ഓം
ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം 14
(ബുധന്റെ
ഉത്പത്തി)
ശ്രീശുകബ്രഹ്മർഷി
പറഞ്ഞു: “മഹാരാജൻ!, ഇനി, ചന്ദ്രന്റെ
പാവനവംശത്തെക്കുറിച്ച് കേട്ടാലും. അതിൽ പുരൂരവസ്സ് മുതലായ മഹാരാജാക്കന്മാരുടെ
ചരിതമാണ് പ്രതിപാദ്യം. ഭഗവാൻ ആദിനാരായണനെ സഹസ്രശീർഷൻ എന്ന് വേദങ്ങൾ
വിളിക്കുന്നു. അങ്ങനെയുള്ള ഭഗവാന്റെ നാഭിയിൽനിന്നും വിടർന്ന താമരയിൽ
സംഭവനായ ബ്രഹ്മദേവന്റെ പുത്രൻ അത്രി പിതാവിനെപ്പോലെതന്നെ ശ്രേഷ്ഠനായിരുന്നു.
അത്രിയുടെ ആനന്ദക്കണ്ണീർക്കണങ്ങളിൽനിന്നും സോമൻ എന്ന ഒരു പുത്രൻ ജനിച്ചു.
സോമനെ ബ്രഹ്മദേവൻ ബ്രാഹ്മണരുടേയും ഔഷധികളുടേയും നക്ഷത്രരാശികളുടേയും
അധിപനായി നിയമിച്ചു. മൂന്ന് ലോകങ്ങളേയും ജയിച്ച സോമനാകട്ടെ,
രാജസൂയയജ്ഞം നടത്തി. ശേഷം
ഗുരു ബൃഹസ്പതിയുടെ പത്നിയായ താരയെന്നവളെ അപഹരിച്ചു. പല പ്രാവശ്യം
യാജനയോടുകൂടി ദേവഗുരു അഭ്യർത്ഥിച്ചിട്ടും സോമൻ അവളെ തിരികെ നൽകാൻ കൂട്ടാക്കിയില്ല.
തുടർന്ന്, ദേവാസുരയുദ്ധം സംഭവിച്ചു. ബൃഹസ്പതിയോടുള്ള വൈരത്താൽ അസുരഗുരുവായ ശുക്രാചാര്യർ അസുരന്മാരോടൊപ്പം ചേർന്ന്
സോമന്റെ പക്ഷം കൂടി. എന്നാൽ ശ്രീരുദ്രൻ ഗുരുഭക്തിയാൽ സ്നേഹം കൊണ്ട്
സമസ്തഭൂതഗണത്തോടൊപ്പം ബൃഹസ്പതിയുടെ പക്ഷവും ചേർന്നു. ദേവേന്ദ്രനും ദേവസമൂഹങ്ങൾക്കൊപ്പം ദേവഗുരുവിന് തുണയായി. അങ്ങനെ താരയെ ചൊല്ലിയുണ്ടായ യുദ്ധം ദേവാസുരന്മാർക്ക്
നാശത്തിന് വഴി വിരിച്ചു. പിന്നീട്, സംഭവത്തെക്കുറിച്ചറിഞ്ഞ
ബ്രഹ്മദേവൻ സോമനെ ഭർത്സിച്ചുകൊണ്ട് താരയെ അവളുടെ ഭർത്താവായ ബൃഹസ്പതിയ്ക്ക് കൈമാറി.
ദിവസങ്ങൾ കഴിഞ്ഞതോടെ താര ഗർഭിണിയായിരുന്നുവെന്ന് ദേവഗുരുവിന് അറിയാൻ
കഴിഞ്ഞു.
തതവസരത്തിൽ ബൃഹസ്പതി പറഞ്ഞു: “ഹേ മതികെട്ടവളേ!, അന്യപുരുഷനിൽനിന്നും നീ
നേടിയ ഈ ഗർഭത്തെ ഉടൻ പ്രസവിക്കുക!. നിന്റേതല്ലാത്ത
ഈ തെറ്റിനുവേണ്ടി നാം നിന്നെ ഭസ്മമാക്കുന്നില്ലെന്നുമാത്രം. സന്താനാർത്ഥിയായതിനാൽ
നാം നിന്നെ അക്കാരണത്താൽ ഇപ്പോൾ ശിക്ഷിക്കുന്നുമില്ല.”
