൻ പ്രാപ്തരായി വളർന്നു. വ്രജത്തിൽനിന്നും അധികം ദൂരെ പോകാതെ അവർ അടുത്തുള്ള പ്രദേശങ്ങളിൽ പോയി കാലികൾ മേച്ചുതുടങ്ങി. ചില സമയങ്ങളിൽ ഭഗവാൻ പുല്ലാങ്കുഴൽ ഊതി. മറ്റുചിലപ്പോൾ അവർ കിങ്കിണി കെട്ടിയ പിഞ്ചുപാദങ്ങളാൽ നൃത്തമാടി. ചിലനേരങ്ങളിലാകട്ടെ, പലതരം മൃഗങ്ങളുടെ ചേഷ്ടകളെ അനുകരിച്ചുകൊണ്ട് സാധാരണ കുട്ടികളെപ്പോലെ ആ മായാമാനുഷന്മാർ സഞ്ചരിച്ചു.

രാജാവേ!, ഒരിക്കൽ രാമകൃഷ്ണന്മാർ ചങ്ങാതിമാരുമൊത്ത് യമുനയുടെ കരയിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരസുരൻ അവിടെ പ്രത്യക്ഷപ്പെട്ടു. അവർ ഒരു പശുക്കുട്ടിയായി ചമഞ്ഞ് പശുക്കൂട്ടങ്ങൾക്കിടയിൽ വന്നുചേർന്നത് ഭഗവാൻ ബലരാമന് കാട്ടിക്കൊടുത്തുകൊണ്ട് അങ്ങോട്ടേയ്ക്കടുത്തു. പിന്നിൽനിന്നും വാലും കാലും കൂടി ചേർത്തുപിടിച്ച് ആ മഹാസുരനെ അടുത്തുനിന്ന ഒരു കപിത്തമരത്തിനുമുകളിലേക്ക് വലിച്ചെറിഞ്ഞു. ഏറിന്റെ ഊക്കത്തിൽ അവൻ ആ മരത്തോടൊപ്പം നിലം പതിച്ചു. അത് കണ്ടുനിന്ന കുട്ടികൾ ഭഗവാനെ അഭിനന്ദിച്ചു. ദേവന്മാർ സന്തോഷത്താൽ പൂമഴ വർഷിച്ചു. അസുരനെ വധിച്ചതിനുശേഷം സർവ്വലോകപാലകന്മാരായ രാമകൃഷ്ണന്മാർ പ്രാതൽ കഴിച്ച് ഗോപാലനം ചെയ്തുകൊണ്ട് കാടുതോറും നടന്നു.

ഒരിക്കൽ ഭഗവാനും ബലരാമനും മറ്റ് ചങ്ങാതിമാർക്കൊപ്പം തങ്ങളുടെ പശുക്കളെ വെള്ളം കുടിപ്പിക്കുവാനായി ഒരു തടാകത്തിലെത്തി. പശുക്കളെ വെള്ളം കുടിപ്പിച്ചതിനുശേഷം അവരും തങ്ങളുടെ ദാഹമകറ്റി. തൊട്ടടുത്തായി അവർ ഇടിമിന്നലിൽ അടർന്നുവീണ പർവ്വതശിഖരം പോലെ തോന്നിക്കുന്ന അതിബൃഹത്തായ ഒരു ജന്തുവിനെ കണ്ടു. അത് കൊറ്റിയുടെ രൂപം ധരിച്ച ബകാസുരനായിരുന്നു. അവൻ പെട്ടെന്ന് ഓടിയടുത്ത് ശ്രീകൃഷ്ണനെ വിഴുങ്ങി. ആ കാഴ്ച കണ്ട് ബലരാമാദികളായ മറ്റുള്ള ബാലന്മാർ, പ്രാണൻ വേറിട്ട ഇന്ദ്രിയങ്ങളെന്നതുപോലെ, പ്രജ്ഞയറ്റവരായിത്തീർന്നു. ഭഗവദ്തേജസ്സ് ആ കൊറ്റിയുടെ തൊണ്ടയുടെ അടിഭാഗം ദഹിപ്പിച്ചു. ആ പൊള്ളൽ താങ്ങാനാകാതെയാകണം, അവൻ ഭഗവാനെ പുറത്തേക്ക് ഛർദ്ദിച്ചു. ഒരു പോറൽ പോലും കൂടാതെ പുറത്തുവന്ന ഭഗവാനെ ബകാസുരൻ വർദ്ധിച്ച കോപത്തോടെ വീണ്ടും ഭക്ഷിക്കുവാനൊരുങ്ങി. എതിർത്തുവന്ന ആ കംസന്റെ ചങ്ങാതിയെ കൃഷ്ണൻ ഇരുകൈകൾകൊണ്ടും അവന്റെ കൊക്കുകളിൽ പിടിച്ച് രാമച്ചം പോലെ നിഷ്പ്രയാസം വലിച്ചുകീറി. ആ സമയം, സ്വർഗ്ഗവാസികൾ വൃന്ദാവനത്തിലെ മല്ലികപ്പൂക്കളാൽ ബകാസുരാന്തകനായ ഭഗവാനെ അഭിഷേകം ചെയ്തു. ശംഖം, ഭേരി മുതലായവയുടെ നാദത്തോടൊപ്പം സ്തുതിക്കുകയും ചെയ്തു. ഗോപാലബാലന്മാർ ആ സംഭവം കണ്ട് അത്ഭുതപ്പെട്ടു. ബലരാമാദികൾ ഭഗവാനെ സ്നേഹപൂർവ്വം ആലിംഗനം ചെയ്തു. അവർ, ഇന്ദ്രിയങ്ങൾക്ക് പ്രാണൻ തിരികെ ലഭിച്ചതുപോലെ, സ്വസ്ഥരായി. പിന്നീട്, വ്രജത്തിൽ തിരിച്ചെത്തി ഉണ്ടായ സംഭവങ്ങളെല്ലാം വ്രജവാസികളെ പറഞ്ഞറിയിച്ചു. അത് കേട്ട് അത്ഭുതപരതന്ത്രരായി ഗോപന്മാരും ഗോപീജനങ്ങളും സ്നേഹവും ആദരവും കലർന്ന്, പരലോകത്തുനിന്നും മടങ്ങിവന്നവനെ എന്നതുപോലെ, കൊതിതീരാതെ ഭഗവാനെത്തന്നെ നോക്കിനിന്നു. 

