2020, മാർച്ച് 22, ഞായറാഴ്‌ച

9.10 ശ്രീരാമചരിതം 1

ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 10
(ശ്രീരാമചരിതം 1)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: മഹാരാജൻ!, ഖട്വാംഗനിൽനിന്ന് ദിലീപനെന്ന ദീർഘബാഹുവും, അവനിൽനിന്ന് കീർത്തിമാനായ രഘുചക്രവർത്തിയും, അവനിൽനിന്നും അജനും, അജനിൽനിന്ന് ദശരഥനും ജാതരായി. ശേഷം, ദേവന്മാരുടെ പ്രാർത്ഥനയെ സ്വീകരിച്ച് ഭഗവാൻ ശ്രീഹരി സ്വാശാംശത്താൽ ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിങ്ങയുള്ള നാമങ്ങളിൽ നാലുപുത്രന്മാരായി ദശരഥന്റെ മക്കളായി അവതരിച്ചു. തത്വദർശികളായ മഹാമുനിമാർ ഭഗവാൻ ശ്രീരമചന്ദ്രന്റെ മഹിമകളെ പലവിധത്തിൽ വർണ്ണിച്ചിട്ടുണ്ടു. രാജൻ!, അങ്ങ് മുമ്പും ശ്രീരാമദേവനെക്കുറിച്ച് കേട്ടിട്ടുള്ളതിനാൽ ഞാൻ ഇപ്പോൾ ചുരുക്കി മാത്രം വർണ്ണിക്കാം. പിതാവായ ദശരഥന്റെ വാക്കിനെ സത്യമാക്കാനായി ശ്രീരാ‍മൻ സർവ്വവും ഉപേക്ഷിച്ച് പത്നിയായ സീതാദേവിയോടൊപ്പം കാട്ടിലേക്ക് പോയി. ഭഗവാനോടൊപ്പം ഹനുമാനും സുഗ്രീവനും സഹോദരനായ ലക്ഷ്മണനുമുണ്ടായിരുന്നു. അവർ എപ്പോഴും ഭഗവാന് താങ്ങാ‍യി നിലകൊണ്ടു. ശൂർപ്പണഖ എന്ന ഒരസുരസ്ത്രീയുടെ മൂക്കും ചെവിയും മുറിച്ച് അവളെ വിരൂപയാക്കിയതിനെച്ചൊല്ലി ഭഗവാന് സീതാദേവിയിൽനിന്നും അകലേണ്ടിവന്നു. ഭഗവാൻ കോപത്തോടെ സമുദ്രത്തോട് വഴി വാങ്ങി സേതുബന്ധം ചെയ്തു. അതിലൂടെ ഭഗവാൻ രാവണന്റെ ലങ്കയിൽ പ്രവേശിച്ച് അവനെ വധിക്കുവാനൊരുങ്ങി. അങ്ങനെയുള്ള ഭഗവാൻ ശ്രീരാമചന്ദ്രൻ നമ്മളെ രക്ഷിക്കട്ടെ!.