ശ്രീശുകൻ തുടർന്നു: “രാജൻ!, അവൾ പെട്ടെന്നുതന്നെ ആ കുഞ്ഞിനെ പ്രസവിച്ചു. തങ്കത്തിന്റെ
നിറത്തിൽ അതിമനോഹരമായ ആ കുഞ്ഞിനെ സോമനും ബൃഹസ്പതിയും ഒരുപോലെ ആഗ്രഹിച്ചു. വീണ്ടും ഇരുവരും തമ്മിൽ തർക്കമായി. അവർ ഓരോരുത്തരും കുഞ്ഞ്
തന്റേതാണെന്ന് പ്രസ്താവിച്ചു. ദേവന്മാർ ഇടപെട്ട് തർക്കം തീർക്കുവാൻ
ശ്രമിച്ചെങ്കിലും അവൾ നാണത്താൽ തല കുനിയ്ക്കുകയല്ലാതെ കുഞ്ഞ് ആരുടേതാണെന്ന് പറയാൻ കൂട്ടാക്കിയില്ല.
താരയുടെ അസ്വഭാവികമായ നാണം കണ്ട കുട്ടി ദേഷ്യത്തോടെ അവളോട് കയർത്തു:
“ഹേ ദുശ്ചരിതേ!, എന്താണ് നീ ഒന്നും മിണ്ടാതെ നിൽക്കുന്നത്? കള്ളനാണം നടിയ്ക്കാതെ നിന്റെ ദോഷത്തെ നീതന്നെ തുറന്ന്
പറയൂ!”
ഒടുവിൽ, ബ്രഹ്മദേവൻ താരയെ അവിടെനിന്നും മാറ്റിനിർത്തി കാര്യങ്ങൾ
ചോദിച്ചറിഞ്ഞു. കുഞ്ഞ് സോമന്റേതാണെന്ന് അവൾ സമ്മതിച്ചു.
അതോടെ തർക്കം തീരുകയും, സോമൻ കുഞ്ഞിനെ ഏറ്റെടുക്കുകയും
ചെയ്തു. ബാലന്റെ ബുദ്ധിവൈഭവത്തെ തിരിച്ചറിഞ്ഞ ബ്രഹ്മദേവൻ കുഞ്ഞിന്
ബുധൻ എന്ന് നാമകരണം ചെയ്തു. സോമൻ ബുദ്ധിമാനായ തന്റെ പുത്രനോടൊപ്പം
സന്തോഷത്തോടെ വാണു.
രാജാവേ!, സോമനിൽനിന്നും പിന്നീട് ഇളയിൽ പുരൂരവസ്സ് ജനിച്ചു. ഒരിക്കൽ അമരാവതിയിൽവച്ച് നാരദമുനി ഭൂമിയിലെ രാജാവായ
ഈ പുരൂരവസ്സിന്റെ ചരിതം പാടിപ്പുകഴ്ത്തുന്നത് സ്വർഗ്ഗസുന്ദരിയായ
ഉർവശി കേൾക്കാനിടയായി. ആ രാജാവിൽ അവൾ പെട്ടെന്നുതന്നെ അനുരക്തയായി.
മിത്രവരുണന്മാരുടെ ശാപത്താൽ ഒരിക്കൽ മാനുഷവേഷം
ധരിക്കേണ്ടിവന്നവളായിരുന്നു ഉർവശി. പുരൂരവസ്സിന്റെ
അംഗലാവണ്യത്തിൽ മതിമറന്നുവെങ്കിലും മനോനിയന്ത്രണം വീണ്ടെടുത്ത് അവൾ അദ്ദേഹത്തിന്റെയടുക്കലെത്തി. അവളെ കണ്ടതിലുണ്ടായ ആനന്ദത്തിൽ പരവശനായ
പുരൂരവസ്സ് സ്നേഹം തുളുമ്പുന്ന വാക്കുകൾ കൊണ്ട് അവളോടിങ്ങനെ പറഞ്ഞു:
“ഹേ സുന്ദരീരത്നമേ!, വരൂ! അടുത്തുവന്നിരിക്കൂ! എന്താണ് നാം നിനക്കുവേണ്ടി ചെയ്യേണ്ടതു?. എത്രകാലം വേണമെങ്കിലും
നിനക്കെന്നോടൊത്ത് രമിക്കാവുന്നതാണ്. ഇനിയുള്ളകാലമത്രയും നമുക്ക്
രതിസുഖത്തോടെ വാഴാം.”
