09 - അദ്ധ്യായം - 11 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
09 - അദ്ധ്യായം - 11 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, മാർച്ച് 24, ചൊവ്വാഴ്ച

9.11 ശ്രീരാമചരിതം - 2


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 11
(ശ്രീരാമചരിതം - 1) 



ശ്രീശുകബ്രഹ്മർഷി പറഞ്ഞു: മഹാരാജാവേ!, ഭഗവാൻ ശ്രീരാമചന്ദ്രൻ ആചാര്യന്മാരോടുകൂടി സർവ്വദേവതാമയനായ തന്നെ പലവിധമായ ശ്രേഷ്ഠയജ്ഞങ്ങൾകൊണ്ട് സ്വയം യജിച്ചു. ഭഗവാൻ തന്റെ രാജ്യത്തിന്റെ കിഴക്കുദിക്കിനെ ഹോതാവിനും, തെക്കെൻ‌ദിക്കിനെ ബ്രാഹ്മണർക്കും, പടിഞ്ഞാറുഭാഗം അധ്വര്യുവിനും, അതുപോലെ, വടക്കൻ‌ഭാഗം ഉദ്ഗാതാവിനും ദാനം ചെയ്തു. സർവ്വം ബ്രാഹ്മണർ അർഹിക്കുന്നുവെന്ന് ചിന്തയോടുകൂടി അവയ്ക്കിടയിൽ ബാക്കിവന്ന ഭാഗം നിസ്പൃഹനായിക്കൊണ്ട് ആചാര്യനും സമർപ്പിച്ചു. ഇങ്ങനെ വസ്ത്രാഭരണങ്ങളൊഴിച്ച് മറ്റൊന്നും രാജാവായ ഭഗവാനോ രാജ്ഞിയായ സീതാദേവിയോ പരിഗ്രഹിച്ചില്ല. എന്നാൽ ആ ഋത്വിക്കുകളാകട്ടെ, തങ്ങളുടെ ഹിതത്തെ മാത്രം ചിന്തിക്കുന്ന ഭഗവാന്റെ നിർമ്മല പ്രേമത്തെ പ്രശംസിച്ചുകൊണ്ട് സർവ്വവും തിരികെ ആ തിരുവടികളിൽത്തന്നെ അർപ്പിച്ചു. അവരുടെ പ്രാർത്ഥന ഇപ്രകാരമായിരുന്നു: ലോകനായകനായകനായ ഹേ ഭഗവാനേ!, അങ്ങ് ഞങ്ങളുടെ ഹൃദയകമലങ്ങളിലിരുന്നുകൊണ്ട് അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി നിത്യവും ഞങ്ങളെ രക്ഷിക്കുമ്പോൾ, അതിലുപരി മറ്റെന്താണ് ഞങ്ങൾക്ക് അങ്ങയിൽനിന്ന് നേടേണ്ടത്? ഞങ്ങളെ രക്ഷിക്കുന്നവനും അനന്തമായ ജ്ഞാനശക്തിയോടുകൂടിയവനും കീർത്തിമാന്മാരിൽ അഗ്രഗണ്യനും മാമുനിമാരുടെ ഹൃദയത്തിൽ പ്രതിഷ്ഠിതമായ തൃപ്പാദങ്ങളോടുകൂടിയവനുമായ അങ്ങേയ്ക്ക് നമസ്ക്കാരം.

രാജാവേ!, ഒരിക്കൽ പ്രജാക്ഷേമതല്പരതയിൽ ഭഗവാൻ പ്രച്ഛന്നവേഷത്തിൽ രാത്രിസമയം ആരും കാണാതെ ഗ്രാമങ്ങൾതോറും ചുറ്റിസഞ്ചരിക്കുന്ന സമയത്ത് ഒരു വീട്ടിൽനുള്ളിൽനിന്നും ആരോ സീതാദേവിയെക്കുറിച്ച് അനുചിതമായി സംസാരിക്കുന്നത് കേൾക്കുകയുണ്ടായി. അയാളുടെ വാക്കുകൾ ഇപ്രകാരമായിരുന്നു: നീ മറ്റൊരുത്തന്റെ വീട്ടിൽ കഴിഞ്ഞവളാണ്, ആയതിനാൽ ചാരിത്ര്യം നശിച്ചവളും. എനിക്കിനി നിന്നെ ഒരിക്കലും പരിപാലിക്കാൻ സാധ്യമല്ല. പെൺകോന്തനായ രാമൻ അന്യഗൃഗത്തിൽ താമസിച്ചിട്ടുവന്നവളെ ഒരുപക്ഷേ, ഭാര്യയായി സ്വീകരിക്കുമായിരിക്കും, പക്ഷേ ഞാൻ രാമനെപ്പോലെയല്ല. എനിക്കിനി നിന്നെ ഭാര്യയായി കാണാൻ ബുദ്ധിമുട്ടുണ്ടു.