രക്ഷോജാതികളെ ഒതുക്കി ഭഗവാൻ ലക്ഷ്മണന്റെ മുന്നിൽ വച്ച് വിശ്വാമിത്രന്റെ യാഗം കാത്തു. രാജൻ!, ഒരാനക്കുട്ടിയുടേതുപോലെ ശ്രീരാമദേവന്റെ ലീലകൾ ആശ്ചര്യഭരിതമാണു. ശൈവചാപം തകർത്തായിരുന്നു ഭഗവാൻ സീതാദേവിയെ വേട്ടതു. മൂന്നൂറ് ആൾക്കാർ ചേർന്നായിരുന്ന് ആ വില്ല് മണ്ഡപത്തിലേക്ക് കൊണ്ടുവന്നത്. എന്നാൽ ഒരു കുട്ടിയാന കരിമ്പിൻ‌തണ്ടിനെയെന്നപോലെ, ഭഗവാൻ ആ ചാപം മുറിച്ചുകളഞ്ഞു. സീതാദേവി ശ്രീമഹാലക്ഷ്മിതന്നെയായിരുന്നു. ദേവിയെ പാണിഗ്രഹണം ചെയ്തുപോരുന്ന വേളയിൽ വഴിയിൽ ഭഗവാൻ പരശുരാമനെ കണ്ടുമുട്ടി. ഇരുപത്തിയൊന്ന് പ്രാവശ്യം ദുഷ്ടരായ ക്ഷത്രിയസമൂഹത്തെ ഇല്ലാതാക്കിയ പരശുരാമനെ ഭഗവാൻ മർഗ്ഗമധ്യേ തോല്പിച്ചു. ഒരു സന്യാസി വാനപ്രസ്ഥാശ്രമം സ്വീകരിക്കുന്നതുപോലെ, തന്റെ പിതാവിന്റെ വാക്കിനെ പാലിക്കുവാനായി ഭഗവാൻ ശ്രീരാമചന്ദ്രൻ രാജ്യവും സകല സുഖഭോഗങ്ങളുമുപേക്ഷിച്ച് പത്നിയോടും സഹോദരനോടുമൊപ്പം കാട്ടിലേക്ക് യാത്രയായി. വളരെ ദുരിതപൂർണ്ണമായ ജീവിതമായിരുന്നു ഭഗവാന് വനത്തിൽ അനുഭവിക്കേണ്ടിവന്നതു. ലോഭത്തോടെ തന്നെ സമീപിച്ച രാവണസഹോദരിയായ ശൂർപ്പണഖയുടെ മൂക്കും ചെവിയും ഛേദിച്ച് ഭഗവാൻ അവളെ വിരൂപയാക്കി. ഖരദൂഷണാദികളായ പതിനാലായിരം രാക്ഷസവീരന്മാരെ യമപുരിക്കയച്ചു.

രാജാവേ!, സീതാദേവിയുടെ സൌന്ദര്യത്തെക്കുറിച്ച് ശൂർപ്പണഖയിൽനിന്ന് കേട്ടറിഞ്ഞ രാവണൻ മന്മഥവികാരത്തോടുകൂടി മാരീചനെ ഒരു പൊന്മാനിന്റെ വേഷത്തിൽ ആശ്രമത്തിലേക്കയച്ചു. ശ്രീരാ‍മദേവൻ അതിനെ പിന്തുടർന്നു. തുടർന്ന്, രുദ്രൻ ദക്ഷനെയെന്നതുപോലെ അവനെ വധിക്കുകയും ചെയ്തു. ആ സമയം, സീതാദേവി ആശ്രമത്തിൽ തനിച്ചാകുകയും, ആ തക്കത്തിൽ രാവണൻ അവിടെയെത്തി ദേവിയെ അപഹരിച്ചുകൊണ്ടുപോകുകയും ചെയ്തു. പ്രിയപത്നിയുടെ വിരഹത്തിൽ ദുഃഖിക്കുന്നവനെന്നവിധം ഭഗവാൻ ലക്ഷ്മണനോടൊപ്പം അവളെ തിരഞ്ഞുകൊണ്ട് സ്തീസക്തന്മാരുടെ ഗതിയെ ലോകത്തിന് കാട്ടിക്കൊടുത്തുകൊണ്ട് കാട്ടിലങ്ങനെ സഞ്ചരിച്ചു. ദേവിയെ കട്ടുകൊണ്ടുപോകുന്നതിനിടയിൽ തന്നെ തടുത്ത ജടായുസ്സിനെ രാവണൻ ചിറകരിഞ്ഞുകൊന്നു. വഴിമധ്യേ ജടായുസ്സിന്റെ മൃതശരീരം കണ്ട ഭഗവാൻ വിധിയാംവണ്ണമുള്ള സംസ്കാരാദികർമ്മങ്ങൾ കഴിച്ച് യാത്ര തുടർന്നു. വഴിയിൽ തന്നെ ഭക്ഷിക്കാനായെത്തിയ കബന്ധനെ കൊന്നു. പിന്നീട് വാനരന്മാരോടൊപ്പം സുഹൃദ്ബന്ധം സ്ഥാപിച്ചു. ബാലിയുടെ മരണത്തിനുശേഷം വാനരന്മാരുടെ സഹായത്തോടെ വീണ്ടും സീതാദേവിയെ അന്വേഷിക്കുവാൻ തുടങ്ങി. ഒടുവിൽ ദേവി ലങ്കയിലുണ്ടെന്നറിഞ്ഞ മായാമാനുഷനായ ശ്രീരാമചന്ദ്രൻ വാനരരാജാവായ സുഗ്രീവന്റെ സൈന്യത്തിനൊപ്പം സമുദ്രതീരത്തെത്തി. ഭഗവാന്റെ ക്രോധഭാവത്താലുള്ള കടക്കൺനോട്ടത്തിൽ സമുദ്രം ഭയന്നമ്പരന്നു. അതിലെ നക്രമകരാദികൾ ഭയത്താൽ നിലവിളിച്ചു. ഒടുവിൽ ഭഗവദ്പദകമലത്തെ സമീപിച്ച് സമുദ്രം ഇപ്രകാരം പറഞ്ഞു: ഭൂമൻ!, കൂടസ്ഥനും ജഗദദീശനും ആദിപുരുഷനുമായ അങ്ങയെ മൂഢമതികളായ ഞങ്ങൾ അറിയുന്നില്ല. അവിടുത്തെ വശഗതമായ സത്വഗുണത്തിൽനിന്നും ദേവന്മാരും, രജോഗുണത്തിൽനിന്ന് പ്രജാപതിമാരും, തമോഗുണത്തിൽനിന്ന് രുദ്രാദികളായ ഭൂതപതികളുമുണ്ടായിരിക്കുന്നു. കാരണം, അവിടുന്ന് സത്വാദിഗുണത്രയങ്ങളുടെ നിയന്താവാകുന്നു. ഹേ വീരാ!, അങ്ങ് പൊയ്ക്കൊണ്ടാലും. ത്രൈലോക്യങ്ങളേയും ഭയചകിതരാക്കിയിരിക്കുന്ന രാവണനെ നിഗ്രഹിച്ചാലും. അവിടുത്തെ പത്നിയെ അങ്ങ് വീണ്ടെടുത്താലും. സേതു ബന്ധിച്ചുകൊണ്ടാലും. ഭാവിയിൽ ദിഗ്വിജയികളായ രാജാക്കന്മാർ ഈവഴിവരുമ്പോൾ അവർ അങ്ങയുടെ അപദാനത്തെ കീർത്തിക്കട്ടെ!.