അതുകേട്ട ഉർവശി പറഞ്ഞു: “അല്ലയോ സുന്ദരാ!, ആരുടെ കണ്ണുകളും മനസ്സുമാണ് അങ്ങയുടെ
ഈ ശരീരസൌന്ദര്യത്തിൽ രമിയ്ക്കാത്തത്?. ആർക്കാണ്
അങ്ങയുടെ വിരിമാറിൽനിന്നും വിട്ടുപോകാൻ സാധിക്കുന്നത്?.
ഹേ രാജാവേ!, എന്നോടൊപ്പം ഭൂമിയിലേക്ക് പതിച്ച ഈ
രണ്ട് ആട്ടിൻകുട്ടികളെക്കൂടി അങ്ങ് സംരക്ഷിക്കണം.
ഞാൻ ദേവസ്ത്രീയാണെങ്കിലും സുന്ദരനായ അങ്ങയെ ഭർത്താവായി
സ്വീകരിക്കുന്നതിലും അങ്ങയോടൊപ്പം രമിക്കുന്നതിലും എനിക്ക് സന്തോമാണ്. ഹേ വീരാ!, ഞാൻ നെയ്യ് മാത്രമേ ആഹരിയ്ക്കുകയുള്ളൂ.
പിന്നൊന്ന് സംഭോഗവേളയിലൊഴിച്ച് ഒരിക്കൽപോലും അങ്ങ്
വിവസ്ത്രനായി എന്റെ മുന്നിൽ വരരുതു. അങ്ങനെയുണ്ടാകുന്നപക്ഷം
ഞാൻ അങ്ങയെ വിട്ടുപോകും”
ഹേ പരീക്ഷിത്ത് രാജൻ!, “എല്ലാം അങ്ങനെതന്നെയാകട്ടെ!” എന്ന് പുരൂരവസ്സ് സമ്മതിച്ചു. അദ്ദേഹം പറഞ്ഞു: “ഹേ സുന്ദരീ!, നിന്റെ അംഗലാവണ്യവും ശൃംഗാരാദിഭാവങ്ങളുമെല്ലാം അത്ഭുതകരമായിരിക്കുന്നു. അങ്ങനെയുള്ള
നീ സ്വയമേവ മുന്നിൽ വന്നാൽ ആരാണ് സേവിക്കാത്തതു?.”
ശ്രീശുകൻ പറഞ്ഞു: “രാജൻ!, അദ്ദേഹം അവളോടൊപ്പം ചൈത്രരഥം മുതലായ ദേവോദ്യാനങ്ങളിൽ യഥേഷ്ടം വിഹരിച്ചു.
അവളുടെ ശരീരത്തിന് താമരപൂമ്പൊടിയുടെ ഗന്ധമായിരുന്നു. അതിനെ ആസ്വദിച്ചുകൊണ്ട് പുരൂരവസ്സ്
ദിനരാത്രങ്ങൾ സന്തോഷത്തോടെ കഴിച്ചുപോന്നു.
എന്നാൽ, രാജൻ!, തന്റെ സഭയിൽ
ഉർവശിയുടെ സാന്നിധ്യം ഇല്ലാതായതറിഞ്ഞ് ദേവേന്ദ്രൻ ഗന്ധർവ്വന്മാരോട് അവളെ കൂട്ടിക്കൊണ്ടുവരുവാനായി
ആവശ്യപ്പെട്ടു. ഒരുദിവസം പാതിരാനേരത്ത് ഗന്ധർവ്വന്മാർ പുരൂരവസ്സിന്റെ കൊട്ടാരത്തിലെത്തിയതിനുശേഷം,
ഉർവശി അദ്ദേഹത്തെ ഏല്പിച്ച ആ രണ്ട് കുഞ്ഞാടുകളെ കട്ടുകൊണ്ടുമറഞ്ഞു. ഉർവശിയ്ക്ക് ആ കുഞ്ഞാടുകൾ
സ്വന്തം പുത്രന്മാരെപ്പോലെയായിരുന്നു. അവയുടെ കരച്ചിൽ കേട്ട് ഉർവശി തന്റെ ഭർത്താവായ
പുരൂരവസ്സിനെ ഭർത്സിക്കുവാൻ തുടങ്ങി. അവൾ പറഞ്ഞു: “അഹോ കഷ്ടം! ഞാൻ ഹനിക്കപ്പെട്ടിരിക്കുന്നു. സ്വയം മഹാനെന്ന് കരുതുന്നവനും,
ആണും പെണ്ണും കെട്ടവനുമായ ഒരുവന്റെ ഭാര്യയായതിൽ ഞാൻ നശിക്കപ്പെട്ടിരിക്കുന്നു. ഇയാളിൽ
ആശ്രിതയായ എന്റെ പുത്രസമമായ രണ്ട് കുഞ്ഞാടുകളെ ആരോ കട്ടുകൊണ്ടുപോയിരിക്കുന്നു. എന്നാൽ,
എന്റെ ഭർത്താവായ ഇയാൾ, പകൽസമയം വീരനായി അഭിനയിച്ചുകൊണ്ട്, രാത്രിയിൽ ഒരു സ്ത്രീയെപ്പോലെ
വീട്ടിനുള്ളിൽ പേടിച്ചൊളിച്ചിരിക്കുകയാണ്.”