രാജൻ!, നന്ദഗോപരങ്ങടുന്ന ഗോപന്മാർ മനസ്സിലോർത്തു: ‘കഷ്ടം തന്നെ!... ഈ കുട്ടിയെ കൊല്ലാൻ എത്രയോ ദുഃഷ്ടശക്തികൾ തുനിഞ്ഞിറങ്ങിയതാണ്?... എങ്കിലും, അന്യരെ ദ്രോഹിക്കാനിറങ്ങിയ അവർക്കുതന്നെയാണ് മരണം വന്നുഭവിച്ചതു. എത്ര ഉഗ്രരൂപികളാണെങ്കിലും അവർക്കൊന്നും ഇവനെ ഉപദ്രവിക്കാൻ കഴിയുന്നില്ല. കൊല്ലുവാനുള്ള ഇച്ഛയോട് വന്നടുക്കുന്ന അവർ തീയിൽ വന്നുപതിക്കുന്ന ഈയാമ്പാറ്റകളെപ്പോലെ നശിച്ചുപോകുന്നു. അത്ഭുതംതന്നെ!... ബ്രഹ്മഞ്ജന്മാരുടെ വാക്കുകൾ ഒരിക്കലും പിഴയ്ക്കാറില്ല. സർവ്വജ്ഞനായ ഗർഗ്ഗമുനി പ്രവചിച്ചതുപോലെതന്നെ എല്ലാം സംഭവിക്കുന്നു.’

രാജൻ!, ഇപ്രകാരം അവർ ഭഗവാന്റെ അത്ഭുതലീലകളെപറ്റി പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ ആനന്ദിച്ചുകൊണ്ടിരിക്കുന്ന അവർക്ക് സംസാരദുഃഖം അല്പംപോലും അനുഭവപ്പെട്ടില്ല. ഈവിധത്തിൽ ബലരാമനും ശ്രീകൃഷ്ണനും കുട്ടികളുടേതായ പലവിധി ലീകലളിലേർപ്പെട്ടുകൊണ്ട് തങ്ങളുടെ ബാല്യകാലം വ്രജത്തിൽ കഴിച്ചുകൂട്ടി.”


ശ്രീമദ്ഭാഗവതം ദശമസ്കന്ധം പതിനൊന്നാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.



2021, ജനുവരി 31, ഞായറാഴ്‌ച

10.10 നളകൂബരമണിഗ്രീവമോക്ഷവും അവരുടെ സ്തുതിയും

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 10

(നളകൂബരമണിഗ്രീവമോക്ഷവും അവരുടെ സ്തുതിയും)

 

പരീക്ഷിത്ത് രാജാവ് ശ്രീശുകബ്രഹ്മർഷിയോട് ചോദിച്ചു: അല്ലയോ സർവ്വജ്ഞ!, നളകൂബരും മണിഗ്രീവനുമുണ്ടായ ശാപത്തിന് കാരണമെന്തായിരുന്നുവെന്നും, അത്തരത്തിൽ എന്ത് ഹീനപ്രവൃത്തിയായിരുന്ന് അവർ ചെയ്തതെന്നും, കൂടാതെ എന്തുകൊണ്ടായിരുന്ന് ദേവർഷി നാരദർക്കുപോലും കോപമുണ്ടായതെന്നും പറഞ്ഞുതരിക.