രാജാവേ!, ശേഷം, വാനരന്മാർ വന്മരങ്ങളടങ്ങിയ പർവ്വതങ്ങളെക്കൊണ്ട് സമുദ്രത്തിൽ ചിറകെട്ടി. ശ്രീരാമദേവൻ അവരോടൊപ്പം, മുൻപേതന്നെ ഹനുമാനാൽ ദഹിപ്പിക്കപ്പെട്ട ലങ്കയിലേക്ക് പ്രവേശിച്ചു. ആനക്കൂട്ടങ്ങൾ താടാകങ്ങളെ എന്നതുപോലെ ആ വാനരവീരന്മാർ ലങ്കാനഗരത്തെ ഇളക്കിമറിച്ചു. അതുകണ്ട രാവണനാകട്ടെ, കുംഭൻ, നികുംഭൻ, ധൂമ്രാക്ഷൻ, ദുർമ്മദൻ, സുരാന്തകൻ, നരാന്തകൻ മുതലായവരേയും, കൂട്ടത്തിൽ ഇന്ദ്രജിത്തിനേയും പ്രഹസ്തനേയും അതികായൻ, വികമ്പനൻ മുതലായവരേയും, പിന്നീട് കുംഭകർണ്ണനേയും യുദ്ധത്തിനായി അയയ്ച്ചു. വാനരന്മാർ പലപല ആയുധങ്ങളാൽ അവരോടെതിരിട്ടു. ഭഗവാന്റെ സേനകൾ അവർക്കെതിരെ ചാടിവീണ് അവരെ ഒന്നടങ്കം കൊന്നൊടുക്കി. രാവണൻ ഈ വൃത്താന്തമറിഞ്ഞ് സ്വയം വിമാനത്തിലേറി ഭഗവാന്റെ നേർക്കെതിരിട്ടു. സ്വർഗ്ഗീയരഥത്തിലിരുന്നരുളുന്ന ശ്രീരാമചന്ദ്രനെ രാവണൻ മൂർച്ചയേറിയ അമ്പുകളും കത്തികളും കൊണ്ട് കുത്തി മുറിവേൽപ്പിചു.