രാജൻ!, അവളുടെ പരുഷമായ ആ
വാക്കുകൾ, ഒരാനയ്ക്കേൽക്കേണ്ടിവരുന്ന തോട്ടിയുടെ കുത്തുകൾപോലെ, രാജാവിന് തോന്നുകയും
അതിൽ അദ്ദേഹം കോപാകുലനാകുകയും ചെയ്തു. കോപത്താൽ വസ്ത്രമെടുത്തുടുക്കാൻപോലും മറന്ന രാജാവ്
കൈയ്യിൽ കിട്ടിയ വാളുമായി ആ രാത്രിയിൽ കൊട്ടാരത്തിൽനിന്നും വെളിയിലിറങ്ങി. ഈ സമയം,
ആട്ടിൻകുട്ടികളെ വിട്ടയച്ച് ഗന്ധർവ്വന്മാർ മിന്നൽപിണരുകളെപ്പോലെ പ്രശോഭിച്ചു. ആ പ്രകാശത്തിൽ
ഉർവശി പുരൂരവസ്സിനെ നഗ്നനായി കാണുകയും, തത്ക്കാരണത്താൽ അവൾ അദ്ദേഹത്തെ ഉപേക്ഷിച്ചുപോകുകയും
ചെയ്തു.
കിടക്കയിൽ ചെന്നുനോക്കിയപ്പോൾ
ഉർവശിയെ കാണാതായതിനാൽ രാജാവിനുണ്ടായ സങ്കടം അസഹനീയമായിരുന്നു. അദ്ദേഹം അവളെക്കുറിച്ചുള്ള
ചിന്തയിൽ മാനസം തളർന്നിരിക്കുകയായി. തുടർന്ന്, ഒരു ഭ്രാന്തനെപ്പോലെ ഭൂമിയിലുടനീളം ചുറ്റിക്കറങ്ങുവാൻ
തുടങ്ങി. അങ്ങനെയിരിക്കെ, ഒരിക്കൽ, കുരുക്ഷേത്രത്തിലെ സരസ്വതീനദിയുടെ തീരത്ത് തന്റെ
അഞ്ച് തോഴിമാരോടൊപ്പം സന്തോഷവതിയായി ഉർവശി കാണപ്പെട്ടു. അദ്ദേഹം മധുരതരം അവളോട് പറഞ്ഞു:
“അല്ലയോ പ്രിയതമേ!, നിൽക്കുക!. എനിക്കറിയാം,
നിന്നെ ഇതുവരെയും വേണ്ടവണ്ണം സന്തോഷിപ്പിക്കുവാൻ എനിക്കായിട്ടില്ല. പക്ഷേ, എന്നുകണ്ട്
നീ ഈയുള്ളവനെ ഉപേക്ഷിക്കാതിരിക്കുക!. ഈ പ്രവൃത്തി നിനക്ക് ചേർന്നതല്ല. ഒരുപക്ഷേ, ഞാൻ
നിനക്ക് ചേർന്നവനല്ലെങ്കിൽകൂടി എന്റെ വാക്കുകൾ കേൾക്കാൻ സന്മനസ്സുണ്ടാകുക!. ദേവീ!,
നിനക്കനുയോജ്യനല്ലാത്ത എന്നെ നീ ഉപേക്ഷിക്കുന്നപക്ഷം, സുന്ദരമായ ഈ ശരീരം ഇവിടെ പതിച്ചുപോകും.