ശ്രീശുകൻ പറഞ്ഞു: രാജൻ!, രുദ്രാനുചാരികളായിരുന്നുവെങ്കിലും ഈ നളകൂബരമണിഗ്രീവന്മാർ മദം മുഴുത്തവരായിരുന്നു. വാരുണി എന്ന മദ്യം സേവിച്ച് ഇവർ ചുഴലുന്ന കണ്ണുകളോടുകൂടി മന്ദാകിനിയുടെ തീരത്തുള്ള കൈലാസപർവ്വതത്തിലെ പൂങ്കാവിൽ വനം പുഷ്പിച്ചിരുന്ന ഒരു സമയത്ത് കുറെ സ്ത്രീകൾക്കൊപ്പം പാട്ടും പാടി സഞ്ചരിച്ചിരുന്നു. താമരപ്പൂക്കൾ നിറഞ്ഞ ഗംഗയിലിറങ്ങി ഇവർ, പിടിയാനകൾക്കൊപ്പം കൊമ്പന്മാരെന്നതുപോലെ, ആ യുവതികൾക്കൊത്ത് ക്രീഡിച്ചു. ഹേ കൌരവ!, ആ സമയത്തായിരുന്നു ഭഗവാൻ ദേവർഷി നാരദർ യാദൃശ്ചികമായി അതുവഴി വരികയും മദോന്മത്തമാരായ ഈ ദേവന്മാരെ കാണുകയും ചെയ്തതു. നഗ്നരായിരുന്ന ആ അപ്സരസ്സുകൾ ദേവർഷിയെ കണ്ടതും ശാപത്തെ പേടിച്ചും ലജ്ജിതരായും തങ്ങളുടെ വസ്ത്രങ്ങൾ എടുത്തണിഞ്ഞു. എന്നാൽ അഹങ്കാരികളായ നളകൂബരനും മണിഗ്രീവനുമാകട്ടെ ആ മര്യാദ പാലിക്കാൻ മനസ്സില്ലാതെപോയി. ശ്രീമദത്താൽ കണ്ണുകാണാത്തവരും മദ്യപാനത്താൽ ലക്ക് കെട്ടവരും ആയ ആ യക്ഷന്മാരെ കണ്ട് അവരുടെ അനുഗ്രഹത്തിനായി നാരദമുനി അവരെ ഇങ്ങനെ ശപിച്ചു: ധനമദത്തെപോലെ, കുലീനത്വാഭിമാനം, പാണ്ഡിത്യം മുതലായ മറ്റൊരു ഗുണങ്ങളും വിഷയഭോഗിയായ ഒരുവന്റെ ബുദ്ധിയെ നശിപ്പിക്കുന്നില്ല. എന്നാൽ ധനമദമാകട്ടെ, അജ്ഞാനികളായ വിഷയഭോഗികളിൽ സ്ത്രീസേവ, ചൂതുകളി, മദ്യപാനം മുതലായ അധർമ്മങ്ങളെ സംഭവിപ്പിക്കുന്നു. ഇങ്ങനെ ഐശ്വര്യമദം ഉണ്ടാകുമ്പോൾ, ഇക്കൂട്ടർ നശ്വരമായ ഈ ശരീരത്തെ ജരാമരണങ്ങളില്ലാത്ത അനശ്വരവസ്തുവായി കണക്കാക്കുന്നു. കൂടാതെ, കരുണയറ്റവരായി ഇവർ മറ്റുള്ള പ്രാണികളെ ഹിംസിക്കുകയും ചെയ്യുന്നു. നരപതി എന്നോ ഭൂപതി എന്നോ എന്തുപേർ വിളിച്ചാലും ഒടുവിൽ ഈ ശരീരത്തെ ക്രിമിയെന്നോ മലമെന്നോ ചാമ്പലെന്നോ വിളിക്കേണ്ടിവരുന്നു. അതിന്റെ പരിപോഷണത്തിനായി ഇങ്ങനെ അന്യപ്രാണികളെ ഹിംസിക്കുന്നവർ സ്വാർത്ഥത്തെക്കുറിച്ചെന്തറിയാൻ?... പ്രാണിഹിംസ നിമിത്തം നരകം മാത്രമാണ് പിന്നീടുള്ള ഗതി. തുടക്കത്തിൽ ഈ ശരീരം അന്നം തന്ന് വളർത്തിയവന്റെ സ്വത്താകുമോ?... അതോ അച്ഛനമ്മമാരുടേതോ?... അതോ ഇനിയിത് മുത്തച്ഛന്റേതാകുമോ അതല്ലെങ്കിൽ രാജാവിന്റേതാകാം അതുമല്ലെങ്കിൽ പിന്നെ ഇത് വിലകൊടുത്ത് വാങ്ങിയ യജമാനന്റേതായിരിക്കാം എന്നാൽ, ഒടുവിൽ ഈ ദേഹം അഗ്നിക്ക് അവകാശപ്പെട്ടതായിത്തീരും അല്ലാത്തപക്ഷം അതിനെ ഭക്ഷിക്കുവാൻവേണ്ടി കാത്തിരിക്കുന്ന നായയുടേതായിരിക്കും.