രാജൻ!, ഭഗവാൻ ആ സമയം അവനോട് പറഞ്ഞു: ഹേ രാക്ഷസപുരീഷമേ!, എന്റെ അസാന്നിധ്യത്തിൽ വന്ന് എന്റെ പത്നിയെ കട്ടുകൊണ്ടുപോയതിന്റെ ഫലം നാണം കെട്ടവനും ദുർവൃത്തനുമായ നിനക്ക് കാലസ്വരൂപനായ ഞാൻ ഇതാ ഇപ്പോൾ നൽകുന്നുണ്ടു.

രാജൻ!, ഇങ്ങനെ അധിക്ഷേപിച്ചുകൊണ്ട് ഭഗവാൻ രാവണനുനേരേ അമ്പുകളയയ്ച്ചു. ആ കൂരമ്പുകൾ അവന്റെ ഹൃയത്തെ പിളർന്നു. പത്ത് മുഖങ്ങളിലൂടെയും ചോരയൊലിപ്പിച്ചുകൊണ്ട്, പുണ്യം ക്ഷയിച്ച സുകൃതിയെപ്പോലെ, അവൻ വിമനത്തിൽനിന്നും നിലം‌പതിച്ചു. ജനങ്ങൾ അയ്യോ! അയ്യോ! എന്ന് മുറവിളി കൂട്ടി. ആ സമയം, മന്ധോദരിയോടൊപ്പം അനേകം രാക്ഷസസ്ത്രീകൾ വാവിട്ടുകരഞ്ഞുകൊണ്ട് ലങ്കാപുരിയിൽനിന്നും അവിടെ പാഞ്ഞെത്തി. ലക്ഷ്മണന്റെ അമ്പുകളേറ്റ് ചത്തുമലച്ചുകിടക്കുന്ന സ്വജനങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ടും, സ്വയം മാറത്തടിച്ചുകൊണ്ടും ശബ്ദമുയർത്തി അവർ നിലവിളിച്ചു. ഹേ നാഥാ!, ലോകത്തെ മുഴുവൻ കരയിച്ചിട്ടുള്ള ഹേ രാവണപ്രഭോ!, ഞങ്ങൾ ഇതാ ഇല്ലാതായിരിക്കുന്നു. അങ്ങില്ലാതിരിക്കെ ശത്രുക്കൾ തകർത്ത ഈ ലങ്കാപുരി ഇനി ആരെയാണ് ശരണം പ്രാപിക്കുക?. മഹാഭാഗ്യശാലിയായിരുന്ന അങ്ങ് സീതാദേവിയുടെ പാതിവ്രത്യവൈഭവത്തെ അറിഞ്ഞിരുന്നില്ല. അതായിരുന്ന് അങ്ങയുടെ ഈ ദുരവസ്ഥയ്ക്ക് കാരണമായതു. ഹേ വിഭോ!, ഈ ലങ്കാപുരിയും ഞങ്ങളും അനാഥരായിരിക്കുകയാണു. അങ്ങയുടെ ഈ ശരീരം കഴുകുകളുടെ ആഹാരമായി ഭവിച്ചിരിക്കുന്നു. അവിടുത്തെ ആത്മാവ് നരകയാതനകൾക്കായി ഇകഴ്ത്തപ്പെട്ടിരിക്കുന്നു.

രാജൻ! ഭഗവാന്റെ ഉപദേശമനുസരിച്ച് വിഭീഷണൻ സ്വജനങ്ങളുടെ ഊർധ്വഗതിക്കുള്ള പിതൃകർമ്മങ്ങൾ നിറവേറ്റി.. ശേഷം, ഭഗവാൻ അശോകവനികയിൽ ശിംശപവൃക്ഷച്ചുവട്ടിലിരിക്കുന്ന മെലിഞ്ഞ ദീനയായ വിരഹതാപം പിടിപെട്ട തന്റെ പത്നിയായ സീതാദേവിയെ കണ്ട് അനുകമ്പയുൾക്കൊണ്ടു. തന്റെ സന്ദർശനം കൊണ്ട് അവളുടെ മുഖകമലം വിടരുന്നതായി ഭഗവാൻ അറിഞ്ഞു. ദേവിയെ വിമാനത്തിലേറ്റി ഭ്രാതാക്കളായ ലക്ഷ്മണസുഗ്രീവാദികൾക്കൊപ്പം ഹനുമാനുമൊന്നിച്ച് താനും കയറി ഭഗവാൻ മടക്കയാത്രയ്ക്കൊരുങ്ങി. വിഭീഷണനെ രാക്ഷസരാജാവായി വാഴിച്ചു. ലങ്കാപുരിയും അതുപോലെ കല്പം കഴിവോളം ആയുസ്സും നൽകി അവനെ അനുഗ്രഹിച്ചതിനുശേഷം, വനവാസവ്രതം അവസനിപ്പിച്ച് ശ്രീരാമചന്ദ്രദേവൻ അയോധ്യാപുരിയിലേക്ക് യാത്രതിരിച്ചു. വഴിയിൽ ഇന്ദ്രാദിലോകപാലന്മാർ പുഷ്പവൃഷ്ടി ചൊരിഞ്ഞു. ബ്രഹ്മാദിദേവതകൾ കീർത്തിക്കുവാൻ തുടങ്ങി.