അത് ചെന്നായ്ക്കളും കഴുകന്മാരും കൊത്തിപ്പറിക്കും.”
ഉർവശി പറഞ്ഞു: “രാജൻ!, അങ്ങ് ഒരു പുരുഷനാണ്. വീരനുമാണ്. ഇങ്ങനെ
വ്യാകുലനായി ശരീരമുപേക്ഷിക്കുവാൻ പാടില്ല. ധീരനായിരിക്കൂ!. ഇന്ദ്രിയങ്ങളാകുന്ന ചെന്നായ്ക്കൂട്ടങ്ങൾക്ക്
ജയിക്കാൻ നിങ്ങൾതന്നെ നിങ്ങളെ വിട്ടുകൊടുക്കാതിരിക്കുക. നിങ്ങളുടെ ശരീരം ചെന്നായ്ക്കൾക്ക്
തിന്നാൻ കൊടുക്കരുതു. ഇന്ദ്രിയാതീതനാകുക. സ്ത്രീഹൃദയം ചെന്നായ്ക്കളെപ്പോലെയാണ്. ആയതിനാൽ,
അവരോട് ചങ്ങാത്തം കൂടിയിട്ട് ഭൂമിയിൽ ആർക്കും ഒന്നുംതന്നെ നേടാൻ സാധിക്കുകയില്ല. സ്ത്രീകൾ
സൂത്രശാലികളും ദയയില്ലാത്തവരുമാണ്. ചെറിയ കുറ്റങ്ങൾപോലും അവർ സഹിക്കാറില്ല. കാര്യസാധ്യത്തിനായി
അവർ ഏതറ്റം വരെയും പോകുന്നു. അതിനുവേണ്ടി അവർ സ്വന്തം ഭർത്താവിനേയോ സഹോദരനെപ്പോലുമോ
കൊല്ലുന്നു. അജ്ഞന്മാർ അവരിൽ നിഷ്‌പ്രയാസം വിശ്വാസത്തെ ആർജ്ജിക്കുന്നു. ആവശ്യാനുസരണം
അവർ ഒരുവനെ വിട്ട് മറ്റൊരാളെ പ്രാപിക്കുന്നു. ഒന്നിനുപിറകേ മറ്റൊന്നായി അവർ പുരുഷന്മാരോട്
സൌഹൃദം ചേർന്നുകൊണ്ടേയിരിക്കുന്നു. ഹേ രാജൻ! അങ്ങ് വിഷമിക്കേണ്ടതില്ല. ഓരോ സംവത്സരത്തിനുമൊടുവിൽ
അങ്ങ് ഒരു രാത്രിയിൽ മാത്രം എന്നോട് രമിക്കുന്നതാണ്. അതിൽ അങ്ങേയ്ക്ക് മറ്റ് പുത്രന്മാരും
ഉണ്ടാകും.”
ശ്രീശുകൻ പറഞ്ഞു: “രാജാവേ!, അങ്ങനെ, ഉർവശി ഗർഭിണിയാണെന്നറിഞ്ഞ
പുരൂരവസ്സ് കൊട്ടാരത്തിലേക്ക് മടങ്ങി. വർഷാവസാനത്തിൽ അദ്ദേഹം കുരുക്ഷേത്രത്തിലെത്തി
ഒരു വീരപുത്രന്റെ മാതാവായ ഉർവശിയോടൊപ്പം ഒരു രാത്രി മുഴുവൻ സന്തോഷത്തോടെ താമസിച്ചു.
എങ്കിലും, വീണ്ടും വിരഹദുഃഖം ബാധിച്ച കൃപണനായ
ആ രാജാവിനോട് അവൾ പറഞ്ഞു: “ഹേ രാജൻ!, അങ്ങ് ഈ ഗന്ധർവ്വന്മാരെ പ്രസാദിപ്പിക്കുക. അവരുടെ കാരുണ്യത്താൽ എന്നെ
വീണ്ടും അങ്ങേയ്ക്ക് പ്രാപിക്കുവാൻ സാധിക്കുന്നതാണു.”
തുടർന്ന്, പുരൂരവസ്സ് ആ
ഗന്ധർവ്വന്മാരെ സമ്പ്രീതരാക്കി. തുഷ്ടരായ ഗന്ധർവ്വന്മാർ അദ്ദേഹത്തിന് ഒരു അഗ്നിസ്ഥാലിയെ
നല്കി അനുഗ്രഹിച്ചു. അതിനെ ഉർവശിയെന്ന് കരുതി പുരൂരവസ്സ് അതിനോടൊപ്പം കാട്ടിലൂടെ സഞ്ചരിച്ചു.