ഇങ്ങനെ ജീവിച്ചിരിക്കുമ്പോൾ ആരുടേതുമായിരിക്കാവുന്നതും, എന്നാൽ ഒരിക്കൽ മൂലപ്രകൃതിയിൽ നിന്നുണ്ടായി പിന്നീടൊരിക്കം അതിൽത്തന്നെ ലയിച്ചുചേരുന്നതുമായ ഈ ശരീരം തന്റേതാണെന്ന് അഭിമാനിച്ചുകൊണ്ട് അതിനെ പരിപോഷിപ്പിക്കാൻവേണ്ടി മൂഢന്മാരല്ലാതെ വിവേകമുള്ളവരാരെങ്കിലും ജന്തുക്കളെ കൊല്ലുമോ?... ഐശ്വര്യമദത്താൽ കണ്ണുനഷ്ടപ്പെട്ട മൂഢനായ ഒരുവന് ദാരിദ്ര്യമെന്നത് ആ കണ്ണിനെ തിരികെ നേടാനുള്ള സിദ്ധൌഷധമാണു. കാരണം, ദരിദ്രനായ ഒരുവന്ന് മാത്രമേ അന്യപ്രാണികളെ തന്നെപ്പോലെ കാണാൻ കഴിയുകയുള്ളൂ. ശരീരത്തിൽ മുള്ള് തറച്ച് അതിന്റെ വേദനയറിഞ്ഞിട്ടുള്ളവർ ആ ഗതി മറ്റൊരു പ്രാണിക്കും ഉണ്ടായിക്കാണുവാൻ ആഗ്രഹിക്കുകയില്ല. മാത്രമല്ല, അവർക്ക് മറ്റുള്ള ജന്തുക്കളിൽ സഹാനുഭൂതിയും ഉണ്ടാകുന്നു. അപ്രകാരം ആ ദുഃഖം അനുഭവിച്ചിട്ടില്ലാത്തവർക്ക് തോന്നുകയില്ല. ഈ ലോകത്തിൽ ദരിദ്രനായ മനുഷ്യൻ എല്ലാ മദങ്ങളിൽനിന്നും മുക്തനായി നിരരഹങ്കാരിയായി തന്റെ കർമ്മവശാൽ പലവിധ കഷ്ടങ്ങളും ജീവിതത്തിൽ അനുഭവിക്കുന്നു. അതുതന്നെ അവന് ഒരിക്കൽ വിശുദ്ധനാകാനുള്ള ഉത്തമമായ തപസ്സാകുന്നു. വിശപ്പിന്റെ വിലയറിഞ്ഞ് അന്നത്തെ കൊതിക്കുന്ന ദരിദ്രന്റെ ഇന്ദ്രിയങ്ങൾ അത്യാവശ്യം വേണ്ടതൊഴിച്ച് മറ്റ് വിഷങ്ങൾക്ക് പിറകേ പായാതെ അനുദിനം വരണ്ടുപോകുന്നു. ആയതിനാൽത്തന്നെ അവനിൽ പരദ്രോഹകാംക്ഷയും അകന്നുപോകുന്നു. സമഭാവനയുള്ള സജ്ജനങ്ങൾ എപ്പോഴും ദരിദ്രനോടുകൂടിമാത്രമേ ചങ്ങാത്തം കൂടുകയുള്ളൂ. ഇങ്ങനെ സജ്ജനങ്ങളോടുള്ള സംഗം കൊണ്ട് അവന്റെ അന്നാദിയോടുള്ള തൃഷ്ണയും ഒഴിഞ്ഞു കാലക്രമത്തിൽ വിശുദ്ധനായിത്തീരുകയും ചെയ്യുന്നു. സമചിത്തരായവർ മുകുന്ദചരണത്തെ മാത്രം ആശ്രയിക്കുന്നവരാണു. അങ്ങനെയുള്ളവർക്ക് ധനമദത്താൽ അഹങ്കരിക്കുന്നവരും അസത്വിഷയങ്ങളെ ആശ്രയിക്കുന്നവരും തീർത്തും ഉപേക്ഷിക്കപ്പെടേണ്ടവരുമായ ദുർജ്ജനങ്ങളിൽനിന്ന് എന്താണ് സാധിപ്പാനുള്ളത്?. അതുകൊണ്ട്, ഞാനിതാ ശ്രീമദത്താൽ വിവേകം നഷ്ടപ്പെട്ടവരും വാരുണീമദ്യം സേവിച്ച് സ്ത്രീജിതന്മാരായവരും ആത്മനിയന്ത്രണം നഷ്ടപ്പെട്ടവരുമായ ഇവരുടെ അജ്ഞാനജമായ അഹങ്കാരത്തെ നശിപ്പിക്കാൻ പോകുന്നു.

കുബേരന്റെ മക്കളായിട്ടുംകൂടി അജ്ഞാനത്തിൽ മുഴുകി വിവേകം നഷ്ടപ്പെട്ട് ദുഷിച്ച ഗർവ്വോടുകൂടി തങ്ങൾ വിവസ്ത്രരാണെന്ന സത്യംപോലും തിരിച്ചറിയാൻ സാധിക്കാതെ വന്ന ഇവർക്ക് വൃക്ഷഭാവമാണ് അർഹമായത്. ആയതിനാൽ ജ്ഞാനം വീണ്ടെടുക്കുന്നതിനായി വൃക്ഷഭാവത്തിലും എന്റെ അനുഗ്രഹത്താൽ ഇവർക്ക് പൂർവ്വസ്മരണയുണ്ടാകുന്നതാണു. പിന്നീട്, ഒരു നൂറ് ദേവവർഷം പിന്നിട്ടതിനുശേഷം ഒരിക്കൽ ശ്രീവാസുദേവന്റെ സാന്നിധ്യത്തെ നേടി വീണ്ടും ഇവർ സ്വർല്ലോകത്തെ പ്രപിച്ച് ഭഗവദ്ഭക്തി സിദ്ധിച്ചവരായി ഭവിക്കട്ടെ!.