അയോധ്യയിലെത്തിയ ഭഗവാൻ, ഗോമൂത്രത്തിൽ പാകം ചെയ്ത ഭക്ഷണം കഴിച്ചും, മരവുരിയാകുന്ന വസ്ത്രത്തെയുടുത്തും, ജടമുടി ധരിച്ചും, വെറും നിലത്തുകിടന്നുറങ്ങിയും ജീവിക്കുന്ന തന്റെ സഹോദരൻ ഭരതനെപ്പറ്റി കേട്ടറിഞ്ഞ് ദുഃഖിച്ചു. ഭഗവാൻ വന്നിരിക്കുന്നുവെന്നറിഞ്ഞ ഭരതൻ ശിരസ്സിൽ ഭഗവാന്റെ മെതിയടികൾ വച്ച് ജനങ്ങളോടും പുരോഹിതന്മാരോടുമൊത്തുചേർന്ന് ഗീതവാദ്യങ്ങൾക്കൊപ്പം, വേദവാക്യങ്ങളുച്ചരിക്കുന്ന വേദഞ്ജന്മാർക്കൊപ്പം, നല്ല കുതിരകളെ പൂട്ടിയ തേരുകൾക്കൊപ്പം, അനേകം യോദ്ധാക്കൾക്കൊപ്പം, മറ്റ് പലപല ആർഭാടങ്ങൾക്കൊപ്പം, എതിരേൽക്കുവാനായി ചെന്നു. ഭഗവാനെ കണ്ട മാത്രയിൽ ഭരതൻ ആ പാദങ്ങളിൽ വീണ് നമസ്ക്കരിച്ചു. നിറകണ്ണുകളോടെ കൂപ്പുകൈയ്യോടെ തിരുമുന്നിൽ നിലകൊണ്ടു. ഇരുകൈകൾകൊണ്ടും ഭഗവാൻ ഭരതനെ കെട്ടിപ്പിടിക്കുകൊണ്ട് കുറെനേരം നിന്നു. ഭരതന്റെ കണ്ണുകളിൽനിന്നൊഴുകിയ അശ്രുധാരയിൽ കുളിച്ച ഭഗവാൻ ദേവിയോടൊപ്പം പൂജാർഹരായ സത്തുക്കളെ നമസ്കരിച്ചു. ഒപ്പം പ്രജകളുടെ നമസ്ക്കാരം ഏറ്റുവാങ്ങുകയും ചെയ്തു. വർഷങ്ങൾക്കുശേഷം തങ്ങളുടെ നാഥനെ തിരികെ കിട്ടിയ സന്തോഷത്തിൽ ജനങ്ങൾ നൃത്തം ചെയ്തു.