സീതാരാമന്മാരുടെ തത്വമറിയാത്തവനും അജ്ഞാനിയും നീചനുമായ അയാൾ പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ആ സംസാരം കേട്ട ശ്രീരാമചന്ദ്രൻ ഗർഭിണിയായ സീതാദേവിയെ ഉപേക്ഷിച്ചു. ദേവി വാത്മീകിയുടെ ആശ്രമത്തിലെത്തി. കാലമെത്തിയപ്പോൾ അവൾ രണ്ടാണ്മക്കളെ പ്രസവിച്ചു. പിന്നീടവർ ലവൻ, കുശൻ എന്നീ നാമങ്ങളിലറിയപ്പെട്ടു. കുട്ടികളുടെ ജാതകർമ്മങ്ങൾ മുനി കൃത്യമായി നിർവ്വഹിച്ചു. 

ഹേ പരീക്ഷിത്ത് രാജൻ!, ലക്ഷ്മണന് അംഗദൻ, ചിത്രകേതു എന്നീ നാമങ്ങളോടെ രണ്ട് പുത്രന്മാർ ജനിച്ചു. അതുപോലെ, ഭരതനും രണ്ട് കുട്ടികളുണ്ടായി. അവരുടെ നാമങ്ങൾ തക്ഷൻ, പുഷ്കലൻ എന്നിങ്ങനെയായിരുന്നു. ശത്രുഘ്നന്റെ രണ്ട് മക്കൾ സുബാഹു, ശ്രുതസേനൻ എന്നും അറിയപ്പെട്ടു. ഭരതൻ ദിഗ്വിജയം ചെയ്ത് കോടിക്കണക്കിന് ഗന്ധർവ്വന്മാരെ നിഗ്രഹിച്ച് അവരുടെ സ്വത്തുക്കൾ രാജാവിന് സമർപ്പിച്ചു. അതുപോലെ ശത്രുഘ്നനും മധുപുത്രനായ ലവണനെന്ന രാക്ഷസ്സനെ കൊന്ന് മധുവനത്തിൽ മധുര എന്ന ഒരു നഗരിയെ നിർമ്മിച്ചു. രാജൻ!, അത്യാശ്ചര്യമെന്നോണം, രാമനാൽ ഉപേക്ഷിക്കപ്പെട്ട സീതാദേവി തന്റെ രണ്ട് പുത്രന്മാരേയും വാത്മീകിമുനിയെ ഏല്പിച്ചതിനുശേഷം, ശ്രീരാമപാദസ്മരണയോടുകൂടി ഭൂഗർഭത്തിലേക്കുതന്നെ തിരിച്ചുപോയി. ആ വൃത്താന്തം കേട്ട ഭഗവാന് അതിയായ ദുഃഖം തോന്നി. സങ്കടം അടക്കാൻ ശ്രമിച്ചുവെങ്കിലും, ദേവിയുടെ ഗുണഗണങ്ങളെയോർത്തുകൊണ്ട്, ഈശ്വരനാണെങ്കിലും, ആ മായാമനുഷന് അതിന് സാധിച്ചില്ല. സ്ത്രീപുരുഷന്മാരുടെ ഈ പരസ്പരാസക്തി എവിടെയും ദുഃഖം പ്രദാനം ചെയ്യുന്നു. ഇവിടെ, ജിതേന്ദ്രിയന്മാരായ ഈശ്വരന്മാരുടെ അവസ്ഥയും ഇതാണെങ്കിൽ, ഗൃഹമേധികളായ പ്രാകൃതമനുഷ്യരുടെ സ്ഥിതി എപ്രകാരമായിരിക്കുമെന്ന് പറയേണ്ടതുണ്ടോ?.