കുറെ കഴിഞ്ഞപ്പോൾ, ആ അഗ്നിസ്ഥാലി ഉർവശിയല്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി. അതിനെ കാട്ടിലുപേക്ഷിച്ച്
അദ്ദേഹം കൊട്ടാരത്തിലെത്തി ഉർവശിയെ ഓർത്തുകൊണ്ട് വസിച്ചു. അതിനിടയിൽ ത്രേതായുഗം ആരംഭിക്കുകയും,
അദ്ദേഹത്തിന്റെ മനസ്സിൽ വേദത്രയങ്ങളും അതിലൂടെയുള്ള യജ്ഞാദി അനുഷ്ഠാനങ്ങളും ഉടലെടുക്കുകയും
ചെയ്തു. ഉടൻതന്നെ അദ്ദേഹം താൻ അഗ്നിസ്ഥാലിയെ ഉപേക്ഷിച്ചിടത്തേക്ക് പുറപ്പെട്ടു. അവിടെ
ഒരു ശമീകവൃക്ഷത്തിനകത്തുണ്ടായ അരയാൽമരത്തെ അദ്ദേഹം കണ്ടു. അതിൽനിന്നും രണ്ട് മരകഷണങ്ങളെടുത്ത്
അരണിയുണ്ടാക്കാൻ തുടങ്ങി. ഉർവശീലോകം പ്രാപിക്കുവാനുള്ള ത്വരയോടെ അദ്ദേഹം, അരണിയുടെ
കീഴ്ഭാഗം ഉർവശിയെന്നും, മേൽഭാഗം സ്വയം താനെന്നും, അതുപോലെ നടുഭാഗം തന്റെ സന്താനമെന്നും
ഉള്ളിൽകണ്ട്, മന്ത്രോച്ചാരണത്തോടെ ധ്യാനിച്ച് അഗ്നിയെ കടഞ്ഞുതുടങ്ങി. തുടർച്ചയായുള്ള
മഥനത്തിൽനിന്നും അഗ്നിയുണ്ടായി. ആ അഗ്നി വേദത്രയവിഹിതമായ വിദ്യയിലൂടെ മൂന്നായി പിരിഞ്ഞ്
പുരൂരവസ്സിനാൽ അദ്ദേഹത്തിന്റെ പുത്രനായി ഭവിക്കപ്പെട്ടു. ഉർവശിയുടെ ലോകത്തിലെത്താൻ
കൊതിയ്ക്കുന്ന രാജാവ് ആ അഗ്നിയിലൂടെ അധോക്ഷജനായ ഭഗവാൻ നാരായണനെ ആരാധിച്ചു.
രാജൻ!, സത്യയുഗത്തിൽ സകലമന്ത്രങ്ങളും
ഓങ്കാരത്തിൽ അടങ്ങിയിരുന്നു. സകലവേദമന്ത്രങ്ങളുടേയും മൂലം അതായിരുന്നു. അന്ന് സകലവേദവിദ്യകളുടെയും
ആധാരം അഥർവ്വവേദമായിരുന്നു. ഭഗവാൻ ശ്രീനാരായണൻ മാത്രമായിരുന്നു പൂജ്യനായ ഒരേ ഒരാൾ.
അഗ്നിയും ഒന്നുമാത്രം. ഹംസ എന്ന നാമത്തിൽ വർണ്ണവ്യവസ്ഥയും ഇവിടെ ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ.
അല്ലയോ പരീക്ഷിത്ത് രാജൻ!, ത്രേതായുഗത്തിന്റെ തുടക്കത്തിൽ പുരൂരവസ്സായിരുന്നു കർമ്മകാണ്ഡയജ്ഞത്തിന്റെ
തുടക്കം ഉണ്ടാക്കിയതു. അങ്ങനെ അഗ്നിയെ സ്വപുത്രനായി കണ്ട പുരൂരവസ്സിന് ഗന്ധർവ്വലോകപ്രാപ്തിയുണ്ടാകുകയും
ചെയ്തു.”
ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനാലാമദ്ധ്യായം സമാപിച്ചു
ഓം തത് സത്.
Previous Next