രാജാവേ!, അങ്ങനെ ഇപ്രകാരം പറഞ്ഞതിനുശേഷം ദേവർഷി നാരദർ നാരായണാശ്രമത്തിലേക്ക് പോയി. ഉടൻതന്നെ നളകൂബരമണിഗ്രീവന്മാർ രണ്ട് മരുതുമരങ്ങളായി ഭവിക്കുകയും ചെയ്തു. ഭക്തോത്തമനായ ശ്രീനാരദരുടെ വാക്കുകളെ സത്യമാക്കുന്നതിനായി ഭഗവാൻ ശ്രീകൃഷ്ണൻ ആ ഇരട്ടമരുതുകൾ നിൽക്കുന്നിടത്തേക്ക് താനുമായി ബദ്ധപ്പെട്ടുകിടക്കുന്ന ആ ഉരലും വലിച്ചുകൊണ്ട് പതുക്കെ യാത്രയായി. ദേവർഷി തനിക്ക് പ്രീയപ്പെട്ടവനും അതുപോലെ ഇവർ കുബേരപുത്രന്മാരുമാണു. ആയതിനാൽ ആ മഹാത്മാവിനാൽ ഉച്ചരിക്കപ്പെട്ട വചനത്തെ അപ്രകാരംതന്നെ സാധിപ്പിച്ചേക്കാം എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് ഭഗവാനാകട്ടെ ഉരലും വലിച്ചുകൊണ്ട് ആ അർജ്ജുനമരങ്ങളുടെ അല്പവിടവിലൂടെ അപ്പുറം ചാടിക്കടക്കുകയും ഉരൽ അതിനുപിന്നിൽ വിലങ്ങടിച്ചുനിൽക്കുകയും ചെയ്തു. ആ സമയം ദാമോദരനായ ഭഗവാൻ ശക്തിയോടെ ആ ഉലൂഖലത്തെ ആഞ്ഞുവലിച്ചു. ഭഗവദ്ശക്തിയാൽ ഉലഞ്ഞ് ആ മരം വേർപിഴുത് അതിഭയങ്കരശബ്ദത്തോടുകൂടി ഇളകിവീണു. ഉടൻ ആ മരങ്ങൾ നിന്നിടത്ത് പരമമായ കാന്തിയെഴുന്ന മദമടങ്ങിയ രണ്ടു സിദ്ധദേവന്മാർ ദിക്കുകൾ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് അഖിലലോകനാഥനായ ഭഗവാന്റെയടുക്കൽ വന്ന് ശിരസ്സാനമിച്ച് ഇപ്രകാരം പറഞ്ഞു: ഹേ കൃഷ്ണ!, ഹേ യോഗേശ്വര!, നിന്തിരുവടി ആദ്യനും പരമപുരുഷനുമാണു. സ്ഥൂലസൂക്ഷ്മരൂപങ്ങളിൽ വർത്തിക്കുന്ന ഈ വിശ്വം അവിടുത്തെ സ്വരൂപം തന്നയാകുന്നുവെന്ന് ബ്രഹ്മജ്ഞർ പറയുന്നു. സർവ്വഭൂതങ്ങളുടേയും ദേഹവും പ്രാണനും ഇന്ദ്രിയങ്ങളും അഹങ്കാരവുമെല്ലാം അങ്ങയാൽ നിയന്ത്രിതമാകുന്നു. കാലസ്വരൂപനായതും വിശ്വവ്യാപിയായിരിക്കുന്നതും വിശ്വനിയന്താവായിരിക്കുന്നതും അവ്യയനായ അങ്ങ് മാത്രമാണു. ത്രിഗുണസ്വരൂപമായ പ്രകൃതിയും അതുപോലെ മഹത്തത്വവുമെല്ലാം നിന്തിരുവടിതന്നെയാകുന്നു. സർവ്വചരാചരങ്ങളിൽ കുടികൊള്ളുന്ന പുരുഷനും സർവ്വചരാചരങ്ങളിലെ വികാരങ്ങളെ അറിയുന്നവനും അങ്ങുതന്നെ. അങ്ങ് സൃഷ്ടിക്ക് മുൻപേയുള്ളവനാണു. അങ്ങനെയുള്ള അങ്ങയെ ത്രിഗുണാത്മകമായ ഈ ശരീരത്തിൽ പെട്ടുകിടക്കുന്ന അജ്ഞാനികൾക്ക് എങ്ങനെയറിയാൻ കഴിയും? അവിടുത്തെ മായയാൽതന്നെ മറയ്ക്കപ്പെട്ട മഹിമകളോടുകൂടിയവനും ബ്രഹ്മസ്വരൂപിയും സൃഷ്ടികർത്താവും സർവ്വൈശ്വര്യസമ്പൂർണ്ണനും വസുദേവപുത്രനുമായ നിന്തിരുവടിക്ക് ഞങ്ങളുടെ പ്രണാമം. വ്യത്യസ്ഥമായ ഓരോരോ ശരീരങ്ങളിലവതരിച്ച് അത്തരം സൃഷ്ടികൾക്ക് കഴിയാത്തതായ അത്ഭുതകർമ്മങ്ങൾ അങ്ങ് ചെയ്യുന്നു. അവയൊക്കെ അവിടുത്തെ അനുപമവും അത്ഭുതാവഹവുമായ ലീലകളാകുന്നു. ആയതിനാൽ അങ്ങയുടെ ആ ശരീരങ്ങളെല്ലാം തികച്ചും ആദ്ധ്യാത്മികങ്ങളാകുന്നു. അതെല്ലാം ആ ശരീരങ്ങളിലൂടെയുള്ള അങ്ങയുടെ അവതാരങ്ങളാണു. ഇന്ന് അങ്ങ് അതുല്യവും അനന്തവുമായ ശക്തിയോടെ ഇവിടെ അവതരിച്ചിരിക്കുന്നത് ഇവിടുത്തെ സകലചരാചരങ്ങൾക്കും മോക്ഷമരുളുന്നതിനുവേണ്ടിയാണു. ഹേ പരമകല്യാണമൂർത്തേ!, ഹേ പൂർണ്ണമംഗളസ്വരൂപ!, ശാന്തനായും യാദവന്മാരുടെ നാഥനായും വസുദേവകുമാരനായുമിരിക്കുന്ന നിന്തിരുവടിക്ക് നമസ്ക്കാരം. അല്ലയോ സർവ്വവ്യാപിയായ ഭഗവാനേ!, അങ്ങയുടെ അനുചരദാസരായി വർത്തിക്കുന്ന ഞങ്ങളെ പോകാനനുവദിച്ചാലും. നാരദമഹർഷിയുടെ അനുഗ്രഹത്താൽ ഞങ്ങൾക്ക് നിന്തിരുവടിയുടെ ദർശനം ലഭ്യമായിരിക്കുന്നു. ഞങ്ങളുടെ വാക്കുകൾ അങ്ങയുടെ നാമസങ്കീർത്തനങ്ങളെ പാടുന്നതിനായും, കാതുകൾ അവിടുത്തെ സത്കഥാശ്രവണത്തിന്നായും, കൈകൾ അങ്ങേയ്ക്കുവേണ്ടി ദാസ്യവൃത്തികൾ ചെയ്യുന്നതിനായും, മനസ്സ് അവിടുത്തെ തൃപ്പാദസ്മരണത്തിനായും, ശിരസ്സ് അങ്ങയുടെ ആവാസസ്ഥലങ്ങളെ നമസ്ക്കരിക്കുന്നതിനായും, കണ്ണുകൾ നിന്തിരുവടിയുടെ ഭക്തന്മാരെ ദർശിക്കുന്നതിനായും പ്രയോജനപ്പെടട്ടെ.