രാജാവേ!, അതിനുശേഷം, ഭഗവാൻ പതിമൂവായിരം സംവത്സരം ബ്രഹ്മചാരിയായി അഗ്നിഹോത്രങ്ങൾ മുടക്കം കൂടാതെ ആചരിച്ചുപോന്നു. അങ്ങനെയിരിക്കെ, ഒരിക്കൽ ദണ്ഡകാരാണ്യത്തിൽ വച്ച് ഭഗവാന്റെ തൃപ്പാദത്തിൽ ഒരു മുള്ള് തറച്ച്. ആ പാദത്തെ ഭഗവാൻ ഭക്തഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചതിനുശേഷം ബ്രഹ്മജ്യോതിയ്ക്കപ്പുറമുള്ള വൈകുണ്ഠമെന്ന സ്വധാമത്തെ പൂകി. അനന്യതേജസ്സനും ബ്രഹ്മാദിദേവതകളാൽ അർത്ഥിക്കപ്പെട്ടവനും ലീലാവിഗ്രഹനുമായ ശ്രീരാമചന്ദ്രൻ തന്റെ ദിവ്യാസ്ത്രത്താൽ സമുദ്രത്തിൽ സേതു ബന്ധിച്ചതോ, സുഗ്രീവാദിവാനരന്മാരെ കൂട്ടുപിടിച്ച് രാക്ഷസ്സഗണങ്ങളെ നിഗ്രഹിച്ചതോ ഒന്നും യാതൊരുവിധത്തിലും സ്തുതിക്ക് പാത്രമാകുന്ന വിഷയങ്ങളേയല്ല. കാരണം, ഭഗവദ്പ്രഭാവം അത്യന്തം ഉത്കൃഷ്ടവും യാതൊന്നിനാലും ഉപമിക്കാൻ കഴിയാത്തതുമാണു. ഇപ്പോഴും രാജസഭകളിൽ വിശുദ്ധവും പാപഹരവുമായ ഭഗവദ്‌ലീലകൾ ഋഷികളാൽ ഗാനം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. സ്വർല്ലോകപതികളായ സകലദേവന്മരുടേയും കിരീടങ്ങൾ തന്തിരുവടിയുടെ തൃപ്പാദങ്ങളാൽ സ്പർശിക്കപ്പെട്ടവയാണ്. അങ്ങനെയുള്ള ആ രഘുവംശതിലകനെ ഞാനിതാ ശരണം പ്രാപിക്കുന്നു. രാജൻ!, ആ ഭഗവാനോടൊപ്പം ആരൊക്കെ സ്പർശനത്തിലേർപ്പെട്ടിരുന്നുവോ, ആർക്കൊക്കെ ആ ദർശനം ലഭിച്ചിരുന്നുവോ, ആർക്കൊക്കെ അവനോടൊപ്പം ഇരിക്കുകയും നടക്കുകയും ചെയ്യുവാനുള്ള പരമഭാഗ്യം സിദ്ധിച്ചിരുന്നുവോ, ആങ്ങനെയുള്ള ആ കോസലവാസികൾ സകലരും, യോഗികൾക്ക് മാത്രം സിദ്ധിക്കുന്ന പരമപദത്തെ പ്രാപിച്ചിരുന്നുവെന്നറിയുക. രാജാവേ!, ഹിംസാ‍ദിദോഷങ്ങൾ വെടിഞ്ഞിട്ടുള്ള യാതൊരു മനുഷ്യരും ഈ കഥയെ നിരന്തരം ശ്രവിക്കുന്നപക്ഷം അവർ കർമ്മപാശങ്ങളാൽ ഒരിക്കലും ബന്ധിക്കപ്പെടുകയില്ല.

ശ്രീപരീക്ഷിത്ത് ചോദിച്ചു: ഗുരോ!, എപ്രകാരമായിരുന്നു ലക്ഷ്മണാദി സഹോരന്മാരും പ്രജകളും മറ്റ് പൌരന്മാരും ഈശ്വരനായ ഭഗവാനോടൊപ്പം വർത്തിച്ചിരുന്നത്?. എങ്ങനെയായിരുന്ന് ഭഗവാൻ അയോധ്യയിൽ ജീവിച്ചിരുന്നത്?

ശ്രീശുകൻ പറഞ്ഞു: രാജൻ!, പട്ടാഭിഷേകം കഴിഞ്ഞതിനുശേഷം, ഭഗവാൻ ദിഗ്വിജയത്തിനായി തന്റെ സഹോദന്മാരെ ഏർപ്പെടുത്തി. തുടർന്ന് സർവ്വവിധത്തിലും അതിമനോഹരമായ തന്റെ അയോധ്യയെ മുഴുവനും ചുറ്റിനടന്ന് ദർശിച്ചു. പ്രജകൾ തിരുമുൽക്കാഴ്ചയുമായി അതാതുദേശങ്ങളിൽ ഭഗവാനെ കാത്തുനിന്നു. ദർശനം ലഭിച്ചവർ, പണ്ട് വരാഹരൂപത്തിൽ ഭൂമിയെ വീണ്ടെടുത്തതുപോലെ അവളെ എന്നെന്നും കാത്തുരക്ഷിക്കുവാനായി ആശീർവചനങ്ങളുരച്ചുകൊണ്ടേയിരുന്നു. എന്നെന്നേ കാണാൻ കൊതിച്ചിരുന്ന ശ്രീരാമദേവനെ കാണാനുള്ള അഭിവാഞ്ചയുമായി അവർ മാളികപ്പുറങ്ങളിൽ കയറിനിന്നു. നോക്കിയിട്ടും നോക്കിയിട്ടും മതിവരാത്ത ആ കോമളരൂപത്തിൽ അവർ പുഷ്പങ്ങൾ വർഷിച്ചു. അങ്ങനെ, സകലവിധത്തിലും അത്യുജ്ജ്വലവും അതിരമണീയവുമായ തന്റെ ഭവനത്തിൽ, ദേവതുല്യരായ പ്രജകളുടെ അശീർവാദങ്ങളും അഭിവാദ്യങ്ങളും സ്വീകരിച്ചുകൊണ്ട്, പത്നിയായ സീതാദേവിയോടൊപ്പം ഭഗവാൻ സസുഖം വാണരുളി. പ്രജകൾ നിരന്തരം ഭഗവാനെ വാഴ്ത്തിസ്തുതിച്ചു. ധർമ്മാധിഷ്ഠിതമായി യഥാകാലം വിവിധകാമങ്ങളെ ശ്രീരാമദേവൻ സംവത്സരങ്ങളോളം അനുഭവിക്കുകയും ചെയ്തു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം തിനൊന്നാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.



The glories of Lord Shriram