രാജാവേ!, ഭരതൻ പാദുകങ്ങളും, സുഗ്രീവനോടൊപ്പം വിഭീഷണൻ വെഞ്ചാമരം ആലവട്ടം എന്നിവയും, ഹനുമാൻ വെൺകൊറ്റക്കുടയും പിടിച്ചുനിന്നു. ശത്രുഘ്നൻ വില്ലും ആവനാഴികളും, സീതാദേവി തീർത്ഥകിണ്ടിയും, അംഗദൻ വാളും, ജാംബവാൻ പൊൻപരിചയും എടുത്തു. ആ സമയം ഭഗവാൻ ഉദയചന്ദ്രനെപ്പോലെ തിളങ്ങിനിന്നു. സഹോദന്മാരോടൊപ്പം ശ്രീരാമൻ ആഗമനോത്സവത്തിൽ മുഴുകിനിൽക്കുന്ന അയോധ്യാപുരിയിലേക്ക് പ്രവേശിച്ചു. രാജഗൃഹത്തിലെത്തി കൈകേയിയേയും കൌസല്യയേയും മറ്റു മതാക്കളേയും വസിഷ്ഠാദിഗുരുജനങ്ങളേയും മറ്റ് സുഹൃത്തുക്കളേയും ആശ്ലേഷിച്ചു. സീതാദേവിയും ലക്ഷ്മണനും ഭഗവാനെ അനുഗമിച്ചു.  പ്രാണൻ തിരികെ ലഭിച്ച സജീവമായ അവയവങ്ങളെന്നതുപോലെ, കണ്ടയുടനെ ആ മാതാക്കൾ പിടഞ്ഞെഴുന്നേറ്റ് സ്വപുത്രന്മാരെ മടിയിലിരുത്തി കണ്ണീരൊഴുക്കിക്കൊണ്ട് തങ്ങളുടെ സങ്കടങ്ങൾ തീർത്തു.

രാജൻ!, ജടമുടികൾ കളഞ്ഞതിനുശേഷം, ഗുരുവായ വസിഷ്ഠമുനി കുലവൃദ്ധന്മാരോടൊപ്പം ചേർന്ന് നാല് സമുദ്രങ്ങളിലെ ജലം കൊണ്ടുവന്ന് വിധിപോലെ ഭഗവാന് രാജ്യാഭിഷേകം ചെയ്തു. ഇങ്ങനെ സർവ്വലങ്കാരയുക്തനായ ഭഗവാൻ സർവ്വാലങ്കാരയുക്തരായ സഹോദരന്മാരോടൊപ്പം പ്രശോഭിച്ചു. അവരുടെ ആഗ്രഹപ്രകാരം ശ്രീരാമദേവൻ രാജാസനത്തെ സ്വീകരിച്ചു. പ്രജകളെ പിതൃതുല്യം ഭഗവാൻ രക്ഷിച്ചരുളി. പ്രജകളും ഭഗവാനെ പിതൃതുല്യം കാണുകതന്നെ ചെയ്തു. സർവ്വഭൂതങ്ങൾക്കും സുഖത്തെ നൽകുന്നവനും ധർമ്മഞ്ജനുമായ ഭഗവാൻ രാജാവായതിനാൽ, നിലവിലുള്ളത് ത്രേതായുഗമായിരുന്നുവെങ്കിലും, കാലം കൃതയുഗം പോലെ കൂടുതൽ ഐശ്വര്യവത്തായി ഭവിച്ചു. ഹേ പരീക്ഷിത്തേ!, വനങ്ങൾ, നദികൾ, പർവ്വതങ്ങൾ, ഭൂഖണ്ഡങ്ങൾ, ദ്വീപുകൾ, സമുദ്രങ്ങൾ എന്നിവയെല്ലം പ്രജകൾക്ക് ഇച്ഛിക്കുന്നവയെ പ്രദാനം ചെയ്തുകൊണ്ടിരുന്നു. ഭഗവാന്റെ ഭരണകാലത്ത് ജനങ്ങൾക്ക് യാതൊരുവിധമായ ദുഃഖങ്ങളോ, ആധിവ്യാധികളോ, സങ്കടങ്ങളോ ഉണ്ടായിരുന്നില്ല. ഏകപത്നീവ്രതനായും രാജർഷിയായും വിശുദ്ധനായുമിരുന്നുകൊണ്ട് ഗൃഹസ്ഥാശ്രമത്തെ സംബന്ധിച്ച ധർമ്മങ്ങളെ സ്വയം ആചരിച്ചുകൊണ്ടും അന്യരെ പഠിപ്പിച്ചുകൊണ്ടും ഒരു ആദർശപുരുഷനായി ശ്രീരാമൻ ജീവിച്ചു. സീതാദേവി സ്നേഹം കൊണ്ടും അനുസരണം കൊണ്ടും സത്സ്വഭാവം കൊണ്ടും സത്ബുദ്ധികൊണ്ടും ശാലീനതകൊണ്ടും വിനയശീലയായിക്കൊണ്ടും ഭർത്താവിന്റെ ഹൃദയത്തെ ആകർഷിച്ചു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം പത്താമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.


Previous    Next


Sreeramapattabhishekam

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