ശ്രീശുകൻ തുടർന്നു: രാജാവേ!, ഇങ്ങനെ നളകൂബരമണിഗ്രീവന്മാർ ഭഗവാനെ സ്തുതിച്ചു. ഭഗവാനാകട്ടെ എല്ലാം കേട്ടുകൊണ്ട് ഉരലിൽ ബദ്ധപ്പെട്ടവനെന്ന് നടിച്ചുകൊണ്ട് പുഞ്ചിരിതൂകി ഇപ്രകാരം അവരോടരുളിച്ചെയ്തു. മദാന്ധതയാകുന്ന തിമിരം ബാധിച്ചിരുന്ന നിങ്ങളെ കരുണാമയനായ ഋഷി ശാപവചനങ്ങളാൽ അനുഗ്രഹം ചെയ്തു എന്നുള്ളത് എനിക്ക് മുമ്പേ അറിവുള്ളതാണു. തീർത്തും എന്നിൽ ആത്മാർപ്പണം ചെയ്തിട്ടുള്ളവരും സമചിത്തന്മാരുമായ സജ്ജനങ്ങളുടെ ദർശനത്താൽ മനുഷ്യന്ന് മായയോടുള്ള ബന്ധം, ആദിത്യന്റെ ദർശനത്താൽ കണ്ണുകൾക്ക് ഇരുട്ട് എന്നതുപോലെ, അകന്നുപോകുന്നു. അല്ലയോ നളകൂബരമണിഗ്രീവന്മാരേ!, നിങ്ങൾ ആഗ്രഹിച്ചതുപോലെ, നിങ്ങൾക്ക് പരമവും സംസാരദുഃഖകന്നതുമായ ഭക്തി എന്നിൽ വേണ്ടവണ്ണം ഉണ്ടായിരിക്കുന്നു. ഇനി നിങ്ങൾ സ്വസ്ഥാനത്തേക്ക് പൊയ്ക്കൊള്ളുക.

രാജൻ!, അങ്ങനെ ഭഗവാനാൽ അനുഗ്രഹീതരായ ആ രണ്ടുപേരും ഉരലിൽ ബദ്ധനായിരിക്കുന്ന ഭഗവാനെ പലവട്ടം പ്രദക്ഷിണം ചെയ്ത് നമസ്കരിച്ച് യാത്രയും ചോദിച്ചുകൊണ്ട് അനുമതിവാങ്ങി ഉത്തരദിക്കിലേക്ക് യാത്രയായി.

 

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം പത്താമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

 

10.9 ഉലൂഖലബന്ധനം

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 9

(ഉലൂഖലബന്ധനം)

 

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഒരിക്കൽ വീട്ടിലുള്ള മറ്റു ഗോപികൾ മറ്റോരോ കർമ്മങ്ങളിൽ വ്യാപൃതരായിരുന്നതിനാൽ യശോദ സ്വയം തൈർ കടയുകയായിരുന്നു. വീട്ടുജോലികൾക്കിടയിലും അവൾ ഭഗവദ്ലീലകളെത്തന്നെ നിരന്തരം ഓർത്തുപാടിക്കൊണ്ടിരുന്നു. സുന്ദരിയായ ദേവി തൈർ കടയുകയാണ്. അവൾ അരഞ്ഞാണിട്ട് മുറുക്കിയ വെൺപ്പട്ടുവസ്ത്രങ്ങളാണണിഞ്ഞിരിക്കുന്നത്. പുത്രവാത്സല്യത്താൽ അവളുടെ സ്തനങ്ങൾ സദാ ചുരന്നുകൊണ്ടേയിരുന്നു. കയർ വലിക്കുമ്പോൾ കൈകളിലണിഞ്ഞിരിക്കുന്ന പൊൻവളകളും കാതിലെ ഭൂഷണങ്ങളും ഇളകിയാടുന്നു. മുഖത്ത് വിയർപ്പ് പൊടിഞ്ഞിരിക്കുന്നു. വാർമുടിക്കെട്ടിൽനിന്നും പിച്ചകപ്പൂക്കൾ ഉതിർന്നുവീഴുന്നു. അങ്ങനെ തൈർ കടയുന്ന സമയത്ത് അവിടെയെത്തി പാൽകുടിക്കണമെന്നുള്ള ആഗ്രഹത്തോടുകൂടി മാതാവിനെ സമീപിച്ച ഉണ്ണിക്കണ്ണൻ കടക്കോലിനെ പിടിച്ചുനിർത്തിക്കൊണ്ട് അവളുടെ മുഖത്തേയ്ക്ക് നോക്കി. തന്റെ മടിയിൽ കയറിയിരിക്കുന്ന ഉണ്ണിയെ അവൾ വാത്സല്യത്തോടുകൂടി തന്റെ ചുരന്നിരിക്കുന്ന സ്തനം കുടിപ്പിച്ചു. എന്നാൽ അടുപ്പത്ത് തിളച്ചുപൊന്തുന്ന പാൽ ഇറക്കിവയ്ക്കാനായി പാൽ കുടിച്ചുകൊണ്ടിരുന്ന ഉണ്ണിയെ അവൾ നിലത്തിറക്കിവച്ച് പെട്ടെന്ന് അടുക്കളിയിലേക്കോടി. ഈ സംഭവത്തിൽ കോപത്താൽ വിറയ്ക്കുന്ന ചെഞ്ചുണ്ട് കൃഷ്ണൻ പല്ലുകൾകൊണ്ട് കടിച്ചമർത്തി. തുടർന്ന്, അവിടെയുണ്ടായിരുന്ന ഒരു അമ്മിക്കുഴവിയെടുത്ത് തൈർപാത്രം തച്ചുടച്ചതിനുശേഷം കള്ളക്കണ്ണീരുമൊലിപ്പിച്ച് അകത്തളത്തിലേക്ക് പോയി ആരും കാണാതെ അവിടെ വച്ചിരുന്ന വെണ്ണ എടുത്ത് ഭക്ഷിച്ചു. തിളച്ച പാൽ അടുപ്പത്തുനിന്നും ഇറക്കിവച്ച് യശോദ തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച തൈർകലം ഉടഞ്ഞുകിടക്കുന്നതായിരുന്നു. അത് തന്റെ മകന്റെ പണിയാണെന്നറിഞ്ഞ് അവൾ ചിരിച്ചുകൊണ്ട് അവനെ അവിടമാകെ തിരഞ്ഞുനടന്നു. അന്വേഷിച്ചുചെന്നപ്പോൾ, കമിഴ്ത്തിവച്ച ഉരലിന്റെ പുറത്തുകയറിയിരുന്ന് ഉറിയിൽ വച്ചിരുന്ന വെണ്ണയെ എടുത്ത് ഭക്ഷിച്ച് ബാക്കി വന്നത് കുരങ്ങന്മാർക്കും കൊടുത്തുകൊണ്ടിരിക്കുന്ന ഉണ്ണിയെ അവൾ കണ്ടു. മെല്ലെ അവൾ കാലൊച്ച കേൾപ്പിക്കാതെ പതുങ്ങിപ്പതുങ്ങി പിന്നിലൂടെ നടന്നടുത്തു. എന്നാൽ വടിയെടുത്തുകൊണ്ട് തന്നെ പിടിക്കുവാനായി പമ്മിവരുന്ന അമ്മയെ കണ്ട് കൃഷ്ണൻ ഉരലിൽനിന്നുമിറങ്ങി ഒരോട്ടം വച്ചുകൊടുത്തു. തപസ്സുകൊണ്ട് അവന്റെ സ്വാരൂപ്യത്തെ പ്രാപിക്കപ്പെട്ടതും, അവനിൽ പ്രവേശിക്കുവാൻ യോഗ്യതയുള്ളതുമായ യോഗികളുടെ മനസ്സിനുപോലും പ്രാപിക്കുവാൻ ദുസ്സാധ്യമായ ആ പരമാത്മസ്വരൂപനെ പിടിച്ചുകെട്ടുവാനായി യശോദ അവന്റെ പിറകേയോടി. വളരെ കഷ്ടപ്പെട്ട് അതിവേഗത്തിൽ അവൾ അവനുപിന്നാലെ പാഞ്ഞു. കെട്ടഴിഞ്ഞുവീണ മുടിക്കെട്ടിൽനിന്നും പുഷപങ്ങൾ ഉതിർന്ന് പോയ വഴിയിലെല്ലാം വീണു. ഒടുവിൽ ഒരുവിധത്തിൽ അവനെ അവൾ എങ്ങനെയോ കടന്നുപിടിച്ചു. താൻ അപരാധം പ്രവർത്തിച്ചുപോയി എന്ന് കാണിച്ചുകൊണ്ടും, മഷി പരന്നിരിക്കുന്ന കൺതടങ്ങളെ ഇരുകുഞ്ഞികരങ്ങൾകൊണ്ട് തിരുമ്മിക്കൊണ്ടും, വാവിട്ട് കരഞ്ഞുകൊണ്ടും, ഭയത്താൽ വിഹ്വലമായ നേത്രങ്ങളോടെ തലയുയർത്തി തന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടും നിൽക്കുന്നവനായ കൃഷ്ണനെ യശോദ ഇരുകൈകൾകൊണ്ടും കൂട്ടിപ്പിടിച്ചു പേടിപ്പിച്ചുകൊണ്ട് ശകാരിച്ചു.

രാജൻ!, പുത്രസ്നേഹവതിയായ അവൾ അവന്റെ ശക്തിയെ തിരിച്ചറിയാതെ തന്റെ പുത്രൻ തന്നിൽ ഭയപ്പെട്ടിരിക്കുന്നതായി മനസ്സിലാക്കി കൈയ്യിലുണ്ടായിരുന്ന വടി ദൂരേയ്ക്ക് വലിച്ചെറിഞ്ഞ് അവനെ കയറുകൊണ്ട് ബന്ധിക്കാൻ ഭാവിച്ചു. യാതൊരുവനാണോ അകവും പുറവുമില്ലാത്തത്, യാതൊരുവനാണോ മുമ്പും പിൻപുമില്ലാത്തത്, യാതൊരുവനാണോ ഈ ലോകത്തിന്റെ മുമ്പായും പിൻപായും അകമായും പുറമായും വർത്തിക്കുന്നത്, യാതൊരുവനാണോ ഈ ലോകംതന്നെയായിരിക്കുന്നത്, യാതൊരുവനാണോ ഇന്ദ്രിയങ്ങൾക്ക് വിഷയമല്ലാത്തവനായി അവ്യക്തനായി നിലകൊള്ളുന്നത്, അങ്ങനെയുള്ള മാനുഷരൂപം ധരിച്ച ആ സത്ചിദാനന്തമൂർത്തിയെ തന്റെ മകനെന്ന് കരുതി ദേവി യശോദ കയറുകൊണ്ട് ഉരലിൽ കെട്ടിയിടാൻ ശ്രമിച്ചു. കുറ്റക്കാരനായ തന്റെ പുത്രനെ കെട്ടിയിടുവാനായി ബദ്ധപ്പെട്ടുകൊണ്ടിരിക്കെ ആ കയറിന് രണ്ടുവിരൽനീളം പോരാതെയായി. അത് കണ്ട് അവൾ മറ്റൊരു കയറെടുത്ത് ആദ്യത്തേതുമായി കൂട്ടിക്കെട്ടി. അപ്പോഴും തികയാതെവന്ന ആ കയറിന്റെ അറ്റത്ത് മറ്റൊരു കഷണം കൂടി വീണ്ടും ഏച്ചുകെട്ടി. പിന്നെയും രണ്ടംഗുലം നീളത്തിൽ കയറ് തികയാതെവന്നു. ഇങ്ങനെ എത്ര തവണ ശ്രമിച്ചിട്ടും ഉള്ള കയറിന് രണ്ടുവിരൽനീളം പോരാതെ അവശേഷിച്ചു. ഇപ്രകാരം വീട്ടിലുള്ള കയറുകളെല്ലാം ചേർത്തുകെട്ടിയിട്ടും അതിന് ഭഗവാനെ പിടിച്ചുകെട്ടുവാൻതക്ക നീളം തികയാതെവരുന്നതുകണ്ട് ചുറ്റും കൂടിനിന്ന ഗോപികമാർ വാപൊത്തി ചിരിക്കാൻ തുടങ്ങി. സങ്കടവും ദേഷ്യവും അതോടൊപ്പം ഉള്ളിലൂറുന്ന സന്തോഷവും എല്ലാം കൂടിച്ചേർന്ന ഒരു ഭാവം യശോദയുടെ മുഖത്ത് പ്രത്യക്ഷമായി. ഗോപിമാർക്കൊപ്പം ചിരിച്ചുകൊണ്ട് അവളും വിസ്മയത്തോടെ അവനെ നോക്കിനിന്നു. എന്നിട്ടും തന്റെ ഉദ്യമത്തിനായി കിണഞ്ഞ് പരിശ്രമിക്കുന്ന അവളുടെ വാർമുടിക്കെട്ടിൽനിന്നും പൂക്കൾ കൊഴിഞ്ഞുവീണുകൊണ്ടേയിരുന്നു. അവൾ വല്ലാതെ വിയർത്തു. അങ്ങനെ കഷ്ടപ്പെടുന്ന സ്വമാതാവിനെ കണ്ട് ഭഗവാൻ കാരുണ്യത്തോടെ സ്വയം ബന്ധനത്തിന് വഴങ്ങിക്കൊടുത്തു.

ഹേ പരീക്ഷിത്തേ!, ബ്രഹ്മാവാദിയായ ദേവന്മാരോടുകൂടിയ ഈ ലോകം ആരുടെ അധീനതയിലാണോ ഇരിക്കുന്നത്, അങ്ങനെയുള്ള സർവ്വസ്വതന്ത്രനായ ഭഗവാൻ കൃഷ്ണനായി അവതരിച്ച് ഇങ്ങനെ താൻ സ്വയം ഭക്തർക്ക് അധീനനാണെന്നുള്ള തത്വം ലോകത്തിന് കാട്ടിക്കൊടുത്തു. വെറും ഒരു ഗോപസ്ത്രീയായ യശോദയ്ക്ക് കിട്ടിയ ഈ പ്രസാദം മോക്ഷദാതാവായ ശ്രീഹരിയിൽനിന്നും ബ്രഹ്മാവിനോ മഹാദേവനോ എന്തിനുപറയാൻ, സ്വന്തം തിരുമാറിടത്തിൽ സദാ ഇടം പിടിച്ചിരിക്കുന്ന ശ്രീ ലക്ഷ്മീഭഗവതിക്കുപോലുമോ ഇന്നോളം ലഭ്യമായിട്ടില്ലതന്നെ. രാജൻ!, ഗോപികാപുത്രനായ ഈ ഭഗവാൻ ശ്രീകൃഷ്ണൻ ഈ ലോകത്തിൽ എത്രത്തോളം എളുപ്പത്തിൽ ഭക്തന്മാർക്ക് ലഭിക്കുന്നുവോ, അത്രത്തോളം എളുപ്പത്തിൽ താപസ്സന്മാർക്കോ യോഗിക്കൾക്കോ പോലും പ്രാപ്യനാകുന്നില്ലെന്നറിയുക.

അങ്ങനെ കണ്ണനെ ബന്ധിച്ച് അമ്മ ഗൃഹകൃത്യങ്ങൾക്കായി മടങ്ങി. ആ സമയം, സർവ്വേശ്വരനായ കൃഷ്ണന് തന്റെ ഒരു ദൌത്യം ഓർമ്മവന്നു. പണ്ട് വൈശ്രവണന്റെ പുത്രന്മാരായിരുന്ന രണ്ട് യക്ഷന്മാർ മരുത് വൃക്ഷങ്ങളായി അവിടെ നിൽക്കുന്നത് ഭഗവാൻ കണ്ടറിഞ്ഞു. ശ്രീമദത്താൽ അഹങ്കാരികളായിമാറിയ നളകൂബരൻ, മണിഗ്രീവൻ എന്നീ പേരുകളിൽ വിഖ്യാതരായിരുന്ന ഇവർ ശ്രീനാരദരുടെ ശാപത്താലായിരുന്നു ഇങ്ങനെ വൃക്ഷങ്ങളായി ഭവിച്ചതു.

 

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം ഒമ്പതാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next